Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സോവിയറ്റ് അധിനിവേശത്തിനെതിരെ മുജാഹിദീനുകൾക്കിടയിൽ കാണ്ടഹാറിൽ രൂപം കൊണ്ടു; തീവ്ര നിലപാടുകാരായ പഷ്തൂൺ വംശജരുടെ കൂട്ടം; ഗറിലായുദ്ധമുറ കരുത്താക്കിയവർ; ബിൻലാദന് അഭയം നൽകിയതോടെ യുഎസിന്റെ കണ്ണിൽ കരടായി; ഖജനാവ് നിറച്ചത് ലഹരിപ്പണം; ലോകത്തെ ആറാമത്തെ സമ്പന്ന തീവ്രവാദ സംഘടന; താലിബാന്റെ കഥ

സോവിയറ്റ് അധിനിവേശത്തിനെതിരെ മുജാഹിദീനുകൾക്കിടയിൽ കാണ്ടഹാറിൽ രൂപം കൊണ്ടു; തീവ്ര നിലപാടുകാരായ പഷ്തൂൺ വംശജരുടെ കൂട്ടം; ഗറിലായുദ്ധമുറ കരുത്താക്കിയവർ; ബിൻലാദന് അഭയം നൽകിയതോടെ യുഎസിന്റെ കണ്ണിൽ കരടായി; ഖജനാവ് നിറച്ചത് ലഹരിപ്പണം; ലോകത്തെ ആറാമത്തെ സമ്പന്ന തീവ്രവാദ സംഘടന; താലിബാന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

കാബൂൾ: താലിബാൻ.. ഈ പേര് ഇന്ന് ലോകത്തെ നടുക്കുകയാണ്. സോവിയറ്റ് യൂണിയനെതിരെ പോരാടാൻ അമേരിക്ക ചെല്ലും ചെലവും കൊടുത്തു വളർത്തിയവർ. അവർ ഇന്ന് ലോകത്തെ വിഴുങ്ങുന്ന തീവ്രവാദ സംഘടനയായി ഫണം വിടർത്തി നിൽക്കുന്നു. സമാധാനം കാംക്ഷിക്കുന്ന അഫ്ഗാൻ ജനതയെ ഈ സംഘടന വിഴുങ്ങി കഴിഞ്ഞു. അഫ്ഗാൻ എന്ന രാജ്യത്തെ ഇസ്ലാമിക എമിറേറ്റ്‌സായി നാമകരണം ചെയത്ു കൊണ്ട് വീണ്ടും അധികാരത്തിൽ എത്തുകയാണ് താലിബാൻ. കലയ്ക്കും സിനിമക്കും സ്ഥാനമില്ലാത്ത രാജ്യമായി ഇനി അഫ്ഗാനിസ്ഥാൻ മാറും. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പോകും അവകാശം ഉണ്ടാകാത്ത കാലം വരും. ഇങ്ങനെ താലിബാൻ അഫ്ഗാനിസ്താനിൽ അധികാരത്തിലെത്തുമ്പോൾ ഭയമാണ് എങ്ങും.

സോവിയറ്റ് യൂണിയന്റെ അധിനിവേശത്തിനെതിരെ പൊരുതിയ അഫ്ഗാൻ മുജാഹിദീനുകളുടെ ഇടയിൽ നിന്ന് 1994ൽ അഫ്ഗാനിസ്ഥാനിലെ തെക്കൻ നഗരമായ കാണ്ടഹാറിൽ രൂപം കൊണ്ട സംഘടനയാണ് താലിബാൻ. പഷ്തൂൺ വംശജർക്കു മേധാവിത്വമുള്ള തീവ്രനിലപാടുകാരായ സംഘടനയ്‌ക്കെതിരെ (പഷ്‌തോ ഭാഷയിൽ താലിബാൻ എന്നാൽ വിദ്യാർത്ഥികൾ എന്ന് അർഥം) വടക്കൻ മേഖലയിൽ പഷ്തൂൺ ഇതര സായുധ വിഭാഗങ്ങൾ ചെറുത്തുനിന്നു.

എന്നാൽ ആഭ്യന്തര യുദ്ധത്തിൽ താറുമാറായ രാജ്യത്തു സ്ഥിരതയും സമാധാനവും തിരിച്ചുകൊണ്ടുവരുമെന്ന താലിബാന്റെ വാഗ്ദാനം ജനങ്ങളിൽ മതിപ്പുണ്ടാക്കി. സോവിയറ്റ് താൽപ്പര്യങ്ങൾക്കെതിരെ പോരാടാൻ അമേരിക്ക ആയുധം നൽകി വളർത്തിയവർ സ്വന്തം വഴി കണ്ടെത്തി. അവർ ആയുധങ്ങൾ കൊണ്ട് അധികാ വഴിയിലേക്ക് നീങ്ങുകയായിരുന്നു. പിറവി കൊണ്ടു രണ്ടു വർഷത്തിനകം, 1996ൽ, കാബൂൾ പിടിച്ചെടുത്ത താലിബാൻ 5 വർഷമാണ് അഫ്ഗാൻ ഭരിച്ചത്.

അൽഖായിദ തലവൻ ഉസാമ ബിൻ ലാദന് അഭയം കൊടുത്ത താലിബാനെ 2001ൽ യുഎസ് സേന പുറത്താക്കി. ന്യൂയോർക്കിൽ സെപ്റ്റംബർ 11നു അൽ ഖായിദ നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെയായിരുന്നു യുഎസിന്റെ അഫ്ഗാനിസ്ഥാൻ ആക്രമണം. യുഎസ്‌നാറ്റോ സേനാ അധിനിവേശത്തോടെ താലിബാൻ അംഗങ്ങൾ പലതായി പിരിഞ്ഞു പാക്കിസ്ഥാനിലേക്കും പാക്ക്അഫ്ഗാൻ അതിർത്തിമേഖലയിലേക്കും പിൻവാങ്ങിയെങ്കിലും കഴിഞ്ഞ 20 വർഷത്തിനിടെ വീണ്ടും പുനഃസംഘടിപ്പിക്കപ്പെട്ടു കരുത്തു നേടി. ഗറിലായുദ്ധമുറയാണ് താലിബാന്റെ കരുത്ത്.

1996 -2001 ഭരണകാലത്തു താലിബാൻ കർശനമായ നിയമങ്ങളാണു നടപ്പിലാക്കിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയുകയും സ്ത്രീകളെ പൊതുസ്ഥലത്തു വിലക്കുകയും ചെയ്തു. സംഗീതവും സിനിമയും ടിവിയും വിലക്കി. കല്ലെറിഞ്ഞുകൊല്ലൽ അടക്കമുള്ള ക്രൂരമായ ശിക്ഷാരീതികളും പൊതുസ്ഥലത്തു വധശിക്ഷ നടപ്പിലാക്കുന്ന സമ്പ്രദായവും കൊണ്ടുവന്നു. 2001ൽ മധ്യ അഫ്ഗാനിസ്ഥാനിലെ ബാമിയാൻ ബുദ്ധപ്രതിമകൾ തകർത്ത സംഭവമാണു താലിബാനു ഏറ്റവും കുപ്രസിദ്ധി നേടിക്കൊടുത്തത്.

താലിബാൻ നേതൃനിരയിൽ ആറു പേർ

താലിബാൻ സ്ഥാപകനായ മുല്ല മുഹമ്മദ് ഒമറിന്റെ മരണശേഷം അഫ്ഗാനിസ്ഥാനിലെ താലിബാന്റെ നേതൃത്വം ആറംഗ സംഘത്തിനാണ്. 2001ൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം അവസാനിച്ചതോടെ ഒളിവിൽപോയ മുല്ല ഒമർ 2013ലാണു മരിച്ചത്. അദ്ദേഹത്തിന്റെ വിശ്വസ്തരും മകനും ഉൾപ്പെട്ട നേതൃസംഘം ഇവരാണ്: മുല്ല അബ്ദുൽ ഗനി ബറാദർ, ഹൈബത്തുല്ല അഖുൻസാദ, സിറാജുദീൻ ഹഖാനി, ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി, അബ്ദുൽ ഹക്കീം ഹഖാനി

മുല്ല അബ്ദുൽ ഗനി ബറാദർ

മുല്ല ഒമറിനൊപ്പം താലിബാൻ സ്ഥാപകരിലൊരാൾ. നിലവിലെ താലിബാൻ മേധാവി. അഫ്ഗാന്റെ ഭാവി സംബന്ധിച്ച്

ഖത്തർ തലസ്ഥാനമായ ദോഹയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കുന്ന ചർച്ചകളിലെ പ്രധാനി. പാക്കിസ്ഥാനിലെ കറാച്ചിയിൽ ?2010ൽ സുരക്ഷാസേനയുടെ പിടിയിലായെങ്കിലും 2018ൽ ?മോചിപ്പിക്കപ്പെട്ടു. താലിബാൻ ഭരണമേൽക്കുമ്പോൾ ?അഫ്ഗാൻ പ്രസിഡന്റാകാൻ സാധ്യത.

ഹൈബത്തുല്ല അഖുൻസാദ

ഇസ്ലാമിക പണ്ഡിതൻ. ഗ്രൂപ്പിന്റെ മത, സൈനിക കാര്യങ്ങളിൽ ഉപദേഷ്ടാവ്. 60 വയസ്സുണ്ടെന്നു കരുതുന്ന അഖുൻസാദ പാക്കിസ്ഥാനിലെ കുച്‌ലക്കിലാണ് വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നത്. അഖ്തർ മൻസൂർ കൊല്ലപ്പെട്ടശേഷം താലിബാൻ നേതൃത്വത്തിലേക്ക് ഉയർത്തപ്പെട്ടു. 2016നു ശേഷം ഒളിവിലാണ്.

മുല്ല മുഹമ്മദ് യാക്കോബ്

മുല്ല ഒമറിന്റെ മകൻ. പ്രായം 35നു താഴെ. താലിബാന്റെ സൈനിക നടപടികളുടെ മേൽനോട്ടം യാക്കോബിനാണ്. അഫ്ഗാനിൽ തന്നെയുണ്ടെന്നാണു കരുതുന്നത്. മൻസൂറിന്റെ പിൻഗാമിയായി കരുതപ്പെട്ടിരുന്നെങ്കിലും 2016ൽ അഖുൻസാദയെ നേതൃത്വത്തിലേക്കു നിർദ്ദേശിച്ചത് യാക്കോബാണ്.

സിറാജുദീൻ ഹഖാനി

മുജാഹിദീൻ കമാൻഡറായ ജലാലുദീൻ ഹഖാനിയുടെ മകൻ. പ്രായം അൻപതിനടുത്ത്. പാക്ക് അഫ്ഗാൻ അതിർത്തിയിലെ താലിബാൻ സൈനിക, സാമ്പത്തിക പ്രവർത്തനങ്ങൾ നയിക്കുന്ന ഹഖാനി ഗ്രൂപ്പിനു നേതൃത്വം നൽകുന്നു. ഹമീദ് കർസായിക്കു നേരെ നടന്ന വധശ്രമം, ഇന്ത്യൻ എംബസിക്കു നേരെ നടന്ന ചാവേർ ആക്രമണം ഉൾപ്പെടെ അഫ്ഗാനിസ്ഥാനിൽ നടന്ന പല ആക്രമണങ്ങൾക്കും പിന്നിൽ ഹഖാനി ഗ്രൂപ്പാണ് എന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. അഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബിങ് തുടങ്ങിയതും ഈ ഗ്രൂപ്പാണെന്നു പറയുന്നു.

ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി

താലിബാൻ മുൻ സർക്കാരിൽ മന്ത്രി. കഴിഞ്ഞ പത്തു വർഷമായി ദോഹയിൽ താമസം. 2015 മുതൽ ദോഹയിലെ താലിബാൻ ഓഫിസിന്റെ ചുമതലക്കാരൻ. അഫ്ഗാൻ സർക്കാരുമായുള്ള ചർച്ചകളിൽ താലിബാന്റെ പ്രതിനിധി.

അബ്ദുൽ ഹക്കിം ഹഖാനി

താലിബാന്റെ നയതന്ത്ര ചർച്ചകളിൽ പ്രധാനി. താലിബാന്റെ മുൻ ചീഫ് ജസ്റ്റിസ്. മതപണ്ഡിതന്മാരുടെ കൗൺസിലിനെ നയിക്കുന്നു. അഖുൻസാദയുടെ വിശ്വസ്തരിൽ പ്രധാനി.

പ്രഖ്യാപിത വിജ്ഞാന വിരോധികൾ

പ്രഖ്യാപിക വിജ്ഞാന വിരോധികൾ ആണ് താലിബാൻകാർ. നിരവധി ഗ്രസ്ഥശാലകൾക്കും വൈജ്്ഞാനിക കേന്ദ്രങ്ങളും തകർത്തുകൊണ്ടാണ് താലിബാൻ അഫ്ഗാനിൽ ചുവടറുപ്പിച്ചത്. ഇന്നും സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ ഏറ്റവും ശക്തമായി പ്രതികരിക്കുന്നത് ഇവരാണ്. ചാക്കുകൊണ്ടെന്നോണം മുഖം മൂടിയല്ലാതെ അഫ്ഗാനിൽ സ്ത്രീകൾക്ക് പുറത്തിറങ്ങാനുള്ള സ്വതന്ത്ര്യമില്ല. സമാനമായ അവസ്ഥയാണ് പാക്കിസ്ഥാനിലും. മലാല യൂസുഫ്‌സായിയുടെ അനുഭവം നോക്കുക. തി്കഞ്ഞ ശാസ്ത്രവിരുദ്ധർ കൂടിയാണ് താലിബാനികൾ. പൾസ്‌പോളിമോ ഇമ്മ്യൂസൈസേഷൻ അടക്കമുള്ള സകല കാമ്പയിനുകളെയും അവർ എതിർക്കുന്നു.

2014ൽ വടക്കൻ വസീറിസ്ഥാനിൽ തീവ്രവാദികൾക്ക് നേരെ സൈന്യം നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയാണ് താലബാൻ സ്‌കൂളിൽ കയറി ആക്രമണം നടത്തിയത് അവരുടെ സ്വഭാവം വെളിപ്പെടുത്തുന്ന രീതിയിലാണ്. സൈന്യം തങ്ങളോട് ചെയ്യുന്നതിന് പ്രതികാരമായിട്ടാണ് സ്‌കൂളിന് നേരെ ആക്രമണം നടത്തിയതെന്ന് താലിബാൻ പറയുന്നു. സൈന്യം തങ്ങളുടെ കുടംബങ്ങൾക്ക് നേരെ ആക്രമണം നടത്തുമ്പോൾ, തങ്ങൾക്കുണ്ടാകുന്ന വേദന മനസ്സിലാക്കിക്കൊടുക്കാനാണ് ഈ ആക്രമണമെന്നും താലിബാൻ വ്യക്തമാക്കുന്നു. എന്നാൽ സൈന്യം നടത്തിയ ആക്രമണത്തെ പിഞ്ചു കുട്ടികളെ കൊന്ന് കൊണ്ട് എങ്ങനെ പ്രതികാരം ചെയ്യനാവും എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്.

തീരെ ചെറിയ കുട്ടികളെ കൊല്ലേണ്ടെന്നും മുതിർന്ന കുട്ടികളെ കൊന്ന് തള്ളിക്കൊള്ളാനുമാണ് ചാവേറുകൾക്ക് പാക് താലിബാൻ നിർദ്ദേശം നൽകിയത്. എന്നാൽ സ്‌കൂളിൽ ഇരച്ച് കയറി ഒന്നും നോക്കാതെ വെടിവക്കുകയായിരുനനു അക്രമികൾ. ചാവേറുകളെല്ലാം മനുഷ്യ ബോംബുകളാണ്. ഇതിൽ ഒരാൾ സ്‌കൂളിന് മുന്നിൽ നിന്ന് സ്വയം പൊട്ടിത്തെറിച്ചു.84 കുട്ടികൾ കൊല്ലപ്പെട്ടു. ഇതായിരുന്നു താലിബാന്റെ രീതി. കുട്ടികളെപ്പോലും വെറുതെ വിടാത്ത പക.

കുറപ്പ് മതത്തെ പരിപോഷിപ്പിക്കുമ്പോൾ

താലിബാന്റെ , മേൽനോട്ടത്തിലാണ് ഇപ്പോൾ അഫ്ഗാനിൽ വ്യാപകമായി കറുപ്പ് നിർമ്മാണം നടക്കുന്നത്. മലയാളത്തിൽ കറുപ്പ് എന്നും ഇംഗ്ലീഷിൽ ഓപ്പിയം എന്നും ഉർദുവിൽ അഫീം എന്നും പറയുന്ന വസ്തു, കുപ്രസിദ്ധമായ ഒരു ലഹരിപദാർത്ഥമാണ്. ഇതേ ചെടിയിൽ നിന്നാണ് നമ്മൾ പാചകത്തിനുപയോഗിക്കുന്ന കസ്‌കസ് എന്നുപറയുന്ന സാധനം കിട്ടുന്നത്. ഈ ചെടിയുടെ വിത്താണ് കസ്‌കസ്. ഇതേ ചെടിയുടെ പൂക്കൾ കൊഴിഞ്ഞു വീണശേഷം ബാക്കി നിൽക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടിൽ നിന്ന് ശേഖരിക്കുന്ന കറയിൽ നിന്നാണ് കറുപ്പ് എന്ന ലഹരി വേർതിരിച്ചെടുക്കുന്നത്. അമേരിക്കയെ വളരെയധികം അസ്വസ്ഥമാക്കുന്ന ഒരു മൂല്യവർധിത വസ്തു ഈ ഓപ്പിയം സിറപ്പിൽ നിന്ന് വേർതിരിച്ചെടുക്കാൻ തുടങ്ങിയിട്ടുണ്ട് താലിബാനി ഭീകരവാദികൾ. പേര് നമുക്കൊക്കെ സുപരിചിതമാണിതിന്റെ, ഹെറോയിൻ. അറിയപ്പെടുന്ന ഒരു മയക്കുമരുന്നാണ് ഹെറോയിൻ.

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പ്രധാന വരുമാന മാർഗമാണ് കറുപ്പിന്റെ ഉത്പാദനം. ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാൻ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാൻ തങ്ങളുടെ ഭീകരവാദപ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടിങ് കണ്ടെത്തുന്നത്. ഓപ്പിയം സിറപ്പിന്റെയും ഹെറോയിന്റെയും നിർമ്മാണം തടയാൻ വേണ്ടി പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിലൂടെ അമേരിക്ക ചെലവിട്ടിട്ടുള്ളത് എണ്ണൂറു കോടി ഡോളറോളമാണ്. എന്നിട്ടെന്തായി? ഇപ്പോൾ യുദ്ധം തന്നെ വേണ്ടെന്നു വെച്ച് തിരിച്ചുപോരാൻ അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്ന ഈ വേളയിലും താലിബാനി ഹെറോയിൻ കാർട്ടലുകളുടെ രോമത്തിൽ പോലും തൊടാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല.

മുമ്പായിരുന്നെങ്കിൽ ഈ വസ്തുക്കളുടെ കടത്ത് കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നു. കാരണം വലിയ ബാരലുകളിൽ നിറച്ച് ദ്രാവകരൂപത്തിലായിരുന്നു ഓപ്പിയം സിറപ്പ് കടത്തിയിരുന്നത്. എന്നാൽ, കാലം മാറി. താലിബാനി ഭീകരവാദികളും അതിനൊത്ത് മാറി. ഇങ്ങനെ മറ്റുരാജ്യങ്ങൾക്ക് ഓപ്പിയം സിറപ്പ് തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുന്നതിൽ ലാഭം കുറവാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞു. ഒപ്പം അതിലുള്ള റിസ്‌കും. ഇപ്പോൾ, ഓപ്പിയം സിറപ്പിനെ പ്രോസസ് ചെയ്ത്, അതിൽ നിന്ന് ഹെറോയിൻ എന്ന വിലപിടിപ്പുള്ള മയക്കുമരുന്ന് നിർമ്മിക്കാനുള്ള ഫോർമുല താലിബാൻ തീവ്രവാദികൾ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതോടെ കയറ്റുമതി ചെയ്തിരുന്ന അസംസ്‌കൃത ഓപ്പിയത്തിന്റെ അളവ് പാതിയായി കുറഞ്ഞു. ഒന്നുകിൽ മോർഫിൻ അല്ലെങ്കിൽ ഹെറോയിൻ ആക്കി അതിനെ മാറ്റി കുറേക്കൂടി എളുപ്പത്തിലാണ് ഇന്ന് താലിബാനി ഭീകരവാദികൾ തങ്ങളുടെ ഉത്പന്നം വിൽക്കുന്നത്. ഈ സാങ്കേതികവിദ്യ അവർക്ക് നൽകുന്നത് ചുരുങ്ങിയത് അറുപതു ശതമാനമെങ്കിലും കൂടുതൽ ലാഭമാണ്.

ചാരായ വാറ്റു പോലെ ഹെറോയിൻ വാറ്റ്

ഗവൺമെന്റിനോട് പോരാടി താലിബാനികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ പലതും അവർ പ്രയോജനപ്പെടുത്തുന്നത് പോപ്പി വിത്തുകൾ കൃഷിചെയ്യാനാണ്. സാങ്കേതിക വിദ്യയിൽ താലിബാനികൾ നേടിയ മുന്നേറ്റം കാരണം ഇന്ന് അഫ്ഗാനിസ്ഥാനിൽ ചുരുങ്ങിയത് 400-500 ഹെറോയിൻ പ്രോസസിങ് ലാബുകളെങ്കിലുമുണ്ട്. ലാബ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരിക വളരെ സങ്കീർണ്ണമായ ഉപകരണങ്ങൾ നിറഞ്ഞ, ടെക്‌നീഷ്യന്മാർ കോട്ടും മാസ്‌കും ഒക്കെയിട്ട് ടെസ്റ്റ് ട്യൂബുകളിലും, ബ്യൂററ്റുകളിലും ഒക്കെ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എയർ കണ്ടീഷൻഡ് മുറികളാവും. എന്നാൽ താലിബാന്റെ ഹെറോയിൻ ലാബുകൾ അത്രയ്ക്ക് ഹൈട്ടക്ക് അല്ല. ഒരു കൊച്ചു കുടിൽ, ചായ്‌പ്പ് അതുമല്ലെങ്കിൽ ഒരു ഗുഹ ഇതിനുള്ളിൽവെച്ച് ഹെറോയിൻ തയ്യാർ ചെയ്തെടുക്കാവുന്ന ഉപകരണങ്ങളാണ് ഈ ലാബിലുള്ളത്. മിക്‌സിംഗിനായി പത്തുപന്ത്രണ്ടു ബാരലുകൾ. ഓപ്പിയം സിറപ്പിൽ നിന്ന് ഹെറോയിൻ വേർതിരിച്ചെടുക്കുന്ന പ്രക്രിയക്ക് വേണ്ട ചില രാസവസ്തുക്കൾ. വാറ്റിയെടുക്കാൻ വേണ്ട വിറക്. ഒരു പ്രെസ്സിങ് മെഷീൻ, ഒരു ജനറേറ്റർ, അടുത്തുള്ള കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കാൻ ഒരു പമ്പ്. ഇത്രയും ആയാൽ ഒരു ഹെറോയിൻ ലാബ് തയ്യാറായി. മൂന്നാംലോക രാജ്യങ്ങളിലെ ചാരായം വാറ്റുപോലെയാണിതെന്നാണ് ഇവിടം സന്ദർശിച്ച ബിബിസി ലേഖകൻ ചൂണ്ടിക്കാട്ടുന്നത്.

അഫ്ഗാൻ പൊലീസും, അമേരിക്കൻ സ്‌പെഷ്യൽ ഫോഴ്സസും ചേർന്ന് പരമാവധി റെയ്ഡുകൾ നടത്തിയിട്ടുണ്ട്. നശിപ്പിക്കാവുന്നത്ര ലാബുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വരുമാനം ഇരട്ടിപ്പിക്കുന്ന ഈ പുതിയ പ്രോസസിങ് ടെക്‌നോളജി മനസ്സിലായതോടെ താലിബാന്റെ മുൻകൈയിൽ കൂണുകൾ പോലെ രാജ്യത്തിന്റെ പലഭാഗത്തും മുളച്ചുപൊന്തിയിട്ടുണ്ട് ഇങ്ങനെയുള്ള ലാബുകൾ. ഇവിടെ നിന്ന് ഏഷ്യയിലെയും, യൂറോപ്പിലെയും, ആഫ്രിക്കയിലെയും അമേരിക്കയിലെയും മറ്റും സപ്ലൈ ചെയിനുകളിലേക്ക് ഇപ്പോൾ നേരിട്ടാണ് ഹെറോയിൻ വിതരണം ചെയ്യപ്പെടുന്നത്. കാനഡയിലെ തെരുവുകളിലെത്തുന്ന ഹെറോയിന്റെ 90 ശതമാനവും, ബ്രിട്ടന്റെ തെരുവുകളെ അക്രമാസക്തമാക്കുന്ന ഹെറോയിന്റെ 85 ശതമാനവും പുറപ്പെടുന്നത് അഫ്ഗാനിസ്ഥാനിലെ താലിബാനി ഹെറോയിൻ ലാബുകളിൽ നിന്നാണ്.

അമേരിക്കൻ സൈന്യം കൂടെയുണ്ടായിരുന്നിട്ടും നിയന്ത്രിക്കാൻ സാധിക്കാതിരുന്ന അനധികൃത ഹെറോയിൻ നിർമ്മാണത്തിന് ഇനി അവർ പൂർണ്ണമായും പിന്മടങ്ങിക്കഴിഞ്ഞ് എങ്ങനെ തടയിടും എന്ന ആശങ്ക അഫ്ഗാനിസ്ഥാൻ ഗവൺമെന്റിനുണ്ട്. അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി പറഞ്ഞത്, 'താലിബാനികൾക്ക് മയക്കുമരുന്ന് ഉത്പാദിപ്പിക്കാൻ അറിയില്ലായിരുന്നു എങ്കിൽ എന്നേ തീരേണ്ട യുദ്ധമാണിത്' എന്നാണ്. ഒപ്പിയത്തിൽ നിന്ന് ഹെറോയിൻ ഉത്പാദിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യ മനസ്സിലാക്കിയത് ഭീകരവാദപ്രവർത്തനങ്ങൾക്ക് പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽക്കാനുള്ള കെൽപ്പ് പകരുന്നുണ്ട്. അതിനെ നേരിടാൻ പ്രദേശത്തെ സർക്കാരിനോ ഭീകരവാദവിരുദ്ധ സേനകൾക്കോ ഒക്കെ എന്തുചെയ്യാൻ സാധിക്കും എന്നത് കാത്തിരുന്ന് കാണാം.

ഫോബ്‌സ് പട്ടികയിൽ ലോകത്തെ ആറാമത്തെ സമ്പന്ന തീവ്രവാദ സംഘടന

2016ൽ ഫോബ്‌സ് മാസിക ലോകത്തെ 10 ഭീകര സംഘടനകളുടെ സമ്പത്തിന്റെ കണക്ക് പ്രസിദ്ധീകരിച്ചപ്പോൾ അഞ്ചാമതായിരുന്നു താലിബാൻ. ഒന്നാമത് ഐഎസും. 2800 കോടിയുടെ ആസ്തിയായിരുന്നു അന്ന് സംഘടനയ്ക്കുണ്ടായിരുന്നത്. നാറ്റോയുടെ രഹസ്യ റിപ്പോർട്ട് പ്രകാരം 201920ൽ ഇത് 4400 കോടിയായി വർധിച്ചിട്ടുണ്ട്. അഫ്ഗാൻ സർക്കാരിന്റെ പ്രതിരോധ ബജറ്റിന്റെ എത്രയോ ഇരട്ടിയാണ് താലിബാന്റെ സമ്പാദ്യം. 2018 നു ശേഷം വിദേശരാജ്യങ്ങളിൽ നിന്ന് താലിബാനു ലഭിക്കുന്ന സംഭാവനയിൽ കുറവുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 19 വർഷം അഫ്ഗാനിൽ നിലയുറപ്പിച്ച അമേരിക്ക 3 ലക്ഷം യുഎസ് ഡോളർ ചെലവിട്ടെന്നാണ് കണക്ക്.

അടുത്തിടെ പുറത്തിറങ്ങിയ റിപ്പോർട്ടുകളനുസരിച്ച് ഏകദേശം 75,000 അംഗങ്ങളാണ് താലിബാൻ എന്ന സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്നത്. അഫ്ഗാനിൽ നിന്ന് യുഎസ് പിന്മാറ്റം നടത്തിയതിന്റെ തുടർച്ചയായി അഫ്ഗാന്റെ 85 ശതമാനം പ്രദേശവും താലിബാന്റെ നിയന്ത്രണത്തിലായിരുന്നു.

ഫോബ്സിന്റെ റിപ്പോർട്ട് പ്രകാരം മയക്കുമരുന്ന് കച്ചവടം, കള്ളക്കടത്ത് എന്നിവയ്ക്ക് പുറമേ വിദേശ സ്രോതസ്സുകളിൽ നിന്നുള്ള നിക്ഷേപവുമാണ് താലിബാന്റെ വരുമാനമാർഗം. റേഡിയോ ലിബർട്ടി, റേഡിയോ ഫ്രീ യൂറോപ്പ് എന്നിവർ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഖനനം, നികുതി, കയറ്റുമതി, റിയൽ എസ്റ്റേറ്റ് വ്യാപാരം എന്നിവയും താലിബാന്റെ വരുമാന മാർഗങ്ങളാണ്.

ഖനനം- 464 മില്ല്യൺ ഡോളർ
മയക്കുമരുന്ന്- 416 മില്ല്യൺ ഡോളർ
വിദേശസഹായം- 240 മില്ല്യൺ ഡോളർ
കയറ്റുമതി- 240 മില്ല്യൺ ഡോളർ
നികുതി- 160മില്ല്യൺ ഡോളർ
റിയൽ എസ്റ്റേറ്റ്- 80 മില്ല്യൺ ഡോളർ
എന്നിങ്ങനെയാണ് ഫോബ്സ് റിപ്പോർട്ടിൽ താലിബാന്റെ വരുമാനത്തെക്കുറിച്ച് പറയുന്നത്.

ലോകത്തെ തന്നെ ഏറ്റവും വലിയ കറുപ്പ് (ഒപിയം) നിർമ്മാതാക്കളാണ് അഫ്ഗാനിസ്താൻ. പ്രതിവർഷം 1.5-3 ബില്ല്യൺ ഡോളർ ഒപിയം കയറ്റുമതിയാണ് അഫ്ഗാനിൽ നടക്കുന്നത്. രാജ്യത്ത് ഒപിയം ഉത്പാദനം നടക്കുന്ന മുക്കാൽ ഭാഗം പ്രദേശങ്ങളും താലിബാന്റെ നിയന്ത്രണത്തിലാണ്. ഉത്പാദന വിതരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ താലിബാൻ ഏർപ്പെടുത്തിയ നികുതി ഇവരുടെ വരുമാനത്തിന്റെ പ്രധാനമാർഗമാണ്. ഒപിയം ഹെറോയിൻ ആക്കി മാറ്റുന്ന ലാബുകളിൽ നിന്ന് വൻതോതിൽ നികുതിയാണ് താലിബാൻ ഈടാക്കുന്നത്. പുറമേ കർഷകരിൽ നിന്നും കച്ചവടക്കാരിൽ നിന്നും പത്ത് ശതമാനത്തോളം നികുതി ഈടാക്കും.

ഖനനമാണ് മറ്റൊരു പ്രധാന വരുമാനം. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാൻ മലനിരകൾ ഖനനം നടക്കുന്ന മേഖലകളാണ്. നിയമവിധേയവും നിയമവിരുദ്ധവുമായുള്ള ഖനനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. താലിബാന് വൻ തുക നൽകിയാണ് ചെറുകിട ഖനന കമ്പനികൾ മുതൽ വമ്പൻ ഖനന കമ്പനികൾ വരെ ഈ കച്ചവടം നടത്തുന്നത്. താലിബാന് പണം നൽകാതെ ഈ മേഖലകളിൽ ഖനനം നടത്താൻ സാധ്യമല്ല.

വിദേശസഹായമാണ് മറ്റൊരു പ്രധാന വരുമാന മാർഗം. പാക്കിസ്ഥാൻ, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ താലിബാന് വിദേശസഹായം നൽകുന്നുണ്ടെന്ന് പലപ്പോഴും അഫ്ഗാനും അമേരിക്കയും ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇത് ഈ രാജ്യങ്ങൾ നിരന്തരം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഈ പണത്തിന്റെ കൃത്യമായ അളവ് എത്രയാണെന്ന് വ്യക്തമല്ല. ഇത് പ്രതിവർഷം 500 മില്ല്യൺ ഡോളർ വരെയാവാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.

അഫ്ഗാനിസ്താനിലെ വ്യാവസായിക പ്രാധാന്യമുള്ള സ്വാത് മേഖലയുടെ നിയന്ത്രണം കൈയിലാക്കിയ താലിബാൻ ജനങ്ങളിൽനിന്നും വ്യവസായ സ്ഥാപനങ്ങളിൽനിന്നും നികുതി ഈടാക്കുന്നുണ്ട്. ഇത് മറ്റൊരു പ്രധാനവരുമാന മാർഗമാണ്. ഖനന കമ്പനികൾ, മാധ്യമ സ്ഥാപനങ്ങൾ, ടെലികമ്യൂണിക്കേഷൻ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര ധനസഹായത്തോടെയുള്ള വികസന പദ്ധതികൾ എന്നിയൊക്കെ താലിബാന് നികുതി കൊടുക്കുന്നുണ്ട്.

സാമ്പത്തികമായി പര്യാപ്തത നേടിക്കൊണ്ട് സ്വതന്ത്രമായ രാഷ്ട്രീയ-സായുധ സേനയായി വളരുകയാണ് ലക്ഷ്യമെന്ന് താലിബാൻ നേരത്തെ വ്യക്തമാക്കിയതായാണ് നാറ്റോ ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. സാമ്പത്തിക കണക്കുകൾ പരിശോധിച്ചാൽ ദിനംപ്രതിയെന്നോണം വളരുകയാണ് താലിബാൻ. അഫ്ഗാനിസ്ഥാനിൽ സമ്പൂർണ ആധിപത്യം കൂടി ലഭിക്കുന്നതോടെ ഇത് എത്രയോ ഇരട്ടിയാവുമെന്ന് തീർച്ച. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP