Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

സൈബീരിയൻ ഒളിവ് ജീവിതത്തിനിടെ പതിനാലുകാരിയിൽ ഉണ്ടായത് രണ്ടു കുട്ടികൾ; ഗ്രാമവാസികൾ തടഞ്ഞുവെച്ചപ്പോൾ മുങ്ങിയത് വിവാഹ വാഗ്ദാനം നൽകി; മുറി വാടകയ്ക്ക് നൽകിയ നാലു മക്കളുള്ള വിധവയെ ഗർഭിണിയാക്കി; നർത്തകിമാരോട് ഒടുങ്ങാത്ത കമ്പം; ക്രൂരത സഹിക്കാനാവാത ഭാര്യയുടെ അത്മഹത്യ; വേലക്കാരിയടക്കം അസഖ്യം വെപ്പാട്ടികൾ; സ്റ്റാലിന്റെ ലൈംഗിക ജീവിതം വീണ്ടും ചർച്ചയാവുമ്പോൾ

സൈബീരിയൻ ഒളിവ് ജീവിതത്തിനിടെ പതിനാലുകാരിയിൽ ഉണ്ടായത് രണ്ടു കുട്ടികൾ; ഗ്രാമവാസികൾ തടഞ്ഞുവെച്ചപ്പോൾ മുങ്ങിയത് വിവാഹ വാഗ്ദാനം നൽകി; മുറി വാടകയ്ക്ക് നൽകിയ നാലു മക്കളുള്ള വിധവയെ ഗർഭിണിയാക്കി; നർത്തകിമാരോട് ഒടുങ്ങാത്ത കമ്പം; ക്രൂരത സഹിക്കാനാവാത ഭാര്യയുടെ അത്മഹത്യ; വേലക്കാരിയടക്കം അസഖ്യം വെപ്പാട്ടികൾ; സ്റ്റാലിന്റെ ലൈംഗിക ജീവിതം വീണ്ടും ചർച്ചയാവുമ്പോൾ

എം മാധവദാസ്

കോവിഡ് കാലം കുത്തിപ്പൊക്കലുകളുടെ കാലം കൂടിയാണ്. സാമൂഹിക അകലം പാലിച്ച് ജനം വീടുകളിൽ തന്നെ കഴിയുമ്പോൾ, ഓൺലൈൻ വായനയും വിവാദങ്ങളും കൊഴുക്കുകയാണ്. അങ്ങനെ വായനയുടെ പുതിയ ട്രെൻഡുകൾ പുറത്തുവിടുന്ന പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത് റഷ്യയിൽ ഈ കോവിഡം കാലം ഏറ്റവും കൂടതൽ വായിക്കപ്പെട്ടത് ജോസഫ് സ്റ്റാലിൻ എന്ന കമ്യൂണിസ്റ്റ് ഏകാധിപതിയുടെ വ്യക്തിജീവിതമാണെന്നാണ് . ( അമേരിക്കയിൽ ട്രംപിനെക്കുറിച്ച് മരുമകൾ എഴുതിയ പുസ്തകവും). സ്റ്റാലിന്റെ ക്രൂരകളും ലൈംഗിക അരാജകത്വങ്ങളും വർണ്ണിടക്കുന്ന എല്ലാ പുസ്തങ്ങളും ഇപ്പോൾ ബെ്സ്ററ് സെല്ലർ ആണ്. സ്റ്റാലിന്റെ ഇമേജ് തർക്കാനായി പ്രസിഡന്റ് പുടിൻ ഇത്തരം പുസ്തങ്ങളെ പ്രോൽസാഹിപ്പിക്കുന്നുണ്ടെന്നുമാണ് അനൗദ്യേഗിക വിവരം.

ലോകം മുഴുവൻ പടർന്നു പന്തലിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രയാണ കഥ വസതുനിഷ്ഠമായി വിലയിരുത്തുന്ന, ചരിത്രകാരനായ ഡേവിഡ് പ്രീസ്റ്റ്‌ലാൻഡ് എഴുതിയ ദ റെഡ് ഫൽഗ് എന്ന കൃതിതൊട്ട്, സ്റ്റാലിന്റെ വേലക്കാരിയുടെ മകൾ എഴുതിയ പു്സതകം വരെ ഇപ്പോൾ പ്രചരിക്കുന്നു. ഡേവിഡ് പ്രീസ്റ്റ്‌ലാൻഡിന്റ പുസ്‌കതത്തിൽ ജോസഫ് സ്റ്റാലിന്റെ കാലത്ത് റഷ്യയിൽ നടത്തിയ നരമേധങ്ങൾ തുറന്നു കാട്ടുന്നു. ആൽഫ്രെഡ് നൊബേൽ കണ്ടുപിടിച്ച സ്‌ഫോടക വസ്തുക്കൾ ആദ്യമായി പ്രയോഗിച്ചത് റഷ്യയിൽ ബെക്കൂനിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പീപ്പിൾസ് വിൽ എന്ന ഭീകര പ്രസ്ഥാനമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. സ്റ്റാലിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന ബെറിയ വെടിവെച്ചു കൊല്ലപ്പെടുകയാണുണ്ടായതത്രേ. സ്റ്റാലിനെ മുഖത്ത് നോക്കി വിമർശിച്ചതിന്റെ പേരിൽ രാജ്യ ഭ്രഷ്ടനാക്കപ്പെടുകയും ഒടുവിൽ നിഷ്ഠുരമായി കൊല്ലപ്പെടുകയും ചെയ്ത ട്രോട്‌സ്‌കിയുടെ ജീവിതത്തെ ആസ്പദമാക്കി ബെർട്രാൻഡ് പ്രാറ്റിനസ് എഴുതിയ സ്റ്റാലിൻ നെമേസിസ് ഗ്രീക്ക് ട്രാജഡികളെ ഓർമിപ്പിക്കുന്ന വിധമാണ് റഷ്യൻ ചരിത്രത്തിലെ വികാരനിർഭരമായ രംഗങ്ങൾ ചിത്രീകരിക്കുന്നത്.

ഒടുവിൽ സ്റ്റാലിന്റെ രഹസ്യ ഭടന്മാർ ട്രോട്‌സ്‌കിയുടെ മക്കളെയും ചെറുമക്കളെയും വരെ കൊന്നൊടുക്കുന്നത് വായിക്കുമ്പോൾ രാഷ്ട്രീയപ്പകയുടെ കൃത്യമായ ചിത്രം കിട്ടും. 1934 മുതൽ നാല് വർഷം നീണ്ടു നിന്ന ജോസഫ് സ്റ്റാലിന്റെ ഭരണ കാലത്ത് സോവിയറ്റ് വിരുദ്ധരെന്ന് സംശയിക്കപ്പെട്ട പതിനഞ്ച് ലക്ഷം വരെ മനുഷ്യരെ വെടിവെച്ച് കൊന്ന ഫയറിങ് സ്‌ക്വാഡ് ഇറച്ചിയെന്നും പച്ചക്കറിയെന്നുമുള്ള ലേബിളിൽ ലോറികളിൽ കയറ്റി വിദൂരസ്ഥലങ്ങളിൽ കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നു എന്നാൽ ഇവരെല്ലാം സ്റ്റാലിന്റെ പ്രതിയോഗികളായിരുന്നില്ല. 'ദ ഹിസ്റ്ററി ഓഫ് മോഡേൺ റഷ്യ' എന്ന പുസ്തകത്തിലാണ് ഈ വസ്തുതകൾ നിരത്തിയിട്ടുള്ളത്.

റഷ്യൻ വിപ്ലവത്തിന്റെ പിതാവായറിയപ്പെടുന്ന ലെനിന്റെ പ്രവാസ ജീവിതവുമായി ബന്ധപ്പെട്ടവരുടെ അതിശയകരമായ തിരോധാനം വിവരിക്കുന്നുണ്ട് ഹെലൻ റപ്പാപ്പോർട്ടിന്റെ കോൺസ്പിറേറ്റർ എന്ന ഗ്രന്ഥത്തിൽ. സ്റ്റാലിനായിരുന്നു ഇതിന് പിന്നിൽ എന്നാരോപിക്കുന്ന ഗ്രന്ഥകാരൻ സോഷ്യലിസ്റ്റ് വിപ്ലവം ലോകമാകെ വ്യാപിക്കുമെന്ന ലെനിന്റെ സ്വപ്നം ഒരിക്കലും യഥാർത്ഥ്യമായില്ലെന്ന് നിരാശയോടെ പറയുന്നു. പ്രതിവിപ്ലവകാരികളായി മുദ്രകുത്തപ്പെട്ട കമനേവിനെയും സിനോ വേവിനെയും ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയ പതിനാറ് എഴുത്തുകാരിൽ പിൽക്കാലത്ത് സ്റ്റാലിന്റെ പ്രതിയോഗിയായിത്തീർന്ന പാസ്റ്റർനാക്കും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു ഇസയാബെർലിൻ എന്ന പുസ്തകം.

ആരായിരുന്നു ജോസഫ് സ്റ്റാലിൻ

നാസിപ്പടയെ തടഞ്ഞ രണ്ടാലോക മഹായുദ്ധത്തിലെ ധീരനായകൻ എന്ന പേര് ഒക്കെയുണ്ടെങ്കിലും ഇന്ന് ലോകത്തിൽ മാവോ കഴിഞ്ഞാൽ ഏറ്റവും പേരുടെ മരണത്തിന് കാരണമായ വ്യക്തിയായിട്ടാണ് സ്റ്റാലിൻ അറിയപ്പെടുന്നത്. ജോർജിയയിലെ ഒരു മുഴുക്കുടിയന്റെയും അലക്കുകാരിയുടെയും മകനായി ജനിച്ച് സ്റ്റാലിന്റെ ബാല്യം ദുരിതമയം ആയിരുന്നു. ദാരിദ്രം കാരണം സെമിനാറിയിൽ ചേർന്ന അദ്ദേഹം വൈകാതെ അവിടെനിന്ന് ചാടി വിപ്ലവ പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയായിരുന്നു. പാർട്ടിയിൽ പടിപടിയായി വളർന്ന സ്ററാലിൻ ലെനിന്റെ മരണത്തോടെ സർവാധികാരിയാവുക ആയിരുന്നു.

സ്റ്റാലിന്റെ ഭരണകാലത്ത് സോവിയറ്റ് യൂണിയൻ വ്യവസായ മേഖലയിൽ ഉന്നമനം കൈവരിച്ചെങ്കിലും ലക്ഷക്കണക്കിന് ജനങ്ങൾ കഷ്ടപ്പാടും ക്ഷാമവും മൂലം മരിച്ചുവീണു. 1930കളുടെ അവസാന കാലഘട്ടത്തിൽ ഗ്രേറ്റ് പർജ് (മഹാ ശുദ്ധീകരണം) എന്ന പേരിൽ ഒരു രാഷ്ട്രീയ അടിച്ചമർത്തൽ നടപ്പിലാക്കി. സോവിയറ്റ് രാഷ്ട്രീയത്തിന് ഭീഷണിയുയർത്തിയ ലക്ഷക്കണക്കിന് ജനങ്ങൾ ഈ കലയളവിൽ വധിക്കപ്പെടുകയോ സൈബീരിയയിലേയും മദ്ധ്യ ഏഷ്യയിലേയും ഗുലാഗ് തൊഴിലാളി ക്യാമ്പിലേക്ക് അയക്കപ്പെടുകയോ ചെയ്തു.

സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ രണ്ടാം ലോകമഹായുദ്ധത്തിലെ (19391945) നാസികളുടെ പരാജയത്തിൽ സോവിയറ്റ് യൂണിയൻ പ്രധാന പങ്ക് വഹിച്ചു. സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ സോവിയറ്റ് യൂണിയൻ ലോകത്തിലെ രണ്ട് ശക്തികേന്ദ്രങ്ങളിൽ ഒന്നായിമാറി. ആ പദവി ഏകദേശം നാല് പതിറ്റാണ്ട് കാലത്തേക്ക് സ്റ്റാലിന്റെ മരണത്തിനുശേഷം സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം വരെ നിലനിന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ അറുപത്തിആറാം സഥാനം സ്റ്റാലിനാണ്.

തന്റെ മാർഗത്തിന് മുന്നിൽ വിഘ്‌നം നിൽക്കുന്നവരെ -അവർ തനിക്ക് എത്രതന്നെ വേണ്ടപ്പെട്ടവരാണെങ്കിൽ പോലും- വെട്ടിനിരത്താൻ അദ്ദേഹത്തിന് പ്രത്യേകമായ വൈദഗ്ദ്യമുണ്ടായിരുന്നുവത്രെ. അസഹ്യമായ പീഡനമുറകൾ കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കാലത്ത് കേസന്വേഷണവും, കുറ്റസമ്മതവും നടത്തിയിരുന്നത്. എന്ത് കുറ്റവും ഏറ്റെടുക്കാൻ ആരോപിതൻ നിർബന്ധിതനാകുന്ന അവസ്ഥയായിരുന്നു അത്. അത്രമാത്രം കഠിനമായ പീഡനമുറകളായിരുന്നു സ്റ്റാലിന്റെ പൊലീസ് അഴിച്ച് വിട്ടിരുന്നത്. ഉഷ്ണകാലത്ത് തീ കത്തിച്ച ഇടുങ്ങിയ മുറിയിൽ ദിവസങ്ങളോളം താമസിപ്പിക്കുക, ശൈത്യകാലത്ത് ഐസ് നിറച്ച് മുറിയിൽ ആരോപിതനെ നിർത്തുക, ഇരിക്കാൻ അനുവാദം നൽകാതെ ദിവസങ്ങളോളം വെള്ളത്തിൽ നിർത്തുക, ചുമരിനോട് ചാരി കൈവിരലിൽ ഊന്നി തലകീഴായി നിർത്തുക തുടങ്ങിയ മുറകളായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്.

1920 -കളുടെ പകുതി മുതൽ മരണത്തിനു കീഴടങ്ങിയ 1953 വരെ റഷ്യ അടക്കിവാണ കമ്യൂണിസ്റ്റ് നേതായിരുന്നു ജോസഫ് വിസ്സാരിയോനോവിച്ച് സ്റ്റാലിൻ. അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തെക്കുറിച്ചോ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചോ അറിയാൻ ഇടവന്നിട്ടുള്ളവർ റഷ്യയിൽ തന്നെ ചുരുക്കമാണ്. സ്റ്റാലിന്റെ ജീവിതത്തിന്റെ പലഘട്ടങ്ങളിലായി അദ്ദേഹത്തിന്റെ കിടപ്പറ പങ്കിട്ടിട്ടുള്ള, ആ സ്വേച്ഛാധിപതിയുടെ സ്വഭാവത്തിന്റെ എല്ലാ സൂക്ഷ്മവശങ്ങളും അടുത്തറിഞ്ഞ് ഇടപഴകിയിട്ടുള്ള ഏഴു സ്ത്രീകളെക്കുറിച്ച് ഇപ്പോൾ പുസ്തകം ഇറങ്ങിയിട്ടുണ്ട്.

ഭാര്യയെ അടക്കുന്ന കുഴിയിലേക്ക് ചാടിയ സ്റ്റാലിൻ

വല്ലാത്ത നാണക്കാരിയായിരുന്നു സ്റ്റാലിൻ ആദ്യമായി വിവാഹം കഴിച്ച 'കാറ്റോ' എന്നുവിളിച്ചിരുന്ന ഏകാത്തറീന സ്വാനിഡ്സെ എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്നേഹിതർ സന്ദർശനത്തിനായി വീട്ടിലെത്തുമ്പോൾ ലജ്ജിച്ച്, തീന്മേശയ്ക്ക് ചോട്ടിൽ പോയി ഒളിച്ചിരിക്കും അവർ എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. ടിഫിലിസ് സ്പിരിച്വൽ സെമിനാരിയിൽ പഠിച്ചിരുന്ന തന്റെ സഹോദരനായ അലക്‌സാണ്ടറിന്റെ സതീർത്ഥ്യനായിരുന്ന സ്റ്റാലിൻ സഖാവിനെ പരിചയപ്പെടുന്നത് ജ്യേഷ്ഠനൊപ്പം വീട്ടിൽ വന്നപ്പോഴാണ്. ഇരുപത്തിനാലുകാരനായ സ്റ്റാലിന് പ്രഥമദർശനത്തിൽ തന്നെ തന്റെ സഖാവിന്റെ അനിയത്തിയെ ഇഷ്ടമായി. 'കാറ്റോ'യെ വിവാഹം കഴിക്കണം എന്ന തന്റെ ആഗ്രഹം സ്റ്റാലിൻ അറിയിച്ചപ്പോൾ അവൾക്ക് പ്രായം വെറും പതിനാറുമാത്രം. കടുത്ത ദാരിദ്ര്യത്തിൽ പുലർന്നിരുന്ന പെൺവീട്ടുകാർ ഒരേയൊരു നിബന്ധനയേ വെച്ചുള്ളൂ, മോളുടെ കല്യാണം ഒരു പള്ളിയിൽ വെച്ച് ക്രിസ്തീയചടങ്ങുകൾ പ്രകാരം നടത്തണം.

അങ്ങനെ 1906 -ൽ അവർ വിവാഹിതരായി. അതേ വർഷം തന്നെ കാറ്റോ സ്റ്റാലിന് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു നൽകുകയും ചെയ്തു. അവർ അവനെ യാക്കോവ് എന്നു വിളിച്ചു. എന്നാൽ, ആ ദാമ്പത്യം അല്പായുസ്സായിരുന്നു. അടുത്തവർഷം ക്ഷയരോഗത്തിന്റെ രൂപത്തിൽ അകാലമരണം കാറ്റോയെ തേടിയെത്തി. ആ മരണം സ്റ്റാലിനെ ഏറെ ഉലച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ഭാര്യയെ അടക്കുന്ന ചടങ്ങിനിടെ ആ കുഴിയിലേക്ക് വികാരവിക്ഷുബ്ധനായി ഒപ്പം ചാടി സ്റ്റാലിൻ എന്നുവരെ ദൃക്‌സാക്ഷി വിവരണങ്ങളുണ്ട്.

ഒളിവിലെ ലൈംഗിക ജീവിതം

കാറ്റോയുടെ വിയോഗത്തിന് ശേഷം, നാട്ടിൽ നിന്നുണ്ടായ രാഷ്ട്രീയമായ ഭീഷണികൾ കാരണം അഞ്ചു തവണ സ്റ്റാലിൻ സൈബീരിയൻ മരുഭൂമിയിലേക്ക് ഒളിവിൽ കഴിയാൻ വേണ്ടി പോയിട്ടുണ്ട്. ആ അജ്ഞാതവാസങ്ങൾക്കായി, ഒളിവിൽ പാർക്കാൻ പാർട്ടി സംഘടിപ്പിച്ചു നൽകിയ വീടുകളിലെ യുവതികളുമായി രണ്ടു പ്രാവശ്യമെങ്കിലും സ്റ്റാലിന് ശാരീരിക ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് റഷ്യ ബിയോണ്ട് എന്ന റഷ്യൻ വെബ്‌സൈറ്റ് പറയുന്നുണ്ട്.

സ്റ്റാലിന്റെ ഒളിവിലെ ആദ്യത്തെ പ്രണയത്തിന്റെ പേര് മരിയാ കുസാക്കോവ എന്നായിരുന്നു. നാലുമക്കളുള്ള ഒരു വിധവയായിരുന്നു അവർ. 1911 -ൽ അവർ തന്റെ വീട്ടിലെ ഒരു മുറി വാടകയ്ക്ക് കഴിയാൻ സ്റ്റാലിന് നല്കിയതായിരുന്നു മരിയ. ഒളിവുകാലം പുരോഗമിക്കുന്നതിനിടെ അവർ സ്റ്റാലിനിൽ നിന്ന് ഗർഭം ധരിച്ചു. എന്നാൽ അതിനടുത്ത വർഷം, അതായത് 1912 -ൽ സ്റ്റാലിന് പാർട്ടിയിൽ നിന്ന് അടുത്ത സ്ഥലത്തേക്ക് പാർട്ടിയുടെ ബ്രാഞ്ചുതുടങ്ങാനും വിപ്ലവം നയിക്കാനുമുള്ള നിർദ്ദേശം കിട്ടുന്നു. അത് സൈബീരിയയിൽ നിന്ന് ഏറെ ദൂരെയായിരുന്നു. രായ്ക്കുരാമാനം സ്ഥലംവിടേണ്ടി വന്നതുകൊണ്ട്, മരിയയിൽ തനിക്കുപിറന്ന മകനെ, കോസ്ത്യയെ ഒരുനോക്ക് കാണാനുള്ള യോഗം പോലും സ്റ്റാലിന് സിദ്ദിഖുന്നില്ല.

37 കാരൻ 14കാരിയിൽ കുട്ടിയുണ്ടായപ്പോൾ

ഒളിവിലെ അടുത്ത പ്രണയം, അടുത്ത സൈബീരിയൻ ഒളിവുകാലത്ത്, 1914 -ൽ ലിഡ പെരെപ്രിഗിനയുമായിട്ടായിരുന്നു. അപ്പോഴേക്കും സ്റ്റാലിനെന്ന വിപ്ലവകാരിക്ക് വയസ്സ് 37 പിന്നിട്ടിരുന്നു. ഇത്തവണ പ്രണയത്തിലായ കർഷകകുടുംബത്തിലെ പെൺകുട്ടിക്ക് പ്രായം വെറും പതിനാലുമാത്രം. അതും ഇതുപോലെ വാടകയ്ക്ക് കഴിഞ്ഞ ഒരു വീട്ടിലെ പെൺകുട്ടിയായിരുന്നു. അവർ തമ്മിൽ രണ്ടു വർഷത്തോളം തുടർന്ന പ്രണയം രണ്ടു പ്രസവങ്ങളിൽ കലാശിച്ചു. ആദ്യത്തെ കുഞ്ഞ് പിറന്നു വീണ് അധികനാൾ കഴിയും മുമ്പേ ജ്വരബാധയാൽ മരിച്ചു പോയി. രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത് 1917 ഏപ്രിലിൽ ആണ്. ആ കുഞ്ഞിനെ അലക്‌സാണ്ടർ എന്നുപേരിട്ടു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഴപ്പിച്ചു എന്നും പറഞ്ഞ് ആ ഗ്രാമത്തിലെ ചിലർ ചേർന്ന് അന്ന് സ്റ്റാലിനെ തടഞ്ഞു വെക്കുന്നുണ്ട്. ആ ജനക്കൂട്ടത്തിന്റെ മുന്നിൽ വെച്ച് താൻ 'ലിഡയെ വിവാഹം കഴിച്ചുകൊള്ളാം' എന്ന് വാക്കുനല്കിയാണ് അന്ന് സ്റ്റാലിൻ തടി കഴിച്ചിലാക്കുന്നത്. എന്നാൽ, അവിടത്തെ തന്റെ ഒളിവുജീവിതം മതിയാക്കാൻ പാർട്ടി പറഞ്ഞ അന്ന് ഒരാളോടും ഒരക്ഷരം മിണ്ടാതെ സ്റ്റാലിൻ അവിടെ നിന്ന് കടന്നുകളഞ്ഞു.

ഒളിവിൽ സ്റ്റാലിന്റെ തൃഷ്ണകൾ ശമിപ്പിച്ച, അദ്ദേഹത്തിൽ നിന്ന് ഗർഭം ധരിച്ച ഈ രണ്ടു സ്ത്രീകളും പിന്നീട് തങ്ങളെ സ്വീകരിക്കണം എന്നുകാട്ടി സ്റ്റാലിന് കത്തെഴുതിയിരുന്നു എങ്കിലും അദ്ദേഹം ആ കത്തുകൾക്കൊന്നും മറുപടി അയച്ചതേയില്ല. പിന്നീട്, സ്റ്റാലിന്റെ അധികാരം ശക്തമായ 1930 -കളിൽ തങ്ങളുടെ മക്കളുടെ പിതൃത്വം രഹസ്യമായി സൂക്ഷിച്ചുകൊള്ളാം എന്ന രഹസ്യമായ ഉടമ്പടിയിൽ ഇരുവരെയും കൊണ്ട് നിർബന്ധിച്ച് ഒപ്പിടീക്കുകയാണ് സ്റ്റാലിൻ ചെയ്തത്.

ഹൃദയം തകർന്ന് ആത്മഹത്യ ചെയ്ത ഭാര്യ

നാദെഷ്ദ സ്റ്റാലിന്റെ രണ്ടാമത്തെ ഭാര്യയാണ്. അവരുമായുള്ള സ്റ്റാലിന്റെ വൈവാഹിക ബന്ധം ഒരു വ്യാഴവട്ടക്കാലം നീണ്ടുനിന്നു. നാദിയയുടെ അമ്മ ഓൾഗ, സ്റ്റാലിന്റെ സുഹൃത്തായിരുന്നു. ബാക്കുവിലുള്ള അവരുടെ വീട്ടിൽ സ്റ്റാലിൻ പലവട്ടം പോയിട്ടുണ്ട്. ഒരിക്കൽ കടലിൽ വീണുപോയ നാദിയയെ സ്റ്റാലിൻ നീന്തിച്ചെന്നു രക്ഷിച്ചതിന്റെയും സാക്ഷ്യങ്ങൾ റഷ്യൻ ചരിത്രത്തിന്റെ ഭാഗമാണ്. സൈബീരിയയിലെ ഒളിവുകാലത്തിനു ശേഷം തന്റെ മുപ്പത്തേഴാം വയസ്സിൽ സ്റ്റാലിൻ തിരിച്ചു വന്നപ്പോഴാണ് നാദിയയുമായി അടുത്തിടപഴകാനുള്ള അവസരം അദ്ദേഹത്തിന് കിട്ടുന്നത്. അന്നും, പതിനാറുകാരിയായ നാദിയക്കായിരുന്നു സ്റ്റാലിനുമായി അസ്ഥിയിൽ പിടിച്ച പ്രണയം. സ്റ്റാലിനെ വിവാഹത്തിന് നിർബന്ധിച്ചതും അവർ തന്നെ. എന്നാൽ, നാദെഷ്ദ അല്ലിലുയേവക്ക് സ്റ്റാലിനോടുണ്ടായിരുന്ന തീവ്രപ്രണയം പന്ത്രണ്ടു കൊല്ലങ്ങൾക്കപ്പുറം അവസാനിച്ചത് അവരുടെ ആത്മാഹുതിയിലാണ്. 1931 -ൽ, തന്റെ വാൾതർ പിസ്റ്റൾ കൊണ്ട് സ്വന്തം നെഞ്ചിലേക്ക് വെടിയുതിർത്തു മരിച്ചുകിടക്കുന്ന നിലയിൽ വീട്ടിലെ പരിചാരകനാണ് നാദെഷ്ദയെ കണ്ടെത്തുന്നത്.

നാദെഷ്ദയെ തുടർച്ചയായി പത്തു തവണ ഗർഭം അലസിപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട് സ്റ്റാലിൻ. ഭർത്താവിന്റെ പരുക്കൻ പെരുമാറ്റം താങ്ങാനാവാതെ ആത്മാഹുതി തിരഞ്ഞെടുത്തതാണ് നാദെഷ്ദ എന്ന് ഒരു വാദമുണ്ട്. നാദെഷ്ദയുടെ അമ്മ ഓൾഗയുമായി തനിക്ക് മുൻകാലബന്ധമുണ്ടായിരുന്നു എന്ന് സ്റ്റാലിൻ ഒരു വഴക്കിനിടെ സൂചിപ്പിച്ചതും, താൻ ഒരു പക്ഷേ സ്റ്റാലിന്റെ മകൾ തന്നെ ആയിരിക്കാൻ സാധ്യതയുണ്ട് എന്നുള്ള ആത്മസംഘർഷവുമാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് റഷ്യൻ ജേർണലിസ്റ്റ് ആയ ഓൾഗ കുഷ്‌കിന റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പക്ഷേ ഒരു പത്രപ്രവർത്തകൻ എഴുതിയ കഥ ഇങ്ങനെയാണ്.:- തന്റെ ഒരു സഹപാഠിയെ വെടിവെച്ച് കൊല്ലാൻ ഭർത്താവ് വിധി പ്രഖ്യാപിച്ചതായി അറിഞ്ഞ ഭാര്യ നാദിയോഷ്‌ക, അദ്ദേഹം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സഹപാഠിക്ക് മാപ്പ് നൽകി വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. കാരണം ആ മനുഷ്യൻ നിരപരാധിയാണെന്ന് സ്ഥാപിക്കപ്പെട്ട് കഴിഞ്ഞിരുന്നു. പക്ഷെ, തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഭാര്യ ഇടപെടുന്നതായാണ് സ്റ്റാലിൻ ഈ സമീപനത്തെ വ്യാഖ്യാനിച്ചത്. തന്നോട് ഇക്കാര്യം സംസാരിക്കാൻ ധൈര്യം കാണിച്ച ഭാര്യക്ക് നേരെ അയാൾ കോപിഷ്ഠനായി പൊട്ടിത്തെറിച്ചു. ഇത് കണ്ട ഭാര്യ അദ്ദേഹത്തോട് പറഞ്ഞുവത്രെ: 'ഇങ്ങനെപ്പോയാൽ സ്വന്തം രക്തത്തിലും മാംസത്തിലും പിറന്ന മകനെപ്പോലും താങ്കൾ പീഡിപ്പിക്കുമല്ലോ? താങ്കളിതാ സ്വന്തം ഭാര്യയെ ഉപദ്രവിക്കുന്നു ഇപ്പോൾ. റഷ്യൻ ജനതയെ മുഴുവൻ പീഡിപ്പിക്കുകയും ചെയ്യുന്നു. അവരെ തീക്കനലിന് മുകളിൽ അങ്ങോട്ടുമിങ്ങോട്ടും മറിച്ച് കൊണ്ടിരിക്കുന്നു ഞാൻ പോവുകയാണ്. താങ്കൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എനിക്ക് ഇനി ഇവിടെ ജീവിക്കേണ്ട'. ഇതുകേട്ട സ്റ്റാലിൻ ഇത്തരം സാഹചര്യങ്ങളോട് സാധാരണ പ്രതികരിക്കാറുള്ള വഴിയിൽ ശാന്തനായി പറഞ്ഞു 'നിനക്ക് രക്തസമ്മർദ്ദം കൂടിയിരിക്കുന്നു... അൽപം ശാന്തമാകൂ'. ഇത്രയും പറഞ്ഞ് പറഞ്ഞ് അദ്ദേഹം തന്റെ സ്വകാര്യമുറിയിൽ ചെന്ന് ഒരു ചഷകം പാനീയവുമായി വന്നു. 'ഇത് കുടിക്കുക... എങ്കിൽ നിനക്ക് അൽപം ആശ്വാസം ലഭിച്ചേക്കും'.

അൽപം കഴിഞ്ഞപ്പോൾ ഒരു ശരീരം ചേതനയറ്റ് ഭൂമിയിൽ പതിക്കുന്ന ശബ്ദം കേട്ട് പാറാവുകാർ ഓടിയെത്തി. സ്റ്റാലിന്റെ ഭാര്യയുടെ മൃതദേഹമാണ് അവർക്ക് തറയിൽ കാണാൻ സാധിച്ചത്. കൂടെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഗ്ലാസ് ചില്ലുകളുമുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ഔദ്യോഗിക മീഡിയകൾ ഈ വാർത്ത പൊതുജനങ്ങളിൽ നിന്ന് മറച്ചുവെച്ചെങ്കിലും ജനസംസാരത്തിലൂടെ കാര്യം പുറംലോകമറിയുകയുണ്ടായി.ഭാര്യയെ കൊന്നയുടനെ സ്റ്റാലിൻ പുറത്തിറങ്ങി ഒന്നുമറിയാത്തവനെപ്പോലെ നൃത്തം ചെയ്യുകയും തമാശ പറയുകയും ചെയ്തുവത്രെ.

മകൻ ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ പരിഹസിച്ചു

ആദ്യഭാര്യയിലുണ്ടായ മകനെയും സ്റ്റാലിൻ നിരന്തരം അവഗണിക്കയും അപമാനിക്കയും ആയിരുന്നു. ഇതി മനം നൊന്ത് അയാൾ സ്വയം നിറയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ടു. അവനു നേരേ ചൊവ്വേ വെടിവയ്ക്കാൻ പോലും അറിയുകയില്ല എന്നായിരുന്നു സ്റ്റാലിന്റെ കളിയാക്കൽ. ഈ മകൻ രണ്ടാം ലോകമഹായുദ്ധത്തിനു ജർമ്മൻ പിടിയിലകപ്പെടുകയും അവർ അയാളെ ബന്ദിയാക്കിവയ്ക്കുകയും ചെയ്തു. അയാൾക്ക് വേണ്ടി സ്റ്റാലിൻ ഒന്നും ചെയ്തില്ല. അന്ന് സ്റ്റാലിന്റെ മകനുപകരം ജർമ്മൻ തടവുകാരെ വിട്ടുകിട്ടണം എന്നായിരുന്നു ജർമ്മൻ സേനയുടെ വാദം. എന്നാൽ 'ഒരു പട്ടാളക്കാരനുപകരം ഒരു പാട് ജനറലുകളെ ആവശ്യപ്പെടുകയോ' എന്ന് പറഞ്ഞ് സ്റ്റാലിൻ ഇത് പരിഹസിച്ച് തള്ളുകയായിരുന്നു. കമ്യൂണിസ്റ്റുകാർ സ്റ്റാലിൻ എന്ന പിതാവിന്റെ ആദർശനിഷ്ഠയെ പുകഴത്താൻ ലോകം മുഴുവൻ പ്രചരിപ്പിക്കുന്ന കഥകളിലൊന്നാണത്.

പക്ഷേ ആ മകൻ എങ്ങനെയെങ്കിലും ഒന്ന് ഒഴിവായിക്കിട്ടണമെന്നായിരുന്നു സ്റ്റാലിന്റെ ആഗ്രഹമെന്ന് ആരും പറയുകയില്ല. ഇയാൾ പിന്നീട് ജർമ്മൻ സൈന്യത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടുന്നതിനിടെ വെടിയേറ്റ് മരിച്ചു. അതേ സമയം തന്റെ ഇഷ്ടക്കാരനായ രണ്ടാം ഭാര്യയിലെ മകനെ സകല സുരക്ഷിതത്വത്തോടും കൂടിയാണ് സ്റ്റാലിൻ സംരക്ഷിച്ചത്. പൈലറ്റായിരുന്ന അയാൾക്ക് രണ്ടാം ലോകയുദ്ധകാലത്ത് വളരെപ്പെട്ടെന്ന് വലിയ ഉദ്യോഗക്കയറ്റങ്ങൾ നൽകി യുദ്ധമുഖത്ത് നിന്ന് സ്റ്റാലിൻ രക്ഷിച്ചു. കള്ളുകുടിയനും പ്രശ്നക്കാരനുമായിരുന്ന അയാളെ സകലർക്കും ഭയവുമായിരുന്നു.

നർത്തകിമാരോട് അടങ്ങാത്ത കമ്പം

അരങ്ങിൽ നൃത്തം ചെയ്തിരുന്ന ബാലെറിനകളോട് സ്റ്റാലിന് അടങ്ങാത്ത ആകർഷണം ഉണ്ടായിരുന്നു എന്ന് മരിയ സ്വാനിസ്ഡേ തന്റെ ഡയറിക്കുറിപ്പുകളിൽ പറയുന്നുണ്ട്. ബാലെറിനകളിൽ സ്റ്റാലിന്റെ പ്രേമഭാജനം ഓൾഗ ലെപ്പെൻഷിൻസ്‌കായ ആയിരുന്നു. തനിക്ക് സ്റ്റാലിനുമായി പ്രേമബന്ധമുണ്ടായിരുന്നു എന്ന് ഓൾഗ ഒരിക്കൽപ്പോലും തുറന്ന് സമ്മതിച്ചിരുന്നില്ല. എന്നാൽ, സ്റ്റാലിൻ ബോൾഷോയി തിയേറ്റർ സന്ദർശിച്ചിരുന്നത് എന്നും ഓൾഗയുടെ പ്രകടനങ്ങളിൽ മതിമറന്നിരിക്കാൻ വേണ്ടിയായിരുന്നു. ഈ പ്രണയബന്ധം ഒരു നിഗൂഢതയായിട്ടാണ് അവസാനം വരെ തുടർന്നത്.

മറ്റൊരു സുപ്രസിദ്ധ റഷ്യൻ ബാലെറിനയായ വേര ദാവീദോവ 'സ്റ്റാലിന്റെ കാമുകിയുടെ കുറ്റസമ്മതങ്ങൾ' എന്ന തന്റെ ആത്മകഥയിൽ സ്റ്റാലിനുമായുള്ള തന്റെ പത്തൊമ്പതുവർഷം നീണ്ടുനിന്ന ശാരീരിക ബന്ധത്തിന്റെ കഥകൾ തുറന്നെഴുതിയിട്ടുണ്ട്. അവർ തമ്മിലെ ആദ്യ രതിസംഗമം തന്നെ ഏറെ നിഗൂഢമായ ഒരു കഥയാണ്. ക്രെംലിനിൽ വെച്ച് നടന്ന ഒരു വിരുന്നിനിടെ, അന്ന് വിവാഹിതയായിരുന്ന വേര ദാവീദോവക്ക് ഒരു കുറിപ്പ് കിട്ടുന്നു. 'സ്റ്റാലിൻ കൊണ്ടുചെല്ലാൻ ആളയച്ചിരിക്കുന്നു, ഡ്രൈവർ പുറത്ത് കാത്തുനിൽപ്പുണ്ട്'. ആ വാഹനത്തിൽ ഒരു രഹസ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം അവിടെ നിന്ന് നേരെ സ്റ്റാലിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു ദാവീദോവയെ.

ചെന്നപാടെ നല്ല കടുപ്പത്തിൽ ഒരു കാപ്പിയിട്ടു നൽകി സ്റ്റാലിൻ. അതിനു ശേഷം അടുത്ത മുറിയിലേക്ക് ദാവീദോവയെ ആനയിച്ചു അദ്ദേഹം. ആ മുറിയിൽ വലിയൊരു സോഫ കിടപ്പുണ്ടായിരുന്നു. മുറിയിൽ കേറി സോഫയിൽ ഇരുന്ന പാടെ, ലൈറ്റണച്ചോട്ടെ എന്ന് ദാവീദോവയോട് സ്റ്റാലിൻ അനുവാദം ചോദിച്ചു. വെളിച്ചം മുഖത്തു വീഴുന്നത് സംഭാഷണത്തിന് തടസ്സമാകും എന്നുകൂടി പറഞ്ഞ്, തന്റെ അതിഥിയുടെ അനുവാദത്തിനു കാക്കാതെ സ്റ്റാലിൻ മുറിയിലെ വെളിച്ചം പാടെ കെടുത്തി. അതിനു ശേഷം കോമ്രേഡ് സ്റ്റാലിന്റെ വായിൽ നിന്ന് വന്നത് അവരെ ഞെട്ടിച്ച ഒരു വാചകമായിരുന്നു, ' കോമ്രേഡ് ദാവീദോവ, വിവസ്ത്രയാകൂ, എത്രയും പെട്ടെന്ന്...'

'ഞാൻ എങ്ങനെ ആ നിർദ്ദേശം അവഗണിക്കും. എങ്ങനെ അദ്ദേഹത്തോട് സഹകരിക്കാതിരിക്കും. ആ നിമിഷത്തെ വിസമ്മതം എന്നെ കൊണ്ടുചെന്നെത്തിക്കുക ഗുലാഗിൽ ആയിരിക്കും എന്നെനിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. എന്റെ ബലേറിന കരിയർ അതോടെ അസ്തമിക്കും. എന്നെ അദ്ദേഹം കൊടിയ മർദ്ദനങ്ങൾക്ക് വിധേയയാക്കി വധിക്കാനും മടിച്ചേക്കില്ലെന്നും എനിക്കറിയാമായിരുന്നു. ' എന്ന് ദാവീദോവ പിൽക്കാലത്ത് തന്റെ ആത്മകഥയിൽ എഴുതി. കോമ്രേഡുമായുള്ള ദാവീദോവയുടെ രഹസ്യബന്ധം തുടർന്ന് പോയ കാലത്ത് മോസ്‌കോയിലെ പോഷ് ഏരിയയിൽ തന്നെ അവർക്ക് താമസിക്കാൻ ഒരു രണ്ടുമുറി അപ്പാർട്ട്മെന്റ് കിട്ടി. അക്കാലയളവിൽ തന്നെ രാഷ്ട്രസേവന മികവിനുള്ള വിശ്രുതമായ സ്റ്റാലിൻ പുരസ്‌കാരം മൂന്നുതവണ ദാവീദോവയെ തേടിയെത്തി.

സ്നേഹിച്ചത് അവസാനത്തെ സ്ത്രീ മാത്രം

സ്റ്റാലിന്റെ അവസാന കാലത്ത് അദ്ദേഹത്തിന്റെ മാളികയിൽ പരിചാരികയായി നിയുക്തയായ മധ്യവയസ്‌കയായിരുന്നു വാലിയ ഇസ്തോമിന. അക്കാലത്ത് അങ്ങനെ നിയോഗിക്കപ്പെടുന്ന പരിചാരികമാരുടെ കർത്തവ്യങ്ങളിൽ ഒന്ന് യജമാനന്മാരുടെ മൃഗതൃഷ്ണകളുടെ ശമനവും കൂടി ആയിരുന്നു. സത്യത്തിൽ സ്റ്റാലിനുവേണ്ടി റിക്രൂട്ട് ചെയ്തതല്ലായിരുന്നു വാലിയയെ. ജനറൽ നിക്കോളായി വ്ലാസിക്കിന് വേണ്ടിയായിരുന്നു അവരെ അവിടേക്ക് കൊണ്ടുവന്നത്. വന്നപാടെ കോമ്രേഡ് സ്റ്റാലിൻ ഒരു വിരുന്നിൽ വച്ച് വാലിയയെ ഒരു നോക്ക് കാണുകയും, ഇഷ്ടപ്പെട്ട് സ്വന്തം പരിചാരികയായി നിയമിക്കുകയുമാണ് ഉണ്ടായത്. സ്റ്റാലിൻ താത്പര്യം പ്രകടിപ്പിച്ചതോടെ ജനറൽ നിക്കോളായി പിന്മടങ്ങി. അടുത്ത ദിവസം തൊട്ട് സ്റ്റാലിന്റെ തീന്മേശയിൽ ഭക്ഷ്യമെത്തുന്നുണ്ട് എന്നുറപ്പിക്കുകയും, അദ്ദേഹത്തിന്റെ കിടക്കവിരി ചുളുങ്ങാതെ സൂക്ഷിക്കുകയുമായി വാലിയയുടെ പണി. പതിനേഴു വർഷക്കാലം അവർ സ്റ്റാലിനെ സേവിച്ച് ആ മാളികയിൽ കഴിഞ്ഞുപോന്നു. അതിനിടെ വ്ലാസിക് വീണ്ടുമെത്തി വാലിയയെ ബലാത്സംഗം ചെയ്യുന്നു. ആ സംഭവത്തെ വാലിയ തന്നോട് കാണിച്ച വഞ്ചനയായി വ്യാഖ്യാനിച്ച സ്റ്റാലിൻ, അവരെ അറസ്റ്റു ചെയ്ത് കുപ്രസിദ്ധമായ കോളിമ ടോർച്ചർ ക്യാമ്പിലേക്ക് പറഞ്ഞയക്കുന്. വ്ലാസിക്കിനും മറ്റൊരു ക്യാമ്പിലെ പീഡനങ്ങൾ ശിക്ഷയായി വിധിക്കപ്പെട്ടു. എന്നാൽ, കോളിമ ക്യാമ്പിൽ ചെന്നിറങ്ങിയപ്പോഴേക്കും, വാലിയയെകൂടാതെ തനിക്ക് ജീവിക്കാനാവില്ല എന്ന തിരിച്ചറിവുണ്ടായ സ്റ്റാലിൻ അവരെ തിരികെ കൊണ്ടുവരാൻ വേണ്ടി പറഞ്ഞയച്ച വാഹനം അവരെ കാത്തിരിപ്പുണ്ടായിരുന്നു.

അങ്ങനെ അവർ വീണ്ടും മോസ്‌കോയിൽ എത്തി. അവസാനകാലത്ത് സ്ട്രോക്കുവന്നു മലമൂത്രാദികളിൽ വീണുകിടന്ന സ്റ്റാലിനെ പരിചരിച്ചതും, മരണം വരെ അയാളുടെ മലമൂത്രാദികൾ കോരി അയാളെ പരിചരിച്ചതും ഒക്കെ വാലിയ ഒറ്റയ്ക്കായിരുന്നു. ഒടുവിൽ 1953 മാർച്ച് 5 -ന് സ്റ്റാലിൻ മരിച്ചു എന്ന സ്ഥിരീകരണമുണ്ടായപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ആർത്തലച്ചു കരഞ്ഞതും വാലിയ തന്നെ.സ്റ്റാലിന്റെ മകൾ സ്വെറ്റ്‌ലാനയുടെ ഏറ്റവും അടുത്ത സ്നേഹിതരിൽ ഒരാളായിരുന്നു വാലിയ. അവർ തന്റെ അച്ഛന്റെ ജീവിതത്തിലെ അവസാനത്തെ സ്ത്രീയെക്കുറിച്ച് തന്റെ 'ഒരു സുഹൃത്തിനുള്ള 21 കത്തുകൾ'എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി, ' എന്റെ അച്ഛനോളം നന്മയുള്ളൊരു പുരുഷൻ ഈ ലോകത്ത് വേറെയില്ലെന്നുതന്നെയാണ് വാലിയ മരിക്കും വരെ ആത്മാർഥമായി വിശ്വസിച്ചിരുന്നത്'

ആത്മബന്ധം മകളുമായി മാത്രം

സ്റ്റാലിന് ആത്മബന്ധം ഉണ്ടായിരുന്ന എക വ്യക്തി മകൾ സ്വെത്‌ലാന മാത്രം ആയിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.സ്റ്റാലിന്റെ അവസാനകാലമായിട്ടും റഷ്യയിൽ ഗൂഢാലോചനകളുടെയും ശിക്ഷകളുടെയും കാലം പൂർണമായും ഒഴിവായിരുന്നില്ല. ഡോക്ടർമാരുടെ ഗൂഢാലോചന എന്നറിയപ്പെടുന്ന ഒന്നിന്റെ ഫലമായി സ്റ്റാലിന്റെ അടുത്ത അനുയായികളിൽ ഒരാളും ഒരുപക്ഷേ, അദ്ദേഹത്തിന്റെ പിന്തുടർച്ചതന്നെയുമാകാമായിരുന്ന ഷഡാനോവ് 1948-ൽ കൊലചെയ്യപ്പെട്ടു എന്നാണ് കരുതുന്നത്. അമേരിക്കൻ ബ്രിട്ടീഷ് ചാരസംഘടനയ്ക്കുവേണ്ടി ഒരുസംഘം ഡോക്ടർമാർ പ്രവർത്തിച്ചുവെന്നാണ് കണ്ടെത്തിയത്.

അപ്പോഴേക്കും നേതൃത്വപ്രഭാവത്തിന്റെ അത്യുന്നതങ്ങളിലേക്ക് ഉയർന്നുകഴിഞ്ഞിരുന്ന സ്റ്റാലിൻ വാർധക്യത്തിന്റെ കൂടി ഭാഗമാകാവുന്ന ഏകാകിതയിലേക്കു നീങ്ങിത്തുടങ്ങിയിരുന്നു. ഷഡാനോവിന്റെ മകനെ വിവാഹം കഴിച്ചിരുന്ന സ്വെത്‌ലാന വിവാഹമോചിതയാവുകയും ചെയ്യുന്നുണ്ട്. സ്റ്റാലിന്റെ കൂടെ താമസിക്കാനുള്ള ക്ഷണം നിരസിച്ച് ഷഡാനോവിന്റെ വീട്ടിലേക്കു പോയതിന് അദ്ദേഹം അവളോടു നേരത്തേ നീരസം പ്രകടിപ്പിക്കുന്നുണ്ട്. പിന്നീട് വിവാഹമോചിതയായ മകൾക്കും കുട്ടികൾക്കും, തന്റെ മൂത്ത മകൻ യാക്കോബിന്റെ മകൾക്കും സ്റ്റാലിൻ ചെറിയ ചെറിയ സാമ്പത്തികസഹായങ്ങൾ ചെയ്തുപോന്നിട്ടുണ്ട്. സ്വെത്‌ലാനയുമായി പല കാര്യങ്ങളിലും വിയോജിക്കുകയും കലഹിക്കുകയുമൊക്കെ ചെയ്യുമ്പോഴും അദ്ദേഹം അവളുടെ സാമീപ്യം ഇഷ്ടപ്പെടുകയും അവളെ ആഴത്തിൽ സ്‌നേഹിക്കുകയും ചെയ്തിരുന്നു എന്നാണ് സ്വെത്‌ലാന പില്ക്കാലത്ത് സുഹൃത്തിനെഴുതിയ കത്തുകൾ തോന്നിക്കുക.

സ്വെത്‌ലാനയും സ്റ്റാലിനും തമ്മിലുള്ള ഊഷ്മളബന്ധവും മകളെ എങ്ങനെയാണദ്ദേഹം കണ്ടതെന്നും മനസ്സിലാക്കാനുതകുന്ന ഒരു സന്ദർഭം സ്വെത്‌ലാനയുടെ ഒരു വർഷം മാത്രം എന്ന പുസ്തകത്തിലുണ്ട്. സ്റ്റാലിൻ ചിലപ്പോൾ സന്ദർശകരുള്ളപ്പോൾ മകളോടു നൃത്തം ചെയ്യാനാവശ്യപ്പെടുമായിരുന്നു. പലപ്പോഴുമവൾ അടുക്കളയിലേക്കോടിപ്പോകുമായിരുന്നു. കുറച്ചുകഴിഞ്ഞ് തിരിച്ചുവരാതിരുന്നാൽ സ്റ്റാലിനവരെ തിരിച്ചുവിളിക്കും. പലപ്പോഴുമിങ്ങനെയാവും പറയുക: 'സഖാവ്, ആതിഥേയജ്ഞാനികളല്ലാത്ത ഞങ്ങളെ വഴികാണിച്ചു തരാതെ എന്തിനാണുപേക്ഷിച്ചുപോയത്. എങ്ങോട്ടു പോകണമെന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങളെ നയിച്ചാലും, വഴി കാണിച്ചാലും', അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തിൽ മാത്രമല്ലാതെ,സ്റ്റാലിന്റെ വ്യക്തിത്വത്തിലേക്കും ഇത് ചില വെളിച്ചങ്ങൾ വീഴ്‌ത്തും.

അവസാനകാലത്ത് ഏകാകി

വാർധക്യമായതോടെ, രാത്രി മിക്കവാറും ഉറക്കമിളച്ചും പകലുറങ്ങിയും എല്ലാമുള്ള ശീലങ്ങളുമൊക്കെ ചേർന്ന് പൊരുത്തപ്പെടാനോ ആശയസംവേദനത്തിനുപോലുമോ വിഷമമാകുംവിധം സ്റ്റാലിൻ മാറിത്തുടങ്ങിയതായി സ്വെത്‌ലാന നിരീക്ഷിക്കുന്നു. വലിയ സുരക്ഷാസന്നാഹങ്ങൾ സാധാരണ മനുഷ്യരിൽനിന്ന് കൂടുതലദ്ദേഹത്തെ അകറ്റാനാണ് സഹായിച്ചതെന്നുമവർ പറയുന്നു. 'കൂടുതൽ വൃദ്ധനായതോടെ എന്റെ പിതാവ് കൂടുതൽ ഏകാന്തനായി മാറി. അദ്ദേഹമിപ്പോൾ എല്ലാവരിൽനിന്നും ഒറ്റപ്പെട്ടുകഴിഞ്ഞിരുന്നു. അത്രമാത്രം ഉന്നതിയിലായിരിക്കേ ഒരു ശൂന്യതയിലാണദ്ദേഹം ജീവിക്കുന്നതെന്നും തോന്നി. അദ്ദേഹത്തിന് സംസാരിക്കാൻ ഒരാളുപോലുമുണ്ടായിരുന്നില്ല.' സ്വെത്‌ലാനയ്ക്ക് സ്റ്റാലിനിൽനിന്ന് കിട്ടിയ അവസാനത്തെ കത്ത് സ്റ്റാലിൻ എല്ലാറ്റിനെയും എങ്ങനെ റഷ്യയുടെ താത്പര്യവുമായി ചേർത്തു മാത്രം ചിന്തിച്ചുവെന്ന് വ്യക്തമാകും.

അച്ഛനും മകളും തമ്മിലുണ്ടായിരുന്ന, സ്റ്റാലിനിൽ ഒരുപക്ഷേ, ഏറെ മൃദുലഭാവങ്ങൾ പ്രകടമായിത്തന്നെ കാണുന്ന ബന്ധത്തിൽവരെയിതുണ്ട്. 'പ്രിയ സ്വെതോക്കാ, നീയിത്ര എളുപ്പം സുഖപ്പെട്ടു എന്നതിൽ ഞാനേറെ സന്തുഷ്ടനാണ്. കിഡ്‌നി രോഗം ഒരു ഗൗരവമുള്ള കാര്യമാണ്.... ഞാൻ നിന്നെ ഉപേക്ഷിച്ചു എന്ന തോന്നൽ എങ്ങനെയാണ് നിനക്കുണ്ടായത്? ഇങ്ങനെയാണാളുകൾ ഓരോന്നു സങ്കല്പിച്ചെടുക്കുന്നത്. നിന്റെ സ്വപ്നങ്ങളെ വിശ്വസിക്കാതിരിക്കാൻ ഞാനുപദേശിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കുക, നിന്റെ മകളെ നന്നായി നോക്കണം. സർക്കാറിനാളുകളെയാവശ്യമുണ്ട്, അവർ ഗർഭം പൂർത്തിയാകാതെ പ്രസവിച്ചവരായാലും. കുറച്ചുകൂടി ക്ഷമിക്കുക, അധികം വൈകാതെ നമ്മൾ തമ്മിൽ കാണും. എന്റെ സ്വെതോക്കാ... ഞാൻ നിന്നെ ചുംബിക്കുന്നു. നിന്റെ കുഞ്ഞുപപ്പ.'

1952 അവസാനമാണ് സ്വെത്‌ലാന അവസാനമായി സ്റ്റാലിനെ സന്ദർശിക്കുന്നത്. ഉയർന്ന രക്തസമ്മർദം അപ്പോഴദ്ദേഹത്തിനുണ്ടായിരുന്നു. അമ്പതു വർഷമെങ്കിലുമായി സന്തതസഹചാരിയായിരുന്ന പുകയില പൈപ്പും സിഗററ്റുമെല്ലാം പൊടുന്നനേ അദ്ദേഹം നിർത്തി.

മദ്യപനായി മരിച്ച ഇളയമകൻ

പിന്നീട് അറുപതുകളിൽ സോവിയറ്റ് യൂണിയൻ വിട്ട് അമേരിക്കയിലഭയം തേടി തന്റെ പിതാവിന്റെ ഭരണത്തെ സ്വെത്‌ലാന തള്ളിപ്പറയുന്നുണ്ട്. ഇതിനവരെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്, അവർക്കും, സ്റ്റാലിനുതന്നെയും വളരെ അടുപ്പമുണ്ടായിരുന്നതായി പറയുന്ന അവരുടെ മാതൃസഹോദരിയടക്കം കുടുംബവൃത്തങ്ങളിലെ പലരും സ്റ്റാലിന്റെ കാലത്ത് അറസ്റ്റു ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട് എന്നതു കൂടിയാണ്. ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്ന സ്റ്റാലിന്റെ ഇളയമകൻ വാസിലി പിന്നീട് ഒരു മദ്യപനായി മരിക്കുകയാണുണ്ടായത്.

സംശയവും ഗുഢാലോചനകളും അറസ്റ്റും മരണവും അപ്പോഴും ഉയരങ്ങളിലുള്ളവരുടെയെങ്കിലും സന്തതസഹചാരിയായിത്തന്നെയുണ്ട്. 1928 മുതൽ സ്റ്റാലിന്റെ പേഴ്‌സണൽ സെക്രട്ടറിയായി കാര്യങ്ങൾ ഭംഗിയായി നിർവഹിച്ചുപോന്ന അലക്‌സാണ്ടർ ഗ്രോസ്‌ക്രെബൈച്ചേവ് പിരിച്ചുവിടപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തു. ചില രഹസ്യരേഖകൾ അദ്ദേഹം തിരിമറി ചെയ്തതായി പറയുന്നു. സ്റ്റാലിന്റെ സുരക്ഷാച്ചുമതലയുടെ ചീഫായി 25 വർഷമായുണ്ടായിരുന്ന നിക്കോളായ് വൽനിക്ക് 1952 ഡിസംബറിൽ അറസ്റ്റിലായി. സ്റ്റാലിന്റെ സുരക്ഷാച്ചുമതലയുണ്ടായിരുന്ന മേജർ ജനറൽ 1953 ഫെബ്രുവരിയിൽ 'ഹൃദ്രോഗംമൂലം' പെട്ടെന്നു മരിച്ചു. ഇന്ത്യൻ അംബാസഡറായിരുന്ന കെ.പി.എസ്.മേനോനാണ് സ്റ്റാലിൻ അവസാനമായി സ്വീകരിച്ച വിദേശപ്രതിനിധി. സംഭാഷണമധ്യേ സ്റ്റാലിൻ കടലാസിൽ പെൻസിൽകൊണ്ട് ഒറ്റയ്ക്കും ഇരട്ടയ്ക്കും കൂട്ടായുമെല്ലാം ചെന്നായ്ക്കളെ വരച്ചുകൊണ്ടിരുന്നു. ഇതേക്കുറിച്ച് താത്പര്യമെടുത്ത അംബാസഡറോടദ്ദേഹം പറഞ്ഞു: 'റഷ്യൻകർഷകൻ വളരെ ലാളിത്യമുള്ളവനാണെങ്കിലും അറിവുള്ളവനുമാണ്. ചെന്നായ്ക്കൾ അവരെ ആക്രമിക്കുമ്പോൾ അവരവയെ സദാചാരം പഠിപ്പിക്കാനല്ല, പകരം കൊല്ലാനാണ് ശ്രമിക്കുക. ചെന്നായ്ക്കൾക്കിതറിയുകയും ചെയ്യാമെന്നതുകൊണ്ട് അവ അതിനനുസൃതമായി പെരുമാറുകയും ചെയ്യുന്നു.' അമേരിക്കയെക്കുറിച്ചുള്ള സംഭാഷണമധ്യേയായതുകൊണ്ടിത് സാമ്രാജ്യത്വച്ചെന്നായ്ക്കളെക്കുറിച്ചാകുമെന്നാണ് മേനോൻ കരുതിയത്. ഒരുപക്ഷേ, ഇത് വീടിനടുത്തുള്ള ചെന്നായ്ക്കളെക്കുറിച്ചുകൂടിയാകുമോ എന്നു പിന്നീടദ്ദേഹം ചിന്തിക്കുന്നുണ്ട്.

മരണം ദയനീയം, സമയത്തിന് ചികിൽസപോലും കിട്ടിയില്ല

1953 ഫെബ്രുവരി 28. തന്റെ പതിവുസന്ദർശകരായിരുന്ന ബെറിയ, മലങ്കോവ്, ക്രൂഷ്‌ചേവ്, ബുൾഗാനിൻ എന്നിവരോടൊപ്പമദ്ദേഹം കാലത്ത് 4 മണിവരെ ചെലവഴിച്ചു. പരിചാരകർ യജമാനന്റെ ആജ്ഞപ്രകാരം മജാരി എന്ന വീഞ്ഞ് വീണ്ടും നല്കി. സ്റ്റാലിനതിനെ ജ്യൂസ് എന്നാണു വിളിക്കുക. ഒടുവിൽ സന്ദർശകർ പിരിഞ്ഞ് പതിവു ജോലിക്കാരൻ വാതിലടച്ചു.

എനിക്കിനിയൊന്നും ആവശ്യമില്ലെന്നുപറഞ്ഞ് അദ്ദേഹം അവരെയെല്ലാം ഉറങ്ങാൻ പറഞ്ഞയച്ചു. വീര്യം കൂടിയ മദ്യമൊന്നുമില്ലാതെ വെറും വീഞ്ഞുമാത്രമായിരുന്നു അന്നെന്ന് ജോലിക്കാരനോർക്കുന്നു. സ്റ്റാലിൻ അസ്വസ്ഥനായാണ് ഉറങ്ങാൻ പോയത്. പക്ഷേ, അടുത്ത ദിവസം ഞായറാഴ്ച അദ്ദേഹം പതിവുപോലെ ഉണർന്നില്ല. ഉച്ചയ്ക്ക് ഒരു മണിയായിട്ടും ഉണരാതിരുന്നപ്പോൾ ജോലിക്കാരൻ ഭയന്നുതുടങ്ങി. പക്ഷേ, ഒച്ചയനക്കമൊന്നുമില്ലെങ്കിൽ അകത്തുചെല്ലരുതെന്നും എങ്കിൽ കഠിനമായി ശിക്ഷിക്കുമെന്നും അദ്ദേഹം പതിവായി പറയാറുണ്ട്. രാത്രി പത്തുമണിയായിട്ടും തമ്മിൽ ചർച്ചചെയ്തും ആരും അകത്തുകടക്കാൻ ഭയന്നുമവർ കഴിച്ചുകൂട്ടി.

ഒടുവിൽ യാദൃച്ഛികമായി വന്ന കേന്ദ്ര കമ്മിറ്റിയുടെ ഒരു മെയിൽ സൗകര്യമായെടുത്ത് ഒരാൾ അകത്തു കടന്നു. ചെറിയ ഭക്ഷണമുറിയുടെ തറയിൽ വീണുകിടക്കുന്ന യജമാനനെയാണയാൾ കണ്ടത്. അപ്പോഴും അദ്ദേഹത്തിനു ബോധമുണ്ടായിരുന്നു. അയാളോടിച്ചെന്ന് സഖാവ് സ്റ്റാലിൻ എന്താണ് കുഴപ്പം എന്നു ചോദിച്ചതിനു കിട്ടിയ മറുപടി പക്ഷേ, അവ്യക്തമായ ഞരക്കങ്ങൾ മാത്രമായിരുന്നു. മേശപ്പുറത്തെ മിനറൽ വാട്ടർ എടുക്കാൻ കൈനീട്ടിയപ്പോഴാകണമദ്ദേഹം വീണത്. വീണ്ടുമദ്ദേഹം കൂർക്കംവലിച്ചുറക്കത്തിലായി. ഓടിവന്ന മറ്റുള്ളവരും ചേർന്ന് അദ്ദേഹത്തെ സോഫയിൽ കിടത്തി.

ഉടനെ ഉത്തരവാദപ്പെട്ടവർക്ക് ഫോൺകോളുകൾ പോയി. കെ.ജി.ബി.തലവൻ അങ്ങേത്തലയ്ക്കൽ ഞെട്ടി, ബെറിയയെയും മലങ്കോവിനെയും ബന്ധപ്പെടാനവരോടു പറഞ്ഞു. ഒടുവിലവർക്ക് മലങ്കോവിനെ കിട്ടി. അയാൾക്ക് ബെറിയയെ ഫോണിലൂടെ കിട്ടിയില്ല. ഒടുവിൽ ബെറിയയുടെ ഫോൺ വന്നു. സ്റ്റാലിന്റെ രോഗത്തെപ്പറ്റി ആരോടും ഒന്നും പറയരുത് എന്നു പറയുകയല്ലാതെ മണിക്കൂറുകൾ കഴിഞ്ഞും ആരും രോഗിയുടെ അടുത്തെത്തിയില്ല; പരിചാരകരൊഴിച്ച്.ഒടുവിൽ പുലർച്ചെ മൂന്നു മണിക്ക് മലങ്കോവും ബെറിയയും ഒരുമിച്ച് കാറിലെത്തി. സ്റ്റാലിനെ നോക്കി ബെറിയ പറഞ്ഞു, 'നിങ്ങളെന്തിനാണിങ്ങനെ പേടിക്കുന്നത്. അദ്ദേഹം നല്ല ഉറക്കത്തിലാണ്.' അവരദ്ദേഹത്തോട് ഉണ്ടായത് പറഞ്ഞു. വെറുതേ ഞങ്ങളെക്കൂടി പേടിപ്പിക്കരുത്, സഖാവ് സ്റ്റാലിനെ ശല്യം ചെയ്യരുതെന്നുകൂടി പറഞ്ഞവർ പോയി. എട്ടുമണിക്ക് ക്രൂഷ്‌ചേവ് എത്തി. എന്നിട്ടും ഒമ്പതരയോടെയാണ് ഡോക്ടർമാരെത്തിയത്. പേടിച്ച് കൈവിറച്ചുകൊണ്ടാണദ്ദേഹത്തെ അവർ പരിശോധിച്ചത്. തലച്ചോറിൽ ഞരമ്പു പൊട്ടിയതാണെന്ന നിഗമനത്തിലാണവരെത്തിയത്. അപ്പോഴേക്കും ആളുകളെത്തിത്തുടങ്ങിയിരുന്നു.

ഇടയ്ക്ക് സ്വെത്‌ലാന സ്റ്റാലിനെ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്റ്റാലിനെ ടെലിഫോണിലവിടെ കിട്ടുക എളുപ്പമായിരുന്നില്ല. ആദ്യം ഗാർഡ്‌പോസ്റ്റിൽ വിളിക്കണം. തുടർന്നൊരാൾ ചെന്ന് സ്റ്റാലിന്റെ മുറിയിൽ അനക്കമുണ്ടോയെന്ന് നോക്കണം, ഇല്ലെങ്കിൽ അദ്ദേഹം ഉറങ്ങുകയോ വായിക്കുകയോ നിശ്ശബ്ദമായി എന്തെങ്കിലും എഴുതുകയോ ആകും. എങ്കിൽ ശല്യം ചെയ്യരുത്. ഇത്തവണയും സ്വെത്‌ലാനയ്ക്കു കിട്ടിയ മറുപടി അനക്കമില്ല എന്നാണ്.

തിങ്കളാഴ്ച രാവിലെ സ്വെത്‌ലാനയെ അക്കാദമിയിലെ ക്ലാസ്മുറിയിൽനിന്ന് മലങ്കോവ് വിളിച്ചുവരുത്തി. ക്രൂഷ്‌ചേവും ബുൾഗാനിനും അവരെ പിതാവിനടുത്തേക്കു നയിച്ചു. ഡോക്ടർമാരും ഉപകരണങ്ങളും നേതാക്കളുമെല്ലാമായവിടം തിരക്കായിരുന്നു. സ്വെത്‌ലാന അച്ഛനെ ചുംബിച്ച് കൈപിടിച്ചുകൊണ്ടിരുന്നു. സഹോദരൻ വാസ്സിലിയെയും വിളിച്ചുവരുത്തിയിരുന്നു. അയാൾ ഡോക്ടർമാരെ ഉച്ചത്തിൽ ശപിച്ചു. അവരച്ഛനെ കൊല്ലുകയാണെന്നവൻ അലറി വിളിച്ചു.

സ്റ്റാലിന്റെ രോഗവാർത്ത റേഡിയോയിലൂടെയും ഉച്ചഭാഷിണിയിലൂടെയും രാജ്യം മുഴുവനെത്തി. ഒടുവിൽ 1953 മാർച്ച് 3ന് മക്കളുടെയും ബന്ധുക്കളുടെയും പ്രസീഡിയം അംഗങ്ങളുടെയുമെല്ലാം സാന്നിധ്യത്തിൽ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. തന്റെതന്നെ നേതൃത്വത്തിൽ രൂപമെടുത്ത ഔപചാരികക്രമങ്ങളെയും, പരസ്?പരസംശയങ്ങളെയും ഭയാശങ്കകളെയും നിസ്സഹായരായ വേലക്കാരെയും മാത്രം മണിക്കൂറുകളോളം സാക്ഷിയാക്കി ഒരു ഡോക്ടർപോലും പരിശോധിക്കാനില്ലാതെ കിടന്ന് ഒടുവിൽ മരണം ആഘോഷമാക്കി അദ്ദേഹം ചരിത്രത്തോടു വിടപറഞ്ഞു. ഒരുപക്ഷേ, കൃത്യസമയത്ത് വൈദ്യപരിചരണം കിട്ടിയാലും രേഖപ്പെടുത്തപ്പെട്ടപോലെ തലച്ചച്ചോറിൽ രക്തസ്രാവമായിരുന്നുവെങ്കിൽ അദ്ദേഹത്തെ രക്ഷിക്കാനന്ന് കഴിയുമായിരുന്നുമില്ല. സ്റ്റാലിനപ്പോൾ 75-ാമത്തെ വയസ്സായിരുന്നു.സ്റ്റാലിന്റെ മരണം ആസൂത്രിതമായ കൊലപാതകമായിരുന്നു എന്നതരം പ്രചരണങ്ങളുണ്ടായിരുന്നൂ

വാൽക്കഷ്ണം:

സോവിയറ്റ് കാലത്തിനു ശേഷം റഷ്യ മനഃപൂർവം സ്റ്റാലിനെ മറക്കാൻ ശ്രമിക്കയായിരുന്നു. സ്റ്റാലിനു ശേഷം വന്ന പ്രസിഡന്റ് നികിത ക്രൂഷ്ചേവ് തന്നെ അതിനു തുടക്കമിട്ടിരുന്നു. തന്റെ 'കൾട്ട് പേഴ്സണാലിറ്റി' അരക്കിട്ടുറപ്പിക്കാൻ സ്റ്റാലിൻ നിർമ്മിച്ച പ്രതിമകളും സ്ഥലങ്ങളും പതിയെ നീക്കം ചെയ്യുകയാണ് ആദ്യം ചെയ്തത്. അതിനു വേണ്ടി ക്രൂഷ്ചേവ് നടത്തിയ ഒരു പ്രസംഗത്തിനിടെ ഒരാൾ എഴുന്നേറ്റു നിന്നു ചോദിച്ചത്രേ: ''നിങ്ങൾ എന്തുകൊണ്ട് സ്റ്റാലിന്റെ മുഖത്തു നോക്കി ഇതു പറഞ്ഞില്ല..?'' ''ആരാണതു ചോദിച്ചത്?'' ക്രൂഷ്ചേവിന്റെ മറുചോദ്യം. ആരും എഴുന്നേറ്റില്ല. ''ആ, ഇതുപോലെ തന്നെയാണ് ഞാൻ അന്നിതു ചോദിക്കാതിരുന്നത്..''

സ്റ്റാലിനെപ്പറ്റി പ്രചാരത്തിലുള്ള മറ്റൊരു കഥ കൂടി ഇതാ: സ്റ്റാലിനും ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലും കുശലം പറയുകയായിരുന്നു. അതിനിടെ സ്റ്റാലിൻ ചോദിച്ചു. ''വിൻസ്റ്റൺ, എന്താണ് താങ്കളുടെ ഹോബി?''. ''ഞാൻ എന്നെക്കുറിച്ച് ആളുകൾ പറയുന്ന തമാശകൾ ശേഖരിക്കും. താങ്കളുടെയോ..''. ''ഞാൻ എന്നെക്കുറിച്ച് തമാശ പറയുന്ന ആളുകളെ ശേഖരിക്കും..'' എന്നായിരുന്നു സ്റ്റാലിന്റെ മറുപടി!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP