Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴുത്തിൽ കുരിശുമാല അണിയുന്ന വിശ്വാസി, മനസ്സു ശാന്തമാക്കാൻ കൂട്ടുപിടിക്കുന്നത് ശ്രീബുദ്ധനെ; മാവേലിക്കരക്കാരൻ റാഗി തോമസ് 2009ൽ തുടങ്ങിയ സ്പ്രിങ്ക്ളർ ഇന്ന് 15,000 കോടി രൂപ ആസ്തിയുള്ള ടെക്ക് ഭീമൻ; മൈക്രോസോഫ്ടും സാംസങ്ങും, മക്‌ഡൊണാൾഡ്‌സും സാക്ഷാൽ ഫേസ്‌ബുക്ക് പോലും ഡാറ്റാ മാനേജ് ചെയ്യാൻ ഉപയോഗിക്കുന്നത് മലയാളി സ്ഥാപിച്ച ഈ കമ്പനിയെ; ലോകാരോഗ്യ സംഘടനയ്ക്കും സേവനം നൽകുന്നു; കേരളത്തിൽ വിവാദത്തിലായ സ്പ്രിങ്ക്ളർ കമ്പനി ലോകത്ത് മലയാളി മിടുക്കിന്റെ അഡ്രസാകുന്ന കഥ ഇങ്ങനെ

കഴുത്തിൽ കുരിശുമാല അണിയുന്ന വിശ്വാസി, മനസ്സു ശാന്തമാക്കാൻ കൂട്ടുപിടിക്കുന്നത് ശ്രീബുദ്ധനെ; മാവേലിക്കരക്കാരൻ റാഗി തോമസ് 2009ൽ തുടങ്ങിയ സ്പ്രിങ്ക്ളർ ഇന്ന് 15,000 കോടി രൂപ ആസ്തിയുള്ള ടെക്ക് ഭീമൻ; മൈക്രോസോഫ്ടും സാംസങ്ങും, മക്‌ഡൊണാൾഡ്‌സും സാക്ഷാൽ ഫേസ്‌ബുക്ക് പോലും ഡാറ്റാ മാനേജ് ചെയ്യാൻ ഉപയോഗിക്കുന്നത് മലയാളി സ്ഥാപിച്ച ഈ കമ്പനിയെ; ലോകാരോഗ്യ സംഘടനയ്ക്കും സേവനം നൽകുന്നു; കേരളത്തിൽ വിവാദത്തിലായ സ്പ്രിങ്ക്ളർ കമ്പനി ലോകത്ത് മലയാളി മിടുക്കിന്റെ അഡ്രസാകുന്ന കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലും കേരള മാധ്യമങ്ങളിലുമെല്ലാം തകൃതിയായി ഇപ്പോൾ ചർച്ച നടക്കുന്നത് സ്പ്രിങ്ക്ളർ എന്ന കമ്പനിയെ കുറിച്ചും ഈ കമ്പനിയെ കോവിഡ് ഡാറ്റാ മാനേജ് ചെയ്യാൻ സംസ്ഥാന സർക്കാർ ചുമതല ഏൽപ്പിച്ചതിനെ കുറിച്ചുമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം തുടർന്ന് മറ്റ് രാഷ്ട്രീയ നേതാക്കളും ഏറ്റുപിടിക്കുകയായിരുന്നു. വിവാദം കൊണ്ടു ഫലത്തിൽ കേരള രാഷ്ട്രീയത്തിൽ വാഗ്വാദങ്ങൾ നടക്കുന്നുണ്ടെങ്കിലും വിവാദം കൂടുതൽ അഡ്രസ് ഉണ്ടാക്കി കൊടുത്തത് സ്പ്രിങ്ക്ളർ കമ്പനിക്ക് തന്നെയാകും. അധികം മലയാളികൾ അറിയാത്ത ആഗോള കമ്പനിയെ നയിക്കുന്നത് ആരെന്നതിന്റെ ഉത്തരവും ഐടി രംഗത്ത് അഡ്രസുണ്ടാക്കാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഏറെ പ്രചോദനം പകരുകയും ചെയ്യുന്ന വിജയകഥയുമാണ് ഇതിലൂടെ പുറത്തുവരുന്നത്.

മാവേലിക്കരക്കാരൻ റാഗി തോമസ് എന്ന യുവാവ് പത്ത് വർഷങ്ങൾക്ക് മുമ്പ് സ്വന്തം വീട്ടിലെ മുറിയിൽ തുടങ്ങിയ കമ്പനിയാണ് ഇന്ന് ലോകത്തെ ടെക് ഭീമന്മാരുടെ ഡാറ്റകൾ അടക്കം കൈകാര്യം ചെയ്തു കൊണ്ട് വളർന്നു വലുതായി നിൽക്കുന്നത്. റാഗി തോമസ് എന്ന മലയാളി അമേരിക്കയിൽ സ്ഥാപിച്ച സോഷ്യൽ മീഡിയ, കസ്റ്റമർ എക്സ്പീരിയൻസ് വിശലകനം ചെയ്ത് തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ സേവനം നൽകുന്ന കമ്പനിയാണ് സ്പ്രിങ്ക്ളർ. 160 രാജ്യങ്ങളിലെ ഡാറ്റകൾ കൈകാര്യം ചെയ്യുന്ന കമ്പനി തുടങ്ങിയത് ഒരു മലയാളിയാണ് എന്നതു തന്നെയാണ് ഏറ്റവും വലിയ വാർത്തയും.

ആരെയും ത്രസിപ്പിക്കുന്ന വിധത്തിലാണ് റാഗി തോമസ് എന്ന മലയാളിയുടെ വളർച്ച. ഡാറ്റാ മാനേജ്‌മെന്റ് ലോകത്ത് ഇന്ന് മലയാൡമികവിന്റെ അഡ്രസാണ് ഈ കമ്പനി. സ്വപ്‌നം കാണാൻ ഇഷ്ടപ്പെട്ട് അത് എത്തിപ്പിടിക്കാൻ പരിശ്രമിക്കുന്ന വ്യക്തിയാണ് റാഗി തോമസ്. അദ്ദേഹത്തിന്റെ നിതാന്ത പരിശ്രമമാണ് ഈ കമ്പനിയുടെ വളർച്ചയും ഇപ്പോൾ പ്രൈവറ്റ് സ്ഥാനമായി നിലകൊള്ളുന്ന സ്പ്രിങ്ക്ളർ അടുത്തു തന്നെ ഐപിഒ പുറത്തിറക്കുമെന്ന സൂചനകുളും പുറത്തു വരുന്നുണ്ട്. 2016ലെ ഫോബ്‌സ് കണക്കുകൾ പ്രകാരം 1.8 ബില്യൺ ഡോളറിന്റെ( 13,500 കോടി രൂപ) ആസ്തിയാണ് സ്പ്രിങ്ക്ളറിനുള്ളത്. ഇപ്പോൾ ഇത് ഇരുപതിനായിരം കോടിയിൽ എത്തിയിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

കോവിഡ് 19 രേഖകൾ സ്പ്രിങ്ക്ളറിന് നൽകുന്നതിൽ ക്രമക്കേടുണ്ടെന്നും കമ്പനി ഒരു പിആർ ഏജൻസിയാണെന്നും ആയിരുന്നു ഈ വിവാദ തുടക്കമിട്ട ചെന്നിത്തല ഉയർത്തിയ വാദം. എന്നാൽ സ്പ്രിങ്ക്ളർ ഒരു പി ആർ കമ്പനിയല്ലെന്നതാണ് വസ്തുത. സർക്കാരിന്റെ ഐടി വകുപ്പിന്റെ ഒരു സോഫ്റ്റ്‌വെയർ സേവനദാതാവ് കൂടിയാണ് ഈ കമ്പനിയെന്ന് വിശദീകരിച്ച മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയത്ു. ലോകാരോഗ്യ സംഘടനയ്ക്കും ഇതേ സേവനം ലഭ്യമാക്കുന്ന കമ്പനി എന്ന നിലയിലാണ് കേരളം സ്പ്രിങ്ക്ളറിനെ ഡാറ്റാ ശേഖരണം ദൗത്യം ഏൽപ്പിച്ചത്.

മൈക്രോസോഫ്ടും സാംസങ്ങും സഹായം തേടുന്ന കമ്പനി

ഇല്ല് ലോകത്തെ വമ്പന്മാർക്ക് അടക്കം ഡാറ്റാ മാനേജ്‌മെന്റ് ചെയ്യുന്നത് സ്പ്രിങ്ക്ളർ കമ്പനിയാണ്. കമ്പനികൾക്ക് തങ്ങളുടെ ഉപഭോക്താക്കൾ ഇന്റർനെറ്റിൽ നടത്തുന്ന പൊതുസംഭാഷണങ്ങളെ ശേഖരിച്ച് വിശകലനം ചെയ്ത് അതിനനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ സ്പ്രിങ്ക്ളർ നൽകുന്നുണ്ട്. ഈ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പരസ്യം, ഗവേഷണം, കരുതൽ, ഇടപെടൽ എന്നിവ കമ്പനികൾക്ക് ചെയ്യാൻ കഴിയുമെന്ന് സ്പ്രിങ്ക്ളർ അവകാശപ്പെടുന്നു. സോഷ്യൽ മീഡിയ മാനേജ്‌മെന്റ് സോഫ്റ്റ് വെയർ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി ഇപ്പോൾ മറ്റു മേഖലകളിലേക്കും ചുവടു വെച്ചിട്ടുണ്ട്.

ന്യൂയോർക്കിൽ 2009-ൽ റാഗി തോമസാണ് ഈ കമ്പനി സ്ഥാപിക്കുന്നത്. ഇപ്പോൾ, 16 രാജ്യങ്ങളിലായി 25 ഓഫീസുകളുള്ള കമ്പനിയിൽ 1,900 ജീവനക്കാരുണ്ട്. സോഷ്യൽ മീഡിയ മാനേജ്മെന്റ്, സോഷ്യൽ കണ്ടന്റ് മാനേജ്മെന്റ്, സോഷ്യൽ കസ്റ്റമർ, റിലേഷൻഷിപ്പ് മാനേജ്മെന്റ്, സോഷ്യൽ ക്യാപെയ്ൻ മാനേജ്മെന്റ്, സോഷ്യൽ മീഡിയ വിശകലനം, സോഷ്യൽ ഓഡിയൻസ് മാനേജ്മെന്റ്, സോഷ്യൽ റിപ്പോർട്ടിങ്, സോഷ്യൽ കോർപറേറ്റ് ഗവണൻസ്, സോഷ്യൽ റിലേഷൻഷിപ്പ് ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് തങ്ങളുടെ പ്രത്യേകതകളെന്ന് കമ്പനി പറയുന്നു.

സിസ്‌കോ, ഡെൽ, വെർജിൻ അമേരിക്ക തുടങ്ങിയ പ്രമുഖ കമ്പനികൾ സ്പ്രിങ്ക്ളറുടെ ആദ്യകാല ഉപഭോക്താക്കളായിരുന്നു. പിന്നീട് നൈക്കിയും മക്ഡൊണാൾഡും ഈ നിരയിലെത്തി. ഫേസ്‌ബുക്കുമായി പോലും ചില ഡാറ്റാമാനേജ്‌മെന്റ് ഇടപാടുകൾ ഈ കമ്പനി നടത്തിയിട്ടുണ്ട്. ഇന്റൽ കംപ്യൂട്ടറിനും കുട്ടികളുടെ ഡയപ്പർ കമ്പനിയായ പാംപേഴ്‌സിനും മാധ്യമ ഭീമൻ സിഎൻഎന്നിനും വേണ്ടിയും ഡാറ്റകൾ കൈകാര്യം ചെയ്തിട്ടുണ്ട് ഈ കമ്പനി. നിരവധി രാജ്യങ്ങളുടെ കമ്പനികളുമായി ചേർന്നും പ്രവർത്തിക്കുക്കുന്നു.

കുരിശുമാല അണിയുന്ന വിശ്വാസി, മനസ്സു ശാന്തമാക്കാൻ കൂട്ടുപിടിക്കുന്നത് ശ്രീബുദ്ധനെ

കഴുത്തിൽ കുരിശു മാല അണിയുകയും മേശപ്പുറത്ത് ശ്രീബുദ്ധന്റെ പ്രതിമയും ഉള്ള ബിസിനസുകാരനാണ് സ്പ്രിങ്ക്ളറുടെ സ്ഥാപകനും സിഇഒയുമായ റാഗി തോമസ്. ശ്രീബുദ്ധന്റെ ശാന്തത ഇഷ്ടപ്പെടുന്നതായി അദ്ദേഹം സിഎൻഎന്നിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. റാഗി തോമസ് ലിങ്ക്ഡിനിൽ സ്വയം വിശേഷിപ്പിക്കുന്നത് സ്വപ്നം കാണുന്നവൻ, വിശ്വാസി, ശുഭാപ്തി വിശ്വാസക്കാരൻ, സൗന്ദര്യമുള്ള വസ്തുക്കളെ പ്രണയിക്കുന്നവൻ എന്നാണ്. മാവേലിക്കരയിലാണ് റാഗിയുടെ കുടുംബവീട്. ഇവിടെ അദ്ധ്യാപകരായ മാതാപിതാക്കളിൽ നിന്നും സ്വായക്തമായ മൂല്യങ്ങൾ തന്നെയാണ് റാഗിയെ മുന്നോട്ടു നയിച്ചിട്ടുള്ളത്.

പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നും കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദമെടുത്ത അദ്ദേഹം ന്യൂയോർക്ക് സർവകലാശാലയിൽ നിന്നും എംബിഎ ബിരുദവും നേടി. അതിന് ശേഷം ടിസിഎസിന്റെ ആദ്യ രൂപമായ ടാറ്റ ഇൻഫോടെക്കിൽ ജോലിക്കു കയറി. ഇതിന് ശേഷം 1996 ലാണ് റാഗി അമേരിക്കയിലേക്ക് ചേക്കേറിയത്. ആഗോള ടെലികമ്യൂണിക്കേഷൻ ഭീമനായ എടി ആൻഡ് ടിയിലെ ജീവനക്കാരനായും ജോലി നോക്കി. പടിപടിയായി പല കമ്പനികളിൽ പ്രവർത്തിക്കുകയും അങ്ങനെ 2009 ൽ തന്റെസ്വന്തം സംരംഭമായ സ്പ്രിങ്ക്‌ലർ ആരംഭിക്കുകയും ചെയ്തു. സ്വന്തം സംരംഭം തുടങ്ങുംമുമ്പ് അദ്ദേഹം ബിഗ് ഫൂട്ട് ഇന്ററാക്ടീവ് എന്ന ഇമെയിൽ മാർക്കറ്റിങ് കമ്പനിയിൽ സിടിഒ ആയി പ്രവർത്തിച്ചിരുന്നു.

ബിഗ് ഫൂട്ടിനെ 2005-ൽ എപ്സിലോൺ ഇന്ററാക്ടീവ് സർവീസസ് ഏറ്റെടുത്തു. 2006 മുതൽ 2008 വരെ എപ്സിലോണിന്റെ പ്രസിഡന്റായിരുന്നുവെന്നും ക്രഞ്ച്ബേസ് റിപ്പോർട്ട് ചെയ്യുന്നു. സ്റ്റേറ്റ് ബാങ്കിലും എസ്‌ബിഐ ലിഫ്എയിലും നിക്ഷേപമുള്ള സിംഗപ്പൂർ ഗവണ്മെന്റിന്റെ നിക്ഷേപ സ്ഥാപനമായ ടെമാസക് ആണ് ഏറ്റവും പുതുതായി സ്പ്രിങ്ക്‌ലരിൽ നിക്ഷേപം നടത്തിയിട്ടിരിക്കുന്നത്. മമ്മൂട്ടിയും ദുൽഖർ സൽമാനും ഓഹരിയുടമകളായ റിയ ഹോസ്പിറ്റലിലും ഇന്ത്യയിലെ ഏറ്റവും വലിയ കാർഡിയാക് ആശുപത്രിയായ മേദാന്ത മെഡിസിറ്റിയിലും നിക്ഷേപമുള്ള സ്ഥാപനമാണ് ടെമാസക്.

സ്ഥാപനം തുടങ്ങി നാല് വർഷത്തിനുള്ളിൽ വമ്പന്മാരുടെ ബിസിനസ് സ്പ്രിങ്ക്‌ലറിനെ തേടിയെത്തി. സാംസങ്, മൈക്രോസോഫ്ട്, നൈക്ക് അടക്കം നിരവധി സ്ഥാപനങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ ഡാറ്റ മാനേജ് ചെയ്യാനായി സ്പ്രിങ്ക്‌ലറിനെ നിയമിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ അവരുടെ ഡാറ്റ കരാർ നൽകുകയും ചെയ്തു. ഒരു ഇന്ത്യക്കാരൻ തുടങ്ങിയ കമ്പനിയെ വിശ്വസിക്കുകയും ആ കമ്പനിയിൽ പണം ഇറക്കുകയും ചെയ്തു. 2016ലായിുന്നു സിംഗപ്പൂർ ഗവണ്മെന്റിന്റെ നിക്ഷേപ കമ്പനിയായ ടെമാസക് കമ്പനിയിൽ നിക്ഷേപം ഇറക്കുന്നത്. തുടക്കത്തിൽ റാഗി തോമസ് മാത്രമായിരുന്ന ഓഹരി ഉടമ എങ്കിൽ ഇപ്പോൾ ടെമാസക് അടക്കം പതിനഞ്ചോളം നിക്ഷേപകർ ഉണ്ട് സ്പ്രിങ്ക്‌ലറിൽ.

ലോകാരോഗ്യ സംഘടനയുടെ സാങ്കേതികവിദ്യാ പങ്കാളി

കോവിഡ് രോഗം സംബന്ധിച്ച വിവരശേഖരണത്തിനും വിതരണത്തിനും ലോകാരോഗ്യസംഘടന ( ഡബ്ല്യുഎച്ച്ഒ) ആശ്രയിക്കുന്നത് മലയാളി സംരംഭകന്റെ ഉടമസ്ഥതയിലുള്ള സ്പ്രിങ്ക്ളർ കമ്പനിയെ തന്നെയാണ്. വിശ്വസനീയമായ ഡാറ്റ കൃത്യമായും വേഗത്തിലും ലഭിക്കാനുള്ള സംവിധാനം സ്പ്രിങ്ക്ളറുമായി ചേർന്ന് അപ്ഡേറ്റ് ചെയ്തെന്ന് ഡബ്ല്യുഎച്ച്ഒയുടെ വെബ്സൈറ്റിലുണ്ട്. ഏപ്രിൽ 14ന് പ്രസിദ്ധീകരിച്ച ന്യൂസ് ലെറ്ററിൽ സ്പ്രിങ്ക്ളറിനെ 'പ്രോ ബോണോ' (പ്രതിഫലം വാങ്ങാതെ സന്നദ്ധപ്രവർത്തനം നടത്തുന്ന) കമ്പനിയെന്നാണ് വിശേഷിപ്പിച്ചത്.

ടെക്നോളജി ഫോർ കോവിഡ്-19ന്റെ മുൻകൈയിൽ സ്പ്രിങ്ക്ളറിന്റെ സഹായത്തോടെ നടത്തിയ പരിഷ്‌കാരത്തിന്റെ പ്രധാനപ്പെട്ട പ്രത്യേകത അതിന്റെ മൊബൈൽ സൗഹൃദ സംവിധാനമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരമൊരു പ്ലാറ്റ്ഫോം വികസിപ്പിച്ച ഡബ്ല്യുഎച്ച്ഒ ടീമിനെയും സാങ്കേതികവിദ്യാ പങ്കാളി സ്പ്രിങ്ക്‌ളറിനെയും ഡബ്ല്യുഎച്ച്ഒ ഡിജിറ്റൽ ഹെൽത്ത് ആൻഡ് ഇന്നവേഷൻ ഡയറക്ടർ ബെർണാർഡോ മരിയാനോ ജൂനിയർ അഭിനന്ദിച്ചിരുന്നു. കോവിഡിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുടെ പ്രചാരണം ചെറുക്കാൻ സ്പ്രിങ്ക്ളറുമായി സഹകരിച്ച് ഫേസ്‌ബുക്ക് മെസഞ്ചറിൽ ചാറ്റ് ബോക്‌സും ആരംഭിച്ചു. ഡബ്ല്യുഎച്ച്ഒയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ 'സെൻഡ് മെസേജി'ൽ പോയാലും ' ഡെഡിക്കേറ്റഡ് മെസഞ്ചർ ലിങ്ക്'വഴിയും വിവരങ്ങൾ കിട്ടും.

കേരളത്തിലേക്ക് എത്തിയത് മൂന്ന് വർഷം മുമ്പ്

സ്പ്രിങ്ക്ളർ കമ്പനി കേരളത്തിലേക്ക് എത്തിയിട്ട് മൂന്ന് വർഷമായി. സ്മാർട്ട് സിറ്റി പദ്ധതിയിലേക്ക് കമ്പനികളെ ആകർഷിക്കാൻ വേണ്ടി മുഖ്യമന്ത്രി പിണറായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായി വിവിധ കമ്പനികളുടെ സിഇഒമാരുമായി ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചകൾക്ക് ശേഷം ചില കമ്പനികൾ കേരളത്തിൽ അവർടു സാങ്കേതിക പ്രവർത്തനങ്ങൾ ആരംഭിക്കാൻ തയ്യാറായി. സ്പ്രിങ്ക്ളർ കമ്പനിയും കേരളത്തിൽ നിക്ഷേപം ഇറക്കുമെന്ന് കരുതിയിരുന്നു. ഇതിനിടെ സർക്കാറിന് ചില സോഫ്റ്റുവെയറുകൾ നൽകി കൊണ്ടും കമ്പനി കേരളത്തിൽ നില കൊണ്ടു.

കോവിഡ് പ്രതിരോധത്തിന് വേണ്ടി സൗജന്യ സേവനം നൽകിയെന്ന വിവാദത്തോടെയാണ് കമ്പനിയെ കേരളം ശ്രദ്ധിക്കുന്നതും. കോവിഡ് പ്രതിരോധത്തിന് സ്പ്രിങ്ക്ളർ കമ്പനിയുടെ സേവനം സൗജന്യമാണെന്നും ജനങ്ങളുടെ വിവരങ്ങൾ ചോർത്താൻ പഴുതില്ലെന്ന് ഉറപ്പുവരുത്തിയിരുന്നതായും ഐടി സെക്രട്ടറി എം ശിവശങ്കർ ഇപ്പോൽ വ്യക്തമാക്കുന്നുണ്ട്. വികസിത രാജ്യങ്ങളിൽ പോലും മരണനിരക്ക് വർധിച്ചതോടെ ഏത് സാഹചര്യവും നേരിടാനുള്ള കർമ്മ പദ്ധതിയും അതിന് യോജിച്ച ഐടി സംവിധാനവും തെരഞ്ഞെടുക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.

ശ്രേണീകൃതമായ വിവര ശേഖരണത്തിന് വെബ് ഫോമുകൾ, അനലിറ്റിക് ടൂളുകൾ എന്നിവ തയ്യാറാക്കണമായിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിക്കുംമുൻപ് വിമാനം, ട്രെയിൻ, മറ്റു വാഹനങ്ങൾ എന്നിവയിൽ വന്നവരുടെ വിവരങ്ങൾ ക്രോഡീകരിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നൽകുക പ്രധാനമാണ്. ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത സംസ്ഥാനമായി കേരളം മാറി. ഏതു സാഹചര്യവും നേരിടാനുള്ള ഐടി സംവിധാനം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരുക്കാൻ ഐടി മിഷൻ, സി-ഡിറ്റ്, എൻഐസി തുടങ്ങി സ്ഥാപനങ്ങൾക്ക് സാധിക്കില്ല.

അന്താരാഷ്ട്ര യാത്ര നടത്തിയവർ, അന്തർ സംസ്ഥാന യാത്ര നടത്തിയവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവരും പ്രായമായവരും, ആരോഗ്യപ്രവർത്തകർ എന്നീ നാല് തരത്തിലാണ് വിവരം ശേഖരിച്ചത്. സർക്കാരിന്റെ കൈവശമുള്ള മറ്റു ഡാറ്റകളുമായി ഇത് താരതമ്യം ചെയ്യുകയും അതിന്റെ ഫലം ലഭ്യമാക്കി അവരുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നതും പ്രധാനമാണ്. സമ്പർക്കവിലക്കിലുള്ളവർക്ക് ലക്ഷണങ്ങൾ ഉണ്ടോ, സമ്പർക്കത്തിൽ വയോജനങ്ങളുണ്ടോ, അവർക്കെല്ലാം ഭക്ഷണം, മരുന്ന് എന്നിവ ലഭിക്കുന്നുണ്ടോ എന്നതും ഉറപ്പിക്കണം. വിവരം ശേഖരിക്കുക, ക്രോഡീകരിക്കുക, അർഹർക്ക് ആവശ്യ സേവനം നൽകുക, ചികിത്സ ലഭ്യമാക്കുക തുടങ്ങിയവയ്ക്ക് ഡാറ്റ ഉപയുക്തമാക്കണം. കുറഞ്ഞ സമയത്തിനുള്ളിൽ ഇങ്ങനെ വിവിധ കാര്യങ്ങൾക്കുള്ള പരിഹാരം എന്ന രീതിയിലാണ് സ്പ്രിങ്ക്‌ളർ കമ്പനി പരിഗണനയിലെത്തിയത്.

സദുദ്ദേശത്തോടെയും നിയമങ്ങൾ പാലിച്ചും സർക്കാരിന് ഒരു രൂപ പോലും ചെലവു വരാത്ത തരത്തിലാണ് ഐടി വകുപ്പ് ഈ സംവിധാനം ജനങ്ങൾക്ക് ലഭ്യമാക്കാൻ ശ്രമിച്ചത്. നേരത്തെ സ്വകാര്യത ഉറപ്പാക്കിയിരുന്നെങ്കിലും പ്രതിപക്ഷം ആശങ്ക അറിയിച്ചപ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ള സെർവറുകളിലേക്ക് ഡാറ്റ മാറ്റി. ആർക്കും സംശയമുണ്ടാകാൻ പാടില്ല എന്നതിനാലാണ് ഡാറ്റ മാറ്റിയത്. ഇതിന്റെ രേഖകൾ പരസ്യപ്പെടുത്തി. ലോകാരോഗ്യ സംഘടനവരെ സേവനം സ്വീകരിക്കുന്ന കമ്പനിയെ തികഞ്ഞ ഉത്തരവാദിത്തബോധത്തോടെയാണ് തെരഞ്ഞെടുത്തത്. ശേഖരിച്ച വിവരം ദുരുപയോഗപ്പെടുത്തുമോയെന്ന ചോദ്യം അറിവില്ലായ്മയിൽ നിന്നാണ്. അല്ലെങ്കിൽ മന:പ്പൂർവം തെറ്റിദ്ധാരണ പരത്താനുള്ള ലക്ഷ്യത്തോടെയാകാമെന്നും എം ശിവശങ്കർ പറയുന്നു.

സിനിമാ പ്രേമി, എന്നു നിന്റെ മൊയ്തീന്റെ നിർമ്മാതാവ്

മലയാളത്തെ ഇഷ്ടപ്പെടുന്ന റാഗി തോമസ് സൗന്ദര്യമുള്ള വസ്തുക്കളെ പ്രണയിക്കുന്ന വ്യക്തിയാണ്. സിനിമകളെയും അദ്ദേഹത്തിന് ഇഷ്ടമാണ്. റാഗി മലയാളത്തിൽ പ്രണയ ചിത്രവും നിർമ്മിച്ചിട്ടുണ്ട്. 'എന്ന് നിന്റെ മൊയ്തീൻ' എന്ന സിനിമയിലാണ് റാഗി പണമിറക്കിയത്. കേരളത്തിൽ സ്പ്രിങ്ക്ളർ വിഷയം ചർച്ച ആയപ്പോൾ സംവിധാകൻ ആർഎസ് വിമൽ റാഗിയെ കുറിച്ച് എഴുതി രംഗത്തുവന്നിരുന്നു. വിമലിന്റെ കുറിപ്പ് ഇങ്ങനെയാണ്:

പ്രിയ സ്നേഹിതരേ,

കോവിഡ് 19മായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് നടത്തിയ പത്രസമ്മേളവുമായി ബന്ധപ്പെട്ട ഒരു വിവരത്തിന്റെ പേരിലാണ് എനിക്കീ കുറിപ്പ് ഇടേണ്ടി വരുന്നത്. സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട ഡേറ്റകൾ അമേരിക്കൻ കമ്പനിയായ Sprinklrന് ചോർത്തി കൊടുത്ത് കച്ചവടം നടത്തുന്നൂ എന്നാണ് ആ വാർത്ത. പ്രതിപക്ഷനേതാവിന്റെ വാക്കുകളിൽ നിന്നും അദ്ദേഹത്തെയാരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന്റെ അറിവിലേക്ക്, ലോകമെമ്പാടും പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്ന Sprinklr എന്ന അമേരിക്കൻ സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒ.യും മലയാളിയായ റാഗി തോമസ് ആണ്. ശ്രീ.റാഗി തോമസ് എനിക്ക് സുഹൃത്ത് മാത്രമല്ല, സഹോദരതുല്ല്യൻ കൂടിയാണ്. കൈവിട്ടുപോകുമെന്ന് കരുതിയൊരു ജീവിതം എനിക്ക് തിരിച്ചു തന്ന ആളാണ് റാഗി. 'എന്ന് നിന്റെ മൊയ്തീൻ' എന്ന സിനിമ പുറത്ത് വരാതിരിക്കാൻ നിർമ്മാതാക്കളിൽ ഒരാൾ തന്നെ തീവ്രശ്രമം നടത്തിയപ്പോൾ രാജി തോമസാണ് എനിക്ക് കൈത്താങ്ങായത്. സത്യത്തിൽ രാജിതോമസ് ഇല്ലായിരുന്നെങ്കിൽ 'എന്ന് നിന്റെ മൊയ്തീൻ' എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നൂ. കഠിനാദ്ധ്വാനം കൊണ്ട് അമ്പരപ്പിക്കുന്ന ബിസിനസ് സാമ്രാജ്യം രൂപപ്പെടുത്തിയ ആളാണ്  റാഗി തോമസ്. ജീവിതത്തോടുള്ള എന്റെ സമീപനം കണ്ടിട്ടാണ് അദ്ദേഹം എന്നേയും ഒപ്പം കൂട്ടിയത്. ഇപ്പോൾ പ്രതിപക്ഷനേതാവ് ആരോപിച്ചിരിക്കുന്ന വിവാദവിഷയവുമായി ബന്ധപ്പെട്ട്, രാജി തോമസുമായി സംസാരിച്ചതിൽ നിന്നും ഞാൻ മനസിലാക്കുന്നത് കേരളത്തെ സഹായിക്കാനായി Sprinklr നടത്തിയൊരു ശ്രമമായിട്ടാണ്. കൊറോണയെന്ന മഹാവിപത്തിന് മുന്നിൽ നൂറ് ശതമാനം ചങ്കുറപ്പോടെ പ്രതിരോധിച്ച് നിന്നവരാണ് മലയാളികൾ. അതിലൊരാളാണ് Sprinklrന്റെ തലവനും മലയാളിയുമായ റാഗി തോമസ്. വിവാദങ്ങളുടെ ആഴത്തിലുള്ള വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. ഔദ്യോഗികമായി ഇക്കാര്യങ്ങൾ Sprinklr തന്നെ വ്യക്തമായി രേഖപ്പെടുത്തും.

സ്‌നേഹപൂർവ്വം,
ആർ.എസ്.വിമൽ

ഡാറ്റാ വിവാദങ്ങളിൽ മുമ്പും ചെന്നുപെട്ടു

തങ്ങളുടെ ബൗദ്ധിക സ്വത്ത് മോഷ്ടിച്ചുവെന്നാരോപിച്ച് സ്പ്രിങ്ക്ളർക്കെതിരെ അമേരിക്കയിലെ പോർട്ട്ലാൻഡിലെ ഓപൽ ലാബ്സ് എന്ന മാർക്കറ്റിങ് സാങ്കേതികവിദ്യ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി കേസ് കൊടുത്തിരുന്നു. 50 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരമാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. 2017-ലാണ് നിയമനടപടി ആരംഭിച്ചത്. ഇതേതുടർന്ന് ഇരുകമ്പനികളും തമ്മിലെ പങ്കാളിത്തം വഷളായിരുന്നു.

ഇതിന് ശേഷം ഇപ്പോഴാണ് കേരളം ശ്രദ്ധിക്കപ്പെടുന്ന വിവാദത്തിൽ സ്പ്രിങ്ക്ലർ ചാടിയത്. എന്തായാലും ഇപ്പോഴത്തെ വിവാദങ്ങൾ കമ്പനിക്ക് കൂടുതൽ കരുത്തു പകരുമെന്ന് കരുതുന്നവർ ഏറെയാണ്. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാവുന്ന സി.ആർ.എം. ടൂൾ അടക്കം നമുക്കാവശ്യമായ റിപ്പോർട്ടും അനലിറ്റിക്സുമാണ് രാഗയുടെ കമ്പനി കേരളത്തിന് നൽകുന്നത്. നൈക്കും ഇന്റലും അടക്കമുള്ളവർ പണം കൊടുത്തു വാങ്ങുന്ന സേവനമാണ് ഈ കമ്പനി സൗജന്യമായി നൽകിയതും. ഇപ്പോഴത്തെ വിവാദങ്ങളുടെ രാഷ്ട്രീയ ചിത്രം എന്തുതന്നെ ആയാലും റാഗി തോമസിന്റെ സ്ഥാപനം ആഗോള മലയാളികൾക്ക് അഭിമാനം കരുന്ന കമ്പനി തന്നയാണെന്നതിൽ ആർക്കും സംശയമില്ല. ന്യൂജേഴ്‌സിയിൽ കുടുംബസമേതമാണ് റാഗി തോമസിന്റെ താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP