Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

29ാം വയസ്സിൽ തോക്കെടുത്തത് സോവിയറ്റ് അധിനിവേശത്തിനെതിരെ; പിന്നെ എ കെ 47 തിരിച്ചത് താലിബാനു നേരെ; മലമടക്കുകളിൽ ഒളിഞ്ഞിരുന്ന് വെടിയുതിർത്ത് ഭീകരരുടെ കഥകഴിക്കും; നേതാക്കളെ പിടികൂടി കഴുതപ്പുറത്ത് കയറ്റി നഗരപ്രദക്ഷിണം നടത്തിക്കും; ഇസ്ലാമിക ഭീകരരുടെ പേടി സ്വപ്നമായ ബീബി ആയിഷ കീഴടങ്ങിയത് അഫ്ഗാനിലെ താലിബാൻ തിരിച്ചു വരവോടെ

29ാം വയസ്സിൽ തോക്കെടുത്തത് സോവിയറ്റ് അധിനിവേശത്തിനെതിരെ; പിന്നെ എ കെ 47 തിരിച്ചത് താലിബാനു നേരെ; മലമടക്കുകളിൽ ഒളിഞ്ഞിരുന്ന് വെടിയുതിർത്ത് ഭീകരരുടെ കഥകഴിക്കും; നേതാക്കളെ പിടികൂടി കഴുതപ്പുറത്ത് കയറ്റി നഗരപ്രദക്ഷിണം നടത്തിക്കും; ഇസ്ലാമിക ഭീകരരുടെ പേടി സ്വപ്നമായ ബീബി ആയിഷ കീഴടങ്ങിയത് അഫ്ഗാനിലെ താലിബാൻ തിരിച്ചു വരവോടെ

എം മാധവദാസ്

കാബൂൾ: 'കൊന്നും കൊടുത്തും അറപ്പുതീർന്ന പടു പാപിയുടെ കൈകൾ' എന്ന് ഒരു സിനിമയിൽ മോഹൻലാൽ പറയുന്നതുപോലെയാണ് 70 വയസ്സുള്ള കമാൻഡർ കാഫ്തർ എന്നറിയപ്പെടുന്ന ബീബി ആയിഷയുടെ ജീവിതം. ഈ എഴുപതാം വയസ്സിൽ താലിബാന് കീഴടങ്ങുമ്പോളും ശോഷിച്ച ആ കൈകളിൽ ഉണ്ടായിരുന്നത് എ കെ 47 തോക്കാണ്. 1979ൽ സോവിയറ്റ് അധിനിവേശത്തിനെതിരെ എടുത്ത തോക്ക് പിന്നീട് അവർ നിലത്ത് വെച്ചിരുന്നില്ല. അഫ്ഗാൻ- സോവിയറ്റ് യൂണിയൻ യുദ്ധത്തിലെ ഏക വനിതാ പോരാളിയും പിന്നീട് താലിബാനെതിരായ പോരാട്ടമുഖവുമായിരുന്ന ബീബി ആയിഷ കീഴടങ്ങിയതായി താലിബാന്റെ അവകാശവാദം, ഭീകരവാദത്തെ എതിർക്കുന്നവർ ഞെട്ടലോടെയാണ് കേട്ടത്. താലിബാൻ വിരുദ്ധ പേരാട്ടാത്തിലെ അഫ്ഗാനിലെ നിർണ്ണായക ശക്തായിയായിരുന്നു അവർ. അമേരിക്കൻ സൈന്യം പിന്മാറുന്നതോടെ അഫ്ഗാൻ പൂർണ്ണമായും താലിബാൻ നിയന്ത്രണത്തിലേക്കാണ് നീങ്ങുന്നത് എന്നതിന്റെ വ്യക്തമായ സൂചനകളുമാണ് ഇത്.

ഒരു കാലത്ത് താലിബാനെതിരേ അഫ്ഗാന്റെ കുന്തമുനയായിരുന്നു ബീബി. പോരാട്ടങ്ങളിലെ വേഗതയും തീവ്രതയുമാണ് അവർക്ക് കമാൻഡർ കാഫ്തർ എന്ന പേര് നൽകിയത്. കാഫ്തർ എന്നാൽ, പ്രാവ് എന്നർഥം. ഇതൊക്കെയാണെങ്കിലും മക്കൾ മൂവരും കൊല്ലപ്പെട്ടതും പ്രായാധിക്യവും ബീബിയെ അലട്ടിയിരുന്നെന്നാണ് റിപ്പോർട്ടുകൾ. എഴുപതു കഴിഞ്ഞ ബീവി കാൽമുട്ടിന് അസുഖമായി കിടപ്പിലുമായിരുന്നു. അപ്പോഴും അവർ കീഴടങ്ങാൻ കൂട്ടാക്കിയില്ല.

താലിബാൻ വക്താക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട വാർത്ത ന്യൂയോർക്ക് ടൈംസാണ് പുറംലോകത്തെ അറിയിച്ചത്.അതേസമയം, ബീബീയുടെ അനുയായികൾ താലിബാന്റെ പിടിയിലായെന്ന് സമ്മതിക്കുമ്പോഴും ബീബി അവരുടെ കസ്റ്റഡിയിലായെന്ന് അഫ്ഗാൻ അംഗീകരിച്ചിട്ടില്ല. പക്ഷേ, ബീബി തങ്ങിയിരുന്ന ബ ൻ പ്രവിശ്യയിലെ ഉദ്യോഗസ്ഥരും ബീബിയുടെ ബന്ധുക്കളും കീഴടങ്ങൽ സ്ഥിരീകരിച്ചു. ബീബിയുടെ താഴ്‌വര ഒന്നാകെ താലിബാൻ വളഞ്ഞെന്നും മറ്റു വഴിയില്ലാത്തതിനാൽ അവർക്കു കീഴടങ്ങേണ്ടിവന്നെന്നും ബന്ധുക്കൾ പറയുന്നു.

കീഴടങ്ങലല്ല സന്ധിയെന്നും വാർത്തകൾ

സമീപമേഖലയിലെ പോരാളികളുൾപ്പെടെ താലിബാന്റെ പക്ഷം ചേർന്നതാണ് കൂടുതൽ വിനയായതെന്നും അവർ കുറ്റപ്പെടുത്തുന്നു. നടന്നത് ഒത്തുതീർപ്പു കീഴടങ്ങലാണെന്നും ഒരു താലിബാൻ കമാൻഡറിലൂടെയാണ് താലിബാനുമായി ബീബി ഒത്തുതീർപ്പിലെത്തിയതെന്നും കാഫ്തറുടെ ജില്ലയെ പ്രതിനിധീകരിക്കുന്ന ബ ൻ പ്രവിശ്യാ സമിതിയംഗം പറഞ്ഞു. അതേസമയം, ഇതൊന്നുമല്ല, വെടിനിർത്തലാണ് ഉണ്ടായതെന്നും ബീബി കീഴടങ്ങിയെന്നത് കെട്ടുകഥയാണെന്നും കാഫ്തറുടെ ശേഷിക്കുന്ന ആൺതരിയായ റാസ് മൊഹമ്മദ് പ്രതികരിച്ചു. ''അമ്മയ്ക്ക് നല്ല സുഖമില്ല. പക്ഷേ, അവർ താലിബാനിൽ ചേർന്നിട്ടില്ല. താലിബാനുമായി ഒരു പോരാട്ടവുമില്ല. ശത്രുക്കളിൽനിന്നു രക്ഷപ്പെടാൻ ഞങ്ങൾക്ക് ആയുധങ്ങളുണ്ട്''- റാസ് മൊഹമ്മദിന്റെ വാക്കുകൾ ഇങ്ങനെതാലിബാനുമായുള്ള പോരാട്ടത്തിനിടെ ബീബീയുടെ മറ്റ് മൂന്ന് ആൺമക്കളും കൊല്ലപ്പെട്ടിരുന്നു ഫലത്തിൽ താലിബാന് ഇത് വലിയ വിജയമാണ് സമ്മാനിച്ചത്. ഇതോടെ താലിബാൻ തിരിച്ചുവരുന്നു എന്ന ചർച്ചകളും സജീവമാവുകയാണ്.

യുഎസ് സേനയുടെ പിന്മാറ്റം തുടരുന്നതിനിടെ അഫ്ഗാൻ സർക്കാരിനു വേറൊരു ആഘാതം കൂടിയാവുകയാണിയ്. രക്തരൂഷിതമായ യുദ്ധങ്ങൾക്ക് അറുതിയില്ലാത്ത രാജ്യത്ത് കൂടുതൽ പേർ തങ്ങളുടെ പക്ഷത്തേയ്ക്ക് എത്തുന്നതിന്റെ സൂചനയാണ് ബീബിയുടെ കീഴടങ്ങലെന്നും താലിബാൻ അവകാശപ്പെടുന്നു.

താലിബാൻ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ബഗ്ലാൻ പ്രവിശ്യയിലെ താഴ്‌വരയിൽ നടത്തിയ തിരച്ചിലിനിടെ ആയിഷയെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തെന്നാണ് താലിബാൻ അറിയിച്ചത്. മേഖലയിലെ സൈനികർ പോലും താലിബാൻ പക്ഷംചേർന്നതോടെ മറ്റുവഴികളില്ലാതെ അതിജീവനത്തിനായാണ് ആയിഷ കീഴടങ്ങിയതെന്ന് ബഗ്ലാൻ പ്രവിശ്യയിലെ ബീബിയുടെ ജില്ലയെ പ്രതിനിധീകരിക്കുന്ന മുഹമ്മദ് ഹനീഫ് കോഹ്ഗദായ് പറഞ്ഞു. കുടുംബത്തിൽതന്നെയുള്ള ഒരു താലിബാൻ കമാൻഡറുടെ സഹായത്തോടെ കരാറിൽ ഏർപ്പെടുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ബീബിയുടെ വീട്ടിലെത്തിയ താലിബാൻ സംഘം അവിടെ താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. തിരികെ പോയപ്പോൾ ചില ആയുധങ്ങൾ പിടിച്ചെടുത്തതായും കോഹ്ഗദായ് അറിയിച്ചു. താലിബാനുമായി ഉണ്ടായത് കീഴടങ്ങലിനേക്കാൾ ഉപരി സമാധാന ഉടമ്പടിയായിരുന്നെന്ന് അദ്ദേഹം പറയുന്നു.

എ കെ 47 കൈയിലേന്തിയ വീട്ടമ്മ

979ലെ സോവിയറ്റ് യുദ്ധകാലത്ത് തുടങ്ങിയതാണ് ബീബിയുടെ പോരാട്ടങ്ങൾ. അന്നുമുതലിങ്ങോട്ട് അഫ്ഗാൻ സൈന്യത്തിനു വേണ്ടി അവർ യുദ്ധഭൂമിയിലായിരുന്നു. പിതാവും ഭർത്താവും യുദ്ധത്തിൽ കൊല്ലപ്പെടുകയായിരുന്നെന്നാണ് പറയുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ബീബി കായിക രംഗത്ത് മുന്നിട്ട് നിന്നിരുന്നു. അങ്ങനെയാണ് സോവിയറ്റ് അധിനിവേശകാലത്ത് അമേരിക്കയുടെ പരോക്ഷ പിന്തുണയുള്ള സ്വാതന്ത്ര്യസമരത്തിൽ അവർ പങ്കെടുക്കുന്നത്. അന്ന് വനിതാവിങ്ങിനുവേണ്ടി സൈന്യം തന്നെ പഠിപ്പിച്ചതാണ് എ കെ 47 തോക്ക്. ഒരു സോവിയറ്റ് സൈനികനിൽനിന്ന് അവർ അത് തട്ടിയെടുത്തായിരുന്നു. എഴുപതാം വയസ്സിലും അവർ ഉറങ്ങുമ്പോൾ അരികിൽ ഈ തോക്ക് ഉണ്ടായിരുന്നു.

യുദ്ധം അവസാനിച്ചെങ്കിലും പിന്നെ താലിബാന്റെ ഭരണമായി. ബീബിക്ക് അത് അംഗീകരിക്കാൻ ആയില്ല. അപ്പോഴേക്കും ആ പ്രവിശ്യയിലെ ഒരു യുദ്ധപ്രഭുവായും അവർ വളർന്നു കഴിഞ്ഞിരുന്നു. അതിക്രമങ്ങൾക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും ബീബി പോരാട്ടം തുടർന്നു. നുഴഞ്ഞുകയറ്റങ്ങളെ പരാജയപ്പെടുത്തി. ഇതിനിടയിലാണ് മൂന്ന് ആൺമക്കളെ കുരുതികൊടുക്കേണ്ടിവന്നത്. അതോടെ സ്വന്തം കുടുംബത്തിൽ പോലും അവർ ഒറ്റപ്പെട്ടു. ബന്ധുക്കൾ പോലും താലിബാനു വേണ്ടി വധഭീഷണി ഉയർത്തിയെന്നാണ് പിന്നീട് കേട്ടത്.പുരുഷന്മാർ നയിച്ച നീണ്ട പോരാട്ടത്തിലെ ഏക വനിതാ പോരാളിയായിരുന്നു അവർ. വടക്കൻ അഫ്ഗാനിലെ നിയന്ത്രണമേഖലയിൽ താലിബാനെതിരെയും യുഎസ് പിന്തുണയുള്ള ഭരണകൂടത്തിനെതിരെയും, എന്തിനു സ്വന്തം ബന്ധുക്കൾക്കെതിരെയും വരെ കാലങ്ങളോളം പോരാട്ടം നയിച്ചവൾ.

1990കളിൽ താലിബാൻ അഫ്ഗാനിസ്ഥാനിലെ മിക്ക പ്രദേശങ്ങളിലും വ്യാപിച്ചപ്പോഴും ബീബിയും സൈന്യവും സ്വന്തം താഴ്‌വര സ്വതന്ത്രരാജ്യം പോലെ സംരക്ഷിച്ചു.തന്റെ പ്രവിശ്യയിലെ താലിബാൻ കമാൻഡർക്ക് നൽകിയ താക്കീത് അവർ പലപ്പോഴും ഓർത്തെടുത്തിട്ടുണ്ട്: 'ഞാൻ താലിബാൻ കമാൻഡറെ അറസ്റ്റുചെയ്താൽ, അവനെ കഴുതപ്പുറത്തു കയറ്റി പട്ടണത്തിന് ചുറ്റും റോന്തു ചുറ്റിക്കുകയും ഒരു സ്ത്രീയെ തോൽപ്പിച്ചതിന് ആളുകൾ അവനെ പരിഹസിക്കുകയും ചെയ്യും. പകരം അയാൾ എന്നെ അറസ്റ്റ് ചെയ്താലോ? ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതിന് ആളുകൾ അവനെ കല്ലെറിയും.' മലമടക്കുകളിൽ ഒളിഞ്ഞ്രുന്ന് മിന്നാലക്രമണം നടത്തുകയായിരുന്നു ബീബിയുടെയും സംഘത്തിന്റെയും രീതി. അങ്ങനെ ആയിരക്കണക്കിന് താലിബാനികളെയാണ് ഈ സംഘം വകവരുത്തിയത്.

തോക്ക് മടിയിൽവെച്ച് മാധ്യമങ്ങൾക്ക് അഭിമുഖം

2001ലെ യുഎസ് അധിനിവേശത്തിനുശേഷം, പുതിയ അഫ്ഗാൻ സർക്കാർ ബീബിയെപ്പോലുള്ളവരുടെ സൈന്യങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചു. ഇതിനെ ബീബിയും മറ്റ് നിരവധി സൈനിക മേധാവികളും എതിർത്തു. തന്നെ നിരായുധരാക്കാൻ ആഗ്രഹിക്കുന്ന സർക്കാരിനെക്കുറിച്ച് ചോദിച്ചപ്പോൾ ബീബി ഒരിക്കൽ പറഞ്ഞു, 'അവർ വന്നാൽ സർക്കാരിന് എന്തു സംഭവിക്കുമെന്ന് നിങ്ങൾ കാണും.'കാബുളിൽ പോലും താലിബാൻ വിരുദ്ധ നായികയായും സ്ത്രീകൾക്ക് പ്രചോദനമായും ബീബി ആയിഷ ആഘോഷിക്കപ്പെട്ടു. 'യുദ്ധം ഒരിക്കലും സമാധാനമായി അവസാനിക്കില്ല. ഒന്നെങ്കിൽ ദൈവത്തിന് അല്ലെങ്കിൽ ഈ ആയുധത്തിന് മാത്രമെ അതു പരിഹരിക്കാനാകൂ.' അഭിമുഖത്തിൽ എകെ 47 തോക്ക് മടിയിൽവച്ചുകൊണ്ട് ബീബി പറഞ്ഞു. കുറച്ചു വർഷങ്ങൾക്കിടെ ബീബിയുടെ 20ഓളം കുടുംബാംഗങ്ങളാണ് താലിബാന് മുന്നിൽ അടിയറവു പറഞ്ഞത്. അതിൽ സഹോദരിയും ഉൾപ്പെടുന്നു. രണ്ടു പതിറ്റാണ്ടോളം നീണ്ട യുദ്ധത്തിൽ ഇരുവിഭാഗത്തിലെയും നിരവധി പേരാണ് മരിച്ചുവീണത്. ഇതിനു പിന്നാലെ ഒരു ബന്ധുവിനെ ബീബി സ്വന്തം സൈന്യത്തിൽനിന്ന് പുറത്താക്കി. വർഷങ്ങൾക്കു ശേഷം താലിബാൻ കമാൻഡറായി തിരിച്ചെത്തിയ അയാൾക്കു മുൻപിലാണ് കമാൻഡർ കാഫ്തറുടെ കീഴടങ്ങൽ. ഇയാൾ ആണ് എല്ലാ രഹസ്യങ്ങളും യുദ്ധ തന്ത്രങ്ങളും കണ്ടെത്തിയത് എന്നും പറയുന്നു.

പ്രതിസന്ധിയിൽ ചിറകടിച്ച് ഉയരുന്ന ആയിഷയുടെ കീഴടങ്ങൽ രണ്ടു ചോദ്യങ്ങളാണ് ഉയർത്തുന്നത്. എതിർചേരിയിലുള്ള രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സമാധാന ഉടമ്പടിയോ? അതോ താലിബാനു മുന്നിൽ ഒരു സൈനിക കമാൻഡർ അടിയറവു പറഞ്ഞതോ? എന്തായാലും ഇത് തീവ്രവാദ വിരുദ്ധ പോരാട്ടങ്ങൾക്ക് ഒട്ടും ഗുണകരമല്ല.

അഫ്ഗാനിൽ യുഎസ് പിന്മാറുന്നു

18 വർഷത്തെ യുദ്ധത്തിന് അവസാനം കുറിക്കുമെന്ന പ്രതീക്ഷയോടെ താലിബാനുമായി അമേരിക്ക ചരിത്രപ്രധാനമായ കരാർ ഒപ്പുവച്ചുത് 2220 ജനുവരി അവസാനമാണ്. അഫ്ഗാനിസ്ഥാനിൽ നിന്ന് അടുത്ത 14 മാസത്തിനിടെ മുഴുവൻ വിദേശ സൈനികരെയും പിൻവലിക്കുന്നതിന് വഴിയൊരുക്കുന്നതാണ് കരാർ. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധത്തിനാണ് കാരറോടെ വിരാമമാകുന്നത്. അതേസമയം, അഫ്ഗാനിലെ വിവിധ വിഭാഗക്കാരുമായുള്ള താലിബാന്റെ ചർച്ചകൾ കൂടുതൽ സങ്കീർണമാണ് താനും.ഖത്തർ തലസ്ഥാനമായ ദോഹയിൽ യുഎസ് പ്രത്യേക പ്രതിനിധി സൽമെയ് ഖലീൽസാദും താലിബാൻ രാഷ്ട്രീയമേധാവി മുല്ല അബ്ദുൾ ഗനി ബരദറുമാണ് കരാറിൽ ഒപ്പിട്ടത്. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്കോ പോംപെയോ ചടങ്ങിൽ സാക്ഷിയായി. അതിനിടെ, യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ കാബൂളിലെത്തി അഫ്ഗാൻ സർക്കാരിനെ അമേരിക്കയുടെ പ്രതിജ്ഞാബദ്ധത അറിയിച്ചു.അമേരിക്കൻ സൈനികരെ മടക്കിക്കൊണ്ടുവരുമെന്ന പ്രസിഡന്റ് ട്രംപിന്റെ വാഗ്ദാനമാണ് ഇതോടെ സഫലമാകുന്നത്. എന്നാൽ, ഇതൊരു രാഷ്ട്രീയ നയ ചൂതാട്ടം ആണെന്ന വിമർശനവും ചില സുരക്ഷാ വിദഗ്ദ്ധർ ഉയർത്തുന്നുണ്ട്. കാരണം ഈ കരാർ താലിബാനെ പോലൊരു ഭീകരസംഘടനയ്ക്ക് അന്താരാഷ്ട്ര അംഗീകാരം നൽകുക കൂടിയാണ്.

2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു (9/11) പിന്നാലെ ഒക്ടോബർ 7നാണ് അഫ്ഗാനിസ്ഥാനിൽ യുഎസിന്റെ സൈനിക നടപടി ആരംഭിക്കുന്നത്. മൂന്നു മാസത്തിനകം താലിബാൻ ഭരണകൂടം നിലംപതിച്ചു. മൂന്നുനാലു വർഷം ദുർബലമായിക്കിടന്ന താലിബാൻ 2006 മുതൽ ശക്തമായ ആക്രമണങ്ങളുമായി ഭീഷണി ഉയർത്തി.അഫ്ഗാനിസ്ഥാനിൽനിന്നു സോവിയറ്റ് സൈന്യത്തിലെ അവസാനത്തെ ഭടന്മാർ തിരിച്ചുപോയതു 31 വർഷംമുമ്പാണ്. ഇപ്പോൾ അവിടെനിന്നു അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തിനും വഴിയൊരുങ്ങുകയാണ്. സോവിയറ്റ് സൈന്യത്തിന്റെ അഫ്ഗാൻ അധിനിവേശം പത്തുവർഷമാണ് നീണ്ടുനിന്നത്. യുഎസ് സൈന്യം മടങ്ങാൻ കാത്തിരിക്കുന്നത് അവിടത്തെ താലിബാൻ സൈനികരുമായുള്ള 18 വർഷത്തെ യുദ്ധത്തിനുശേഷമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും അമേരിക്ക യുദ്ധം ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും നീണ്ടയുദ്ധം മുൻപൊരിക്കലും ഉണ്ടായിട്ടില്ല.

2016 നവംബറിൽ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ട്രംപ് ജനങ്ങൾക്കു നൽകിയ വാഗ്ദാനമായിരുന്നു അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് പട്ടാളക്കാരെ തിരിച്ചുകൊണ്ടുവരുമെന്നത്.. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മൽസരിക്കുമ്പോൾ ഇതെല്ലാം തനിക്കു വോട്ടുകൾ നേടിത്തരുമെന്നു ട്രംപ് പ്രതീക്ഷിക്കുന്നു. പക്ഷേ ഇത് ലോക സമാധാനത്തിന് ഏറ്റ വലിയൊരു അടിയായിരുന്നു. യുഎസ് സൈന്യം പിന്മാറുന്നതോടെ അമേരിക്ക കുടുതൽ ശക്തമാവുകയാണ് ചെയ്യുന്നത്..

അമേരിക്കയ്ക്ക് യുദ്ധച്ചെലവ് രണ്ടു ലക്ഷം കോടി ഡോളർ

യുദ്ധത്തിന്റെ പാരമ്യത്തിൽ ഒരു ലക്ഷത്തിൽപ്പരം യുഎസ്-നാറ്റോ ഭടന്മാർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് ഏതാണ്ടു 13,000 പേരാണ്. നേരിട്ടു പോരാടാതെ, അഫ്ഗാൻ സൈന്യത്തിനു പരിശീലനവും ഉപദേശവും നൽകുകയാണ് അവരുടെ ജോലി. അവരെ മുഴുവൻ പിൻവലിക്കുമോ, അതല്ല കുറേപ്പേ രെയെങ്കിലും നിലനിർത്തുമോ എന്നീ കാര്യങ്ങളിലും വ്യക്തമായ വിവരങ്ങൾ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. രാജ്യത്തിനു പുറത്തുനിന്നുള്ള തീവ്രവാദികളെയും ഭീകര സംഘടകനകളെയും അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നു താലിബാൻ അമേരിക്കയ്ക്ക് ഉറപ്പുനൽകിയിട്ടുണ്ടത്രേ. അവർ തമ്മിലുള്ള ഒത്തുതീർപ്പിലെ ഒരു സുപ്രധാന വ്യവസ്ഥയായി ഇത് എണ്ണപ്പെടുന്നു. കാരണം, ഈ പ്രശ്‌നമായിരുന്നു 2001ൽ അമേരിക്കയും താലിബാനും തമ്മിൽ ഏറ്റുമുട്ടാൻ ഇടയാക്കിയതുതന്നെ.

ആ വർഷം സെപ്റ്റംബറിൽ അൽഖായിദ ഭീകരർ അമേരിക്ക യിൽ നടത്തിയ ഭീകരാക്രമണമായിരുന്നു അതിന്റെ പശ്ചാത്തലം. 1996 മുതൽ താലിബാന്റെ ഭരണത്തിലായിരുന്ന അഫ്ഗാനിസ്ഥാൻ കേന്ദ്രമാക്കി യാണ് അൽഖായിദയും അതിന്റെ തലവൻ ഉസാമ ബിൻ ലാദനും പ്രവർത്തിച്ചിരുന്നത്.അവരെ വിട്ടുകിട്ടണമെന്ന അമേരിക്കയുടെ ആവശ്യം താലിബാൻ തിരസ്‌ക്കരിച്ചു. ഒക്ടോബറിൽ അമേരിക്ക അഫ്ഗാനിസ്ഥാനെ ആക്രമിക്കുകയും രണ്ടു മാസത്തിനകം കാബൂളിലെ അധികാരത്തിൽനിന്നു താലിബാനെ പുറത്താക്കുകയും ചെയ്തു. അന്നു മുതൽക്കേ ഭരണത്തിൽ തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലാണ് താലിബാൻ. അതിനുവേണ്ടി അഫ്ഗാൻ ഗവൺമെന്റ് സേനയുമായും അവരെ സഹായിക്കുന്ന യുഎസ്-നാറ്റോ സൈന്യവുമായും നിരന്തരമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു.

രണ്ടായിരത്തിനാനൂറോളം അമേരിക്കൻ ഭടന്മാരും അര ലക്ഷത്തിലേറെ അഫ്ഗാൻ പട്ടാളക്കാരും പൊലീസു കാരും കൊല്ലപ്പെട്ടു. താലിബാന്റെയും മറ്റും ഭാഗത്തുണ്ടായ ആൾനാശം ഏതാണ്ട് 42,000. അത്രതന്നെ സാധാരണക്കാരും മൃതിയടഞ്ഞു. യുദ്ധത്തിനുവേണ്ടി അമേരിക്കയ്ക്ക് രണ്ടു ലക്ഷം കോടി ഡോളർ ചെലവായതായും കണക്കാക്കപ്പെടുന്നു. എന്നിട്ടും രാജ്യത്തിന്റെ പകുതിയോളം ഭാഗം വീണ്ടും താലിബാന്റെ അധീനത്തിലായി. യുഎസ് സൈന്യത്തെ പിൻവലിക്കാനാവണമെങ്കിൽ അവരുമായി ഒത്തുതീർപ്പുണ്ടാക്കണമെന്നത് അമേരിക്കയുടെ ആവശ്യമായിത്തീർന്നു. രണ്ടാം തവണയും പ്രസിഡന്റാകാൻ മൽസരിക്കുന്നതിനുമുൻപ്തന്നെ അതു നടന്നുകാണാൻ ട്രംപിനു ധൃതിയാവുകയും ചെയ്തു. അങ്ങനെയാണ് പിന്മാറ്റം ഉണ്ടായത്. പക്ഷേ അത് ഫലത്തിൽ താലിബാനെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ലോകത്തിലെ മയക്കുമരുന്ന് വ്യവസായം പുഷ്ടിപ്പെടുന്നതിനും ഇത് ഇടയാക്കുമെന്ന് ആശങ്കയുണ്ട്്. കാരണം താലിബാന്റെ പ്രധാന വരുമാനമാർഗം ഹെറോയിൻ കടത്താണ്.

മയക്കുമരുന്ന് കടത്തിലൂടെ കോടികൾ നേടി താലിബാൻ

താലിബാന്റെ മേൽനോട്ടത്തിൽ എന്നുപോലും പറയാവുന്ന കറുപ്പ് നിർമ്മാണവും രാജ്യത്ത് വർധിച്ചിരിക്കയാണ്. ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാൻ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാൻ തങ്ങളുടെ ഭീകരവാദപ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടിങ് കണ്ടെത്തുന്നത്. മുമ്പായിരുന്നെങ്കിൽ ഈ വസ്തുക്കളുടെ കടത്ത് കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നു. കാരണം വലിയ ബാരലുകളിൽ നിറച്ച് ദ്രാവകരൂപത്തിലായിരുന്നു ഓപ്പിയം സിറപ്പ് കടത്തിയിരുന്നത്. എന്നാൽ, കാലം മാറി. താലിബാനി ഭീകരവാദികളും അതിനൊത്ത് മാറി. ഇങ്ങനെ മറ്റുരാജ്യങ്ങൾക്ക് ഓപ്പിയം സിറപ്പ് തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുന്നതിൽ ലാഭം കുറവാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞു. ഒപ്പം അതിലുള്ള റിസ്‌കും. ഇപ്പോൾ, ഓപ്പിയം സിറപ്പിനെ പ്രോസസ് ചെയ്ത്, അതിൽ നിന്ന് ഹെറോയിൻ എന്ന വിലപിടിപ്പുള്ള മയക്കുമരുന്ന് നിർമ്മിക്കാനുള്ള ഫോർമുല താലിബാൻ തീവ്രവാദികൾ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതോടെ കയറ്റുമതി ചെയ്തിരുന്ന അസംസ്‌കൃത ഓപ്പിയത്തിന്റെ അളവ് പാതിയായി കുറഞ്ഞു. ഒന്നുകിൽ മോർഫിൻ അല്ലെങ്കിൽ ഹെറോയിൻ ആക്കി അതിനെ മാറ്റി കുറേക്കൂടി എളുപ്പത്തിലാണ് ഇന്ന് താലിബാനി ഭീകരവാദികൾ തങ്ങളുടെ ഉത്പന്നം വിൽക്കുന്നത്. ഈ സാങ്കേതികവിദ്യ അവർക്ക് നൽകുന്നത് ചുരുങ്ങിയത് അറുപതു ശതമാനമെങ്കിലും കൂടുതൽ ലാഭമാണ്.

ഗവൺമെന്റിനോട് പോരാടി താലിബാനികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ പലതും അവർ പ്രയോജനപ്പെടുത്തുന്നത് പോപ്പി വിത്തുകൾ കൃഷിചെയ്യാനാണ്. സാങ്കേതിക വിദ്യയിൽ താലിബാനികൾ നേടിയ മുന്നേറ്റം കാരണം ഇന്ന് അഫ്ഗാനിസ്ഥാനിൽ ചുരുങ്ങിയത് 400-500 ഹെറോയിൻ പ്രോസസിങ് ലാബുകളെങ്കിലുമുണ്ട്. ലാബ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരിക വളരെ സങ്കീർണ്ണമായ ഉപകരണങ്ങൾ നിറഞ്ഞ, ടെക്നീഷ്യന്മാർ കോട്ടും മാസ്‌കും ഒക്കെയിട്ട് ടെസ്റ്റ് ട്യൂബുകളിലും, ബ്യൂററ്റുകളിലും ഒക്കെ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എയർ കണ്ടീഷൻഡ് മുറികളാവും. എന്നാൽ താലിബാന്റെ ഹെറോയിൻ ലാബുകൾ അത്രയ്ക്ക് ഹൈട്ടക്ക് അല്ല. ഒരു കൊച്ചു കുടിൽ, ചായ്‌പ്പ് അതുമല്ലെങ്കിൽ ഒരു ഗുഹ ഇതിനുള്ളിൽവെച്ച് ഹെറോയിൻ തയ്യാർ ചെയ്‌തെടുക്കാവുന്ന ഉപകരണങ്ങളാണ് ഈ ലാബിലുള്ളത്. മിക്സിംഗിനായി പത്തുപന്ത്രണ്ടു ബാരലുകൾ. ഓപ്പിയം സിറപ്പിൽ നിന്ന് ഹെറോയിൻ വേർതിരിച്ചെടുക്കുന്ന പ്രക്രിയക്ക് വേണ്ട ചില രാസവസ്തുക്കൾ. വാറ്റിയെടുക്കാൻ വേണ്ട വിറക്. ഒരു പ്രെസ്സിങ് മെഷീൻ, ഒരു ജനറേറ്റർ, അടുത്തുള്ള കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കാൻ ഒരു പമ്പ്. ഇത്രയും ആയാൽ ഒരു ഹെറോയിൻ ലാബ് തയ്യാറായി. മൂന്നാംലോക രാജ്യങ്ങളിലെ ചാരായം വാറ്റുപോലെയാണിതെന്നാണ് ഇവിടം സന്ദർശിച്ച ബിബിസി ലേഖകൻ ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കൻ സൈന്യം കൂടെയുണ്ടായിരുന്നിട്ടും നിയന്ത്രിക്കാൻ സാധിക്കാതിരുന്ന അനധികൃത ഹെറോയിൻ നിർമ്മാണത്തിന് ഇനി അവർ പൂർണ്ണമായും പിന്മടങ്ങിക്കഴിഞ്ഞ് എങ്ങനെ തടയിടും എന്ന ആശങ്ക അഫ്ഗാനിസ്ഥാൻ ഗവൺമെന്റിനുണ്ട്. അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി പറഞ്ഞത്, 'താലിബാനികൾക്ക് മയക്കുമരുന്ന് ഉത്പാദിപ്പിക്കാൻ അറിയില്ലായിരുന്നു എങ്കിൽ എന്നേ തീരേണ്ട യുദ്ധമാണിത്' എന്നാണ്. ഇപ്പോൾ അഫ്ഗാൻ എതാണ്ട് താലിബാൻ കൈപ്പിടിയിൽ ഒതുക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ബീബിയുടെ കുഴടങ്ങലിൽനിന്നും കാര്യങ്ങൾ വ്യക്തമാണ്. മയക്കുമരുന്നും ഭീകരതയുമായി താലിബാൻ വീണ്ടും ലോകത്തിന്റെ ശാപം ആവും എന്നതിന്റെ സൂചനകൾ ആണ് ഇപ്പോൾ പുറത്തുവരുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP