Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോണിയ ഗാന്ധിയെയും രാഹുലിനെയും ശശി തരൂരിനെയും വിറപ്പിച്ച പുലി; രാജ്യസഭയിലെ ബിജെപിയുടെ ശബ്ദം; കോൺഗ്രസിനെ അടിക്കാൻ വാഴിച്ച മോദിയും അമിത്ഷായും ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയിൽ; ബിജെപി വിടാനൊരുങ്ങുന്ന സ്വാമിയുടെ വെളിപ്പെടുത്തൽ ഭയന്ന് സംഘപരിവാർ; കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനെ കരുക്കി മല്യ വിവാദം കത്തിച്ച ബിജെപി എംപി സുബ്രഹ്മണ്യം സ്വാമിയുടെത് അമ്പരപ്പിക്കുന്ന കരുനീക്കങ്ങൾ

സോണിയ ഗാന്ധിയെയും രാഹുലിനെയും ശശി തരൂരിനെയും വിറപ്പിച്ച പുലി; രാജ്യസഭയിലെ ബിജെപിയുടെ ശബ്ദം; കോൺഗ്രസിനെ അടിക്കാൻ വാഴിച്ച മോദിയും അമിത്ഷായും ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയിൽ; ബിജെപി വിടാനൊരുങ്ങുന്ന സ്വാമിയുടെ വെളിപ്പെടുത്തൽ ഭയന്ന് സംഘപരിവാർ; കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനെ കരുക്കി മല്യ വിവാദം കത്തിച്ച ബിജെപി എംപി സുബ്രഹ്മണ്യം സ്വാമിയുടെത് അമ്പരപ്പിക്കുന്ന കരുനീക്കങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാഹുൽ ഗാന്ധിയോ, അരവിന്ദ് കെജ്രിവാളോ, സോണിയാ ഗാന്ധിയോ അല്ല ഇപ്പോൾ മോദി സർക്കാർ നേരിടുന്ന എറ്റവും വലിയ വെല്ലുവിളി.അത് ഒരു സ്വന്തം എംപിയിൽനിന്നാണ്. പതിപക്ഷത്തെ അടിക്കാനായി മോദിയും അമിതാഷയും പ്രത്യേകം മുൻകൈയെടുത്തുകൊണ്ടുവന്ന നേതാവിൽ നിന്ന്. അതാണ് സാക്ഷാൽ സുബ്രഹ്മണ്യംസ്വാമി. വായിലിരുപ്പുവെച്ച് കേന്ദ്രത്തിലെ പിസി ജോർജാണെന്ന് പറയാം.ആർക്കെതിരായാണ് എപ്പോഴാണ് തിരയുകയെന്ന് പറയാൻ പറ്റില്ല.

വിജയ്മല്യ രാജ്യം വിട്ടതാണോ അതോ വിദേശത്തേക്ക് കടക്കാൻ അനുവദിച്ചതാണോ എന്ന സംശയം ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തുവന്നതോടെ കേന്ദ്രസർക്കാർ അക്ഷരാർഥത്തിൽ പ്രതിരോധത്തിൽ ആയിരിക്കയാണ്.നീരവ് മോദിയും മെഹുൽ ചോക്‌സിയും ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ടതിന് ഒത്താശ ചെയ്തുവെന്ന പ്രതിപക്ഷ ആരോപണം കത്തിനിൽക്കെ പുതിയ ആരോപണം വന്നത് ബിജെപിയെ പിടിച്ച് ഉലക്കുകയാണ്.കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഏറ്റെടുത്തതോടെ കേന്ദ്ര സർക്കാർ തീർത്തും പ്രതിരോധത്തിലായിരിക്കയാണ്. ഈ വിഷയം തെരഞ്ഞെടുപ്പ് അജണ്ടയാവുന്ന നിലയിക്കേ് ഉയർന്നിരക്കയാണ്. സാദാരണ ബിജെപിയോട മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് പഴികേട്ട ദേശീയമാധ്യമങ്ങൾപോലും ഈ വിഷയത്തിൽ കേന്ദ്രത്തെ നിർത്തിപ്പൊരിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോവുന്നത്.അതിനിടെ മോദിയും ജയറ്റിലിയുമായി തീർത്തും അകന്ന സുബ്രഹ്മണ്യം സ്വാമി ബിജെപി വിട്ട്, എഐഡിഎംകെ ശശികല വിഭാഗത്തിലേക്ക് നീങ്ങുകയാണെന്നും സൂചനയുണ്ട്.

മല്യയെ താങ്ങുന്ന ആ ശക്തൻ ആര്- സ്വാമി ചോദിക്കുന്നു

രാജ്യസഭാ എംപിയായിരിക്കെ 2016 മാർച്ച് രണ്ടിനാണ് മല്യ ഡൽഹി വിമാനത്താവളം വഴി വിദേശത്തേക്ക് കടന്നത്. ബാങ്കുകൾ നൽകിയ കേസിൽ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് നിലവിലിരിക്കെ എങ്ങനെ മല്യക്ക് വിദേശത്തേക്ക് പോകാൻ കഴിഞ്ഞൂ എന്ന സംശയമാണ് ഉന്നയിക്കുന്നത്.മല്യ പെട്ടികളുമായി ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ മല്യയുടെ പേരിലുണ്ടായിരുന്ന ലുക്ക് ഔട്ട് നോട്ടീസും യാത്ര തടയുക എന്ന അറിയിപ്പും കമ്പ്യൂട്ടറിൽ നിന്ന് അപ്രത്യക്ഷമായി. പകരം ആ സ്ഥാനത്ത് റിപ്പോർട്ട് ചെയ്യുക എന്നതുമാത്രമായി സന്ദേശം മാറി. ഇതാണ് മല്യയുടെ യാത്രയ്ക്ക് വഴിതെളിച്ചതെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു

2015 ഒക്ടോബർ 24 ന് ധനമന്ത്രാലയത്തിലെ ചിലരുടെ ഉത്തരവിനെ തുടർന്നാണ് യാത്ര തടയാനുള്ള ഉത്തരവ് മാറ്റി വിവരം അറിയിക്കുക എന്നതിലേക്ക് ചുരുങ്ങിയതെന്ന് സുബ്രഹ്മണ്യൻ സ്വാമി ഉന്നയിക്കുന്നു. ധനമന്ത്രാലയത്തിലെ ആരാണ് ഈ ഉത്തരവിന് പിന്നിൽ എന്ന് അദ്ദേഹം ട്വീറ്റിലൂടെ ചോദിക്കുന്നു. ലുക്ക് ഔട്ട് നോട്ടീസ് നിലവിലിരിക്കെ ഡൽഹിയിലെത്തി മല്യ ശക്തനായ ആരെയോ കണ്ട് ബ്ലോക്ക് ചെയ്യാനുള്ള ഉത്തവ് റിപ്പോർട്ട് ചെയ്യുക എന്നതാക്കി മാറ്റി. ആരാണ് ഈ ശക്തനായ വ്യക്തി എന്നാണ് സ്വാമി ചോദിക്കുന്നത്.

വിജയ് മല്യയും നീരവ് മോദിയും മെഹുൽ ചോക്‌സിയും ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ടതിന് ഒത്താശ ചെയ്തുവെന്ന പ്രതിപക്ഷ ആരോപണം കത്തിനിൽക്കെ ബിജെപിയേയും കേന്ദ്ര സർക്കാരിനേയും വെട്ടിലാക്കി വിജയ് മല്യയുടെ പുതിയ വെളിപ്പെടുത്തൽ വന്നത് ബുധനാഴ്ചയാണ്. രാജ്യം വിടും മുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റിലിയെ കണ്ട് സംസാരിച്ചിരുന്നുവെന്നാണ് ലണ്ടനിൽ മല്യ വെളിപ്പെടുത്തിയത്. എന്നാൽ ഒറ്റവരി സംഭാഷണം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ലെന്നും ജെയ്റ്റ്‌ലി ആണയിടുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വാമി രണ്ട് ട്വീറ്റുകളിലായി വിവാദം കത്തിച്ചത്.അരുൺ ജെയിറ്റിലിയെ തന്നെയാണ് സ്വാമി ഉദ്ദേശിച്ചതെന്നകാര്യങ്ങൾ വ്യക്തമാണ്.നേരത്തെയും ബിജെപിയെ വെട്ടിലാക്കുന്ന നിരവധി പരാമർശങ്ങൾ സ്വാമി നടത്തിയിട്ടുണ്ട്.

ജിഡിപി കള്ളം; ഇന്ത്യൻ സമ്പദ് വ്യവസ്ഥ ദുർബലം

നോട്ട് അസാധുവാക്കൽ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ല എന്ന കണക്കുകൾ വ്യാജമാണെന്ന ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി നേരത്തെ രംഗത്ത് വന്നത് പാർട്ടി വിടുന്നതിന്റെ വ്യക്തമായ സൂചനയാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. നോട്ട് അസാധുവാക്കൽ ജിഡിപിയെ ബാധിച്ചില്ലെന്ന രീതിയിലുള്ള കണക്കുകൾ നൽകാൻ കേന്ദ്രസർക്കാർ കേന്ദ്ര സ്റ്റാറ്റിക്കൽ ഓർഗനൈസേഷനുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമി വെളിപ്പെടുത്തി. അഹമ്മദാബാദിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെത്തി മോദിയെ തള്ളി പറഞ്ഞുവെന്നതാണ് ശ്രദ്ധേയം.

ജിഡിപിയുടെ ത്രൈമാസ ഡേറ്റകൾ വിശ്വസിക്കരുതെന്നും അവയെല്ലാം കള്ളമാണെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞത് വൻ വിവാദമായിരുന്നൂ. എന്റെ പിതാവാണ് സ്റ്റാറ്റിറ്റിക്കൽ ഓർഗനൈസേഷന്റെ സ്ഥാപകൻ. അടുത്തിടെ മന്ത്രി സദാനന്ദ ഗൗഡയ്ക്കൊപ്പം ഞാൻ അവിടെ പോയിരുന്നു. അവിടെ അദ്ദേഹം സിഎസ്ഒയുടെ ചുമതലയുള്ള ആളെ വിളിച്ചുവരുത്തി. നോട്ട് അസാധുവാക്കൽ സംബന്ധിച്ച വിവരങ്ങളിൽ കൃത്രിമം കാട്ടാൻ സമ്മർദം ചെലുത്താനായിരുന്നു ഇത്. അതിലാണ് ജിഡിപിയിൽ നോട്ട് അസാധുവാക്കലിന്റെ പ്രതിഫലനം ഉണ്ടാകുന്നില്ലെന്ന് അവർ പറയുന്നതെന്നും സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി.

നോട്ട് അസാധുവാക്കൽ പോലെയൊന്ന് സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്ന് എങ്ങനെ പറയാൻ സാധിക്കുമെന്ന് ചോദിച്ചപ്പോൾ തങ്ങൾക്ക് മേൽ വലിയ സമ്മർദ്ദമുണ്ടെന്ന് അവർ വെളിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല വിദേശ റേറ്റിങ് ഏജൻസികളായ മൂഡീസിന്റെയും ഫിച്ചിന്റെയും റിപ്പോർട്ട് വിശ്വസിക്കരുതെന്നും പണം നൽകിയാൽ നമുക്ക് വേണ്ട റിപ്പോർട്ടുകൾ അവർ പുറത്തിറക്കുമെന്നും സ്വാമി വ്യക്തമാക്കി.

ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥ നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ ദുർബലമാണെന്നും അദ്ദേഹം ആരോപിച്ചു. നമുക്ക് സ്റ്റാറ്റിക്കൽ ഓർഗനൈസേഷൻ എന്ന സ്ഥാപനമുണ്ട്. അവരെ നമുക്ക് വിശ്വസിച്ച് ആശ്രയിക്കാം. എന്നുകരുതി അവർക്ക് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾക്കുവേണ്ടി സമ്മർദ്ദം ചെലുത്തരുതെന്നും സ്വാമി കൂട്ടിച്ചേർത്തു.രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണർ ആയിരിക്കേ സ്വാമി നിശിതമായ വിമർശിച്ചതും ബിജെപിക്ക് തലവേദനയിരുന്നു. ഒരുകണക്കിന് ബിജെപി വിളിച്ചുവരുത്തിയ പ്രശ്നങ്ങളാണിത്.രാഹുലിനെയും സോണിയെയും അടിക്കാൻ മോദിയും അമിത്ഷായും നേരിട്ട് കൊണ്ടുവന്നതായിരുന്നു സ്വാമിയെ.

രാഹുലിനെയും സോണിയയെയും കോടതി കയറ്റിയ സ്വാമി

നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട ദുരൂഹ ഇടപാടിൽ സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയെയുമൊക്കെ കോടതിയിൽ കയറ്റിയ തന്ത്രഞ്ജനാണ് സുബ്രമണ്യം സ്വാമി.പഴയരേഖകളും ആദായ നികുതി റിപ്പോർട്ടുകളും കുത്തിപ്പൊക്കി ഗാന്ധികുടുംബത്തെ നിർത്തിപ്പൊരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റർ ഇടപാടിലും സ്വാമി കത്തിക്കയറി.ഇതിനുവേണ്ടി തന്നെയാണ് ജനതാപാർട്ടിയിൽനിന്ന് ഇടഞ്ഞു നിന്ന സ്വാമിയെ മോദിയും ഷായും ചേർന്ന് ഇവിടെ എത്തിച്ചത്. രാജ്യസഭയിൽ ബിജെപിയുടെ ശബ്ദം ഉയരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചറതിന്റെ ഭാഗമായാണ് നോമിനേറ്റഡ് എംപിയായി സ്വാമിയെ രാജ്യസഭയിൽ എത്തിച്ചത്.

പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയിൽ കേന്ദ്ര സർക്കാരിന് തലവേദനയാകുന്ന ചർച്ചകളാണ് നടക്കുന്നത്. ഉപാധ്യക്ഷൻ കോൺഗ്രസുകാരനായ പിജെ കുര്യനും. അതുകൊണ്ട് തന്നെ എന്നും മോശം വർത്തമാനമാണ് കേന്ദ്ര സർക്കാരിന് രാജ്യസഭയിൽ നിന്ന് കേൾക്കാനാവുന്നത്. ഇത് തിരിച്ചറിഞ്ഞാണ് തന്ത്രശാലിയും രാഷ്ട്രീയ കുശലതയുടെ ആൾ രൂപവുമായ സുബ്രഹ്മണ്യം സ്വാമിയെ രാജ്യസഭയിൽ എത്തിച്ചത്. നോമിനേറ്റ് മെമ്പറായി എത്തിയ സുബ്രഹ്മണ്യം സ്വാമി ആദ്യ ദിനം തന്നെ മോദി ആഗ്രഹിച്ചത് നടപ്പാക്കാൻ തുടങ്ങിയിരിക്കുന്നു.

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റർ ഇടപാടിൽ സുബ്രഹ്മണ്യം സ്വാമി കത്തികയറിയപ്പോൾ രാജ്യസഭയിൽ ബിജെപിക്ക് മുൻതൂക്കം കിട്ടി. ഇനി ഇസ്രത്ത് ജഹാൻ കേസ്, എയർസെൽ മാക്‌സിസ് ഇടപാട് എന്നിവയും ബിജെപി പാർലമെന്റിൽ ഉയർത്താനൊരുങ്ങുകയാണ്. ഇത്തരം ചർച്ചകളിൽ എല്ലാം ഇടത് ബുദ്ധിജീവികളുടെ സഹായത്തോടെ രാജ്യസഭയിൽ പ്രതിപക്ഷം മുൻതൂക്കം നേടുന്നതായിരുന്നു പതിവ് കാഴ്ച. സുബ്രഹ്മണ്യം സ്വാമി എത്തിയതോടെ ഭരണപക്ഷ ബെഞ്ചിലും ഊർജ്ജമെത്തി. രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വമുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാക്കിയാലും തെളിവുകളുമായി സുബ്രഹ്മണ്യം സ്വാമി കത്തികയറും.ആദ്യ ദിവസം സുബ്രഹ്മണ്യം സ്വാമിയുടെ സത്യപ്രതിജ്ഞ കാണാൻ രാജ്യസഭയിൽ പ്രധാനമന്ത്രിയും എത്തിയിരുന്നു. സുനന്ദപുഷ്‌ക്കറിന്റെ മരണത്തിലും കോൺഗ്രസ് നേതാവ് ശശിതരൂരിനെ വിടാതെ പിടികൂടിയതും സ്വാമി തന്നെയായിരുന്നു.

ഭസ്മാസുരന് വരം കൊടുത്ത പോലെ

കൊത്തിക്കൊത്തി മുറത്തിൽ കയറികൊത്തുന്ന സ്വഭാവം പണ്ടേയുള്ള സ്വാമി വൈകാതെ പാർട്ടിയെയും വെട്ടിലാക്കാൻ തുടങ്ങി. തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വം തീർത്തും സ്വാമിയുടെ നാക്കുകൊണ്ട് കുടുങ്ങിപ്പോയ സംഭവങ്ങൾ നിരവധി തവണയുണ്ടായിട്ടുണ്ട്.ബിജെപി സംസ്ഥാന നേതൃത്വവുമായി കടുത്ത എതിർപ്പിലുമായിരുന്നു സ്വാമി.

അതിനിടെ ആർകെ നഗറിലെ ഉപതെരഞ്ഞെടുപ്പ് ഈ അകൽച്ചക്ക് ആഴം കൂട്ടി. തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടി കൂടി കണക്കിലെടുത്ത് സുബ്രഹ്മണ്യൻ സ്വാമി ബിജെപി വിടും എന്നുവരെ റിപ്പോർട്ടുകൾ വന്നിരുന്നു. അണ്ണാ ഡിഎംകെയിലെ ശശികല വിഭാഗവുമായി സുബ്രഹമണ്യൻ സ്വാമി അടുക്കുന്നതായാണ് സൂചന. കേന്ദ്ര സർക്കാരിനെ അതിരൂക്ഷമായി സ്വാമി വിമർശിക്കുന്നത് ഈ സാഹചര്യത്തിലാണ്. ജയലളിതയുടെ മരണത്തിന് ശശികലാ പക്ഷത്തിനൊപ്പമായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ മനസ്സ്. എന്നാൽ ബിജെപി പിന്തുണച്ചത് ഒപിഎസ്- പളനി സ്വാമി വിഭാഗത്തേയും. ആർ കെ നഗറിൽ ദിനകരൻ ജയിച്ചതോടെ ശശികല പക്ഷം കരുത്ത് കാട്ടി. ഈ സാഹചര്യത്തിൽ ബിജെപിയെ തള്ളിപ്പറഞ്ഞ് മറു കണ്ടം ചാടാനാണ് സുബ്രഹ്മണ്യം സ്വാമിയുടെ ശ്രമം. നോട്ട് നിരോധനത്തെ കളിയാക്കുന്നത് ഈ സാഹചര്യത്തിലാണ്. കോൺഗ്രസ് ഉയർത്തുന്നതിനേക്കാൾ ഗുരുതര ആക്ഷേപങ്ങളാണ് മോദി സർക്കാരിനെതിരെ സുബ്രഹമണ്യൻ സ്വാമി ചർച്ചയാക്കുന്നത്. ഇത് പാർട്ടി വിടുമെന്നതിന്റെ വ്യക്തമായ സൂചനയാണ് എന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP