Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധവളവിപ്ലവത്തിന് ചെന്ന വർഗീസ് കുര്യനെ ഓടിച്ച നാട്; ജൈവകൃഷിയുമായി എത്തിയ വന്ദന ശിവയെ പ്രമോട്ട് ചെയ്തത് ദുരന്തമായി; കടത്തിൽ മേൽ കടം വാങ്ങി ചെലവ് നടത്തുന്ന ഐസക്ക് മോഡൽ ആസൂത്രണം; കുടുംബവാഴ്ച, അടഞ്ഞ വിപണി, സോഷ്യലിസ്റ്റ് മനസ്സ്; ഇപ്പോൾ ദ്വീപ് നിന്ന് കത്തുന്നു; കേരളവും ശ്രീലങ്കയുമായി ഞെട്ടിപ്പിക്കുന്ന സാമ്യതകൾ; പിണറായി അഭിനവ രാജപക്സേയാവുമോ?

ധവളവിപ്ലവത്തിന് ചെന്ന വർഗീസ് കുര്യനെ ഓടിച്ച നാട്; ജൈവകൃഷിയുമായി എത്തിയ വന്ദന ശിവയെ പ്രമോട്ട് ചെയ്തത് ദുരന്തമായി; കടത്തിൽ മേൽ കടം വാങ്ങി ചെലവ് നടത്തുന്ന ഐസക്ക് മോഡൽ ആസൂത്രണം; കുടുംബവാഴ്ച, അടഞ്ഞ വിപണി, സോഷ്യലിസ്റ്റ് മനസ്സ്;  ഇപ്പോൾ ദ്വീപ് നിന്ന് കത്തുന്നു; കേരളവും ശ്രീലങ്കയുമായി ഞെട്ടിപ്പിക്കുന്ന സാമ്യതകൾ; പിണറായി അഭിനവ രാജപക്സേയാവുമോ?

എം റിജു

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിമൂലം ജനം തെരുവിൽ ഇറങ്ങിയപ്പോഴൊക്കെ ഉയരുന്ന സാദൃശ്യങ്ങൾ കേരളത്തോട് ആയിരുന്നു. കേരളം മറ്റൊരു ശ്രീലങ്കയാവുമോ എന്ന ചോദ്യമാണ് ഒരു വിഭാഗം ഉയർത്തിയത്. ആദ്യമേ തന്നെ പറയട്ടെ. അത് ഒരു തെറ്റായ താരതമ്യമാണ്. കേരളം ഒരിക്കലും ശ്രീലങ്കയാവില്ല. അത് കേരളത്തിന്റെ മിടുക്കുകൊണ്ടല്ല, കേരളം ഇന്ത്യൻ യൂണിയന്റെ ഭാഗം ആയതുകൊണ്ടാണ്. ശ്രീലങ്ക ഒരു രാജ്യവും, കേരളം ഒരു സംസ്ഥാനവും മാത്രമാണ്. വിദേശ കരുതൽ ധന ശേഖരം, വെറും രണ്ട് മില്യൺ ഡോളറായി താഴ്ന്നപ്പോഴാണ് ശ്രീലങ്കയിൽ കലാപം തുടങ്ങിയത്. അതോടെ പെട്രോളും ഡീസലും തൊട്ട് വിദേശത്തുനിന്ന് ഒന്നും ഇറക്കുമതി ചെയ്യാൻ കഴിയാത്ത അവസ്ഥയായി. കൊടുക്കാൻ ഡോളർ ഇല്ല. അതിനാൽ ചായക്ക് പാൽ പോലും ഇല്ല. പേപ്പർ വാങ്ങിക്കാൻ പണമില്ലാത്തതിനാൽ പരീക്ഷ മാറ്റിവെച്ചു എന്ന് പറയുന്നതിൽ പോലും അതിശയോക്തിയില്ല.

എന്നാൽ ഇന്ത്യയൂടെ കരുതൽ ധനശേഖരം ഏതാണ്ട് 600 ബില്യൻ ഡോളറാണ്. ഇപ്പോൾ എണ്ണ വില വർധനവിനെ തുടർന്ന് അത് കുറഞ്ഞിട്ടുണ്ടെങ്കിലും നാം സേഫ് സോണിലാണ്. തൊട്ട അയൽ രാജ്യമായ പാക്കിസ്ഥാന്റെ കരുതൽ ധനശേഖരവും വെറും 5 ബില്യൻ ഡോളറായി താഴ്ന്നു. പാക്കിസ്ഥാനും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നേപ്പാളിന്റെ അവസ്ഥയും അതുതന്നെ. ഒരുകാലത്ത് ഐഎംഎഫിനെ പുച്ഛിച്ച് ചൈനയുടെ വായ്‌പ്പക്കായി നടന്ന ഈ രാജ്യങ്ങൾ ഒക്കെ തന്നെ, ഇപ്പോൾ അന്താരാഷ്ട്ര നാണയ നിധിയുടെ സഹായത്തിനായി നിലവിളിക്കുകയാണ്.

പണ്ട് ചന്ദ്രശേഖർ സർക്കാറിന്റെ കാലത്ത് ഇന്ത്യ ഇതുപോലെ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നു. അന്ന് നമ്മുടെ ഡോളർ ശേഖരം കുത്തനെ ഇടിഞ്ഞതിനാൽ, സ്വർണം വിദേശബാങ്കിൽ പണയം വെച്ചത് വലിയ വാർത്തയായിരുന്നു. തുടർന്നുവന്ന നരസിംഹറാവുവിന്റെ സർക്കാർ മന്മോഹൻസിങിന്റെ കാർമ്മികത്വത്തിൽ കൊണ്ടുവന്ന സാമ്പത്തിക ഉദാരീകരണമാണ് സത്യത്തിൽ ഇന്ത്യയെ ശ്രീലങ്കക്ക് സമാനമായ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചത്. അന്ന് ഐംഎഫിൽ നിന്ന് എടുത്ത വായ്പ നാം രണ്ടായിരത്തോടെ പൂർണ്ണമായി അടച്ചു. വിദേശബാങ്കുകളിൽ പണയം വെച്ച സ്വർണം, ഏതാനും വർഷങ്ങൾ കൊണ്ട് തിരിച്ചടച്ചു. ഇന്ന് ഇന്ത്യയുടെ ജിഡിപി വളർച്ച നോക്കുമ്പോൾ, അടുത്തൊന്നും നാം ഇതുപോലെ പാപ്പരാക്കപ്പെടുകയില്ല. സത്യത്തിൽ ഐഎംഎഫ് വായ്‌പ്പയും ഉദാരീകരണവും നമ്മെ രക്ഷിക്കയാണ് ചെയ്തത്. 30 കോടി ജനങ്ങളുടെയെങ്കിലും പട്ടിണി, സാമ്പത്തിക ഉദാരവത്ക്കരണം മൂലം മാറിയെന്നാണ് ബ്ലൂബംഗർഗിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ഇനി കേരളത്തിലേക്ക് വരാം. അതായത് കേരളം എത്ര കടം ഉണ്ടാക്കിവച്ചാലും ഇന്ത്യാ മഹാരാജ്യത്തിന്റെ കരുതൽ ധനശേഖരം ഇടിഞ്ഞ് ഇല്ലാതാവുന്നതുവരെ നാം പേടിക്കേണ്ടതില്ല. നാം ഒരു ഇറക്കുമതി സംസ്ഥാനമാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് ചരക്കുലോറി സമരം ഉണ്ടായാൽപ്പോലും കേരളത്തിന്റെ അടപ്പിളകും. പക്ഷേ ഈ രീതിയിൽ കടക്കെണി പോവുകയാണെങ്കിൽ കേരളവും പ്രശനത്തിലാവും. ഒരുലക്ഷം കോടി രൂപ കടമെടുത്താണ് കെ റെയിലൊക്കെ വരുന്നത്. കടം കയറിയാൽ കേരളം മാത്രം നടത്തേണ്ട ചെലവ് അവതാളത്തിലാവും. 87ലെ നായനാർ സർക്കാറിന്റെ കാലത്ത് ഉണ്ടായ പോലെ ട്രഷറി പൂട്ടിയിടേണ്ടി വരും. കരാറുകാർ തൊട്ട് സർക്കാർ ജീവനക്കാരെ വരെ ഇത് ബാധിക്കും. ശമ്പളം മുടങ്ങും. കെഎസ്ആർടിസിയടക്കം ഒരു പൊതുമേഖലാ സ്ഥാപനത്തെയും സർക്കാറിന് സഹായിക്കാൻ കഴിയാതാവും. റോഡിനും, പാലത്തിനും മറ്റുമായി വികസനത്തിന് കൊടുക്കേണ്ട പണം, കടക്കെണിയുടെ പലിശക്കായി കൊടുക്കേണ്ടി വരും. അതായത് ശ്രീലങ്കയുടെ അത്ര ഭീകരമായ അവസ്ഥ വരില്ലെങ്കിലും, ഈ രീതിയിൽ പോയാൽ കടുത്ത പ്രതിസന്ധിയിലേക്ക് കേരളവും പോവാം.

ശ്രീലങ്ക ഇപ്പോൾ നിന്നു കത്തുകകയാണ്. പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവെച്ചിട്ടും ജനരോഷം അടങ്ങുന്നില്ല. കലാപത്തിൽ നിരവധി പേർ മരിച്ചു. ഇപ്പോൾ ലങ്ക അടിയന്തരമായി ലോണെടുക്കാൻ പോകുന്നത് 300 കോടി ഡോളറാണ്. 700 കോടിയെങ്കിലും വേണമെന്ന് ശ്രീലങ്കൻ ധനകാര്യമന്ത്രി പറയുന്നത്. മൊത്തം ബാധ്യത 5200 കോടി ഡോളറാണ്.

കേരളം ശ്രീലങ്കയാവില്ലെന്ന് ഉറപ്പാണ്. പക്ഷേ ശ്രീലങ്കയും കേരളവുമായി താരമത്യം ചെയ്യുമ്പോഴാണ് അതിശയകരമായ ചില സാദൃശ്യങ്ങൾ നാം കാണുക.

രണ്ടിടത്തും സോഷ്യലിസ്റ്റ് വിഭ്രാന്തി

ലങ്കയിലെ രാജപക്സെമാരുടെ പാർട്ടി രാവണനെ ആരാധിക്കുന്ന, താമരമൊട്ട് ചിഹ്നമായ പാർട്ടിയാണെങ്കിലും അവർ പിന്തുടരുന്ന ആശയങ്ങൾ സോഷ്യലിസമാണ്. അത് പലരും കാര്യമായി ഹൈലൈറ്റ് ചെയ്യുന്നില്ല. പോപ്പുലർ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങളാണ് ശ്രീലങ്കയിൽ മാറിമാറി വന്ന സർക്കാരുകൾ ചെയ്തത്. കേരളത്തിലും അങ്ങനെ തന്നെയാണെന്ന് എടുത്ത പറയേണ്ടതില്ലല്ലോ.

നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകളെപ്പോലെ വിപണി തുറക്കുന്നതിനെയും, സാമ്പത്തിക ഉദാരീകരണത്തെയും എക്കാലവും എതിർത്തവർ ആയിരുന്നു ശ്രീലങ്കയിലെ ഭരണപക്ഷവും പ്രതിപക്ഷവും. ഐഎംഎഫും ലോകബാങ്കുമൊക്കെ അവരരുടെ കണ്ണിൽ വെറും ചൂഷകന്മാർ മാത്രം ആയിരുന്നു. നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകളെപ്പോലെ ചൈനയെ ആയിരുന്നു ശ്രീലങ്കക്ക് കൂടുതൽ വിശ്വാസവും.

പോപ്പുലിസ്റ്റ് നയങ്ങളുടെ ഭാഗമായി ജനങ്ങൾക്ക് വാരിക്കോരി സബ്സിഡികളും, സൗജന്യങ്ങളും കൊടുക്കുന്ന ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അങ്ങേയറ്റം ദുർബലമാണെന്ന് വ്യക്തമാണ്. 18 ശതമാനം വരുന്ന ജിഎസ്ടി 8 ശതമാനത്തിലേക്ക് വെട്ടിക്കുറക്കുകയാണ് ഗോതബായ രാജപക്സേ അധികാരത്തിൽ ഏറിയപ്പോൾ ശ്രീലങ്കയിൽ ഉണ്ടായത്. ഇതിന് വ്യാപകമായി ജനങ്ങളിൽനിന്ന് കൈയടി കിട്ടി. പക്ഷേ പിന്നീട് എന്തുണ്ടായി? നികുതിവരുമാനം കുത്തനെ ഇടിഞ്ഞു. രാജ്യം പാപ്പരായി. കേരളത്തിലും സമാനമായ അവസ്ഥയാണ്. കിറ്റുതൊട്ടുള്ള സൗജന്യങ്ങൾ മറ്റൊരു രീതിയിൽ സമ്പദ് വ്യവസ്ഥക്ക് ദോഷമാണെന്ന് ആരും പഠിപ്പിക്കുന്നില്ല.

സബ്സിഡികളും സൗജന്യങ്ങളും ഇളവുകളുമായി മുന്നോട്ടുപോകുന്ന സമ്പദ് വ്യവസ്ഥയെ ഐഎംഎഫ് പ്രോൽസാഹിപ്പിക്കില്ല. അതുകൊണ്ടുതന്നെ അവർ വായ്‌പ്പ നൽകുമ്പോൾ ഉണ്ടാകുന്ന പ്രധാന കണ്ടീഷനുകളിൽ ഒന്നാണ് ഇവയെല്ലാം കുറയ്ക്കണം എന്നതാണ്. ആദ്യം ഈ കണ്ടീഷണാലിറ്റി കൊണ്ട് ഐഎംഎഫ് വായ്‌പ്പ വേണ്ട എന്ന് പറഞ്ഞവരാണ് ലങ്കൻ സർക്കാർ. കാരണം ഐഎംഎഫിന്റെ വായ്‌പ്പകൾക്ക് എക്കോണമിയുടെ മുഴുവൻ 'ബുക്കും പേപ്പറും' കൃത്യമായിരിക്കണം. വളർച്ചാ നിരക്കുകൾ, പെർഫോമൻസ്, അക്കൗണ്ടബിലിറ്റി, ഇൻഫ്ളേഷൻ, ധന മാനേജ്മെന്റ് എന്നിവക്കൊക്കെ കണക്കുണ്ടായരിക്കണം. മാത്രമല്ല ഐഎംഎഫ് ഉദ്യോഗസ്ഥർ ഇതിനെല്ലാം പരിശോധന നടത്തും. ഇതൊന്നും ലങ്കക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് അവർ അദ്യഘട്ടത്തിൽ ഐഎംഎഫ് വായ്‌പ്പ വേണ്ട എന്ന് പറഞ്ഞത്. എന്നാൽ ഇപ്പോൾ കളിമാറി. ചൈനയിൽനിന്ന് അവർ ഒരു പാഠം പഠിച്ചു.

എന്താണ് ചൈനയുടെ വായ്‌പ്പയും ഐഎംഎഫിന്റെ വായ്‌പ്പയും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം എന്ന് ചോദിച്ചാൽ, അത് ബാങ്ക് വായ്‌പ്പയും ബ്ലേഡ് പലിശയും പോലെയാണെന്ന് പറയാം. നമ്മൾ ഒരു ബാങ്കിൽ ഭവനവായ്‌പ്പയെടുക്കാനോ മറ്റോ വന്നാൽ വന്നാൽ നൂറായിരം ഫോർമാലിറ്റികൾ ആണ്. നമ്മുടെ ഭൂമിയുടെ ഒറിജിനൽ ആധാരവും അടിയാധാരവും കാണണം. മാനേജർ സൈറ്റ് വിസിറ്റ് ചെയ്യണം. പക്ഷേ ബ്ലേഡ് പലിശക്കാരന് ഫോർമാലിറ്റീസ് ഒന്നുമല്ല. അധാരം വാങ്ങുന്നു, ബ്ലാക്ക് ചെക്കുകളിലും മുദ്രപ്പത്രത്തിലും ഒപ്പിടീക്കുന്നു. പണം തരുന്നു. ഒന്ന് നോർമ്മൽ പലിശയും മറ്റേതുകൊള്ളപ്പലിശയുമാണ്. മറ്റൊന്നു കൂടിയുണ്ട്, കൊള്ളപ്പലിശക്കാരന് നിങ്ങൾ വായ്‌പ്പ അടയ്ക്കുന്നതിലല്ല, മുടങ്ങുന്നതിലാണ് സന്തോഷം. കാരണം എന്നാലെ അവന് വീടും പറമ്പും എഴുതിവാങ്ങാൻ കഴിയൂ! സത്യത്തിൽ ഈ ബ്ലേഡുകാരന്റെ അതേ ടെക്ക്നിക്ക് ആണ് ചൈന പയറ്റുന്നത്.

അതായത് തങ്ങളുടെ കടം രാജ്യങ്ങൾ തിരിച്ചടക്കാതിരിക്കയാണ് ചൈനക്ക് സന്തോഷം. കടം കൊടുത്തു അടിമയാക്കുക എന്ന ചൈനീസ് നയതന്ത്രം അഥവാ ഡെബ്റ്റ് ട്രാപ് ഡിപ്ലോമസി അങ്ങനെ വിജയകരമായി ശ്രീലങ്കയിലും ചൈനീസ് വ്യാളി പ്രയോഗിച്ചു കഴിഞ്ഞിരിക്കുന്നു. അങ്ങനെ ലങ്ക ചൈനയുടെ കോളനി ആയി മാറി. പലർക്കുമുള്ള ഒരു പാഠം ആണിത്. 'ഡെപ്റ്റ് -ട്രാപ് ഡിപ്ലോമസി' അഥവാ പണം കടം കൊടുത്തു രാജ്യങ്ങളെ ചൊൽപ്പടിയിൽ കൊണ്ടുവരുന്ന ചൈനീസ് നയത്തെ അങ്ങനെ ആദ്യമായി വിളിച്ചത് 2017ൽ ബ്രഹ്മചെല്ലാനി എന്ന അന്തർദേശീയ വിദഗ്ധനാണ്.

ചൈനയുടെ സമുദ്ര പട്ടുപാതയാണ് ഇതിനു മികച്ച ഉദാഹരണം. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി, ശ്രീലങ്കയിലെ ഹമ്പന്തോട്ട തുറമുഖം, എന്നിങ്ങനെ നിരവധി പദ്ധതികളിലൂടെ ചൈന ഈ നയതന്ത്രം നടപ്പിലാക്കി വരികയാണ്. വായ്പ തിരിച്ചടവ് മുടങ്ങുന്നതോടെ ചൈനയ്ക്ക് അടിയറവു പറയുന്നത് മാലിദ്വീപിന്റെയും ബംഗ്ലാദേശിന്റെയും കാര്യത്തിൽ അനുദിനം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ശ്രീലങ്കയിതാ മുങ്ങിത്താണുകൊണ്ടും ഇരിക്കുന്നു. (അതുപോലെ ബിൽട്ട് ഓൺ റോഡ് പദ്ധതിയുടെ പേരിൽ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖല ഇപ്പോൾ ചൈന കൈയറിയ അവസ്ഥയാണ്. ചൈന അവിടെ സ്വന്തമായി ചെക്ക് പോസ്റ്റുകൾ പോലും തുടങ്ങിക്കഴിഞ്ഞു!) അന്തവും കുന്തവുമില്ലാതെ കടമെടുക്കുന്നവർ ഈ അനുഭവം ഓർക്കണം. ഏറ്റവും ഒടുവിലായി കേരളത്തിൽ ബിവറേജസ് കോർപ്പറേഷൻ വരെ നഷ്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഐസക്ക് മോഡൽ ആസൂത്രണം

അതുപോലെ എത്രകടംവാങ്ങിയാലും കഴുപ്പമില്ല എന്ന് പറയുന്ന രീതിയിൽ ഒരു നമ്മുടെ തോമസ് ഐസ്‌ക്ക് മോഡൽ ആസൂത്രണമാണ് ലങ്കയും പിന്തുടർന്നത്. 'ഐസക്കിസം' എന്ന പേരിൽ തങ്ക ലിപികളിൽ അത് എഴുതിവെക്കേണ്ട സാമ്പത്തിക ശാസ്ത്രമാണത്. ഒരാളിൽ നിന്ന് കടം വാങ്ങുക, അത് വീട്ടാൻ അടുത്തയാളിൽ നിന്ന് കടം, അത് വീട്ടാൽ മൂന്നാമനിൽ നിന്ന്. അങ്ങനെ കടത്തിൻ മേൽ കടം പെരുക്കുക. എന്നിട്ട് അത് പരിഹരിക്കാൻ 'ഡാമിൽ നിന്ന് മണൽ വാരി വിൽക്കും' എന്നൊക്കെയുള്ള നടക്കാത്ത പദ്ധതികൾ പ്രഖ്യാപിച്ച് വെറുതെ ഇരിക്കുക. ഇതേ ലൈനാണ് രാജപക്സെ കുടുംബം പിന്തുടർന്നത്.

കേരളത്തെപ്പോലെ ഉപ്പുതൊട്ട് കർപ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന നാടാണ് ലങ്ക. എന്നിട്ടും അവർ കയറ്റുമതി വർധിപ്പിക്കാനുള്ള യാതൊരു ശ്രമങ്ങളും നടത്തിയില്ല. ബഹുരാഷ്ട്ര കമ്പനികൾ വരുന്നതിനോട് ഈ സോഷ്യലിസ്റ്റ് വിഭ്രാന്തിമൂലം ലങ്കയിലെ ഭരണാധികാരികൾക്ക് ആദ്യഘട്ടത്തിൽ ഇഷ്ടം ഉണ്ടായിരുന്നില്ല. പക്ഷേ അവർ ആഗോളീകരണത്തിലേക്ക് വന്നപ്പോഴേക്കും കാലം ഒരുപാട് മാറിയിരുന്നു.

കയറ്റുമതി വർധിപ്പിച്ച് വിദേശ നാണ്യം നേടാൻ ശ്രമിക്കാതിരുന്നതിന് ഇപ്പോൾ അവർ അനുഭവിക്കയാണ്. പെട്രോളിനും ഡീസലിനും ഭീകര വില. പാചകവാതക സിലണ്ടർ കിട്ടാനില്ലാത്ത അവസ്ഥ. വില വർധനയെ തുടർന്ന് സാധാരണക്കാർ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ നിവൃത്തിയില്ലാതെ പട്ടിണിയിലാണ്. പമ്പുകളിൽ ഇന്ധന ലഭ്യത കുറവായതിനാൽ രാജ്യത്ത് എല്ലായിടത്തും വാഹനങ്ങളുടെ നീണ്ട നിര കാണാം. ചെറിയ കമ്പിൽ രണ്ട് കഷ്ണം കരിഞ്ഞ റൊട്ടിയുമായി തെരുവിലെ പ്രതിഷേധത്തിന് നടുവിൽ അലറിവിളിക്കുന്ന ലങ്കൻ പൗരന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായി. ലങ്കയിലെ റോഡുകളിൽ പ്രതിഷേധക്കാർ ടയറുകളും മറ്റും കൂട്ടിയിട്ട് കത്തിക്കുന്നതും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുന്നതും പതിവ് കാഴ്ചയായി മാറി. 265 ശ്രീലങ്കൻ റുപ്പി നൽകിയാലേ ഒരു യുഎസ് ഡോളർ ലഭിക്കൂവെന്ന സ്ഥിതിയായി.

കേരളത്തിലേക്ക് നോക്കുക, ആഗോളീകരണത്തോടും വിദേശ സംരംഭങ്ങളോടും അടുത്ത കാലം വരെ കേരളവും പിന്തിരിഞ്ഞ് നിന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ മൂലധനം വേണമോ എന്നൊക്കെ സിപിഎം ഇപ്പോഴാണ് ചിന്തിക്കുന്നത്. ജോൺഹോപ്കിൻസ് സർവകലാശലയുടെ ഓഫ് കാമ്പസ് മൂന്നാറിൽ വരുന്നതിനെപ്പോലും ഓടിച്ച് വിട്ടവരാണ് നാം. ഇപ്പോൾ പിണറായിയും കോടിയേരിയും അമേരിക്കയിലെ മയോ ക്ലിനിക്കിലേക്ക് ചികിത്സക്ക് പോവുന്നു. ജോൺഹോപ്കിൻസ് കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിക്ക് രാജകീയ ചികിൽസ ഈ നാട്ടിൽ തന്നെ ലഭിക്കുമായിരുന്നു. സമാനമായ കാര്യങ്ങളാണ് ശ്രീലങ്കയിലും സംഭവിച്ചത്. നല്ല ആശുപത്രികൾ പോലും ഈയടുത്ത കാലത്താണ് ലങ്കയിൽ ഉണ്ടായത്.

അതുപോലെ നവ സംരംഭകരെ സ്വീകരിക്കുന്നതിലും കടുത്ത വിമുഖതയാണ് ലങ്കൻ ഭരണാധികാരികൾ കാട്ടിയിരുന്നത്. ഇന്ത്യയിൽ ക്ഷീരവിപ്ലവത്തിലുടെ ചരിത്രം സൃഷ്ടിച്ച ഡോ വർഗീസ് കുര്യൻ എന്ന അമൂൽ കുര്യന്റെ അനുഭവം അതാണ് ഓർമ്മിപ്പിക്കുന്നത്. ശ്രീലങ്കയെ ക്ഷീര സമൃദ്ധിയുള്ള രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലങ്കയിൽ എത്തിയ കുര്യൻെ അവർ ഓടിക്കയാണ് ഉണ്ടായത്. കുര്യൻ ഇന്ത്യയുടെയും തമിഴരുടെയും ചാരനാണ് എന്നുവരെ പറഞ്ഞു പരത്തി. ഇന്ന് രാവിലത്തെ ചായക്ക് പാൽപോലും കിട്ടാതെ മരതകദ്വീപുകാർ ബുദ്ധിമുട്ടിലാവുമ്പോൾ, സോഷ്യൽ മീഡിയയിൽ കുര്യനെ ഓടിച്ച സംഭവം ലങ്കൻ ആക്റ്റീവിസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്.

ജൈവകൃഷി വിഭ്രാന്തിയും

കേരളത്തിലെ ഇടതുവലതു വ്യത്യാസമില്ലാത്ത ഭരണാധികാരികൾക്കും, ശ്രീലങ്കൻ ഭരണാധികാരികൾക്കും പൊതുവെയുള്ള മറ്റൊരു കാര്യമായിരുന്നു ജൈവ കൃഷി വിഭ്രാന്തി. തീർത്തും അശാസ്ത്രീയമായ ജൈവകൃഷിയാണ് കേരളത്തിൽപോലും സംസ്ഥാന സർക്കാർ പ്രമോട്ട് ചെയ്യുന്നത്. കേരളത്തിന് നടൻ ശ്രീനിവാസനൊക്കെ ചെയ്യുന്ന മോഡലിലുള്ള ഹോബി കൃഷിയും, ടെറസിലെ ജൈവ പച്ചക്കറിയുമൊക്കെ ആവാം. കാരണം തമിഴ്‌നാട്ടിൽനിന്നും കർണ്ണാടകയിൽനിന്നും പച്ചക്കറിലോഡുകൾ വരാനുണ്ട്. അയൽ സംസ്ഥാനങ്ങൾ കൂടി ജൈവകൃഷിയിലേക്ക് മാറിയാൽ നമ്മുടെ കാര്യം കട്ടപ്പുകയാവും. ഒരു രാജ്യം മൊത്തത്തിൽ, ജൈവകൃഷിയിലേക്ക് നീങ്ങിയാൽ എന്ത് സംഭവിക്കും എന്നതിന്റെ ഉദാഹരണമാണ് നാം ലങ്കയിൽ കാണുന്നത്.

ഡോ വർഗീസ് കുര്യനെപ്പോലുള്ള ഒരു മഹാനെ ഓടിച്ചുവിട്ട ലങ്കൻ ഭരണാധികാരികൾ സ്വാഗതം ചെയ്ത് ഇന്ത്യയിലെ ആക്റ്റീവിസ്റ്റും പരിസ്ഥിതിപ്രേമിയുമായ ഡോ വന്ദന ശിവയെ ആയിരുന്നു.

അവരുടെ ഉപദേശം കേട്ടാണ് ലങ്കൻ സർക്കാർ സമ്പൂർണ്ണമായ ജൈവകൃഷിയിലേക്ക് നീങ്ങിയത്. 500 കോടിയുടെ രാസവള ഇറക്കുമതി നിർത്തി ആ പണം ലാഭിക്കാമെന്നായിരുന്നു സർക്കാറിന്റെ ചിന്ത.ഈ ആശയം പൊതിയാതേങ്ങയാണെന്ന വെളിപാട് വന്നപ്പോഴേക്കും ശ്രീലങ്കൻ തേയില ഉൽപാദനം തകർന്നു കഴിഞ്ഞിരുന്നു.

രാസവളങ്ങളും കീടനാശിനികൾക്കും നിരോധനം ഏർപെടുത്തിയെങ്കിലും ജൈവവളങ്ങളും കീടനാശിനികളും കർഷകർക്ക് എത്തിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപെട്ടു. എന്നാൽ ഇന്ത്യയിൽനിന്ന് കള്ളക്കടത്തായി രാസവളം വമ്പന്മാർ എത്തിക്കുന്നുമുണ്ടായിരുന്നു. ജൈവ ഉൽപന്നങ്ങൾക്ക് അന്തർദേശീയ വിപണിയിലെ വമ്പൻ വിലയിലൂടെ കാർഷിക നഷ്ടം പരിഹരിക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടലുകൾ. ചൈന, ഇന്ത്യ, കെനിയ എന്നിവ കഴിഞ്ഞാൽ തേയില ഉൽപാദനത്തിൽ ശ്രീലങ്കയ്ക്കാണ് സ്ഥാനം. വർഷംതോറും നേടുന്ന പതിനായിരം കോടിയുടെ വിദേശനാണ്യമാണ് വികലമായ നയങ്ങളിലൂടെ അവർക്കു നഷ്ടമായിരിക്കുന്നത്.

ശ്രീലങ്കയുടെ ഗതി ആർക്കും വരാം. രാസവള വിരോധം, ജൈവം, പ്രകൃതി, പാരമ്പര്യം, തനിനാടൻ ഇതൊക്കെ ഒറ്റയടിക്ക് കേട്ടാൽ ആർക്കും സന്തോഷം തോന്നുന്ന കാര്യങ്ങളാണ്. ഇതൊക്കെ തന്നെയാണ് കേരളത്തിലെ ഇടതു സർക്കാറും പിന്തുടരുന്നത്.

ജൈവ കൃഷിയിലേക്കുള്ള മാറ്റം ശരിക്കും പ്രതീക്ഷിക്കാത്ത ദുരന്തങ്ങൾ ഉണ്ടാക്കിയെന്നാണ് പ്രമുഖ കർഷക പ്രതിനിധികൾ തന്നെ അഭിപ്രായപ്പെടുന്നു. ശ്രീലങ്കയിലെ പ്രമുഖ തേയില തോട്ടം ഉടമയായ ഹെർമൻ ഗുണ രത്ന പറഞ്ഞത് ജൈവ കൃഷിയിലേക്ക് മാറുന്നത് നമ്മുടെ അമ്പത് ശതമാനം വിളകൾ കുറക്കുമെന്നാണ്. രാജ്യത്തിന്റെ ഒരു വർഷത്തെ തേയില ഉത്പാദനത്തിൽ 300 ദശലക്ഷം കിലോ കുറവായിരിക്കും ഇത് വരുത്തുക. 10 മടങ്ങ് കൂടുതലാണ് ഓർഗാനിക്ക് തേയില ഉണ്ടാക്കാനുള്ള ചെലവ്. അതിനാൽ വിലകൂട്ടി വിൽക്കേണ്ടി വരും. പക്ഷെ അതിന് വിപണി തീർത്തും കുറവാണെന്നാണ് ഹെർമൻ ഗുണ രത്ന ചൂണ്ടിക്കാട്ടിയത്.

ശ്രീലങ്കയുടെ വിദേശ കയറ്റുമതിയുടെ പത്ത് ശതമാനത്തോളം തേയിലയാണ്. ഇത് ശ്രീലങ്കയ്ക്ക് 1.25 ശതകോടി അമേരിക്കൻ ഡോളർ നൽകുന്നു. ഇതിൽ വരുന്ന കുറവ് രാജ്യത്തെ തകർത്തത്. മുൻ ശ്രീലങ്കൻ സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവർണർ ഡബ്യുഎ വിജവരേന്ദ്രയുടെ വാക്കുകൾ പ്രകാരം, 'ജൈവ കൃഷി തീരുമാനം സാമൂഹ്യ രാഷ്ട്രീയ തിരിച്ചടികൾ പഠിക്കാതെ നടപ്പിലാക്കിയ സ്വപ്നമാണ്'.

രാജ്യ വ്യാപകമായി കാർഷിക സംഘടനകൾ നടത്തി സർവേയിൽ 90 ശതമാനം കർഷകരും, അവരുടെ കാർഷിക വിളകൾക്ക് രാസവളങ്ങളും കീടനാശിനികളും പ്രയോഗിച്ചില്ലെങ്കിൽ ഉത്പാദനത്തിൽ വലിയ കുറവ് വരുമെന്ന് പറഞ്ഞിരുന്നു. പക്ഷേ സർക്കാർ കേട്ടില്ല. കാർഷിക രംഗത്തെ വിദഗ്ധരുടെ അഭിപ്രായ പ്രകാരം ജൈവ കൃഷിയിലേക്ക് മാറിയ ശ്രീലങ്കൻ രീതി എല്ലാ കാർഷിക വിളകളിലും 25 ശതമാനത്തോളം കുറവ് വരുത്തുമെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാണ് ജൈവ കൃഷിയിലേക്ക് ഒറ്റരാത്രിയിൽ മാറിയ സംഭവം ഉണ്ടാക്കുന്നത്.

ഇന്ത്യക്കും ഇത് വലിയൊരു പാഠമാണ് നൽകുന്നത്. പൂർണ്ണമായും ജൈവകൃഷിയിലേക്ക് മാറിയാൽ എന്ത് സംഭവിക്കും എന്നതിന്റെ കൃത്യമായ സൂചനയാണിത്. കേരളത്തിന് പക്ഷേ അയൽസംസ്ഥാനങ്ങൾ കൃഷിചെയ്യുന്നതുകൊണ്ട് ഹോബിക്കൃഷി എന്ന ജൈവകൃഷി തുടരാവുന്നതാണ്!

പിണറായി അഭിനവ രാജപക്സേയൊ!

ശ്രീലങ്കയും കേരളവും താരമ്യപ്പെടുത്തമ്പോഴുള്ള മറ്റൊരു പ്രധാന കാര്യം രണ്ടിടത്തുമുള്ള മെറിറ്റിനെ പരിഹസിക്കുന്ന സമീപനമാണ്. രാജപക്സെമാരുടെ ഭരണത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ എല്ലാം തിരുകിക്കയറ്റിയത് ബന്ധുക്കളെയാണ്. ചേട്ടൻ പ്രസിഡന്റ്, അനിയൻ പ്രധാനമന്ത്രി, മറ്റൊരു സഹോദരൻ ധനമന്ത്രി, കസിൻ ടൂറിസം മന്ത്രി ഇങ്ങനെ പോകുന്നു.... ശ്രീലങ്കൻ എയർലൈൻസ് തൊട്ട് ഉന്നതസ്ഥാനങ്ങളിൽ എല്ലാം കുടുംബത്തിലെ അംഗങ്ങളോ സ്വന്തക്കാരോ ആണ്. കേരളത്തിൽ പ്രത്യക്ഷ ബന്ധുത്വം ഒരു മരുമകനിൽ ഒതുങ്ങി നിൽക്കുന്നവെങ്കിലും സകലയിടത്തും പാർട്ടിക്കാരെ തിരുകിക്കയറ്റുക എന്നത് ഈ ഗവൺമെന്റിന്റെ 'നയ'മാണ്. അതുപോലെ അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനും രണ്ടിടത്തും കുറവില്ല.

ശ്രീലങ്കയും കേരളം പോലെ 'ബ്രയിൻ ഡ്രയിൻ' അനുഭവിക്കുന്ന നാടാണ്. നല്ല തലകൾ മൊത്തം നാടുവിട്ടുപോകുന്നു. പ്രത്യേകിച്ച് ശ്രീലങ്കൻ തമിഴർ. സർക്കാർ സർവീസിൽ ഗണ്യമായ ചുമതലകൾ വഹിച്ചിരുന്ന, ഒരു വിഭാഗം ലങ്ക വിട്ടുപോയി. ഇതുകൊണ്ടുള്ള കുഴപ്പം എന്താണെന്ന് വച്ചാൽ, ഐഎംഎഫുമായൊക്കെ നെഗോഷിയേറ്റ് ചെയ്യാന കഴിയുന്നവർ പോലും ഇന്ന് ലങ്കയിൽ ഇല്ലാതായി! മെറിറ്റിനെ പരിഹസിക്കുന്ന ഒരു സമൂഹമായി മാറുന്ന കേരളവും ഇതുപോലെ ആയിക്കുടെന്നില്ല.

അതുപോലെ മിസ്റ്റർ ടൺപേഴ്സന്റ് എന്നാണ് മഹീന്ദ രജപക്സെയുടെ സഹോദരൻ ആയിരുന്നു മുൻ ധനമന്ത്രി ബേസിൽ രാജപക്സേ അറിയപ്പെട്ടത്.

എന്തിനും ഏതിനു രാജപക്സേ കുടുംബത്തിന് കമ്മീഷൻ. ഇവിടെ ആ അവസ്ഥ കുടുംബത്തിനല്ല പാർട്ടിക്കാണെന്ന് മാത്രം. ഇത്രയധികം എതിർപ്പ് ഉയർന്നിട്ടും ഒരുലക്ഷം കോടി രൂപ ചെലവിട്ട് കെ റെയിൽ കൊണ്ടുവരുന്ന ഒരു നാട്ടിൽ ടെൻ പേർസെന്റ് ആർക്ക് കിട്ടുമെന്ന് മാത്രമാണ് അറിയേണ്ടത്.

ഇതുകൊണ്ടൊക്കെ കടുത്ത അരാഷ്ട്രീയതയും അരാജകത്വവും ശ്രീലങ്കയിൽ നടമാടിക്കഴിഞ്ഞു. ശ്രീലങ്കയിലെ രാഷ്ട്രീയ പാർട്ടികളെ അവിടുത്തെ ജനങ്ങൾക്ക് തീരെ വിശ്വാസമില്ലെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് ഇപ്പോൾ ഉയർന്ന് വരുന്നത്. ഇതുവരെ ഒരു പ്രതിഷേധങ്ങൾക്കും പോയിട്ടില്ലാത്തവർ തനിയെ തെരുവുകളിലേക്ക് ഇറങ്ങുകയാണ്. അതിൽ 84 വയസ്സുള്ള വൃദ്ധ മുതൽ 20 വയസ്സുള്ള യുവതി വരെ ഉൾപ്പെടുന്നു. ഗോട്ടബായ രാജപക്സേയെ പിന്തുണച്ച് #WearewithGota എന്ന ഹാഷ്ടാഗ് ഒരു മുതിർന്ന മന്ത്രി ട്വീറ്റ് ചെയ്തപ്പോൾ, വീട്ടിൽ പോയി ഇരിക്കൂ ഗോട്ടബായ എന്ന രീതിയിൽ #GohomeGota ടാഗുമായാണ് സാധാരണക്കാർ അതിനെ നേരിട്ടത്. നിലവിലെ ഭരണകക്ഷി നേതാക്കളുടെ വലിയ പരാജയമാണ് രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതിക്ക് കാരണമെന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു. ഇപ്പോഴിതാ രാജിവെച്ചിട്ടും മഹീന്ദയുടെ വീടിന് ജനം തീയിട്ടിരിക്കയാണ്.

കെ റെയിലിന്റെ ഒരുലക്ഷം കോടിയുടെ കടം കൂടി കൂട്ടുമ്പോൾ, കടക്കെണിയിൽ പെട്ട് ട്രഷറി പൂട്ടി, ശമ്പളം കൊടുക്കാൻ ഗതിയില്ലാതെ മാറി, ആകെ കുത്തഴിഞ്ഞ് ജനം തെരുവിലറങ്ങുന്ന അവസ്ഥ കേരളത്തിനുണ്ടാവുമോ? അപ്പോൾ പിണറായിയെ അഭിനവ രാജപക്സേ എന്നായിരിക്കും ഇന്ന് കാരണഭൂതനാക്കി തിരുവാതിര കളിച്ചവർ തന്നെ വിശേഷിപ്പിക്കുക. ആ അവസ്ഥ വരാതിരിക്കാൻ കൃത്യമായ സാമ്പത്തിക ആസൂത്രണമാണ് നാം ചെയ്യേണ്ടത്.

വാൽക്കഷ്ണം: നമ്മുടെ പിണറായിയെപ്പോലെ തന്നെ പ്രതിപക്ഷത്തിന്റെയോ പൊതുസമൂഹത്തിന്റെയോ, ഒരു വാക്കും കേൾക്കാത്തവരും മാധ്യമങ്ങളോട് കടുത്ത അസഹിഷ്ണുത പ്രകടിപ്പിച്ചവരും ആയിരുന്നു രാജപക്സേമാരും. പുറമേ സോഷ്യലിസ്റ്റുകൾ ആയി നടിക്കുമ്പോളും ഉള്ളിൽ കടുത്ത ഫാസിസ്റ്റുകൾ. ശരിക്കും ഞെട്ടിപ്പിക്കുന്ന സമാനതകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP