Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓരോ നീക്കങ്ങളും നിഗൂഢത ബാക്കി വെച്ച്; വെളിയിൽ വരുന്ന വാർത്തകൾ സെൻസർ ചെയ്തവ മാത്രം; അഴിമതി വിരുദ്ധതയുടെ കുപ്പായം അണിഞ്ഞ് എംബിഎസ് നടത്തുന്നത് അടിച്ചമർത്തലോ? എന്തുകൊണ്ടാണ് പരിഷ്‌ക്കാരവാദികൾ പോലും സംശയത്തോടെ നോക്കുന്നത്? സൗദിയിലെ കൊട്ടാര വിപ്ലവത്തിന്റെ പിന്നാമ്പുറ കഥകൾ തേടുമ്പോൾ

ഓരോ നീക്കങ്ങളും നിഗൂഢത ബാക്കി വെച്ച്; വെളിയിൽ വരുന്ന വാർത്തകൾ സെൻസർ ചെയ്തവ മാത്രം; അഴിമതി വിരുദ്ധതയുടെ കുപ്പായം അണിഞ്ഞ് എംബിഎസ് നടത്തുന്നത് അടിച്ചമർത്തലോ? എന്തുകൊണ്ടാണ് പരിഷ്‌ക്കാരവാദികൾ പോലും സംശയത്തോടെ നോക്കുന്നത്? സൗദിയിലെ കൊട്ടാര വിപ്ലവത്തിന്റെ പിന്നാമ്പുറ കഥകൾ തേടുമ്പോൾ

എം പി റാഫി

'സൗദി ആഗ്രഹിച്ച പരിഷ്‌കാരങ്ങളും മാറ്റങ്ങളുമാണിത്, എന്നാൽ മഹത്തരമായ നടപടികളെന്ന് വാഴ്‌ത്തപ്പെടാൻ പറ്റുകയുമില്ല' - സൗദി അറേബ്യയിലെ പുതിയ സംഭവ വികാസങ്ങളെ നോക്കികാണുന്ന നയതന്ത്ര വിദഗ്ദരുടെ വാക്കുകളാണിത്. പരിഷ്‌കാര നടപടികളിൽ വിട്ടു വീഴിചയില്ലാത്ത നിലപാടുമായി സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസും കീരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ശക്തമായി തന്നെ മുന്നോട്ടു പോകുകയാണ്. എന്നാൽ വ്യത്യസ്ത കോണുകളിലൂടെയും വീക്ഷണങ്ങളിലൂടെയുമാണ് ഇതിനെ വിദഗ്ദർ നിരീക്ഷിക്കുന്നത്. രാജ ഭരണം നിലനിൽക്കുന്നത്കൊണ്ട് തന്നെ സൗദിയിലെ ഓരോ ഭരണ നീക്കങ്ങളിലും നിഗൂഢത ഒളിഞ്ഞിരിക്കാറുണ്ട്. അതായത്, യഥാർത്ഥത്തിൽ നടക്കുന്നതെന്തോ അത് പുറത്ത് വരാറില്ല. സൗദി വാർത്താ വിതരണ മന്ത്രാലയം പുറത്ത് വിടുന്ന വിവരങ്ങൾ മാത്രമാണ് ലോക മാധ്യമങ്ങൾക്കും ലഭിക്കുന്നത്. പുതിയ കിരീടാവകാശിയുടെ നീക്കങ്ങളേയും ഏറെ നിഗൂഢത നിറഞ്ഞതാണെന്ന് അന്തർദേശീയ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നു.

സൗദി രാജ കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കങ്ങളും ഭിന്നതകളും മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ അറബ് ചരിത്രത്തിൽ കേട്ടുകേൽവിയില്ലാത്ത നടപടിയായാണ് മന്ത്രിമാരുടെയും മുൻ മന്ത്രിമാരുടെയും മത പണ്ഡിതന്മാരുടെയും അറസ്റ്റും അനുബന്ധ നീക്കങ്ങളും. എണ്ണ സമ്പത്തിന്റെ വലിയൊരു വരുമാനവും രാജ കുടുംബാംഗങ്ങൾ അനുഭവിക്കുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണെങ്കിലും ഇതിനെതിരെ മാറിവരുന്ന ഭരണാധികാരികൾ ചെറുവിരലനക്കാറില്ല. എന്നാൽ മുഹമ്മദ് ബിൻ സൽമാൻ അഴിമതി വിരുദ്ധ സമിതി മേധാവിയായി ചുമതലയേറ്റതോടെ ഇതന് മാറ്റം വരികയായിരുന്നു. അഴിമതി ആരോപിച്ചാണ് രാജ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം സൽമാൻ രാജാവിന്റെ മകൻ മുഹമ്മിനെ കിരീടാവകാശിയാക്കിയതു മുതൽ ഇതുവരെയുള്ള നടപടികൾ കീരീടം ഭദ്രമാക്കാനുള്ള ഒരു അടിച്ചമർത്തലിന്റെ ഭാഗമണെന്നും നിരീക്ഷിക്കുന്നവരുണ്ട്.

വ്യത്യസ്ത നിരീക്ഷണങ്ങൾ ഉയരുമ്പോഴും യാഥാസ്തികത്വത്തിന്റെ ചങ്ങല പൊട്ടിച്ചുള്ള സൗദിയുടെ വികസന കുതിപ്പിന് ലോകമെങ്ങും കൈയടിയാണ്് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തിക ഭദ്രദ ഉറപ്പാക്കി സ്വയം പര്യാപ്ത രാജ്യമാക്കുക, തീവ്രവാദ വിരുദ്ധ പോരാട്ടം, തൊഴിലിടങ്ങളിലേക്കും പൊതു രംഗത്തേക്കുമുള്ള സ്ത്രീകളുടെ രംഗപ്രവേശനം, ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതികൾ, ഹദീസ്(പ്രവാചക വചനം) പരിഷ്‌കരണം, പൗരന്മാർക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ തുടങ്ങിയ പദ്ധതികൾ സൗദി രാജകുമാരൻ പരിഷ്‌കരണ നടപടികളിലൂടെ ലക്ഷ്യമിടുന്നു. ഇതിനെതിരെ വിലങ്ങ് തടിയാകുന്ന യാതാസ്തിക വഹാബി-സലഫി പണ്ഡിതരെ അടിച്ചമർത്തുകയും തടങ്കലിൽ വെയ്ക്കുകയും ചെയ്യാനാണ് തീരുമാനം. ഇതിനോടകം പണ്ഡിതരെയടക്കം ജയിലിലടച്ചതായി റിപ്പോർട്ടുകളുണ്ട്.

അമേരിക്ക, ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനും സൗദി ലക്ഷ്യമിടുന്നു. സൗദിയുടെ നീക്കത്തിന് മറ്റ് അറബ് രാജ്യങ്ങളുടെയും ജിസിസി രാജ്യങ്ങളുടെയും പിന്തുണയുണ്ട്. അതേസമയം ഇാറാനുമായുള്ള സൗദി ബന്ധം പൂർവ്വോപരി വഷളാകുമെന്നാണ് വിദഗ്ദ പക്ഷം. ഏറ്റവും ശത്രുപക്ഷത്ത് സൗദി കാണുന്നതും ശിയാ രാജ്യമായ ഇറാനെയാണ്. മക്ക, മദിന സ്ഥിതി ചെയ്യുന്നുവെന്നതാണ് ലോക മുസ്ലിംങ്ങൾക്കിടയിൽ സൗദിക്കുള്ള സ്ഥാനം. എന്നാൽ പുണ്യ കേന്ദ്രങ്ങളായ മക്ക, മദീനയുടെ അവകാശം പിടിച്ചെടുക്കാനുള്ള ഇറാന്റെ ശ്രമം ഇ്പ്പോഴും തുടരുകയാണ്. ഖത്തറിനെതിരെ സൗദി ഉപരോധം തീർത്തെങ്കിലും ഇറാൻ അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയാണ് ഇതിനെ ഒരു പരിതി വരെ ഖത്തറിന് മറികടക്കാൻ സാധിച്ചത്.

ഗൾഫ് രാഷ്ട്രീയം കലങ്ങിമറിയുന്ന സാഹചര്യത്തെ ആശങ്കയോടെയാണ് മലയാളികൾ കാണുന്നത്. സൗദിയുടെ പുതിയ നീക്കങ്ങൾ ഏറെ ബാധിക്കുന്നത് പ്രവാസി മലയാളികളെ തന്നെയാണ്. ഇതിനോടകം തൊഴിൽ, വ്യവസായങ്ങൾ നഷ്ടപ്പെട്ടവർ നിരവധിയാണ്. കേരളത്തിലെ മുസ്ലിം വിഭാഗങ്ങളും സംഘടനകളും വ്യത്യസ്ത കോണിലൂടെയാണ് സൗദി നീക്കങ്ങളെ വിലയിരുത്തുന്നത്. ആശങ്കയും ആകാംക്ഷയും ഉണ്ടെങ്കിലും പൊതുവിൽ എല്ലാവരും മൊനത്തിലാണ്. മതനിയമങ്ങൾ കാറ്റിൽ പറത്തിയുള്ള പരിഷ്‌കാരങ്ങൾക്കെതിരെ കേരളത്തിലെ ഒരു വിഭാഗം സലഫികൾക്ക് അമർഷമുണ്ടെങ്കിലും സൗദിയെ പരസ്യമായി എതിർക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. വഹാബി-സലഫി ആശയത്തിലൂന്നിയ ഭരണമാണ് ആലു സഊദ് കുടുംബത്തിന്റേത്. സലഫി പണ്ഡിതന്മാർക്കും അവരുടെ പണ്ഡിത സഭയുടെയും അഭിപ്രായങ്ങൾക്കും വലിയ സ്ഥാനമാണ് സൗദിയിൽ. വഹാബിസത്തെ പാടെ എതിർക്കുന്ന കേരളത്തിലെ സുന്നികളും പുതിയ പരിഷ്‌കരണ നടപടിയെ മൗനത്തോടെയാണ് നോക്കിക്കാണുന്നത്. തൊഴിൽ ഭദ്രത, പള്ളികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഗ്രാന്റുകൾ, വിദേശ സന്ദർശനം തുടങ്ങിയ കാരണങ്ങൾ മുസ്ലിം സംഘടനകളെ പരസ്യ പ്രതികരണത്തിൽ നിന്ന് പിന്നോട്ടടിക്കുന്നു. അതേസമയം സൗദിയുടെ ഇസ്രയേൽ, അമേരിക്കൻ ബന്ധത്തെ രൂക്ഷമായി എതിർക്കുന്ന മുസ്ലിംങ്ങളും കേരളത്തിലുണ്ട്. ഇവർ ഏറെയും ഇറാൻ അനുകൂല മനോഭാവമുള്ളവരാണ്.

എണ്ണയെ ആശ്രയിക്കാത്ത സൗദിയെ സ്വപ്്നം കണ്ട് രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ

ഇന്നല്ലെങ്കിൽ, നാളെ എണ്ണ തീരുമെന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് മുഹമ്മദ്ബിൻ സൽമാൻ. ഇത് മുൻകൂട്ടി കണ്ട് സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയും പരിഷ്‌കാരങ്ങൾ കൊണ്ടുവരികയുമാണ് രാജകുമാരൻ ലക്ഷ്യമിടുന്നത്. ഇതിന് മത പണ്ഡതരോ മത നിയമങ്ങളോ തടസമാകരുതെന്ന് നിലപാട്. രാജ്യത്തെ പുരോഗതിയിലെത്തിക്കുന്നതിന്റെ കാൽവെയ്‌പ്പാണ് വിഷൻ 2030 പദ്ധതി. ഈ പദ്ധതിയുടെ അമരക്കാരനും മുഖ്യ സൂത്രധാരനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തന്നെയാണ്. അടിമുടി സൗദി അറേബ്യയെ മാറ്റുകയാണ് ഇതിലൂടെ ലക്ഷമിടുന്നത്. ഇപ്പോഴും 21ാം നൂറ്റാണ്ടിലെ ചിന്താഗതിക്കൊപ്പം എത്താതിരുന്ന രാജ്യമെന്നായിരുന്നു സൗദിക്കുണ്ടായിരുന്ന ചീത്തപ്പേര്. ഇത് മാറ്റാൻ ശ്രമിക്കുകയാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ.

സൗദിയേ ആധുനിക ലോകത്തേക്ക് നയിക്കാനും നിലവിൽ ഉള്ളതിനേക്കാൾ സാമ്പത്തികമായി രാജ്യത്തേ വളർത്താനും പുതിയ നടപടികൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് കരുത്തും ബുദ്ധിമാനും ആയ ആളാണ് മുഹമ്മദ് ബിൻ സാൽമാനെന്നാണ് സാമ്പത്തിക വിദഗ്ദരുടെ കണക്കുകൂട്ടൽ. ഇപ്പോൾ സൗദിയിൽ കാണുന്ന മാറ്റത്തിന്റെ വിത്തുകൾ പാകിയത് മുഹമ്മദ് ബിൻ സൽമാൻ ആണ്. മാത്രമല്ല ലോകം മൊത്തം ഉറ്റു നോക്കുന്ന വിഷൻ വിഷൻ 2030 ന്റെ ബുദ്ധി കേന്ദ്രമാണിദ്ദേഹം. വർഷങ്ങൾക്ക് മുമ്പ് പരമ്പരാഗത വാദികൾ നിരോധിച്ച മ്യൂസിക് കൺസേർട്ടുകൾ ഉടൻ തിരിച്ച് കൊണ്ട് വരാനും തുടർന്ന് സിനിമയും സൗദികളുടെജീവിതത്തിന്റെ ഭാഗമാക്കിത്തീർക്കാനും ബിൻ സൽമാൻ വിഷൻ 2030ലൂടെ ലക്ഷ്യമിടുന്നുണ്ട്. സൗദി എണ്ണ വിലയിൽ കാലിടറിയതോടെയാണ് എണ്ണ ഇതര വരുമാനം എന്ന ആശയം മുന്നോട്ട് വയ്ച്ച് അത് നടപ്പാക്കാൻ മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയിരിക്കുന്നത്. എണ്ണയിൽ നിന്നും 2030ഓടെ സൗദിയേ മോചിപ്പിക്കും എന്നും എണ്ണയേക്കാൾ വൻ വരുമാനം ലഭിക്കുന്ന വ്യാവസായിക രാജ്യമാക്കുമെന്നും ഈ ഭാവി രാജാവ് പ്രഖ്യാപിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: 'നമുക്ക് ഉള്ള ധനം നമ്മൾ ഭാവിക്കായി ചെലവിടുന്നു'.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നിതാഖാത്തിന്റെ ഉപജ്ഞാതാവ് മുതൽ ലോക സമ്പന്നൻ വരെ

അഴിമതിക്കെതിരെയുള്ള കടുത്ത നീക്കത്തിലൂടെ തന്റെ അധികാരം ഒന്ന് കൂടി ഉറപ്പിക്കുകയാണ് സൽമാൻ ചെയ്തിരിക്കുന്നത്. രാജ്യത്തെ അഴിമതിരഹിതമാക്കി നവീകരിക്കുന്നതിന് വേണ്ടി അഴിമതിക്കാരായ നിരവധി പരമ്പരാഗത വാദികളെയാണ് ഇദ്ദേഹം ഇക്കഴിഞ്ഞ ദിവസങ്ങൾക്കിടെ അഴിക്കുള്ളിലാക്കിയിരിക്കുന്നത്. തലസ്ഥാനമായ റിയാദിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുള്ള രാജകുടുബാംഗം അൽ വഹീദ്് ബിൻ തലാൽ രാജകുമാരനെയും നിതാഖാത്ത് പദ്ധതിയുടെ ഉപജ്ഞാതാവായ ആദിൽ ഫകീറിനെയുമാണ് ബിൻ സൽമാൻ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുന്നത്.

സൗദി സ്വദേശി വൽക്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് സൗദി സർക്കാർ ആവിഷ്‌കരിച്ച തൊഴിൽ വ്യവസായ നിയമമാണ് നിതാകാത്ത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരിലൊരാളായ തലാലിന്റെ ഉടമസ്ഥതയിലുള്ളതാണ് ലണ്ടനിലെ ഏറ്റവും മികച്ച ഹോട്ടലുകളിലൊന്നായ സവോയ്. മുൻ ധനകാര്യ മന്ത്രിയായ അൽഅസാഫ്, മുൻ റിയാദ് ഗവർണറായ പ്രിൻസ് തുർകി ബിൻ അബ്ദുല്ലാ, മുൻ ഹെഡ് ഓഫ് റോയൽ കോർട്ട് ഖാലിദ് അൽടുവായ്ജിറി തുടങ്ങിയ പ്രമുഖരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.

ധീര നടപടിയിലൂടെ ലോകത്തിന്റെ കൈയടി നേടിയ എംബിഎസിന്റെ നാൾവഴികൾ

അസാധാരണ നടപടികളിലൂടെ ശ്രദ്ധേയനായ എംബിഎസ് എന്ന മുഹമ്മദ് ബിൻ സൽമാൻ ഇപ്പോൾ ലോകത്തിന് മുന്നിൽ ഹീറോയായിരിക്കുകയാണ്. പുരോഗമനത്തിലേക്കുള്ള സൗദിയുടെ കുതിപ്പ് വാണിജ്യ വ്യാവസായ രംഗത്ത് ലോകത്തിന് മുന്നിൽ പുതിയ സാധ്യതകൾ തുറക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. അമേരിക്കയുമായുള്ള കൂട്ട്കെട്ടിൽ വിമർശനമുയരുമ്പോഴും എംബിഎസിന് പിന്തുണയേറി വരികയാണ്. യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധവും നയതന്ത്ര പരിചയവുമാണ് ചെറുപ്രായത്തിലെ ബിൻ സൽമാൻ ശ്രദ്ധേയനാകുന്നത്. തീവ്രവാദത്തോട് സന്ധിയില്ലാത്ത നിലപാട് ബിൻ സൽമാനെ വേറിട്ടു നിർത്തുന്നു.

സാമ്പത്തിക വിദഗ്ദൻ, ലോകമെങ്ങുമുള്ള ഭരണാധികാരികളുമായി നല്ല സൗഹൃദം ഉള്ള നയ തന്ത്രഞ്ജൻ കൂടിയാണ് മുഹമ്മദ് ബിൻ സൽമാൻ. ഇടനാഴികളിലേക്ക് മുഹമ്മദ് ബിൻ സൽമാൻ എത്തുമ്പോൾ അദ്ദേഹത്തിന് പ്രായം വെറും 22 വയസ്സ് മാത്രമായിരുന്നു പ്രായം. ജനിച്ചത് 1985 ൽ 1985 ഓഗസ്റ്റ് 31 ന് ആയിരുന്നു മുഹമ്മദ് ബിൻ സൽമാന്റെ ജനനം. സൽമാൻ രാജാവിന്റെ മൂന്നാം ഭാര്യയായ ഫഹ്ദ ബിന്ദ് ഫലാഹ് ബിൻ സുൽത്താനയിലാണ് മുഹമ്മദ് ബിൻ സൽമാൻ പിറന്നത്.

റിയാദ് സ്‌കൂളിൽ ആയിരുന്നു മുഹമ്മദ് ബിൻ സൽമാന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്‌കൂളിലെ ഏറ്റവും മികച്ച 10 വിദ്യാർത്ഥികളിൽ ഒരാളായിരുന്നു അദ്ദേഹം. കിങ് സൗദ് സർവ്വകലാശാലയിൽ നിന്നാണ് ബിരുദം നേടിയത്. തന്റെ ക്ലാസ്സിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു മുഹമ്മദ് ബിൻ. സൗദി ക്യാബിനറ്റിന് കീഴിലുള്ള എക്‌സ്‌പെർട്ട് കമ്മീഷന്റെ കൺസൾട്ടന്റ് ആയിട്ടാണ് മുഹമ്മദ് ബിൻ സൗദി രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.

പ്രത്യേക ഉപദേശകനായി 2009 ഡിസംബർ 15 ആയിരുന്നു മുഹമ്മദ് ബിൻ സൽമാന്റെ ജീവിതത്തിൽ കനപ്പെട്ട ഉത്തരവാദിത്തങ്ങൾ കടന്നുവരുന്നത്. പിതാവും റിയാദ് ഗവർണറും അപ്പോഴത്തെ കിരീടാവകാശിയും ആയ സൽമാൻ ബിൻ അബ്ദുൾ അസീസിന്റെ പ്രത്യേക ഉപദേഷ്ടാവായി മുഹമ്മദ് ബിൻ സൽമാൻ നിയമിതനായി. 2013 മാർച്ച് മാസത്തിൽ മന്ത്രിയുടെ റാങ്കോടെ കിരീടാവകാശിയുടെ കോടതിയുടെ തലവനായി നിയമിതനായി. കിരീടാവകാശിയുടെ പ്രത്യേക ഉപദേശകനായും നിയമിതനായി. 2014 ൽ മന്ത്രി സഭയിൽ സ്റ്റേറ്റ് മിനിസ്റ്ററും ആയി. 2030 ഓടെ രാജ്യം ആർജ്ജിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് വിഷൻ 2030 എന്ന പദ്ധതി. 2016 ഏപ്രിൽ മാസത്തിലാണ് ഇത് പ്രഖ്യാപിക്കുന്നത്. ഇതിന് പിറകിലും മുഹമ്മദ് ബിൻ സൽമാൻ തന്നെ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പദ്ധതി പ്രഖ്യാപനത്തിന് ശേഷം അന്ന് തന്നെ അൽ അറേബ്യ ചാനലിൽ മുഹമ്മദ് ബിൻ സൽമാനുമായി ഒരു അഭിമുഖവും ഉണ്ടായിരുന്നു.

2020 ൽ തന്നെ എണ്ണയെ അധികമായി ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കും എന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നുഎല്ലാവർക്കും വേണ്ടി രാജ്യത്തെ പാവങ്ങൾക്ക് വേണ്ടി പണക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ അവസാനിപ്പിക്കുമെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞിരുന്നു. വിഷൻ 2030 രാജകുമാരന്മാർക്കും രാജകുടുംബത്തിനും മന്ത്രിമാർക്കും എല്ലാം ബാധകമാകുമെന്നും അദ്ദേഹം അന്ന് ഉറപ്പ് നൽകിയിരുന്നു. ഒടുവിൽ അഴിമതി വിരുദ്ധ കമ്മീഷൻ തലവനായ ബിൻ സൽമാൻ രാജകുടുംബത്തെ തന്നെ അറസ്റ്റ് ചെയ്ത് അസാധാരണ നടപടി കൈകൊണ്ടിരിക്കുകയാണ്.

(ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം നാളെ തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP