Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

സ്വപ്നയുടെ ഫോണിൽ സാക്കിർ നായിക്കിന്റെ ചിത്രം വന്നത് എങ്ങനെ? റമീസ് ടാൻസാനിയിൽ പോയി ആയുധം വാങ്ങിയത് ആർക്കുവേണ്ടി; ചില പ്രതികളുടെ പക്കൽ ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങൾ എങ്ങനെ വന്നു; ദാവൂദിന്റെ അനന്തരവൻ കൊല്ലപ്പെട്ട തിരുവനന്തപുരം രജിസ്‌ട്രേഷനുള്ള കാർ ആരുടെത്? ആഫ്രിക്കൻ മാഫിയക്കും സാക്കിർ നായിക്കിനും റോൾ എന്ത്? നയതന്ത്ര കള്ളക്കടത്തിലേക്ക് കൂടുതൽ കടങ്കഥകൾ

സ്വപ്നയുടെ ഫോണിൽ സാക്കിർ നായിക്കിന്റെ ചിത്രം വന്നത് എങ്ങനെ? റമീസ് ടാൻസാനിയിൽ പോയി ആയുധം വാങ്ങിയത് ആർക്കുവേണ്ടി; ചില പ്രതികളുടെ പക്കൽ ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങൾ എങ്ങനെ വന്നു; ദാവൂദിന്റെ അനന്തരവൻ കൊല്ലപ്പെട്ട തിരുവനന്തപുരം രജിസ്‌ട്രേഷനുള്ള കാർ ആരുടെത്? ആഫ്രിക്കൻ മാഫിയക്കും സാക്കിർ നായിക്കിനും റോൾ എന്ത്? നയതന്ത്ര കള്ളക്കടത്തിലേക്ക് കൂടുതൽ കടങ്കഥകൾ

എം മാധവദാസ്

'Where Zakir Naik is, there is also terrorism'. ലോകത്തിലെ നിരവധി ഭീകരാക്രമണക്കേസുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ തുടച്ചയായ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് അമേരിക്കയുടെ എഫ്ബിഐയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞ വാചകമാണ് 'എവിടെ സാക്കിർ നായിക്ക് ഉണ്ടോ അവിടെ ഭീകരവാദവും ഉണ്ട്' എന്നത്.

ഇന്ന് ഇത് ഒരു പഴഞ്ചൊല്ലുപോലെയായിരിക്കയാണ്. എന്നാൽ ഇത് കെട്ടുകഥയല്ല. ഇന്ത്യയിലും പാക്കിസ്ഥാനിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പല തീവ്രാവാദ ആക്രമണങ്ങളുടെയും പ്രതികളെ പിടിക്കുമ്പോൾ കിട്ടുക, ഇപ്പോൾ മലേഷ്യയിൽ താമസമാക്കിയിട്ടുള്ള വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ലഘുലേഖകളും ചിത്രങ്ങളുമാണ്. അതുകൊണ്ടുതന്നെയാണ് തീവ്രവാദത്തിന് തീവെട്ടിപിടിക്കുന്നെന്ന ഗുരുതരമായ കുറ്റം, ഇന്ത്യയിൽ നിരവധികേസുകളിൽ കുടുങ്ങി മലേഷ്യയിലേക്ക് ചേക്കേറിയ മുബൈക്കാരനായ ഈ മതപ്രഭാഷകന് മേൽ ചാർത്തുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ രംഗത്തുവരെ വൻ കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്തുകേസിലും സാക്കിർ നായിക്കിന്റെ പേര് ഉയർന്നുവരികയാണ്. മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഫോണിൽ വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ചിത്രവും മറ്റു ചില പ്രതികളുടെ പക്കൽ ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് എൻഐഎ കോടതിയെ അറിയച്ചത്. തീർന്നില്ല ഈ കേസിലെ ദൂരുഹതകൾ. സ്വർണക്കടത്തു കേസ് പ്രതി കെടി റമീസിനു ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായുള്ള (ഡി കമ്പനി) ബന്ധത്തിനു സൂചന ലഭിച്ചതായി അന്വേഷണ സംഘം എൻഐഎ കോടതിയിൽ അറിയിച്ചു. ഡി കമ്പനി ടാൻസനിയ കേന്ദ്രീകരിച്ചു സ്വർണം, ലഹരി, ആയുധം, രത്നം എന്നിവയുടെ കള്ളക്കടത്തു നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ട്. റമീസും മറ്റൊരു പ്രതി കെ.ടി. ഷറഫുദീനും ഒരുമിച്ചു നടത്തിയ ടാൻസനിയ യാത്രയുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ടാൻസനിയയിലെ താവളത്തിൽ തോക്കുമായി നിൽക്കുന്ന റമീസിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രത്ന വ്യാപാര ഡീലർഷിപ്പിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന റമീസിന്റെ മൊഴിയും കോടതിയുടെ ശ്രദ്ധയിൽപെടുത്തി. 10 പ്രതികളുടെ ജാമ്യ ഹർജികളുടെ വാദത്തിലാണ് എൻഐഎ അഭിഭാഷകൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

എൻഎഐ പറയുന്നത് പുർണ്ണമായും മുഖവിലക്ക് എടുക്കാനാവില്ല. സ്വർണ്ണക്കടത്തിൽ തീവ്രവാദ ബന്ധം കണ്ടെത്തുന്നതിന് അവർ ഫ്രെയിം ചെയ്തവാവും സാക്കിർ നായിക്കിന്റെ ചിത്രമെന്ന ആരോപണവും ഉണ്ട്. സ്വപ്നയുടെ ഫോണിൽ സാക്കിർ നായിക്കിന്റെ ചിത്രമുണ്ടെന്നതാണ് എൻ ഐ എയുടെ ഏക പിടിവള്ളി.ചില പ്രതികളിൽ നിന്ന് ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സാക്കിർ നായിക്കിന്റെ ചിത്രം ഉണ്ടെന്ന് പറഞ്ഞ് സ്വപ്നയെ ജയിലിൽ പാർപ്പിക്കാൻ കഴിയില്ല. അവർക്ക് രാജ്യവിരുദ്ധ സംഘവുമായി ബന്ധം ഉണ്ടെങ്കിൽ എൻ ഐ എ അക്കാര്യം സംശയാതീതം തെളിയിക്കണം. ഇല്ലെങ്കിൽ അലന്റെയും താഹയുടെയും കേസുപോലെ ചീറ്റി പോകും. രാജ്യത്ത് എൻ . ഐ. എ അന്വേഷണങ്ങളിൽ ആവേശം കൂടുതലാണെന്ന അഭിപ്രായം എൻ ഐ എ കോടതികൾക്കുണ്ട് . വ്യക്തമായ തെളിവില്ലാതെ പ്രതികൾക്ക് യു. എ. പി എ ചുമത്തുന്നുണ്ടെന്ന ആക്ഷേപവും കേടതികൾക്കുണ്ട്. ഈ സാഹചര്യത്തിൽ കോടതികളുടെ തീരുമാനം നിർണായകമാവും.

പക്ഷേ സ്വർണ്ണക്കടത്തിന്റെ ആഗോള രാഷ്ട്രീയ സാഹചര്യം നോക്കിയാൽ ഇക്കാര്യത്തിൽ ചില ശരികൾ കണ്ടെത്താൻ കഴിയും. 'ഗോൾഡ് ടെററിസം' എന്നപേരിൽ ഒരു വാക്കുതന്നെ അന്താരാഷ്ട്രതലത്തിൽ നേരത്തെ രൂപപ്പെട്ടിട്ടുണ്ട്. സ്വർണ്ണക്കടത്തിനുള്ള പ്രതിഫലം പണമായിട്ടില്ലാതെ ആയുധങ്ങളായോ മയക്കുമരുന്നായോ നൽകുന്ന രീതിയാണ് ഇത്. ടാൻസാനിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ മാഫിയാ സംഘങ്ങൾ ഇതിന് ഇടനിലക്കാരായി നിൽക്കുന്നുവെന്നതും സത്യമാണ്. എൻഐയെ കണ്ടെത്തിയ ഈ ലിങ്കുകൾ ഒറ്റയടിക്ക് തള്ളിക്കളയായെ കൂടുതൽ അന്വേഷണം വേണമെന്ന് നിഷ്പക്ഷമതികൾ ആവശ്യപ്പെടുന്നതും അതുകൊണ്ടുതന്നെ.

അന്വേഷണം ഫിറോസ് ഒയാസീസിനെ കേന്ദ്രീകരിച്ച്

ആരാണ് ഫിറോസ് ഒയാസീസ്. ദക്ഷിണേന്ത്യക്കരനാണെന്ന് കരുതുന്ന ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ എൻഐയുടെ അന്വേഷണം നീങ്ങുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ ഫിറോസ് ഒയാസിസ് എന്ന പേരിൽ ഒരാൾ ഉണ്ടെന്നും ഇയാൾ ടാൻസാനിയ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്നതെന്നും എൻഐഎ അഭിഭാഷകൻ വ്യക്തമാക്കി. പ്രതികളായ രണ്ടുപേരും കയ്യിൽ തോക്കുകളേന്തി നിൽക്കുന്ന ചിത്രങ്ങൾ ലഭിച്ചതായും എൻഐഎ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. പ്രതികൾ ടാൻസാനിയ സന്ദർശിച്ച കാര്യവും അഭിഭാഷൻ ചൂണ്ടിക്കാണിച്ചു. ഈ മേഖലകളിലെല്ലാം തന്നെ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽപ്പെട്ടവർക്ക് സ്വാധീനമുണ്ടെന്നും എൻഐഎ ചൂണ്ടിക്കാണിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ പ്രതികൾ ടാൻസാനിയ സന്ദർശിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എൻഐഎ ആവശ്യപ്പെട്ടു.

സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ സംഘം അറസ്റ്റ് ചെയ്ത റമീസ് ടാൻസാനിയയിൽ വെച്ച് ആയുധങ്ങൾ വാങ്ങാൻ ശ്രമിച്ച കാര്യവും എൻഐഎ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഇതോടെ പ്രതികൾ നടത്തിയിട്ടുള്ളത് ഗുരുതരമായ ക്രിമിനൽ പ്രവർത്തനങ്ങളാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്നതിനായി കുടുതൽ തെളിവുകളാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുന്നതിനിടെ 90 ഡിജിറ്റൽ തെളിവുകൾ കേന്ദ്ര ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്. ഫോണും ലാപ്ടോപ്പും ഉൾപ്പെടെ 22 ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട പല തെളിവുകളും നശിപ്പിക്കപ്പെട്ടതിനാൽ ഇവ തിരിച്ചെടുക്കുക ബുദ്ധിമുട്ടാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

'കള്ളക്കടത്ത് നടത്തി എന്നത് സത്യമാണ്. ഇത് സംബന്ധിച്ച തെളിവുകൾ വെച്ച് വീണ്ടും വാദിക്കേണ്ട കാര്യമില്ല. യുഎപിഎ ച്ചുമത്തിയത് എന്തിനെന്നാണ് കോടതിക്ക് അറിയേണ്ടത്,' എൻഐഎ അഭിഭാഷകനോട് കോടതി ചോദിച്ചു. ഇതോടെയാണ് പ്രതികളുടെ ദാവൂദ് ബന്ധത്തെ കുറിച്ച് അഭിഭാഷകൻ വ്യക്തമാക്കിയത്. റമീസ്, ഷറഫുദീൻ എന്നിവർ ടാൻസാനിയയിൽ നിന്ന് ആയുധം വാങ്ങാൻ ശ്രമിച്ചു. പ്രതികളുടെ ടാൻസാനിയൻ ബന്ധം അന്വേഷിക്കണം. ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി പ്രതികൾക്കുള്ള ബന്ധം അന്വേഷിക്കണം എന്നും എൻഐഎ വാദിച്ചു. എന്നാൽ ഭാവൂദിന്റെ ബന്ധം എൻ ഐ എക്ക് തെളിയിക്കേണ്ടി വരും. വെറും വാദം കൊണ്ട് ആരെയും ജയിലിലടക്കാൻ കോടതി സമ്മതിക്കില്ല.

ദാവൂദിന്റെ അനന്തരവൻ കൊല്ലപ്പെട്ടത് എങ്ങനെ?

സ്വർണ്ണക്കടത്തിൽ ഡി കമ്പനിയുടെ ബന്ധത്തെക്കുറിച്ച് ആദ്യ സൂചന ലഭിക്കുന്നത് പിടിയിലായ സന്ദീപിൽ നിന്നാണ്. സന്ദീപിന്റെ കാർ പൂനയിൽ രജിസ്റ്റർ ചെയ്തതിനെകുറിച്ചുള്ള അന്വേഷണത്തിലാണ് ദാവൂദ് ബന്ധത്തിന്റെ സൂചന കിട്ടിയത്. മുംബൈ്- ഗോവ ഹൈവേയിൽ ട്രക്ക് ഇടിച്ച് ദാവൂദ് ഇബ്രഹാമിന്റെ അനന്തരവൻ കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം തിരുവനന്തപുരത്തേയക്ക് നീണ്ടിരുന്നു. ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാർക്കറുടെ മകൻ ദനീഷ് പാർക്കർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ദനീഷും ഡ്രൈവറും സംഭവസ്ഥലത്തു മരിച്ചു. സഞ്ചരിച്ചിരുന്നത് തിരുവനന്തപുരം രജിസ്‌ട്രേഷൻ ഉള്ള കാറിലായിരുന്നു. ഇതിനിടെയാണ് കേരളത്തിലെ സ്വർണ്ണ കടത്തും ചർച്ചകളിൽ വരുന്നത്.ഒരു ബിൽഡർ ഉൾപ്പെടെ ചിലർക്ക് ദാവൂദ് സംഘവുമായി ബന്ധമുള്ളതിന് തെളിവും ലഭിച്ചിരുന്നു. പൂനയിൽ രജിസ്റ്റർ ചെയ്ത കാർ സന്ദീപ് ഉപയോഗിച്ചതും ഈ മാഫിയിയയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കോൺസുലേറ്റിന്റെ മറവിൽ ദുബായിൽ കച്ചവടം നിയന്ത്രിച്ചത് വമ്പൻ തോക്കാണെന്ന ചർച്ചകൾ സജീവമായിരുന്നു. ഇതിനിടെയാണ് ദാവൂദ് ലിങ്കിൽ സംശയം എത്തുന്നത്.

അതിനിടെ ദാവൂദ് സംഘത്തിലെ ഒരു ടീം ടാൻസാനിയയിൽ ഉണ്ടെന്നതിനും സൂചനയുണ്ട്. 500 ബില്യൺ ഡോളർ ആസ്തി ഉണ്ടായിരുന്നു ദാവൂദ് സംഘം ഇപ്പോൾ ശരിക്കും പാപ്പരായ നിലയിലാണ്. പാക്കിസ്ഥാന്റെ സംരക്ഷണത്തിൽ കറാച്ചിൽ കഴിയുന്ന ദാവൂദ് പഴയ ശൗര്യമെല്ലാം പോയി പൊളിഞ്ഞ നിലയിലാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾവരെ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യാന്തര തലത്തിൽ പുതിയ കൂടുതൽ പ്രൊഫഷണൽ ക്രിമിനൽ സംഘടനകൾ വന്നതാണ്, സ്വർണ്ണക്കള്ളകടത്തും മയക്കുമരുന്ന് വ്യാപാരവും പ്രധാന ബിസിനസായ ഡി കമ്പനിക്ക് വലിയ തിരിച്ചടിയായത്. പാക്കിസ്ഥാനിലും അഫ്്ഗാനിലും വിളയുന്ന കഞ്ചാവ്, അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ എത്തിക്കുക, ദുബൈ കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് നടത്തുക, ഈ രണ്ട് ഏർപ്പാടുകളും പുതിയ ടീമുകൾ ഏറ്റെടുത്തു. ഡി കമ്പിയിൽ ഉണ്ടാകുന്ന പിളർപ്പും, അമേരിക്കയിൽ നിന്നടക്കം ഉണ്ടായ ശക്തമായ നടപടികളും ഡി കമ്പനിയെ ഒറ്റപ്പെടുത്തി. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ഇംറാൻഖാൻ വന്നതോടെ ദാവൂദിനുള്ള രാഷ്ട്രീയ സംരക്ഷണവും ഇല്ലാതായി. ഇതിനു പുറമെ ദാവുദിന്റെ അനാരോഗ്യവും പ്രശ്നമായി.

ഇതിനുപുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ശക്തമായ നിയമനടപടികളും ദാവൂദിനെ ബാധിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ 670 കോടിയുടെ സ്വത്താണ ബ്രിട്ടീഷ് സർക്കാർ മൂന്നുവർഷം മുമ്പ് മരവിപ്പിച്ചത്. വാർവിക്ക്ഷൈറിലെ ഹോട്ടൽ, മിഡ്ലാൻഡിലെ വസതികൾ എന്നിവയടക്കമുള്ളതാണ് കണ്ടുകെട്ടിയത്. ബ്രിട്ടൻ പുറത്ത് വിട്ട പുതുക്കിയ 21 സാമ്പത്തിക അംഗ ഉപരോധ പട്ടികയിലെ ഏക ഇന്ത്യൻ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിം.കറാച്ചി, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ശൃംഖലയുണ്ടെന്ന് അവകാശപ്പെടുന്ന ദാവൂദിന്റെ സംഘടനയ്ക്ക് ബ്രിട്ടനിലും വേരുകളുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഫോബ്സ് മാഗസിന്റെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളുടെ പട്ടികയിൽ ദാവൂദ് പെട്ടിരുന്നു.ദാവൂദ് ഇബ്രഹാമിന്റെ സ്വത്തുക്കൾ ഇന്ത്യയിലും കണ്ടുകെട്ടപ്പെട്ടിട്ടുണ്ട്. ഡോംഗ്രിയിലെ ഭിണ്ടി ബസാറിലെ സ്വത്താണ് 3.51 കോടി രൂപയ്ക്ക് സൈഫി ബർഹാനി അപ്ലിഫ്റ്റ്മെന്റ് ട്രസ്റ്റ് സ്വന്തമാക്കിയത്.കള്ളക്കടത്തുകാരുടെ സ്വത്ത് പിടിച്ചെടുക്കുന്ന പ്രത്യേക നിയമപ്രകാരം വദേശ മന്ത്രാലയത്തിന്റെ അധീനതയിലായ ഈ കെട്ടിടം ലേലത്തിൽ പിടിക്കാൻ അടിസ്ഥാന വിലയായി 79.43 ലക്ഷമാണ് ലേല തുകയിട്ടിരുന്നത്. ഇങ്ങനെ ആകെ പെട്ടിരിക്കുന്ന ഡി കമ്പനിക്ക് ഇപ്പോൾ തുണയായിരിക്കുന്നത് ടാൻസാനിയാണ്. ചോട്ടാ ഷക്കീലിന്റെ ബന്ധം വഴി ടാൻസാനിയിൽ കിട്ടിയ ബന്ധങ്ങളാണ് ഡി കമ്പിയെ തുണക്കുന്നത്. അതാണ് നയതന്ത്രക്കടത്തിലടക്കം എൻഐഎ അന്വേഷിക്കുന്നതും.

ലഹരി, ആയുധം, രത്‌നം അഥവാ ടാൻസാനിയൻ മാഫിയയും

കേരളത്തിലെ സ്വർണ്ണക്കടത്തിന്റെ പേരിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്ന രാഷ്ട്രമാണ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ. റമീസ് ഇവിടെനിന്ന് ആയുധം വാങ്ങിയതിന് തെളിവുണ്ടെന്ന് എൻഐഎ പറയുന്നു. പക്ഷേ ഇതിന് എത്രയോ മുമ്പുതന്നെ ടാൻസാനിയൻ മാഫിയയെക്കുറിച്ച് രാജ്യാന്തര മാധ്യമങ്ങളിൽ അടക്കം വാർത്തകൾ വന്നിട്ടുണ്ട്. ഇന്ന് ലോകത്തിന്റെ ആയുധവ്യാപാരത്തിന്റെയും വജ്രക്കടത്തിന്റെയും തലസ്ഥാനമാണ് ഈ രാജ്യം. ആഫ്രിക്കൻ വൻകരയുടെ കിഴക്കു തീരത്തുള്ള രാജ്യമാണ് ടാൻസാനിയ (ഔദ്യോഗിക നാമം:യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാൻസാനിയ). വടക്ക് കെനിയ, ഉഗാണ്ട, പടിഞ്ഞാറ് റുവാണ്ട, ബറുണ്ടി, കോംഗോ; തെക്ക് സാംബിയ, മലാവി, മൊസാംബിക് എന്നിവയാണ് അയൽ രാജ്യങ്ങൾ. കിഴക്ക് ഇന്ത്യൻ മഹാസമുദ്രവും. ടാങ്കായിക, സാൻസിബാർ എന്നീ പ്രദേശങ്ങളിൽ നിന്നാണ് ടാൻസാനിയ എന്ന പേരു ലഭിച്ചത്. 1961-ൽ ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം നേടുമ്പോൾ ടാൻകായിക എന്ന പേരിൽ ഒറ്റരാജ്യമായിരുന്നു. 1964-ൽ കിഴക്കേ തീരത്തുള്ള സാൻസിബാറുമായി യോജിച്ചു.

ഇടക്കിടെ ഈ രാജ്യത്ത് ഉണ്ടാകുന്ന രാഷ്ട്രീയ അസ്വസ്ഥകൾ മുതലെടുത്ത് ആദ്യം പണി തുടങ്ങിയത് വജ്രമാഫിയ ആയിരുന്നു. ന്യൂയോർക്ക് ടൈംസിൽ ദാവൂദിനെ കുറിച്ചുവന്ന ഒരു ലേഖനത്തിൽ പറയുന്നത് ഇങ്ങനെയാണ്.' അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന് വൻ ലാഭമുള്ള ബിസിനസായിരുന്നു വജ്ര വ്യവസായം. അവിടേയും ആളെ കൊല്ലുന്നതിനുള്ള ഭീകര പ്രവർത്തനത്തിന്റെ ഇടനിലക്കാരനായി തന്നെയാണ് ദാവൂദിന്റെ പ്രവർത്തനം. ആഫ്രിക്കൻ രാജ്യങ്ങളിൽ ഭീകരപ്രവർത്തനവും കള്ളക്കടത്തും സജീവമാണ്. അമൂല്യമായ രത്‌നങ്ങളാണ് ഇവിടുത്തെ ഭീകരവാദികളുടെ പ്രധാന വരുമാന മാർഗ്ഗം. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഇവർ വജേവും രത്‌നവുമെല്ലാം കുഴിച്ചെടുക്കും. ഈ പ്രദേശങ്ങൾ രത്‌നങ്ങളുടെ കലവറയാണ്. ഇവിയാണ് ദാവൂദ് വഴി ഇവർ കച്ചവടം നടത്തുന്നത്. വലിയൊരു തുക ഇതിലൂടെ ഭീകരർക്ക് ലഭിക്കും. ഇതുപയോഗിച്ചാണ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും മറ്റും ഇവർ വാങ്ങിക്കൂട്ടുക. ഇവരുടെ എല്ലാ കച്ചവടത്തിലും ദാവൂദ് ഇടനിലക്കാരനായി പ്രവർത്തിക്കുന്നു. അമൂല്യ രത്‌നങ്ങൾ ഭീകരിൽ നിന്ന് ചുളുവിലയ്ക്ക് വാങ്ങി വൻ തുക ലാഭമുണ്ടാക്കി വിൽക്കുകയും ചെയ്യുകയാണ് ദാവൂദ്. ദാവൂദിന്റെ പ്രധാന വരുമാനമാർഗ്ഗം ഇതായിരുന്നു.'- റിപ്പോർട്ട് പറയുന്നു.

എന്നാൽ ഇതിനൊരു തിരിച്ചടിയുണ്ടായി. ഭ്രാന്തൻ ഭരണാധികാരി എന്നറിയപ്പെടുന്ന ജോൺ പോംബെ മഗുഫുലി അധികാരത്തിൽ കയറിയതോടെ വജ്രമാഫിയക്ക് പണി കൊടുത്തു. ഈ അധോലോക പ്രവർത്തനങ്ങൾ പ്രസിഡന്റിന്റെ പാർട്ടി നേരിട്ട് ഏറ്റെടുത്തു. ജാൺ പോംബെ മഗുഫുലിപേര് കൊറോണക്കാലത്താണ് ലോകത്തിന് സുപരിചിതമായത്. കോവിഡ് വൈറസ് സാത്താന്റെ പണിയാണെന്നായാരിന്നു ടാൻസാനിയൻ പ്രസിഡന്റ് പേറഞ്ഞത്. ജൂണിൽ രാജ്യം കോവിഡ് മുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു മഗുഫുലിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ജനങ്ങളുടെ പ്രാർത്ഥനകാരണം രാജ്യത്ത് നിന്ന് രോഗബാധ ഇല്ലാതായെന്നായിരുന്നു ടാൻസാനിയൻ പ്രസിഡന്റ് അവകാശപ്പെട്ടത്.ആരോഗ്യ പ്രതിസന്ധി ഊതി വീർപ്പിച്ചതാണെന്നും പ്രാർത്ഥനയ്ക്ക് വൈറസിനെ ''ഇല്ലാതാക്കാൻ'' കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റിന്റെ അശാസ്ത്രീയ പ്രചാരണങ്ങൾ മൂലം ആ രാജ്യതത്ത് കോവിഡ് വർധിക്കയാണ് ഉണ്ടായത്.

അങ്ങനെ വജ്രമാഫിയ കളംമാറ്റിയത് ആയുധക്കടത്തിലേക്കാണെന്നാണ് പറയുന്നത്. ലോകത്തിലെ ഏത് ആയുധവും എ കെ 47 തോക്ക് തൊട്ട് 'മലപ്പുറം കത്തിവരെ' ഇവിടെ വാങ്ങാൻ കിട്ടും. റഷ്യയിൽനിന്നും വിഘടിത സോവിയറ്റ് റിപ്പബ്ലിക്കുകളിൽനിന്നുമാണ് ആയുധം എത്തുന്നത് എന്നാണ് അറിയുന്നത്. ഇറാൻ, വടക്കൻ കൊറിയ എന്നിവടങ്ങളിൽനിന്നും ആയുധം എത്തുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. ടാൻസാനിയയിൽനിന്നാണ് ഹൂതി വിമതർ അടക്കമുള്ളവർ ആയുധങ്ങൾ ശേഖരിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐഎസ് അടക്കമുള്ള ലോകത്തിന്റെ വിവധി ഭാഗങ്ങളലുള്ള തീവ്രാവാദികൾക്ക് ആയുധം എത്തുന്നതും ടാൻസാനിയ വഴിയാണെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ വേണം റമീസ് ആയുധം ടാൻസാനിയിൽ എത്തി വാങ്ങിയത് കൂട്ടിവായിക്കാൻ.

താലിബാന്റെ ഡ്രഗ് കോറിഡോർ

അൽഖ്വായിദ തങ്ങളുടെ ഭീകര പ്രവർത്തനത്തിന് സ്വർണ്ണക്കടത്തും വജ്രക്കടത്തും നടത്തി പണമുണ്ടാക്കിയ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ സംഘടനകൾ അവർ പണമുണ്ടാക്കാനായി വിവിധി രീതികളിൽ ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ലഹരിയും സ്വർണ്ണവും കള്ളനോട്ടും അടക്കമുള്ള എത് രീതിയും തങ്ങളുടെ ആവശ്യത്തിനായി അവർ ഉപയോഗിക്കാറുണ്ട്. അവരെ സംബന്ധിച്ച് ഇസ്ലാമിക രാഷ്ട്രം എന്ന ലക്ഷ്യമാണ് പ്രധാനം. മാർഗമല്ല. നോക്കുക, ഇസ്ലാം ഒരു രീതിയിലും അനുവദിക്കാത്ത ഓപ്പിയം മാഫിയയാണ് ഇന്ന് താലിബാന്റെ പ്രധാന വരുമാന മാർഗം. ഒരു ഡ്രഗ് കോറിഡോർ തന്നെ താലിബാൻ ഉണ്ടാക്കിയിട്ടുണ്ട്. പാക്കിസ്ഥാനിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും നീങ്ങുന്ന അതിന്റെ കണ്ണികൾ ടാൻസാനിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിലാണ് അവസാനിക്കാറ്. അവിടെനിന്ന് മെക്സിക്കോ വഴി യുഎസിലേക്ക് നീങ്ങുമെന്നും പറയുന്നു.

ചാരായം വാറ്റുപോലെ ഹെറോയിൽ വാറ്റിയാണ് ഇപ്പോൾ താലിബാൻ പിടിച്ചു നിൽക്കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പ്രധാന വരുമാന മാർഗമാണ് കറുപ്പിന്റെ ഉത്പാദനം. ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാൻ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാൻ തങ്ങളുടെ ഭീകരവാദപ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടിങ് കണ്ടെത്തുന്നത്. ഓപ്പിയം സിറപ്പിന്റെയും ഹെറോയിന്റെയും നിർമ്മാണം തടയാൻ വേണ്ടി പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിലൂടെ അമേരിക്ക ചെലവിട്ടിട്ടുള്ളത് എണ്ണൂറു കോടി ഡോളറോളമാണ്. എന്നിട്ടും താലിബാനി ഹെറോയിൻ കാർട്ടലുകളുടെ രോമത്തിൽ പോലും തൊടാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല.

മുമ്പായിരുന്നെങ്കിൽ ഈ വസ്തുക്കളുടെ കടത്ത് കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നു. കാരണം വലിയ ബാരലുകളിൽ നിറച്ച് ദ്രാവകരൂപത്തിലായിരുന്നു ഓപ്പിയം സിറപ്പ് കടത്തിയിരുന്നത്. എന്നാൽ, കാലം മാറി. താലിബാനി ഭീകരവാദികളും അതിനൊത്ത് മാറി. ഇങ്ങനെ മറ്റുരാജ്യങ്ങൾക്ക് ഓപ്പിയം സിറപ്പ് തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുന്നതിൽ ലാഭം കുറവാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞു. ഒപ്പം അതിലുള്ള റിസ്‌കും. ഇപ്പോൾ, ഓപ്പിയം സിറപ്പിനെ പ്രോസസ് ചെയ്ത്, അതിൽ നിന്ന് ഹെറോയിൻ എന്ന വിലപിടിപ്പുള്ള മയക്കുമരുന്ന് നിർമ്മിക്കാനുള്ള ഫോർമുല താലിബാൻ തീവ്രവാദികൾ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതോടെ കയറ്റുമതി ചെയ്തിരുന്ന അസംസ്‌കൃത ഓപ്പിയത്തിന്റെ അളവ് പാതിയായി കുറഞ്ഞു. ഒന്നുകിൽ മോർഫിൻ അല്ലെങ്കിൽ ഹെറോയിൻ ആക്കി അതിനെ മാറ്റി കുറേക്കൂടി എളുപ്പത്തിലാണ് ഇന്ന് താലിബാനി ഭീകരവാദികൾ തങ്ങളുടെ ഉത്പന്നം വിൽക്കുന്നത്. ഈ സാങ്കേതികവിദ്യ അവർക്ക് നൽകുന്നത് ചുരുങ്ങിയത് അറുപതു ശതമാനമെങ്കിലും കൂടുതൽ ലാഭമാണ്.

സാങ്കേതിക വിദ്യയിൽ താലിബാനികൾ നേടിയ മുന്നേറ്റം കാരണം ഇന്ന് അഫ്ഗാനിസ്ഥാനിൽ ചുരുങ്ങിയത് 400-500 ഹെറോയിൻ പ്രോസസിങ് ലാബുകളെങ്കിലുമുണ്ട്. ലാബ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരിക വളരെ സങ്കീർണ്ണമായ ഉപകരണങ്ങൾ നിറഞ്ഞ, ടെക്നീഷ്യന്മാർ കോട്ടും മാസ്‌കും ഒക്കെയിട്ട് ടെസ്റ്റ് ട്യൂബുകളിലും, ബ്യൂററ്റുകളിലും ഒക്കെ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എയർ കണ്ടീഷൻഡ് മുറികളാവും. എന്നാൽ താലിബാന്റെ ഹെറോയിൻ ലാബുകൾ അത്രയ്ക്ക് ഹൈട്ടക്ക് അല്ല. ഒരു കൊച്ചു കുടിൽ, ചായ്‌പ്പ് അതുമല്ലെങ്കിൽ ഒരു ഗുഹ ഇതിനുള്ളിൽവെച്ച് ഹെറോയിൻ തയ്യാർ ചെയ്‌തെടുക്കാവുന്ന ഉപകരണങ്ങളാണ് ഈ ലാബിലുള്ളത്. മിക്സിംഗിനായി പത്തുപന്ത്രണ്ടു ബാരലുകൾ. ഓപ്പിയം സിറപ്പിൽ നിന്ന് ഹെറോയിൻ വേർതിരിച്ചെടുക്കുന്ന പ്രക്രിയക്ക് വേണ്ട ചില രാസവസ്തുക്കൾ. വാറ്റിയെടുക്കാൻ വേണ്ട വിറക്. ഒരു പ്രെസ്സിങ് മെഷീൻ, ഒരു ജനറേറ്റർ, അടുത്തുള്ള കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കാൻ ഒരു പമ്പ്. ഇത്രയും ആയാൽ ഒരു ഹെറോയിൻ ലാബ് തയ്യാറായി. മൂന്നാംലോക രാജ്യങ്ങളിലെ ചാരായം വാറ്റുപോലെയാണിതെന്നാണ് ഇവിടം സന്ദർശിച്ച ബിബിസി ലേഖകൻ ചൂണ്ടിക്കാട്ടുന്നത്.

ഐഎസ് ഭീകരരും പലപ്പോഴായി ഇതേ രീതി ഉപയോഗിച്ചിട്ടുണ്ട്. ഐഎസിൽ ചേരാനായി പോയ നൂറോളം പേർ ഉള്ള നാടണ് കേരളം. ഈ സ്ഥലത്തുനിന്നൊക്കെ കിട്ടിയത് ഒരേ ഒരു വ്യക്തിയുടെ ചിത്രവും ലഘുലേഖയുമാണ്. അതാണ് സാക്കിർ നായിക്ക്. അതേ സാക്കിർ നായിക്കിന്റെ ചിത്രം സ്വപ്നയുടെ ഫോണിൽനിന്നും കിട്ടുമ്പോൾ അത് വെറും യാദൃശ്ചികം എന്ന് പറഞ്ഞ് തള്ളിക്കളയാൻ കഴിയുമോ?

കേരളത്തലേക്ക് ഹിജറ ചെയ്യണമെന്ന് സാക്കിർ നായിക്ക്

ഇന്ത്യയിലെ മുസ്ലീങ്ങൾ കേരളത്തിലേക്ക് ഹിജറ ചെയ്യാണമെന്ന് രണ്ടുമാസം മുമ്പ് സാക്കിർ നായിക്ക് പറഞ്ഞതും ഈ സാഹചര്യത്തിൽ ചർച്ചയാവുയാണ്. ഇന്ത്യയിലെ ബിജെപി സർക്കാരിനെ ഉപദ്രവിക്കുന്നതിനും അടിച്ചമർത്തുന്നതിനും ഇന്ത്യൻ മുസ്ലിംകൾ എങ്ങനെ പ്രതികരിക്കണം എന്ന അനുയായിയുടെ ചോദ്യത്തിന് മറുപടി നൽകുന്ന വീഡിയോ സകീർ നായിക്കിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് വീഡിയോ ഇങ്ങനെയാണ്.

'കഴിഞ്ഞ നാല് മുതൽ ആറ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നുണ്ട്. ധാരാളം കൊലപാതകങ്ങളും നടക്കുന്നുണ്ട്. നിലവിലെ സർക്കാരിനു കീഴിൽ ധാരാളം അടിച്ചമർത്തലുകളും പീഡനങ്ങളും നടക്കുന്നുണ്ട്. മുസ്ലീങ്ങൾ ഇസ്ലാമിലെ വിവിധ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കപ്പെട്ടിരിക്കുകയാണെ്. ഇന്ത്യൻ മുസ്ലിംകൾ ഒന്നിച്ച് ഐക്യപ്പെടണം. ഇന്ത്യയിലെ വിവിധ മുസ്ലിം ഗ്രൂപ്പുകൾ പരസ്പരം പോരടിക്കുകയും പരസ്പരം വിമർശിക്കുകയും ചെയ്യുകയാണ്.ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 200 മില്ല്യൺ ആണ്. പക്ഷേ യഥാർത്ഥത്തിൽ 250 ദശലക്ഷം മുതൽ 300 ദശലക്ഷം വരെ മുസ്ലീങ്ങൾ ഇന്ത്യയിൽ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ.

മുസ്ലീങ്ങൾ മറ്റൊരു പാർട്ടി ഉണ്ടാക്കണം, പ്രത്യേകമായി, മുസ്ലീങ്ങൾക്ക് മാത്രമായി. ഫാസിസ്റ്റ് അല്ലാത്തതും സാമുദായികമല്ലാത്തതുമായ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ഈ രാഷ്ട്രീയ പാർട്ടി കൈകോർക്കണം. അത്തരമൊരു മുസ്ലിം രാഷ്ട്രീയ പാർട്ടി ദളിതരുമായി കൈകോർക്കണം. ദളിതർ ഹിന്ദുക്കളല്ല. അംബേദ്കർ ഇസ്ലാമിനെ സ്നേഹിച്ചിരുന്നു, പക്ഷേ നിർഭാഗ്യവശാൽ മുസ്ലിംകൾ അദ്ദേഹത്തെ സ്വാഗതം ചെയ്തില്ല, അതിനാൽ അദ്ദേഹം ബുദ്ധമതം തിരഞ്ഞെടുത്തു. മുസ്ലിംകളുടെയും ദളിതരുടെയും അത്തരമൊരു രാഷ്ട്രീയ സഖ്യം 600 ദശലക്ഷം ജനങ്ങളെ പ്രതിനിധീകരിക്കുമെന്നും ഒരു പ്രധാന ശക്തിയായിരിക്കും.

ഇന്ത്യൻ മുസ്ലിംകൾക്ക് രാഷ്ട്രീയ നേതൃത്വം ഇല്ല. ഇന്ത്യൻ മുസ്ലിംകൾക്ക് അവരുടെ വിശ്വാസം പരിശീലിക്കാൻ കഴിയുന്നില്ലെങ്കിൽ, അവർ ഹിജിറ ചെയ്യണം (മതപരമായ പീഡനം ഒഴിവാക്കാനുള്ള വിമാനം).നിങ്ങൾക്ക് ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യത്തേക്ക് പോകാനുള്ള മാർഗമുണ്ടെങ്കിൽ അത് ഏറ്റവും മികച്ചതായിരിക്കണം. ഇന്ത്യയിലെ എല്ലാ മുസ്ലിംകളും രാജ്യം വിടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.രാജ്യത്തിന് പുറത്തേക്ക് പോകാൻ കഴിയാത്ത മുസ്ലിംകൾക്ക് മറ്റൊരു സംസ്ഥാനത്തേക്ക് പോകണം. . എനിക്ക് ചിന്തിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സംസ്ഥാനം കേരളമാണ്. മൂന്ന് പ്രധാന മതങ്ങളുടെയും അനുയായികളായ ഹിന്ദുക്കൾ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ - ഓരോരുത്തരും കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരും.കേരളത്തിലെ ജനങ്ങൾ സാമുദായിക സ്വഭാവമുള്ളവരല്ല. വിവിധ മതങ്ങളിലെ ആളുകൾ യോജിപ്പിലാണ് ജീവിക്കുന്നത്. വിവിധ മതങ്ങൾ തമ്മിൽ യാതൊരു സംഘർഷവുമില്ല,' സാക്കിർ നായിക് വാദിച്ചു. 'ഈ സർക്കാരിന് (ബിജെപി) സംസ്ഥാനത്ത് വലിയ സ്വാധീനമില്ല. അതിനാൽ, നിങ്ങൾക്ക് മറ്റൊരു സംസ്ഥാനത്തേക്ക് ഹിജിറ ചെയ്യണമെങ്കിൽ ഏറ്റവും മികച്ച ഓപ്ഷനാണ് കേരളമെന്ന് ഞാൻ പറയും, ഞാൻ വരുന്ന ബോംബെ അല്ലെങ്കിൽ ഹൈദരാബാദ് എന്നിവയും വർഗീയത കുറവുള്ള സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു. ഉത്തർപ്രദേശ് വളരെ സാമുദായികമാണ്.'- സാക്കിർ നായിക്ക് വ്യക്തമാക്കി.

ഇതിൽനിന്ന് തീവ്രാവാദ ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകൾ ഇല്ല എന്ന് വ്യക്തമാണ്. പക്ഷേ ഇതിലെല്ലാം മതിയായ അന്വേഷണം വേണം. അത് തെളിയിക്കുന്നതാണ് ലോക സാഹചര്യം. ആദ്യഘട്ടത്തിൽ പിണറായിയും അങ്ങേയറ്റം ആത്മവിശ്വാസത്തോടെ പറഞ്ഞത് അന്വേഷണം ശരിയായ ദിശയിൽ നീങ്ങുന്നുണ്ടെന്നും ഈ പണം തീവ്രാവാദത്തിനാണ് പോവുന്നതെന്നുമാണ്. പന്നീട് മുഖ്യമന്ത്രിയും തീവ്രവാദ ബന്ധത്തെക്കുറിച്ച് പറഞ്ഞിട്ടില്ല.

തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ എൻഐക്ക് ആവുമോ. അതോ ഇതും അലൻ താഹ കേസുപോലാവുമോ. കാത്തിരുന്ന് കാണാമെന്നേ ഇപ്പോൾ പറാൻ കഴിയൂ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP