Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കറുത്ത വസ്ത്രവും മുഖാവരണവും അണിഞ്ഞ് പൊടുന്നനെ പൊട്ടിവീഴുന്നു; വെട്ടുക്കിളിക്കൂട്ടങ്ങളെപ്പോലെ ഒറ്റവരവിൽ ഒരു പ്രദേശമാകെ പ്രതിഷേധം നിറയ്ക്കും; തെരുവുകൾ കത്തിച്ച് പ്രതിഷേധിക്കുന്ന അവർക്ക് പരസ്പരം അറിയുക പോലുമില്ല; സംഘടനയുടെ ആസ്ഥാനമോ ആരാണ് നേതാവ് എന്നോ ആർക്കും അറിയില്ല; ജോർജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടുർന്ന് അമേരിക്കയിലെ കലാപത്തിന് പിന്നിൽ ഇവരെന്ന് ട്രംപ്; വർണ്ണവെറിയന്മാരുടെ പേടി സ്വപ്നമായി വളരുന്ന ആന്റിഫയുടെ കഥ

കറുത്ത വസ്ത്രവും മുഖാവരണവും അണിഞ്ഞ് പൊടുന്നനെ പൊട്ടിവീഴുന്നു; വെട്ടുക്കിളിക്കൂട്ടങ്ങളെപ്പോലെ ഒറ്റവരവിൽ ഒരു പ്രദേശമാകെ പ്രതിഷേധം നിറയ്ക്കും; തെരുവുകൾ കത്തിച്ച് പ്രതിഷേധിക്കുന്ന അവർക്ക് പരസ്പരം അറിയുക പോലുമില്ല; സംഘടനയുടെ ആസ്ഥാനമോ ആരാണ് നേതാവ് എന്നോ ആർക്കും അറിയില്ല; ജോർജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടുർന്ന് അമേരിക്കയിലെ കലാപത്തിന് പിന്നിൽ ഇവരെന്ന് ട്രംപ്; വർണ്ണവെറിയന്മാരുടെ പേടി സ്വപ്നമായി വളരുന്ന ആന്റിഫയുടെ കഥ

എം മാധവദാസ്

 കറുത്ത വസ്ത്രവും മുഖാവരണവും അണിഞ്ഞ് തെരുവുകളിൽ പൊടുന്നനെ ഇറങ്ങുന്ന ഒരു കൂട്ടർ. വെട്ടുക്കിളിക്കൂട്ടങ്ങളെപ്പോലെ ഒറ്റവരവിൽ അവർ ഒരു പ്രദേശത്താതെ പ്രതിഷേധം നിറക്കും. ഭരണക്കാർക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കും. തെരുവുകൾ കത്തിക്കും. അവർക്ക് പരസ്പരം അറിയുകപോലുമില്ല. പക്ഷേ ഒരു ആശയം ഉണ്ട്. അതാണ് 'ആന്റിഫ' എന്ന സംഘടന. ആരാണ് ഇതിന്റെ നേതാവ് എന്നോ ഒന്നും ആർക്കുമറിയില്ല. ഒരുപക്ഷേ ഇത് നേതാവ് ഒന്നും വേണ്ടാത്ത സംഘടനയും ആയിരിക്കും. പക്ഷേ ഇപ്പോൾ അമേരിക്ക ഏറ്റവും കൂടുതൽ ഭയക്കുന്നത് ആന്റിഫക്കാരെയാണ്. എല്ലാ കുഴപ്പങ്ങൾക്ക് പിന്നിലും അവർ ആണെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അടക്കമുള്ളവർ പറയുന്നത്. മിനിയപ്പലിസിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരനെ പൊലീസുകാർ തെരുവിൽ ശ്വാസംമുട്ടിച്ചു കൊന്നതിനെത്തുടർന്നാണ് യുഎസ് നഗരങ്ങളിൽ പ്രതിഷേധം പടർന്നതിന് പിന്നിൽ 'ആന്റിഫ'യാണെന്ന നിഗമനമാണ് ഡോണൾഡ് ട്രംപിന്റേത്. താമസിയാതെ തന്നെ ആന്റിഫയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുമെന്നും ഇക്കഴിഞ്ഞ ഞായറാഴ്ച ട്വിറ്ററിലൂടെ ട്രംപ് വ്യക്തമാക്കിയിരുന്നു. പക്ഷേ എങ്ങനെ നിരോധിക്കും. ഇവർ ആരാണ്. എവിടെയാണ് ആസ്ഥാനം. പെട്ടെന്ന് ഒരുപാട് ആളുകൾ മുഖം മൂടിയുമായി ചാടിവീഴുന്നു, പ്രതിഷേധിക്കുന്നു.

ഫാസിസത്തിനും വർണ്ണവിവേചദത്തിനും എതിരായ നിലപാടുകളിൽ ഉദയംകൊണ്ട കൂട്ടായ്മയെന്ന് ഒറ്റ വാചകത്തിൽ ആന്റിഫയെ ഇങ്ങനെ വിശേഷിപ്പിക്കാം. 1932 ൽ ജർമൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ നാസിസത്തിനെതിരായ നിലപാടുറപ്പിച്ച ബഹുമുഖ മുന്നണിയായ ആന്റിഫാഷിഷ്റ്റ്സേ അഥവാ 'ആന്റി ഫാഷിസ്റ്റി'ൽ നിന്നാണ് 'ആന്റിഫ' എന്ന പേരു കടംകൊണ്ടതായി വിലയിരുത്തപ്പെടുന്നത്. വാക്കുകളുടെ ചരിത്രപശ്ചാത്തലം വിവരിക്കുന്ന മെറിയം വെബ്സ്റ്റർ നിഘണ്ടുവിലും ഈ സാധ്യതയാണ് പരാമർശിക്കപ്പെടുന്നതും.

യൂറോപ്പിലെ പല രാജ്യങ്ങളിലും അരനൂറ്റാണ്ടു മുൻപു തന്നെ ഒളിഞ്ഞുംതെളിഞ്ഞും സാന്നിധ്യമുറപ്പിച്ച ഈ സംഘം പിന്നിട്ട ചില വർഷങ്ങളിൽ മാത്രമാണ് യുഎസിലെ മാധ്യമങ്ങളിൽ ഇടം നേടുന്നത്. പല രാജ്യങ്ങളിലും എന്നതുപോലെ യുഎസിലും കൃത്യമായ സംഘടനാ രൂപമില്ലാത്ത നിലകൊള്ളുന്ന ആന്റിഫ 'ബ്ലാക് ലൈവ്സ് മാറ്റർ', 'ഒക്കുപ്പൈ' മൂവ്മെന്റ് തുടങ്ങിയ പ്രസ്ഥാനങ്ങളിൽ നിന്ന് അണികളെ ഒന്നിപ്പിക്കാൻ ചാലകശക്തിയായെന്നാണ് യുഎസിലെ മുൻനിര മാധ്യമങ്ങളിലൊന്നായ 'ദ് ന്യൂയോർക്ക് ടൈംസ്' വിലയിരുത്തുന്നത്.1980 മുതൽ തന്നെ ആന്റിഫയ്ക്ക് യുഎസിൽ സാന്നിധ്യമുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. എന്നാൽ 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിയായ ട്രംപിന്റെ രംഗപ്രവേശത്തോടെയാണ് പ്രത്യക്ഷമായ സമരപരിപാടികളിലൂടെ ആന്റിഫ വാർത്തകളിൽ ഇടം നേടുന്നത്. ട്രംപിന്റെ അതിതീവ്ര ദേശീയവാദം, വംശീയത ഉൾപ്പെടുന്ന പരാമർശങ്ങൾ തുടങ്ങിയവയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്ന എതിർപ്പുകൾ ഏകോപിപ്പിക്കുന്നതിലും ആന്റിഫയുടെ കരങ്ങളുണ്ടാകാമെന്നാണ് റിപ്പബ്ലിക്കൻ പക്ഷം കുറ്റപ്പെടുത്തുന്നത്.

വർണവെറിയന്മാരുടെ പേടിസ്വപ്നം

കറുത്ത വസ്ത്രമണിഞ്ഞ് മുഖാവരണം ധരിച്ചെത്തുന്ന രീതിയാണ് ആന്റിഫ അണികളുടെ പ്രത്യേകത. ഇടതുനിലപാടുറപ്പിക്കുന്ന പ്രതിഷേധങ്ങൾക്കൊപ്പം മുതലാളിത്ത വിരുദ്ധ നിലപാടും ഈ കൂട്ടായ്മയുടെ മുഖമുദ്രയാണ്. എൽജിബിടിക്യു എന്നറിയപ്പെടുന്ന വിവിധ സ്വവർഗ സമൂഹങ്ങളുടെയും മറ്റും അവകാശസമരങ്ങൾ ഏറ്റെടുത്തു മുന്നോട്ടുപോകുന്ന രീതിയാണ് ആന്റിഫയുടേത്. മറ്റു സംഘടനകളുടെ പ്രതിഷേധങ്ങളിൽ നിന്ന് ഇവരെ വ്യത്യസ്തമാക്കുന്നതാകട്ടെ കലാപത്തിലേക്കു വഴിതുറക്കുന്ന പ്രകടനങ്ങളും

വിശാലനിലപാടു പറയുന്ന രാഷ്ട്രീയക്കാർ പക്ഷേ പ്രവൃത്തിപഥത്തിൽ ആ ക്രിയാത്മകത കാട്ടാറില്ലെന്ന വിമർശനമാണ് പല വേദികളിലും ആന്റിഫ ഉന്നയിക്കുന്നത്. ഈ കൂട്ടായ്മയ്ക്കെതിരെ നിലപാടുറപ്പിക്കുന്നവരെ കായികമായി നേരിടാനും അണികൾ മടിക്കാറില്ല. എന്നാൽ ഒരു വിഭാഗം സമാധാനപരമായും പ്രതിഷേധങ്ങൾ നടപ്പാക്കുന്നു. ചുരുക്കത്തിൽ മുഖമെന്തെന്നറിയാത്ത, നേതാക്കളെ കൃത്യമായി ഉയർത്തിക്കാട്ടാത്ത എന്നാൽ സ്വയം ഏകോപനത്തോടെ പ്രവർത്തിക്കുന്ന രീതിയാണ് ഈ സംഘത്തിനുള്ളത്. തീവ്ര വലതുപക്ഷ അനുകൂല വെബ്സൈറ്റുകളെ തകർക്കുന്നതു ലക്ഷ്യമിടുന്ന സംഘങ്ങളും ഇതിന്റെ ഭാഗമാകുന്നു.

2017 ൽ വെർജീനിയയിൽ തീവ്ര വലതുപക്ഷ നിലപാടുകാരുടെ പ്രകടനങ്ങൾക്കു നേരെ നടത്തിയ കലാപങ്ങളിലൂടെയാണ് ആന്റിഫ അടുത്തിടെ ശക്തമായ സാന്നിധ്യം വെളിപ്പെടുത്തിയത്. അതേവർഷം തന്നെ ബെർക്കിലെയിലെ സർവകലാശാലയിൽ യാഥാസ്ഥിതിക നേതാവ് പങ്കെടുത്ത യോഗം അലങ്കോലപ്പെടുത്തിയും സംഘം ശ്രദ്ധനേടി. 2016 ൽ വലതുപക്ഷ നേതാവിനെ ക്യാമറകൾക്കു മുന്നിൽ മർദിച്ചതിലൂടെയാണ് ഈ സംഘം ശ്രദ്ധ പിടിച്ചുപറ്റിയതെന്നാണ് 'ദ് ന്യൂയോർക്ക് ടൈംസ്' വിവരിക്കുന്നത്.

2019 ജൂണിൽ യുഎസിലെ തീവ്ര വലതുപക്ഷ സംഘടനയായ പ്രൗഡ് ബോയ്സ് അംഗങ്ങൾക്കെതിരെ ഒറിഗണിലെ പോർട്‌ലാൻഡിലുണ്ടായ സംഘർഷത്തിനു പിന്നിലും ആന്റിഫയുടെ കരങ്ങളാണ് ആരോപിക്കപ്പെട്ടത്. യുഎസിൽ 'ഫാഷിസ'മെന്നു വിലയിരുത്തപ്പെടുന്ന നീക്കങ്ങൾ തടയാനുള്ള മുന്നേറ്റങ്ങൾക്ക് കലാപം ഉൾപ്പെടുന്ന ആന്റിഫ രീതി തടസ്സമാകുന്നതായാണ് ഇത്തരം കൂട്ടായ്മകൾക്കു നേതൃത്വം നൽകുന്ന മറ്റു സംഘടനകളുടെ വിമർശനം. 1964 ൽ തുല്യാവകാശം വ്യക്തമാക്കുന്ന, ചരിത്രപ്രസിദ്ധമായ സിവിൽ റൈറ്റ്സ് ആക്ട് നടപ്പാക്കാനായത് അഹിംസാ തത്വത്തിലൂന്നിയ സമാധാനപരമായ പ്രതിഷേധങ്ങളിലൂടെയായിരുന്നു എന്നത് മറക്കരുതെന്നാണ് ആന്റിഫയ്ക്കെതിരെ ഇവർ ഉയർത്തിക്കാട്ടുന്നത്.വ്യക്തമായ രൂപമോ ഭാവമോ പ്രതിഷേധ രീതികളോ ഇല്ലാത്തതാണ് നിഗൂഢ പരിവേഷം ആന്റിഫയ്ക്കു നൽകുന്നത്. വ്യത്യസ്തമായ കാര്യങ്ങൾ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്തമായ രീതിയിൽ ഇവർ നടപ്പാക്കുന്നു. നിയമലംഘന നിലപാടുകൾ ഇവർ പിന്തുടരുന്നതായി തെളിവുണ്ട്. എന്നാൽ മറ്റു പല സമയങ്ങളിൽ അതില്ലതാനും റട്ജേഴ്സ് സർവകലാശാലയിലെ ചരിത്രകാരനും 'ആന്റഫ: ദി ആന്റിഫാഷിസ്റ്റ് ഹാൻഡ്ബുക്ക്' എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ മാർക് ബ്രേ പറയുന്നു.

എല്ലാം സമൂഹമാധ്യമങ്ങൾ വഴി

സമൂഹമാധ്യമങ്ങളിലെ ശക്തമായ സാന്നിധ്യമാണ് പരമ്പരാഗത സംഘടനാ രൂപങ്ങളിൽ നിന്ന് ഭിന്നമായി ദേശവ്യാപകമായ പ്രതിഷേധതീയ്ക്ക് അതിവേഗം എണ്ണപകരാൻ ആന്റിഫയെ സഹായിക്കുന്നതെന്നാണ് വിലയിരുത്തൽ. ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിനു പിന്നാലെ യുഎസ് ഭരണകൂടത്തിനും പൊലീസിനുമെതിരെ അതിവേഗമാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം നിറഞ്ഞത്. തൊട്ടുപിന്നാലെ നഗരനിരത്തുകളിൽ അരങ്ങേറിയ കലാപങ്ങൾക്കു ആക്കം കൂട്ടിയത് ആന്റിഫ അനുകൂലികളുടെ സാന്നിധ്യമെന്നാണ് വിമർശകർ പറയുന്നത്.

അതേസമയം, ഫ്ലോയിഡ് കൊല്ലപ്പെട്ടതോടെ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധജ്വാലയ്ക്ക് ബദലായി അതിതീവ്ര നിലപാടുള്ള വെളുത്ത നിറക്കാരുടെ സംഘടനകളും സമൂഹമാധ്യമങ്ങളിൽ വെറുപ്പിന്റെ കുറിപ്പുകളുമായി നിറഞ്ഞിരുന്നു. സായുധമായി തന്നെ തെരുവിലെ പ്രതിഷേധങ്ങളെ നേരിടാനാകണമെന്ന സന്ദേശം ഉറപ്പിക്കുന്ന ഇത്തരം പോസ്റ്റുകളും ആന്റിഫ അനുകൂല പോസ്റ്റുകൾ എന്നു കരുതുന്നവയ്ക്കൊപ്പം കഴിഞ്ഞ ദിവസം ഫേസ്‌ബുക് അധികൃതർ ഇടപെട്ട് നീക്കം ചെയ്തു. ഇതിൽ പലതും തീവ്രനിലപാടുള്ള വെളുത്ത നിറക്കാരുടെ 'പ്രൗഡ് ബോയ്സ്' എന്ന സംഘത്തിലെ അംഗങ്ങളുടേതോ അനുകൂലികളുടേതോ ആയിരുന്നു.

എങ്ങനെ നിരോധിക്കും?

കൃത്യമായ സംഘടനാരൂപമില്ലാത്തതിനാൽ ഭരണകൂടം ഏർപ്പെടുത്തിയേക്കാവുന്ന നിരോധനവും മറ്റും ആന്റിഫയ്ക്കെതിരെ വിലപ്പോവില്ലെന്നാണ് വിലയിരുത്തൽ. വർണവെറി ഇപ്പോഴും മറഞ്ഞും തെളിഞ്ഞും നിലനിൽക്കുന്ന രാജ്യത്ത് വെളുത്ത നിറക്കാരുടെ തീവ്രസംഘടനകളെ പ്രതിരോധിക്കുന്ന നിലപാടുറപ്പിക്കുന്ന ആന്റിഫയെ നിരോധിക്കുകയോ തീവ്രസംഘടനാ പട്ടികയിൽ ഉൾപ്പെടുത്തുകയോ ചെയ്താൽ കറുത്ത നിറക്കാർക്കെതിരായ നീക്കമായി കൂടി അത് വിലയിരുത്തപ്പെടുമെന്നാണ് സൂചന.

നവംബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും രംഗത്തിറങ്ങാൻ കൊതിക്കുന്ന ട്രംപ് അത്തരം നിലപാട് സ്വീകരിക്കാതിരിക്കാൻ അദ്ദേഹത്തിനു മേൽ അണികളുടെ സമ്മർദമേറെയാണെന്നും ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. എന്നാൽ തീവ്രദേശീയത ഉറപ്പിക്കുന്ന നിലപാടോടെ യുഎസിനെ എന്നും എപ്പോഴും ശക്തമായി നിലകൊള്ളാനുള്ള സാഹചര്യമൊരുക്കുമെന്ന ട്രംപിന്റെ നിലപാടുകൾക്കിടെ ആന്റിഫ പോലുള്ള സംഘടനകൾക്കെതിരെ നടപടിക്ക് പ്രസിഡന്റ് നിലപാട് എടുക്കാനുമിടയുണ്ടെന്ന മറുവാദവുമുണ്ട്.

തനിക്കെതിരെ രാജ്യത്തുയരുന്ന എതുചെറുനീക്കവും ഇടതുചായ്വുണ്ടെന്ന് വിമർശകർ ആരോപിക്കുന്ന ആന്റിഫയുടെ നീക്കമായാണ് ട്രംപ് കരുതുന്നതെന്ന വിലയിരുത്തലുമുണ്ട്. പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്ന എതൊരു കൂട്ടത്തെയും ആന്റിഫയെന്നു പേരുവിളിക്കുന്ന സ്ഥിതിയുണ്ടെന്നും ട്രംപ് അനുകൂലികൾ തന്നെ അടക്കം പറയുന്നു. ആന്റിഫയ്ക്കെതിരെ പ്രസിഡന്റ് നടത്തുന്ന പ്രസ്താവനകൾ അദ്ദേഹത്തിന്റെ അനുകൂലികളിൽ ആന്റിഫ വിരുദ്ധ നിലപാടിലൂടെ എകോപനത്തിന് ഇടയാക്കുന്നതായും വിലയിരുത്തപ്പെടുന്നു.

കോവിഡ് മഹാമാരിക്ക് ഇടയാക്കിയ സൂക്ഷ്മാണുവിനെപ്പോലെ അരൂപിയായി യുഎസിൽ എക്കാലവും നിലകൊള്ളാൻ ആന്റിഫയ്ക്കാവില്ലെന്ന് ഉറപ്പിക്കുന്ന പ്രഖ്യാപനമാണ് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐയുടേത് (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ). ഫെഡറൽ നിയമസംവിധാനത്തിന്റെ നിരീക്ഷണവലയത്തിൽ തന്നെയാണ് ആന്റിഫയും അതിന്റെ അണികളുമെന്ന് ഉറപ്പിക്കുന്നത് എഫ്ബിഐ ഡയറക്ടർ ക്രിസ് വ്രെ തന്നെയാണ്. ആന്റിഫ സംബന്ധിച്ച ഒരു ചർച്ചയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയതും.

വംശീയതക്കെതിരെ കോടികൾ ഇറക്കി സുന്ദർ പിച്ചെ

ഇത്തരം സംഘടനകൾ ഒരു തീവ്രാദത്തിലേക്ക് പോകുമെന്ന് ഉറപ്പാണ്. പക്ഷേ അത് ഒഴിവാക്കാനായിസമാധാനപരമായ പ്രവർത്തിക്കുന്ന സംഘടകളെ പ്രോൽസാഹിപ്പിക്കാനുള്ള നീക്കം പലരും നടത്തുന്നുണ്ട്.വംശീയ അസമത്വങ്ങൾ പരിഹരിക്കുന്നതിന് പ്രവർത്തിക്കുന്ന സംഘടനകൾക്ക് 1.2 കോടി ഡോളർ ധനസഹായം നൽകുമെന്ന് ആൽഫബെറ്റ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രഖ്യാപിച്ചു. ട്രംപ് ഭരണക്കൂട ഭീകരതക്കെതിരെ പോരാടാനാണ് ഈ പണമെന്നതും ശ്രദ്ധേയമാണ്.

വംശീയ അനീതിക്കെതിരെ പോരാടുന്ന സംഘടനകൾക്ക് ഗൂഗിൾ പ്ലാറ്റ്ഫോമുകളിൽ നിർണായക വിവരങ്ങൾ നൽകാൻ സഹായിക്കുന്നതിന് കമ്പനി 2.5 കോടി ഡോളറിന്റെ പരസ്യ ഗ്രാന്റുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ആദ്യത്തെ ഗ്രാന്റ് 10 ലക്ഷം ഡോളർ വീതം സെന്റർ ഫോർ പോളിസിങ് ഇക്വിറ്റി, ഈക്വൽ ജസ്റ്റിസ് ഇനീസിയേറ്റീവ് എന്നിവർക്ക് നൽകും. ഗൂഗിൾ.ഓർഗ് ഫെലോസ് പ്രോഗ്രാം വഴി സാങ്കേതിക പിന്തുണ നൽകുമെന്നും പിച്ചൈ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വംശീയ നീതിയുമായി ബന്ധപ്പെട്ട ശ്രമങ്ങൾക്കായി ഗൂഗിൾ ഇതുവരെ 3.2 കോടി ഡോളർ സംഭാവന നൽകിയിട്ടുണ്ട്. ഫ്ലോയിഡിന്റെ ഓർമകളെ മാനിക്കാൻ ഗൂഗിളർമാർ 8 മിനിറ്റ് 46 സെക്കൻഡ് നിശബ്ദത പാലിച്ചു. ഈ നിശബ്ദത നിമിഷത്തിന്റെ ദൈർഘ്യം ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെടുന്നതിന് മുൻപ് അനുഭവിച്ച സമയത്തെ പ്രതിനിധീകരിക്കുന്നു. ഇത് ഫ്ലോയിഡിനും മറ്റു പലർക്കുമെതിരെയുള്ള അനീതിയുടെ ഓർമപ്പെടുത്തലാണെന്നും പിച്ചൈ കുറിച്ചു.

ഗൂഗിൾ ജീവനക്കാർ 25 ലക്ഷം ഡോളർ അധിക സംഭാവന നൽകി. ഇത് ഞങ്ങളുടെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗൂഗ്ളർ പങ്കെടുക്കുന്ന ക്യാംപെയിനിനെ പ്രതിനിധീകരിക്കുന്നു. ജീവനക്കാർ സമാഹരിച്ച ഏറ്റവും വലിയ തുകയും വിശാലമായ പങ്കാളിത്തവും ഇതാണെന്നും പിച്ചൈ പറഞ്ഞു.ദീർഘകാല പരിഹാരങ്ങളെ പിന്തുണയ്ക്കുന്ന സംരംഭങ്ങളും ഉൽപന്ന ആശയങ്ങളും വികസിപ്പിക്കുന്നതിന് ഗൂഗിൾ ബ്ലാക്ക് കമ്മ്യൂണിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്ലോയിഡിന്റെ മരണത്തിനെതിരായ പ്രതിഷേധത്തിന് ഐക്യദാർഡ്യം കാണിച്ച് ഗൂഗിളും യുട്യൂബും നേരത്തെ യുഎസിലെ ഹോം പേജിൽ ഒരു കറുത്ത റിബൺ ഇട്ടിരുന്നു.

പുലിവാല് പിടിച്ച് സുക്കർബർഗ്

എന്നാൽ സുന്ദർ പിച്ചെയുടെ അനുഭവം ആയിരുന്നില്ല ഫേസ്‌ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗിനുണ്ടായത. രാജ്യത്തെ പ്രക്ഷോഭകാരികൾക്കെതിരായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന പ്രസ്താവനകൾ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെടുന്നതാണു സുക്കർബർഗിനു വിനയായത്. കമ്പനിയുടെ വിഡിയോ കോൺഫറൻസിൽ ജീവനക്കാരുടെ രോഷപ്രകടനത്തിനാണ് സിഇഒ സാക്ഷിയായത്. അതായത് ഫേസ്‌ബുക്കിലെ ജീവനക്കാരിൽപോലും നല്ലൊരു ശതമാനം ആന്റിഫ അനുഭാവികൾ ആണെന്ന് വ്യക്തം. ടെക്കികളിൽ വലിയൊരു വിഭാഗം ആന്റിഫ പ്രവർത്തകർ ആണെന്നതും പരസ്യമായ രഹസ്യമാണ്.

ജീവനക്കാരിൽ പലരും അസ്വസ്ഥതയും അനിഷ്ടവും പ്രകടിപ്പിച്ചെങ്കിലും ട്രംപിന്റെ പോസ്റ്റുകൾ ഫേസ്‌ബുക്കിൽ വന്നതു തടയേണ്ടെന്ന തന്റെ നിലപാട് മാറ്റണമെന്നു തോന്നുന്നില്ലെന്നു സുക്കർബർഗ് വ്യക്തമാക്കി. കമ്പനിയുടെ നയത്തിനു വിരുദ്ധമായ ഉള്ളടക്കമുള്ളതാണു ട്രംപിന്റെ പോസ്റ്റുകൾ എന്നാണു ഭൂരിപക്ഷം ജീവനക്കാരുടെയും അഭിപ്രായം. വിഡിയോ കോൺഫറൻസിൽ ജീവനക്കാരുടെ ചോദ്യങ്ങൾക്കു സക്കർബർഗ് മറുപടി പറഞ്ഞു.പ്രക്ഷോഭത്തിനിടെ കൊള്ള നടത്തുന്നവർക്കു നേരെ വെടിയുതിർക്കുമെന്ന പോസ്റ്റ് ഇപ്പോഴും ഫേസ്‌ബുക്കിൽ കാണാമെന്നു ജീവനക്കാർ ചൂണ്ടിക്കാട്ടി. പ്രസിഡന്റിന്റെ സന്ദേശം ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്നു തനിക്കോ കമ്പനിയുടെ നയം തീരുമാനിക്കുന്ന മറ്റുള്ളവർക്കോ ന്യായീകരിക്കാൻ സാധിക്കില്ല. എന്നാൽ അതു ഫേസ്‌ബുക്കിന്റെ നിയമങ്ങളെ മറികടക്കുന്നതല്ലെന്നും സുക്കർബർഗ് പറഞ്ഞതായി യോഗത്തിൽ പങ്കെടുത്ത രണ്ടു പേർ വെളിപ്പെടുത്തി.

കമ്പനിയുടെ നിലപാടിൽ നിരവധി പേർ അമർഷവും അസ്വസ്ഥതയും രേഖപ്പെടുത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ചിലർ യോഗത്തിൽനിന്ന് 'വിർച്വൽ വാക്കൗട്ട്' നടത്തി. യോഗം 90 മിനിറ്റ് നീണ്ടു. മെയ്‌ 28ന് ആണ് 'കൊള്ള തുടങ്ങുമ്പോൾ വെടിവയ്പും തുടങ്ങും' എന്നു ട്രംപ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. മിനിയപ്പലിസിൽ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളോടായിരുന്നു ട്രംപിന്റെ പ്രതികരണം.ഇതേ പ്രസ്താവന ഫേസ്‌ബുക്കിന്റെ ബദ്ധവൈരിയായ ട്വിറ്ററിലും ട്രംപ് പങ്കുവച്ചു. എന്നാൽ മുന്നറിയിപ്പോടെയാണ് ട്വിറ്റർ ഇതു പ്രസിദ്ധീകരിച്ചത്. മുൻപും ട്രംപിന്റെ ട്വീറ്റുകൾ മുന്നറിയിപ്പോടെ ട്വിറ്റർ നൽകിയിരുന്നു. യുഎസ് തിരഞ്ഞെടുപ്പിലെ മെയിൽ ഇൻബാലറ്റുകൾ തിരഞ്ഞെടുപ്പു തട്ടിപ്പിനു കാരണമാകുമെന്ന് ആരോപിക്കുന്ന 2 ട്വീറ്റുകൾക്കടിയിൽ നീല ആശ്ചര്യ ചിഹ്നത്തോടൊപ്പമാണു ട്വിറ്റർ ഫാക്ട് ചെക്ക് മുന്നറിയിപ്പു നൽകിയത്.

അയായത് ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാന്റെ മരണം സമസ്തമേഖലകളെയും ബാധിക്കുന്ന പ്രശനമായി യുഎസിൽ മാറിക്കഴിഞ്ഞെന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP