Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

തുടക്കം ഗൾഫിലെ കുഴൽപ്പണ ലോബിയിൽ; പതുക്കെ അത് മണൽമാഫിയയും മറ്റുമായി ചേർന്ന് സ്വർണകടത്തിലേക്ക്; യതീംഖാനകളും സ്‌കൂളുകളും കോളജുകളുമായി സാമൂഹിക സേവനത്തിലൂടെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി; ഖത്തറിൽനിന്നുള്ള ഫണ്ടിങ്ങ് നിലച്ചയോടെ മതമൗലികവാദ സംഘടനകളും കനകമാഫിയക്കൊപ്പം; ഇപ്പോൾ വർഷത്തിൽ ആയിരം കോടിയുടെ ഹവാലയും നൂറുകോടിയുടെ സ്വർണ്ണക്കടത്തും; രാജ്യ സുരക്ഷക്കുപോലും ഭീഷണിയായ കൊടുവള്ളി സ്വർണ മാഫിയയുടെ കഥ

തുടക്കം ഗൾഫിലെ കുഴൽപ്പണ ലോബിയിൽ; പതുക്കെ അത് മണൽമാഫിയയും മറ്റുമായി ചേർന്ന് സ്വർണകടത്തിലേക്ക്; യതീംഖാനകളും സ്‌കൂളുകളും കോളജുകളുമായി സാമൂഹിക സേവനത്തിലൂടെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി; ഖത്തറിൽനിന്നുള്ള ഫണ്ടിങ്ങ് നിലച്ചയോടെ മതമൗലികവാദ സംഘടനകളും കനകമാഫിയക്കൊപ്പം; ഇപ്പോൾ വർഷത്തിൽ ആയിരം കോടിയുടെ ഹവാലയും നൂറുകോടിയുടെ സ്വർണ്ണക്കടത്തും; രാജ്യ സുരക്ഷക്കുപോലും ഭീഷണിയായ കൊടുവള്ളി സ്വർണ മാഫിയയുടെ കഥ

എം മാധവദാസ്

കൊടുവള്ളി മാഫിയ! ഒരു നാടിനെ മൊത്തമായി അപമാനിക്കാനല്ല ഈ വാക്ക്. കേരളം എത്തിപ്പെട്ടിരിക്കുന്ന സാമൂഹിക ദുരന്തത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ്. ഇന്ന് സ്വർണ്ണക്കടത്തും അതുവഴിയുള്ള തീവ്രവാദ ബന്ധത്തിന്റെയും പേരിൽ പ്രതിക്കൂട്ടിൽനിൽക്കുന്ന ഈ സുവർണ്ണഗ്രാമം, എന്തുകൊണ്ട് ഇങ്ങനെയായി എന്നത് സോഷ്യോ- പൊളിറ്റിക്കൽ വിദ്യാർത്ഥികൾ എങ്കിലും ഗൗരവമായി പഠിക്കേണ്ടതാണ്. എങ്ങനെയാണ് മാഫിയ ഒരു സാധാരണ മലയോര കാർഷിക ഗ്രാമത്തിൽ കയറിവരുന്നത് എന്നതിന്റെ ടിപ്പിക്കൽ എക്സാമ്പിൾ ആണ് കൊടുവള്ളി സ്വർണമാഫിയയുടെ കഥ. ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ഓരോ ഗ്രാമങ്ങൾക്കും മാഫിയകൾക്ക് കൈപ്പിടിയിൽ ഒതുക്കാം എന്ന അപായ സൂചനയും ഇതോടൊപ്പം ചേർത്തുവായിക്കുക.

കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 23 കിലോ മീറ്റർ കിഴക്കായി കോഴിക്കോട് വയനാട് ദേശീയപാത 212-ൽ ആണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. കൊടുവള്ളി നഗരത്തിന്റെ ഇരുവശങ്ങളിലുമായി 750 മീറ്റർ ദൂരപരിധിയിൽ ഇരുന്നൂറിലധികം സ്വർണ്ണക്കടകളാണുള്ളത്. ഒരു പക്ഷേ രാജ്യത്ത് തന്നെ ഇത്രയും ചെറിയൊരു പട്ടണത്തിൽ ഇത്രയധികം ജൂവലറികളുള്ള മറ്റൊരു സ്ഥലമുണ്ടാകില്ല. എവിടെ സ്വർണ്ണക്കടത്ത് പിടിച്ചാലും അവിടെ ഒരു കൊടുള്ളിക്കാരനുമുണ്ടാവും എന്നതാണ് ഇവിടെ പ്രചരിക്കുന്ന ഒരു തമാശ. സംസ്ഥാനത്തെ സ്വർണക്കള്ളകടത്തുകൾക്ക് തീവ്ര വർഗീയ സംഘടനകളുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എക്ക് കേരള പൊലീസും റിപ്പോർട്ട് നൽകിയത്. കരിപ്പൂർ വിമാനത്താവളം വഴിയാണ് പ്രധാനമായും കള്ളക്കടത്ത് നടക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.

ഒരു വർഷം നൂറ് കിലോ സ്വർണവും 1000 കോടിയുടെ ഹവാല ഇടപാടുകളും കൊടുവള്ളിയിലേക്ക് എത്തുകയും പ്രചരിക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സ്ത്രീകളെയും കുട്ടികളെയും കാരിയർമാരാക്കാറുണ്ടെന്നും റിപ്പോർട്ടിലുണ്ട്.സ്വർണ്ണപ്പണിക്കും സ്വർണ്ണവ്യാപാരസ്ഥാപനങ്ങൾക്കും പ്രശസ്തമാണ് കൊടുവള്ളി. കേരളത്തിന്റെ സുവർണ നഗരി എന്നാണ് കൊടുവള്ളി അറിയപ്പെടുന്നത്. നിഷ്‌ക്കളങ്കമായ ഒരു ഗ്രാമമായ ഈ സുവർണ്ണ നഗരി എങ്ങനെയാണ് മാഫിയാ നഗരിയായി മാറിയത്.

തുടക്കം കുഴൽപ്പണത്തിലൂടെ

നാലു മുറക്കാൻ കടയും ഒരു ഹോട്ടലും മാത്രമുള്ള നാട്. 70കളുടെ തുടക്കത്തിലൊക്കെ കൊടുവള്ളി നഗരത്തിന്റെ ചിത്രം കണ്ടാൽ ആരും അതിശയിച്ചുപോകും. എന്നാൽ 70 കളിൽ ഉണ്ടായ ശക്തമായ ഗൾഫ് കുടിയേറ്റം കൊടുവള്ളിയുടെയും ജാതകം തിരുത്തി. നിരവധിപേർ ഗൾഫ് നാടുകളിലേക്ക്, ജോലിയുമായി കടന്നതോടെ ഈ നാടും ചെറിയതോതിൽ സമ്പന്നമാവാൻ തുടങ്ങി. 70 കളുടെ പകുതിയോടെയാണ് കുഴൽപ്പണ ലോബിയുടെ പേരിൽ ഈ നാട്ടിലേക്ക് മാഫിയ ആദ്യമായി കാലെടുത്തുവെക്കുന്നത്. ജനങ്ങളെ സഹായിക്കുക എന്ന പേരിലാണ് ഇവർ ക്ലച്ചുപിടിച്ചത്. അക്കാലത്ത് സൗദിയിലും മറ്റും ജോലിചെയ്യുന്നവർ നാട്ടിലേക്ക് പണം അയക്കാൻ, ഒരു ദിവസത്തെ കഷ്ടപ്പാണ് ഉണ്ടായിരുന്നു. ഉൾഗ്രാമങ്ങളലുള്ളവർ നഗരത്തിൽ എത്തി പണം അയക്കണം. ഈ പ്രശ്നം പരിഹരിച്ചുകൊണ്ടാണ് കുഴൽപ്പണ ലോബി രംഗത്ത് എത്തുന്നത്.

അതായത് നിങ്ങൾ പണം അവിടെ ഒരു ഏജന്റിന്റെ കൈയിൽ കൊടുത്താൽ മാത്രം മതി. സെക്കൻഡുകൾക്കുള്ളിൽ അത് നാട്ടിലെത്തും. ഒരു ട്രാൻസ്ഫർ മണിയുമില്ല. ദിർഹത്തിന്റെയും രൂപയുടെയും വില വ്യത്യാസം മുതലെടുത്ത് കളിക്കുന്ന സംഘമായിരുന്നു ഇതിന് പിറകിൽ. കൊടുവള്ളിയിലെ ഒരു വ്യവസായിയായ അബ്ദുവെന്ന വ്യക്തിയുടേതായിരുന്നു ഇതിന്റെ പിറകിലുള്ള ബുദ്ധി. പിന്നീട് അങ്ങോട്ട് കൊടുവള്ളിയിക്കേ് കുഴൽപ്പണത്തിന്റെ കുത്തൊഴുക്കായി. ഇതിന് ഇടക്കാല ഏജന്റുകൾ വന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം കുഴപ്പണം നൽകുന്ന ഏജന്റുമാർ ഉണ്ടായി. കെഎസ്ആർടിസി ബസുകളിൽനിന്നുപോലും കോടികളുടെ കുഴൽപ്പണം പിടിച്ചു. കുഴൽപ്പണം റാഞ്ചാനുള്ള ശ്രമത്തിന്റെ പേരിൽ കൊലപാതകം തന്നെ ഉണ്ടായി. നോട്ടു നിരോധനത്തിന് തൊട്ടുമുമ്പുവരെ കൊടുവള്ളിയിൽ അയ്യായിരത്തോളം കുഴൽപ്പണ ഏജന്റുമാർ ഉണ്ടായിരുന്നു എന്നാണ് കണക്കാക്കിയിരുന്നുത്. ഈ കുഴൽപ്പണ മാഫിയതന്നെയാണ് പിന്നെ സ്വർണമാഫിയയുമായി മാറിയത്. പക്ഷേ അന്നൊന്നും കുഴൽപ്പണ മാഫിയ രാജ്യദ്രോഹ പ്രവർത്തനം നടത്തുന്ന ഹവാല മാഫിയയായി മാറിയിരുന്നില്ല.

ഈസി മണിക്കുവേണ്ടി യുവാക്കൾ രംഗത്ത്

തുടക്കം മുതലേ, ഈ മേഖലയിൽ വന്ന ഒരു പ്രശ്നം ഇതൊരു ബിസിനസ് ആണെന്ന ചിന്ത നാട്ടിൽ പടർന്നു എന്നതാണ്. അല്ലായെ ഇതിനെ ഒരു നിയമ വിരുദ്ധ പ്രവർത്തനമായോ, രാജ്യദ്രോഹകുറ്റമായോ ആരും കണ്ടില്ല. ഇടതുപക്ഷ സംഘടനകൾ അടക്കമുള്ള ഒരു പാർട്ടിയും ഇത്തരം മാഫിയകൾക്കെതിരെ പ്രതികരിക്കാറില്ല എന്ന് മാത്രമല്ല പലപ്പോഴും അവരുടെ സഹായം പറ്റുകയുമാണ് ചെയ്തുകൊണ്ടിരുന്നത്. 'വെറുതെ വണ്ടിയിൽ മലർന്നുകിടന്ന് വൻതുക സമ്പാദിക്കാം എന്ന ധാരണ യുവാക്കളിൽ വന്നു കഴിഞ്ഞാൽ ആർ പിന്നെ എന്തു ജോലിക്കാണ് പോവുക. ഈസി മണിക്കുവേണ്ടിയുള്ള ഈ ഭ്രമമാണ് യുവാക്കളെ കുഴൽപ്പണ ലോബിയിൽ പെടുത്തിയത്'- മാധ്യമ പ്രവർത്തനായ പി കെ ഹുസെൻ ചൂണ്ടിക്കാട്ടുന്നു.

80കളിൽ തന്നെ ശക്തമായ കുഴൽപ്പണ മാഫിയക്ക് മറ്റൊരു സഹായിയേയും കിട്ടി. അതാണ് മണൽമാഫിയ. പൂനൂർ പൂഴയിൽനിന്നും ചെറുപുഴയിൽനിന്നും വൻ തോതിൽ മണൽ കടത്തപ്പെട്ട, ആ സുവർണ്ണകാലം, നാലുവർഷം മുമ്പുവരെയും തുടർന്നു. അങ്ങനെ ഈ മാഫിയാ വിങ്ങ് അതി ശക്തമായി. അക്കാലത്തുതന്നെ അവർ സ്വർണ്ണക്കടത്തിലേക്കും തിരിഞ്ഞു.

ഒരു മുൻ ഹവാല ഏജന്റ് മറുനാടൻ മലയാളിയോട് ഇങ്ങനെ പറയുന്നു. 'പത്തുവർഷം മുമ്പ് മണൽ വാരൽ വണ്ടിക്ക് എസ്‌കോർട്ട് പോയാണ് ഞാൻ ഈ മേഖലയിൽ എത്തുന്നത്. പുലർച്ചെ മൂന്ന്മണിക്ക് അനധികൃതമായി കൊണ്ടുപോകുന്ന മണലിന് മുന്നിലും പിന്നിലും ആളുവേണം. വെറും രണ്ടുമണിക്കൂർ ജോലിയെയുള്ളൂ. അന്നത്തെ അഞ്ചൂറു രൂപ കൈയിൽ പോരും. പിന്നെ ഇതിൽ ഒരാളാണ് കുഴൽപ്പണ ലോബിയുമായി അടുപ്പിക്കുന്നത്. അതിൽ പണി എന്നുവച്ചാൽ ഞങ്ങൾക്ക് ഒന്നുമുണ്ടായിരുന്നില്ല. വണ്ടിയിൽ വെറുതെ എ സിയിട്ട് കിടക്കുക മാത്രം. എൽപ്പിക്കുന്ന പൊതി കൃത്യസ്ഥലത്ത് ഏൽപ്പിക്കണം. ഉച്ചവരെ ജോലിചെയ്താൽ 2500 രൂപ ദിവസവും ലഭിക്കും. അതുകൊണ്ടാണ് ഞാൻ ഈ പണിയിൽ എത്തിയത്. 5വർഷം കൃത്യമായി കുഴൽപ്പണ ഏജന്റായി. അതിനുശേഷമാണ് സ്വർണ്ണത്തിന്റെ കാരിയർ ആവുന്നത്. മൂന്നുവർഷം മുമ്പുവരെയും അടിവസ്ത്രത്തിന് അകത്തുണ്ടാക്കിയ രഹസ്യ അറയിലൂടെ ഞാൻ സ്വർണം കടത്തിയിട്ടുണ്ട്. വിസിറ്റിങ്് വിസയിൽ ഗൾഫിൽ പോയാണ് കടത്ത്.വെറും 10 ദിവസം കൊണ്ട് കാൽലക്ഷത്തോളം രൂപ കിട്ടും. പക്ഷേ ആ പണി നിർത്താൻ കാരണം ഇത്തരം സംഘങ്ങൾക്ക് മയക്കുമരുന്നിന്റെ ഇടപാടുകൂടി വരുന്നു എന്നതുകൊണ്ടാണ്. ഡൽഹിയിൽനിന്നും ആന്ധ്രയിൽ നിന്നുമാണ് പൊതികൾ വരുന്നത്. ഒരിക്കൽ ഇങ്ങനെ ഒരു കേസിൽ പെടുമെന്ന ഘട്ടംവന്നു. അപ്പോഴാണ് നിർത്തിയത്'- കൊടുവള്ളി സ്വദേശിയായ ആയാൾ പറയുന്നത് ഇങ്ങനെയാണ്.

എന്തുകൊണ്ട് കള്ളക്കടത്ത് അനിസ്ലാമികം ആവുന്നില്ല

ഇനി സ്വർണ്ണക്കടത്ത് ലോബിയിലേക്ക് യുവാക്കൾ ആകൃഷ്ടർ ആകുന്നതിന്റെ ഒരു കാരണവും അടിപൊളി ജീവിതം തന്നെയാണ്. ദുബൈയിലെ പബ്ബുകളും ഡാൻസ്ബാറുകളുമാണ് ഭൂരിഭാഗത്തെയും ആകർഷിക്കുന്നത്. പെട്ടെന്ന് പണം കിട്ടാനുള്ള അവസ്ഥവരുമ്പോൾ ആളുകൾ മറ്റ് ജോലിക്ക് ശ്രമിക്കാതെ മാഫിയകളിൽ അഭയം തേടും.  എഞ്ചിനീയറിങ്ങ് ബിരുദധാരികൾ തൊട്ട് തൊട്ട് വീട്ടമ്മമാർ വരെയുള്ള ഒരു നെറ്റ് വർക്ക് അവർ ഉണ്ടാക്കി കഴിഞ്ഞു. ഏറ്റവും വിചിത്രം ഇത് തെറ്റാണെന്നുള്ള യാതൊരു ബോധവത്ക്കരണവും അവർക്ക് കിട്ടിന്നില്ല എന്നതാണ്. അറുത്ത കോഴിയുടെ ഇറച്ചി തിന്നുന്നത് അനിസ്ലാമികമണോ എന്നൊക്കെ ഇഴകീറി ചർച്ചചെയ്യുന്നവരാണ് മലബാറിലെ ഇസ്ലാമിക സംഘടകൾ. പക്ഷേ അവർ ഒരിക്കലും ഹവാലയും സ്വർണ്ണക്കടത്തും അനിസ്ലാമികമാണെന്ന് പറയാറില്ല. പത്തുവർഷം മുമ്പ് സഫ്വാൻ എന്ന ഒരു യുവാവ് കുഴൽപ്പണ ഇടപാടിൽ കുത്തികൊല്ലപ്പെട്ടപ്പോൾ മാത്രമാണ് ഈ മാഫിയക്കെതിരെ ചെറിയ പ്രതിഷേധമെങ്കിലും ഉണ്ടായത്.

മാത്രമല്ല മതസംഘടനകൾ പലപ്പോഴും പിടിച്ചുനിന്നത് ഈ ലോബിയുടെ സഹായം പറ്റിയാണ്. കൊടുവള്ളിയിൽ ജൂവലിറികൾ തുടങ്ങിയ 80 കളിലാണ് ഇവിടെ യത്തീംഖാനകളും കൂറ്റൻ പള്ളികളുമൊക്കെയുണ്ടാവുന്നത്. തീർത്തും ജനകീയമായ അടിത്തറയായിരുന്നു മാഫിയക്ക്. നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു അവർ. നിർധനരുടെ വിവാഹത്തിനൊക്കെ കൊടുവള്ളി സ്വർണ്ണക്കടത്തുകാർ ജാതി മതഭേദമന്യേ സഹായിക്കും. ഫുട്ബോൾ ടൂർണമെന്റ് തൊട്ട് കോവിഡ് പ്രതിരോധത്തിൽവരെ ഇവർ  മുൻപന്തിയിലാണ്. അതുകൊണ്ടുതന്നെ അറുത്തെറിയാൻ അൽപ്പം ബുദ്ധിമുട്ടുള്ള ഒരു മാഫിയയാണ് ഇത്. വന്നുവന്ന് മാഫിയ രാഷ്ട്രീയത്തിലും ഇടപെട്ടു. ലീഗിനെ ആദ്യം നിയന്ത്രിച്ച അവർ പിന്നെ സിപിഎമ്മിനെയും കൈയിലെടുത്തു. വന്നുവന്ന് സ്വർണ്ണ കുഴൽപ്പണ മാഫിയുടെ പിന്തുണയില്ലാത്ത ആരും കൊടുവള്ളിയിൽനിന്ന് ജയിക്കില്ല എന്ന അവസ്ഥപോലും വന്നും. കൊടുവള്ളിയുടെ വിൻസന്റ് ഗോമസ് എന്ന് അറിയപ്പെടുന്ന മൂൻ ഹവാലക്കാരൻ കാരാട്ട് റസാഖ് ഇത്തവണ ഇടതുപക്ഷത്തിന്റെ ടിക്കറ്റിൽ ജയിച്ചതുതന്നെ ഇതിന് മികച്ച ഉദാഹരണം. ഇന്ന് ഇവിടെ കുഴപ്പണമില്ല. പകരം ഹവാലയാണ്. എവിടെ നിന്നാണ് പണം വരുന്നതെന്ന് ആർക്കും അറിയില്ല. ഒപ്പം മയക്കുമരുന്നും എത്തുന്നു.

വർഷം എത്തുന്നത് നൂറുകോടിയുടെ സ്വർണം

ഒരു ചെറിയ പട്ടണത്തിൽ എന്തിനാണ് 200ലേറെ ജൂവലറികൾ എന്ന് അന്വേഷിച്ചാൽ കാര്യങ്ങളുടെ പോക്ക് പിടികിട്ടും. ഇവിടെ മിക്കയിടത്തും കൈകാര്യം ചെയ്യുന്നത് കള്ളക്കടത്ത് സ്വർണം തന്നെയാണ്. കള്ളക്കടത്തിൽ വരുന്നു ബിസ്‌ക്കറ്റ് ആഭരണമാക്കി മാറ്റി, കേരളത്തിൽ എമ്പാടുമുള്ള മറ്റ് ജൂവലറികളിലേക്ക് എത്തിക്കുന്നത് ഇവിടെ വെച്ചലാണ് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിലും ഉള്ളത്.

ഇവിടെ രണ്ടുകാര്യങ്ങളാണ് പ്രസക്തമായിട്ടുള്ളത്. എത്രകാരിയർമാർ പിടിക്കപ്പെട്ടാലും ആർക്കുവേണ്ടിയാണ് കടത്തെന്ന് മനസ്സിലാവാത്തത് എന്തുകൊണ്ടാണ്. അതാണ് എൻഐഐ അന്വേഷണത്തിൽ തെളിയേണ്ടതും. പൊലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള പരമ്പരാഗത കൂട്ടുകെട്ട് പൊളിക്കാൻ ഒരു ഉന്നത അന്വേഷണ ഏജൻസിക്കേ കഴിയൂ. മലബാറിലെ സ്വർണ്ണക്കടത്തിന്റെ രാഷ്ട്രീയം കൃത്യമാണ്. അതിൽ ഒരു പാർട്ടി മാത്രമല്ല എല്ലാവരും ഉണ്ട്. ' ഇത് വലിയൊരു റാക്കറ്റ് ആണ്. ഏറ്റവും പ്രധാനം ഇങ്ങനെ സ്വർണം കള്ളക്കടത്തുന്നത് രാജ്യദ്രോഹമാണെന്ന ചിന്താഗതി ആർക്കുമില്ല എന്നതാണ്. ഇതൊരു കുടിൽ വ്യവസായം ആയിരിക്കയാണ്. മലബാറിൽ പുരാതനമായ കള്ളക്കടത്ത് കുടുംബങ്ങളെ നിങ്ങൾക്ക് കാണാൻ കഴിയും. ഒറ്റുഭയന്ന് ബന്ധുക്കൾ ഒന്നടങ്കം കള്ളക്കടത്തിൽ ഉണ്ടാകും. കാസർകോട്ടൊക്കെ ഈ രീതി വ്യാപകമാണ്. പലയിടത്തും ഇതൊരു സമാന്തര സംസ്‌ക്കാരം പോലെ ആയിരിക്കുന്നു. അതിന് വിദേശത്തും തീവ്രാവാദ സംഘടനകളിലുമൊക്കെ വേരുകൾ ഉണ്ട്. മലബാറിൽ ആവരിൽ പലരും രമ്യഹർമ്യങ്ങൾ കെട്ടിപ്പെടുത്ത് വളരെ പെട്ടെന്ന് സമ്പന്നർ ആയതിനുപിന്നിൽ കൃത്യമായ ഒരു സാമ്പത്തിക നാഡിയുണ്ട്. ഇതിനെ വെട്ടിമാറ്റുകയെന്നതാണ് പ്രധാനം.'- പ്രൊഫസർ ഹമീദ് ചേന്ദഗംഗല്ലൂർ പറയുന്നു.

ഖത്തർ ഹവാല നിലച്ചപ്പോൾ സ്വർണ്ണക്കടത്തിലേക്ക്

കേരളത്തിലെ ഇസ്ലാമിക മതമൗലിക വാദ പ്രസ്ഥാനങ്ങളുടെയാക്കെ നിലനിൽപ്പിന്റെ അടിത്തറ ഖത്തർ ആയിരുന്നുവെന്നത് ഏതാണ്ട് പരസ്യമായ രഹസ്യമാണ്. നാലുവർഷംമുമ്പ് ഖത്തറിൽ ഉണ്ടായ, സാമ്പത്തിക പ്രതിസന്ധിയും മറ്റ് രാജ്യങ്ങളുടെ ഉപരോധവും മൂലം ഈ ഫണ്ട് നിലച്ചു. കേരളത്തിലെ ഇസ്ലാമിക മതമൗലിക സംഘടനകൾ നടത്തുന്ന പത്രങ്ങളും മറ്റും പ്രതിസന്ധിയിൽ ആയത് ഈ സാഹചര്യത്തെ തുടർന്നാണെന്നാണ് പ്രൊഫസർ ഹമീദ് ചേന്ദഗംഗല്ലൂരിനെപ്പോലുള്ളവർ വിലയിരുത്തുന്നത്.

ഈ സാഹചര്യത്തിൽ ബദൽ ഫണ്ടിങ്ങ് മാർഗംമെന്ന രീതിയിൽ അതി തീവ്രസംഘടനകൾ നടത്തിയ കുറക്കുവഴിയാണ് സ്വർണ്ണക്കടത്ത് എന്ന ആരോപണം കേരളാപൊലീസിന് മാത്രമല്ല എൻഐഎക്കുമുണ്ട്. സംസ്ഥാനത്തേക്ക് സ്വർണം കടത്തുന്നവരിൽ ഭീകര സംഘടനയായ ഐഎസ്ഐഎസ് ബന്ധമുള്ളവരും ഉണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് നിലവിലുണ്ട്. സ്വർണ്ണക്കടത്ത് കേസ് എൻഐഎക്ക് വിട്ടത് ഈ സാഹചര്യത്തിലാണ്. കേസന്വേഷണം തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിൽ മാത്രമായി ഒതുങ്ങില്ല.കേന്ദ്ര സർക്കാരിലെ ഉന്നതർ ഈ വിഷയം പരിശോധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ കൂടി അനുമതിയോടെയാണ് അന്വേഷണം എൻഐഎക്ക് വിട്ടതെന്നാണ് ഇന്ത്യാടുഡെ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലേക്ക് വരുന്ന സ്വർണം രാജ്യവിരുദ്ധ താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയ പലരും സ്വർണം എത്തിക്കാൻ പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ആർക്കാണ് സ്വർണം കൊണ്ടുവന്നതെന്ന് വ്യക്തമാകാതെയാണ് പലപ്പോഴും കേസ് അന്വേഷിക്കുന്നത്. യുഎഇ കോൺസുലേറ്റിന്റെ കൂടി പിന്തുണ ഈ കേസന്വേഷണത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എൻഐഎ നിയമത്തിൽ കള്ളക്കടത്ത് അന്വേഷിക്കാൻ അനുവാദമുണ്ട്. വിദേശത്തേക്ക് പോയി അന്വേഷണം നടത്താനും എൻഐഎക്ക് അനുമതിയുണ്ട്.രാഷ്ട്രീയ ബന്ധമടക്കം ഇതിന് പിന്നിൽ സംശയിക്കുന്നുണ്ട്. അതിനാൽ തന്നെ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. പെട്ടെന്ന് തന്നെ കേസ് അന്വേഷണം അവസാനിപ്പിക്കില്ലെന്നാണ് കരുതുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ മാനങ്ങൾ എൻഐഎ അന്വേഷണത്തിന് ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ കുറേക്കാലമായി കേരളത്തിലേക്ക് ഒഴുകിയെത്തുന്ന കോടികളുടെ ഫണ്ടും ഇതോടൊപ്പം കാണണം.

എപ്പോഴൊക്കെ ഇസ്ലാമിക തീവ്രവാദികൾ പ്രതിസന്ധിയിലാവുമ്പോളും അപ്പോഴൊക്കെ അവർക്ക് വൻതോതിൽ ഫണ്ട് വരാനുള്ള അവസരം വീണു കിട്ടാറുണ്ട്. മാറാട് കലാപം, ഹാദിയകേസ് തുടങ്ങിയ ഇതിന്റെ ഉദാഹരണങ്ങളാണ്. മാറാട് കലാപത്തോട് അനുബന്ധി കാലയളവിൽ കേരളത്തിലേക്ക് എത്തിയത് 430 കോടി രൂപയാണെന്ന് അന്നത്തെ അന്വേഷണ ഉദ്യോസ്ഥൻ, ക്രൈം ബ്രാഞ്ച് സൂപ്രണ്ട് സി.എം.പ്രദീപ് കുമാർ ഹൈക്കോടതിയിൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിന്റെ അന്വേഷണം എവിടെയും എത്തിയിട്ടില്ല. അതുപോലെ തന്നെ ഹാദിയ കേസിലും കോടികളുടെ പണമാണ് ഇത്തരം സംഘടനകൾക്ക് കിട്ടിയതെന്ന് ഒളിക്യാമറാ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു.സംഘടിതമായി മതപരിവർത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിക്യാമറയിൽ പറഞ്ഞിരുന്നു. സംഘടനയുടെ ലക്ഷ്യം രാജ്യത്തും പിന്നീട് മറ്റ് സ്ഥലങ്ങളിലും ഇസ്ലാമിക് രാജ്യം സ്ഥാപിക്കുകയാണെന്നും ഇന്ത്യാ ടുഡേ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ നേതാക്കൾ സമ്മതിക്കുന്നുണ്ട്. ഇതിലും അന്വേഷണം എവിടെയും എത്തിയിട്ടില്ല.

പൗരത്വ പ്രതിഷേധത്തിൽ പണം ഒഴുകുമ്പോൾ

കഴിഞ്ഞവർഷം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിനും അവരുമായി ബന്ധപ്പെട്ട സർക്കാരിതര സംഘടനയ്ക്കും എൻഫോഴ്‌സ്‌മെന്റ് സമൻസ് അയച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരമാണ്. പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പണമൊഴുക്കിയെന്നാണ് പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡിയുടെ ആരോപണം. എന്നാൽ, സംഘടന ഇത് നിഷേധിച്ചിട്ടുണ്ട്. റീഹാബ് ഇന്ത്യയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം പിൻവലിക്കലും, നിക്ഷേപവും ഇഡി അന്വേഷിച്ചുവരുന്നു. പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഇ.അബൂബക്കറിനും ഇഡി സമൻസ് അയച്ചിട്ടുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്ത പണം പൂഴ്‌ത്തി വയ്ക്കൽ കേസിന് പുറമേയാണ് പൗരത്വ നിയമപ്രതിഷേധവുമായി ബന്ധപ്പെട്ട പണമൊഴുക്കലും അന്വേഷിക്കുന്നത്. മൊത്തം 120 കോടിയോളം രൂപ ഇങ്ങനെ വെളുപ്പിച്ചതായാണ് പറയുന്നത്.

യുപിയിലെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് റിപ്പബ്ലിക് ടിവി, സിടിവി പോലുള്ള ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെയും റിഹാബ് ഇന്ത്യയുടെയും 15 ബാങ്ക് അക്കൗണ്ടുകളാണ് ഇഡി സൂക്ഷ്മമായി പരിശോധിച്ചത്. 1.04 കോടി രൂപ ഈ 15 അക്കൗണ്ടുകളിലായി നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തി. പോപ്പുലർ ഫ്രണ്ടിന്റെ 10 ഉം റീഹാബിന്റെ 5 ഉം അക്കൗണ്ടുകളിലാണ് 2019 ഡിസംബർ 12 നും 2020 ജനുവരി 6 നും മധ്യേ നിക്ഷേപം എത്തിയത്. അന്വേഷണ ഏജൻസികളെ കബളിപ്പിക്കാൻ വേണ്ടി നിക്ഷേപ തുക എല്ലായ്‌പോഴും 50,000 ത്തിൽ താഴെയായിരുന്നു. 5,000 ത്തിനും 49,000ത്തിനും ഇടയിൽ. ഇതുവഴി നിക്ഷേപകൻ ആരെന്ന് വെളിപ്പെടുത്തേണ്ടിയും വന്നില്ല. എന്നാൽ, ഈ കാലയളവിൽ 1.34 കോടി രൂപ ഈ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ചതായും കണ്ടെത്തി.

പണം എടിഎം വഴിയോ നെഫ്റ്റ്- ഐഎംപിഎസ് മുഖേനയോ മൊബൈൽ ഉപയോഗിച്ചാണ് പിൻവലിച്ചത്. ഏതാനും ചെക്ക് പേയ്‌മെന്റുകൾ ഒഴിച്ചാൽ, ബാക്കിയെല്ലാം ഇങ്ങനെയായിരുന്നു, വിവിധ വ്യക്തികൾക്കായി 2,000 മുതൽ 5000 വരെ പലതവണകളായാണ് ഓരോ ദിവസവും പണം പിൻവലിച്ചതെന്നും കണ്ടെത്തി. 2020 ജനുവരി ആറിനും, 2019 ഡിസംബർ 12 നും മധ്യേയായിരുന്നു ഈ പിൻവലിക്കലുകൾ. ഡിസംബർ 12 നും, 21 നും ഒരേ അക്കൗണ്ടിൽ നിന്ന് 80-90 പിൻവലിക്കലുകൾ നടത്തിയതും അസ്വാഭാവികമെന്ന് ഇഡി വിലയിരുത്തി.

മതപരിവർത്തനത്തിനും പണം വരുന്നു

പണം പിൻവലിച്ചത് ഏറെയും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ അന്നോ, തലേന്നോ ആയിരുന്നുവെന്നും റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇഡിയുടെ കണക്കുകൂട്ടൽ അനുസരിച്ച് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകളിൽ നിന്നുള്ള ഈ പണം പിൻവലിക്കലിനും, പ്രക്ഷോഭത്തിനും തമ്മിൽ നേരിട്ട ബന്ധമുണ്ട്. ഈ പണം പ്രക്ഷോഭത്തിന് വേണ്ടി പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ചതാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നത്.പോപ്പുലർ ഫ്രണ്ടിന്റെ 27 അക്കൗണ്ടുകൾ അടക്കം 73 അക്കൗണ്ടുകളാണ് പരിശോധിച്ചത്. 120.5 കോടി രൂപയാണ് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിരിക്കുന്നത്. ഇതിൽ ഏറെയും അന്നുതന്നെയോ രണ്ട മൂന്നു ദിവസത്തിനകമോ പിൻവലിച്ചിട്ടുണ്ട്. മിക്കവയും ക്യാഷ് ഡെപോസിറ്റി് ആയിരുന്നു. ചെക്ക് വഴിയുള്ള നിക്ഷേപം വളരെ വിരളമാണ്.പോപ്പുലർ ഫ്രണ്ടിന് മത ചാരിറ്റബിൾ ട്രസ്റ്റ് ആയ തങ്ങൾ ഫൗണ്ടേഷനിന്റെ പിന്തുണയുണ്ടെന്നും ഫൗണ്ടേഷന്റെ സാമ്പത്തിക ഉറവിടം അന്വേഷിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹാദിയ കേസിൽ, പോപ്പുലർ ഫ്രണ്ട്, മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഇന്ദിര ജയ്സിങ്, ദുഷ്യന്ത് എ. ദവെ എന്നിവർക്ക് വൻതുക ഫീസ് നൽകിയതായി വെളിപ്പെടുത്തലും വിവാദമായിരുന്നു. ഹാദിയ കേസിൽ, പരാതിക്കാരനായ ഷഹീൻ ജഹാന് വേണ്ടിയാണ് കപിൽ സിബലിന് 77 ലക്ഷവും, ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷവും, ഇന്ദിര ജയ്സിങ്ങിന് 4 ലക്ഷവും നൽകിയത്. ഷഹീൻ ജഹാന്റെ പേരിൽ പോപ്പുലർ ഫ്രണ്ടാണ് ഈ തുക നൽകിയതെന്ന് സീ ന്യൂസ് വെളിപ്പെടുത്തുന്നു. പോപ്പുലർ ഫ്രണ്ട് ഹാദിയ കേസിൽ കക്ഷിയായിരുന്നില്ല..

എന്നാൽ, തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം ശുദ്ധ അസംബന്ധമെന്നാണ് കപിൽ സിബൽ പ്രതികരിച്ചത്.അഡ്വക്കേറ്റ് ഇന്ദിര ജയ്സിങ്ങും ആരോപണങ്ങൾ നിഷേധിച്ചു. പൗരത്വ നിയമ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടോ അല്ലാതെയോ പോപ്പുലർ ഫ്രണ്ടിൽ നിന്ന് നാല് ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം ശരിയല്ല. പോപ്പുലർ ഫ്രണ്ട് അക്കൗണ്ടിൽ നിന്ന് എനിക്ക് കൈമാറിയതായി കാട്ടുന്ന രേഖയിൽ ഒപ്പോ, തീയതിയോ, ഏജൻസിയുടെ പേരോ കാണാനില്ലാത്തതുകൊണ്ട് തന്നെ വിശ്വാസയോഗ്യമല്ല. എന്റെ സത്പേരിന് കളങ്കം ചാർത്താനുള്ള ഏതുശ്രമത്തിനും, വ്യക്തികൾക്കും മാധ്യമങ്ങൾക്കും എതിരെ സിവിലും ക്രിമിനലുമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്ദിര ജയ്സിങ് മുന്നറിയിപ്പ് നൽകി.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനു പിന്നിൽ ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ കത്തിലാണ് എൻഫോഴ്‌സ്‌മെന്റ് പോപ്പുലർ ഫ്രണ്ടിന്റെ ബന്ധം സൂചിപ്പിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധത്തിൽ പോപ്പുലർ ഫ്രണ്ടിന് നേരിട്ട് ബന്ധമുണ്ട്. പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്ന തീയതിയും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ തീയതിയും തമ്മിൽ ബന്ധമുണ്ടെന്നും കത്തിൽ പറയുന്നതായി വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

2017ൽ ഹാദിയകേസിന്റെ സമയത്ത് സംഘടിതമായി മതപരിവർത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിക്യാമറയിൽ സമ്മതിച്ചതും കഴിഞ്ഞവർഷം വൻ വിവാദമായിരുന്നു. സംഘടനയുടെ ലക്ഷ്യം രാജ്യത്തും പിന്നീട് മറ്റ് സ്ഥലങ്ങളിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണെന്നും ഇന്ത്യാ ടുഡേ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ നേതാക്കൾ സമ്മതിക്കുന്നുണ്ട്. ഹാദിയയുടെ മതംമാറ്റവും വിവാഹവും തുടർന്നുള്ള വിവാദങ്ങളിലും സുപ്രീം കോടതി നിർണ്ണായകമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് നേതാക്കളുടെ സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പ് ഇന്ത്യ റ്റുഡേ ചാനൽ പുറത്തുവിട്ടത്. പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമൺസ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, പോപ്പുലർ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരുടെ വാക്കുകളാണ് ചാനൽപുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.

മാറാട് കലാപത്തിന് മുന്നോടിയായി എത്തിയത് 430 കോടി

2003ലെ മാറാട് കൂട്ടകൊലയ്ക്ക് പിന്നിൽ രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘങ്ങളുണ്ടെന്ന് സംശയിക്കുന്നതായി മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിലും അന്വേഷണം എങ്ങുമെത്തിയില്ല. മാറാട് അന്വേഷണ കമ്മീഷന്റെ ശുപാർശയെ തുടർന്ന് മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഉന്നതഗൂഢാലോചനയെ കുറിച്ച് ആദ്യം അന്വേഷിച്ച റിട്ട. ക്രൈം ബ്രാഞ്ച് സൂപ്രണ്ട് സി.എം.പ്രദീപ് കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കുന്നത്.

നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വിശദവും വിപുലവുമായ അന്വേഷണമാണ് ആവശ്യം. കേരള പൊലീസിന് ഇത് അന്വേഷിച്ച് വസ്തുത പുറത്തുകൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യം ഉണ്ട്. അതുകൊണ്ട് തന്നെ മാറാട് അന്വേഷണ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരം സിബിഐ- സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ-ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് എന്നിവർ ഉൾപ്പെടുന്ന ബഹുഅന്വേഷണ ഏജൻസികളെ സമന്വയിപ്പിച്ച് അന്വേഷിപ്പിക്കണം-പ്രദീപ്കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.രണ്ടാം മാറാട് കലാപത്തിൽ തീവ്രവാദ ബന്ധമില്ലെന്ന് ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനും ഗവൺമെന്റ് പ്ലീഡറും ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് വ്യക്തമായ തെളിവുകൾ നിരത്തി പതിമൂന്ന് പേജുള്ള സത്യവാങ്മൂലം ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചിരിക്കുന്നത്.

ഈ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി 2010 ജൂൺ 30 മുതൽ 2012 ജനവരി 25 വരെ സേവനമനുഷ്ഠിച്ച താൻ പെട്ടന്നോണ് സ്ഥലം മാറ്റപ്പെട്ടത്. അന്വേഷണം ശകക്തമായി മുന്നേറുന്നതിനിടെ ഉണ്ടായ സ്ഥലം മാറ്റം അന്വേഷണത്തെ തുടർന്ന് മരവിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്നും വ്യക്തമാക്കുന്നുണ്ട്. 1999-2002 കാലയളവിൽ വിദേശത്ത് നിന്ന് 430 കോടി രൂപ ഇവിടുത്തെ പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കായി എത്തിയതിനെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചതിനെ കുറിച്ചും സിബിഐ അന്വേഷണം നടക്കാതിരിക്കാൻ ബിജെപിയിലേത് ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾ ശ്രമിച്ചതിനെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിൽ നിരോധിത സംഘടനയായ സിമിയുടെയും പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅദനിയുടെയും പങ്ക് സംശയിക്കുന്നുണ്ട്. താൻ തയ്യാറാക്കിയ 2012 പേജുള്ള കേസ് ഡയറിയിൽ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രദീപ്കുമാറിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.

മാറാട് കലാപത്തിൽ കൊളക്കാടൻ മൂസ ഹാജി എന്നയാൾ ചീഫ് ജസ്റ്റിസ് മുമ്പാകെ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയെ തുടർന്നാണ് പ്രദീപ് കുമാർ കോടതിയെ സമീപിക്കുന്നത്. കൊളക്കാടൻ മൂസ ഹാജിയുടെ ഹർജിയിൽ സിബിഐ, സംസ്ഥാന സർക്കാർ, പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ടമുണ്ടായിരുന്ന അന്നത്തെ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി വിൻസൻ എം. പോൾ, അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ ക്രൈംബ്രാഞ്ച് എസ്‌പി സി.എം. പ്രദീപ് കുമാർ എന്നിവരെയായിരുന്നു ഒന്നു മുതൽ നാലുവരെയുള്ള എതിർകക്ഷികളായി ചേർത്തിരുന്നത്. ഇതിൽ സിബിഐ ആദ്യം മറുപടി സത്യവാങ്മൂലം സമർപ്പിച്ചു.

തൊട്ടു പിന്നാലെ സംസ്ഥാന സർക്കാരിനു വേണ്ടി ഗവൺമെന്റ് പ്ലീഡറും. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് കുമാറിനോടോ വിൻസൻ.എം പോളിനോടോ ഒരു കാര്യവും തിരക്കാതെയാണ് മാറാട് കലാപത്തിൽ തീവ്രവാദ ബന്ധമില്ലെന്ന സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടത്. മറുപടി സത്യവാങ്മൂലം നൽകാനായി കോടതി പുറപ്പെടുവിച്ച നോട്ടീസ് ഇരുവർക്കും നൽകുകയോ അറിയിക്കുകയോ ഉണ്ടായില്ല. ഇതേത്തുർന്ന് കേസിൽ തന്നെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ കൂടിയായ പ്രദീപ് കുമാർ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ പെറ്റീഷൻ ഫയൽ ചെയ്യുകയായിരുന്നു. കേസിൽ നിലവിൽ തന്നെ പ്രദീപ് കുമാർ നാലാം എതിർ കക്ഷിയാണെന്നും അതിനാൽ പ്രത്യേകം കക്ഷി ചേരേണ്ടതില്ലെന്നും ഇതു സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം ഉടൻ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. 2003 മെയ് രണ്ടിനാണ് മാറാട് കടൽത്തീരത്ത് കൂട്ടകൊല നടന്നത്. പക്ഷേ ഇതിലൊന്നും തുടർ അന്വേഷണം ഉണ്ടായില്ല.

അറുക്കേണ്ടത് രാഷ്ട്രീയ ബന്ധവും

ഹവാല- സ്വർണ്ണക്കടത്ത് - തീവ്രാവാദ മാഫിയക്കൊപ്പം അറുത്തെടുക്കേണ്ടത് രാഷ്ട്രീയക്കാരുടെ ബന്ധം കൂടിയാണ്. സ്വർണ്ണക്കടത്തുകാർക്ക് സഹായം ചെയ്യുന്നതിന്റെപേരിൽ എക്കാലത്തും പ്രതിക്കൂട്ടിൽനിന്ന് പാർട്ടിയാണ് മുസ്ലിം ലീഗ്. ഇപ്പോൾ കാർഗോ കള്ളക്കടത്തുമായി പിടിക്കപ്പെട്ടവരിലും രണ്ട് ലീഗുകാർ ഉണ്ട്. പക്ഷേ ഇടതുപക്ഷ സ്വതന്ത്രർ എന്നപേരിൽ അറിയപ്പെടുന്ന കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖും, കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിനെതിരെയും എൽഡഎഫ് ഒരു അന്വേഷണം പോലും പ്രഖ്യാപിച്ചിട്ടില്ല. മുസ്ലിം ലീഗ് നേതാവ് പി കെ ഫിറോസ് ഇരുവർക്കുമെതിരെ അതി ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തുന്നത്.

'മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ കടത്തുന്ന സ്വർണങ്ങൾ സ്വർണ ഇടപാടുകാർക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് എംഎൽഎമാരാണെന്ന് സംശയിക്കുന്നു. നേരത്തെ സിപഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വർണ്ണക്കടത്തുകാരന്റെ മിനി കൂപ്പറിൽ യാത്ര ചെയ്തതും സിപിഎം ജില്ല സെക്രട്ടറി മോഹനൻ മാസറ്ററെ ജയിലിൽ ചെന്ന് സ്വർണകടത്തുകാരൻ സന്ദർശിച്ചതും സിപിഎമ്മിന് സ്വർണകടത്തുകാരുമായുള്ള പരസ്യബന്ധത്തിന്റ തെളിവാണ്. ഒരു ഇടതുപക്ഷ എംഎൽഎയുടെ മരുമകൻ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ ജയിലിൽ ആണ്. മറ്റൊരു സ്വർണകടത്ത് കേസിലെ പ്രതിക്ക് വേണ്ടി ഇടതുപക്ഷത്തെ രണ്ട് എംഎൽഎമാർ കോഫാപോസ കേസിൽ നിന്നും കുറ്റമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിരിയിരുന്നു. ഇതെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണം.'- പി കെ ഫിറോസ് ആവശ്യപ്പെട്ടു.

നേരത്തെ കാരാട്ട് ഫൈസൽ എന്ന കള്ളക്കടത്തുകാരന്റെ അരക്കോടിയുടെ കൂപ്പറിൽ ഏറി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൽ വിവാദത്തിൽ പെട്ടതും, സ്വർണ്ണക്കടത്തുകാരൻ ഫായീസ് അറബിവേഷത്തിൽ ജയിലിൽ എത്തി ടിപി വധക്കേസ് പ്രതികളെ കണ്ടതും കേരളം ഏറെ ചർച്ച ചെയ്തതാണ്. ഇത്തരം രാജ്യദ്രോഹ ഗ്രൂപ്പുകളെ പ്രോൽസാഹിപ്പിക്കണമോ എന്നതൊക്കെ ഇടതുപക്ഷം അത്മ പരിശോധന നടത്തേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP