Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

പഞ്ചാബ് സർക്കാറിന് മാത്രം പ്രതിവർഷം നഷ്ടമാവുക അയ്യായിരം കോടിയോളം; സിഖ് അഭിമാനവും പഞ്ചാബ് ദേശീയതയും സമരത്തിൽ ജ്വലിക്കുന്നു; 91 ൽ മന്മോഹൻസിങ് നടപ്പാക്കിയ സാമ്പത്തിക ഉദാരീകരണം പോലെ വൻ വിപ്ലവം ആകുമായിരുന്നിട്ടും മോദി സർക്കാർ പതറുന്നു; കർഷക സമരത്തിന് പിന്നിലെ അജണ്ടകൾ എന്താണ്?

പഞ്ചാബ് സർക്കാറിന് മാത്രം പ്രതിവർഷം നഷ്ടമാവുക അയ്യായിരം കോടിയോളം; സിഖ് അഭിമാനവും പഞ്ചാബ് ദേശീയതയും സമരത്തിൽ ജ്വലിക്കുന്നു; 91 ൽ മന്മോഹൻസിങ് നടപ്പാക്കിയ സാമ്പത്തിക ഉദാരീകരണം പോലെ വൻ വിപ്ലവം ആകുമായിരുന്നിട്ടും മോദി സർക്കാർ പതറുന്നു; കർഷക സമരത്തിന് പിന്നിലെ അജണ്ടകൾ എന്താണ്?

എം മാധവദാസ്

'ഇനി നമുക്ക് മുറ്റത്തെ തുളസിയില  നുള്ളുന്നതിന് പോലും അമേരിക്കയുടെ അനുവാദം വേണ്ടിവരും'- ഗാട്ട്കാരാറിന്റെ സമയത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം ഇടത് ബുദ്ധിജീവികൾ പ്രചരിപ്പിച്ച ഒരു നുണക്കഥായിരുന്നു ഇത്. ഗാട്ട്കരാറിനെതിരെയും ഡങ്കൽ നിയമങ്ങൾക്കെതിരെയും ബന്ദും വഴിതടയലും നടത്തിയും, പന്തം കൊളുത്തി പ്രകടനം നടത്തിയും, പൊതുമുതൽ നശിപ്പിച്ചും കാൽ നൂറ്റാണ്ട് മുമ്പ് ഒരു പാട് സമരങ്ങൾ കേരളം കണ്ടു. അതുപോലെ 91ലെ നരസിംഹറാവു സർക്കാറിന്റെ കാലത്ത്, സാമ്പത്തിക ഉദാരവത്ക്കരണം തുടങ്ങിയപ്പോൾ  കേരളം തിളച്ചുമറിയുകയായിരുന്നു. കോർപ്പറേറ്റുകൾ നമ്മുടെ നാട് കൊള്ളയടിക്കുമെന്നും, ഐഎംഎഫ് ഇന്ത്യയെ അടിമയാക്കും എന്നൊക്കെയായിരുന്നു പ്രചാരണം. പക്ഷേ അതെല്ലാം തെറ്റായിരുന്നെന്ന് കാലം തെളിയിച്ചു.

ഹരിതവിപ്ലവത്തിനുശേഷം ഇന്ത്യയുടെ പട്ടിണിമാറ്റിയ പ്രധാനഘടകങ്ങളിൽ ഒന്നായി സാമ്പത്തിക ഉദാരീകരണം മാറി. വിപണി തുറക്കുകയും ലൈസൻസ് രാജ് അവസാനിക്കയും ചെയ്തയോടെ നൂറുകണക്കിന് കമ്പനികൾ ഇന്ത്യയിലേക്കും, നമ്മൾ ഇവിടെനിന്ന് പുറത്തേക്കും പ്രവഹിക്കാൻ തുടങ്ങി. പട്ടിണി കിടന്ന് മരിക്കുമെന്ന് സ്വാതന്ത്ര്യം കിട്ടിയപ്പോൾ പലരും പ്രവചിക്കപ്പെട്ട ഒരു ദരിദ്രരാഷ്ട്രം അങ്ങനെ ആഗോള സാമ്പത്തിക മാന്ദ്യക്കാലത്തുപോലും പിടിച്ചു നിന്നു. ആഗോളീകരണത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും ഏറ്റവും വലിയ ഗുണഫലങ്ങൾ ലഭിച്ചത്, അടിസ്ഥാന തൊഴിൽമേഖലകൾ കാര്യമായി ഒന്നു ഇല്ലാതിരുന്ന, മാൻ പവർ മാത്രമുള്ള  കേരളത്തിനാണെന്നതും നാം മറക്കരുത്.

ഇന്ത്യയുടെ വാണിജ്യത്തെയും വ്യവസായത്തെയും എങ്ങനെ ഉദാരീകരണം സ്വാധീനിച്ചുവെങ്കിൽ അതുപോെല വിപ്ലവകരമായ ഒരു മാറ്റമായിരുന്നു മോദി സർക്കാറിന്റെ പുതിയ കാർഷിക ബില്ലും. മറ്റൊരു തരത്തിൽ പറഞ്ഞാൽ അടഞ്ഞു കിടക്കുന്ന ഇന്ത്യൻ കാർഷിക മേഖലയെ തുറന്ന് കൊടുക്കുകയാണ് ചെയ്യുന്നത്. ഇപ്പോഴും 80 ശതമാനം കൃഷിക്കാരും ദാരിദ്ര രേഖക്ക് താെഴയുള്ള ഒരു രാജ്യത്ത് കർഷകനെ ഇടനിലക്കാരനിൽ നിന്ന് മോചിപ്പിക്കാനുള്ള ആത്മാർഥമായ ശ്രമം ആ ബിൽ വായിക്കുന്ന ആർക്കും ബോധ്യമാവും. ചാണക കൃഷിയിൽ നിന്ന് ഇന്ത്യയെ ആധുനികകൃഷിയിലേക്കും, ആഗോളവിപണിയിലേക്കുമുള്ള നേരിട്ടുള്ള ഇടപെടലായിരുന്നു  ഉദ്ദേശിച്ചതെന്ന്. പക്ഷേ അത് നിയമമായപ്പോൾ മോദി സർക്കാർ പോലും ഞെട്ടി വിറച്ചിരിക്കയാണ്. ഒരാഴ്ചയായി തുടരുന്ന കർഷക സമരത്തിൽ  ആകെ അമ്പരന്നിരിക്കയാണ് സർക്കാർ. ഇത്രയും വിപ്ലവകരമായ നീക്കം നടപ്പിലാക്കിയിട്ടും കേന്ദ്രത്തിന് പിഴച്ചത് എവിടെയാണ്?

2019 ൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത നിയമം

ഇപ്പോൾ നിയമമായ മൂന്ന് ബില്ലിനോടും തത്വത്തിൽ എതിർപ്പുള്ളവർ ഏറെ കുറവാണെന്നതാണ് രസാവഹം. അവർ നടപ്പാക്കുന്നതിലെ പ്രശ്നമാണ് ചൂണ്ടിക്കാട്ടുന്നത്. ഈ നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസിന്റെ 2019ലെ പ്രകടന പത്രിക പറഞ്ഞിരുന്നത്. കർഷകനെ രക്ഷിക്കാനുള്ള അവസാന പോംവഴി എന്ന നിലയിലാണ് കോൺഗ്രസ് നേതാവ് കപിൽ സിബൽ അടക്കമുള്ളവർ സംസാരിച്ചത്. ഇപ്പോൾ മോദി സർക്കാറിനെ അടിക്കാനുള്ള ഒരു വടി എന്ന നിലയിൽ കോൺഗ്രസും പ്ലേറ്റ് മാറ്റിയിരിക്കയാണ്. കോൺഗ്രസ് മാത്രമല്ല എല്ലാ പ്രമുഖ പാർട്ടികളും കാർഷിക രംഗത്ത് പരിഷ്‌ക്കരണം വേണമെന്നുള്ള നിലപാടിലാണ്. കഴിഞ്ഞ 25 വർഷക്കാലമായി സർക്കാർ ഈ മേഖലയിൽ നിയോഗിച്ചിട്ടുള്ള പഠന കമ്മീഷനുകളും, വിരൽ ചൂണ്ടുന്നത് ഇതിലേക്കാണ്. ഇന്ത്യയിലെ കർഷകൻ വൻ തോതിൽ ആത്മഹത്യചെയ്യുന്നു, അവർ കടക്കെണിയിലാണ്, ദാരിദ്ര്യത്തിലാണ് എന്ന് ഈ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെയാണ് കാർഷിക പരിഷ്‌ക്കരണം വേണമെന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. അത് നടപ്പിൽ വരുത്തുമ്പോൾ ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങളാണ്, ആശങ്കകളുമാണ് ഇപ്പോഴത്തെ കർഷക സമരത്തിന് കാരണമെന്ന് വ്യക്തം. അതായത് നിലവിലെ കാർഷിക ബിൽ മോദിയുടെ മാത്രം സൃഷ്ടിയല്ല. യുപിഎ സർക്കാർ അടക്കം കൊണ്ടുവന്ന വിവിധ കമ്മീഷനുകളുടെ തുടർച്ചയാണ്.

ഇന്ത്യയിലെ കർഷകൻ യഥാർഥത്തിൽ അദൃശ്യനാണ്. കർഷകനുവേണ്ടി സംസാരിക്കുന്നതും അത് സോഷ്യൽ മീഡയയിൽ ആയാലും ടെലിവിഷനിൽ ആയാലും മധ്യവർത്തികൾ ആണ്. രാഷ്ട്രീയ സംഘടനകൾ, ഉപഭോക്താക്കൾ, ഭരണകർത്താക്കൾ ഇവരൊക്കെയാണ് ഈ വിഷയം കൂടുതൽ സംസാരിക്കുന്നത്. 1947ൽ ഇന്ത്യാക്കാർ ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം നേടിയപോലെ, 1991ൽ ആഗോളീകരണവും സ്വകാര്യവത്ക്കരണവും മന്മോഹൻസിങിന്റെ നേതൃത്വത്തിൽ വന്നപോലെ, ലൈസസൻസ് രാജ് അവസാനിച്ചപോലെ കർഷകരുടെ ലിബറേഷൻ ആണ് ഈ ബില്ലുകൾ എന്നാണ് ബിജെപിയും ആദ്യം അവകാശപ്പെടുന്നത്. പക്ഷേ അവരുടെ പ്രശ്നം അത് പറഞ്ഞ് ഫലിപ്പിക്കാൻ ആവുന്നില്ല, കർഷകരുടെ ഭീതി അകറ്റാൻ കഴിയുന്നില്ല എന്നതാണ്.

മണ്ഡി മാർക്കറ്റിൽ ഒതുങ്ങുന്ന ജീവിതങ്ങൾ

ഈ ബില്ലുകൾ നടപ്പിലാക്കുമ്പോൾ,  കൂടുതലായിട്ട് സ്വകാര്യ മൂലധന നിക്ഷേപം ഉണ്ടാവുകയും ഇന്ത്യൻ കാർഷിക രംഗത്ത് സ്വകാര്യ ശക്തികൾ കൂടുതൽ പിടിമുറുക്കുകയും ചെയ്യുമെന്ന ആശങ്കയാണ് പ്രധാനമായിട്ടും ഉന്നയിക്കുന്നത്. മറ്റൊന്ന്, കർഷകർക്ക് കിട്ടികൊണ്ടിരുന്ന താങ്ങുവില, ഇല്ലാതാവും എന്നുള്ള ഭയമാണ് മറ്റൊന്ന്. പക്ഷേ ഇതൊക്കെ അടിസ്ഥാന രഹിതമാണ്.

ഇതുവരെ ഉത്തരേന്ത്യയിലൊക്കെ മാർക്കറ്റ് നിലനിന്നിരുന്നത് മണ്ഡി മാർക്കറ്റ് സമ്പ്രദായത്തിലാണ്.  അഗ്രികൾച്ചറൽ പ്രൊഡ്യൂസ്ഡ് മാർക്കറ്റിങ്ങ് കമ്മറ്റി അഥവാ എപിഎംസി എന്നു പറയുന്ന സമ്പ്രദായം പല സംസ്ഥാനങ്ങളിലും സജീവമായിട്ടുണ്ട്. ഇവിടെ ഒരു കർഷകന് അയാൾ ഉണ്ടാക്കുന്ന ഉൽപ്പന്നം സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്യുന്ന ഈ മാർക്കറ്റിൽ എത്തിക്കാൻ അവസരം ഉണ്ട്. അങ്ങനെ അത് വിറ്റഴിക്കപ്പെടുന്നു. ഇത് എത്തിക്കുന്നത് പലപ്പോഴും കമ്മീഷൻ ഏജൻസും ഇടനിലക്കാരുമാണ്. മണ്ഡിമാർക്കറ്റ് വഴി സംസ്ഥാന സർക്കാറിന് ടാക്സും ലെവിയും ലഭിക്കും. പിന്നീട് സംസ്ഥാന ഗവൺമെന്റ് വഴി ഈ ഭക്ഷ്യധാന്യങ്ങൾ ഫുഡ്കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ എത്തിക്കും. അവർ അത് ശേഖരിക്കും. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും സംസ്ഥാന സർക്കാറിനും ഒരു വരുമാനമുണ്ട്. അങ്ങനെ ഇടനിലക്കാർക്കും സർക്കാറിനും കൃത്യമായി വരുമാനം കിട്ടുന്ന, മാർക്കറ്റിങ്ങ് സംവിധാനമാണ് ഉത്തരേന്ത്യയിൽ നിലവിൽ ഉള്ളത്. പക്ഷേ കേരളത്തിൽ ഒന്നും നമ്മൾ ഇതേക്കുറിച്ച് കേട്ടിട്ടുപോലുമില്ല. പക്ഷേ കേരളത്തിലും കൃഷി കോർപ്പറേറ്റുകൾ വിഴങ്ങുമെന്ന് പറഞ്ഞ് പലരും സോഷ്യൽ മീഡിയയിൽ തള്ളുകയാണ്.

പക്ഷേ പഞ്ചാബ്, യുപി, ഹരിയാന, ഉത്തതർ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ ഹിന്ദി ബെൽറ്റിൽ ഈ മണ്ഡി മാർക്കറ്റിനെ ആശ്രയിച്ചാണ് കർഷകൻ, അവന്റെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത്. ഈ മാർക്കറ്റിൽ ഒരുകാര്യം ഉറപ്പാണ്. കർഷകന് താങ്ങുവില എപ്പോഴും ലഭിക്കും. ഒരു ഉൽപ്പന്നത്തിന്റെ വിലയിടിയുകയാണെങ്കിൽ ഗവൺമെന്റ് നടത്തുന്ന ഒരു ഇടപെടൽ ആണ് താങ്ങുവില അഥവാ മിനിമം മാർക്കറ്റ് പ്രൈസ്. പലപ്പോഴും ഉള്ളിയുടെയും തക്കാളിയുടേയും ഒക്കെ വില കിലോക്ക് ഒന്ന് രണ്ട് രൂപയൊക്കെയായി ഇടിയാറുണ്ട്. റോഡ് സൈഡിൽ കൂട്ടിയിട്ട് വിൽക്കേണ്ട അവസ്ഥയും,  ഇത് കളയേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. പലപ്പോളും ഉരുളക്കിഴങ്ങ് പോലുള്ള കൃഷി വൻ നഷ്ടത്തിലേക്ക് പോകുമ്പോൾ കർഷകർ, അത് വിളവെടുക്കാതെ ഉഴൂതിടുകയാണ് ചെയ്യാറ്. ഇതിന്റെ എല്ലാം കാരണം കാർഷിക ഉൽപ്പന്നങ്ങൾക്ക് വൻ തോതിൽ വിലയിടിവ് ഉണ്ടാവുന്നു എന്നതാണ്.

 കർഷകനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന രീതിയിലാണ് ഈ വിലയിടിവ് നീങ്ങുന്നത്. മറ്റ് സാധനങ്ങൾക്ക് നാനൂറും അഞ്ചൂറും ഇരട്ടിയൊക്കെ വിലവർധനവ് ഉണ്ടാവുമ്പോൾ അതിന് ആനുപാതികമായി കർഷകന്റെ ഉൽപ്പന്നങ്ങൾക്ക് വിലകിട്ടുന്നില്ല, എന്നതാണ് ഇന്ത്യൻ കാർഷിക രംഗത്തെ തളർത്തുന്നത്. ഇത് എങ്ങനെ പരിഹരിക്കാമെന്ന ചിന്തയിൽനിന്നാണ് പുതിയ നിയമം ഉണ്ടാവുന്നത്.

ഇടനിലക്കാരിൽ നിന്നുള്ള സമ്പൂർണ്ണ മോചനം

ആദ്യത്തെ ബില്ലിന്റെ പേര് ഫാർമേസ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേർസ്, പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ബിൽ 2020യാണ്. ഇത് പ്രധാനമായും ലക്ഷ്യമിടുന്നത് കർഷന്റെ സ്വാതന്ത്ര്യത്തിലാണ്. അതായത് സാധാരണ കർഷകൻ ഉത്തരേന്ത്യയിൽ ചെയതുകൊണ്ടിരിക്കുന്നത്, അവനുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ, ഇടനിലക്കാർക്ക് കൊടുക്കുകയും അവർ അത് മണ്ഡിമാർക്കറ്റിൽ വിൽക്കുകയുമാണ്. ഭൂവുടമകൾ, കർഷകർ, സർക്കാർ പ്രതിനിധികൾ എന്നിവർ എല്ലാം അടങ്ങിയ കമ്മറ്റിയാണ് മണ്ഡി മാർക്കറ്റിനെ നിയന്ത്രിക്കുന്നത്. അർഹതീയ എന്നു പറയുന്ന ഇടനിലക്കാരാണ് വിളകൾ കർഷകരിൽനിന്ന് വാങ്ങി മണ്ഡിമാർക്കറിൽ എത്തിക്കുന്നത്. പലപ്പോഴും കർഷകൻ വിളവിറക്കുമ്പോൾ തന്നെ ഇവർ പണം കൊടുത്ത് ഈ വിളവ് വാങ്ങാറുമുണ്ട്. ഈ ഇടനിലക്കാരായ അർഹതീയ എന്നു പറയുന്നവർ വളരെ പ്രബലർ ആണ്. അവർക്ക് ഗവൺമെന്റുമായും രാഷ്ട്രീയ പാർട്ടികളുമായുമൊക്കെ, വളരെ അടുത്ത ബന്ധമാണുള്ളത്. പ്രത്യേകിച്ച് പഞ്ചാബിലും ഹരിയാനയിലും.

പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ മറ്റ് സംസ്ഥാനങ്ങളിലെ കർഷകരേക്കാൾ പ്രബലരാണ്. ഇതിൽ ഒരു വിഭാഗം വളരെ ധനികരുമാണ്. അതുപോലെയല്ല മധ്യപ്രദേശലോ, ബീഹാറിലോ, യുപിയിലോ ഉള്ള കർഷൻ. അവിടെ ഒക്കെ ഇപ്പോളും ഒരു ഫ്യൂഡൽ രീതിയിലാണ്. ബില്ലിൽ കാർഷിക വിഭവങ്ങൾ വിൽക്കുന്നതിനെ കുറിച്ച് ഇങ്ങനെ പറയുന്നു. കർഷകൻ തന്റെ ഉൽപ്പന്നം എവിടെ വിൽക്കണം എപ്പോൾ വിൽക്കണം എന്നെല്ലാം തീരുമാനിക്കുന്നത് കർഷൻ തന്നെയാണ്. ഈ ഇടനിലക്കാരായ അർഹതീയകളെ ഒഴിവാക്കാനുള്ള അധികാരവും അവകാശവും കർഷകന് വന്നുചേരുന്നു. ഇതാണ് കാർഷിക ബില്ലിലെ ആദ്യത്തെ പ്രധാന വ്യവസ്ഥ.

പക്ഷേ ഈ പരമാധികാരം കർഷകർ ഇഷ്ടപ്പെടുന്നില്ല, അല്ലെങ്കിൽ അവർക്ക് അത് വേണ്ട എന്നാണ്, ഈ സമരത്തെ വിലയിരുത്തുമ്പോൾ മനസ്സിലാവുക.  ഈ ഇടനിലക്കാർ ദുർബലപ്പെട്ടു കഴിഞ്ഞാൽ, അവരുടെ ഉള്ള വരുമാനം കൂടി പോവുമോ, എന്ന ഭീതി കർഷകർക്കുണ്ട്. ഈ ബില്ലിൽ പറയുന്നത് പ്രാദേശിക മാർക്കറ്റിന് പുറത്തു കർഷകന് തന്റെ ഉൽപ്പനം വിൽക്കാം എന്നതാണ്. ജില്ലക്ക് പുറത്തുകൊണ്ടുപോയി വിൽക്കാം, സ്വകാര്യ സ്ഥലങ്ങളിൽ കൊണ്ടുപോയി വിൽക്കാം, സംസ്ഥാനത്തിന് പറുത്ത് വിൽക്കാം. വേണമെങ്കിൽ കയറ്റുമതിയും അവാം. അതിന് ലെവിയും സെസ്സും ഒന്നുമില്ല.

പഞ്ചാബ് സർക്കാറിന് നഷ്ടം പ്രതിവർഷം അയ്യായിരം കോടി

 മണ്ഡി മാർക്കറ്റിൽ കൊണ്ടുവന്ന് സാധനങ്ങൾ വിൽക്കുമ്പോൾ ഒരു സെസ്സും ടാക്സും അടക്കേണ്ടതായിട്ടുണ്ട്. ഇത് പോകുന്നത് സംസ്ഥാന സർക്കാറിനാണ്. എഫ്‌സിഐയിൽനിന്നും വിളവിൽനിന്നുമെല്ലാം സംസ്ഥാന സർക്കാറിന് കിട്ടുന്നത് വലിയ വരുമാനമാണ്. പഞ്ചാബിലൊക്കെ ഇത് ഒരു വർഷം ആയ്യായിരം കോടി വരുമെന്നാണ് പറയുന്നത്. പഞ്ചാബ് സർക്കാർ പറയുന്നത് ഈ വരുമാനത്തിൽനിന്നാണ് അവർ കർഷകർക്കുള്ള വിത്തും വളവും സബ്സിഡിയുമൊക്കെ കൊടുക്കുന്നത് എന്നാണ്.

പലപ്പോഴും ബ്ലേഡ് കമ്പനികൾ പോലെയാണ് കമ്മീഷൻ ഏജൻസ് പ്രവർത്തിക്കുന്നത്. അവർ കർഷകന് പണം നേരത്തെ കൊടുക്കുന്നു, ബന്ധം സ്ഥാപിക്കുന്നു, അവനെ കടക്കെണിയിൽ കുരുക്കുന്നു. മണ്ഡിമാർക്കറ്റിൽനിന്ന് വലിയ ലാഭവും കൊയ്യുന്നത് അവർ ആണ്. സംസ്ഥാന സർക്കാറിനും ഇതിൽനിന്ന് വലിയ ലാഭമുണ്ട്. ഈ രണ്ടുകൂട്ടരും ഇപ്പോൾ അസ്വസ്ഥരാണ്. കമ്മീഷൻ ഏജൻസ് കരുതുന്നത് തങ്ങൾക്ക് തൊഴിൽ രഹിതർ ആവുമെന്നാണ്. സംസ്ഥാന സർക്കാറിനും വൻ സാമ്പത്തിക നഷ്ടമുണ്ട്. നികുതിയില്ലാതെ കർഷകന് നേരിട്ട് ഉൽപ്പന്നം വിൽക്കാമെന്ന് പറഞ്ഞാൽ ക്രമേണേ മണ്ഡി മാർക്കറ്റുകൾ അപ്രസക്തമാവും. സ്വകാര്യ സംരംഭകരും പുറത്തുനിന്നുള്ള ആളുകളും കൂടുതൽ ഇടപെടും. ഇത് ഇതിനെയെല്ലാം നിയന്ത്രിക്കുന്ന ധനിക കർഷരും രാഷ്ട്രീയക്കാനും ഭൂവുടമകളും ആഗ്രഹിക്കുന്നില്ല എന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ഇവർക്ക് നല്ല രീതിയിൽ ആൾക്കൂട്ടത്തെ വിന്യസിക്കാനുള്ള പ്രഹര ശേഷിയുള്ളവർ ആണ്. അതുകൊണ്ട് കർഷകന് ഈ സമരത്തിലേക്ക് വന്നേ പറ്റൂ. പൂർണ്ണമായും അവന്റെ ആഗ്രഹം ഒന്നുകൊണ്ട് മാത്രം ആവണമെന്നില്ല കർഷകൻ സമരത്തിലേക്ക് എത്തുന്നത് എന്നത് വ്യക്തമാണ്.

സംസ്ഥാനത്തിന് പുറത്തുനിന്ന് വിൽപ്പനയും വാങ്ങലുമൊന്നും ഇന്ത്യയിൽ അത്ര എളുപ്പമായിരുന്നില്ല. കേരളാ ഗവൺമെന്റ് തന്നെ പല സാധനങ്ങളും, ഉത്തരേന്ത്യയിൽനിന്നോ, തമിഴ്‌നാട്ടിൽനിന്നോ വാങ്ങിക്കുന്നുണ്ടെങ്കിൽ നേരിട്ട് കർഷനുമായി ബന്ധപ്പെടാം എന്നാണ് ഈ ബിൽ പറയുന്നത്. ഇപ്പോൾ ഇത് ഇടനിലക്കാരുമായിട്ടാണ്. ഒരു കടപ്പുറത്ത് മൽസ്യം എത്തുമ്പോൾ അവിടെ എത്തിയാൽ നമുക്ക് അവിടെ നടക്കുന്ന ആദ്യത്തെ വിലപേശൽ കാണാം. മീൻപിടുത്തക്കാർക്ക് എത്ര കിട്ടുന്നു, മധ്യവർത്തികൾക്ക് എത്ര കിട്ടുന്നു, ഉപഭോക്താക്കൾക്ക് എത്ര കൊടുക്കേണ്ടി വരുന്നു, എന്ന് നോക്കുമ്പോൾ ഇതിനിടയിലുള്ള വമ്പൻ ചൂഷണത്തിന്റെ കാര്യം മനസ്സിലാവും. പലപ്പോഴും ഈ കർഷകത്തൊഴിലാളികൾക്കും മൽസ്യത്തൊഴിലാളികൾക്കും ഈ ഇടനിലക്കാരുടെ പിടിയിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ല.

ഗവൺമെന്റ് ഒരു പാട് ആനുകൂല്യങ്ങളും സൗജന്യങ്ങളും കർഷകർക്ക് കൊടുക്കുന്നുണ്ട് എന്നത് വസ്തുതയാണ്. വെള്ളം, വളം, വിത്ത്, വൈദ്യുതി, സബ്സിഡികൾ തുടങ്ങി അനവധി കാര്യങ്ങൾ. പക്ഷേ എന്നിട്ടും കർഷകരുടെ അവസ്ഥ മെച്ചപ്പെടുന്നില്ല. അതിന് പ്രധാന കാരണം ഈ ഇടനിലക്കാർ ആണ്. നിങ്ങൾ ഒരാളിൽനിന്ന് പൈസ വാങ്ങിച്ചു കഴിഞ്ഞാൽ അയാൾ പറയുന്ന കൃഷി ചെയ്യാനും നിർബന്ധിതമായിത്തീരും. അതാണ് ഇന്ത്യൻ കർഷകൻ ഉൾപ്പെട്ടിട്ടുള്ള ഡെത്ത് ട്രാപ്പ്. ഇത്രയധികം സൗജന്യങ്ങൾ കൊടുത്തിട്ടും പഞ്ചാബിൽപോലും എതാണ്ട് 80 ശതമാനം കർഷകരും കടക്കെണിയിലാണ്. അതോടെ മനുഷ്യൻ ജീവിതം തന്നെ അവസാനിപ്പിക്കുന്ന സാഹചര്യവും ഉണ്ടാവും.

സിഖ് അഭിമാനം ജ്വലിക്കുന്ന സമരം

ഈ സമരത്തിൽ കേന്ദ്ര സർക്കാർ പുലിവാല് പിടിച്ചത് സിഖ് പ്രൈഡിന്റെ പേരിലാണ്. അയായത് സിഖുകാർ പൊതുരെ അഭിമാനികളും കടുംപിടുത്തക്കാരുമാണ്. വെടിവച്ചാലും വെള്ളം തളിച്ചാലും ഒന്നും അവർ പിരിഞ്ഞുപോവില്ല. ഇത് മുന്നിൽ കണ്ടാണ് ക്യാപ്റ്റൻ അമരീന്ദർസിങ്  എന്ന പഞ്ചാബ് മുഖ്യമന്ത്രിയെ തന്നെ സമരം ഒത്തുതീർപ്പാക്കാൻ മധ്യസ്ഥാനക്കാൻ അമിത്ഷാ ശ്രമിച്ചത്. പക്ഷേ അതും പാളി. ബീഹാറിലെയും യുപിയിലെയും ദരിദ്ര നാരായണനായ കർഷന്റെ അവസ്ഥയല്ല പഞ്ചാബിൽ. ഒരോവീട്ടിലും മൂന്നും നാലും ട്രാക്ടറുകൾ പോലുമുള്ളവർ ആണ് ഏറെയും. വിത്തിനും വളത്തിനും വൈദ്യുതിക്കും വെള്ളത്തിനുമൊക്കെ സബ്സിഡിയുണ്ട്. ഈ വൈദ്യുതിയൊക്കെ വ്യാപകമായി മറിച്ച്‌വിൽക്കപ്പെടുകയും കാർഷികേതര ആവശ്യത്തിന് ഉപയോഗിക്കുന്നുമുണ്ട്. ഇതിന് പിന്നാലെയാണ് കാലാകാലവും  എഴുതിത്ത്ത്ത്തള്ളുന്ന കാർഷിക കടങ്ങളും. എഴുതിത്ത്ത്ത്തള്ളുംഎന്നും കരുതി സമ്പന്ന കർഷകർപോലും ബാങ്ക് കടം തിരിച്ചടക്കാറില്ല എന്നതാണ് പഞ്ചാബിലെ യാഥാർഥ്യം.ഈ താരതമ്യേന സമ്പന്ന കർഷകരും ഇടനിലക്കാരും തമ്മിൽ നല്ല ബന്ധവുമുണ്ട്. ഇവരാണ് സമരത്തിന് ആളെകൂട്ടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതും. മാത്രമല്ല കർഷകൻ എന്ന വാക്ക് ഇന്ത്യയിൽ ഏറെ വൈകാരികമാണ്. മറ്റൊരു സമരം പോലെ അത് അടിച്ചമർത്താൻ ആവില്ല.

ഹരിതവിപ്ലവത്തിനശേഷം ഉയർന്നശേഷിയുള്ള വിത്തിനങ്ങൾ, ജലസേചനം, വളം, കീടനാശിനി, ഉന്നതമായ സാങ്കേതിക വിദ്യ എന്നിവ വഴി ഉൽപ്പാദനം വല്ലാതെ വർധിച്ചു. 1947ൽ 40 കോടിയുള്ള ജനസംഖ്യയെ കടുത്ത ദാരിദ്രത്തിലാണ് നാം കൊണ്ടുപോയത്. അന്ന് 80 ശതമാനത്തിലേറെപ്പേർ കൃഷിയിലായിരുന്നു. ഇന്ന് ഉണ്ടായിരുന്നതിനേക്കാൾ, ഒരു പാട് ഭൂമി കൃഷിക്ക് ഉപയോഗിച്ചിരുന്നു. ഒരു പാട് പശുക്കൾ ഉണ്ടായിരുന്നു. ഒരുപാട് പറമ്പുണ്ടായിരുന്നു. പക്ഷേ അന്നത്തെ ഉൽപ്പാദനം അന്നത്തെ  ജനതയെപ്പോലും തീറ്റിപ്പോറ്റാൻ ഉതകുന്നത് ആയിരുന്നില്ല. വലിയ തോതിലുള്ള പട്ടിണിയും ക്ഷാമവും ആയിരുന്നു അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നത്. പുതുയായി ഉണ്ടായ ഇന്ത്യൻ റിപ്പബ്ലിക്ക് പട്ടിണിയിൽ മരിക്കും, എന്ന പ്രവചനങ്ങളും പാശചാത്യലോകത്ത് അടക്കം ഉണ്ടായിരുന്നു. പക്ഷേ അങ്ങനെയാന്നും ഉണ്ടായില്ല. ഇന്ത്യ മുന്നേറി. പക്ഷേ ഇപ്പോൾ അമിത ഉൽപ്പാദനവും കർഷകന് പ്രശ്നാവുകയാണ്.

അമിത ഉൽപ്പാദനം വരുമ്പോൾ വില കുറയും. ഡിമൻഡ് ആൻഡ് സപ്ലെ എന്നതിനെ ആസ്പദമാക്കിയാണ് ലോകത്ത് എവിടെയും മാർക്കറ്റ് ചലിക്കുന്നത്. അത് എത്ര നിയന്ത്രിതമായ സമ്പദ് വ്യവസ്ഥയായായലും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് വലിയ
തോതിലുള്ള സപ്ലെ ഉണ്ടാവുമ്പോൾ അത് വാങ്ങാൻ ആളില്ലാതെ വില ഇടിയുന്നതും കർഷകൻ കടക്കെണിയിൽ ആവുന്നതും. ഉൽപ്പന്നങ്ങൾ കൃത്യമായി ശേഖരിക്കാനുള്ള സംവിധാനവും കർഷകനില്ല. ദേശീയതലത്തിൽ എഫ്‌സിഐക്കുപോലും ഇത്രയധികം സംഭരിക്കാനുള്ള സംവിധാനമില്ല. ഒരുവർഷത്തിൽ 40 ശതമാനം വരെ ഇങ്ങനെ
പാഴായിപ്പോകുന്നുണ്ട്.  

 നിലവിലുള്ള അവസ്ഥയിൽ കർഷന്റെ അവസ്ഥ വളരെ മോശമാണെന്ന് വ്യക്തമാണ്. അത് മാറ്റാനുള്ള ഒരു ശ്രമമാണ് ഈ ബില്ലുകളിലൂടെ വരുന്നത്. പക്ഷേ അതിനേയും എതിർക്കേണ്ട
അവസ്ഥ ഇന്ത്യൻ കർഷകന് വന്നിരിക്കയാണ്.

കോൺട്രാക്റ്റ് ഫാമിങ് എന്ന നിധി

കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന രാജ്യങ്ങളുടെയൊക്കെ ജാതകം മാറ്റിയത് വൻകിടി ആഗ്രി കമ്പനികളുമായി ചേർന്നുള്ള കോൺട്രാക്റ്റ് ഫാമിങ്ങ് ആണ്. കോൺട്രാക്റ്റ് ഫാമിങ്ങ് യാഥാർഥ്യമായാൽ ഈ മേഖലയിൽ കുത്തകകൾ വന്ന് കർഷകരെ നിയമപ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കുമെന്നതാണ് അടുത്ത ആരോപണം. ഇത്തരം കുത്തകകൾ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലേ കേസ് കൊടുത്താൽ അത് ഇന്ത്യൻ കർഷകർക്ക് വലിയ ബുദ്ധിമുട്ടാവും, എന്നുള്ളതാണ് ഉന്നയിക്കപ്പെടുന്ന മറ്റൊരു വാദം. ഈ ബില്ലിൽ അതിന് പരിഹാരമായി പ്രദേശിക പരാതി പരിഹാര സംവിധാനങ്ങൾ ഉണ്ടാക്കുമെന്ന് പറയുന്നുണ്ട്. കോർപ്പറേറ്റുകളുമായി സംസാരിക്കാനുള്ള വിവരം ഒന്നും കർഷകന് ഇല്ല എന്നാണ് ചിലർ പറയുന്നത്. ഇത്രയു വലിയ പ്രക്ഷോഭങ്ങൾ നടത്താൻ കഴിയുന്ന കർഷകന് ഒരു വിലയും ഇല്ല, അവർ വെറും മണ്ടന്മാരാണ് അവരെ ഇങ്ങനെ ചൂഷണം ചെയ്യാന സാധിക്കും എന്നൊക്കെ പറയുന്നത്, എത്ര ബാലിശമാണ്.

കർഷകന് ആധുനിക കൃഷി രീതിയെക്കുറിച്ച് കൂടുതൽ ആവബോധം ഉണ്ടാക്കുകയാണ് പദ്ധതികളും പരിപാടികളും ബില്ലിൽ ഉണ്ട്. പതിനായിരം ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ ഉണ്ടാക്കാനുള്ള പദ്ധതിയാണ് അടുത്തത്. ഇതു വഴിയാണ് കർഷകനെ ബോധവത്ക്കരിക്കുന്നത്. മറ്റൊന്ന് ഇലട്രോണിക്ക് ട്രേഡിങ്ങ് പ്ലാറ്റ്ഫോം ആണ്. വിലയെന്താണ് എന്നതടക്കമുള്ള കാര്യങ്ങൾ ഇതോടെ സുതാര്യമാവും. ഓൺലൈൻ മാർക്കറ്റിങ്ങും ഇതോടെ യാഥാർഥ്യമാവും.

മണ്ഡിമാർക്കറ്റുകൾ ഇല്ലാതാവും എന്ന ഭീതിയാണ് സമരത്തിന് പിന്നിലെങ്കിലും അങ്ങനെ സംഭവിക്കില്ലെന്ന് വളരെ വ്യക്തമായി കേന്ദ്ര സർക്കാർ പറയുന്നുണ്ട്. താങ്ങുവില ഇല്ലാതാവുമെന്ന ഭീതിയും, അസ്ഥാനത്താണെന്ന് കേന്ദ്ര ഗവണമെന്റ് പാർലിമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഈ റാബി സീസണിലേക്കുള്ള പല ഉൽപ്പന്നങ്ങളുടെയും താങ്ങുവില ഇതിനകം പ്രഖ്യപിച്ചിട്ടുമുണ്ട്. താങ്ങുവില റദ്ദാക്കില്ല എന്നത് എഴുതിക്കൊടുക്കണം എന്നാണ് സമരക്കാർ പറയുന്നത്. അതിനും സർക്കാർ തയ്യാറാണെന്ന മട്ടിലാണ് ഗവൺമെന്റിന്റെ വക്താക്കൾ പ്രതികരിച്ച കണ്ടത്. ഇനി മണ്ഡിമാർക്കറ്റിൽ തന്നെ വിൽക്കണം, ഇടനിലക്കാർക്ക് ഉൽപ്പന്നം കൊടുക്കണം എന്ന് ആഗ്രഹിക്കന്നവർക്കും അങ്ങനെതന്നെ ചെയ്യാം. മണ്ഡി മാർക്കറ്റും ഇല്ലാതാവുന്നില്ല, കമ്മീഷൻ ഏജൻസും ഇല്ലാതാവുന്നില്ല. കർഷകർ ആഗ്രഹിക്കുന്നില്ലെങ്കിൽ സ്വാഭാവികമായി മാത്രമാണ് അത് ഇല്ലാതാവുന്നത്.

എഫ്‌സിഐയുടെ ഭക്ഷ്യ സംഭരണത്തിലുള്ള കുത്തക അവസാനിക്കാനുള്ള സാധ്യതയാണ് ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകത. ഭക്ഷ്യശേഖരണത്തിൽ സ്വകാര്യ സംരംഭകരെയും അനുവദിക്കുന്നുണ്ട്. വലിയതോതിലുള്ള ഗോഡൗണുകളും, ഫ്രീസിങ്ങ് സൗകര്യങ്ങളും ഉള്ള കോർപ്പറേറ്റുകൾ അടക്കം ആർക്കുവേണമെങ്കിലും ചെയ്യാം. ഇത് വേണമെങ്കിൽ സഹകരണ മേഖലയിലും ചെയ്യാം. അതായത് എല്ലാവിധത്തിലുമുള്ള സ്വാതന്ത്ര്യമാണ്
ഇവിടെ ഉദ്ദേശിക്കുന്നത്. രണ്ടാമത്തെ നിയമത്തിൽ കർഷകൻ വിളവ് വിൽക്കുന്നവരുമായി വിലപേശുന്നത് അടക്കമുള്ള വ്യവസ്ഥകളാണ്. അതിൽ പറയുന്നത്, തുല്യനീതിയാണ്. നീ പറയുന്നതുപോലെ ഞാൻ ചെയ്യണം എന്നല്ല, കർഷകനും ശബ്ദം കൊടുക്കുന്നുണ്ട്. ഒരു മൽസരാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനമാണ് വിലപേശൽ. അത് ഒരു മോശം കാര്യമല്ല. നിങ്ങളുടെ കാര്യങ്ങൾ നിങ്ങളും അവരുടെ കാര്യങ്ങൾ അവരും പറഞ്ഞ് അവസാനം ഒരു പോയിന്റിൽ എത്തിച്ചേരുക.

വിലതാഴ്ന്നാലും ഉയർന്നാലും ഗുണം കർഷകന്

പുതിയ നിയമത്തിൽ പറയുന്നത് ഇങ്ങനെയാണ്. ഒരിക്കൽ കൃഷിസ്ഥലത്തെത്തി വിളവിറക്കുന്നതിന് മുമ്പ് വില നിശ്ചയിക്കാം. ഈ വില നിശ്ചയിച്ച് കഴിഞ്ഞാൽ ആ വില കൊടുക്കണം. വിളവെടുക്കുന്ന സമയത്ത് ചിപ്പോൾ വില താഴ്ന്നേക്കാം, അങ്ങനെ വന്നാൽ ആദ്യം നിശ്ചയിച്ച വിലയിൽ താഴയുള്ള വിലക്ക് കർഷകൻ വിൽക്കേണ്ട കാര്യമില്ല. വിത്തറെയുന്നതിന് മുമ്പ് കിലോക്ക് നൂറുരുപക്കാണ് വില നിശ്ചയിച്ചിരുന്നുവെന്നിരിക്കട്ടെ. ആറുമാസം കഴിഞ്ഞപ്പോൾ വിപണി വില കിലേക്ക് അമ്പത് രൂപയായി എന്നിരിക്കട്ടെ. പക്ഷേ അപ്പോഴും കർഷകന് നൂറു രൂപതന്നെ കൊടുക്കണം. എന്നാൽ ഈ നൂറു രൂപയെന്നത് 150 രൂപ ആയാൽ കർഷന് 150 തന്നെ കൊടുക്കണം. അതായത് ഉയർന്ന വില വന്നാൽ അതിന്റെ ഗുണം കിട്ടും. വില താഴ്ന്നുപോയാൽ പേടിക്കയും വേണ്ട. ഇതാണ് ഈ ബിൽ മുന്നോട്ടുവെക്കുന്ന മറ്റൊരു പ്രധാന കാര്യം. ഇത് കർഷകന് എത്ര സഹായകരമാണെന്ന് ഒന്ന് ആലോചിച്ച് നോക്കുക.

പണ്ടുതന്നെ നിലവിൽ ഉണ്ടായിരുന്നു എസ്സൻഷ്യൽ കമ്മോദിറ്റി ആക്റ്റിൽ ഭേദഗതി കൊണ്ടുവന്നതാണ് മൂന്നാമത്തെ ബിൽ. പൂഴുത്തിവെച്ച് മാർക്കറ്റിൽ കൃത്രിമക്ഷാവും വിലവർധനയും ഉണ്ടാക്കുന്നത് തടയാൻ ആണിത്. ഇന്ത്യയിലെ പല ക്ഷാമങ്ങളുടെയും കാരണങ്ങളിൽ ഒന്ന് ഈ പൂഴ്‌ത്തിവെപ്പാണെന്നും കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയാണ് എസ്സൻഷ്യൽ കമ്മോദിറ്റിആക്റ്റ് വരുന്നത്. ഈ പുതിയ നിയമപ്രകാരം ഇത്തരം ഉൽപ്പന്നങ്ങളെ എസ്സൻഷ്യൽ കമ്മോദിറ്റി ആക്റ്റിന്റെ പുറത്തുകൊണ്ടുവരികയാണ്. അപ്പോൾമാത്രമേ ഭക്ഷ്യധാന്യങ്ങൾ എല്ലാവർക്കും ശേഖരിക്കാൻ കഴിയും. അല്ലെങ്കിൽ ഒരു  നിശ്ചിത
 അളവിൽ മാത്രമേ ഇവ സൂക്ഷിക്കാൻ കഴിയൂ.

ഇതൊരു കൈവിട്ട കളിയായിട്ടാണ് പലർക്കും തോനുന്നത്. പക്ഷേ അങ്ങനെയല്ല. പുതിയ നിയമപ്രകാരം രണ്ടുതരം ഉൽപ്പന്നങ്ങൾ ആണുള്ളത്. ഒന്ന് പെരിഷബിൾ, രണ്ട് നോൺ പെരിഷബിൾ. എതാനും ദിവസങ്ങൾക്കുള്ളിൽ നശിച്ചുപോകുന്നതാണ് ആദ്യത്തേത്. നശിക്കാത്ത് രണ്ടാമത്തേതും. നോൺ പെരിഷബിൾ സാധനങ്ങളിൽ അമ്പത് ശതമാനം വിലവർധനവ് വന്നാൽ ഉടൻ തന്നെ അതിനെ എസ്സൻഷ്യൽ കമ്മോദിറ്റീസ് ആക്റ്റിലേക്ക് തിരിച്ച് കൊണ്ടുവരും. അതേസമയം പെരിഷബിൾ കമ്മോദിറ്റീസ് ആണെങ്കിൽ അതിൽ നൂറുശതമാനം വില വർധനവ് വന്നാൽ ഉടൻ തന്നെ എസ്സൻഷ്യൽ കമ്മോദിറ്റിയായി
മാറും. അതായത് വില വർധനവ് വന്നാൽ സർക്കാർ ഇടപെടുമെന്ന് ചുരുക്കും.

പ്രതിപക്ഷം കർഷകരോ

ചുരുക്കിപ്പറഞ്ഞാൽ കർഷകർക്ക് പൂർണ്ണമായും ഗുണം ചെയ്യുന്ന ഒരു കാര്യത്തിനുവേണ്ടി കർഷകരെത്തന്നെ അണി നിരത്തി ഉപരോധം ഉയർത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.അതിൽ മാറ്റൊരു രാഷ്ട്രീയം ഉണ്ട്. ബിജെപിയെ നേരിടാൻ കഴിയാതെ പ്രതിപക്ഷം ഏറെ ദുർബലമായ കാലമാണിത്. എവിടെ തിരഞ്ഞെടുപ്പ് ഉണ്ടായാലും കോൺഗ്രസിന് തിരിച്ചടി നേരിടുന്നു. ഈ സമയത്താണ് കർഷകരെ ഒരു പ്രതിപക്ഷ ശക്തിയായി പലരും കാണുന്നത്. കാര്യം ഈ നിയമം നല്ലതാണെങ്കിലും മോദി സർക്കാറിനെ അടിക്കാൻ ഒരു വടി എന്ന നിലയിൽ അവർ അതിനെ ഉപയോഗിക്കുന്നുവെന്നു മാത്രം. 2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ചെറുതും വലുതുമായ അനേകം കർഷക പോരാട്ടങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഒന്നാം നരേന്ദ്ര മോദി സർക്കാറിന്റെ കാലത്താരംഭിച്ച കർഷക പ്രതിഷേധങ്ങൾ രണ്ടാം നരേന്ദ്ര മോദി സർക്കാർ കാർഷിക ബിൽ നടപ്പാക്കിയതോടുകൂടി കൂടുതൽ ശക്തി പ്രാപിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

40 ശതമാനത്തിലധികം ആളുകൾ കാർഷിക വൃത്തിയിലധിഷ്ടിതമായി ജീവിക്കുന്ന തമിഴ്‌നാട്ടിലെ കർഷകർ രാജ്യതലസ്ഥാനത്തെ വിറപ്പിക്കുന്ന രീതിയിലായിരുന്നു സമരരംഗത്തേക്ക് വന്നത്.ചത്ത എലികളും തലയോട്ടിയുമായി ഡൽഹിയിലെ ജന്ദർമന്തറിൽ നടത്തിയ പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധ വരെ നേടിയിരുന്നു. 2017ൽ തമിഴ്‌നാട്ടിലെ 17 ലധികം കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കൊടിയ വരൾച്ചയെ തുടർന്നായിരുന്നു അന്ന് കർഷകർ ജന്ദർമന്തറിലെത്തിയത്. ഇനിയും കേന്ദ്രസർക്കാർ സഹായം തങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ ചത്ത എലികളെ തങ്ങൾക്ക് ഭക്ഷിക്കേണ്ടി വരുമെന്നാണ് അന്ന് കർഷക സമരത്തിന് നേതൃതത്തിലുണ്ടായിരുന്നവർ ആവർത്തിച്ചിരുന്നത്.

കൊടിയ വരൾച്ചയെ തുടർന്ന് കാർഷിക ജീവിതം പ്രതിസന്ധിയിലായ മധ്യപ്രദേശിലെ കർഷകർ 2017 ജൂൺ ഒന്നിനാണ് പ്രതിഷേധത്തിനിറങ്ങിയത്. വിളകൾക്ക് അർഹമായ താങ്ങുവില ലഭിക്കണമെന്ന ആവശ്യവും കർഷകർ ഉയർത്തി. സൈന്യത്തെ ഇറക്കിയായിരുന്നു സർക്കാർ സമരത്തെ നേരിട്ടത്. സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ആറ് കർഷർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ നടന്ന കിസാൻ ലോങ്ങ് മാർച്ചായിരുന്നു സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ കർഷക പ്രക്ഷോഭം. പതിനായിരക്കണക്കിന് കർഷകർ അണിനിരന്ന മാർച്ച് 2018 മാർച്ച് മാസത്തിലാണ് ആരംഭിച്ചത്.നാസിക് മുതൽ മുംബൈ വരെ 180 കിലോമീറ്റർ കർഷകർ തങ്ങളുടെ അവകാശങ്ങൾക്കായി കാൽനടയായി നടന്നു. വരൾച്ചയെ തുടർന്ന് നിരവധി കർഷകർ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയിലെ അനേകായിരം പേർ കിസാൻ ലോങ് മാർച്ചിൽ അണിനിരന്നത്. ആൾ ഇന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിലായിരുന്നു ലോങ് മാർച്ച് നടന്നത്.

പഞ്ചാബിലും രാജസ്ഥാനിലും ഹരിയാനയിലും ഝാർഖണ്ഡിലുമെല്ലാം ഇക്കാലയളവിൽ ചെറുതും വലുതുമായ അനേകം കർഷക സമരങ്ങൾ വേറയും നടന്നു. രാജസ്ഥാനിൽ സ്വന്തം ശരീരം കഴുത്തറ്റം മണ്ണിൽ മൂടി കർഷകർ നടത്തിയ സമരം ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.മോദി സർക്കാരിന് മുമ്പില്ലാത്ത വിധം രാഷ്ട്രീയ പ്രതിസന്ധികൾ കൂടി ഈ സമരം സൃഷ്ടിക്കുന്നുണ്ട്. കാർഷിക നിയമത്തിന് അംഗീകാരം നൽകിയതിന് പിന്നാലെ ദീർഘകാലമായി എൻ.ഡി.എയിൽ സഖ്യകക്ഷിയായുള്ള ശിരോമണി അകാലിദൾ എൻ.ഡി.എ വിട്ട് പുറത്ത് പോയി.അവരുടെ കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ രാജിവെച്ചു.

ഇപ്പോഴിതാ വിവാദമായ കാർഷിക നിയമം ഉടൻ പിൻവലിച്ചില്ലെങ്കിൽ എൻ.ഡി.എ വിടുമെന്ന് രാജസ്ഥാനിലെ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി അധ്യക്ഷൻ ഹനുമാൻ ബെനിവാളും മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അതായത് പുതിയ കാർഷിക നിയമത്തിന്റെ മെറിറ്റല്ല കർഷകൻ എന്ന വികാരം ഉയർത്തിവിട്ട് മോദി സർക്കാറിനെ വിറപ്പിക്കുയാണ് ഇവിടെ ലക്ഷ്യമാവുന്നത്.

വാൽക്കഷ്ണം: നോട്ടുനിരോധനം അടക്കമുള്ള പല ഭീകര ദുരന്തങ്ങൾ നടപ്പാക്കിയിട്ടും ജനം മോദി സർക്കാറിനെ ശിക്ഷിച്ചില്ല. പക്ഷേ കർഷകർക്ക് ഗുണകരമായ കാർഷിക ബിൽ നടപ്പാക്കിയതിന്റെ പേരിൽ കേന്ദ്ര സർക്കാർ വെള്ളം കുടിക്കുന്നു. ചരിത്രത്തിന്റെ കാവ്യനീതി എന്നല്ലാതെ എന്തു പറയാൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP