Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202005Saturday

35 വയസ്സുള്ള ഭർത്താവുമൊത്തുള്ള ആദ്യരാത്രിയിൽ അരക്കെട്ടു തകർന്ന് മരിച്ചത് പത്തു വയസ്സുള്ള ഭാര്യ; വിവാഹപ്രായം പത്തിൽ നിന്ന് 12 എത്തിയത് അങ്ങനെയാണ്; എല്ലാ മതമൗലികവാദികളുടെയും എതിർപ്പ് മറികടന്ന് ഒടുവിൽ അത് 18 വയസ്സിലെത്തി; ഇപ്പോൾ 21ലേക്ക് ഉയർത്താൻ ആലോചന; മുത്തലാഖിന് പിന്നാലെ മോദി സർക്കാർ വീണ്ടും സ്ത്രീകളുടെ അന്തസ് ഉയർത്തുമ്പോൾ

35 വയസ്സുള്ള ഭർത്താവുമൊത്തുള്ള ആദ്യരാത്രിയിൽ അരക്കെട്ടു തകർന്ന് മരിച്ചത് പത്തു വയസ്സുള്ള ഭാര്യ; വിവാഹപ്രായം പത്തിൽ നിന്ന് 12 എത്തിയത് അങ്ങനെയാണ്; എല്ലാ മതമൗലികവാദികളുടെയും എതിർപ്പ് മറികടന്ന് ഒടുവിൽ അത് 18 വയസ്സിലെത്തി; ഇപ്പോൾ 21ലേക്ക് ഉയർത്താൻ ആലോചന; മുത്തലാഖിന് പിന്നാലെ മോദി സർക്കാർ വീണ്ടും സ്ത്രീകളുടെ അന്തസ് ഉയർത്തുമ്പോൾ

എം മാധവദാസ്

ദ്യരാത്രിയിൽ അരക്കെട്ട് തകർന്ന് മരിച്ച ഫൂൽ മണി എന്ന പത്തു വയസ്സുമാത്രമുള്ള ഒഡീഷക്കാരി പെൺകുട്ടിയുടെ പേര് ഇന്ന് എത്രപേർക്ക് അറിയാം. 1891ലാണ് സംഭവം. ഭർത്താവ് 35 വയസ്സുള്ള ഹരിമോഹൻ മൈത്തിക്ക് ആദ്യരാത്രി തന്നെ ഭാര്യയുടെ കനകാത്വം തകർക്കണമെന്ന് നിർബന്ധമായിരുന്നു. ആദ്യ രാത്രിയിൽ കിടക്കവിരികളിൽ രക്തം കാണണെമെന്നും അന്നുണ്ടായിരുന്നു ഒരു ആചാരം ആയിരുന്നു.

അങ്ങനെ അരക്കെട്ട് തകർന്നാണ് ഫൂൽമണി എന്ന കുഞ്ഞു ഭാര്യ മരിച്ചത്. പക്ഷേ ആ ഒടിഞ്ഞ് നാക്കുതള്ളിക്കിടക്കുന്ന മൃതദേഹം കണ്ട്, കരളലിഞ്ഞവർ ഇന്ത്യയിലെ ജാതി തമ്പുരാക്കന്മാരോ, രാഷ്ട്രീയ പാർട്ടി നേതാക്കളോ ആയിരുന്നില്ല. ബ്രിട്ടീഷുകാർ ആയിരുന്നു. അനവധി കൊച്ചുപെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെടുന്ന സാമൂഹ്യപരിതസ്ഥിതി അക്കാലത്ത് ഉണ്ടായിരുന്നു. കന്യാചർമ്മം പൊട്ടി രക്തം വരാത്തവരെ ഉപക്ഷേിക്കുന്ന രീതിയും. ഈ അനാചാരങ്ങൾ നിലനിന്ന കാലത്താണ് ഏജ് കൺസെന്റ് ബിൽ ( എസിബി ) ബ്രിട്ടീഷുകാർ കൊണ്ടു വന്നത്. അതിന് അവരെ പ്രേരിപ്പിച്ചത് ഫൂൽമണിയുടെ ദാരണ അന്ത്യം ആയിരുന്നു. പെൺകുട്ടികളുടെ വിവാഹ പ്രായം പത്തിൽനിന്ന് 12 വയസ്സാക്കി ഉയർത്തിയത് അതോടെയാണ്. ഇന്ന് നമുക്ക് അത്ഭുദമെന്നുതോന്നും, ബാലഗംഗാധര തിലകനെപ്പോലുള്ളവർ പോലും അന്ന് ഈ നിയമത്തിനെതിരെ ഉറഞ്ഞു തുള്ളുകയായിരുന്നു.

ഹിന്ദുമതതത്വങ്ങൾക്കെതിരാണു് ഈ നിയമം എന്നു വാദിച്ചായിരുന്നു തിലകൻ ഇതിനെ എതിർത്തത്. എന്റെ മതത്തെ സംരക്ഷിക്കൻ എത് അറ്റവുംവരെ പോകുമെന്ന് പ്രഖ്യാപിച്ച തിലകനും കൂട്ടരും പതിനായിരങ്ങളെ അണി നിരത്തിയാണ് വിശ്വാസ സംരക്ഷണ സമരം നടത്തിയത്. ഹിന്ദുക്കൾ, കൂടുതലും ബ്രാഹ്മണർ ഈ ബില്ലിനു എതിരായിരുന്നു. മുസ്ലിമുകളും ക്രിസ്ത്യാനികളുംവരെ ഈ ബില്ലിൽ പ്രതിഷേധിച്ചു. കാരണം ബ്രിട്ടീഷുകാർ ഇന്ത്യൻ സംസ്‌കാരത്തെ നശിപ്പിക്കുന്നു എന്ന ബ്രാഹ്മണരുടെ ന്യായവാദം അവർക്കും രുചിക്കുന്ന ഒന്നായിരുന്നു. ബാല ഗംഗാധരതിലകും, ബിപിൻചന്ദ്രപാലും അടങ്ങുന്ന തീവ്ര ദേശീയതാവാദികൾ പോലും ഈ ബില്ലിനെ എതിർത്ത് സമ്മേളനവും മറ്റും വിളിച്ചു കൂട്ടുകയും പത്രങ്ങളിൽ ഘോരഘോരം എഴുതുകയും ചെയ്തു. പക്ഷേ 'സതി' നിരോധിച്ച കാലത്തെന്നപോലെ ബ്രിട്ടീഷുകാർ തോക്ക് എടുത്തതോടെ എല്ലാവും ഓടി ഒളിച്ചു.

1829 ലെ സതി നിരോധന നിയമം, 1840- ലെ അടിമത്ത നിരോധന നിയമം, 1856 ലെ വിധവാ വിവാഹ നിയമം, 1891ലെ ഏജ് ഓഫ് കൺസെന്റ് ബിൽ, 1929ലെ ദ ചൈൽഡ് മാര്യേജ് റിസ്റ്റ്‌റെയിൻഡ് ആക്റ്റ് എന്നിവയൊക്കെ എടുത്തുനോക്കുക. മതമൗലികവാദികളോട് പടപൊരുതിക്കൊണ്ടാണ് ഈ നിയമങ്ങൾ ബ്രിട്ടീഷുകാർ നടപ്പാക്കിയത്. ഇതൊക്കെയാണ് ഒരുപക്ഷെ, സ്ത്രീകളുടെ സാമൂഹിക നിലവാരം അൽപമെങ്കിലും മെച്ചപ്പെടാൻ ഇടയാക്കിയ നിയമ നിർമ്മാണങ്ങൾ. അല്ലാതെ മതവും പാരമ്പര്യവും അല്ല സ്ത്രീകൾക്ക് തുണയായത്. എല്ലാ മതങ്ങളും ഒന്നിനൊന്ന് മെച്ചമായി സ്ത്രീ വിരുദ്ധത വിളക്കിച്ചേർക്കുന്നുമുണ്ട്. പിതാവ്് മരിച്ച മക്കളെ പൂർണ്ണമായും അനാഥരാക്കിക്കൊണ്ട്, അമ്മയെക്കൂടി ചിതയിലിട്ട് കത്തിക്കാനുള്ള അവകാശത്തിനുവേണ്ടി വലിയ നാമജപ ഘോഷയാത്ര നടത്തിയവർ ആയിരുന്നു ഇന്ത്യാക്കാർ എന്നത് ഇന്ന് നമ്മെ നാണിപ്പിക്കുന്നു.

പത്തിൽനിന്ന് 12ലേക്കും പിന്നെ 16ലേക്കും പിന്നെ 18ലേക്കും സ്ത്രീയുടെ വിവാഹപ്രായം ക്രമാനുഗതമായി ഉയർത്തിയത് മതമൗലികാ വാദികളുടെ തിട്ടൂരങ്ങളെ എതിർത്തുകൊണ്ടുതന്നെയാണ്. ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ മറ്റൊരു സുപ്രധാന നീക്കത്തിലേക്ക് കൂടി കടക്കുകയാണ്. 18 വയസ്സ് എന്ന സ്ത്രീകളുടെ വിവാഹ പ്രായം 21ലേക്ക് ഉയർത്താനുള്ള ആലോചന നടക്കുകയാണ്. ഇതിന് ശാസ്ത്രീയായ പിൻബലവും ഉണ്ട്. സ്ത്രീയുടെ മാനസികവും ശാരീരികവുമായ പുർണ്ണവളർച്ച ആ പ്രായത്തിലാണ് നടക്കുക എന്നാണ് കണ്ടെത്തൽ. വിവാഹം, ഗർഭം, കുട്ടികൾ എന്ന രീതിയിൽ തളച്ചിടാതെ ഒരു ഡിഗ്രി എടുക്കുന്നതുവരെയെങ്കിലും പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത് പൊതുവെ സ്ത്രീകളുടെ പുരോഗതിയും ക്ഷേമവും തന്നെയാണ് ലക്ഷ്യമിടുന്നത്. പക്ഷേ ഇന്ത്യയിൽ ഇപ്പോൾ ഹൈന്ദവ സംഘടനകൾ ഇതിനെ എതിർക്കുന്നില്ല. എതിർപ്പ് മുഴവൻ വരുന്നത് മുസ്ലിം സംഘടനകളുടെ ഭാഗത്തുനിന്നാണ്. 'തങ്ങളുടെ മത നിയമപ്രകാരം പക്വതയാണ് സ്ത്രീയുടെ പ്രായപൂർത്തി എന്ന ഉഡായിപ്പ് ഡയലോഗാണ് അവർ അടിക്കുന്നത്. സ്ത്രീയെ ഉപയോഗിച്ച ശേഷം വലിച്ചെറിയാൻ സഹായിക്കുന്ന മുത്തലാഖ് ബില്ലിന്റെ സമയത്തും നാം ഇതേ ഡയലോഗ് ആണ് കേട്ടത്. അതിലൊന്നു യാതൊരു കാര്യവുമില്ല. ശൈശവ വിവാഹം കഴിക്കാൻ കഴിയാത്തതിന്റെ നിരാശയാണ് ഇത് മത പുരുഷന്മാർക്ക് ഉള്ളത്'- സ്വതന്ത്ര ചിന്തകയും ആക്റ്റീവിസ്റ്റുമായ ജാമിദ ടീച്ചർ ഇങ്ങനെ പ്രതികരിക്കുന്നു.

ഷബാനുബീഗം കേസിന്റെ കാലത്തുതൊട്ട് നാം കേൾക്കുന്നതാണ് ഇസ്ലാമിക മൗലികാവാദികൾക്കുമുന്നിൽ അടിയറ വെക്കുന്ന രാഷ്ട്രീയക്കാരുടെ ഉദാഹരണങ്ങൾ. എന്നാൽ മുത്താലാഖിൽ അടക്കം മുസ്ലിം സ്ത്രീകളുടെ രക്ഷകയാവുന്നത് സാക്ഷൽ നരേന്ദ്ര മോദിയാണെന്നതാണ് ഏറ്റവും വിചിത്രം. ഇപ്പോൾ മോദി സർക്കാർ വീണ്ടും സ്ത്രീകളുടെ അന്തസ് ഉയർത്തുവാനുള്ള ഒരു നിയമത്തിലേക്ക് കൂടി കടക്കുകയാണ്. ഭാവിയിൽ ഏക സിവിൽ കോഡ് നടപ്പാകുന്നതിന്റെ തുടക്കം കൂടിയായി ഇതിനെ വിലയിരുത്താം.

തുടക്കം മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ

ഇന്ത്യയിൽ ആൺകുട്ടികളുടെ വിവാഹ പ്രായം നിലവിൽ 21 ആണ്. അത് പതിനെട്ടിലേക്ക് മാറ്റണമെന്ന് മത ഗ്രൂപ്പുകളുടെ കുശിനി സംഘങ്ങൾ അഭിപ്രായ രൂപീകരണം നടത്തുന്നതിന് ഇടയിലാണ് ഏവരെയും ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ സ്വാതന്ത്രദിന പ്രസംഗം വരുന്നത്. അതിനുശേഷവും കാര്യങ്ങൾ പെട്ടെന്ന് മുന്നോട്ട് നീങ്ങി. ഇതുസംബന്ധിച്ച പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചു. റിപ്പോർട്ട് ലഭിച്ചാലുടൻ വിവാഹ പ്രായത്തിൽ തീരുമാനമെടുക്കുമെന്നാണ പ്രധാനമന്ത്രി പറയുന്നത്.

മാതൃമരണ നിരക്ക് കുറയ്ക്കുക, ഗർഭകാലത്തെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുക, വിളർച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഉയർത്താൻ ആലോചിക്കുന്നത്. സാമൂഹിക പ്രവർത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയാണ് ശുപാർശ സമർപ്പിക്കുക. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെൺകുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. 1929ലെ ശാരദ ആക്ടിൽ ഭേദഗതി വരുത്തി 1978ലാണ് പെൺകുട്ടികളുടെ വിവാഹപ്രായം 15ൽനിന്ന് 18 ആയി ഉയർത്തിയത്. ഇതിലും മാറ്റം വരണമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ഉൾപ്പെടെ നേരത്തേ ആവശ്യപ്പെട്ടിരുന്നു. നിലവിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21 ഉം ആണ്. പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സ് ആക്കുമെന്നതിന്റെ സൂചനകൾ ഇക്കഴിഞ്ഞ നവംബറിലുണ്ടായിരുന്നു. ശൈശവ വിവാഹ നിരോധന നിയമത്തിൽ ഭേദഗതി വരുത്താനും നീക്കമുണ്ടായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ ഇതിനും സാധുതയില്ലാതാകും. ശൈശവ വിവാഹങ്ങൾക്ക് ഒത്താശ ചെയ്യുകയും കാർമികത്വം വഹിക്കുകയും ചെയ്യുന്നവർക്കുള്ള ശിക്ഷ കഠിനമാക്കാനും 2019 നവംബറിൽ കേന്ദ്രം തീരുമാനിച്ചിരുന്നു. 2 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നത് 7 വർഷം തടവും 7 ലക്ഷം രൂപ പിഴയുമാക്കും.

എന്നാൽ ജയാ ജയ്റ്റ്ലി കമ്മറ്റിയുടെ റിപ്പോർട്ട് വന്നപ്പോൾ തന്നെ കേരളത്തിൽ അടക്കം മുസ്ലിം സംഘടനകൾ ഇതിനെ എതിർക്കയാണ്. വിഷയം ഇസ്ലാമികമായതുകൊണ്ട് പതിവുപോലെ ഇടതുപക്ഷവും മിണ്ടാതിരിക്കുന്നു. മുത്തലാഖ് ബില്ലിനെയും ഇടതുപക്ഷം എതിർത്തത് നോക്കുക. പക്ഷേ ഉത്തരേന്ത്യയിൽ അടക്കമുള്ള സാമൂഹിക സാഹചര്യം പഠിക്കുന്ന ആർക്കും പറയാൻ കഴിയില്ല, ഇത് മുസ്ലീങ്ങളെ ലക്ഷ്യമിട്ട് ഉണ്ടാക്കിയതാണെന്ന്. കാരണം ജാതിയിൽ ജനിച്ച്, ജാതി ശ്വസിച്ച്, ജാതി ഭക്ഷിച്ച, ജാതിയിൽ മരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാതി മേലധ്യക്ഷന്മാർ തന്നെയാണ് പെൺകുട്ടികളുടെ വിവാഹത്തിൽ തീരുമാനിക്കുക. അതുകൊണ്ടുതന്നെ 114 തൊട്ട് 17വരെയാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ പെൺകുട്ടിയുടെ ഇപ്പോഴത്തെ ശരാശരി പ്രായം. നിയമം ഉണ്ടായിട്ടും ഇതാണ് അവസ്ഥ.

ലോകത്തിലെ ശൈശവ  വിവാഹങ്ങളിൽ 40 ശതമാനവും ഇന്ത്യയിൽ

യൂണിസെഫിന്റെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് ലോകത്തിൽ ഉണ്ടാവുന്ന ശൈശവ വിവാഹങ്ങളിൽ നാൽപതു ശതമാനവും ഇപ്പോഴും ഇന്ത്യയിലാണ് നടക്കുന്നത്. പഠിത്തം പാതി വഴിയിൽനിർത്തി വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതോടെ അവരുടെ എല്ലാ സ്വപ്നങ്ങളും ഇല്ലാതാവുകയാണ്. സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ മാർഗം വിദ്യാഭ്യാസത്തിനുള്ള അവസരമാണെന്നും അത് ഇന്ത്യയിൽ നിഷേധിക്കപ്പെടുന്നത് വിവാഹത്തിലൂടെയാണെന്നുമാണ് പല പഠനങ്ങളും പറയുന്നത്.

ശൈശവ വിവാഹത്തിനായി കേരളത്തിലെ മുസ്ലിം ഗ്രൂപ്പുകൾ പറയുന്ന അതേ ന്യായമാണ് ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്തുകാരും നിരത്തുന്നത്. പതിനഞ്ചും പതിനാറും വയസ്സിൽ പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു വിട്ടില്ലെങ്കിൽ അവരുടെ സ്വഭാവം ചീത്തയാകുമെന്ന് പറയുന്ന രാഷ്ട്രീയ നേതാക്കന്മാരും, മതമേധാവികളും അവരെ ന്യായീകരിക്കുന്നവരും ഇന്നും നമുക്കു ചുറ്റും ഉണ്ട്. സ്ത്രീകൾക്ക് സ്വന്തം ശരീരത്തെപ്പറ്റിപ്പോലും തീരുമാനമെടുക്കാൻ അവകാശമില്ലെന്ന് വിശ്വസിക്കുന്നവരാണ് അധികം മനുഷ്യരും. മാത്രമല്ല, പെണ്ണിന്റെ കന്വകാത്വത്തെക്കുറിച്ച് നിലനിൽക്കുന്ന അദ്ധവിശ്വാസങ്ങളും ശൈശവിവാഹത്തിന് ആക്കം കൂട്ടുന്നു. യുനിസെഫിന്റെ തന്നെ പഠനത്തിൽ തെളിഞ്ഞത്, ആദ്യ രാത്രിയിൽ കിടക്കയിൽ രക്തം കണ്ടില്ല എന്ന കാരണത്താൽ പെൺകുട്ടികളെ ഉപേക്ഷിക്കു രീതി ഇന്നും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്നുവെന്നതാണ്. ഇത് അതിജീവിക്കായി ബ്ലേഡ് കൊണ്ട് വിരലിൽ മുറിവുണ്ടാക്കുന്ന വധുമാരുടെ കഥകളും സുലഭമാണ്.

ഇനി ഇസ്ലാമിക സമൂഹത്തിലേക്ക് വന്നാൽ വിവാഹ പ്രായം 18 വയസ്സാണെങ്കിലും നിക്കാഹ് എന്ന ഒരു രീതിയുണ്ട്. അത് എപ്പോൾ വേണമെങ്കിലും നടത്താം. നിക്കാഹ് കഴിഞ്ഞ് ഒന്ന് രണ്ടുവർഷം കഴിഞ്ഞാവും വിവാഹം. അതിനിടിയിൽ വധു ചിലപ്പോൾ ഗർഭിണിയുമാവും. ഫലത്തിൽ 18 വയസ് നിബന്ധന അട്ടിമറിയുകയാണ് ഇവിടെ.

അരാജകത്വം വളർത്തുമെന്ന് മുസ്ലിം സംഘടനകൾ

വനിതാ വിവാഹപ്രായം സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച ജയ ജയ്റ്റ്ലി സമിതി റിപ്പോർട്ടിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ മുസ്ലിം ലീഗ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. നിലവിലുള്ള നിയമം തന്നെ ശക്തമായിരിക്കെ ഇനി എന്തിനാണ് വിവാഹപ്രായം ഉയർത്തുന്നതെന്ന് വനിതാ ഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ.നൂർബിനാ റഷീദ്ചോദിക്കുന്നു. പ്രതിഷേധമറിയിച്ച് വനിതാലീഗ് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. പ്രായം ഉയർത്തുന്നതിലൂടെ സ്ത്രീക്കെന്താണ് നേട്ടം എന്നാണ് ചോദ്യം. സ്ത്രീയെ പുറകോട്ട് വലിക്കാനുള്ള നടപടിയാണിതെന്നും നൂർബിന പറയുന്നു. ഇന്ത്യയിൽ പകുതിയിലധികം സ്ത്രീകളാണ്. ആരോടും ചർച്ച ചെയ്യാതെ, ജനപ്രതിനിധികളോട് ചർച്ച ചെയ്യാതെ തീരുമാനമെടുക്കുന്നത് ശരിയല്ല.

അമേരിക്ക ഉൾപ്പെടെയുള്ള പല വികസിത രാഷ്ട്രങ്ങളും പെൺകുട്ടികളുടെ വിവാഹപ്രായം 21ൽ നിന്ന് 18 ആക്കി കുറച്ചിട്ടുണ്ട്്. അതിനും താഴെ പ്രായമുള്ളവർക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ ജുഡീഷ്യൽ ഓതറൈസേഷൻ വാങ്ങി വിവാഹം ചെയ്യാം. ഇന്ത്യയുടെ പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന തീരുമാനമാണ് വേണ്ടത്. അവകാശ നിഷേധവും ധാർമികാടിത്തറ ഇല്ലാതാക്കുന്നതുമാകും അത്തരത്തിലൊരു തീരുമാനം. പെൺകുട്ടികൾക്ക് അമിത സ്വാതന്ത്ര്യം നൽകി 'ലിവിങ് റിലേഷൻസ്' കൂട്ടാനേ ഇതുപകരിക്കൂവെന്നും നൂർബിനാ റഷീദ് പറയുന്നു. സമാനമായ അഭിപ്രായമാണ് കാന്തപുരവും പി കെ കുഞ്ഞാലിക്കുട്ടിയും ഒക്കെ പ്രകടിപ്പിച്ചത്. വിവാഹപ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഏകോപന സമിതി അംഗങ്ങളുടെയും, നിയമജ്ഞരുടെയും സംയുക്ത യോഗം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് സാംസ്‌കാരിക അധഃപതനത്തിനും മൂല്യച്യുതിക്കും കാരണമാവും. ഇതിനുപുറമെ പെൺകുട്ടികളുടെ ശാരീരികമാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാണിതെന്ന് സമസ്ത പറഞ്ഞു.

വികസിത രാഷ്ട്രങ്ങളുൾപ്പെടെ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെൺകുട്ടികളുടെ വിവാഹപ്രായം 16 മുതൽ 18 വരെയാണെന്നിരിക്കെ ഇന്ത്യൻ വിവാഹ പ്രായത്തിൽ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്ന് യോഗം വിലയിരുത്തി. വിവാഹപ്രായം ഉയർത്താനുള്ള നീക്കത്തിനെതിരെ കേന്ദ്രസർക്കാരിന് നിവേദനം നൽകാനും വിവിധ രാഷ്ട്രീയ-മത-സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുവാനും യോഗം തീരുമാനിച്ചു. അതായത് മുത്തലാഖ് വിഷയത്തിലെന്നപോലെ ഇക്കാര്യത്തിലും സർക്കാറിനെയിരെ പൊരുതാനാണ് മുസ്ലിം സംഘടനകളുടെ തീരുമാനം.

എത്രപേർ പഠിച്ച് രക്ഷപ്പെട്ടേനെ

എന്നാൽ ഇപ്പറഞ്ഞതെല്ലാം ശുദ്ധ തട്ടിപ്പാണെന്നും എന്ന് സ്ത്രീയെ അടിമയാക്കിവെക്കാമെന്ന പരുഷാധിപത്യമനുസ്സുമാണെന്നാണ് സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ജസ്ലമാടശ്ശേരി ഈ പ്രവണതയെക്കുറിച്ച് ഇങ്ങനെ എഴുതുന്നു.

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ലേക്ക് മാറുന്നുവെന്ന ചർച്ച എത്രമേൽ പ്രതീക്ഷ നൽകുന്ന കുളിരാണെന്ന് നിങ്ങൾക്കറിയുമോ...
ഈ നിയമം ഒത്തിരിമുന്നെ വന്നിരുന്നെങ്കിൽ എന്റെ എത്ര കൂട്ടുകാരികൾ ഇന്ന് അവരുടെ പഠനം പാതിവഴിയിലവസാനിപ്പിക്കാതെ പഠിച്ച് ജോലിനേടിയെനേ..എത്ര കൂട്ടുകാരികൾ പക്വതയില്ലാത്ത പെണ്ണെന്ന് പറഞ്ഞ് വിവാഹമോചനം നേടാതിരുന്നേനെ...
അടുക്കള പണിയറിയില്ല..ആളുകളോട് പെരുമാറുമ്പോൾ പക്വതയില്ല..ഭർത്താവിനെ ബഹുമാനിക്കാനറിയില്ല എന്നൊക്കെയുള്ള ചൊറി ന്യായങ്ങൾ പറഞ്ഞ് വിവാഹ മോചിതരായി..വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് തന്നെ തൊഴിലില്ലായ്മയും പ്രാരാബ്ദവും നോവും തിന്ന് കഴിയില്ലായിരുന്നു..
കേൾക്കുമ്പോൾ നിങ്ങൾക്ക് ദേശ്യം വരുന്നുണ്ടാവുമല്ലെ...ഈ കാലത്തും ഇങ്ങനൊക്കെ ഉണ്ടോ എന്ന്..ഉണ്ടെന്ന് നിങ്ങൾക്കുമറിയാം എനിക്കുമറിയാം..നിയമപ്രകാരം 18 വയസ്സായിട്ട് തന്നെ ഒളിഞ്ഞും മറഞ്ഞും അതിന് മുന്നെ നിക്കാഹ് നടത്തി..18 കഴിഞ്ഞിട്ട് കല്ല്യാണമൊള്ളു എന്ന് പറയുന്ന ശിക്ഷകരായ രക്ഷിതാക്കളെ നമ്മളെത്ര കാണുന്നു..നിക്കാഹ് തന്നെ ലൈസൻസാണത്രേ..18 ന് മുൻപേ നിക്കാഹ് കഴിഞ്ഞ് പരസ്പര ബന്ധങ്ങളിലേർപ്പെട്ട് ഗർഭമുണ്ടായി അലസിപ്പിക്കുന്നതും..പലതും ആഘോഷമല്ലാതെ കൂട്ടിക്കൊണ്ട് പോകുന്നതുമൊക്കെ ഒത്തിരി കണ്ടിട്ടുണ്ട്...
പറയുന്നതാണ് പ്രശ്‌നം..പറയുന്നത് മാത്രം..
ഇരുപത്തിയഞ്ഞ് വയസ്സായിട്ടും കല്ല്യാണം കഴിച്ചില്ലെന്ന പേരിൽ ഞാൻ കേട്ട വർത്തമാനങ്ങൾ ഏറെയാണ്..
പ്രേമമുണ്ടാവും..ഫെമിനിസ്റ്റല്ലെ..പുരുഷവിരോധമായിരിക്കും..തേപ്പ് കിട്ടീട്ടുണ്ടാവും..അല്ലെങ്കിൽ ഗർഭശേഷിയുണ്ടാവില്ല.. താന്തോന്നിയല്ലെ ആലോചനകൾ വന്നുണ്ടാവില്ല...
ചിലർ പറയും..കാണാനൊക്കെ മെനയുള്ള കുട്ടിയല്ലെ..വേഗം കെട്ടിയില്ലേൾ ശരീരം ചുളിഞ്ഞാൽ ആർക്കും വേണ്ടിവരില്ല എന്ന്...
ആദ്യമൊക്കെ വീട്ടുകാരും ഇതെ അഭിപ്രായമായിരുന്നു..18 കഴിഞ്ഞാൽ കല്ല്യാണം കഴിക്കണം..ഓരോ കൂ്ടുകാരികളുടെ കല്ല്യാണവാർത്ത കേൾക്കുമ്പോഴും ഉമ്മ പറയും..നീയിങ്ങനെ ഒന്നിനും സമ്മദിക്കാതെ നടന്നോ..അവസാനം ഞങ്ങടെ കാലം കഴിഞ്ഞാ ന്താക്കുമെന്ന്...
ഓരോ കൂട്ടുകാരികളുടെ കല്ല്യാണവാർത്തയും സന്തോഷത്തോടൊപ്പം നോവും തരുമായിരുന്നു എനിക്ക്.. കുട്ടിക്കാലത്ത്..പത്താം ക്ലാസില് പഠിക്കുമ്പോ മുതല് പലരും അറ്റുപോവാൻ തുടങ്ങി..ചിലര് നിശ്ചയം ..ചിലര് നിക്കാഹ്... ഡിഗ്രിയെത്തിയപ്പോഴേക്കും വിരലിലെണ്ണാവുന്നവർ മാത്രമുണ്ടായിരുന്നൊള്ളു തുടർപഠനത്തിന്..പഠിക്കാൻ മിടുക്കികളായ കുട്ടികൾ...
നിങ്ങൾക്ക് സംശയമുണ്ടാവും ഇവളെന്തിനാ ഇതൊക്കെ ആലോചിക്കുന്നേന്ന്..കല്ല്യാണം കഴിഞ്ഞും പഠിക്കാലോ..അങ്ങനെ നല്ലരീതിയിൽ അവസരം കിട്ടീട്ടുള്ളവർ ചുരുക്കമാണ്...
പലരും കല്ല്യാണശേഷം ഒതുങ്ങി പോവും ഒതുക്കിക്കളയും...
ഇത് പൂർണമായും കെട്ടുന്ന ചെക്കന്റെ പ്രശ്‌നമാണെന്ന് പറയാനാവില്ല...
സ്വന്തമായി തീരുമാനമെടുക്കാൻ ധൈര്യമില്ലാതാക്കി അവളിലെ ഭയത്തിന്റെ പ്രശ്‌നം കൂടിയാണ്...
പലരും നിസ്സഹായരാണ്...
പത്താം ക്‌ളാസ് കഴിഞ്ഞിട്ട് പ്ലസ് വൺ ലേക്കും ബസ് സ്റ്റാൻഡ് വരെ സൈക്കിളിൽ പോകുന്ന എന്നോട് ഇങ്ങനെ സൈക്കിളോട്ടി നടന്നാ നല്ല ചെക്കനെ കിട്ടൂലട്ടോ എന്ന് പറഞ്ഞ അതേ തലയിൽ കെട്ട് കെട്ടിയ കാക്ക ഡിഗ്രിക് ബൈക്കിൽ പോയപ്പോ നിന്നെയിനിയാരും കെട്ടില്ലെന്ന് കണ്ണ് പൊക്കി പറഞ്ഞത് എനിക്കോർമ്മണ്ട്..ഓക്കെ കാക്ക ഞാൻ ഹാപ്പിയാണെന്ന മറുപടി അയാളെ രോഷംകൊണ്ട് മൂടിയതും...
പെൺകുട്ടികളെ വളർത്തുന്നത് കല്ല്യാണം കഴിപ്പിക്കാൻ മാത്രമാണെന്ന് ചിന്തിച്ചിരുന്ന ഒരു സമൂഹത്തിൽ നിന്നും..അവളുടെ അവകാശങ്ങളിലേക്കും സ്വാതന്ത്രങ്ങളിലേക്കുമൊക്കെയുള്ള ഒരു വഴി കൂടിയാണ് തുറക്കപ്പെടുന്നത്...
അന്ന് 18 വയസ്സിലെ ബോധമില്ലാത്ത സമയത്ത് കെട്ടിയിരുന്നേൽ ഇന്ന്..
പറന്ന് നടക്കുന്ന ഞാനുണ്ടാവുമായിരുന്നില്ല..പഠിച്ച് നല്ല ജോലി സമ്പാദിച്ച് വീട് സുന്ദരമാക്കി കുടുംബം നോക്കി പലരേയും നോക്കി...ഇനിയും മുന്നോട്ടുണ്ടെന്ന് പറയാൻ ഞാനുണ്ടാവുമായിരുന്നില്ല..
ഇഷ്ടമുള്ളിടത്തേക്കെല്ലാം ഒറ്റക്ക് യാത്ര ചെയ്ത്..പലതും അറിയാനും ആവശ്യത്തിൽ കൂടുതൽ ധൈര്യവും ഉണ്ടാവുമായിരുന്നില്ല...
നോ പറയാനറിയുന്നൊരു ഞാൻ ഉണ്ടാവുമായിരുന്നില്ല...
പെൺകുട്ടികൾ പഠിക്കട്ടെ...അവർക്ക് വേണമെന്ന് തോന്നുമ്പോൾ മത്രം വിവാഹമെന്ന തീരുമാനത്തിലെത്തട്ടെ...സ്വയം പര്യാപ്തമാണെങ്കിൽ അവർക്കൊന്നിനേം ഭയക്കേണ്ടതില്ല..
വിവാഹം ഒരിക്കലും ഒരു നിർബന്ധിക്കേണ്ട കാര്യമല്ല.
എന്റെ കാഴ്ചപ്പാടിൽ വിവാഹം ഒരു നിർബന്ധമുള്ള കാര്യമേയല്ല...
ഒരിണവേണമെന്ന് തോന്നുന്നെങ്കിൽ ഒന്നിച്ച് ജീവിക്കാം..വേണ്ടെങ്കിൽ വേണ്ടെന്ന് വെക്കാം...
വിവാഹമെന്നാൽ ശാരിരിക സുഖം മാത്രമാണെന്ന പഴഞ്ചൊല്ലാണ് തിരുത്തേണ്ടത്...
പരസ്പരം തണലാവുക..എന്നതാണ്..
നീ നീയായിരിക്കുക...
വിവാഹപ്രായം മിനിമം ഒരു 28 എങ്കിലുമാകണമെന്നാണെന്റെ അഭിപ്രായം..
താന്തോന്നിയെന്ന പേര് നൽകിയ ധൈര്യമാണ്...സ്വയം പര്യാപ്തതക്ക് ഉറപ്പ് നൽകിയത്...? നിങ്ങൾക്ക് നന്ദി
എന്റെ ശരികൾ..ശരികേടായ് കണ്ടവർക്ക് നന്ദി

( ആക്റ്റീവിസ്റ്റും സ്വതന്ത്രചിന്തകയുമായ ജസ്ല ഫേസ്‌ബുക്കിൽ കുറിച്ചത്)

ഹിന്ദുകോഡ് ബില്ലിന്റെ ചരിത്രം മറക്കരുത്

ഒരുകാലത്ത് മതവിരുദ്ധമായി തോനുന്ന കാര്യങ്ങൾ എല്ലാം പിൽക്കാലത്ത് സമൂഹത്തിന് ഏറെ ഗുണം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ ഹിന്ദുക്കളുടെ ഉയർച്ചക്ക് ഏറ്റവും സഹായകരമായ ഹിന്ദുകോഡ് ബിൽ കൊണ്ടുവന്നപ്പോൾ ഉണ്ടായിരുന്ന അവസ്ഥ നോക്കുക. 1949ലാണ് ഭരണഘടനാ നിർമ്മാണ സഭയിൽ നമ്മുടെ ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കർ ഒരു പുതിയ ബില്ല് അവതരിപ്പിച്ചത്. അതിന്റെ പേരാണ് ''ഹിന്ദുകോഡ് ബിൽ''. അതായത് വിവാഹവും പാരമ്പര്യ സ്വത്തവകാശവും ഉൾപ്പടെ ജനനം മുതൽ മരണംവരെ ഹിന്ദുക്കളുടെ എല്ലാ കാര്യങ്ങളും ഒരു നിയമം വഴി ഏകീകരിക്കാനും കൃത്യമായ നിയമ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു ബില്ലായിരുന്നു ഇത്. ഈ ബിൽ പ്രകാരം രണ്ടു വ്യത്യസ്ത ജാതികളിൽപ്പെട്ട ആണിനും പെണ്ണിനും പരസ്പരം വിവാഹം കഴിക്കുവാനുള്ള നിയപരമായ അധികാരവും ഉണ്ടായിരുന്നു.

എന്നാൽ അന്നുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും രൂക്ഷമായ കലാപത്തോടെയാണ് മതമൗലിക വാദികൾ ൗ പുതിയ നിയമത്തെ നേരിട്ടത്. എതിർപ്പ് രൂക്ഷമായിരുന്ന ഒരുഘട്ടത്തിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു ഭരണഘടനാ നിർമ്മാണ സഭയിൽ തന്നെ ഒരുകാര്യം പ്രഖ്യാപിക്കുകയുണ്ടായി- ഒന്നുകിൽ ഈ ബിൽ പാസാക്കും അല്ലെങ്കിൽ ഞാൻ പ്രധാനമന്ത്രി പദം രാജിവയ്ക്കും. അത്രമാത്രമായിരുന്നു അംഗങ്ങളുടെയും ഹിന്ദു നേതാക്കളുടെയും സന്യാസിമാരുടേയും എതിർപ്പ്.സ്വാമി കൃപത്രി മഹാരാജ്, ഹിന്ദു മഹാസഭയുടെ സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖർജി, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ, കോൺഗ്രസ് പ്രസിഡന്റ് പട്ടാഭി സീതാരമയ്യ തുടങ്ങി ഒട്ടേറെ പേർ ഈ ബില്ലിനെതിരെ അരയും തലയും മുറുക്കി രംഗത്തെത്തി. ഭരണഘടനാ നിർമ്മാണ സഭയിലും അതിനെ തുടർന്ന് വന്ന ആദ്യ പാരലമെന്റിലും. ദിവസങ്ങളോളം ചർച്ച നടന്നു. ബില്ലിനെ എതിർക്കുന്നവരുടെ ന്യായങ്ങളിൽ ഒട്ടനവധിയുണ്ടായിരുന്നു. എന്തിന് ഹിന്ദുക്കൾക്ക് മാത്രം ഇങ്ങനെ ഒരു നിയമം? എന്തുകൊണ്ട് യൂണിഫോം സിവിൽ കോഡ് ഉണ്ടാക്കിയില്ല? എന്തിന് ഹിന്ദുധർമ്മത്തെ മാത്രം സർക്കാർ ലക്ഷ്യംവയ്ക്കുന്നു? അങ്ങനെ നീളുന്നു സ്ഥിരം പട്ടിക.

ഹിന്ദുധർമ്മത്തെ തകർക്കാനും അതിന്റെ അസ്ഥിത്വത്തെത്തന്നെ ഇല്ലായ്മ ചെയ്യാനും വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു ബിൽ എന്ന രൂപത്തിലായിരുന്നു സംഘപരിവാറിന്റെ വിലയിരുത്തൽ. സന്യാസിമാർ തുടങ്ങി ഹിന്ദുമഹാസഭയും ആർഎസ്എസ് നേതാക്കളും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. ഉത്തരേന്ത്യ മുഴുവൻ നെഹ്‌റുവിന്റെ കോലങ്ങൾ കത്തിച്ചു. ആയിരക്കണക്കിന് ആൾക്കാർ പങ്കെടുത്തുകൊണ്ടുള്ള കൂറ്റൻ പ്രകടനങ്ങൾ നടന്നു. പക്ഷേ നെഹ്‌റുവിനെ ശരിക്കും അലട്ടിയിരുന്ന വിഷയം കോൺഗ്രസിന് പുറത്തുള്ള ശത്രുക്കളെ ആയിരുന്നില്ല, മറിച്ച് കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ ഈ ബില്ലിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെ ആയിരുന്നു.

രാജേന്ദ്രപ്രസാദ് പോലും മതവാദികൾക്ക് ഒപ്പം

ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോക്ടർ രാജേന്ദ്രപ്രസാദ് ഈ ബില്ലിന്റെ ശക്തനായ വിരോധിയായിരുന്നു. അദ്ദേഹം നെഹ്‌റുവിന് ആദ്യശാസനം നൽകി. ഈ ബിൽ പാസാക്കുകയാണെങ്കിൽ രാഷ്ട്രപതി എന്ന രൂപത്തിൽ തന്റെ വിശേഷ അധികാരമുപയോഗിച്ച് ഈ ബില്ലിനെ എതിർക്കും.

നെഹ്‌റു എത്ര ശക്തമായി ഈ ബില്ലിനെ പാസാക്കുവാൻ വേണ്ടി പരിശ്രമിച്ചിരുന്നുവോ അത്രയും തന്നെ എതിർപ്പുകൾ ഇതിനെതിരെയും ഉയർന്നുവന്നു. കോൺഗ്രസ് പാർട്ടിക്കുള്ളിൽനിന്നും പൊതുസമൂഹത്തിൽ നിന്നും അതിഭീകരമായി എതിർപ്പാണ് ആ കാലഘട്ടത്തിൽ നേരിടേണ്ടിവന്നത്. കാരണം ഈ ബിൽ അവതരിപ്പിച്ച അംബേദ്കർ അന്നത്തെ സവർണ വർഗീയവാദികളുടെ കണ്ണിലെ കരടായിരുന്നു. ഈ ബില്ലിലെ പല വ്യവസ്ഥകളും അവർക്ക് എതിരാണ് എന്നും, അതുവഴി ഹിന്ദു സമൂഹത്തിനു തന്നെ എതിരാണ് എന്നും അവർ പ്രചരിപ്പിച്ചു. ഒരു ഘട്ടത്തിൽ പ്രതിഷേധക്കാർ അംബേദ്കറോട് നിങ്ങളെന്തിനാണ് ഞങ്ങളുടെ ഹിന്ദുധർമ്മത്തിൽ ഇടപെടുന്നതെന്നുപോലും ചോദിച്ചു.

സെപ്റ്റംബർ 1951 ൽ നെഹ്‌റു ഏറ്റവും സുപ്രധാനമായ തീരുമാനം പാർലമെന്റിൽ പ്രഖ്യാപിച്ചു. ബിൽ പിൻവലിച്ചുവെന്നുള്ളതായിരുന്നു അത്. ഇത് അംബേദ്കർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് അംബേദ്കർ ആദ്യ മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. അവിടം കൊണ്ടും തീർന്നില്ല. ഇന്ത്യയുടെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെ ജനസംഘവും ഹിന്ദുമഹാസഭയും ഒരു സന്യാസിയെ മത്സരിപ്പിച്ചു. ബ്രഹ്മചാരി പ്രഭുദത്ത്.അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ശൈലി പ്രത്യേകതകളുള്ളതായിരുന്നു. അദ്ദേഹം തിരഞ്ഞെടുപ്പ് വേദികളിൽ ഗംഭീരമായ പ്രസംഗങ്ങൾ നടത്തിയില്ല. പകരം ഒരു വേദിയിൽ വന്ന് മൗനമായി മിണ്ടാതിരിക്കും. അദ്ദേഹത്തിന് അനുയായികൾ രാമനാമജപവും മറ്റ് മന്ത്രോച്ചാരണങ്ങളും ആയി അവിടെ കൂടും. ഇതിനുശേഷം ഹിന്ദു കോഡ് ബില്ലിനെതിരെ അച്ചടിച്ച പ്രസ്താവന വിശ്വാസികൾക്കിടയിൽ വിതരണം ചെയ്യും. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണ രീതി. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബ്രഹ്മചാരി പ്രഭുദത്ത് അമ്പേ പരാജയപ്പെട്ടു. കെട്ടിവെച്ച കാശ് പോലും കിട്ടാത്ത രീതിയിയിലായിരുന്നു തെരഞ്ഞെടുപ്പ് പരാജയം. കോൺഗ്രസ് നാനൂറിലധികം സീറ്റ് നേടി അധികാരത്തിൽ തിരിച്ചെത്തി.

അധികാരത്തിൽ തിരിച്ചെത്തിയ ഉടൻ നെഹ്‌റു ഹിന്ദു കോഡ് ബിൽ നാല് വ്യത്യസ്ത ഭാഗങ്ങളായി തിരിച്ചു . Hindu Marriage Act, Hindu Succession Act, Hindu Minority and Guardianship Act, and Hindu Adoptions and Maintenance Act. എന്നിങ്ങനെ നാല് വ്യത്യസ്ത ഭാഗങ്ങളായി തിരിച്ച് നാലായി അവതരിപ്പിച്ചു പാർലമെന്റിൽ പാസാക്കി. ഇന്ത്യ കണ്ട ഏറ്റവും പുരോഗമനപരമായ നിയമമായിരുന്നു അത്. പക്ഷെ ഈ ബില്ല് പാസാക്കുന്നത് കാണാൻ അന്ന് ഡോക്ടർ ബി ആർ അംബേദ്കർ അവിടെ ഇല്ലായിരുന്നു. ആ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വിജയിക്കാനായില്ല. പക്ഷേ ഭരണഘടനാ ശില്പിയുടെ സ്വപ്നമായിരുന്നു ഹിന്ദു കോഡ് ബിൽ.

നാല് വ്യത്യസ്ത ഭാഗങ്ങളായിട്ടായിരുന്നുവെങ്കിലും അത് ഇന്ന് ഇന്ത്യയുടെ നിയമമാണ്. നമ്മൾ ഇന്ന് കാണുന്ന മുഴുവൻ പുരോഗതിക്കും അടിസ്ഥാനമിട്ടത് ഈ ബില്ലാണെന്ന് പിൽക്കാലത്ത് വിലയിരുത്തപ്പെട്ടു. മതങ്ങളുടെയും മത മേലധ്യക്ഷന്മാരുടെയോ സമ്മതത്തോടെ രാജ്യത്ത് ഒരു പുരോഗതിയും നടന്നിട്ടില്ല എന്നതാണ് ചരിത്രം. അതുകൊണ്ടുതന്നെ ഈ ആക്രോശങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ശക്തമായി മുന്നോട്ട് പോവുകയാണ് മോദി ചെയ്യേണ്ടത്.

ഏക സിവിൽകോഡിന്റെ തുടക്കം

1950 ൽ അംബേദ്കറിന്റെയും നെഹ്റുവിന്റെയും ശ്രമഫലമായി വന്ന ഹിന്ദു കോഡ് ആണ് ആദ്യമായി ഹിന്ദു സ്ത്രീകൾക്ക് സ്വത്തവകാശം നൽകുന്നത്. (കേരളത്തിൽ മരുമക്കത്തായം നിലനിന്നത് ഒഴിച്ച് നിർത്തിയാ) വിവാഹമോചനത്തിനുള്ള അവകാശം, വിധവകൾക്കുള്ള സ്വത്തവകാശം തുടങ്ങിയവയും ഹിന്ദു കോഡിന്റെ ഭാഗമായി വന്നു.

ലോക ചരിത്രം നോക്കുമ്പോൾ, നമുക്ക് മനസ്സിലാവുന്ന ഒരു പ്രധാന കാര്യം മതങ്ങളോട മതാധിഷ്ഠിത ചിന്തകളോ ഒരിക്കലും സമത്വത്തിന് പരിഗണന നൽകിയിരുന്നില്ല എന്നതാണ്. സമത്വം ലിംഗനീതി എന്നതൊക്കെ മനുഷ്യൻ ഉണ്ടാക്കിയ ആശയങ്ങളാണ്. ലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ട മനുഷ്യ ജീവിതത്തിൽ സമത്വം എന്ന സങ്കൽപ്പം വന്നിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളൂ എന്നത് നമ്മെ അത്ഭുതപ്പെടുത്തും. എബ്രഹാം ലിങ്കൺ അടിമത്തം നിരോധിക്കുന്നത് വരെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ അടിമയാക്കി വെക്കുന്നതിൽ യാതൊരു അസ്വാഭാവികതയും മനുഷ്യർക്ക് തോന്നിയിട്ടില്ല, അക്കൂട്ടത്തിൽ ആ കാലഘട്ടങ്ങളിൽ ജീവിച്ച മഹാന്മാരും പെടും. അതിനു ശേഷവും പല രാജ്യങ്ങളിലും അടിമത്തം നിയമവിധേയമായിരുന്നു. 1962 വരെ അടിമത്തം നിയമ വിധേയമായ രാജ്യങ്ങളുണ്ടായിരുന്നു.അടിമത്തം മാത്രമല്ല മനുഷ്യർക്കിടയിൽ നിലനിന്ന അസമത്വങ്ങൾ, തൊട്ടു കൂടായ്മ, ജാതി സമ്പ്രദായം, രോഗികളോടുള്ള വിവേചനം, വർണ വിവേചനം, ആന്റി സെമിറ്റിസം, റേസിസം തുടങ്ങി നിരവധിയുണ്ട്. അതിലേറ്റവും പ്രബലവും സർവവ്യാപിയുമായതുമാണ് സ്ത്രീകൾക്കെതിരെയുള്ള വിവേചനം.

1718 ലാണ് അമേരിക്കയിലെ ഏതെങ്കിലും ഒരു സ്റ്റേറ്റിൽ, പെൻസിൽവാനിയ, സ്ത്രീകൾക്ക് സ്വന്തമായി സ്വത്ത് കൈവശം വക്കാമെന്ന നിയമം വരുന്നത്, അതും കല്യാണം കഴിഞ്ഞവർക്ക് മാത്രം. 1850 ൽ ഒറിഗോൺ സ്റ്റേറ്റിലാണ് കല്യാണം കഴിക്കാത്ത സ്ത്രീക്കും സ്വന്തമായി സ്വത്ത് കൈവശം വക്കാം എന്ന നിയമം വരുന്നത്. 1920ൽ മാത്രമാണ് അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നത്.സ്ത്രീകൾക്കെതിരെയുള്ള വിവേചനത്തിന്റെ കാര്യത്തിൽ എല്ലാ രാജ്യങ്ങളും മത്സരിക്കുകയായിരുന്നു. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ, മതങ്ങൾക്കനുസരിച്ചു സിവിൽ നിയമങ്ങളുള്ള ഇന്ത്യയിൽ പ്രധാന മതങ്ങളിലൊന്നും സ്ത്രീകൾക്ക് തുല്യ പിന്തുടർച്ചാവകാശം ഉണ്ടായിരുന്നില്ല. പിന്നീട് വന്ന വിവിധ ബില്ലുകളിലൂടെയും വിധികളിലൂടെയുമാണ് ക്രമേണ ഈ അവകാശങ്ങൾ വരുന്നത്.

ഇസ്ലാമിൽ ആവട്ടെ സ്ത്രീ ഇന്നും അരപുരുഷനാണ്. പുരുഷന്റെ പാതി സ്വത്തേ അവൾക്ക് കിട്ടൂ. ജാമിദ ടീച്ചർ ഇങ്ങനെ പ്രതികരിക്കുന്നു. 'ഇസ്ലാമിലെ സ്ത്രീയെന്നാൽ അര പുരഷനാണ്. കോടതി സാക്ഷ്യത്തിനുപോലും കാര്യങ്ങൾ അങ്ങനെയാണ്. ഒരു പുരുഷന്റെ സാക്ഷ്യം രണ്ട് സ്ത്രീകളുടെ സാക്ഷ്യത്തിന് തുല്യമാണ്. ഖുർആനിലും ഹദീസിലുമായി നിരവധി സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഉണ്ട്. അതിന്റെ ഭാഗമായി ദൈവികമെന്ന രീതിയിലാണ് ഈ അനീതി നിലനിൽക്കുന്നത്. ഒരേ ക്ലാസിൽ പഠിക്കുന്ന ഒരു ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം പെൺകുട്ടിയുടെ അനുഭവം എടുക്കുക. മറ്റ് രണ്ടുപേർക്കും അവരുടെ പിതാവ് മരിച്ചാൽ സ്വത്ത് തുല്യമായി കിട്ടും. എന്നാൽ മുസ്ലിം പെൺകുട്ടിക്ക് മാത്രം പകുതിയാണ് കിട്ടുക. ഇനി ഒരു വ്യക്തി ജീവിച്ചിരിക്കെ അവരുടെ മകനോ മകളോ മരണപ്പെട്ടു പോയാൽ മരണപ്പെട്ട ആളുടെ മക്കൾക്ക് ലഭിക്കേണ്ടുന്ന സ്വത്ത് അവർക്ക് (പേരക്കുട്ടികൾക്ക് ) ലഭിക്കില്ല. എന്തൊരു പ്രാകൃതമാണ് ഇത്. ദൈവിക നിയമങ്ങൾ എന്ന പേരിൽ കാടൻ നിയമങ്ങൾ ഒരു ജനാധിപത്യ രാജ്യത്ത് പിന്തുടരണോ. അതുകൊണ്ടാണ് ഞാൻ ഏക സിവിൽ കോഡിനെ അനുകൂലിക്കുന്നത്. അതുവന്നാൽ മാത്രമേ മുസ്ലിം സ്ത്രീയുടെ അന്തസ് ഉയർത്താൻ കഴിയൂ.'- ജാമിദ ടീച്ചർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഹിന്ദുകോഡ് ബിൽപോലെ ഇസ്ലാമിൽ നിർണ്ണായക മാറ്റം വരുത്തിയ മുത്തലാഖ് ബിൽ കൊണ്ടുവരാനുള്ള യോഗം പക്ഷേ നരേന്ദ്ര മോദിക്ക് ആയിരുന്നു. അതുപോലെ നിർണ്ണായകമായിരിക്കും വിവാഹ പ്രായം ഉയർത്തലും എന്നാണ് പുരോഗമന വാദികൾ പ്രതീക്ഷുന്നത്. മാത്രമല്ല ഇത് ഏക സിവിൽ കോഡിന്റെ തുടക്കം കുടിയാണെന്നും വിലയിരുത്തലുകൾ ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP