Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ പ്രചരിപ്പിക്കുന്നതു പോലെ മൊസാദ് വെറും ക്വട്ടേഷൻ സംഘമാണോ? ശത്രുക്കളെ അവർക്ക് പൂ പറിക്കുന്ന ലാഘവത്തോടെ കൊല്ലാൻ കഴിയുന്നത് എങ്ങനെയാണ്? വെറും രണ്ടായിരം അംഗങ്ങൾ മാത്രമുണ്ടായിട്ടും ഈ സംഘടന എങ്ങനെയാണ് വിജയിക്കുന്നത്? ഇന്ത്യയുടെ ശത്രുവോ മിത്രമോ? ലോകം വിറപ്പിക്കുന്ന മൊസാദിന്റെ കഥ!

കേരളത്തിൽ പ്രചരിപ്പിക്കുന്നതു പോലെ മൊസാദ് വെറും ക്വട്ടേഷൻ സംഘമാണോ? ശത്രുക്കളെ അവർക്ക് പൂ പറിക്കുന്ന ലാഘവത്തോടെ കൊല്ലാൻ കഴിയുന്നത് എങ്ങനെയാണ്? വെറും രണ്ടായിരം അംഗങ്ങൾ മാത്രമുണ്ടായിട്ടും ഈ സംഘടന എങ്ങനെയാണ് വിജയിക്കുന്നത്? ഇന്ത്യയുടെ ശത്രുവോ മിത്രമോ? ലോകം വിറപ്പിക്കുന്ന മൊസാദിന്റെ കഥ!

എം റിജു

മെർക്കാസിലെ-മോദീൻ ഉലെ-തഫ്കിദിം മെയുഹാദിം! ഈ കടിച്ചാൽ പൊട്ടാത്ത വാക്കുകേട്ടിട്ട് അക്ഷരങ്ങൾ ഫോണ്ട് മിസിങ്ങ് ആയി ഉണ്ടായ എറർ ആണെന്ന് സംശയിക്കേണ്ട. ഇതാണ് സാക്ഷാൽ മൊസാദ് എന്ന ഇസ്രയേലി ചാരസംഘടനയുടെ പൂർണ്ണരുപം. ഹീബ്രുവാണ് മുകളിൽ എഴുതിയത്. അതിന്റെ അർത്ഥം, 'സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റലിജൻസ് ആൻഡ് സ്പെഷ്യൽ ഓപ്പറേഷൻസ്' എന്നാണ്. ഇന്ന് മൊസാദ് എന്ന പേര്് കേട്ടാൽ, ലോകം ഞെട്ടും. അമേരിക്കയുടെ സിഐഎയെപ്പോലും കവച്ചുവെക്കുന്ന ലോകത്തിലെ നമ്പർ വൺ ചാരസംഘടന. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതിൽ, (മുൻ ഇസ്രയേൽ പ്രസിഡന്റ് ഏരിയൽ ഷാരോണിന്റെ ഭാഷയിൽ പറഞ്ഞാൽ പഴയ നിയമത്തിലെ യഹോവയെപ്പോലെ) എതിരാളികളെ കൊന്നൊടുക്കുന്നവർ. ഇസ്രയേൽ ഇത് പ്രതിരോധ സേനയാണെന്നും, ലോകമെമ്പാടുമുള്ള യഹൂദന്മാരെ സംരക്ഷിക്കാൻ ഉണ്ടാക്കിയതാണ് എന്നൊക്കെപ്പറയുന്നുണ്ടെങ്കിലും, ലോകത്തിന്റെ പലഭാഗങ്ങളിലും വിശിഷ്യാ ഇസ്ലാമിക രാജ്യങ്ങളിൽ മൊസാദ് എന്ന പേര് കേൾക്കുന്നതുപോലും, പിശാചിന് തുല്യമാണ്.

എന്തിന്, ലോകത്ത് എന്ത് സംഭവിച്ചാലും അത് മൊസാദിന്റെ പണിയാണെന്ന് പറയുന്നവർ ഈ കേരളത്തിലും എത്രയോ ഉണ്ട്. വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട്, യുക്രൈയൻ യുദ്ധം വരെ മൊസാദിന്റെ പിരിക്കിട്ടുകൊണ്ടുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് ചമക്കുന്നത്. പല ഇസ്ലാമിസ്റ്റുകളും മൊസാദിനെ ഇല്യൂമിനാറ്റിയോടും ഉപമിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലും ഇക്കൂട്ടത്തിൽ പെടുത്തിയാണ്, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ തിമർക്കുന്നത്.

സത്യത്തിൽ എന്താണ് മൊസാദ്. അവർ ഒരു ആഗോള ക്വട്ടേഷൻ സംഘമാണോ. ലോകം മുഴവൻ കൊലയും സ്ഫോടനവും നടത്തി അശാന്തി പടർത്തുകയാണോ മൊസാദിന്റെ ലക്ഷ്യം. എങ്ങനെയാണ് പതിനായിരിക്കണക്കിന് ആൾക്കൂട്ടത്തിന് ഇടയിൽവെച്ചുപോലും ഒരാളെ മാത്രം കണ്ടെത്തി, മറ്റൊരാൾക്കും പരിക്കേൽക്കാതെ പു പറിക്കുന്ന ലാഘവത്തോടെ കൊല്ലാൻ മൊസാദിന് കഴിയുന്നത്. ലോകത്ത് ഇന്നും അതേക്കുറിച്ച് പഠനങ്ങളും ഗവേഷണങ്ങളും പുരോഗമിക്കയാണ്. പ്രമുഖ മാധ്യമായ വാഷിങ്ങ്ടൺ പോസ്റ്റ് ഈയിടെയും മൊസാദിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പടുത്തലുകൾ പ്രസിദ്ധീകരിച്ചു. മൈക്കൽ ബാർ സോഹർ, നിസിം മിഷൽ എന്നിവർ ചേർന്ന് എഴുതിയ, 'മൊസാദ് ദ ഗ്രേറ്റസ്റ്റ് മിഷൻ ഓഫ് ദ ഇസ്രയേൽ സീക്രട്ട് സർവീസ്'എന്ന പുസതകത്തെ അടിസ്ഥാനമാക്കിയിരുന്നു അത്. അങ്ങേയറ്റം ക്രൂരന്മാരും, കണ്ണിൽ ചോരയില്ലാത്തവരുമായി കേരളത്തിലടക്കം വിശേഷപ്പിക്കപ്പെടുന്ന മൊസാദിന്റെ മറ്റൊരു മുഖമാണ് പുസ്തകം കാണിച്ചു തരുന്നത്.

ചോരയിൽനിന്ന് പിറന്ന രാഷ്ട്രം

ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനത ഏതാണെന്ന ചോദ്യത്തിന്, ഒരു സംശയം വേണ്ട യഹൂദർ എന്നായിരിക്കും ഉത്തരം. ഒരുകാരണവുമില്ലാതെ വേട്ടയാടപ്പെട്ട ഹതഭാഗ്യരായ ഒരു ജനതയാണിത്. ക്രിസ്തുവിന്റെ ഘാതകർ എന്ന പേരിൽ യൂറോപ്പിൽ ഒരു കാലത്ത് അവർ ആട്ടിയോടിക്കപ്പെട്ടു. ഒരു ഗ്രാമത്തിൽ തന്നെ എന്ത് കളവ് നടന്നാലും, യഹൂദനെ പിടിച്ച് കെട്ടിയിട്ട് തല്ലിക്കൊല്ലുകയും, കൈവെട്ടുകയും ചെയ്യുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇസ്ലാമിക മതശാസനകൾ പ്രകാരം കണ്ടിടത്തുവെച്ച് കൊല്ലപ്പെടേണ്ടവർ ആണ് യഹൂദർ. കിട്ടാവുന്നിടത്തുവെച്ചെല്ലാം ഇസാലാം യഹൂദർക്കിട്ട് പണിതത് ലോക ചരിത്രം. നോക്കണം, ലോകത്തിലെ രണ്ടു പ്രമുഖ മതങ്ങൾ ഒരുപോലെ ആക്രമിക്കാനൊരുങ്ങിയാൽ ഒരു ചെറിയ മതത്തിന്റെ അവസ്ഥയെന്താവും!

രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ യഹൂദർക്കുനേരെ നടത്തിയ കൂട്ടക്കൊലകൾ കുപ്രസിദ്ധമാണേല്ലാ. നിരപരാധികളായ ലക്ഷങ്ങളെ ഹിറ്റ്ലർ കാലപുരിക്കയച്ചു. യഹൂദ ജനസംഖ്യ മൂന്നിലൊന്നായി കുറഞ്ഞു. അങ്ങനെ സമാനതകൾ ഇല്ലാതെ പീഡിപ്പിക്കപ്പെട്ട ഒരു ജനതക്ക ഒരു രാജ്യം വേണമെന്ന ആവശ്യത്തെ തുടർന്നാണ് ഇസ്രയേൽ പിറക്കുന്നത്. പക്ഷേ അവിടെയും തുടക്കം യുദ്ധം ആയിരുന്നു. 48 പിറന്നുവീണ ആ കൊച്ചുരാഷ്ട്രത്തെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുൗ സിറിയും, ജോർദാനും, ഈജിപ്തും അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങൾ ചെയ്തത്. എന്നിട്ടും ചോര ചിന്തി ഇസ്രയേൽ എന്ന കുഞ്ഞൻ രാജ്യം ജയിച്ചുകയറി!

കേരളത്തിന്റെ പകുതി മാത്രമുള്ള ഒരു രാജ്യം. ആകെയുള്ളത് 90ലക്ഷം ജനങ്ങൾ. നാലുപാടും ശത്രുരാജ്യങ്ങൾ. പുല്ലുപോലും മുളക്കാത്ത മരുഭൂമിപോലുള്ള മണ്ണ്. അവിടെ നിന്നാണ് ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ ഇസ്രായോൽ വളർന്ന് പന്തലിച്ചത്. തങ്ങൾക്ക് ലോകത്തിൽനിന്ന് നേരിട്ട മോശം അനുഭവങ്ങൾ തന്നെയാണ്, മൊസാദ് എന്ന അതിക്രൂരമായ ചാരസംഘടനയിലേക്ക് ഇസ്രയേലിനെ നയിച്ചതും. നാലുപാടും ശത്രുക്കുള്ള ഒരു രാജ്യം മറ്റ് എന്ത് ചെയ്യും. സഹനവും സംയമനവും ഒന്നുമല്ല പോവംഴി എന്നും തിരിച്ചടിയാണ് വേണ്ടതെന്നും യഹൂദർ ഉറപ്പിക്കുന്നത് അങ്ങനെയാണ്. അവരുടെ അനുഭവമാണ് മൊസാദിനെ ഉണ്ടാക്കിയത്. അല്ലാതെ ലോകം മുഴവൻ ആക്രമിച്ച് കീഴടക്കാനായി നടക്കുന്ന രാജ്യമല്ല ഇസ്രയേൽ.

രണ്ടായിരം അംഗങ്ങൾ മാത്രം

1947-ൽ ഫലസ്തീനെ വിഭജിക്കാം എന്ന യുഎൻ പാർട്ടീഷൻ പ്ലാൻ വന്നതിനെ തുടർന്നുള്ള മാസങ്ങളിൽ തന്നെ നാല് യഹൂദയുവാക്കൾ ജറുസലേമിന് ചുറ്റുമുള്ള അറബ് രാജ്യങ്ങളിലേക്ക് ഇന്റലിജൻസ് മിഷനുകളുമായി പറഞ്ഞയക്കപ്പെട്ടിരുന്നു. അറബ് രാജ്യങ്ങളിൽ ജനിച്ചു വളർന്ന ഇവർക്ക്, ജന്മം കൊണ്ട് യഹൂദരാണെങ്കിലും അറബികളായി വളരെ എളുപ്പത്തിൽ നടിക്കാൻ കഴിഞ്ഞിരുന്നു. അങ്ങനെ ചെയ്ത് അവർ ഈജിപ്റ്റ്, ജോർദാൻ, സിറിയ, ലെബനൻ എന്നിങ്ങനെ ഇസ്രയേലിന്റെ ശത്രുരാജ്യങ്ങളിൽ നിന്നെല്ലാം ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ചു. ഈ നാൽവർ സംഘം സ്വയം വിളിച്ചത് 'മിസ്ത അർവിം' അഥവാ' അഭിനവ അറബികൾ' എന്നായിരുന്നു. '

1948 മെയ് 14 -ന് ഇസ്രയേൽ രാജ്യം രൂപീകൃതമായി, ഇരുപത്തിനാലു മണിക്കൂറിനകം ഫലസ്തീനുമായി യുദ്ധവും പൊട്ടിപ്പുറപ്പെട്ടു. ആറുമാസം യുദ്ധം ചെയ്തിട്ടാണ് ഇസ്രയേലിന് തങ്ങൾ പുതുതായി രൂപീകരിച്ച രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിഞ്ഞത്. ആ യുദ്ധത്തിനുശേഷമാണ് മൊസാദ് ഉണ്ടാകുന്നത്.

സ്ഥാപിതമായ സമയം തൊട്ട് നാല് പ്രഖ്യാപിത ലക്ഷ്യങ്ങളാണ് മൊസാദിനെ മുന്നോട്ട് നയിക്കുന്നത്. ഒന്ന് : യഹൂദരെ ദ്രോഹിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക, രണ്ട് : ഇസ്രയേലിനെതിരെ പ്രവർത്തിക്കുന്ന സൈനിക ശക്തികളെ നിർവീര്യമാക്കുക, മൂന്ന്: ഭീകരവാദം നടത്തുന്നവർക്കു നേരെ അതേ നാണയത്തിൽ തിരിച്ചടി നല്കുക, നാല് : യഹൂദ അഭയാർത്ഥികളെ ഇസ്രയേലിന്റെ മണ്ണിലേക്കെത്തിക്കുക. ഇതുവരെ മൊസാദ് ചെയ്തിട്ടുള്ള എല്ലാ കൊലപാതകങ്ങളും ഇതിന്റെ അടിസ്ഥാനത്തിൽ ആണെന്ന് ഉറപ്പിച്ച് പറയാം. തങ്ങളെ ഉപദ്രിക്കാത്ത ആരെയും അവർ തിരിച്ച് ഉപദ്രവിച്ചിട്ടില്ല എന്ന് നിസ്സംശയം പറയാം.

അമേരിക്കയുടെ സിഐഎക്ക് ഇരുപതിനായിരം അംഗങ്ങൾ ഉള്ളപ്പോൾ മൊസാദിന് വെറും രണ്ടായിരം സജീവ് അംഗങ്ങളാണ് ഉള്ളത്. പക്ഷേ ഒരു മൊസാദ് കമാൻഡോ എന്നത് ബാഹുബലിയെപ്പോലെ ആയിരം സാധാ പട്ടാളക്കാർക്ക് തുല്യമാണ്. അയാളെ പഠിപ്പിക്കാത്ത ഒരു കാര്യവും ഉണ്ടാവില്ല. ലോകത്തിലെ ഏത് ആയുധവും ഉപയോഗിക്കാൻ അറിയാം. മരുഭൂമിയിലും കടലിലും ദിവസങ്ങൾ ഒറ്റെപ്പെട്ടുപോയാൽ അതിജീവിക്കാൻ പോലും അവരെ പഠിപ്പിക്കുന്നുണ്ട്. ഈ രീതിയിലുള്ള ഒരു പരിശീലനം ലോകത്ത് എവിടെയുമില്ല.

മൊസാദ് കൊല്ലുന്നത് ഇങ്ങനെ!

ഓസ്‌ക്കാർ നോമിനേഷനുകളൊക്കെ നാം കേട്ടിട്ടുണ്ട്. പക്ഷേ ഇവിടെ കൊലപാതകത്തിന് നോമിനേഷനുണ്ട്. കൊല്ലേണ്ട വ്യക്തിയെ നാമനിർദ്ദേശം ചെയ്യുക',യാണ് ആദ്യ പടി. രാജ്യത്തിലെ ഏതെങ്കിലും ഇന്റലിജൻസ് ഏജൻസിയിൽ നിന്നോ, മന്ത്രിസഭയിൽ നിന്നോ ഒക്കെ ആവും ആ നോമിനേഷൻ വരിക.രണ്ടാമത്തെ ഘട്ടം, കൊലപാതകത്തിന്റെ സാധ്യതാ പഠനമാണ്. ( നമ്മൾ കെ റെയിലിന്റെയും കൊച്ചി മെട്രോയുടെയുമൊക്കെ സാധ്യതാ പഠനം മാത്രമേ കേട്ടിട്ടുള്ളൂ) അയാളെക്കുറിച്ച് രാജ്യത്തെ എല്ലാ ഇന്റലിജൻസ് ഏജൻസികളും സമർപ്പിച്ചിട്ടുള്ള എല്ലാ ഇൻപുട്ടുകളും പരിശോധിക്കും. തുടർന്ന് എവിടെ വെച്ച്, എപ്പോൾ, എങ്ങനെ, എന്ത് ആയുധം ഉപയോഗിച്ച് കൊല്ലുന്നതാണ് ഉത്തമം എന്നൊക്കെയുള്ള കാര്യങ്ങളിൽ ചർച്ചകൾ നടത്തും.

ഈ ഫീസിബിലിറ്റി സ്റ്റഡി കഴിഞ്ഞാൽ അതിന്റെ കണ്ടെത്തലുകൾ അവർ വരാഷ് എന്നു പേരായ രാജ്യത്തെ എല്ലാ ഇന്റലിജൻസ് ഏജൻസികളുടെയും തലവന്മാർ അംഗങ്ങളായ കമ്മിറ്റിയിൽ അവതരിപ്പിക്കും. ഈ ഉന്നതാധികാര കമ്മിറ്റി പ്രസ്തുത ഓപ്പറേഷന് വേണ്ട എല്ലാവിധ മാർഗനിർദ്ദേശങ്ങളും നൽകും. പക്ഷേ ഈ കമ്മിറ്റിക്കും പ്രസ്തുത കൊലപാതകത്തിന് അന്തിമാനുമതി നൽകാനുള്ള അധികാരമില്ല. മൊസാദിന്റെ എല്ലാ കൊലപാതകങ്ങളും ഇസ്രയേൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവിന്റെ പുറത്താണ് നടപ്പിലാക്കപ്പെടുന്നത്. ഇസ്രയേൽ പ്രതിരോധ മന്ത്രിക്കും ഇതിൽ വലിയ റോൾ ഉണ്ട്. ഇവരുടെ കൈയിലുള്ള ഒരു യെല്ലോ ബുക്കിലുടെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ആ ബുക്കിൽ പേര് വന്നാൽ പിന്നെ ഏത് വമ്പന്റെയും കഥ കഴിഞ്ഞു.

പ്രധാനമന്ത്രിയിൽ നിന്നുള്ള അന്തിമാനുമതി കിട്ടിക്കഴിഞ്ഞാൽ സംഗതി വീണ്ടും മൊസാദിന്റെ കോർട്ടിലേക്ക് വരും. ഈ ഘട്ടത്തിലാണ് മൊസാദിന്റെ അണ്ടർ കവർ ഓപ്പറേഷനൽ ബ്രാഞ്ച് ആയ സിസേറിയ കാര്യങ്ങൾ ഏറ്റെടുക്കുന്നത്. സിസേറിയയുടെ പണി ടാർഗെറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കലാണ്. അതിനുശേഷം ഒരു സ്‌പെഷ്യലൈസ്ഡ് പ്രൊഫഷണൽ കില്ലിങ് ഡിപ്പാർട്ട്‌മെന്റ് ആയ 'കിഡോൺ' ലേക്ക് എത്തും. ഇവരുടെ പരിശീലനം സിദ്ധിച്ച കൊലയാളികളാണ് 'വധം' നടപ്പാക്കുന്നത്. നോക്കണം, രാജ്യത്തിന്റെ മേധാവികൾ എല്ലാവും കൂടിച്ചേർന്ന് കൊല്ലേണ്ട രീതി ആസൂത്രണം ചെയ്യുന്ന ഒരു മീറ്റിങ്ങ് നമുക്ക് സങ്കൽപ്പിക്കാൻ കഴിയമോ. ( സർജിക്കൽ സ്ട്രൈക്കിൽ നാം അതുപോലെ ഒന്ന് കണ്ടു) അങ്ങനെ വിവധി ഡിപ്പാർട്ടുമെന്റുകളുടെ എകോപനത്തോടെയാണ് മൊസാദ് ഒരു വധം നടപ്പാക്കുന്നത്.

വിഷ സൂചി തൊട്ട് ചാര സുന്ദരി വരെ

നാടോടിക്കാറ്റിൽ പവനാഴിയായി എത്തി നമ്മെ ചിരിപ്പിച്ച ക്യാപ്റ്റൻ രാജു നിരത്തുന്ന കുറേ സാധനങ്ങൾ ഉണ്ടല്ലോ. മലപ്പുറം കത്തി, അമ്പും വില്ലും, തൊട്ട് അൾട്രാമോഡേൺ മെഷീൻ ഗണ്ണവരെ അതിലുണ്ട്. മൊസാദിന്റെകാര്യവും അങ്ങനെതന്നെയാണ്. വിഷ സൂഷി മുതൽ ചാരസുന്ദരികൾവരെ മൊസാദിന് ആയുധമാണ്.

ഇരുചെവിയറിയാതെ ശത്രുവിനെ ഉന്മൂലനം ചെയ്യാനുള്ള മൊസാദിന്റെ മാസ്റ്റർപീസ് രീതികളിലൊന്നാണത്രെ വിഷസൂചിപ്രയോഗം. ഒരു പുഷ്പംപോലെ കൊല്ലുക എന്നതാണ് അവരുടെ രീതി. 2010 ജനുവരി 20ന് ദുബൈയിൽവെച്ച് ഹമാസ് നേതാവ്, മഹ്മൂദ് അബ്ദുൽ റഹൂഫ് മുഹമ്മദ് ഹസ്സനെ കൊലപ്പെടുത്തിയത് അങ്ങനെയാണ്.

ഹോട്ടൽ മുറിയിൽ ഉറങ്ങാൻ പോയ മഹമൂദ് പിറ്റേദിവസം ഹൃദയാഘാതം വന്ന് മരിച്ചെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ വൈകതെ ഇത് മൊസാദ് നടത്തിയ കൊലയാണെന്ന് തെളിഞ്ഞു. ഹോട്ടലിലെ അത്യാധുനിക ലോക്കിന്റെ സോഫ്‌റ്റ്‌വെയറിൽ പോലും മാറ്റം വരുത്തിയാണ് മഹ്മൂദിന്റെ റൂമിൽ കയറിയത്. ഇത്തരം ലോക്കുകൾ തുറക്കാൻ പ്രത്യേകം കഴിവുള്ളവർ മൊസാദിലുണ്ട്. ലോക്കിന്റെ മാതൃകയും ചിത്രവും ലഭിച്ചാൽ എല്ലാം നിമിഷങ്ങൾക്കുള്ളിൽ പൊട്ടിക്കാൻ അവർക്ക് സാധിക്കും. ജനുവരി 19 ന് വൈകീട്ട് പുറത്തുപോയി വന്ന മഹ്മൂദിനെ ആ രാത്രി തന്നെ വധിച്ച് എല്ലാ കൊലയാളികളും ദുബായിൽ നിന്ന് മടങ്ങിയിരുന്നു. ഒരു കുഞ്ഞുപോലും വിവരം അറിഞ്ഞില്ല. അതാണ് മൊസാദ്. മൊസാദ് ചാരസുന്ദരി ഗെയിലും അന്ന് സിസിടിവിൽ കുടുങ്ങി. എന്തിനുംപോന്ന ട്രെയിൻഡ് ചാര വനിതകൾക്ക് പുറമേ, ലോകമെമ്പാടും മൊസാദിന് പെയിഡ് ചാരസുന്ദരികൾ ഉണ്ട്. മൊസാദ് ഒരു കാര്യം പറഞ്ഞാൽ ഹണി ട്രാപ്പിലുടെയാണെങ്കിലും അവർ കാര്യം നടത്തിത്തരും. അതുപോലെ കോടിക്കണക്കിന് ഡോളർ കൊടുത്ത് മൊസാദ് വളർത്തുന്ന പെയ്ഡ് ചാരന്മാരും ലോകത്തിന്റെ വിവിധ കോണുകളിലുണ്ട്. ഈജിപ്ഷ്യൻ പ്രസിഡന്റ് നാസറിന്റെ മരുമകനെപ്പോലും പണം നൽകി അവർ കൂറുമാറ്റിയിരുന്നു. വെറും പണം മാത്രമല്ല ആജീവനാന്ത പ്രൊട്ടക്ഷനും മൊസാദ് നൽകും. മൊസാദ് വാക്കുപറഞ്ഞാൽ വാക്കാന്. നിങ്ങുടെ രൂപം തന്നെ മാറ്റി മറ്റൊരു ഐഡന്റിറ്റിയിൽ ജീവിക്കാനുള്ള അവസരം നൽകും.

അതുപോലെ മേക്ക്ഓവർ ആണ് മൊസാദിന്റെ മറ്റൊരു പ്രത്യേക. സിഖുകാരനെ ആഫ്രിക്കക്കാരനാക്കാൻ മൊസാദ് ടീമിനെ് ഞൊടിയിട മതി. ഇന്ന് ഡ്രോണുകളും, ഉപഗ്രഹ സാങ്കേതികവിദ്യയുമാണ് മൊസാദിന്റെ ബലം. ഒരുസ്ഥലത്ത് ഒരു കമാൻഡോ പോകേണ്ട കാര്യം പോലുമില്ല. ആകാശത്ത് ജിയോസ്റ്റേഷനറി സാറ്റലൈറ്റുകളിലുടെ ആയിരിക്കണക്കിന് ക്യാമറകളിലൂടെ ലോകം നിരീക്ഷിക്കുന്നുണ്ട് ഇസ്രായോൽ. അങ്ങനെയാണ് അവർ കാർഗിൽ നുഴഞ്ഞുകയറ്റംപോലും കണ്ടെത്തിയത്. ഒരാളെ കൊല്ലണമെങ്കിൽ, ഉപഗ്രഹ നിയന്ത്രിത സംവിധാനം വഴിയുള്ള ഡ്രോണിൽനിന്നായിരിക്കും ഇനി വെടിയുണ്ട വിരിക!

ലോകത്തെ ഞെട്ടിച്ച ഓപ്പറേഷനുകൾ

ലോകത്തെ ഞെട്ടിച്ച നിരവധി ഓപ്പറേഷനുകൾ മൊസാദ് നടത്തി. ലോകത്തിലെ ഏറ്റവും ഗംഭീരമായ യുദ്ധങ്ങളുടെ പട്ടികയെടുത്താൽ അതിൽ ആദ്യം വരുന്നതാണ്, 67ൽ ഇസ്രയേലിനെ അറബ് രാജ്യങ്ങൾ വളഞ്ഞിട്ട് ആക്രമിച്ച് സിക്സഡേ വാർ. ഈജിപ്തും, സിറിയയും, ജോർദാനും, ലിബിയയും അടങ്ങുന്ന പത്തിലേറെ രാഷ്ട്രങ്ങളാണ് ഈ ഇത്തിരിപ്പോന്ന, രാജ്യത്തെ ആക്രമിച്ചത്. അമേരിക്കപോലും തന്ത്രപരമായ മൗനത്തിൽ ആയിരുന്നു. ലോകത്ത എല്ലാവരും ഇസ്രയേൽ തീർന്ന് എന്ന് കരുതിയ നാളുകൾ. യുക്തിവാദികൾ പോലും രക്ഷിക്കണേ എന്ന് പറഞ്ഞ് ജറുസലേമിലെ വിലാപ മതിലിൽ തലതല്ലിക്കരഞ്ഞ കാലം എന്നാണ് പിന്നീട് ഇതേക്കുറിച്ച് വിലയിരുത്തലുകൾ വന്നത്. എന്നാൽ വെറും ആറുദിവസംകൊണ്ട് ഇവരെ ഇസ്രയേൽ ചരുട്ടിക്കെട്ടി. മുസ്ലിം ലോകത്തിന്റെ അധിപനായി നടിച്ചിരുന്ന ഈജിപ്ഷ്യൻ പ്രസിഡന്റ് നാസർ നാണം കെട്ടുപോയ സമയം.

ഈ യുദ്ധത്തിൽ ഇസ്രയേലിനെ ജയിപ്പിച്ചത് മൊസാദ് നൽകിയ നിർണ്ണയകമായ ഇന്റലജിൻസ് ആയിരുന്നു. രാവിലെ ഏഴരക്കും എട്ടിനും ഇടയിൽ ഈജിപ്ഷ്യൻ റഡാർ ഓപ്പറേറ്റർമാർ അവരുടെ ഷിഫ്റ്റിന്റെ അവസാനത്തോടടുക്കുമെന്നും ആ സമയത്ത് അവർ പൊതുവേ ക്ഷീണിതരായിരിക്കുമെന്നും മൊസാദ് കണ്ടെത്തി. മാത്രമല്ല, എയർ ക്രൂ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന സമയമാണത്. വിമാനങ്ങൾ മെയിന്റനൻസ് എഞ്ചിനീയർമാരുടെ ഇൻ സ്‌പെക്ഷൻ കാത്ത് ഹാങ്ങറുകളിൽ വിശ്രമിക്കുകയാവും. ഈ സമയത്ത് മിക്കവാറും സൈനിക ജനറൽമാരും കെയ്‌റോയിലെ ട്രാഫിക്കിൽ കുടുങ്ങി കിടക്കുന്ന നേരമാണ്. അതിനാൽ രാവിലെ ഏഴരക്കും എട്ടിനും ആക്രമിക്കണമെന്ന് മൊസാദ് പറഞ്ഞുകൊടുത്തു. ഇസ്രയേൽ അതുപോലെ ചെ്യ്തു. ഫലം ഈജ്പിത് തവിടുപൊടിയായി.

ആക്രമണം തുടങ്ങി വെറും മൂന്നേ മൂന്നു മണിക്കൂർ നേരം കൊണ്ട് ഇസ്രയേൽ അന്ന് ഈജിപ്റ്റിന് ആകെ ഉണ്ടായിരുന്ന 340 പോർ വിമാനങ്ങളിൽ 300 എണ്ണവും ബോംബിട്ടു തകർത്തു കളഞ്ഞു. അങ്ങനെ, തിരിച്ചൊരു വ്യോമാക്രമണത്തിനുള്ള ഈജിപ്തിന്റെ ശേഷി തച്ചുടച്ച ശേഷം ആകാശത്ത് റോന്തുചുറ്റി നടന്നു ഈജിപ്തിന്റെ സകല സൈനിക സംവിധാനങ്ങളെയും ഇസ്രയേലി പോർവിമാനങ്ങൾ ഒന്നൊന്നായി ബോംബിട്ടു നശിപ്പിച്ചു. ഒരു ലക്ഷത്തോളം വരുന്ന ഈജി പ്ഷ്യൻ സൈന്യത്തെ വെറും നാലു ദിവസം കൊണ്ട് ഇസ്രയേൽ നിലംപരിശാക്കി. സിറിയൻ സൈന്യത്തെയും അതേ വേഗത്തിൽ തന്നെ ഇസ്രയേൽ തറപറ്റിച്ചു. അഞ്ചാം ദിവസം അവർ ഗോലാൻ കുന്നുകൾക്കുമേൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു.

മ്യൂണിച്ച് കൂട്ടക്കൊലത്ത് പ്രതികാരം

ഇസ്രയേലിന് പുറത്തുവെച്ച് നടക്കുന്ന മൊസാദിന്റെ ആദ്യത്തെ ഓപ്പറേഷൻ മുൻ നാസി ജനറൽ അഡോൾഫ് ഐഖ്മാനെ അന്വേഷിച്ചു കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടു വന്നതാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത്, ലക്ഷക്കണക്കിന് യഹൂദരുടെ കൊലക്ക് കാരണക്കാരനായ ഇയാൾ അർജന്റീനയിൽ പോയി പേരും വേഷവും മാറി ജീവിക്കയായിരുന്നു. മൊസാദ് കമാൻഡോകൾ അവിടെയത്തി ടിയാനെ പൊക്കി ഇസ്രയേലിൽ കൊണ്ടുവന്നു. വിചാരണ ചെയ്ത് തൂക്കിക്കൊന്നു. ലോകം വീണ്ടും ഞെട്ടി. അതുപോലെ തങ്ങൾക്ക് മിഗ് വിമാനങ്ങൾ ഇല്ലാത്തതിന്റെ പ്രശ്നം പരിഹരിക്കാൻ മൊസാദ് ചെയത് എന്താണെന്നോ. ഇറാഖി എയർഫോഴ്‌സിലെ ഒരു പൈലറ്റിനെ ഇസ്രയേലിന്റെ പക്ഷത്തേക്ക് ചാടിച്ച്, മിഗ് 21 വിമാനം ഇസ്രയേലിലേക്ക് പറത്തി കൊണ്ടുവന്ന് അവിടെ ലാൻഡ് ചെയ്യിച്ചു. അങ്ങനെ മിഗിന്റെ ശക്തി ദൗർബല്യങ്ങൾ പഠിച്ചു. അതും 67ലെ യുദ്ധത്തിൽ ഇസ്രയേലിനെ ഏറെ തുണച്ചു. ഫ്രാൻസിന്റെ മിറാഷ് വിമാനങ്ങളാണ് ഇസ്രയേലിന്റെ ശക്തി. ഇസ്രയേൽ എന്ത് ആവശ്യപ്പെട്ടാലും അത് ചെയ്ത് തരാൻ കഴിയുന്ന ദുർഭൂതത്തിന്റെ ഇമേജാണ് അതോടെ മൊസാദിന് ഉണ്ടായത്.

1972 ലെ മ്യൂണിച്ച് കൂട്ടക്കൊലയിലെ പത്ത് പ്രതികളെയും നമ്പറിട്ട് മൊസാദ് കൊന്നത് ഞെട്ടിപ്പിക്കുന്നതാണ്. പിഎൽഒയുടെ തീവ്രവാദി സംഘമായ 'ബ്ലാക്ക് സെപ്റ്റംബർ ഓർഗനൈസേഷ'ന്റെ തീവ്രവാദികൾ 1972 സെപ്റ്റംബർ അഞ്ചിന് മ്യൂണിക്ക് ഒളിമ്പിക്‌സ് വില്ലേജിൽ നുഴഞ്ഞുകയി 11 ഇസ്രയേലി കായികതാരങ്ങളെ വെടിവെച്ച് കൊന്നത് ലോകത്തെ നടുക്കിയിരുന്നു.

ഒളിമ്പിക്‌സ് വില്ലേജിലെ ഈ ആക്രമണം ഇസ്രയേലിൽ വലിയ ജന രോഷത്തിനു കാരണമായി. ഇതേ നാണയത്തിൽ പ്രതികാരം ചെയ്യണം എന്ന തീരുമാനം ഇസ്രയേലിൽ ഗവണ്മെന്റ് തലത്തിൽ തന്നെ ഉണ്ടായി. അന്നത്തെ പ്രധാനമന്ത്രി ഗോൾഡ മേയർ അധ്യക്ഷയായി, അതിനുവേണ്ടി 'കമ്മിറ്റി എക്‌സ്' രൂപീകരിച്ചു. ഇസ്രയേൽ പ്രതിരോധ മന്ത്രി മോഷെ ഡയാനും അതിൽ അംഗമായിരുന്നു. പ്രതികാരം വീട്ടാനുള്ള പണി ഈ കമ്മിറ്റി ഏൽപ്പിച്ചത് അന്ന് മൊസാദിനെ ആയിരുന്നു. മൊസാദ് അത് നടത്താൻ വേണ്ടി മൈക്കൽ ഹറാരിയുടെ നേതൃത്വത്തിൽ നിരവധി ഹിറ്റ് സ്‌ക്വാഡുകൾ ഉണ്ടാക്കി. ആ ഓപ്പറേഷന് അവരിട്ട പേര് 'ഓപ്പറേഷൻ ഗോഡ്‌സ് റാത്ത്' അഥവാ ഓപ്പറേഷൻ 'ദൈവ കോപം' എന്നായിരുന്നു.

മ്യൂണിക്കിൽ ആക്രമണം നടന്ന് ഒരൊറ്റ വർഷത്തെ ഗ്യാപ്പിൽ അന്ന് ബ്ലാക്ക് സെപ്റ്റംബറുമായി ബന്ധമുണ്ടെന്ന് മൊസാദ് കണ്ടെത്തിയ പത്തു ഫലസ്തീനി പൗരന്മാരെ ഇതുപോലെ ലോകത്തിന്റെ പലഭാഗങ്ങളിൽ ചെന്ന് തിരഞ്ഞു പിടിച്ച് ഒന്നൊന്നായി വധിച്ചു. സംഭവബഹുലമായ ഈ ഓപ്പറേഷനെപ്പറ്റി സ്റ്റീവൻ സ്പീൽ ബർഗ് 2005 ൽ മ്യൂണിക്ക് എന്ന സിനിമയാക്കി. എറ്റവും വിചിത്രം കൊല്ലപ്പെടണ്ടേ ആളിന്റെ വീട്ടുകാരെ വിവരം അറിയിച്ചാണ് മൊസാദ് കൊല നടത്തിയത്. നിങ്ങളുടെ മകൻ ഈ പാതകം ചെയ്തിരിക്കുന്നു, അതിനാൽ ഞങ്ങൾ അവന്റെ ജീവൻ എടുക്കുന്നു എന്ന് വീട്ടുകാരെ അറിയിച്ചാണ് കൊല നടന്നത്. മൊസാദിനെക്കുറിച്ചുള്ള അതിശയോക്തികരമായ കഥകൾ ലോകത്ത് പ്രചരിക്കാൻ തുടങ്ങിയത് അതിനുശേഷമാണ്.

അതുപോലെ ഉഗാണ്ടയിലെ എന്റബേ വിമാനത്താവളത്തിൽ തടവിലാക്കപ്പെട്ട ഇസ്രയേലി പൗരന്മാരെ രക്ഷിക്കാനുള്ള കമാൻഡോ ഓപ്പറേഷനും മൊസാദിന്റെ കീർത്തി വർധിപ്പിച്ചു. ഇസ്രയേലിൽ നിന്ന് ഏതാണ്ട് 5000 കിലോമീറ്റർ അകലെയാണ് ഉഗാണ്ടയിലെ എന്റബേ വിമാനത്താവളത്തിൽ, ആരുമറിയാതെ പറന്നിറങ്ങി നടത്തിയ കമാൻഡോ ഓപ്പറേഷനിലുടെ, 106 ബന്ദികളിൽ നാലുപേരെ ഒഴിച്ച് എല്ലാവരെയം മൊസാദ് രക്ഷിച്ചു. അതിൽ ഒരു കമാൻഡോ മരിച്ചു. അതാണ് ഇന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ സഹോദരൻ ജൊനാഥൻ നെതന്യാഹു. ജീവിത്തിൽ തോക്ക് കണ്ടിട്ടില്ലാത്ത, ഷുഗറും പ്രഷറുമുള്ള നേതാക്കളല്ല ഇസ്രായിലിൽ ഉള്ളത്. 67ലെ യുദ്ധത്തിൽ മുന്നിൽനിന്ന് പൊരുതിയവർ ആണ് പിന്നീട് ഇസ്രയേൽ ഭരിച്ചത്.

ഇറാൻ എന്ന പ്രഖ്യാപിത ശത്രു

ഇന്ന് അറബ് രാഷ്ട്രങ്ങൾക്കുപോലും ഇസ്രയേലിനോട് പഴയ ശത്രുതയില്ല. മൂന്നുതവണ അടിച്ചിട്ടും തോൽവിയേറ്റത്തിന്റെ പേടി കൊണ്ട് കൂടിയാവാം, അവർ തങ്ങളുടെ പണി നോക്കി ഒതുങ്ങിക്കൂടുന്നു. പക്ഷേ ഈ ഭൂലോകത്തുനിന്ന് ഇസ്രയേലനെ തുടച്ചു നീക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച രാജ്യമാണ്, ഷിയാ മുസ്ലിം രാഷ്ട്രമായ, ഇസ്ലാമിക മതകാർക്കശ്യത്തിന്റെ അവസാന വാക്കായ ഇറാൻ. അതോടെ ഇറാനെ തീർക്കുമെന്ന് മൊസാദും പ്രഖ്യാപിച്ചു. വലിയ വിലയാണ് ഇറാൻ അതിന് കൊടുക്കേണ്ടി വന്നത്. തങ്ങളുടെ കൊച്ചു രാജ്യത്തെ ഒരു മിസൈൽ പോലും വീഴാത്ത രീതിൽ സംരക്ഷിക്കാൻ ഇസ്രായിലിന് കഴിഞ്ഞു. പക്ഷേ അവർ നിരന്തരം ഇറാന് പണി കാടുത്തു.

ഇറാന്റെ ആണവ പദ്ധതിയുമായി ബദ്ധപ്പെട്ട പലരും ദുരൂഹമായി കൊലചെയ്യപ്പെട്ടു. 2010ൽ, ഇറാന്റെ ആണവ ഗവേഷണത്തിലെ പ്രമുഖനാല ഡാരിയൂഷ് റെസേയി നജാദിനെ ബൈക്കിലെത്തി രണ്ടുപേർ വെടിവെച്ചു കൊന്നു. ടെഹ്റാനിൽ പട്ടാപ്പകൽ നാലരയോടെയാണ് സംഭവം. ഇന്നും ബൈക്കും പ്രതികളെയും കണ്ട് കിട്ടിയിട്ടില്ല. മറ്റൊരു ആണവശാസ്ത്രജ്ഞഞാന ഡോ. മജീദ് ഷഹ്രിയാരിയും കൊല്ലപ്പെട്ടു. ബൈക്കിൽ വന്ന ചാരൻ അദ്ദേഹത്തിന്റെ ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നിൽ ബോംബ് ഘടിപ്പിക്കുകയായിരുന്നു. ഡോ.ഫെറെദൂൻ അബ്ബാസി ദവാനിക്കും അതേ ഗതിയുണ്ടായി. സർക്കാരിന്റെ സമാന്തര പട്ടാള സംവിധാനമായ റവല്യൂഷണറി ഗാർഡ്സ് അംഗവും ക്വാണ്ടം ഫിസിക്സ് പ്രഫസറുമായ മസൂദ് അലിയടെ ഊഴമായിരുന്നു അടുത്തത്. മുഹമ്മദി സ്വന്തംകാറിലേക്കു കയറാൻ തുടങ്ങുമ്പോൾ വൻ സ്ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. അടുത്തൊരു ബൈക്ക് പാർക്ക് ചെയ്തിരുന്നു. അതിലായിരുന്നു ബോംബ് വച്ചിരുന്നത്.

ഇറാന്റ റവല്യൂഷനറി ഗാർഡിലെ തന്നെ യൂണിറ്റ് 840 മേധാവി കേണൽ ഹസൻ സയ്യാദ് ഖൊഡേയിയെ വീടിനു മുന്നിൽ വച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. ബൈക്കിൽ വന്ന കൊലയാളികൾ കാറിലിരുന്ന ഖൊഡേയിയെ അഞ്ചു തവണ വെടിവയ്ക്കുകയായിരുന്നു.

ഇറാനിയൻ നേതാക്കൾ മറ്റ് രാജ്യങ്ങളിൽ സന്ദർശനത്തിനു പോകുമ്പോൾ അവരെ തട്ടിയെടുത്ത് മയക്കുമരുന്ന് കുത്തിവച്ച് വിമാനത്തിൽ ഇസ്രയേലിലേക്കു കടത്തുന്നത് മൊസാദിന്റെ മറ്റൊരു തന്ത്രമാണ്. ജനറൽ അലി റീസ അസ്ഗാരി എന്ന മുൻ ഇറാനിയൻ ഡപ്യൂട്ടി പ്രതിരോധ മന്ത്രിയെ 2007ൽ ഇസ്താംബുളിൽ വച്ചു കാണാതായി. ആണവ പരിപാടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. നാലുവർഷത്തോളം യാതൊരു വിവരവും കിട്ടിയില്ല. 2011ൽ ഇറാൻ വിദേശകാര്യമന്ത്രി ആരോപിച്ചു, അസ്ഗാരിയെ മൊസാദ് തട്ടിക്കൊണ്ടു പോയതാണ്. ജയിലിൽ അടച്ചിരിക്കുകയാണ് എന്ന്. അസ്ഗാരി അമേരിക്കയിലേക്ക് കൂറുമാറിയതാണെന്നും പറയുന്നുണ്ട്. 50 ലക്ഷം ഡോളർ നൽകി പുതിയ പേരും ഐഡിയും നൽകി താമസിപ്പിച്ചിരിക്കുകയാണത്രെ.

2020 ജനുവരിയിയിലാണ് മൊസാദ് ലോകത്തെ വീണ്ടു നടുക്കിയത്. ഇറാന്റെ റവല്യൂഷനറി ഗാർഡ്സിലെ കുദ്സ് വിഭാഗം മേധാവിയായിരുന്നു കാസിം സുലൈമാനിയുടെ വധത്തിൽ അമേരിക്കപോലും ഞെട്ടി. ബഗ്ദാദ് വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ ബോംബിട്ട് സുലൈമാനിയെ വകവരുത്തിയത്. ഉപഗ്രഹ നിയന്ത്രിയ ബോബായിരുന്നു അത്. അതുപോലെ ഇറാന്റെ അണുബോംബ് നിർമ്മാണത്തെ സൈബർ ആക്രമണത്തിലുടെ മൊസാദ് തകർത്തതും വാർത്തയായി. കംപ്യൂട്ടർ സിസ്റ്റത്തിൽ വൈറസിനെ കടത്തിവിട്ട് തെറ്റായ നിദേശം നൽകിയാണ് അവർ നിലയം തകർത്തത്. ഇതുമൂലം വർഷങ്ങളാണ് ഇറാന്റെ ആണവപദ്ധതി വൈകിയത്.


പാളിച്ചകളും ചർച്ചയാവുന്നു

ലോകത്ത് നൂറുശതമാനം വിജയിച്ച ഒന്നുമില്ല. അതുപോലെ മൊസാദ് പരാജയപ്പെട്ട ഓപ്പറേഷനുകളും ഉണ്ട്. 1973-ൽ ഇസ്രയേലിന് നേർക്ക് ഈജിപ്തും സിറിയയും ചേർന്നു നടത്തിയ അപ്രതീക്ഷിത ആക്രമണം മുൻകൂട്ടി കാണാൻ മൊസാദിന് സാധിച്ചില്ല. തുടർന്നുണ്ടായ യോം കിപ്പുർ യുദ്ധം അവർക്ക് ഒരുപാട് നാശനഷ്ടങ്ങളുണ്ടാക്കി.

അതുപോലെ മ്യൂണിക്ക് കൂട്ടക്കൊലത്ത് തിരിച്ചടിയായി നടത്തിയ പത്തുകൊലകൾക്കിടെ ഒരു വലിയ അബദ്ധവും ഉണ്ടായി. 1973 ജൂലൈയിൽ നോർവേയിലെ റിസോർട്ടിലേക്ക് അലി ഹസൻ സലാമി എന്ന മ്യൂണിക്ക് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രത്തെ വധിക്കാൻ ചെന്ന മൊസാദ് സംഘം ഇന്റലിജൻസിലെ പാളിച്ച കാരണം അന്ന് വെടിവെച്ചു കൊന്നത് 'അഹമ്മദ് ബൗചിക്കി' എന്ന നിരപരാധിയായ ഒരു മൊറോക്കൻ വെയ്റ്ററെ ആയിരുന്നു. തൊണ്ണൂറുകളിൽ നടന്ന ഇസ്രയേൽ പ്രസിഡന്റ് യിറ്റ് ഷാക്ക് റബീന്റെ കൊലപാതകം മൊസാദിനും ഏറെ നാണക്കേടുണ്ടാക്കി. പിഎൽഒയുമായി സമാധാനമുണ്ടാക്കാൻ റബീൻ പുറപ്പെട്ടത് ഇഷ്ടപ്പെടാതിരുന്ന വലതുപക്ഷ യഹൂദ തീവ്ര വാദി യിഗൽ അമിർ, ഒരു സമാധാന റാലിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ റാബിനെ വെടിവെച്ചു കൊന്നു. അത് തടയാൻ ഇസ്രയേലി ഇന്റലിജൻസ് സംവിധാനങ്ങൾക്ക് സാധിക്കാതിരുന്നത് അവർക്ക് വലിയ ക്ഷീണമുണ്ടാക്കിയ ഒരു സംഭവമായിരുന്നു. എന്നിരുന്നാലും, ഏറ്റെടുത്ത ദൗത്യങ്ങളുടെ വ്യാപ്തി നോക്കുമ്പോൾ 90 ശതമാനം കൃത്യത മൊസാദിനുണ്ട്. അതുപോലെ ഫലസ്തീനിൽ നിരന്തരമായി നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ പേരിലും മൊസാദ് പ്രതിക്കൂട്ടിലാണ്.

ഇന്ത്യയുടെ മിത്രം

മൊസാദ് ഒരു ക്വട്ടേഷൻ സംഘമാണെന്നൊക്കെ കേരളത്തിൽ ഇരുന്ന് പലരും തള്ളിവടുന്നത് കാണുമ്പോൾ, അവർ തങ്ങളുടെ ശത്രുക്കളെ അല്ലാതെ ആരെയാണ് കൊന്ന് ഒടുക്കിയത് എന്ന ചോദ്യം വരുന്നുണ്ട്. ഒറ്റപ്പട്ട അബദ്ധങ്ങൾ ആർക്കും പറ്റുമല്ലേ. ഇസ്രയേൽ എപ്പോഴും പറയുന്നത് തങ്ങളുടെ യുദ്ധങ്ങൾ എല്ലാം സമാധാനത്തിന് വേണ്ടിയാണെന്നാണ്. 67ലെ യുദ്ധത്തിൽ രക്തം ചിന്തി പിടിച്ച ഭൂമിപോലും അവർ അറബ് രാഷ്ട്രങ്ങൾക്ക് വിട്ടുകൊടുക്കുന്നത് സമാധാനത്തിന് വേണ്ടിയാണ്.

അമേരിക്കൻ പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ 2020ൽ നിലവിൽ വന്ന 'അബ്രഹാം ഉടമ്പടി' തന്നെയാണ് ഇതിൽ പ്രധാനം. തങ്ങളെ അംഗീകരിക്കുക സമാധനമായി ജീവിക്കാൻ അനുവദിക്കുക എന്നാണ് ഇസ്രയേൽ ഇതിൽ പറയുന്നത്. ഇപ്പോൾ യുഎഇ പോലും ഈ കരാറിന്റെ ഭാഗമായി. പിന്നാലെ ബഹ്റൈനുമായും ഇസ്രയേൽ ഈ കരാറിൽ ഏർപ്പെട്ടു.മൊറോക്കോ, സുഡാൻ തുടങ്ങിയ രാജ്യങ്ങളും കരാറിന്റെ ഭാഗമായി ഇസ്രയേലിനെ അംഗീകരിച്ചു. ഇപ്പോൾ സൗദിയുമായി സൗഹൃദത്തിന് ശ്രമിക്കയാണ് ഇസ്രായോൽ. യഹൂദന്മാരും, ക്രസ്ത്യാനികളും, മുസ്ലീങ്ങളും ഒരുപോലെ ആദിപിതാവായി കണക്കാക്കുന്ന എബ്രഹാമിന്റെ പേരുതന്നെ ഈ കരാറിന് ഇട്ടത് ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. കാരണം ഇസ്രയേലിനോടുള്ള വിരോധത്തിന്റെ അടിസ്ഥാനപരമായ കാരണം മത വിരോധം തന്നെയാണെല്ലോ.

ഇനി മൊസാദിനെകൊണ്ടും ഇസ്രയേലികൊണ്ടും പറയത്തക്ക എന്ത് ഉപദ്രവമാണ് ഇന്ത്യക്ക് ഉണ്ടായത്. ഇന്ദിരാഗാന്ധി വധത്തെതുടർന്ന്, നമ്മുടെ ചാര സംഘടനയാ റോയ്ക്ക് പരിശീലനം കൊടുത്തത് മൊസാദ് ആയിരുന്നു. പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റതോടെ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ളബന്ധവും ഊഷ്മളം ആയിരിക്കയാണ്. ഇന്ന് ഇന്ത്യൻ സൈന്യത്തിനും നെറ്റ്‌വിഷൻ ക്യാമറകളും, ആധുനിക ആയുധങ്ങളും ഇസ്രയേൽ നൽകുന്നുണ്ട്. ചൈനയുടെ ചാരവലയം ഭേദിക്കാൻ നമുക്ക് കഴിഞ്ഞതും ഇസ്രയേൽ ടെക്ക്നോളജി കൊണ്ടാണ്. മൊസാദ് പോലുള്ള ശക്തമായ ഒരു ചാര സംഘടന ഉണ്ടായിരുന്നെങ്കിൽ നാം ദാവൂദ് ഇബ്രാഹിം തൊട്ടുള്ളവരെ എന്നേ തീർത്തേനേ!


വാൽക്കഷ്ണം: ദൈവമല്ല, ശാസ്ത്രവും സാങ്കേതിക വിദ്യയും ആയുധങ്ങളുമാണ് യഹൂദന്മാർക്ക് സമാധനം കൊണ്ടുവന്നത് എന്നായിരുന്നു മുൻ ഇസ്രയേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ ഒരിക്കൽ പറഞ്ഞത്. 'ഞങ്ങൾ വലിയ വായിൽ കരഞ്ഞപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല. ഇപ്പോൾ ആയുധങ്ങൾ ഉള്ളതുകൊണ്ട് ഞങ്ങൾക്ക് സമാധാനുമുണ്ട്'- മൊസദിന്റെ മനഃശാസ്ത്രം പഠിക്കുമ്പോൾ ഷാരോണിന്റെ ഈ വാക്കുകളും ഓർക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP