Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭീകരുടെ ഭാര്യമാർ സംഘടനയുടെ പൊതുസ്വത്ത്; അവർ സഹിച്ചത് നഖങ്ങൾ വരെ പറിച്ച് ആനന്ദം കണ്ടെത്തുന്ന ക്രൂരന്മാരെ; ഐഎസ് വധുക്കൾ മടങ്ങിവരുമ്പോൾ പ്രതിഷേധിച്ച് നാട്ടുകാർ; ഒരാളെയും അടുപ്പിക്കിലെന്ന് ട്രംപ്; മലയാളിയായ നിമിഷ ഫാത്തിമയടക്കം ഇന്ത്യയിക്കേ് മടങ്ങിവരാനും കാത്തിരിക്കുന്നത് നിരവധിപേർ; ഷമീമ ബീഗത്തിന് നാട്ടിലേക്ക് മടങ്ങിയെത്താമെന്ന കോടതി വിധിയിൽ ബ്രിട്ടനിൽ പ്രതിഷേധം; വിശുദ്ധയുദ്ധത്തിനുപോയി എല്ലാം നഷ്ടമായി ഐഎസ് വധുക്കൾ

ഭീകരുടെ ഭാര്യമാർ സംഘടനയുടെ പൊതുസ്വത്ത്; അവർ സഹിച്ചത് നഖങ്ങൾ വരെ പറിച്ച് ആനന്ദം കണ്ടെത്തുന്ന ക്രൂരന്മാരെ; ഐഎസ് വധുക്കൾ മടങ്ങിവരുമ്പോൾ പ്രതിഷേധിച്ച് നാട്ടുകാർ; ഒരാളെയും അടുപ്പിക്കിലെന്ന് ട്രംപ്; മലയാളിയായ നിമിഷ ഫാത്തിമയടക്കം ഇന്ത്യയിക്കേ് മടങ്ങിവരാനും കാത്തിരിക്കുന്നത് നിരവധിപേർ; ഷമീമ ബീഗത്തിന് നാട്ടിലേക്ക് മടങ്ങിയെത്താമെന്ന കോടതി വിധിയിൽ ബ്രിട്ടനിൽ പ്രതിഷേധം; വിശുദ്ധയുദ്ധത്തിനുപോയി എല്ലാം നഷ്ടമായി ഐഎസ് വധുക്കൾ

എം മാധവദാസ്

എസ് വധുക്കൾ!  അവരാണ് ഇന്ന് ലോകത്തിലെ ഏറ്റവും ഗതികെട്ട വിഭാഗങ്ങളിൽ ഒന്ന് എന്നാണ് വാഷിങ്ങ്ടൺ പോസ്റ്റിന്റെ യുദ്ധകാര്യ ലേഖകൻ ഇയാൻ മക്കി ചൂണ്ടിക്കാട്ടുന്നത്. ജിഹാദിൽ ആകൃഷ്ടരായി ഐഎസ് ഭീകരരെ പ്രണയിച്ച് വിവാഹം കഴിച്ച് സിറിയയിൽ വിശുദ്ധയുദ്ധത്തിനുപോയി, എല്ലാം നഷ്ടമായവർ ആണ് ഇവർ . മിക്കവാറും പേരും ഇസ്ലാമിലേക്ക് മതം മാറിയവരും. സിറിയയിൽ നിന്ന് ഐഎസിനെ ഏതാണ്ട് കെട്ടിക്കുന്നതിൽ സഖ്യസേന വിജയിച്ചയോടെ, അവർ വിവധ രാജ്യങ്ങളിൽനിന്ന് കൊണ്ടുവന്ന ഭാര്യമാർ ഇപ്പോൾ വിവിധഅഭയാർഥി ക്യാമ്പുകളിലാണ്. രണ്ടായരിത്തിലേറെ വരുന്ന ഇത്തരം ഐഎസ് വധുക്കളിൽ അമേരിക്കക്കാരും, ബ്രിട്ടീഷുകാരും, ഇന്ത്യാക്കാരും ഒക്കെയുണ്ട്. മിക്കാവാറും പേർ പ്രണയത്തിന് ഒടുവിലാണ് മതം മാറി ഐഎസിൽ എത്തിയത്. പക്ഷേ സമാനതകൾ ഇല്ലാത്ത ദുരിതമാണ് അവർക്ക് അവിടെ നിന്ന് കിട്ടിയത്.   ഇപ്പോൾ ഇവർക്ക് ജന്മനാട്ടിൽ തിരിച്ച് എത്തണമുണ്ട്. പക്ഷേ അമേരിക്കയും ബ്രിട്ടനും അടക്കം ഒരാളും അവരെ എടുക്കുന്നില്ല. ഐഎസ് വധുവായ ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്ക് മടങ്ങാനായി ഇപ്പോൾ കോടതി അനുമതി നൽകിയിട്ടുണ്ട്. പക്ഷേ ജനം സമ്മതിക്കുന്നല്ല. വൻ പ്രതിഷേധമാണ് ഇതേ ചൊല്ലി ബ്രിട്ടനിൽ ഉണ്ടാകുന്നത്.
  • 15 വയസ്സുള്ളപ്പോൾ ഐഎസിൽ ചേരാൻ പുറപ്പെട്ട ഷമീമ 
എസ് ഭീകരന്റെ വധുവാകാൻ സിറിയയിലേക്കു പോയ ഷമീമ ബീഗത്തിന് നിയമപ്രകാരം ഇനി ബ്രിട്ടനിലേക്കു മടങ്ങാവുന്നതാണ്. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരേയും നാട്ടിലേക്കു മടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടും നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി അനുകൂലമായതോടെയാണ് സിറിയൻ അഭയാർഥി ക്യാംപിൽ നിന്നും ഷമീമയ്ക്ക് ബ്രിട്ടനിൽ തിരികെയെത്താൻ വഴിയൊരുങ്ങുന്നത്.
15 വയസ് മാത്രം പ്രായമുള്ളപ്പോൾ രണ്ട് കൂട്ടുകാരികളോടൊപ്പം ഐഎസിൽ ചേരാനായി ഈസ്റ്റ് ലണ്ടനിൽനിന്നും ടർക്കി വഴി സിറിയയിലേക്കു പോയ സ്‌കൂൾ കുട്ടികളിൽ ഒരാളാണ് ഷമീമ. ഇവർക്കൊപ്പം പോയ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു. സിറിയയിലെത്തി ഐഎസ് ഭീകരന്റെ ഭാര്യയായി മൂന്നു കുട്ടികൾക്ക് ജന്മം നൽകിയെങ്കിലും മൂന്നുപേരും ഭാരക്കുറവും മറ്റ് അസുഖങ്ങളും മൂലം മരിച്ചു.   കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് ഒമ്പതു മാസം ഗർഭിണിയായ ഷമീമ നാട്ടിലേക്കു മടങ്ങാൻ ശ്രമിക്കുന്നതായും ബ്രിട്ടനിലെത്തി കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിക്കുന്നതായുമുള്ള വാർത്തകൾ പുറത്തുവന്നത്. ഗർഭിണിയായ ഷമീമ അഭയാർഥി ക്യാംപിൽ കഴിയുന്ന ചിത്രങ്ങൾ സഹിതമായിരുന്നു മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടത്. ഐഎസിൽ ചേരാൻ പോയവൾ തിരികെയെത്തുന്നതിലെ ജനരോഷം മുൻകൂട്ടിക്കണ്ട് ബ്രിട്ടൻ ഇവരുടെ പൗരത്വം റദ്ദാക്കുകയും മടങ്ങിവരാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. പിന്നീട് ഷമീമ ക്യാംപിൽ തന്നെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയെങ്കിലും ഭാരക്കുറവുമൂലം ദിവസങ്ങൾക്കുള്ളിൽ കുട്ടി മരിച്ചു.

അന്ന് ബുർഖയണിഞ്ഞ് മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ഷമീമ മതവസ്ത്രങ്ങൾ ഉപേക്ഷിച്ച് ജീൻസും ഷർട്ടും ധരിച്ച് അൽ ഹോളിലെ അഭയാർഥി ക്യാംപിലൂടെ നടക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഹൈക്കോടതി വിധിക്കെതിരേ ബ്രിട്ടനിൽ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഭീകരർക്കെല്ലാം ബ്രിട്ടനിലേക്ക് തിരികെ വരാൻ വാതിൽ തുറന്നുകൊടുക്കുന്ന നടപടിയാണ് കോടതിയിൽനിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് വിമർശകരുടെ വാദം. കോടതി വിധിക്കെതിരേ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്ന് ഉറപ്പാണ്. ചില സിവിൽ റൈറ്റ്‌സ് ഗ്രൂപ്പുകളാണ് ഷമീമയുടെ കേസിനു പിന്നിൽ പ്രവർത്തിക്കുന്നത്.

സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ 2015ലാണ് ഷമീമ ബീഗം മറ്റു രണ്ട് കൂട്ടുകാരികൾക്കൊപ്പം ഈസ്റ്റ് ലണ്ടനിൽനിന്നു സിറിയയിലേക്ക് കടന്നത്. ബെത്‌നൾ ഗ്രീൻ അക്കാദമി സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്ന 15 വയസ്സുകാരായ ഷമീമ ബീഗവും അമീറ അബേസും ഖദീജ സുൽത്താന(16) എന്ന മറ്റൊരു വിദ്യാർത്ഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്.ഇവരിൽ ഒരാൾ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് എന്തുപറ്റിയെന്ന് കൃത്യമായ വിവരമില്ല.

ലണ്ടനിലെ ഗ്വാട്ടിക് വിമാനത്താവളത്തിൽനിന്നും തുർക്കിയിലേക്കാണ് ഇവർ മൂന്നുപേരും ആദ്യം പോയത്. പിന്നീട് തുർക്കി അതിർത്തി കടന്ന് സിറിയയിലെത്തി. ഐഎസ് ഭീകരരുടെ വധുക്കളാകാൻ എത്തിയവർക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിച്ചത്. 20 വയസിനു മുകളിൽ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് അപേക്ഷിച്ചത്. പത്തു ദിവസം ഇതിനായി കാത്തിരുന്നതോടെ, ഇസ്ലാമിലേക്ക് മതം മാറിയ ഒരു ഡച്ചുകാരനെ വരനായി ലഭിച്ചു. ഇരുപത്തേഴു വയസായിരുന്നു പ്രായം. ഇയാൾക്കൊപ്പമാണ് പിന്നീട് കഴിഞ്ഞതും മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതും.

കിഴക്കൻ സിറിയയിലെ ഐഎസിന്റെ അവസാന താവളമായിരുന്ന ബാഗൂസിൽനിന്ന് രക്ഷപ്പെട്ടാണ് ഇപ്പോൾ ക്യാംപിലെത്തിയത്. സിറിയൻ പട്ടാളത്തിനു മുന്നിൽ ഭർത്താവ് കീഴടങ്ങിയപ്പോഴാണ് വടക്കൻ സിറിയയിലെ അഭയാർഥി ക്യാംപിലേക്ക് പോരാൻ ഷെമീമ നിർബന്ധിതയായതെന്നായിരുന്നു റിപ്പോർട്ടുകൾ.നെതർലൻഡ്‌സ് പൗരനാണ് ഷമീമയെ വിവാഹം കഴിച്ചത്. ഇയാൾ ഇപ്പോൾ സിറിയയിൽ തടവിലാണ്. ഷമീമയ്ക്കും കുട്ടിക്കും ഒപ്പം നെതർലൻഡ്‌സിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെന്നു അദ്ദേഹം പറഞ്ഞിരുന്നു.
  • ബ്രിട്ടനിൽ തിരിച്ചെത്തിയാലും അറസ്റ്റ് ചെയ്യാം
സുപ്രീം കോടതിയിൽനിന്നും സമാനമായ വിധിയുണ്ടായി ഇവർ ബ്രിട്ടനിൽ തിരികെയെത്തിയാലും തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഇവരെ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കാനാകും. മറ്റൊരു രാജ്യത്തോട് കൂറു പുലർത്തുകയും ബ്രിട്ടനോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ തന്നെ ബ്രിട്ടീഷ് പൗരത്വം നൽകുന്ന എല്ലാ അവകാശങ്ങളും നിയമ സംരക്ഷണവും ബംഗ്ലാദേശ് വംശജയായ ഇവർക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു എന്നാണ് ഈ കേസിൽ സർക്കാർ നിലപാട്. ഡച്ചുകാരനായ യാഗോ റീഡ്ജിക്ക് എന്ന ഐഎസ് ഭീകരനാണ് സിറിയയിലെത്തിയ ഷമീമയെ വധുവായി സ്വീകരിച്ചത്. ഇദ്ദേഹത്തിന്റെ മൂന്നു കുട്ടികൾക്കാണ് ഷമീമ ജന്മം നൽകിയത്. മൂന്നാമതും ഗർഭിണിയായി താമസിയാതെ ഷമീമയുടെ ഭർത്താവ് സിറിയൻ പട്ടാളത്തിന്റെ പിടിയിലായി. ഇതെത്തുടർന്നാണ് ഇവർക്ക് അഭയാർഥി ക്യാംപിൽ എത്തേണ്ട സാഹചര്യം ഉണ്ടായത് .
വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടിനിൽ കുടിയേറിയതാണ് ഇവരുടെ കുടുംബം. ഷമീമയുടെ പിതാവ് ഇപ്പോൾ ബംഗ്ലാദേശിലാണ്. ഷമീമയുടെ കുഞ്ഞ് മരിച്ചതിന് പിന്നാലെ ബ്രിട്ടനിലെ ജനങ്ങളോട് മാപ്പു പറഞ്ഞകൊണ്ട് പിതാവ് രംഗത്ത് എത്തിയിരുന്നു. 'അവൾ ചെയ്തത് തെറ്റാണ്. എല്ലാവർക്കും വേണ്ടി അച്ഛനെന്ന നിലയിൽ ഞാൻ മാപ്പ് ചോദിക്കുന്നു. അവളോടു ക്ഷമിക്കാൻ ബ്രിട്ടിഷ് ജനതയോടു മുഴുവൻ അപേക്ഷിക്കുന്നു.ഷമീമയുടെ പക്വതയില്ലാത്ത പ്രായത്തിൽ ചെയ്ത തെറ്റാണ് ഇത്. അവൾ തെറ്റാണ് ചെയ്തതെന്നുസമ്മതിക്കുന്നുവെങ്കിലും തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിലാണ് അതു സംഭവിച്ചതെന്ന് ഓർക്കണം.'-ഇപ്പോൾ ബംഗ്ലാദേശിലുള്ള അഹമ്മദ് അലി ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു.
  • ഷമീമക്ക് ഒടുവിൽ മാനസാന്തരം
ത്രയേറെ പ്രയാസങ്ങളിലൂടെ കടന്നുപോയിട്ടും ഷമീമ മുമ്പ് തന്റെ വിശ്വാസത്തെ മുറുകെ പിടിക്കയായിരുന്നു. 2019ൽ ബിബിസിക്ക് നൽകയിയ അഭിമുഖത്തിലും അവരുടെ നിലപാട് അതായിരുനനു. അഭയാർഥി ക്യാംപിൽ കുഞ്ഞിനു ജന്മം നൽകിയ ഷെമീമ മകനെ ഇസ്ലാമായി തന്നെ വളർത്തുമെന്നും ഐഎസിന്റെ ചെയ്തികളെ തള്ളിപ്പറയാൻ ഒരുക്കമല്ലെന്നും ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഐഎസിൽ ചേർന്നതിലും അവരുടെ ആശയങ്ങളെയും ചെയ്തികളെയും പിന്തുണയ്ക്കുന്നതിലും ഖേദമില്ലെന്ന് ആവർത്തിച്ചുകൊണ്ടാണു കഴിഞ്ഞദിവസം നാട്ടിലേക്കു തിരിച്ചെത്താനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചത്. ഛേദിക്കപ്പെട്ട ശിരസുകൾ ബിന്നുകളിലും മറ്റും കിടക്കുന്നതുപോലും താൻ കണ്ടിട്ടുണ്ട്. എന്നാൽ അവയൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടില്ലെന്ന് ഇപ്പോഴും തുറന്നു പറയുന്ന അവർ ഒരിക്കലും തന്റെ പ്രവർത്തിയിൽ പശ്ചാത്തപിക്കാനും തയാറായില്ല. യുകെയിലേക്ക് മടങ്ങിയെത്താൻ അനുവദിച്ചാൽ ജയിലിൽ പോകാൻ പോലും തനിക്ക് മടിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ബ്രിട്ടൻ ഇസ്ലാമിക് സ്റ്റേറ്റിനു നേരേ നടത്തിയ ആക്രമണങ്ങൾക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റർ അരീനയിൽ നടത്തിയ സ്‌ഫോടനമെന്നും അവർ ബിബിസി അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇതിനു തൊട്ടു പിന്നാലെയാണ് പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടൻ കടന്നത്.

1981ലെ ബ്രിട്ടീഷ് നാഷനാലിറ്റി ആക്ടിൽ ഹോം സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നടപടി. പൊതു താൽപര്യത്തിന് അനിവാര്യമെന്നു കണ്ടെത്തായാൽ ഒരാളുടെ പൗരത്വം റദ്ദാക്കാൻ നാഷനാലിറ്റി ആക്ടിറ്റിൽ ഹോം സെക്രട്ടറിക്ക് അധികാരമുണ്ട്. ഇതിലൂടെ ഒരു വ്യക്തിക്ക് എവിടെയെങ്കിലും താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ലെന്നു മാത്രമേയുള്ളു. ബംഗ്ലാദേശിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിൽപ്പെട്ടതാണ് ഷെമീമ. ഇവർക്ക് ഇരട്ട പൗരത്വമുണ്ട്. ഈ സാഹചര്യത്തിലാണ് ഹോം സെക്രട്ടറി തന്റെ പ്രത്യേക അധികാരമുപയോഗിച്ച് ബ്രിട്ടീഷ് പൗരത്വം തിരിച്ചെടുത്തത്.

എന്നാൽ തനിക്ക് ബംഗ്ലാദേശി പാരമ്പര്യമുണ്ടെങ്കിലും പാസ്‌പോർട്ട് ഇല്ലെന്നും ഒരിക്കൽപോലും ബംഗ്ലാദേശിൽ പോയിട്ടില്ലെന്നുമാണ് ഷെമീമ മാധ്യമങ്ങളോട് പറഞ്ഞത്. ഇരട്ട പൗരത്വത്തിന്റെ വിശദാംശങ്ങൾ ഹോം ഓഫിസ് പുറത്തുവിടുന്നില്ലെങ്കിലും എവിടെയെങ്കിലും താമസിക്കാൻ പറ്റാത്ത സ്ഥിതിയിലേക്ക് ആരെയും തള്ളിവിടില്ലെന്നാണ് ഹോം ഓഫിസ് വക്താവ് വ്യക്തമാക്കുന്നത്. വിവിധ ഭീകരസംഘടനകൾക്കു പിന്തുണയുമായി രാജ്യംവിട്ട നൂറോളം പേരുടെ പൗരത്വം ഇത്തരത്തിൽ റദ്ദാക്കിയിട്ടുണ്ടെന്നും ഹോം ഓഫിസിന്റെ കണക്കുകൾ പറയുന്നു. എന്നാൽ ഇപ്പോൾ പൂർണ്ണമായും നിലപാട് മാറ്റി ഷമീമ ഐഎസിനെ തള്ളിപ്പറഞ്ഞിരിക്കയാണ്.

സിറിയയിൽവച്ചുണ്ടായ 3 കുഞ്ഞുങ്ങളും പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളും മൂലം മരിച്ചു പോയതാണ് ഏറ്റവും വലിയ വേദനയെന്ന് ഷമീമ ബീഗം പറയുന്നു. 'എനിക്കു ശാരീരിക പ്രശ്നങ്ങളില്ല, എന്നാൽ എന്റെ മാനസികാരോഗ്യം മോശമാണ്. ചെയ്തതെല്ലാം തെറ്റായിരുന്നു. ബ്രിട്ടനിലെ ജയിലാണെങ്കിൽ പോലും എനിക്കു മതിയായ വിദ്യാഭ്യാസവും ചികിത്സയും ലഭിക്കും. 2015 ൽ ഐഎസിൽ എത്തിയതിനു ശേഷം ദിനങ്ങളിൽ ഞാൻ നരകയാതന അനുഭവിക്കുകയാണ്. ചെയ്ത തെറ്റുകൾക്ക് ഞാൻ അനുഭവിച്ചു. ഇതിനും ക്രൂരമായ ഒരു ശിക്ഷ എനിക്കു ലഭിക്കാനില്ല' ഷമീമ പറയുന്നു.

. 'ബന്ധുക്കളെ വിട്ട് സിറിയയിൽ എത്താൻ തീരുമാനിച്ചതാണ് ഞാൻ ചെയ്ത ഏക തെറ്റ്. സിറയിയയിലെ അഭയാർഥി ക്യാംപിലെ നരകയാതനകളെക്കാൾ സ്വദേശത്തെ തടവറയിൽ കഴിയാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അതിഭീകരമാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ. ഉറ്റവരോ ഉടയവരോ കൂടെയില്ല. എനിക്കൊപ്പം ഐഎസിൽ ചേരാൻ പുറപ്പെട്ട കൂട്ടുകാരികളെല്ലാം അതിദാരുണമായി കൊല്ലപ്പെട്ടു. സിറിയയിലെ അഭയാർഥി ക്യാംപിനേക്കാൾ ഏത്രയോ ഭേദമാണ് യുകെയിലെ ജയിൽ. ചെയ്ത കുറ്റത്തിനു വിചാരണ നേരിട്ടു ശിക്ഷയേറ്റുവാങ്ങാൻ ഞാൻ തയാറാണ്, അഭയം നൽകണമെന്നു മാത്രമാണ് അപേക്ഷ'. ഒരു രാജ്യാന്തര മാധ്യമത്തോടാണ് ഷമീമയുടെ പുതിയ വെളിപ്പെടുത്തൽ.
  • വാതിൽ കെട്ടിയടച്ച് അമേരിക്കയും
എസ് വധുവിനു മുന്നിൽ വാതിൽ കൊട്ടിയടക്കുന്ന സമീപനമാണ് അമേരിക്കയും സ്വീകരിച്ചത്. അലബാമയിൽ ജനിച്ച് 2014-ൽ മാതാപിതാക്കളുടെ അനുവാദം കൂടാതെ സിറിയയിലെത്തി ഹുഡ മുത്താന എന്ന ഇരുപത്തിനാലുകാരിയുടെതും സമാനമായ അനുഭവമാണ്. ഇവരെ അമേരിക്കയിലേക്കു തിരികെ പ്രവേശിപ്പിക്കില്ലെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേരിക്ക വിട്ട ശേഷം മൂന്ന് ഐഎസ് ഭീകരരെ വിവാഹം കഴിച്ച മുത്താനയ്ക്ക് ഒരു മകനുണ്ട്. മകനൊപ്പം അമേരിക്കയിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണു മുത്താന. മുത്താന അമേരിക്കൻ പൗരയല്ലെന്നു വ്യക്തമാക്കിയാണു നടപടി. മുത്താനയെ അമേരിക്കയിൽ കയറ്റരുതെന്ന് ട്വിറ്ററിലൂടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെക്ക് ട്രംപ് നിർദ്ദേശം നൽകി. വ്യക്തികളുടെ ഇമിഗ്രേഷൻ വിഷയങ്ങളിൽ പരസ്യമായി പ്രതികരിക്കാൻ പാടില്ലെന്ന കീഴ്‌വഴക്കം ലംഘിച്ചു കൊണ്ടാണ് ട്രംപിന്റെ കർശന നടപടി. മുത്താനയ്ക്ക് അമേരിക്കൻ പൗരത്വമില്ലെന്നും നിയമപരമായി അമേരിക്കയിലേക്കു മടങ്ങാൻ കഴിയില്ലെന്നും മൈക്ക് പോപെ പിന്നീടു പ്രസ്താവന ഇറക്കി.

ഐഎസ് നടത്തിയ ബ്രയിൽ വാഷിങ്ങിൽനിന്ന് വളരെ പതുക്കെയാണ് ഇവർക്ക് രക്ഷപ്പെടാൻ കഴിയുന്നത്.
2014-ൽ സമൂഹമാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങളിൽ ആകൃഷ്ടയായ മുത്താന വീട്ടുകാരുടെ സമ്മതം കൂടാതെയാണ് അമേരിക്ക വിട്ട് സിറിയയിലെത്തിയത്. അവിടെ എത്തിയതിനു പിന്നാലെ മൂന്നു സ്ത്രീകൾക്കൊപ്പം അമേരിക്കൻ പാസ്പോർട്ട് കത്തിക്കുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

തുടർന്ന് അമേരിക്കക്കാരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്ന വിവിധ വിഡിയോകളും മുത്താന സമൂഹമാധ്യമങ്ങളിൽ കൂടി പുറത്തുവിട്ടു. സിറിയയിലും ഇറാഖിലും ഐഎസ് സ്വാധീനമുള്ള സമയത്ത് അവർക്കു വേണ്ടി നിരവധി പ്രചാരണപരിപാടികളാണ് മുത്താന നടത്തിയത്. ഇതിനിടെ മൂന്ന് ഐഎസ് ഭീകരർ മുത്താനയെ വിവാഹം കഴിച്ചു. സിറിയയിലും ഇറാഖിയും ഐഎസിന്റെ ശക്തി ക്ഷയിച്ചതോടെയാണ് കുഞ്ഞിനൊപ്പം അമേരിക്കയിലേക്കു മടങ്ങാൻ മുത്താന നീക്കം തുടങ്ങിയത്.

സമൂഹമാധ്യമങ്ങളാണ് തന്നെ വഴിതെറ്റിച്ചതെന്നും കുടുംബത്തിനും രാജ്യത്തിനും ഉണ്ടായ പ്രശ്നങ്ങളിൽ തനിക്കു ഖേദമുണ്ടെന്നും മുത്താന പറഞ്ഞു. മുത്താന ന്യൂജഴ്സിയിൽ ജനിച്ചതാണെന്നു തെളിയിക്കുന്ന രേഖകൾ ഉണ്ടെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞു. മുത്താനയ്ക്ക് നിയമപരമായി അമേരിക്കൻ പാസ്പോർട്ട് ഉണ്ട്. അവർ നിയമം തെറ്റിച്ചിട്ടുണ്ടെങ്കിൽ ശിക്ഷ നൽകണം. തെറ്റ് ചെയ്തുവെന്ന പേരിൽ പൗരത്വം റദ്ദാക്കാൻ കഴിയില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
  • മലയാളികൾ അടക്കം നിരവധി ഇന്ത്യാക്കാരും വലയിൽ
ഴിഞ്ഞ വർഷം അഫ്ഗാൻ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയ ഐഎസ് സംഘത്തിന്റെ ഫോട്ടോയിൽ മലയാളിയായ നിമിഷ എന്ന ഫാത്തിമയുടെയും ഭർത്താവ് വിൻസർ് എന്ന ഈസയുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇവർ മടങ്ങിവരുമെന്ന് ഓർത്ത് നിഷിഷയുടെ അമ്മ
തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി ബിന്ദു ആഗ്രഹിച്ചിരുന്നത്. ഭീകരവാദ കേസുകൾ അന്വേഷിക്കുന്ന എൻഐഎ കാണിച്ച ഫോട്ടോയിൽ ഇവരുടെ മകൾ ആയ ഉമ്മക്കുൽസും ഉണ്ടായിരുന്നു.

തന്റെ രണ്ടു മക്കളിൽ ഏക പെൺ തരിയാണ് നിമിഷ ഐഎസിൽ ചേരാൻ പോയപ്പോൾ ബിന്ദുവിനു നഷ്ടമായത്.കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യൻ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്സൺ വിൻസെന്റിനെ വിവാഹംകഴിച്ചത്. തുടർന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ചു. 2016-ലാണ് ഇവർ ശ്രീലങ്ക വഴി അഫ്ഗാനിലേക്ക് കടന്നത്. നാഗർഹാറിലാണ് ഇവരുണ്ടായിരുന്നതെന്നാണ് ബന്ധുക്കൾക്ക് മുമ്പ് ലഭിച്ച വിവരം. കാസർകോട് നിന്ന് കാണാതായവർക്കൊപ്പമാണ് തിരുവനന്തപുരം സ്വദേശിനിയും ബി.ഡി.എസ്. വിദ്യാർത്ഥിനിയുമായ നിമിഷ എന്ന ഫാത്തിമയും അപ്രത്യക്ഷയായത്. കാസർകോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരുന്നു നിമിഷ.

ആറ്റുകാൽ സ്വദേശിനി നിമിഷ, ഇസ്ലാം മതത്തിലേക്കു മാറിയത്. സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററിൽ വച്ചാണെന്ന് പൊലീസിന്റെ സ്ഥിരീകരിച്ചിരുന്നു. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവർത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചത്. അന്നത്തെ കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ട് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പെൺകുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാൾ കേരള നദ്വത്തുൽ മുജാഹിദീനിലെ സജീവ അംഗമായിരുന്നു. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

ഇങ്ങനെ സാക്കിർ നായിക്ക് വഴിയൊക്കെ നിരവധിപേരെ ബ്രയിൻ വാഷ്‌ചെയ്ത് മത പരിവർത്തനം നടത്തി സിറിയയിലേക്കും അഫ്ഗാനിലേക്കും കടത്തിയത്.
  • ജിഹാദി വധുക്കളുടെ മനഃശാസ്ത്രം
എസ് വധുക്കളുടെ മനഃശാസ്ത്രമെന്താണ്? ലോകം മുഴവൻ ഭയത്തോടെ കാണുന്ന ഐഎസ് ഭീകരരെ പ്രണയിച്ച് സിറിയയിലേക്കും അഫ്ഗാനിലേക്കും കടക്കാൻ യുവതികളെ പ്രേരിപ്പിക്കുന്നത് എന്താണ്? ലോകം ആകാക്ഷയോടെ ചോദിച്ച ആ സമസ്യക്ക് ഉത്തരം നൽകുന്നത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് ഡയലോഗിന്റെ (ഐ എസ് ഡി) പഠനമാണ്. യുവതികൾ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെടുത്തുന്നത് കേവലം പ്രണയത്തിനും വിവാഹത്തിനുമപ്പുറം സങ്കീർണ്ണമായ മറ്റു പല ഘടകങ്ങളും ഉണ്ടെന്നാണ് ഇവർ കണ്ടെത്തിയത്. ഐസിസ് കേന്ദ്രങ്ങളിൽ നിന്നും മടങ്ങിയെത്തിയ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമൊപ്പം പ്രവർത്തിക്കുന്ന ആളുകളിൽനിന്നും വിവര ശേഖരണം നടത്തിയാണ് ഇവർ പഠന വിവരങ്ങൾ പുറത്തുവിട്ടത്.

യുകെയിലെയും നെതർലാൻഡിലെയും ഐഎസിൽ ചേർന്ന് പ്രവർത്തിച്ച 250 ഓളം സ്ത്രീകളോടും പെൺകുട്ടികളോടും പ്രവർത്തിച്ചവരുമായി നടത്തിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോർട്ട്.'ജിഹാദി വധുക്കൾ' എന്ന് അറിയപ്പെടുന്ന ഐസിസുമായി ബന്ധമുള്ള സ്ത്രീകളെയും പെൺകുട്ടികളെയും കുറിച്ചുള്ള പൊതു ധാരണ പ്രണയത്തിലൂടെയോ വിവാഹത്തിലൂടെയോ മാത്രമാണ് അവർ തീവ്രവാദത്തിൽ ആകൃഷ്ടരാകുന്നത് എന്നാണ്. ഐഎസ് വിഭാവനം ചെയ്യുന്ന ഭരണകൂടത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹം, ഐഎസിൽ ഉണ്ടെന്ന് അവർ കരുതുന്ന സാഹോദര്യ മനോഭാവം, ദിവ്യമായ എന്തോ കൃത്യത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹം എന്നിവയൊക്കെയാണ് സ്ത്രീകളെയും പെൺകുട്ടികളെയും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമെന്നാണ് പഠനത്തിൽ പറയുന്നത് . അല്ലാതെ പ്രണയമോ, വിവാഹമോ മാത്രമല്ല ഇവരെ ഭീകര സംഘടനയിലേക്ക് നയിക്കുന്നതെന്നും പഠന റിപ്പോർട്ട് വിശദമാക്കുന്നു.

ചിലയാളുകളുടെ കാര്യത്തിൽ വിവാഹം പലഘടകങ്ങളിൽ ഒരു ഘടകമാവാമെങ്കിലും അതൊരു പ്രധാനഘടകമല്ലെന്നാണ് പഠനത്തിൽ പറയുന്നത്. രക്ഷിതാക്കളുമായുള്ള കലഹമാണ് ഐഎസിൽ ചേരുന്നതിന് മറ്റ് ചുരുക്കം ചില പെൺകുട്ടികളെ പ്രേരിപ്പിക്കുന്നതെന്നും പഠന റിപ്പോർട്ട് വിശദമാക്കുന്നു.ഖിലാഫത്തിലേക്കുള്ള യാത്ര 'സത്യവും നിർമ്മലവുമായ ഇസ്ലാമിക ജീവിതം' നയിക്കാനുള്ള ഒരു മാർഗ്ഗമാണെന്ന് ചിലർ മനസ്സിലാക്കുന്നു. ചിലരെ സാമൂഹികമായ വിവേചനങ്ങളാണ് ഐസിസിലെത്തിക്കുന്നത്.

യുകെയിൽനിന്നും നൂറോളം സ്ത്രീകളും പെൺകുട്ടികളും ഐസിസിൽ ചേരാനൊരുങ്ങതായി റിപ്പോർട്ടുണ്ടായിരുന്നു. സിറിയയിലേക്കും ഇറാഖിലേക്കും പോയ ബ്രിട്ടീഷ് പൗരന്മാരിൽ 12% പേരും തീവ്രവാദ സംഘടനകളിൽ അംഗങ്ങളായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
  • ഭീകരരുടെ കാമാസക്തി തീർക്കാനുള്ള ഉപകരണങ്ങൾ മാത്രം
വിവിധ കാരണങ്ങൾകൊണ്ട് ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരുടെ ഭാര്യമാരായി സിറിയയിലും മറ്റുമായിപെടുന്ന സ്ത്രീകളെയാണ് പൊതുവെ ഐഎസ് വധുക്കൾ എന്നു പറയുന്നത്. ഭീകരവാദത്തിലേക്ക് എത്തുന്നതിന് മുമ്പ് യുവാക്കളെ വിവാഹം കഴിച്ചവർ, പ്രണയ വിവാഹിതർ തുടങ്ങിയ സാധാരണയായി ഐസിസിൽ എത്തിപ്പെട്ടവർ കൂടായെ ഇവർ അടിമകളായി പിടിക്കുന്ന സ്ത്രീകളും ഈ കുട്ടത്തിൽ പെടും. നിരവധി യസീദി സ്ത്രീകളെയാണ് ഐസിസ് ഭീകരർ ഇങ്ങനെ വാങ്ങിയത്. ഇവരെ ഉപയോഗിച്ച ശേഷം ചന്തകളിൽ ലേലം ചെയ്യുകപോലും പതിവായിരുന്നു.

ഐഎസ് വധുക്കളെക്കുറിച്ച് ലോകം കൂടുതൽ അറിഞ്ഞത് ഐഎസ് ഭീകരർ പിടികൂടി ലൈംഗിക അടിമയാക്കിയ നാദിയ മുറാദ് എന്ന യസീദി സ്ത്രീയിലൂടെയാണ്. വടക്കു കിഴക്കൻ നൈജീരിയയിൽ ബൊക്കൊ ഹറാം തീവ്രവാദികളുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ കഥ തന്നെയാണ് ഐഎസ് വധുക്കളുടെ കാര്യത്തിലുമെന്നു നാദിയയുടെ ജീവിതം ലോകത്തോടു വിളിച്ചു പറഞ്ഞു. പല താവളങ്ങളിലും ക്രൂരമായി ലൈംഗിക പീഡനത്തിനു വിധേയയായതിനു ശേഷമാകും ഐഎസ് വധുക്കൾ എന്നറിയപ്പെടുന്ന പെൺകുട്ടികളെ ഭീകരിലൊരാൾ സാധാരണ വിവാഹം ചെയ്യുക.

ഐഎസ് താവളങ്ങളിൽനിന്നു രക്ഷപ്പെട്ട് എത്തുന്ന പെൺകുട്ടികളുടെ പുനരധിവാസത്തിനു വേണ്ടി പോരാടിയ നാദിയ മുറാദിന് ലോകം നൊബേൽ സമ്മാനം നൽകിയാണ് ആദരിച്ചത്. നാദിയ മുറാദ്, ഷമീമ ബീഗം, യുഎസിൽ നിന്ന് ഐഎസിൽ എത്തിയ ഹുഡ മുത്താന എന്നിവരുടെ ജീവിതം ഐഎസ് ക്യാംപുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന കൊടുംക്രൂരതകളാണ് വെളിപ്പെടുത്തുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. യസീദി സ്ത്രീകളെ വിറ്റും ഐസിസ് ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചിരുന്നു.
എന്നാൽ ഭൂരിഭാഗം പേരും ഇങ്ങനെയല്ല ഐഎസിൽ എത്തുന്നത്. ഐഎസ് ഭീകരരിൽ ആകൃഷ്ടരായി സ്വന്തം മാതാപിതാക്കളെയും വീടും രാജ്യവും ഉപേക്ഷിച്ചുപോയ പെൺകുട്ടികളാണ് ഇവർ. ഐഎസ് പോരാളികളുടെ വീര ഗാഥകളിൽ ആകൃഷ്ടരായാണ് പെൺകുട്ടികൾ സിറിയയിലേക്ക് എത്തിയത്. എന്നാൽ അവിടെ കാത്തിരുന്നത് സ്വർഗമായിരുന്നില്ല. ലൈംഗിക അരാജകത്തിന്റെ ആദ്യ നാളുകൾ നന്നായി ആസ്വദിച്ചെങ്കിലും പിന്നീട് തങ്ങൾ ഇരകളാണ് എന്ന് പെൺകുട്ടികൾ തിരിച്ചറിയുകയാണ്. ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി സംഘടനയിൽ ചേരുന്ന പെൺകുട്ടികൾ ഐഎസ് വധുക്കൾ എന്നാണ് അറിയപ്പെടുക. ഭീകരരുടെ വധുവാകുന്നതോടെ ഏതു സമയത്തും ലൈംഗികമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങളാണ് ഇവർ. മിക്കപ്പോഴും രണ്ടോ മൂന്നോ പേരായിരിക്കും ഇവരെ ലൈംഗികമായി ഉപയോഗിക്കുക. യസീദി സ്ത്രീകളെ ദീർഘകാലം ഉപയോഗിച്ചശേഷം അടിമചന്തയിൽ ലേലം ചെയ്ത് വിറ്റ് ഐഎസ് വൻ തോതിൽ കാശുണ്ടാക്കിയിരുന്നു.
  • കന്യകയായ യസീദി പെൺകുട്ടിക്ക് വില 12,500 ഡോളർ!
റ്റവും കൂടുതൽ ഐഎസ് വധുക്കൾ സൃഷ്ടിക്കപ്പെട്ടത് യഹൂദന്മാർ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പീഡിപ്പക്കപ്പെട്ട ജന വിഭാഗമായ യസീദികളുടെ കാര്യത്തിലാണ്. യസീദി പെൺകുട്ടികളെ ചന്തയിൽ വെച്ച് വിറ്റും, വാട്സ് ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും ലേലം ചെയ്ത് വിറ്റും ഐഎസ് കോടികൾ സമ്പാദിച്ചിരുന്നു. (അൽജസീറയടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യം നിഷേധിക്കയാണ്. ഇസ്ലാമോ ഫോബിയ തലയ്ക്കുപിടിച്ച പാശ്ചാത്യ മാധ്യമങ്ങളുടെ സൃഷ്ടിയാണ് ഇതെന്നാണ് അവർ പറയുന്നത്) പക്ഷേ യസീദി സ്ത്രീകളെ പെൺകുട്ടികളെ പരസ്യമായി വിൽക്കുന്നുവെന്നതിന്റെ വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. ഐഎസിന്റെ തടവിൽനിന്ന് രക്ഷപ്പെട്ട് പുറത്തുവന്ന നൂറുകണക്കിന് സ്ത്രീകളും തങ്ങളെ ലൈംഗിക അടിമകളാക്കിയതിന്റെയും വിറ്റതിന്റെയും വിവരങ്ങൾ കണ്ണീരോടെ ലോകത്തെ അറിയിച്ചിരുന്നു. ആദ്യകാലങ്ങളിൽ തങ്ങളുടെ അധീനമേഖലകളിൽവെച്ച് പരസ്യമായി ലേലം ചെയ്തായിരുന്നു യസീദി സ്ത്രീകളെ ഇസ്ലാമിക ഭീകരർ വിറ്റിരുന്നത്. എന്നാൽ അഞ്ചു വർഷം മുമ്പ് ഇവർ വിൽപ്പന ഓൺലൈനിലേക്ക് മാറ്റി. മൊബൈൽ മെസേജിങ് സേവനമായ ടെലിഗ്രാമിലൂടെ പ്രചരിച്ച ഐഎസിന്റെ അറബി ഭാഷയിലുള്ള ഒരു പരസ്യം ഇങ്ങനെയായിരുന്നു.'കന്യകയും സുന്ദരിയുമായ പെൺകുട്ടി, 12 വയസ്സ്. വില 12,500 ഡോളർ. ഉടൻ തന്നെ വിൽക്കപ്പെടും'.
സ്മാർട് ഫോൺ ആപ്പുകളിലൂടെയാണ് ആവശ്യക്കാർക്ക് പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ഭീകരർ കൈമാറിയിരുന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ, അവളെ അടിമയാക്കി വച്ചിരിക്കുന്ന ഉടമയുടെ പേര്, വിലയെത്ര തുടങ്ങിയ വിവരങ്ങളാണ് കൈമാറുക. ഇതിനായി ഇവർ ഇരകളുടെ പേരും ഫോട്ടോഗ്രാഫുകളും ഉൾപ്പെടെയുള്ള വിശദമായ ഡേറ്റാബേസും സൂക്ഷിച്ചിരുന്നു. ഐഎസ് ചെക്ക്‌പോസ്റ്റുകൾ വഴി ഇവർ രക്ഷപ്പെടുന്നതിന് തടയുന്നതിന് വേണ്ടിയാണിത്. ഇവയെല്ലാം നുണകളാണെന്ന് ഇസ്ലാമിക മാധ്യമങ്ങൾ പറയുമ്പോഴും സത്യമാണെന്നതിന് യസീദി പെൺകുട്ടികളുടെ അനുഭവ സാക്ഷ്യമുണ്ട്. ഇടനിലക്കാർ യസീദി സ്ത്രീകളെ വാങ്ങി മറ്റ് രാജ്യങ്ങളിലെ വേശ്യാലയങ്ങളിൽ പാർപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പെൺകുട്ടികളെ വിൽപ്പന നടത്താൻ അനേകം പരസ്യങ്ങളാണ് ടെലിഗ്രാം, വാട്‌സ്ആപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയവയിലൂടെ വന്നിരുന്നത്്. 12 വയസ്സിന് താഴേയ്ക്കുള്ളവർക്കാണ് ഉയർന്ന വില. മൂന്നും ഏഴും വയസ്സുകളുള്ള രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിക്ക് 3,700 ഡോളറായിരുന്നു വില. ഇവരുടെ ഉടമ വിൽക്കാൻ പരസ്യം നൽകിയത് ഇവരുടെ ഫോട്ടോയോടൊപ്പമായിരുന്നു

രണ്ടുവർഷം മുമ്പ് സിറിയയിൽ നിന്ന് രക്ഷപ്പെട്ട ലാമിയ എന്ന യസീദി പെൺകുട്ടിക്ക് പറയാനുണ്ടായിരുന്നത് തന്നെ ഓൺലൈനിൽ വിറ്റ കഥയായിരുന്നു. ഒരു കള്ളക്കടത്തുകാരന്റെ സഹായത്തോടെ, ഐഎസ് നിയന്ത്രിത മേഖലയിൽ നിന്നും സർക്കാർ അധീന പ്രദേശത്തേക്ക് ഇവർക്ക് കടക്കാനായി. ഇവർക്കൊപ്പം രക്ഷപ്പെട്ട എട്ടു വയസ്സുകാരി അൽമാസും 20കാരി കാതറീനും മൈൻ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു.സ്‌ഫോടനം ലാമിയയുടെ വലം കണ്ണ് തകർത്തു. മുഖം വടുക്കൾ കൊണ്ട് വികൃതമാകുകയും ചെയ്തു. എന്നാലും ലൈംഗിക അടിമത്വത്തിൽനിന്ന് രക്ഷപ്പെട്ടതിൽ ഇവർ ആശ്വസിക്കുന്നു.
  • ബാഗ്ദാദി ക്രൂരതയുടെ ഉസ്താദ് 
ന്തിന് ഐസിസ്  തലവാനായിരുന്ന ബാഗ്ദാദി പോലും ക്രൂരതയുടെ ഉസ്താദ് ആയിരുന്നെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തവുന്നത്. തടവിലാക്കിയ സ്ത്രീകളുടെ നഖങ്ങൾ വരെ പറിച്ച് ആനന്ദം കണ്ടെത്തുന്ന ക്രൂരനാണിയാളെന്നാണ് മുന്ന എന്ന യീസീദി സ്ത്രീ വെളിപ്പെടുത്തിയത്. ബാഗ്ദാദിയുടെ ലൈംഗിക അടിമമായി കഴിയേണ്ടി വന്നയാളാണ് യസീദി പെൺകുട്ടിയായ മുന്ന.

ഐസിസുകാരുടെ തടവിലായ യുഎസ് സന്നദ്ധ പ്രവർത്തക കൈല മുള്ളറെ അബൂബക്കർ ബാഗ്ദാദി തുടർച്ചയായി ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് മുന്ന വെളിപ്പെടുത്തിയിരിക്കുന്നത്. തടവിൽ പാർപ്പിച്ച മുള്ളർക്കൊപ്പമാണ് തന്നെ തടവിലാക്കിയിരുന്നതെന്നും മുന്ന പറഞ്ഞു. മുള്ളറെ ഒരു രഹസ്യഭാര്യയായാണ് ബാഗ്ദാദി താമസിപ്പിച്ചിരുന്നതെന്നും മുന്ന പറയുന്നു. മുള്ളറെ വിവാഹം കഴിച്ച ബാഗ്ദാദി തന്റെ കൺമുന്നിൽ വച്ച് അവരെ നാലു തവണ ബലാത്സംഗം ചെയ്തിരുന്നുവെന്നും മുന്ന വെളിപ്പെടുത്തുന്നു. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ തന്നെയും ഇതുപോലെ ചെയ്യുമെന്ന് പറഞ്ഞെങ്കിലും താൻ രക്ഷപ്പെടുകയായിരുന്നുവെന്ന് മുന്ന പറയുന്നു. സുഹൃത്തായ അബു സയ്യാഫിന് മുള്ളറുടെ മുഖം കാണാൻ പോലും ബാഗ്ദാദി സമ്മതിച്ചില്ലെന്നാണ് മുന്ന പറയുന്നത്. എല്ലായ്‌പ്പോഴും നിഖാബ് ധരിച്ച് നടക്കാൻ മുള്ളറെ നിർബ്ബന്ധിച്ചിരുന്നു. മറ്റു ഭാര്യമാർക്ക് ചെയ്തത് പോലെ മുള്ളർക്ക് ബാഗ്ദാദി വാച്ച് മേടിച്ചു കൊടുത്തെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.

ഐസിസ് കസ്റ്റഡിയിലെ തന്റെ ക്രൂരമായ അനുഭവങ്ങൾ 16കാരിയായ മുന്ന അന്ന് തുറന്ന് പറഞ്ഞിരുന്നു, തന്റെ ഭാര്യയായിത്തീരാൻ മുള്ളറിൽ ബാഗ്ദാദി സകല സമ്മർദവും ചെലുത്തിയിരുന്നു. അതിന്റെ ഭാഗമായി ഇവരുടെ നഖങ്ങൾ വരെ പിഴുതെടുത്തിരുന്നുവത്രെ. തന്റെ മറ്റ് ഭാര്യമാർ 26 കാരിയായ മുള്ളറെ കണ്ടെത്തുമെന്ന ഭയത്താൽ ബാഗ്ദാദി, ഐസിസിലെ ഉപനേതാവായ അബു സയാഫിന്റെയും ഭാര്യയുടെയും കൂടെ അയാളുടെ വീട്ടിലായിരുന്നു നിർത്തിയിരുന്നതെന്നും മുന്ന വെളിപ്പെടുത്തുന്നു. 2015 ആദ്യം നടന്ന ഒരു വ്യോമാക്രമണത്തിൽ മുള്ളർക്കൊപ്പം സയാഫും കൊല്ലപ്പെടുകയായിരുന്നു.

അബൂബക്കർ ബാഗ്ദാദി വൃത്തികെട്ടവനാണെന്നാണ് മുന്ന തുറന്നടിക്കുന്നത്. തീരെ അലിവില്ലാത്തവനും സംസാരത്തിൽ പോലും കാരുണ്യം അശേഷമില്ലാത്ത ദുഷ്ടനായ സാത്താനാണെന്നും മുന്ന ആരോപിച്ചിരുന്നു.ബാഗ്ദാദിയുടെ ലൈംഗിക അടിമയായി കഴിയേണ്ടി വന്നപ്പോൾ തനിക്ക് ഏറെ പീഡനങ്ങൾ നേരിടേണ്ടി വന്നതായും പെൺകുട്ടി വെളിപ്പെടുത്തി. ഐസിസിന്റെ ക്രൂരമായ പീഡന കഥകൾ നാം ഏറെ കേട്ടിട്ടുള്ളതാണ്. അക്കൂട്ടത്തിൽ ഇതുവരെ കേൾക്കാത്ത പീഡനപർവമാണ് മുന്ന അനാവരണം ചെയ്തത്.ഐസിസിന്റെ ആക്രമണങ്ങൾക്കിടെ സീഞ്ഞാർ മലനിരയിൽ അകപ്പെട്ട യസീദികളിൽ നിന്നും ഐസിസുകാർ പിടികൂടിയ പെൺകുട്ടിയാണ് മുന്ന. തുടർന്ന് ഒരാഴ്ചയ്ക്ക് ശേഷം അബു ബക്കർ അൽ ബാഗ്ദാദി റക്കയിലെ തന്റെ വീട്ടിലേക്ക് ജോലിക്കായി മുന്നയെ കൊണ്ടു വരുകായിരുന്നു. അൽപകാലം അവിടെ ബാഗ്ദാദിയുടെ ലൈംഗിക അടിമമായി കഴിഞ്ഞ പെൺകുട്ടി പിന്നീട് രക്ഷപ്പെടുകയായിരുന്നു.

തന്നെ ഇസ്ലാംമതാനുയായി ആക്കാൻ ബാഗ്ദാദി കിണഞ്ഞു പരിശ്രമിച്ചിരുന്നുവെന്നാണ് മുന്ന വെളിപ്പെടുത്തുന്നത്. യുഎസ് മാധ്യമപ്രവർത്തകന്റെ തലയറുക്കുന്നതിന്റെ വീഡിയോ തനിക്ക് മുന്നിൽ പ്രദർശിപ്പിച്ചുവെന്നും മുസ്ലീമായില്ലെങ്കിൽ ഇതുപോലെ തല വെട്ടുമെന്ന് ബാഗ്ദാദി ഭീഷണിപ്പെടുത്തിയെന്നും മുന്ന വെളിപ്പെടുത്തുന്നു. ഐസിസ് തലവന്റെ ഭാര്യമാരും കുട്ടികളും തന്നെ നിരന്തരം അപമാനിക്കുമായിരുവെന്നാണ് മുന്ന വെളിപ്പെടുത്തിയിരിക്കുന്നത്. ഓരോ പ്രാവശ്യവും തൊട്ടടുത്ത് ബോംബ് സ്‌ഫോടനം നടക്കുമ്പോൾ ബാഗ്ദാദിയും കുടുംബവും സാധനങ്ങളെടുത്ത് അടുത്ത താവളത്തിലേക്ക് പലായനം ചെയ്യുമായിരുന്നുവെന്നും മുന്ന ഓർക്കുന്നു. നിരന്തരം തീവ്രവാദികൾ താവളം മാറിക്കൊണ്ടിരിക്കുമെന്നും തന്നെപ്പോലെ പതിനായിര കണക്കിന് യസീദി പെൺകുട്ടികളെയാണ് ഐഎസ് തീവ്രവാദികൾ ലൈംഗികമായി ചൂഷണം ചെയ്യുന്നതെന്നും മുന്ന വെളിപ്പെടുത്തിയിരുന്നു.

യസീദികളുടെ അത്രക്ക് പീഡനം എറ്റിട്ടില്ലെങ്കിലും മറ്റ് ഐഎസ് വധുക്കളുടെ കാര്യവും മെച്ചമൊന്നുമല്ല. സഹിക്കാവുന്നതിന്റെ പരമാവധി അവർ സഹിച്ചു കഴിഞ്ഞു. ഇതിന്റെ പേരിലാണ് ലോകമെമ്പാടുമുള്ള മനുഷ്യവകാശ ഗ്രൂപ്പുൾ അവരുടെ അവകാശങ്ങൾക്കായി വാദിക്കുന്നത്. ചെറിയ പ്രായത്തിൽ ഉണ്ടായ പ്രണയക്കുരുക്കും ബ്രയിൻവാഷിങ്ങും തകർത്തതാണ് അവരുടെ ജീവിതം എന്നും മാനസാന്തരം വന്ന ആരെയും ജന്മനാട്ടിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP