Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

രാഷ്ട്രീയ കോളിളക്കങ്ങളുടെ പിന്നിലെ തലച്ചോർ; സ്വന്തം അദ്ധ്യാപകന്റെ തീസിസ് കോപ്പിയടി മുതൽ സ്വന്തം ഗവൺമെമെന്റിന്റെ ചാരപ്രവർത്തനം വരെ പുറത്താക്കി; പെഗസ്സസ് വിവാദം ലോകം ആദ്യമറിഞ്ഞത് സ്വാമിയുടെ ട്വിറ്ററിലൂടെ; ഡോ. സുബ്രഹ്‌മണ്യൻ സ്വാമി:ദേശീയ രാഷ്ടീയത്തിലെ ഇലിമിനാറ്റി

രാഷ്ട്രീയ കോളിളക്കങ്ങളുടെ പിന്നിലെ തലച്ചോർ; സ്വന്തം അദ്ധ്യാപകന്റെ തീസിസ് കോപ്പിയടി മുതൽ സ്വന്തം ഗവൺമെമെന്റിന്റെ ചാരപ്രവർത്തനം വരെ പുറത്താക്കി; പെഗസ്സസ് വിവാദം ലോകം ആദ്യമറിഞ്ഞത് സ്വാമിയുടെ ട്വിറ്ററിലൂടെ; ഡോ. സുബ്രഹ്‌മണ്യൻ സ്വാമി:ദേശീയ രാഷ്ടീയത്തിലെ ഇലിമിനാറ്റി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇരുതല മൂർച്ചയുള്ള വാളാണ് ഡോ. സുബ്രഹ്‌മണ്യൻ സ്വാമി എന്ന രാഷ്ട്രീയനേതാവ്. എതിരാളികൾക്കും സ്വന്തം പക്ഷക്കാർക്കും ഒരുപോലെ അപകടകാരി. അതുകൊണ്ടുതന്നെ സ്വാമിയെ അടുപ്പിക്കാനോ വെറുപ്പിക്കാനോ ഒരു നേതാവിനും ധൈര്യമില്ല.

ജനത പാർട്ടി മുൻ അധ്യക്ഷനും ഇപ്പോൾ ബിജെപിയുടെ രാജ്യസഭാ എംപിയുമായ സുബ്രഹ്‌മണ്യൻ സ്വാമിയെ ഇന്ത്യൻ രാഷ്ട്രീയത്തിലെ വിസിൽ വ്ളോഗർ എന്ന് വിശേഷിപ്പിക്കാം. എഴുപതുകൾ മുതൽ ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പല രാഷ്ട്രീയഭൂകമ്പങ്ങൾക്ക് പിന്നിലും സുബ്രഹ്‌മണ്യൻ സ്വാമി എന്ന ഇലുമിനാറ്റിയുടെ സാന്നിദ്ധ്യമുണ്ട്. ഏറ്റവുമൊടുവിൽ സ്വന്തം പക്ഷക്കാർക്ക് നേരെ സ്വാമി കുടം തുറന്നുവിട്ട പെഗസ്സസ് എന്ന ഭൂതമാണ് രാജ്യത്ത് ഇന്ന് ചർച്ചാ വിഷയം.

എന്താണ് പെഗസ്സസ് വിവാദം

പെഗസ്സസ് ഫോൺ ചോർത്തൽ പുതിയൊരു രാഷ്ട്രീയ വിവാദമായി രാജ്യത്ത് ചൂടുപിടിക്കുകയാണ്. സ്പൈവെയർ വഴിയുള്ള ഈ ചാരവൃത്തി വരുംദിവസങ്ങളിൽ ദേശീയരാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിക്കുമെന്നുറപ്പാണ്. പാർലമെന്റ് വർഷക്കാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ചാരവൃത്തിയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തിൽ മുങ്ങിയിരിക്കുകയാണണ്.

ചാരവൃത്തിക്കു വേണ്ടിയുള്ള അതിനൂതന മാൽവെയർ സോഫ്‌റ്റ്‌വെയറാണ് അല്ലെങ്കിൽ സ്‌പൈവെയറാണ് പെഗസ്സസ്. ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎസ്ഒ കമ്പനിയാണ് ഈ സ്‌പൈവെയർ അഥവാ ചാരവലയം വികസിപ്പിച്ചെടുത്തിട്ടുള്ളത്. കംപ്യൂട്ടറുകളും സ്മാർട്ട്‌ഫോണുകളും ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തി മറ്റു കക്ഷികൾക്ക് കൈമാറുകയാണ് ഇവരുടെ രീതി. ഫോണിലും കംപ്യൂട്ടറിലുമുള്ള ഫോട്ടോ, ചാറ്റിങ്, ലൊക്കേഷൻ, മറ്റു വ്യക്തിവിവരങ്ങളെല്ലാം ഇതുവഴി ചോർത്തുന്നുണ്ട്.

2016 ലാണ് ആദ്യമായി പെഗസ്സസ് ചാരവലയം വാർത്തകളിൽ ഇടംപിടിക്കുന്നത്. യുഎഇയിലെ സാമൂഹിക പ്രവർത്തകനായ അഹ്‌മദ് മൻസൂറിന്റെ ഐഫോണിലാണ് സംശയാസ്പദമായ മെസേജ് ആദ്യമായി ശ്രദ്ധയിൽപെട്ടത്. ഇത് അന്താരാഷ്ട്രതലത്തിൽ വാർത്തയായതിനു പിറകെ പെഗസ്സസ് ഉപയോഗപ്പെടുത്തുന്ന പഴുതുകളെല്ലാം അടച്ച് ആപ്പിൾ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് നടത്തി. സംഭവത്തിനു ശേഷം ആൻഡ്രോയ്ഡ് ഫോണുകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. 2019ൽ പെഗസ്സസ് ചാരവലയത്തിന്റെ നിർമ്മാതാക്കളെന്ന നിലയ്ക്ക് എൻഎസ്ഒക്കെതിരെ ഫേസ്‌ബുക്ക് നിയമനടപടി സ്വീകരിച്ചു.

കമ്പനിക്കു കീഴിലുള്ള വാട്‌സ്ആപ്പ് വഴി ഇന്ത്യയിലടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടെയും വിവരങ്ങൾ ചോർത്തിയതായി ആക്ഷേപമുയർന്നതിനു പിറകെയായിരുന്നു ഇത്. എങ്ങനെയാണ് ചാരപ്രവർത്തനം? ലോകത്ത് നിലവിലുള്ള ഏറ്റവും നൂതനമായ ഹാക്കിങ് സംവിധാനമാണ് പെഗസ്സസ്. അതുകൊണ്ടു തന്നെ തങ്ങളുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന സൂചന പോലും ഉപയോക്താവിന് ലഭിക്കില്ല. എങ്ങനെയാണ് പെഗസ്സസ് ഫോണുകളും കംപ്യൂട്ടറുകളും ഹാക്ക് ചെയ്യുന്നതെന്ന് അറിയാം: ഐഫോണുകളെയും ആൻഡ്രോയ്ഡ് ഫോണുകളെയുമാണ് പ്രധാനമായും ഈ സ്‌പൈവെയറുകൾ ലക്ഷ്യമിടുന്നത്.

ഫോണുകളിലും കംപ്യൂട്ടറുകളിലുമുള്ള സോഫ്‌റ്റ്‌വെയറുകളിലെ പഴുതുകളും സുരക്ഷാ വീഴ്ചകളും ചൂഷണം ചെയ്താണ് മാൽവെയർ സ്ഥാപിക്കുക. ഒരൊറ്റ മിസ്‌കോളിലൂടെയായിരിക്കും ഈ സ്‌പൈവെയർ ഫോണുകളിൽ പ്രവേശിക്കുക. വൈറസ് പ്രവേശിച്ചുകഴിഞ്ഞാൽ കോൾലോഗിൽനിന്ന് മിസ്‌കോൾ വന്ന നമ്പർ ഡിലീറ്റ് ചെയ്യുകയും ചെയ്യും. ചാരവൃത്തിശ്രമത്തിന്റെ ഭാഗമായി ഒരു തരിമ്പും തെളിവ് അവശേഷിക്കാതിരിക്കാനാണിത്. അതിനുമാത്രം ഏറ്റവും നവീനമായ സങ്കേതങ്ങളും രഹസ്യാത്മകമായ സജ്ജീകരണങ്ങളും ഉപയോഗിച്ചാണ് ഈയൊരു സ്‌പൈവെയർ വികസിപ്പിച്ചിരിക്കുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ഇന്ത്യയിലും പെഗസ്സസിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങുന്നത്. 2019ൽ ആഗോളതലത്തിൽ തന്നെ നടന്ന പെഗസ്സസ് സൈബർ ആക്രമണത്തിൽ ഇന്ത്യയിലെ പ്രമുഖ അക്കാദമീഷ്യന്മാരും അഭിഭാഷകരും മാധ്യമപ്രവർത്തകരും സാമൂഹികപ്രവർത്തകരുമെല്ലാം ഇരയായതായി പരാതിയുയർന്നിരുന്നു. കഴിഞ്ഞ ദിവസമാണ് വീണ്ടും പെഗസ്സസ് ഇന്ത്യയിൽ രാഷ്ട്രീയവിവാദമായി ഉയർന്നത്. മാധ്യമസ്ഥാപനങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഇന്ത്യയിലെ പ്രമുഖരായ 300ഓളം പേരുടെ മൊബൈൽ ഫോണുകൾ പെഗസ്സസ് വഴി ഹാക്ക് ചെയ്യപ്പെട്ട വിവരം കണ്ടെത്തിയത്. ഹാക്ക് ചെയ്യപ്പെട്ടവരിൽ രാഹുൽ ഗാന്ധി, പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിങ് പട്ടേൽ, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ, തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് കിഷോർ, രാഹുൽ ഗാന്ധിയുടെ അടുത്ത സുഹൃത്തായ അലങ്കാർ സവായി എന്നിവരും ഉൾപ്പെടും.

പെഗസ്സസ് എന്ന ഭൂതത്തെ അക്ഷരാർത്ഥത്തിൽ കുടം തുറന്നുവിട്ടത് സുബ്രഹ്‌മണ്യ സ്വാമിയാണ്. സ്വാമിയുടെ കഴിഞ്ഞ ദിവസത്തെ ഒരു ട്വീറ്റ് ആണ് കൊടുക്കാറ്റുകൾ സൃഷ്ടിച്ച വിവാദത്തിന്റെ തുടക്കം. കേന്ദ്രമന്ത്രിമാർ, ആർഎസ്എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ, പത്രപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തിയതായി അഭ്യൂഹമുണ്ടെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. ഇസ്രയേൽ നിർമ്മിത ചാര സോഫ്‌റ്റ്‌വെയറായ പെഗസ്സസ് ഉപയോഗിച്ചാണ് ഫോണുകൾ ചോർത്തിയതെന്നും സുബ്രഹ്‌മണ്യം സ്വാമി ട്വിറ്ററിൽ കുറിച്ചു. വാഷിങ്ടൺ പോസ്റ്റ്, ഗാർഡിയൻ എന്നീ മാധ്യമങ്ങൾ ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടുമെന്നാണ് സൂചന. അതിനുശേഷം താൻ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാമെന്നും സുബ്രഹ്‌മണ്യൻ സ്വാമി വ്യക്തമാക്കിയിരുന്നു. വിവരങ്ങൾ പുറത്തുവന്ന ശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന ആവശ്യത്തിലൂടെ സ്വന്തം പക്ഷത്തേയ്ക്ക് തിരിച്ചുവച്ച മിസൈലായിരുന്ന പെഗസ്സസ് വിവാദമെന്ന് സ്വാമി വ്യക്തമാക്കിക്കഴിഞ്ഞു.

സ്വാമി എന്ന വിസിൽ വ്ളോഗർ

സ്വന്തം പ്രൊഫസറുടെ കോപ്പിയടി കയ്യോടെ പിടികൂടി കൊണ്ടാണ് സുബ്രഹ്‌മണ്യൻ സ്വാമി തന്റെ കർമരംഗത്തേയ്ക്ക് കാൽ വയ്ക്കുന്നത്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഡോ. പിസി മഹാലലോബിസിന്റെ തീസിസിലെ കൃത്രിമത്വമാണ് സ്വാമി അന്ന് കയ്യോടെ പിടികൂടിയത്. അക്കാലത്ത് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരുന്ന സുബ്രഹ്‌മണ്യൻ സ്വാമിയുടെ അദ്ധ്യാപകനായിരുന്നു മഹാലലോബിസ്. പിന്നീട് അവിടെ തുടരാനാകാതെ ഇൻസ്റ്റിയൂട്ട് വിട്ട സ്വാമിയുടെ തുടർവിദ്യാഭ്യാസം ഹാർവാർഡ് സർവകലാശാലയിലായിരുന്നു.

ഹാർവാർഡ് സർവകലാശാലയിൽ നിന്നും പിഎച്ച്ഡി നേടിയ, അസാമാന്യ അക്കാദമിക് പ്രതിഭയായ ഡോ. സ്വാമി, ഗണിതശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും സ്റ്റാറ്റിസ്റ്റിക്‌സും പഠിച്ചു. പിന്നീട് ഹാർവാർഡിലും അതിനുശേഷം ഡൽഹി ഐഐടിയിലും പഠിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും ഏകാധിപത്യത്തിനെതിരെ ജയപ്രകാശ് നാരയണന്റെ നേതൃത്വത്തിൽ രാജ്യത്തൊട്ടാകെ ജനതാ മുന്നേറ്റം ഉണ്ടായപ്പോൾ, അക്കൂട്ടത്തിൽ ദേശീയ ശ്രദ്ധയും ഒരു പരിധിവരെ ആഗോള ശ്രദ്ധയും നേടിയ യുവ നേതാവായിരുന്നു ഡോ. സുബ്രഹ്‌മണ്യൻ സ്വാമി. ആകാലത്ത് അറസ്റ്റ് വാറണ്ട് നിലനിൽക്കെ അതിനാടകീയമായി പാർലമെന്റിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് അദ്ദേഹം സർക്കാരിനെ ഞെട്ടിച്ചു. ഇന്ത്യയ്ക്ക് പുറത്ത് രാജ്യഭ്രഷ്ടനായി താമസിക്കുകയായിരുന്നു അദ്ദേഹമെന്നായിരുന്നു അക്കാലത്തെ പൊതുധാരണ. സ്വാമിയുടെ തല പുറത്തുകണ്ടാൽ പൊലീസിന്റെ പിടി വീഴുന്ന കാലം. പാർലമെന്റ് സെഷൻ തുടങ്ങുന്ന ദിവസം സ്വാമി സർദാർജിയുടെ വേഷം ധരിച്ച് പാർലമെന്റിനുള്ളിൽ കടന്നു. മരിച്ചുപോയ നേതാക്കൾക്ക് അനുശോചന പ്രമേയം വായിക്കുന്ന സന്ദർഭത്തിൽ പുറകിൽ നിന്നൊരു സർദാർജി എഴുന്നേറ്റ് നിന്ന് വിളിച്ചുപറഞ്ഞു. 'ഇന്ത്യയിൽ മരിച്ചുപോയ ജനാധിപത്യത്തിനും ഒരു അനുശോചനം രേഖപ്പെടുത്തണം' തൊപ്പിയും താടിയും ധരിച്ച ആ സർദാർജി സുബ്രഹ്‌മണ്യൻ സ്വാമിയാണെന്ന് സഹപ്രവർത്തകർ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും സ്വാമി പാർലമെന്റ് കടന്ന് പുറത്തെത്തിയിരുന്നു. പൊലീസിന്റെ കൈയിൽ പെടുന്നതിന് മുമ്പ് തന്നെ നേപ്പാളിലേയ്ക്ക് കടന്ന സ്വാമി അവിടെ നിന്നും അമേരിക്കയിലെത്തി. അവിടെയിരുന്നുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ അടിയന്തിരാവസ്ഥയ്ക്കെതിരായ പ്രചരണങ്ങൾക്ക് സ്വാമി നേതൃത്വം നൽകി.

ഇത്തരം ഇടപെടലുകളിലൂടെ ഇന്ത്യയിലെ റിബൽ മനസുകളെ പെട്ടെന്നു പിടിച്ചടക്കാൻ സ്വാമിക്ക് സാധിച്ചു. കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തിനിടയ്ക്കുള്ള ദേശീയ രാഷ്ട്രീയത്തിലെ സുപ്രധാന കോളിളക്കങ്ങളിലെല്ലാം സ്വാമിയുടെ കരസ്പർശമുണ്ടായിരുന്നു. അത് ചന്ദ്രശേഖർ സർക്കാരിന്റെ വാഴ്‌ച്ചയും വീഴ്‌ച്ചയുമാകട്ടെ, 1998 ലെ വാജ്പേയിയുടെ പതനമാകട്ടെ, ജയലളിതയെ വീഴ്‌ത്തിയ അനധികൃത സ്വത്ത് സംബന്ധിച്ച കേസാകട്ടെ, ടുജി സ്പെക്ട്രം അഴിമതി പുറത്തുവന്നതാകട്ടെ, ഏറ്റവുമൊടുവിൽ പെഗസ്സസ് വിവാദമാകട്ടെ.

സ്വാമിയും ജയലളിതയും

സുബ്രഹ്‌മണ്യൻ സ്വാമി 1996 അവസാനം ചെന്നൈ സിറ്റി സിവിൽ കോടതിയിൽ നൽകിയ ഒരു ഹർജിയാണ് തമിഴ്‌നാട്ടിലെ കുപ്രസിദ്ധമായ സ്വത്തുകേസിനു വഴിമരുന്നിട്ടതും ഒടുവിൽ ജയലളിതയേയും തോഴി ശശികലയേയും ജയലഴികൾക്കുള്ളിലാക്കിയതും. ആദായനികുതി വകുപ്പിനു സമർപ്പിച്ച കണക്കുകൾ പ്രകാരം 1991ൽ ജയലളിതയുടെ സ്വത്ത് 1.89 കോടി രൂപയായിരുന്നു. 1995ൽ ഇത് 38.21 കോടി രൂപയായി വർധിച്ചു. മുഖ്യമന്ത്രിയായി ഒരു രൂപ മാത്രം മാസശമ്പളം പറ്റിയിരുന്ന ജയലളിതയ്ക്ക് എങ്ങനെ ഇത്രയേറെ സ്വത്തുക്കളുണ്ടായി എന്നായിരുന്നു സ്വാമിയുടെ ചോദ്യം.

ജയ ആദ്യം മുഖ്യമന്ത്രിയായ 1991- 96 കാലത്തു തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള പോര്. സതേൺ പെട്രോകെമിക്കൽസ് ഇൻഡസ്ട്രീസ് കോർപറേഷനിലുള്ള (സ്പിക്) തമിഴ്‌നാട് വ്യവസായ വികസന കോർപറേഷന്റെ ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനത്തിനെതിരെയാണ് സ്വാമി ആദ്യം രംഗത്തെത്തിയത്.

ജയയെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് 1992ൽ സ്വാമി ഗവർണറെ സമീപിച്ചു. ജയലളിത പാർട്‌നറായ ജയ പബ്ലിക്കേഷൻസുമായി സർക്കാർ കരാറിലേർപ്പെട്ടത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഈ കേസിൽ ജയലളിതയെ പ്രോസിക്യൂട്ട് ചെയ്യാൻ 1995 ൽ ഗവർണർ ചന്ന റെഡ്ഡി അനുമതി നൽകുകയും ചെയ്തു. വിചാരണക്കോടതി ജയയെ ശിക്ഷിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തയാക്കി. താൻസി ഭൂമിയിടപാടിൽ ജയയ്‌ക്കെതിരെയുള്ള അന്വേഷണത്തിലേക്ക് നയിച്ചതും സുബ്രഹ്‌മണ്യൻ സ്വാമിയുടെ ഇടപെടലായിരുന്നു.

സുബ്രഹ്‌മണ്യൻ സ്വാമിക്കെതിരെ ജയ ഒട്ടേറെ അപകീർത്തിക്കേസുകൾ നൽകി. മറുഭാഗത്ത്, സ്വത്തു കേസിൽ ശിക്ഷ ഉറപ്പാക്കാൻ സ്വാമി എല്ലാ വഴിയും നോക്കി. ഒടുവിൽ വിജയം സ്വാമിക്കൊപ്പമായിരുന്നു.

ഇതേസമയം ജയയുടെ മരണശേഷം ഉണ്ടായ തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയിൽ ശശികലയെ അനുകൂലിക്കുന്ന നിലപാടാണ് സ്വാമി സ്വീകരിക്കുന്നത്. സുപ്രീംകോടതി കേസും ശശികലയുടെ സത്യപ്രതിജ്ഞയും തമ്മിൽ ബന്ധമില്ലെന്നായിരുന്നു സ്വാമിയുടെ നിലപാട്.

നിലവിൽ ബിജെപിയിലാണെങ്കിലും തമിഴ്‌നാട്ടിൽ ബിജെപി വളരുന്നതിനോട് സ്വാമിക്കു വലിയ താൽപര്യമില്ലത്രേ. ശശികലയെ രഹസ്യമായി സ്വാമി ഉപദേശിക്കുന്നുവെന്നും കരുതുന്നവരുമുണ്ട്. സ്വാമി 1996ൽ നൽകിയ പരാതിയും ജയയ്ക്കെതിരെ മാത്രമായിരുന്നു. തുടർന്ന് പോയസ് ഗാർഡൻ വസതിയിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ സ്വത്തുവിവരങ്ങളുടെ അടിസ്ഥാനത്തിലാണു ശശികല ഉൾപ്പെടെയുള്ളവർ കൂട്ടുപ്രതികളായത്.

വാജ്പേയിയെ വീഴ്‌ത്തിയ സൗഹൃദത്തിന്റെ കാലം!

കേസുകൾ തുടരവെ തന്നെ, ഇടയ്ക്ക് അൽപകാലം ഇരുവരും സൗഹൃദത്തിലായിരുന്നു. 1998ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയും ജനതാപാർട്ടിയും സഖ്യത്തിൽ മൽസരിച്ചു. സ്വാമി മധുരയിൽനിന്നു ജയിക്കുകയും ചെയ്തു. ആ തിരഞ്ഞെടുപ്പിൽ അധികാരത്തിലേറിയ വാജ്പേയി സർക്കാരിൽ സ്വാമിയെ ധനകാര്യമന്ത്രിയാക്കണമെന്നുവരെ ജയ ആവശ്യപ്പെട്ടു. ഇതുൾപ്പെടെ വിവിധ ആവശ്യങ്ങൾ നിരാകരിക്കപ്പെട്ടതോടെ ബിജെപിയുമായി ജയ ഇടഞ്ഞു.

1999 ഏപ്രിലിൽ എൻഡിഎ സർക്കാരിനെ വീഴ്‌ത്താൻ നിമിത്തമായ ചായസൽക്കാരത്തിന്റെ ആസൂത്രകൻ സുബ്രഹ്‌മണ്യൻ സ്വാമിയായിരുന്നു. സോണിയ ഗാന്ധിയെയും ജയലളിതയെയും സ്വാമി ഒരുമിപ്പിച്ചതോടെ എൻഡിഎ സർക്കാരിനുള്ള പിന്തുണ അണ്ണാ ഡിഎംകെ പിൻവലിച്ചു. പിന്നീടു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ സ്വാമിയുടെ ഉപദേശങ്ങൾ ജയ മതിയാക്കി.

സ്വാമി എന്ന ഇസ്ലാം വിരോധി

സ്വാമിയുടെ മകൾ, ദ ഹിന്ദുവിന്റെ നാഷനൽ എഡിറ്ററും ഡിപ്ലോമാറ്റിക് അഫയേഴ്‌സ് എഡിറ്ററുമായ സുഹാസിനി മുൻ വിദേശകാര്യ സെക്രട്ടറി സൽമാർ ഹൈദറിന്റെ മകൻ നദീം ഹൈദറിനെ പ്രണയവിവാഹം ചെയ്തതോടെ അന്ധമായ ഇസ്ലാം വിരോധത്തിലേയ്ക്ക് സ്വാമി വഴുതിവീണു.

മുസ്ലീങ്ങൾ ഹിന്ദുക്കളെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുവെന്നും ലക്ഷക്കണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യൻ മിഷണറിമാർ മതപരിവർത്തനം ചെയ്യുന്നുവെന്നും മൊത്തത്തിൽ ഹിന്ദു സമൂഹം പ്രതിരോധത്തിലാണെന്നും വിശ്വസിക്കുന്നയാളാണ് ഇന്ന് സുബ്രഹ്‌മണ്യൻ സ്വാമി. കുറച്ചുകാലം മുമ്പ് അൽ- ജസീറ ചാനലിനെ കുറിച്ച് ഡോ സ്വാമി ഇട്ട അഭിപ്രായം അദ്ദേഹത്തിന്റെ മുസ്ലിം വിരുദ്ധതയ്ക്ക് യോജിക്കുന്നതാണ്. ഇസ്രയേലി ആക്രമണങ്ങളുടെ ഇരയായ ഫലസ്തീനിലേതെന്ന വ്യാജേന ഷോല സിനിമയിലെ ദൃശ്യങ്ങൾ ചാനൽ സംപ്രേഷണം ചെയ്തു എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നും അൽ ജസീറയുടെ ലോഗോ പോലും സ്വാമി തെറ്റായാണ് ഉപയോഗിച്ചതെന്നും ചാനലുകാർ വളരെ പെട്ടെന്നു തന്നെ മറുപടി നൽകി. ക്ഷണത്തിൽ സ്വാമി പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു..

തങ്ങളുടെ പൂർവീകർ ഹിന്ദുക്കളാണെന്ന് അംഗീകരിക്കാത്ത ഒറ്റ മുസ്ലീമിനെയും വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് 2011-ൽ ഡിഎൻഎ പത്രത്തിൽ എഴുതി കൊണ്ടാണ് അദ്ദേഹം തീപ്പൊരി രാഷ്ട്രീയത്തിലുള്ള തന്റെ കഴിവ് തെളിയിച്ചത്. രണ്ട് സമ്മർ പേപ്പറുകൾ പഠിപ്പിച്ചിരുന്ന സ്വാമിയെ ഹാർവാർഡ് സർവകലാശാല പെട്ടെന്നു തന്നെ പുറത്താക്കി. എന്നാൽ ഇന്ത്യയിൽ അദ്ദേഹത്തിന്റെ ലേഖനം പ്രസിദ്ധീകരിച്ച പത്രത്തിനോ അതിന്റെ എഡിറ്റർക്കോ അത്തരം ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല.

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒറ്റയാൻ

എല്ലാക്കാലത്തും രാഷ്ട്രീയത്തിൽ ഒറ്റയാനായിരുന്നു സുബ്രഹ്‌മണ്യൻ സ്വാമി. അതിന് അപവാദമായത് ജെപിക്ക് കീഴിൽ നിലകൊണ്ട രാഷ്ട്രീയത്തിലെ തുടക്കകാലം മാത്രമായിരുന്നു.

അതിന് ശേഷം സ്വാമിയെ ഒപ്പം നിർത്താനോ സ്വാമിയെ വിമർശിച്ച് ശത്രുവാക്കാനോ ധൈര്യമുള്ളവർ അധികമൊന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല. എതിരാളികളെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകാൻ കഴിയുന്ന സ്വാമിയുടെ വൈരാഗ്യബുദ്ധി അറിയാത്തവരായി ആരുമില്ല ദേശീയരാഷ്ട്രീയത്തിൽ. അത് തന്നെയാണ് അവർ ഭയക്കുന്നതും. ഇന്ദിരാഗാന്ധിയെ പോലെ ചുരുക്കം ചിലർ മാത്രമാണ് സ്വാമിക്കെതിരെ വാളെടുക്കാൻ ധൈര്യപ്പെട്ടിട്ടുള്ളത്.

പെഗസ്സസ് വിവാദത്തിൽ അമിത് ഷായെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയിട്ടും സ്വാമിക്കെതിരെ ഒരു വാക്ക് പോലും ബിജെപി നേതാക്കളുടെ നാവിൽ നിന്നും വീഴാത്തതും അതുകൊണ്ടാണ്. ആഴത്തിലുള്ള അറിവും കൂർമബുദ്ധിയും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കുള്ളിൽ വരെയുള്ള സോഴ്സുകളും തന്നെയാണ് പക്ഷം നോക്കാതെ ആരെയും വീഴ്‌ത്താനുള്ള സ്വാമിയുടെ കരുത്ത് അത് തന്നെയാണ് സുബ്രഹ്‌മണ്യൻ സ്വാമിയെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇലിമിനാറ്റിയാക്കി മാറ്റുന്നതും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP