Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വാതന്ത്ര്യ ലബ്ധിപോലും ഇംഗ്ലീഷുകാരനായ അമുസ്ലിമിൽനിന്ന് ഇന്ത്യക്കാരനായ അമുസ്ലിമിലേക്കുള്ള മാറ്റം മാത്രം; വോട്ടുചെയ്യാനും സർക്കാർ ജോലി സ്വീകരിക്കാനും പാടില്ല; ആധുനിക വിദ്യാഭ്യാസവും നിഷിദ്ധം; ഇന്ന് പറഞ്ഞതെല്ലാം വിഴുങ്ങി പുരോഗമനവാദികളാവുന്നു; മൗദൂദിസത്തിൽ നിന്ന് ഇന്റലക്ച്ച്വൽ ജിഹാദിലേക്ക്; ജമാഅത്തെ ഇസ്ലാമി ജനാധിപത്യവാദികളായ കഥ

സ്വാതന്ത്ര്യ ലബ്ധിപോലും ഇംഗ്ലീഷുകാരനായ അമുസ്ലിമിൽനിന്ന് ഇന്ത്യക്കാരനായ അമുസ്ലിമിലേക്കുള്ള മാറ്റം മാത്രം; വോട്ടുചെയ്യാനും സർക്കാർ ജോലി സ്വീകരിക്കാനും പാടില്ല; ആധുനിക വിദ്യാഭ്യാസവും നിഷിദ്ധം; ഇന്ന് പറഞ്ഞതെല്ലാം വിഴുങ്ങി പുരോഗമനവാദികളാവുന്നു; മൗദൂദിസത്തിൽ നിന്ന് ഇന്റലക്ച്ച്വൽ ജിഹാദിലേക്ക്; ജമാഅത്തെ ഇസ്ലാമി ജനാധിപത്യവാദികളായ കഥ

എം മാധവദാസ്

ത്രയോ പാർട്ടികൾക്ക് അങ്ങോട്ടുമിങ്ങോട്ടും മുന്നണി മാറുകയും, പ്രാദേശികമായി വിവിധ കക്ഷികളോട് സഹകരിക്കുന്നയും ചെയ്യുന്ന ഇക്കാലത്ത്, വെൽഫയർ പാർട്ടി എന്ന ഒരു ചെറിയ രാഷ്ട്രീയപാർട്ടി യുഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചത് ഇത്ര വിവാദമാക്കാനുണ്ടോ. നേരത്തെ ഇവർ നല്ലപോലെ സഹായിച്ചിരുന്നത് ഇടതുമുന്നണിയെയാണ്. അന്നും മതേതര പക്ഷത്തുള്ളവർ ആ ധാരണയെ എതിർത്തിരുന്നു. പ്രശ്നം വെൽഫെയർ പാർട്ടിയല്ല. അതിന് പിന്നിനുള്ള ജമാഅത്തെ ഇസ്ലാമിയാണ്. ഈയിടെ വിവാദമായ ഒരു ഹലാൽ ലൗ സ്റ്റോറി എന്ന സിനിമയിൽ കണ്ടപോലെ, ഇസ്ലാമിക പാർട്ടിയായി നിൽക്കാതെ ഒരു 'പൊതു'വായി നിന്നുകൊണ്ട് തങ്ങളുടെ രാഷ്ട്രീയം ഒഴിച്ചുകടത്തുകയാണ് എല്ലായിപ്പോഴും ജമാഅത്തെ ഇസ്ലാമി ചെയ്തിട്ടുള്ളത് എന്നാണ് ചരിത്രം. ഹലാൽ ലൗ സ്റ്റോറിയിൽ കാണിച്ചപോലെ ശുദ്ധവും നിഷ്‌ക്കങ്കവുമായ രാഷ്ട്രീയം അല്ല അവരുടേത് എന്നതും ഐഎസ് മുതൽ താലിബാൻ വരെ പിന്തുടരുന്ന മതരാഷ്ട്ര വാദം തന്നെയാണ് അതെന്നും ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാവും. അതുകൊണ്ടുതന്നെയാണ് ആദിവാസി, പിന്നോക്ക, ദലിത്, പാർശ്വവത്കൃതർ എന്നൊക്കെ പറഞ്ഞ് ജമാഅത്തെ ഇസ്ലാമി പേരുമാറ്റി വരുമ്പോൾ അതിനു പിന്നിലെ അജണ്ടൾ മതേരരവാദികൾ ചോദ്യം ചെയ്യപ്പെടുന്നതും. എഴുത്തുകാരനും സാമൂഹിക വിമർശകനുമായ പ്രൊഫസർ എം എൻ കാരശ്ശേരി ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ജമാഅത്തെ ഇസ്ലാമി ആധുനിക മതേതര വിദ്യാഭ്യാസത്തിന് എതിരായിരുന്നു. കലാലയങ്ങളല്ല കൊലാലയങ്ങളാണെന്നാണവർ അന്ന് പറഞ്ഞത്. അവർ സർക്കാർ ജോലി സ്വീകരിക്കുന്നതിന് എതിരായിരുന്നു. കോടതിയിൽ പോകുന്നതിന് എതിരായിരുന്നു.1941 മുതൽ 1977 വരെ അവർ പറഞ്ഞിരുന്നത് വോട്ട് ചെയ്യാൻ പാടില്ല എന്നായിരുന്നു. കാരണം ഇവിടുത്തെ സർക്കാർ ഇസ്ലാമിനെതിരാണെന്നായിരുന്നു അവരുടെ വിശ്വാസം. 1977ൽ അടിയന്തിരാവസ്ഥ പിൻവലിക്കപ്പെട്ടപ്പോഴാണ് ഇന്ദിരാ ഗാന്ധിയ്‌ക്കെതിരെ വോട്ട് ചെയ്യണമെന്നറിയിച്ച് അവർ രംഗത്തുവരുന്നത്. അപ്പോഴാണവർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അതുവരെ അവർ മതരാഷ്ട്രത്തിന്റെ ഭാഗമായിരുന്നു.നേരത്തെ അവർ പത്താംതരം പാസായ വിദ്യാർത്ഥികളെ പ്രീ ഡിഗ്രിയിൽ ചേർക്കാറുണ്ടായിരുന്നില്ല. പകരം ചേന്ദമംഗലൂരിലെയും ശാന്തപുരത്തെയും  കുറ്റ്യാടിയിലെയുമെല്ലാം മതവിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർക്കാറായിരുന്നു പതിവ്. ഇന്ന് പറഞ്ഞതെല്ലാം വിഴുങ്ങി വേഷം മാറി വരുന്നുണ്ടെങ്കിൽ അത് അവരുടെ ഒരു അടവ് നയം മാത്രമാണ്. അതാണ് തുറഞ്ഞ് എതിർക്കേണ്ടതും'- കാരശ്ശേരി ചൂണ്ടിക്കാട്ടി.

ദൈവിക ഭരണവുമായി മൗദൂദി വരുന്നു

1941-ൽ അവിഭക്ത ഇന്ത്യയിലെ ലാഹോറിൽ അബുൽ അഅ്‌ലാമൗദൂദി രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ജാമാഅത്തെ ഇസ്ലാമി. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന്റെ അന്ത്യത്തിൽ ഇന്ത്യൻ മുസ്ലിംകളെ പ്രധാനമായും മൂന്ന് ആശയധാരകൾ വലയം
ചെയ്തിരുന്നു.. അബുൽ കലാം ആസാദിന്റെ തേതൃത്വത്തിൽ ദേശീയ വാദികളായ നേതാക്കൾ മുസ്ലിംകളെ പൊതു ദേശീയ ധാരയിൽ ഉറപ്പിച്ചു നിർത്താൻ പാടുപെട്ടു. മസ്ലിംകൾക്ക് സ്വന്തം രാഷ്ട്രീയം വേണമെന്ന് മുസ്ലിം ലീഗിന്റെ ആവശ്യത്തോട് ദേശീയ വാദികളായ മുസ്ലിം നേതാക്കൽ യോജിച്ചില്ല. ഇന്ത്യൻ മുസ്ലിംകൾക്കിടയിൽ നലനിന്ന ആശയപരമായ ഈ ചേരിതിരിവിനിടയിലേക്കാണ് ഒരു മൂന്നാം ആശയധാരയായ ഹുക്കൂമത്തേ ഇലാഹി (ദൈവിക ഭരണം) എന്ന വ്യതിരക്ത മുദ്രാവാക്യവുമായി ജമാഅത്തെ ഇസ്ലാമി കടന്ന് വരുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗലനാ അബുൽ അഅ്‌ലാ മൗദൂദി 1903 സെപ്റ്റമ്പർ 25 ന് ഔറംഗാബാദിലാണ് ജനിച്ചത്. പ്രഥാമിക പഠനം 9ാം വയസ്സ് വരെ പിതാവിൽ നിന്ന്. ശേഷം ഫൗഖാനിയ്യ സ്‌ക്കൂളിൽ ചേർന്നു. ചെറുപ്രായത്തിൽ വിദ്യഭ്യാസ പരാജയം. അദ്ദേഹം തന്റെ ആത്മകഥയിൽഎഴുതുന്നു. 'ഞാൻ ഒന്നാമതായി ചേർന്നത് റുസ്ദിയ്യ ക്ലാസിലാണ്. 6 മാസത്തിന് ശേഷം പരീക്ഷ എഴുതി. ഗണിത ശാസ്ത്രത്തിൽ കൂടുതൽ അറിവില്ലാത്തതിനാൽ ഞാൻ പരീക്ഷയിൽ തോറ്റു. തുടർവിദ്യാഭ്യാസത്തിന് ഹൈദറാബാദിലെ ദാറുൽ ഉലൂമിൽ ചേർന്നെങ്കിലും പിതാവിന്റെ രോഗവും മരണവും കാരണമായി പൂർത്തിയാക്കാൻ സാധിച്ചില്ല.' പിന്നീട് എഴുത്തിലേക്കാണ് മൗദൂദി തന്റെ പാത തിരിച്ചുവിട്ടത്.

1920 ൽ താജ് ഉറുദു വാരികയുടെയും മുസ്ലിം പത്രത്തിന്റെയും പത്രാധിപരായി സേവനമനുഷഠിച്ചു. 1925 ൽ ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ മുഖപത്രമായ അൽ ജംഇയ്യയുടെ എഡിറ്ററായി. 1933 ൽ ഹൈദരാബാദിൽ വെച്ച് തർജുമാനുൽ ഖുർആൻ മാസിക ഏറ്റെടുത്ത് നടത്തി. ഇതിലൂടെയാണദ്ദേഹം തന്റെ ചിന്തകളും ആശയങ്ങളും പറത്തുകൊണ്ടുവന്നത്. 1920 ൽ ഖിലാഫത്ത് പ്രക്ഷോഭത്തിലും പങ്കെടുത്തു. തുടർന്ന്
ലാഹോറലേക്ക് തിരിച്ച മൗദൂദി 1941 ഓഗസ്റ്റ് 21 തർജുമാനുൽ ഖുർആൻ ഓഫീസിൽ വെച്ച് ജമാഅത്തേ ഇസ്ലാമിക്ക് രൂപംനൽകി. ശേഷം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പശ്ചാത്തലം വിവരിച്ച് മൗദൂദി ഇങ്ങനെ പ്രസംഗിച്ചു. 'ഒരു കാലത്ത് ഞാനും പാരമ്പര്യ വാദിയായിരുന്നു.ദേശീയ മതത്തിന്റെ അനുയായിയായി ബോധോദയം തെളിഞ്ഞപ്പോൾ ആ നിലക്കുള്ള മതാനുകമനം നിരർത്ഥകമാണെന്ന് എനിക്ക് ബോധ്യമായി.'-

കമ്യൂണിസം, പാശ്ചാത്യവൽക്കരണം, പലിശ, മദ്യപാനം, തുടങ്ങിയവയെ എതിർത്ത് എഴുതിയ ലേഖനങ്ങൾ അദ്ദേഹത്തെ പ്രസിദ്ധനാക്കി. അറബിയിലോ ഇംഗ്ലീഷിലോ വേണ്ടത്ര പരിജ്ഞാനമില്ലാത്ത അദ്ദേഹത്തിന്റെ കൃതികളെല്ലാം മസ്ഊദ് ആലം നദ്വിയും ശിഷ്യരും ഉറുദുവിൽ നിന്ന് അറബിയലേക്ക് വിവർത്തനം ചെയ്തതാണ്. ഹുക്കൂമത്തെ ഇലാഹി (മതരാഷ്ട്രം) മതത്തിന്റെ ലക്ഷ്യമായി രാഷ്ട്രനിർമ്മാണത്തെ ജമാഅത്തെ ഇസ്ലാമി കാണുന്നു. അവരുടെ ശൂറാ മജ്‌ലിസ് റപ്പോർട്ട് പുസ്തകം റുദാദേ ജമാഅത്തെ ഇസലമിയിൽ പറയുന്നു. മതത്തിന്റെ യഥാർത്ഥ ലക്ഷ്യം നല്ല ഭരണമാണ്. ഈ ലക്ഷ്യത്തിൽ അശ്രദ്ധ വരുത്തിയാൽ അല്ലാഹുവിന്റെ തൃപ്തി ലഭിക്കുകയില്ല. സാമൂഹ്യ ശക്തിയിലൂടെ മാത്രമേ ഈ ലക്ഷ്യം തേടാനാവൂ. ഇതിൽ വീഴ്ച വരുത്തുന്നവൻ വൻകുറ്റം ചെയ്തവനാണ്. തൗഹീദ് അംഗീകരിക്കുന്നതിലൂടെയോ നിസ്‌ക്കാരം നിലനിർത്തുന്നതുകൊണ്ടോ ആ കുറ്റം മായ്ച്ചുകളയാൻ സാധ്യമല്ല.

ആരാധനയെ പട്ടാള ചിട്ടയാക്കുന്നുണ്ട് മൗദൂദി. ഈ ലക്ഷ്യത്തിന് (മതരാഷ്ട്രം സ്ഥാപിക്കാൻ) വേണ്ടിയാണ് ഇസ്ലാമിൽ നിസ്‌ക്കാരവും നോമ്പും സകാത്തും ഹജ്ജും നിർബന്ധമാക്കപ്പെട്ടത്. ഇവയെപറ്റി ഇബാദത്ത് എന്ന് പറയുന്നതിന്റെ ഉദ്ദേശ്യം ഇവ മാത്രമാണ്. ഇബാദത്ത് എന്നല്ല അടിസ്ഥാന ഇബാദത്തിന് വേണ്ടി ജനങ്ങളെ തയ്യാറാക്കലാണതിന്റെ ഉദ്ദേശ്യം. അതിന് വേണ്ടിയുള്ള നിർബന്ധ ട്രൈനിങ് കോഴ്‌സാണിത് (ഇസ്ലാമി ജബാദത്ത് പർ തഹ്ഖി ഖി നസർ പേജ് 12) ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന ഗ്രന്ഥമായ ഖുതുബാത്തിൽ എഴുതുന്നു. ചുരുക്കത്തിൽ ദിനം പ്രതി അഞ്ചുതവണ ഓരോ പള്ളിയിൽ വെച്ചും സംഘം ചേർന്നുള്ള നിസ്‌ക്കാരം മൂലം ഈ വിധം പരിശീലിപ്പിക്കുന്നതിന്റെ അർത്ഥം ഒരു ചെറിയ പരിധിക്കുള്ളിൽ വെച്ച് കൊണ്ട് സുശക്തവും വിപുലവുമായ ഒരു ഭരണകൂടം നടത്തുവാൻ നിങ്ങളെ പരിശീലിപ്പിക്കുകയും അതിന് നിങ്ങളെ പ്രാപ്തരാക്കുകയും ചെയുക എന്നതാണ്(ibid പേജ് 199) മൗദൂദി എഴുതുന്നു.

മനുഷ്യാധിപത്യത്തിൽ നിന്ന് രക്ഷപ്പെട്ടു അല്ലാഹുവിന്റെ ആധിപത്യത്തിൽ പ്രവേശിക്കലാണ് പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടി ശരീരം അർപ്പിക്കലും അത്യദ്ധ്വാനവുമാണ് ജിഹാദ്. നിസ്‌ക്കാരവും നോമ്പും ഹജജും സകാത്തും ഈ ലക്ഷ്യത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണ് (ഖുതുബാത്ത് പേജ് 227) അഭിപ്രയമാണ് ഈ ലേഖകന് സ്വീകര്യമായി തോന്നുന്നത്. അനഭിലഷണീയമായകാര്യങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമമെന്ന് വശേഷിച്ചു പറയേണ്ടതില്ലല്ലോ. താൻ നന്നല്ല എന്ന് വിശ്വസിക്കുന്ന ഒരു കാര്യം വർജിക്കുന്നതിൽ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുന്നതു കാര്യമാക്കേണ്ടതില്ല. (പ്രബോധനം വാള്യം 47 ലക്കം 25 പ്രശ്‌നവും വീക്ഷണവും പേജള 30) - ഇതുപോലുള്ള അപടകരമയ ആശയങ്ങളാണ് മൗദൂദി ഉണ്ടാക്കിയത്.

ഇന്നും തീവ്രാവാദ സംഘടനകളും പിന്തുടരുന്നത് ഈ മതരാഷ്ട്ര വാദം തന്നെയാണ്. സയിദ് ഖുത്തുബും ഇതിൽ പ്രധാന പങ്കുവഹിച്ചു. ഖുത്തുബിന്റെ സഹോദരൻ മുഹമ്മദ് ഖുത്തുബിന്റെ അനുയായി ആയിരുന്നു ബിൻലാദനെന്നും മറന്നുപോകരുത്.

പ്രഖ്യാപിത ലക്ഷ്യം മത സംസ്ഥാപനം

കൃത്യമായ മതരാഷ്ട്ര നിർമ്മാണം എന്ന അജണ്ടയുമായ ലോക വ്യാപകമായി പ്രവർത്തിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്നാണ് ഇതിന്റെ വിമർശകർ ചൂണ്ടിക്കാട്ടുന്നത്. മാധ്യമ പ്രവർത്തനും എഴുത്തുകാരനുമായ പി ടി മുഹമ്മദ് സാദിഖ് ഇങ്ങനെ എഴുതുന്നു.-'ജമാഅത്തെ ഇസ്ലാമി കേവലമൊരു മത സംഘടനയല്ല അത്. കശ്മീരിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലുമൊക്കെ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ പാർട്ടിയാണ്. പ്രാദേശിക, ദേശീയ അജണ്ടകൾ കൂടാതെ അന്തർദേശീയ അജണ്ടകളുള്ള ഒരു പ്രസ്ഥാനം. അതുകൊണ്ടുതന്നെ കൃത്യമായ അജണ്ടകളോടുകൂടിയാണ് അവർ ഇന്ത്യയെ പോലെ ഒരു ജനാധിപത്യ മതേതര രാഷ്ട്രത്തിൽ, ഭരണഘടന നൽകുന്ന ആനുകൂല്യങ്ങൾ ഉപയോഗിച്ചു ജനാധിപത്യത്തിൽ നേരിട്ടു ഇടപെടാൻ തീരുമാനിച്ചത്. മതം നേരിട്ടു വിലപ്പോകില്ലെന്ന ബോധ്യത്തിൽ അവർ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ പാർട്ടിക്കു രൂപം നൽകിയെന്നു മാത്രം.'

ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത ലക്ഷ്യം മത സംസ്ഥാപനമാണ് (ഇഖാമത്തുദ്ദീൻ). മതം എന്നാൽ രാഷ്ട്രം തന്നെയാണന്നു സ്ഥാപക നേതാവു മൗദൂദി മുതൽ പുതിയ അമീർ ഹുസൈനി വരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. മൗദൂദിയുടെ ഖുർആൻ വ്യാഖ്യാനങ്ങളിൽ ദീൻ അഥവാ മതം എന്ന വാക്കിനു പാർട്ടി എന്നു തന്നെ പരിഭാഷ നൽകിയിരിക്കുന്നതു കാണാം. ഈ മതസംസ്ഥാപനത്തിനുള്ള പുതിയ തന്ത്രം മാത്രമാണ് ജനാധിപത്യത്തിൽ ഇടപെടാൻ തീരുമാനിച്ച ജമാഅത്തെ ഇസ്ലാമിയുടെ ആത്യന്തിക ലക്ഷ്യം. പ്രബോധനം വാരികയുടെ 3079 ാം ലക്കത്തിൽ (2018 ഡിസംബർ 7) സംക്രമണ ഘട്ടത്തിലെ ദീനിന്റെ സംസ്ഥാപനം എന്ന ലേഖനത്തിൽ ഒരു മറയുമില്ലാതെ സയ്യിദ് സആദത്തുല്ലാ ഹുസൈനി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ലേഖനത്തിന്റെ ആമുഖമായി അദ്ദേഹം എഴുതുന്നു സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ സാഹചര്യം വലിയ രീതിയിൽ മാറി. ഇന്ത്യ വിഭജിക്കപ്പെട്ടു. ഇന്ത്യയിൽ മുസ്ലിംകൾ പതിനൊന്നോ പന്ത്രണ്ടോ ശതമാനമായി ചുരുങ്ങി. സെക്യുലർ ജനാധിപത്യ സംവിധാനം ജനങ്ങൾ സർവാത്മനാ തങ്ങളുടെ ഭരണരീതിയായി സ്വീകരിച്ചു. രാഷ്ട്രീയ സാഹചര്യങ്ങൾ ഈവിധം മാറിയതിനാൽ രാജ്യം ഏത് ഭരണരീതി സ്വീകരിക്കണം എന്ന ചോദ്യം അവശേഷിക്കുന്നില്ല. അപ്പോൾ സ്വാഭാവികമായും ഇസ്ലാമിക പ്രസ്ഥാനത്തിന് നൂതനമായ ഒരു ചിന്താവ്യവഹാരം ഉയർത്തിക്കൊണ്ടുവരേണ്ടിവരും. വ്യവസ്ഥാ മാറ്റമെന്നത് എളുപ്പത്തിൽ നടക്കുന്ന ഒന്നല്ല. ദീർഘകാലത്തെ യത്നങ്ങൾ അതിനാവശ്യമുണ്ട്. ഇന്ത്യയിൽ ഇഖാമത്തുദ്ദീനിന്റെ (മത സംസ്ഥാപന മാർഗത്തിലുള്ള പ്രവർത്തനങ്ങൾ എന്തൊക്കെയാവണം?

ഈ സുപ്രധാന ചോദ്യത്തിനു ജമാഅത്തെ ഇസ്ലാമിയിലെ ധിഷണാശാലികൾ കണ്ടെത്തിയ ഉത്തരങ്ങൾ സംഗ്രഹിച്ചു കൊണ്ടാണ് അദ്ദേഹം ലേഖനം തുടരുന്നത്. മത പ്രബോധനത്തിന്റേയും അതിലൂടെ മതപരിവർത്തനത്തിന്റേയും തന്ത്രങ്ങൾ എന്തൊക്കെയായിരിക്കണമെന്നു അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മുസ്ലിംകൾ അല്ലാത്തവരിൽനിന്നുള്ള പിന്തുണയുണ്ടെങ്കിലേ പ്രസ്ഥാനത്തിനു അതിന്റെ യഥാർഥ കർമ മണ്ഡലത്തിൽ ശോഭിക്കാൻ കഴിയുകയുള്ളുൂവെന്നു മൗലാനാ സദ്റുദ്ദീൻ ഇസ്ലാഹിയെ ഉദ്ധരിച്ചു കൊണ്ടു അദ്ദേഹം ലേഖനത്തിൽ പറയുന്നു. അപ്പോൾ വെൽഫെയർ പാർട്ടിയുടേയും കാമ്പസുകളിൽ പുതുതായ രൂപം കൊണ്ട ഫ്രറ്റേണിറ്റിയുടെയും ഒളിയജണ്ടകൾ മനസ്സിലാകുന്നുണ്ടല്ലോ. രാഷ്ട്രീയം പറയുന്നേടത്തു തൽക്കാലം ജമാഅത്തെ ഇസ്ലാമിയേയും എസ്‌ഐ.ഒയേയും മാറ്റി വച്ചിരിക്കുകയാണ്.

ജമാഅത്തെ ഇസ്ലാമി നടത്തുന്ന ഓരോ പ്രവർത്തനത്തിന്റയേും ലക്ഷ്യവും ഇതുതന്നെ. നേതാവ് പറയുന്നതു കേൾക്കൂ: ''രാജ്യത്തെ മുഖ്യപ്രശ്നങ്ങളിൽ ഇടപെട്ടും ജനങ്ങളുടെ പ്രയാസങ്ങൾക്ക് പരിഹാരം കണ്ടുമാണ് പൊതുജനസമക്ഷം നാം ഇസ്ലാമിന്റെ കർമസാക്ഷ്യം നിർവഹിക്കേണ്ടത്. പുതിയ സാഹചര്യത്തിൽ ഈ കർമങ്ങളെല്ലാം ഇഖാമത്തുദ്ദീനിന്റെ അനിവാര്യ താൽപ്പര്യങ്ങളാണ്''ഇനി ജനാധിപത്യത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് എന്താണ് കാര്യമെന്നു അദ്ദേഹം നേരെ ചൊവ്വേ പറയുന്നതൂ കൂടി കേൾക്കുക; ''ഉയർന്നുവരുന്ന ഒരു പ്രധാന ചോദ്യം രാഷ്ട്രീയ നയവുമായി ബന്ധപ്പെടുത്തിയാണ്. സമയം ഇവിടെ ഒരു പ്രധാന ഘടകമാണ്. മുസ്ലിംകളല്ലാത്തവർ ബഹുഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ഇസ്ലാമിക പ്രസ്ഥാനം മുന്നോട്ടു വെക്കുന്ന ലക്ഷ്യം നേടുക ഒട്ടും എളുപ്പമല്ല. അതിന് വളരെക്കാലത്തെ കഠിനാധ്വാനം ആവശ്യമായി വരും. നമ്മുടെ മുമ്പിലുള്ളത് വളരെ ദീർഘിച്ച ഒരു സംക്രമണ ഘട്ട(Transition Period)മാണ്. അതിലേക്കുള്ള കർമപദ്ധതിയാണ് തയാറാക്കുന്നത്. ഈ സംക്രമണ ദശയിൽ ചിലപ്പോൾ താൽപര്യങ്ങൾ പരസ്പരം ഇടഞ്ഞുപോയെന്നുവരാം; പല പല ഘട്ടങ്ങൾ തരണം ചെയ്യേണ്ടിവന്നേക്കാം. ഇതൊക്കെ താണ്ടി വേണം പ്രസ്ഥാനത്തിന് ലക്ഷ്യസ്ഥാനത്തേക്ക് മുന്നേറാൻ.''

അപ്പോൾ, ഹൈന്ദവ ഫാസിസത്തെ ചെറുക്കാനെന്ന വ്യാജേന മുഖ്യധാരാ രാഷ്ട്രീയത്തിൽ ഇടപെടാനുള്ള മതരാഷ്ട്ര വാദികളുടെ സകല നീക്കങ്ങളേയും തിരിച്ചറിയേണ്ടതും അവയക്ക് തടയിടേയണ്ടതും ജനാധിപത്യ മതേതര വിശ്വാസികളുടെ കടമയാണ്. കോൺഗ്രസും യു.ഡി.എഫ് കക്ഷികളും ഇത് തിരിച്ചറിഞ്ഞാൽ അവർക്കും കൊള്ളാം, രാജ്യത്തിനു കൊള്ളാം.- പി ടി മുഹമ്മദ് സാദിഖ ലേഖനം അവസാനിപ്പിക്കുന്നത് അങ്ങനെയാണ്.

മൗദൂദി എന്ന തികഞ്ഞ ജനാധിത്യ വിരോധി

ഇതുസംബന്ധിച്ച് ഒരുപാട് പഠനങ്ങൾ നടത്തിയ ഡോ കെ ടി ജലീൽ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ' ഇന്ത്യയിൽ ജനാധിപത്യം അതിന്റെ എല്ലാ സൗന്ദര്യത്തിലും പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ പൂത്തുലഞ്ഞുനിന്ന കാലത്തായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ ജനായത്തത്തെ നിരാകരിക്കുന്ന നിരീക്ഷണങ്ങൾ എന്നോർക്കുക. 'ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും മുസ്ലിങ്ങൾ മുഴുവൻ അത് ബഹിഷ്‌കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത്, പ്രപഞ്ചകർത്താവായ അല്ലാഹുവിനെയും അവന്റെ നിർദ്ദേശങ്ങളെയും തിരസ്‌കരിച്ചുകൊണ്ടുള്ള ഒരു ഭൗതികരാഷ്ട്രത്തോട് സ്വയം സഹകരിക്കുകയെന്നത് തങ്ങൾ പ്രതിനിധീകരിക്കുന്ന ഇസ്ലാമിന് തികച്ചും കടകവിരുദ്ധമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടു മാത്രമാണ്.' (പ്രബോധനം, 1952, ഫെബ്രുവരി)
മൗദൂദി ജനാധിപത്യ മതേതരവിരുദ്ധനായിരുന്നു എന്നതിന് ഇതിൽപ്പരം തെളിവ് മറ്റെന്തുവേണം? മാത്രമല്ല, ജനാധിപത്യം ഒരിക്കലും പൊറുക്കാത്ത പാപമായ 'ശിർക്ക്' അഥവാ ബഹുദൈവത്വമാണെന്നാണദ്ദേഹം വിധിയെഴുതിയത്. അത്തരം വ്യവസ്ഥിതി വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖ മാത്രമായിരിക്കുമെന്നും അവ തമ്മിൽ യോജിക്കുന്ന ഒറ്റ ബിന്ദുവുമില്ല എന്നും പ്രഖ്യാപിച്ചു. മതാടിസ്ഥാനത്തിൽ രാജ്യം വിഭജിക്കപ്പെടുന്ന കാലത്താണ് മൗദൂദി ഇന്ത്യൻ ദേശീയതയുടെ ആണിക്കല്ലായ മതനിരപേക്ഷതയെ തള്ളിപ്പറഞ്ഞതെന്ന് ഓർക്കണം!

ഇന്ത്യാ രാജ്യവുമായി ഒരു നിലയ്ക്കും മുസ്ലിങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിയില്ലെന്നാണ് മൗദൂദി കണ്ടെത്തിയത്. അവർ സ്വാതന്ത്ര്യസമരത്തിൽനിന്ന് വിട്ടുനിന്നതും അതുകൊണ്ടുതന്നെയാണ്. മൗദൂദിയും കുറച്ചാളുകളും വിട്ടുനിന്നതുകൊണ്ടോ മറ്റുള്ളവരോട് അവർ വിട്ടുനിൽക്കാൻ ആഹ്വാനം ചെയ്തതുകൊണ്ടോ കാര്യമായൊരു പ്രതികരണവും മുസ്ലിങ്ങൾക്കിടയിൽ ഉണ്ടായില്ല. മൗദൂദിയുടെ തലതിരിഞ്ഞ ആശയത്തോട് വിയോജിപ്പുള്ളവരായിരുന്നു അവിഭക്ത ഇന്ത്യയിലെ 99.9 ശതമാനം മുസ്ലിങ്ങളും. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടത്താൻ അവസരമുണ്ടാകില്ലെങ്കിൽ അത്തരം സ്വാതന്ത്ര്യസമരത്തിന് ആയിരംവട്ടം ശാപമെന്നാണ് മൗദൂദി പറഞ്ഞത്. അതിനുവേണ്ടിയുള്ള ചെറിയൊരു ശ്രമംപോലും ഹറാമാണെന്ന് (നിഷിദ്ധം) മൗദൂദി പ്രസ്താവിച്ചു.

'സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കാനാണെങ്കിൽ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം രണ്ടും തുല്യമാണ്. ലാത്ത പോയി മനാത്ത വന്നു എന്നുമാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം വന്നു എന്നുസാരം. അസത്യത്തിനുള്ള അടിമത്തം അങ്ങനെതന്നെ നിലനിൽക്കുകയും ചെയ്തു. ഏതു മുസ്ലിമാണ് ഇതിനു സ്വാതന്ത്ര്യമെന്നു പറയുക? (മുസൽമാൻ ഔർ മൗജൂദാ സിയാസീ കശ്മകശ്, പേ: 97, 98).'ഇംഗ്ലീഷുകാരനായ അമുസ്ലിമിൽനിന്ന് ഇന്ത്യക്കാരനായ അമുസ്ലിമിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം. ആദ്യമേ ഞാൻ പറഞ്ഞതുപോലെ, മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരുനീക്കം നടക്കുമ്പോൾ അത് മൂകമായി നോക്കിനിൽക്കുകയെന്നതും മുസ്ലിമിന് അനുവദനീയമല്ല' (തഹ്രീകേ ആസാദി ഔർ മുസൽമാൻ, പേ: 81).

സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ പങ്കാളികളായ മുസ്ലിങ്ങളെ മൗദൂദി അപഹസിച്ചത് ഇങ്ങനെയാണ്; 'പ്രജായത്തം നടപ്പിൽവരുത്താനായി സമരം ചെയ്യുന്ന കപട വിശ്വാസികളെക്കുറിച്ച് ഞാനെന്തുപറയാനാണ്?' ('ഖുതുബാത്ത്', പേ:140) ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയിലെ സ്‌കൂളുകളും കോടതികളുമൊന്നും ഒരു മുസ്ലിമിന് സ്വീകാര്യമാകരുതെന്ന് ശഠിച്ച പ്രസ്ഥാനമാണ് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി. വിഗ്രഹങ്ങളെ ഉപേക്ഷിക്കുന്നതുപോലെ മുസ്ലിങ്ങൾ ഈ സ്ഥാപനങ്ങളിൽനിന്നെല്ലാം തുല്യവിദൂരത പാലിക്കണമെന്നാണ് സംഘടന ആഹ്വാനം ചെയ്തത്.'' അനിസ്ലാമിക വ്യവസ്ഥിതി അധികാരം വാഴുന്ന രാജ്യങ്ങളിലധിവസിക്കുന്ന മുസ്ലിങ്ങളുടെ ജീവിതത്തിലേക്ക് നോക്കുക. ദൈവേതരമായ സകലസ്ഥാപനങ്ങളുമായും അവർ ബന്ധപ്പെട്ടു ജീവിക്കുന്നതു കാണാം. അനിസ്ലാമിക കോടതികളിൽ മുസ്ലിങ്ങൾ ശരണംപ്രാപിക്കുന്നു. അനിസ്ലാമിക പാഠശാലകളിലേക്ക് തങ്ങളുടെ സന്താനങ്ങളെ അയക്കുന്നു (മൗദൂദി, 'ശിർക്ക്', പേ:212).ഇസ്ലാമികേതര ഭരണവ്യവസ്ഥയ്ക്കു കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതുപോലും മൗദൂദി നിരുത്സഹപ്പെടുത്തി. അത്തരം സ്ഥാപനങ്ങളെ വിശേഷിപ്പിച്ചിരുന്നത് 'കൊലാലയങ്ങൾ'എന്നായിരുന്നു ('ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി 27 വർഷം', പേജ്: 61).ഇത്തരം സ്ഥാപനങ്ങളിൽ പഠിച്ച് കുറെപ്പേർ അഭ്യസ്തവിദ്യരായതുകൊണ്ട് ഇസ്ലാമിന് ഒരു നേട്ടവുമില്ലെന്നും അദ്ദേഹം നിഗമനത്തിലെത്തി ('മുസ്ലിം ഒരു പാർട്ടി', ഐപിഎച്ച്. പേജ്:10).

'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ'

'ഗോൾവാൾക്കറും മൗദൂദിയും ഒരു നാണയത്തിന്റെ രണ്ടു വശമാണെന്ന് മനസ്സിലാക്കാൻ മേൽവിവരിച്ചതിലും കൂടുതൽ തെളിവ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഗോൾവാൾക്കറുടെ 'വിചാരധാര'യ്ക്കു തുല്യമാണ് മൗദൂദിയുടെ 'ഖുതുബാത്ത്'. രണ്ടും ഒരേ മുറിയിലിരുന്ന് പരസ്പരം ചർച്ച ചെയ്ത് ഇരുവരും എഴുതിയപോലെ തോന്നും. വിചാരധാരയുടെ മുസ്ലിം വർഗീയ പതിപ്പാണ് 'ഖുതുബാത്ത്'. ഖുതുബാത്തിന്റെ തീവ്രഹിന്ദുത്വ എഡിഷനാണ് 'വിചാരധാര'. രണ്ടും വായിച്ചുനോക്കിയാൽ മതാന്ധതയും വർഗീയതയും ആളിക്കത്തുമെന്നുറപ്പ്. ഇരുവരും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നോക്കിക്കണ്ടതും ഒരേ ദിശയിലായിരുന്നു. ഈ സാദൃശ്യങ്ങളാണ് മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും ഇന്ത്യൻ മുസ്ലിങ്ങളുടെ കാൽശതമാനത്തിന്റെ പോലും പിന്തുണ നേടാനാകാത്ത വ്യക്തിയും പ്രസ്ഥാനവുമായി ചരിത്രത്തിൽ ചുരുങ്ങിപ്പോയതിന്റെ കാരണം.'- കെ ടി ജലീൽ വ്യക്തമാക്കുന്നു.

എന്നാൽ ഇന്ത്യയിൽ അടിയന്താരാവസ്ഥക്ക്ശേഷം ജമാഅത്തെ ഇസ്ലാമി കൃത്യമായി പ്ലേറ്റ് മാറ്റി. അവർ ജനാധിപത്യ മതേതരധാരയെ അംഗീകരിച്ചു. അപ്പോഴും പ്രശ്നങ്ങൾ ബാക്കിയായിരുന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് ബോർഡ് എഴുതിവെച്ച് കേരളത്തിലടക്കം ഹിന്ദുത്വ വർഗീയതക്ക് ആളും അർഥവും ഒരുക്കിക്കൊടുത്ത സിമിയോട് ആദ്യകാലത്ത് ജമാഅത്തെ ഇസ്ലാമിക്ക് തീർത്തും മൃദു സമീപനം ആയിരുന്നു. ഇന്ന് മന്ത്രി കെ ടി ജലീൽ അടക്കമുള്ളവർ ഒരു കാലത്ത് സിമയിൽ ആയിരുന്നു. ഇന്നത്തെ ജമാഅത്തെ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന് ആയിരുന്നു സിമിയുടെ ആദ്യ പ്രസിഡന്റും. അന്ന് ജമാഅത്ത് വിദ്യാർത്ഥി ഖൽഖ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജമാഅത്ത് വിദ്യാർത്ഥി പ്രസ്ഥാനം പിന്നീട് എസ്ഐഒ ആയപ്പോഴാണ് സിമിയെ തള്ളിപ്പറയുന്നത്. പിന്നീട് സിമി നിരോധിക്കപ്പെട്ടു. അപ്പോഴും അതിലെ ഒരു വിഭാഗം പ്രവർത്തകർ തിരിച്ചുപോയത് ജമാഅത്തെ ഇസ്ലാമിയിലേക്കാണ്. പിൽക്കാല ഭാരവാഹിയായിരുന്ന ഇ അബൂബൂബക്കറിനെപ്പോലുള്ള ഒരു വിഭാഗം പോപ്പുലർ ഫ്രണ്ടിലേക്കും പോയി.

എന്താണ് ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം എന്ന് ചോദിച്ചപ്പോൾ സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായി ഇ എ ജബ്ബാർ ഒരിക്കൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 'ജമാഅത്തെ ഇസ്ലാമി തീവ്രാവാദത്തിനുള്ള ബൗദ്ധിക പിന്തുണ കൊടുത്ത് മറഞ്ഞിരുന്ന്, പരോഗമന വാദം കളിക്കുന്നു. എന്നാൽ പോപ്പുലർ ഫ്രണ്ട് നേരിട്ട് മതവാദം കലർത്തി കൈവെട്ട് അടക്കമുള്ള അക്രമങ്ങളലേക്കും നീങ്ങുന്നു.'- അയായത് തീവ്രാവാദത്തിന് തീവെട്ടിപിടുക്കുന്നത് തീവ്രാവാദം പോലെ തന്നെ കുറ്റകരമാണ്.

സത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടോ?

ഇപ്പോൾ വിവാദമായ 'ഹലാൽ ലൗ സ്റ്റോറി' സിനിമയിലടക്കം വരുന്ന ഒരു ധാരണ ജമാഅത്തെ ഇസ്ലാമി മറ്റ് സുന്നി മുസ്ലിം സംഘടനകളിൽനിന്ന് വ്യത്യസ്തമായി സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നുവെന്നയാണ്. എന്നാൽ ഈ വാദം തീർത്തും തെറ്റാണെന്ന് സ്ഥാപിക്കയാണ് എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ.' ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു ഭിന്നമായി മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് കൂടുതൽ വേരോട്ടവും ലിംഗസമത്വവാദത്തിനു കൂടുതൽ സ്വീകാര്യതയുമുള്ള ഇവിടെ, തങ്ങളുടെ കുടക്കീഴിലുള്ള സ്ത്രീകളുടെ സമ്മേളനം, ഖുർആൻ പാരായണ മത്സരം, ചിത്രപ്രദർശനം, നാടകമത്സരം തുടങ്ങിയ ഇനങ്ങളുമായി അടുത്തകാലത്ത് അവർ രംഗത്തിറങ്ങി. തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ പെൺവിരുദ്ധതയില്ലെന്നു വരുത്തിത്തീർക്കാനുള്ള ഭഗീരഥ ശ്രമങ്ങളുടെ ഭാഗമായിരുന്നു അവയെല്ലാം.'- ഹമീദ് ചേന്ദഗംഗല്ലൂർ മുമ്പ്  എഴുതിയത്‌ ഇങ്ങനെയാണ്.

'അതോടൊപ്പം സംസ്ഥാനത്തുള്ള മറ്റു മുസ്ലിം സംഘടനക്കാരെപ്പോലെ തങ്ങൾ യാഥാസ്ഥിതികരല്ല എന്നു മാലോകരെ ബോധ്യപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളും അവർ നടത്തുന്നുണ്ട്. അതിനോട് ചേർത്തുവെച്ചുവേണം ജമാഅത്തിന്റെ ഔദ്യോഗിക ജിഹ്വയായ 'പ്രബോധനം' വാരികയിൽ രണ്ടു  മഹിളകൾ എഴുതിയ ലേഖനങ്ങളെ കാണാൻ. 'മുസ്ലിം സ്ത്രീ: മതയാഥാസ്ഥിതികത്വത്തിനും മതേതര ലിബറലിസത്തിനും മധ്യേ' എന്ന തലക്കെട്ടിലും 'മുസ്ലിം സ്ത്രീ വിമോചനത്തിന്റെ വേരുകൾ' എന്ന തലക്കെട്ടിലുമുള്ള ലേഖനങ്ങളിൽ മുസ്ലിം സ്ത്രീകളുടെ രണ്ടു ശത്രുക്കൾ അടയാളപ്പെടുത്തപ്പെടുന്നു. ഒരു ശത്രു മുസ്ലിം മതയാഥാസ്ഥിതിക സംഘടനകളാണെങ്കിൽ മറ്റേത് മതേതര ലിബറൽ ചിന്താഗതിക്കാരാണ്.

രണ്ടാമത്തെ ശത്രുവിനെ ആദ്യമെടുക്കുക. മതേതര ലിബറൽ വീക്ഷണക്കാർക്കെതിരെ മൗദൂദിസ്റ്റ് മഹിളകൾ തൊടുക്കുന്ന ആരോപണങ്ങളിൽ മുഖ്യം മുസ്ലിം പെൺവിദ്യാർത്ഥികളുടെ ശിരോവസ്ത്രധാരണ സ്വാതന്ത്ര്യത്തോടൊപ്പം അവർ നിൽക്കുന്നില്ല എന്നതാണ്. നേരിന്റെ തരിയില്ലാത്തതാണ് ഈ ആരോപണം. വേണ്ടവർക്ക് ശിരോവസ്ത്രം അണിയാനും വേണ്ടാത്തവർക്ക് അത് അണിയാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന പക്ഷത്താണ് സെക്യുലർ ലിബറലുകൾ എല്ലായ്പോഴും നിലകൊണ്ടു പോന്നിട്ടുള്ളത്. അതേസമയം, ശിരോവസ്ത്ര നിഷ്ഠയിൽ കടിച്ചുതൂങ്ങുന്ന മൗദൂദിസ്റ്റുകളടക്കം പല മുസ്ലിം മതവിഭാഗങ്ങളും ശിരോവസ്ത്രം ധരിക്കാത്ത മുസ്ലിം സ്ത്രീകളോട് നിഷേധാത്മക സമീപനം കൈക്കൊണ്ടുവരുന്നു എന്ന കയ്പേറിയ വസ്തുത മറുവശത്തുണ്ട്.

ഈ നിഷേധാത്മക സമീപനം പല രൂപത്തിൽ പ്രവർത്തിക്കുന്നു. ഒരുദാഹരണത്തിലേക്ക് കണ്ണ് ചെല്ലിക്കാം. മുസ്ലിം സംഘടനകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള തൊഴിലിടങ്ങളിൽ ജോലി തേടുന്ന മുസ്ലിം സ്ത്രീകൾ ശിരോവസ്ത്രം ധരിച്ചുകൊള്ളണമെന്ന് അലിഖിത നിയമം നിലവിലുണ്ട്. ആ നിയമം പാലിക്കാൻ തയ്യാറല്ലാത്തവർക്ക് അത്തരം സ്ഥാപനങ്ങളിൽ ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകൾ ജോലി നൽകാൻ സന്നദ്ധരാകാറില്ല. മാത്രവുമല്ല, ശിരോവസ്ത്രത്തെ മുസ്ലിം ഐഡന്റിറ്റിയുമായും സദാചാരബോധവുമായും ബന്ധിപ്പിച്ച്, അത് ധരിക്കാത്തവരെ ഇകഴ്‌ത്തുന്ന രീതിയും മതസംഘടനകൾക്കകത്ത് വ്യാപകമായി കണ്ടുവരുന്നു. മുസ്ലിം വിവാഹക്കമ്പോളത്തിൽ വധുവിന്റെ മുഖ്യയോഗ്യത ശിരോവസ്ത്ര നിഷ്ഠയായി മാറിക്കഴിഞ്ഞിട്ടുമുണ്ടു താനും.

ശിരോവസ്ത്രത്തേയും പർദ്ദയേയും മുസ്ലിം പെൺസ്വത്വത്തിന്റെ ചിഹ്നങ്ങളായി ഇസ്ലാമിക സംഘടനകൾ അവതരിപ്പിച്ചു പോരുന്നതിന്റെ ദുരന്തം പേറുന്നത് അഞ്ചും ആറും വയസ്സുള്ള മുസ്ലിം പെൺകുട്ടികളാണ്. സംസ്ഥാനത്ത് പലയിടങ്ങളിലും ഒന്നാം ക്ലാസ്സ് പ്രായമെത്തിയ പെൺകുഞ്ഞുങ്ങൾ വരെ പർദ്ദയിട്ട് വിദ്യാലയങ്ങളിൽ പോകുന്നത് സർവ്വ സാധാരണമായിരിക്കുന്നു. ജുഗുപ്‌സാവഹമായ ഈ വസ്ത്രശാഠ്യത്തിൽനിന്നു ജമാഅത്തെ ഇസ്ലാമിക്കാരും മുക്തരല്ല. പോയകാലത്ത് ഇല്ലായിരുന്ന ഈ ഐഡന്റിറ്റി ഭ്രാന്തിനു 'സർഗ്ഗാത്മക പ്രതിരോധം' എന്നു പേരിടുന്ന മൗദൂദിസ്റ്റ് മഹിളാരത്‌നങ്ങളെക്കുറിച്ച് എന്തു പറയാനാണ്'- ഹമീദ് ചേന്ദഗംഗല്ലൂർ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകൾ പ്രസവിക്കാനും കുഞ്ഞുങ്ങളെ വളർത്താനും മാത്രമുള്ളവർ

'എന്നുതന്നെയല്ല, സ്ത്രീ-പുരുഷ സമത്വം എന്ന ആശയത്തെ നഖശിഖാന്തം എതിർക്കുകയും സാമൂഹിക ജീവിതത്തിൽ ആൺകോയ്മ അരക്കിട്ടുറപ്പിക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ പ്രമുഖനാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗലാന മൗദൂദി. അദ്ദേഹം രചിച്ച 'പർദ്ദ' എന്ന പുസ്തകം ആണധികാരത്തിന്റേയും പെണ്ണടിമത്ത്വത്തിന്റേയും വേദഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെടാവുന്ന കൃതിയത്രേ. ഉറുദുവിൽ രചിക്കപ്പെട്ട ആ പുസ്തകം അൽ അശ്അരി ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ജമാഅത്തിന്റെ ന്യൂഡൽഹിയിലെ മർകസി മക്തബ ഇസ്ലാമി പബ്ലിഷേഴ്‌സാണ് പ്രസാധകർ. 2013 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ പതിപ്പിൽനിന്നുള്ള ചില ഉദ്ധരണികൾ ശ്രദ്ധിക്കാം.

പ്രസവിക്കാനും കുഞ്ഞുങ്ങളെ വളർത്താനുമാണ് പ്രകൃതി ജൈവശാസ്ത്രപരമായി സ്ത്രീകളെ സംവിധാനം ചെയ്തിരിക്കുന്നതെന്നും സാമ്പത്തിക ജീവിതം ഉൾപ്പെടെയുള്ള തുറകളിൽ സ്ത്രീകൾ ഭാഗഭാക്കാകേണ്ടതില്ലെന്നും സമർത്ഥിച്ചുകൊണ്ട് മൗദൂദി എഴുതുന്നു: ''മനുഷ്യവംശത്തിന്റെ തുടർച്ച ഉറപ്പാക്കാൻ പുരുഷൻ ഒന്നേ ചെയ്യേണ്ടൂ-സ്ത്രീയെ ഗർഭിണിയാക്കുക. അതോടെ അവന്റെ ജോലി കഴിഞ്ഞു. അതേസമയം സ്ത്രീ തുടർന്നുള്ള ഉത്തരവാദിത്വം മുഴുവൻ ഏറ്റെടുക്കേണ്ടതുണ്ട്. ഗർഭധാരണം തൊട്ട് കുഞ്ഞിനെ വളർത്തുന്നതടക്കമുള്ള ഉത്തരവാദിത്വം - എന്നിരിക്കെ അവൾ സാമ്പത്തിക മേഖലയിൽ പണിയെടുത്ത് കുടുംബം പോറ്റണമെന്നു പറയുന്നത് ന്യായമാണോ? രാജ്യരക്ഷയ്ക്ക് പുരുഷനോടൊപ്പം അവളും പൊരുതണമെന്നോ വ്യാപാര-വ്യവസായ തുറകളിൽ അവളും പ്രവർത്തിക്കണമെന്നോ പറയുന്നത് നീതിയാണോ? പുരുഷൻ ചെയ്യേണ്ട അത്തരം ജോലികൾ സ്ത്രീകളെ ഏൽപ്പിക്കുന്നത് പ്രകൃതിയുടെ ഇച്ഛയ്ക്ക് വിരുദ്ധമാണ്. (Purdah and the status of Woman in Islam, ജ151153).

മറ്റൊരിടത്ത് ആചാര്യൻ വ്യക്തമാക്കുന്നു. '...വീടിനകത്തെ രാജ്ഞിയാണ് സ്ത്രീ. കുടുംബം പോറ്റേണ്ട ബാധ്യത ഭർത്താവിനാണ്. അയാളുടെ വരുമാനമുപയോഗിച്ച് കുടുംബകാര്യങ്ങൾ നിർവ്വഹിക്കൽ മാത്രമാണ് സ്ത്രീയുടെ ജോലി... വീടിനു പുറത്തുള്ള എല്ലാ മതകാര്യങ്ങളിൽനിന്നും അവൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു. വെള്ളിയാഴ്ചയിലെ സമൂഹപ്രാർത്ഥനയിൽ അവൾ പങ്കെടുക്കേണ്ടതില്ല... ശവസംസ്‌കാര പ്രാർത്ഥനയിൽനിന്നു കൂടി അവൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്... അടുത്ത പുരുഷബന്ധുവിന്റെ കൂടെയല്ലാതെ യാത്ര ചെയ്യാനുള്ള അനുമതിയും അവൾക്കില്ല.''(Ibid, p.191).

സ്ത്രീയുടെ സാമൂഹിക ചലനങ്ങളിൽ നിരവധി വിലക്കുകൾ ഇസ്ലാം ഏർപ്പെടുത്തിയിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ജമാഅത്ത് ഗുരു ഭരണരംഗം ഉൾപ്പെടെയുള്ള മേഖലകളിൽ പെൺവർഗ്ഗം ശോഭിക്കുകയില്ലെന്നും വിശദീകരിച്ചിട്ടുണ്ട്. ഭരണം സ്ത്രീകളെ ഏല്പിച്ച ഒരു ദേശവും വിജയിച്ചിട്ടില്ലെന്നും കഴിവുകളിൽ ആണും പെണ്ണും തുല്യരല്ല എന്നും ചൂണ്ടിക്കാട്ടിയ ശേഷം മൗദൂദി പറയുന്നു: ''സ്ത്രീകൾ എത്രതന്നെ കഠിനാധ്വാനം ചെയ്താലും അവരിൽനിന്നു അരിസ്റ്റോട്ടിലിനെയോ ഇബ്നു സീനയെയോ കാന്റിനെയോ ഹെഗലിനെയോ ഖയ്യാമിനെയോ ഷെക്സ്പിയറെയോ അലക്‌സാണ്ടറെയോ നെപ്പോളിയനെയോ സലാഹുദ്ദീനെയോ നിസാമുൽ മുൽക്ക് തൂസിയെയോ ബിസ്മാർക്കിനെയോ പോലുള്ള പ്രതിഭകൾ ഉണ്ടാവുക സാധ്യമല്ല.'' (Ibid, p.156)ചുരുക്കിപ്പറഞ്ഞാൽ, പൊതുജീവിതത്തിന്റെ യാതൊരു തുറകളിലേക്കും സ്ത്രീകൾ കടന്നുവരേണ്ടതില്ല എന്നാണ് 'പർദ്ദ'യിൽ മൗദൂദി പറഞ്ഞുവെയ്ക്കുന്നത്. - ഹമീദ് ചേന്ദഗംഗല്ലൂർ ചൂണ്ടിക്കാട്ടുന്നു.

ഹലാൽ സിനിമകളിലുടെ വരുന്ന മതവാദം

ഒരുകാലത്ത് സിനിമയും സംഗീതവുംമൊക്കെ വെറക്കപ്പെട്ട ആശയങ്ങളായി കരുതിയിരുന്നു ജമാഅത്തെ ഇസ്ലാമി പിന്നീട് അവയെല്ലാം ഹലാൽ ആക്കിയതും ഇത്തരം അടവുനയത്തിന്റെ ഭാഗം ആയിരുന്നു. ഇപ്പോൾ ഹലാൽ ലൗവ്സ്റ്റോറി എന്ന സിനിമ ഇറങ്ങിയപ്പോഴും ഏറെ ചർച്ചചെയ്യപ്പെട്ടത് ജമാഅത്തെ ഇസ്ലാമിയുടെ ഇത്തരം ഇടപെടുലുകൾ ആയിരുന്നു. പ്രാഫസർ എം എൻ കാരശ്ശേരി ഇങ്ങനെയാണ് വിലയിരുത്തുന്നത്. 'മുസ്ലിം സമുദായത്തിൽ സിനിമയോടുള്ള ആഭിമുഖ്യം വളർത്തുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന തരത്തിൽ എവിടെയെങ്കിലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് വസ്തുതാവിരുദ്ധവും ചരിത്രവിരുദ്ധവുമാണ്. കാരണം മുസ്ലിങ്ങൾക്കിടയിൽ സിനിമയോടോ പുതിയ ജീവിതത്തോടോ കലാവിഷ്‌കാരങ്ങളോടോ ആഭിമുഖ്യം വളർത്തുന്നതിൽ ജമാഅത്തെ ഇസ്ലാമി യാതൊരു പങ്കും വഹിച്ചിട്ടില്ല എന്ന് മാത്രമല്ല അടിസ്ഥാനപരമായി അവർ കലാവിരുദ്ധരുമായിരുന്നു.

ഇസ്ലാമിക കലാരൂപങ്ങളായ ഒപ്പന, മാപ്പിളപ്പാട്ട്, ദഫ്മുട്ട്, കോൽക്കളി, അറബനമുട്ട് തുടങ്ങിയ കലാരൂപങ്ങൾക്ക് പോലും അവർ എതിരായിരുന്നു. രണ്ടായിരത്തിന് ശേഷമാണ് ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമായ കലാപ്രവർത്തകർ സിനിമയെടുക്കാനായി രംഗത്ത് വന്നത്. അതും ഇസ്ലാമിക പശ്ചാത്തലത്തിൽ നിന്നുള്ള, അവരുടെ സന്ദേശം പറയുന്ന സിനിമകൾ മാത്രം.എന്നാൽ അതിന്റെയൊക്കെ എത്രയോ വർഷങ്ങൾക്ക് മുമ്പ് മുസ്ലിം പശ്ചാത്തലത്തിൽ നിന്നുള്ള അനേകം പേർ സിനിമയിലും നാടകങ്ങളിലുമെല്ലാം വളരെ സജീവമായുണ്ടായിരുന്നു. മലയാള സിനിമയുടെ ആദ്യകാലം മുതൽ പ്രമുഖരായ നിരവധി മുസ്ലിങ്ങൾ മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

ആദ്യകാല സിനിമാ നിർമ്മാതാക്കളിൽ ഒരാളായ ടി.കെ പരീക്കുട്ടി മുസ്ലിം കുടുംബത്തിൽ ജനിച്ചുവളർന്നയാളാണ്. അദ്ദേഹത്തിന്റെ സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ പേര് ചന്ദ്രധാര എന്നായിരുന്നു. ടി.കെ പരീക്കുട്ടിയുടെ നിർമ്മാണത്തിൽ വന്ന സിനിമയാണ് പി. ഭാസ്‌കരനും, രാമു കാര്യാട്ടും കൂടി സംവിധാനം ചെയ്ത നീലക്കുയിൽ.എന്റെ ഓർമ ശരിയാണെങ്കിൽ ആ സിനിമയിലാണ് ആദ്യമായി ഒരു മുസ്ലിം വേഷമുള്ള സ്ത്രീ കഥാപാത്രം മലയാള സിനിമയിൽ വരുന്നത്. 'കുടവുമായ് പുഴക്കടവിൽ വന്നെന്നെ തടവിലാക്കിയ പൈങ്കിളി...ഒടുവിലീയെന്നെ സങ്കടപ്പുഴ നടുവിലാക്കരുതിക്കളീ...' എന്ന് പാടുമ്പോൾ ഒരു മാപ്പിളപ്പെണ്ണ് ഒരു കുടവുമായി കടവിലേക്ക് പോകുന്ന ഒരു ദൃശ്യം ആ പാട്ടിലുണ്ട്. ഞാൻ പറഞ്ഞുവരുന്നത് മലയാള സിനിമയിലെ മുസ്ലിം പ്രാതിനിധ്യത്തിന് അത്ര പഴക്കമുണ്ട് എന്നാണ്.

മലയാളത്തിലെ എക്കാലത്തെയും ഏറെ പ്രധാനപ്പെട്ട ഒരു സിനിമയാണ് 1965ൽ വന്ന ചെമ്മീൻ. അതിന്റെ നിർമ്മാതാവ് ബാബു ഇസ്മായിൽ സേഠ് എന്ന ഒരു മുസ്ലിമായിരുന്നു. ചെമ്മീൻ ബാബു എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. എഴുപതുകളിലും എൺപതുകളിലും നിരവധി ദേശീയ അവാർഡുകളും സംസ്ഥാന അവാർഡുകളും വാങ്ങിയ സംവിധായകൻ പി.എ ബക്കറും മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ആളായിരുന്നു.അഭിനയരംഗത്തും അങ്ങനെ തന്നെയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച നടനായ 700 ഓളം സിനിമകളിൽ അഭിനയിച്ച പ്രേം നസീറിന്റെ യഥാർത്ഥ പേര് അബ്ദുൾ ഖാദർ എന്നാണ്. അദ്ദേഹത്തിന്റെ അനുജൻ അബ്ദുൾ വഹാബ് എന്ന പ്രേം നവാസും സിനിമാതാരമായിരുന്നു. അവരുടെ പിതാവ് തിരുവനന്തപുരം ചിറയൻകീഴിൽ അറിയപ്പെടുന്ന ഒരു നാടക കമ്പനി നടത്തിയിരുന്നയാളാണ്.
കെ.പി ഉമ്മർ, കുഞ്ഞാവ, ബഹദൂർ എന്നിവരിൽ തുടങ്ങി മാമുക്കോയയും മമ്മൂട്ടിയുമെല്ലാമടങ്ങിയ എത്രയെത്ര പേർ മുസ്ലിം വിഭാഗത്തിൽ നിന്നും അഭിനയരംഗത്ത് തിളങ്ങി നിന്നു. നാടകരംഗത്തും, സിനിമാരംഗത്തും സജീവമായിരുന്ന നിരവധി മുസ്ലിം സ്ത്രീകളുമുണ്ടായിരുന്നു. റംല ബീഗം, ആയിഷ ബീഗം, ഖദീജ തുടങ്ങിയ എത്രയോ നടിമാർ അന്ന് മലയാള സിനിമയിലുണ്ടായിരുന്നു.'- കാരശ്ശേരി മാസ്റ്റർ ചൂണ്ടിക്കാട്ടുന്നു.

ഫോട്ടോപോലും ഹറാം ആയി കണ്ടവർ

'കൊടിയത്തൂരിലെയോ ചേന്ദമംഗലൂരിലെയോ ഒരാൾ ഹോം സിനിമയുണ്ടാക്കുമ്പോഴാണ് മുസ്ലിങ്ങൾ സിനിമയിലേക്ക് വരുന്നത് എന്ന തരത്തിൽ ചരിത്രം നിർമ്മിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് വൻ അബദ്ധമായിരിക്കും.ജമാഅത്തെ ഇസ്ലാമിക്കാർ അടിസ്ഥാനപരമായി കലയ്ക്ക് എതിരായ കൂട്ടരാണ്. ഞാൻ നേരത്തെ സൂചിപ്പിച്ച പോലെ അവർ ഒപ്പനയും കോൽക്കളിയുമടക്കമുള്ള മുസ്ലിം കലാരൂപങ്ങൾക്കെല്ലാം എതിരായിരുന്നു. മീഡിയവൺ ചാനൽ തുടങ്ങിയപ്പോഴാണ് മാപ്പിളപ്പാട്ട് എന്നൊരു കലാരൂപമുണ്ടെന്ന് തന്നെ അവർ അറിഞ്ഞതായി ഭാവിച്ചത്.മുൻ കാലങ്ങളിൽ ഫോട്ടോ പോലും ഹറാമായിട്ടായിരുന്നു ജമാഅത്തെ ഇസ്ലാമിയും കരുതിയിരുന്നത്. കേരളത്തിൽ സർക്കുലേഷനിൽ മൂന്നാം സ്ഥാനത്തുള്ള, വിവിധ രാജ്യങ്ങളിൽ എഡിഷനുകളുള്ള ജമാഅത്തെ ഇസ്ലാമിയുടെ 'മാധ്യമം' പത്രത്തിൽ ഇപ്പോഴും സിനിമയുടെ പരസ്യം കൊടുക്കാറില്ല. തിയ്യേറ്റർ സിനിമകളുടെ വിവരങ്ങളും ഉണ്ടാകാറില്ല. ജമാഅത്തെ ഇസ്ലാമിയിൽ നിന്നുള്ളവർ അവർക്ക് യോജിച്ച സിനിമകളെടുത്താലും അവരുടെ പത്രത്തിൽ പരസ്യം വരില്ല എന്നതാണ് സത്യം. 1989ൽ പ്രവർത്തനം ആരംഭിച്ച, മുപ്പത് വർഷം പഴക്കമുള്ള ഒരു പത്രത്തിൽ ഇപ്പോഴും സിനിമയുടെ പരസ്യമില്ല എന്നതിൽ നിന്ന് സിനിമയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് വ്യക്തമല്ലേ.

'ചെമ്മീൻ' സിനിമ അവർക്ക് സ്വീകാര്യമാവുമോ? ഒരു മുസ്ലിം ചെറുപ്പക്കാരൻ ഒരു അരയത്തിപ്പെണ്ണിനെ സ്‌നേഹിക്കുകയും കല്യാണം കഴിക്കാൻ സാധിക്കാത്തതുകൊണ്ട് ഒന്നിച്ചു മരിക്കുകയും ചെയ്യുന്നു. തകഴിയുടെ പ്രസിദ്ധമായ ഈ നോവൽ സിനിമയാകുന്നതിനോടുള്ള ജമാഅത്തെ ഇസ്ലാമിയുടെ താത്പര്യം എന്തായിരിക്കും.'- എം എൻ കാരശ്ശേരി ചോദിക്കുന്നു.

ഇന്റല്വക്ച്ചൽ ജിഹാദ് എന്ന ഹമീദ് ചേന്ദമംഗല്ലൂരിന്റെ പ്രയോഗത്തേക്കാൾ കൂടുതൽ നല്ല വിമർശനം ജമാഅത്തെക്കെതിരെ ഉന്നയിക്കാൻ ആവില്ല. പത്ര-മാധ്യമങ്ങളിലുടെ, പ്ലാച്ചിമട- ദേശീയപാത- ഗെയിൽ തുടങ്ങിയ സമരങ്ങളിലൂടെയൊക്കെ അവർ തങ്ങളുടെ അജണ്ട ഒഴിച്ചു കടത്തുന്നു.ആർഎസ്എസും ബിജെപിയും ഉയർത്തുന്ന ഭീഷണിയെ പ്രതിരോധിക്കേണ്ടത് ഇതുപോലെയുള്ള മതതീവ്രാവാദ അജണ്ടൾ ഒളിച്ചു കടത്തുന്നവരെ കൂട്ടിക്കൊണ്ട് അല്ല. ഇടതുപക്ഷത്തിന് പറ്റിയ ഏറ്റവും വലിയ രാഷ്ട്രീയ അബദ്ധമാണ് ഇത്തരം സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാക്കിയ സഖ്യങ്ങൾ. ഇപ്പോൾ യുഡിഎഫും അതേ പാതയിലാണ്. അതുകൊണ്ടുതന്നെ വെൽഫെയർ പാർട്ടിയെ ഉൾപ്പെടുത്തുതിന് മുമ്പ് യുഡിഎഫും ഈ ചരിത്രങ്ങൾ ഒക്കെ ഒന്നു മനസ്സിലാക്കുന്നത് നല്ലതാണ്. ജനാധിപത്യ-മതനിരപേക്ഷ മുന്നണി നിങ്ങൾക്ക് ഒരിക്കലും മതശക്തികളെ കൂട്ടിപ്പിടിച്ച് നിർമ്മിക്കാൻ ആവില്ല.

അവലംബം: പ്രൊഫ ഹമീദ് ചേന്ദഗംഗല്ലൂർ, പ്രൊഫ എം എൻ കാരശ്ശേരി എന്നിവരുടെ ലേഖനങ്ങൾ

പി ടി മുഹമ്മദ് സാദിഖ്- വിവിധ ഫേസ്‌ബുക്ക് പോസ്റ്റുകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP