Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസുകാരന്റെ മകൻ വഴിതെറ്റിയെത്തിയത് ഗുണ്ടാ സംഘങ്ങളിൽ; സിനിമാ ടിക്കറ്റുകൾ ബ്ലാക്കിന് വിറ്റ് തുടങ്ങിയ അധോലോക ജീവിതം; കൊന്നും കൊടുത്തും വളർന്നത് പനപോലെ; ബോളിവുഡ് സുന്ദരികൾ എന്നും ദൗർബല്യം; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരനായതോടെ എല്ലാം അട്ടിമറിഞ്ഞു; 500 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്നു ഡി കമ്പനി പാപ്പരായി; ഏകമകൻ മൗലവിയായതും ഹൃദയാഘാതം വന്നതും തിരിച്ചടി; കോവിഡിൽ മരിച്ചുവെന്ന് വാർത്ത വന്ന ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ദാവൂദ് ഇബ്രാഹീമിന്റെ കഥ

പൊലീസുകാരന്റെ മകൻ വഴിതെറ്റിയെത്തിയത് ഗുണ്ടാ സംഘങ്ങളിൽ; സിനിമാ ടിക്കറ്റുകൾ ബ്ലാക്കിന് വിറ്റ് തുടങ്ങിയ അധോലോക ജീവിതം; കൊന്നും കൊടുത്തും വളർന്നത് പനപോലെ; ബോളിവുഡ് സുന്ദരികൾ എന്നും ദൗർബല്യം; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരനായതോടെ എല്ലാം അട്ടിമറിഞ്ഞു; 500 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്നു ഡി കമ്പനി പാപ്പരായി; ഏകമകൻ മൗലവിയായതും ഹൃദയാഘാതം വന്നതും തിരിച്ചടി; കോവിഡിൽ മരിച്ചുവെന്ന് വാർത്ത വന്ന ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ദാവൂദ് ഇബ്രാഹീമിന്റെ കഥ

എം മാധവദാസ്

ദാവൂദ് കസ്‌ക്കർ ഇബ്രാഹീം! ഇന്ത്യയിൽ ഇന്ന് ഏറ്റവും വെറുക്കപ്പെട്ടവരുടെ പേര് ചോദിച്ചാൽ ആദ്യ പത്തിൽ വരും ഈ  അധോലോക നായകൻ.. മുംബൈ സ്ഫോടന പരമ്പരകൾ അടക്കം നൂറുകണക്കിന് ജീവന് ഉത്തരം പറയേണ്ട ക്രൂരൻ. ഇന്ന് ഇതാണ് ഇമേജ് എങ്കിലും ഒരു കാലത്ത് അതൊന്നുമായിരുന്നില്ല. ബോളിവുഡ് സുന്ദരികൾക്കൊപ്പം നിശാക്ലബ്ലുകളിൽ ആടിപ്പാടുകയും, ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അത്താഴവിരുന്ന് ഉണ്ണുകയും, ഹിന്ദിസിനിമാ ലോകത്തെ ഉള്ളം കൈയിൽ എടുത്ത് അമ്മാനമാടുകയും ചെയ്ത ഒരു ഭൂതകാലം ഉണ്ടായിരുന്നു, ഇന്ന് ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായി അറിയപ്പെടുന്ന, ദാവൂദ് ഇബ്രാഹീമിന്. 70കളുടെ അവസാനം മുതൽ 90കളുടെ തുടക്കം വരെ ബോംബെ എന്ന  മഹാനഗരത്തെ നിയന്ത്രിച്ചിരുന്നത് ദാവൂദ് കസ്‌ക്കർ ഇബ്രാഹീം എന്ന അധോലോക നായകൻ തന്നെയായിരുന്നു. 93ലെ മുംബൈ സ്ഫോടനത്തിൽ പ്രതിചേർക്കപ്പെട്ട് രാജ്യം വിട്ട ദാവൂദ് പാക്കിസ്ഥാൻ ഗവൺമെന്റിന്റെ സംരക്ഷണയിലും ശരിക്കും വിലസിയാണ് ജീവിച്ചത്. മുംബൈ വിട്ട് കറാച്ചി കേന്ദ്രീകരിച്ച് പുതിയ അധോലോകം കെട്ടിപ്പെടുത്ത് ഡി കമ്പനി ലോകത്തിന് ഭീഷണിയായി. എന്നാൽ ഇപ്പോൾ അങ്ങേയറ്റം ശോചനീയമായ വാർത്തകളാണ് ഡി കമ്പനിയെകുറിച്ച് പുറത്തുവരുന്നത്. ദാവൂദ് കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഏറ്റവും ഒടുവിലായി വരുന്നത്. ഇതിനിടെ ഡി കമ്പനി പിളർന്നുവെന്നും പൊളിഞ്ഞുവെന്നും വാർത്തകൾ വന്നു. 300 ബില്യൺ ഡോളർ ആസതിയുള്ള ലോകമെമ്പാടും സ്വത്തുക്കൾ ഉണ്ടായിരുന്നു ഡി കമ്പനി ഇന്ന് പൊളിഞ്ഞ് പാപ്പരായിരിക്കയാണ്.

കറാച്ചിയിൽ വെച്ച് ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചുവെന്ന് ഏതാനും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹജാബിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പാക് അധികൃതരെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നത്. ദാവൂദിന്റെ പേഴ്സൺ സ്റ്റാഫ് അംഗങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അധികൃതർ ക്വറന്റീനിലാക്കിയിട്ടുണ്ട്. കറാച്ചിയിലെ സൈനിക ആശുപത്രിയിലാണ് ദാവൂദിനെ ചികിത്സിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് ഇന്ന് ന്യൂസ് എക്‌സ് ചാനൽ ദാവൂദ് മരിച്ചെന്ന വാർത്ത റിപ്പോർട്ടു ചെയ്തത്.

കറാച്ചിയിലെ സൈനിക ആശുപത്രിയിൽ വച്ചാണ് ദാവൂദ് മരിച്ചതെന്നും ന്യൂസ് എക്സ് റിപ്പോർട്ടിൽ പറയുന്നു.2003ൽ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ പേരിൽ ദാവൂദ് ഇപ്പോൾ ലോകത്തിലെ 10 മോസ്റ്റ് വാണ്ടഡ് ക്രമിനലുകളിൽ മൂന്നാം സ്ഥാനത്തായിരുന്നു. 2.5 കോടി ഡോളറാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. 

സിനിമാ ടിക്കറ്റ് ബ്ലാക്കിൽ വിറ്റ് തുടക്കം

അതിശയമെന്നു പറയട്ടെ, ലോകത്തിലെ എല്ലാ അധോലോക നയാകരുടെയും കഥകൾ ഏതാണ്ട് ഒരുപോലെയാണ്. ലോകത്തിന്റെ ഏറ്റവും വലിയ അധോലോക നായകരായി കണക്കാക്കുന്ന ലക്കി ലൂസിയാനോയും കപ്പോണുംതൊട്ട് ദാവൂദ് ഇബ്രാഹീമും ഛോട്ടാരാജനും നമ്മുടെ കാരിസതീശനും കരടി മനോജുംവരെയുള്ളവരുടെ 'ആത്മകഥ' ഏകദേശം ഒരുപോലെയാണ്! സിനിമാ തിയറ്ററുകളിൽ ബ്ളാക്കിന് ടിക്കറ്റ് വിറ്റ് തുടക്കം, പിന്നെ രാഷ്ട്രീയക്കാർക്കുവേണ്ടിയും പ്രാദേശിക ദിവ്യന്മാർക്കുവേണ്ടിയും അല്ലറച്ചില്ലറ അടിപിടികൾ. ക്രമേണ തർക്കങ്ങളിൽ മധ്യസ്ഥരായി ജനകീയസ്വഭാവം കൈവരിക്കും. ഓരോ രാജ്യത്തെയും സാഹചര്യവും ഭൂമിശാസ്ത്രവുമനുസരിച്ച് മദ്യവും മയക്കുമരുന്നും മണലും വിലകുറച്ച് എത്തിക്കുന്നു. അൽപകാലം കഴിയുമ്പോൾ കുടംതുറന്ന് ഭൂതം പുറത്തുചാടും. ഭരണകൂട തിന്മകളിൽനിന്ന് ജനങ്ങളെ 'സഹായിച്ച്' തുടങ്ങിയവർ കണ്ണിൽചോരയില്ലാത്ത ഗാങ് ലീഡർമാരാവുന്നു. ഇറ്റലിയിലെ സിസിലി ദ്വീപിൽ ജനങ്ങളെ 'സഹായിച്ച്'തുടങ്ങി ആഗോളവ്യാപകമായ മാഫിയകളെപോലെ അവർ പെട്ടെന്ന് സമാന്തര ഭരണകൂടമാകുന്നു. നമ്മുടെ ദാവൂദ് കസ്‌ക്കാർ ഇബ്രാഹിം എന്ന സുന്ദര വില്ലനും സംഭവിച്ചത് അതുതന്നെയാണ്.

1958 ഡിസംബർ ഇരുപത്തി ഏഴിന് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഒരു പൊലീസ് കോൺസ്റ്റബിളിന്റെ മകനായി യാതൊരു ക്രിമനൽ പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽ ജനിച്ച ദാവൂദ് പിന്നീട് ഡി കമ്പനി എന്ന ലോകം കണ്ട കുപ്രസിദ്ധമായ
ഗ്യാങ്ങിന്റെ അധിപനായത് ചരിത്രം. ദാവൂദിന്റെ പിതാവ് ഇബ്രാഹിം കസ്‌കർ മുംബൈ ക്രൈ ബ്രാഞ്ചിൽ ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു. അവരുടെ ജന്മദേശം രത്നഗിരി ജില്ലയിൽ ആയിരുന്നെങ്കിലും ജോലി   മുംബൈയിൽ തന്നെയായിരുന്നു. ചെറുത്തിലേ പഠിക്കാൻ യാതൊരു താൽപ്പര്യവും ഇല്ലാത്ത കുട്ടിയായിരുന്നു ദാവൂദ്. തെരുവിൽ കുട്ടി ഗ്യാങ്ങുമായി അടിപിടികളിലാണ് ക്രിമനൽ പ്രവർത്തനങ്ങളുടെ തുടക്കം. ബാപ്പ ഒന്നിനും പണം കൊടുക്കാതായതോടെ ദാവൂദിന്റെ കൗമാരക്കൂട്ടം പണം കണ്ടെത്താൻ
സാർവലൗകിമായി ക്രിമിനൽ സംഘങ്ങൾ ഉപയോഗിക്കുന്ന ആ വഴിതന്നെ 
തെരഞ്ഞെടുത്തു. സിനിമാ ടിക്കറ്റ് ബ്ലാക്കിൽ വിൽക്കൽ. അങ്ങനെ വിറ്റുനടന്ന ദാവൂദ് പിൽക്കാലത്ത് ബോളിവുഡ്ഡിന്റെ അവസാനവാക്കായെന്നതും ചരിത്രം.

സ്മഗളിങ്ങിന്റെ സുവർണ്ണകാലമായിരുന്നു അത്. വിദേശത്തുനിന്ന് കപ്പലിലും ലോഞ്ചിലുമായി വരുന്ന ഇലട്രോണിക്ക് സാധനങ്ങൾ കടത്തിയും അടിച്ചുപൊളിക്കാനുള്ള പണം ദാവൂദ് സംഘം കണ്ടെത്തി. ഇതൊക്കെ നടക്കുന്നത് ദാവൂദിന് വെറും 16-17 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ആണെന്ന് ഓർക്കണം. പത്തൊമ്പതാമത്തെ വയസ്സിൽ ദാവൂദിന്റെ ഗ്യാങ്ങും അന്നത്തെ മുംബൈയിലെ കിരീടം വെക്കാത്ത രാജാവ് ഹാജി മസ്താന്റെ ഗ്യാങ്ങും തമ്മിൽ ഒരു വലിയ ഗ്യാങ് വാർ നടന്നു .. പണി കൊടുക്കുന്നതിൽ അഗ്രഗണ്യനായിരുന്ന ഹാജി മസ്താൻ ദാവൂദിനിട്ടു നല്ലൊരു പണിയാണ് ഒരുക്കി വെച്ചത് .

കിരീടത്തിലെ തിലകനെപ്പോലെ ഒരു പിതാവ്

ഹാജി മസ്താന്റെ വലിയ ഒരു തുകയുമായി ഒരു വാഹനം ബോംബേയിലൂടെ വരുന്നത് വിവരം കിട്ടിയ ദാവൂദും സംഘവും മസ്താന് പണി കൊടുക്കാൻ ആ പണം കൊള്ള ചെയ്തു .. എന്നാൽ അത് മസ്താന്റെ പണമായിരുന്നില്ല .മെട്രോപൊളിറ്റൻ ബാങ്കിന്റെ പണമായിരുന്നു .. ബോംബെ കണ്ട ഏറ്റവും വലിയ റോബറിയിൽ ദാവൂദ് പിടിക്കപ്പെട്ടു .. അതേ നഗരത്തിൽ പൊലീസ് കോൺസ്റ്റബിൾ ആയിരുന്ന പിതാവിന്റെ അവസ്ഥ തിലകന്റെ കിരീടത്തിലെ അവസ്ഥയായിരുന്നു .. ഒരു കേസിൽ ദാവൂദിനെ പിടിച്ചപ്പോൾ നഗരത്തിലൂടെ ബെൽറ്റ് കൊണ്ടടിച്ചു പിതാവ് കസ്‌കർ ദാവൂദിനെ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട് . ദാവൂദിനെ തന്നെപ്പോലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആക്കണം എന്നായിരുന്നുത്രേ പിതാവിന്റെ ആഗ്രഹം. പക്ഷേ ദാവൂദ് മൂലം ആ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും അധോലോകത്തിൽ എത്തിപ്പെടുകയാണ് ഉണ്ടായത്. ആദ്യകാലത്ത് ഇദ്ദേഹത്തിന്റെ മകൻ എന്നപേരിൽ ബോംബെ പൊലീസ് പല കുറ്റകൃത്യങ്ങളിൽനിന്നും താക്കീത് നൽകി കേസ് എടുക്കാതെ ദാവൂദിന്റെ വിട്ടിരുന്നു. പിന്നെ ദാവൂദ് പൊലീസിനുപോലും ഭീഷണിയായി.

ഹതാശനായ പിതാവ് പക്ഷേ ഒരിക്കലും ദാവൂദിന് ഒപ്പം നിന്നില്ല. (പക്ഷേ ചരിത്രത്തിന്റെ കാവ്യനീതി അവിടെയും തീരുന്നില്ല. ആ പിതാവിന്റെ കണ്ണീരിന്റെ വില ദാവൂദ് പിന്നീടായിരിക്കണം അറിഞ്ഞിട്ടുണ്ടാവുക. കാരണം ദാവൂദിന്റെ കോടികളുടെ സ്വത്തുക്കളുടെ അനന്തരാവകാശിയായ ഏക മകൻ എല്ലാ ഉപേക്ഷിച്ച് ആത്മീയ വഴിയിലേക്ക് നീങ്ങി!)

എല്ലാ അധോലോക നായകർക്കും ഒരു ഗോഡ് ഫാദർ ഉണ്ടാകും. നമ്മുടെ ദാവൂദിന് അത് ആദ്യകാലത്തെ ശത്രു ഹാജിമസ്താൻ തന്നെയായിരുന്നു. അധോലോക പ്രവർത്തനങ്ങൾ ഒക്കെ ഉണ്ടെങ്കിലും ബോംബെയിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനാതിരുന്നു മസ്താൻ. മസ്താനില്ലാതെ ബോംബെയിൽ നിൽക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ദാവൂദ് മസ്താനുമായി അടുത്തു .ഒരു വിശ്വസ്തനെ കിട്ടിയ മസ്താൻ പതിയെ സാമൂഹ്യ സേവന മേഖലകളിലേക്ക് തിരിഞ്ഞു .എന്നാലും ദാവൂദിന് നേരിടേണ്ടിയിരുന്നത് മസ്താനെക്കാൾ വലിയ എതിരാളിയെയായിരുന്നു .കരിംലാല പുഷ്തൂൺ എന്ന അഫ്ഗാനിയുടെ പത്താൻ ഗ്യാങ് .ബോംബയിലെ വലിയ ഒരു പ്രദേശത്തിന്റെ അധിപനായിരുന്ന കരിം ലാലയും ജനപ്രിയരായിരുന്നു .പോരാത്തതിന് കൊല്ലാനും ചാകാനും കൂടെ നിൽക്കുന്ന പത്താൻ ബോയ്സ് എന്ന അതി ശക്തമായ ഗുണ്ടാപ്പടയും .കരിംലാലക്ക് സിനിമ രാഷ്ട്രീയ മേഖലയിലൊക്കെ വൻ പിടിപാടുണ്ടായിരുന്നു .മസ്താന്റെ സാമ്രാജ്യത്തിന്റെ അധിപനെന്ന വഴി ദാവൂദും ബോംബയോളം വളർന്നു.

ചോരയിൽ കുളിച്ച്  മുംബൈയുടെ പേടി സ്വപ്നമായി

ഗുണ്ടാ സംഘങ്ങളുടെ കൈയിൽ തോക്കുകൾ സാർവത്രികമായത് ദാവൂദ് ഗ്യാങ്ങിന്റെ വരവോടെയാണ്. ഏത് ആംഗിളിൽനന്നും വെടിവെക്കാൻ കഴിയുന്ന ഷാർപ്പ് ഷൂട്ടറായിരുന്നു ദാവൂദ് എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ പറയുന്നത്. കരിലാല ഗ്യാങുമായുള്ള പോരാട്ടത്തിൽ ദാവൂദിനെ തുണച്ചത് ഈ ആയുധ ശേഖരത്തിലെ മികവ് ആയിരുന്നു.

നിരന്തര ഗ്യാങ് വാറുകൾക്കൊടുവിൽ ദാവൂദിനൊപ്പം ചെറുപ്പം തൊട്ടേ എല്ലാ ഹറാം പിറപ്പുകൾക്കും വലം ചാരി നിന്ന സഹോദരൻ സാബിർ ഖാൻ കരിംലാലയുടെ പത്താൻ ഗ്യാങ്ങുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ,ദാവൂദ്  ഭാഗ്യത്തിന് ജീവനോടെ രക്ഷപ്പെട്ടു . സഹോദരന്റെ മരണം ദാവൂദിനെ ഞെട്ടിച്ചു. അയാൾ പ്രതികാരദാഹിയായി. ഈ മരണത്തിനുശേഷമാണ് ദാവൂദ് കണ്ണിൽച്ചോരയില്ലാത്ത  കൊലപാതികിയായതെന്നാണ്‌ മുംബൈ അധോലോകത്തിന്റെ ചരിത്രം എഴുതിയ രഞ്ജിത്ത് നോഹർ ചൂണ്ടിക്കാട്ടുന്നത്. പിന്നീട് കണ്ടത് മുംബൈ കണ്ട രക്ത രൂക്ഷിതമായ ഗ്യാങ് വാർ ആയിരുന്നു .ഗ്രാൻഡ് റോഡിൽ ദാവൂദും സംഘവും പത്താൻ ഗ്യാങ്ങുമായി നേരിട്ട് ഏറ്റുമുട്ടി കരിംലാലയുടെ മകൻ സമദ് ഖാന്റെ ജീവനെടുത്തു . ഭയന്നുപോയ കരിംലാല പതിയെ കച്ചവടവുമായി ഒതുങ്ങി കൂടി .പിന്നെ ബോംബൈ ദാവൂദിന്റെ കയ്യിലായി. ..അയാൾ രൂപീകരിച്ച ഡി കമ്പനി എന്ന പേര് മതിയായിരുന്നു മധ്യേഷ്യയും ആഫ്രിക്കൻ പ്രദേശങ്ങൾ വരെയും കുറ്റകൃത്യങ്ങൾക്ക് വഴി ഒരുക്കാൻ .

സിനിമ, ക്രിക്കറ്റ്, വാതുവെപ്പ്, സ്വർണ്ണക്കടത്ത്

1980 മുതലുള്ള മുംബൈയുടെ ചരിത്രം എന്നാൽ അവിടെ ദാവൂദ് ഇല്ലാതെ ഒരു കാര്യവും നടക്കില്ല എന്നായി. അക്ഷരാർഥത്തിൽ കിരീടം വെക്കാത്ത രാജാവായി മാറി ദാവൂദ്. മുബൈയിലെ റിയൽ എസ്റ്റേറ്റ് തർക്കങ്ങൾ തൊട്ട് സിനിമാ നിർമ്മാണംവരെ തീരുമാനിക്കുക ഡി കമ്പനിയാണ്. സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും മയക്കുമരുന്നിന്റെയും കള്ളക്കടത്തായിരുന്നു ഡി കമ്പനിയുടെ മറ്റൊരു പ്രധാന വരുമാനമാർഗം. അതിനായി ദാവൂദിന് അന്താരാഷ്രട ബന്ധങ്ങൾ ഉണ്ടായി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഡി കമ്പനിക്ക് നിക്ഷേപം ഉണ്ടായി.

അക്കാലത്ത് മുബൈയിലെ സിനിമാ വ്യവസായത്തെ നിയന്ത്രിച്ചിരുന്നത് ഡി കമ്പനിയായിരുന്നു. ദാവൂദിന്റെ മണിയറയിൽ എത്താൻ സുന്ദരിമാരായ നടികൾ മൽസരിച്ചു. ദാവൂദിനൊപ്പം ക്രിക്കറ്റ് കാണാനും സിനിമാ താരങ്ങളുടെ വൻ നിരയായിരുന്നു. ഈ സമയത്തൊക്കെ നിരവധി ക്രിമിനൽ കേസുകൾ ദാവൂദിനെതിരെ ഉണ്ടായിരുന്നെന്ന് ഓർക്കണം. പൊലീസിന്റെയും ഭരണകർത്താക്കളുടെയും നിരന്തരമായ അലംഭാവം തന്നെയാണ് ഈ ക്രിമനിലിനെ പനപോലെ വളർത്തിയത്.

എതിർക്കാത്തവർ വെടിയുണ്ടക്ക് ഇരയായി. എത്രയോ നിർമ്മാതാക്കൾ ഫീൽഡ് ഔട്ട്‌
ആയി. കാസറ്റ് രാജാവ് ഗുൽഷൻകുമാറിന്റെ വധം ഉദാഹരണം. വന്നുവന്ന് ഡി കമ്പനി പറയുന്ന നടന്മാരും നടിമാരുമൊ ബോളിവുഡ്ഡിൽ അഭിനയിക്കൂ എന്നായി. മിക്ക സിനിമകളുടെ ഫിനാസൻസർമാരും ഇതേ ടീം തന്നെ. തങ്ങളുടെ കള്ളക്കടത്ത് മയക്കുമരുന്ന് ബന്ധങ്ങളൊക്കെ മറികടക്കാനായി വ്യവസായികളുടെ വേഷമിട്ട് ഡി കമ്പനി മാന്യതയും നേടി. ബോളിവുഡ് നടിമാർ ദാവൂദിന്റെ ഒരു ദൗർബല്യവും ആയിരുന്നു.

മന്ദാകിനി തൊട്ട് അനിതാഅയൂബ് വരെ

പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത ബോളിവുഡ് മസാല ചിത്രങ്ങൾക്ക് സമമാണ് മുംബൈ അധോലോക നായകന്മാരും ബോളിവുഡ് സുന്ദരികളും തമ്മിലുള്ള ബന്ധം. സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുമ്പോൾ അധോലോക നായകന്മാരുടെ ഇരുണ്ട ജീവിതത്തിന്റെ ഭാഗമാകുകയും ഒടുവിൽ സിനിമയിൽ നിന്നുതന്നെ അപ്രത്യക്ഷമാകുകയും ചെയ്ത നടിമാർ അനവധിയാണ്. 90 കളിൽ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച കഥകളിൽ സാക്ഷാൽ ദാവൂദ് ഇബ്രാഹീമിന്റെ നായികയായിരുന്നു സൂപ്പർ നായികയായിരുന്ന മന്ദാകിനി. രാം തേരി ഗംഗാ മൈലി പോലെയുള്ള ചിത്രങ്ങളിൽ നായികയായിരുന്നു മന്ദാകിനി 1994 ൽ അധോലോക നായകനൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതായിരുന്നു കഥകൾക്ക് ആധാരം. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം മുംബൈയിൽ താമസമാണ് ഇവർ.

സൽമാൻഖാന്റെയും ഷാരൂഖിന്റെയും അമീർഖാന്റെയുമൊക്കെ നായികയായി ഒട്ടേറെ ചിത്രങ്ങളിൽ ഇന്ത്യൻ യുവതയുടെ ഹൃദയമിടിപ്പായിരുന്ന മമതാ കുൽക്കർണ്ണിയും അധോലോക ബന്ധങ്ങളുടെയും ഗ്‌ളാമറിന്റെയും കാര്യത്തിൽ ചൂടൻ താരമായിരുന്നു. ചോട്ടാരാജനുമായി ബന്ധപ്പെട്ടായിരുന്നു മമതയുടെ പേരുകൾ പുറത്തുവന്നത്. കള്ളക്കടത്തിന് 1997 ൽ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തു 25 വർഷം തടവിന് ശിക്ഷിച്ച മാഫിയഡോൺ വിക്കി ഗോസ്വാമിയെയാണ് വിവാഹം ചെയ്തത്. തടവ് കഴിഞ്ഞ് പുറത്തുവന്ന ശേഷം 2012 ൽ ഇവർ ഗോസ്വാമിയെ വിവാഹം കഴിച്ചു.

വ്യാജരേഖ ചമയ്ക്കലിന്റെ പേരിൽ പോർച്ചുഗലിലെ ലിസ്‌ബണിൽ വെച്ച് പിടിയിൽ ആയപ്പോഴാണ് അബുസലിം മോണിക്കാബേദി പ്രണയകഥ തലക്കെട്ടുകളായത്. മോണിക്കാബേദിയിലേക്ക് വരെ ആരോപണം നീണ്ടു. പഞ്ചാബിൽ ഇപ്പോൾ സമാധാനപരമായ ജീവിതം നയിക്കുകയാണ് മോണിക്ക. ക്രിമിനൽ ഹാജി മസ്താന്റെ കാലം മുതലാണ് അധോലോകത്തിന്റെ സിനിമയിലെ സാമ്പത്തിക താൽപ്പര്യം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ കാല നടി മധുബാലയെ പോലെ തോന്നിക്കുമായിരുന്നു സോണയായിരുന്നു ഇയാളുടെ പ്രണയഭാജനം. സിനിമാ നിർമ്മാണത്തിലേക്ക് ഹാജി മസ്താൻ കടന്നതു മുതൽ ഇവരുടെ പ്രണയം പൊട്ടിവിടരാൻ അധിക സമയം വേണ്ടി വന്നില്ല. ഹാജി മസ്താന്റെ ജീവിതവുമായി ബന്ധപ്പെട്ട സിനിമയായിരുന്നു 'വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ'. ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട് തന്നെ ഏറെ കേട്ട നടിയാണ് പാക് മോഡൽ അനിതാ ആയൂബും. അനിതയെ സിനിമയിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് ദാവൂദ് നൽകിയ കത്ത് ഒരു സംവിധായകൻ നിരസിച്ചതും അദ്ദേഹത്തെ ദാവൂദ് വധിച്ചതുമെല്ലാം വലിയ വാർത്തയായിരുന്നു.

ഇങ്ങനെ സുഖിച്ച കഴിയുമ്പോൾ ദാവൂദ് മറ്റൊുരു പണിയൊപ്പിച്ചയതാണ് അയാളെ എല്ലാവരും വെറുത്തത്. 1993 ൽ ബോംബയിൽ നടന്ന സ്ഫോടന പരമ്പരക്ക് ആളും അർഥവും കൊടുത്തത് ദാവൂദ് സംഘമായിരുന്നു. ഐഎസ്ഐയുമായി ചേർന്ന് നടത്തിയ ആ ഓപ്പറേഷൻ തകർത്തത് ഇന്ത്യയുടെ നെഞ്ചകമായിരുന്നു. മാർച്ച് 12, 1993 ഉണ്ടായ മൂന്ന് ഇടങ്ങളിലായി നടത്തിയ കാർ സ്ഫോടനങ്ങളിൽ പൊലിഞ്ഞത് 250 ജീവനുകളാണ്. 1400 പേർ ഗുരുതര പരുക്കുകളോടെ ജീവിക്കുന്ന രക്തസാക്ഷികളായി. ലോകമനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യങ്ങളിൽ മുൻനിരയിലാണ് മുംബൈ സ്ഫോടനത്തിന്റെ സ്ഥാനം. പ്രതിസ്ഥാനത്ത് ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളിൽ ഒന്നാം പേരുകാരൻ ദാവൂദ് ഇബ്രാഹിം. മുംബൈ സ്ഫോടനക്കേസിൽ പിടിയിലാകുമെന്ന ഘട്ടത്തിൽ രാത്രിക്കു രാത്രി കറാച്ചിയിലേക്കു ഒളിച്ചു കടക്കയാണ് ദാവൂദ് ചെയ്തത്അതോടെ അന്താരാഷ്ട്ര ഭീകരവാദികളുടെ പട്ടികയിലുമായി ദാവുദ്. അന്ന് ഇന്ത്യവിട്ട ദാവൂദിന് പിന്നെ ഇങ്ങോട്ട് കടക്കാനായിട്ടില്ല. ഡി കമ്പനിയുടെ കൗണ്ട് ഡൗണിന്റെ തുടക്കവും അവിടം മുതൽ ആയിരുന്നു. സന്തത സഹചാരി ഛോട്ടാരാജൻ അടക്കം തെറ്റിയതും ഇതോടെയാണ്.

ദാവൂദിന്റെ അടിത്തറയിളക്കിതത് ഛോട്ടാ രാജൻ

സത്യത്തിൽ ദാവൂദ് ഇബ്രാഹീം ഇന്നും ഏറ്റവും കൂടതൽ ഭയപ്പെടുത്ത് അമേരിക്കൻ ഭീകരവിരുദ്ധ സേനയെയോ, ഇന്ത്യൻ രഹസ്യപ്പൊലീസിനെയോ ഒന്നുമല്ല. ഛോട്ടാ രാജൻ പഴയ അനുചരനെയാണ്. രാജന്റെ സംഘം തന്നെ തീർക്കുമെന്ന് കറാച്ചിയിൽ ഒളിച്ചു കഴിയുമ്പോൾ പോലും ദാവൂദ് ഭയന്നിരുന്നതായി അധോലോകത്തെപ്പറ്റി
പറ്റി നിരന്തരമായി എഴുതിയ മുബൈ മിറർ ലേഖകൻ അനിൽ ഭാട്യ ചൂണ്ടിക്കാട്ടുന്നു. 2015ൽ ഇന്തോനേഷ്യയിൽ അറസ്റ്റിലായ നാന എന്ന് വിളിപ്പേരുള്ള രാജേന്ദ്ര സദാശിവ നികൽജി എന്ന ചോട്ടാരാജൻ.കൊലപാതകം, കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയയിരുന്നു. മുംബൈ സ്‌ഫോടനത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിന്റെയും ഡി കമ്പനിയുടെയും സുപ്രധാന വിവരങ്ങൾ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജൻസികൾക്ക് നൽകിയ ചോട്ടാ രാജൻ റോയുടെ ചാരനായി പ്രവർത്തിച്ചതായി റിപ്പോർട്ടുകളുണ്ട്. ദാവൂദിന്റെ ആളുകളിൽ നിന്ന് പല തവണ ഇയാളെ രക്ഷിച്ചതിന് പിന്നിൽ റോ ആയിരുന്നുവത്രേ. 2000 സെപ്റ്റംബറിൽ ബാങ്കോക്കിലെ ഹോട്ടൽ മുറിയിൽ തലനാരിഴ വ്യത്യാസത്തിനാണ് ചോട്ടാ രാജൻ രക്ഷപ്പെട്ടത്.

കൊലപാതക കേസിൽ കാൻബാറ പൊലീസ് ചോട്ടാ രാജന് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിൽ 20 കൊലപാതകക്കേസുകളിൽ പ്രതിയായ ഛോട്ടാരാജൻ നിരവധി തീവ്രവാദ കേസുകളിലും പ്രതിയാണ്. സിഡ്‌നിയിൽ നിന്ന് ബാലിയിലെത്തിയപ്പോഴാണ് ഛോട്ടാരാജൻ പിടിയിലായത്. ജ്യോതിർമോയ് ഡേ വധക്കേസിലടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.

പതിനാറാം വയസ്സിലാണ് മുംബൈ അധോലകത്തിന്റെ കണ്ണിയായി വരവ്. മലയാളിയായ ബഡാരാജനായിരുന്നു ആദ്യ കാല നേതാവ്. രണ്ട് രാജന്മാരും ചേർന്ന് സിനിമാ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തി തുടക്കം. ബഡാ രാജന്റെ കണ്ണിൽപ്പെട്ടതോടെയാണു അധോലോകത്ത് ചോട്ടാ രാജൻ ശ്രദ്ധേയനായത്. മലയാളി ദമ്പതികളുടെ മകനായി തിലക് നഗറിലാണു ബഡാരാജൻ(രാജൻ മഹാദേവ് നായർ) ജനിച്ചത്. മഹാരാഷ്ട്രക്കാരനായ ചോട്ടാ രാജൻ എഴുപതുകളിലും എൺപതുകളുടെ തുടക്കത്തിലും തിലക് നഗറിലെ സഹകാർ തിയേറ്ററിൽ ബഡാ രാജനോടൊപ്പം സിനിമാ ടിക്കറ്റ് കരിഞ്ചന്തയ്ക്ക് വിറ്റും കൂലിത്തല്ലിനിറങ്ങിയും ഹഫ്ത പിരിച്ചും കഴിയുകയായിരുന്നു. അതിനിടെയാണ് 1983 ൽ ബഡാ രാജൻ കൊല്ലപ്പെട്ടത്. സമദ് സംഘമാണു ബഡാ രാജനെ വധിച്ചത്. വൈകാതെ ചോട്ടാ രാജൻ ഈ സംഘത്തിന്റെ തലപ്പത്ത് എത്തി. ഗുരുവിനെ കൊന്നവരെ വകവരുത്തി വാർത്തകളിലെത്തി. ഇതോടെ ദാവൂദ് ഇബ്രാഹിം സംഘവുമായി ചോട്ടാ രാജനും സംഘവും ധാരണയിലായി. പിന്നീട് മുംബൈ അധോലോകം ഡി കമ്പനിയുടെ പിടിയിലായി. ( ഈ കഥയാണ് കമ്പനി എന്ന മോഹൻലാലടക്കം അഭിനയിച്ച സിനിമയിലൂടെ രാംഗോപാൽ വർമ്മ പറഞ്ഞത്)

അങ്ങനെ ഡി കമ്പനിയുടെ രണ്ടാമനെന്ന പദവയിലേക്ക് എത്തി. ഹാജിമസ്താൻ, വരദരാജ മുതലിയാർ, കരിംലാല എന്നീ ത്രിമൂർത്തികളുടെ അധോലാക വാഴ്ചയും ഇതോടെ അവസാനിച്ചു. ദാവൂദും ചോട്ടാരാജനും പുതു മാതൃകയുമായി മുന്നേറി. അങ്ങനെയാണ് 1992ലെ മുംബൈ ഭീകരാക്രമണം. ഇതേ കാലഘട്ടത്തിലാണ് മുംബൈയിലെ ഗുണ്ടാസംഘങ്ങൾ വാളും വടിവാളും കത്തിയും സോഡാക്കുപ്പിയുമൊക്കെ ഉപേക്ഷിച്ച് തോക്കുപയോഗിക്കാൻ തുടങ്ങിയത്. ബഡാ രാജനും ദാവൂദ് ഇബ്രാഹിമുമായി അടുപ്പമുണ്ടായിരുന്നു. തന്റെ ശത്രുവായ അമീർസാദയെ വകവരുത്താൻ ദാവൂദ് ബഡാ രാജന്റെ സഹായം തേടി. അങ്ങനെ ബഡാരാജന്റെ കൂട്ടാളിയായ ഡേവിഡ് പരദേശി 1983 സപ്തംബറിൽ മുംബൈ സെഷൻസ് കോടതിക്ക് പുറത്തു വച്ച് അമീർസാദയെ കൊലപ്പെടുത്തി. ബഡാ രാജന്റെ ചെമ്പൂരിലെ ശത്രുവായിരുന്നു മറ്റൊരു മലയാളിയായ അബ്ദുൾ കുഞ്ഞ്. അമീർസാദയുടെ കൊലപാതകംനടന്ന് ഏതാനും ദിവസങ്ങൾക്കുശേഷം മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ അബ്ദുൾ കുഞ്ഞ് കണക്കുതീർത്തു. നാവികോദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ വാടകക്കൊലയാളി ചന്ദ്രശേഖർ സഫാലിക ബഡാ രാജനെ വെടിവച്ചു വീഴ്‌ത്തി. ഇതോടെ ബഡാ രാജൻ എന്ന രാജൻ നായരുടെ ഗുണ്ടാസംഘം നാഥനില്ലാതായി.

അതുവരെ ബഡാ രാജന്റെ വലംകൈ ആയി നടന്ന ചോട്ടാരാജൻ ആ സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 1985ൽ അബ്ദുൾ കുഞ്ഞ് ഒരു ക്രിക്കറ്റ് മത്സരത്തിൽ കളിച്ചു കൊണ്ടിരിക്കെ മൂന്നു കൂട്ടാളികളോടൊപ്പം എത്തിയ ചോട്ടാരാജൻ തൊട്ടടുത്ത് നിന്ന് അയാളെ വെടിവച്ചു വീഴ്‌ത്തി. ബഡാ രാജനെ കൊന്നശേഷം ഒളിവിൽ പോയ ചന്ദ്രശേഖർ സഫാലികയെ റാഞ്ചി ദാവൂദിന്റെ സങ്കേതത്തിൽ കൊണ്ടുപോയതും ചോട്ടാ രാജനായിരുന്നു. സഫാലികയും പിന്നീട് കൊല്ലപ്പെട്ടു. ഇതോടെയാണ് ദാവൂദിന്റെ ശ്രദ്ധ ചോട്ടാ രാജനിലെത്തുന്നത്. എന്നാൽ 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയെ തുടർന്നാണു ദാവൂദ് ഇബ്രാഹിമും രാജനുമായി തെറ്റിയതെന്നാണു റിപ്പോർട്ടുകൾ. ദാവൂദിനെക്കുറിച്ച് ഇന്ത്യൻ ഏജൻസികൾക്ക് ചോട്ടാ രാജൻ നിർണായക വിവരം നൽകിയെന്നാണു റിപ്പോർട്ട്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ഇനിയും വ്യക്തമല്ല. നിരപരാധികളെ കൊല്ലുന്നതിന് ചോട്ടാ രാജൻ എതിരാണെന്ന വാദമുണ്ട്. എന്നാൽ ചോട്ടാ ഷ്‌ക്കീലിനെ ദാവൂദ് കൂടുതൽ ഉയർത്തിക്കാട്ടിയതാണ് പ്രശ്‌നമായതെന്നും വിലയിരുത്തലുകൾ.ദാവൂദ് ദുബായിലേക്ക് കടന്ന ശേഷം 1988ൽ ചോട്ടാ രാജനും അവിടെയെത്തിയിരുന്നു. ദുബായിലും രാജൻ ദാവൂദിന്റെ വിശ്വസ്തനായി തുടർന്നു. എന്നാൽ, ഇത് ദാവൂദ് ഗ്രൂപ്പിലെ മറ്റുനേതാക്കളായ ചോട്ടാ ഷക്കീൽ ഉൾപ്പെടെയുള്ളവർക്കിടയിൽ അസ്വസ്ഥത വളർത്തി.

മുംബൈ സ്‌ഫോടനത്തിന് ശേഷം രാജൻ ദാവൂദുമായി പിരിഞ്ഞു. ഇതോടെ ദാവൂദ് ചോട്ടാ രാജനെ ലക്ഷ്യമിട്ടു. വിട്ടുകൊടുക്കാൻ രാജനും തയ്യാറായിരുന്നില്ല. ചോട്ടാ രാജനെ വധിക്കാനുള്ള പദ്ധതികൾ ദാവൂദ് തയ്യാറാക്കി വരികയാണെന്ന് കേന്ദ്ര ഇന്റലിജൻസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. മുൻപ് രാജനെ വധിക്കാൻ ദാവൂദ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രാജന്റെ അനുയായിയെ പാട്ടിലാക്കി നീക്കങ്ങൾ മനസിലാക്കി വധിക്കാനായിരുന്നു പദ്ധതി. ഇരു വിഭാഗവും തമ്മിൽ പലതവണ ഏറ്റുമുട്ടി. ദാവൂദിനെ ഉന്മൂലനം ചെയ്യാതെ മരണത്തിന് കീഴടങ്ങില്ലെന്ന് രാജൻ പ്രതിജ്ഞയെടുത്തിരുന്നത്രേ. ഈ സാധ്യതകൾ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗവും നന്നായി ഉപയോഗിച്ചു. ദാവൂദിന്റെ ഗാംഗിലെ പ്രമുഖന്മാരായിരുന്ന ചോട്ടാ ഷക്കീൽ, ശരദ് ഷെട്ടി, വിനോദ് ഷെട്ടി, സുനിൽ സാവന്ത് തുടങ്ങിയവരുടെ കൊലക്കു പിന്നിൽ ചോട്ടാ രാജൻ ആയിരുന്നു.

ദാവൂദാകട്ടേ തിരിച്ചടികൾ നൽകാൻ കാത്തിരിക്കുകയായിരുന്നു. തെറ്റിപ്പിരിഞ്ഞ ചോട്ടാ രാജനെ വധിക്കാൻ ദാവൂദ് പല തവണ കരുക്കൾ നീക്കി. രാജന്റെ അടുപ്പക്കാർ ചിലർ കൊല്ലപ്പെട്ടു. പക്ഷേ രാജൻ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടുകൊണ്ടിരുന്നു. 2000 ൽ ബാങ്കോക്കിലെ ഒരു ഹോട്ടലിൽവച്ച് ചോട്ടാ രാജനെ വധിക്കാൻ ദാവൂദ് സംഘം ശ്രമിച്ചതും പുറംലോകമറിഞ്ഞു. അന്നു രാജന്റെ വലംകൈ രോഹിത് വർമയും ഭാര്യയും കൊല്ലപ്പെട്ടു. ദാവൂദ് സംഘാംഗങ്ങളെ വെടിവച്ചുകൊന്നായിരുന്നു രാജന്റെ പകരം വീട്ടൽ. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയ ശരദ് ഷെട്ടിയുടെ മരണമായിരുന്നു ഇതിൽ ശ്രദ്ധേയം. മാത്രമല്ല ദാവൂദിന്റെ നിർന്നയക വിവരങ്ങൾ ഛോട്ട ചോർത്തി നൽകി. അങ്ങനെ ദാവൂദിനെതിരെ തെളിവുണ്ടാക്കുന്നതിനും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും വിവിധ രാജ്യങ്ങൾ വിജയിച്ചു.

വലിയ ക്രിമിനൽ സംഘങ്ങൾക്ക് മുന്നിൽ  പിടിച്ചുനിൽക്കാൻ കഴിയുന്നില്ല

രാജ്യാന്തര തലത്തിൽ പുതിയ കൂടുതൽ പ്രൊഫഷണൽ ക്രിമിനൽ സംഘടനകൾ വന്നതാണ്, സ്വർണ്ണക്കള്ളകടത്തും മയക്കുമരുന്ന് വ്യാപാരവും പ്രധാന ബിസിനസായ ഡി കമ്പനിക്ക് വലിയ തിരിച്ചടിയായത്. പാക്കിസ്ഥാനിലും അഫ്്ഗാനിലും വിളയുന്ന കഞ്ചാവ്, അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ എത്തിക്കുക, ദുബൈ കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് നടത്തുക, ഈ രണ്ട് ഏർപ്പാടുകളും പുതിയ ടീമുകൾ ഏറ്റെടുത്തു. ഡി കമ്പിയിൽ ഉണ്ടാകുന്ന പിളർപ്പും, അമേരിക്കയിൽ നിന്നടക്കം ഉണ്ടായ ശക്തമായ നടപടികളും ഡി കമ്പനിയെ ഒറ്റപ്പെടുത്തി. പുതിയ പ്രധാനമന്ത്രിയായി ഇംറാൻഖാൻ വന്നതോടെ ദാവൂദിനുള്ള രാഷ്ട്രീയ സംരക്ഷണവും ഇല്ലാതായി. ഇതിനു പുറമെ ദാവുദിന്റെ അനാരോഗ്യവും പ്രശ്നമായി.

ബ്രിട്ടൻ, യുഎഇ, സ്‌പെയിൻ, മൊറോക്കോ, ഓസ്‌ട്രേലിയ, സൈപ്രസ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ ദാവൂദിനു ഭൂമിയും കെട്ടിടങ്ങളും മറ്റു വസ്തുവകകളുമുണ്ടെന്നാണു ബ്രിട്ടനിലെ 'ടൈംസ്' ദിനപ്പത്രം റിപ്പോർട്ട് ചെയ്തത്. 199ദാവൂദിനെക്കുറിച്ച് ഇന്ത്യൻ അധികൃതർ തയാറാക്കിയ രേഖയും ബ്രിട്ടനിലെ ഭൂമി റജിസ്‌ട്രേഷൻ രേഖകളും കമ്പനി ഹൗസ് രേഖകളും പനാമ രേഖകളും തമ്മിൽ ഒത്തുനോക്കിയാണു ടൈംസ് റിപ്പോർട്ട്. ദക്ഷിണ ബ്രിട്ടിഷ് കൗണ്ടികളിൽ ദാവൂദിനു ഭൂമിയുണ്ടെന്നു റിപ്പോർട്ടിൽ എടുത്തു പറയുന്നു.

62 കാരനായ ഈ അധോലോക നായകന്റെ ആസ്തികൾ ബ്രിട്ടണിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഇന്ത്യൻ അധികൃതർ ബ്രിട്ടീഷ് സർക്കാരിന് കൈമാറിയ രേഖകളിൽ നിന്നു കിട്ടിയ വിവരങ്ങളും പനാമ പേപ്പർ വിവരങ്ങളും പരിശോധിച്ചാണ് ടൈംസ് വിവരങ്ങൾ പുറത്തുവിട്ടത്. . പാക്കിസ്ഥാനിലെ മൂന്നുവിലാസത്തിൽ വാങ്ങിയിട്ടുള്ള ആസ്തികൾ ബ്രിട്ടൺ മരവിപ്പിച്ചിരിക്കുകയാണ്. ഹോട്ടലുകൾ, ബംഗ്ലാവുകൾ, ആഡംബര വസതികൾ, ടവർ ബ്ലോക്കുകൾ തുടങ്ങിയ കോടികൾ മതിക്കുന്ന ആസ്തികളാണ് ദാവൂദിന് ബ്രിട്ടണിലുള്ളത്. ദാവൂദിന്റെ പ്രവർത്തനങ്ങൾ മക് മാഫിയ എന്ന ബിബിസി പരമ്പരയെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. അധോലോകങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പരമ്പരയാണ് മക് മാഫിയ.

സ്വത്തുക്കൾ കണ്ടുകെട്ടി ലോകം

മുംബൈ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ 670 കോടിയുടെ സ്വത്താണ ബ്രിട്ടീഷ്
സർക്കാർ മരവിപ്പിച്ചത്. വാർവിക്ക്ഷൈറിലെ ഹോട്ടൽ, മിഡ്ലാൻഡിലെ വസതികൾ എന്നിവയടക്കമുള്ളതാണ് കണ്ടുകെട്ടിയത്. ബ്രിട്ടൻ  പുറത്ത് വിട്ട പുതുക്കിയ 21 സാമ്പത്തിക അംഗ ഉപരോധ പട്ടികയിലെ ഏക ഇന്ത്യൻ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിം.കറാച്ചി, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ശൃംഖലയുണ്ടെന്ന് അവകാശപ്പെടുന്ന ദാവൂദിന്റെ സംഘടനയ്ക്ക് ബ്രിട്ടനിലും വേരുകളുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഫോബ്സ് മാഗസിന്റെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളുടെ പട്ടികയിൽ ദാവൂദ് പെട്ടിരുന്നു.

ദാവൂദ് ഇബ്രഹാമിന്റെ സ്വത്തുക്കൾ ഇന്ത്യയിലും കണ്ടുകെട്ടപ്പെട്ടിട്ടുണ്ട്. ഡോംഗ്രിയിലെ ഭിണ്ടി ബസാറിലെ സ്വത്താണ് 3.51 കോടി രൂപയ്ക്ക് സൈഫി ബർഹാനി അപ്ലിഫ്റ്റ്മെന്റ് ട്രസ്റ്റ് സ്വന്തമാക്കിയത്.കള്ളക്കടത്തുകാരുടെ സ്വത്ത് പിടിച്ചെടുക്കുന്ന പ്രത്യേക നിയമപ്രകാരം വദേശ മന്ത്രാലയത്തിന്റെ അധീനതയിലായ ഈ കെട്ടിടം ലേലത്തിൽ പിടിക്കാൻ അടിസ്ഥാന വിലയായി 79.43 ലക്ഷമാണ് ലേല തുകയിട്ടിരുന്നത്. അഖില ഭാരതീയ സഭ കെട്ടിടം ലേലത്തിൽ പിടിക്കാനായി മുന്നോട്ട് വന്നെങ്കിലും പണം സ്വരൂപിക്കാനാവാതെ പിൻവാങ്ങുകയായിരുന്നു. ഡൽഹിയിൽ നിന്നുള്ള ഒരു അഭിഭാഷകനും ലേലത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. നിലം പൊത്താറായ കെട്ടിടമാണിതെന്നും ഭിണ്ടി ബസാർപുനരുദ്ധാരണ പദ്ധതിക്കായി ഇങ്ങനെ ഉപയോഗപ്പെടുത്തണമെന്നും ട്രസ്റ്റ് വ്യക്താവ് അറിയിച്ചിരുന്നു.

ദാവൂദ് ഇബ്രാഹിമിന്റെ രണ്ടു സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള കേന്ദ്രനീക്കത്തിന് 2017 ജനുവരിയിലാണ് സുപ്രീം കോടതി അനുവാദം നൽകിയത്. കള്ളക്കടത്തുകാരുടെയും വിദേശ നാണയ തട്ടിപ്പുകാരുടെയും വസ്തുക്കൾ പിടിച്ചെടുക്കാനുള്ള നിയമപ്രകാരം ദാവൂദിന്റെ ദാമ്പർവാല ബിൽഡിങ്ങ്,ഷബ്നം ഗസ്റ്റ് ഹൗസ് എന്നിവ കണ്ടുകെട്ടാനുള്ള നടപടിക്കാണ് കേന്ദ്രം ട്രിബ്യൂണലിന്റെ അനുമതി തേടിയത്. ദാമ്പർവാലയിലെ 27 അന്തേവാസികൾ കെട്ടിടം കണ്ടുകെട്ടുന്നത് ചോദ്യം ചെയ്ത് നൽകിയ ഹർജി ട്രിബ്യൂണൽ തള്ളിയിരുന്നു.

ദാവൂദിന്റെ സഹോദരൻ ഇക്‌ബാൽ കസ്‌ക്കർ ഇവിടെയാണ് താമസിക്കുന്നത്.സ്വത്ത് കള്ളക്കടത്തും നിയമവിരുദ്ധ പ്രവർത്തനങ്ങളും വഴി സമ്പാദിച്ചതാണെന്ന് അതിനിടെ ട്രിബ്യൂണൽ കണ്ടെത്തി. ആമിനാ ബീവിയുടെ പേരിലാണ് സ്വത്തെങ്കിലും ആർക്കും ഇതിന്റെ ഉറവിടം വെളിപ്പെടുത്താൻ കഴിഞ്ഞില്ല. ദാവൂദ് നിയമവിരുദ്ധമായ വഴികളിലൂടെ സമ്പാദിച്ചതാണിത്. ട്രിബ്യൂണൽ വ്യക്തമാക്കി. 2002ലും 2005ലുമായിട്ടാണ് സർക്കാർ ഈ വസ്തുക്കൾ പിടച്ചെടുത്തത്.തുടർന്ന് കാസ്‌ക്കർ ദാമ്പർവാല കെട്ടിടം തന്റെ ഉമ്മ ആമിന ബീവിയുടേതാണെന്ന് കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

വൻ തിരിച്ചടിയായി സഹോദരപുത്രന്റെ അറസ്റ്റ്

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്‌ബാൽ കസ്‌കറിന്റെ മകൻ റിസ്വാനെ രഹസ്യനീക്കത്തിലൂടെ കഴിഞ്ഞ വർഷം മുംബൈ പൊലീസ് കുടുക്കിയത് ഡി കമ്പനിയുടെ മുബൈ വേര് അറത്തു. ഡി കമ്പനിയുടെ കണ്ണികൾക്കായി പൊലീസ് വല വിരിച്ചതിനാൽ രാജ്യം വിടാൻ ശ്രമിക്കുകയായിരുന്നു റിസ്വാൻ. മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. റിസ്വാനെതിരെ ഹവാല പണമിടപാട്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ എന്നീ കേസുകളുണ്ട്.

ഡി' കമ്പനിയുടെ ഇന്ത്യയിലെ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇയാളിൽനിന്നു ലഭിച്ചെന്നാണ് സൂചന. ഛോട്ടാ ഷക്കീലിന്റെ അനുയായിയുമായ അഹമ്മദ് റാസയും മുംബൈ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ അഹമ്മദ് റാസയെ മുംബൈ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ദാവൂദിന്റെ അടുത്ത അനുയായി ഫാഹിം മച്ച്മച്ചിന് ഛോട്ടാ ഷക്കീലിന്റെ നിർദ്ദേശങ്ങൾ കൈമാറി ഡി കമ്പനിയുടെ ഹവാല ബന്ധം ശക്തിപ്പെടുത്തിയിരുന്നത് ഇയാളാണെന്ന് പൊലീസ് പറയുന്നു. ഇതോടെ ഡി കമ്പനിയുടെ മുംെബൈ, താനെ, സൂറത്ത് എന്നിവടങ്ങളിലെ വ്യാപാരികൾക്കിടയിൽ ഹവാല പണമിടപാടും നിന്നു. ഇതോടൊക്കെ പ്രതിസന്ധിയിലായ ദാവൂദിന് ഇനി എത്രകാലം പിടിച്ചു നിൽക്കാൻ കഴിയുമെന്നാണ് റോയും അന്വേഷിക്കുന്നത്.

തകർന്നുപോയ ഡൈമണ്ട് ബിസിനസ്

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന് വൻ ലാഭമുള്ള ബിസിനസായിരുന്നു വജ്ര വ്യവസായം. അവിടേയും ആളെ കൊല്ലുന്നതിനുള്ള ഭീകര പ്രവർത്തനത്തിന്റെ ഇടനിലക്കാരനായി തന്നെയാണ് ദാവൂദിന്റെ പ്രവർത്തനം. ആഫ്രിക്കൻ രാജ്യങ്ങളിൽ ഭീകരപ്രവർത്തനവും കള്ളക്കടത്തും സജീവമാണ്. അമൂല്യമായ രത്‌നങ്ങളാണ് ഇവിടുത്തെ ഭീകരവാദികളുടെ പ്രധാന വരുമാന മാർഗ്ഗം. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഇവർ വധേരവും രത്‌നവുമെല്ലാം കുഴിച്ചെടുക്കും. ഈ പ്രദേശങ്ങൾ രത്‌നങ്ങളുടെ കലവറയാണ്. ഇവിയാണ് ദാവൂദ് വഴി ഇവർ കച്ചവടം നടത്തുന്നത്. വലിയൊരു തുക ഇതിലൂടെ ഭീകരർക്ക് ലഭിക്കും. ഇതുപയോഗിച്ചാണ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും മറ്റും ഇവർ വാങ്ങിക്കൂട്ടുക. ഇവരുടെ എല്ലാ കച്ചവടത്തിലും ദാവൂദ് ഇടനിലക്കാരനായി പ്രവർത്തിക്കുന്നു. അമൂല്യ രത്‌നങ്ങൾ ഭീകരിൽ നിന്ന് ചുളുവിലയ്ക്ക് വാങ്ങി വൻ തുക ലാഭമുണ്ടാക്കി വിൽക്കുകയും ചെയ്യുകയാണ് ദാവൂദ്. ദാവൂദിന്റെ പ്രധാന വരുമാനമാർഗ്ഗം ഇതായിരുന്നു.

അങ്ങനെ ലോകത്തിന്റെ എല്ലാ കോണിലേയും ഭീകരവാദികളെ ദാവൂദ് സഹായിക്കുന്നുണ്ടെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഭീകര പ്രവർത്തനങ്ങൾക്ക് പണം ലഭ്യമാക്കുന്ന ഇടനിലക്കാരനാണ് ദാവൂദ് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലെ രത്‌നങ്ങളെ ബ്ലഡ് ഡൈമണ്ടുകളെന്നാണ് അറിയപ്പെടുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനമാണ് ആക്രമണങ്ങൾ നടത്താനുള്ള ആയുധ ശേഖരണത്തിന് ഉപയോഗിക്കുന്നതെന്നത് തന്നെയാണ് ഇതിന് കാരണം. പക്ഷേ ഈ ബിസിനസ് വളരെ പെട്ടെന്ന് തകർന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തോടെ ആമോള ഭീകരവാദത്തിനെതിരെ അമേരിക്ക എടുത്ത നടപടി തന്നെയാണ് ഇവരുടെ വഴിയടച്ചത്. അതോടെ ഡി കമ്പനി ശരിക്കും തകർച്ചയുടെ വക്കിലായി.

ഡി കമ്പനി തകരുന്നു

ഇനി ഇങ്ങനെയൊക്ക ആണെങ്കിലും ഡി കമ്പനി പിടിച്ചു നിന്നത് ഛോട്ടാ ഷക്കീൽ എന്ന അധോലോക നയകന്റെ പരിശ്രമത്തിലൂടെയാണ്. പക്ഷേ  ദാവൂദ് ഇബ്രാഹിമും അടുത്ത അനുയായി ഛോട്ടാഷക്കീലും വേർപിരിഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് ദാവൂദിനെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തുവന്നത്. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് ദാവൂദും സഹോദരൻ അനീസും ഛോട്ടാഷക്കീലും പ്രവർത്തം നടത്തിയിരുന്നുത. സഹോദരന് ദാവൂദ് കൂടുതൽ പ്രധാന്യം സംഘത്തിൽ നൽകിത്തുടങ്ങിയതോടെയാണ് ഛോട്ടാഷക്കീൽ വേർപിരിയുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

കറാച്ചിയിലെ ക്ലിഫ്റ്റൻ മേഖലയിൽ താമസിക്കുന്ന ദാവൂദിന്റെ സംഘത്തിൽനിന്ന് രക്ഷപ്പെട്ട ഷക്കീൽ ഇപ്പോൾ മറ്റേതോ ഒളിസങ്കേതത്തിലാണെന്നാണ് വിവരമാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ നോട്ടപ്പുള്ളിയായതോടെ 1980കളിൽ രാജ്യം വിട്ട ദാവൂദും ഛോട്ടാ ഷക്കീലും ആദ്യം ദുബായിലേക്കാണ് കടന്നത്. അവിടെനിന്ന് ഇന്ത്യയിലെ അധോലോക പ്രവർത്തനങ്ങളെ നിയന്ത്രിച്ചുതുടങ്ങി. എന്നാൽ ഇന്ത്യയുടെ പിടിയിലാവാൻ സാധ്യതയുണ്ടെന്ന് വന്നതോടെ പിന്നീട് പാക്കിസ്ഥാനിലെ കറാച്ചിയിയിലേക്ക് താമസം മാറ്റുകയായിരുന്നു.

ദാവൂദ് നേതൃത്വം നൽകുന്ന അധോലോക സംഘത്തിന്റെ പ്രവർത്തനങ്ങളിൽ അടുത്തിടെയായി ഇളയ സഹോദരൻ അനീസ് ഇബ്രാഹിം കൈകടത്തുന്നതിലുള്ള അതൃപ്തിയാണ് ഛോട്ടാ ഷക്കീൽ ഇടയാൻ ഇടയാക്കിയതെന്നാണ് വിവരം. 1993ലെ മുംബൈ സ്‌ഫോടന പരമ്ബരയുമായി ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന കുറ്റവാളികളാണ് മൂവരും.കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ദാവൂദ് സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഛോട്ടാ ഷക്കീലിനെ മറികടന്ന് ദാവൂദ് സംഘത്തിന്റെ തലപ്പത്തെത്താൻ അടുത്തകാലത്തായി അനീസ് ഇബ്രാഹിം ശ്രമിച്ചുവരികയായിരുന്നു എന്നും ഇതാണ് ഇപ്പോൾ പ്രശ്‌നങ്ങൾക്ക് കാരണമായി സംഘത്തിൽ നേതൃത്വം വഴിപിരിയുന്നതിലേക്ക് എത്തിയതെന്നുമാണ് സൂചനകൾ. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ദാവൂദ് ഇതിനെതിരെ സഹോദരന് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, ദാവൂദിന്റെ വാക്കുകളും മുഖവിലയ്‌ക്കെടുക്കാതിരുന്ന അനീസ് ഛോട്ടാ ഷക്കീലുമായി വാഗ്വാദമുണ്ടായതായും ഇന്റലിൻസിന് വിവരം ലഭിച്ചു. ഇതോടെയാണ് ഛോട്ടാ ഷക്കീൽ സംഘം വിട്ടതെന്നാണ് റിപ്പോർട്ടുകൾ.

ദാവൂദിനെ ഉപേക്ഷിച്ചുപോയ ഷക്കീൽ തന്റേതായ അധോലോകം സൃഷ്ടിക്കുന്നതായ വിവരങ്ങളും പുറത്തുവരുന്നു. വേർപിരിയലിന് പിന്നാലെ തനിക്കൊപ്പമുള്ള അനുയായികളുമൊത്ത് ഒരു പൂർവേഷ്യൻ രാജ്യത്ത് ഷക്കീൽ യോഗം ചേർന്നതായാണ് വിവരം. അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയെന്ന നിലയിൽ അറിയപ്പെട്ട ഷക്കീൽ അഹമ്മദ് ബാബു എന്ന ചോട്ടാ ഷക്കീൽ 1986ൽ ആണ് ഇന്ത്യ വിടുന്നത്. ഇതിനിടെ മരണംവരെ താൻ ദാവൂദി് ഒപ്പമുണ്ടാവുമെന്ന ഒരു പ്രസ്താവന ഷക്കീലിന്റെതായി വന്നിരുന്നു. പക്ഷേ ഇത് ആരും മുഖവിലക്ക് എടുത്തിട്ടില്ല.ദാവൂദിന്റെ പ്രതികാരം ഒഴിവാക്കാനുള്ള ഒരു ശ്രമം മാത്രമായിരുന്നു അത്.

ഇവർ വേർപിരിയുന്നത് പാക്കിസ്ഥാനും തലവേദനയാണ്. ഇന്ത്യക്കെതിരെയുള്ള പല അധോലോക നീക്കങ്ങളും ഇവരിലൂടെയാണ് പാക്കിസ്ഥാൻ നടപ്പാക്കുന്നതെന്നാണ് വിവരം. അതിനാൽ തന്നെ ഇപ്പോൾ ദാവൂദ് സംഘത്തിലുണ്ടായ പ്രശ്‌നങ്ങൾ ഏതുവിധേനയും പരിഹരിക്കാനുള്ള ശ്രമത്തിലാണ് പാക്ക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ എന്ന് ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

മകൻ ആത്മീയ ജീവിതത്തിൽ

ഇതിനിടെ ദാവൂദിന്റെ ജീവിതത്തെ തകർന്ന മറ്റൊരു സംഭവം കൂടിയുണ്ടായി. അതായിരുന്നു അനന്തര അവകാശിയായി താൻ കണ്ട മകന്റെ ആത്മീയ ജീവിതം.  മക്കളിൽ മൂന്നാമത്തെയാളും ഒരേയൊരു ആൺതരിയുമായ മോയിൻ നവാസ് ഡി. കസ്‌കർ (33) പിതാവിന്റെ പാത കൈവെടിഞ്ഞ് സമ്പൂർണ പൗരോഹിത്യ മാർഗത്തിലാണ് ജീവിക്കുന്നതെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യകാലത്ത് ദാവൂദിന്റെ ബിസിനസിൽ നവാസ് സഹായിച്ചിരുന്നുവെങ്കിലും പിന്നീട് ആത്മീയതയുടെ പാതയിലേക്ക് തിരിയുകയായിരുന്നു. എതിർപ്പായിരുന്നുവെന്ന് താനെയിലെ അന്വേഷണ സംഘത്തലവൻ പ്രദീപ് ശർമ പറഞ്ഞു. മൂന്ന് കവർച്ചക്കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദാവൂദിന്റെ ഇളയ സഹോദരൻ ഇഖ്ബാൽ ഇബ്രാഹിം കസ്‌കറിനെ ചോദ്യം ചെയ്തപ്പോഴാണ് ദാവൂദ് കുടുംബത്തിലെ ആഭ്യന്തരപ്രശ്നങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്.

തന്റെ വ്യവസായസാമ്രാജ്യം നോക്കിനടത്തേണ്ട മൊയിൻ നവാസ് മറ്റൊരു വഴിക്ക് പോകുന്നതാണ് ദാവൂദിനെ തളർത്തുന്നത്. ബിസിനസിന്റെയോ സമ്പത്തിന്റെയോ പ്രലോഭനങ്ങളിൽ ഒരു താത്പര്യവുമില്ലാതെ മതപ്രബോധകൻ (മൗലാന)ആയി മാറിയിരിക്കുകയാണ് കടുത്ത മതവിശ്വാസിയായ മൊയിൻ നവാസ്. ദാവൂദ് കുടുംബത്തിൽ നിന്ന് അകന്നുകഴിയുന്ന മൊയിൻ നവാസ് കുടുംബവ്യവസായങ്ങളിൽ നിന്നും ഏറെക്കാലമായി മാറിനിൽക്കുകയായിരുന്നു. ഖുർആനിലെ 6,236 സൂക്തങ്ങളും മനഃപാഠമാക്കിയ നവാസ് കറാച്ചിയിലെ ആഡംബര വസതി ത്യജിച്ചു. കറാച്ചിയിലെ ഒരു പള്ളിയോട് ചേർന്ന ചെറിയ വീട്ടിലാണ് കഴിയുന്നത്. എങ്കിലും ഭാര്യയും മൂന്ന് മക്കളും നവാസിനെ ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല. ഇവരും പള്ളിയോട് ചേർന്നുള്ള വീട്ടിലാണ് താമസം.

ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടിയ നവാസ് 2011-ൽ കറാച്ചിയിലെ സമ്പന്നനായ വ്യവസായിയുടെ മകൾ സാനിയ ഷെയ്ഖിനെ വിവാഹം ചെയ്തു. ഇവർക്ക് മൂന്നുമക്കളുമുണ്ട്. താൻ പടുത്തുയർത്തിയ അധോലോക സാമ്രാജ്യം ഭാവിയിൽ ആര് നോക്കി നടത്തുമെന്നതിനെക്കുറിച്ച് ദാവൂദിന് കടുത്ത ആശങ്കയുണ്ടെന്നാണ് ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ദാവൂദിന്റെ വിശ്വസ്തനായ മറ്റൊരു സഹോദരൻ അനീസ് ഇബ്രാഹിം കസ്‌കർ അനാരോഗ്യത്തിലാണെന്നതും ദാവൂദിനെ വലയ്ക്കുന്നു. അധോലോക സാമ്രാജ്യത്തിന്റെ ഭാവി ഭദ്രമാക്കാൻ വിശ്വസ്തരായ അടുത്ത ബന്ധുക്കളും ഇപ്പോൾ ദാവൂദിനില്ല. ഇതും വിഷാദത്തിന് കാരണമായത്രേ.

ഹൃദയാഘാതം എല്ലാം തളർത്തി

ൽ 2017ൽ ഉണ്ടായ ഹൃദയാഘാതമാണ് ദാവൂദിനെ പൂർണ്ണമായും തകർത്തത്. അന്നുതൊട്ട് തീർത്തും രോഗിയാണ് ഈ 64കാരൻ.കാലിലുണ്ടായ വ്രണത്തെത്തുടർന്ന് നേരത്തെ ദാവൂദ് ചികിത്സയിലായിരുന്നു. ദാവൂദിന് ഗുരുതരമായ ഗാൻഗ്രീൻ രോഗമാണെന്നും നടക്കാൻ ബുദ്ധിമുട്ടുകയാണെന്നും സൂചനയുണ്ടായിരുന്നു. ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ പല തവണ പാക്കിസ്ഥാനെ സമീപിച്ചിരുന്നു. എന്നാൽ ദാവൂദ് രാജ്യത്തില്ലെന്നാണ് പാക് നിലപാട്. സ്ഥിരമായി താവളങ്ങൾ മാറ്റുന്ന ദാവൂദ് ഇബ്രാഹിം ഇപ്പോൾ പാക്കിസ്ഥാനിലാണുള്ളതെന്നും പാക്കിസ്ഥാൻ ഏജൻസികളാണ് ദാവൂദിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതെന്നും കാണിച്ച് ഇന്ത്യ ഐക്യരാഷ്ട്ര സംഘനയ്ക്ക് തെളിവ് നൽകിയിരുന്നു. എന്നാൽ ദാവൂദ് ഇബ്രാഹിം ഇപ്പോൾ എവിടെയാണ് ഉള്ളതെന്ന വിവരങ്ങൾ പുറത്ത് വിടാൻ പാക്കിസ്ഥാൻ ഇതുവരെ തയ്യാറായിട്ടില്ല.മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ വീടിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ഒരു ദേശീയ ചാനൽ ഇതിന് മുൻപ് പുറത്ത് വിട്ടിരുന്നു. ഒളികാമറ ഓപ്പറേഷനിലൂടെ നടത്തിയ അന്വേഷണത്തിലാണ് ദാവൂദിന്റെ പാക്കിസ്ഥാനിലുള്ള വീടിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നത്.

ദാവൂദിന്റെ വിലാസം, ഡി 3, ബ്ലോക്ക് 14, ക്ലിഫ്റ്റൺ, കറാച്ചി എന്നാണെന്ന് ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കറാച്ചിയിലെ സമ്പന്നർ താമസിക്കുന്ന മേഖലയാണ് ക്ലിഫ്റ്റൺ. സിന്ധിലെ മുൻ മുഖ്യമന്ത്രിയായ മുസ്തഫാ ജതോയി, മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോ എന്നിവർക്ക് ഇവിടെ ബംഗ്ലാവുകളുണ്ട്.വിവിധ പേരുകളിലാണ് ദാവൂദ് ഇക്കാലമത്രയും അറിയപ്പെട്ടിരുന്നത്. ദാവൂദ് ഇബ്രാഹിം എന്നതിന് പുറമെ, ഷെയ്ഖ് ഇബ്രാഹിം, അസീസ് ദിലീപ്, ദൗദ് ഹസൻ ഷെയ്ഖ് ഇബ്രാഹിം കസ്‌കർ, ദാവൂദ് ഇബ്രാഹിം മേമൻ, ദാവൂദ് സബ്രി, കസ്‌കർ ദാവൂദ് ഹസൻ, ഷെയ്ഖ് മുഹമ്മദ് ഇസ്മയിൽ അബ്ദുൾ റഹ്മാൻ, ദാവൂദ് ഹസൻ ഷെയ്ഖ് എന്നിവ അധോലോക നായകന്റെ വ്യാജപ്പേരുകളിൽ ചിലതാണ്.

ഏറ്റവും ഒടുവിലായി കഴിഞ്ഞ മൂന്നുവർഷമായി ദാവൂദ് മൈബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നേരത്തെ കറാച്ചിക്കു സമീപമുള്ള ഒരു ദ്വീപിൽ മുഴുവൻ സമയവും പാക്കിസ്ഥാൻ തീരസേനയുടെ കാവലിലുള്ള ദാവൂദിന്റെ രഹസ്യ സങ്കേതം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇന്ത്യ പാക്ക് അതിർത്തിയിൽ ഉൾപ്പെടെ സുരക്ഷാച്ചുമതല നിർവഹിക്കുന്ന അർധസൈനിക വിഭാഗമായ പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റെ മേൽനോട്ടത്തിൽ ദാവൂദിനു സുരക്ഷ ഒരുക്കി കൊണ്ട് ദാവൂദ് പാക്ക് മണ്ണിൽ ഇല്ലെന്ന നിലപാട് രാജ്യാന്തര വേദികളിൽ ഉയർത്തുകയായിരുന്നു പാക്കിസ്ഥാൻ ഇതു വരെ. അത്യാവശ്യ ഘട്ടത്തിൽ മണിക്കൂറുകൾക്കകം ദാവൂദിനു കടൽ മാർഗം ദുബായിൽ എത്താൻ തയാറാക്കിയ രക്ഷാമാർഗവും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. പാക്ക് ചാരസംഘടനയിലെ ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമേ ദാവൂദുമായി ബന്ധപ്പെടാൻ അനുവാദമുണ്ടായിരുന്നുള്ളു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഉപഗ്രഹഫോണിൽ പ്രത്യേക ഫ്രീക്വൻസിയിലാണ് ഇവർ ദാവൂദുമായി ആശയവിനിമയം നടത്തുന്നതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി. 2003 ലും 2005 ലും പാക്കിസ്ഥാനിലെ പ്രാദേശിക ഭീകരഗ്രൂപ്പുകൾ ദാവൂദിനെ വധിക്കാൻ നടത്തിയ ശ്രമം പാക്കിസ്ഥാൻ റേഞ്ചേഴ്സ് വിഫലമാക്കിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ എല്ലാ തകർന്ന ദാവൂദ് കോവിഡ് ബാധിച്ച് മരിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നു. പക്ഷേ അപ്പോഴും പാക്കിസ്ഥാന് ഇത് സ്ഥിരീകരിക്കാൻ ആവുമോ എന്നതാണ് പ്രശ്നം. കാരണം ദാവൂദ് ഇവിടെയില്ല എന്ന
നിലപാടിലാണ് ഈ രാജ്യം ഇപ്പോഴും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP