Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബോളിവുഡ് നടൻ സുശാന്തിന്റെ ആത്മാവിനോട് 'മോഡൺ മന്ത്രവാദി' സംസാരിച്ചത് എങ്ങനെയാണ്? ഗോസ്റ്റ് ട്രാക്കിങ്ങ് ഡിവൈസുകൾ ഇപ്പോൾ ഓൺലൈനിൽ; പ്രേതത്തെ ഓജോബോർഡിൽ വിളിച്ചുവരുത്തുന്ന 'പാരാനോർമൽ എക്‌സ്‌പേർട്ടു'കളും സജീവം; ഒപ്പം മുജ്ജന്മം കണ്ടുപിടിക്കുന്ന പാസ്റ്റ് റിഗ്രഷൻ തൊറാപ്പിയും; കമ്യൂണിസറ്റ് ചൈനയിൽനിന്ന് വന്ന അന്ധവിശ്വാസങ്ങൾക്കും കേരളത്തിൽവരെ വൻ മാർക്കറ്റ്; ആത്മാക്കളെ ആവാഹിച്ച് ലക്ഷങ്ങൾ കൊയ്യുന്ന 'സൈബർ ഒടിയന്മ്മാരുടെ' കഥ

ബോളിവുഡ് നടൻ സുശാന്തിന്റെ ആത്മാവിനോട് 'മോഡൺ മന്ത്രവാദി' സംസാരിച്ചത് എങ്ങനെയാണ്? ഗോസ്റ്റ് ട്രാക്കിങ്ങ് ഡിവൈസുകൾ ഇപ്പോൾ ഓൺലൈനിൽ; പ്രേതത്തെ ഓജോബോർഡിൽ വിളിച്ചുവരുത്തുന്ന 'പാരാനോർമൽ എക്‌സ്‌പേർട്ടു'കളും സജീവം; ഒപ്പം മുജ്ജന്മം കണ്ടുപിടിക്കുന്ന പാസ്റ്റ് റിഗ്രഷൻ തൊറാപ്പിയും; കമ്യൂണിസറ്റ് ചൈനയിൽനിന്ന് വന്ന അന്ധവിശ്വാസങ്ങൾക്കും കേരളത്തിൽവരെ വൻ മാർക്കറ്റ്; ആത്മാക്കളെ ആവാഹിച്ച് ലക്ഷങ്ങൾ കൊയ്യുന്ന 'സൈബർ ഒടിയന്മ്മാരുടെ' കഥ

എം മാധവദാസ്

'ശാസ്ത്രവും സാങ്കേതിക വിദ്യയും പരോഗമിക്കുന്നതോടെ അന്ധവിശ്വാസങ്ങൾ ഇല്ലാതാവുമെന്നത് നിങ്ങളുടെ ഒരു അന്ധവിശ്വാസം മാത്രമാണെന്ന്' കാൾ സാഗൻ എഴുതിയത് എത്ര ശരിയാണെന്ന് ഓർമ്മിപ്പിക്കയാണ് പുതിയ സംഭവികാസങ്ങൾ. സയൻസും ടെക്ക്‌നോളജിയും പുരോഗമിക്കുന്നതിന് അനുസരിച്ച്, അന്ധവിശ്വാസങ്ങളും അതിനനുസരിച്ച് രൂപം മാറുകയാണ്. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ അത്മാവിനോട് 'പാരാനോർമൽ എക്‌സ്‌പേർട്ട്' എന്ന് വിളിക്കുന്ന ഒരാൾ സംസാരിച്ച വിവരം വലിയ വാർത്തയായത് നോക്കുക. ഒറ്റയടിക്ക് യുക്തിബോധമുള്ളവർക്ക് അതിനെ ചിരിച്ചുതള്ളാൻ കഴിയും, പക്ഷേ ഇന്റർനെറ്റിലൊക്കെയൊന്ന് പരതി നോക്കുക. അവിടെ കോടികൾ മറയുന്ന വൻ വ്യവസായമാണ് ആത്മാക്കളോട് സംസാരിക്കാൻ കഴിയുന്ന ഗോസ്റ്റ് ട്രാക്കിങ്ങ്!

ഗോസ്റ്റ് ട്രാക്കിങ്ങ് ഡിവൈസുകൾ എന്ന് ഇന്റനെറ്റിൽ കാണുന്ന വസ്തുക്കളുടെയൊക്കെ വിൽപ്പന ചൂടപ്പം പോലെയാണ് നടക്കുന്നത്. പ്രേതങ്ങളുമായി സംസാരിക്കുക മാത്രമല്ല, ഓൺലൈൻ കൂടോത്രവും, സൈബർ ആഭിചാരവും, തൊട്ട് ചൈനീസ് മാന്ത്രിക വിദ്യകൾവരെ സൈബർ ലോകത്തുണ്ട്. എന്തിന് കോവിഡ് വരാതിരിക്കാനുള്ള സ്‌പെഷ്യൽ മന്ത്ര-തന്ത്രങ്ങൾവരെ നിങ്ങൾക്ക് കാണാം. ഒടിയൻ കാളയായും പോത്തായും പൂച്ചയായും വരുമെന്ന് പറയുന്ന ഒടിയാന്മ്മാരുടെ വംശമൊക്കെ കുറ്റമറ്റു. ഇത് സൈബർ ഒടിയന്മ്മാരുടെ കാലമാണ്.

സുശാന്തിന്റെ അത്മാവ് പറഞ്ഞത്?

നടൻ സുശാന്ത് സിങ്് രജ്പുതിന്റെ മരണത്തെ സംബന്ധിച്ച ദുരൂഹതകൾ ഇനിയും അവസാനിച്ചിട്ടില്ല. വിഷാദത്തിലായിരുന്ന സുശാന്ത് ആത്മഹത്യ ചെയ്തതാണെന്നും അല്ല ഇതുകൊലപാതകമാണെന്നും ചർച്ചകൾ ഉയരുന്നുണ്ട്. ഈ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോൾ സുശാന്തിന്റെ 'ആത്മാവു'മായി ആശയവിനിമയം നടത്തിയെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് 'പാരാനോർമൽ എക്‌സ്‌പേർട്ട്' സ്റ്റീവ് ഹഫ്

സ്വന്തം യുട്യൂബ് ചാനൽ ഉള്ള സ്റ്റീവ്, സുശാന്തിന്റെ സിനിമകളൊന്നും കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ നിരവധി ആരാധകർ തന്നെ സമീപിക്കുകയായിരുന്നുവെന്നും വീഡിയോയിൽ പറയുന്നു.സ്വയം വികസിപ്പിച്ചെടുത്തു എന്നവകാശപ്പെടുന്ന ഒരു ഉപകരണത്തിന്റെ മുന്നിൽ ഇരുന്നുകൊണ്ടാണ് സ്റ്റീവിന്റെ സംഭാഷണം. സുശാന്തുമായി നടത്തിയ 'ആശയവിനിമയ'ത്തെക്കുറിച്ച് സ്റ്റീവ് വീഡിയോയിൽ പറയുന്നതിങ്ങനെ..

'താങ്കൾ വെളിച്ചത്തിലാണോ എന്നാണ് ഞാൻ ആദ്യം ചോദിച്ചത്. 'തനിക്ക് വെളിച്ചം ലഭിക്കുന്നുണ്ട്' എന്നായിരുന്നു അതിനു മറുപടി. 'കഴിഞ്ഞ രാത്രി കണ്ട വെളിച്ചത്തിലാണ് നിങ്ങൾ?' എന്ന ചോദ്യത്തിന് 'അതെ, ഞാൻ അതിൽ ഉണ്ടായിരുന്നു' എന്ന് മറുപടി. 'എങ്ങനെയാണ് മരണപ്പെട്ടതെന്ന് ഓർക്കുന്നുണ്ടോ' എന്ന ചോദ്യത്തിന് 'അവരത് എല്ലാം ഡോക്ടർമാർക്ക് വിടും' എന്നാണ് മറുപടി ലഭിച്ചത്'എന്നും സ്റ്റീഫ് ഹഫ് പറയുന്നു. അതായതുകൊട്ടിഘോഷിച്ച ആത്മാവ് അന്വേഷണത്തിന് ഒടുവിൽ ഒന്നും കിട്ടിയിട്ടില്ല എന്ന് സാരം. പക്ഷേ ക്ഷിപ്രവിശ്വാസികൾക്ക് അതുമതി. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്.

സ്റ്റീവിന്റെത് സിമ്പിൾ തട്ടിപ്പ്

ഇരുട്ടുമുറിയിൽ ഓജോബോർഡിനുമുന്നിൽ ആത്മാവിനെ വിളിച്ചുവരുത്തുമെന്നാണ് സ്റ്റീവ് നേരത്തെ അനൗൺസ് ചെയ്തത്. പിന്നീട് സുശാന്തിന്റെ ആത്മാവ് പക വീട്ടാനായി പുറത്തിറങ്ങുമെന്നും ഇവർ പ്രചരിപ്പിച്ചു. ഇതോടെ 'ജസ്റ്റിസ് ഫോർ സുശാന്ത്' എന്ന ഹാഷ് ടാഗുകളിലെല്ലാം ഈ വീഡിയോ പ്രത്യക്ഷപ്പെട്ടു.താൻ സ്വന്തമായി വികസിപ്പിച്ചെടുത്തു എന്നു പറയുന്ന ഉപകരണത്തിലൂടെയാണ് സ്റ്റീവ് ഹഫ് സംസാരിച്ചതായി പറയുന്നത്. പക്ഷേ ഇതെല്ലാം വെറും പൊള്ളയാണെന്ന് ശാസ്ത്രകാരന്മ്മാർ പറയുന്നു. പത്തുവർഷമായി താൻ ആത്മാക്കളുമായി സംസാരിക്കുന്നുണ്ടെന്നാണ് സ്റ്റീവിന്റെ അവകാശവാദം. ലോകമൊട്ടാകെ ലക്ഷക്കണക്കിന് ആരാധകർ ആണ് ഈ അമേരിക്കൻ സ്വദേശിക്ക് പിന്നിൽ ഉള്ളത്. പക്ഷേ ഇതെല്ലാം ശുദ്ധതട്ടിപ്പാണെന്ന് പലതവണ തെളിയിക്കപ്പെട്ടതാണ്.

സ്പരിച്ച്വലിസം എന്ന വാക്ക് കൊണ്ടുവന്ന ഫോക്ക് സഹോദരിമാരാണ് സത്യത്തിൽ യൂറോപ്പിന് 'ആത്മാവിനെ പിടിക്കൽ' പരിപാടികൾ പരിചയപ്പെടുത്തികൊടുത്തത്. 18ാം നൂറ്റാണ്ടിലൊക്കെ പ്രേതങ്ങളെയും ആത്മാവിനെയും നേരിട്ട് കണ്ടുഎന്ന് അവകാശപ്പെടുന്ന ഒരുപാട് പേർ ലോകത്ത് ഉണ്ടായിരുന്നു.മൃതദേഹങ്ങളിൽനിന്ന് പുറത്തുവരുന്ന ഫോസ്ഫറസ് സ്വതന്ത്രമാക്കൽ പ്രക്രിയയായിരുന്നു ശ്മശാനങ്ങളിലെ പ്രേതസാന്നിധ്യമായി തെറ്റിദ്ധരിക്കപ്പെട്ടത്. 'ഫോസ്‌ഫോറസെൻസ്' എന്ന ശാസ്ത്രീയ പ്രതിഭാസമൊക്കെയാണ് അത്മാവ് ഉണ്ടെന്നതിന് തെളിവായി ആളുകൾ പറഞ്ഞുകൊണ്ടിരുന്നത്.

 

1850ൽ ഈ ഫോക്ക് സഹോദരിമാർ ഒരു യന്ത്രവുമായി എത്തി. അത് ടെലഗ്രാഫ് ആയിരുന്നു. അന്നേകാലത്ത് ആളുകൾക്ക് അത്തരം ഉപകരങ്ങളെ കുറിച്ച് അറിവില്ലായിരുന്നു. ഇതേക്കുറിച്ച് ഒന്നും അറിയാത്തവർ ആത്മാക്കളുമായി തങ്ങൾ സംസാരിച്ചുവെന്ന് പറയുന്നു. സ്റ്റീവിന്റെതും ഇതേ മോഡൽ ഗോസ്റ്റ് ട്രാക്കിങ്് ഡിവൈസ് ആയിരുന്നു. മനുഷ്യന് കേൾക്കാനാവത്ത തരംഗദൈർഘ്യത്തിലുള്ള മൈക്രോവേവുകൾ കടത്തിവട്ട് കമ്പനം ഉണ്ടാക്കുന്നതുപോലുള്ള സിംപിൾ ടെക്ക്‌നിക്കാണ് സ്റ്റീവും ചെയ്യുന്നത്. ഫോൺ ടാപ്പിങ്ങ് ഡിവൈസുകൾ ഉപയോഗിച്ച് മൂൻകൂട്ടി റെക്കോർഡ് ചെയ്തുവെച്ച ശബ്ദം കേൾപ്പിച്ചും ഇദ്ദേഹം തട്ടിപ്പ് നടത്താറുണ്ട്. അതായത് സിമ്പിൾ ഇലട്രോണിക്സാണ് ഇയാൾ ഉപയോഗിക്കുന്നതെന്ന് ചുരുക്കം.

പക്ഷേ ക്ഷിപ്ര വിശ്വാസികൾ ഇതൊന്നും നോക്കാറില്ല. അവർ സ്റ്റീവിനെ ആരാധിക്കുന്നു. കൂട്ടത്തിൽ പറയട്ടേ. അത്മാവ് ഉണ്ടോയെന്ന് അറിയാനുള്ള പരീക്ഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിരുന്നു. എല്ലായിടത്തും നെഗറ്റീവ് ആയിരുന്നു ഫലം.

ഓജോബോർഡ്: 'ഇതൊരു കളി മാത്രം-അല്ലേ?'

ഗോസ്റ്റ് ട്രാക്കർമാർ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ഓജോ ബോർഡ്. വീഡിയോ കോൺഫറൻസിങ്ങിലൂടെ പ്രേതത്തെ ഓജോബോർഡിൽ വിളിച്ചുവരുത്തുന്ന സൈബർ ഓജോകൾ ഇക്കാലത്ത് ഒരുപാടുണ്ട്. ഇതൊരു കളിയുപകരണമാണെന്നാണ് യൂറോപ്പിലൊക്കെ പറയുന്നത്. ആധുനിക ഓജോ ബോർഡിന്റെ പേറ്റന്റ് സ്വന്തമാക്കിയ പാർക്കർ ബ്രദേഴ്സിന്റെ പരസ്യവാചകം തന്നെ 'ഇതൊരു കളി മാത്രം-അല്ലേ?' എന്നതാണ്. അതായത് ഇതൊരു കളി മാത്രമല്ല എന്നൊരു ധ്വനി പകരുന്നുണ്ട്.പല മോഡലുകളിൽ ഓജോ ബോർഡ് വാങ്ങാൻ കിട്ടും. ഇംഗ്ലീഷ് അക്ഷരമാലയും പൂജ്യം മുതൽ ഒമ്പതുവരെയുള്ള അക്കങ്ങളും ക്രമത്തിൽ എഴുതിയ ബോർഡാണിത്. ഇതിൽ ഒരു നാണയം വെച്ചശേഷം അതിൽ വിരൽ വെച്ച് ചോദ്യങ്ങൾ ചോദിച്ചാൽ അത് അക്ഷരങ്ങളിലേക്ക് സ്വയം ചലിച്ച് ഉത്തരം നൽകുമെന്നാണ് വിശ്വാസം.

കൊന്ത, കുരിശ്, പൂജിച്ച വസ്തുക്കൾ തുടങ്ങിയവ ഒഴിവാക്കിവേണം ഓജോ ബോർഡ് പ്രവർത്തിപ്പിക്കാൻ. ബോർഡിനു മുന്നിൽ ഒരു മെഴുകുതിരി കത്തിച്ചുവെക്കണം. തുടർന്ന് പരേതാത്മാവിനെ ബോർഡിലേക്ക് ക്ഷണിക്കണം. ഈ സമയം പരേതാത്മാവ് അവിടെ എത്തുമെന്നും നമ്മുടെ ചോദ്യങ്ങൾക്ക് നാണയം ചലിപ്പിച്ച് ഉത്തരം നൽകുമെന്നുമാണ് വിശ്വാസം. ഫേസ്‌ബുക്കിൽ ഒരു അനുഭവം നോക്കൂ- 'നാണയത്തിൽ വിരൽ വച്ച് ഞാൻ ആത്മാവിനെ വിളിച്ചു. അൽപ്പസമയത്തിനുള്ളിൽ എന്റെ വിരൽ ചലിക്കാൻ തുടങ്ങി. എനിക്ക് കൈ തിരികെ എടുക്കാൻ കഴിഞ്ഞില്ല. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാൻ തുടങ്ങി. വല്ലാത്ത ഒരു അവസ്ഥയിലും ലോകത്തും ഞാൻ എത്തപ്പെട്ടു. ഒടുവിൽ ആ സ്പിരിറ്റിനോട് യാത്ര പറഞ്ഞു'.- ഇങ്ങനെയാണ് വിവരണം പോകുന്നത്.

ഓജോ ബോർഡിൽ പരേതാത്മാവിന്റെ സാന്നിധ്യമുണ്ടോ? അത്തരമൊരു സാധ്യത കണ്ടെത്താനായിട്ടില്ലെന്ന് നീണ്ടകാലം ഇതുസംബന്ധിച്ച് ഗവേഷണം നടത്തിയ ഫ്രഞ്ച് ശാസ്ത്രജ്ഞൻ പ്രൊഫ. ഫ്‌ളാമറോൺ വ്യക്തമാക്കുന്നു.ഇതുസംബന്ധിച്ച് പഠനം നടത്തിയ ഫാ. ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, വ്യക്തിയുടെ ബോധമനസ്സിനുമേൽ ഉപബോധമനസ്സ് ആധിപത്യം സ്ഥാപിക്കുന്നതിന്റെ തുടർച്ചയാണ് ബോർഡിലെ ചലനങ്ങളെന്ന് വ്യക്തമാക്കുന്നുണ്ട്. ബോർഡിനു മുന്നിൽ വെളിച്ചത്തിൽ ശ്രദ്ധയൂന്നി ഏറെനേരം ഇരിക്കുന്ന വ്യക്തിയുടെ ബോധമനസ്സ് നിർവീര്യമാകുകയും അതനുസരിച്ച് അബോധമനസ്സും ഉപബോധമനസ്സും ഉണരുകയും ചെയ്യും. ഉപബോധമനസ്സ് ഒരാളുടെ ബോധമണ്ഡലത്തിന് അപ്പുറത്തുനിന്ന് അയാളുടെ പേശികളെ ചലിപ്പിക്കുന്നതുമൂലമാണ് നാണയം നീങ്ങുന്നത്. ഉപബോധമനസ്സ് ഒരാളുടെ പ്രവൃത്തി ഏറ്റെടുത്താൽ അവ താൻ ചെയ്യുന്നതാണെന്ന തിരിച്ചറിവ് അയാൾക്കുണ്ടാകില്ല. തന്റെ മനസ്സിലെ നിഗൂഢ ആഗ്രഹങ്ങൾക്കൊപ്പമാകും അയാളുടെ പേശികൾ ചലിച്ച് നാണയം നീങ്ങുക. ''മയക്കുമരുന്നിനെന്നപോലെ വ്യക്തികൾ ഇതിന് അടിപ്പെടാമെന്നും അത് ഗുരുതരപ്രത്യാഘാതങ്ങൾ സൃഷ്ടിക്കു''മെന്നും 'സാത്താൻ ട്രാപ്പ് ' എന്ന ഗ്രന്ഥം രചിച്ച മാർട്ടിൻ ഇബോൺ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതായത് ഓജോ ബോർഡിലെ ചലന

പടിവിട്ടാൽ മനോനില തന്നെ തെറ്റും

ഒരു കാലത്ത് നമ്മുടെ കൊച്ചുകേരളത്തിലെയും യുവജനങ്ങളെയും ഓജോബോർഡ് ജ്വരം ആവേശിച്ചിരുന്നു. ഓജോ ബോർഡിനെ വിശ്വസിച്ച് അതനുസരിച്ച് കർമങ്ങൾ ചെയ്ത് ഫലം പ്രതീക്ഷിച്ചിരിക്കുന്ന ഒട്ടേറെപ്പേരുണ്ട്. വനിതകളും കുട്ടികളുമാണ് ഇതിൽ കൂടുതലായി ആകർഷിക്കപ്പെടുന്നത്. മമ്മൂട്ടിയുടെ 'അപരിചിതൻ' എന്ന ചിത്രവും ഈ അന്ധവിശ്വാസ വ്യവസായത്തിന് വളം കൂട്ടി. കോളേജിനോട് ചേർന്ന വനിതാ ഹോസ്റ്റലുകളിലെല്ലാംതന്നെ ഒന്നിലേറെ ഓജോ ബോർഡുകൾ കുട്ടികളുടെ കൈയിലുണ്ടാകുമെന്ന് അദ്ധ്യാപകർ തന്നെ സമ്മതിക്കുന്നുണ്ട്. ഓജോ ബോർഡ് ഒരു തമാശയായി കാണുന്നവർക്ക് കുഴപ്പമില്ല. എന്നാൽ, ചിലർ ഇതിന് അടിമപ്പെടും. അത്തരക്കാർക്ക് അത് ഗുരുതരമായ മാനസികപ്രശ്നങ്ങൾക്കിടവരുത്തും. ഓജോ ബോർഡുമായി ബന്ധപ്പെട്ട മനോവിഭ്രാന്തിയിൽ അകപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് മനോരോഗവിദഗ്ദ്ധർ പറയുന്നു.

കണ്ണൂർ ജില്ലയിലെ ഒരു സ്‌കൂളിൽ മൂന്നുവർഷംമുമ്പ് നടന്ന സംഭവമാണിത്. യൂത്ത് സ്‌കൂൾ കലോത്സവം നടക്കുന്ന സമയം അടച്ചിട്ട ക്ലാസ്റൂമിൽ പെൺകുട്ടികളുടെ നിലവിളി കേട്ടായിരുന്നു അദ്ധ്യാപികമാർ മുറി തുറപ്പിച്ചത്. കാര്യം ഇതാണ്; മൂന്ന് പെൺകുട്ടികൾ ഓജോ ബോർഡ് കളിച്ചു. അതിൽ ഒരാൾ വിളിച്ച ആത്മാവ് വന്നത്രെ. ആ കുട്ടി മുറിയുടെ ഒരു ഭാഗത്ത് ചൂണ്ടിക്കാണിച്ച് അവിടെ ആത്മാവ് വന്നതായി പറഞ്ഞു. ആത്മാവിനോട് ഓരോന്ന് ചോദിക്കാനും തുടങ്ങി. ഇതുകണ്ട് മറ്റു കുട്ടികൾ നിലവിളിക്കാനും തുടങ്ങി. കുട്ടിയെ അദ്ധ്യാപികമാർ സമാധാനിപ്പിച്ചുവിട്ടെങ്കിലും പിന്നീടും ഈ പ്രവണത കണ്ടുതുടങ്ങി. വീട്ടിൽ വിവരമറിയിച്ചപ്പോഴാണ് വീട്ടുകാർ കുട്ടിയെ കടുത്ത അന്ധവിശ്വാസത്തിലാണ് വളർത്തിയതെന്ന് അറിയാൻ കഴിഞ്ഞത്. ദിവസങ്ങൾക്കുശേഷം സ്‌കൂളിലെ ഒരു അദ്ധ്യാപികയിൽ ഈ കുട്ടി മരിച്ചുപോയ മുത്തച്ഛന്റെ രൂപം ദർശിച്ചു. പിന്നെ അദ്ധ്യാപികയുമായി വല്ലാത്ത അടുപ്പമായി. മറ്റാരെങ്കിലും അദ്ധ്യാപികയോട് സംസാരിച്ചാൽ ആകെ പ്രശ്നം. ഒരിക്കൽ താക്കീത് ചെയ്ത അദ്ധ്യാപികയോട് ആത്മഹത്യാഭീഷണി മുഴക്കാനും കുട്ടി മടികാണിച്ചില്ല. ഏതായാലും കുട്ടി ഇപ്പോൾ മനോരോഗ ചികിത്സയിലാണ്.

സമാനമായ സംഭവം കോയമ്പത്തൂരിലെ ഒരു കോളേജ് ഹോസ്റ്റലിലുണ്ടായി. കോഴിക്കോട്ടുള്ള ഒരു പെൺകുട്ടിയാണ് കഥാപാത്രം. ഹോസ്റ്റൽമുറിയിൽ ഓജോ ബോർഡ് കളിച്ച കുട്ടി വിളിച്ചുവരുത്തിയത് ആ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത മറ്റൊരു കുട്ടിയുടെ ആത്മാവിനെയാണത്രെ. ആത്മാവിനോട് താദാത്മ്യം പ്രാപിക്കാൻ ഈ കുട്ടി ആത്മഹത്യയ്ക്കും മുതിർന്നു. വീട്ടുകാരും ഇത് മാനസികപ്രശ്നമായി കണ്ടില്ല. മറിച്ച് ബാധകൂടിയതായി കണ്ട് ഒഴിപ്പിക്കൽശ്രമത്തിനായി കൊണ്ടുപോവുകയായിരുന്നു.

വശീകരണവും ആഭിചാരവുമായി ആധുനിക ഒടിയന്മാർ

ഈ 21ാം നൂറ്റാണ്ടിലും മന്ത്രവാദത്തിനും കൂടോത്രത്തിനും ഇത്രയേറ മാർക്കറ്റ് ഉണ്ടോ എന്ന് അറിയണമെങ്കിൽ നെറ്റിൽ ഒന്ന് സേർച്ച് ചെയ്തുനോക്കണം. നൂറായിരം ഉഡായിപ്പ് സൈറ്റുകൾ കണ്ട് നാം തലകറങ്ങിപ്പോകും. കൂട്രാത്രവും മന്ത്രവാദും ആഭിചാരവുമെല്ലാം ഇപ്പോൾ ഓൺലൈനിലാണ്. ഇന്ത്യൻ മന്ത്രവാദികൾക്കും നൈജീരിയൻ മന്ത്രവാദികൾക്കുമാണ് മാർക്കറ്റിൽ ഡിമാന്റ്. കോവിഡ് കാലം ആയതോടെ ഇത്തരം ടീമുകൾക്ക് വലിയ ചാകരയാണ് ഉണ്ടാവുന്നത്. ഐടി മേഖലയിലെ ഉന്നത ജോലി രാജിവെച്ച് ഓൺലൈൻ മന്ത്രവാദം നടത്തുന്നയാൾവരെ ഇപ്പോഴുണ്ട്. സിനിമാക്കാർ മുതലുള്ള വലിയൊരു വിഭാഗം ആരാധകരും ഇയാൾക്കുണ്ട്.

ഓൺലൈൻ റെയ്ക്കി ഹീലർമാർ എന്നു പറയുന്ന ഒരു പുതിയ വിഭാഗവും ഉണ്ട്. അതിവിദൂര റെയ്ക്കി എന്ന ഇവരുടെ പ്രചാരണം കലക്കനാണ്. അതായത് നിങ്ങൾക്ക് എതൊരു വസ്തുവിലും അനുകൂല ഊർജം കിട്ടണമെങ്കിൽ ആ വസ്തുവിന്റെ ചിത്രത്തിൽ റെയ്ക്കി ഹീലർ ഊർജം നിറക്കും. അത് അതിന് കിട്ടുമത്രേ. ഉദാഹരണമായി നിങ്ങളുടെ കാറിന്റെ ചിത്രത്തിൽ റെയ്ക്കി ഹീലർ കൈവെച്ച് പ്രാർത്ഥിച്ചാൽ കാർ പിന്നെ അപടത്തിൽ പെടില്ല. നിങ്ങളുടെ ചിത്രത്തിൽ അനുകൂല ഊർജം നിറച്ചാൽ പിന്നെ നിങ്ങൾക്ക് ഒരു കുഴപ്പവും സംഭവിക്കില്ല.

പക്ഷേ നമ്മുടെ നാട്ടിലെ റെയ്ക്കി പ്രാക്ടീഷണർമാർ ഇവരെ എതിർക്കയാണ്. ഇത് വ്യാജമാണെന്നാണ് അവർ പറയുന്നത്. ശാരീരികവും മാനസികവും വൈകാരികവുമായ രോഗങ്ങളെ ചികിൽസിക്കാൻ ഉപയുക്തമാണെന്നു വിശ്വസിക്കപ്പെടുന്ന പൊതുധാരയിൽ ഉൾപ്പെടാത്ത ഒരു ആത്മീയ ചികിൽസാരീതിയാണ് റെയ്കി എന്നാണ് ഇവർ പറയുക.

'റെയ്കിമാസ്റ്ററിൽ നിന്നും പരമ്പരാഗതമായരീതിയിൽ ദീക്ഷ ലഭിച്ചവർക്കുമാത്രമേ റെയ്കി എന്ന ശക്തിവിശേഷത്തെ ചികിൽസാരൂപത്തിൽ പ്രയോഗിക്കുന്നതിനു സാധിക്കുകയുള്ളു. എന്നാൽ റെയ്കി എന്ന സാധനാരീതിയുടെ പ്രധാന ഉപയോഗം സ്വയചികിൽസയും ആരോഗ്യ സംരക്ഷണവുമാണ്. റെയ്കിയോടു താല്പര്യമുള്ള ഏതൊരാൾക്കും ദീക്ഷ സ്വീകരിച്ചു ഒന്നും രണ്ടും ഘട്ടം പരിശീലനം വഴി സ്വയം ചികിൽസിക്കുകയും മറ്റുള്ളവരെ ചികിൽസിക്കുകയും ചെയ്യാൻ കഴിയും. ഒരു വ്യക്തിയുടെ ഷഡാധാരങ്ങങ്ങളിലൂടെ നൽകുന്ന പ്രപഞ്ചശക്തിയുടെ(റെയ്കിയുടെ) പ്രഭാവം കൊണ്ടു ആ വ്യക്തിയുടെ ശരീരത്തിനും മനസ്സിനും ആത്മാവിനും സംപൂര്ണ സൗഖ്യവും സുസ്ഥിരതയും ഉണ്ടാകുന്നുധഅവലംബം ആവശ്യമാണ്പ. ഔഷധങ്ങളും ഉപകരങ്ങളും കീറിമുറിക്കലുകളും ഇല്ലാത്തതിനാൽ യാതൊരു ദൂഷ്യഫലങ്ങളും ഉണ്ടാകുന്നതല്ല. നൈസർഗികവും സ്വാഭാവികവുമായ രോഗശാന്തി റെയ്കിയുടെ സാന്നിദ്ധ്യത്തിൽ ശരീരത്തിനുള്ളിൽ നടക്കുന്നു എന്നതാണു റെയ്കിയുടെ മഹത്ത്വം. '- ഒരു പ്രമുഖ റെയ്കി മാസിക ഇങ്ങനെ വിലയിരുത്തുന്നു. ആധുനിക ഓൺലൈൻ റെയ്ക്കിക്കാരെ കപടർ ആയാണ് അവർ കാണുന്നത്.

പക്ഷേ ആധുനിക ശാസ്ത്രത്തിന്റെ ദൃഷ്ടിയിൽവെറും കടപ ശാസ്ത്രം മാത്രമാണ് ഇവയെല്ലാം. ഇങ്ങനെ ഒരു വ്യക്തിയിലേക്കോ വസ്തുവിലേക്കോ ഊർജം ആവാഹിക്കാമെന്നതിന് യാതൊരു തെളിവുകളും നിലവിലില്ല.

ഓൺലൈൻ പാസ്റ്റ് റിഗ്രഷൻ തൊറാപ്പി

ഇതുപോലെ സൈബർ മന്ത്രവാദ അധോലോകങ്ങളിൽ പ്രശസ്താമയ ഒന്നാണ് ഓൺലൈൻ പാസ്റ്റ് റിഗ്രഷൻ തൊറാപ്പി. അതായത് മജ്ജന്മ്മത്തിൽ നിങ്ങൾ ആരായിരുന്നുവെന്ന് കണ്ടെത്തൽ. നമ്മുടെ തഞ്ചാവൂർ ചീട്ടും ഓലയും പോലെയൊക്കെയുള്ള ഒരു പരിപാടി. മൂന്നുവർഷം മുമ്പ് ഉണ്ടായ ഒരു സംഭവമാണ്. വിഷാദരോഗം കടുത്തതിനെ തുടർന്ന് മനഃശ്ശാസ്ത്ര ചികിത്സയ്ക്കുപകരം പൂർവജന്മ അപഗ്രഥന ചികിത്സ തേടിയെത്തിയ മലയാള സിനിമാ നടിക്ക് ഒടുവിൽ കാത്തിരുന്ന ഉത്തരം കിട്ടി. അവർ കഴിഞ്ഞ ജന്മം ഹോളിവുഡ് ഇതിഹാസ നടി ഇൻഗ്രിഡ് ബർഗ്മാൻ ആയിരുന്നു. തത്കാലം മലയാള നടിയുടെ വിഷാദരോഗത്തിന് ശമനമായി! ഇൻഗ്രിഡ് ബർഗ്മാന്റെ ജീവിതവുമായി ഒത്തുചേർന്ന് കുറച്ചുകാലം... നടി വീണ്ടും വിഷാദരോഗത്തിലേക്ക്. ശാസ്ത്രീയമായ ചികിൽസയും താൽക്കാലിക ആശ്വാസവും തമ്മിലുള്ള വ്യത്യാസം അവിടെയാണ്.

തിരുവനന്തപുരത്ത് ഓൺലൈൻ പാസ്റ്റ് റിഗ്രഷൻ തൊറാപ്പി നടത്തുന്ന ദമ്പതിമാർക്ക് തിരക്കോട് തിരക്കാണ്. മണിക്കൂറിന് 3000 രൂപയാണ് കുറഞ്ഞ ഫീസ്. വർത്തമാനകാലത്തിലെ ജീവിതാസ്വാസ്ഥ്യങ്ങൾക്ക് കാരണം അശാന്തമായ പൂർവജന്മമാണെന്ന് തോന്നലുണ്ടായവർ റിഗ്രഷൻ തെറാപ്പിസ്റ്റുകളെ അഭയം തേടുന്നു. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ, അല്പജ്ഞാനം നേടിയ തെറാപ്പിസ്റ്റുകൾ പ്രതിദിനം നേടുന്നത് ലക്ഷങ്ങൾ. ലോക വ്യാപകമായി ഈ തട്ടിപ്പ് നടക്കുന്നുണ്ട്. അമേരിക്കയിലൊക്കെ വളരെ വ്യാപകമായ ഒരു രീതിയാണിത്.

ക്വാണ്ടം മെക്കാനിക്ക്‌സ് കറക്കിക്കുത്തിയുള്ള ഉഡായിപ്പുകൾ

വേവ് മെക്കാനിക്സിൽനിന്ന് എടുത്തതാണ് ക്വാണ്ടം മെക്കാനിക്സിന്റെ വിശദീകരണമെന്നൊക്കെ പറഞ്ഞ് ശുദ്ധാത്മാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരുപാട് ഉഡായിപ്പുകളുമുണ്ട്. മനുഷ്യന്റെ ഉള്ളിലെ കാന്തിക ചക്രം ഉത്തേജിപ്പിക്കുകയും അതുവഴി പ്രതികൂലോർജത്തെ ഇല്ലാതാക്കുകയുമാണ് ചെയ്യുന്നതെന്ന് പറഞ്ഞ് ഡൗസിങ്ങപോലുള്ള ഒരുപാട് തട്ടിപ്പുകൾ അരങ്ങുതകർക്കുന്നുണ്ട്. യഥാർഥത്തിൽ മനുഷ്യശരീരത്തിൽ യാതൊരു കാന്തിക ക്ഷേത്രവുമില്ല. അനുകൂല -പ്രതികൂല ഊർജങ്ങൾ എന്നതും കെട്ടുകഥയാണ്. ഭൂമിയുടെ കാന്തിക ക്ഷേത്രത്തിനാകട്ടെ മനുഷ്യശരീരത്തെ ആകർഷിക്കാനുള്ള കഴിവുമില്ല. എന്നാൽ ഭൂമിയിലെ കാന്തികക്ഷേത്രം രക്തത്തിലെ ഹീമോഗ്ലോബിനെ ആകർഷിച്ച് ശുദ്ധീകരിക്കുമെന്ന് ക്ലാസെടുക്കുന്നവരുണ്ട്. നമ്മൂടെ രോമത്തെപോലും ആകർഷിക്കുന്നതിനുള്ള കഴിവ് കാന്തത്തിന് ഇല്ലെന്നാണ് യാഥാർഥ്യം. 

ശാസ്ത്രലോകത്തിന് ഇന്നുവരെ കണ്ടെത്താൻ കഴിയാത്ത ഊർജരൂപമാണ് ഭൗമോർജം. ഇതുവെച്ച് ഡൗസിങ്, ഷെങ്ങ്ഫൂയി എന്നീ തട്ടിപ്പുകളും പ്രചരിക്കുന്നുണ്ട്. ലക്ഷങ്ങൾ ഫീസുവാങ്ങുന്ന ഡൗസർമാരെയും ഷെങ്ങ്ഫൂയി സെപ്ഷ്യലിസ്റ്റുകളെയും ഈ സാക്ഷരസുന്ദവര കൊച്ചുകേരളത്തിലും നിങ്ങൾക്ക് കാണാൻ കഴിയും.

ചൈനാ മോഡൽ അന്ധ വിശ്വാസം

ഇന്ത്യൻ അന്ധവിശ്വാസങ്ങൾ പോരാത്തവർക്ക് കമ്യൂണിസ്റ്റ് ചൈനയിൽനിന്ന് വന്ന ആധുനിക അന്ധവിശ്വാസങ്ങളും ഒട്ടേറെയുണ്ട്. ചൈനീസ് വാസ്തുവിദ്യയായി പറയുന്ന ഷെങ്ങ്ഫൂയിക്കും ആരാധകർ ഒട്ടേറെ. ചൈനീസ് ഡ്രാഗണുകൾകൊണ്ടും ഗോളങ്ങൾ കൊണ്ടും മൊട്ടത്തലയൻ രൂപങ്ങൾ കൊണ്ടുമൊക്കെയുള്ള അയ്യരുകളിയാണിത്. സിദ്ധാന്തം, പഴയ അനുകൂലോർജവും പ്രതികൂലോർജവും തന്നെ. അതിനൊക്കെ ചൈനീസ് പേരുകളാണെന്ന വ്യത്യാസം മാത്രമുണ്ട്.

ഇത്തരം കാര്യങ്ങളൊക്കെ ഓൺലൈനിൽ കുറിച്ച് കൊടുക്കുന്നവർ ഉണ്ട്. എന്ത് പ്രശ്നങ്ങളും ഇങ്ങനെ വ്യാളികളെയും മൊട്ടത്തലയന്മാരെയും തൂക്കി പരിഹരിക്കാമത്രേ. ഉദാഹരണമായി ഒരോന്നിനും ഒരോ മൊട്ടത്തലയും വ്യാളിയുമാണ്. സന്താനലബ്ധിക്ക് ഒന്ന്, പ്രമോഷന് വേറൊന്ന്.
പ്രത്യേക റെയ്ക്കി വിദ്യകളിലൂടെ വ്യാളികളുടെ ഊർജം വർധിപ്പിക്കുന്ന രീതിയുമുണ്ട്. ചൈനീസ് മാതൃകയിൽ വ്യാളികൾ പൂമുഖം അലങ്കരിക്കുന്ന വീടുകൾ നിർമ്മിച്ചുകൊടുക്കുന്ന പ്രൊഫഷണൽ സംഘങ്ങൾ കൊച്ചിയിലുണ്ട്. ഉപഭോക്താവിനടുത്ത് നേരിട്ടെത്തുന്ന മൊബൈൽ ഷെങ്ങ്ഫൂയി കേന്ദ്രങ്ങളുടെയും പരസ്യങ്ങൾ ഈയിടെയായി കാണുന്നുണ്ട്. ഫോൺ ചെയ്ത് സ്ഥലം പറഞ്ഞാൽ മാത്രം മതി ഇവർ എത്തി വ്യാളീ ചികിൽസ നടത്തി പ്രശ്നം പരിഹരിച്ചോളും.

വന്നുവന്ന് അന്ധവിശ്വാസങ്ങൾപോലും ചൈനയിൽനിന്ന് കടമെടുക്കുന്ന അവസ്ഥയിലെത്തി നമുക്ക്. ടിക്ക് ടോക്കിനെ നിരോധിക്കാൻ കഴിയും. പക്ഷേ മസ്തിഷ്‌ക്കം തുരന്നെടുക്കുന്ന ഇത്തരം സാധനങ്ങളെ നാം എന്തു ചെയ്യും.

വാൽക്കഷ്ണം: അന്ധവിശ്വാസത്തിനും അനാചാരത്തിനു എതിരെ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു നരേന്ദ്ര ധബോൽക്കർ. ആത്മാവ്, ഭൂതം, പ്രേതം തുടങ്ങിയ അന്ധവിശ്വാസങ്ങൾക്കെതിരെ ഒരു ജീവിതം മുഴുവൻ കൊണ്ട് കലഹിച്ച വ്യക്തി. ഹിന്ദുത്വ ഭീകരർ ധബോൽക്കറെ വെടിവെച്ച് കൊന്നകേസിൽ പൊലീസ് ചെയ്ത രീതിയും ക്ലാസിക്ക് ആയിരുന്നു. പ്രതികളെ കണ്ടെത്താൻ ഒരു മന്ത്രവാദിയുടെ തന്നെ സഹായം തേടി! മന്ത്രവാദി ധബോൽക്കറുടെ ആത്മാവിനെ വിളച്ചുവരുത്തി ആരാണ് കൊന്നതെന്ന് പറയിക്കുമത്രേ. ചരിത്രത്തിന്റെ കാവ്യ നീതി അല്ലാതെ എന്തുപറയാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP