Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താലിബാന്റെ വരുമാനം ഹെറോയിൻ കടത്ത്; എണ്ണകൊള്ളയും മനുഷ്യക്കടത്തും സ്ത്രീകളെ അടിമകളാക്കി വിൽപ്പനയും ഐഎസിന്റെ മുഖ്യ വരുമാനം; ഈ മേഖലയിലെല്ലാം തിരിച്ചടികൾ നേരിട്ടപ്പോൾ ഇവർ ലക്ഷ്യമിട്ടത് സ്വർണത്തേയോ; സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റിന് സ്വാധീനമുണ്ടെന്ന യുഎൻ റിപ്പോർട്ട് ഗൗരവതരം; സ്വപ്നയുടെ ഇക്കിളിക്കഥകളിൽ ഒതുങ്ങേണ്ടതല്ല നയതന്ത്ര സ്വർണ്ണക്കടത്ത്; ആഗോള തീവ്രവാദത്തിന്റെ പുതിയ സാമ്പത്തിക നാഡി കനക മാഫിയയോ?

താലിബാന്റെ വരുമാനം ഹെറോയിൻ കടത്ത്; എണ്ണകൊള്ളയും മനുഷ്യക്കടത്തും സ്ത്രീകളെ അടിമകളാക്കി വിൽപ്പനയും ഐഎസിന്റെ മുഖ്യ വരുമാനം; ഈ മേഖലയിലെല്ലാം തിരിച്ചടികൾ നേരിട്ടപ്പോൾ ഇവർ ലക്ഷ്യമിട്ടത് സ്വർണത്തേയോ; സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റിന് സ്വാധീനമുണ്ടെന്ന യുഎൻ റിപ്പോർട്ട് ഗൗരവതരം; സ്വപ്നയുടെ ഇക്കിളിക്കഥകളിൽ ഒതുങ്ങേണ്ടതല്ല നയതന്ത്ര സ്വർണ്ണക്കടത്ത്; ആഗോള തീവ്രവാദത്തിന്റെ പുതിയ സാമ്പത്തിക നാഡി കനക മാഫിയയോ?

എം മാധവദാസ്

The economic nerve of terrorism അഥവാ തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി. പ്രയോഗം മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടേയാണ്. ആഗോള ഇസ്ലാമിക തീവ്രാവാദത്തെ സൈനിക ശേഷികൊണ്ടുമാത്രം നേരിടാൻ കഴിയില്ലെന്നും അതിന്റെ സാമ്പത്തിക നാഡിയെ മുറച്ചു മാറ്റണമെന്നുമായിരുന്നു അന്ന് ബറാക്ക് ഒബാമ പറഞ്ഞിരുന്നത്. പക്ഷേ ഒരു നാഡി മുറിച്ചു കളയുമ്പോൾ മറ്റൊരു നാഡി പതുക്കെ ഉണ്ടായി വരുന്നതാണ് ലോകം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിൽ അടക്കം സജീവമായ സ്വർണ്ണക്കടത്ത് ആഗോള തീവ്രാവാദത്തിന്റെ സാമ്പത്തിക നാഡികളിൽ ഒന്നാണോ എന്ന സംശയം ഇപ്പോൾ ഉയരുന്നുണ്ട്. ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി പരിഗണിക്കുന്ന പ്രധാന വിഷയവും ഇതുതന്നെയാണ്. കേരളത്തിലടക്കം ഐ.എസിന് നിർണായക സ്വാധീനമുണ്ടെന്ന് യുഎൻ റിപ്പോർട്ടും ഇതോടോപ്പം ചേർത്ത് വായിക്കണം.

ഐസിഎസ്, അൽഖ്വായിദ, താലിബാൻ എന്നീ മൂന്ന് പ്രധാന ഇസ്ലാമിക തീവ്രവാദ സംഘടനകളും ഇപ്പോൾ പൊളിഞ്ഞ് പാളീസായി നിൽക്കയാണെന്നാണ്, ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പരമ്പരാഗതമായ വരുമാന മാർഗങ്ങളും ഫണ്ടിങും നിലച്ചതോടെ അവർ സ്വീകരിച്ച പുതിയ വരുമാന മാർഗ്ഗമാണോ സ്വർണ്ണക്കടത്ത്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതു സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നയതന്ത്ര സ്വർണ്ണക്കടത്തിലടക്കം നാം ഏറെ ജാഗ്രതാകാട്ടേണ്ടിയിരിക്കുന്നു. ലാഭം എവിടെ കിട്ടുന്നുവോ അവിടേക്ക് ചവടുമാറുകയാണ്, ഇത്തരം സംഘടനകളുടെ രീതി. നേരത്തെ അവർ ദക്ഷിണാഫ്രിക്കയിലെ ഡയമണ്ട് കമ്പനികളിൽ നിക്ഷേപിച്ചത് എഫ് ബി ഐയുടെ ശ്രദ്ധയിൽപെട്ടിരുന്നു. അതുപോലെ ഒരു ഗോൾഡൻ ചെയിൽ ഉണ്ടാക്കിയെടുക്കാൻ തീവ്രാവാദ സംഘടനകൾക്ക് കഴിഞ്ഞിട്ടുണ്ടോ. സംശയങ്ങൾ ഏറെയാണ്.

സ്വർണക്കടത്തിന് ഭീകരബന്ധമുണ്ടെന്ന എൻഐഎയുടെ കണ്ടെത്തലിനു പിന്നാലെയാണ് കേരളത്തിൽ ഐസിസ് ഭീകരർ സജീവമാണെന്ന യുഎൻ റിപ്പോർട്ട് പുറത്തുവന്നത്. നോട്ടുനിരോധനം വഴി കള്ളനോട്ടൊഴുക്കിന്റെ വഴികളടഞ്ഞപ്പോൾ രാജ്യത്തെ തകർക്കാനുള്ള പുതുവഴിയായി സ്വർണക്കടത്ത് മാറുകയാണെന്ന സംശയം ശക്തിപ്പെടുകയാണ്. കള്ളക്കടത്ത് ജൂവലറിക്കു വേണ്ടിയല്ലെന്നും ഭീകരവാദ പ്രവർത്തനങ്ങളെ സഹായിക്കാനെന്നും എൻഐഎ കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ കേസിന്റെ സ്വഭാവം മാറി. രാജ്യത്ത് ആക്രമണപരമ്പര ലക്ഷ്യമിട്ട് കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരസംഘം സജീവമാണെന്ന് യുഎൻ മുന്നറിയിപ്പു നൽകുക കൂടി ചെയ്തതോടെ രാജ്യസുരക്ഷയെ ബാധിക്കുന്ന കൊടും കുറ്റകൃത്യമായി സ്വർണക്കടത്തിന്റെ ഭാവം മാറി. ധനാർത്തിക്കാരിയെന്ന ലേബലിൽ നിന്ന് സ്വപ്നാ സുരേഷ് യുഎപിഎ ചുമത്തപ്പെട്ട കുറ്റവാളിയായി മാറാൻ ദിവസങ്ങൾപോലും വേണ്ടിവന്നില്ല എന്നും ഓർക്കണം.

കേരളത്തിലും ഐഎസ് വേരുകൾ

ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ളാദേശ്, മ്യാന്മർ എന്നിവിടങ്ങളിൽ നിന്നുള്ള ഇരുന്നൂറ്റമ്പതോളം അൽഖ്വായിദ ഭീകരർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടെന്നും, ഇവരിലൂടെ മേഖലയിൽ ഭീകരാക്രമണത്തിന് ഐസിസ് പദ്ധതിയിടുന്നതായുമാണ് യു.എൻ മുന്നറിയിപ്പ്. കേരളത്തിലും കർണാടകത്തിലും ഐ.എസ്. ഭീകരവാദികളുടെ എണ്ണം ഗണ്യമായ അളവിലുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഐഎസ്., അൽ ഖ്വയ്ദ, ഇവരുമായി ബന്ധമുള്ള വ്യക്തികൾ തുടങ്ങിയവയെ കുറിച്ച് പ്രതിപാദിക്കുന്ന, അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിട്ടറിങ് ടീമിന്റെ 26-ാമത് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവർത്തിക്കുന്ന അൽ ഖ്വയ്ദയിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ മ്യാന്മർ എന്നിവിടങ്ങളിൽനിന്നുള്ള 150 മുതൽ 200 അംഗങ്ങൾ വരെയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മേഖലയിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അഫ്ഗാനിസ്ഥാനിലെ നിംറുസ്, ഹേൽമന്ദ്, കാണ്ഡഹാർ പ്രവിശ്യകളിൽനിന്ന് താലിബാനു കീഴിലാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദ പ്രവർത്തിക്കുന്നത്. ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മർ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നായി നിലവിൽ 150-200 അംഗങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഒസാമ മഹ്മൂദ് ആണ് നിലവിലെ തലവൻ.

അസിം ഉമർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഒസാമ മഹ്മൂദ് തലപ്പത്ത് എത്തിയത്. ഉമറിന്റെ മരണത്തിനു പകരം വീട്ടാൻ മേഖലയിൽ ആക്രമണം നടത്താൻ ഇവർ ഒരുങ്ങുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കേരളത്തിലും കർണാടകത്തിലും ഗണ്യമായ അളവിൽ ഐ.എസ്. ഭീകകവാദികളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയിൽ ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി കഴിഞ്ഞ വർഷം മേയിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നു.കശ്മീരിൽ ഭീകരവാദികളും സുരക്ഷാസേനകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനു തൊട്ടുപിന്നാലെ ആയിരുന്ന ഈ പ്രഖ്യാപനം. പുതിയ പ്രവിശ്യക്ക് വിലായ ഓഫ് ഹിന്ദ്(ഇന്ത്യ പ്രവിശ്യ) എന്നാണ് പേര് നൽകിയിരിക്കുന്നതെന്നും അമാഖ് ന്യൂസ് ഏജൻസിയിലൂടെ ഐ.എസ്. അവകാശപ്പെട്ടിരുന്നു.

തീവ്രവാദ ഫണ്ടിംഗിനായാണ് ഗൾഫിൽ നിന്നുള്ള സ്വർണക്കടത്തെന്ന എൻഐഎയുടെ കണ്ടെത്തൽ കൂടി ചേർത്തുവയ്ക്കുമ്പോൾ കേരളം ഭീകരതയുടെ പ്രിയതീരമായി മാറുന്നുവെന്ന ആശങ്കയുണ്ട്. സ്വപ്നയിലും സന്ദീപിലും സരിത്തിലും ഒതുങ്ങുന്നതല്ല, സ്വർണക്കടത്തിന്റെ കണ്ണികൾ.പാക്കിസ്ഥാനിലെ സുരക്ഷാപ്രസിൽ അച്ചടിക്കുന്ന ഒറിജിനലിനെ വെല്ലുന്ന വ്യാജ ഇന്ത്യൻ കറൻസിയായിരുന്നു എക്കാലത്തും ഭീകരവാദത്തിന്റെ ഫണ്ടിങ്. ഇന്ത്യ നോട്ട് അച്ചടിക്കുന്ന അതേ പേപ്പറും മഷിയും സുരക്ഷാമാനദണ്ഡങ്ങളും! പാക്കിസ്ഥാനിലെ പെഷവാറിൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികൾ അച്ചടിക്കാൻ പാക് സർക്കാരിന്റെ പ്രസുള്ളതായി ഇന്ത്യൻ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. നോട്ട് അസാധുവാക്കൽ നടപ്പാക്കിയതോടെ ഈ പണമൊഴുക്ക് നിലച്ചു. അതിനുശേഷമാണ് തീവ്രവാദഫണ്ടിംഗിന് സ്വർണക്കടത്ത് വ്യാപകമായത്. തീവ്രവാദ കേസുകളിൽ അറസ്റ്റിലായവർക്ക് ഐസിസിന്റെ ഇന്ത്യൻ വിഭാഗമായ 'വിലയാ ഒഫ് ഹിന്ദ്' സാമ്പത്തിക, നിയമ സഹായം ലഭ്യമാക്കുന്നുണ്ട്. 

ഇതൊന്നും അവർക്ക് അനിസ്ലാമികമല്ല

ശരിക്കും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് നിലവിൽ ഐഎസ് പ്രവർത്തനം. ജിഹാദിനായി ലോകമെമ്പാടുംനിന്നും ആകർഷിച്ച നൂറുകണക്കിന് ചെറുപ്പക്കാർക്ക് അടിസ്ഥാന സൗകര്യം പോലും കൊടുക്കാൻ സംഘടനയ്ക്ക് ആവുന്നില്ല. ഫണ്ടിന്റെ വരവ് നിലച്ചതുമൂലം നിരവധി പേർ ഐഎസിൽ നിന്ന് തിരിച്ചുപോയതായി ബിബിസിയുടെ സൗത്ത് എഷ്യാ കറസ്പോണ്ടന്റ് ലിയാൻ മക്കി റിപ്പോർട്ട് ചെയ്യുന്നു.

യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് പ്രത്യേക സാമ്പത്തിക വിഭാഗം രൂപവത്ക്കരിച്ച് നടത്തിയ അന്വേഷണമാണ് സത്യത്തിൽ ഐഎസിന്റെ സാമ്പത്തികാടിത്തറ തകർക്കുന്നതിന് തുടക്കം കുറിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നത്. യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി ഡേവിഡ് കോഹെനായിരുന്നു ഈ ദൗത്യത്തിന്റെ ചുമതല. കായികമായ യുദ്ധത്തിലൂടെ മാത്രം ഐഎസ് ഭീകരതയെ തുരത്താൻ കഴിയില്ലെന്നും അവരുടെ വിശാലമായ സാമ്പത്തിക കണ്ണികൾ കണ്ടുപിടിക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന കണക്കാണ് ഇവർക്ക് കിട്ടിയത്.

എണ്ണയുടെ കരിഞ്ചന്ത വിൽപ്പനയിലൂടെ മാത്രം പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളറാണ് ഐഎസ് ഭീകരർക്ക് ലഭിച്ചിരുന്നത്. തങ്ങളുടെ നിയന്ത്രണ മേഖലയിലുള്ള എണ്ണപ്പാടങ്ങളിൽ നിന്നെടുക്കുന്ന പ്രെട്രോൾ കള്ളക്കടത്തുകാർക്ക് മറിച്ചു വിറ്റാണ് ഇവർ പണം കൊയ്യുന്നത്. ഇത് മേഖലയിൽ വലിയൊരു മാഫിയക്കുകൂടി വകവെച്ചു. മെക്‌സിക്കോയിലും ഇറ്റലിയിലും ഉള്ള മയക്കുമരുന്ന് മാഫിയകളിൽ ഒരു വിഭാഗം ഇതൊരു സൈഡ് ബിസിനസായും ഏറ്റെടുത്തു. ഈ ബന്ധം വെച്ച് അഫ്ഗാനിലെ ഐഎസ് മേഖലയിൽ നിന്ന് ഇവർ വൻതോതിൽ ഓപ്പിയം കടത്തിയതായും റിപ്പോർട്ടുണ്ട്. മെക്്സിക്കോയിലെയും ഇറ്റലിയിലെയും മയക്കുമരുന്നു മാഫിയയുടെ ഉപഭോക്താക്കൾ ഏറെയും യുഎസ്, കാനഡ പോലുള്ള രാജ്യങ്ങളായിരുന്നു. ഇതും അമേരിക്കയ്ക്ക് കൂടുതൽ ഭീഷണിയായി. യാക്കൂസ, എൻദാങ്ങ്ഗ്രത്തെ തുടങ്ങിയ ലോകത്തെ വിറപ്പിക്കുന്ന അധോലോക സംഘങ്ങൾ കൂടി ഈ മാഫിയയിൽ കണ്ണിയായി. ഇറാഖിലെയും സിറിയയിലെയും ഐസിസ് അധിനിവേശ പ്രദേശങ്ങൾ തിരിച്ചുപിടിച്ചതോടെ ഈ വിപത്തിന് തടയിടാൻ പാശ്ചാത്യ രാജ്യങ്ങൾക്കായി.

തട്ടിക്കൊണ്ടു പോകലും അതിലൂടെയുള്ള മോചന ദ്രവ്യങ്ങളുമായിരുന്നു ഐസിസിന്റെ മറ്റൊരു വരുമാനമാർഗം. ലോകമെമ്പാടും ഇവർ നന്നായി നടപ്പാക്കിയ പദ്ധതിയായിരുന്നു ഇത്. 20 ദശലക്ഷം ഡോളറാണ് ഇതുവഴി ഐഎസിന് പ്രതിവർഷ വരുമാനം എന്നായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്ക്. സുരക്ഷ ശക്തമായി വർധിപ്പിക്കുകയും അതുവഴി തട്ടിക്കൊണ്ട് പോകപ്പെടാനുള്ള സാധ്യത കുറക്കുകയുമാണ് ഇതിനായി പാശ്ചാത്യ ശക്തികൾ ആദ്യമായി ചെയ്തത്. അടുത്തത് തട്ടിക്കൊണ്ടുപോയാൽ യാതൊരു രീതിയിലുള്ള മോചനദ്രവ്യവും കിട്ടില്ല എന്നും ഉറപ്പുവരുത്തി. ചില രാജ്യങ്ങൾ ഇതിനായി നിയമ നിർമ്മാണവും നടത്തി. ഇതോടെ വൻ തോതിലാണ് ഐഎസിന്റെ വിലപേശൽ സാധ്യതകൾ ഇടിഞ്ഞത്.

യസീദി സ്ത്രീകളെ വിറ്റും കോടികളാണ് ഐഎസ് ഉണ്ടാക്കിയത്. സ്മാർട് ഫോൺ ആപ്പുകളിലൂടെയാണ് ആവശ്യക്കാർക്ക് പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ഭീകരർ കൈമാറിയിരുന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ, അവളെ അടിമയാക്കി വച്ചിരിക്കുന്ന ഉടമയുടെ പേര്, വിലയെത്ര തുടങ്ങിയ വിവരങ്ങളാണ് കൈമാറുക. ഇതിനായി ഇവർ ഇരകളുടെ പേരും ഫോട്ടോഗ്രാഫുകളും ഉൾപ്പെടെയുള്ള വിശദമായ ഡേറ്റാബേസും സൂക്ഷിച്ചിരുന്നു. ഐഎസ് ചെക്ക്പോസ്റ്റുകൾ വഴി ഇവർ രക്ഷപ്പെടുന്നതിന് തടയുന്നതിന് വേണ്ടിയാണിത്. ഇവയെല്ലാം നുണകളാണെന്ന് ഇസ്ലാമിക മാധ്യമങ്ങൾ പറയുമ്പോഴും സത്യമാണെന്നതിന് യസീദി പെൺകുട്ടികളുടെ അനുഭവ സാക്ഷ്യമുണ്ട്. ഇടനിലക്കാർ യസീദി സ്ത്രീകളെ വാങ്ങി മറ്റ് രാജ്യങ്ങളിലെ വേശ്യാലയങ്ങളിൽ പാർപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പെൺകുട്ടികളെ വിൽപ്പന നടത്താൻ അനേകം പരസ്യങ്ങളാണ് ടെലിഗ്രാം, വാട്സ്ആപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയവയിലൂടെ വന്നിരുന്നത്്. 12 വയസ്സിന് താഴേയ്ക്കുള്ളവർക്കാണ് ഉയർന്ന വില. മൂന്നും ഏഴും വയസ്സുകളുള്ള രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിക്ക് 3,700 ഡോളറായിരുന്നു വില. ഉടമ വിൽക്കാൻ പരസ്യം നൽകിയത് ഇവരുടെ ഫോട്ടോയോടൊപ്പമായിരുന്നു

സമൂഹമാധ്യമങ്ങൾ വഴി ഐസ് അനുകൂല ഗ്രൂപ്പുകളെ നിരീക്ഷിച്ചും ഇത്തരം പരസ്യങ്ങൾ കണ്ടെത്തി നീക്കം ചെയ്തുമാണ് പാശ്ചാത്യ സംയുക്ത സേനയുടെ ഇന്റലിജൻസ് വിഭാഗം ഇതിനെ നേരിട്ടത്. പരസ്യം കണ്ട് വാങ്ങാനെന്നപേരിൽ എത്തിയ കമാൻഡോകൾ മൊസൂളിലെ ഒരു കേന്ദ്രം ആക്രമിച്ചാണ് മടങ്ങിയത്. ഒപ്പം മനുഷ്യക്കടത്ത് സംഘങ്ങൾക്കുനേരെയും പിടിമുറുക്കി. ഇതോടെ തങ്ങളുടെ അധിനിവേശ മേഖലക്ക് പുറത്തേക്ക് യുവതികളെ കൊണ്ടുപോകൻ കഴിയാതെ ഐഎസ് കുടുങ്ങുകയായിരുന്നു. അമേരിക്കയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള സേനയും ഇറാഖ്- സിറിയൻ സൈന്യവും കൈകോർത്തതോടെ ആയിരക്കണക്കിന് യസീദി സ്ത്രീകളെയാണ് ഐഎസിന്റെ അടിമച്ചന്തയിൽനിന്ന് രക്ഷിക്കാനായത്.

കോടികളുടെ സംഭാവനകളും നിലക്കുമ്പോൾ

പക്ഷേ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പ്രധാന വരുമാന മാർഗം ഇതൊന്നുമായിരുന്നില്ല. ശതകോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽനിന്നും ചില രാജ്യങ്ങളിൽനിന്നും സംഭാവനകളായി വൻതോതിൽ ഇവർക്ക് പണം ലഭിക്കുന്നൊണ് ഭീകരരുടെ സാമ്പത്തിക ഭദ്രത തകർക്കാനുള്ള യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് നീക്കത്തിന് നേതൃത്വം നൽകുന്ന ഡേവിഡ് കോഹെൻ എഴുതുന്നത്. ഈ നെറ്റ് വർക്ക് അറുത്തെടുക്കാൻ കഴിഞ്ഞതാണ് ഭീകരതക്കെതിരായ പോരാട്ടത്തിൽ നിർണ്ണായകമായത്. ഇക്കാര്യത്തിൽ സൗദിയടക്കമുള്ള അറേബ്യൻ രാഷ്ട്രങ്ങൾ വലിയ പിന്തുണയാണ് അമേരിക്കയ്ക്ക് നൽകിയത്.

സൗദിയടക്കമുള്ള രാജ്യങ്ങൾ ഖത്തറിനെ ഉപരോധിക്കാനുള്ള പ്രധാനകാരണവും ഐഎസ് ഫണ്ടിങ്ങ് തന്നെയായിരുന്നു. ഇസ്ലാമിക മതപ്രബോധന പ്രവർത്തനങ്ങൾക്ക് പരസ്യമായും, തീവ്രാവാദ സംഘടനകൾക്ക് രഹസ്യമായും, ഫണ്ട് നൽകുന്ന രാജ്യമാണ് ഖത്തർ എന്നത് പരസ്യമായ രഹസ്യമാണ്. ഖത്തറിൽ നിന്നുള്ള ഫണ്ടിന്റെ വരവ് നിലച്ചതാണ് ഐസിന്റെ അടിവേരിളക്കിയത്. ഇന്ന് പാക്കിസ്ഥാനിൽനിന്നുപോലും ഡയറക്ട ഫണ്ടിങ്ങ് ഐഎസിന് സാധ്യമല്ല. മാത്രമല്ല തീവ്രവാദ സംശയമുള്ള മുഴുവൻ സംഘടനകളെയും നിരീക്ഷിക്കാനും അതാത് രാജ്യങ്ങളിലെ ഏജൻസികളെ കൊണ്ട് നിയമ നടപടി എടുപ്പിക്കാനും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനായി. സംശയം ഉണ്ടെങ്കിൽ കരിമ്പട്ടികയിൽ പെടും എന്നതിനാൽ സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങളിലെ കോർപ്പറേറ്റ് കമ്പനികൾ തീവ്രവാദ സ്വഭാവം സംശയിക്കുന്ന സംഘടനകളുമായി ബന്ധം പുലർത്താറുമില്ല.

അതുപോലെതന്നെ തീവ്രവാദികളെ സഹായിക്കുന്ന ശതകോടീശ്വരന്മാരെയും സംഘടനകളെയും പ്രത്യേകം നോട്ടമിട്ടുള്ള അന്വേഷണവും നല്ല ഫലം ചെയ്തുവെന്നണ് ഡേവിഡ് കോഹെൻ പറയുന്നത്.പക്ഷേ ഇങ്ങനെ ഒക്കെ ശ്രമിച്ചിട്ടും രഹസ്യമായി ഐസിന് ചില രാജ്യങ്ങളുടെയും ചില മതഭ്രാന്തന്മാരായ കോടീശ്വരുടെയും പിന്തുണ കിട്ടിയിരുന്നു. പക്ഷേ കോവിഡ് വന്നതോടെ അതും ഇല്ലാതായി. എണ്ണപ്പണത്തിന്റെ പുറത്ത് കെട്ടിപ്പെടുത്ത പ്രെട്രോ ഡോളർ വ്യവസായം ഇനി ഒരു സങ്കൽപ്പം മാത്രം. അതുകൊണ്ടുതന്നെ ഇനി എങ്ങനെ തലകുത്തി മറിഞ്ഞാലും പഴയ പ്രതാപം വീണ്ടെടുക്കാൻ ഐഎസിന് കഴിയില്ലെന്ന് ഉറപ്പാണ്. അങ്ങനെ വെടിതീർന്നിരിക്കുന്ന അവർ പണത്തിനായി എന്തും ചെയ്യുമെന്ന് ഉറപ്പാണ്. പുതിയ ഒരു വരുമാന മാർഗമായി ഐസ് സ്വർണക്കടത്തിനെ കണ്ടാൽ ആർക്കും തെറ്റുപറയാൻ കഴിയില്ല.

ചാരായം വാറ്റുപോലെ ഹെറോയിൻ വാറ്റുന്ന താലിബാൻ

മത നിയമങ്ങളും യാഥാർഥ്യവും തമ്മിലുള്ള അജഗജാന്തര വ്യത്യാസം അറിയണെമെങ്കിൽ സത്യത്തിൽ താലിബാന്റെ പരിണാമം തന്നെ പഠിക്കണം. ഇസ്ലാമികചര്യകളിൽ അടിയുറച്ച് വിശ്വസിച്ചുകൊണ്ട് രൂപം കൊടുത്ത താലിബാൻ ഇന്ന് അനിസ്ലാമികം എന്ന് കരുതുന്ന മയക്കുമരുന്ന് കള്ളക്കടത്തിലൂടെയാണ് കോടികൾ കൊയ്യുന്നത്. താലിബാന്റെ ഈ മയക്കുമരുന്ന് കടത്ത് ഭീഷണിയാവുന്നത് യൂറോപ്പിനും അമേരിക്കയ്്ക്കുമാണ്. മെക്സിക്കൻ ഡ്രഗ് കാർട്ടൽ വഴി അമേരിക്കയിലും യൂറോപ്പിലും എത്തുന്ന മയക്കുമരുന്നിന്റെ 60 ശതമാനവും എത്തുന്നത് താലിബാൻ വഴിയെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ അഫ്ഗാനിൽനിന്ന് യുഎസ് സൈനികരെ പിൻവലിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം ലോകം ആശങ്കയോടെയാണ് കണ്ടത്. ഇപ്പോൾ താലബാന് അഫ്ഗാനിൽ പാതി ഭാഗം മാത്രമേ അധീനതയിൽ ഉള്ളൂ. യുഎസ് പിന്മാറുന്നതോടെ വളരെ പെട്ടെന്ന് ഇവിടെ രാഷ്ട്രീയ അട്ടിമറി ഉണ്ടാകാനും സാധ്യതയുണ്ട്. ഫലത്തിൽ ഇതോടെ ലോകത്തിന്റെ മയക്കുമരുന്ന് മാഫിയയുടെ തലസ്ഥാനവും അഫ്ഗാൻ ആവുമെന്നാണ് ഭീതി ഉയരുന്നിരുന്നത്. പക്ഷേ അവിടെയും രക്ഷകനായി എത്തിയത് കോവിഡാണ്. ലോകം ഭാഗികമായി ഷട്ട് ഡൗൺ ചെയ്യപ്പെട്ടതോടെ മയക്കുമരുന്നിന്റെ സപ്ലെ ചെയിൻ മുറഞ്ഞു. അഫ്ഗാനിലെ ഓപ്പിയം പാടത്ത് വിളഞ്ഞ കോടികളുടെ മയക്കുമരുന്ന് വെറുതെയായി.

അഫ്ഗാനിസ്ഥാനിൽ താലിബാന്റെ മൗനാനുവാദത്തോടെയാണ് കറുപ്പ് നിർമ്മാണം നടന്നത്. മലയാളത്തിൽ കറുപ്പ് എന്നും ഇംഗ്ലീഷിൽ ഓപ്പിയം എന്നും ഉർദുവിൽ അഫീം എന്നും പറയുന്ന വസ്തു, കുപ്രസിദ്ധമായ ഒരു ലഹരിപദാർത്ഥമാണ്. ഇതേ ചെടിയിൽ നിന്നാണ് നമ്മൾ പാചകത്തിനുപയോഗിക്കുന്ന കസ്‌കസ് എന്നുപറയുന്ന സാധനം കിട്ടുന്നത്. ഈ ചെടിയുടെ വിത്താണ് കസ്‌കസ്. ഇതേ ചെടിയുടെ പൂക്കൾ കൊഴിഞ്ഞു വീണശേഷം ബാക്കി നില്ക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടിൽ നിന്ന് ശേഖരിക്കുന്ന കറയിൽ നിന്നാണ് കറുപ്പ് എന്ന ലഹരി വേർതിരിച്ചെടുക്കുന്നത്. അമേരിക്കയെ വളരെയധികം അസ്വസ്ഥമാക്കുന്ന ഒരു മൂല്യവർധിത വസ്തു ഈ ഓപ്പിയം സിറപ്പിൽ നിന്ന് വേർതിരിച്ചെടുക്കാൻ തുടങ്ങിയിട്ടുണ്ട് താലിബാനി ഭീകരവാദികൾ. അതാണ് ഹെറോയിൻ.

ഓർക്കണം ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാൻ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാൻ തങ്ങളുടെ ഭീകരവാദപ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടിങ് കണ്ടെത്തുന്നത്. ഓപ്പിയം സിറപ്പിന്റെയും ഹെറോയിന്റെയും നിർമ്മാണം തടയാൻ വേണ്ടി പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിലൂടെ അമേരിക്ക ചെലവിട്ടിട്ടുള്ളത് എണ്ണൂറു കോടി ഡോളറോളമാണ്. എന്നിട്ടെന്തായി? ഇപ്പോൾ യുദ്ധം തന്നെ വേണ്ടെന്നു വെച്ച് തിരിച്ചുപോരാൻ അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്ന ഈ വേളയിലും താലിബാനി ഹെറോയിൻ കാർട്ടലുകളുടെ രോമത്തിൽ പോലും തൊടാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല.

മുമ്പായിരുന്നെങ്കിൽ ഈ വസ്തുക്കളുടെ കടത്ത് കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നു. കാരണം വലിയ ബാരലുകളിൽ നിറച്ച് ദ്രാവകരൂപത്തിലായിരുന്നു ഓപ്പിയം സിറപ്പ് കടത്തിയിരുന്നത്. എന്നാൽ, കാലം മാറി. താലിബാനി ഭീകരവാദികളും അതിനൊത്ത് മാറി. ഇങ്ങനെ മറ്റുരാജ്യങ്ങൾക്ക് ഓപ്പിയം സിറപ്പ് തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുന്നതിൽ ലാഭം കുറവാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞു. ഒപ്പം അതിലുള്ള റിസ്‌കും. ഇപ്പോൾ, ഓപ്പിയം സിറപ്പിനെ പ്രോസസ് ചെയ്ത്, അതിൽ നിന്ന് ഹെറോയിൻ എന്ന വിലപിടിപ്പുള്ള മയക്കുമരുന്ന് നിർമ്മിക്കാനുള്ള ഫോർമുല താലിബാൻ തീവ്രവാദികൾ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതോടെ കയറ്റുമതി ചെയ്തിരുന്ന അസംസ്‌കൃത ഓപ്പിയത്തിന്റെ അളവ് പാതിയായി കുറഞ്ഞു. ഒന്നുകിൽ മോർഫിൻ അല്ലെങ്കിൽ ഹെറോയിൻ ആക്കി അതിനെ മാറ്റി കുറേക്കൂടി എളുപ്പത്തിലാണ് ഇന്ന് താലിബാനി ഭീകരവാദികൾ തങ്ങളുടെ ഉത്പന്നം വിൽക്കുന്നത്. ഈ സാങ്കേതികവിദ്യ അവർക്ക് നൽകുന്നത് ചുരുങ്ങിയത് അറുപതു ശതമാനമെങ്കിലും കൂടുതൽ ലാഭമാണ്.

ഗവൺമെന്റിനോട് പോരാടി താലിബാനികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ പലതും അവർ പ്രയോജനപ്പെടുത്തുന്നത് പോപ്പി വിത്തുകൾ കൃഷിചെയ്യാനാണ്. സാങ്കേതിക വിദ്യയിൽ താലിബാനികൾ നേടിയ മുന്നേറ്റം കാരണം ഇന്ന് അഫ്ഗാനിസ്ഥാനിൽ ചുരുങ്ങിയത് 400-500 ഹെറോയിൻ പ്രോസസിങ് ലാബുകളെങ്കിലുമുണ്ട്. ലാബ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരിക വളരെ സങ്കീർണ്ണമായ ഉപകരണങ്ങൾ നിറഞ്ഞ, ടെക്നീഷ്യന്മാർ കോട്ടും മാസ്‌കും ഒക്കെയിട്ട് ടെസ്റ്റ് ട്യൂബുകളിലും, ബ്യൂററ്റുകളിലും ഒക്കെ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എയർ കണ്ടീഷൻഡ് മുറികളാവും. എന്നാൽ താലിബാന്റെ ഹെറോയിൻ ലാബുകൾ അത്രയ്ക്ക് ഹൈട്ടക്ക് അല്ല. ഒരു കൊച്ചു കുടിൽ, ചായ്‌പ്പ് അതുമല്ലെങ്കിൽ ഒരു ഗുഹ ഇതിനുള്ളിൽവെച്ച് ഹെറോയിൻ തയ്യാർ ചെയ്‌തെടുക്കാവുന്ന ഉപകരണങ്ങളാണ് ഈ ലാബിലുള്ളത്. മിക്സിംഗിനായി പത്തുപന്ത്രണ്ടു ബാരലുകൾ. ഓപ്പിയം സിറപ്പിൽ നിന്ന് ഹെറോയിൻ വേർതിരിച്ചെടുക്കുന്ന പ്രക്രിയക്ക് വേണ്ട ചില രാസവസ്തുക്കൾ. വാറ്റിയെടുക്കാൻ വേണ്ട വിറക്. ഒരു പ്രെസ്സിങ് മെഷീൻ, ഒരു ജനറേറ്റർ, അടുത്തുള്ള കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കാൻ ഒരു പമ്പ്. ഇത്രയും ആയാൽ ഒരു ഹെറോയിൻ ലാബ് തയ്യാറായി. മൂന്നാംലോക രാജ്യങ്ങളിലെ ചാരായം വാറ്റുപോലെയാണിതെന്നാണ് ഇവിടം സന്ദർശിച്ച ബിബിസി ലേഖകൻ ചൂണ്ടിക്കാട്ടുന്നത്. പക്ഷേ കോവിഡിൽ ഹെറോയിൽ കടത്ത് നിലച്ചു. അമേരിക്കയടക്കം ഈ ചങ്ങല പൊട്ടിച്ചു. പക്ഷേ ഹെറോയിൻ കടത്തിയിരുന്നവർക്ക് സ്വാധീനം വെച്ച് സ്വർണവും കടത്താൻ കഴിയില്ലേ. നിഷ്പ്രയാസം കഴിയും.

ഖത്തർ ഹവാല നിലച്ചപ്പോൾ സ്വർണ്ണക്കടത്തിലേക്ക്

കേരളത്തിലെ ഇസ്ലാമിക മതമൗലിക വാദ പ്രസ്ഥാനങ്ങളുടെയാക്കെ നിലനിൽപ്പിന്റെ അടിത്തറ ഖത്തർ ആയിരുന്നുവെന്നത് ഏതാണ്ട് പരസ്യമായ രഹസ്യമാണ്. നാലുവർഷംമുമ്പ് ഖത്തറിൽ ഉണ്ടായ, സാമ്പത്തിക പ്രതിസന്ധിയും മറ്റ് രാജ്യങ്ങളുടെ ഉപരോധവും മൂലം ഈ ഫണ്ട് നിലച്ചു. കേരളത്തിലെ ഇസ്ലാമിക മതമൗലിക സംഘടനകൾ നടത്തുന്ന പത്രങ്ങളും മറ്റും പ്രതിസന്ധിയിൽ ആയത് ഈ സാഹചര്യത്തെ തുടർന്നാണെന്നാണ് പ്രൊഫസർ ഹമീദ് ചേന്ദഗംഗല്ലൂരിനെപ്പോലുള്ളവർ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ബദൽ ഫണ്ടിങ്ങ് മാർഗംമെന്ന രീതിയിൽ അതി തീവ്രസംഘടനകൾ നടത്തിയ കുറക്കുവഴിയാണ് സ്വർണ്ണക്കടത്ത് എന്ന ആരോപണം കേരളാപൊലീസിന് മാത്രമല്ല എൻഐഎക്കുമുണ്ട്.
കഴിഞ്ഞ കുറേക്കാലമായി കേരളത്തിലേക്ക് ഒഴുകിയെത്തുന്ന കോടികളുടെ ഫണ്ടും ഇതോടൊപ്പം കാണണം.

എപ്പോഴൊക്കെ ഇസ്ലാമിക തീവ്രവാദികൾ പ്രതിസന്ധിയിലാവുമ്പോളും അപ്പോഴൊക്കെ അവർക്ക് വൻതോതിൽ ഫണ്ട് വരാനുള്ള അവസരം വീണു കിട്ടാറുണ്ട്. മാറാട് കലാപം, ഹാദിയകേസ് തുടങ്ങിയ ഇതിന്റെ ഉദാഹരണങ്ങളാണ്. മാറാട് കലാപത്തോട് അനുബന്ധി കാലയളവിൽ കേരളത്തിലേക്ക് എത്തിയത് 430 കോടി രൂപയാണെന്ന് അന്നത്തെ അന്വേഷണ ഉദ്യോസ്ഥൻ, ക്രൈം ബ്രാഞ്ച് സൂപ്രണ്ട് സി.എം.പ്രദീപ് കുമാർ ഹൈക്കോടതിയിൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിന്റെ അന്വേഷണം എവിടെയും എത്തിയിട്ടില്ല. അതുപോലെ തന്നെ ഹാദിയ കേസിലും കോടികളുടെ പണമാണ് ഇത്തരം സംഘടനകൾക്ക് കിട്ടിയതെന്ന് ഒളിക്യാമറാ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു.സംഘടിതമായി മതപരിവർത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിക്യാമറയിൽ പറഞ്ഞിരുന്നു.

സംഘടനയുടെ ലക്ഷ്യം രാജ്യത്തും പിന്നീട് മറ്റ് സ്ഥലങ്ങളിലും ഇസ്ലാമിക് രാജ്യം സ്ഥാപിക്കുകയാണെന്നും ഇന്ത്യാ ടുഡേ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ നേതാക്കൾ സമ്മതിക്കുന്നുണ്ട്. ഇതിലും അന്വേഷണം എവിടെയും എത്തിയിട്ടില്ല.

പൗരത്വ പ്രതിഷേധത്തിൽ പണം ഒഴുകുമ്പോൾ

കഴിഞ്ഞവർഷം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിനും അവരുമായി ബന്ധപ്പെട്ട സർക്കാരിതര സംഘടനയ്ക്കും എൻഫോഴ്‌സ്‌മെന്റ് സമൻസ് അയച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരമാണ്. പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പണമൊഴുക്കിയെന്നാണ് പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡിയുടെ ആരോപണം. എന്നാൽ, സംഘടന ഇത് നിഷേധിച്ചിട്ടുണ്ട്. റീഹാബ് ഇന്ത്യയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം പിൻവലിക്കലും, നിക്ഷേപവും ഇഡി അന്വേഷിച്ചുവരുന്നു. പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഇ.അബൂബക്കറിനും ഇഡി സമൻസ് അയച്ചിട്ടുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്ത പണം പൂഴ്‌ത്തി വയ്ക്കൽ കേസിന് പുറമേയാണ് പൗരത്വ നിയമപ്രതിഷേധവുമായി ബന്ധപ്പെട്ട പണമൊഴുക്കലും അന്വേഷിക്കുന്നത്. മൊത്തം 120 കോടിയോളം രൂപ ഇങ്ങനെ വെളുപ്പിച്ചതായാണ് പറയുന്നത്.

യുപിയിലെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് റിപ്പബ്ലിക് ടിവി, സിടിവി പോലുള്ള ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെയും റിഹാബ് ഇന്ത്യയുടെയും 15 ബാങ്ക് അക്കൗണ്ടുകളാണ് ഇഡി സൂക്ഷ്മമായി പരിശോധിച്ചത്. 1.04 കോടി രൂപ ഈ 15 അക്കൗണ്ടുകളിലായി നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തി. പോപ്പുലർ ഫ്രണ്ടിന്റെ 10 ഉം റീഹാബിന്റെ 5 ഉം അക്കൗണ്ടുകളിലാണ് 2019 ഡിസംബർ 12 നും 2020 ജനുവരി 6 നും മധ്യേ നിക്ഷേപം എത്തിയത്. അന്വേഷണ ഏജൻസികളെ കബളിപ്പിക്കാൻ വേണ്ടി നിക്ഷേപ തുക എല്ലായ്‌പോഴും 50,000 ത്തിൽ താഴെയായിരുന്നു. 5,000 ത്തിനും 49,000ത്തിനും ഇടയിൽ. ഇതുവഴി നിക്ഷേപകൻ ആരെന്ന് വെളിപ്പെടുത്തേണ്ടിയും വന്നില്ല. എന്നാൽ, ഈ കാലയളവിൽ 1.34 കോടി രൂപ ഈ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ചതായും കണ്ടെത്തി.

പണം എടിഎം വഴിയോ നെഫ്റ്റ്- ഐഎംപിഎസ് മുഖേനയോ മൊബൈൽ ഉപയോഗിച്ചാണ് പിൻവലിച്ചത്. ഏതാനും ചെക്ക് പേയ്‌മെന്റുകൾ ഒഴിച്ചാൽ, ബാക്കിയെല്ലാം ഇങ്ങനെയായിരുന്നു, വിവിധ വ്യക്തികൾക്കായി 2,000 മുതൽ 5000 വരെ പലതവണകളായാണ് ഓരോ ദിവസവും പണം പിൻവലിച്ചതെന്നും കണ്ടെത്തി. 2020 ജനുവരി ആറിനും, 2019 ഡിസംബർ 12 നും മധ്യേയായിരുന്നു ഈ പിൻവലിക്കലുകൾ. ഡിസംബർ 12 നും, 21 നും ഒരേ അക്കൗണ്ടിൽ നിന്ന് 80-90 പിൻവലിക്കലുകൾ നടത്തിയതും അസ്വാഭാവികമെന്ന് ഇഡി വിലയിരുത്തി.

മതപരിവർത്തനത്തിനും പണം വരുന്നു

പണം പിൻവലിച്ചത് ഏറെയും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ അന്നോ, തലേന്നോ ആയിരുന്നുവെന്നും റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇഡിയുടെ കണക്കുകൂട്ടൽ അനുസരിച്ച് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകളിൽ നിന്നുള്ള ഈ പണം പിൻവലിക്കലിനും, പ്രക്ഷോഭത്തിനും തമ്മിൽ നേരിട്ട ബന്ധമുണ്ട്. ഈ പണം പ്രക്ഷോഭത്തിന് വേണ്ടി പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ചതാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നത്.പോപ്പുലർ ഫ്രണ്ടിന്റെ 27 അക്കൗണ്ടുകൾ അടക്കം 73 അക്കൗണ്ടുകളാണ് പരിശോധിച്ചത്. 120.5 കോടി രൂപയാണ് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിരിക്കുന്നത്. ഇതിൽ ഏറെയും അന്നുതന്നെയോ രണ്ട മൂന്നു ദിവസത്തിനകമോ പിൻവലിച്ചിട്ടുണ്ട്. മിക്കവയും ക്യാഷ് ഡെപോസിറ്റി് ആയിരുന്നു. ചെക്ക് വഴിയുള്ള നിക്ഷേപം വളരെ വിരളമാണ്.പോപ്പുലർ ഫ്രണ്ടിന് മത ചാരിറ്റബിൾ ട്രസ്റ്റ് ആയ തങ്ങൾ ഫൗണ്ടേഷനിന്റെ പിന്തുണയുണ്ടെന്നും ഫൗണ്ടേഷന്റെ സാമ്പത്തിക ഉറവിടം അന്വേഷിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹാദിയ കേസിൽ, പോപ്പുലർ ഫ്രണ്ട്, മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഇന്ദിര ജയ്സിങ്, ദുഷ്യന്ത് എ. ദവെ എന്നിവർക്ക് വൻതുക ഫീസ് നൽകിയതായി വെളിപ്പെടുത്തലും വിവാദമായിരുന്നു. ഹാദിയ കേസിൽ, പരാതിക്കാരനായ ഷഹീൻ ജഹാന് വേണ്ടിയാണ് കപിൽ സിബലിന് 77 ലക്ഷവും, ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷവും, ഇന്ദിര ജയ്സിങ്ങിന് 4 ലക്ഷവും നൽകിയത്. ഷഹീൻ ജഹാന്റെ പേരിൽ പോപ്പുലർ ഫ്രണ്ടാണ് ഈ തുക നൽകിയതെന്ന് സീ ന്യൂസ് വെളിപ്പെടുത്തുന്നു. പോപ്പുലർ ഫ്രണ്ട് ഹാദിയ കേസിൽ കക്ഷിയായിരുന്നില്ല..

എന്നാൽ, തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം ശുദ്ധ അസംബന്ധമെന്നാണ് കപിൽ സിബൽ പ്രതികരിച്ചത്.അഡ്വക്കേറ്റ് ഇന്ദിര ജയ്സിങ്ങും ആരോപണങ്ങൾ നിഷേധിച്ചു. പൗരത്വ നിയമ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടോ അല്ലാതെയോ പോപ്പുലർ ഫ്രണ്ടിൽ നിന്ന് നാല് ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം ശരിയല്ല. പോപ്പുലർ ഫ്രണ്ട് അക്കൗണ്ടിൽ നിന്ന് എനിക്ക് കൈമാറിയതായി കാട്ടുന്ന രേഖയിൽ ഒപ്പോ, തീയതിയോ, ഏജൻസിയുടെ പേരോ കാണാനില്ലാത്തതുകൊണ്ട് തന്നെ വിശ്വാസയോഗ്യമല്ല. എന്റെ സത്പേരിന് കളങ്കം ചാർത്താനുള്ള ഏതുശ്രമത്തിനും, വ്യക്തികൾക്കും മാധ്യമങ്ങൾക്കും എതിരെ സിവിലും ക്രിമിനലുമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്ദിര ജയ്സിങ് മുന്നറിയിപ്പ് നൽകി.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനു പിന്നിൽ ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ കത്തിലാണ് എൻഫോഴ്‌സ്‌മെന്റ് പോപ്പുലർ ഫ്രണ്ടിന്റെ ബന്ധം സൂചിപ്പിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധത്തിൽ പോപ്പുലർ ഫ്രണ്ടിന് നേരിട്ട് ബന്ധമുണ്ട്. പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്ന തീയതിയും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ തീയതിയും തമ്മിൽ ബന്ധമുണ്ടെന്നും കത്തിൽ പറയുന്നതായി വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

2017ൽ ഹാദിയകേസിന്റെ സമയത്ത് സംഘടിതമായി മതപരിവർത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിക്യാമറയിൽ സമ്മതിച്ചതും കഴിഞ്ഞവർഷം വൻ വിവാദമായിരുന്നു. സംഘടനയുടെ ലക്ഷ്യം രാജ്യത്തും പിന്നീട് മറ്റ് സ്ഥലങ്ങളിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണെന്നും ഇന്ത്യാ ടുഡേ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ നേതാക്കൾ സമ്മതിക്കുന്നുണ്ട്. ഹാദിയയുടെ മതംമാറ്റവും വിവാഹവും തുടർന്നുള്ള വിവാദങ്ങളിലും സുപ്രീം കോടതി നിർണ്ണായകമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് നേതാക്കളുടെ സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പ് ഇന്ത്യ റ്റുഡേ ചാനൽ പുറത്തുവിട്ടത്. പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമൺസ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, പോപ്പുലർ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരുടെ വാക്കുകളാണ് ചാനൽപുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.

മാറാട് കലാപത്തിന് മുന്നോടിയായി എത്തിയത് 430 കോടി

2003ലെ മാറാട് കൂട്ടകൊലയ്ക്ക് പിന്നിൽ രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘങ്ങളുണ്ടെന്ന് സംശയിക്കുന്നതായി മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിലും അന്വേഷണം എങ്ങുമെത്തിയില്ല. മാറാട് അന്വേഷണ കമ്മീഷന്റെ ശുപാർശയെ തുടർന്ന് മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഉന്നതഗൂഢാലോചനയെ കുറിച്ച് ആദ്യം അന്വേഷിച്ച റിട്ട. ക്രൈം ബ്രാഞ്ച് സൂപ്രണ്ട് സി.എം.പ്രദീപ് കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കുന്നത്.

നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വിശദവും വിപുലവുമായ അന്വേഷണമാണ് ആവശ്യം. കേരള പൊലീസിന് ഇത് അന്വേഷിച്ച് വസ്തുത പുറത്തുകൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യം ഉണ്ട്. അതുകൊണ്ട് തന്നെ മാറാട് അന്വേഷണ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരം സിബിഐ- സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ-ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് എന്നിവർ ഉൾപ്പെടുന്ന അന്വേഷണ ഏജൻസികളെ സമന്വയിപ്പിച്ച് അന്വേഷിപ്പിക്കണം-പ്രദീപ്കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.രണ്ടാം മാറാട് കലാപത്തിൽ തീവ്രവാദ ബന്ധമില്ലെന്ന് ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനും ഗവൺമെന്റ് പ്ലീഡറും ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് വ്യക്തമായ തെളിവുകൾ നിരത്തി പതിമൂന്ന് പേജുള്ള സത്യവാങ്മൂലം ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചിരിക്കുന്നത്.

ഈ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി 2010 ജൂൺ 30 മുതൽ 2012 ജനവരി 25 വരെ സേവനമനുഷ്ഠിച്ച താൻ പെട്ടന്നോണ് സ്ഥലം മാറ്റപ്പെട്ടത്. അന്വേഷണം ശകക്തമായി മുന്നേറുന്നതിനിടെ ഉണ്ടായ സ്ഥലം മാറ്റം അന്വേഷണത്തെ തുടർന്ന് മരവിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്നും വ്യക്തമാക്കുന്നുണ്ട്. 1999-2002 കാലയളവിൽ വിദേശത്ത് നിന്ന് 430 കോടി രൂപ ഇവിടുത്തെ പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കായി എത്തിയതിനെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചതിനെ കുറിച്ചും സിബിഐ അന്വേഷണം നടക്കാതിരിക്കാൻ ബിജെപിയിലേത് ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾ ശ്രമിച്ചതിനെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിൽ നിരോധിത സംഘടനയായ സിമിയുടെയും പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅദനിയുടെയും പങ്ക് സംശയിക്കുന്നുണ്ട്. താൻ തയ്യാറാക്കിയ 2012 പേജുള്ള കേസ് ഡയറിയിൽ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രദീപ്കുമാറിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.

മാറാട് കലാപത്തിൽ കൊളക്കാടൻ മൂസ ഹാജി എന്നയാൾ ചീഫ് ജസ്റ്റിസ് മുമ്പാകെ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയെ തുടർന്നാണ് പ്രദീപ് കുമാർ കോടതിയെ സമീപിക്കുന്നത്. കൊളക്കാടൻ മൂസ ഹാജിയുടെ ഹർജിയിൽ സിബിഐ, സംസ്ഥാന സർക്കാർ, പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ടമുണ്ടായിരുന്ന അന്നത്തെ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി വിൻസൻ എം. പോൾ, അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ ക്രൈംബ്രാഞ്ച് എസ്‌പി സി.എം. പ്രദീപ് കുമാർ എന്നിവരെയായിരുന്നു ഒന്നു മുതൽ നാലുവരെയുള്ള എതിർകക്ഷികളായി ചേർത്തിരുന്നത്. ഇതിൽ സിബിഐ ആദ്യം മറുപടി സത്യവാങ്മൂലം സമർപ്പിച്ചു.

തൊട്ടു പിന്നാലെ സംസ്ഥാന സർക്കാരിനു വേണ്ടി ഗവൺമെന്റ് പ്ലീഡറും. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് കുമാറിനോടോ വിൻസൻ.എം പോളിനോടോ ഒരു കാര്യവും തിരക്കാതെയാണ് മാറാട് കലാപത്തിൽ തീവ്രവാദ ബന്ധമില്ലെന്ന സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടത്. മറുപടി സത്യവാങ്മൂലം നൽകാനായി കോടതി പുറപ്പെടുവിച്ച നോട്ടീസ് ഇരുവർക്കും നൽകുകയോ അറിയിക്കുകയോ ഉണ്ടായില്ല. ഇതേത്തുർന്ന് കേസിൽ തന്നെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ കൂടിയായ പ്രദീപ് കുമാർ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ പെറ്റീഷൻ ഫയൽ ചെയ്യുകയായിരുന്നു. കേസിൽ നിലവിൽ തന്നെ പ്രദീപ് കുമാർ നാലാം എതിർ കക്ഷിയാണെന്നും അതിനാൽ പ്രത്യേകം കക്ഷി ചേരേണ്ടതില്ലെന്നും ഇതു സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം ഉടൻ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. 2003 മെയ് രണ്ടിനാണ് മാറാട് കടൽത്തീരത്ത് കൂട്ടകൊല നടന്നത്. പക്ഷേ ഇതിലൊന്നും തുടർ അന്വേഷണം ഉണ്ടായില്ല.

അട്ടിമറിക്കപ്പെടുന്ന  ഐഎസ് അന്വേഷണം

സംസ്ഥാനത്ത് ഐ.എസിന് നിർണായകസ്വാധീനമുണ്ടെന്ന് യുഎൻ റിപ്പോർട്ടിൽ പറയുമ്പോഴും കണ്ണൂർ, കാസർകോട് മേഖലയിൽ ഐ.എസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നിലച്ചമട്ടിലാണ്. വളപട്ടണത്തും കനകമലയിലും കണ്ണൂരും തലശ്ശേരിയിലും നേരത്തേ ഐ.എസ്. അനുബന്ധകേസുകളും അറസ്റ്റുകളും ഉണ്ടായിരുന്നു. ഐ.എസിലേക്ക് ഇവിടങ്ങളിൽനിന്ന് പലരും പോയതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, നിലവിൽ ഈ മേഖലയിൽനിന്ന് കാര്യമായ വിവരങ്ങളൊന്നും അന്വേഷണോദ്യോഗസ്ഥർക്കില്ല.

2016 ഒക്ടോബറിൽ കനകമലയിൽ ഭീകരപ്രവർത്തനങ്ങൾക്കായി ഐ.എസ്. അനുകൂല രഹസ്യയോഗം ചേർന്നതായാണ് കനകമലകേസ്. ഏഴുപ്രതികളിൽ ആറുപേർ കുറ്റക്കാരാണെന്ന് സിബിഐ. കോടതി പറഞ്ഞു. എന്നാൽ, ഇവരുടെ ഐ.എസ്. ബന്ധം െതളിയിക്കാനായില്ല.വളപട്ടണം കേസിൽ പ്രതികൾ പിടിയിലാകുന്നത് മിഥിൽ രാജ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് ഗൾഫിൽനിന്ന് പണം വന്നതോടെയാണ്. കേരളത്തിൽ ഐ.എസിലേക്ക് ആളെച്ചേർക്കാൻ ഒരു റിക്രൂട്ടിങ് ഏജൻസി പ്രവർത്തിച്ചതായും പൊലീസ് മനസ്സിലാക്കിയിരുന്നെങ്കിലും വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. പുതുതായി ആരെങ്കിലും പോവുകയോ വിദേശത്തുള്ളവർ നാട്ടിലേക്ക് വിവരങ്ങൾ കൈമാറുകയോ ചെയ്തതായും സൂചനകളില്ല. ഐ.എസിന്റെ ആഗോളതലത്തിലെ തകർച്ച അതിൽ ചേരാനുള്ള യുവാക്കളുടെ താത്പര്യം ഇല്ലാതാക്കിയതായി പൊലീസ് പറയുന്നു.

അതേസമയം കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് നാടുവിട്ടവർ മിക്കവരും കൊല്ലപ്പെട്ടു എന്ന വിവരങ്ങൾ ലഭിച്ചതായി പൊലീസ് ഉറപ്പിച്ചുപറയുന്നു. 15-ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം.ചിലർ അഫ്ഗാനിസ്താനിലെ ജയിലിലുള്ളതായും പറയുന്നു. കണ്ണൂരിൽനിന്ന് നേരത്തേ ഐ.എസിൽ ചേരാൻപോയ 35 പേരിൽ അഞ്ചുപേരെ തുർക്കിയിൽനിന്ന് പൊലീസ് പിടികൂടി തിരികെ അയച്ചിരുന്നു. അഴീക്കോട് പൂതപ്പാറയിലെ രണ്ടുകുടുംബങ്ങളെയും സിറ്റി കുറുവയിലെ ഒരാളെയും മൂന്നുവർഷംമുമ്പ് കാണാതായ സംഭവവുമുണ്ട്. എന്നാൽ, കാണാതായവർ റിക്രൂട്ട് ചെയ്യപ്പെട്ടവരാണോ എന്നതിനും തെളിവില്ല.

ഇന്ത്യയെ കോവിഡ് പടർത്തി തകർക്കാനും ഐസിസ് സന്ദേശം

അതിനിടെയാണ് കൊറോണ വൈറസ് എന്ന മഹാമാരിയെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാൻ ഇസ്ലാമിക് സ്റ്റേറ്റ്( ഐഎസ് ) ഭീകരർ പദ്ധതിയിടുന്നു എന്ന വാർത്ത വരുന്നത്. മുസ്ലിങ്ങൾ അല്ലാത്തവർക്കിടയിൽ കൊറോണ വൈറസ് വ്യാപിപ്പിക്കണമെന്ന് ഐഎസിന്റെ ഓൺലൈൻ പബ്ലിക്കേഷനായ 'വോയ്‌സ് ഓഫ് ഹിന്ദ്' ലൂടെ ആഹ്വാനം ചെയ്തിരിക്കുയാണ്. കൊറോണയെ അവിശ്വാസികൾക്കെതിരായ ആയുധങ്ങളായി ഉപയോഗിക്കണമെന്ന് മാസിക നിർദ്ദേശിക്കുന്നു.

ഇന്ത്യൻ മുസ്ലിങ്ങളോട് കൊറോണ വൈറസിന്റെ സൂപ്പർ വാഹകരാകാനാണ് നിർദ്ദേശം. അതിലൂടെ എളുപ്പത്തിലും കുറഞ്ഞ പരിശ്രമത്തിലും കൊല്ലാൻ സാധിക്കും. ലോക്ക് ഡൗണിനിടയിൽ നിയന്ത്രിക്കാൻ വിന്യസിച്ച പൊലീസുകാർക്കിടയിൽ കൊറോണ വൈറസ് വ്യാപിപ്പിക്കാനും ഐഎസ് ആവശ്യപ്പെടുന്നു. അവിശ്വാസികളായവരെ ഉന്മൂലനം ചെയ്യാനുള്ള മാർഗ്ഗങ്ങൾ മാസികയിൽ വിശദീകരിച്ചിട്ടുണ്ട്. കഴിയുന്നത്ര മുസ്ലിം മത വിശ്വാസികൾ അല്ലാത്തവരെ കൊല്ലാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ എല്ലായ്‌പ്പോഴും ആയുധധാരികളായിരിക്കുക, അവരെ കൊല്ലാനും ആക്രമിക്കാനും തക്ക ചങ്ങലകളും റോപ്പുകളും വയറുകളും കൈവശം ഉണ്ടായിരിക്കണം, ഗ്ലാസ് പോലുള്ള മൂർച്ചയുള്ള വസ്തുക്കൾ എളുപ്പത്തിൽ കൊല്ലാൻ സാധിക്കും, കത്രിക, ചുറ്റിക തുടങ്ങിയ വസ്തുക്കൾ ഉപയോഗപ്രദമാകും.- ഇങ്ങനെ പോകുന്നു അവയിലെ വിവരണങ്ങൾ.

ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ കിട്ടുന്ന ചിത്രം എന്താണ്. ഇന്ത്യയുടെ സമ്പുർണ്ണ നാശം ആഗ്രഹിക്കുന്ന സംഘടനതന്നെയാണ് ഐസിസ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകർക്കുന്ന കനകമാഫിയയയെ അവർ റിക്രൂട്ട് ചെയ്താലും അതിശയമില്ല. സ്വപ്നയുടെ ഇക്കിളിക്കഥകളിൽ ഒതുങ്ങേണ്ടതല്ല നയതന്ത്ര സ്വർണ്ണക്കടത്ത് എന്ന് വ്യക്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP