Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് തേൻകെണിയിൽ കുടുക്കിയ അശ്വതിയുടെ ലക്ഷ്യം കേവലം പണസമ്പാദനം മാത്രമായിരുന്നുവോ? എങ്കിൽ പൊലീസ് ഉദ്യോഗസ്ഥരെ മാത്രം തെരഞ്ഞെടുത്തത് എന്തിന്? ഒരു നൂറ്റാണ്ടിനപ്പുറം അധികാര കോയ്മയെ വെല്ലുവിളിക്കാൻ ലൈംഗികത ആയുധമാക്കിയ താത്രിക്കുട്ടിയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നുവോ അവർ? കേരളാ പൊലീസിൽ ഒരു സ്മാർത്ത വിചാരത്തിന് കളമൊരുങ്ങുമ്പോൾ

പൊലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് തേൻകെണിയിൽ കുടുക്കിയ അശ്വതിയുടെ ലക്ഷ്യം കേവലം പണസമ്പാദനം മാത്രമായിരുന്നുവോ? എങ്കിൽ പൊലീസ് ഉദ്യോഗസ്ഥരെ മാത്രം തെരഞ്ഞെടുത്തത് എന്തിന്? ഒരു നൂറ്റാണ്ടിനപ്പുറം അധികാര കോയ്മയെ വെല്ലുവിളിക്കാൻ ലൈംഗികത ആയുധമാക്കിയ താത്രിക്കുട്ടിയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നുവോ അവർ? കേരളാ പൊലീസിൽ ഒരു സ്മാർത്ത വിചാരത്തിന് കളമൊരുങ്ങുമ്പോൾ

രവികുമാർ അമ്പാടി

തിരുവനന്തപുരം: സുന്ദരികളായ സ്ത്രീകളെ ഉപയോഗിച്ചുള്ള ഹണി ട്രാപ്പ് അഥവാ തേൻകെണി എന്നത് ഒരു പുതിയ സംഭവമൊന്നുമല്ല. അർത്ഥശാസ്ത്രമെഴുതിയ ചാണക്യൻ തയ്യാറാക്കിയിരുന്ന വിഷകന്യകമാരോളം പഴക്കമുണ്ട് എഴുതപ്പെട്ട ചരിത്രങ്ങളിലെ തേൻകെണികൾക്ക്. എന്നാൽ, കേരളത്തിപ്പോൾ ഒരു തേൻകെണി വൻ വിവാദമാകുവാൻ കാരണം, കെണിയൊരുക്കിയ യുവതി പ്രധാനമായും ലക്ഷ്യം വച്ചത് പൊലീസ് ഉദ്യോഗസ്ഥരെ ആയിരുന്നു എന്നതിനാലാണ്. സാധാരണ പൊലീസ് കോൺസ്റ്റബിൾ മുതൽ എസ് ഐ, സി ഐ റാങ്കുകളിൽ ഉള്ള ഉദ്യോഗസ്ഥർ ഉൾപ്പടെ നൂറിലധികം പൊലീസുകാർ ഇവരുടെ കെണിയിൽ പെട്ടു എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കുറ്റാന്വേഷണം ജീവിതത്തിന്റെ ഭാഗവും ജീവനോപാധിയുമായി എടുത്തിട്ടുള്ളവരാണ് പൊലീസുകാർ. അതിനായുള്ള പരിശീലനം സിദ്ധിച്ചവരുമാണവർ. അങ്ങനെയുള്ളവരെ ഒരു കുറ്റകൃത്യത്തിന് ലക്ഷ്യം വയ്ക്കുക എന്നു പറഞ്ഞാൽ പിടിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നിട്ടും ഈ യുവതി പ്രധാനമായും അവരെ മാത്രം ലക്ഷ്യം വയ്ക്കുവാൻ കാരണമെന്തെന്നുള്ളത് തികച്ചും അദ്ഭുതപ്പെടുത്തുന്ന ഒരു വസ്തുത തന്നെയാണ്.

ജനാധിപത്യ വ്യവസ്ഥയിൽ ഭരണകൂടം എന്ന സങ്കല്പത്തിന് വിവിധ തലങ്ങൾ ഉണ്ടെങ്കിലും സാധാരാണക്കാർ ഏറ്റവുമധികം തൊട്ടനുഭവിക്കുന്ന അധികാരകേന്ദ്രം എന്നത് പൊലീസ് തന്നെയാണ്. അതായത്, ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഭരണകൂടം, അല്ലെങ്കിൽ അധികാരം എന്നുപറഞ്ഞാൽ അത് പൊലീസ് തന്നെയാണ്. ഈ യാഥാർത്ഥ്യത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലംകാരിയുടെ തേൻകെണി വിശകലനം ചെയ്യുമ്പോഴാണ് കുറിയേടത്ത് താത്രി എന്ന സാവിത്രി അന്തർജ്ജനത്തെ സ്മരിക്കേണ്ടി വരുന്നത്.

ഒരു നൂറ്റാണ്ടിനു മുൻപ്, കൃത്യമായി പറഞ്ഞാൽ 116 വർഷങ്ങൾക്ക് മുൻപ് അന്നത്തെ അധികാരചിഹ്നങ്ങളെ വെല്ലുവിളിക്കാൻ ലൈംഗികത ആയുധമാക്കിയ താത്രിയുടേ സ്മാർത്ത വിചാരം അന്നത്തെ കൊച്ചീ രാജ്യത്തിൽ ഏറെ കോളിളക്കങ്ങളും സാമൂഹ്യ പ്രശ്നങ്ങളും സൃഷ്ടിച്ച ഒന്നായിരുന്നു. ഇന്ന് സാധാരണക്കാരന്റെ മുന്നിലെ അധികാര ചിഹ്നമായ പൊലീസിനെ, പ്രത്യേകിച്ചും സാധാരണക്കാരുമായി കൂടുതൽ അടുത്ത് ഇടപഴകുന്ന റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെ ഇവർ ലക്ഷ്യം വച്ചു എന്ന വാർത്തകൾ വരുമ്പോൾ വീണ്ടും ഒരു സ്മാർത്ത വിചാരത്തിന് കളമൊരുങ്ങുകയാണ്.

കുറിയേടത്തു താത്രിയുടെ ആദ്യകാല ചരിത്രവും അന്നത്തെ സാമൂഹിക പശ്ചാത്തലവും

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടങ്ങളിൽ, യാഥാസ്ഥിതികത കൈവിടാതെ നിലനിന്നിരുന്ന നമ്പൂതിരി സമുദായത്തിലായിരുന്നു തത്രിയുടെ ജനനം. ഇന്നത്തെ തൃശൂർ ജില്ലയ്ഹിലെ തലപ്പിള്ളിയിൽ കൽപ്പകശേരി എന്ന ഇല്ലത്താണ് സാവിത്രി എന്ന താത്രി ജനിച്ചത്. അന്ന് നമ്പൂതിരി സമുദയാത്തൈൽ കുടുംബത്തിലെ മൂത്ത പുത്രനുമാത്രമാണ് സ്വജാതിയിൽ നിന്നും വിവാഹം കഴിക്കുവാനുള്ള അനുവാദമുണ്ടായിരുന്നത്. മറ്റുള്ളവർ സംബന്ധം വഴിയായിരുന്നു കുടുംബ ജീവിതം നയിച്ചിരുന്നത്.

അതേസമയം, സ്ത്രീകൾ സ്വസമുദായത്തിൽ നിന്നുമാത്രമേ വിവാഹം കഴിക്കാവൂ എന്നും നിഷ്‌കർഷയുണ്ടായിരുന്നു. ഇത് ദുരിതമായി തീർന്നത് ഈ സമുദായത്തിലെ സ്ത്രീകൾക്കായിരുന്നു. പലപ്പോഴും പ്രായമേറിയവരെ വിവാഹംചെയ്യേണ്ടതായ ഒരു അവസ്ഥയുണ്ടായിരുന്നു അവർക്ക്. അത്തരത്തിൽ തന്റെ പതിമൂന്നാം വയസ്സിൽ കുന്നങ്കുളത്തിനടുത്തുള്ള കുറിയേടത്ത് മനയിലെ രാമൻ നമ്പൂതിരി എന്ന 60 വയസ്സുകാരനുമായി താത്രിയുടെ വിവാഹം നടക്കുകയായിരുന്നു.

രാമൻ നമ്പൂതിരിക്ക് വേറെയും വേളികൾ ഉണ്ടായിരുന്നതായും അതുകൂടാതെ പരസ്ത്രീകളിലും അയാൾ തത്പരനായിരുന്നതായും പറയപ്പെടുന്നുണ്ടെങ്കിലും അതിനുള്ള തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. പരസ്ത്രീകളിൽ നമ്പൂതിരിക്ക് ഉണ്ടായിരുന്ന അഭിനിവേശമായിരുന്നു താത്രിയും അയാളും തമ്മിൽ തെറ്റാൻ കാരണമായതെന്ന് ചിലർ പറയുന്നു. എന്നാൽ, രാമൻ നമ്പൂതിരിയുടെ സഹോദരന്മാരും താത്രിയെ ലൈഗികവേഴ്‌ച്ചക്ക് നിർബന്ധപൂർവ്വം ഉപയോഗിച്ചിരുന്നതായും ഇതാണ് ഇവരിൽ പ്രതികാരം ഉടലെടുക്കാൻ കാരണമായതെന്നും മറ്റൊരു കഥകൂടി നിലവിലുണ്ട്.

താത്രിയുടെ ഒറ്റയാൾ വിപ്ലവം

അന്നത്തെ സാഹചര്യത്തിൽ നമ്പൂതിരി സ്ത്രീകളുടെ മുഖം അന്യ പുരുഷന്മാർ കാണരുത് എന്നതിനാൽ അവർ എപ്പോഴും മുഖം മൂടിയിട്ടായിരുന്നു നടന്നിരുന്നത്. അതുപോലെ തന്നെ അന്നത്തെ സമൂഹത്തിൽ നിലനിന്നിരുന്ന ജാതി സമവാക്യങ്ങളിൽ താരതമ്യേന ഉയർന്ന തലത്തിൽ ഉണ്ടായിരുന്ന ജാതികളിൽ പെട്ട സ്ത്രീകളും ഈ മാർഗം പിന്തുടർന്നിരുന്നു. ഈ ആചാരത്തെയായിരുന്നത്രെ താത്രി മുതലെടുത്തത്. സുന്ദരിയായ താത്രി തന്റെ തോഴിയുടേ സഹായത്തോടെയാണ് താത്ക്കാലിക ഇണകളെ തേടാൻ ആരംഭിച്ചത്.

വീടിന് അടുത്തുള്ള ഒരു രഹസ്യ സങ്കേതത്തിൽ വച്ചായിരുന്നു താത്രി തന്റെ ലൈംഗിക വിപ്ലവം മുൻപോട്ട് കൊണ്ടുപോയത്. മേൽ ജാതിയിലെ സ്ത്രീകൾ മൊഖം മൂടി മാറ്റരുതെന്ന് നിഷ്‌കർഷയുള്ളതിനാൽ ലൈംഗിക ബന്ധസമയത്തുപോലും അവർ മുഖം മൂടിയിരുന്നു. അതിനാൽ തന്നെ ആർക്കും അവരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലത്രെ. അന്ന് നാട്ടിലെ പ്രമുഖരിൽ പലരും ഇവരുടെ അടുത്ത് സ്ഥിരമായി എത്താറുണ്ടായിരുന്നു എന്നും പറയപ്പെടുന്നു.

ഒരിക്കൽ താത്രിയെ തേടിയെത്തിയ ഒരു വൃദ്ധൻ, താത്രിയെത്തിച്ച സ്വർഗ്ഗാനുഭൂതിയുടെ മൂർദ്ധന്യത്തിൽ അവരുടെ മുഖം മൂടി നീക്കിയതായും താത്രിയുടെ മുഖം കണ്ട് ഞെട്ടിയതായും പറയുന്നു. താത്രിയുടേ ഭർത്താവായ രാമൻ നമ്പൂതിരി ആയിരുന്നത്രെ ആ വൃദ്ധൻ. തന്റെ ഭാര്യ ഏർപ്പെട്ടിരിക്കുന്ന തൊഴിൽ മനസ്സിലാക്കിയ അയാൾ കോപിഷ്ഠനാവുകയും പുരുഷ മേധാവിത്വമുള്ള സമുദായത്തിൽ, തന്റെ സ്വാധീനം ഉപയോഗിച്ച് താത്രിക്കുട്ടിയെ സ്മാർത്തവിചാരത്തിന് വിധേയമാക്കുകയുമായിരുന്നു.

സ്മാർത്ത വിചാരം

നമ്പൂതിരി സമുദായത്തിൽ പെട്ട ഒരു സ്ത്രീ സ്വന്തം ഭർത്താവല്ലാതെ ഒരു പരപുരുഷനെ പ്രാപിച്ചാൽ അവൾ കുറ്റക്കാരിയാണ് . അവളെ വിചാരണ ചെയ്ത് ശിക്ഷിക്കുന്ന സമ്പ്രദായമാണ് സ്മാർത്ത വിചാരം എന്ന ചടങ്ങ്. കുറ്റം തെളിഞ്ഞാൽ അ സ്ത്രീയും ഒപ്പം അവരോട് ലൈംഗികബന്ധം പുലർത്തിയിരുന്നവരും ജാതിയിൽ നിന്നും ഭ്രഷ്ടരാവുകയും നാടുകടത്തപ്പെടുകയും ചെയ്യും. ഇത്തരത്തിൽ ആരോപണ വിധേയയായ സ്ത്രീയുടെ പേരു പോലും ആരും ഉച്ഛരിക്കുകയില്ല. മറിച്ച്, ''സാധനം'' എന്ന വാക്കായിരിക്കും ഈ സ്ത്രീയെ സൂചിപ്പിക്കാൻ ഉപയോഗിക്കുക.

സ്മാർത്തൻ എന്ന് വിളിക്കുന്ന ന്യായാധിപനായി എത്തുക സമുദായത്തിലെ മുതിർന്ന ഒരു പുരുഷനായിരിക്കും. വിചാരണ ആരംഭിക്കുന്നതിനു മുൻപ് തന്നെ പ്രതിയെന്നു ആരോപിക്കപ്പെടുന്ന സ്ത്രീയെ ഒരു മുറിയിൽ ഏകാന്തവാസത്തിന് വിധേയമാക്കും. ചിലപ്പോൾ മാസങ്ങൾ നീളുന്ന ഈ ഏകാന്തവാസത്തിനിടയിൽ ഇവരെ ഭയപ്പെടുത്താൻ എലികളേയും പാമ്പുകളേയുമൊക്കെ ഇവരുടെ മുറിയിലേക്ക് കയറ്റിവിടുന്ന പതിവും ഉണ്ടായിരുന്നത്രെ! കഴിയാവുന്നത്ര പീഡനങ്ങൾ ഏല്പിച്ച് പ്രതിയെ വിചാരണയ്ക്ക് മുൻപായി മാനസികമായി തളർത്തിയാൽ സത്യം എളുപ്പത്തിൽ തുറന്നു പറയുമെന്ന മനഃശാസ്ത്രമായിരുന്നു ഇതിനു പുറകിൽ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ആധുനിക മൂന്നാം മുറയുടെ ഒരു പൗരാണിക രൂപം.

ആരോപണ വിധേയരായ സ്ത്രീകളോട് അവരുമായി ബന്ധപ്പെട്ടവരുടെ പേരുകൾ പറയാൻ ആവശ്യപ്പെടും. പേരുകൾക്കൊപ്പം ചില അടയാളങ്ങളും നൽകണം. പലപ്പോഴും സ്വകാര്യ ഭാഗങ്ങളിലുള്ള മറുകുകളോ അങ്ങനെയുള്ള മറ്റു പ്രത്യേകതകളോ ആയിരിക്കും പറയാൻ ആവശ്യപ്പെടുക. ഇത്തരത്തിൽ പേരു വെളിപ്പെടുത്തിയ പുരുഷന്മാരെയും വിശദ പരിശോധനയ്ക്ക് വിധേയരാക്കും. ആരോപണ വിധേയയായ സ്ത്രീ പറയുന്ന അടയാളങ്ങൾ കണ്ടെത്തിയാൽ അവരും കുറ്റക്കാരെന്നു വിധിച്ച് ഭ്രഷ്ടരാക്കി നാടുകടത്തും.

പ്രശസ്ത സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്റെ ബന്ധുവായ പട്ടച്ചോമയാരത്ത് ജാതവേദൻ നമ്പൂതിരിയായിരുന്നു കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരത്തിൽ സ്മാർത്തനായിരുന്നത്. അദ്ദേഹത്തിന്റെ സഹോദരനും ആരോപണ വിധേയരിൽ ഉൾപ്പെട്ടിരുന്നു. സ്വന്തം സഹോദരന്റെ സ്വകാര്യഭാഗങ്ങൾ പരിശോധിക്കേണ്ടി വന്ന ജാതവേദൻ നമ്പൂതിരിയുടെ മാനസിക സമ്മർദ്ദത്തെ കുറിച്ച് മാടമ്പ് കുഞ്ഞുകുട്ടൻ ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്.

കുറിയേടത്തു താത്രിയുടെ സ്മാർത്ത വിചാരം

അന്നത്തെ നാട്ടുനടപ്പു പ്രകാരം ഇരിങ്ങാലക്കുടയിൽ വെച്ച് താത്രിക്കുട്ടിയെ സ്മാർത്ത വിചാരം നടത്തുകയുണ്ടായി. എന്നാൽ, നമ്പൂതിരി സമുദായത്തിലെ പുരോഗമനവാദികളായ യുവാക്കൾ ഉൾപ്പടെ സമൂഹമദ്ധ്യത്തിൽനിന്നും കടുത്ത വിമർശനം ഉയർന്നതോടെ പതിവ് തെറ്റിച്ച് വീണ്ടുമൊരു സ്മാർത്ത വിചാരം നടത്താൻ കൊച്ചീരാജാവ് ഉത്തരവിടുകയായിരുന്നു. അന്നത്തെ കൊച്ചീ രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തുറയിൽ വച്ചായിരുന്നു രണ്ടാമത്തെ സ്മാർത്ത വിചാരം നടന്നത്. അന്ന് താത്രിയുടെ ശക്തമായ ആവശ്യവും പൊതുസമൂഹത്തിൽനിന്നുണ്ടായ സമ്മർദ്ദവും മാനിച്ച് സ്മാർത്ത വിചാരത്തിന്റെ നാൾവഴികളെല്ലാം എഴുതപ്പെട്ട രേഖകളാക്കാൻ കൊച്ചീ രാജാവ് സമ്മതിക്കുകയായിരുന്നു. ഈ രേഖകൾ ഇന്നും എറണകുളത്തെ ഡർബാർ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

താനുമായി ലൈംഗിക ബന്ധം പുലർത്തിയതായി 65 പേരുടെ പേരുകളാണ് താത്രി നൽകിയിരുന്നത്. ഇവർക്കൊക്കെ ഔദ്യോഗിക നോട്ടീസ് അയച്ചു. എന്നാൽ 60 പേർ മാത്രമാണ് വിചാരണയിൽ പങ്കെടുത്തത്. ആരോപണ വിധേയരായവരിൽ രണ്ടു പേർ അപ്പോഴേക്കും മരണമടഞ്ഞിരുന്നു. പറത്തിൽ ശ്രീധരൻ നമ്പൂതിരി എന്ന ആരോപണ വിധേയനാവുകയും മറ്റൊരു ആരോപണവിധേയനായ ആറങ്ങോട്ട് ശേഖര വാരിയർ തീർത്ഥാടനത്തിന് പോവുകയും ചെയ്തതിനാൽ വിചാരണയിൽ പങ്കെടുത്തില്ല. അഞ്ചാമൻ പുഷ്പകത്ത് കുഞ്ഞിരാമൻ നമ്പീശൻ അപ്പോഴേക്കും ഇംഗ്ലണ്ടിലേക്ക് കുടിയേറുകയും ചെയ്തിരുന്നു.

ആരോപണ വിധേയരായവരിൽ ഒരാളായ ശാമു രാമു പട്ടർ കുറ്റസമ്മതം നടത്തിയെങ്കിലും അന്ന് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് വാദിച്ചു. എന്നാൽ അത് കുറ്റം ഒഴിവാക്കുവാനുള്ള കാരണമായി എടുക്കാൻ വിചാരകൻ സമ്മതിച്ചില്ല. തൃപ്പൂണിത്തുറയിൽ, രാജാവിന്റെ മേൽനോട്ടത്തിൽ 1905-ൽ ആയിരുന്നു രണ്ടാമത്തെ സ്മാർത്ത വിചാരം നടത്തിയത്. താത്രിയുടെ ജീവന് ഭീഷണിയുണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അവരെ നേരത്തേ തൃപ്പൂണിത്തുറയിലെ കുന്നുമ്മേൽ ബംഗ്ലാവിൽ (ഇന്നത്തെ ഹിൽ പാലസ് മ്യൂസിയം) സുരക്ഷിതമായി പാർപ്പിക്കുകയായിരുന്നു.

വിചാരണയ്ക്കൊടുവിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരെയൊക്കെ സ്വസമുദായങ്ങളിൽ നിന്നും ഭ്രഷ്ട് കൽപിച്ച് നാടുകടത്തി. കുറിയേടത്ത് താത്രിയെ ചാലക്കുടിപ്പുഴയുടെ തീരത്തുള്ള സർക്കാർ വക മഠത്തിൽ താമസിപ്പിക്കുകയും ചെയ്തു. അതിനു ശേഷമുള്ള അവരുടെ ജീവിതത്തെക്കുറിച്ച് ആധികാരിക രേഖകൾ ഒന്നും തന്നെ ലഭ്യമല്ല. എന്നാൽ, ഇവർ പിന്നീട് കൃസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും കൃസ്ത്യാനിയായ ഒരു റെയിൽവേ ഉദ്യോഗസ്ഥനെ വിവാഹം കഴിച്ച് തമിഴ്‌നാട്ടിലേക്ക് പോയി എന്നും പറയപ്പെടുന്നു. മലയാള സിനിമയിലെ അഭൗമ സൗന്ദര്യത്തിന്റെ പ്രതീകമായി വാഴ്‌ത്തപ്പെടുന്ന ഷീല ഇവരുടെ കൊച്ചുമകളാണെന്ന ഒരു വാർത്ത വന്നിരുന്നെങ്കിലും ഷീല ഇക്കാര്യം നിഷേധിച്ചിരുന്നു.

കേരള നവോത്ഥാനത്തിൽ താത്രിയുടെ പങ്ക്

നമ്പൂതിരി സമുദായത്തിൽ വന്നുചേർന്നുകൊണ്ടിരുന്ന അധപതനത്തിന്റെ അന്ത്യമായിട്ടായിരുന്നു താത്രിക്കുട്ടിയുടെ സ്മാർത്ത വിചാരത്തെ വി ടി നമ്പൂതിരിപ്പാട് വിശേഷിപ്പിച്ചത്. അന്തർജ്ജനങ്ങൾക്ക് മറക്കുടകളിൽ നിന്നുള്ള മോചനത്തിനും സംബന്ധം പോലുള്ള പല ദുരാചാരങ്ങൾ ഇല്ലാതെയാക്കുവാനും ഇത് സഹായിച്ചതായും വിലയിരുത്തപ്പെടുന്നു. രണ്ടാം സ്മാർത്ത വിചാരത്തിന് കാരണമായതു തന്നെ പുരോഗമന ചിന്താഗതിക്കാരായ നമ്പൂതിരി യുവാക്കളുടെ സമ്മർദ്ദഫലമായിരുന്നു എന്നാണ് ദേവകി നിയങ്ങോട്ട് അഭിപ്രായപ്പെട്ടിട്ടുള്ളത്. അതിനോടകം തന്നെ മറ്റു പല സമുദായങ്ങളിലും വേരോടി തുടങ്ങിയിരുന്ന നവോത്ഥാനം നമ്പൂതിരി സമുദായത്തിൽ ആരംഭിച്ചത് താത്രി സംഭവത്തോടെയായിരുന്നു എന്ന് പ്രേംജിയും കുറിച്ചിട്ടുണ്ട്.

നിരവധി കഥകൾക്കും കവിതകൾക്കും, നാടകങ്ങൾക്കും, സിനിമകൾക്കും നിദാനമയ കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം, പീഡനവിധേയയായ ഒരു സ്ത്രീയുടേ ഉയർത്തെഴുന്നേല്പായും, നാട് അടക്കിവാഴുന്ന അധികാര ചിഹ്നങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയായും കരുതപ്പെടുന്നുണ്ട്. കേവലം ലൈംഗികയ്ക്ക് ഋഷ്ണയ്ക്കപ്പുറം, പ്രതികാരത്തിന്റെ കണക്കുകൾ തീർക്കാൻ മൂർച്ഛയുള്ള ആയുധമായി ലൈംഗികതയെ ഉപയോഗിച്ച താത്രിയുടെ കഥ പലരും പാടിപ്പുകഴ്‌ത്തുന്നുമുണ്ട്. ഈ ചരിത്രമെല്ലാം ഇനിയും മരിക്കാതെ, മറക്കാതെ മനസ്സിൽ കിടക്കുമ്പോഴാണ് ഇനിയൊരു സ്മാർത്ത വിചാരം നടന്നാൽ പുറത്തുവരുന്നത് കേവലം സാമ്പത്തിക ലാഭത്തിന്റെ കഥകൾ മാത്രമാകുമോ എന്ന സംശയം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP