ഗാന്ധിജിയുടെ എതിർപ്പ് മറികടന്ന് നെഹ്റു തുടങ്ങിയ പത്രം; 70 വർഷം പിന്നിട്ടപ്പോൾ ശമ്പളം കൊടുക്കാൻ ഗതിയില്ലാതെ പൂട്ടി; സ്വാമി ചിന്മയാനന്ദന്റെ പൂർവാശ്രമം; രക്ഷിക്കാൻ നടത്തിയ കുറുക്കുവഴികൾ പൊല്ലാപ്പായി; സോണിയാ ഗാന്ധിയും രാഹുലും ഇരുമ്പഴിക്കുള്ളിലാവുമോ; കോൺഗ്രസിന് ഊരാക്കുടുക്കാവുന്ന നാഷണൽ ഹെറാൾഡ് കേസിന്റെ കഥ

എം റിജു
'അവർ പട്ടിണി കിടന്ന് മരിക്കും, തമ്മിൽ തല്ലി തീരും'- ഇന്ത്യക്ക് സ്വാതന്ത്ര്യം എന്തുകൊണ്ട് കൊടുക്കുന്നില്ല എന്ന ചോദ്യത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി സർ വിറ്റ്സൺ ചർച്ചിൽ പറഞ്ഞത് ഈ വാചകമാണ്. പട്ടിണി മരണങ്ങളും, ക്ഷാമവും, കൊടിയ വർഗീയ ലഹളകളുമാണ്, ഇന്ത്യ സ്വതന്ത്രമായപ്പോൾ പല സാമ്പത്തിക വിദഗ്ധരും പ്രവചിച്ചത്. പക്ഷേ ലോകത്തെ അത്ഭുദപ്പെടുത്തി, ഇന്ത്യ പതുക്കെ വളർന്നു. ഭക്ഷ്യ സുരക്ഷ തേടി. ആണവ ശക്തിയായി. ഭാവിയിൽ ലോകത്തിലെ വലിയ സമ്പദ് ശക്തികളിലൊന്നായി മാറാൻ ഇന്ത്യക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. അടുത്തടുത്ത ദിവസം സ്വാതന്ത്ര്യം കിട്ടിയ രണ്ടു രാജ്യങ്ങളാണെല്ലോ, ഇന്ത്യയും പാക്കിസ്ഥാനും. എന്നിട്ടും ഇന്ത്യ ജനാധിപത്യത്തിലേക്കും, പാക്കിസ്ഥാൻ ഇടക്കിടെ പട്ടാള ഭരണത്തിലേക്കും പോയി. ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും.
ആരാണ് ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലെ ഗെയിം ചേഞ്ചർ എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളൂ. സാക്ഷാൽ ജവഹർലാൽ നെഹ്റു. ഗാന്ധിജിയോടുള്ള അങ്ങേയറ്റത്തെ ബഹുമാനം നിലനിർത്തുമ്പോളും, ആശയപരമായി തീർത്തും ആധുനികനായിരുന്നു നെഹ്റു. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും, മാധ്യമങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന റോളുമൊക്കെ നന്നായി അറിയാവുന്ന അദ്ദേഹം പത്രലോകത്തും ഏറെ ശ്രദ്ധിച്ചിരുന്നു. അങ്ങനെ നെഹ്റു തുടങ്ങിയ ഒരു പത്രം ഇന്ന് കോൺഗ്രസിന് വലിയ തലവേദനയാവുകയാണ്. ഇതിന്റെ പേരിലാണ് ഇഡി രാഹുൽഗാന്ധിയെയും സോണിയാ ഗാന്ധിയെയും ചോദ്യം ചെയ്യുന്നത്.
1938മുതൽ 2008ൽ അടച്ചുപൂട്ടുന്നതുവരെ കോൺഗ്രസിന്റെ ജിഹ്വയായിരുന്ന പത്രമാണ നാഷണൽ ഹെറാൾഡ്. നെഹ്റു മൂൻകൈ എടുത്താണ് ഇതിനുള്ള നിക്ഷേപകരെ വരെ കണ്ടത്. കോൺഗ്രസിന്റെ സ്വത്താണ് നാഷണൽ ഹെറാൾഡ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. പക്ഷേ പിന്നീട് സാമ്പത്തിക പ്രതിസന്ധിയിലായി അടച്ചുപൂട്ടേണ്ടി വന്ന ഈ പത്രം, രക്ഷിച്ചെടുക്കാൻ കോൺഗ്രസ് നടത്തിയ കുറക്കുവഴികൾ അതിലേറെ പൊല്ലാപ്പായി. അതിന്റെ പേരിലാണ് ഇന്ന് രാഹുൽഗാന്ധി ഇ ഡിക്ക് മുമ്പാകെ ഹാജരാവുന്നത്.
ഇതും കേരളത്തിൽ തിളച്ചുകൊണ്ടിരിക്കുന്ന സ്വർണ്ണക്കടത്ത് കേസും താരമത്യം ചെത്താണ് ഇപ്പോൾ ക്യാപ്സ്യൂളുകൾ ഇറങ്ങുന്നത്. സൈബർ സഖാക്കൾ രാഹുലിൽ നിന്ന് ഇ ഡി മൊഴിയെടുത്തത് ആഘോഷിക്കയാണ്. പക്ഷേ സ്വർണ്ണക്കടത്തുകേസുപോലെ രാജ്യദ്രോഹവും, സ്റ്റണ്ടും, സെക്സും, നിറഞ്ഞ ഒരു സംഭവമല്ല നാഷണൽ ഹെറാൾഡ കേസ്. കോൺഗ്രസിന്റെ ഒരു പ്രോപ്പർട്ടി കൈമാറ്റം ചെയ്തപ്പോൾ വന്ന സാങ്കേതികവും നിയമപരവുമായ ഒരു പിശകാണത്. പക്ഷേ കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്ന മോദിയുടെയും അമിത്ഷായുടെയും കൈയിൽ കിട്ടിയ ഒരു വടിയാണ് ഇതെന്ന് നിസ്സംശയം പറയാം. അവർ ഇത് കള്ളപ്പണം വെളുപ്പിക്കാനുള്ള കേസാക്കി മാറ്റുകയും ഇഡിയെ ഇറക്കുകയും ചെയ്തു. നേരത്തെ ഇഡി അന്വേഷിച്ചിട്ടും കള്ളപ്പണ ഇടപാടിന് യാതൊരു തെളിവും കിട്ടിയിരുന്നില്ല.
ഏഴു ദശാബ്ദക്കാലം കോൺഗ്രസിന്റെ മുഖം
തുടക്കം മുതൽ എതിർപ്പിന്റെ ചരിത്രമാണ് നാഷണൽ ഹെറാൾഡിന് പറയാനുള്ളത്. ഗാന്ധിമുതൽ ബ്രിട്ടീഷുകാരുടെയും എതിർപ്പ് പത്രം മറികടന്നു. കോൺഗ്രസിന്റെ മുഖപത്രമെന്ന നിലയിൽ ഏഴു ദശാബ്ദക്കാലം നിലനിന്ന ദിനപ്പത്രമാണ് നാഷണൽ ഹെറാൾഡ്. നെഹ്‌റു ഈ പത്രം തുടങ്ങാൻ മഹാത്മാഗാന്ധിയുമായി ദിർഘനാൾ പിണങ്ങുകയും വഴക്കിടുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിന് ഒത്താശകൾ ചെയ്ത് ബിർളയുടെ 'ഹിന്ദുസ്ഥാൻ ടൈംസ്' ഡൽഹിയിലുള്ളപ്പോൾ കോൺഗ്രസിന് മറ്റൊരു പത്രമെന്തിനെന്ന് ഗാന്ധിജി ചോദിച്ചു. എന്നാൽ ബിർള മാത്രമല്ല മഹാത്മജിയുടെ എതിർവാദത്തിന് കാരണമെന്നും ഹിന്ദുസ്ഥാൻ ടൈംസിൽ എഡിറ്റർ ആയ അദ്ദേഹത്തിന്റെ മകൻ ദേവദാസ് ഗാന്ധിയാണെന്നും നെഹ്‌റു മനസ്സിലാക്കി. അനുനയ നീക്കങ്ങളൊന്നും വിലപ്പോയില്ല.
മാധ്യമരംഗത്ത് കോൺഗ്രസിന് ശക്തമായ ഒരു ജിഹ്വവേണമെന്ന നിലപാടയിരുന്നു നെഹ്റുവിന്. നാഷണൽ ഹെറാൾഡിന് പണം മുടക്കാൻ മോട്ടോർകാർ വ്യാപാരി രഘുനന്ദൻ സരൺ സന്നദ്ധനായി കാത്തിരിപ്പുണ്ടായിരുന്നു. എ.ഐ.സി.സിക്ക് ഒരു ചില്ലിക്കാശും ചെലവില്ലാതെ പത്രം നടത്തിക്കൊണ്ടുപോകാൻ ധനവാനായ രഘുനന്ദൻ ഒരുക്കവുമാണ്. പക്ഷേ ഗാന്ധിജിയുടെ എതിർപ്പ് അവഗണിക്കാൻ നെഹ്‌റുവിനു പോലും കഴിയാതെ വന്നു. ഒടുവിൽ ഡൽഹി വിട്ട് ഉത്തർപ്രദേശിന്റെ തലസ്ഥാനമായിത്തീർന്ന ലഖ്‌നോയിൽ നിന്ന് 1938 സെപ്റ്റംബർ ഒമ്പതാം തീയതി നാഷണൽ ഹെറാൾഡ് പ്രസിദ്ധീകരിക്കേണ്ടിവന്നു. നെഹ്‌റു ചെയർമാനായ ഡയറക്ടർ ബോർഡിനായിരുന്നു പത്രത്തിന്റെ നിയന്ത്രണാധികാരം. ആന്ധ്രാക്കാരനായിരുന്ന കെ. രാമറാവു ചീഫ് എഡിറ്റർ ആയി.
അസിസ്റ്റന്റ് എഡിറ്റർ മറ്റൊരു ആന്ധ്രക്കാരൻ എം. ചലപ്പതിറാവുവും. ക്ഷിപ്രകോപിയും അരക്കിറുക്കനും സത്യസന്ധനും ശുദ്ധഗതിക്കാരനുമായിരുന്നു രാമറാവു. മുഖപ്രസംഗം പതിവായി എഴുതുന്ന ചുമതല ഒഴികെ പത്രത്തിലെ ഇതര ജോലികളുടെ മുഴുവൻ മേൽനോട്ടച്ചുമതല ചലപതിറാവുവിനായിരുന്നു. നെഹ്‌റു നിരന്തരം ആശയവിനിമയം നടത്തിയിരുന്നത് യുവാവായ മണികൊണ്ട ചലപതിറാവുവുമായിട്ടായത് കോൺഗ്രസ് രാഷ്ട്രീയത്തിന്റെ എന്നത്തെയും സ്വഭാവം വ്യക്തമാക്കുന്നു. ആരോടും തർക്കുത്തരം പറയാൻ മിടുക്കനായ കെ. രാമറാവു നെഹ്‌റുവിന്റെ നല്ല പുസ്തകത്തിൽ ഒരിക്കലും ഇടം നേടിയില്ല. എ.പി. സക്‌സേന, ദയാനന്ദസിങ് എന്നീ സബ് എഡിറ്റർമാർ നാഷണൽ ഹെറാൾഡിൽ ജോലി ചെയ്തു.
മലയാളിയായ ശങ്കരൻകുട്ടി കാർട്ടൂണിസ്റ്റ് കുട്ടി എന്ന നിലയിൽ ശങ്കേഴ്‌സ് വീക്കിലിയിലെ പരിശീലനം പൂർത്തിയാക്കി ഹെറാൾഡിൽ ചേർന്നു. ആമിനാ ബാദ് സർക്കിളിലെ ഹെറാൾഡ് ഓഫീസ് മന്ദിരത്തിൽ പത്രാധിപന്മാർക്ക് പാർപ്പിട സൗകര്യമുണ്ടായിരുന്നു. മുഴുവൻ സമയം പ്രവർത്തിക്കുന്ന കാന്റീൻ വേറെയും. കുട്ടി അടക്കമുള്ള ദക്ഷിണേന്ത്യൻ ഭക്ഷണ പ്രിയർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു. എല്ലാവർക്കും ശമ്പളം നിശ്ചയിച്ചിരുന്നെങ്കിലും അത് കൃത്യമായി നൽകിയിരുന്നില്ല. കോൺഗ്രസ് നേതാക്കൾ പതിവായി ഹെറാൾഡ് സന്ദർശിക്കും. രാമറാവു അവരെല്ലാമായി തർക്കിക്കുമ്പോൾ ചലപതിറാവു നിശ്ശബ്ദനായി ജോലി ചെയ്യും. ഭക്ഷണത്തിനും താമസത്തിനും തടസ്സമില്ലാത്തതിനാൽ ശമ്പളം കൃത്യമായി കിട്ടിയില്ലെങ്കിലും പരാതിയില്ലാതെ ഏവരും മുഴുവൻ സമയം ജോലി ചെയ്തുപോന്നു.
പേരുമാറ്റി ലേഖനം എഴുതുന്ന നെഹ്റു
മഹാരഥന്മാർ അണി നിരന്ന പത്രമായിരുന്നു നാഷണൽ ഹെറാൾഡ്.വി.കെ. കൃഷ്ണമേനോൻ ലണ്ടനിൽ നിന്ന് നാഷണൽ ഹെറാൾഡിലേക്ക് വാർത്തയും ലേഖനങ്ങളും അയച്ചുകൊണ്ടിരുന്നു. ചലപതിറാവു നേരിട്ടാണ് അവയെല്ലാം എഡിറ്റ് ചെയ്തത്. വിൻസ്റ്റൺ ചർച്ചിൽ ഇന്ത്യയെപ്പറ്റി എന്ത് പറഞ്ഞാലും കുട്ടിയുടെ ഒരു കാർട്ടൂൺ സഹിതം പരിഹാസത്തോടെ പ്രാമുഖ്യം നൽകി പ്രസിദ്ധീകരിച്ചിരുന്നു. നെഹ്‌റു പല തൂലികാനാമങ്ങളിൽ ലേഖനങ്ങൾ എഴുതി. ബ്രിട്ടീഷ് ഏകാധിപത്യത്തെ കളിയാക്കിയ ലേഖനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് ജവഹർലാൽ നെഹ്‌റു ഭരണാധികാരിയായിരുന്നാൽ ഒരിക്കലും അദ്ദേഹം ഒരു ഏകാധിപതിയാകില്ലെന്ന് കുറിച്ചു. ചലപതിറാവു ഈ വരിവായിച്ച് പൊട്ടിച്ചിരിച്ചു. ഫിറോസ് ഗാന്ധി അന്ന് ഹൊറാൾഡ് ഓഫീസിൽ വന്നപ്പോൾ ചലപതിറാവു അടിവരയിട്ട് ഈ വാചകം അദ്ദേഹത്തിന് കാട്ടിക്കൊടുത്തു. നെഹ്‌റുതന്നെയാണ് സ്വയം ഇങ്ങനെ പ്രശംസിച്ചിരിക്കുന്നതെന്ന് ഫിറോസിനു വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞു.
ഫിറോസ് ഗാന്ധി പോയിക്കഴിഞ്ഞപ്പോൾ ശങ്കരൻകുട്ടി ശബ്ദം താഴ്‌ത്തി ചലപതിറാവുവിനോട് ചോദിച്ചു ''ആരാണ് ആ വ്യക്തി, ഗാന്ധിജിയുടെ ബന്ധുവാണോ എന്ന ചോദ്യത്തിന് അല്ല അടുത്തുതന്നെ നെഹ്റുവിന്റെ ബന്ധു ആവും എന്നായിരുന്നു ചലപതി റാവുവിന്റെ മറുപടി. കാരണം ഫിറോസും ഇന്ദിരയും തമ്മിലുള്ള പ്രണയം അദ്ദേഹത്തിന് അറിയാമായിരുന്നു.
കൊച്ചുവർത്തമാനം നീട്ടിക്കൊണ്ടുപോകാൻ ഇഷ്ടപ്പെടാതെ രാജ്യത്ത് വളരുന്ന വർഗ്ഗീയ ചേരിതിരിവിനെക്കുറിച്ച് ഒരു കാർട്ടൂൺ ഉടൻ വേണമെന്ന് പറഞ്ഞ് കുട്ടിയെ പത്രാധിപർ മടക്കി. ഹിന്ദുമഹാസഭാ നേതാവ് ശ്യാമ പ്രസാദ് മുക്കർജി ആർഎസ്എസ്സിനെയും മുഹമ്മദാലി ജിന്ന മുസ്ലിം ലീഗിനെയും തോളുകളിൽ ഏറ്റി ഒരു തടിപ്പാലത്തിൽ നദിക്കു കുറുകെ നിന്ന് ഇരുവശത്തേക്കും പോകാനാകാതെ തർക്കിക്കുന്ന കാർട്ടൂൺ അന്ന് അങ്ങനെ ഉണ്ടായി എന്ന് കുട്ടി 'ലാസ്റ്റ് ലാഫർ' എന്ന തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.
രണ്ടാം ലോകയുദ്ധം തുടങ്ങി. കോൺഗ്രസ് അനുഭാവികളടക്കം ധാരാളം പേർ നേതാക്കളെ അനുസരിക്കാതെ ബ്രിട്ടീഷ് ആർമിയിൽ ചേർന്നു. പഞ്ചാബിലെ പ്രശസ്തനായ ഒരു ഡോക്ടറും ആകർഷകമായ വേതനം മോഹിച്ച് കോൺഗ്രസിൽ നിന്ന് രാജിവച്ച് ബ്രിട്ടനെ സേവിക്കാൻ പുറപ്പെട്ടു. ബ്രിട്ടീഷ് അനുകൂല പ്രസിദ്ധീകരണങ്ങൾ ഇന്ത്യാക്കാരെ ആകർഷിക്കാൻ ഇത്തരം സംഭവങ്ങൾക്ക് നല്ല പ്രചാരം നൽകി. യുദ്ധം നീണ്ടുപോയാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ഇല്ലാതാകുമെന്ന് നാഷണൽ ഹെറാൾഡിന് തോന്നി. പല മുഖപ്രസംഗങ്ങളിലൂടെ അത് വെളിവാക്കി.
ഗാന്ധിജി ഉടൻ ബ്രിട്ടീഷുകാർ ഇന്ത്യവിടുക എന്ന മുദ്രാവാക്യം ഉയർത്തി ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ചു. അതോടെ ഹെറാൾഡിന്റെ അവസ്ഥ പരിതാപകരമായി. പട്ടാളം ലഖ്‌നോ ഓഫീസ് റെയ്ഡു ചെയ്തു. പത്രം ഓഫീസ് മുദ്രവച്ചു പൂട്ടി. ചലപതിറാവു ഡൽഹിക്ക് മടങ്ങി. 1945ൽ മഹായുദ്ധം അവസാനിച്ചശേഷമാണ് നാഷണൽ ഹെറാൾഡ് പ്രസിദ്ധീകരണം പുനരാരംഭിച്ചത്. കെ. രാമറാവു ട്രെയിൻ അപകടത്തിൽ മരിച്ചു. എം. ചലപതിറാവു എഡിറ്റർ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഇന്ദിരയും ഫിറോസ് ഗാന്ധിയും തമ്മിലുള്ള വിവാഹം കഴിഞ്ഞു. ഇരുവരും പതിവായി ഹെറാൾഡിൽ എത്തുകയും പത്രാധിപന്മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ''ഫ്രീഡം ഈസ് ഇൻ പെരിൾ. ഡിഫെൻഡ് ഇറ്റ് വിത്ത് ആൾ യുവർ മൈറ്റ്.''എന്ന് ഹെറാൾഡിന്റെ മാസ്റ്റ് ഹെഡിന് മുകളിൽ പതിവായി അച്ചടിക്കാൻ ഇന്ദിരാഗാന്ധി നിർദ്ദേശിച്ചു. ഒരു വർഷം കഴിഞ്ഞു നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ വന്നു.
സ്വാമി ചിന്മയാനന്ദന്റെ പൂർവാശ്രമം
ലഖ്‌നോ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾ ഉപരിപഠനത്തിന് പോകുന്ന പതിവ് അക്കാലത്തുണ്ട്. തിരുവിതാംകൂറിൽ നിന്നും കൊച്ചിയിൽ നിന്നും വിദ്യാർത്ഥികൾ ലഖ്‌നോയിൽ എത്തിക്കൊണ്ടിരുന്നു. രണ്ടുവർഷം പഠിച്ചാൽ ബി.എ ഡിഗ്രിയും ബി.എൽ ബിരുദവും ഒരുമിച്ചെടുക്കാമെന്ന എളുപ്പമുണ്ട്. അങ്ങനെ പഠിക്കാനെത്തിയ പി. ബാലൻ എന്നൊരു വിദ്യാർത്ഥി ഒരു വൈകുന്നേരം നാഷണൽ ഹെറാൾഡിന്റെ ഓഫീസിൽ കയറിച്ചെന്നു.
ലഖ്‌നോ സർവകലാശാലയിൽ അമിത ഫീസ് ഈടാക്കുന്നതിനെപ്പറ്റി ഒരു വാർത്ത കൊടുക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. പത്രാധിപർ ചലപതിറാവു ക്ഷോഭാകുലനായ ആ വിദ്യാർത്ഥിയെ ശാന്തനാക്കാൻ ശ്രമിച്ചു. ബ്രിട്ടീഷുകാരാണ് സർവകലാശാല നിയന്ത്രിക്കുന്നത്. വാർത്ത പ്രസിദ്ധീകരിച്ചതുകൊണ്ട് ഫീസ് കുറയ്ക്കാൻ പോകുന്നില്ല. പഠനച്ചെലവ് നേരിടാൻ ഒഴിവുസമയത്ത് വിദ്യാർത്ഥികൾ എന്തെങ്കിലും ജോലി ചെയ്തു പണമുണ്ടാക്കണം. ബാലന് ഇഷ്ടമാണെങ്കിൽ ഹെറാൾഡിൽ വൈകുന്നേരങ്ങളിൽ വന്നു ജോലിചെയ്യാം. ബാലൻ ആ നിർദ്ദേശം സ്വീകരിച്ചു. കോഴ്‌സ് പൂർത്തിയാക്കിയ ശേഷം അയാൾ അവിടെ സബ് എഡിറ്റർ ആയി മുഴുവൻ സമയം ജോലി തുടർന്നു. പാർപ്പിടവും ഭക്ഷണവും സൗജന്യം. വല്ലപ്പോഴും വേതനം. എങ്കിലും കുഴപ്പമില്ല. ബാലന് പണി ഇഷ്ടമായി. സമർത്ഥനായ ഒരു പത്രാധിപരായി ഉയരാനുള്ള സാധ്യതകൾ തെളിയിച്ചുകൊണ്ടിരിക്കെ ബാലൻ ആരോടും പറയാതെ ഒരുദിവസം ലഖ്‌നോയിൽ നിന്ന് മുങ്ങി. ചലപതിറാവുവിന് വലിയ വിഷമം തോന്നി.
1947ൽ ഡൽഹിയിലെ ഒരു വേനൽ പകൽ. നീണ്ട് മെലിഞ്ഞ ഒരു യുവാവ് റോഡ് ക്രോസ് ചെയ്യാൻ കാത്തുനിൽക്കുന്നത് ചലപതിറാവു കണ്ടു. 'ബാലൻ' എന്ന് അദ്ദേഹം ഉറക്കെ വിളിച്ചു. ശബ്ദം കേട്ട ഭാഗത്തേക്ക് ചെറുപ്പക്കാരൻ നോക്കി. റാവു അടുത്തു ചെന്നു. മുഷിഞ്ഞ വേഷം. തിളങ്ങുന്ന കണ്ണുകൾ കൂടുതൽ വിടർന്നതുപോലെ. ശരീരം വളരെ മെലിഞ്ഞു. ഹരിദ്വാരിൽ ഒരു സന്യാസാശ്രമത്തിൽ കൂടിയിരിക്കുകയാണെന്ന് ബാലൻ പറഞ്ഞു. പിൽക്കാലത്ത് ആഗോളതലത്തിൽ പ്രശസ്തനായിത്തീർന്ന ഗീതാവ്യാഖ്യാതാവ് സ്വാമി ചിന്മയാനന്ദന്റെ ഉദയമാണ് ആ കണ്ണുകളിൽ താൻ കണ്ടതെന്ന് ചലപതിറാവു കുറിച്ചു. ഈ കൂടിക്കാഴ്ചയുടെ നാടകീയ യാദൃച്ഛികതയെക്കുറിച്ച് കാർട്ടൂണിസ്റ്റ് കുട്ടിയോട് ചലപതിറാവു വിവരിച്ചു. കുട്ടി വിശ്വസിക്കാൻ കൂട്ടാക്കാനായില്ല. ''ബാലനെ എനിക്കറിയാം. അവനങ്ങനെ പല വേഷവും കെട്ടും'' എന്നായിരുന്നു കുട്ടിയുടെ പ്രതികരണം. കാലം കുട്ടിയുടെ നിഗമനങ്ങൾ തള്ളിക്കളഞ്ഞു.'
'ടുബി ഓർ നോട്ട് ടുബി'
നാഷണൽ ഹെറാൾഡ് വളർന്നുകൊണ്ടിരുന്നു. 1969ൽ കോൺഗ്രസ് പിളരുന്നതുവരെ പത്രത്തിന്റെ നല്ലകാലമായിരുന്നു. 1968ൽ പത്രത്തിന് ന്യൂഡൽഹി എഡിഷൻ ഉണ്ടായി. പ്രചാരണത്തിൽ ഹിന്ദുസ്ഥാൻ ടൈംസിനോട് കിടപിടിച്ചു. ഇന്ദിരാഗാന്ധിക്കെതിരെ പ്രബലരായ കോൺഗ്രസ് നേതാക്കൾ തിരിഞ്ഞപ്പോൾ 'ടുബി ഓർ നോട്ട് ടുബി' എന്ന തലക്കെട്ടിൽ ചലപതിറാവു എഴുതി: ''അധികാരയുദ്ധത്തിൽ ഒരുമിച്ചു നിൽക്കണോ ഭിന്നിച്ചകലണോ എന്ന് കോൺഗ്രസ് നേതാക്കൾ തീരുമാനിക്കട്ടെ. ഓരോ നേതാവിന്റെയും വ്യക്തിപരമായ തീരുമാനമാണ് ഇവിടെ പ്രധാനം.'' പൊതുപ്രാധാന്യത്തിനുമേൽ വ്യക്തി മഹിമ പരമപ്രധാനമായി മാറുന്ന ഗതികേടിലേക്ക് കോൺഗ്രസ് പതിച്ചു തുടങ്ങുന്നതിന്റെ സൂചന.
പിളർപ്പിനു ശേഷം കോൺഗ്രസിന്റെ മുഖപത്രം 'കോക്കസ് ഓർ കോൺഗ്രസ്' എന്ന മുഖപ്രസംഗം എഴുതി. ഇന്ദിരയോടൊപ്പം നിന്നവർ കോൺഗ്രസുകാരും നിജലിംഗപ്പ, കാമരാജ്, മൊറാർജി കൂട്ടുകെട്ട് 'കോക്കസും.' ഇന്ദിരാഗാന്ധിയുടെ ദുരന്തപൂർണമായ രക്തസാക്ഷിത്വത്തിന് ഭാഷ്യം ചമയ്ക്കാൻ കാത്തു നിൽക്കാതെ എം. ചലപതിറാവു എന്ന മഹാനായ പത്രാധിപർ 1983 മാർച്ച് 25-ാം തീയതി ജീവിതത്തോട് വിടപറഞ്ഞു. പിന്നെയും കാൽനൂറ്റാണ്ട് നാഷണൽ ഹെറാൾഡ് നിലനിന്നു. സാങ്കേതിക മാറ്റങ്ങൾക്കൊത്ത് ഉയരാൻ പറ്റാതെ 2008ൽ ഹെറാൾഡ് പ്രവർത്തനം നിന്നു. ഇപ്പോഴിതായാ വിൽപ്പന സംബന്ധിച്ച് പുതിയ വിവാദങ്ങളും.
പുനപ്രസിദ്ധീകരിക്കാൻ കോൺഗ്രസ്
നാഷണൽ ഹെറാൾഡ് പസാധകരായിരുന്നു, ദി അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന എജെഎൽ കമ്പനി. 1937 ലായിരുന്നു രൂപീകരണം. നെഹ്‌റുവിന് പുറമെ 5000 സ്വാതന്ത്ര്യ സമര സേനാനികൾ എജെഎല്ലിൽ ഓഹരി പങ്കാളികളായിരുന്നു. 2010 ആയപ്പോഴേക്കും പങ്കാളികളുടെ എണ്ണം 1000 ആയി കുറഞ്ഞെന്ന് ദി ഫിനാൻഷ്യൽ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 90 കോടിയിലധികം കടബാധ്യത ഉണ്ടായതിനെ തുടർന്ന് 2008ൽ നാഷണൽ ഹെറാൾഡ് പൂട്ടി. പക്ഷേ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പത്രം വഹിച്ച പങ്ക് ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർട്ടി പത്രം വീണ്ടും അച്ചടിക്കാൻ തീരുമാനിച്ചു. പ്രസാധകരായ എജെഎല്ലിന് കോൺഗ്രസ് പാർട്ടി 90 കോടി രൂപ പലിശരഹിത വായ്പ അനുവദിച്ചു. പക്ഷേ തിരിച്ചടക്കുന്നതിൽ എജെഎൽ പരാജയപ്പെട്ടു.
തുടർന്നാണ് മറ്റൊരു വഴിക്ക് എജെഎല്ലിനെ ഏറ്റെടുക്കാനുള്ള നീക്കം നടന്നത്.
2010 നവംബറിൽ രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും 76 ശതമാനം ഓഹരി പങ്കാളിത്തത്തോടെ യംഗ് ഇന്ത്യൻ എന്ന കമ്പനി രൂപീകരിച്ചു. ബാക്കി 24 ശതമാനം മോത്തിലാൽ വോറയും ഓസ്‌കാർ ഫെർണാണ്ടസും പങ്കിട്ടു. എജെഎലും യങ്ങ് ഇന്ത്യനും ഡൽഹി ഐടിഒയിലെ ഹെറാൾഡ് ഹൗസിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിന്നീട് എജെഎല്ലിന്റെ ആസ്തികൾ യങ്ങ് ഇന്ത്യനിലേക്ക് മാറ്റി. ഹെറാൾഡ് ഹൗസും ഉത്തർപ്രദേശിലുൾപ്പെടെയുള്ള മറ്റു സ്വത്തുക്കളും ഇതിൽ ഉൾപ്പെടുന്നു. ഇതാണ് പ്രശ്നമായത്.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായിരുന്ന, എജെഎൽ എന്ന കമ്പനിയെ യങ് ഇന്ത്യൻ ലിമിറ്റഡ് എന്ന കമ്പനി വഴി തട്ടിയെടുത്തെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. 2000 കോടിരൂപയോളം വരുന്ന സ്വത്ത് തുച്ഛമായ വിലക്ക് സോണിയയും രാഹുലും ചേർന്ന് സ്വന്തമാക്കിയെന്നും പരാതിയിൽ പറയുന്നു. 90 കോടി രൂപ ബാധ്യതയുണ്ടായിരുന്നു കമ്പനിയെ 50 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. എജെഎല്ലിന് നൽകിയ വായ്പ നിയമവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.
കമ്പനി നിയമം ലംഘിച്ചെന്നും, സോണിയ ഗാന്ധിയുടെ ഔദ്യോഗിക വിലാസം ദുരുപയോഗം ചെയ്തെന്നും, ഓഹരി വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിന്ന് മറച്ചുവെച്ചെന്നും, എഐസിസി നിയമവിരുദ്ധമായി എ.ജെ.എൽ കമ്പനിക്ക് വായ്പ നൽകിയെന്നുമൊക്കെയാണ് മറ്റ് ആരോപണങ്ങൾ.
പൊതുസ്വത്ത് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചു, ഇതിനായി ഗൂഢാലോചന നടത്തി, ഓഹരി ഉടമകളെ അറിയിക്കാതെ വഞ്ചിച്ചു, വസ്തുവകകൾ നിസാര തുകയ്ക്ക് കൈവശപ്പെടുത്താൻ ശ്രമിച്ചു എന്നിവയാണ് പ്രധാന സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണങ്ങൾ.രാഷ്ട്രീയ പാർട്ടികൾക്ക് വാണിജ്യ ആവശ്യങ്ങൾക്കായി പണം നൽകാൻ അനുവദമില്ലെന്നും കോൺഗ്രസ് നൽകിയ വായ്പ നിയമവിരുദ്ധമാണെന്നും സ്വാമി പറയുന്നു. എന്നാൽ കമ്പനിക്ക് നൽകിയ വായ്പയിൽ പാർട്ടിക്ക് വാണിജ്യ ലാഭമൊന്നും ലഭിച്ചിട്ടില്ലെന്നാണ് കോൺഗ്രസിന്റെ മറുപടി.
കോൺഗ്രസ് ട്രഷറർ മോത്തിലാൽ വോറ, ജനറൽ സെക്രട്ടറി ഓസ്‌കാർ ഫെർണാണ്ടസ്, മാധ്യമപ്രവർത്തകൻ സുമൻ ദുബെ, സാങ്കേതിക വിദഗ്ധൻ സാം പിത്രോദ എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇതിൽ മോത്തിലാൽ വോറ മരിച്ചതിനാൽ കോടതി 2021 ജനുവരിയിൽ കേസിൽ നിന്ന് ഒഴിവാക്കി. പറഞ്ഞിരുന്നു. ഓസ്‌കാർ ഫെർണാണ്ടസും 2021സെപ്റ്റംബറിൽ അന്തരിച്ചു.
ആരാണ് വില്ലൻ?
2014 ജൂണിൽ കോടതി സോണിയെയും രാഹുലിനെയും കേസിലെ മറ്റ് പ്രതികളെയും കോടതി വിളിച്ചു വരുത്തിയിരുന്നു. ഇതുവരെ ലഭിച്ച തെളിവുകളിൽ നിന്നും പൊതു സമ്പത്ത് വ്യക്തിഗത ആവശ്യങ്ങൾക്കായി ചെലവഴിച്ചെന്ന് വ്യക്തമായതായി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഗോമതി മനോച ചൂണ്ടിക്കാട്ടിയിരുന്നു. ആരോപണങ്ങൾ നിരസിക്കാനും തങ്ങളുടെ ഭാഗം വാദിക്കാനുമുള്ള അവകാശം പ്രതികൾക്ക് ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2014 ജൂലൈയിൽ കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും സമൻസ് സ്റ്റേ ചെയ്യുകയും ചെയ്തു.
2016 ഫെബ്രുവരിയിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളും ക്രിമിനൽ നടപടികൾ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ആ കേസാണ് ഇപ്പോഴും തുടരുന്നത്.തുടർന്ന് ഇഡിയുടെ അന്വേഷണവും ഉണ്ടായി. അപ്പുറത്ത് സുബ്രമണ്യം സ്വാമിയെന്ന കൊലകൊല്ലിയാണ്. കേസ് നല്ല രീതിയിൽ നടത്തിയില്ലെങ്കിൽ പണി കിട്ടുമെന്നും, സോണിയയും രാഹുലും ശിക്ഷക്കപ്പെടുമെന്ന ഭീതിയും കോൺഗ്രസിന് അകത്തുനിന്നുതന്നെ ഉയരുന്നുണ്ട്.
എന്നാൽ തീർത്തും ദുർബലമാണ് ഈ വിഷയത്തിൽ കോൺഗ്രസിന്റെ പ്രതിരോധം എന്ന് പറയാതെ വയ്യ. കേന്ദ്ര സർക്കാർ രാഷ്ട്രീയവൈര്യം തീർക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കള്ളപ്പണ ഇടപാടിന് യാതൊരു തെളിവുമില്ല. ഒന്നും മറച്ചുവയ്ക്കാനുമില്ലെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. കള്ളപ്പണം വെളുപ്പിച്ചതിനോ പണം കൈമാറ്റം ചെയ്തതിനോ തെളിവുകളില്ലെന്നാണ് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞത്. നാഷണൽ ഹെറാൾഡിനെതിരായ കേസിലൂടെ ബിജെപി സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയും അനാദരിക്കുകയും ചെയ്തെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പ്രതികരിച്ചു. ആദ്യം ബ്രിട്ടീഷുകാർ ഈ പത്രത്തെ അടിച്ചമർത്താൻ ശ്രമിച്ചിരുന്നു. ഇന്ന് മോദി സർക്കാർ ഇഡിയെ അതിനായി ഉപയോഗിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിലെ യഥാർഥ വില്ലൻ ആരാണ് എന്ന് ചോദിച്ചാൽ പത്രം നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്നു മോത്തലാൽ വോറയും ഓസ്‌ക്കാർ ഫെർണാണ്ടസും പോലെയുള്ള നേതാക്കൾ തന്നെയാണ്. പ്രൊഫഷണലായി ഒരു കാര്യവും നടത്താൻ കഴിയാത്ത രീതിയിൽ കോൺഗ്രസ് മാറുന്നു. കേരളത്തിലെ വീക്ഷണം പത്രത്തിന്റെ അവസ്ഥ നോക്കുക. കെടുകാര്യസ്ഥതമൂലം സമാനമായ അവസ്ഥയിലാണ് നാഷണൽ ഹെറാൾഡ് എത്തിയത്. രണ്ടാമത് ഇതുപോലെ ഒരു കമ്പനി കൈമാറ്റം നടക്കുമ്പോൾ ലീഗൽ ലൂപ്പ്ഹോളുകൾ ഒന്നും ഇല്ലാതിരിക്കാനുള്ള പരിശോധന കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇത് ഞങ്ങളുടെ പത്രമാണ്, ഇതിന്റെ സ്വത്തുക്കൾ ഞങ്ങളുടേതാണ് എന്ന അമിതമായ ഒരു ആ്തമവിശ്വാസമാണ് അവർക്ക് ഉണ്ടായിരുന്നത്. എന്നാൽ സ്വാമി കോടിതിൽ പറഞ്ഞത് ഇത് നാട്ടുകാരുടെ പണം ആണ് എന്നാണ്. അത് സോണിയയും രാഹുലും സ്വകാര്യ സ്വത്താക്കിയെന്നും. സത്യത്തിൽ നെഹ്റുവും കോൺഗ്രസുകാരും തന്നെയാണ് ആ സോ കോൾഡ് നാട്ടുകാർ എന്ന് ഏവർക്കും അറിയാം. പക്ഷേ അത് പറഞ്ഞ് ഫലിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് അവുന്നില്ല.
സ്വർണ്ണക്കടത്ത് കേസ് പോലെയാണോ?
ഈ കേസ് വളർന്നുവളർന്ന് കോൺഗ്രസിന്റെ നിലനിൽപ്പിനെപ്പോലും ബാധിക്കുന്ന കേസയായി മാറുകയാണ്. നേരത്തെ ഈ വിഷയത്തിൽ ഇ ഡി അന്വേഷണം നടത്തിയിട്ട് അനധികൃത ഇടപാടുകൾ ഒന്നും കണ്ടെത്താനിയിട്ടില്ല. ഇപ്പോഴും നിഷ്പക്ഷരായ ആളുകൾ പറയുന്നത് അതുതന്നെയാണ്. ഇത് കോൺഗ്രസിന്റെ സ്വത്താണ്. അത് ലാഭത്തിലാക്കാനുള്ള ചില കുറുക്കുവഴികളാണ് രാഹുലിന്റെ നേതൃത്വത്തിൽ ചെയ്തത്. പക്ഷേ അക്കാര്യത്തിൽ അവർ ഒട്ടും ശ്രദ്ധിച്ചില്ല. പുതിയ കമ്പനി ഉണ്ടാക്കലും ഏറ്റെടുക്കലൂമെല്ലാം നിയമവിരുദ്ധമായിപ്പോയി.
ഇത്തരം വിഷയങ്ങളിൽ അങ്ങേയറ്റം അറിവുള്ള സുബ്രമണ്യം സ്വാമിയാണ് മറുഭാഗത്ത് ഉള്ളത്. സ്വാമിക്ക് സോണിയയോടും രാഹുലിനോടുമൊക്കെ അടങ്ങാത്ത പകയാണുള്ളത്. അതുകൊണ്ടുതന്നെയാണ് സ്വാമി ഇത് കുത്തിപ്പൊക്കിയത്. സത്യത്തിൽ സ്വാമിക്ക് തന്നെ അറിയാം ഇതിൽ അഴിമതിയില്ല, ക്രമക്കേട് മാത്രമാണ് നടന്നത് എന്നാണ്, കോൺഗ്രസ് നേതാവ് അനന്ദ് ശർമ്മ പറയുന്നു.
പക്ഷേ കേരളത്തിലും സ്വർണ്ണക്കടത്ത് കേസിന്റെ ഭാഗായി ഇ ഡി മുഖ്യമന്ത്രിയെ അടക്കം ചോദ്യം ചെയ്യുമെന്ന് പറയുന്ന സാഹചര്യത്തിൽ, രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നുവെന്നൊക്കെപ്പറഞ്ഞ് സൈബർ സഖാക്കൾ ഇത് ആഘോഷമാക്കുയാണ്. ഇതുസംബന്ധിച്ച് സാമൂഹിക നിരീക്ഷകനായ ജെ എസ് അടൂർ ഇങ്ങനെ കുറിക്കുന്നു. ''ഇവിടെ കുറെ പേര് ഈ പടവുമിട്ട് രാഹുൽ ഗാന്ധിയെ ഈ ഡി ചോദ്യം ചെയ്യുന്നതും കേരളത്തിൽ ഈ ഡി ചോദ്യം ചെയ്യുന്നതും തമ്മിൽ താരതമ്യം ചെയ്തു വിവരക്കേടുകളാൽ പൂരിതമായ ക്യാപ്‌സൂൽ വിളമ്പുകയാണ്.രാഹുൽ ഗാന്ധിയെ ഈ ഡി ചോദ്യം ചെയ്യുന്നത് ഇന്ത്യയിലെ ആദ്യ ഇഗ്ളീഷ് പത്രങ്ങളിൽ ഒന്നായ കൊണ്ഗ്രെസ്സിന്റെ പത്രം നാഷണൽ ഹെരാൾഡിനെതിരെ കേസ് എടുത്തു കൊൺഗ്രസിനെ വക വരുത്താനുള്ള സംഘ പരിവാർ ശ്രമത്തിന്റ ഭാഗമാണ്. അതിന്റെ പ്രധാന ഉദ്ദേശം. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി നേതാക്കളെ ഭരണമുപയോഗിച്ചു വരുതിയിൽ കൊണ്ടു വരാണ്.
അതു കൊൺഗ്രസ്് മുക്ത ഭാരതം എന്ന സംഘ പരിവാർ അജണ്ടയുടെ ഭാഗമാണ്. കൊൺഗ്രസ്് മുക്ത ഭാരതത്തിനു കുട പിടിക്കുന്ന കേരളത്തിലെ സംഘ പരിവാർ അന്തർധാരയുള്ളവരാണ് രാഹുൽ ഗാന്ധിയെ ട്രോളാൻ ശ്രമിക്കുന്നത് നാഷണൽ ഹെരാൾഡ് കേസ് ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ കക്ഷികൾക്കു എല്ലാമുള്ള മുന്നറിയിപ്പാണ്.
എന്നാൽ കേരളത്തിൽ ആരെയാണ് ഈ ഡി ചോദ്യം ചെയ്തത്? സ്വർണ്ണ കള്ള കടത്തിൽ പ്രതികളായി അറെസ്റ്റ് ചെയ്യപ്പെട്ട സ്വപ്ന സുരേഷ്, ശരത്, അവരുടെ കൂട്ടാളികൾ എന്നിവരെയാണ്. അവരെ കേരളത്തിൽ വിളിച്ചു വരുത്തിയത് കേരളത്തിലെ മുഖ്യമന്ത്രിയാണ്.കേരളത്തിൽ സ്വർണ്ണകള്ളകടത്തു അന്വേഷിക്കുന്നതും ഇന്ത്യയിലെ ഏറ്റവും പഴയ ജനായത്ത ദേശീയ പത്രമായ നാഷണൽ ഹെരാൾഡ് പൂട്ടിക്കുന്നതും ഒന്നല്ല എന്ന് അറിയാനുള്ള വിവരം വേണം.
രാഹുൽ ഗാന്ധി ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ വർക്കിങ് കമ്മറ്റി അംഗവും മുൻ പ്രസിഡന്റുമാണ്. നാഷണൽ ഹെരാൾഡ് കോൺഗ്രസ്് പത്രമാണ്. അതിന്റ ട്രസ്റ്റികളിൽ ഒരാൾ എന്ന നിലയിലാണ് രാഹുൽ ഗാന്ധിയെ വിളിച്ചത്.അതുകൊണ്ടാണ് കോൺഗ്രെസ്സുകാർ രാജ്യമോട്ടാകെ പ്രതിഷേധിക്കുന്നത്.ഇഅതും കേരളത്തിലെ സ്വർണ്ണ കള്ളകടത്തു കേസും തമ്മിൽ താരതമ്യം ചെയ്യുന്ന ക്യാപ്‌സൂൽ വിവര ദോഷികൾക്കു അൽപ്പം പോലും ഉളുപ്പില്ലേ?''- ഇങ്ങനെയാണ് ജെ എസ് അടൂരിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
അതായത് സ്വർണ്ണക്കടത്തുപോലെ ഒരുപാട്, നാറിയ കഥകൾ പറയാനുള്ള ഒരു കേസല്ല നാഷണൽ ഹെറാൾഡ് കേസ്. രണ്ടും തമ്മിൽ താരതമ്യം പോലും അർഹിക്കുന്നില്ല. പക്ഷേ എന്നിട്ടും രണ്ടിനെയും സാമ്യപ്പെടുത്തി കേരളത്തിൽ അടക്കം പ്രചാരണം പൊടിപൊടിക്കയാണ്.
വാൽക്കഷ്ണം: നെഹ്റു സ്ഥാപിച്ച താൻ കൂടി പങ്കാളിയായി വളർത്തിയെടുത്ത നാഷണൽ ഹെറാൾഡിനെപ്പോലും അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സെൻസർ ചെയ്തു. നാഷണൽ ഹെറാൾഡിലെ മാസ്റ്റ്ഹെഡിലെ വാചകമായ''ഫ്രീഡം ഈസ് ഇൻ പെരിൾ. ഡിഫെൻഡ് ഇറ്റ് വിത്ത് ആൾ യുവർ മൈറ്റ്'' രൂപപ്പെടുത്തിയത് ഇന്ദിരഗാന്ധി കൂടി ഉൾപ്പെട്ടാണ്. എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് അതുപോലും സെൻസർ ചെയ്യപ്പെട്ടു. ഇന്ന് അത് ഓർക്കുമ്പോൾ, ഇന്ത്യയുടെ ദുർഗ വല്ലാതെ ചെറുതായപോലെ തോനുന്നു.
- TODAY
- LAST WEEK
- LAST MONTH
- കോടിയേരിയുടെ അന്ത്യാഭിലാഷത്തിൽ വിനോദിനി നടത്തിയ വെളിപ്പെടുത്തലിൽ വെട്ടിലായത് സിപിഎമ്മും മുഖ്യമന്ത്രിയും; തൊട്ടടുത്ത ദിവസം ട്രിവാൻഡ്രം ക്ലബ്ബിൽ 'കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരിലെടുത്ത കോട്ടേജിലെ' പണം വച്ചുള്ള ചീട്ടുകളി കണ്ടെത്തിയ പൊലീസും; നൽകുന്നത് ഇനി മിണ്ടരുതെന്ന സന്ദേശമോ?
- ഇടുക്കി രൂപതയിലെ വൈദികൻ ബിജെപി അംഗത്വം സ്വീകരിച്ചു; ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്ന് ഫാ.കുര്യാക്കോസ് മറ്റം; ചുമതലയിൽ നിന്ന് നീക്കിയെന്ന് രൂപത
- ട്രിവാൻഡ്രം ഹോട്ടലിൽ നിന്നും പൊലീസ് ജീപ്പിൽ കൊണ്ടു പോയവരിൽ കോടിയേരിയുടെ അളിയനും; പണം വച്ചുള്ള ചീട്ടുകളിയിൽ ജാമ്യം ഉള്ള വകുപ്പുകൾ; വിനയ് കുമാറിന് സർക്കാർ സ്ഥാപനത്തിലെ എംഡി സ്ഥാനം നഷ്ടമാകുമോ?
- ഗോവിന്ദൻ മാഷ് ഇനിയെങ്കിലും തെറ്റ് ഏറ്റുപറയണം; മുഖ്യമന്ത്രിയുടെ മക്കൾക്കും കുടുംബാംഗങ്ങൾക്കും വിദേശയാത്ര വൈകും എന്നതിന്റെ പേരിലല്ലേ ഈ അനാദരവ് കാട്ടിയത്? വിനോദിനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലിൽ ജി ശക്തിധരൻ
- ചികിത്സിച്ച് കുളമാക്കിയപ്പോൾ ആശുപത്രിയിൽ നിന്ന് പുറന്തള്ളിയ പെൺകുട്ടി മരിച്ചു; ആശുപത്രിക്ക് പുറത്ത് അവശയായ പെൺകുട്ടി ബൈക്കിൽ ഇരിക്കുന്ന വീഡിയോ പുറത്ത്; ജീവനക്കാർ രോഗിയെ പുറത്തുകൊണ്ടുവന്ന ശേഷം മുങ്ങി; സംഭവം യുപിയിൽ
- തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റുപാർട്ടി വന്നതുകൊണ്ടാണെന്ന് അഡ്വ എം അനിൽകുമാർ; കമ്യൂണിസ്റ്റ് പാർട്ടി ഒരു മുസ്ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് കെ ടി ജലീൽ
- ചെന്നൈയിൽ വച്ച് ഗോവിന്ദനോട് ബിനോയിയും ബിനീഷും തിരുവനന്തപുരത്തേക്ക് കൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു; അച്ഛന്റെ ആഗ്രഹവും അതായിരുന്നെന്ന് അവർ പറഞ്ഞു; സിപിഎം നിരാകരിച്ചത് കോടിയേരിയുടെ അന്ത്യാഭിലാഷം; വിവാദത്തിൽ ഇനി നേതാക്കൾ പ്രതികരിക്കില്ല
- കണ്ണൂരിൽ കവർച്ചാപരമ്പര നടത്തുന്നത് തിരുട്ടുഗ്രാമക്കാരോ? മലയോരത്തെ ഞെട്ടിച്ചു വീണ്ടും കവർച്ച; പെരിങ്ങോത്ത് പൂട്ടിയിട്ട വീട് കുത്തിതുറന്ന് പന്ത്രണ്ടു പവൻ സ്വർണാഭരണങ്ങൾ കവർന്നു
- ദേശീയപാതയിലേക്കു വഴിതുറക്കുന്ന കെട്ടിടങ്ങൾക്കെല്ലാം പ്രവേശനാനുമതി നിർബന്ധമാക്കും;വീടുകൾക്കും ചെറിയ കടകൾക്കും 2.5 ലക്ഷംവും മറ്റു നിർമ്മിതികൾക്ക് 2.8 ലക്ഷവും കെട്ടിവച്ച് നിർമ്മാണം; എൻ എച്ചിന് വശത്തെ കെട്ടിട നിർമ്മാണ പെർമിറ്റിന് കേന്ദ്രാനുമതി അനിവാര്യം
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഹോട്ടലിൽ ബിൽ എഴുതി തുടങ്ങി; എൽ ഐ സി ഏജന്റായി സൈക്കിൾ ചവിട്ടി; ഇന്ന് ഇന്നോവ ക്രിസ്റ്റയിലും ബെൻസിലും യാത്ര; മകൻ നടത്തുന്നത് വമ്പൻ ഹോട്ടൽ സമുച്ചയം; ഭാസുരാംഗൻ നടത്തിയത് 200 കോടിയുടെ തട്ടിപ്പ്; ഇത് കണ്ടലയെ കട്ടുമുടിച്ച സഹകരണക്കൊള്ള
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍