Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇതിനു മുൻപ് കണ്ടിട്ടില്ലാത്ത മമ്മൂട്ടിയുടെ ആ രാക്ഷസച്ചിരി; 400ൽ അധികം സിനിമകളിൽ പകർന്നാടിയതിലേക്കാൾ ഗംഭീരമെന്ന് ആരാധകർ; കറുപ്പിലും വെളുപ്പിലും കഥ പറയുന്ന 'ഭ്രമയുഗം' റിലീസിന് മുമ്പേ കേസിൽ; കൊലച്ചിരി ചിരിക്കുന്ന കാരണവർ ആരാണ്? കുഞ്ചമൺ പോറ്റി മിത്തോ യാഥാർത്ഥ്യമോ?

ഇതിനു മുൻപ് കണ്ടിട്ടില്ലാത്ത മമ്മൂട്ടിയുടെ ആ രാക്ഷസച്ചിരി; 400ൽ അധികം സിനിമകളിൽ പകർന്നാടിയതിലേക്കാൾ ഗംഭീരമെന്ന് ആരാധകർ; കറുപ്പിലും വെളുപ്പിലും കഥ പറയുന്ന 'ഭ്രമയുഗം' റിലീസിന് മുമ്പേ കേസിൽ; കൊലച്ചിരി ചിരിക്കുന്ന കാരണവർ ആരാണ്? കുഞ്ചമൺ പോറ്റി മിത്തോ യാഥാർത്ഥ്യമോ?

എം റിജു

സെക്കൻഡുകൾ കൊണ്ട് മാറിമറിഞ്ഞ് പോകുന്ന മനയ്ക്കലെ കാരണവരുടെ ആ രാക്ഷസച്ചിരി! ചലച്ചിത്രപ്രേമികൾ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത് അതിനുള്ളിലെ ഒരൊറ്റ രംഗമാണ്. രണ്ട് മിനിറ്റ് 39 സെക്കൻഡ് ദൈർഘ്യമുള്ള ഭ്രമയുഗത്തിന്റെ ട്രെയിലർ. സ്വപ്നം കണ്ട് പേടിച്ച് അലറുന്ന അർജുൻ അശോകനിൽ തുടങ്ങി ചുരുളിയുടെ മാതൃകയിൽ പുരോഗമിച്ച് ഭയപ്പെടുത്തും വിധം ആർത്ത് ചിരിക്കുന്ന മമ്മൂട്ടിയിലാണ് അവസാനിക്കുന്നത്. ആ ചിരിയാണ് നിമിഷങ്ങൾക്കകം തരംഗമായത്.

400ൽ അധികം സിനിമകളിൽ മമ്മൂട്ടി എന്ന നടൻ പകർന്നാടിയ ഒരു കഥാപാത്രത്തിലും ഇത്തരത്തിലൊരു രംഗം കണ്ടിട്ടില്ലെന്നാണ് ആരാധകരുടെ പക്ഷം. വിധേയനിലും പാലേരിമാണിക്യത്തിലും മുന്നറിയിപ്പിലുമെല്ലാം മമ്മൂട്ടി അവിസ്മരണീയമാക്കിയ വില്ലൻ കഥാപാത്രങ്ങളുടെ ഓർമ മിന്നിമറഞ്ഞ് പോകുന്നുണ്ടെങ്കിലും ഇത് പോലൊരു മമ്മൂട്ടിയെയോ ആ ചിരിയോ കാണാൻ സാധിക്കില്ല.

ഏതൊരു സൂപ്പർതാരവും തന്റെ താരമൂല്യത്തെ ബാധിക്കുമെന്ന് ഭയന്ന് ചെയ്യാൻ മടിക്കുന്ന ഒട്ടനവധി വേഷങ്ങൾ മമ്മൂട്ടി വെള്ളിത്തിരയിൽ തകർത്താടിയിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ചതുമായിരുന്നു. അവിസ്മരണീയമായ പ്രതിനായക വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടിയെ വെല്ലാൻ മറ്റൊരു നടന്നില്ലെന്ന് സിനിമാ ആസ്വാദകരെ കൊണ്ട് പറയിപ്പിക്കുന്നതിലാണ് മമ്മൂട്ടി എന്ന സൂപ്പർസ്റ്റാർ മറ്റ് സൂപ്പർതാരങ്ങളിൽ നിന്ന് വ്യത്യസ്തനാകുന്നത്.

വിധേയനിലെ ഭാസ്‌കര പട്ടേലർ എന്ന സ്വേച്ഛാധിപതിയുടെ ചിരി, പാലേരിമാണിക്യത്തിലെ അറയ്ക്കൽ അഹമ്മദ് ഹാജി, റൊഷാക്കിലെ ലൂക്ക് ആന്റണി, മുന്നറിയിപ്പിലെ രാഘവൻ ഈ ചിത്രങ്ങളിലെല്ലാം മമ്മൂട്ടി ചെയ്തു വെച്ച 'ചിരി' രംഗങ്ങളുണ്ട്, പ്രതികാരദാഹവും പുച്ഛവും ഭീതിയുണർത്തുന്നതുമായ വ്യത്യസ്ത ചീരികൾ. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഭ്രമയുഗത്തിലെ കാരണവരുടെ രാക്ഷസച്ചിരി. കൺകെട്ടുകളുടേയും ഭയത്തിന്റെയും ഭ്രമയുഗലോകം വീക്ഷിക്കാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. പക്ഷേ റിലീസിനോട് അനുബന്ധിച്ച് ഭ്രമയുഗം വിവാദത്തിൽ പെട്ടിരിക്കയാണ്.


റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെ കേസ്

ഫെബ്രുവരി 15ന് ആണ് ഭ്രമയുഗം റിലീസിന് ഒരുങ്ങുന്നത്. സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, അമാൽഡ ലിസ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഷെഹ്നാദ് ജലാൽ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ക്രിസ്റ്റോ സേവ്യർ ആണ് സംഗീതം ഒരുക്കിയത്. രാഹുൽ സദാശിവ് ആണ സംവിധാനം. എന്നാൽ റിലീസ് ചെയ്യാൻ വെറും മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ചിത്രത്തിനെതിരെ കോടതിയിൽ ഹർജി എത്തിയത്. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിൽ കുഞ്ചമൺ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുക എന്ന റിപ്പോർട്ടുകളെ തുടർന്നാണിത്.

കുഞ്ചമൺ പോറ്റി തീം എന്ന പേരിൽ ചിത്രത്തിലെ ഗാനവും നേരത്തെ പുറത്തുവന്നിരുന്നു. 'കുഞ്ചമൺ പോറ്റി' അല്ലെങ്കിൽ 'പുഞ്ചമൺ പോറ്റി' എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണ്. സിനിമയിലെ കഥാപാത്രം ദുർമന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സൽകീർത്തിയെ ബാധിക്കുമെന്നാണ് ഹർജിയിൽ പറയുന്നത്.

സിനിമയിൽ കുഞ്ചമൺ പോറ്റിയെ ഉപയോഗിക്കുന്നത് തങ്ങളുടെ കുടുംബത്തിനെ അപകീർത്തിപ്പെടുത്താനാണ് എന്നാണ് കുഞ്ചമൺ ഇല്ലക്കാരുടെ വാദം. തങ്ങൾ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണ്. ഭ്രമയുഗത്തിൽ ഐതീഹ്യമാലയിൽ നിന്നും എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് സിനിമയിൽ പറയാൻ പോകുന്നത്. ചിത്രത്തിലെ കുഞ്ചമൺ പോറ്റി എന്ന കഥാപാത്രം ദുർമന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്. ഇത് തങ്ങളുടെ കുടുംബത്തിന് സമൂഹത്തിന്റെ മുന്നിൽ ചീത്തപ്പേര് ഉണ്ടാക്കും. മാത്രമല്ല, മമ്മൂട്ടിയെ പോലൊരു നടൻ അഭിനയിക്കുന്ന ചിത്രം ഒരുപാട് പേരെ സ്വാധീനിക്കും. ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തങ്ങളോട് ഇത് സംബന്ധിച്ച് വിശദീകരിക്കാൻ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ഇത്തരമൊരു സിനിമ കുടുംബത്തെ മനഃപൂർവം താറടിക്കാനും സമൂഹത്തിന് മുന്നിൽ മാനം കെടുത്താനും വേണ്ടിയാണെന്ന് ഭയമുണ്ട്. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമർശങ്ങളും നീക്കണം എന്നാണ് കുഞ്ചമൺ ഇല്ലക്കാർ ഹർജിയിൽ ആവശ്യപ്പെടുന്നത്.

സിനിമ നിയമക്കരുക്കിൽ പെട്ടതോടെ കുഞ്ചമൻ പോറ്റി തീം എന്ന ഗാനം അണിയറപ്രവർത്തകർ മാറ്റിയിരിക്കുകയാണ്. 'കുഞ്ചമൻ പോറ്റി തീം' എന്ന ഗാനത്തിന് 'കൊടുമൺ പോറ്റി തീം' എന്ന പേരാണ് യൂട്യൂബിൽ എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നത്. ഗാനത്തിന്റെ പോസ്റ്ററിലെ കുഞ്ചമൺ പോറ്റി തീം എന്ന വരികളിലെ കുഞ്ചമൻ മായ്ച്ച് കളഞ്ഞതായും കാണാം. ഇപ്പോൾ പോറ്റി തീം എന്ന് മാത്രമാണ് പോസ്റ്ററിലുള്ളത്. ഹൈക്കോടതിയിൽ ഹർജി എത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ തിരുത്ത് അണിയറപ്രവർത്തകർ യൂട്യൂബിൽ വരുത്തിയിരിക്കുന്നത്.

ഇതോടെ സോഷ്യൽ മീഡിയയിലും വലിയ ചർച്ച ഉയർന്നിരിക്കയാണ്. ആരാണ് ഈ കുഞ്ചമൺ പോറ്റി. അങ്ങനെ ഒരു മാന്ത്രികൻ ശരിക്കും ജീവിച്ചിരുന്നോ? അയാൾ നായകനാണോ, വില്ലനാണോ?

ആരാണ് കുഞ്ചമൺ പോറ്റി ?

കൊട്ടാരത്തിൽ ശങ്കുണ്ണി 1909 മുതൽ 1934 വരെയുള്ള കാലഘട്ടത്തിൽ എട്ടു ഭാഗങ്ങളായാണ് ഐതിഹ്യമാല പ്രസിദ്ധീകരിച്ചത്. ഇതിലെ പതിനെട്ടാമത്തെ ഐതിഹ്യകഥയിലാണ് കുഞ്ചമൺപോറ്റിയെക്കുറിച്ച് വിവരിക്കുന്നത്. ഭദ്രകാളിയെ ഉപാസിച്ച് പ്രത്യക്ഷപ്പെടുത്തിയ മറ്റപ്പള്ളി നമ്പൂതിരിയെ ഒരു കുസൃതിയിലൂടെ പന്തയംവച്ച് കുഴിയിൽചാടിച്ച കുഞ്ചമൺപോറ്റിയുടെ രസകരമായ കഥയുണ്ട് ഐതീഹ്യമാലയിൽ.

കുഞ്ചമൺപോറ്റി ഒഴിച്ചാൽ ഒഴിയാത്ത ചാത്തൻ എങ്ങുമില്ലെന്നാണ് വിശ്വാസം. ആഭിചാരക്രിയ ചെയ്ത് ആദ്യമായി ചാത്തനെ നേരിട്ട് വരുത്തിയ ആളായാണ് കുഞ്ചമൺ പോറ്റിയെ ഐതീഹ്യമാലയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. എഴുത്തുകൊടുത്ത് ചാത്തനോട് അവധി പറയുന്ന പതിവും കുഞ്ചമൻ പോറ്റിക്കുണ്ട്. കടമറ്റത്ത് കത്തനാരുടെ അടുത്ത സുഹൃത്തായിരുന്ന കുഞ്ചമൻ പോറ്റി പിന്നീട് അദ്ദേഹവുമായി തെറ്റിയതായും പറയുന്നുണ്ട്. കലാനിലയത്തിന്റെ 'കടമറ്റത്തുകത്തനാർ' നാടകത്തിലും കുഞ്ചമൺപോറ്റി ഒരു കഥാപാത്രമായി കടന്നുവന്നിരുന്നു.

എങ്കിലും ഐതീഹ്യാമാല തന്നെയാണ് കുഞ്ചമൺപോറ്റി അടക്കമുള്ള മാന്ത്രിക കഥാപാത്രങ്ങളുടെ പ്രധാന റഫറൻസ്. കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം സമ്പാദിച്ചു ചേർത്ത്, എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക്കിടയിലായി (1909 മുതൽ 1934 വരെ) കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്‌ഗ്രന്ഥമാണ് ഐതിഹ്യമാല. ഇത് ഒരിക്കലും ചരിത്രമല്ല. ഫാക്റ്റും ഫിക്ഷനും ചേർത്ത ഒരു രചനയാണ്. കേട്ടുകേൾവികളും, അതിശയോക്തി കഥകളും, പലയിടത്തായി പടർന്നുകിടക്കുന്ന മാന്ത്രിക-താന്ത്രിക കഥകളെല്ലാം ചേർന്ന് ഒരുമിച്ച് ഒരു പുസ്തകമാക്കുക എന്ന ഭാരിച്ച പ്രവർത്തിയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി ചെയ്തത്.


1855 മാർച്ച് 23, കോട്ടയത്തിനടുത്ത് കോടിമതയിൽ കൊട്ടാരത്തിൽ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു കൊട്ടാരത്തിൽ ശങ്കുണ്ണിക്ക് സ്‌കുൾ വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളിൽ ചെന്നാണ് അദ്ദേഹം പഠിച്ചത്്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ് ശങ്കുണ്ണിയെ എഴുത്തിലേക്ക് നിർബന്ധിച്ചത്. 36ാമത്തെ വയസ്സിൽ (1891) സുഭദ്രാഹരണം മണിപ്രവാളം എഴുതിയത് തമ്പുരന്റെ സമ്മർദം കൊണ്ടായിരുന്നു. പിന്നീട് കേശവദാസചരിതം രചിച്ചതും അങ്ങനെ തന്നെ. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കവി കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയ പ്രമുഖരുമായി അക്കാലത്ത് ഏറെ ഇടപഴകി. ആയിടെ കണ്ടത്തിൽ വറുഗീസ് മാപ്പിള കോട്ടയത്തു തുടങ്ങിവെച്ച മലയാള മനോരമയിലും(1888) ഭാഷാപോഷിണിസഭയിലും(1892) സഹകരിച്ചു.

1898 മുതലാണ് ഐതിഹ്യമാലയുടെ രചന തുടങ്ങി. വറുഗീസ് മാപ്പിളയുടെ പ്രേരണ മൂലം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃപ്രസിദ്ധീകരിക്കാനായിട്ടായിരുന്നു ഐതിഹ്യമാല തുടങ്ങിവെച്ചതെങ്കിലും പിന്നീട് ഏതാണ്ട് ശങ്കുണ്ണിയുടെ മരണം വരെ രചന തുടർന്നു പോന്ന ഒരു പുസ്തകപരമ്പരയായി ഐതിഹ്യമാല മാറി. ഇന്നും മലയാളത്തിലെ ഒരു ക്ലാസിക്ക് കൃതി തന്നെയാണ് അത്. പക്ഷേ ഐതീഹ്യമായ ചരിത്രമല്ലെന്ന് നാം ഓർക്കണം. അതിലെ കഥാപാത്രങ്ങൾ എല്ലാം ജീവിച്ചിരുന്നവർ ആയിരിക്കണമെന്നും നിർബന്ധമില്ല.

'ഭദ്രകാളിമറ്റപ്പള്ളി നമ്പൂരി' (പ്പാട്)!

ഐതീഹ്യമാലയിൽ മറ്റപ്പള്ളി നമ്പൂരിപ്പാടിനൊപ്പാണ് കുഞ്ചമൺ പോറ്റിയെ പറയുന്നത്. ഐതീഹ്യമാലയിലെ 18ാം അധ്യായത്തിൽ ഇങ്ങനെ പറയുന്നു- ''ചാത്തനെസേവിച്ചു പ്രത്യക്ഷമാക്കിയ പ്രസിദ്ധനായ കുഞ്ചമൺ പോറ്റിയും, ശ്രീപോർക്കലിയിൽപ്പോയി ഭദ്രകാളിയെ സേവിച്ചു പ്രത്യക്ഷ പ്പെടുത്തിയ വിശ്വവിശ്രുതനായ മറ്റപ്പള്ളി നമ്പൂരിപ്പാടും ഒരുകാലത്തു ജീവിച്ചിരുന്നവരാണ്. മറ്റപ്പള്ളി നമ്പൂരിപ്പാട്ടിലെ ഇല്ലപ്പേർ ആദ്യകാലത്ത് 'മറ്റപ്പള്ളി' എന്നു മാത്രമായിരുന്നു. ആ ഇല്ലത്തു നിന്ന് ഒരാൾ ശ്രീപോർക്കലിയിൽ പോയി ഭദ്രകാളിയെ സേവിച്ചു പ്രത്യക്ഷമാക്കി വന്നതിനാൽ അക്കാലംമുതൽ ഇല്ലപ്പേർ 'ഭദ്രകാളി മറ്റപ്പള്ളി' എന്നു പ്രസിദ്ധമായിത്തീർന്നു. അതിനാൽ എല്ലാവരും പറയുന്നതും ആ ഇല്ലത്തുള്ളവർ എഴുത്തുകുത്തുകളിൽ പേരുവയ്ക്കുന്നതുമെല്ലാം ഇന്നും 'ഭദ്രകാളിമറ്റപ്പള്ളി നമ്പൂരി' (പ്പാട്) എന്നുതന്നെയാണ്.

സാക്ഷാൽ ഭദ്രകാളി മറ്റപ്പള്ളി നമ്പൂരിപ്പാട് ഒരിക്കൽ ഒരു തോണിയിൽക്കയറി വേമ്പനാട്ടുകായലിൽക്കൂടി തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. വൈക്കത്തു പടിഞ്ഞാറുവശത്തായപ്പോൾ അവിടെ ക്ഷേത്രത്തിൽ ഒരു പാണി കൊട്ടുന്നതു കേട്ടു. ആ പാണി ഒരു അസാധാരണരീതിയിൽ ആയിരുന്നതിനാൽ, 'ശാസ്ത്രപ്രകാരം ഇത്ര ശരിയായി ഈ പാണി കൊട്ടുന്നത് ആരാണെന്നറിയണം. ഇതു മനുഷ്യരിലാരുമാണെന്നു തോന്നുന്നില്ല. ദേവന്മാരിൽ ആരെങ്കിലുമായിരിക്കണം. ഏതെങ്കിലും തോണി ഇവിടെ അടുക്കട്ടെ' എന്നു പറഞ്ഞു തോണി അടുപ്പിച്ചു നമ്പൂരിപ്പാടു കരയ്ക്കിറങ്ങി, കുളിയും കഴിച്ചു ക്ഷേത്രത്തിൽ എത്തി. അപ്പോൾ അവിടെ ഉൽസവകാലമായിരുന്നു. ഉൽസവബലിയുടെ പാണികൊട്ടാണ് നമ്പൂരിപ്പാട് കേട്ടത്. ആ പാണി കൊട്ടിയിരുന്നതു ഒരു സ്ത്രീയായിരുന്നു.

വൈക്കത്തുക്ഷേത്രത്തിൽ പ്രവൃത്തിക്കാരും അവകാശികളുമായവരിൽ ഒരു മാരാന്റെ വീട്ടിൽ ഒരുകാലത്തു പുരുഷന്മാരാരുമില്ലാതെയായിത്തീർന്നു. ഒരു സ്ത്രീയും രണ്ടുമൂന്നു പെൺകുട്ടികളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അവർക്കു പതിവായി ക്ഷേത്രത്തിൽനിന്നുള്ള ചോറല്ലാതെ ഉപജീവനത്തിനു യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. ആ വീട്ടുകാർ ക്ഷേത്രത്തിൽ പ്രതിദിനം നടത്തേണ്ടുന്ന കൊട്ട്, പാട്ട് മുതലായ പ്രവൃത്തികൾ ആ സ്ത്രീ ശേഷമുള്ള മാരാന്മാരോടു നല്ലവാക്കു പറഞ്ഞു അവരെക്കൊണ്ടു നടത്തിച്ചു ചോറു വാങ്ങി ഉപജീവനം കഴിച്ചുവന്നു.

അങ്ങനെയിരിക്കുമ്പോൾ ഒരു ഉൽസവകാലത്ത് അവിടെ ശേഷമുള്ള മാരാന്മാരെല്ലാവരുംകുടി, ആ സ്ത്രീയുടെ വീട്ടിൽനിന്നു നടത്തേണ്ടുന്ന പ്രവൃത്തികൾ നടത്താതെ മുട്ടിച്ചാൽ അവർക്കുള്ള അവകാശം പോവുകയും ആ അവകാശവും അതിനുള്ള ആദായങ്ങളും കൂടി തങ്ങൾക്കു കിട്ടുകയും ചെയ്യുമല്ലോ എന്നു വിചാരിച്ച് അവരുടെ ആൾപ്പേരായി ആരും അടിയന്തിരം നടത്തിക്കൊടുക്കരുതെന്നു പറഞ്ഞു നിശ്ചയിച്ചു. പിന്നെ അവർ എല്ലാവരുംകൂടി ആ സ്ത്രീയെ വിളിച്ച്, 'നിങ്ങളുടെ ആൾപ്പേരായിട്ടു ക്ഷേത്രത്തിലെ പ്രവൃത്തികൾ നടത്താൻ ഞങ്ങൾക്കാർക്കും മനസ്സില്ല. നാളെ ഉൽസവബലിയാണ്. അതിന്റെ പാണി നടത്തുന്നതിനുള്ള പ്രധാന ചുമതല നിങ്ങളുടെ തറവാട്ടേക്കാണല്ലോ. അതിനാൽ ആരെയെങ്കിലും വരുത്തി അടിയന്തിരം നടത്തിച്ചുകൊള്ളണം. അല്ലെങ്കിൽ അടിയന്തിരം മുട്ടും. ഞങ്ങൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു' എന്നു പറയുകയും ചെയ്തു.

അന്നു വൈക്കത്തു പേരുംതൃക്കോവിൽ ക്ഷേത്രം ചില നമ്പൂരിമാരുടെ ഊരാൺമയോടും രാജ്യാധിപതിയായ വടക്കുംകൂർ രാജാവിന്റെ മേങ്കോയിമ്മസ്ഥാനത്തോടും കൂടിയായിരുന്നതിനാൽ ആ മാരാന്മാർ ആ സ്ത്രീയുടെ ആൾപ്പേരായി ക്ഷേത്രത്തിലെ അടിയന്തിരങ്ങൾ നടത്താൻ തങ്ങൾക്കു മനസ്സില്ലെന്നുള്ള വിവരം ഊരാൺമക്കാരുടെയും രാജാവിന്റെയും അടുക്കലും കൂടി പറയുകയും ചെയ്തു. ആ സാധുസ്ത്രീ വളരെ താഴ്മയോടുകൂടി പലവിധത്തിൽ പറഞ്ഞിട്ടും ദുഷ്ടന്മാരും ദുരാഗ്രഹികളുമായ മാരാന്മാർ സമ്മതിച്ചില്ല. ആൾപ്പേരായിട്ട് അടിയന്തിരം നടത്താൻ മനസ്സില്ലെന്നുതന്നെ അവർ വീണ്ടും തീർച്ചയായിട്ടു പറഞ്ഞു. അപ്പോഴേക്കും സൂര്യൻ അസ്തമിക്കാറായിരുന്നതിനാൽ പിറ്റേദിവസത്തേക്കു ദൂരസ്ഥലങ്ങളിൽ നിന്ന് ആളെ വരുത്തി അടിയന്തിരം നടത്തിക്കാൻ നിവൃത്തിയില്ലായിരുന്നു. പാണി പരിചയമുള്ള മാരാന്മാർ അടുക്കലെങ്ങും വേറെ ഉണ്ടായിരിന്നുമില്ല. ആകപ്പാടെ ആ സ്ത്രീ വിചാരവും വിഷാദവും കൊണ്ടു പരവശയായിത്തീർന്നു. അവർ വ്യസനംകൊണ്ട് അത്താഴമുണ്ണാതെ, 'എന്റെ പെരുതൃക്കോവിലപ്പാ! അന്നദാനപ്രഭോ! എന്റെ ചോറു മുട്ടിക്കല്ലേ. ഇതിന് അവിടുന്നുതന്നെ എന്തെങ്കിലും ഒരു മാർഗമുണ്ടാക്കിത്തരണേ. അല്ലാതെ ഞാൻവിചാരിച്ചിട്ട് ഒരു നിവൃത്തിയും കാണുന്നില്ല' എന്നു പറഞ്ഞു കരഞ്ഞുംകൊണ്ട് പോയിക്കിടന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ ഉറങ്ങുകയും ഉറക്കത്തിൽ അവർക്ക്, 'നീ ഒട്ടും വ്യസനിക്കേണ്ടാ. നീ ഇപ്പോൾ ഗർഭം ധരിച്ചിട്ടുണ്ട്. നിന്റെ ഉദരത്തിൽ കിടക്കുന്നത് ഒരു പുരുഷപ്രജയാണ്. അതിനാൽ നാളെ ഉൽസവബലിക്കു നീതന്നെ പാണി കൊട്ടിയാൽ മതി. നീ രാവിലെ കുളിച്ചു ക്ഷേത്രത്തിൽ ചെല്ലണം. അപ്പോൾ പാണി കൊട്ടാനുള്ള എണ്ണങ്ങളെല്ലാം നിനിക്കു ഞാൻ തോന്നിച്ചുതന്നു കൊള്ളാം.' എന്നു പെരുംതൃക്കോവിലപ്പന്റെ ദർശനമുണ്ടാവുകയും ചെയ്തു. അപ്രകാരംതന്നെ ഉൽസവബലിക്ക് ഈ സ്ത്രീയെക്കൊണ്ട് പാണികൊട്ടിച്ചു കൊള്ളണമെന്നു രാജാവിനും ഊരാൺമക്കാർക്കും തന്ത്രിക്കുംകൂടി അന്നു ദർശനമുണ്ടായി. അതിനാൽ പിറ്റേദിവസം രാവിലെ ആ സ്ത്രീ കുളിച്ച് അമ്പലത്തിൽ ചെല്ലുകയും പാണി കൊട്ടിക്കൊള്ളുന്നതിനു രാജാവു മുതലായവർ അനുവദിക്കുകയും അവർ പാണി കൊട്ടിത്തുടങ്ങുകയും ചെയ്തു. ഇപ്രകാരമാണ് അന്ന് അവിടെ ഉൽസവബലിക്ക് ഒരു സ്ത്രീ പാണി കൊട്ടാനിടയായത്.

ആ സ്ത്രീ കുളിച്ചു ക്ഷേത്രത്തിൽ ചെന്നതിന്റെ ശേഷം ഉൽസവബലി കഴിയുന്നതുവരെ അവർക്കു സുബോധമുണ്ടായിരുന്നില്ല. പെരുംതൃക്കോവിലപ്പൻ തോന്നിച്ചതുപോലെയൊക്കെ അവർ പ്രവർത്തിച്ചു എന്നേയുള്ളു. ഭഗവാൻ തോന്നിച്ചിട്ടു കൊട്ടിയ പാണി ശാസ്ത്രപ്രകാരവും അസാധാരണവുമായിരുന്നത് ഒരത്ഭുതമല്ലല്ലോ. പാണി വിധിപ്രകാര മായിരുന്നതിനാൽ ഉൽസവബലി ഭുജിക്കുന്നതിനു ഭൂതങ്ങളും പ്രത്യക്ഷ മായി വായും വിളർന്നുകൊണ്ട് തന്ത്രിയുടെ അടുക്കലേക്ക് അടുത്തു തുടങ്ങി.

അന്നു വൈക്കത്തു ക്ഷേത്രത്തിൽ തന്ത്രി 'മേക്കാട്ടു നമ്പൂരി' ആയിരുന്നു. അദ്ദേഹം ഉൽസവബലിയും മറ്റും ഒരുവിധം കഴിച്ചുകൂട്ടുമായിരുന്നു എന്നല്ലാതെ ദിവ്യമായ ആ പാണിക്കു ചേർന്നവിധം തൂവാൻ തക്കവണ്ണമുള്ള പഠിത്തവും പരിചയവും തപശ്ശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഭൂതങ്ങളെ പ്രത്യക്ഷമായി കണ്ടപ്പോഴേക്കും തന്ത്രി പേടിച്ചു വിറച്ചുതുടങ്ങി. ഉൽസവബലി വേണ്ടപോലെ ആയില്ലെങ്കിൽ ഭൂതങ്ങൾ തന്ത്രിയെക്കൂടി ഭക്ഷിച്ചുകളയുമെന്നു അദ്ദേഹത്തിനു തോന്നി. ഉടനെ തന്ത്രി നമ്പൂരി, നമ്പൂരിപ്പാടിനോട് 'നമ്പൂരി എന്നെ രക്ഷിക്കണം. അല്ലെങ്കിൽ ഇവർ ഇപ്പോൾ എന്നെ പിടിച്ചു ഭക്ഷിക്കും, ഈ ക്ഷേത്രത്തിലെ തന്ത്രം പകുതി ഞാൻ നമ്പൂരിക്കു തന്നിരിക്കുന്നു' എന്നു പറഞ്ഞു.

അപ്പോൾ നമ്പൂരിപ്പാടു താറുടുത്തു മണ്ഡപത്തിൽ ജപിച്ചു കൊണ്ടിരിക്കുകയായിരുന്നു. തന്ത്രിനമ്പൂരി മേൽ പറഞ്ഞ പ്രകാരം അപേക്ഷിച്ചു പറഞ്ഞതുകേട്ട് നമ്പൂരിപ്പാടു മണ്ഡപത്തിൽനിന്നിറങ്ങിച്ചെന്നു കൈവട്ടകയും പൂപ്പാലികയും വാങ്ങി വിധി പ്രകാരം തൂവാനും ഭൂതങ്ങളെലാം പ്രത്യക്ഷമായി ഉൽസവബലി ഭുജിക്കാനും തുടങ്ങി. ഉൽസവബലി കഴിഞ്ഞപ്പോൾ ഭൂതങ്ങളെല്ലാം വളരെ തൃപ്തിയോടും സന്തോഷത്തോടുംകൂടി അന്തർധാനം ചെയ്യുകയും ചെയ്തു. ഭദ്രകാളിയെ സേവിച്ചു പ്രത്യക്ഷമാക്കിയ ആളും സകലശാസ്ത്രപാരംഗതനും നല്ല മന്ത്രവാദിയും തന്ത്രിയുമായ നമ്പൂരിപ്പാട് ഭൂതങ്ങളെ ഭയപ്പെടാതെയിരുന്നതും അദ്ദേഹം ഉൽസവബലി കഴിച്ചിട്ടു ഭൂതങ്ങളെല്ലാം തൃപ്തിപ്പെടുകയും സന്തോഷിക്കുകയും ചെയ്തതും ഒരത്ഭുതമല്ലല്ലോ. ഇപ്രകാരമാണ് ഭദ്രകാളി മറ്റപ്പള്ളി നമ്പൂരിപ്പാട്ടിലെ തറവാട്ടേക്കു വൈക്കത്തെ തന്ത്രം പകുതി കിട്ടിയത്. ഇപ്പോഴും വൈക്കത്തെ തന്ത്രം മേക്കാട്ടു നമ്പൂരിയും മറ്റപ്പള്ളി നമ്പൂരിപ്പാടും കൂടിയാണ് നടത്തിവരുന്നത്.''- ഇങ്ങനെയാണ് ഒരു കഥ.

ചാത്തനും കാളിയുമായി മത്സരം

അങ്ങേയറ്റം രസകരവും, ശരിക്കും സിനിമാറ്റിക്കുമായ ഒരുപാട് മാന്ത്രിക കഥകളുടെ സമാഹരമാണ് ഐതീഹ്യമാല. അതിലെ ഭദ്രകാളിമറ്റപ്പള്ളി നമ്പൂരിപ്പാടും കുഞ്ചമൺപോറ്റിയും തമ്മിലുള്ള ചാത്തൻ -കാളി മത്സരമൊക്കെ വായിക്കുന്നത് രസകരമാണ്. ആ കഥ ഇങ്ങനെയാണ്. -''സാക്ഷാൽ ഭദ്രകാളിമറ്റപ്പള്ളി നമ്പൂരിപ്പാടു വൈക്കത്തുക്ഷേത്രത്തിൽ തന്ത്രിയായി അവിടെ താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം കുഞ്ചമൺപ്പോറ്റി എവിടെയോ പോയി വരുംവഴി വൈക്കത്തു ചെന്നുചേർന്നു. ഊണു കഴിഞ്ഞു നമ്പൂരിപ്പാടും പോറ്റിയുംകൂടി ഓരോ വെടികൾ പറഞ്ഞുകൊണ്ടിരുന്ന മധ്യേ പ്രസംഗവശാൽ പോറ്റി, 'ഒരു മൂർത്തിയെ സേവിക്കുകയാണെങ്കിൽ ചാത്തനെത്തന്നെ സേവിക്കണം. ചാത്തൻ പ്രസാദിച്ചാൽ സാധിക്കാത്ത കാര്യം യാതൊന്നുമില്ല' എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞു പറഞ്ഞ് ഒടുക്കം അവർ തമ്മിൽ വാദം വലിയ കലശലായി. വാദം മുറുക്കമായപ്പോൾ പോറ്റി, 'എന്നാൽ നമുക്ക് അത് ഇപ്പോൾത്തന്നെ ഒന്നു പരീക്ഷിച്ചു നോക്കാം, നമുക്ക അമ്പലത്തിലേക്കു പോകാം' എന്നും പറഞ്ഞു. 'അങ്ങനെതന്നെ' എന്നു നമ്പൂരിപ്പാടും പറഞ്ഞു.

രണ്ടുപേരുംകൂടി പോയി ക്ഷേത്രത്തിൽ മണ്ഡപത്തിൽ കേറിയിരുന്നു. ഉടനെ പോറ്റി, 'ആരവിടെ മുറക്കാൻ കൊണ്ടുവരട്ടെ' എന്നു പറഞ്ഞു. അപ്പോൾ ഒരു കുട്ടിച്ചാത്തൻ ഒരു ഭൃത്യന്റെ വേഷത്തിൽ വെറ്റില തേച്ചു തെറുത്തു മുറുക്കാൻ തയ്യാറാക്കി പോറ്റിക്കു കൊണ്ടുചെന്നു കൊടുത്തു. ഉടനെ നമ്പൂരിപ്പാട്, 'കാളിയെവിടെ? മുറുക്കാൻ കൊണ്ടു വരട്ടേ' എന്നു പറഞ്ഞു. അപ്പോൾ സാക്ഷാൽ ഭദ്രകാളി അതിസുന്ദരിയായ മനുഷ്യസ്തിയുടെ വേഷത്തിൽ മുറുക്കാൻ തയ്യാറാക്കി നമ്പൂരിപ്പാട്ടി ലേക്കും കൊണ്ടുചെന്നുകൊടുത്തു. ഉടനെ പോറ്റി, 'ആരവിടെ, കോളാമ്പി കൊണ്ടുവരട്ടേ' എന്നു പറഞ്ഞു. അപ്പോൾ ഭൂസ്പർശംകൂടാതെ ഒരാളൊരു കോളാമ്പിയും കൊണ്ടു പോറ്റിയുടെ അടുക്കൽ ആവിർഭവിച്ചു.

പോറ്റി ആ കോളാമ്പിയിൽ തുപ്പുകയും ആ ആൾ കോളാമ്പിയുംകൊണ്ടു മേൽഭാഗത്തേക്കുപോയി അന്തർധാനം ചെയ്യുകയും ചെയ്തു. ഉടനെ നമ്പൂരിപ്പാടും 'കാളിയെവിടെ? കോളാമ്പി കൊണ്ടുവരട്ടെ' എന്നു പറഞ്ഞു. അപ്പോൾ ഒരു സ്ത്രീ നിലംതൊടാതെ കോളാമ്പിയുംകൊണ്ടു നമ്പൂരിപ്പാട്ടിലെ അടുക്കൽ ചെല്ലുകയും നമ്പൂരിപ്പാട് കോളാമ്പിയിൽ തുപ്പുകയും ആ സ്ത്രീയും മേൾഭാഗത്തേക്കു പോയി മറയുകയും ചെയ്തു. ഉടനെ കുഞ്ചമൺപോറ്റി നമ്പൂരിപ്പാടിനോട്, 'അവിടുന്നു തന്നെ ജയിച്ചു. ഞാൻ മടങ്ങിയിരിക്കുന്നു. ഞാൻ ഇത്രത്തോളം വിചാരിച്ചിരുന്നില്ല' എന്നു സമ്മതിച്ചു യാത്രയും പറഞ്ഞു പോയി. ഉടനെ ഭദ്രകാളി, നമ്പൂരിപ്പാട്ടിലെ അടുക്കൽ വീണ്ടും ആവിർഭവിക്കുകയും 'ഇപ്രകാരമുള്ള പ്രവൃത്തി എന്നെക്കൊണ്ടു ചെയ്യിച്ചു കളയാമെന്നു വിചാരിച്ചതു ശരിയായില്ല. ഈ വകയൊക്കെ എനിക്കു പ്രയാസമാണ്. അതിനാൽ ഇനി അവിടുന്ന് എന്നെക്കാണുകയില്ല. എങ്കിലും അങ്ങ് ന്യായമായി വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഇനിയും ഞാൻ സാധിപ്പിച്ചുതന്നുകൊള്ളാം' എന്ന് അരുളിചെയ്തിട്ടു മറയുകയും അന്നുമുതൽ ഭദ്രകാളി മറ്റപ്പള്ളിനമ്പൂരിപ്പാട്ടിലേക്കു ഭദ്രകാളി അപ്രത്യക്ഷമായി ഭവിക്കുകയും ചെയ്തു.''- ഇതാണ് ഐതീഹ്യമാലയിലെ കുഞ്ചമൺ പോറ്റിയെ സംബന്ധിച്ച കഥ.

പോറ്റിയുടെ കഥയല്ലെന്ന് സംവിധായകൻ

അതേസമയം, ഇത് കുഞ്ചമൺ പോറ്റിയുടെ കഥയല്ലെന്ന് സംവിധായകൻ രാഹുൽ സദാശിവൻ വ്യക്തമാക്കുന്നു കുഞ്ചമൺ പോറ്റിയുടെ പേരിൽ ചർച്ചകൾ ചൂടുപിടിച്ചതോടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഭ്രമയുഗം പൂർണമായും ഫിക്ഷണൽ സ്റ്റോറിയാണ്. വേറെ ഒന്നും അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമൺ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്കും കാണാൻ പറ്റുന്ന സിനിമയാണിത്. ചെറുതായിട്ട് ഒരു ഹൊറർ എലമെൻസ് ഉണ്ട്. പക്ഷേ ഇതൊരു സസ്പെൻസ് ത്രില്ലർ എന്നൊക്കെ പറയാം. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആൻഡ് വൈറ്റിൽ കണ്ടാൽ എക്സ്പീരിയൻസ് വേറെ ആയിരിക്കും എന്നായിരുന്നു രാഹുൽ സദാശിവൻ പറഞ്ഞത്.

എന്നാൽ ഇത് കുഞ്ചമൺ പോറ്റിയുടെ കഥ ആയാൽ തന്നെ ഒരു പ്രശ്നവുമില്ല. ഐതീഹ്യമാലയിലെ ഒരു കഥയ്ക്ക് പേറ്റന്റ് എടുക്കാനാവില്ല. അക്കാലത്ത് കേട്ട മിത്തും യാഥാത്ഥ്യവുമൊക്കെ കൂട്ടി ഇണക്കിയാണ്, കൊട്ടാരത്തിൽ ശങ്കുണ്ണി പുസ്തകം എഴുതിയത്. സ്വാഭാവികമായും അക്കാലത്തെ പ്രധാന തറവാടുകളുടെ പേരുകൾ ഒക്കെ അതിൽവാരം. അന്ന് ചാത്തൻ സേവയെന്നാൽ ദൂർമന്ത്രവാദവും ആയിരുന്നില്ല. പക്ഷേ ഇന്നും അതിന്റെ പേരിൽ കുടുംബ വികാരം വ്രണപ്പെടും എന്ന് പറയുന്നതിൽ കഥയില്ല. അതുകൊണ്ടുതന്നെ ഇത് ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിന്റെ കൂടി പ്രശ്നമാണ്. പണ്ടെന്നോ ജീവിച്ച ഒരു മാന്ത്രികന്റെ പേര് റഫറൻസായി വരുന്നു എന്നതുകൊണ്ട് ഒരു സിനിമ തടസ്സപ്പെടുകയാണെങ്കിൽ, കേരളം ആവിഷ്‌ക്കാരം സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ എത്ര പിറകോട്ട് പോവുന്നുവെന്നും ചിന്തിക്കണം.

കുഞ്ചമൺ പോറ്റിയെന്ന ഒരാൾ ശരിക്കും ജവീച്ചിരിപ്പുണ്ടായിരുന്നോ എന്നുപോലും തർക്കവിഷയമാണ്. 18,19 നൂറ്റാണ്ടുകളിൽ, വൈദ്യുതിവെളിച്ചമില്ലാത്ത ഒരുകാലത്ത് മാടനെയും, മറുതയെയും ഒടിയനെയുമൊക്കെ ജനം തങ്ങളുടെ മനസ്സിൽ ഉണ്ടാക്കുകയായിരുന്നു. ഒരോ നാട്ടിലും ഇതുപോലത്തെ വിഷഹാരിയുടെയും, ചാത്തൻ സേവക്കാരുടെയുമൊക്കെ നൂറുകണക്കിന് കഥകൾ കേൾക്കാം. അതൊക്കെ യാഥാർത്ഥ്യമാണെന്ന് കരുതി കുടുംബപേരുനോക്കി കേസ് കൊടുക്കാൻ തുടങ്ങിയാൽ, നമ്മുടെ സർഗാത്മക ലോകം ദുർബലമാവും.

ചിത്രത്തിന് കിട്ടിയത് വമ്പൻ ഹൈപ്പ്

പക്ഷേ ഈ കേസ്‌കൂടി ആയതോടെ വമ്പൻ ഹൈപ്പാണ് ചിത്രത്തിന് കിട്ടിയത്.
പൂർണമായി ബ്ലാക്ക് അൻഡ് വൈറ്റിൽ ചിത്രീകരിച്ച ഭ്രമയുഗം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷങ്ങളിൽ ഒന്നാവുമെന്നാണ് വിലയിരുത്തൽ. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിൽ കരിയറിൽ ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്. ഒരു അഭിമുഖത്തിൽ മമ്മുട്ടി പറഞ്ഞ ഒരു വാചകമുണ്ട്. 'നടനായല്ല ഞാൻ ജനിച്ചത്, പരീക്ഷിച്ച് തെളിഞ്ഞാണ് ഞാൻ നടനായത്'. 53 വർഷത്തെ അദ്ദേഹത്തിന്റെ അഭിനയ ജീവിതം തെളിയിക്കുന്നതും ഇത് തന്നെയാണ്. അതിന് ഭ്രമയുഗവും അടിവര ഇടുന്നെന്നാണ്, ട്രെയിലർ കണ്ട് ആവേശത്തിലായ ആരാധകർ സോഷ്യൽ മീഡിയയിൽ എഴുതുന്നത്.

അതിനിടെ ചിത്രത്തിന്റെ നിർമ്മാണ ചിലവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ചിത്രത്തിന് 2.5 കോടി രൂപമാത്രമാണ് ചെലവായതെന്നും ഒടിടി റൈറ്റിലൂടെ ഇതിനോടകം ടേബിൾ പ്രോഫിറ്റ് ലഭിച്ചുവെന്നും ചിലർ പറഞ്ഞിരുന്നു. എന്നാൽ ചിത്രത്തിന് 35 കോടി രൂപയാണ് ചെലവായതെന്നായിരുന്നു സോഷ്യൽ മീഡിയയിലെ മറ്റൊരു വിഭാഗം പറഞ്ഞത്.

ഇതോടെ ഭ്രമയുഗത്തിന്റെ നിർമ്മാണ ചിലവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സർക്കാസം പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ചിത്രത്തിന് ബ്ലാക്ക് ആൻഡ് വൈറ്റ് ആയതുകൊണ്ട് അധികം ചെലവ് വന്നില്ലെന്നും കോസ്റ്റ്യൂം വിഭാഗത്തിൽ 12 വെള്ള മുണ്ടുകളുടെ ചെലവ് മാത്രമേ ഉണ്ടായിട്ടുള്ളുവെന്നുമെല്ലാമായിരുന്നു പുറത്തുവന്ന പോസ്റ്റുകൾ.ഇതിനിടെ ചിത്രത്തിന് 25 കോടി രൂപയാണ് നിർമ്മാണ ചെലവ് ആയതെന്ന് എക്‌സിലെ ഒരു പ്രൊഫൈൽ പോസറ്റ് ചെയ്തു. ഇതിന് മറുപടിയായി ചിത്രത്തിന്റെ നിർമ്മാതാവ് തന്നെ നേരിട്ടെത്തി. ചിത്രത്തിന് പബ്ലിസിറ്റി ചെലവ് കൂടാതെ 27.73 കോടി രൂപയാണ് നിർമ്മാണ ചെലവ് ആയതെന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ് ആയ ചക്രവർത്തി രാമചന്ദ്ര മറുപടി നൽകിയത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ബാനറിലാണ് ചക്രവർത്തി രാമചന്ദ്ര ഭ്രമയുഗം നിർമ്മിക്കുന്നത്. ഹൊറർ-ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ മാത്രം നിർമ്മിക്കുന്നതിനായി മാത്രമായാണ് ചക്രവർത്തി രാമചന്ദ്ര നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആരംഭിച്ചത്. 'വൈ നോട്ട്' സ്റ്റുഡിയോയുടെ സ്ഥാപകനും നിർമ്മാതാവുമായ എസ് ശശികാന്തും ഈ പുതിയ സംരംഭത്തിൽ പങ്കാളിയാണ്.

വാൽക്കഷ്ണം: അതിനിടെ ഒരു വ്യാജ വാർത്തയും ഭ്രമയുഗം ചർച്ചകളുടെ പേരിൽ നടക്കുന്നുണ്ട്. 40 വർഷത്തിനുശേഷമാണ് മലയാളത്തിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ പുറത്തിറങ്ങുന്നത് എന്നാണത്. 'എന്റെ ഭൂമി' എന്ന സിനിമയ്ക്കുശേഷം ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ ഇറങ്ങിയിട്ടേയില്ല എന്നാണ് വാദം. ഇത് പൂർണമായും തെറ്റാണ്. എല്ലാ വർഷവും ഒന്നോ രണ്ടോ മലയാള പരീക്ഷണ സിനിമകളെങ്കിലും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ പുറത്തിറങ്ങുന്നുണ്ട്. കഴിഞ്ഞ വർഷവും മൂന്ന് സിനിമകൾ ഇറങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP