Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

'സാലെ മദ്രാസി ലോഗ്' എന്ന് ആക്രോശിച്ച് ലുങ്കിയുടുത്ത് പുറത്തിറങ്ങുന്നവരെ തല്ലിയും ദക്ഷിണേന്ത്യൻ ഭക്ഷണശാലകൾ തകർത്തും വളർന്നു; സെൻസസ് വിവരം ശേഖരിക്കാനെന്ന വ്യാജേന മുസ്ലിം വീടുകൾ കണ്ടെത്തി കലാപം അഴിച്ചുവിട്ടു; ദാവൂദ് ഇബ്രാഹിം ടീമിന് ബദലായി ഹിന്ദു അധോലോകത്തിന് രൂപം കൊടുത്തു; ശിവസേനയെ ഇപ്പോൾ മതേതര കക്ഷിയാക്കുന്നവർ അത് ലക്ഷണമൊത്ത ഫാസിസ്റ്റ് സംഘടനയാണെന്ന് മറക്കരുത്; താക്കറെ തുറന്നുവിട്ട 'ശിവാജി സേന'യുടെ കഥ

'സാലെ മദ്രാസി ലോഗ്' എന്ന് ആക്രോശിച്ച് ലുങ്കിയുടുത്ത് പുറത്തിറങ്ങുന്നവരെ തല്ലിയും ദക്ഷിണേന്ത്യൻ ഭക്ഷണശാലകൾ തകർത്തും വളർന്നു; സെൻസസ് വിവരം ശേഖരിക്കാനെന്ന വ്യാജേന മുസ്ലിം വീടുകൾ കണ്ടെത്തി കലാപം അഴിച്ചുവിട്ടു; ദാവൂദ് ഇബ്രാഹിം ടീമിന് ബദലായി ഹിന്ദു അധോലോകത്തിന് രൂപം കൊടുത്തു; ശിവസേനയെ ഇപ്പോൾ മതേതര കക്ഷിയാക്കുന്നവർ അത് ലക്ഷണമൊത്ത ഫാസിസ്റ്റ് സംഘടനയാണെന്ന് മറക്കരുത്; താക്കറെ തുറന്നുവിട്ട 'ശിവാജി സേന'യുടെ കഥ

എം മാധവദാസ്

മുംബൈ: 'പരാജയപ്പെട്ട കാർട്ടൂണിസ്റ്റുകൾ എന്തുകൊണ്ടാണ് ഏകാധിപതികൾ ആവുന്നത്'- എൻ എസ് മാധവൻ തന്റെ ഒരു കഥയിൽ ഉന്നയിച്ച ഈ രാഷ്ട്രീയ ചോദ്യം ശിവസേനാ സ്ഥാപക നേതാവ് ബാൽ താക്കറയേക്കാൾ യോജിക്കുന്ന മറ്റൊരാൾ ഉണ്ടാവില്ല. ലോകത്തെ വിറപ്പിച്ച ഹിറ്റ്ലർ ഒരു പരാജയപ്പെട്ട കാർട്ടുണിസ്റ്റായിരുന്നു. 60കളിലെ വിഖ്യാതമായ ഫ്രീ പ്രസ് ജേർണലിൽ കാർട്ടൂൺ വരച്ചിരുന്ന അന്തർമുഖനായ ബാലാസാഹബ് കേശവ് താക്കറെ എന്ന ആ ചെറുപ്പക്കാരനെ കുറിച്ച് നമ്മുടെ മലയാറ്റൂർ രാമകൃഷ്ണനൊക്കെ എഴുതിയിട്ടുണ്ട്. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയിലും താക്കറേയുടെ കാർട്ടൂണുകൾ പ്രത്യക്ഷ്യപ്പെട്ടു. ആരോടും അധികം സംസാരിക്കാത്ത സൗമ്യനായ ചെറുപ്പക്കാൻ പിന്നീട് എങ്ങനെയാണ് ബോംബെ എന്ന മഹാ നഗരത്തെ വിറപ്പിക്കുന്ന നേതാവായി വളർന്നതെന്ന് അന്ന് കൂടെ ജോലിചെയ്തിരുന്ന പലരും അത്ഭുദപ്പെട്ടിരുന്നു.

ഒരു പക്ഷേ ദക്ഷിണേന്ത്യയിൽ നിന്നുള്ള മിടുക്കരായ മാധ്യമ പ്രവർത്തകർ ഒരു പാടുപേർ ബോംബെയിലേക്ക് കുടിയേറിയെത്തിയതും അതു വഴി തന്റെ ജോലിക്ക് കോട്ടം തട്ടുമെന്ന ഭീതിയും അയിരിക്കണം, താക്കറയിൽ മണ്ണിന്റെ മക്കൾ വാദം ആദ്യം മുളപൊട്ടാൻ കാരണം. (സമാനമായ ചില വ്യക്തിയനുഭവങ്ങൾ വളർന്നാണ് കമ്യൂണിസ്റ്റുകാർക്കും യഹൂദർക്കുമെതിരെയുള്ള അതിശക്തമായ വികാരം ഹിറ്റ്ലറിലും ജനിച്ചതെന്ന് ചില പഠനങ്ങളും ഉണ്ടായിട്ടുണ്ട്). പക്ഷേ താക്കറെയ്ക്ക് മറ്റുള്ളവർക്ക് മുന്നിൽ പിടിച്ചു നിൽക്കാനുള്ള പ്രതിഭയില്ലാത്തതിന്റെ ഭാഗമായി ഉയർന്നുവന്ന അപകർഷതാ ബോധമായിരുന്നെന്നും, പരാജയപ്പെട്ട ഒരു കാർട്ടൂണിസ്റ്റായി മാത്രമേ അദ്ദേഹത്തെയും വിലയിരുത്താൻ കഴിയൂവെന്നുമാണ് ആശിഷ് നന്ദിയെപ്പോലുള്ള എഴുത്തുകാർ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കാര്യം എന്തുമാവട്ടെ, മഹാരാഷ്ട്ര മറാത്തികൾക്ക് മാത്രം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ദക്ഷിണേന്ത്യക്കാരെ ഹീനമായ ആക്രമിച്ചുകൊണ്ടു തുടങ്ങിയ, ശിവസേന ഒടുവിൽ മുംബൈയുടെ എല്ലാമെല്ലാമായി. ബോംബെ എയർപോർട്ടിൽ നിന്നും വിമാനം പൊങ്ങണോ വേണ്ടയോ എന്ന് ശിവസേന തീരുമാനിക്കും എന്നാണ് ഒരിക്കൽ താക്കറെ കേന്ദ്ര സർക്കാറിനെ വിരട്ടിയത്. അതുകൊണ്ടുതന്നെ ശിവസേന, കോൺഗ്രസിന്റെയും, എൻസിപിയുടെയും പിന്തുണയോടെ വീണ്ടും അധികാരത്തിലേറുമ്പോൾ, മഹാനഗരത്തിലെ താമസക്കാരനായ ലക്ഷക്കണക്കിന് മലയാളികൾക്കും നെഞ്ചിടിപ്പേറുന്നുണ്ട്. ഇപ്പോൾ സേനയെ മതേതര കക്ഷിയാക്കി ചിത്രീകരിക്കുന്നവർ അറിയുന്നില്ല അത് ഒരു ലക്ഷണമൊത്ത ഫാസിസ്റ്റ് സംഘടനാണെന്നകാര്യം സൗകര്യ പുർവം മറക്കുന്നു.

പക്ഷേ മണ്ണിന്റെ മക്കൾ വാദമൊക്കെ അത്ര ശക്തമായി ഉന്നയിക്കാതെ ആധുനികമായ മുംബൈയെ ലക്ഷ്യമിടുന്ന ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാവുന്നതിനാൽ പഴയപോലത്തെ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന ആശ്വസിക്കാം. ഒപ്പം കൂട്ടു മന്ത്രി സഭയെന്ന ആശ്വാസവും. പക്ഷേ കനൽ ഒരു തരി മതി എന്നു പറഞ്ഞപോലെ ന്യൂനപക്ഷ വിദ്വേഷവും കുടിയേറ്റ വിരുദ്ധതയും കനലായി ശിവസേനക്ക് ഉള്ളിൽ കിടക്കുന്നുണ്ട്. ശിവസേനയുടെ ചരിത്രം അതാണ്.

ശിവന്റെ സേനയല്ല; താക്കറേ കുടുംബവും കുടിയേറ്റക്കാർ

ശിവസേനയെന്ന വാക്ക് കേൾക്കുമ്പോൾ പലരും കരുതുന്നത് ഭഗവാൻ ശിവന്റെ പേരിലാണ് ആ പാർട്ടി ഉണ്ടാക്കിയിരിക്കുന്നത് എന്നാണ്. എന്നാൽ ഛത്രപതി ശിവാജിയുടെ സേന എന്ന അർഥത്തിലാണ് ബാൽതാക്കറെയുടെ പിതാവ് ആ പാർട്ടിക്ക് ശിവസേന എന്ന് നാമകരണം ചെയ്തത്. മണ്ണിന്റെ മക്കൾ വാദം ഉയർത്തിവിട്ട ബാൽ താക്കറേയുടെ കുടുംബവും, മുംബൈയിലേക്ക് കുടിയേറിയെത്തിയതെന്നതാണ് ഏറ്റവും വിചിത്രം. താക്കറെയുടെ അച്ഛൻ പഠിച്ചതും വളർന്നതുമൊക്കെ മധ്യപ്രദേശിലാണ്. പിന്നീട് അവിടെ നിന്ന് മുംബൈയിലേക്ക് കുടിയേറുകയായിരുന്നു. ( ഹിറ്റ്ലറും ജർമ്മൻകാരനല്ലെന്ന് ഓർക്കണം.)

പരാജയപ്പെട്ട പത്രജീവനക്കാരന്റെ ജോലിക്കുശേഷം തന്റെ നാൽപ്പതാം വയസ്സിലാണ് ശിവസേനക്ക് ബാൽ താക്കറെ രൂപം നൽകുന്നത്. ്.മറാത്തി ജനതക്ക് മറ്റ് ദേശീയ ജനവിഭാഗത്തിൽനിന്ന് അവഗണന നേരിടുകയാണെന്ന വൈകാരിക മുദ്രാവാക്യമാണ് താക്കറെ ഉയർത്തിയത്. അച്ഛൻ പ്രബോദൻകർ താക്കറെ പത്രാധിപരായിരുന്ന മാസികയ്ക്ക് ബ്രാഹ്മണവിരോധമായിരുന്നു മുതൽക്കൂട്ടെങ്കിൽ മകൻ താക്കറെയുടെ മാസിക മാർമിക് മഹാരാഷ്ട്രക്കാരുടെ വൈകാരികതയെയാണ് പരമാവധി ചുഷണംചെയ്തത്. തുടക്കത്തിൽ ശങ്കേഴ്‌സ് വീക്കിലിയുടെ മാതൃകയിൽ രൂപപ്പെടുത്തിയ 'മാർമിക്', മറാത്തി ഭാഷയിലാണ് പ്രസിദ്ധീകരിച്ചത്. ഈ മാസികയാണ് ശിവസേനയുടെ ബൗദ്ധിക അടിത്തറ രൂപവത്ക്കരിച്ചത്. ഈ സമയത്തുതന്നെ താക്കറെ മറാഠികൾക്ക് ജോലി നൽകൂ എന്ന ആവശ്യവുമായി സമരം ആരംഭിച്ചു. താക്കറെയുെട പിതാവ് കേശവ്റാം പുതിയൊരു കുട്ടായ്മ രൂപീകരിച്ചുകൂടെ എന്ന് അഭിപ്രായം പറഞ്ഞു. 19 ജൂൺ 1966- ൽ ആരംഭിച്ച ഈ സംഘടനയ്ക്ക് ഛത്രപതി ശിവാജിയുടെ സേന എന്ന അർഥത്തിൽ ശിവസേന എന്ന പേരിട്ടതും കേശവ്റാമാണ്.

തീവ്ര മറാത്താ പ്രാദേശികവാദത്തോടെ മണ്ണിന്റെ മക്കൾ മുദ്രാവാക്യവുമായി മഹാരാഷ്ട്രയിൽ രൂപം കൊള്ളുകയും തുടർന്നിങ്ങോട്ട് മതാത്മക യുക്തിയോടു കൂടിയുള്ള യാഥാസ്ഥിതികവും തീവ്രവുമായ പ്രാദേശിക വാദത്തിൽ അടിയുറച്ച് സ്വന്തം രാജ്യത്തെ മറ്റു സംസ്ഥാനക്കാരെപ്പോലും തല്ലിയോടിച്ച ചരിത്രമാണ് ശിവസേന എന്ന പാർട്ടിക്കുള്ളത്. ഒരുകാലത്ത് തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന പഴയ ബോംബെയിൽ മതത്തിലും സങ്കുചിത ചിന്തയിലും അധിഷ്ടിതമായ തീവ്ര വലത് രാഷ്ട്രീയം പരക്കാൻ കാരണമായത് ശിവസേനയുടെ നേതൃത്വത്തിലുള്ള അക്രമോത്സുക രാഷ്ട്രീയമാണ്.

ഇന്ദിരാ ഗാന്ധിയുടെ രഹസ്യ പിന്തുണയുണ്ടായിരുന്ന ശിവസേന അടിയന്തരാവസ്ഥയെ പരസ്യമായി പിന്തുണച്ചവരാണ്. മുംബൈ നഗരത്തിലെ മറാത്തികൾക്കുള്ള മൂവ്മെന്റ് എന്നതായിരുന്നു ശിവസേനയുടെ ആരംഭ ലക്ഷ്യമെങ്കിലും തെക്കേ ഇന്ത്യക്കാരെ അടക്കിനിർത്തുക എന്നതായിരുന്നു അപ്രഖ്യാപിത അജണ്ട. ബിജെപിയെക്കാൾ മുമ്പേ തന്നെ വർഗീയ അജണ്ട ഇന്ത്യയിൽ നടപ്പാക്കിയത് സേനയായിരുന്നു. പിന്നീട് മുസ്ലിം വിരോധം എന്ന ഒറ്റക്കാരണത്താൽ ഇവർ ഒന്നിച്ച് നിൽക്കയായിരുന്നു.

സാലെ മദ്രാസി ലോഗ് .....

ശിവസേനയുടെ ആരംഭ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടത് തമിഴന്മാരും മലയാളികളും ധാരാളമടങ്ങുന്ന ബോംബെ നഗരത്തിൽ മറാത്തികൾക്ക് ജോലിസ്ഥിരത ഉറപ്പുവരുത്തുക എന്നതായിരുന്നു. ശിവസേനയുടെ ആദ്യത്തെ മാനിഫെസ്റ്റോയിൽ ബാൽതാക്കറേ പ്രാദേശിക ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് തെക്കേ ഇന്ത്യക്കാരാണെന്ന് എടുത്തു പറഞ്ഞ് കുറ്റപ്പെടുത്തുന്നുണ്ട്. 1969-ൽ കർണാടകയുമായുള്ള അതിർത്തി തർക്കത്തിന്റെ പേരിൽ ബാൽതാക്കറേ അറസ്റ്റ് ചെയ്യപ്പെടുകയും തുടർന്ന് ബോംബെയിൽ ശിവസേന ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ബോംബെ നഗരത്തിൽ അന്ന് നടമാടിയ അക്രമങ്ങൾ ഏതാണ്ട് മൂന്നു ദിവസങ്ങൾ നീണ്ടു. തെക്കേ ഇന്ത്യക്കാരെ തുടർച്ചയായി തിരഞ്ഞുപിടിച്ചു അക്രമിച്ചു. ലുങ്കിയുടുത്ത് പുറത്തിറങ്ങുന്നവരെ വളഞ്ഞിട്ട് തല്ലി. ദക്ഷിണേന്ത്യൻ ഭക്ഷണശാലകൾ തല്ലിത്തകർത്തു. തുടർന്ന് ഒരു വർഷത്തിന് ശേഷം, കമ്യൂണിസ്റ്റ് പാർട്ടി എംഎൽഎ ആയിരുന്ന കൃഷ്ണ ദേശായിയെ കൊലപ്പെടുത്തുകയും ധാരാളം ശിവസേന അണികൾ അറസ്റ്റിലാവുകയും ചെയ്തു.

അന്ന് തെക്കേയിന്ത്യക്കാരെ അഭിസംബോധന ചെയ്യാൻ അവരുപയോഗിച്ച പദമാണ് 'സാലെ മദ്രാസി ലോഗ്'. തുടർന്ന് ഈ പ്രയോഗം തെക്കേ ഇന്ത്യക്കാരെ ഹിന്ദി ബെൽറ്റുകാർ വിശേഷിപ്പിക്കുന്ന ഒരു സ്ഥിരം പദമായി മാറി, ഉത്തരേന്ത്യയിൽ താമസിച്ചവരിൽ ഏറിയും കുറഞ്ഞും ഈ പ്രയോഗം കേട്ടവർ ധാരാളമുണ്ടാകും -സാലെ മദ്രാസി. ഹിന്ദി ഹൃദയ ഭൂമിക്കാരിൽ നല്ല ശതമാനം പേർക്കും ഇന്നും തെക്കേ ഇന്ത്യക്കാർ ചുണ്ടിന്റെ കോണിൽ ഒളിച്ചിരിക്കുന്ന പരിഹാസമാണ് താനും. 80 കളിൽ മുംബെയിലേക്ക് കുടിയേറിയ മലയാളിക്കള നിരന്തര ഭീഷണിയായിരുന്നു ശിവസേന. 'സന്മനസുള്ളവർക്ക് സമാധാനം' എന്ന സത്യൻ അന്തിക്കാടിന്റെ സിനിമ കണ്ടിട്ടുള്ളവർ അതിൽ തിലകന്റെ കഥാപാത്രത്തെ മറക്കില്ല. 'ശിവസേനക്കാരെന്ന് കേട്ടിട്ടുണ്ടാകുമല്ലോ. ബോംബെയിലെ കൊലക്കൊമ്പൻ ശിവസേനക്കാർ ഒരാളുടെ മുന്നിൽ മാത്രമേ അവരുടെ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ട് നടക്കാറുള്ളു. ആ ആളാണ് ഈ ദാമോദർജി.'-സന്മനസ്സുള്ളവർക്ക് സമാധാനത്തിൽ ഹൗസോണർ ഗോപാലകൃഷ്ണ പണിക്കരെ വിരട്ടാൻ ബോംബെയിൽ നിന്നുവന്ന ദാദാ ദാമോദർജി തട്ടിവിടുന്ന ഡയലോഗിൽ യാഥാർത്ഥ്യത്തിന്റെ നിറമുണ്ട്.

എൺപതുകളിൽ ജീവിതം തേടി ബോംബെയ്ക്ക് തീവണ്ടി കയറിയ മലയാളികളുടെ പേടിസ്വപ്നമായിരുന്നു ശിവസേന. ദാദറിലും ബാന്ദ്രയിലുമെല്ലാം ഫുട്പാത്തിലും തെരുവോരങ്ങളിലും കരിക്ക് വിറ്റും ഉന്തുവണ്ടിയിൽ ചായയും വടയും കച്ചോടം ചെയ്തും കുടുംബം പുലർത്താൻ ശ്രമിച്ച പാവപ്പെട്ട മലയാളികളുടെ തലതല്ലിപ്പൊട്ടിച്ച നാഭി തൊഴിച്ചുകലക്കിയ സംഘമായിരുന്നു ഇവർ.

ഉടുതുണിക്ക് മറുതുണിയില്ലാത്ത ബീഹാറി റിക്ഷാവാലക്കാരുടെ നടുതല്ലിയൊടിച്ചൂ ഇവർ. ബാൽതാക്കറേ എന്ന ഫാസിസ്റ്റിന്റെ കുടിലസംഘം ഹിന്ദു വർഗ്ഗീയത ആളിക്കത്തിച്ച് കലാപങ്ങൾ സംഘടിപ്പിച്ച് ഇതിനിടയിൽ രാഷ്ട്രീയ പ്രാമുഖ്യവും നേടിയെടുത്തു. സെൻസസ് വിവരം ശേഖരിക്കാനെന്ന വ്യാജേന മുസ്ലിം വീടുകൾ നോട്ട് ചെയ്ത് കലാപം അഴിച്ചുവിട്ട് നിരപരാധികളെ കൂട്ടക്കൊല ചെയ്ത ചരിത്രവും സേനക്കുണ്ട്. മഹാരാഷ്ട്രയിലെ മുസ്ലീങ്ങൾ ബിജെപിയേക്കാൾ ഭയന്നിരുന്നത് താക്കറേയുടെ ഗുണ്ടാപ്പടയെയാണ്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ ഓരോ അക്ഷരവും വിഷവും വിദ്വേഷവും ജനിപ്പിക്കുന്നതായിരുന്നു.മുസ്ലിം വിരോധം, അതുമാത്രമാണ് ശിവസേനയേയും ബിജെപിയേയും അടുപ്പിച്ചത്.

അക്രമങ്ങളിലൂടെയും കലാപങ്ങളിലൂടെയും വളർന്നുവന്ന പാർട്ടി

ഓരോ അക്രമങ്ങളും കലാപങ്ങളും നടക്കുമ്പോൾ വോട്ട് കൂടുമെന്നത് ബിജെപിക്കുപോലും കാണിച്ചുകൊടുത്തത് സേനയാണ്. ഭയപ്പെടുത്തി നിശബ്ദരാക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. മുംബൈ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 1961-ൽ കമ്യൂണിസ്റ്റ്പാർട്ടി, സമിതി, പ്രജാസോഷ്യലിസ്റ്റ് പാർട്ടി എന്നിവരും സ്വതന്ത്രരും നേടിയ സീറ്റുകളാണ് 1968-ൽ നടന്ന തിരഞ്ഞെടുപ്പിൽ ശിവസേന തട്ടിയെടുത്തത്. മുംബൈയിലേക്ക് ഓരോ ദിവസവും മുന്നൂറ് കുടുംബങ്ങൾ കുടിയേറുന്നെന്നും വർഷത്തിൽ ഒരു ലക്ഷത്തോളം ഇതരസംസ്ഥാനക്കാൻ നഗരത്തിലെത്തുന്നെന്നും ശിവസേന ആരോപിച്ചു. ഇത്തരം കണക്കുകൾ ശിവസേന രൂപവത്കരണത്തിനുശേഷം പുറത്തുവിട്ടാണ് തെക്കെ ഇന്ത്യക്കാർക്കെതിരായ വികാരം ആളിക്കത്തിച്ചത്.1972-ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ശിവസേന ദാദർ ഉൾപ്പെടെയുള്ള മേഖലയിൽ 56 ശതമാനത്തിലധികം വോട്ടുനേടി ഉന്നതവിജയം കൊയ്തു. തെക്കെ ഇന്ത്യക്കാർക്കെതിരെ വ്യാപകകലാപങ്ങളുമുണ്ടായി. മലയാളസിനിമകൾ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് തീയിട്ടു. ഒട്ടേറെ മലയാളികൾക്കും തമിഴർക്കും അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു. ഓരോ ആക്രമവും ശിവസേനയെ വളർത്തുകയായിരുന്നു. പിന്നീട് ഹിന്ദുത്വപാർട്ടിയായി ശിവസേന മാറി. ബാബ്‌റി മസ്ജിദ് തകർക്കലിനുശേഷം മുംബൈയിൽനടന്ന വർഗീയ ലഹളകളിൽ ശിവസേനയുടെ സാന്നിധ്യവും പങ്കാളിത്തവും ശ്രീകൃഷ്ണകമ്മീഷൻ എടുത്തുകാട്ടി. അത് താക്കറെയുടെ അറസ്റ്റിൽ കലാശിച്ചു. പക്ഷേ വൈകാതെ അതിൽനിന്നും അദ്ദേഹം രക്ഷപ്പെട്ടു.

തൊഴിലാളികൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകളെ ഒതുക്കാൻ പറ്റിയ അവസരമായിക്കണ്ട അക്കാലത്തെ മുഖ്യമന്ത്രിമാരായ വസന്ത് റാവു നായിക്കും വസന്ത്ദാദ പാട്ടിലും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചതും ചരിത്രം.1969ൽ കൃഷ്ണ ദേശായി എന്ന കമ്മ്യൂണിസ്റ്റ് എംഎ‍ൽഎ.യുടെ കൊലപാതകത്തിന് പിന്നിലും ശിവസേനയാണെന്ന് ആരോപണമുയർന്നു.അധികം താമസിയാതെ തന്നെ തൊഴിലാളി യൂണിയനുകളിൽ സ്വാധീനമുറപ്പിക്കാൻ ശിവസേനക്കായി.കൃഷ്ണദേശായിയുടെ കൊലപാതകത്തിനുശേഷം പരേലിൽനടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 1979 വോട്ടിന് ശിവസേന ജയിച്ചു. പിന്നീടുനടന്ന എല്ലാ നിയമസഭാതിരഞ്ഞെടുപ്പിലും ശിവസേനയുടെ ശക്തികൂടിവന്നു. 1995-ൽ ശിവസേന-ബിജെപി. സഖ്യം മഹാരാഷ്ട്ര നിയമസഭാധികാരം പിടിച്ചെടുത്തു. ശിവസേനയിൽനിന്ന് പ്രമുഖനേതാക്കളായ ഛഗൻ ഭുജ്ബൽ, നാരായൺറാണെ എന്നിവർ വിട്ടുപോയി. അതോടെ അധികാരത്തിലേക്കുള്ളവഴി ശിവസേനയ്ക്കുമുന്നിൽ അടഞ്ഞു. താക്കറെ കുടുംബത്തിലുണ്ടായ അധികാര വടംവലിയുടെ പേരിൽ ശിവസേനവിട്ട് പുറത്തുപോയ രാജ് താക്കറെ നവനിർമ്മാൺസേന രൂപവത്കരിച്ചു. ഇന്ന് ഉദ്ധവ് താക്കറെ ആധുനിക മുംബൈ സ്വപ്നം കാണുമ്പോൾ താക്കറെയുടെ അക്രമവഴിയും മണ്ണിന്റെ മക്കൾ വാദും പിന്തുടരുന്നത് നവ നിർമ്മാൻ സേനയാണ്.

നിരവധി രാജ്യദ്രോഹ കുറ്റങ്ങളാണ് താക്കറെ ചെയ്തത്. മത സ്പർധ വളർത്തൽ, ദേശീയതയെ ചോദ്യം ചെയ്യൽ, കലാപം, ജനങ്ങളെ ഭീഷണിപ്പെടുത്തൽ, കൊള്ളിവെയ്‌പ്പ്, കൊലപാതകം തുടങ്ങി ഏതാണ്ടെല്ലാ ക്രിമിനൽ കുറ്റങ്ങളും താക്കറെയ്ക്ക് മേൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. എല്ലാം കടുത്ത ശിക്ഷ ലഭിക്കേണ്ട കുറ്റകൃത്യങ്ങൾ തന്നെയാണ്. എന്നിട്ടും, സർക്കാരോ നിയമവിദഗ്ധരോ താക്കറെയ്ക്കെതിരെ നീങ്ങുന്നില്ല. കേന്ദ്രമായാലും സംസ്ഥാന സർക്കാരായാലും താക്കറെയുടെ വിവാദ പ്രസ്താവനകൾ കണ്ടില്ലെന്ന് നടിക്കുകയാണ്.വിവാദ പ്രസ്താവന നടത്തിയതിന്റെ പേരിൽ ഒരിക്കൽ മാത്രമാണ് താക്കറെയെ അറസ്റ്റ് ചെയ്തത്. അതും ഒരു മണിക്കൂർ. പിന്നീട് ഇദ്ദേഹത്തിനെതിരെ നിരവധി പേർ കേസ് ഫയൽ ചെയ്തെങ്കിലും പുലിമടയിൽ കയറിചെല്ലാൻ നിയമം മടിച്ചു നിന്നു

താക്കറെയുടെ ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് മന്ത്രിമാർ പോലും മുട്ടുകുത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പതിനഞ്ച് വർഷം മുംബൈയിൽ സ്ഥിരതാമസമുള്ളവർക്കു മാത്രമേ ഡ്രൈവിങ് ലൈസൻസ് നൽകൂ എന്ന് കോൺഗ്രസ് മുഖ്യമന്ത്രി അശോക് ചവാൻ ഉത്തരവിട്ടത് താക്കറെയെയും പേടിച്ചായിരുന്നു. പിന്നീട് ദേശീയതലത്തിൽ പ്രതിഷേധമുയർന്നപ്പോൾ മുഖ്യമന്ത്രി ചവാൻ ഉത്തരവ് പിൻവലിക്കുകയായിരുന്നു. ലൈസൻസ് മാത്രമല്ല, തൊഴിലും, യാത്രയും എല്ലാം ഇവിടത്തുകാർക്ക് മാത്രമെന്നാണ് ഇവരുടെ വാദം.

വളർന്നത് കമ്യൂണിസ്റ്റ് പാർട്ടിയെയും സിഐടിയുവിനെയും ഒതുക്കി

അറുപതുകളിലും എഴുപതുകളിലും മുംബൈ നഗരത്തിൽ ശക്തമായിരുന്നു സിഐടിയുവും എഐടിയുസിയും. ഇവരെ ഒതുക്കാൻ വേണ്ടി ഇന്ദിരാഗാന്ധിയുടെവരെ പരോക്ഷ പിന്തുണ ശിവസേനക്ക് കിട്ടിയിരുന്നു. ഹിറ്റ്ലറെപ്പോലെ തന്നെ കമ്യൂണിസ്റ്റുകളും ശിവസേനയുടെ ആജന്മ്മ ശത്രുക്കൾ ആയിരുന്നു. 1966ൽ ശിവസേന രൂപം കൊണ്ടതുമുതൽ 1980കൾ വരെ കമ്മ്യൂണിസ്റ്റ് പാർട്ടികളും ശിവസേനയും തമ്മിൽ ബോംബെയിലടക്കം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ വലിയ സംഘർഷങ്ങളും രക്തചൊരിച്ചിലുകളും നടന്നിട്ടുണ്ട്. സിപിഎമ്മിന്റേയും സിപിഐയുടേയും നിരവധി പ്രവർത്തകർ ശിവസേനക്കാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകളെ അടിച്ചൊതുക്കിയാണ് ശിവസേനയുടേയും ബാൽതാക്കറേ എന്ന നേതാവിന്റെയും ഉദയം തന്നെ. കൃഷ്ണ ദേശായ് എന്ന സിപിഐ എംഎൽഎയുടെ കൊലപാതകമടക്കം നിരവധി സംഭവങ്ങൾ ഇത്തരം സംഘർഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ജനങ്ങൾക്കിടയിലുണ്ടായിരുന്ന ശക്തമായ സ്വാധീനം ഇല്ലാതാക്കാനും ഇടതുപക്ഷ പ്രവർത്തകരെ കായികമായി ആക്രമിക്കാനും അന്നത്തെ കോൺഗ്രസ് സർക്കാരുകളുടെയും കോർപ്പറേറ്റ് മുതലാളിമാരുടേയും പിന്തുണയോടെ ശിവസേന പ്രവർത്തിച്ചതായി അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി അശോക് ധാവ്‌ളെ തന്റെ ആത്മകഥയിൽ പറയുന്നുണ്ട്. ശിവസേനയെ ഒരു പ്രാദേശിക തീവ്രവാദ കക്ഷിയായി മാത്രമല്ല ഒരു ഹിന്ദുത്വ ഫാഷിസ്റ്റ് സംഘടനയായി തന്നെയാണ് സിപിഎം വിലയിരുത്തുന്നത്. ഇതിനിടെ അഞ്ചവർഷം മുമ്പ് നാസിക് ജില്ലാ പരിഷത്തിൽ ശിവസേനയ്ക്ക് സിപിഎം നൽകുന്ന പിന്തുണയും വൻ വിവാദമായിരുന്നു. ടിപ്പിക്കൽ അവസരവാദ കൂട്ടുകെട്ടായാണ് ഇത് വിലയിരുത്തപ്പെട്ടത്.

1966 മുസ്ലിലീഗുമായി ധാരണ ഉണ്ടാക്കിയ പർട്ടിയാണ് ശിവസേന. 1973ൽ മുസ്ലിംലീഗിന്റെ സഹായത്തോടെ സുധീർ ജോഷിയെ മുബൈയ് മേയർ ആയി തിരഞ്ഞെടുത്തു. 1979 വരെ മുസ്ലിംലീഗുമായി അടുത്ത് പ്രവർത്തനം നടത്തിയ ശിവസേന 1980ന് ശേഷം ബിജെപിയോട് അടുത്തു. 1977 ബാൽ ധാക്കരെയും, ശിവസേനയും അടിയന്താവസ്ഥയേയും, ഇലക്ഷനിൽ കോൺഗ്രസിനെയും അനുകൂലിച്ചു, പക്ഷെ ഇലക്ഷനിൽ കോൺഗ്രസ് ദയനീയമായി പരാജയപെട്ടു. 1977 മുബൈയ് മേയർ ആയി കോൺഗ്രസിന്റെ മുരളി ദോറായെ ഇലക്ഷനിൽ ശിവസേന അനുകൂലിച്ചു.

ബുദ്ധമത വിശ്വാസികളായ ദളിതരുമായി സ്ഥിരം കലാപങ്ങളിൽ ഏർപെട്ടിരുന്ന ശിവസേന 1984ൽ തങ്ങളുടെ നയത്തിന് മയം വരുത്തി. 1984ൽ ബിജെപിയുടെ കൂടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിച്ചു, പിന്നീട് 1989 വിണ്ടും ഒരുമിച്ച് മത്സരിച്ചു. ബിജെപിയുടെ കൂടെ ഉണ്ടാക്കിയ സഖ്യം ആണ് ശിവസേനയുടെ ഭാവി മാറ്റിയത്. 1966 മുതൽ 1989 വരെ മഹാരാഷ്ട്രയിൽ വലിയ ചനലങ്ങൾ സൃഷ്ടിക്കാൻ ആകാതെ കോൺഗ്രസിന്റെ തണലിൽ കമ്മ്യൂണിറ്റ് പാർട്ടിക്ക് എതിരെ തൊഴിലാളി വർഗത്തിന്റെ പ്രശങ്ങളിൽ പ്രവർത്തിരുന്ന ചെറിയ പാർട്ടി ആയിരുന്നു ശിവസേന. 1984നു ശേഷം ബിജെപിയുടെ യുടെ കൂടെ നിന്നാണ് ഇന്നു കാണുന്ന പ്രതാപം ശിവസേന നേടിയത്.

 

ദാവൂദ് ഇബ്രാഹീം ടീമീന് ബദൽ അധോലോകവും

മുംബൈ നഗരത്തെ എക്കാലവും നിയന്ത്രിച്ചിരുന്ന അധോലോക സംഘത്തിന്റെ ബലാബലത്തിനും ശിവസേന മാറ്റങ്ങൾ ഉണ്ടാക്കി. പ്രാദേശികമായ ഹഫ്ത്ത പരിക്കുന്നത്വരെ പലപ്പോഴും സേന പ്രവർത്തകർ ഏറ്റെടുത്തു. അപ്പോഴും കുടിയേറ്റക്കാർക്ക് ഇരട്ടിയും മറാത്തക്കാർക്ക് പകുതിയും മാത്രമായിരുന്നെന്ന് മുബൈയുടെ അധോലോക ചരിത്രം നന്നായി അറിയാവുന്ന എഴുത്തുകാരി ശോഭാഡേയപ്പൊലുള്ളവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹാജി മസ്താൻ -ദാവൂദ് സംഘത്തെ ഒതുക്കാനായി അരുൺ ഗാവ്ലി- ചോട്ടാ രാജൻ നേതൃത്വത്തിലുള്ള ഒരു സംഘത്തെയാണ് സേന പ്രോൽസാഹിപ്പിച്ചത്. അതായത് മുസ്ലിം അധോലോകത്തിന് പകരം ഹിന്ദു അധോലോകമെന്ന് താക്കറെ ഒരിക്കൽ തമാശയായി പറഞ്ഞിരുന്നു. പിൽക്കാലത്ത ചോട്ടാ രാജൻ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് എതിരായപ്പോൾ നിഷ്‌ക്കരുണം തള്ളിപ്പറയുകയും ചെയ്തു.

ഇതാണ് ശിവസേനയുടെ അല്ലെങ്കിൽ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഒരു പൊതുരീതി. എപ്പോൾ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് എതിരാവുന്നുവോ അപ്പോൾ അവർ തള്ളിപ്പറയും. തന്നെ എതിർക്കുന്ന ആർക്കുമെതിരെയും വിഷം ചീറ്റുക എന്നതായിരുന്നു താക്കറേയുടെ ശൈലി. മുംബൈയുടെ ഐക്കണായി അറിയപ്പെട്ടിരുന്ന സച്ചിൻ പോലും താക്കറെയുടെ നാക്കിന്റെ ചൂടറിഞ്ഞു. പാക് ക്രിക്കറ്റ് താരങ്ങളെ ഇന്ത്യയിൽ പ്രവേശിപ്പിക്കില്ലെന്ന ശിവസേനയുടെ നിലപാടിനെതിരെ സച്ചിൻ തെണ്ടുൽക്കറുടെ പ്രസ്താവന പോലും താക്കറെയെ ചൊടിപ്പിച്ചു. സച്ചിൻ ക്രിക്കറ്റ് കളിച്ചാൽ മതിയെന്നും രാഷ്ട്രീയത്തിൽ ഇടപെടേണ്ട എന്നുമാണ് താക്കറെ പറഞ്ഞത്.

താക്കറെക്കും ശിവസേനയ്ക്കും കേൾക്കാൻ പാടില്ലാത്ത മറ്റൊരു വാക്കു കൂടിയുണ്ട്, പാക്കിസ്ഥാൻ. ഇരു രാജ്യങ്ങൾക്കിടയിലെ ബന്ധം വളർത്താൻ വേണ്ടി ക്രിക്കറ്റ് കളിക്കാൻ വരുന്ന പാക് താരങ്ങളെ പോലും ശിവസേന വെറുതെ വിടാറില്ല. എന്നാൽ, ഈ താക്കറെ തന്നെ നിരവധി പാക് പൗരന്മാരെ സ്വീകരിച്ച് വിരുന്ന് നൽകിയിട്ടുമുണ്ട്. ക്രിക്കറ്റ് താരം മിയൻദാദ്, നുസ്‌റത്ത് ഫത്തേഹ് അലി ഖാൻ തുടങ്ങിയവരൊക്കെ താക്കറെയുടെ ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നും പലരും എഴുതിയിട്ടുണ്ട്. ഇന്ത്യക്കാർക്കെതിരെ ഓസ്ട്രേലിയയിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ കടുത്ത നിലപാടുമായി താക്കറെ രംഗത്ത് വന്നിരുന്നു. ഇന്ത്യക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ മഹാരാഷ്ട്രയിൽ കളിക്കാൻ അനുവദിക്കില്ല എന്ന് താക്കറെ പറഞ്ഞു.നമ്മുടെ കുട്ടികളെ ഓസ്ട്രേലിയയിൽ കുത്തിമുറിവേൽപ്പിക്കുകയും ചുട്ടുകരിക്കുകയും വെടിവയ്ക്കുകയും ചെയ്യുമ്പോഴും നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അവർക്കൊപ്പം കളിക്കുന്നതിൽ ഒരു മടിയുമില്ല, അവർക്ക് എന്തെങ്കിലും ദേശസ്നേഹമുണ്ടോ?; താക്കറെ പാർട്ടി മുഖപത്രമായ സാമ്നയിൽ എഴുതിയ പ്രകോപനപരമായ ലേഖനത്തിൽ ചോദിക്കുന്നു.

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ മഹാരാഷ്ട്രയിൽ നിരോധിച്ചുകൊണ്ടുള്ള താക്കറെയുടെ ലേഖനത്തിൽ, ഇതേ രീതിയിൽ സംസ്ഥാനത്ത് പാക്കിസ്ഥാൻ ടീമിനെതിരെ ശിവസേന പ്രവർത്തകർ കൈക്കൊണ്ട നടപടിയും ഓർമ്മിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഇന്ത്യക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സർവകലാശാല നൽകിയ അംഗീകാരം നിരസിച്ചതിനെ താക്കറെ തന്റെ ലേഖനത്തിൽ പ്രശംസിക്കുന്നു. ക്രിക്കറ്റ് താരങ്ങളും ബച്ചനെ പോലെ ആത്മാഭിമാനം പ്രദർശിപ്പിച്ചാൽ നന്നായിരിക്കുമെന്ന് പറയുന്ന താക്കറെ ക്രിക്കറ്റ് പണത്തിന്റെ കളിയാണെന്നും അതിൽ ആത്മാഭിമാനവും രാജ്യസ്നേഹവും ഇല്ലെന്നും കുറ്റപ്പെടുത്തി.

ഗസൽ സമ്രാട്ട് ഗുലാം അലിയുടെ പരിപാടി അലങ്കോലമാക്കിയത്ഴ ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് നടന്ന വാങ്കഡേ സ്റ്റേഡിയത്തിലെ പിച്ച് നശിപ്പിച്ചത്. ശിവസേന നടത്തിയ അക്രമങ്ങൾ പറഞ്ഞാൽ തീരില്ല. ഈ ശിവസേനയെയാണ് ഇപ്പോൾ കോൺഗ്രസുമായും എൻസിപിയുമായും സഖ്യം ചേർന്നതിന്റെ ഭാഗമായി ചിലർ മതേതരവത്ക്കരിക്കുന്നതെന്നതും മഹത്വവത്ക്കരിക്കുന്നതെന്നതും ഓർക്കണം.

പ്രതീക്ഷ ഉദ്ധവ് താക്കറെയിൽ മാത്രം

തന്റെ പിതാവിൽനിന്ന് വ്യത്യസ്തമായി ആധുനിക മറാത്തയെ ലക്ഷ്യമിടുന്ന ഉദ്ധവ് താക്കറയിലാണ് സമാധാനകാക്ഷികളുടെ പ്രതീക്ഷ. ശിവസേനയെ മര്യാദക്കാരുടെ പാർട്ടിയാക്കാൻ പ്രത്യക്ഷപ്പെട്ട സൗമ്യ മുഖമായിരുന്നു ഉദ്ധവിന്റെത്. അതു കൊണ്ട് തന്നെയാണ് ഉദ്ധവ് തന്നെ മുഖ്യമന്ത്രിയാകണം എന്ന് സഖ്യകക്ഷികളായ കോൺഗ്രസും എൻസിപി.യും ശഠിച്ചതും. മറ്റാരായാലും അംഗീകരിക്കാൻ പറ്റില്ലെന്ന് ഇവർ നിർബന്ധിക്കാൻ കാരണവും മറ്റൊന്നല്ല. ഇതോടെ തിരഞ്ഞെടുപ്പിനെ നേരിടാതെ തന്നെ ശിവസേനയുടെ ആ സൗമ്യ മുഖം മുഖ്യമന്ത്രി കസേരയിലേക്ക് എടുത്തുയർത്തപ്പെട്ടു.

രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കും മുമ്പ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായിരുന്നു ഉദ്ധവ് താക്കറെ. താക്കറെയുടെ മൂന്ന് ആൺമക്കളിൽ ഏറ്റവും ഇളയവനാണ് ഉദ്ധവ്. എങ്കിലും രാഷ്ട്രീയ കാര്യം വന്നപ്പോൾ 2003ൽ വർക്കിങ് പ്രസിഡന്റ ആക്കി പാർട്ടിയുടെ ചരട് അദ്ദേഹം ഏൽപ്പിച്ചത് ഉദ്ധവിനെയാണ്. ഉദ്ധവ് വന്നതോടെയാണ് നാരായണൻ റാണെയും രാജ് താക്കറെയും ശിവസേനയിൽ നിന്ന് വേറിട്ടുപോയതും. മറ്റു പാർട്ടികളിലെ നേതാക്കളുമായി നല്ലബന്ധം പുലർത്തുന്നു എന്നതുതന്നെയാണ് ഈ എന്ന നേതാവിനെ വേറിട്ടുനിർത്തുന്നതും.

ബാൽ താക്കറെയുടെ തീപ്പൊരിപ്രസംഗമൊന്നും വശമില്ലെങ്കിലും അദ്ദേഹത്തിന്റെ സൗമ്യ മുഖം അണികൾ ഇരു കൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ഉദ്ധവ് താക്കറെയാണ് ശിവസേനയുടെ മുഖ്യമന്ത്രി ഒപ്ഷനെങ്കിൽ മാത്രമേ സഖ്യം സമ്മതിക്കൂവെന്ന എൻസിപിയുടെയും കോൺഗ്രസിന്റെയും കർക്കശ നിലപാടാണ് ഇദ്ദേഹത്തെത മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ഉദ്ധവിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കം. ശിവസേനാ നേതാവും മുഖ്യമന്ത്രിയുമായിരുന്ന നാരയൺ റാണെക്കെതിരെ സാമ്‌നയിലൂടെ രൂക്ഷ വിമർശനമാണ് ഉദ്ധവ് ഉന്നയിച്ചിരുന്നത്. ഉദ്ധവ്-റാണെ തർക്കം ഒടുവിൽ റാണെയുടെ പുറത്തുപോകലിന് വഴിവെച്ചു. ശിവസേനയിൽനിന്ന് രാജിവെച്ച റാണെ പിന്നീട് കോൺഗ്രസിലെത്തി. ഇപ്പോൾ ബിജെപി പാളയത്തിലാണ് നാരായൺ റാണെ.

2002ലെ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെ ഉദ്ധവ് താക്കറെ പാർട്ടിയിൽ ശക്തിപ്രാപിച്ചു. 2003 മുതൽ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി. 2012ൽ ബാൽ താക്കറെയുടെ മരണ ശേഷം പാർട്ടിയുടെ അമരക്കാരനായി. ഇതിനിടെ 2006ൽ ബന്ധുവായ രാജ് താക്കറെ പാർട്ടിവിട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന രൂപവത്കരിച്ചു. ഇന്ന് താക്കറെയുടെ തീവ്രത പുറത്തെടുക്കുന്നത് ഈ സംഘടനയാണ്. 1966ൽ ശിവസേനയുടെ രൂപവത്കരണത്തിന് ശേഷം ആദ്യമായാണ് കോൺഗ്രസുമായി കൈകോർത്ത് സർക്കാർ രൂപീകരിക്കുന്നത് എന്നതും ചരിത്രം. ഒരു തെരഞ്ഞെടുപ്പിലും ഉദ്ധവ് താക്കറെ മത്സരിച്ചിട്ടില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം എംഎൽസിയായോ അല്ലെങ്കിൽ ഏതെങ്കിലും എംഎൽഎയെ രാജിവെപ്പിച്ച് മത്സരിക്കുകയോ ചെയ്യും. ആദിത്യ താക്കറെ എംഎൽഎ സ്ഥാനം രാജിവെച്ച് ഉദ്ധവ് താക്കറെക്ക് മാറിക്കൊടുക്കുമെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP