Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

കേന്ദ്രമന്ത്രിയായിരിക്കെ കോലക്കേസിൽ അകത്തായ അച്ഛൻ; മുഖ്യമന്ത്രിയായിരിക്കേ അഴിമതിക്കേസിൽ ഇഡി പിടിച്ച മകൻ; ഒറ്റയടിക്ക് അയ്യായിരം കോടിയുടെ വരെ അഴിമതി; ഇപ്പോൾ കുടുംബ സിൻഡിക്കേറ്റിൽ വിള്ളൽ; കൊള്ള, കൊല, വെട്ടിപ്പ്, കൈയൂക്ക്! ഝാർഖണ്ഡിലെ സോറൻ കുടുംബത്തിന്റെ കഥ

കേന്ദ്രമന്ത്രിയായിരിക്കെ കോലക്കേസിൽ അകത്തായ അച്ഛൻ; മുഖ്യമന്ത്രിയായിരിക്കേ അഴിമതിക്കേസിൽ ഇഡി പിടിച്ച മകൻ; ഒറ്റയടിക്ക് അയ്യായിരം കോടിയുടെ വരെ അഴിമതി; ഇപ്പോൾ കുടുംബ സിൻഡിക്കേറ്റിൽ വിള്ളൽ; കൊള്ള, കൊല, വെട്ടിപ്പ്, കൈയൂക്ക്! ഝാർഖണ്ഡിലെ സോറൻ കുടുംബത്തിന്റെ കഥ

എം റിജു

ജാർഖണ്ഡിലെ 'ഫസ്റ്റ് ഫാമിലി'! ഈ കുടുംബം അറിയപ്പെടുന്നത് അങ്ങനെയാണ്. ഏതുപാർട്ടി ഭരിച്ചാലും ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഗോത്രവർഗത്തിൽനിന്ന് ഉയർന്നുവന്ന ഈ കുടുംബമാണ്. ഖനിജ സമ്പന്നമായി ഈ നാട്ടിലെ കൽക്കരിപ്പാടങ്ങൾ അവർ കോടികൾ പറ്റി തീറെഴുതിക്കൊടുക്കും. ഈ നാട്ടിൽ എന്ത് വ്യവസായം തുടങ്ങണമെങ്കിലും ഈ കുടുംബത്തെ കാണേണ്ടപോലെ കാണണം. സ്നേഹിച്ചാൽ ചങ്ക് പറിച്ചു നൽകും. ഇടഞ്ഞാൽ ചങ്കിടിച്ച് ചെമ്പരത്തിപ്പൂവാക്കും. കൊള്ളക്കും, കൊലക്കും, കൊള്ളിവെപ്പിനും, തട്ടിപ്പിനും, വെട്ടിപ്പിനുമൊന്നെും യാതൊരു മടിയുമില്ല. എതിർക്കുന്നവരുടെ തലയരിഞ്ഞുകൊണ്ടുതന്നെയാണ് അവർ വളർന്നുവന്നത്.

ഇപ്പോൾ ഇ ഡി കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് രാജിവെക്കേണ്ടിവന്ന ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ കുടുംബം, ശരിക്കുമൊരു മാഫിയാ സിൻഡിക്കേറ്റ് തന്നെയാണെന്നാണ് വിമർശകർ പറയുന്നത്. ഇറ്റലിയിലെ സിസിലിയൻ മാഫിയയെ ഒക്കെ ഓർമ്മിപ്പിക്കുന്ന ആ കുടുംബ ബിസിസസിന്റെ തല തൊട്ടപ്പൻ, മുൻ മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയുമൊക്കെയായി വിലസിയ 80കാരനായ വെറ്ററൻ നേതാവ് ഷിബു സോറനാണ്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ പിതാവ്. ഷിബു സോറനും മക്കളും പറയുന്നതാണ് ഈ നാട്ടിലെ നീതിയും നിയമവും.

പക്ഷേ ആറാംതമ്പുരാനിൽ മോഹൻലാലിന്റെ ജഗന്നാഥൻ, കുളപ്പുള്ളി അപ്പനോട് പറയുന്ന ഒരു ഡയലോഗില്ലേ. 'തന്റെ തക്കിട തരികിട നമ്പറൊക്കെ ചെലവാവും, ഈ പാവങ്ങളോട്, ഇത് വേറെ ഇന' മാണെന്ന്. അതുപോലെ, ലോക്കൽ പൊലീസിനെ വിരട്ടുന്നതുപോലുള്ള സോറന്മാരുടെ കളിയെന്നും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനുമുന്നിൽ ചെലവായില്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായിരിക്കണം, അറസ്റ്റ് ഭയന്ന് ഒരു മുഖ്യമന്ത്രി ഒളിവിൽ പോവുന്നത്. ഇ ഡി കസ്റ്റഡിയിൽ എടുത്തതോടെ ഹേമന്ദ് സോറൻ രാജിവെച്ചു. പകരം ചംപയ് സോറൻ എന്ന ഷിബു സോറൻ കുടുംബത്തിൽ നിന്നല്ലാത്ത ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിഞ്ഞെടുത്തിരിക്കയാണ്.

ചരിത്രത്തിന്റെ തനിയാവർത്തനമാണെന്നാണ് പുതിയ സംഭവികാസങ്ങൾ. മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അന്നത്തെ മന്ത്രിസഭയിൽ കൽക്കരി മന്ത്രിയായിരുന്നു ഷിബു സോറൻ പഴയ ഒരു കൊലക്കേസിൽ അറസ്റ്റ് ഭയന്ന് മുങ്ങിയിരുന്നു. പക്ഷേ ആ കേസൊക്കെ തേഞ്ഞ് മാഞ്ഞുപോയി. പക്ഷേ അന്ന് സോറന്മാരുടെ പാർട്ടിയായ ജാർഖണ്ഡ് മുക്തി മോർച്ചക്ക് യുപിഎ സർക്കാറിന്റെ വലിയ പിന്തുണയുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ രാജ്യം ഭരിക്കുന്നത് മോദി സർക്കാരാണെന്നകാര്യം അവർ മറന്നപോയി.

ജാർഖണ്ഡ് ഭരിക്കുന്ന ജെഎംഎം-ആർജെഡി- കോൺഗ്രസ് സഖ്യ സർക്കാറിനെ താഴെ ഇറക്കാനും, സോറൻ കുടുംബത്തെ ബിജെപിയിലേക്ക് അടുപ്പിക്കാനുമാണ് ഇ ഡിയെ വിട്ട് ഭീഷണിപ്പെടുത്തുന്നത് എന്ന് ഒരു ഭാഗത്ത് ആരോപണമുണ്ട്. പക്ഷേ വസ്തുതകൾ പരിശോധിച്ചാൽ ഖനി അഴിമതി, ഭൂമി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി ഒറ്റയിക്ക് നാലായിരം, അയ്യായിരം കോടിയെക്കെ തട്ടിയ പകൽക്കൊള്ളയാണ് ഹേമന്ദ് സോറന്റെ നേതൃത്വത്തിൽ ഇവിടെ നടന്നത് എന്ന് വ്യക്തമാവും. സോറൻ കുടുംബം ഒരു കൊള്ള സംഘംപോലെയാണ് പ്രവർത്തിക്കുന്നത് എന്നാണ് ബിജെപി ആരോപിക്കുന്നത്.

ബിഹാറിൽനിന്ന് വിഭജിച്ച്, പ്രത്യേക ജാർഖണ്ഡ് സംസ്ഥാനം ഉണ്ടാക്കൻവേണ്ടി പോരാടാൻ സ്ഥാപിതമായ പാർട്ടിയാണ് ജാർഖണ്ഡ് മുക്തി മോർച്ച എന്ന ജെ എം എം. പിന്നീട് അത് ഷിബു സോറന്റെ കൈകളിൽ എത്തുകയായിരുന്നു. ആദിവാസി വിഭാഗങ്ങൾ ഭൂരിപക്ഷമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനത്തെ രാഷ്ട്രീയം, രൂപീകരണ കാലം മുതൽ ഒരു കുടുംബത്തിന് ചുറ്റും കറങ്ങുകയാണ്. അതാണ് സത്യത്തിൽ ഝാർഖണ്ഡിന്റെ ശാപമെന്നും നിരീക്ഷിക്കുന്നവരുണ്ട്. കാരണം ആദിവാസികളുടെ വോട്് വാങ്ങി ജയിക്കുന്നവർ പിന്നെ പുതിയ മുതലാളിമാരായി മാറി ആദിവാസികളെ തന്നെ ചൂഷണം ചെയ്യുന്നു!

ഖനിജ ഭൂമിയുടെ ഗോഡ് ഫാദർ

അടിച്ചമർത്തപെട്ട ഗോത്രവിഭാഗത്തിന്റെ വിമോചകനായി രാഷ്ട്രീയ ജീവിതം തുടങ്ങുക. പിന്നീട് അധികാരത്തിലെത്തിയപ്പോൾ, അഴിമതിയിലേക്ക് വീഴുക. സാധാരണ ഉത്തരേന്ത്യയിൽ കണ്ടുവരുന്ന ജാതിരാഷ്ട്രീയക്കാരുടെ ടിപ്പിക്കൽ ജീവിതം തന്നെയാണ് ഷിബു സോറന്റെതും. അവിഭക്ത ബീഹാറിലെ രാംഗഢ് ജില്ലയിലെ നെമ്ര ഗ്രാമത്തിൽ ജനുവരി 11, 1945-നാണ് ഷിബു സോറൻ ജനിക്കുന്നത്. സോറൻ എന്നത് ഝാർഖണ്ഡിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ വ്യാപകമായുള്ള ഒരു സർനെയിമാണ്. സന്താൽ ഗോത്രത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ ബാല്യം ദുരിതമായിരുന്നു. സവർണ്ണരായ ഭൂവുടമകളുമായുള്ള നിരന്തരം സംഘർഷം കണ്ടാണ് സോറൻ വളർന്നത്. സ്‌കൂൾ വിദ്യാഭ്യാസം മാത്രമാണ് കിട്ടിയത്. സ്‌കൂൾ പഠനകാലത്താണ് പിതാവ് കൊല്ലപ്പെടുന്നത്. ഒരു പണമിടപാടുകാർ ഏർപ്പാടാക്കിയെ ഗുണ്ടകൾ അദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നു.

ഈ രീതിയിൽ നിരന്തരം വയലൻസിലൂടെ കടന്നുപോയതുകൊണ്ടാവണം, പല്ലിന് പല്ല് കണ്ണിണ് കണ്ണ് എന്ന ശൈലിയിൽ തിരിച്ചടിക്കുന്ന സ്വഭാവം ഷിബു സോറന് വന്നുചേർന്നത്. അതുകൊണ്ടുതന്നെ സന്താൾ ഗ്രോത്ര വിഭാഗക്കാർക്കിടയിൽ ആയുവാവ് ഹീറോ ആവാൻ അധികം സമയം വേണ്ടിവന്നില്ല. സന്താൾ നവ്യൂവക് സംഘം എന്ന പ്രതിരോധ സംഘടനയുണ്ടാക്കുമ്പോൾ ഷിബു സോറന് പ്രായം വെറും പതിനെട്ടാണ്. 1972-ൽ ബംഗാളി മാർക്സിസ്റ്റ് ട്രേഡ് യൂണിയൻ നേതാവ് എ കെ റോയ് , കുർമി-മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോ ,ഷിബു സോറൻ എന്നിവർ ചേർന്നാണ് ജാർഖണ്ഡ് മുക്തി മോർച്ച എന്ന പാർട്ടി രൂപീകരിച്ചത്. സോറൻ ജെഎംഎം ജനറൽ സെക്രട്ടറിയായി.

ബീഹാർ സംസ്ഥാനത്തിന്റെ കിഴക്കും തെക്കും ഭാഗങ്ങളിൽ നിന്ന് ഒരു പ്രത്യേക ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുക എന്നതാണ് അതിന്റെ പ്രധാന ലക്ഷ്യം . ആ സ്വപ്നം 2000-ൽ സാക്ഷാത്കരിച്ചു. വ്യവസായ-ഖനി തൊഴിലാളികളുടെയും പ്രദേശത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെയും, ആദിവാസിളെയും കൂടി സോറൻ ജെഎംഎമ്മിന്റെ അടിത്തറ വിപുലീകരിച്ചു. 1987-ൽ ജെഎംഎം പ്രസിഡന്റായി.

അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കാൻ ജെഎംഎം പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. നിലങ്ങളിൽ ബലമായി വിളവെടുപ്പ് തുടങ്ങി. ഷിബു സോറൻ ഭൂവുടമകൾക്കും പണമിടപാടുകാർക്കും എതിരെ ശക്തമായ നിലപാട് എടുത്തു. നാട്ടുകരുടെ പ്രശ്ന പരിഹരിക്കുന്ന കോടതിയായി. ശരിക്കും ഒരു ഗോഡ്ഫാദർ മോഡലിലായിരുന്നു അദ്ദേഹത്തിന്റെ വളർച്ച. 1975 ജനുവരി 23 ന്, മണ്ണിന്റെ മക്കൾ വാദം ഉന്നയിച്ച് ഗോത്രവർഗ്ഗക്കാരല്ലാത്തവരെ ആ നാട്ടിൽ നിന്ന് പുറത്താക്കാനായി സോറൻ ഒരു കാമ്പയിൽ തുടങ്ങി. അത് വലിയ സംഘർഷത്തിലാണ് കലാശിച്ചത്. പതിനൊന്ന് പേരെങ്കിലും കൊല്ലപ്പെട്ടു. പക്ഷേ ആ രക്തത്തിൽനിന്നാണ് സോറൻ എന്ന നേതാവിന്റെ വളർച്ചയുടെ തുടക്കം.

എംപി, കേന്ദ്രമന്ത്രി, മുഖ്യമന്ത്രി

പ്രധാനമന്ത്രിപദം ഒഴികെ ഒരു പരുഷായുസ്സിൽ കിട്ടാവുന്ന എല്ലാ അധികാരങ്ങളും കൈയിൽവന്ന നേതാവാണ് ഷിബു സോറൻ. പക്ഷേ എന്നിട്ടും സ്വന്തം കുടുംബം സമ്പന്നമാവുക എന്നല്ലാതെ ഝാർഖണ്ഡിലെ കർഷകരുടേയാ, ഖനിത്തൊഴിലാളികളുടെയോ അടിസ്ഥാന പ്രശ്നങ്ങൾ ഒന്നും പരിഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല.

1977-ലാണ് ഷിബു സോറൻ ആദ്യമായ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ജനതാ തരംഗം ആഞ്ഞടിച്ച ആ തെരഞ്ഞെടുപ്പിൽ പരാജമായിരുന്നു ഫലം. 1980-ൽ ദുംകയിൽ നിന്നാണ് ലോക്‌സഭയിലേക്ക് ജയിച്ചത്. തുടർന്ന് 1989, 1991, 1996 വർഷങ്ങളിലും അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2000-ൽ സോറന്റെ ചിരകാല അഭിലാഷമായി, ബീഹാറിൽനിന്ന് വേർപെട്ട് ജാർഖണ്ഡ് സംസ്ഥാനം രുപം കൊണ്ടു. പക്ഷേ എന്നിട്ടും തെരഞ്ഞെടുപ്പിൽ ജെഎംഎമ്മിന് കാര്യമായ നേട്ടമുണ്ടായില്ല. തുടർന്നാണ് സോറൻ കോൺഗ്രസുമായ സഖ്യമുണ്ടാക്കിയത്.

2004-ലെ വിജയത്തിനുശേഷം സോറൻ യുപിഎ മന്ത്രിസഭയിൽ കൽക്കരി, ഖനി മന്ത്രിയായി. 2005 ലെ ഝാർഖണ്ഡിലെ ആദ്യ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസുമായി സഖ്യമുണ്ടായി. രാഷ്ട്രീയ ജനതാദളും ചേർന്ന ആ സഖ്യത്തിന് സംസ്ഥാനത്ത് ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞു. എന്നാൽ സോറന്റെ മുഖ്യമന്ത്രിസ്ഥാനം രണ്ടാഴ്ചയേ നിലവിലുണ്ടായിരുന്നുള്ളൂ. വിശ്വാസവോട്ടിൽ മന്ത്രിസഭ നിലം പതിച്ചു. 2006 ജനുവരിയിൽ സോറൻ യുപിഎ മന്ത്രിസഭയിൽ തിരിച്ചെത്തി. എന്നാൽ തന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെട്ട കൊലപാതകക്കേസിൽ 2006 നവംബറിൽ കുറ്റക്കാരനാണെന്ന് വിധിച്ചതിന് ശേഷം സോറൻ വീണ്ടും രാജിവെക്കാൻ നിർബന്ധിതനായി.

2007 ഓഗസ്റ്റിൽ ഡൽഹി ഹൈക്കോടതി സോറന്റെ കൊലപാതക കുറ്റം തള്ളിക്കളഞ്ഞു. ഒരു വർഷത്തിനുശേഷം അദ്ദേഹം വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയായി. 2009 ഡിസംബറിൽ ജെഎംഎം-ബിജെപി സഖ്യ സർക്കാർ രൂപീകരിച്ചതിന് ശേഷം സോറൻ മൂന്നാം തവണയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു. പുറമെ സവർണ്ണത ഹൈന്ദവഫാസിസം എന്നൊക്കെപ്പറയുന്നുണ്ടെങ്കിലും ബിജെപിയുമായി ചേരാൻ സോറന് യാതൊരു മടിയുമില്ല. എന്നാൽ ബിജെപി പിന്തുണ പിൻവലിക്കുകയും സർക്കാർ വീഴുകയും ചെയ്തതിനെത്തുടർന്ന് ആറ് മാസത്തിന് ശേഷം അദ്ദേഹത്തിന് വീണ്ടും സ്ഥാനമൊഴിയേണ്ടി വന്നു.

2009-ന്റെ തുടക്കത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യം വഷളായിത്തുടങ്ങി. എങ്കിലും പാർട്ടിയുടെ തലവനായി തുടർന്നു. 2010-ൽ ആറാം തവണയും ജെഎംഎം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ പിന്നീട് അദ്ദേഹം തന്റെ മകൻ ഹേമന്തിന് വഴിയൊരുക്കി മാറിക്കൊടുത്തു. അങ്ങനെയാണ് ഹേമന്ദ് സോറൻ മുഖ്യമന്ത്രിയാവുന്നത്. 2020ൽ ഷിബു സോറൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നോക്കണം, 80 വയസ്സായി ചെവികേൾക്കാത്ത ഈ പ്രായത്തിലും അദ്ദേഹം എം പിക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്നു!

ചോരക്കറ മായാത്ത ചരിത്രം

അടി തിരിച്ചടി എന്ന നിലയിൽ ചോരയിലുടെ വളർന്നുവന്ന നേതാവാണ് ഷിബു സോറൻ. 1974ന്റെ തുടക്കത്തിൽ, വിരുന്നിന് ആടിനെ അറുത്തതിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് രണ്ട് പേരെ കൊലപ്പെടുത്തിയ സംഘത്തിന് സോറൻ നേതൃത്വം നൽകിയതായി പറയപ്പെടുന്നു. കൂടാതെ 1975 ജനുവരിയിൽ മുസ്ലിം ആധിപത്യമുള്ള ഒരു ഗ്രാമത്തിൽ നടന്ന ആൾക്കൂട്ട ആക്രമണവുമായി അദ്ദേഹം ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്. നിരവധി ആളുകളുടെ മരണത്തിൽ കലാശിച്ചു. മുസ്ലീങ്ങളും ഗോത്രവിഭാഗക്കാരും തമ്മിൽ പ്രശ്നം ഉണ്ടാവുമ്പോൾ, ഗോത്ര വർഗക്കാർക്ക് വേണ്ടി എതിരാളികളെ അടിച്ചൊതുക്കിയത് സോറനായിരുന്നു. ഇതിന്റെ പേരിൽ പല കേസുകളുമുണ്ടായി. പക്ഷേ എല്ലാറ്റിൽനിന്നും സോറൻ പതുക്കെ ഊരിപ്പോന്നു. മണ്ണിന്റെ മക്കൾ വാദം ഉന്നയിച്ചുള്ള പ്രസംഗങ്ങൾ വഴി നിരവധി കലാപ ആഹ്വാനങ്ങൾ നടത്തിയെന്നും ആരോപണമുണ്ട്.

1994-ൽ പ്രൈവറ്റ് സെക്രട്ടറി ശശിനാഥ് ഝായെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പക്ഷേ ഷിബു സോറൻ അറസ്റ്റിലായി. ഈ കേസിൽ ഡൽഹി കോടതി 2006 ഡിസംബർ 5ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അന്നത്തെ മന്ത്രിസഭയിൽ കൽക്കരി മന്ത്രിയായിരുന്നു ഷിബു സോറൻ. ഒരു കേന്ദ്രമന്ത്രി അറസ്റ്റിലാവുന്നത് ഇന്ത്യാ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു. 2007 ഓഗസ്റ്റിൽ,കേസിൽ തെളിവുകൾ കണ്ടെത്തുന്നതിൽ സിബിഐ പരാജയപ്പെട്ടതോടെ ഡൽഹി ഹൈക്കോടതി ഷിബു സോറനെ കുറ്റവിമുക്തനാക്കി. പ്രൈവറ്റ് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിൽ ഷിബു സോറനെ കുറ്റവിമുക്തനാക്കിയ ഡൽഹി ഹൈക്കോടതി വിധി 2018 ഏപ്രിലിൽ സുപ്രീം കോടതി ശരിവച്ചു.

1994 മേയിലാണ് ശശി നാഥ് ഝായെ കാണാതാവുകയും പിന്നീട് റാഞ്ചിയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തത്. ഇതിനുപിന്നിലും വലിയ രഹസ്യങ്ങൾ ഒളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. വിശ്വാസവോട്ടിൽനിന്ന് നരസിംഹറാവു സർക്കാറിനെ രക്ഷിക്കാൻ കോടിക്കണക്കിന് രൂപയാണ് സോറൻ വാങ്ങിയത്. ഇത് ശശി നാഥിന് അറിയാമായിരുന്നു. ഇതിന്റെ വിഹിതം ചോദിച്ചതും ഒറ്റുമെന്ന ഭീതിയുമാണ് കൊലയിൽ കലാശിച്ചത് എന്നാണ് അക്കാലത്ത് മാധ്യമങ്ങൾ പറയുന്നത്. സ്വവർഗരതിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നവും ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. 2007 ജൂൺ 25-ന്, ഷിബു സോറനെ ഝാർഖണ്ഡിലെ ദുംകയിലുള്ള ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ബോംബാക്രമണം ഉണ്ടായി. പക്ഷേ ആർക്കും പരിക്കേറ്റില്ല. ഇന്നും കനത്ത സെക്യൂരിറ്റിയാണ് ഷിബു സോറനുള്ളത്. ഗോത്ര കുടിപ്പക രൂക്ഷമായ ഈ നാട്ടിൽ ഈ വയോധികന്റെ പുക കാത്തിരിക്കുന്നവർ ഒരുപാടുണ്ട്.

കോടികളുടെ ആക്രാന്ത രാഷ്ട്രീയം

നമ്മുടെ നാട്ടിലെപ്പോലെ ചെറിയ അഴിമതിയൊന്നുമല്ല, 4000-5000 കോടികളുടെ അഴിമതിയൊക്കെയാണ് ഇവിടെ നടക്കാറ്. മുൻ മുഖ്യമന്ത്രി മധുകോഡ അറസ്റ്റിലായത് 4000 കോടിയുടെ ഖനന അഴിമതിക്കാണ്! ആ പാത തന്നെയാണ് ഷിബു സോറനും പിന്തുടർന്നത്. രൂപി കിസ്‌കുവാണ് ഷിബു സോറന്റെ ഭാര്യ. ദുർഗ സോറൻ, ഹേമന്ത് സോറൻ , ബസന്ത് സോറൻ എന്നീ മൂന്ന് ആൺമക്കളും അഞ്ജലി സോറൻ എന്ന മകളുമുണ്ട്. ദുർഗയുടെ ഭാര്യ സീത സോറൻ നിലവിൽ ജാമയിൽ നിന്നുള്ള എംഎൽഎയാണ്. ജാർഖണ്ഡ് യുവമോർച്ചയുടെ പ്രസിഡന്റാണ് ബസന്ത് സോറൻ. ഡുംകയിൽ നിന്നുള്ള നിലവിലെ എംഎൽഎയുമാണ് അദ്ദേഹം.

തന്നെപ്പോലെ പ്രതാപി എന്ന് ഷിബു സോറൻ കരുതിയ മുത്തമകൻ ദുർഗ സോറനെയായിരുന്നു അദ്ദേഹം തന്റെ പിൻഗാമിയായി കണ്ടത്. ദുർഗ സോറൻ 1995 മുതൽ 2005 വരെ ജാമയിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. പക്ഷേ അദ്ദേഹം മരണപ്പെട്ടത് ഷിബു സോറനെന്ന അതികയാന്റെ വ്യക്തിജീവിതത്തിലെ വലിയ തിരിച്ചിടിയായി. 2005-ലെ തിരഞ്ഞെടുപ്പിൽ തോറ്റുകൊണ്ടു തുടങ്ങിയ ഹേമന്ത് സോറൻ, 2009-ൽ ദുർഗയുടെ മരണത്തോടെ പാർട്ടിയുടെ മുഖ്യധാരയിലേക്ക് കടന്നുവന്നു. 2009-ലെ തിരഞ്ഞെടുപ്പിൽ ഹേമന്ത് എംഎൽഎയായി. 2010-ൽ ബിജെപി-ജെഎംഎം സഖ്യസർക്കാരിൽ ഹേമന്ത് ഉപമുഖ്യമന്ത്രിയായി. ഇതോടെ, പാർട്ടിയിൽ തന്റെ പിന്തുടർച്ചക്കാരനായി ഹേമന്തിനെ തന്നെയാണ് ഷിബു സോറൻ വാഴിക്കാൻ പോകുന്നതെന്ന് വ്യക്തമായി.

2013-ൽ കോൺഗ്രസ്-ആർജജെഡി പിന്തുണയോടെ ജെഎംഎം സർക്കാർ രൂപീകരിച്ചു, ഹേമന്ത് സോറൻ ആദ്യമായി മുഖ്യമന്ത്രി കസേരയിലെത്തി. 2014-തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് സ്ഥാനവും ഹേമന്തിനാണ് പാർട്ടി നൽകിയത്. 2019-ൽ ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യം വൻ വിജയം നേടി അധികാരത്തിലെത്തിയപ്പോഴും മുഖ്യമന്ത്രി സ്ഥാനം ഹേമന്തിനെ തേടിയെത്തി.

അഴിമതിയും, അക്രവും കണ്ട് വളർന്ന ഹേമന്ദ് സോറനും ആ വഴിതന്നെയാണ് തെരഞ്ഞെടുത്തത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഖനിജ സമ്പത്തുള്ള സംസ്ഥാനത്തിന്റെ കൽക്കരിപ്പാടങ്ങൾ അയാൾ കോടികൾ വാങ്ങി സ്വകാര്യ കമ്പനികൾക്ക് കൊടുത്തു. വ്യവസായികളിൽനിന്ന് കോടികൾ വാങ്ങി. കള്ളപ്രമാണം ഉപയോഗിച്ച് ഭുമി തട്ടിപ്പ് നടത്തി. 2013 ജൂലൈ മുതൽ 2014 ഡിസംബർ വരെ മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറന്റെ കാലം ഝാർഖണ്ഡിലെ അഴിമിയുടെ പൂക്കാലമായിരുന്നുവെന്നാണ്, ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്.

കള്ളപ്പണം വെളപ്പിക്കൽ, ഖനി അഴിമതി, ഭൂമി തട്ടിപ്പ് തുടങ്ങിയ വിവിധ കേസുകളിൽ ഹേമന്ദ് സോറനെതിരെ 7 തവണ സമൻസ് അയച്ചിട്ടും അയാൾ ഹാജരായിരുന്നില്ല. തുടർന്നാണ് ഇ ഡി അറസ്റ്റിലേക്ക് കടന്നത്. സോറന്റെ ഡൽഹിയിലെ വസതിയിൽ നിന്നും ബിഎംഡബ്‌ള്യൂ കാർ ഇഡി പിടിച്ചെടുത്തിരുന്നു. ഇതേ തുടർന്ന് ഹേമന്ദ് കുറച്ചുകാലം മുങ്ങി. മുഖ്യമന്ത്രിയെ കാണാനില്ലെന്ന് വാർത്ത പരന്നു. ഇങ്ങനെ പല അടവുകളും പയറ്റിയശേഷമാണ് ഗത്യന്തരമില്ലാതെ അറസ്റ്റലാവുന്നത്.കോടികൾ വിഴുങ്ങുന്ന ഒരു ആക്രാന്ത രാഷ്ട്രീയക്കാരനായിരുന്നു ഹേമന്ദ് സോറൻ. പക്ഷേ ഷിബു സോറനെപ്പോലെ അയാൾ അത് കടുംബത്തിനും പാർട്ടിക്കും കൊടുത്തില്ല. അതാണ് ഹേമന്ദിന് വിനയായതും.

സോറൻ കുടുംബത്തിൽ വിള്ളൽ

ഇഡി പിടിച്ചതോടെ, ഹേമന്ത് സോറൻ രാജിവച്ചാൽ ഭാര്യ കൽപന സോറൻ പകരം മുഖ്യമന്ത്രിയാകുമെന്നായിരുന്നു ഝാർഖണ്ഡിൽ നിന്ന് അവസാന നിമിഷം വരെ പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. പക്ഷേ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ആ പ്രഖ്യാപനം നടന്നു. ഷിബുസോറൻ കുടുംബത്തിന് പുറത്തുള്ള ഒരാൾ മുഖ്യമന്ത്രിയായി നിർദ്ദേശിക്കപ്പെട്ടു. അതാണ് ചംപയ് സോറൻ.

ഹേമന്തിന്റെ സഹോദരൻ ബസന്ത് സോറനും, അന്തരിച്ച മൂത്ത സഹോദരൻ ദുർഗ സോറന്റെ ഭാര്യ സീതാ സോറനും തമ്മിൽ വലിയ തർക്കമാണ് അധികാരത്തിനായി നടന്നത്. ഹേമന്തിന് പകരം ബസന്ത് മുഖ്യമന്ത്രി പദത്തിൽ എത്തണമെന്നായിരുന്നു ഷിബു സോറനും ആഗ്രഹം. എന്നാൽ, കലഹിച്ചു നിൽക്കുന്ന സോറൻ കുടുംബത്തെ പിരിച്ച്, ജെഎംഎം പിളർത്തി പുതിയ സർക്കാർ രൂപീകരിക്കാൻ ബിജെപി ശ്രമിച്ചേക്കും എന്ന വാർത്തകൾ അദ്ദേഹത്തെ പിറേകാട്ട് അടുപ്പിച്ചു. സീതാ സോറനെ കൂടെക്കൂട്ടാനാകും ബിജെപിയുടെ നീക്കങ്ങൾ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കൽപന സോറനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ സീതാ സോറന്റെ നേതൃത്വത്തിലുള്ള വിഭാഗം പരസ്യമായി എതിർത്തിരുന്നു. സീതയുമായി അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കൽപനയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വരവ് തടുക്കാൻ ബസന്ത് സോറനും സീതയ്‌ക്കൊപ്പം നിന്നു. എംഎൽഎ പോലുമല്ലാത്ത കൽപനയെ മുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നത് വലിയ തിരിച്ചടിയാകും എന്ന നിലപാടിൽ ഇവർ ഉറച്ചുനിന്നതോടെ, ബസന്തിന്റെ പേര് ഷിബു സോറൻ മുന്നോട്ടുവച്ചു. എന്നാൽ, ഇത് അംഗീകാരിക്കാൻ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള പക്ഷം തയാറായില്ല. തുടർന്നാണ് ഇരുപക്ഷത്തിനും ഒരുപോലെ പ്രിയങ്കരനായ ചംപയ് സോറനെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചത്.

ഹേമന്തിന്റെ ഏകാധിപത്യത്തിനെതിരെ നേരത്തെ തന്നെ കുടുബത്തിൽ പ്രശ്നമുണ്ടായിരുന്നു. സിറ്റിങ് എംഎൽഎ കൂടിയായ സീത ഛത്ര ജില്ലയിലെ ഖനനങ്ങൾക്ക് എതിരെ ഗവർണർക്ക് നിവേദനം സമർപ്പിച്ചരുന്നു. ഭരണകക്ഷി എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായ അസാധാരണ നീക്കം പ്രതിപക്ഷമായ ബിജെപി മുതലാക്കുകയും ചെയ്തു. ഇപ്പോഴും സോറൻ കുടുംബത്തിൽ പ്രശ്നങ്ങൾ തീർന്നിട്ടില്ല. ഹേമന്ദിനുവേണ്ടി പേരാടാൻ ഭാര്യ കൽപ്പന പുറത്തുണ്ട്. ഒഡീഷയിലെ മയൂർഭംജ് ജില്ലയിലിലെ റായ് രംഗ്പൂർ സ്വദേശിയാണ് കൽപന. 2006-ൽ ആയിരുന്നു ഇവർ തമ്മിലുള്ള വിവാഹം. രണ്ടു കുട്ടികളാണ് സോറൻ-കൽപന ദമ്പതിമാർക്കുള്ളത്. എംടെക്കും എംബിഎയും പാസായ കൽപന, റാഞ്ചിയിൽ ഒരു സ്‌കൂൾ നടത്തുന്നുണ്ട്.

ചംപയ് സോറൻ ഡമ്മിയാവുമോ?

പുതിയ മുഖ്യമന്ത്രിയായി നിർദ്ദേശിക്കപ്പെട്ട ചംപയ് സോറന് എത്രമാത്രം പ്രവർത്തന സ്വാതന്ത്ര്യം ഷിബു സോറൻ കുടുംബം കൊടുക്കുമെന്നതും ചോദ്യമാണ്.  അർജുൻ മുണ്ട, രഘുബർ ദാസ്, മധു കോട, തുടങ്ങിയ രാഷ്ട്രീയ അതികായന്മാരെ സൃഷ്ടിച്ച ധാതു സമ്പന്നമായ കോൽഹാൻ ഡിവിഷനിൽ നിന്നാണ് ചംപയ് സോറന്റെ വരവ്. 68 വയസുകാരനായ ചംപയ്, സെരായ്‌കേല മണ്ഡലത്തിൽ നിന്ന് ആറാം തവണയാണ് നിയമസഭയിലെത്തുന്നത്. അവിഭക്ത ബിഹാർ നിയമസഭയിൽ 1991-ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചാണ് ചംപയുടെ തുടക്കം.

2000-ൽ ബിഹാർ വിഭജിച്ച് ജാർഖണ്ഡ് രൂപീകരിച്ച തിരഞ്ഞെടുപ്പിൽ മാത്രമാണ് ചംപയ് തോൽവി അറിഞ്ഞത്.എൺപതുകളിൽ ഷിബു സോറനൊപ്പം ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിനായുള്ള പോരാട്ടത്തിൽ അണിനിരന്നുകൊണ്ടായിരുന്നു ചാംപയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. നിരന്തരമായ സമരങ്ങളും തീപ്പൊരി പ്രസംഗങ്ങളും ചംപയ് സോറന് 'കോൽഹാൻ കടുവ' എന്ന വിളിപ്പേര് ചാർത്തിക്കൊടുത്തു. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ചംപയ്, കർഷക കുടുംബത്തിൽ നിന്നാണ് ഝാർഖണ്ഡിലെ മുഖ്യധാരയിലേക്ക് എത്തിയത്. ആദിവാസി അവകാശങ്ങൾക്ക് വേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന അദ്ദേഹം, ട്രേഡ് യൂണിയൻ രംഗത്തും സജീവമാണ്.

പക്ഷേ വെറുമൊരു ഡമ്മി മുഖ്യമന്ത്രിയായിരിക്കമോ, അതോ ചംപയ് സ്വതന്ത്രമായി പ്രവർത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആദിവാസികളുടെയും പിന്നാക്കക്കാരുടെയും വോട്ടുവാങ്ങി ജയിക്കുന്ന ഇവർ ആ പാവങ്ങൾക്ക്വേണ്ടി കാര്യമായി ഒന്നും ചെയ്യാറില്ല. ഇത്രയും ധാതുഖനി സമ്പന്നമായിട്ടും ജാർഖണ്ഡ് പിന്നാക്കമായത് അതിന് ഉദാഹരണമാണ്. അത് മാറ്റാൻ ചംപയ്ക്ക് കഴിയുമോ എന്നതാണ് ചോദ്യം.

വാൽക്കഷ്ണം: ഝാർഖണ്ഡിൽ മുഖ്യമന്ത്രിമാർ ജയിലിലാവുന്നത് പുത്തരിയല്ല.
മുൻ മുഖ്യമന്ത്രിയായ മധു കോഡ തന്റെ ഭരണകാലത്ത് അഴിമതിക്കേസിലാണ് അറസ്റ്റിലാവുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമാണ് കേസ്. ഖനന അഴിമതിയിൽ ഉൾപ്പെട്ടിരുന്നുവെന്നും കൽക്കരി, ഖനന ബ്ലോക്കുകൾ അനുവദിച്ചതിന് കൈക്കൂലി വാങ്ങിയതായി സിബിഐയും ഇഡിയും ആരോപിച്ചിരുന്നു. കേസിൽ മധു കോഡയുടെ 144 കോടി ഇഡി കണ്ടുകെട്ടിയിരുന്നു. 2009ൽ അറസ്റ്റിലായതിന് മധു 2013ൽ ജാമ്യത്തിൽ പുറത്തിറങ്ങി. ഈ കേസിൽ 2017ൽ മൂന്ന് വർഷത്തെ തടവിനും 25 ലക്ഷം രൂപ പിഴ ഒടുക്കാനും കോടതി ശിക്ഷിച്ചു. ഇ ഡി ഇതുപോലെ കേരളത്തിൽ കറങ്ങുമ്പോൾ പിണറായിക്ക് അടക്കം അങ്കലാപ്പ് തോന്നുത് വെറുതെയല്ല!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP