Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ശ്രീലങ്കയിൽ ഭരണഘടനാ പ്രതിസന്ധി രൂക്ഷം; പാർലമെന്റ് പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ കക്ഷികൾ സുപ്രീം കോടതിയിലേക്ക്; പ്രസിഡന്റിന്റെ നടപടിയിൽ വിമർശനവുമായി ലോകരാഷ്ട്രങ്ങളും; ലങ്കയിലെ രാഷ്ട്രീയ അട്ടിമറി ഏവരേയും അമ്പരിപ്പിക്കുന്നത്; ഒടുവിൽ ലങ്കയിൽ ആരാണ് രാവണനാകുന്നത്?

ശ്രീലങ്കയിൽ ഭരണഘടനാ പ്രതിസന്ധി രൂക്ഷം; പാർലമെന്റ് പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ കക്ഷികൾ സുപ്രീം കോടതിയിലേക്ക്; പ്രസിഡന്റിന്റെ നടപടിയിൽ വിമർശനവുമായി ലോകരാഷ്ട്രങ്ങളും; ലങ്കയിലെ രാഷ്ട്രീയ അട്ടിമറി ഏവരേയും അമ്പരിപ്പിക്കുന്നത്; ഒടുവിൽ ലങ്കയിൽ ആരാണ് രാവണനാകുന്നത്?

മറുനാടൻ ഡെസ്‌ക്‌

നാടകീയമായ അട്ടിമറിയിലൂടെയായിരുന്നു ശ്രീലങ്കയിൽ റെനിൽ വിക്രമസിംഗെയ്ക്ക് പ്രധാനമന്ത്രി സ്ഥാനം തെറിക്കുന്നത്. ഇന്ത്യാസന്ദർശന വേളയിൽ ഒക്ടോബർ 26ന് ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) നേതാവ് റെനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയതോടെയാണ് രാജ്യത്ത് രാഷ്ട്രീയ അട്ടിമറി രൂപപ്പെട്ടത്. പകരക്കാരനായി വിക്രമസിംഗെയുടെ ബദ്ധശത്രുവും ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ അമരക്കാരനുമായ മഹീന്ദ രാജപക്സെയെ അവരോധിക്കുകയും ചെയ്തതോടെ ഇവിടെ കടുത്ത രാഷ്ട്രീയപ്രതിസന്ധി ഉടലെടുക്കുകയും ചെയ്തു. പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ നേതാവായ വിക്രമസിംഗെയ പുറത്താക്കിയ ശേഷം സിരിസേന 16 വരെ പാർലമെന്റ് മരവിപ്പിക്കുകയും ചെയ്തു. എന്നാൽ റെനിൽ വിക്രമസിംഗെയ്ക്കു പകരം മഹീന്ദ രാജപക്സെയെ നിയമിച്ച തന്റെ നടപടിക്ക് പാർലമെന്റിൽ അംഗീകാരം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പ്രസിഡന്റ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ടതോടെ പ്രതിസന്ധി രൂക്ഷമായി.

ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടിക്കെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടി, പ്രധാന തമിഴ് പാർട്ടിയായ തമിൾ നാഷനൽ അലയൻസ്, ഇടതുപാർട്ടികൾ എന്നിവയടക്കം 10 സംഘടനകളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കാലാവധി തികയാതെ ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടിയെ അമേരിക്കയും ബ്രിട്ടനും അപലപിച്ചിരുന്നു. രണ്ടു വർഷം കാലാവധി ശേഷിക്കെയാണ് അട്ടിമറിയിലൂടെ വിക്രമസിംഗയെ മാറ്റി രാജപക്സെയെ സിരിസേന പ്രധാനമന്ത്രിയായി അവരോധിക്കുന്നത്. സ്പീക്കർ 14ന് സഭയിൽ ഭൂരിപക്ഷം ആർക്കെന്ന് തെളിയിക്കാനിരിക്കെയാണ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ടത്.

പ്രതിസന്ധിക്കു തുടക്കം കുറിക്കുന്നത് ഫെബ്രുവരിയിൽ
ഫെബ്രുവരിയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ രാജപക്സെ പക്ഷം വിജയം നേടിയതോടെയാണ് രാജ്യത്ത് അനിശ്ചിതത്വം ഉടലെടുക്കുന്നത്. ഇതോടെ യുഎൻപി-യുപിഎഫ്എ ഭരണസഖ്യത്തിൽ വിള്ളൽ വീഴാൻ തുടങ്ങി. തന്റെ കക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസിൽ ഒറ്റപ്പെടൽ നേരിട്ട സിരിസേന വിക്രമസിംഗെയ്ക്കു നൽകിയ പിന്തുണയും പിൻവലിച്ചു. പിന്നീട് രാജപക്സെയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

അധികാരം പങ്കുവയ്ക്കുന്ന കാര്യത്തിൽ നേരത്തെ തന്നെ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്ന സഖ്യത്തിൽ ഉചിതമായ ഒരു സന്ദർഭത്തിനായി കാത്തിരിക്കുകയായിരുന്നു സിരിസേന. സാമ്പത്തിക കാര്യങ്ങൾ, സുരക്ഷ എന്നീ വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്ന സിരിസേന രാഷ്ട്രീയവൃത്തങ്ങളെ ഏറെ അമ്പരപ്പിച്ചുകൊണ്ടാണ് അട്ടിമറി നടത്തിയത്.

ഭരണഘടനയിലെ 42(4) വകുപ്പനുസരിച്ച് പ്രധാനമന്ത്രിയെ നിയമിക്കുന്നത് പ്രസിഡന്റായാൽ പ്രധാനമന്ത്രിയെ പുറത്താക്കാനും തനിക്ക് അധികാരമുണ്ടെന്ന വാദം ഉന്നയിച്ചാണ് സിരിസേന ഈ നടപടിക്കൊരുങ്ങിയത്. തന്നെ വധിക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയായ 'റോ' ശ്രമിച്ചെന്ന ആരോപണവും സിരിസേന ഉയർത്തി. കൂടാതെ വിക്രമസിംഗെ നിയമിച്ച റിസർവ് ബാങ്ക് ഗവർണറുടെ അറിവോടെയുള്ള ബോണ്ട് അഴിമതിയും പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് വിക്രമസിംഗെയെ പുറത്താക്കാൻ കാരണമായി സിരിസേന വെളിപ്പെടുത്തി.

മുമ്പും ഭരണഘടനാ അട്ടിമറി
വിക്രമസിംഗെയെ പുറത്താക്കിയതോടെ സിരിസേനയുടെ യുപിഎഫ്എയും യുഎൻപിയും കൂടിച്ചേരുന്ന ഐക്യസർക്കാരാണ് നിലംപൊത്തിയത്. 2015ലാണ് രജപക്സെയുടെ ദശാബ്ദം നീണ്ട ഭരണം അവസാനിപ്പിച്ച് യുഎൻപിയും യുപിഎഫ്എയും സഖ്യസർക്കാരുണ്ടാക്കിയത്. മഹീന്ദ രജപക്സെയുടെ ഏകാധിപത്യപ്രവണതകളെയും സ്വജനപക്ഷപാതിത്വത്തെയും അഴിമതിയെയും പരസ്യമായി എതിർത്തുകൊണ്ട് രാഷ്ട്രീയരംഗത്ത് വിശ്വാസമാർജിച്ച വ്യക്തിത്വമായിരുന്നു മൈത്രിപാല സിരിസേന. ഇത് ശ്രീലങ്ക ഫ്രീഡം പാർട്ടിയിൽ പിളർപ്പുണ്ടാക്കുകയും രജപക്സെ വിഭാഗം പുറത്തേക്ക് പോകുകയും ചെയ്തു. ശ്രീലങ്കയിലെ മറ്റൊരു പ്രധാന പാർട്ടിയായ യുണൈറ്റഡ് നാഷണൽ പാർട്ടിയുമായി സഖ്യം സ്ഥാപിച്ചാണ് 2015 ലെ തെരഞ്ഞെടുപ്പിൽ ജയിച്ച മൈത്രിപാല സിരിസേന ഐക്യ സർക്കാരുണ്ടാക്കിയത്. വിക്രമസിംഗെയുടെ പിന്തുണയോടെ മൈത്രിപാല സിരിസേന പ്രസിഡന്റുമായി.

എന്നാൽ ഐക്യസർക്കാർ ഭരണം ഏറെ നാൾ കഴിയുന്നതിന് മുമ്പു തന്നെ പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഏറി വന്നുകൊണ്ടിരുന്നു. അതിന്റെ ബാക്കിപത്രമെന്നോണമാണ് വിക്രമസിംഗെയെ അധികാരത്തിൽ നിന്ന് പ്രസിഡന്റ് താഴെയിറക്കിയത്. എന്നാൽ 2015 ൽ പാസാക്കപ്പെട്ട പത്തൊമ്പതാം ഭരണഘടനാ ഭേദഗതിയനുസരിച്ച് പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലരവർഷം അതിനെ പിരിച്ചുവിടാൻ പ്രസിഡന്റിന് കഴിയില്ല. നാലരവർഷം പൂർത്തിയായ പാർലമെന്റിനെ മാത്രമേ പ്രസിഡന്റിന് പിരിച്ചുവിടാൻ കഴിയൂ. അതല്ലെങ്കിൽ പാർലമെന്റിന്റെ മൂന്നിൽ രണ്ടുപക്ഷം ഒരു പ്രമേയത്തിലുടെ പാർലമെന്റ് പിരിച്ചുവിടാൻ അപേക്ഷിക്കണമെന്നാണ് വ്യവസ്ഥ. ഭരണഘടനയിലെ 48(1) അനുസരിച്ചാണെങ്കിലും പ്രധാനമന്ത്രിയുടെ മരണം, രാജി, പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമാകൽ, ബജറ്റിന് പാർലമെന്റ് അംഗീകാരം നൽകാതിരിക്കൽ, പ്രധാനമന്ത്രിയുടെ എംപി സ്ഥാനം നഷ്ടമാകൽ എന്നീ ഘട്ടങ്ങളിലേ പ്രധാനമന്ത്രിയെ പുറത്താക്കാൻ പ്രസിഡന്റിന് അധികാരമുള്ളൂ. എന്നാൽ, വിക്രമസിംഗെ സർക്കാരിനെ പിരിച്ചുവിടുന്നതിൽ മൈത്രിപാല സിരിസേന ഈ ഭരണഘടനാ തത്വങ്ങളൊന്നും പാലിച്ചില്ലെന്ന് മാത്രമല്ല അവ കാറ്റിൽ പറത്തുകയും ചെയ്തു.

പാർലമെന്റ് പിരിച്ചുവിടുന്നതിന് തൊട്ടുമുമ്പ് സിരിസേന രാജ്യത്തെ പൊലീസ് സേനയെ സ്വന്തം അധികാരപരിധിയിലേക്കി. പൊലീസ് വകുപ്പിനെ പ്രസിഡന്റിന്റെ നിയന്ത്രണത്തിലുള്ള സൈനിക വിഭാഗത്തിന്റെ ഭാ?ഗമാക്കി ഉത്തരവിറക്കുകയായിരുന്നു. ഉത്തരവുകളും മറ്റും ഇറക്കാൻ നിയുക്തരായ അച്ചടിവകുപ്പിന്റെ നിയന്ത്രണവും സിരിസേന കൈക്കലാക്കി. റെനിൽ വിക്രമസിം?ഗെയെ പിരിച്ചുവിട്ട ഒക്ടോബർ 26ന് തന്നെ രാജ്യത്തെ എല്ലാ മാധ്യമസ്ഥാപനങ്ങൾക്കും സിരിസേന നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു.

പ്രതിസന്ധി തുടരുന്നു
മഹിന്ദ രജപക്സെയെ പ്രധാനമന്ത്രിയാക്കിയ തീരുമാനത്തിന് സഭയിൽ പിന്തുണകിട്ടില്ലെന്ന് ഉറപ്പായതോടെയാണ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ടത്. സഭയിൽ എട്ട് അംഗങ്ങളുടെ കുറവാണ് സിരിസേനയുടെ സഖ്യത്തിന് ഉണ്ടായിരുന്നത്. ഇതിനിടെ 16 വരെ പാർലമെന്റ് മരവിപ്പിച്ച നടപടി രാജ്യാന്തര തലത്തിൽ തന്നെ വിമർശനത്തിന് ഇടയാക്കിയിരുന്നു. വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ പിന്നീട് ഏഴിന് പാർലമെന്റ് ചേരാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. പാർലമെന്റ് ചേരാനുള്ള തീരുമാനം വൈകിപ്പിക്കുന്നത് എംപിമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിക്രമസിംഗെ പക്ഷം ആരോപിച്ചിരുന്നു. അതേസമയം കോടികൾ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതായി എംപിമാർ വെളിപ്പെടുത്തിയിട്ടുമുണ്ട്.

അതേസമയം പ്രധാനമന്ത്രിയെ പിരിച്ചുവിട്ട തന്റെ നടപടിക്ക് പാർലമെന്റിൽ അംഗീകാരം ലഭിക്കില്ലെന്ന് ഉറപ്പായതോടെ സിരിസേന ഒമ്പതിന് അർധരാത്രി പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു. ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.

തന്നെ പുറത്താക്കിയ പ്രസിഡന്റിന്റെ നടപടി അംഗീകരിക്കാൻ തയാറല്ലെന്നു വ്യക്തമാക്കിയ വിക്രമസിംഗെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഇതുവരെ ഒഴിഞ്ഞിട്ടില്ല. പാർലമെന്റ് പിരിച്ചുവിട്ട് രാഷ്ട്രീയ അനിശ്വിതത്വത്തിലേക്ക് രാഷ്ട്രത്തെ തള്ളിവിട്ട പ്രസിഡന്റിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് യുഎൻപിയുടെ നേതൃത്വത്തിലുള്ള കക്ഷികൾ സുപ്രീം കോടതിയെ സമീപിക്കുന്നതോടെ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ സങ്കീർണമാകും.

കോടതിയിലും പാർലമെന്റിലും തെരഞ്ഞെടുപ്പിലും സിരിസേനയ്ക്ക് എതിരെ പോരാടുമെന്ന് യുഎൻപി നേതാവും മുൻ ധനകാര്യ മന്ത്രിയുമായ മംഗള സമരവീര പ്രതികരിച്ചു. ശ്രീലങ്കൻ ജനാധിപത്യത്തേയും നിയമസംവിധാനത്തേയും സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കേണ്ട സമയമാണിതെന്ന് ശ്രീലങ്കൻ കമ്യൂണിസ്റ്റ് പാർട്ടി ജനതാ വിമുക്തി പെരാമുന (ജെവിപി) ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ കാട്ടിയ അനീതിക്ക് എതിരെ പോരാടാനുള്ള വിശാലസഖ്യത്തിൽ എല്ലാവരും അണിചേരണമെന്ന് ജെവിപി നേതാവ് വിജിത ഹെറാത് അഭ്യർത്ഥിച്ചു.

നഷ്ടം രാജപക്സെയ്ക്ക്
വിക്രമസിംഗെയെ താഴെയിറക്കി പകരം പ്രധാനമന്ത്രിക്കസേരയിലെത്തിയ രാജപക്സെയ്ക്ക് ഇപ്പോൾ പറയാനുള്ളത് നഷ്ടക്കണക്കു മാത്രം. അപ്രതീക്ഷിത നീക്കത്തിലൂടെ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രി പദവും സ്വപ്നമായി. സിരിസേനയെ വിശ്വസിച്ച് ഭരണഘടനാ അട്ടിമറിക്ക് കൂട്ടുനിന്നുവെങ്കിലും രാജപക്സെയയുടെ ആത്മവിശ്വാസം ഇപ്പോൾ ചോർന്നിരിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നൽകിയ ആത്മവിശ്വാസം പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് സഹായമായില്ലെന്നു വേണം പറയാൻ. അതുകൊണ്ടു തന്നെ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി വർഷങ്ങൾ നീണ്ട ബന്ധം ഉപേക്ഷിക്കാൻ രാജപക്സെ തീരുമാനിക്കുകയും ചെയ്തു. സിരിസേനയുമായി പിരിഞ്ഞ രാജപക്സെ ശ്രീലങ്ക പീപ്പിൾസ് പാർട്ടിക്കു രൂപം കൊടുക്കുകയും ചെയ്തു.

2005 മുതൽ ഒരു ദശാബ്ദക്കാലം ശ്രീലങ്ക ഭരിച്ച ഭരണാധികാരിയാണ് എഴുപത്തിരണ്ടുകാരനായ രാജ്പക്സെ. 2015-ലാണ് സിരിസേനയോട് പരാജയപ്പെട്ട് രാജപക്സെയ്ക്ക് അധികാരം നഷ്ടപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP