Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ആഗോളവിപണിയിൽ എണ്ണവില കൂപ്പുകുത്തിയപ്പോൾ വരുമാനത്തിൽ ഉണ്ടായത് 22 ശതമാനം കുറവ്; ഐസിസും അൽഖൈ്വയ്ദയുമായുള്ള ബന്ധം ആഗോള നിക്ഷേപങ്ങൾക്കും വിലങ്ങ് തടി; ഒരു കാലത്ത് നികുതി രഹിത രാഷ്ട്രമായിരുന്ന രാജ്യം ഇപ്പോൾ വാറ്റായി ഈടാക്കുന്നത് 15 ശതമാനം; കൊറോണയുടെ ആക്രമണത്തോടൊപ്പം കൂപ്പുകുത്തുന്ന ഇന്ധന വിലയും; സമ്പന്ന രാഷ്ട്രമായ സൗദി അറേബ്യയുടെ സമ്പദ്ഘടന തകർച്ചയുടെ വക്കിലോ? നിർബന്ധിത സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് സൗദിയും വഴിമാറുമ്പോൾ

ആഗോളവിപണിയിൽ എണ്ണവില കൂപ്പുകുത്തിയപ്പോൾ വരുമാനത്തിൽ ഉണ്ടായത് 22 ശതമാനം കുറവ്; ഐസിസും അൽഖൈ്വയ്ദയുമായുള്ള ബന്ധം ആഗോള നിക്ഷേപങ്ങൾക്കും വിലങ്ങ് തടി; ഒരു കാലത്ത് നികുതി രഹിത രാഷ്ട്രമായിരുന്ന രാജ്യം ഇപ്പോൾ വാറ്റായി ഈടാക്കുന്നത് 15 ശതമാനം; കൊറോണയുടെ ആക്രമണത്തോടൊപ്പം കൂപ്പുകുത്തുന്ന ഇന്ധന വിലയും; സമ്പന്ന രാഷ്ട്രമായ സൗദി അറേബ്യയുടെ സമ്പദ്ഘടന തകർച്ചയുടെ വക്കിലോ? നിർബന്ധിത സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് സൗദിയും വഴിമാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: ഒരുകാലത്ത് നികുതി രഹിതരാഷ്ട്രമായിരുന്ന സൗദി പിന്നീട് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് 5% മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയത്. കൊറോണയുടെ ആക്രമണവും എണ്ണവിലത്തകർച്ചയുമെല്ലാം സമ്പദ്ഘടനയെ വിപരീതമായി ബാധിക്കുമ്പോൾ ഇത് 15% ആയി വർദ്ധിപ്പിക്കുവാൻ ഭരണകൂടത്തെ നിർബന്ധിതമാക്കിയിരിക്കുകയാണ്. മാത്രമല്ല, ജനങ്ങൾക്കുള്ള പല സാമ്പത്തിക സഹായങ്ങളും നിർത്തലാക്കുവാനും സർക്കാർ ഒരുങ്ങുകയാണ്.

തകരുന്ന സൗദി അറേബ്യൻ സമ്പദ്ഘടന

ആഗോളവിപണിയിൽ എണ്ണവില കൂപ്പുകുത്തിയത് സർക്കാരിന്റെ വരുമാനത്തിൽ 22% ത്തിന്റെ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.ഇത് രാജ്യത്തിലെ പ്രധാന പ്രൊജക്ടുകളും താത്ക്കാലികമായെങ്കിലും നിർത്തിവയേ്ക്കണ്ട ഗതികേടിലെത്തിച്ചിരിക്കുകയാണ് സൗദി അറേബ്യ എന്ന രാജ്യത്തെ. സർക്കാർ ഉടമസ്ഥതയിലുള്ള ആരാംകോയുടെ ലാഭത്തിൽ 25% ത്തിന്റെ കുറവുണ്ടായി എന്നു പറയുമ്പോൾ തന്നെ മനസ്സിലാകും സൗദി അറേബ്യ അനുഭവിക്കുന്ന ആഘാതത്തിന്റെ വലിപ്പം.

രാജ്യത്തിന്റെ സമ്പദ് ഘടന വളരെ പരിതാപകരമായ അവസ്ഥയിലാണെന്നും അത്രപെട്ടെന്ന് അതിൽ നിന്നും രക്ഷനേടാനാവില്ലെന്നുമാണ് ലോകത്തിലെ പല സാമ്പത്തിക വിദഗ്ദരും പറയുന്നത്. ഏഷ്യയിൽ നിന്നുള്ള, ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികളിൽ ആണ് സൗദിയുടെ സമ്പദ്ഘടന പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. തിരക്കേറിയ ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന ഇവർ കൊറോണയുടെ ഇരകളാകാൻ തുടങ്ങിയതോടെ പല മേഖലകളിലേയും പ്രവർത്തനങ്ങൾ പാടെ നിർത്തിവയ്ക്കേണ്ടതായി വന്നു.

സമ്പദ്ഘടനയുടെ വിപുലീകരണവും തിരിച്ചടികളൂം

പ്രധാനമായും എണ്ണയിൽ അധിഷ്ഠിതമായ സമ്പദ്വ്വ്യവസ്ഥ, മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുവാനുള്ള സൗദി സർക്കാരിന്റെ ശ്രമങ്ങൾ കാര്യമായ വിജയം കണ്ടിട്ടില്ല. കിരീടാവകാശിയായ സൽമാൻ രാജകുമാരൻ പല പരിഷ്‌കാരങ്ങളുമായി രംഗത്തുണ്ടെങ്കിലും സൗദി പത്രപ്രവർത്തകനായ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേരിലുള്ള സംശയം ഇന്നും പാശ്ചാത്യനാടുകളിൽ നിലനിൽക്കുന്നു. 2018 ൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ച് സർക്കാർ പ്രതിനിധികളാൽ വധിക്കപ്പെട്ട ഈ പത്രപ്രവർത്തകന്റെ ആത്മാവ് ഇന്നും സൗദിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

ചാട്ടവാറടി പോലുള്ള പ്രാകൃത ശിക്ഷകൾ നിർത്തലാക്കിയതും, സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നല്കുകപോലുള്ള സാമൂഹിക പരിഷ്‌കാരങ്ങളും പ്രധാനമായും ലക്ഷ്യം വച്ചത് പാശ്ചാത്യ രാജ്യങ്ങളിൽ സൗദിയെ കുറിച്ചുള്ള കാഴ്‌ച്ചപ്പാടുകൾ മാറ്റുവാൻ വേണ്ടിയായിരുന്നു. സൗദിയും ആധുനികയുഗത്തിലേക്ക് കാൽവയ്ക്കുകയാണെന്ന് പാശ്ചാത്യ രാജ്യങ്ങളെ ബോദ്ധ്യപ്പെടുത്തി വിവിധ മേഖലകളിൽ നിക്ഷേപങ്ങൾ ആകർഷിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

എന്നാൽ ഈ പത്രപ്രവർത്തകന്റെ മരണം സൗദിയെ നിർത്തിയത് സംശയത്തിന്റെ കരിനിഴലിലായിരുന്നു. മാത്രമല്ല, അയൽക്കാരായ യമനുമായുള്ള സംഘടനവും, ഖത്തറുമായിട്ടുള്ള കലഹവുമെല്ലാം ഈ മേഖല തികച്ചും അശാന്തമാണെന്ന ഒരു തോന്നലും പാശ്ചാത്യ വ്യവസായികളിൽ ഉണ്ടാക്കിയിട്ടുണ്ട്. ഇറാനുമായുള്ള ശത്രുത കൂടി ആയപ്പോൾ, ഇവിടെ നിക്ഷേപം നടത്തുന്നതിന് പലരും മടിച്ചു നിൽക്കുകയാണ്.

ഇസ്ലാമിക് സ്റ്റേറ്റുമായും അൽ ഖൈ്വദയുമായും ബന്ധപ്പെട്ട തീവ്രവാദികൾ നടത്തുന്ന അഭ്യന്തര പ്രവർത്തനങ്ങളും സൗദി സുരക്ഷിതമല്ലെത്ത തോന്നൽ പാശ്ചാത്യ മനസ്സുകളിലുണ്ടാക്കാൻ ഇടയായിട്ടുണ്ട്. പ്രതിരോധത്തിനായി അമേരിക്ക സ്ഥാപിച്ചിരുന്ന പാട്രിയോട്ട് മിസൈലുകൾ പിൻവലിച്ചതും, സൗദിയിലെ എണ്ണക്കമ്പനികൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണവുമെല്ലാം ഈ തോന്നലിന് ആക്കം വർദ്ധിപ്പിച്ചിട്ടുമുണ്ട്.

സൗദി പൂർണ്ണമായ തകർച്ചയിലേക്കോ?

കൊറോണയുടെ വ്യാപനം ലോകത്തിലെ പല സുസ്ഥിര സമ്പദ് വ്യവസ്ഥകളേയും താറുമാറാക്കികഴിഞ്ഞിരിക്കുന്നു. സൗദിക്ക് മാത്രമായി വേറിട്ട് ഒരു നിലനില്പില്ലെന്നത് ഒരു സത്യമാണ്. എന്നാൽ, സൗദിക്ക് പൂർണ്ണമായ ഒരു തകർച്ചയേ നേരിടേണ്ടിവരില്ല എന്നാണ് സൗദി സമ്പദ്വ്യവസ്ഥയെ വളരെ അടുത്ത് നിരീക്ഷിക്കുന്നവർ പറയുന്നത്. രാജ്യത്തിന് ഏകദേശം 320 ബില്ല്യൺ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉണ്ട് എന്നതാണ് ഇതിന് പ്രധാനമായ കാരണം.

രണ്ടാമതായി, സൗദിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോ. കഴിഞ്ഞ വർഷം ഇതിന്റെ മൂല്യം നിശ്ചയിച്ചത്. 1.7 ട്രില്ല്യൺ ഡോളർ ആയിട്ടായിരുന്നു. അതായത്, ഗൂഗിളിന്റേയും ആമസോണിന്റേയും മൂല്യങ്ങൾ ഒന്നിച്ചു ചേർത്താലുള്ള തുക. ഇതിന്റെ 1.5% മാത്രം വിറ്റഴിച്ചിട്ട് കഴിഞ്ഞ വർഷം സൗദി നേടിയത് 25 ബില്ല്യൺ ഡോളറായിരുന്നു.

ഇതുപോലെ, അത്യാവശ്യത്തിന് ഉപകരിക്കുന്ന നിരവധി കരുതൽ സമ്പാദ്യങ്ങൾ സൗദിക്കുണ്ടെന്നാണ് റിയാദിലെ ബ്രിട്ടീഷ് അമ്പാസിഡറായിരുന്ന സർ വില്യം പാറ്റി പറയുന്നത്. അതുകൊണ്ട് തന്നെ കൊറോണയും താഴുന്ന എണ്ണവിലയുമൊന്നും ഉടനെ സൗദിയെ ബാധിക്കാൻ വഴിയില്ല എന്നും അദ്ദേഹം പറയുന്നു. ഇതൊക്കെയണെങ്കിലും സൗദിക്ക് ആശങ്കപ്പെടാൻ ഏറെയുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു.

വർത്തമാനകാല യാഥാർത്ഥ്യങ്ങൾ

സൗദി അറേബ്യ ഒരു പുതിയ ജീവിതം സ്വപ്നം കണ്ടുതുടങ്ങുകയായിരുന്നു. ഇത്രനാളും തങ്ങളെ പോറ്റിയ എണ്ണസമ്പത്തിനുമപ്പുറം രാജ്യത്തിന്റെ വികസനം കുതിച്ചുയരുന്ന സ്വപ്നങ്ങൾക്ക് പക്ഷെ വിഘാതം സൃഷ്ടിച്ചുകൊണ്ടാണ് കൊറോണയെന്ന കൊലയാളി വൈറസ് ലോകമാകമാനം ആഞ്ഞടിച്ചത്. അതിൽ സൗദിക്കാരുടെ സ്വപ്നങ്ങൾ തകർന്നു എന്നുമാത്രമല്ല, അവർക്ക് കൂടുതൽ പ്രഹരങ്ങൾ ഏൽക്കേണ്ടിയും വന്നിരിക്കുന്നു. വേദനാജനകമായ പരിഷ്‌കാരങ്ങൾ എന്ന് വിശേഷിപ്പിച്ചുകൊണ്ട് തന്നെയാണ് നികുതി വർദ്ധനയും സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കുന്നതും സൗദി വിദേശകാര്യമന്ത്രി പ്രഖ്യാപിച്ചത്.

ഏകദേശം 26 ബില്ല്യൺ ഡോളറിന്റെ ലാഭമുണ്ടാക്കേണ്ടിയിരുന്ന മാറ്റങ്ങളായിരുന്നു ഇവ രണ്ടും എന്നാൽ ഇപ്പോൾ കൊറോണ സൃഷ്ടിച്ച ബാദ്ധ്യതതന്നെ ഇത്രത്തോളം വരുന്ന സ്ഥിതിക്ക് ഇതുകൊണ്ട് രാജ്യത്തിന് വലിയ നേട്ടമൊന്നും ഉണ്ടാകാൻ പോകുന്നില്ല. മാർച്ച് മാസത്തിൽ മാത്രം 26 ബില്ല്യൺ ഡോളർ കൊറോണയുമായി ബന്ധപ്പെട്ട് നഷ്ടം വന്നിട്ടുണ്ടെന്നാണ് സൗദി സെൻട്രൽ ബാങ്ക് പറയുന്നത്. അതായത്, വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ ബജറ്റിൽ 9 ബില്ല്യൺ ഡോളറിന്റെ കമ്മി ഉണ്ടായിരിക്കുന്നു.

എന്നാൽ ഇതാദ്യമായല്ല, സൗദി ഇത്രയും വലിയൊരു പ്രതിസന്ധി നേരിടുന്നത്. 1998, ജി സി സി ഉച്ചകോടിയിൽ കിരീടാവകാശിയായ അബ്ദുള്ള രാജകുമാരൻ അക്കാലത്തെ പ്രതിസന്ധിയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. എണ്ണവില ബാരലിന് 9 ഡോളറായി കുറഞ്ഞ സമയമായിരുന്നു അത്. അന്ന് രാജ്യവ്യാപകമായി പല പ്രൊജക്ടുകളും നിർത്തിവയ്ക്കേണ്ടതായി വന്നു. പിന്നീട് എണ്ണവില ബാരലിന് 100 ഡോളർ വരെയായി ഉയർന്നെങ്കിലും, ആ സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതത്തിൽ നിന്നും രക്ഷപ്പെടുവാൻ പിന്നെയും സമയമെടുത്തു.

സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതി

സൗദിയെ പുതിയ യുഗത്തിലേക്ക് കൈപിടിച്ചുയർത്തുമെന്ന് പലരും പ്രതീക്ഷിക്കുന്ന കിരീടാവകാശിയുടെ ഏറെ പ്രിയങ്കരമായ പദ്ധതിയാണ് വിഷൻ 2030. സൗദി സമ്പദ്ഘടന കാലാകാലങ്ങളായി ആശ്രയിക്കുന്ന എണ്ണസമ്പത്തിൽ നിന്നും മാറി പുതിയൊരു സമ്പദ്ഘടന കെട്ടിപ്പടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം തന്നെ, ലക്ഷങ്ങളോളം വരുന്ന കുടിയേറ്റ തൊഴിലാളികളിൽ അമിതമായി ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയും മാറ്റിയെടുക്കാനാകും.

ഇപ്പോഴത്തെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പദ്ധതി മുന്നോട്ട് പോകും എന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുമ്പോഴും അത് എങ്ങനെ സാധ്യമാകും എന്നതിനെ കുറിച്ച് വ്യക്തമായ ഒരു ചിത്രം ആരും നൽകുന്നില്ല. സർക്കാർ എടുത്ത നടപടികൾ ഏറ്റവുമധികം വിപരീതമായി ബാധിക്കാൻ പോകുന്നത് സ്വകാര്യ മേഖലയേയാണ്. ധാരാളം പേർക്ക് തൊഴിൽ നൽകുന്ന ഈ മേഖലയിൽ ഉണ്ടാകുന്ന ചെറിയൊരു തകർച്ചപോലും സമ്പദ്ഘടനയെ വലുതായി സ്വാധീനിക്കും.

പാശ്ചാത്യലോകവും സൗദി അറേബ്യയും

പാശ്ചാത്യ ലോകത്തിന് അത്രപെട്ടെന്നൊന്നും അവഗണിക്കാൻ പറ്റുന്ന ഒരു ശക്തിയല്ല സൗദി അറേബ്യ. അമേരിക്ക ഉൾപ്പടെ പല പാശ്ചാത്യ രാഷ്ട്രങ്ങൾക്കും ഈ മേഖലയിൽ സാമ്പത്തിക താത്പര്യങ്ങളുണ്ട്. എന്നിരുന്നാലും ഒരു പരിധിക്കപ്പുറം സൗദിയിൽ നിക്ഷേപത്തിന് അവർ ഒരുങ്ങിയിരുന്നില്ല. സൗദിയെ കുറിച്ചുള്ള ചില ധാരണകളായിരുന്നു ഇതിന് പ്രധാന കാരണം.

ഇപ്പഴും പതിമൂന്നാം നൂറ്റാണ്ടിലെ നിയമങ്ങളും ജീവിതരീതികളും വച്ചുപുലർത്തുന്ന സൗദിയുമായി ഒത്തുപോവുക കാലത്തിനു മുന്നിൽ ഓടിശീലിച്ചിട്ടുള്ള പാശ്ചാത്യ ജനതയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മറ്റെന്തിനേക്കാളുമേറെ പാശ്ചാത്യർ പ്രാധാന്യം കൊടുക്കുന്ന മനുഷ്യാവകാശങ്ങൾ സൗദിയിൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നതും അവരിൽ മാനസികമായ ഒരു അകൽച്ച ഉണ്ടാക്കിയിരുന്നു. ഇതിനെ മറികടക്കാനുള്ള തന്ത്രമായിരുന്നു സാമൂഹിക പരിഷ്‌കരണമെന്ന പേരിൽ കിരീടാവകാശി സൗദിയിൽ നടപ്പിലാക്കിയിരുന്നത്.

മാത്രമല്ല, മതത്തിന്റെ സ്വാധീനം പൊതുസമൂഹത്തിൽ കുറച്ചുകൊണ്ടുവരിക എന്നൊരു ഉദ്ദേശം കൂടി ഇതിനു പിന്നിൽ ഉണ്ടായിരുന്നിരിക്കണം. മതാദ്ധ്യക്ഷന്മാർ നിയന്ത്രിക്കുന്ന ഒരു സമൂഹം അഗോളവത്കരണാനന്തര ലോകത്തിൽ, ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യില്ലെന്ന തിരിച്ചറിവായിരിക്കാം ഇതിനു പിന്നിലെന്ന് ചില പാശ്ചാത്യ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. സ്ത്രീകൾക്ക് ഡ്രൈവിങ് അനുവദിച്ചതുൾപ്പടെയുള്ള പല പരിഷ്‌കരണങ്ങൾക്കും സൗദി മുതിർന്നത്, യാഥാസ്ഥിതികരുടെ കഠിനമായ എതിർപ്പിനെ നേരിട്ടായിരുന്നു എന്നതോർക്കണം.

എന്നാൽ ഇത്തരം നടപടികൾ എത്രത്തോളം ഗുണകരമായിട്ടുണ്ട് എന്നത് ഇനിയും കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഖഷോഗിയുടെ മരണം തീർത്ത കരിനിഴൽ ഇനിയും പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല. അതോടൊപ്പം ഇറാനുമായി നിലനിൽക്കുന്ന ശീതയുദ്ധവും, യുദ്ധസന്നാഹരായി നില്ക്കുന്ന യമനുമെല്ലാം സൗദി അറേബ്യയുടെ പ്രതീക്ഷക്ക് മങ്ങലേല്പിക്കുന്നുമുണ്ട്.
മുഹമ്മദ് ബിൻ സൽമാൻ എന്ന അധികാര കേന്ദ്രം

ഒരിക്കൽ സർവ്വശക്തനായിരുന്ന മുഹമ്മദ് ബിൻ നയീഫ് രാജകുമാരനെ കൊട്ടാരവിപ്ലവത്തിലൂടെ പുറത്താക്കിയാണ് 34 വയസ്സുള്ളപ്പോൾ എം ബി എസ് എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശിയാകുന്നത്. തന്റെ പിതാവായ സൽമാൻ രാജാവിന്റെ പിന്തുണയും ഇക്കാര്യത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നു. 2017-ൽ കിരീടാവകാശിയായതിനു ശേഷം, തനിക്ക് എതിരാളികളാകാൻ സാധ്യതയുള്ള ഓരോരുത്തരേയായി വെട്ടിനിരത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചുവട് വയ്‌പ്പ്. ചിലർക്ക് കാരാഗൃഹം വിധിച്ചപ്പോൾ ചിലരൊക്കെ നാടുവിട്ടോടേണ്ടി വന്നു.

തന്റെ സ്ഥാനം സുരക്ഷിതമാക്കിയതിന് ശേഷമായിരുന്നു എം ബി എസ് പരിഷ്‌കരണങ്ങളുമായി ഇറങ്ങിയത്. മുതിർന്ന യാഥാസ്ഥിക മുസ്ലിം പൗരന്മാർക്കിടയിൽ എം ബി എസ് നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളോട് കടുത്ത എതിർപ്പുണ്ട്. എന്നിരുന്നാലും അവർക്ക് നേരിട്ട് എതിർക്കാൻ ഭയമാണ്. അതേ സമയം, സൗദിയിലെ യുവാക്കൾക്കിടയിൽ, പ്രത്യേകിച്ചും വനിതകൾക്കിടയിൽ അദ്ദേഹത്തെ കുറിച്ച് നല്ല മതിപ്പാണ്. അദ്ദേഹം നടപ്പിലാക്കുന്ന നവ സാംസ്‌കാരിക നയങ്ങളോട് അവർ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

ഈ സാംസ്‌കാരിക വിപ്ലവമാണ് പാശ്ചാത്യ നാടുകളിൽ തന്റെയും രാജ്യത്തിന്റെയും പുതിയ പ്രതിച്ഛായ സൃഷ്ടിക്കുന്നതിനായി എം ബി എസ് ഉപയോഗിക്കുക. അതിലൂടെ സൗദിയിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരിക്കുന്ന വിഷൻ 2030 നടപ്പിലാക്കുക എന്നതാണ് അദ്ദേഹത്തിന്റെ നയമെന്നും പല പാശ്ചാത്യ നിരീക്ഷകരും കരുതുന്നു. എന്നാൽ, ഇത് നടന്നുകഴിഞ്ഞാൽ കാണാനാകുക പഴയ യാഥാസ്ഥിതിക സൗദിയേ ആയിരിക്കില്ല എന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP