Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

18,87,12,50,00,00,00,000 രൂപ! ലോകത്തിന്റെ ആകെ കടം ഇത്രയുമുണ്ട്; ലോകത്തു ജീവിച്ചിരിക്കുന്ന ഓരോ പൗരനും, രൂപ 22,75 ,000 വെച്ച് കടത്തിലാണ്; കടം പരിഹരിക്കാതെ നോട്ടടിച്ചു തള്ളി 2008ലെ സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച ലോക രാഷ്ട്രങ്ങൾ ഇനി എന്തുചെയ്യും; U ആകൃതിയിലുള്ള സാമ്പത്തിക വളർച്ചയിലുടെ പതുക്കെയെങ്കിലും തിരിച്ചുവരുമോ? അതോ കോടീശ്വരരെ യാചകരാക്കിയ 30കളിലെ അനുഭവമാണോ കാത്തിരിക്കുന്നത്; കോവിഡ് വീണ്ടുമൊരു ഗ്രേറ്റ് ഡിപ്രഷന് ഇടയാക്കുമെന്ന് ഭയന്ന് സാമ്പത്തികലോകം

18,87,12,50,00,00,00,000 രൂപ! ലോകത്തിന്റെ ആകെ കടം ഇത്രയുമുണ്ട്; ലോകത്തു ജീവിച്ചിരിക്കുന്ന ഓരോ പൗരനും, രൂപ 22,75 ,000 വെച്ച് കടത്തിലാണ്; കടം പരിഹരിക്കാതെ നോട്ടടിച്ചു തള്ളി 2008ലെ സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച ലോക രാഷ്ട്രങ്ങൾ ഇനി എന്തുചെയ്യും; U ആകൃതിയിലുള്ള സാമ്പത്തിക വളർച്ചയിലുടെ പതുക്കെയെങ്കിലും തിരിച്ചുവരുമോ? അതോ കോടീശ്വരരെ യാചകരാക്കിയ 30കളിലെ അനുഭവമാണോ കാത്തിരിക്കുന്നത്; കോവിഡ് വീണ്ടുമൊരു ഗ്രേറ്റ് ഡിപ്രഷന് ഇടയാക്കുമെന്ന് ഭയന്ന് സാമ്പത്തികലോകം

എം മാധവദാസ്

18,87,12,50,00,00,00,000 ! പൂജ്യങ്ങൾ എണ്ണി കണ്ണുകഴച്ചുപോവുന്ന ഈ സംഖ്യ എന്താണെന്ന് അറിയുമോ? ലോകത്തിന്റെ ആകെയുള്ള കടം രൂപയിലേക്ക് മാറ്റിയാൽ കിട്ടുന്ന തുകയാണ്! എകദേശം 250 ട്രില്ല്യൺ യുഎസ് ഡോളർ. 2019ൽ അന്താരാഷ്ട്ര എജൻസിയായ ബ്ലൂബംർഗ് പുറത്തുവിട്ട കണക്കാണ് ഇത്. ലോകത്തിലെ രാജ്യങ്ങളുടെയും ബാങ്കുകളുടെയും വ്യക്തികളുടെയും അടക്കമുള്ള മൊത്തം കടമാണ് ഇത്. എന്നുവച്ചാൽ ഇന്ന് ലോകത്തു ജീവിച്ചിരിക്കുന്ന ഓരോ പൗരനും, രൂപ 22,75 ,000 വെച്ച് കടത്തിലാണ്. ഓരോ അമേരിക്കൻ പൗരനും 50, 40, 000 രൂപ കടത്തിലാണ്. ചൈനയും യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും ഈ കട ബാദ്ധ്യതയിൽ ഞെരുങ്ങുന്നവരാണ്. യൂറോപ്പിലെ എല്ലാ പ്രധാന രാജ്യങ്ങളും വൻ കടബാധ്യതകൾ വരുത്തിവെച്ചവരാണ്. അവരുടെ ജിഡിപി യുടെ പല മടങ്ങാണ് കടം. യുകെയുടെ ജിഡിപി യുടെ 313 %, ഫ്രാൻസ് 200 , പോർച്ചുഗൽ 216 , ഗ്രീസ് 228 . ഐഎംഎിന്റെ ഒരു പഠനം പറയുന്നത് ഒരു രാജ്യത്തിന്റെ കടം അവരുടെ ജി ഡി പി യുടെ 77 % ത്തിൽ കൂടുതലായാൽ ആ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ അത് ബാധിക്കുമെന്നാണ്.

അതായത് ഏത് നിമിഷവും പൊട്ടാവുന്ന സോപ്പുകുമികളപോലെ കടത്തിനുമേൽ കടം അടുക്കിവച്ചാണ് ലോക രാജ്യങ്ങൾ മുന്നോട്ട് കുതിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക മാന്ദ്യമായിരുന്നു 2008ൽ കണ്ടത്്. കടപ്പത്രങ്ങൾക്കും മറ്റും കടലാസ് വിലയില്ലാതായതോടെ അമേരിക്കൻ ബാങ്കുകൾ അടക്കം ചീട്ടുകൊട്ടാരംപോലെ പൊളിയാൻ തുടങ്ങി. അന്ന് ആ സാമ്പത്തിക മാന്ദ്യത്തെ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ നേരിട്ടത് കൂടുതൽ കൂടുതൽ നോട്ടുകൾ അച്ചടിച്ചത് വിതരണം ചെയ്തുകൊണ്ടായിരുന്നു. (ഒരു ചാനൽ ചർച്ചയിൽ ഇതു പറഞ്ഞതിന് ധനമന്ത്രി തോമസ് ഐസക്കിന് കിട്ടിയത് വമ്പൻ ട്രോളായിരുന്നു) അതായത് സെക്കൻഡ് ഗ്രേറ്റ് ഡിപ്രഷൻ എന്ന് അറിയപ്പെട്ടിരുന്ന 2008ലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടുക ആയിരുന്നില്ല. നീട്ടിവെപ്പിക്കപ്പെടുക ആയിരുന്നു.

ഏത് നിമിഷവും വന്നുപതിക്കാവുന്ന ഒരു സാമ്പത്തിക മാന്ദ്യം അന്തരീക്ഷത്തിൽ ഉണ്ടെന്ന് ചുരുക്കം.ആധുനിക ക്യാപിറ്റലിസ്റ്റ് വ്യവസ്ഥ എന്നാൽ സൈക്കിളിങ്ങ്് പോലെയാണ്. ചവിട്ടിക്കൊണ്ടേയിരിക്കണം. നിർത്തിയാൽ വീഴും. ഇക്കോണമി ചെറിയ തോതിലെങ്കിലും വളർന്നുകൊണ്ടേയിരിക്കണം. അത് നിന്നാൽ വീഴും. മേൽവിവരിച്ച സിസ്റ്റങ്ങൾക്കകത്തേക്കാണ് നമ്മുടെ കൊറോണ കയറിവരുന്നത്. മാർക്കറ്റ് നെ അടച്ചുകൊണ്ട്, സോഷ്യൽ ഡിസ്റ്റൻസിങ് നിഷ്‌കർഷിച്ചുകൊണ്ട്, ലോകത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ നിശ്ശേഷം നിഴ്ചലമാക്കികൊണ്ടാണ് അത് കേറിവരുന്നത്. അതോടെ എവിടെയും സാമ്പത്തിക മാന്ദ്യത്തിന്റെ വാർത്തകളാണ്. ക്രൂഡ് ഓയിലിന്റെ വില മൈനസിലേക്ക് കൂപ്പുകുത്തിയതോടെ ഗൾഫ് രാജ്യങ്ങൾ അടക്കം തകർച്ചയുടെ വക്കിലാണ്. യാത്രകൾ നിലച്ചതോടെ വ്യോമയാന മേഖലയിലും ടൂറിസത്തിലുമൊക്കെയുണ്ടായ നഷ്ടം ശതകോടികൾ ആണ്. അയതായത് 30കളിലേതിന് സമാനമായ ഒരു മഹാസാമ്പത്തിക മാന്ദ്യം ലോകത്തെ തുറിച്ചു നോക്കുന്നുവെന്ന് വ്യക്തം. പണക്കാരെനെന്നോ പാവപ്പെട്ടവനോ എന്ന ഭേദമില്ലാതെ ലോകത്തിലെ സകലമനുഷ്യരെയും ദുരതത്തിലാക്കിയ മാന്ദ്യകാലമായിരുന്നു 30 കളിൽ സംഭവിച്ചത്.

ആഗോള ഉൽപ്പന്ന വിതരണ ശൃംഖലയെ ( സപ്ലൈ ചെയിൻ) കോവിഡ് തകർത്തുകഴിഞ്ഞു. ജൂൺ- ജൂലൈ മാസത്തോടെ വൈറസ് പൂർണ്ണമായി നിയന്ത്രണ വിധേയമായി വിപണി തുറന്നില്ലെങ്കിൽ അത് ഗ്രേറ്റ് ഡിപ്രഷന് സമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുകയെന്ന് വിലയിരുത്തലുണ്ട്. ലോക സാമ്പത്തിക വളർച്ച 2 ശതമാനത്തിലേക്ക് ചുരുങ്ങും. നേരത്തേ 3.1 ശതമാനം വളർച്ച ലക്ഷ്യമിട്ടിരുന്നതാണെന്ന് ഫോബ്സ് ഗവേഷണ വിഭാഗം വ്യക്തമാക്കുന്നു. അതായത് ലോകം മറ്റൊരു മഹാസാമ്പത്തിക മാന്ദ്യത്തിലേക്ക് നടന്നടുക്കുന്നുവെന്ന് ചുരുക്കം. അതായത് സാമ്പത്തിക മാന്ദ്യത്തിനുവേണ്ട സംഗതികൾ എല്ലാം 2008 മുതൽ ലോകത്ത് ഉണ്ട്. ഇപ്പോൾ കോവിഡ് അതിൽ ഒരു ഉൽപ്രേരകം കൂടി ആയിരിക്കുന്നു.

എന്താണ് ദ ഗ്രേറ്റ് ഡിപ്രഷൻ?

സാമ്പത്തിക മാന്ദ്യങ്ങൾ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടക്കിടെ ഉണ്ടാവാറുണ്ട്. പക്ഷേ ചില പ്രത്യേക രാജ്യങ്ങളിൽ പ്രത്യേക മേഖലയിൽ അത് ഒതുങ്ങി നിൽക്കും. എന്നാൽ ലോകത്തിലെ മിക്ക രാജ്യങ്ങളുടെയും എല്ലാ പ്രധാന മേഖലയെയും ഏതാണ്ട് ഒരുപോലെ ബാധിക്കുന്ന മാന്ദ്യത്തെയാണ് ദ ഗ്രേറ്റ് ഡിപ്രഷൻ അഥാവാ മഹാസാമ്പത്തിക മാന്ദ്യം എന്നു പറയുന്നത്. കോവിഡാനന്തരം സംഭവിക്കുമെന്ന് കരുതുന്നതും അതുതന്നെ.

രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ട മുമ്പുള്ള ദശാബ്ദങ്ങളിൽ ലോകമെമ്പാടും പടർന്നുപിടിച്ച രൂക്ഷമായ സാമ്പത്തിക മാന്ദ്യമാണ് ഗ്രേറ്റ് ഡിപ്രഷൻ. പല രാജ്യങ്ങളിൽ പല വർഷങ്ങളിലായി രൂക്ഷമായി കാണപ്പെട്ടുവെങ്കിലും, മിക്ക രാജ്യങ്ങളിലും മഹാ സാമ്പത്തികമാന്ദ്യം 1929 -ഓടെ തുടങ്ങി 1930കളുടെ അവസാനമോ, 1940 കളുടെ തുടക്കത്തിലോ അവസാനിച്ചു. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും ദൈർഘ്യമേറിയതും ആഴത്തിൽ പടർന്നുപിടിച്ചതുമായ ഈ സാമ്പത്തിക ഇടിവിനെ, ആഗോളസാമ്പത്തികരംഗത്തിന് സംഭവിക്കാവുന്ന അധഃപതനത്തിന്റെ ഉദാഹരണമായി ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ചിത്രീകരിക്കാറുണ്ട്. കറുത്ത ചൊവ്വ എന്ന് പിന്നീട് കുപ്രസിദ്ധമായ 1929 ഒക്ടോബർ 29 ന്, അമേരിക്കയിലെ ഓഹരി വിപണിയായ 'വാൾ സ്ട്രീറ്റ്' ൽ തുടങ്ങിയ തകർച്ചയാണ് പിന്നീട് ലോകമെമ്പാടും പടർന്നത്.

മഹാ സാമ്പത്തികമാന്ദ്യം, ഫലത്തിൽ സമ്പന്നരെന്നോ, ദരിദ്രരെന്നോ വ്യത്യാസമില്ലാതെ, എല്ലാ ലോകരാഷ്ട്രങ്ങളിലും നാശം വിതച്ചു. വ്യക്തിഗത വരുമാനങ്ങൾ, നികുതി വരവുകൾ, ലാഭങ്ങൾ തുടങ്ങിയവയ്ക്കെല്ലാം കനത്ത തോതിൽ ഇടിവ് സംഭവിക്കുകയും, അന്താരാഷ്ട്ര വ്യാപാരം, പകുതി മുതൽ മൂന്നിൽ രണ്ടു വരെയായി കുറയുകയും ചെയ്തു. അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 25 ശതമാനവും, മറ്റ് ചില രാജ്യങ്ങളിൽ ഇത് 33 ശതമാനം വരെയും ആയി വർദ്ധിച്ചു. വ്യവസായത്തെ അമിതമായി ആശ്രയിച്ചിരുന്ന വൻ നഗരങ്ങൾക്കാണ് സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യപ്രഹരം ലഭിച്ചത്. നിർമ്മാണപ്രവർത്തനങ്ങൾ പല രാജ്യങ്ങളിലും പൂർണ്ണമായും സ്തംഭിച്ചു. ധാന്യവിളകൾക്ക് 60 ശതമാനം വരെ വിലയിടിവ് സംഭവിച്ചത് കൃഷിയേയും, ഗ്രാമപ്രദേശങ്ങളേയും ബാധിച്ചു. കുത്തനെ ഇടിഞ്ഞ തൊഴിൽ അവശ്യകതയും, ഇതര തൊഴിൽ അവസരങ്ങളുടെ അഭാവവും നാണ്യവിളകൾ, ഖനികൾ തുടങ്ങിയ മേഖലകളെ ശക്തമായി ബാധിച്ചു.

1930 കളുടെ മധ്യത്തോടെ രാജ്യങ്ങൾ സാമ്പത്തിക ആരോഗ്യം വീണ്ടെടുത്തുതുടങ്ങി. എന്നാൽ മിക്ക രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യത്തിന്റെ ദൂഷ്യവശങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കം വരെ നീണ്ടുനിന്നു. അപ്പോഴേക്കും സാമ്പത്തിക കഴുപ്പങ്ങളും പട്ടിണിയും മൂലം മരിച്ചവർ ആയിരങ്ങൾ ആയിരുന്നു.

കോടീശ്വരന്മാർ യാചകരായി


1929 ഒക്ടോബർ 24 ന് ആരംഭിക്കുന്ന യുഎസ് ഓഹരിവിപണിയിലെ പെട്ടെന്നുള്ള വിനാശകരമായ തകർച്ചയാണ് സാമ്പത്തിക ചരിത്രകാരന്മാർ സാധാരണയായി കണക്കാക്കുന്നത്. ഓഹരി വിപണി കൂപ്പുകുത്തിയതോടെ കറുത്ത ചൊവ്വാഴ്ചയും കറുത്ത വ്യാഴാ്ഴ്ചയും ഉണ്ടായി. ഈ രണ്ടു ദിവസങ്ങളിലെ തകർച്ചയിൽ കോടീശ്വരന്മാർ യാചകരായി. ഓഹരി ബാങ്ക് ഇൻഷൂറൻസ് മോട്ടോർ ഗതാഗതം തൊട്ട് കൃഷിവരെയുള്ള സകല മേഖലയും തകർന്നു.

ഗ്രേറ്റ് ഡിപ്രഷനെക്കുറിച്ച് പ്രമുഖരായ സാമ്പത്തിക ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ എത്രയോ പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്നും പഠനങ്ങൾ നടക്കുന്നു. എന്തുകൊണ്ട് ഗ്രേറ്റ് ഡിപ്രഷൻ ഉണ്ടായി എന്നതിന് പൊതുവെ അവർ എത്തിയ ഉത്തരം അനിനിയന്ത്രിതമായ ഊഹക്കച്ചവടം എന്നാണ്. ഓഹരി വിപണിയെ ആശ്രയിച്ച് കൃത്രിമമായി എത് നിമിഷവും പൊട്ടുന്ന ഒരു സാമ്പത്തിക വ്യവസ്ഥയായിരുന്നു അന്നത്തേത്. അതായതത് കാപ്പിറ്റലസത്തിന്റെ ആഭ്യന്തര വൈരുധ്യങ്ങൾ തന്നെയാണ് വിപണിയെ തകർത്ത്ത്. ഒന്നാംലോക മഹായുദ്ധത്തിനും ഈ കെടുതി ഉണ്ടാക്കുന്നതിൽ വലിയ പങ്കുണ്ട്. 1917 ൽ അമേരിക്കൻ ഐക്യനാടുകൾ ഒന്നാം ലോകമഹായുദ്ധത്തിൽ പ്രവേശിച്ചു. അതിനു ശേഷം യുദ്ധാനന്തര പുനഃസ്ഥാപനത്തിന്റെ മുഖ്യ നടത്തിപ്പുകൾ ഇവർ ആയി. ബ്രിട്ടനും ഫ്രാൻസും പുനർനിർമ്മിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അമേരിക്കൻ ബാങ്കുകൾ പണം വായ്പ നൽകാൻ തയ്യാറല്ലായിരുന്നു. പക്ഷേ സർക്കാർ നിർബന്ധം വന്നതോടെ അവർ കളം മാറ്റിച്ചവുട്ടി. ബാങ്കുകളും ഓഹരി വിപണിയും തമ്മിൽ ബന്ധവന്നതും അക്കാലത്താണ്. ബാങ്കുകളിലെ പണം പോലും ഊഹക്കച്ചവടത്തിലെത്തി. ഓഹരി വിപണി തകർന്നപ്പോൾ മൊത്തം ഒലിച്ചപോവുകയും ചെയ്തു.

അതായത് കൃത്യമായ സാമ്പത്തിക ആസൂത്രണത്തിന്റെ അഭാവമായിരുന്നു അവിടെ കണ്ടത്. ഗ്രേറ്റ് ഡിപ്രഷനുശേഷമാണ് ലോകം ഇത്തരം കാര്യങ്ങളിൽ ചിട്ടയും നിഷ്ഠയും വരുത്തിയത്. മാന്ദ്യം പരിഹരിക്കുന്നതിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ എടുത്ത നടപടിയും ഏറ്റവും രസാവഹമായിരുന്നു. പണം ജനങ്ങളിലേക്ക പമ്പ് ചെയ്യുക, എന്നിട്ട് അവരുടെ പർച്ചേസിങ്ങ് പവർ കൂട്ടുക. വെറുതെ ഒരു കൂഴി കുത്താൻ പണം കൊടുക്കുകയും എന്നിട്ട് അത് മൂടാൻ പണം കൊടുക്കുകയും ചെയ്യുന്ന ര്ീതി.

രണ്ടാം ലോക മഹായുദ്ധത്തിന്റെ ആവിർഭാവത്തോടെ മഹാമാന്ദ്യം അവസാനിച്ചു എന്നതാണ് സാമ്പത്തിക ചരിത്രകാരന്മാർക്കിടയിലെ പൊതുവായ കാഴ്ചപ്പാട്. പല സാമ്പത്തിക ശാസ്ത്രജ്ഞരും വിശ്വസിക്കുന്നത് യുദ്ധത്തിനുവേണ്ടിയുള്ള സർക്കാർ ചെലവുകൾ മഹാമാന്ദ്യത്തിൽ നിന്ന് കരകയറാൻ കാരണമായെന്നാണ്. തൊഴിലില്ലായ്മ കുറയ്ക്കുന്നതിന് ഇത് സഹായിച്ചു. രണ്ടാം ലോക മഹായുദ്ധത്തിലേക്ക് നയിച്ച പുന മൃ ക്രമീകരണ നയങ്ങൾ 1937-39 കാലഘട്ടത്തിൽ യൂറോപ്പിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സഹായിച്ചു. 1937 ആയപ്പോഴേക്കും ബ്രിട്ടനിലെ തൊഴിലില്ലായ്മ 1.5 ദശലക്ഷമായി കുറഞ്ഞു. 1939 ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മനുഷ്യശക്തി സമാഹരിക്കുന്നത് തൊഴിലില്ലായ്മ ഇല്ലാതായി. 1941 ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് യുദ്ധത്തിൽ പ്രവേശിച്ചപ്പോൾ, യുഎസിന്റെ തൊഴിലില്ലായ്മാ നിരക്ക് 10% ൽ താഴെയാക്കുകയും ചെയ്തു. കടുത്ത രാഷട്രീയ പ്രക്ഷോഭങ്ങൾക്കും ഡിപ്രഷൻ കാലം സാക്ഷിയായി. രയൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും പല രാജ്യങ്ങളും ജനാധിപത്യ രാജ്യങ്ങളായിരുന്നു. ചിലതരം സ്വേച്ഛാധിപത്യമോ സ്വേച്ഛാധിപത്യ ഭരണമോ അവരെ അട്ടിമറിച്ചു. 1933 ൽ ജർമ്മനിയിൽ ഇത് പ്രകടമായി. ഇപ്പോൾ വീണ്ടും ലോകം ഒരു ഡിപ്രഷനെ ഭയക്കുമ്പോൾ ഗൾഫ് നാടുകളിൽ നിന്ന് അടക്കം ഉയരുന്ന ഭീതിയും ഇതാണ. എകാധിപത്യ -രാജ്യഭരണ വ്യവസ്ഥിതിക്കെതിരെ അവിടെയൊക്കെ പ്രക്ഷോഭം ഉണ്ടാകാനും സാധ്യതയുണ്ട്.

രണ്ടാം പ്രതിസന്ധി മറികടന്നത് നോട്ട് അടിച്ചുകൂട്ടി

സമാനമായ രണ്ടാം മഹാസാമ്പത്തിക മാന്ദ്യം വന്നത 2008ലാണ്. അന്ന് അത് ഇന്ത്യയെ ഒട്ടും ബാധിച്ചില്ല. മന്മോഹൻസിങ്ങിനും സാമ്പത്തിക ഉദാരവത്ക്കരണത്തിനും നാം നന്ദിപറയുന്നത് ഇവിടെയാണ്. വായ്‌പ്പകൾ അനിനിയന്ത്രിതമായി കൊടുക്കുയും അതിൽമേൽ ഊഹക്കച്ചവടം പ്രോൽസാഹിപ്പിക്കയും ചെയ്തതോടെയാണ് അമേരിക്കയിൽ ബാങ്കുകൾ തകരാൻ തുടങ്ങിയത്. റിയൽ എസ്റ്റേറ്റ് വില കുത്തനെ താഴേക്ക് വീണു. വാങ്ങാൻ ആളില്ല. പുതിയ കടം എടുക്കാൻ ആർക്കും താല്പര്യവുമില്ല. അമേരിക്കയുടെ പ്രശസ്തമായ പല ഇൻവെസ്റ്റ്മെന്റ് ബാങ്കുകളുടെ കൈവശം ഈ പേപ്പർ കെട്ടുകൾ ആർക്കും വേണ്ടാതെ കിടപ്പായി. ശക്തമെന്നു കരുതിയിരുന്ന പല പ്രശസ്ത അമേരിക്കൻ ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെയും ബാലൻസ് ഷീറ്റുകൾ വെറും അക്കങ്ങളായി. ഏതൊക്കെയാണ് ശരി. എത്ര എഴുതിത്ത്ത്ത്തള്ളണം. എവിടെയൊക്കെയാണ് ഓട്ട. ഏതൊക്കെ ബാങ്കറപ് സിയിലേക്കു പോകും ഒരു നിഴ്ചയവുമില്ല. ബാങ്കുകൾ തമ്മിൽ പരസ്പരം ആർക്കും ആരെയും വിശ്വാസമില്ല. അമേരിക്കക്കാര.ന്റെ അഭിമാനമായ പല സാമ്പത്തികസ്ഥാപനങ്ങളും, Bear Sterns, Lehman Brothers, മുതലായ വൻ ബാങ്കുകളും മറ്റു സാമ്പത്തിക സ്ഥാപനങ്ങളും കടലാസു കൊട്ടാരം പോലെ വീണു. 8.5 ദശലക്ഷം മനുഷ്യരുടെ തൊഴിൽ നഷ്ടപെട്ടു. ഒരു കണക്കനുസരിച്ച് 2008 നും 2012നും ഇടക്ക് 465 അമേരിക്കൻ ബാങ്കുകൾ പൂട്ടിപോയി. എന്നുവച്ചാൽ നിങ്ങൾ രാവിലെ എടിഎം കാർഡ് കൊണ്ട് ചെന്നാൽ കാശുകിട്ടില്ല. ജനങ്ങൾ ബാങ്കുകൾക്ക് മുന്നിൽ ക്യൂനിന്നു. ഇന്ത്യയിൽ ബാങ്ക് തകർച്ച എന്ന പദംനാം കട്ടിട്ട് പോലുമില്ല. ഇതാണ് അമേരിക്കയിലെ Subprime Prime Mortgage Crisis അഥവാ 2008 ലെ ഫിനാൻഷ്യൽ ക്രൈസിസ്.

ചൈനയും യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും ഈ പ്രതിസന്ധ ബാധിച്ചിരുന്നു. 2008 ലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ചൈന നോട്ടടി എന്ന ആണ് അവരുടെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുനിർത്തിയത് എന്ന് വിദഗ്ദ്ധർ പറയുന്നു. അന്നത്തെ, രണ്ടായിരത്തി ഏട്ടിലെ, ക്രൈസിസ് നു ശേഷം ചൈന അവരുടെ ജിഡിപി യുടെ 300 ശതമാനം കടം ഉണ്ടാക്കികൂട്ടി എന്നു് അനാലിസ്റ്റുകൾ കണക്കാക്കുന്നു. അവരുടെ ബാങ്കിങ് വ്യവസ്ഥക്കകത്ത് പല മടങ്ങ് വെളിപ്പെടുത്തപ്പെടാത്ത, സുതാര്യത ഇല്ലാത്ത അസ്സറ്റുകൾ കിട്ടാകടങ്ങൾ ഉണ്ടായിരുന്നു.

അതയാത് രണ്ടായിരത്തി ഏട്ടിലെ ആ സാമ്പത്തിക പ്രതിസന്ധി യഥാർത്ഥത്തിൽ പരിഹരിക്കപ്പെടുകയല്ല ഉണ്ടായത്. നീട്ടിവെക്ക പെടുകയാണ് ഉണ്ടായത്. പ്രതിസന്ധി തുടങ്ങിയ ഉടനെ അമേരിക്ക 787 ബില്യൺ ഡോളർ നോട്ടടിച്ചു ലിക്വിഡിറ്റി ഉണ്ടാക്കി. പ്രതിസന്ധിയിലായ പ്രൈവറ്റ് കോര്പറേറ്റ് ബാങ്കുകൾക്ക് ലിക്വിഡിറ്റി ഉണ്ടാക്കിക്കൊടുത്തു. ഫണ്ടിങ് നടത്തി. ആ പ്രതിസന്ധി കഴിയുമ്പോഴേക്ക് അവരുടെ ഫെഡറൽ റിസർവ് ഇൻഷൂറൻസ് കോർപ്പറേഷൻ പുതിയ കടങ്ങൾ, അച്ചടിച്ചിറക്കിയ പേപ്പർ മണി എല്ലാം ചേർന്ന് 5 ട്രില്യൺ ഡോളർ മാർക്കിൽ ഇറക്കിയാണ് അമേരിക്ക അന്നത് തരണം ചെയ്തത്. അതിനു പുറമെ പല യൂറോപ്യൻ രാജ്യങ്ങളും വലിയ തോതിലുള്ള നോട്ടടിയിലൂടെയാണ് അവരവരുടെ സാമ്പത്തിക വ്യവസ്ഥിതിയെ താങ്ങി നിർത്തിയത്. അന്നു നീട്ടിവെച്ച പ്രശ്നങ്ങളും പിന്നീടുരുത്തിരിഞ്ഞ കടക്കൂമ്പാരങ്ങളും പ്രശ്നങ്ങളും കൂടി ചേർന്നതാണ് ഇനി 2020 ൽ തുടങ്ങാൻ പോകുന്ന മാനവരാശിയുടെ കൊടും വിപത്ത് ഇതാകുമോ. മിക്ക രാജ്യങ്ങളും രണ്ടായിരത്തി എട്ടിൽ തന്നെ കൈവശമുള്ള എല്ലാ സാമ്പത്തിക ആയുധങ്ങളും എടുത്തു പ്രയോഗിച്ചിട്ടാണ് ആ നീട്ടിവെക്കൽ വിജയിച്ചത്. കൊറോണയുടെ പുറകിലേറി പടിവാതിലിൽ എത്തി നിൽക്കുന്ന ഈ സാമ്പത്തിക വിപത്തിനെ ഇനി ലോക രാഷ്ട്രങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാൻ പോകുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ വരാൻ പോകുന്ന ലോകം. മാറ്റം കുഴമറിച്ചിൽ ഉടൻ ഉണ്ടാകും.

കോവിഡിനിടയിലും കോടീശ്വരന്മാർ

കോവിഡ് രോഗബാധ ലോകത്ത് വലിയ ആഘാതം സൃഷ്ടിക്കുമ്പോൾ ആഗോള സാമ്പത്തിക രംഗത്തും അതിന്റെ പ്രതിഫലനം വ്യക്തമാണ്. ലോകത്തെ ശതകോടീശ്വരന്മാരെ ആകെ പിടിച്ചുലച്ചിരിക്കുകയാണ് ഈ സാമ്പത്തിക പ്രതിസന്ധി. കൊറോണ വൈറസ് ലോക്ക് ഡൗൺ മൂലം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഓഫീസുകൾ, ഷോപ്പിങ് സെന്ററുകൾ, ഹോട്ടലുകൾ, ഗോൾഫ് കോഴ്സുകൾ എല്ലാം അടച്ചു പൂട്ടിയിരിക്കുകയാണ്.

ഫോബ്‌സ് മാസികയുടെ വാർഷിക ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം യുഎസ് പ്രസിഡന്റിന്റെ സമ്പാദ്യം മാർച്ച് 1 ന് 3.1 ബില്യൺ ഡോളർ ആയിരുന്നു. അത് മാർച്ച് 18 ആയപ്പോഴേക്കും 2.1 ബില്യൺ ഡോളറായി കുറഞ്ഞു. കൊറോണ വൈറസ് പാൻഡെമിക്മൂലം സ്റ്റോക്ക് മാർക്കറ്റുകൾ കുത്തനെ ഇടിഞ്ഞ സമയമാണത്. ആഗോള സ്റ്റോക്ക് മാർക്കറ്റുകളിൽ കോവിഡ് -19 ഉണ്ടാക്കിയ തകർച്ച ലോകത്തെ ഏറ്റവും സമ്പന്നരായ 267 പേർക്ക് 'മഹാകോടീശ്വര പദവി' നഷ്ടപ്പെടാൻ കാരണമായി എന്നാണ് ഫോബ്‌സ് മാസിക പറയുന്നത്. ലോകത്ത് ഇപ്പോൾ 2,095 ശതകോടീശ്വരന്മാരുണ്ട്. അവരിൽ 1,062 പേർക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം, ശതകോടീശ്വരന്മാരുടെ ക്ലബിൽ പുതുതായി ഇടം കണ്ടെത്തിയവരുടെ കൂട്ടത്തിൽ സിലിക്കൺ വാലിയിൽ നിന്നുള്ള വീഡിയോ കോൺഫറൻസിങ് ആപ്പായ സൂമിന്റെ സ്ഥാപകൻ എറിക് യുവാനും ഉൾപ്പെടുന്നു. സൂമിന്റെ 20% ഓഹരികൾ സ്വന്തമാക്കിയിരിക്കുന്ന യുവാന് 5.5 ബില്യൺ ഡോളർ ആസ്തിയുണ്ട് എന്നാണ് കണക്കാക്കുന്നത്. കൊറോണ വൈറസ് ലോക്ക് ഡൗൺ സമയത്ത് ലോകമെമ്പാടുമുള്ള ആളുകൾ പരസ്പരം സമ്പർക്കം പുലർത്താൻ സൂം ആപ്ലിക്കേഷൻ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ അത് വളരെ ജനപ്രിയമായി.ആമസോൺ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജെഫ് ബെസോസ് തുടർച്ചയായ മൂന്നാം വർഷവും 113 ബില്യൺ ഡോളർ ആസ്തിയുമായി ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം നിലനിർത്തി. കമ്പനിയുടെ മിക്ക സേവനങ്ങളും ഇപ്പോഴും തുടരുന്നതിനാൽ ആമസോണിന്റെ ഓഹരികൾ സ്റ്റോക്ക് മാർക്കറ്റ് തകർച്ചയിൽ നിന്ന് കരകയറിയിരുന്നു.

U ആകൃതിയിലുള്ള സാമ്പത്തിക വളർച്ചയിൽ ലോകം തിരിച്ചുവരമോ?

1930 ലെ മഹാ മാന്ദ്യത്തിന് ശേഷം ഉള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം എന്നാണ് ഐഎംഎഫും ലോകബാങ്കും ഇപ്പോഴുള്ള കോവിഡ് പ്രതിസന്ധിയെ വിലയിരുത്തുന്നത്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് കഴിഞ്ഞദിവസം സംഘടിപ്പിച്ച ഒരു സർവ്വേയിൽ ഒരു വിഭാഗം വിദഗ്ദ്ധർ 2020ഇൽ ആഗോള സമ്പദ്വ്യവസ്ഥ 6 ശതമാനം ഇടിവ് നേരിടും എന്നാണ് പറയുന്നത്. എന്നാൽ മറ്റൊരു വിഭാഗം സാമ്പത്തിക വിദഗ്ദ്ധർ 0.7 ശതമാനം വളർച്ച ഉണ്ടാകും എന്ന് പറയുന്നു. സമ്പദ്വ്യവസ്ഥയുടെ പ്രകടനം സംബന്ധിച്ച് രണ്ട് വ്യത്യസ്ത ആശയങ്ങൾ നിലനിൽക്കുന്നു എന്ന് ചുരുക്കം. ഒരു വിഭാഗം വിദഗ്ദ്ധർ പറയുന്ന പ്രധാനപ്പെട്ട കാര്യം ഈ സാമ്പത്തിക വർഷം മൂന്നാം പാദത്തിലും നാലാം പാദത്തിലും സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് നടത്തും എന്നുള്ളതാണ്. കോവിഡ് വൈറസ് സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കുന്നതിന് എല്ലാ രാജ്യങ്ങളും പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കുന്നുണ്ട്.

ഇതിനുപുറമേ വ്യാപാര ഇടപാടുകൾ പഴയരീതിയിൽ എത്തുക കൂടി ചെയ്യുന്നതോടെ സമ്പദ് വ്യവസ്ഥ ഏറ്റവും താഴെ നിന്ന് കുത്തനെ മുകളിലേക്ക് കുതിച്ചുയരും എന്ന് ഇവർ പറയുന്നു. ഇതാണ് ഒരു 'V' ആകൃതിയിലുള്ള പ്രകടനം. 2008 -2009 സാമ്പത്തിക വർഷത്തിൽ ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ നിന്നുള്ള തിരിച്ചുവരവ് 'U' ആകൃതിയിൽ ആയിരുന്നു. സമ്പദ് വ്യവസ്ഥ പഴയ വളർച്ചയിലേക്ക് എത്തുന്നതിന് രണ്ടോ മൂന്നോ പാദങ്ങൾ കാലതാമസം ഉണ്ടാകുമ്പോഴാണ് U ആകൃതിയിലുള്ള വളർച്ച ആകുന്നത്. ലോക്ഡൗൺ മൂലം ഉണ്ടായ പ്രതിസന്ധികൾ വളരെ സാവധാനം മാത്രമേ പരിഹരിക്കപ്പെടുകയുള്ളൂ എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. വീണ്ടും രോഗം പടരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുന്നത് തുടരാനാണ് സാധ്യത എന്നും ടൂറിസം മേഖലയിൽ ഉണ്ടായ കനത്ത ആഘാതം പ്രതിസന്ധി ഗുരുതരമാക്കും എന്നും ഇവർ വിലയിരുത്തുന്നു. അതുകൊണ്ട് 'V' ആകൃതിയിലുള്ള ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ല. മറിച്ച് 'U' ആകൃതിയിലുള്ള തിരിച്ചുവരവാണ് ഇവർ പ്രവചിക്കുന്നത്.

ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കപ്പെടുകയും 'V' ആകൃതിയിൽ തിരിച്ചുവരവ് നടത്തുകയും ചെയ്തതിനുശേഷം ലോക്ഡൗൺ മൂലമുള്ള തൊഴിലില്ലായ്മയും കോർപ്പറേറ്റുകളുടെ പ്രതിസന്ധിയും കാരണം വീണ്ടും സമ്പദ്വ്യവസ്ഥ താഴെ പോകാനുള്ള സാധ്യതയുണ്ടെന്ന് ഒരു വിഭാഗം വിദഗ്ദ്ധർ പറയുന്നു. ഒരു പക്ഷേ വീണ്ടും കോവിഡ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുകയാണ് എങ്കിൽ ആഗോള സമ്പദ്വ്യവസ്ഥ വീണ്ടും ഒരു തകർച്ചയിലേക്ക് നീങ്ങാം. അങ്ങനെ വന്നാൽ ഒരു 'W' ആകൃതിയിൽ ഉള്ള ചലനം ആയിരിക്കും ആഗോള സമ്പദ് വ്യവസ്ഥയിൽ ഉണ്ടാവുക എന്ന് ഇവർ വിദഗ്ദ്ധർ വിലയിരുത്തുന്നു. ആഗോള സമ്പദ്വ്യവസ്ഥ തകർച്ചയിലേക്ക് നീങ്ങുകയും അടുത്തൊന്നും തിരിച്ചുവരാൻ ആകാത്ത രീതിയിൽ താഴ്ന്ന വളർച്ച നിരക്കിൽ മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തെയാണ് ''L'' ആകൃതിയിലുള്ള വളർച്ച എന്ന് പറയുന്നത്.

വൈറസ് പടരുകയും ലോക് ഡൗൺ നീട്ടേണ്ടി വരികയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ 'L' ആകൃതിയിലുള്ള വളർച്ച ആയിരിക്കും ഫലം. . ''L'' മാതൃകയിലുള്ള വളർച്ചനിരക്ക് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളെ ആയിരിക്കും. കാരണം വലിയതോതിലുള്ള സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുന്നതിന് വികസ്വര പരിമിതിയുണ്ട്. ഇത് കൂടുതൽ പ്രതിസന്ധിയിലേക്കായിരിക്കും നയിക്കുക.

വിശദീകരണങ്ങളും സിദ്ധാന്തങ്ങളും ഒരുപാട് ഉണ്ടെങ്കിലും ലോകത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ ദിനങ്ങൾ ആണെന്നതിൽ തർക്കമില്ല. അതിനെ എത്രകാലവും സമയവും എടുത്ത് നാം അതിജീവിക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ലോകത്തിന്റെ നിലനിൽപ്പ്. വൈറസിനേക്കാൾ വലുതുാണ് അതുണ്ടാക്കുന്ന സാമ്പത്തിക മാന്ദ്യമെന്ന് ചുരുക്കം.

( വിവരങ്ങൾക്ക് കടപ്പാട്- ദ ഗ്രേറ്റ് ഡിപ്രഷൻ ആൻഡ് സെക്കൻഡ് വേൾഡ് വാർ- ഹെന്റി ലോപ്പസ്, ബ്ലൂബംർഗ് റിപ്പോർട്ടുകൾ, എക്കണോമിക്ക് ടൈംസ് ലേഖനങ്ങൾ, സെക്കൻഡ് ഡിപ്രഷൻ- അമർത്യാസെൻ, കാപ്പിറ്റലിസം ഒരു ദൂർഭൂതമല്ല- പി ബി ഹരിദാസൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP