Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?

രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?

എം മാധവദാസ്

ന്ന് ലോകത്തിൽ ജീവിച്ചിരിക്കുന്ന ഭരണാധികാരികളിൽ ലക്ഷണമൊത്ത ഏകാധിപതി ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാവൂ. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഭരണഘടന ഭേദഗതി ചെയ്ത് മരിക്കുന്നതുവരെ റഷ്യയുടെ പ്രസിഡന്റായ പുടിനു മുന്നിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപും, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമൊന്നും ഒന്നുമല്ലെന്നാണ്, ഒരു ഇടതുപക്ഷ മാധ്യമമായ ഗാർഡിയൻപോലും പറയുന്നത്. ഇന്ന് ലോകത്തിലെ ജനാധിപത്യവാദികളുടെ ഭീതികൂടിയാണ് പുടിൻ എന്ന പേര്. കാരണം പുടിനെ എതിർക്കുന്നവർ എല്ലാം ഒന്നടങ്കം കൊല്ലപ്പെടുകയാണ്. നിങ്ങൾ ലോകത്തിന്റെ ഏത് കോണിൽപ്പോയി ഒളിച്ചാലും പുടിന്റെ അപ്രീതിക്ക് പാത്രമായാൽ മരണം ഉറപ്പാണ്. രാജ്യാന്തര മാധ്യമ പ്രവർത്തകർ മുതൽ സൈനിക മേധാവികൾവരെ അങ്ങനെ കൊല്ലപ്പെട്ടവരാണ്. മിക്കവാറുംപേരും കെട്ടിടത്തിന് മുകളിൽനിന്ന് വീണാണ് മരിക്കുക!

എതിരാളികളെ കൊന്നൊടുക്കാൻ സ്വന്തമായി ക്വട്ടേഷൻ സംഘങ്ങളുള്ള നേതാവ്, ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ, തികഞ്ഞ സ്ത്രീ ലമ്പടനും ബാല പീഡകനും. വിമർശകർ പുടിനെ വിശേഷിപ്പിക്കുന്നത് കേട്ടാൽ അറച്ചുപോകും. കോവിഡ് പടരുമ്പോളും പുടിൻ നടത്തിയ അബദ്ധങ്ങളും അസംബന്ധങ്ങളും ഒന്നും വേണ്ടത്ര വിചാരണ ചെയ്യപ്പെട്ടതുമില്ല.  റഷ്യയിൽ കോവിഡ് പടരാൻ ഇടയാക്കിയത്‌ തുടക്കത്തിൽ തന്നെ പുടിൻ എടുത്ത നയ വൈകല്യങ്ങളാണ്. പ്രശ്നങ്ങളെ തീരെ ഗൗരവത്തോടെ എടുക്കാതെ, എല്ലാർക്കും ഷേക്ക് ഹാൻഡ് കൊടുത്തും മറ്റും തെറ്റായ സന്ദേശമാണ് അദ്ദേഹം റഷ്യൻ ജനതക്ക് നൽകിയത്. എറ്റവും രസാവഹം, ജനങ്ങൾക്ക് ഹസ്തദാനം കൊടുത്ത് എനിക്ക് ഒന്നിനെയും ഭയമില്ല എന്ന തോന്നൽ ഉണ്ടാക്കിയതൊക്കെ പുടിന്റെ വെറും ഗിമ്മിക്ക് മാത്രമാണെന്നാണ്. കോവിഡ് ടെസ്റ്റ് കഴിഞ്ഞവരെ തനിക്കു ചുറ്റം നിരത്തി അവരെയാണെത്രേ പുടിൻ ഹസ്തദാനം ചെയ്തതും കെട്ടിപ്പിടിച്ചതും. പ്രസിഡന്റിന്റെ ഓഫീസിലേക്ക് കയറാൻ അണുവിമുക്തമായ ടണൽ വരെ ഉണ്ടാക്കി സ്വയം സുരക്ഷ ഉറപ്പാക്കി പുടിൻ. പക്ഷേ പ്രസിഡന്റിന്റെ ഹസ്തനാദ പ്രഹസനം അനുകരിക്കാൻ ശ്രമിച്ച സാധാരണക്കാർ കോവിഡ് എറ്റവും വാങ്ങുകയും ചെയ്തു. ഇന്ന് റഷ്യയിൽ കോവിഡ് മരണ താണ്ഡവമാടുകയാണ്.

ഈ രീതിയിൽ നോക്കുമ്പോൾ പല മേഖലകളിലും പൂർണ്ണ പരാജയമാണ് ഈ എകാധിപതി. എന്നിട്ടും. പുടിന്റെ ജനപ്രീതി സാധാരണക്കാർക്കിടയിൽ കൂടുകയാണെന്നാണ് അടുത്തകാലത്തു നടന്ന പല സർവേകളും വ്യക്താമാക്കുന്നത്. കമ്യൂണിസ്്റ്റ് കാലത്തിലെ ഇരുണ്ട യുഗത്തിനുശേഷം രാജ്യത്തിന്റെ പട്ടിണി മാറ്റി, ലോക രാഷ്ട്രങ്ങൾക്കുമുന്നിൽ റഷ്യ തല ഉയർത്തി നിൽക്കുന്നത് പുടിൻ ഉള്ളതുകൊണ്ടാണെന്നാണ് പൊതുവെ പറയുന്നത്.

റഷ്യയുടെ ഗ്രാമങ്ങളിൽ പലയിടത്തും  മുൻ കെജിബി ഉദ്യോഗഥൻ ആയിരുന്ന പുടിന്റെ ചിത്രങ്ങൾ യേശുവിന്റെ ചിത്രത്തോടൊപ്പമാണ് വെച്ചിരിക്കുന്നത്. ദൈവതുല്യനും അമാനുഷിക ശക്തിയുള്ളവനുമാണ് അയാൾ എന്ന് റഷ്യയിൽ  പ്രചാരണം വ്യാപകമാണ്. അതീന്ദ്രിയമായ കഴിവുകൾ കൂടിയുള്ള അനിഷേധ്യനേതാവ് എന്ന പേരു കിട്ടുന്നതിനായി, പുടിന്റെ പ്രൊപ്പഗൻഡ വിഭാഗം ആവർത്തിച്ച് പ്രചാരണങ്ങൾ നടത്തുന്നുമുണ്ട്. ഇല്യൂമിനാറ്റി എന്ന നിഗൂഢ സംഘത്തിൽപെട്ടയാളാണ് പുടിൻ എന്നത് നേരത്തെ തന്നെയുണ്ടായിരുന്നു കുപ്രചാരണങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഇപ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് മരിച്ചുപോയ, 'റാസ്‌ക്കൽ മോങ്ക്' എന്ന് നാം സ്‌കൂൾ ക്ലാസുകളിൽ പഠിച്ച റാസ്പുട്ടിന്റെ പുനർജജന്മാണ് വ്ളാദിമർ പുടിൻ എന്ന ഗൂഢാലോചനാ സദ്ധാന്തത്തിനാണ് റഷ്യയിൽ പരക്കെ മാർക്കറ്റുള്ളത്. ഇരുവരുടെയും പേരിലെ സാമ്യവും പ്രവർത്തികളുടെ സാമ്യവും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ചർച്ചയാക്കുകയാണ്.

അതിശയകരമായ സാമ്യങ്ങളാണ് രണ്ടുപേരിലും ഉള്ളത്. ഒരുപോലെ  സ്ത്രീലമ്പടരും
അധികാര മോഹികളുമാണ് ഇരുവരും. വിഷം കഴിച്ചാലും വെടിവച്ചാലും റാസ്പുട്ടിൻ മരിക്കില്ല എന്നാണ് പറയുന്നത. അതുപോലെ അതീന്ദ്രിയ ശക്തികൾ ഉള്ളയാളാണ് ആരാധകരുടെ മനസ്സിൽ പുടിനും. നിരവധി വധ ശ്രമങ്ങളെ അതിജീവിച്ചയാൾ. ഇനി അഥാവാ പുടിൻ കൊല്ലപ്പെടുകയാണെങ്കിൽ, റാസ്പുട്ടിന്റെ കൊലപാതകത്തിനുശേഷം
ചക്രവർത്തി ഭരണം നാമാവശേഷമായതുപോലെ അത് റഷ്യയുടെ സമ്പുർണ്ണ തകർച്ചയിൽ എത്തുമെന്നും അവർ വിശ്വസിക്കുന്നു. ഒരു ചെറിയ റഷ്യൻ വിഭാഗം വ്‌ളാഡിമിർ പുടിനെ ആരാധിക്കുകയും തനിക്ക് പുനർജന്മ കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നുവെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ യഥാർഥ സോഷ്യോ പൊളിറ്റിക്കൽ അനലിസ്റ്റുകൾ, റാസ്പുട്ടിനിൽ നിന്ന് പുടിനിൽ എത്തിയ, വറചട്ടിയിൽനിന്ന് എരിതീയിലേക്ക് വീണ റഷ്യയുടെ അവസ്ഥ ചൂണ്ടിക്കാട്ടാനാണ് ഈ താരതമ്യം ഉപയോഗിക്കുന്നത്. പുടിന്റെ ഏകാധിപത്യത്തിനെതിരെ പ്രതിഷേധിക്കുന്ന റഷ്യൻ യുവാക്കളും ബുദ്ധിജീവികളും ഈ താരതമ്യം നന്നായി ഉപയോഗിക്കുന്നുണ്ട്. ബോണി എമ്മിന്റെ 'റാ റാ റാസ്പുട്ടിൻ ലവർ ഓഫ് ദ റഷ്യൻ ക്വീൻ...' എന്ന 80കളെ ഇളക്കിമറിച്ച ഡിസ്‌ക്കോ ഗാനവും അവർ പുടിനെതിരായ പ്രതിഷേധത്തിന് ഉപയോഗിക്കുന്നുണ്ട്.

വിഷയ ലമ്പടനിൽ നിന്ന് സന്യാസിയിലേക്ക്

റാസ്പുട്ടിൻ എന്ന ഈ മാസ്മര മനുഷ്യൻ ആരാണ്? റഷ്യക്കാർ വിശുദ്ധനായ ചെകുത്താൻ എന്ന് വിളിച്ചു വിവാദ പുരുഷനായ അയാളെ കുറിച്ച് ഒരുപാടു കഥകൾ പ്രചരിച്ചിട്ടുണ്ട് വഴി പിഴപ്പിക്കുന്ന മാന്ത്രിക ശക്തിയുള്ളവൻ, പുണ്യപുരുഷൻ, വശീകരണ ശക്തിയുള്ളവൻ, കുളിക്കുവാൻ വെറുക്കുന്നവൻ.... ഇന്നും റാസ്പുട്ടിൻ ഒരു മഹാരാജ്യത്തിന്റെ ഇരുണ്ട ചരിത്രങ്ങളിലെ നിഴലും രഹസ്യങ്ങളും മാത്രം നിറഞ്ഞ ഒരു ഇതിഹാസ കഥാപാത്രം ആണ്. ജർമ്മനിക്കുവേണ്ട വേണ്ടി ചാര പ്രവർത്തനം നടത്തിയവൻ സാർ ചക്രവര്ത്തികയുടെ രാജ്ഞിയെ വ്യഭിചരിച്ചവൻ എന്നിങ്ങനെ ഒട്ടനവധി കുറ്റാരോപണങ്ങളും അയാളുടെ നേരെ ഉയർനനിരുന്നു. 

റഷ്യയിലെ സൈബീരിയയിലെ ടുമെൻ ജില്ലയിൽ പ്രോകൊസ്വ്കെയെ ഗ്രാമത്തിൽ ഒരു സാധാരണ കർഷകന്റെ മകൻ ആയി ജനനം. സ്‌കൂളിൽ പോയിട്ടുണ്ടെങ്കിലും കഷ്ട്ടി വിദ്യാഭ്യാസം മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ. ദരിദ്രകർഷകനും കുതിരവണ്ടിക്കാരനുമായിരുന്ന എഫിംനോവിച്ചിന്റേയും അന്നാ ഇഗറോവ്നയുടെയും മൂന്നു മക്കളിൽ ഇളയവനായിരുന്നു റാസ്പുട്ടിൻ. അഞ്ചുവയസുള്ളപ്പോൾ മാതാവ് മരണമടഞ്ഞു. ഭാര്യയുടെ മരണത്തോടെ എഫിംനോവിച്ച് മദ്യത്തിന് അടിമയായി. കുടുംബത്തിന്റെ സാമ്പത്തികനില താറുമാറായി. റാസ്പുട്ടിനെ പിതാവ് ഗ്രാമത്തിലെ സ്‌കൂളിൽ ചേർത്തെങ്കിലും പഠനത്തിൽ അത്ര താൽപര്യം പ്രകടിപ്പിച്ചില്ല. കൃഷിയിലായിരുന്നു താൽപര്യം. 1897 മുതലാണ് മതപരമായ കാര്യങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങുന്നത്. റാസ്പുട്ടിൻ മതപരമായ കാര്യങ്ങൾക്ക് താൽപര്യം പ്രകടിപ്പിച്ചതിലും, തീർത്ഥാടനത്തിനായി പുറപ്പെട്ടതിനും പിന്നിൽ പലകാരണങ്ങൾ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. മോഷണകുറ്റം ആരോപിക്കപ്പെട്ടതാണ് അതിലൊന്ന്. അത്ഭുത സിദ്ധികളുള്ള സന്യാസിയുമായി പരിചയപ്പെടാനിടയായതാണു മറ്റൊരു കാരണമായി പറയുന്നത്. സന്യാസിയുമായി പരിചയപ്പെട്ട റാസ്പുട്ടിൻ അക്കാലത്തു പ്രസിദ്ധമായിരുന്ന വെർക്കോചുറി ആശ്രമത്തിലെത്തിച്ചേർന്നു. അവിടം വിട്ടശേഷം വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായി.

എന്നാൽ അവിടെയും വിഷയാസക്തി റാസ്പുട്ടിനെ വഴിതെറ്റിച്ചു. സ്ത്രീകളെ ആകർഷിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു. ഈ പരസ്ത്രീ ഗമനം ഭാര്യ കണ്ടുപിടച്ചതോടെ അദ്ദേഹം വീടിനു പുറത്തായി. പിന്നെ റാസ്പുട്ടിൻ ഉയർത്തെഴുനേൽക്കുന്നത് അത്ഭുദശക്തിയുണ്ടെന്ന് പറയുന്ന ഒരു സന്യാസിയായിട്ടായിരുന്നു. റഷ്യയുടെ ചരിത്രം തിരുത്തി എഴുതിയ 'റാസ്‌ക്കൽ മോങ്ക്' ആയി.

സാർ ചക്രവർത്തി വെറും കളിപ്പാവ

തീപാറുന്ന കണ്ണുകൾ, നീണ്ട താടി, ഒത്ത ഉയരം. ഒറ്റനോട്ടത്തിൽ ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന രൂപമായിരുന്നു റാസ്പുട്ടിന്റേത്. വളരെ പെട്ടന്നുതന്നെ ഒരു കൾട്ടായി റാസ്പുട്ടിൽ വളർന്നു. തന്റെതായ അനുചരവൃന്ദത്തെ വളർത്തിയെടുക്കാൻ 1900 കളിൽ അദ്ദേഹത്തിന് കഴിഞ്ഞു. അമാനുഷിക കഴിവുകൾ ഉണ്ടെന്ന വിശേഷണം ലഭിച്ചതോടെ റാസ്പുട്ടിൻ ശ്രദ്ധേയനായി. മാറാരോഗികളെ പ്രാർത്ഥനയിലൂടെ രക്ഷിച്ചതായും, പ്രവചനങ്ങൾ സത്യമായി തീരുന്നതായും പ്രചാരണമുണ്ടായി. പക്ഷേ അയാളെ ലോക പ്രശസ്തനാക്കിയത് സാർ ചക്രവർത്തിയുടെ മകനെ രക്ഷിച്ചതാണ്.

1912, റഷ്യയിലെ സാർ ചക്രവർത്തിയുടെ കൊട്ടാരം രാജകുമാരൻ അലക്സേ ഒരു അപകടത്തിൽപെട്ടു മുറിവേറ്റു കിടപ്പിലാണ്. രാജകുമാരനെ പരിശോധിച്ച ഡോക്ടർമാർ രക്തം കട്ടപിടിക്കാത്ത രോഗം (ഹീമോഫീലിയ) ബാധിച്ച രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്നു വിധിയെഴുതി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച രാജകുടുംബാംഗങ്ങളോട് കൊട്ടാരത്തിലെ ചില ജീവനക്കാരാണ് റാസ്പുട്ടിനെക്കുറിച്ചു പറയുന്നത്. രാജകുടുംബാംഗങ്ങളിൽ ചിലർക്കും റാസ്പുട്ടിനെ പരിചയമുണ്ടായിരുന്നു. ഒരു സന്യാസിയായും മാന്ത്രികനായും അറിയപ്പെട്ടിരുന്ന അയാൾക്കു ദൈവികപരിവേഷമാണ് അനുയായികൾ ചാർത്തി കൊടുത്തിരുന്നത്. റാസ്പുട്ടിൻ കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു.

രാജകുമാരനെ പരിശോധിച്ചശേഷം അയാൾ ഒരു ചെറിയ വിഗ്രഹം രാജകുമാരന്റെ തലയിൽ വച്ചു. ഇരു തോളുകൾക്കു സമീപവും കാൽ ചുവട്ടിലും മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥനയാരംഭിച്ചു. ചക്രവർത്തിയും പത്നിയും മറ്റുള്ളവരും ഭയാശങ്കകളോടെ ഇതു നോക്കി നിന്നു. മൂന്നു മണിക്കൂർ നീണ്ട പ്രർത്ഥനയ്ക്കു ശേഷം റാസ്പുട്ടീൻ കണ്ണു തുറന്നു. രാജകുമാരൻ ഉടനെ എഴുന്നേൽക്കുമെന്നും മരണത്തിന്റെ നിഴൽ മാഞ്ഞുപോയെന്നും അയാൾ വ്യക്തമാക്കി.

അയാളുടെ വാക്കുകൾ ശരിയായി. രാജകുമാരൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ഡോക്ടർമാരെപോലും അത്ഭുതപ്പെടുത്തിയ സംഭവമായി അതുമാറി. രാജകുമാരനെ രക്ഷിച്ച റാസ്പുട്ടിനു ദൈവികമായ ശക്തിയുണ്ടെന്നു രാജകുടുംബം വിശ്വസിച്ചു. ക്രമേണ അയാളുടെ ആരാധകരായി അവർ മാറി.ചക്രവർത്തിയേയും പത്നിയേയും കുടുംബാംഗങ്ങളെയും എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കാൻ കൊട്ടാരത്തിൽത്തന്നെ താമസിക്കണമെന്നു തന്നോടു ദൈവം ആവശ്യപ്പെടുന്നതായി ചക്രവർത്തിയോടു റാസ്പുട്ടിൻ പറഞ്ഞു. ചക്രവർത്തിയും പത്നിയും സന്തോഷത്തോടെ ഈ ആവശ്യത്തെ സ്വീകരിച്ചു. അവർ എല്ലാവിധ സുഖസൗകര്യങ്ങളും നൽകി റാസ്പൂട്ടിനെ കൊട്ടാരത്തിൽ താമസിപ്പിച്ചു. പക്ഷേ അന്നുതൊട്ട് കളി മാറുകയായിരുന്നു. സാർ ചക്രവർത്തയുമായുള്ള സ്വാധീംവെച്ച് അയാൾ വലിയ അധികാരകേന്ദ്രമായി. ചക്രവർത്തി പലപ്പോഴും അയാളുടെ കൈയിലെ കളിപ്പാവയായി.

സാർ ചക്രവർത്തിയുടെ ആദ്യഭാര്യ അലക്സാണ്ട്രിയയുമായി അയാൾക്ക് അവിഹിതം ബന്ധം ഉണ്ടായിരുന്നു. ചക്രവർത്തി യുദ്ധത്തിനു പോയ സമയത്ത് അലക്സാണ്ട്രിയ രാജഭരണം ഏറ്റെടുത്തു. ആ സമയത്ത് രാജ്ഞിയുടെ നയതന്ദ്ര ഉപദേശങ്ങൾ നിര്വടഹിക്കുന്ന സ്ഥാനത്തേക്ക് അയാൾ എത്തി.പതിയെ പതിയെ അയാൾ രാജ ഭരണം പിൻസീറ്റിൽ നിന്നും നിയന്ത്രിച്ചു. ഭരണസഭയായ കോർട്ടിലെ ഏറ്റവും പ്രധാന വ്യക്തിയായി മാറാൻ റാസ്പുട്ടിനു കഴിഞ്ഞു. ഭരണത്തിന്റെ നിയന്ത്രണം റാസ്പുട്ടിനിലേക്കെത്തി. ഉദ്യോഗസ്ഥർ ആജ്ഞ അനുസരിക്കാനായി കാത്തുനിന്നു. ചിലർ റാസ്പുട്ടിന്റെ പ്രീതിപിടിച്ചുപറ്റുന്നതിനായി മദ്യം വിളമ്പി. ചിലർ സുന്ദരികളായ സ്ത്രീകളെ കാഴ്ചവച്ചു. രാജകുടുംബത്തിന്റെ വിശ്വാസ്യത നേടിയെടുത്തതോടെ അയാൾ ദിനംപ്രതി കൂടുതൽ ശക്തനായി. രാജകുടുംബം റാസ്പുട്ടിന്റെ കൈയിലെ പാവയാകുകയാണെന്ന പ്രചാരണമുണ്ടായി.

ഭാര്യമാരെ കുട്ടിക്കൊടുക്കാൻ ഭർത്താക്കന്മാർ കാത്തിരുന്ന കാലം

രാജകുടുംബത്തിനുമേൽ നിയന്ത്രണമുണ്ടായതോടെ റാസ്പുട്ടിന് കൂടുതൽ ആരാധകരുണ്ടായി. അയാൾക്കുവേണ്ടി എന്തും സമർപ്പിക്കാൻ തയ്യാറായി അവർ നിന്നു. പ്രഭുകുടുംബങ്ങളിലെ സ്ത്രീകളടക്കം റാസ്പുട്ടിന്റെ അനുയായികളായി. ദൈവികപരിവേഷമുള്ള മനുഷ്യനായാണ് അവർ റാസ്പുട്ടിനെ കണ്ടത്. കൂടുതൽ സുഖലോലുപനായി റാസ്പുട്ടിൻ അധികാരത്തിനു നടുവിൽ ജീവിച്ചു. മദ്യവും സ്ത്രീകളുമായിരുന്നു അയാളുടെ ജീവിത ലഹരി.

റാസ്പുട്ടിൻ ഒരു കൗണ്ടർ കൾച്ചർ കൾട്ടുപോലെ റഷ്യയിൽ പിടിമുറുക്കി. അയാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ സകല ഐശ്വര്യങ്ങളും ഉണ്ടാകുമെന്ന് പ്രചാരണം വന്നു. ഇതോടെ വലിയ പ്രഭ്വിമാർ വരെ റാസ്പുട്ടിന് അങ്ങോട്ട് പണവും സമ്മാനങ്ങളും കൊടുത്ത് വേഴ്ചയിൽ ഏർപ്പെടുകയുണ്ടായി. റാസ്പുട്ടിൽ തങ്ങളുടെ വീട്ടിൽ വന്നുകയറുന്നത് വലിയ ഐശ്വര്യമായാണ് അക്കാലത്തെ പ്രഭുക്കളും കരുതിയത്. പലരും തങ്ങളുടെ വീടുകളിലേക്ക് അയാളെ ക്ഷണിച്ചുകൊണ്ടുവന്ന് വിരുന്ന് നൽകി ഭാര്യാമാരെ കൂട്ടിക്കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നെന്നാണ് ചരിത്രകരന്മാർ പറയുന്നു. ( അത്തരം ഒരു കെണിയിൽപെട്ടാണ് ഹാസ്പുട്ടിന്റെ ജീവൻ പോയതും) വേഴ്ചയിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ അയാളുടെ കൊട്ടാരത്തിനുമുന്നിൽ കുതിരവണ്ടിയിൽ സമ്മാനങ്ങളുമായി കാത്തുകെട്ടിക്കിടക്കുന്നത് പലരും എഴുതിയിട്ടുണ്ട്.

ഇതിനൊക്കെ ഒരു സൈദ്ധാന്തിക അടിത്തറിയിടാനും ഈ ഭ്രാന്തൻ സന്യാസിക്കായി. എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്നായിരുന്നു അയാളുടെ തിയറി. ഇത് പ്രചരിപ്പിച്ചാണ് സ്ത്രീകളുടെയൊക്കെ പാപബോധത്തെ അയാൾ കഴുകിക്കളഞ്ഞത്. കുളിക്കുന്നതിനോട് വെറുപ്പുള്ള വ്യക്തിയായിരുന്നു റാസ്പുട്ടിൻ. എന്നിട്ടും അദ്ദേഹത്തെ തേടി സ്ത്രീകൾ എത്തി. സാർ ചക്രവർത്തിയുടെ കൊട്ടാരത്തിലും റാസ്പുട്ടിൽ അക്ഷരാർഥത്തിൽ വിളയാടുകയായിരുന്നു. രാജ്ഞി മുതൽ കൊട്ടാരം അടിച്ചുതളിക്കാരിയെവരെ ഭോഗിച്ച് അയാൾ അർമാദിച്ചു. തന്റെ ജനനേന്ദ്രിയത്തിന് ദിവത്വം ഉണ്ടെന്നാണ് റാസ്പുട്ടിൻ വിശ്വസിച്ചത്. തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്നായിരുന്നു ഈ സൈക്കോയുടെ അഭിപ്രായം!

റാസ്പുട്ടിന്റെ വളർച്ച പക്ഷേ മറ്റ് ചില പ്രഭുക്കന്മാരെ അസ്വസ്ഥരാക്കി. റാസ്പുട്ടിനെ വിശ്വസിക്കരുതെന്ന് അവർ മുന്നറിയിപ്പു നൽകിയെങ്കിലും അയാളെ അന്ധമായി വിശ്വസിച്ചിരുന്ന രാജകുടുംബം അതെല്ലാം തള്ളിക്കളഞ്ഞു. റഷ്യൻ ജനതയും അസ്വസ്ഥരായിരുന്നു. പക്ഷേ, റാസ്പുട്ടിന്റെ മാസ്മരവലയത്തിൽപ്പെട്ടു പോയവർക്ക് അതിൽനിന്ന് പുറത്തുകടക്കാനായില്ല. അതോടെ സാർ ചക്രവർത്തിയുടെ ബന്ധുക്കളായ ഒരു വിഭാഗം അയാളെ ഇല്ലാതാക്കാൻ തീരുമാനിച്ചു.

'വിഷം കഴിച്ചിട്ടും വെടിവെച്ചിട്ടും മരിച്ചില്ല'

റാസ്പുട്ടിൻ രാജകീയ ദമ്പതികളുടെ മുന്നിൽ പരിശുദ്ധൻ ആയിരുന്നെങ്കിലും പുരോഗമന
വാദികൾ ഇയാളെ കണ്ടിരുന്നത് റഷ്യയെയും രാജകുടുംബത്തെയും നശിപ്പിക്കുന്ന വൃത്തിഹീനനും ഭോഗസക്തനുമായിട്ടായിരുന്നു.കമ്മ്യൂണിസം കുതിച്ചു കയറിയിരുന്ന കാലം അവർ അയാളെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു. എന്നാൽ പല വധശ്രമങ്ങളിലും അയാൾ രക്ഷപ്പെട്ടു. അതൊക്കെ റാസ്പുട്ടിന്റെ കീർത്തി വർധിപ്പിച്ചു.

റാസ്പുട്ടിൻ റഷ്യൻ ഭരണത്തെ നിയന്ത്രിക്കുമ്പോൾ ചെറുപ്പക്കാരനായ ഒരു പ്രഭുവിന്റെ നേതൃത്വത്തിൽ ഒരു സംഘം പ്രഭുക്കന്മാർ റാസ്പുട്ടിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. ഫെലിക്സ് യൂസുപ്പോവ് എന്നായിരുന്നു ആ പ്രഭുകുമാരന്റെ പേര്. സാർ ചക്രവർത്തിയുടെ അടുത്ത ബന്ധു. റാസ്പുട്ടിനെ അയാൾ തന്റെ വീട്ടിലേക്കു ക്ഷണിച്ചു. തന്റെ സുന്ദരിയായ ഭാര്യയ്ക്ക് റാസ്പുട്ടിനെ കാണാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചു. വീട്ടിലേക്കു വരാമെന്നു റാസ്പുട്ടിൻ സമ്മതിച്ചു.1914 ജൂൺ മാസത്തിൽ ഒരു സ്തീ റാസ്പുട്ടിനു നേരെ ആക്രമണം നടത്തിയിരുന്നു. ആളുകളെ വഴിതെറ്റിക്കുന്നു എന്ന് ആക്രോശിച്ചാണു റാസ്പുട്ടിനെ അവർ ആക്രമിച്ചത്. വയറിൽ കുത്തേറ്റ റാസ്പുട്ടിൻ കഷ്ടിച്ചാണ് അന്നു രക്ഷപ്പെട്ടത്. റാസ്പുട്ടിനോട് അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥർ പലപ്പോഴായി റാസ്പുട്ടിന് സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഫെലിക്സ് യൂസുപ്പോവിന്റെ ക്ഷണം അറിഞ്ഞപ്പോഴും ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. പക്ഷേ, റാസ്പുട്ടിൻ അതൊന്നും മുഖവിലയ്ക്കെടുത്തില്ല.

ഫെലിക്സ് യൂസുപ്പോവിന്റെ വീട്ടിലേക്കെത്തിയ റാസ്പുട്ടിനെ അയാളും സുഹൃത്തുക്കളും സ്വീകരിച്ചു. റാസ്പുട്ടിനായി പ്രത്യേകതരം മദ്യവും വരുത്തി. വീട്ടിലെത്തിയ ഉടനെ അയാൾ ആതിഥേയന്റെ ഭാര്യയെ കാണാനാഗ്രഹിച്ചു. അവർ മറ്റു ചില അതിഥികളെ സ്വീകരിക്കാൻ പോയിരിക്കുകയാണെന്നറിയിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ടു.മദ്യത്തിൽ വിഷം കലർത്താനായിരുന്നു യൂസുപ്പോവ് പദ്ധതിയിട്ടത്. എന്നാൽ, പിന്നീടതു മാറ്റി റാസ്പുട്ടീനുവേണ്ടി കേക്ക് നിർമ്മിച്ചു. അതിൽ മാരകമായ വിഷം കലർത്തിയിരുന്നു. മദ്യം കഴിച്ച് ഉന്മത്തനായ റാസ്പുട്ടീൻ കേക്കു കഴിക്കാനാരംഭിച്ചു. കേക്കു മുഴുവൻ കഴിച്ചിട്ടും റാസ്പുട്ടിന് ഒരു ഭാവഭേദവും ഉണ്ടായില്ല. അയാളുടെ ശരീരത്തിൽ വിഷം ഏറ്റില്ല. മദ്യം വീണ്ടും വീണ്ടും കുടിച്ചിട്ടും അയാൾക്ക് സ്വബോധം നഷ്ടപ്പെട്ടില്ല.റാസ്പുട്ടിൻ ആതിഥേയന്റെ ഭാര്യയെ അന്വേഷിക്കുന്നുണ്ടായിരുന്നു. വിഷം ഉള്ളിൽച്ചെന്ന് മരിക്കുന്നതിന്റെ ഒരു ലക്ഷണവും കാണിക്കാതായപ്പോൾ യൂസുപ്പോവിന് ക്ഷമ നശിച്ചു. ഭാര്യയെ വിളിക്കാനെന്ന വ്യാജേന ആ മുറിയിൽനിന്നും പുറത്തിറങ്ങിയ അയാൾ ഒരു കൈത്തോക്കുമായി മടങ്ങിവന്നു റാസ്പുട്ടിനു നേരെ നിറയൊഴിച്ചു.

അയാൾക്ക് അത്ഭുതസിദ്ധിയുണ്ടെന്നു വിശ്വസിച്ചിരുന്നതിനാൽ അവർ ശരീരം നേവാ നദിയിലേക്ക് വലിച്ചെറിഞ്ഞു. മൂന്നുദിവസത്തിനുശേഷമാണു റാസ്പുട്ടിന്റെ ശരീരം തണുത്തുറഞ്ഞ നദിയിൽനിന്ന് കണ്ടെടുക്കുന്നത്. രാജകുടുംബം എല്ലാ ബഹുമതികളോടും കൂടിയാണ് മൃതശരീരം മറവുചെയ്തത്. അവർ മരണത്തിൽ ദുഃഖാചരണം നടത്തി. കൊലയ്ക്കു പിന്നിലെ ഉപചാപക സംഘത്തെ അറസ്റ്റു ചെയ്യാൻ സാർ ചക്രവർത്തി ഉത്തരവിട്ടു. യൂസുപ്പോവും ചില സുഹൃത്തുക്കളും പിടിയിലായി. മരണശിക്ഷയ്ക്കു വിധിച്ചുവെങ്കിലും മറ്റു പ്രഭുക്കന്മാരിടപെട്ട് ശിക്ഷ നാടുകടത്തലായി ഇളവു ചെയ്തു. ബോൽഷെവിക് വിപ്ലവത്തെത്തുടർന്ന് 1917ൽ പാരീസിലേക്കുപോയ ഫെലിക്സ് യൂസുപ്പോവ് എൻപതാം വയസുവരെ അവിടെ ഭാര്യയോടൊപ്പം ജീവിച്ചു.

റാസ്പുട്ടിന്റെ മരണശേഷം അനുയായികളും ചരിത്രകാരന്മാരുംഅതിൽ പുതിയ കഥകൾ കൂട്ടിച്ചേർത്തു. വെടിയേറ്റശേഷവും റാസ്പുട്ടിൻ മരിച്ചില്ല എന്നാണു പ്രചരിക്കുന്ന ഒരു കഥ. വിഷംകഴിച്ചിട്ടും,വെടിയേറ്റിട്ടും മരിക്കാത്ത അയാൾ നദിയിലെ കഠിനമായ തണുപ്പേറ്റതിനാലാണ്മരിച്ചതെന്നു പ്രചാരണമുണ്ടായി. എന്നാൽ, ആദ്യവെടിയിൽതന്നെ മരണം സംഭവിച്ചതായും ശ്വാസകോശത്തിൽ വെള്ളത്തിന്റെ സാന്നിധ്യമില്ലെന്നുമായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.

മരണം മൂൻകൂട്ടി കണ്ടു

തന്റെ മരണം റാസ്പുട്ടിൻ മുന്നിൽ കണ്ടിരുന്നതായി അദ്ദേഹത്തിന്റെ മകൾ മരിയ റാസ്പുട്ടിൻ വർഷങ്ങൾക്കുശേഷം വെളിപ്പെടുത്തി. ഫെലിക്സ് യൂസുപ്പോവ് വീട്ടിലേക്കു ക്ഷണിക്കുന്നതിലെ അപകടം ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നതായി മറിയ പറയുന്നു. 'വളരെ വൈകിപ്പോയി' എന്നായിരുന്നു റാസ്പുട്ടിന്റെ പ്രതികരണമത്രേ.റാസ്പുട്ടിന്റെ മരണത്തോടെ സാർ ചക്രവർത്തിയുടെ കുടുംബത്തിനു തിരിച്ചടിയുടെ നാളുകളായിരുന്നു. 'ഞാനില്ലെങ്കിൽ എല്ലാം നശിക്കുമെന്ന' റാസ്പുട്ടിന്റെ പ്രവചനം ശരിയായി. 1918ൽ ബോൾഷെവിക്കുകൾ സാർ ചക്രവർത്തിയിൽനിന്ന് ഭരണം പിടിച്ചെടുത്ത ശേഷം ആ കുടുംബത്തെ വധിച്ചു. ബോൾഷെവിക്കുകക്ക് ജനപ്രീതി കിട്ടാനുണ്ടായ ഒരു കാരണം രാജ്ഞിയെവരെ റാസ്പുട്ടിൽ വ്യഭിചരിക്കുന്നുവെന്നതും ആയിരുന്നു. ആ അർഥത്തിൽ നോക്കുമ്പോൾ റഷ്യൻ വിപ്ലവത്തിന്റെ പരോക്ഷ കാരണങ്ങളിൽ ഒന്നുമാണ് ഇയാൾ.

റാസ്പുട്ടിനു ജീവിതത്തെ പറ്റിയും സംഭവിക്കാൻ പോകുന്നതിനെ കുറിച്ചും ഒരു ദിവ്യമായ കാഴ്ചപാട് ഉണ്ടായിരുന്നു എന്ന് ചിലരെങ്കിലും വിശ്വസിച്ചിരുന്നു. 1916 ഡിസംബർ എഴാം തിയതി അലക്സാണ്ട്രിയ ചക്രവർത്തിന്ക്ക് തന്റെ മരണത്തെ പറ്റി റാസ്പുട്ടിൻ എഴുതിയിരുന്നു ' ഞാൻ ഗ്രിഗറി റാസ്പുട്ടിൻ മരിച്ചെന്ന ശബ്ദം നിങ്ങളുടെ കാതുകളിൽ മുഴങ്ങുന്ന ദിനം രാജകുടുംബത്തിലെ ആരെങ്കിലും അതിനു പിറകിൽ ഉണ്ടെങ്കിൽ രാജകുടുംബത്തിൽ ഒരു കുഞ്ഞും പിന്നീട് അവശേഷിക്കുകയില്ല. ഞാൻ കൊല്ലപെട്ടാൽ റഷ്യൻ ജനത അവരെ വധിക്കും'. ഈ കത്തു എഴുതി 23 ദിവസത്തിനുള്ളിലാണ് റാസ്പുട്ടിൻ കൊല്ലപെടുന്നത്.

റാസ്പുട്ടിൻ പ്രവചിച്ച പോലെ പത്തൊമ്പത് മാസത്തിനുള്ളിൽ ബോൾഷെവിക്കുൾ സാർ കുടുംബത്തെ ഒന്നൊന്നായി വധിച്ചു. അത് പോലെ തന്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം മുഴുവൻ സ്വന്തം മകളുടെ അക്കൗണ്ടിൽ ഇട്ടതും മരണത്തെ പറ്റി അയാൾ മുൻകൂട്ടി കണ്ടതുകൊണ്ടാണെന്നാണ് ആരാധകർ പറയുന്നത്.

സിനിമകളുടെ ഡിസ്‌ക്ലൈമറിന്‌  പിന്നിലും റാസ്പുട്ടിൻ

റാസ്പുട്ടിൻ അയാൾ സ്വപ്നത്തിൽപോലും വിചാരിക്കാത്ത ചില കാരണങ്ങൾക്കുപോലും ലോകത്തിൽ ഇടായക്കിായിട്ടുണ്ട്.സിനിമ ആരംഭിക്കുന്നതിനു മുന്നേ ' ഈ കഥയും കഥാപാത്രങ്ങളും സാങ്കൽപ്പിക്കമാണ് ...' എന്ന എഴുതി കാണിക്കുന്നതിന് പിന്നിലെ ചരിത്രത്തിൽ ഈ മനുഷ്യന്റെ കഥയുണ്ട്. അതായത്് റാസ്പുട്ടിനെ വധിച്ച ഫലിക്സ് ഫെലിക്സോവിച്ച് യുസുപോവ് എന്ന റഷ്യൻ പ്രഭുവിന്റെ.

ഒരു കാലത്തെ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന കുടുംബത്തിൽ ഒന്നായ യുസുപോവ് പ്രഭു വംശ പരമ്പരയിലെ രാജകുമാരൻ ആയിരുന്നു ഫെലിക്സ് ഫെലിക്സോവിച്ച് യുസുപോവ്.റഷ്യയിൽ സെന്റ് പീറ്റേഴ്സ്ബർഗ് ഉള്ള നാലു കൊട്ടാരങ്ങൾ , മോസ്‌കോയിലെ മൂന്ന് കൊട്ടാരങ്ങൾ , റഷ്യയിൽ മറ്റു പലയിടത്തായി കിടക്കുന്ന 37 എസ്റെറ്റുകൾ , കൽക്കരി ഖനികൾ , ഇരുമ്പ് അയിര് ഖനികൾ , എണ്ണ പാടങ്ങൾ , ഡസൻ കണക്കിനു ഫാക്ടറികൾ ഒക്കെ സ്വന്തമായി ഉണ്ടായിരുന്ന അതിസമ്പന്ന കുടുബത്തിൽ ജനിച്ച ഫെലിക്സ് , പഠനം പൂർത്തിയാക്കിയത് വിശ്വപ്രസിദ്ധമായ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്നാണ് .ഒന്നാം ലോകമഹായുദ്ധ സമയത്ത് ,പ്രഭു കുടുംബത്തിന്റെ അനന്തരാവകാശി എന്ന നിലയിൽ യുദ്ധത്തിൽ നേരിട്ട് സേവനം അനുഷ്ടിക്കേണ്ടി വന്നിട്ടില്ല. എങ്കിലും മുഴുവൻ സമയവും തന്റെ സമ്പത്തും സമയവും രാജ്യത്തിനെ യുദ്ധത്തിൽ സഹായിക്കുന്നതിനായി ചിലവഴിച്ചു. കൊട്ടാരത്തിന്റെ ഒരു ഭാഗം വരെ യുദ്ധത്തിൽ പരിക്കേറ്റ സൈനീകരെ ചികിൽസിക്കാൻ ഉള്ള ആശുപത്രി ആക്കി മാറ്റുകയും ചെയ്തു.

ഈ രീതിയിലുള്ള ഒരു മനുഷ്യസ്നേഹിയാണ് റാസ്പുട്ടിനെ കൊല്ലുന്നത്. ഇതിന്റെ ശിക്ഷയായാണ് ഫെലിക്സ്നെ ഇംഗ്ലണ്ട്ലേക്ക് നാട് കടത്തി. ഫെലിക്സും ഭാര്യയും പിന്നീട് പാരിസിലേക്ക് മാറുകയും അവിടെ ജീവിതം ചിലവഴിക്കുകയും ചെയ്തു.റാസ്പുട്ടിനെ കൊന്ന മനുഷ്യൻ എന്ന പേരിൽ ഫെലിക്‌സ് അറിയപ്പെട്ടിരുന്നു. നാടുകടത്തപെട്ടപ്പോൾ മിച്ചം ഉണ്ടായിരുന്ന സ്വത്തുക്കൾ മുഴുവൻ ര 1929ലെ ലോക ഓഹരി വിപണിയിലെ നഷ്ടമായതോടെ ഇയാൾ പാപ്പരായജഴ

ചലച്ചിത്ര വ്യവസായത്തിന്റെ ആദ്യ കാലങ്ങളിൽ ഹോളിവുഡ് ആരെ കുറിച്ചു സിനിമ എടുക്കുന്നോ, അവരെ എങ്ങിനെ സിനിമയിൽ ചിത്രീകരിക്കുന്നോ എന്നതിനെ കുറിച്ചു ഒന്നും ആരും അത്ര കാര്യമായി എടുത്തിരുന്നില്ല . 1931 ൽ MGM സ്റ്റുഡിയോ എടുത്ത Rasputin and the Empress സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ഒന്നു ഫെലിക്സും ഭാര്യ ഐറിനയും ആയിരുന്നു.ആ സിനിമയിൽ റാസ്പുട്ടിൻ ഐറിനയെ ബലാൽസംഗം ചെയ്യുന്നതായി ഒക്കെ ചിത്രീകരിച്ചിരുന്നു. അങ്ങിനെ ഒന്നും യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചിരുന്നില്ല. സിനിമയിലെ ഈ രംഗങ്ങളെ എതിർത്ത ഫെലിക്സ് സ്വകാര്യതയെ ഹനിക്കുന്നതിനു എതിരെ MGM സ്റ്റുഡിയോക്ക് എതിരെ കേസ് ഫയൽ ചെയ്തു.

ഇംഗ്ലണ്ട് കോടതി പിഴ വിധിക്കുകയും ,രണ്ടരലക്ഷം ഡോളർ നൽകി എംജിഎം അമേരിക്കയിലെ കേസ് കോടതിക്ക് പുറത്തു ഒത്തുതീർപ്പാക്കി. അതായത് ഇന്നത്തെ ഏതാണ്ട് 450 കോടി രൂപ കൊടുത്തു ഹോളിവുഡ് ഇവരെ സാമ്പത്തികമായി രക്ഷപ്പെടുത്തി. അന്നുതൊട്ടാണ് സിനിമയിൽ കഥയും കഥാപാത്രവും സാങ്കൽപ്പിക്കമാണെന്ന് തുടക്കത്തിൽ എഴുതാൻ തുടങ്ങുന്നത്. ഈ റാസ്പുട്ടിനും പുടിനുമായുള്ള സാമ്യങ്ങൾ അതിശയകരമാണ്. പുടിനെ എതിർക്കുന്നവർ എല്ലാം ദരുഹമായി കൊല്ലപ്പെടുന്നത് നോക്കുക.

 പുടിനെ എതിർക്കുന്നവരെല്ലാം ദുരൂഹമായി കൊല്ലപ്പെടുന്നു

റാസ്പുട്ടിൽ സൃഷ്ടിച്ച ഭീതിയേക്കാൾ വലുതാണ് പുടിൻ റഷ്യയിൽ ഉയർത്തിയത്. എതിർക്കുന്നവരെ കൊന്നുതള്ളുകയെന്നതാണ് പുട്ടിന്റെ രീതി. ആദ്യം അധികാരത്തിലെത്തിയപ്പോൾ തന്നെ രാഷ്ട്രീയ എതിരാളിയാവുമെന്ന് പുടിൻ ഭയന്ന മിഖായിൽ കൊഡർക്കോവ്‌സ്‌കിയെ സാമ്പത്തിക തിരിമറികൾ ആരോപിച്ച് തടവിലാക്കിയത് 10 വർഷമാണ്. മുൻ ലോക ചെസ് ചാംപ്യനും പുടിന്റെ വിമർശകനുമായ ഗാരി കാസ്പറോവ് ഭരണകൂടത്തിന്റെ പീഡനം ഭയന്ന് റഷ്യയിൽ നിന്ന് പലായനം ചെയ്തു. മുൻ സുഹൃത്തും പിന്നീട് പുടിന്റെ മുഖ്യ ശത്രുവുമായി മാറിയ കോടീശ്വരൻ ബോറിസ് ബെറെസോവ്‌സ്‌കി ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടിയെങ്കിലും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 'സോവിയറ്റ് റഷ്യാനന്തര കാലത്തെ റാസ്പുട്ടിൻ' എന്നാണ് ബെറെസോവ്‌സ്‌കി വിശേഷിപ്പിക്കപ്പെട്ടിരുന്നത്. വ്ളാദിമിർ പുട്ടിന്റെ കടുത്ത വിമർശകനായ മുൻ ഉപപ്രധാനമന്ത്രി ബോറിസ് നെംത്സോവ് 2015 ഫെബ്രുവരി 27നു ക്രെംലിൻ പാലത്തിലൂടെ വീട്ടിലേക്കു നടന്നുപോകുമ്പോൾ വെടിയേറ്റു മരിച്ചു.

2019 നവംബറിൽ ഒരു മരണം റഷ്യയെ പിടിച്ചുകുലുക്കിയിരുന്നു. ജയിംസ് ലേ മെസൂരിയർ എന്ന ബ്രിട്ടീഷ് ആർമി ഓഫിസർ മരിച്ചതോ അതോ റഷ്യൻ ചാരന്മാരാൽ കൊല്ലപ്പെട്ടതോ എന്നാണോ അന്ന് ഉയർന്ന പ്രധാനവിവാദം. പുടിന്റെ വിമർശകരെല്ലാം ബാൽക്കണിയിൽ നിന്നും വീണ് മരിക്കുന്നതാണ് ഇങ്ങനെ ഒരു സംശയത്തിന് കാരണം. ഇസ്താംബൂളിലെ മുൻ ബ്രിട്ടീഷ് ആർമി ഓഫിസറായ ജെയിംസ് ലേയുടെ മരണം ഉയർത്തുന്നത് മറ്റൊരു ഗൂഢാലോചനാ തിയറിയാണ്. കാരണം ജെയിംസ് ലേ അടക്കം നിരവധി റഷ്യൻ വിമർശകരാണ് ബാൽക്കണിയിൽ നിന്നും വീണ് മരിച്ചിട്ടുള്ളത്. ഇത് റഷ്യൻ ഗൂഢാലോചനയാണെന്നാണ് ഇപ്പോൾ വിമർശകർ ഉന്നയിക്കുന്നത്.

ജയിംസ് ലേ ബ്രിട്ടീഷ് ചാരനാണെന്ന് ക്രെംലിൻ പരസ്യ പ്രസ്താവന നടത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ് 48കാരനായ ജെയിംസിനെ ഇസ്താംബൂളിലെ ഒരു സ്ട്രീറ്റിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തുന്നത്. അർധരാത്രിയിൽ കെട്ടിടത്തിന്റെ മുകളിലെ ജനൽ വഴി താഴേക്ക് വീണതായാണ് കരുതുന്നത്. അദ്ദേഹം താഴേയ്ക്ക് ചാടിയതാണോ അതോ ആരെങ്കിലും തള്ളി താഴേയ്ക്ക് ഇട്ടതാണോ എന്നതാണ് ഇപ്പോഴത്തെ ചർച്ച. തിങ്കളാഴ്ച രാവിലെ പള്ളിയിലേക്ക പോയ നാട്ടുകാരണ് റോഡിൽ അദ്ദേഹം മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. മരിക്കുമ്പോൾ വെള്ള ഷർട്ടും ചാര നിരത്തിലുള്ള ട്രൗസറും കയ്യിൽ വാച്ചും ധരിച്ചിരുന്നു അദ്ദേഹം. മൃതദേഹത്തിന്റെ തലയോട്ടിക്കും കാലിനും ഒടിവുകളും ചതവുകളും ഉണ്ട്. മുഖം കൂർത്ത എന്തോ ഒന്ന് കൊണ്ട് മുറിഞ്ഞിട്ടുണ്ട്. ആത്മഹത്യയാകുമെന്നാണ് ടർക്കിഷ് പൊലീസ് കരുതുന്നത്.അതി സമ്മർദ്ദത്തെ അതിജീവിക്കാൻ അദ്ദേഹം മരുന്നുകൾ കഴിച്ചിരുന്നതായി ഭാര്യ എമ്മ വിൻബർഗ് പറയുന്നു. ആത്മഹത്യയാണെന്ന നിലപാടിലാണ് പൊലീസ്.

വിമർശകർ കെട്ടിടത്തിൽനിന്ന് വീണ് മരിക്കുന്നു

എന്നാൽ റഷ്യയെ കുറിച്ച് അറിയാൻ ശ്രമിച്ച നിരവധി പേരുടെ കെട്ടിടത്തിൽ നിന്നും വീണുള്ള മരണമാണ് പാശ്ചാത്യ രാജ്യങ്ങളെ ഇങ്ങനെ ഒരു സംശയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്നത്. പത്രപ്രവർത്തകരും, നിയമജ്ഞരും എയ്ഡ് വർക്കർമാരും അടക്കം ക്രെംംലിൻ കടന്ന നിരവധി പേരാണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചിട്ടുള്ളത്. അല്ലെങ്കിൽ താഴേക്ക് വലിച്ചെറിയപ്പെട്ടിട്ടുള്ളത്. റഷ്യൻ മിഷണറീസിനെ കുറിച്ചും റഷ്യയിലെ അഴിമതിയെ കുറിച്ചും വാർത്തകൾ പുറത്തുകൊണ്ടു വന്ന മാക്സിം ബോർഡിൻ എന്ന റഷ്യൻ പത്ര പ്രവർത്തകൻ കഴിഞ്ഞ വർഷമാണ് മരിച്ചത്. ബാൽക്കണിയിൽ നിന്നും താഴേക്ക് വീണായിരുന്നു അദ്ദേഹത്തിന്റെ മരണം. 12 മാസങ്ങൾക്ക് മുമ്പ് നിയമജ്ഞനായ നികോൽ ഗോർഖോവും നാല് നിലക്കെട്ടിടത്തിന്റെ ജനലിൽ നിന്നും താഴേയ്ക്ക് വീണ് മരിച്ചിരുന്നു. ടാക്സ് വെട്ടിപ്പിന് റഷ്യൻ സർക്കാർ ജയിലിലടച്ചതിനെ തുടർന്ന് 2009ൽ കൊല്ലപ്പെട്ട സെർജി മാഗ്‌നറ്റ്സ്‌കിയുടെ വക്കീലായിരുന്നു അദ്ദേഹം.

റഷ്യയുടെ സിറിയയും ഇറാനുമായുള്ള ആയുധ കച്ചവടത്തെ കുറിച്ച് അന്വേഷണം നടത്തിയ ഇവാൻ സർഫ് നോവ് 2007ൽ അഞ്ച് നില കെട്ടിടത്തിന്റെ ജനലിലൂടെ താഴേക്ക് വീണും മരിച്ചിരുന്നു. അതിനും രണ്ട് വർഷങ്ങൾക്ക് ശേഷം സർക്കാരിനെതിരെ വാർത്ത നൽകിയ ബ്രോഡ് കാസ്റ്റർ ഒൾഗ കോട്ടോസ്‌ക്യ 14-ാം നിലയിൽ നിന്നാണ് വീണ് മരിച്ചത്. അതും ആത്മഹത്യയായി വിധി എഴുതി. ഒരു ബ്രിട്ടീഷ് പൗരനും ഇതേ വിധിയുണ്ടായി. പ്രോപ്പർട്ടി ഡവലപ്പറായ സ്‌കോട്ട് യങും റഷ്യൻ ചാരന്മാരാൽ 2014ൽ ബ്രിട്ടനിൽ വെച്ച് കൊല്ലപ്പെട്ടു. ഇതിനാൽ തന്നെ ജെയിംസ് ലേയുടെ മരണത്തിൽ സംശയിക്കത്തക്കതായി എന്തോ ഉണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ജെയിംസ് ലേയുടെ മരണത്തിൽ ആംനെസ്റ്റി ഇന്റർനാഷണൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വൈറ്റ് ഹെൽമെറ്റ്സിന്റെ പബ്ലിക്ക് ഫേസ് എന്ന നിലയിൽ ജെയിംസ് ലേ നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈറ്റ് ഹെൽമെറ്റ്സ് നിരവധി അപകരടകാരികളായ തീവ്രവാദി ഗ്രൂപ്പുകൾക്ക് സഹായം നൽകുന്നതായി റഷ്യയുടെ വിദേശ മന്ത്രാലയം ആരോപിച്ചിരുന്നു. ജെയിംസ് ലേ ബ്രിട്ടന്റെ എം 16ന്റെ മുൻ ഏജന്റാണെന്നും ആരോപിച്ചിരുന്നു. ഇതിന് മുന്ന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മരണം.

2015ൽ പുടിന്റെ സ്ഥിരം വിമർശകനായ പ്രതിപക്ഷ നേതാവ് ബോറിസ് നെംറ്റ്‌സോവ് തെരുവിൽ വെടിയേറ്റ് മരിച്ചിരുന്നു. തന്റെ അധികാരം നിലനിർത്താൻ ഹിറ്റ്‌ലർക്ക് സമാനമായ ചെയ്തികളാണ് പുട്ടിൻ കാട്ടിക്കൂട്ടുന്നത്. വൈകുന്നേരം ഒരു സ്ത്രീക്കൊപ്പം ഒരു പാലത്തിലൂടെ നടന്ന് പോകുന്നതിനിടെയാണ് മോസ്‌കോയിലെ തെരുവിൽ വച്ച് നെംറ്റ്‌സോവ് വെടിയേറ്റ് മരിച്ചിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് തിരിച്ചറിയപ്പെടാത്തയാണ് ഇദ്ദേഹത്തിനെതിരെ നാല് വട്ടം വെടിവച്ചത്. തുടർന്ന് മുൻ ഉപപ്രധാനമന്ത്രി കൂടിയായിരുന്ന നെംറ്റ്‌സോവ് മരണമടയുകായിരുന്നു. ക്രെംലിന് തൊട്ടടുത്ത് നിന്നാണ് ഈ വെടിവയ്പ് നടന്നത്. എന്നാൽ കൂടെയുള്ള സ്ത്രീ ആക്രമിക്കപ്പെട്ടിട്ടില്ല. ഇവർ ഉക്രയിൻ കാരിയാണെന്നാണ് സൂചന.

സംഭവത്തെ പ്രസിഡന്റ് പുടിൻ അപലപിച്ചിട്ടുണ്ട്. ഇതിന് പുറകിൽ കോൺട്രാക്ട് കില്ലർമാരാണെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷം മോസ്‌കോയിൽ സംഘടിപ്പിക്കാനിരുന്ന വലിയ പ്രതിഷേധത്തിനെതിരെയുള്ള പ്രതികരണമാണീ വെടിവയ്‌പെന്നാണ് പുട്ടിന്റെ വക്താവായ ദിമിത്രി പെസ്‌കോവ് പറയുന്നത്.1990കളിലാണ് നെംറ്റ്‌സോവ് റഷ്യയിലെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. ഒരു വേള ഇദ്ദേഹം ബോറിസ് യെൽറ്റ്‌സിന്റെ പിന്തുടർച്ചാവകാശിയായി ഉയർന്ന് വരാനുള്ള സാധ്യതയും തെളിഞ്ഞിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടന്ന ആശങ്ക അദ്ദേഹം ഈ മാസമാദ്യം പ്രകടിപ്പിച്ചിരുന്നു. പുട്ടിൻ സർക്കാരിന്റെ കഴിവ് കേടിനെ നെംറ്റ്‌സോവ് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പുറമെ അഴിമതി, ഉക്രയിനിന്റെ കാര്യത്തിലുള്ള റഷ്യയുടെ നിലപാട് തുടങ്ങിയവയെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അഴിമതിക്കെതിരെ തെരുവുകളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച നെറ്റ്‌സോവ് അഴിമതിയെ വിമർശിച്ച് ശക്തമായ ഭാഷയിൽ എഴുതുകയും ചെയ്തിരുന്നു. ഈ ഞായറാഴ്ച ഏററവും വലിയ പ്രതിഷേധം മോസ്‌കോയിൽ സംഘടിപ്പിക്കാനിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ഫിനാൻഷ്യൽ ടൈംസിൽ പുടിനെ വിമർശിച്ച് കൊണ്ട് എഴുതിയതിന് തൊട്ടുപിറകയൊണ് നെറ്റ്‌സോവ് കൊല്ലപ്പെട്ടിരിക്കുന്നത്.

60,000കോടി ഡോളറിന്റെ സ്വത്തുക്കൾ

എല്ലാ ഏകാധിപതികളെയുംപോലെ കോടികളുടെ സമ്പാദ്യം പുടിനുമുണ്ട്. പക്ഷേ ഒരു വാഹനവും പ്രസിഡന്റ് പദവിയുടെ ശമ്പളവും അല്ലാതെ മറ്റൊന്നും താൻ സമ്പാദിച്ചിട്ടില്ലെന്നാണ് പറയുന്നത്. പക്ഷേ ഇത് ശുദ്ധ തട്ടിപ്പാണെന്ന് ഡെയ്ലിമെയിൽ, ബിബിസി തുടങ്ങിയ മാധ്യമങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20,000കോടി ഡോളറിന്റെ സ്വത്തുക്കൾ, 58 സ്വകാര്യ വിമാനങ്ങൾ, 20 ഇടങ്ങളിൽ ആഡംബര സൗധങ്ങൾ, അഞ്ച് ലക്ഷം ഡോളർ വിലയുള്ള വാച്ച്, തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ഫോർബ്സ് മാഗസിൻ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒി കണക്കാക്കിയിരിക്കുന്നത് മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സിനെയാണ്. 75 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ മൊത്തം ആസ്തി. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ വച്ച് കണക്ക് കൂട്ടുമ്പോൾ പുട്ടിന്റെ മൊത്തം ആസ്തി 200ബില്യൺ ഡോളറാണ്.

പുടിന് 2007ൽ മൊത്തം ആസ്തി 40 ബില്യൺ ഡോളറുണ്ടായിരുന്നുവെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധനായ സ്റ്റാൻസ്ലേവ് ബെൽകോവ്സ്‌കി കണക്കാക്കിയിരുന്നത്. എന്നാൽ എഴുത്തുകാരനും റഷ്യയിലെ മുൻ ഫണ്ട് മാനേജരുമായ ബിൽ ബ്രൗഡർ നിരത്തുന്ന കണക്കുകൾ പ്രകാരം പുടിന്റെ മൊത്തം ആസ്തി 200 ബില്യൺ ഡോളറാണ്. ഇത്രയൊക്കെ സമ്പത്തുണ്ടായിട്ടും ഫോർബ്സ് തങ്ങളുടെ സമ്പന്നരുടെ പട്ടികയിൽ പുട്ടിനെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ പൊതു-സ്വകാര്യ കമ്പനികളിലുള്ള ഓഹരികൾ, റിയൽ എസ്റ്റേറ്റ്, യാട്ടുകൾ, പണം എന്നിവടയക്കമുള്ള വ്യക്തിപരമായ ആസ്തികളെ കണക്കാക്കിയാണ് തങ്ങൾ സമ്പന്നരുടെ പട്ടിക തയ്യാറാക്കാറുള്ളതെന്നും എന്നാൽ ലോകനേതാക്കളെ പ്രത്യേകിച്ച് സ്വേച്ഛാധിപതികളുടെ സമ്പത്തിനെ ഇതിൽ ഉൾപ്പെടുത്താറില്ലെന്നും അവർ അവ സമ്പാദിക്കുന്നത് തങ്ങളുടെ അധികാരമുപയോഗിച്ചാണെന്നും ഫോർബ്സ് വിശദീകരണം നൽകിയിട്ടുണ്ട്. ഇത് 2007ലെ കണക്കാണ്. ഇപ്പോൾ ഇത് എത്രകോടിയായി ഉയർന്നെന്ന് ആർക്കും അറിയില്ല. അതുകൊണ്ടുതന്നെ ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി പുടിൽ തന്നെയാണെന്ന് വ്യക്തമാണ്.

ബെൽകോവ്സ്‌കി നിരത്തുന്ന കണക്കുകൾ പ്രകാരം എണ്ണ വ്യവസായമാണ് പുടിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്. എണ്ണകമ്പനിയായ സർജുന്റ്നെഫ്ടെഗസ്സിന്റെ 37 ശതമാനവും പുട്ടിനാണ് നിയന്ത്രിക്കുന്നത്. പ്രകൃതിവാതക കമ്പനിയായ ഗാർസ്പ്രോമിന്റെ 4.5 ശതമാനവും കമ്മോദിറ്റീസ് ട്രേഡറായ ഗൺവോറിന്റെ നല്ലൊരു പങ്കും പുട്ടിന്റെ കൈയിലാണുള്ളത്. എന്നാൽ പുട്ടിന് ഇതിൽ ഉടമസ്ഥാവകാശം ഉണ്ടെന്ന വാർത്ത ഗൺവോർ നിഷേധിച്ചിട്ടുണ്ട്. 2012ൽ 93 ബില്യൺ ഡോളർ വരുമാനമുണ്ടാക്കിയ കമ്പനിയാണിത്. ആദ്യം പുട്ടിന്റെ ആസ്തി 40 ബില്യൺ എന്ന് കണക്കാക്കിയ ബെൽകോവ്സ്‌കി പിന്നീട് ഇത് 70 ബില്യൺ ഡോളറാക്കി ഉയർത്തിയിരുന്നു. കോർപറേഷനുകളിലെ നിഗൂഡ ഉറവിടങ്ങളിൽ നിന്നും തനിക്ക് പുട്ടിന്റെ സമ്പത്തിനെ പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചുവെന്നായിരുന്നു ബെൽകോവ്സ്‌കി ഇതിന് നൽകിയ ന്യായീകരണം.

പുടിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് 35 മില്യൺ ഡോളർ വില വരുന്ന ചെറുകപ്പലായ ഒളിമ്പിയ. ചെൽസിയ ഫുട്ബോൾ ക്ലബ് ഉടമയായ റോമൻ അബ്രമോവിച്ചാണിത് പുടിന് നൽകിയിരിക്കുന്നതെന്നാണ് സൂചന. പ്രസിഡന്റായതിനെ തുടർന്നുള്ള സമ്മാനമായിരുന്നു ഇത്. എന്നാൽ കരിങ്കടലിലെ ഒരു കൊട്ടാരമാണ് പുടിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ മൂർത്ത രൂപം. അതിന് ഒരു ബില്യൺ ഡോളർ വില വരും. പുട്ടിന് 58 വിമാനങ്ങളും ഹെലികോപ്റ്ററുകളുമുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയ എതിരാളി വെളിപ്പെടുത്തുന്നത്. കൂടാതെ 20 കൊട്ടാരങ്ങളും കൺട്രി റിട്രീറ്റുകളും പുടിനുണ്ട്. പുടിൻ ഉപയോഗിക്കുന്ന പ്രൈവറ്റ് ജെറ്റിന്റെ വില 137 മില്യൺ ഡോളറാണ്. ഇതിന്റെ കാബിനിലെ ബാത്ത് റൂമിൽ സ്വർണം കൊണ്ട് പിടിപ്പിച്ച അലങ്കാരങ്ങൾ വരെയുണ്ട്.നോർത്ത് വെസ്റ്റ് റഷ്യയിലെ ലേക്ക് വാൽദായിൽ ഉള്ള 2300 ഏക്കർ സ്ഥലമാണ് മറ്റൊരു സ്വത്ത്. ഫോർബ്സ് മാഗസിന്റെ സമ്പന്നരുടെ ലിസ്റ്റിൽ പുടിൻ ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളുടെ ലിസ്റ്റിൽ പുടിൻ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് 119,000 ഡോളറും രണ്ട് അപാർട്ട് മെന്റുകളും ഒരു കാർ പാർക്കിങ് ഗാരേജിൽ ഓഹരിയും മാത്രമേയുള്ളുവെന്നായിരുന്നു 2015ൽ പുടിൻ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നത്.

ഗ്രൂ: പുട്ടിന്റെ കൊലപാതക സംഘം

സാലിസ്‌ബറിയിൽ സെർജി സ്‌ക്രിപാലിനെും മകൾ യൂലിയയെയും വധിക്കാൻ രാസായുധ പ്രയോഗം നടത്തിയ റഷ്യൻ മിലിട്ടറി ഇന്റലിജൻസ് വിഭാഗമായ ഗ്രൂ ഏത് ക്രൂരകൃത്യവും സമർഥമായി നടപ്പാക്കാൻ പരിശീലനം സിദ്ധിച്ച വിഭാഗം. രാജ്യത്ത വഞ്ചിക്കുന്നവരെ പച്ചയ്ക്ക് കത്തിക്കുന്ന സംഭവങ്ങൾ കണ്ട് പരിശീലനം തുടങ്ങുന്ന ഇവർ ജീവൻപോലും പണയപ്പെടുത്തി ഓപ്പറേഷനുകൾ നടത്താൻ മടിയില്ലാത്ത വിഭാഗമാണ്. 1918-ൽ വിപ്ലവത്തിനുശേഷം ലെനിൽ രൂപം കൊടുത്ത ഗ്രൂവിന് റഷ്യയുടെ മറ്റ് രഹസ്യാന്വേഷണ ഏജൻസികളെക്കാൾ വ്യത്യസ്തമായ ദൗത്യമായിരുന്നു നിർവഹിക്കാനുണ്ടായിരുന്നത്. സാധാരണ രഹസ്യാന്വേഷണങ്ങൾ കെ.ജി.ബി.നിർവഹിക്കുമ്പോൾ കടുപ്പമേറിയ ഓപ്പറേഷനുകൾക്കായിരുന്നു ഗ്രൂ നിയോഗിക്കപ്പെട്ടിരുന്നത്.

സോവിയറ്റ് യൂണിയൻ ഇല്ലാതായതോടെ കെ.ജി.ബി പ്രവർത്തനം അവസാനിപ്പിച്ചു. പിന്നീട് റഷ്യയിൽ എഫ്.എസ്.ബി. (ഫെഡറൽ സെക്യൂരിറ്റി സർവീസ്) നിലവിൽ വന്നു. കെ.ജി.ബി.യിൽ 16 വർഷത്തോളം പ്രവർത്തിച്ചയാളാണ് വ്‌ളാദിമിർ പുട്ടിൻ. എഫ്.എസ്.ബി. നിലവിൽവന്നപ്പോൾ അതിന്റെ തലവനുമായിരുന്നു. എന്നാൽ, സോവിയറ്റ് യൂണിയൻ തകർന്നെങ്കിലും ഗ്രൂ പിരിച്ചുവിട്ടിരുന്നില്ല. അതിതീവ്ര അന്വേഷണങ്ങൾക്കായി പുടിൻ ഈ സംഘടനയെ എഫ്.എസ്.ബിയുടെ ഭാഗമായി നിലനിർത്തുകയായിരുന്നു.രാജ്യത്തെ സർവകലാശാലകളിൽനിന്ന് മിടുക്കരായ വിദ്യാർത്ഥികളെയാണ് കെ.ജി.ബിയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതെങ്കിൽ, തെരുവിൽനിന്നും ചേരികളിൽനിന്നുമാണ് ഗ്രൂവിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്. എന്തും ചെയ്യാൻ കെൽപുള്ള ക്രിമിനൽ സംഘമായാണ് ഇവരെ കണ്ടിരുന്നതും. വിദേശരാജ്യങ്ങളിലുള്ള എംബസികളിലും മറ്റും ചെന്ന് രഹസ്യമായി ആക്രമണങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് ഗ്രൂവിനെ റഷ്യ ഉപയോഗിക്കുനനതെന്ന് ചരിത്രകാരനായ ജോൺ ബാരൺ പറയുന്നു.

എന്തിനും പോന്നവരായാണ് ഗ്രൂവിലെ അംഗങ്ങളെ പരിശീലിപ്പിക്കുന്നതെന്ന് ഗ്രൂവിൽനിന്ന് 1978-ൽ പിരിഞ്ഞ് ബ്രി്ട്ടനിൽ താമസമാക്കിയ വിക്ടർ സുവോരോവ് പറയുന്നു. ഇവർക്കുള്ള പരിശീലനം തുടങ്ങുന്നതുതന്നെ ഗ്രൂവിൽനിന്ന് വേർപെട്ട ഒരു ചാരനെ പച്ചയ്ക്ക് കത്തിക്കുന്ന ദൃശ്യം കാണിച്ചുകൊണ്ടാണ്. ഗ്രൂവിലെ അംഗങ്ങളെ മനക്കട്ടിയുള്ളവരാക്കുന്നതിനൊപ്പം അവർക്കുതന്നെയുള്ള താക്കീതായും ഈ ദൃശ്യം ഉപയോഗിക്കുന്നു.അന്താരാഷ്ട്ര തലത്തിൽ റഷ്യയെ പ്രതിസ്ഥാനത്തുനിർത്തിയ പല സംഭവങ്ങളിലും ഗ്രൂവിന്റെ പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ട്. 2016-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 12 ഗ്രൂ അംഗങ്ങൾ ഇടപെട്ടതായി യു.എസ് സ്‌പെഷ്യൽ കോൺസൽ റോബർട്ട് മ്യൂളർ കണ്ടെത്തിയിരുന്നു. 2014-ൽ യുക്രൈനിയൻ വിമാനം വെടിവെച്ചിട്ടതിനുപിന്നിലും ഗ്രൂവായിരുന്നു. 2016 ഒക്ടോബറിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ തലേന്ന് മോണ്ടനെഗ്രോ സർക്കാരിനെ അട്ടിമറിച്ചതിനുപിന്നിലും ഗ്രൂവിന്റെ പങ്ക് തെളിഞ്ഞിരുന്നു.

തികഞ്ഞ സ്ത്രീലമ്പടൻ; ബാലപീഡകനെന്നും ആക്ഷേപം

റാസ്പുട്ടിനെപ്പോലെ തികഞ്ഞ് സ്ത്രീ ലമ്പടനായാണ് പുടിനും അറിയപ്പെടുന്നത്.
വിവാഹമോചനം നടന്നതിനുശേഷമുള്ള പുട്ടിന്റെ കാമുകിമാരെക്കുറിച്ച് റഷ്യൻ കുട്ടിപ്പത്രങ്ങൾ എഴുതി നിറക്കുകയാണ്. റുപർട്ട് മർഡോക്കിന്റെ മുൻ ഭാര്യയും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ മുൻ കാമുകിയുമായ വെൻഡി ഡെൻഗ്, പുട്ടിന്റെ കാമുകിയാണെന്നാണ് പത്തുവർഷങ്ങൾക്കുമുമ്പേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബ്ലെയറിന് മുമ്പെ ഇത്തരത്തിൽ നിരവധി പ്രഗത്ഭരെ വീഴ്‌ത്തി അതിൽ തന്റെ കഴിവ് തെളിയിച്ച സ്ത്രീയാണ് വെൻഡി. ബ്ലെയറുമായുള്ള വെൻഡിയുടെ ബന്ധം പുറത്ത് വന്നതിനെ തുടർന്നാണ് മർഡോക്ക് ഇവരെ ഉപേക്ഷിച്ചതെന്നും തെളിഞ്ഞിരുന്നു.രണ്ട് മക്കളുടെ അമ്മയായ ഈ ചൈനീസുകാരിക്ക് 47 വയസുണ്ട്. ആരെയും ആകർഷിക്കുന്ന നീലക്കണ്ണുകളാണ് ഇവർക്കുള്ളത്. 2013ൽ ചോർന്ന ഇവരുടെ ഡയറിയിലെ വിവരങ്ങളിലൂടെയാണ് ടോണി ബ്ലെയറുമായുള്ള വെൻഡിയുടെ രഹസ്യബന്ധം ലോകമറിഞ്ഞിരുന്നത്. ബ്ലെയർ സ്മാർട്ടാണെന്നും അദ്ദേഹത്തിന്റെ ശരീരത്തെയും വസ്ത്രങ്ങളും മറ്റും താൻ ഇഷ്ടപ്പെടുന്നുവെന്നും വെൻഡി ഇതിൽ കുറിച്ചിട്ടിരുന്നു.യുഎസ് വീക്കിലിയാണ് ഇത്തരത്തിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ല്യൂഡ്മില പുട്ടിനുമായി വിവാഹമോചനം നേടിയശേഷം വൽദിമിർ പുട്ടിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം കഥകൾ കേട്ടിട്ടില്ല. . തന്റെ ജീവിതത്തിലേക്ക് പുതിയൊരു യുവതി കടന്നുവരില്ലെന്ന് പുട്ടിൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഒളിമ്പിക് ജിംനാസ്റ്റിക്‌സ സ്വർണമെഡൽ ജേതാവ് അലീന കബയേവയുമായി പുട്ടിൻ പ്രണയത്തിലാണെന്ന വാർത്തകളാണ് പിന്നീട് പ്രചരിച്ചത്. മുൻ ജിംനാസ്റ്റിക്‌സ് താരവും ഒളിമ്പിക് സ്വർണമെഡൽ ജേതാവുമായ അലീന കബയേവവും അറിയപ്പെട്ടത് പുട്ടിന്റെ കാമുകിയെന്ന നിലയ്ക്കാണ്.

അലീന അടുത്തിടെ മോസ്‌കോയിലെ ഒരു വിഐപി ക്ലിനിക്കിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്നതാണ് അഞ്ചുവർഷംമുമ്പ് കേട്ട വാർത്ത. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതേവരെ വന്നിട്ടില്ല. പുട്ടിന്റെ സ്വകാര്യജീവിതത്തിലേക്ക് തലയിടാൻ റഷ്യൻ മാധ്യമങ്ങളും തയ്യാറായിട്ടില്ല. മോസ്‌കോയിലെ കുലാക്കോവ് റിസർച്ച് സെന്റർ ഫോർ ഗൈനക്കോളജി ആൻഡ് പെരിനാറ്റോളജിയുടെ നാലാം നില പൂർണമായും അലീനയ്ക്കായി ഈ മാസമാദ്യം മുതൽ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. അവിടെയാണ് അലീനയും കുഞ്ഞുങ്ങളും ഇപ്പോഴുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.മോസ്‌കോ കൊസോമോലെറ്റ്‌സ് എന്ന പത്രമാണ് പുട്ടിന്റെ കാമുകിയുടെ പ്രസവ വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാൽ, ഓൺലൈൻ എഡിഷനിൽ വന്ന വാർത്ത മിനിറ്റുകൾക്കകം ഡിലീറ്റ് ചെയ്യപ്പെട്ടു. വാർത്തയും അതേക്കുറിച്ചുവന്ന കമന്റുകളുമടക്കം പൂർണമായ വിവരങ്ങൾ അപ്രത്യക്ഷമായി. എന്നാൽ, മറ്റൊരു റഷ്യൻ ഓൺലൈൻ, കുബയേവ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി, പിന്നീട് കാണാതായി എന്ന രീതിയിൽ വാർത്ത തുടർന്നും നിലനിർത്തിയെന്നും റിപ്പോർട്ടുണ്ട്.

സോവിയറ്റ് യൂണിയന്റെയും പിന്നീട് റഷ്യയുടെയും ചാരനായിരുന്ന അലക്‌സാണ്ടർ ലിത്വിനെങ്കോ 2016ൽ ലണ്ടനിൽ കൊല്ലപ്പെട്ടപ്പോഴും വൻ വിവദം ഉണ്ടായിരുന്നു. ലിത്വിനെങ്കോയെ പുട്ടിൻ വധിച്ചതുപോലും തന്നെ അപകീർത്തിപ്പെടുത്തുന്ന തെളിവുകൾ നശിപ്പിക്കാനാണെന്നും റിപ്പോർട്ടുണ്ട്.ലിത്വിനെങ്കോയുടെ മരണം അന്വേഷിച്ച റോബർട്ട് ഓവന്റെ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുകൾ ഉള്ളത്. പുട്ടിൻ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തപ്പെട്ടിട്ടുണ്ടെന്നും ലിത്വിനെങ്കോ വെളിപ്പെടുത്തിയിരുന്നു. പുട്ടിൻ വിദ്യാർത്ഥിയായിരുന്ന കാലത്ത് ചെറിയ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നുവെന്നും വെളിപ്പെടുത്തലുകളിൽപ്പെടുന്നു.2006 ജൂണിൽ ക്രെംലിനിൽക്കൂടി നടക്കവെ, പുട്ടിൻ ഒരു അഞ്ചുവയസ്സുകാരന്റെ ഉടുപ്പ് പൊക്കി വയറ്റത്ത് ചുംബിക്കുന്ന ദൃശ്യം അന്വേഷോദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഫ്ളാറ്റിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ പുട്ടിൻ നശിപ്പിച്ചുകളഞ്ഞതായും ലിത്വിനെങ്കോയുടെ പഴയ ബ്ലോഗ് ലേഖനത്തിൽപറയുന്നതായി റോബർട്ട് ഓവൻ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ രഹസ്യാന്വേഷണ ഏജൻസി എഫ്.എസ്.ബിയുടെ തലവനുമായിരുന്നു. പുട്ടിനുമായി തെറ്റി ബ്രിട്ടനിലേക്ക് കടന്ന ലിത്വിനെങ്കോയെ 2006-ൽ പ്ലൂട്ടോണിയം വിഷം നൽകി കൊലപ്പെടുത്തുകയാണെന്നാണ് ആരോപണം.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പുട്ടിനും തമ്മിൽ അടുത്തകാലം വളരെ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി റഷ്യ ഇടപെട്ടുവെന്ന റിപ്പോർട്ടുകളും സജീവമായി രംഗത്തുണ്ട്. എന്തുകൊണ്ടാണ് പുട്ടിനോടിത്ര വിധേയത്വമെന്നത് അമേരിക്കക്കാരെപ്പോലും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതിന് പിന്നിൽ ചില രഹസ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.

'റാ റാ റാസ്പുട്ടിൻ ലവർ ഓഫ് ദ റഷ്യൻ ക്വീൻ...'

'റാ റാ റാസ്പുട്ടിൻ ലവർ ഓഫ് ദ റഷ്യൻ ക്വീൻ...' മലയാളികളിൽ ഗൃഹാതുരത്വം ഉണർത്തുന്ന പാശ്ചാത്യ ഡിസ്‌കോ ഗാനം. 1980കളിൽ ടേപ് റെക്കോർഡുകൾ വ്യാപകമായ കാലത്ത് മിക്കവാറും വീടുകളിൽനിന്ന് 'റാസ്പുട്ടിൻ' കേൾക്കാമായിരുന്നു. റാസ്പുട്ടിന്റെ ജീവിതം ചുരുങ്ങിയ വരികളിൽ വിവരിച്ച ഈ ബോണി എം പാട്ട് 1978ൽ യൂറോപ്പിൽ വൻ തരംഗമായി. അത് ഇപ്പോൾ റഷ്യയിൽ വീണ്ടും ഉയരുകയാണ്. പുടിനെ വിമർശിക്കുന്നവരും വിമതരുമാണ് ഈ പാട്ട് ഉയർത്തുന്നത്.

1976ൽ ജർമൻകാരനായ ഫ്രാങ്ക് ഫാരിയൻ നാല് കറുത്തവംശജരെ ചേർത്ത് തുടങ്ങിയതാണ് ബോണി എം ഗായകസംഘം. ലിസ് മിച്ചെൽ, മേഴ്സി വില്യംസ്, മാർസിയ ബാരെറ്റ്, ബോബി ഫാരൽ എന്നിവരായിരുന്നു അവർ. ജർമനിയിൽ തുടക്കംകുറിച്ച ഗായകസംഘം ലോകം മുഴുവൻ പറന്നു നടന്ന് പരിപാടികൾ അവതരിപ്പിച്ചു. ബോണി എമ്മിന്റെ ലക്ഷക്കണക്കിനു കാസെറ്റുകൾ വിറ്റുപോയി. ചിലയിടങ്ങളിൽ ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാരായിരുന്നു കൂടുതലും ചെലവായത്. ബോബി ഫാരൽ ആയിരുന്നു ഇതിന് നേതൃത്വം നൽകിയത്.

പാശ്ചാത്യരാജ്യങ്ങളിൽ ടെലിവിഷൻ പരിപാടികൾ, സ്റ്റേജ് ഷോ എന്നിവയിലൂടെയാണ് ബോണി എം ജനസമ്മതി നേടിയത്. നൃത്തച്ചുവടുകളോടെ സംഗീതം അവതരിപ്പിക്കുന്ന രീതിക്ക് അവർ തുടക്കംകുറിച്ചു. വകൊണ്ട് അവർ അത്ഭുതം സൃഷ്ടിച്ചു. ഓരോ ആൽബത്തിലും പുതുമ കൊണ്ടുവരാൻ ശ്രമിച്ചു. ലവ് ഫോർ സെയിൽ എന്ന ആൽബത്തിലെ കവറിൽ നഗ്നരായി പോസ് ചെയ്ത് വിവാദം സൃഷ്ടിച്ചു. നഗ്നരായി തറയിൽ കിടക്കുന്ന മൂന്ന് സ്ത്രീകൾ. ചങ്ങലകൊണ്ട് നഗ്നത മറയ്ക്കുന്ന അവരുടെ മുകളിൽ അർധനഗ്നനായി ബോബി ഫാരൽ. വിവാദം ഉണ്ടാക്കി വിൽപ്പന വർധിപ്പിക്കുകയായിരുന്നു തന്ത്രം.

കറുത്തവംശജരെ വേദികളിൽ അവതരിപ്പിക്കുകവഴി വർണവിവേചനത്തിനെതിരെയുള്ള സന്ദേശും ഇവർ നൽകി. 2010 ഡിസംബർ 29ന് സെന്റ് പീറ്റേഴ്സ് ബർഗിൽ സംഗീത പരിപാടി കഴിഞ്ഞ് ഹോട്ടൽമുറിയിൽ ഉറങ്ങാൻ കിടന്ന ബോബി ഫാരൽ പിറ്റേദിവസം മരിച്ചുകിടക്കുന്നതാണ് കണ്ടത്. റാസ്പുട്ടിൻ കൊല്ലപ്പെട്ട അതേ നഗരത്തിൽ അതേ ദിവസം. റാസ്പുട്ടിന്റേതുപോലെ ബോബി ഫാരലിന്റെ മരണത്തിലും അസ്വാഭാവികതയുടെ പുകപടലങ്ങൾ ബാക്കികിടപ്പുണ്ടായിരുന്നു. അതേ റാസ്പുട്ടിൻ ഗാനം ഇന്ന് പുനർജ്ജനിക്കുന്നത് പക്ഷേ സ്വാതന്ത്ര്യത്തിനും എകാധിപത്യത്തിനും എതിരായിട്ടാണെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP