Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലം വാരി വിതറുന്നത് മാധ്യമപ്രവർത്തനമല്ല....മാതൃഭൂമിയോട് തന്നെയാണെന്ന് ജിനേഷ് പിഎസ്; നുണവാർത്തകൾ മാതൃഭൂമിയുടെ പൊതുശൈലി ആവുന്നു എന്ന് സജി ജയമോഹൻ; ചെങ്ങന്നൂരിലെ സിപിഎം സ്ഥാനാർത്ഥി സജി ചെറിയാൻ കടലാമ സംരക്ഷകർക്ക് ഒപ്പം ആലപ്പുഴ കടപ്പുറത്ത് എത്തിയതിന്റെ ചൊരുക്കുതീർത്ത് ഗ്രീൻ റൂട്‌സിനെ മോശക്കാരാക്കി ലേഖന പരമ്പര; ആമയെ കൊല്ലുന്ന മുയലുകളെ ചൂണ്ടിക്കാട്ടി മാതൃഭൂമി മുതലക്കണ്ണീർ ഒഴുക്കുന്നതിനെ പരിഹസിച്ച് സോഷ്യൽ മീഡിയയും

മലം വാരി വിതറുന്നത് മാധ്യമപ്രവർത്തനമല്ല....മാതൃഭൂമിയോട് തന്നെയാണെന്ന് ജിനേഷ് പിഎസ്; നുണവാർത്തകൾ മാതൃഭൂമിയുടെ പൊതുശൈലി ആവുന്നു എന്ന് സജി ജയമോഹൻ; ചെങ്ങന്നൂരിലെ സിപിഎം സ്ഥാനാർത്ഥി സജി ചെറിയാൻ കടലാമ സംരക്ഷകർക്ക് ഒപ്പം ആലപ്പുഴ കടപ്പുറത്ത് എത്തിയതിന്റെ ചൊരുക്കുതീർത്ത് ഗ്രീൻ റൂട്‌സിനെ മോശക്കാരാക്കി ലേഖന പരമ്പര; ആമയെ കൊല്ലുന്ന മുയലുകളെ ചൂണ്ടിക്കാട്ടി മാതൃഭൂമി മുതലക്കണ്ണീർ ഒഴുക്കുന്നതിനെ പരിഹസിച്ച് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ഡസ്‌ക്

ആലപ്പുഴ: കേരള തീരങ്ങളിൽ എത്തി മുട്ടയിട്ട് വംശവർധന നടത്തുന്ന കടലാമകൾക്ക് സംരക്ഷണം നൽകുന്ന സംഘടനയായ ഗ്രീൻ റൂട്ട്‌സിന് എതിരെ മാതൃഭൂമിയുടെ നുണപ്രചരണം. മുമ്പ് ഗ്രീൻ റൂട്ട്‌സിന്റെ കടലാമ സംരക്ഷണ പ്രവർത്തകരുടെ കൂടെ അവരുടെ ' മീഡിയാ പാർട്ണർ' എന്ന് നടിച്ച് കൂടെ കൂടിയ മാതൃഭൂമി ഇപ്പോൾ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയെ മോശക്കാരനാക്കി ചിത്രീകരിക്കാൻ ഇത്തരത്തിൽ ഒരു കളംമാറ്റി ചവിട്ടൽ നടത്തിയെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇതോടെ വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാരിക്കുകയാണ്.

കേരളത്തിൽ കടലാമകൾ കൂട്ടത്തോടെയെത്തി മുട്ടയിട്ട് മടങ്ങുന്ന തീരങ്ങളിലെല്ലാം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗ്രീൻ റൂട്‌സ് പ്രവർത്തകരും പ്രദേശവാസികളും എല്ലാം ഒരുമയോടെ നിന്ന് കടലാമ മുട്ട വിരിയിക്കാനും കുഞ്ഞുങ്ങളെ കടലിൽ നിക്ഷേപിക്കാനും കാവൽ നിൽക്കാറുണ്ട്. ആദ്യകാലത്ത് ഗ്രീൻ റൂട്ട്‌സിനൊപ്പം കൈകോർക്കുന്നു എന്ന മട്ടിൽ മാതൃഭൂമിയും കൂടെ നിന്നിരുന്നു. ഇപ്പോഴും ചില തീരങ്ങളിൽ ഇതിന്റെ മധ്യവർത്തികൾ തങ്ങളാണെന്ന മട്ടിൽ മാതൃഭൂമി വിശദമായ റിപ്പോർട്ടുകളും നൽകുന്നു. എല്ലാ തീരങ്ങളിലും എല്ലാ രാഷ്ട്രീയ പാർട്ടികളിലും അംഗങ്ങളായ പ്രവർത്തകരും ഈ പരിസ്ഥിതി രക്ഷാ പ്രവർത്തനത്തിനൊപ്പം അണിചേരാറുണ്ട്.

എന്നാൽ ഇക്കുറി ആലപ്പുഴയിൽ ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കടലാമകളെ സംരക്ഷിക്കുന്ന പ്രവർത്തനത്തിന് ഒപ്പം അണിചേർന്നത് രാഷ്ട്രീയക്കളിക്ക് ഉപയോഗിച്ചിരിക്കുകയാണ് മാതൃഭൂമി. ഇതാണ് ചർച്ചയാകുന്നതും. കൂർമ്മാവതരാങ്ങൾക്കായി ഇതാ ഒരു സന്നദ്ധ സംഘടന എന്ന ശീർഷകത്തിൽ 2015ൽ മാതൃഭൂമി വിശദമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ആമ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയ സജി ജയമോഹനെ പരിചയപ്പെടുത്തുന്ന വിശാലമായ ലേഖനത്തിൽ അദ്ദേഹത്തിന്റേയും കൂടെ ആമ സംരക്ഷണത്തിന് ഇറങ്ങുന്നവരേയും ശ്‌ളാഘിച്ചുകൊണ്ടുള്ള വിശാലമായ ലേഖനമാണ് മാതൃഭൂമി നൽകിയത്. എന്നാൽ ചെങ്ങന്നൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥി സജി ചെറിയാൻ ഇവർക്കൊപ്പം അണിചേർന്നതോടെ ആമസംരക്ഷകർ മാതൃഭൂമിക്ക് ആമയെ കൊല്ലുന്നവരായി മാറി. ഇതോടെ സോഷ്യൽ മീഡിയയിലുൾപ്പെടെ വലിയ പ്രതിഷേധമാണ് പത്രത്തിനെതിരെ ഉയരുന്നത്. വനപാലകരും പൊലീസും ഉൾപ്പെടെ ഈ പരിസ്ഥിതി സ്‌നേഹ ദൗത്യത്തിൽ പങ്കാളികൾ ആകുന്നവരെല്ലാം പത്രത്തിന്റെ ഈ നിലപാടിനെതിരെ രംഗത്തുവന്നുകഴിഞ്ഞു.

ആമയെ കൊല്ലുന്ന മുയലുകൾ എന്ന ശീർഷകത്തിൽ മാതൃഭൂമിയിൽ എഴുതിയ കോളമാണ് ചർച്ചയായത്. കടലാമകളെ കാക്കുന്നത് മാതൃഭൂമി സീഡ് പ്രവർത്തകരാണെന്നു വരുത്തി കടലാമ സംരക്ഷണം മാതൃഭൂമിയുടെ മാത്രം ചുമതലയാണെന്ന് വരുത്താനും ഇത്തരമൊരു സംരംഭത്തിന് കേരളത്തിൽ തുടക്കമിട്ട സജി ജയമോഹനുൾപ്പെടെയുള്ള ഗ്രീൻ റൂട്‌സ് പ്രവർത്തകരെ ആമയെ കൊല്ലുന്നവരാക്കാനും ബോധപൂർവം പത്രം ശ്രമിക്കുന്നു എന്ന ആരോപണമാണ് ഉയരുന്നത്. അതോടൊപ്പം ചെങ്ങന്നുർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ഇതിൽ ഇടതു സ്ഥാനാർത്ഥിയെ മോശക്കാരനാക്കാനും ശ്രമം നടന്നുവെന്നും ആക്ഷേപം ഉയരുന്നു.

കടലാമകളെ പൊന്നുപോലെ കാക്കുന്ന ഗ്രീൻ റൂട്ട്‌സ്

വർഷങ്ങളായി പലവിധ പ്രകൃതി സംരക്ഷണ പരിപാടികളും സാമൂഹിക പ്രവർത്തനവും നടത്തുന്ന കൂട്ടായ്മയാണ് ഗീൻ റൂട്ട്സ് നേച്ചർ കൺസർവേഷൻ ഫോറം. കടലാമയുടെ മുട്ടകൾ ശേഖരിച്ച്, വിരിയിച്ച് കുഞ്ഞുങ്ങളെ സുരക്ഷിതമായി കടലിൽ തിരികെ വിടുക എന്ന പ്രവർത്തനം കേരള തീരങ്ങളിൽ ഉടനീളം ഇവർ നടത്തുന്നു. ഇതിന് വനംവകുപ്പിന്റേയും സർക്കാരിന്റേയും അതത് തീരദേശങ്ങളിലെ നാട്ടുകാരുടേയും പിന്തുണയുമുണ്ട്. കടലാമ മുട്ടയിടുന്ന സീസണിൽ അതിരാവിലെ കടൽത്തീരത്ത് വളരെ ശ്രദ്ധാപൂർവ്വം നടന്ന് മുട്ടകൾ ശേഖരിക്കും, രാവിലെ ഏതാണ്ട് നാലു മണി അഞ്ചു മണി സമയത്താണ് ഇത് ചെയ്യുക.

കടലിൽനിന്നും ആമ കരയിലേക്ക് കയറിവന്നതും തിരിച്ചു പോകുന്നതുമായ കാൽപ്പാടുകൾ നോക്കി സ്ഥലം കണ്ടെത്തിയാണ് ശേഖരണം. ഇങ്ങനെ ശേഖരിക്കുന്ന കടലാമ മുട്ടകൾ പ്രവർത്തകർ രൂപീകരിച്ച ഹാച്ചറിയിൽ സൂക്ഷിക്കും. അതിരാവിലെ പോയില്ലെങ്കിൽ മുട്ടകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. അലഞ്ഞുതിരിയുന്ന നായകൾ പ്രധാന ഭീഷണിയാണ്. അവയുടെ കണ്ണിൽ പെടുന്നതിനു മുൻപ് മുട്ടകൾ എടുത്ത് സംരക്ഷിക്കേണ്ടതുണ്ടതിനാലാണ് ഇവർ ഇത് ചെയ്യുന്നത്. ഇത്തരത്തിൽ സംരക്ഷിക്കുന്ന മുട്ടകൾ വിരിയിച്ച് കടലിലേക്ക് കടലാമ കുഞ്ഞുങ്ങളെ തിരികെ വിടുന്ന പ്രവർത്തനമാണ് ഇവർ ചെയ്യുന്നത്.

ഗ്രീൻ റൂട്ട്സിന്റെ പ്രധാന പ്രവർത്തകനായ സജി ജയമോഹന്റെ പ്രവർത്തന ഫലമായാണ് അവിടങ്ങളിൽ കടലാമ മുട്ട സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ശക്തമായത്. ആദ്യകാല പ്രവർത്തനങ്ങളിൽ ചെറുതല്ലാത്ത എതിർപ്പും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യകാലത്ത് തീരവാസികളിൽ നിന്നും വൻ എതിർപ്പുകൾ വരെ ഉണ്ടായി. അവർ ഭക്ഷണമായി ശേഖരിച്ചിരുന്നതായിരുന്നു കടലാമ മുട്ടകൾ. എന്നാൽ ഇതൊരു വശനാശത്തിലേക്ക് നയിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തി, എതിർപ്പുകൾ ഇല്ലാതാക്കി, അവരുടെ കൂടെ സഹകരണത്തോടെ ആണ് ഇപ്പോൾ കേരള തീരങ്ങളിൽ കടലാമ സംരക്ഷണം നടക്കുന്നത്.

ആദ്യമെല്ലാം കയ്യാങ്കളിയുടെ വക്കിലെത്തിയ ആ എതിർപ്പുകളിൽ നിന്നും കുട്ടികളേയും പ്രകൃതി സ്നേഹികളേയും രാഷ്ട്രീയക്കാരെയും എല്ലാം സംഘടിപ്പിച്ച് കടലാമകളെ സംരക്ഷിക്കുന്നതിനായി വലിയൊരു ഫോറം രൂപീകരിക്കാൻ സജിക്ക് കഴിഞ്ഞിരുന്നു. ഇത്തരത്തിൽ പ്രവർത്തിച്ച ഗ്രീൻ റൂട്‌സിന്റെ കൂടെ നിന്നിരുന്നവരാണ് ആദ്യകാലത്ത് മാതൃഭൂമിയെന്നതാണ് വിരോധാഭാസം. ഇപ്പോൾ ഗ്രീൻ റൂട്‌സിനെ ആമയെ കൊല്ലുന്നവരാക്കി വാർത്ത നൽകിയിരിക്കുകയാണ് മാതൃഭൂമി.

ഗ്രീൻ റൂട്‌സ് നടത്തുന്ന ആമസംരക്ഷണത്തെ പതിയെ തങ്ങളുടെ സംഘടനയായ മാതൃഭൂമി സീഡിന്റെ പരിപാടിയായി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന ആരോപണമാണ് ഉയരുന്നത്. മലം വാരി വ്ിതറുന്നത് മാധ്യമപ്രവർത്തനം ആണെന്ന് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഇൻഫോ ക്‌ളിനിക് അഡ്‌മിൻ ജിനേഷ് പിഎസ് പറയുന്നു. ചെങ്ങന്നൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ ആലപ്പുഴ തീരത്ത് കടലാമ കുഞ്ഞുങ്ങളെ തുറന്നുവിടാൻ സഹകരിച്ചതിനെ ഏറ്റവും വൃത്തികെട്ട രീതിയിലായിരുന്നു മാതൃഭൂമി പത്രത്തിൽ ചിത്രീകരിച്ചതെന്നും വ്യക്തമാക്കിയാണ് അദ്ദേഹം പ്രതികരിച്ചത്. വാസ്തവ വിരുദ്ധ വാർത്തകൾ നൽകുന്നത് മാതൃഭൂമിയുടെ പൊതു ശൈലിയായി മാറുന്നുവെന്ന് സജി ജയമോഹനും പറയുന്നു. ഇരുവരും ഫേസ്‌ബുക്കിൽ നൽകിയ കുറിപ്പ് ചുവടെ:

മലം വാരി വിതറുന്ന മാതൃഭൂമി
ജിനേഷ് പിഎസ്

മലം വാരി വിതറുന്നത് മാധ്യമപ്രവർത്തനം ആണെന്ന് അംഗീകരിക്കാൻ സാധിക്കില്ല. മാതൃഭൂമി പത്രത്തോട് തന്നെയാണ്. വക്കീലന്മാരും മാധ്യമ പ്രവർത്തകരും തമ്മിൽ വാഗ്വാദം നടന്നപ്പോൾ മാധ്യമപ്രവർത്തകരോടൊപ്പമാണ് നിലപാടെടുത്തത്. ഇൻഡസ്‌റ്റൈനൽ ഇസ്‌കീമിയ എന്ന ഗുരുതരമായ അസുഖം ബാധിച്ച് മുൻ കേരള ഗവർണർ സിക്കന്ദർ ഭക്ത് മരിച്ചതിനെ ഡോക്ടർമാർ കൊന്നു എന്ന രീതിയിൽ വാർത്തയാക്കിയപ്പോൾ പോലും അമിത വൈകാരികത മൂല്യം പ്രതികരിച്ചതാണ് എന്നാണ് കരുതിയത്. ഡോക്ടർ സമൂഹം ഒന്നടങ്കം മാതൃഭൂമി ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞപ്പോൾ പോലും വിയോജിപ്പായിരുന്നു. പക്ഷേ കടലാമകളെ കുറിച്ചുള്ള നാല് തുടർ വാർത്തകളിലൂടെ എന്റെ വിശ്വാസങ്ങൾ തെറ്റായിരുന്നു എന്ന് മനസ്സിലാക്കുന്നു.

ചെങ്ങന്നൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ ആലപ്പുഴ തീരത്ത് കടലാമ കുഞ്ഞുങ്ങളെ തുറന്നുവിടാൻ സഹകരിച്ചതിനെ ഏറ്റവും വൃത്തികെട്ട രീതിയിലായിരുന്നു മാതൃഭൂമി പത്രത്തിൽ ചിത്രീകരിച്ചത്.

കേരളത്തിൽ മാത്രമല്ല, ലോകത്തിൽ എല്ലായിടത്തും തന്നെ കടലാമ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷണ പദ്ധതികൾ നടപ്പാക്കി വരികയാണ്. പ്രശസ്തരും പ്രമുഖരുമായ ആൾക്കാരെക്കൊണ്ട് കടലാമക്കുഞ്ഞുങ്ങളെ തുറന്നുവിടുന്നത് ആ സന്ദേശം കൂടുതൽ പേരിൽ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ്. അതിനെയാണ് ഏറ്റവും മോശം ഭാഷയിൽ മാതൃഭൂമി പത്രത്തിൽ റിപ്പോർട്ട് ചെയ്തത്.

കടൽതീരം കുറയുന്നതിനാലും തീരത്ത് കൽഭിത്തി കെട്ടുന്നതിനാലും കടലാമകൾക്ക് മുട്ടയിടാനുള്ള സ്ഥലം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ബോധവൽക്കരണപ്രവർത്തനങ്ങൾ ഉണ്ടാവുന്നതിനു മുൻപ് ചില തീരദേശവാസികളുടെ ഇഷ്ടഭോജനങ്ങളിൽ ഒന്നായിരുന്നു കടലാമ മുട്ട. പരിസ്ഥിതി പ്രവർത്തകരുടെ നിരന്തരമായ പ്രവർത്തനഫലമായാണ് ഈ ശീലം മാറി വന്നത്.

പലസ്ഥലങ്ങളിലും കടലാമ മുട്ടകൾ സംരക്ഷണത്തിനായി നിലപാടെടുക്കുന്നവർക്ക് സമൂഹത്തിൽ നിന്നുള്ള എതിർപ്പുകൾ നേരിടേണ്ടിവന്നു. രാത്രിസമയത്താണ് കടലാമകൾ മുട്ടയിടുന്നത്. അവധി തിരിഞ്ഞു നടക്കുന്ന പട്ടികൾ ഈ മുട്ട ആഹരിക്കാറുണ്ട്. അവയിൽനിന്നും മുട്ട സംരക്ഷിക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള നടപടിയല്ല. കടലാമകൾ കരയിലേക്ക് കയറി വരുന്ന പാട് നോക്കി മുട്ട ഇരിക്കുന്ന സ്ഥലം കണ്ടുപിടിക്കാൻ പട്ടികൾക്ക് സാധിക്കും. ഇങ്ങനെയുള്ള സാഹചര്യത്തിൽ അർദ്ധരാത്രിക്ക് ശേഷം ടർട്ടിൽ വാക്കുകൾ നടത്തി മുട്ട ഇരിക്കുന്ന സ്ഥലം കണ്ടുപിടിക്കുകയും ആ മുട്ടകൾ ശേഖരിച്ച്, ഹാച്ചറിയിൽ സൂക്ഷിച്ച് വിരിയിച്ച് കുഞ്ഞുങ്ങളെ കടലിലേക്ക് വിടുകയുമാണ് ചെയ്യുന്നത്. വനം വന്യജീവി സംരക്ഷണ വകുപ്പ് ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്. ആത്മാർഥതയുള്ള പരിസ്ഥിതിപ്രവർത്തകരുടെ സഹായവും വനംവകുപ്പ് തേടാറുണ്ട്.

തോട്ടപ്പള്ളി അടക്കമുള്ള ആലപ്പുഴ തീരങ്ങളിൽ കുട്ടികളെയും ജനങ്ങളെയും സംഘടിപ്പിച്ച് കടലാമ സംരക്ഷണത്തിന്റെ പ്രാധാന്യം അവരിലെത്തിച്ച വ്യക്തിയാണ് Saji Jayamohan. സ്വന്തം ജോലിയും വ്യക്തിപരമായ കാര്യങ്ങളും ബലികഴിച്ച് പലപ്പോഴും പ്രകൃതി സംരക്ഷണത്തിനായി ഓടുന്ന വ്യക്തികളിലൊരാൾ. കടലാമ സംരക്ഷണത്തിനും മറ്റ് പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി ഗ്രീൻ റൂട്‌സ് എന്ന ഒരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട് സജിയും കൂട്ടുകാരും.

മാതൃഭൂമി പത്രവും കടലാമ സംരക്ഷണ ബോധവൽക്കരണത്തിനായി സീഡിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. കടലാമയ്‌ക്കൊരു കളിത്തൊട്ടിൽ എന്നായിരുന്നു പദ്ധതിയുടെ പേര്. സജിയുടെയും ഗ്രീൻ റൂട്ട്‌സിന്റെയും സഹകരണത്തോടെ മാതൃഭൂമിയും ഒന്നുരണ്ട് തവണ ഇത്തരം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

എന്നാൽ വാർത്തകളിൽ എല്ലാം മാതൃഭൂമിയുടെ നേട്ടങ്ങൾ മാത്രം വന്നപ്പോൾ ഗ്രീൻ റൂട്ട്‌സ് വഴിപിരിഞ്ഞു. അതിനുശേഷം വാചകമടിക്കപ്പുറം ഒന്നും മാതൃഭൂമിക്ക് സാധിച്ചിട്ടുമില്ല. ഗ്രീൻ റൂട്ട്‌സ് ക്രെഡിറ്റ് ആഗ്രഹിക്കുന്നതുകൊണ്ടാണ് മാതൃഭൂമിയുമായി സഹകരിക്കാത്തത് എന്ന് വരെ പറഞ്ഞവരുണ്ട്.

കഷ്ടപ്പെട്ട് രാത്രി ഉറക്കം പോലും കളഞ്ഞ് കടലാമ സംരക്ഷണത്തിനായി പ്രയത്‌നിക്കുന്ന ഒരു കൂട്ടായ്മയുടെ പേര് വച്ചാൽ പോലും ഇല്ലാതാകുന്ന വലിപ്പം മാത്രമേ മാതൃഭൂമി എന്ന പത്രത്തിന് ഉള്ളൂവെങ്കിൽ നിങ്ങളോട് പുച്ഛം മാത്രമേയുള്ളൂ. അല്ലെങ്കിലും നമ്മുടെ നാട്ടിൽ കഷ്ടപ്പെടുന്നവർക്ക് അല്ല പേര് ലഭിക്കുക. ഉടായിപ്പ് കാണിച്ച് ഏറ്റവും ശക്തിയുള്ളവർ ക്രെഡിറ്റ് എല്ലാം അടിച്ചുമാറ്റും.

എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് അപമാനിച്ച ആദ്യ വാർത്തയിൽ തന്നെ മാതൃഭൂമി പറഞ്ഞ ഒരു കാര്യമുണ്ട്. കടലാമ മുട്ടകൾ ടെറസിൽ വച്ച്, വെയിൽ കൊള്ളിച്ചു എന്ന്. കടലാമ സംരക്ഷണ ത്തിന്റെ എബിസിഡി അറിയുന്ന ഒരാൾ അങ്ങനെ ചെയ്യില്ല. യാതൊരു തെളിവുമില്ലാതെ ക്രെഡിറ്റിന് വേണ്ടി എന്തെങ്കിലും കാട്ടിക്കൂട്ടുന്നവർ അത് ചെയ്യുമായിരിക്കും. ആലപ്പുഴയുടെ തീരങ്ങളിൽ കടലാമ സംരക്ഷണത്തെക്കുറിച്ച് വന്ന ആദ്യ വാർത്തയിൽ വ്യംഗ്യമായി അത് ചെയ്തത് ഗ്രീൻ റൂട്ട്സ്സ് ആണ് എന്നാണ് ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു. കടലാമകളുടെ സംരക്ഷണത്തിനായി ഇത്രയധികം പ്രയത്‌നിക്കുന്ന സജിയെപോലെ ഒരാൾ അത് ചെയ്യില്ല എന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി.

മാത്രമല്ല, ടെറസിൽ കടലാമകളുടെ മുട്ടകൾ വച്ച് ആ മുട്ടകൾ നശിപ്പിച്ചത് ആരാണ് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. അങ്ങനെ നശിപ്പിച്ചവർക്കെതിരെ വനംവകുപ്പ് നിയമ നടപടി സ്വീകരിക്കുകയും വേണം. മാതൃഭൂമി പത്രമാണ് അത് ചെയ്തതെങ്കിൽ പോലും നിയമനടപടി സ്വീകരിക്കണമെന്ന് മാത്രമേ എനിക്ക് പറയാനാവൂ. അങ്ങനെയല്ലെങ്കിൽ വാർത്തയിൽ പറഞ്ഞത് ആരാണ് ചെയ്തത് എന്ന് വ്യക്തമാക്കാൻ മാതൃഭൂമി തയ്യാറാവണം. ഇത് പറഞ്ഞില്ലെങ്കിൽ മാതൃഭൂമി പറഞ്ഞുകൊണ്ടിരിക്കുന്നതും തുടരെ എഴുതിക്കൊണ്ടിരിക്കുന്നതും നുണയാണ് എന്നേ കരുതാനാവൂ. അല്ലെങ്കിൽ ടെറസ്സിൽ കടലാമമുട്ടകൾ വച്ചത് മാതൃഭൂമിയുടെ അടുപ്പക്കാർ ആരെങ്കിലും ആയിരിക്കണം.

കേരളത്തിലെ പ്രകൃതി സ്‌നേഹികളേയും കടലാമ സംരക്ഷകരെയും ഒന്നടങ്കം കോമാളികൾ ആക്കുന്ന നടപടിയാണ് മാതൃഭൂമി വാർത്തയിലെ ഈ പരാമർശങ്ങൾ.

കടലാമ മുട്ടകളെ പട്ടികളിൽ നിന്നും സംരക്ഷിക്കാനായി ഹാച്ചറിയിലേക്ക് മാറ്റുമ്പോൾ കടലാമ കുഞ്ഞുങ്ങൾക്ക് കടൽത്തീരത്തേക്ക് എത്താനുള്ള ഊർജ്ജം നഷ്ടപ്പെടുന്നു എന്നു വരെ കണ്ടെത്തിയിട്ടുണ്ട് മാതൃഭൂമി. പത്രങ്ങൾക്കിടയിലെ മോഹനനാണ് മാതൃഭൂമി എന്ന് പറയാതെ വയ്യ. പത്രലേഖകർ സുവോളജി പഠിച്ചിട്ട് എഴുതണമെന്നൊന്നും ഞാൻ പറയില്ല. പക്ഷേ എഴുതുന്ന കാര്യങ്ങളെക്കുറിച്ച് കുറച്ചെങ്കിലും വിവരങ്ങൾ ശേഖരിക്കണം എന്നു മാത്രമേ പറയൂ. മുട്ടകൾ ഹാച്ചറിയിലേക്ക് മാറ്റുമ്പോൾ ജുവനൈൽ ഫ്രൻസി നഷ്ടപ്പെടുന്നു എന്നൊക്കെ എഴുതണമെങ്കിൽ അസാമാന്യ ധൈര്യം തന്നെ വേണം.

കടലാമ സീരീസിലെ ഏപ്രിൽ ഒന്നിലെ ലേഖനത്തിൽ ജനങ്ങളെ ഒന്നടങ്കം നുണകളുടെ കൂമ്പാരങ്ങൾ വിതറി ഏപ്രിൽഫൂൾ ആക്കിയിട്ടുണ്ട് മാതൃഭൂമി. ഒരു സ്ഥലത്ത് ആമ മുട്ട ഇടുന്നത് കണ്ട് സൈമൺ എന്ന മത്സ്യത്തൊഴിലാളി വനംവകുപ്പിനെ വിവരമറിയിക്കുകയും അവർ ഇടപെടുകയും ചെയ്ത സംഭവം എത്ര വിചിത്രമായാണ് മാതൃഭൂമി വളച്ചൊടിച്ചത് എന്നറിയണമെങ്കിൽ സജി എഴുതിയ പോസ്റ്റ് വായിക്കണം. സ്വന്തം വീട്ടിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള അർത്തുങ്കലിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചതുകൊണ്ട് അർദ്ധരാത്രി ചെന്ന സജി എന്ന മനുഷ്യന് ഇതു തന്നെ ലഭിക്കണം.

സജി എഴുതിയ പോസ്റ്റിന്റെ ലിങ്ക് ഒന്നാമത്തെ കമന്റിൽ ഇട്ടിടുന്നു. കഷ്ടപ്പെട്ട് പ്രകൃതിസംരക്ഷണം നടത്തുന്ന ഒരു വ്യക്തിയെ ഇല്ലാതാക്കാനായി മാതൃഭൂമി നയിക്കുന്ന ഈ പോരാട്ടത്തിൽ ആ വ്യക്തി ചിലപ്പോൾ തകർന്നുപോകുമായിരിക്കും. പക്ഷേ ധാർമികതയിൽ ഉറച്ച് പ്രകൃതിസംരക്ഷണം നടത്തുന്ന കാലത്തോളം ഞങ്ങൾ പിന്തുണയ്ക്കും.

വാർത്തകൾ എന്ന പേരിൽ നുണകളുടെ മലം വാരിവിതറുന്ന മാതൃഭൂമിയുടെ റീച്ച് ഈ പോസ്റ്റിന് ലഭിക്കില്ലായിരിക്കും. പക്ഷേ സത്യസന്ധനായ, ഒറ്റപ്പെട്ട് പോയ ഒരു മനുഷ്യനോടൊത്ത് നിൽക്കാൻ സാധിച്ചു എന്ന് ആത്മസംതൃപ്തി എനിക്കുണ്ടാകും.

നുണ വാർത്തകൾ മാതൃഭൂമിയുടെ പൊതു ശൈലി
സജി ജയമോഹൻ

വാസ്തവവിരുദ്ധമായ വാർത്തകൾ മാതൃഭൂമി പത്രത്തിന്റെ പൊതു ശൈലിയായിമാറുന്നു.മനസിലാക്കിയാൽ മാതൃഭൂമിക്ക് നല്ലത്.

പരിസ്ഥിതി സ്‌നേഹികൾക്ക് വഴി പിഴയ്ക്കരുത് എന്ന തലക്കെട്ടോടെ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയിൽ പരിസ്ഥിതി സ്‌നേഹികൾ എന്ന് മൃദുഭാഷയിൽ എഴുതാൻ തോന്നിയ മാതൃഭൂമി ലേഖകന് പ്രണാമം. ആ വാർത്തയിലെ1 മുതൽ 3 വരെ ഉള്ളഖണ്ഡിക ശുദ്ധ നുണ എന്ന് പറയാതിരിക്കാൻ ആവില്ല. കാരണം ആ വാർത്തയിൽ കൂടി ഉദ്ദേശിച്ചിരിക്കുന്നത് ഗ്രീൻ റൂട്ട്‌സ് എന്ന ഞങ്ങളുടെ സംഘടനയ്ക്ക് നേരെ തന്നെയാണ്.

2017 ജനുവരി 10ന് രാവിലെ 11മണിയോടെ ആണ് സോഷ്യൽ ഫോറസ്ട്രി ആലപ്പുഴയിൽ നിന്നും എനിക്ക് ഒരു ഫോൺ കോൾ വന്നത് ആലപ്പുഴ യിലെ അർത്തുങ്കൽ എന്ന സ്ഥലത്ത് കടലാമ കയറി മുട്ടയിട്ടിരിക്കുന്നു അത് ഒന്നു സംരക്ഷിക്കണം എന്നതായിരുന്നു ആ കോളിന്റെ സാരാംശം. ഉടൻതന്നെ ഞാൻ എന്റെ സ്വന്തം വാഹനത്തിൽ ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഓഫീസിൽ 12മണിയോടെ എത്തിച്ചേർന്നു.

അവിടെനിന്നും നല്ല കുറെ കമ്പുകൾ വെട്ടി ഡിപ്പാർട്ടുമെന്റ് ജീപ്പിൽ ആർത്തുങ്കലേക്ക് പോയി. 44 കിലോമീറ്റർ ദൂരമുണ്ട് തോട്ടപ്പള്ളിയിൽ നിന്നും അർത്തുങ്കലേക്ക്. സൈമൺ എന്ന പ്രദേശ വാസി അറിയിച്ചതിനാലാണ് ഞങ്ങളെ വനം വന്യജീവി വകുപ്പ് സോഷ്യല് ഫോറസ്റ്റ്‌റി ഡിപ്പാർട്ട്മെന്റ് ഈ കൂടിന്റെ സംരക്ഷണം ഏൽപ്പിച്ചത് . 2013ൽ ഗ്രീൻ റൂട്ട്‌സിന്റെ തുടക്കംമുതൽ സോഷ്യൽ ഫോറസ്ട്രി ആലപ്പുഴ ആഫീസും ആയി സഹകരിച്ചാണ് ഞങ്ങൾ കടലാമ സംരക്ഷണം നടത്തി വരുന്നത് . കടലാമ സംരക്ഷണത്തിന് ഞങ്ങള്ക്ക് വനംവകുപ്പിന്റെ പ്രകൃതി മിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

കടലാമ മുട്ട കണ്ടെത്തുന്നത് കടലാമകളുടെ കാൽപ്പാടും അവ തിരിഞ്ഞിറങ്ങുന്ന വഴികളും നോക്കിയിട്ടാണ്. വളരെ ശ്രമകരമായ ഒരു ജോലിയാണ് ഇത്. കരയിൽ മുട്ടയിടാൻ കയറുന്ന കടലാമ മുട്ടയിട്ട ശേഷം മുട്ടയിട്ടതിന്റെ ഒരു തെളിവും അവശേഷിപ്പിക്കാതെ ആണ് കടലിലേക്ക് പോകുന്നതെങ്കിലും കാൽപ്പാടുകളിലൂടെ മാത്രമേ മുട്ടകൾ കണ്ടെത്താനാവു. തെരുവുനായയും, കുറുക്കനും,കീരിയും ഒക്കെ മണം പിടിച്ച് ഈ മുട്ടകൾ കണ്ടെത്തി ഭക്ഷിക്കും നമുക്ക് മണം പിടിച്ച് കണ്ടത്താൻ കഴിയുമോ?

ഇനിയെങ്ങാനും തികപ്പ് (കടൽ വേലിയേറ്റത്താൽ തീരത്തേക്ക് പരന്നൊഴുകുന്ന പ്രതിഭാസം) കയറിയാൽ കാൽപാടുകൾ മാഞ്ഞു പോകും പിന്നെ മുട്ട കണ്ടെത്താനാകില്ല. സാധാരണ മനുഷ്യർ മുട്ടകൾ കണ്ടെത്തുന്നത് കമ്പുകൾ കൊണ്ട് കുത്തി നോക്കിയാണ്. കമ്പു കൊണ്ടുള്ള കുത്തിൽ ഇളകിയ മണ്ണിൽ കമ്പ് വേഗം താഴും, ചിലപ്പോൾ കമ്പ് മുട്ടകളിൽ കൊണ്ട് മുട്ട പൊട്ടാറുമുണ്ട്. ഞങ്ങൾ മുട്ടകൾ കണ്ടെത്തുന്നതും കമ്പുപയോഗിച്ച് തന്നെ ആണ് എങ്കിലും ആഴത്തിലോ, ശക്തമായോ, മുട്ടകൾക്ക് കേട് വരുന്ന തരത്തിലോ കുത്താറില്ല.ഇത്രയും കാര്യങ്ങൾ നേരത്തെ സൂചിപ്പിച്ചത് ആർത്തുങ്കൽ തീരത്ത് ചെന്നപ്പോൾ അവിടുത്തെ സാഹചര്യം പറയാൻ വേണ്ടി മാത്രം.

എറണാകുളത്തുനിന്നും തെക്കോട്ടും ആലപ്പുഴയ്ക്ക് വടക്കോട്ടും കടലാമകൾ കയറുന്നതായി വ്യക്തമായ തെളിവുകൾ ഇല്ല. ഇനി ഒരുപക്ഷെ അവ മുട്ട ഇട്ടാലും ആ മുട്ടകൾ വിരിഞ്ഞു പോകില്ല. കാരണം അവിടെ മനുഷ്യർ ഈ മുട്ടകൾ ഭക്ഷണമാക്കുകയോ,തെരുവുനായ്ക്കൾ ,കീരികൾ എന്നിവ ഈ മുട്ടകൾ ഭക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യാം. അതിനാൽ തന്നെയാണ് അർത്തുങ്കൽ പോലുള്ള പ്രദേശത്ത് കടലാമ മുട്ടയിട്ടത് സംരക്ഷിക്കേണ്ടത്തിന്റെ അനിവാര്യത.

ഞങ്ങൾ ചൊല്ലുമ്പോൾ സൈമൺ ചേട്ടൻ ഞങ്ങളെക്കാത്ത് ആ തീരത്ത് തന്നെ ഉണ്ടായിരുന്നു. ഞങ്ങളെയും കൂട്ടി മുട്ടയിട്ട സ്ഥലത്തേക്ക് കൊണ്ടുപോയി. പക്ഷേ കടലാമയുടെ കാൽപ്പാടുകൾ അദ്ദേഹം മായ്ച്ചു കളഞ്ഞിരുന്നു. മറ്റു മനുഷ്യർ അത് കണ്ടെത്താ തിരിക്കാൻ ആയിരുന്നു അങ്ങിനെ ചെയ്യേണ്ടിവന്നത്. ഒരു പൊന്തു വള്ളം മുട്ടയിട്ട ഭാഗത്തിന് മുകളിൽ വച്ചിരുന്നു. ആ ഭാഗം കാണിച്ചിട്ട് അവിടെയാണ് മുട്ടകൾ എന്ന് എന്നോട് പറഞ്ഞു.1.30 മണിക്കൂർ പരിശ്രമിച്ചിട്ടും എനിക്ക് മുട്ട കണ്ടെത്താനായില്ല. വെയിൽ കഠിന മായതിനാൽ ഞാനും തളർന്നിരുന്നു.
മുട്ട കണ്ടെത്തുന്നത് കാണാൻ തീരത്തു കൂടിയ നാട്ടുകാർ പോലും മടങ്ങി. അപ്പോൾ ഞാനും ശ്രമം ഉപേക്ഷിച്ചു. കൊണ്ടുപോയ കമ്പുകൾ കൊണ്ടു ഒരു വേലി തീർത്തു . അതിൽ ഒരു വല കൊണ്ടു കെട്ടിത്തിരിക്കാൻ ഞാൻ സൈമൻ ചേട്ടന് നിർദ്ദേശം നൽകി.

ആമ മുട്ടായിട്ടിട്ടുണ്ടെങ്കിൽ ഇനി ഉള്ള 40 മുതൽ 60 ദുവസത്തിനുള്ളിൽ മുട്ടകൾ വിരിയും എന്ന നിർദ്ദേശം നൽകിയാണ് ഞങ്ങൾ മടങ്ങിയത്. പിന്നീടും ഞാനദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അപ്പോൾ അറിയാൻ കഴിഞ്ഞത് അതിനു ചുറ്റും വല ഉപയോഗിച്ചു കെട്ടിത്തിരിച്ചിട്ടുണ്ട് എന്നാണ്. പിന്നീട് 40 ദിവസം കഴിഞ്ഞപ്പോൾ ഞാൻ അറിയിച്ചതനുസരിച് അദ്ദേഹം ആ വലകൾ ഉയർത്തി വെച്ചിരുന്നു.കാരണം മാതൃഭൂമിയിൽ പറയുംപോലെ കുഞ്ഞുങ്ങൾ വലയിൽ കുരുങ്ങുന്നത് ഉണ്ടാകാതിരിക്കാൻ. കൃത്യമായ സ്ഥലം അറിയാമെങ്കിൽ ഞങ്ങൾ ചെയ്യുന്നത് വേലി കെട്ടുന്ന പച്ച നെറ്റോ, കാർട്ടെന് ബോക്‌സോ ഉപയോഗിച്ചു വലക്കുള്ളിൽ വീണ്ടും സംരക്ഷണം തീർക്കാറുണ്ട്. പക്ഷെ അതും ഇവിടെ നടക്കുമായിരുന്നില്ല.

കൃത്യമായി 54 ദിവസം കഴിഞ്ഞു ആ കൂട്ടിൽ നിന്നും കുഞ്ഞുങ്ങൾ പുറത്തുവരാൻ. അദ്ദേഹം പുലർച്ചെ മൽസ്യ ബന്ധനത്തിന് പോകും . വരുമ്പോൾ ചിലപ്പോൾ ഉച്ചയാകും. എന്നെ വിളിക്കുന്നതും ഉച്ച സമയത്താണ്. സാർ കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞു കടലിലേക്ക് പോകുന്നു എന്തുചെയ്യണം എന്ന് വേവലാതിയോടെ യായിരുന്നു ആ വിളി. ഞാൻ അന്ന് ഒരു വർക്കിൽ ആയിരുന്നു.( ഞാൻ ഒരു ഫോട്ടോ ഗ്രാഫർ ആണ്. അതാണ് എന്റെ ഉപജീവനം)അവ കാക്കയോ പരുന്തോ കൊണ്ട് പോകാതെ സ്രെദ്ധിക്കാനും അവ കടലിലേക്ക് സുഗമമായി എത്താൻ വേണ്ടത് ചെയ്താൽ മതി എന്നു നിർദേശിച്ചു.

വർക് തീർത്തു വേഗം ഞാനും ഞങ്ങളുടെ അംഗങ്ങൾ ആയ ബിപിൻ, പ്രശോഭ് സർ എന്നിവരും ആയി ആർത്തുങ്കലേയ്ക്കു പുറപ്പെട്ടു. അപ്പോൾ തന്നെ ഡിപാർട്‌മെന്റ് തലത്തിൽ ഈ വിവരം അറിയിച്ചിരുന്നു. അവിടെ എത്തി കുഞ്ഞുങ്ങൾ ഇറങ്ങിയ കാൽ പാട് നോക്കി ഞാൻ കൂട് കണ്ടെത്തി.അപ്പോൾ ഏകദേശം 04.00 മണി ആയിരുന്നു. കൂട് മാന്തി അതിൽ അവശേഷിച്ച കുഞ്ഞുങ്ങളെയും പുറത്തെടുത്തു. കൂട്ടിലെ വിരിഞ്ഞതും കേടായതുമായ മുട്ടകൾ എണ്ണി 77 മുട്ടകളിൽ 55 കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയിരുന്നു. അന്ന് സോഷ്യൽ ഫോസ്ട്രിയിൽ നിന്നും പി.ആർ കുഞ്ഞച്ചൻ സാറും, ഡെപ്യൂട്ടി റേഞ്ചർ ആയ പി.എം. വർഗീസ് സാറും ഉണ്ടായിയുന്നു.ഞങ്ങൾ അവിടെ നിന്നു വാർഡ് മെംബരേയും, അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റിനെയും വിവരം അറിയിച്ചിരുന്നു.പക്ഷെ പഞ്ചായത്തു പ്രസിഡന്റ് എത്തിയില്ല. പകരം വൈസ് പ്രസിഡന്റ് ബാബു ആന്റണി ചേട്ടൻ എത്തി. ഒപ്പം വാർഡ് മെമ്പർ ഹെർബിൻ പീറ്ററും.

വൈകിട്ട് 05.30 ഓടെ ബാബു ആന്റണി ചേട്ടനെ കൊണ്ടു കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു. ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത് ആ പ്രദേശത്തെ ജനങ്ങൾക്കു അതുവഴി ഒരു ബോധ വൽക്കരണം നൽകാൻ കൂടി വേണ്ടിയാണ്. ഇത്തരം സംഭവങ്ങൾ മാധ്യമങ്ങൾ ഒരു വാർത്ത ആക്കുമ്പോൾ മാത്രമേ കടലാമകളുടെ സംരക്ഷണ പ്രവർത്തനത്തെ കുറിച്ചു നാട്ടുകാർ അറിയുകപോലും ഉള്ളു. അങ്ങിനെ വാർത്ത ജനങ്ങളിലേയ്ക്കു എത്തിക്കുന്നതും ബോധ വൽക്കരണത്തിന്റെ ഭാഗമാണ്.കടലാമ മുട്ടകൾ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികമായി 1000 രൂപ സൈമന് ചേട്ടന് വനം വകുപ്പ് ആ ചടങ്ങിൽ വെച്ച് നൽകി.വനം വകുപ്പ് ഇങ്ങനെ ചെയ്യുന്നത് വഴി ജനങ്ങൾ കുറച്ചുകൂടി താല്പര്യത്തോടെ ഇവയെ സംരക്ഷിക്കാൻ മുന്നോട്ട് വരുന്നുണ്ട്.

മുൻവർഷങ്ങളിൽ ടിപാർട്‌മെന്റ് പണം നേരിട്ടു മുട്ട കാട്ടി തരുന്ന വ്യക്തിക്ക് നല്കിയിരുന്നത് ഈ വർഷം മുതൽ ആ വ്യെക്തിയുടെ അക്കൗണ്ടിലേക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. അല്ലാതെ എന്തൊക്കെയോ പടച്ചു വാർത്ത ഉണ്ടാക്കി പൊതുജനത്തെ തെറ്റായ ചിന്തയിലേക്ക് നയിക്കേണ്ടത് ഒരു പത്രത്തിന് ചേർന്നതാണോ? ഇതാണോ പത്ര ധർമം. ലേഖകൻ മാരായ സുഹൃത്തുക്കളേ നിങ്ങൾ ഇനിയെങ്കിലും കൃത്യമായി അന്വേഷിച്ചിട്ട് മാത്രം വാർത്തകൾ നൽകുക. കോളം തികയ്ക്കാൻ എന്തെങ്കിലും കാട്ടികൂട്ടുന്ന പ്രവണത ഒരിക്കലും നല്ലതല്ല. എല്ലാ ലേഖകൻ മാരും ലേഖിക മാരും അങ്ങിനെ എന്ന് പറയുന്നില്ല. എല്ലായിടത്തും ഉണ്ടാകുമല്ലോ ചില പുഴുക്കുത്തുകൾ. ഈ വാർത്തയിലെ ബാക്കിയുള്ള ഭാഗം സമുദ്രഗവേഷണ സ്ഥാപനത്തിനുള്ള ഉപദേശമാണ്. അതിലേക്ക് തൽക്കാലം ഞാൻ കടക്കുന്നില്ല.

പിന്നെ മൽസ്യ തൊഴിലാളികളെ വിശ്വസിക്കണം എന്ന്. അത് വളരെ ശെരി കാരണം അവർക്ക് കടലുമായി ബന്ധപ്പെട്ട നിരവധി അറിവുകൾ ഉണ്ട്. അവരെ ഉൾപ്പെടുത്താതെ ഒരു കടലാമ സംരക്ഷണവും വിജയിക്കില്ല.ഗ്രീൻ റൂട്‌സിന്റെ തുടക്കത്തിൽ കടലാമ മുട്ടകൾ തേടി പുലർച്ചെ അലഞ്ഞു നടന്നപ്പോൾ ഒരു മൽസ്യ തൊഴിലാളി സുഹൃത് കളിയാക്കിയത് ഞാൻ ഓർക്കുന്നു.' എടാ നിനക്ക് മുട്ട വേണമെങ്കിൽ കടലാമയ്ക്ക് ഫോണ് നമ്പർ നല്കിയിട്ടു പോ മുട്ടായിടാൻ എത്തുമ്പോൾ വിളിക്കും 'എന്ന്. ആ വ്യക്തിയും ഇന്ന് കടലാമ സംരക്ഷണത്തിന്റെ ഭാഗം.ഇതു ഒരു സുപ്രഭാതം കൊണ്ടു നേടിയതല്ല. ഞങ്ങളുടെ കഷ്ടപ്പാടിന്റെയും, ആത്മാർധമായ പ്രായത്‌നത്തിന്റെയും ഭലം. മാതൃഭൂമി പത്രം എളുപ്പത്തിൽ ഞങ്ങളെ കൊണ്ട് ക്രിയ ചെയ്യിക്കാൻ നോക്കിയപോലെയല്ല.

കൂർമ്മാവതാരങ്ങൾക്കായി എന്നപേരിൽ മാതൃഭൂമിയുടെ വാർത്ത

മധു തൃപ്പെരുന്തുറയുടെ ബൈലൈനിൽ 2015 ജനുവരി 18ന് മാതഭൂമി പ്രസിദ്ധീകരിച്ച വാർത്ത ഗ്രീൻ റൂട്ട്‌സിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടായിരുന്നു. സജി ജയമോഹൻ എങ്ങനെയാണ് ആമസംരക്ഷണം ജീവിത ദൗത്യമായി ഏറ്റെടുത്തതെന്ന് വ്്യക്തമാക്കുന്നതായിരുന്നു ആ ലേഖനം. ഇതിൽ നിന്ന് മാതൃഭൂമി എങ്ങനെയാണ് ഗ്രീൻ റൂട്‌സിനെ തള്ളിപ്പറയുന്ന നിലയിൽ എത്തുന്നതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. മാതൃഭൂമി വാർത്തയിലെ ഭാഗങ്ങൾ ചുവടെ:

കൂർമാവതാരങ്ങൾക്കായി...
മധു തൃപ്പെരുന്തുറ

കടലാമകളെ വംശവർധനയ്ക്ക് സഹായിക്കുന്ന ഒരു സന്നദ്ധസംഘടന: തോട്ടപ്പള്ളിയിലെ
ഗ്രീൻ റൂട്ട്സിന്റെ പ്രവർത്തകർ ഇത് തങ്ങളുടെ ജന്മനിയോഗമായി കണക്കാക്കുന്നു. ആഴിയില് ആണ്ടുപോയ ഭൂമിയെ വീണ്ടെടുത്ത കൂർമത്തെ ദശാവതാരങ്ങളില് ഒന്നായി പുരാണങ്ങള് പ്രഘോഷിക്കുന്നു. എന്നാല്, അതേ ജീവിതന്നെ സ്വന്തം നിലനില്പിനായി ഇന്ന് 'കൂർമ'ബുദ്ധിയും കുടിലബുദ്ധിയുമായ മനുഷ്യന്റെ കരുണ കാംക്ഷിക്കുകയാണ്. അവിടെയാണ് കടലാമയുടെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയ തോട്ടപ്പള്ളിയിലെ ഒരുകൂട്ടം സുമനസ്സുകളുടെ പ്രസക്തി.

ഇവര് കടലാമ മുട്ടകൾ തേടി കടൽത്തീരങ്ങളിലലയുന്നു. വെളുപ്പാന് കാലത്ത് ഈറ്റുനോവുമായി ഒരു കടലാമ മെല്ലെ കരയിലേക്ക് ഇഴഞ്ഞുകയറുന്ന് അവർ കാണുന്നു. ആര്ദ്രമായ കടൽമണ്ണില് അതൊരു കുഴി തുരക്കുന്നു. മുട്ടകളത്രയും അതിലിട്ട് മണ്ണിട്ടുമൂടി ആമ തിരികെ ആഴിയില് മറയുന്നതുവരെ അവർ ശ്വാസമടക്കി കാത്തിരിക്കുന്നു. കടൽത്തീരത്തു തന്നെയുള്ള കൂടുതല് സുരക്ഷിതമായ ഒരിടത്ത് കുഴികുത്തി അതിലേക്ക് 150 ഓളം കടലാമമുട്ടകള് സൂക്ഷ്മമായി അവർ പുനർ വിന്യസിക്കുന്നു. കുഴി മണ്ണിട്ടുമൂടി, അതിനു ചുറ്റും വേലികെട്ടി,
വലമൂടി സംരക്ഷണകവചവും ഒരുക്കുന്നു...

ഇക്കഴിഞ്ഞ കേരളപ്പിറവിദിനത്തിൽ ഇങ്ങനെ സംരക്ഷിച്ച മുട്ടകള് കൃത്യം 52 ദിവസത്തെ കാവലിനും കാത്തിരിപ്പിനുമൊടുവിൽ വിരിഞ്ഞു. നനുത്ത കടല് മണ്ണ് നീക്കി പുറത്തുവന്ന ആ കടൽമക്കളെ ആഘോഷപൂർവം അവരുടെ സ്വഗൃഹമായ കടലിലേക്ക് യാത്രയാക്കാൻ 'ഗ്രീൻ റൂട്ട്സ്' എന്ന ഈ സംഘടനയുടെ പ്രവര്ത്തകരോടൊപ്പം നൂറുകണക്കിന് നാട്ടുകാരും പരിസ്ഥിതിസ്നേഹികളും വനം വകുപ്പ് ഉദ്യോഗസ്ഥരുമാണ് അന്ന് ഒത്തുകൂടിയത്. അന്തഃചോദനയിലെന്നവണ്ണം ഒലിവ് റിഡ്ലി ഇനത്തില്പെട്ട ആമക്കുട്ടന്മാര് എരിഞ്ഞടങ്ങുന്ന സൂര്യനു നേരേ കടലിലേക്ക് ഇഴഞ്ഞു നീങ്ങിയപ്പോള് ജനാവലി സന്തോഷത്താല് മറ്റൊരു കടലായി ഇളകിമറിഞ്ഞു.

ഗ്രീന് റൂട്ട്സിന്റെ സാരഥിയും കടലാമ സംരക്ഷണ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സജി ജയമോഹന് എന്ന ചെറുപ്പക്കാരനായ ഫോട്ടോഗ്രാഫർ തന്റെ ജീവിതം തിരുത്തപ്പെട്ട ആ ദിവസത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ: ''2006ലാണ്. ബോട്ടിന്റെ പ്രൊപ്പല്ലര് തട്ടി തലയ്ക്ക് ആഴത്തില് മുറിവേറ്റ ഗ്രീന് ടര്ട്ടില് ഇനത്തില്പെട്ട കടലാമയെ തോട്ടപ്പള്ളിയിലെ പൊഴിയിൽ കണ്ടെത്തി. കൗതുകത്തിന് ഫോട്ടോ എടുക്കാന് പോയ ഞാൻ നോക്കുമ്പോള് ഒരു നൂറുനൂറ്റമ്പതു കിലോയിലധികം വരുന്ന ഒരു കടലാമ! ചിലര്ക്ക് കടലാമയെ കറിയാക്കാന് കിട്ടിയാല് കൊള്ളാമെന്നുണ്ടെന്ന് എനിക്കു മനസ്സിലായി. ഗത്യന്തരമില്ലാതെ വന്നപ്പോള് ഞാനൊരു ഭീഷണി മുഴക്കി. കടലാമകള് ഷെഡ്യൂൾ വൺ പ്രകാരം സംരക്ഷിത വിഭാഗത്തില്പെട്ടവയാണെന്നും അതിനെ കൊണ്ടുപോയാല് വനംവകുപ്പിന് പരാതി കൊടുക്കുമെന്നും എല്ലാവരോടുമായി ഞാന് വിളിച്ചു പറഞ്ഞു. അതോടെ ആൾക്കൂട്ടം പിൻവലിഞ്ഞു.

ഒരു വെറ്ററിനറി സര്ജനെവിളിച്ച് ആമയെ രക്ഷിക്കാനുള്ള ശ്രമമായി പിന്നെ. തലയോടുതകര്ന്ന ആമയെ സുഖപ്പെടുത്താനുള്ള സംവിധാനമില്ലെന്ന് അദ്ദേഹം കൈമലർത്തി. ഒരു അവസാനശ്രമം കൂടി നടത്തിയേക്കാം എന്നുകരുതി ഒരു വള്ളം വാടകയ്ക്കെടുത്ത് ഞാനുമെന്റെ രണ്ടു സുഹൃത്തുക്കളും ആമയെ കടലില് കൊണ്ടുപോയി വിട്ടു. പക്ഷേ, കഷ്ടം, വൈകുന്നേരമായപ്പോള് ആ പാവം മരിച്ചനിലയില് തീരത്തടിഞ്ഞു. ഈ സംഭവം എന്നെ ആഴത്തില് സ്പര്ശിച്ചു.' ആ സങ്കടം തീർക്കാനാണ് പിന്നീടൊരിക്കല് ഏതാനും കടലാമ മുട്ടകള് സ്വന്തം വീട്ടുമുറ്റത്ത് സജി വിരിയിച്ചെടുത്തത്. കടല്ത്തീരത്തുനിന്ന് മുട്ടകള് അപഹരിച്ചു കൊണ്ടുപോകുന്ന ഒരാളോട് ഏഴെണ്ണം ഇരന്നു വാങ്ങുകയായിരുന്നു. സ്വന്തം വീട്ടുമുറ്റത്ത് ഒരു ചെറിയ കുഴിയുണ്ടാക്കി അതില് കടല്മണ്ണ് നിറച്ച് മുട്ടകള് വിരിയാനായി വെച്ചു. 57ാം ദിവസം അഞ്ച് മുട്ടകള് വിരിഞ്ഞിറങ്ങി. കടലിന്റെ ആവാസവ്യവസ്ഥ പരിപാലിക്കുന്നതില് പ്രധാന പങ്ക് വഹിക്കുന്ന ജീവികളാണ് കടലാമകൾ. - ഇത്തരത്തിലായിരുന്നു മൂന്നു വർഷം മുമ്പത്തെ മാതൃഭൂമി വാർത്ത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP