Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന് കാരണം മസ്തിഷ്‌ക്ക രോഗമല്ല, ഓക്സിജൻ കിട്ടാത്തതാണെന്ന് പറഞ്ഞതോടെ സർക്കാറിന്റെ കണ്ണിലെ കരടായി; വാദിയെ പ്രതിയാക്കി കേസെടുത്ത് ജയിലിലടച്ച് പ്രതികാരം; ഒരു കേസിൽ ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ അടുത്ത കേസിൽ അകത്താക്കും; സഹോദരനെയും വെടിവെച്ച് കൊല്ലാൻ ശ്രമം; 'വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താത്തതിന് നന്ദി'യെന്ന് അയാൾ പറയുന്നത് തമാശയല്ല; യോഗി സർക്കാർ നിരന്തരം വേട്ടയാടുന്ന ഡോ. കഫീൽഖാന്റെ കഥ

പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന് കാരണം മസ്തിഷ്‌ക്ക രോഗമല്ല, ഓക്സിജൻ കിട്ടാത്തതാണെന്ന് പറഞ്ഞതോടെ സർക്കാറിന്റെ കണ്ണിലെ കരടായി; വാദിയെ പ്രതിയാക്കി കേസെടുത്ത് ജയിലിലടച്ച് പ്രതികാരം; ഒരു കേസിൽ ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ അടുത്ത കേസിൽ അകത്താക്കും; സഹോദരനെയും വെടിവെച്ച് കൊല്ലാൻ ശ്രമം; 'വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താത്തതിന് നന്ദി'യെന്ന് അയാൾ പറയുന്നത്  തമാശയല്ല; യോഗി സർക്കാർ നിരന്തരം വേട്ടയാടുന്ന ഡോ. കഫീൽഖാന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

'ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് എല്ലാവർക്കും ബോധ്യമുണ്ടായിട്ടും ഭരണകൂടത്താൽ നിരന്തരം വേട്ടയാടപ്പെടുന്ന മനുഷ്യൻ. ഭരണകൂട ഭീകരതുടെ ജീവിച്ചിരിക്കുന്ന ര്കതസാക്ഷിയാണ് ഇയാൾ'- എഴുത്തുകാരിയും ആക്റ്റീവിസ്റ്റുമായ അരുദ്ധതീറോയ് കഴിഞ്ഞ ദിവസം ഇങ്ങനെ കുറിച്ചത് ഡോ കഫീൽഖാൻ എന്ന യുപി ഡോക്ടറെ കുറിച്ചാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സർക്കാർ ഇയാളെ നിരന്തരം വേട്ടയാടുകയാണ്. ഒരു കേസ് കഴിയുമ്പോൾ അടുത്ത്. കുറ്റം ഒന്നേ ഒന്നുമാത്രം. സത്യം പറഞ്ഞു, പ്രവർത്തിച്ചു എന്നതുതന്നെ. യോഗിയുടെ മണ്ഡലമായ ഗൊരഖ്പൂരിലെ മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ പിടഞ്ഞു മരിച്ചപ്പോൾ, സ്വന്തം ചെലവിൽ പ്രാണവായു എത്തിച്ച ആ ഡോകട്ര് അതിന്റെ പേരിൽ അകത്തതായി. അയാൾ സ്ഥാപിച്ചത് നേരത്തെ സ്വന്തം സ്വകര്യ ക്ലിനിക്കിലേക്ക് കടത്തിക്കൊണ്ടുപോയ ഓക്സിജൻ സിലണ്ടർ ആണത്രേ. മൂന്നുവർഷം മുമ്പ് ഗൊരഖ്പൂരിൽ കുട്ടികൾ പിടഞ്ഞു മരിച്ചത് മസ്തിഷ്‌ക്ക ജ്വരം മൂലമാണെന്നും സർക്കാർ പറഞ്ഞപ്പോൾ അത് ഓക്സിജൻ കിട്ടാത്തതിനാൽ എന്ന് പറഞ്ഞുപോയ അന്നുതൊട്ട് അദ്ദേഹം അവരുശട കണ്ണിലെ കരടായി.

കുട്ടികളുടെ മരണത്തിന് ഉത്തരവാദിയാക്കി ഡോ കഫീൽഖാനെ അറസ്റ്റ് ചെയ്യുകയാണ് യുപി പൊലീസ് ചെയ്തത്. ആ കേസിൽ അദ്ദേഹത്തെ കോടതി കുറ്റ വിമുക്തനാക്കിയപ്പോഴേക്കും അടുത്ത കേസ് വന്നു. തുടർച്ചയായി കേസുകളും ജയിൽ വാസവും. കഴിഞ്ഞദിവസം അലഹബാദ് ഹൈക്കോടതി വിധിയെ തുടർന്നാണ് സിഐഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹം മോചിപ്പിക്കപ്പെട്ടത്. അലഹബാദ് ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലെങ്കിലും കഫീൽ ഖാനെ വേട്ടയാടുന്നത് ഉത്തർപ്രദേശിലെ ബിജെപി സർക്കാർ അവസാനിപ്പിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. അല്ലെങ്കിൽ ഇതുവരെ ചെയ്തതുപോലെ വീണ്ടും ഏതെങ്കിലും കേസുമായി അദ്ദേഹം തടവിലാക്കപ്പെടുമോ എന്നാണ് അറിയേണ്ടത്.

ഇന്ന് പുലർച്ചെയാണ് മഥുര സെൻട്രൽ ജയിലിൽനിന്ന് കഫീൽ ഖാൻ പുറത്തുവന്നത്. യോഗി ആദിത്യനാഥ് സർക്കാർ ശത്രുവിനെ പോലെ വേട്ടയാടപ്പെടുന്ന കഫീൽ ഖാന് മൂന്ന് വർഷത്തിനിടെ കിട്ടിയ ഏക ആശ്വാസമാണ് ഈ വിധി. 'വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താത്തതിന് നന്ദി'യെന്ന് മോചിതനായ ശേഷം ഡോ. കഫീൽ ഖാൻ പറഞ്ഞത് കൂടി ഇവിടെ ചേർത്തു വായിക്കണം. ഇനിയുള്ള തന്റെ ജീവിതം ഭരണകൂട വേട്ടയുടെ ഇരകൾക്കായി സമർപ്പിക്കുന്നുവെന്നാണ് ഡോ കഫീൽഖാൻ പറയുന്നത്.

യോഗി സർക്കാർ ഉണ്ടാക്കിയ ശിശു മരണം

ഉത്തർ പ്രദേശിലെ ഗൊരഖ് പൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കഫീൽ ഖാൻ ചെറുപ്പത്തിലെ പഠിക്കാൻ മിടുക്കനായിരുന്നു. നാട്ടിലെ പഠനത്തിനുശേഷം എംബിബിഎസ് ബിരുദവും ബിരുദാനന്തര ബിരുദവും കർണാടകയിലെ മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം നേടി. ദന്ത ഡോക്ടറായ ഷബിസ്താൻ ഖാൻ ആണ് ഭാര്യ. 12 വർഷം കർണാടകയിൽ ജോലി ചെയ്ത ശേഷം ഗോരഖ്പൂരിൽ ബിആർഡി മെഡിക്കൽ കോളജിൽ ജോലി ചെയ്യാനാരംഭിച്ചു. ഡോ കഫീലിന്റെ ദുരിതവും അന്നുമുതൽ തുടങ്ങി.

മൂന്ന് വർഷം മുമ്പ് ഇന്നേ ദിവസമായിരുന്നു ഡോ. കഫീൽ ഖാൻ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ദനായിരുന്നു അന്ന് അദ്ദേഹം. ഓക്‌സിജൻ സിലിണ്ടറുകളില്ലാത്തതിനെ തുടർന്ന് കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൽ ഇടപെട്ടപ്പോഴാണ് കഫീൽ ഖാന്റെ പേര് ആദ്യമായി പുറം ലോകം അറിയുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയാണ് ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജ്. ഔദ്യോഗിക കണക്കനുസരിച്ചു ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ 2017 ഓഗസ്റ്റിൽ 290 കുട്ടികളുടെ മരണം സംഭവിച്ചിരുന്നു. ഇതിൽ 213 കുട്ടികളും നവജാത ശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ആശുപത്രിയിൽ ഓക്‌സിജൻ വിതരണം നിലച്ചതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോർട്ടെങ്കിലും സംസ്ഥാന സർക്കാർ ഇത് നിഷേധിച്ചിരിന്നു. മസ്തിഷ്‌കജ്വരം കൂടുതലായി പിടിപെടുന്ന മേഖലയാണ് ഗൊരഖ്പൂരെന്നും ഇതിനാലാണ് ഇവിടെ മരണം സംഭവിച്ചതെന്നുമായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ഇത് പൊളിച്ചത് ഡോ കഫീൽഖാനാണ്.

സംഭവം നടക്കുമ്പോൾ ഡോ. ഖാൻ അല്ലായിരുന്നു ആശുപത്രിയിലെ എൻസഫലൈറ്റിസ് വാർഡിന്റെ നോഡൽ ഓഫീസർ. യാതൊരു ചുമതലകളും ഇല്ലാതിരുന്നിട്ടുകൂടി ഡോ. ഖാൻ കുട്ടികൾ മരിക്കാതിരിക്കാൻ വേണ്ടി സ്വന്തം ചെലവിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നു. പക്ഷേ വാദിയെ പ്രതിയാക്കുകയാണ് സർക്കാർ ചെയ്തത്. അന്ന് ഡോ. കഫീൽ ഖാന്റെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും, ഓക്സിജൻ സിലിണ്ടറുകളുടെ വാങ്ങൽ പ്രക്രിയയിൽ ഖാൻ അഴിമതി കാണിച്ചു എന്നും ആരോപിച്ച് സർക്കാർ നടപടിയെടുത്തിരുന്നു. സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവ ആയിരുന്നു കഫീലിനുമേൽ ചുമത്തിയ കുറ്റങ്ങൾ. ബിആർഡി ആശുപത്രിയിൽ നിന്ന് ഓക്‌സിജൻ സിലിണ്ടർ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്നും പൊലീസ് ആരോപിച്ചിരുന്നു. ഈ കേസുകളുടെ പേരിൽ ഡോ. ഖാൻ അറസ്റ്റിലാവുകയും, ദീർഘകാലം ജയിലിൽ കഴിയുകയുമുണ്ടായി. പക്ഷേ യഥാർഥത്തിൽ ഓക്സിജൻ സിലണ്ടർ നൽകുന്ന കമ്പനിക്ക് സർക്കാർ പണം കുടിശ്ശിക വരുത്തിയിയതാണ്, സപ്ലെ മുടങ്ങാൻ ഉണ്ടായ കാരണം എന്ന് പിന്നീട് വെളിപ്പെട്ടു.

എന്നാൽ ഡോക്ടർ കഫീൽ ഖാൻ കുറ്റക്കാരനല്ലെന്നാണ് പിന്നീട് എല്ലാ അന്വേഷണ റിപ്പോർട്ടുകളും എത്തിയത്. കഫീൽ ഖാൻ 54 മണിക്കൂറിനുള്ളിൽ 500 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നുവെന്നും ഡോക്ടർക്കെതിരെ ഉന്നയിച്ച ആരോപണം നിലനിൽക്കുന്നതല്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. സർക്കാറിന്റെ ഈഗോയും ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും തന്നെയാണ് ഡോ കഫീൽഖാന് വിനയായതെന്നാണ് നിഷ്പക്ഷമതികൾ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്. സർക്കാർ മസ്തിഷ്‌ക്ക ജ്വരമാണ് മരണകാരണമെന്ന് പറയുമ്പോൾ അതല്ല ഓക്സിജൻ സിലിണ്ടറിന്റെ അഭാവമാണ് എന്ന് വെളിപ്പെടുത്തിയത് ഡോ ഖാൻ ആണ്.

രോഗികളായ കുഞ്ഞുങ്ങളെ രക്ഷിക്കാൻ സ്വന്തം കൈയിൽ നിന്ന് കാശു മുടക്കി ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചതും യോഗി ആദിത്യനാഥ് സർക്കാറിന് പിടിച്ചില്ല. യോഗി ആദിത്യ നാഥിന്റെ ശക്തി കേന്ദ്രത്തിലെ ഒരു സർക്കാർ ആശുപത്രിയിലെ ഗുരുതരമായ വീഴ്ചയുടെ ജാള്യത മറയ്ക്കാൻ അവർ തുടർച്ചയായി ള്ളകഥകൾ ചമയ്ക്കുകയായിരുന്നുവെന്നാണ് ദ പ്രിന്റ് പോലുള്ള നിഷ്പക്ഷ മാധ്യമങ്ങൾ നടത്തിയ വസ്താന്വേഷണത്തിൽ തെളിഞ്ഞത്. ഗൊരഖ്പൂരിൽ നടന്നത് യോഗി ആദിത്യനാഥ് സർക്കാരിന്റെ നേതൃത്വത്തിലുള്ള കൂട്ടക്കൊല എന്നാണ് ഡോ. കഫീൽ ഖാൻ ഇപ്പോൾ വിളിക്കുന്നത്. ഈ കേസിൽ 2018 എ്രപിൽ 25ന് അലഹബാദ് ഹൈക്കോടതി ഡോ. കഫീൽ നിരപരാധിയാണെന്ന് വിധിച്ചു. തുടർന്ന് 2018 മെയ് 10ന് ഡോ. കഫീൽ പുറത്തിറങ്ങിയെങ്കിലും മറ്റ് കേസുകൾ പുറകെയുണ്ടായിരുന്നു. വേട്ടയാടൽ തുടരുകയായിരുന്നു.

തുടർന്ന് കേസുകളുടെ പെരുമഴ

എന്നാൽ ഡോ കഫീൽഖാനെ വെറുതെ വിടാൻ യോഗി സർക്കാർ തയ്യാറായില്ല. തുടർന്നങ്ങോട്ട് കേസുകളുടെ പെരുമഴയായിരുന്നു. ആശുപത്രിയിൽ ബഹളം ഉണ്ടാക്കി, വ്യാജ രേഖകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ സൃഷ്ടിച്ചു തുടങ്ങിയ ആരോപണങ്ങളിൽ അനുബദ്ധ കേസുകളും എടുപ്പിച്ചു.ബി ആർ ഡി മെഡിക്കൽ കോളെജ് സംഭവത്തെ തുടർന്ന് എട്ട് പേരെയാണ് അന്ന് സസ്‌പെന്റ് ചെയ്തത്. ഇതിൽ ഡോ കഫീൽ ഒഴികെ എല്ലാവരെയും തിരിച്ചെടുത്തു. ആരോഗ്യവകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തിൽ കഫീൽ ഖാനെ കുറ്റവിമുക്തമനാക്കിയെന്ന് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് അന്വേഷണം നടത്തിയ ഹിമാൻഷു കുമാറെന്ന പ്രിൻസിപ്പൽ സെക്രട്ടറി അവധിയിൽ പോയതും വിവാദമായി. സർക്കാരിന് ഹിതകരമല്ലാത്ത റിപ്പോർട്ട് നൽകിയ ഹിമാൻഷു കുമാറിനോട് അവധിയിൽ പോകാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ആദ്യത്തെ തവണ അറസ്റ്റിലായതിന് ശേഷം ഏഴ് മാസം കഴിഞ്ഞ് 2018-ലാണ് കഫീൽ ഖാന് ജാമ്യം കിട്ടിയത്. പുറത്തിറങ്ങി ഒരു മാസം കഴിഞ്ഞ ഉടൻ മറ്റൊരു കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പിന്നീടാണ് കൃത്രിമ രേഖകൾ ചമച്ച് ബാങ്ക് അക്കൗണ്ട് എടുത്തുവെന്ന് ആരോപിച്ച് കഫീൽഖാനെയും സഹോദരനയും അറസ്റ്റ് ചെയ്തത്. വൈകാതെ വിട്ടയച്ചു. ഈ സമയത്തും ഡോ കഫീൽഖാൻ വെറുതെയിരുന്നില്ല. അദ്ദേഹം ഉത്തർപ്രദേശിലെയും ബിഹാറിലെയും വിവിധ പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തി. എന്നാൽ സർക്കാർ അപ്പോഴും കഫീൽ ഖാന്റെ സസ്‌പെൻഷൻ നടപടി അനന്തമായി നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒന്നുകിൽ തന്നെ തിരിച്ചെടുക്കണം അല്ലെങ്കിൽ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കഫീൽ ഖാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. അതിന് മറുപടിയുണ്ടായില്ല. ജനകീയ ആരോഗ്യമേഖലയിലും ഭരണകൂട ഭീകരതക്കെതിരായ നിരവധി പൗരാവകാശ സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമായതോടെ കഫീൽ ഖാൻ അതിന്റെ ഭാഗമായി. അലിഗഡ് മുസ്ലിം സർവകലാശാലയിൽ നടന്ന പ്രതിഷേധമാണ് വീണ്ടും കഫീൽ ഖാന്റെ അറസ്റ്റിലേക്ക് നയിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായ്‌കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്ന് പറഞ്ഞാണ് അദ്ദേഹത്തിനെതിരെ കേസെടുത്തതും.

സഹോദരന് വെടിയേൽക്കുന്നു

ചെയ്യാത്ത തെറ്റിന് കഫീൽഖാനെ ജയിലിൽ അടച്ചിട്ടും അദ്ദേഹത്തോടുള്ള ഭരണകൂട പകപോക്കൽ അവസാനിച്ചിരുന്നില്ല. 2018 ജൂൺ 9ന് ഡോ. കഫീലിന്റെ ചെറിയ സഹോദരൻ കാഷിഫ് മൻസൂറിന് നേരെ വധശ്രമമുണ്ടായി. റംസാൻ മാസത്തിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങവെ കാഷിഫിനെ മുന്നിൽ നിന്നും പിന്നിൽ നിന്നും വെടിവെച്ച് ചിലർ കൊലപ്പെടുത്താൻ ശ്രമിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രസന്ദർശനത്തിനായി സംഭവം നടന്നതിന്റെ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. ബിജെപി എംപി കമലേഷ് പസ്വാനും ഭരണകൂടവുമാണ് ഇതിനു പിന്നിലെന്ന് ഡോ. കഫീൽ ഖാൻ വാർത്താസമ്മേളനം നടത്തി ലോകത്തെ അറിയിച്ചു. വലതുകൈ, കഴുത്ത്, താടി എന്നിവയിൽ മൂന്ന് വെടിയേറ്റ മുറിവുകളുണ്ടെങ്കിലും അദ്ദേഹം കാഷിഫ് മരണത്തിൽനിന്ന് രക്ഷപ്പെട്ടു. 2020 ഫെബ്രുവരി 24 ന് ഗോരഖ്പൂരിൽ പ്രോപ്പർട്ടി ഇടപാടുകാരനായ ഖാന്റെ അമ്മാവൻ വെടിയേറ്റ് മരിച്ചു. ഡോ. ഖാന്റെ മരണവുമായി മരണം ബന്ധപ്പെട്ടിട്ടില്ലെന്നും സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടതാണെന്നും ഉത്തർപ്രദേശ് പൊലീസ് വ്യക്തമാക്കി. പക്ഷേ ഈ മരണത്തിലും ദുരൂഹതകൾ നീങ്ങിയിട്ടില്ല.

കാഷിഫിന് വെടിയേറ്റതിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡോ. കഫീലിന്റെ മൂത്ത സഹോദരൻ അദീൽ അഹമദ് ഖാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. അലഹബാദ് ഹൈക്കോടതിയും കൊലപാതക ശ്രമത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പക്ഷേ കാര്യമായ അന്വേഷണം ഒന്നും ഉണ്ടായില്ല. പേരിന് ചിലരെ പിടിച്ചു എന്നല്ലാതെ അന്വേഷണം ആസൂത്രകരിലേക്ക് നീങ്ങിയില്ല.

സഹോദരന് വെടിയേറ്റ സംഭവം കഫീൽ ഖാൻ ദ പ്രിന്റിനോട് ഇങ്ങനെയാണ് വിശദീകരിച്ചത്. '2018 ജൂൺ 10ന് രാത്രി, റംസാനിലെ രാത്രികാല പ്രാർത്ഥനയായ തറാവീഹ് കഴിഞ്ഞ് പത്തരയോടെ ഉമ്മയ്ക്ക് ചെരുപ്പു വാങ്ങിക്കാൻ പോകുകയായിരുന്നു കാഷിഫ്. ഗൊരഖ്നാഥ് ക്ഷേത്രത്തിനടുത്താണ് കാഷിഫ് പോയത്. സംഭവം നടക്കുമ്പോൾ യോഗി ആദിത്യനാഥ് ഗൊരഖ്നാഥ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഗൊരഖ്നാഥ് ക്ഷേത്രത്തിൽ നിന്നും 500 മീറ്റർ അകലത്തിലാണ് കാഷിഫിന് വെടിയേറ്റത്. ഒരു സ്‌കൂട്ടിയിലാണ് രണ്ടുപേർ വന്ന് അഞ്ചുതവണ വെടിവെച്ചത്. അതിൽ മൂന്നു ബുള്ളറ്റുകൾ കാഷിഫിന് കൊണ്ടു. ഒന്നാമത്തെ ബുള്ളറ്റ് പിന്നിൽ നിന്നായിരുന്നു. അത് ശരീരം തുളച്ച് മുന്നിലേക്ക് വന്നു. എന്റെ സഹോദരൻ ബൈക്കിലായിരുന്നു. പിന്നീട് അവർ മുന്നിലേക്ക് വന്ന് വീണ്ടും വെടിയുതിർത്തു. മേൽത്തുടയിലും വലതു കൈയിലും വെടികൊണ്ടു. കാഷിഫ് ഓടാൻ തുടങ്ങി. അവർ അവനെ പിന്തുടർന്ന് പിന്നെയും വെടിവെച്ചു. അത് നല്ല ആഴത്തിൽ തന്നെ തറച്ചുകയറി. വലത്തെ ചുമലിൽ നിന്നും അത് കഴുത്തിലേക്ക് ആണ്ടു. ആ വെടിയുണ്ട കഴുത്തിൽ തറച്ചു നിന്നു. പിന്നെയും കാഷിഫ് ഓടി. ഓട്ടത്തിനിടയിൽ വീണെങ്കിലും സർവ്വശക്തിയുമെടുത്ത് എഴുന്നേറ്റോടി. അപ്പോഴേക്കും ആൾക്കാർ കൂടുകയും വെടിവെച്ചവർ രക്ഷപ്പെടുകയും ചെയ്തു. ഞങ്ങൾ കാഷിഫിനെ അടുത്തുള്ള പ്രൈവറ്റ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലായ സ്റ്റാർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. എത്രയും വേഗം വെടിയുണ്ടകൾ എടുത്തു കളഞ്ഞില്ലെങ്കിൽ കാഷിഫിന് ജീവൻ നഷ്ടപ്പെടുമെന്ന് ഡോക്ടർ പറഞ്ഞു. ശക്തമായ ബ്ലീഡിങ് ഉണ്ടായിരുന്നു, കാഷിഫ് വേദന കൊണ്ട് കരയുകയായിരുന്നു.'

പൊലീസ് ശ്രമിച്ചത് ചികിൽസ വൈകിപ്പിച്ച് കൊല്ലാൻ

'അപ്പോഴേക്കും പൊലീസ് വന്നു. സർജറിക്ക് മുൻപ് മെഡിക്കോ ലീഗൽ ചെയ്യണമെന്ന് പൊലീസ് നിർബന്ധം പിടിച്ചു. മെഡിക്കോ ലീഗൽ ചെയ്തു കഴിഞ്ഞതായി ഡോക്ടർ പറഞ്ഞെങ്കിലും ഒരു പ്രൈവറ്റ് ഡോക്ടർ അല്ല മെഡിക്കോ ലീഗൽ ചെയ്യേണ്ടത് എന്നും ഗവൺമെന്റ് ഡോക്ടർ തന്നെ അതു ചെയ്യണം എന്നും പൊലീസ് നിർബന്ധം പിടിച്ചു. എന്നാൽ സുപ്രീം കോടതിയുടെ ഗൈഡ് ലൈൻസ് അനുസരിച്ച് ഇത്തരം കേസുകളിൽ ജീവൻ രക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്, അതിനു ശേഷം പൂർത്തിയാക്കിയാൽ മതി മറ്റു കാര്യങ്ങൾ. എന്തായാലും ക്വാളിഫൈഡ് ആയ ഒരു ഡോക്ടർ മെഡിക്കോ ലീഗൽ ചെയ്തിട്ടുണ്ട്, സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണോ അല്ലെങ്കിൽ ഗവൺമെന്റ് ഡോക്ടറാണോ എന്നതൊന്നും ഒരു ചോദ്യമേ അല്ല. പക്ഷേ പൊലീസ് സർക്കാർ ഡോക്ടറുടെ മെഡിക്കോ ലീഗൽ തന്നെ വേണം എന്ന് വാശിപിടിക്കുകയാണ് ചെയ്തത്.

11.30ഓടു കൂടി ഞങ്ങളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു ഗവൺമെന്റ് ഡോക്ടർ മെഡിക്കോ ലീഗൽ ചെയ്തു, അതിന് ഏകദേശം ഒരു മണിക്കൂറോളം എടുത്തു. ഈ മെഡിക്കോ ലീഗൽ കൊണ്ട് ഞങ്ങൾ സംതൃപ്തരല്ല, മെഡിക്കൽ കോളേജിലെ ഒരു മെഡിക്കൽ ബോർഡ് ആണ് മെഡിക്കോ ലീഗൽ ചെയ്യേണ്ടത് എന്നായി പൊലീസുകാരുടെ അടുത്ത വാദം. നാലോ അഞ്ചോ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡ് മെഡിക്കോ ലീഗൽ ചെയ്താൽ മാത്രമേ സർജറി ചെയ്യാൻ കഴിയൂ എന്ന് അവർ വീണ്ടും വാശിപിടിച്ചു. സർജറി ഉടനെ ചെയ്യണം, ഇല്ലെങ്കിൽ ആൾ മരിച്ചുപോകുമെന്ന് അവിടെ ഉണ്ടായിരുന്ന സർജൻ പറഞ്ഞു. പക്ഷേ അവരത് കേട്ടതേ ഇല്ല.

എന്റെ സഹോദരൻ കൊല്ലപ്പെടണം എന്നും ഇതേപ്പറ്റി സംസാരിക്കാൻ ജീവനോടെ തിരിച്ചുവരരുത് എന്നും ആഗ്രഹമുള്ളതു പോലെയാണ് പൊലീസ് പെരുമാറിയത്. കാഷിഫ് വേദനയിൽ പുളഞ്ഞ് കരയുകയായിരുന്നു. ഞങ്ങൾ പൊലീസുമായുള്ള തർക്കത്തിലും. ഞങ്ങൾ കാഷിഫിനെ സ്റ്റാർ ഹോസ്പിറ്റലിലേക്ക് തന്നെ കൊണ്ടുപോയി. ഒരു മെഡിക്കോ ലീഗൽ കൂടി ചെയ്യേണ്ടെന്നും കാഷിഫിന്റെ ജീവനാണ് വലുത് എന്നും ഞങ്ങൾ അവരോടു പറഞ്ഞു. നാലഞ്ച് വാഹനങ്ങളിലായി അമ്പതോളം പൊലീസുകാർ ഞങ്ങളെ പിന്തുടർന്നു വന്നു. സ്റ്റാർ ഹോസ്പിറ്റലിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ഗൊരഖ്പൂർ മെഡിക്കൽ കോളേജിലേക്ക് അവർ ഞങ്ങളെ നിർബന്ധിച്ച്, ബലം പ്രയോഗിച്ച് കൊണ്ടുപോയി. തകർന്ന റോഡുകളിലൂടെ 20 കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നു. ഒരു മണിയോടെ അവിടെയെത്തി. മെഡിക്കോ ലീഗൽ ചെയ്തു കഴിഞ്ഞെന്നും എത്രയും പെട്ടെന്ന് വെടിയുണ്ടകൾ നീക്കം ചെയ്യണമെന്നും അവിടുത്തെ ഡോക്ടർ പറഞ്ഞു. എന്നാൽ ബുള്ളറ്റുകൾ നീക്കം ചെയ്യാൻ സർക്കാർ മെഡിക്കൽ കോളേജിൽ സ്പെഷ്യലിസ്റ്റ് ഇല്ലെന്ന് അവർ പറഞ്ഞു. ലഖ്നൗവിലേക്ക് കൊണ്ടുപോകണം എന്നു പറഞ്ഞപ്പോൾ ഞങ്ങൾ ദേഷ്യപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്തു. എന്താണ് ഇവിടെ നടക്കുന്നതെന്ന് ഞങ്ങൾ ചോദ്യം ചെയ്തു. ഇതിനകം തന്നെ മൂന്നു മണിക്കൂർ വെറുതെ പാഴായിട്ടുണ്ട്. അതിനുശേഷമാണ് 300 കിലോമീറ്റർ അകലെയുള്ള ലഖ്നൗവിലേക്ക് കൊണ്ടുപോകണം എന്ന് പറയുന്നത്.

പൊലീസുകാർക്ക് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് നിർദ്ദേശങ്ങൾ കിട്ടുന്നുണ്ടായിരുന്നു. എന്റെ സഹോദരൻ മരിച്ചുപോകണം എന്നായിരുന്നു അവരുടെ ലക്ഷ്യം. ഞങ്ങൾ ശക്തമായി പ്രതിഷേധിച്ചു. ഇപ്പോൾ തന്നെ ബുള്ളറ്റുകൾ നീക്കം ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. ഞാൻ എന്റെ സീനിയർ ആയിരുന്ന ഒരു സുഹൃത്തിനെ വിളിച്ചു. പുലർച്ചയോടെ അദ്ദേഹം വന്ന് എന്റെ സഹോദരനെ വീണ്ടും പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പുലർച്ചെ മൂന്നു മണിയോടെ ബുള്ളറ്റുകൾ നീക്കം ചെയ്തു.'- ഡോ കഫീൽ ഖാൻ വ്യക്തമാക്കി.

ബിജെപി എം പിക്കെതിരെ നടപടിയില്ല

'പൊലീസുകാർ കാഷിഫിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സർജറി വൈകിക്കാൻ പൊലീസ് ചെയ്തത് കാഷിഫിന് നേരെയുള്ള രണ്ടാം വധശ്രമമാണ്. ഞാനതിനെ കാഷിഫിന് നേരെയുള്ള രണ്ടാം വധശ്രമം എന്ന് വിളിക്കും. യു.പി പൊലീസിന്റെ വധശ്രമം. ഡി.സി.പി അവിടെ ഉണ്ടായിരുന്നു. സിറ്റി എസ്‌പി വിനയ് കുമാർ സിങ് അവിടെ ഉണ്ടായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപ് എന്റെ ഭൂമിയിൽ നിർമ്മാണ പ്രവൃത്തി തടസ്സപ്പെടുത്താൻ വന്നത് ഇയാളായിരുന്നു. ഇവർ മുഴുവൻ സമയം ഫോണിൽ ഉന്നത അധികാരികളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് അവർ മനഃപൂർവ്വം ഒരു അടിയന്തര ശസ്ത്രക്രിയ വൈകിച്ചു. മെഡിക്കൽ ഭാഷയിൽ സുവർണ മണിക്കൂർ എന്നു വിളിക്കുന്ന സമയമാണ് അവർ ബോധപൂർവം നഷ്ടപ്പെടുത്തിയത്. രക്തം വാർന്ന് വേദനകൊണ്ട് കാഷിഫ് കരയുകയായിരുന്നു. ഏഴു തുളകളാണ് ആക്രമണത്തിന് ശേഷം കാഷിഫിന്റെ ശരീരത്തിൽ ബാക്കിയായത്. അതിലൂടെയെല്ലാം രക്തം നഷ്ടപ്പെട്ടു. ഇതെല്ലാം കാരണം എന്റെ സഹോദരന്റെ സർജറി വൈകി, ആരോഗ്യനില വഷളായി. ബുള്ളറ്റുകൾ നീക്കം ചെയ്ത ശേഷം ഞങ്ങൾക്ക് കാഷിഫിനെയും കൊണ്ട് ലഖ്നൗവിലേക്ക് ഓടേണ്ടിവന്നു. ഏഴു ദിവസത്തോളം കാഷിഫ് ഐ.സി.യുവിൽ കഴിഞ്ഞു.'- ഡോ കഫീൽ ഖാൻ പറയുന്നു.

' ബിജെപി എംപി കമലേഷ് പാസ്വാൻ ആണത് ചെയ്തത്. അയാളാണ് കൊലയാളികളെ അയച്ചത്. കമലേഷ് പാസ്വാനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ സംഭവം നടന്ന് ഒന്നര മാസമായിട്ടും പൊലീസ് ഇക്കാര്യത്തിൽ വേണ്ട വിധം അന്വേഷണം നടത്തിയിട്ടില്ല. പൊലീസ് കമലേഷ് പാസ്വാനെ ചോദ്യം ചെയ്തിട്ടുമില്ല.

കമലേഷ് പാസ്വാന്റെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല. മുഴുവൻ സർക്കാർ സംവിധാനങ്ങളും കമലേഷ് പാസ്വാനെ സംരക്ഷിക്കാൻ നോക്കുകയാണ്. കുറ്റകൃത്യം സംഭവിച്ചത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിസരത്ത് ഉണ്ടായിരുന്നപ്പോഴായിരുന്നു. അതിനാൽ സുരക്ഷയൊരുക്കിയ സ്ഥലത്ത് തോക്കുമായി അക്രമികൾ എങ്ങനെ എത്തി എന്നതും പരിശോധിക്കേണ്ട വസ്തുതയാണ്. മുഖ്യമന്ത്രി ഉള്ളതിനാൽ കിലോമീറ്ററുകളോളം സുരക്ഷ ശക്തമാക്കിയിരുന്നു. എന്നിട്ടും രണ്ടുപേർ തോക്കുമായി വന്ന് എന്റെ സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ചു. അവർ രക്ഷപ്പെടുകയും ചെയ്തു. ആരാണ് കാഷിഫിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് എന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല. അന്വേഷണവും ഉണ്ടായിട്ടില്ല.'- കഫീൽഖാൻ പറയുന്നു.

പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഇരകൾക്കും നീതിനിഷേധിക്കപ്പെട്ടവർക്കും വേണ്ടിയായിരുന്നു. 'ഈ ഭരണകൂടം സൃഷ്ടിച്ച ദലിതർക്കും മുസ്ലിംകൾക്കും ദരിദ്രർക്കും എതിരെ വെറുപ്പും അതിക്രമവും നിറഞ്ഞ സാമൂഹികാന്തരീക്ഷത്തോടാണ് ഈ പോരാട്ടം. ദിവസേന മുസ്ലിംകളെയും ദലിതരെയും കൊലപ്പെടുത്തുന്നു. അവർക്കെല്ലാം വേണ്ടിയാണ് നമ്മൾ പോരാടുന്നത്, അവർക്കെല്ലാം വേണ്ടി പോരാടേണ്ടിയിരിക്കുന്നു.'- കഫീൽ ഖാൻ ആവർത്തിക്കുന്ന വാക്കുകൾ ആണിത്.

കഫീൽ ഖാൻ പ്രചരിപ്പിച്ചത് ഐക്യമെന്ന് കോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമായതോടെ കഫീൽ ഖാൻ അതിന്റെ ഭാഗമായി. അലിഗഡ് മുസ്ലിം സർവകലാശാലയിൽ നടന്ന പ്രതിഷേധമാണ് അദ്ദേഹത്തിനുനേരെ പുതിയ കേസ് ഉണ്ടാക്കാൻ ഇടയാക്കിയത്. 'കുട്ടികളായിരുന്നപ്പോൾ നമ്മളോട് മനുഷ്യരാവാനായിരുന്നു പഠിപ്പിച്ചത്. അമിത് ഷാ പറയുന്നത് ഹിന്ദുവും മുസ്ലീമും ആകാനാണ്' ഇതായിരുന്നു'- ആ പ്രസംഗത്തിലെ ഹൈലൈറ്റ്. സമൂഹത്തിൽ ഭിന്നതുണ്ടാക്കാനാണ് ശ്രമമെന്ന് ആരോപിച്ചയാരുന്നു കഫീൽ ഖാനെതിരെ കേസെടുത്തത്. നാഷണൽ സെക്യൂരിറ്റി ആക്ട് കഫീൽ ഖാനെതിരെ ചുമത്തി. അദ്ദേഹത്തിന്റെ പ്രസംഗം വിഭാഗീയതയല്ല മറിച്ച് ഐക്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പറഞ്ഞാണ് അലഹബാദ് ഹൈക്കോടതി കേസ് റദ്ദാക്കിയതും ഇപ്പോൾ അദ്ദേഹത്തെ മോചിപ്പിച്ചതും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 12ന് അലിഗഡ് സർവകലാശാലയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിച്ച കഫീൽ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്. എന്നാൽ കഫീൽ ഖാൻ നടത്തിയ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരിപ്പിച്ചില്ല, മറിച്ച് ദേശീയോദ്‌ഗ്രഥനത്തിനും പൗരന്മാർക്കിടയിലെ ഐക്യത്തിനുമുള്ള ആഹ്വാനമായിരുന്നു എന്നുമാണ് ഡോ. കഫീൽ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്. ഇത് യോഗിക്ക് മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘപരിവാരിനും കിട്ടിയ ഒരു ആഘാതമായിരുന്നു. ഭരണകർത്താക്കൾ എത്ര വിഭാഗീയമായി ചിന്തിച്ചാലും ഇന്ത്യൻ ജുഡീഷ്വറി സ്വതന്ത്രമാണെന്നതിന്റെ വ്യക്തമായ ചിത്രം.

യാതൊരു തെളിവുമില്ലാതെ നിയമവിരുദ്ധമായാണ് ഉത്തർപ്രദേശ് സർക്കാർ കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയതെന്ന് കോടതി പറഞ്ഞു. കഫീൽ ഖാന് ജാമ്യം അനുവദിച്ച കോടതി അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കുകയും ചെയ്തിരുന്നു. 

വ്യക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത് കഫീൽ ഖാന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചെന്നും കോടതി നിരീക്ഷിച്ചു. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ, ജസ്റ്റിസ് സൗമിത്ര ദയാൽ സിങ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കഫീൽ ഖാന് ജാമ്യം അനുവദിച്ചത്. അദ്ദേഹത്തെ കുറ്റക്കാരനാക്കിയ ജില്ലാ മജിസ്ട്രേറ്റിന്റെ നടപടിയേയും കോടതി വിമർശിച്ചു.

നന്ദിയുണ്ട്, എന്നെ എൻകൗണ്ടറിൽ കൊന്ന് കളയാഞ്ഞതിന്'

തന്നെ എൻകൗണ്ടറിലൂടെ കൊല്ലാതിരുന്നതിന് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനോട് നന്ദിയുണ്ടെന്ന് ഡോ. കഫീൽ ഖാൻ. നീതി വ്യവസ്ഥയോടും തനിക്ക് അത്യധികം നന്ദിയുണ്ടെന്നും ജയിൽ മോചിതനായ ശേഷം കഫീൽ ഖാൻ എൻ.ഡി.ടിവിയോട് പറഞ്ഞു.'എന്റെ വാക്കുകൾ കലാപത്തെ പിന്തുണയ്ക്കുന്നതല്ലെന്ന് വിധിച്ച നീതിന്യായ വ്യവസ്ഥയോട് എനിക്ക് അത്യധികം നന്ദിയുണ്ട്. മുംബൈയിൽ നിന്നും മഥുരയിലേക്ക് കൊണ്ട് വരുന്നതിനിടയിൽ എന്നെ എൻകൗണ്ടറിൽ കൊന്ന് കളയാത്തതിന് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനോടും നന്ദിയുണ്ട്,'കഫീൽ ഖാൻ പറഞ്ഞു.

ഉത്തർപ്രദേശ് സർക്കാർ തന്നെ കള്ളക്കേസിൽ കുടുക്കുമെന്ന ആശങ്കയുള്ളതായും ഡോ. കഫീൽ ഖാൻ പറഞ്ഞു. ഉത്തർ പ്രദേശ് സർക്കാർ രാജ ധർമം നടപ്പിലാക്കുന്നതിന് പകരം കുട്ടികളുടെതുപോലുള്ള പിടിവാശികളാണ് നടപ്പാക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.'രാമായണത്തിൽ രാജാവ് രാജധർമത്തിനായാണ് പോരാടിയതെന്നാണ് വാത്മീകി പറഞ്ഞത്. എന്നാൽ ഉത്തർ പ്രദേശിൽ രാജാവ് രാജധർമമല്ല, കുട്ടികളെ പോലുള്ള പിടിവാശിയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇനി ഏതെങ്കിലും കള്ളക്കേസിൽ കുടുക്കുമോ എന്ന ആശങ്കയുണ്ട്,' കഫീൽ ഖാൻ പറഞ്ഞു.

മോചിതനായ കഫീൽ ഖാൻ കോടതിയോടും തന്നെ സ്‌നേഹിക്കുന്നവരോടും നന്ദി പറഞ്ഞു
'എന്റെ മോചനത്തിന് വേണ്ടി ശബ്ദമുയർത്തിയ അഭ്യുദയകാംക്ഷികളോട് എപ്പോഴും നന്ദിയുണ്ടായിരിക്കും. ഭരണകൂടത്തിന് ഒരിക്കലും എന്നെ വിട്ടയക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷെ നിങ്ങളോരോരുത്തരുടെയും പ്രാർത്ഥന കൊണ്ടാണ് ഞാൻ മോചിതനായത്,'-അദ്ദേഹം പറഞ്ഞു.

നിപ്പയിൽ അറിയിച്ചത് ജീവൻ ബലിനൽകാൻ തയ്യാറാണെന്ന്

ഇനിയെന്ത് എന്ന ചോദ്യത്തിനും ഡോ കഫീൽ ഖാന് പറയാനുള്ളത് ജനകീയ ആരോഗ്യ പ്രവർത്തകൻ എന്ന നിലയിലും, ഫാസിസത്തിനെതിരായ മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിലും താൻ തുടർന്ന് പ്രവർത്തിക്കും എന്ന നിലയിലാണ്. ഇന്ത്യയിൽ എവിടെ ദുരന്തം ഉണ്ടാകുമ്പോഴും ഓടിയെത്താൻ അദ്ദേഹം തയ്യാറാണ്. ജയിലിൽ കിടക്കുമ്പോഴും കോവിഡിനെതിരെ അദ്ദേഹം ജനങ്ങളെ ബോധവത്ക്കരിച്ചിരുന്നു. നേരത്തെ കേരളത്തിൽ നിപ്പവന്നപ്പോൾ ജീവൻ ബലി അർപ്പിക്കാൻ തയ്യാറെന്ന് ഡോക്ടർ കഫീൽ ഖാന്റെ വാക്കുൾ വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അദ്ദേഹത്തിന്റെ നല്ല മനസ്സിനെ സ്വാഗതം ചെയ്ത് രംഗത്ത് എത്തിയിരുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കോഴിക്കോട്ട് പ്രവർത്തിക്കാൻ അവസരം നല്കണമെന്ന് കഫീൽഖാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.'ഫജർ നമസ്‌കാരത്തിന് ശേഷം ഉറങ്ങാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ല, നിപ്പ വൈറസ് മൂലമുള്ള മരണങ്ങൾ എന്നെ വേട്ടയാടുന്നു. സോഷ്യൽ മീഡിയയിലെ കിംവദന്തികളും ആശങ്കയുണ്ടാക്കുന്നു'വെന്ന് കഫീൽ ഖാൻ ഫേസ്‌ബുക്കിൽ കുറിച്ചു. രോഗികളെ പരിചരിച്ചതിലൂടെ നിപ വൈറസ് ബാധിച്ച് മരിച്ച നേഴ്‌സ് ലിനിയുടെ സേവനത്തെയും ഡോ. കഫീൽഖാൻ പ്രശംസിച്ചു. 'അവൾ എനിക്ക് ഒരു പ്രേരണയാകുന്നു. മഹത്തായ ഒരു കാരണത്തിന് ജീവൻബലി അർപ്പിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു' അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഈ രീതിയിൽ തുടർന്നും തന്റെ ജീവിതം പോരാട്ടത്തിനായി നീക്കിവെക്കണം എന്നാണ് അദ്ദേഹം പറയുന്നത്. ഏത് നിമിഷവും കൊല്ലപ്പെടാമെന്നും തനിക്ക് നന്നായി അറിയാമെന്നും ഡോ കഫീൽഖാൻ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ അവസാനശ്വാസം വരെ താൻ ഫാസിസത്തിനും അനീതിക്കും എതിരെ പൊരുതുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP