Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലബാർ സിമന്റ്സിലെ അഴിമതി കഥകളെ കുറിച്ച് അറിവുണ്ടായിരുന്ന ഉദ്യോഗസ്ഥൻ; കഥകൾ പുറത്തുവരുമെന്ന് ഭയന്ന് ഭീഷണികളുമായി എത്തിയത് ചാക്ക് രാധാകൃഷ്ണനും സംഘവും; ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയെന്ന് കണ്ടെത്തി സിബിഐയുടെ കുറ്റപത്രം; വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞ് സിബിഐയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതിയും; ദുരൂഹതകൾ നിറഞ്ഞ ആ മരണങ്ങളിലെ സത്യം ഇപ്പോഴും അന്യം

മലബാർ സിമന്റ്സിലെ അഴിമതി കഥകളെ കുറിച്ച് അറിവുണ്ടായിരുന്ന ഉദ്യോഗസ്ഥൻ; കഥകൾ പുറത്തുവരുമെന്ന് ഭയന്ന് ഭീഷണികളുമായി എത്തിയത് ചാക്ക് രാധാകൃഷ്ണനും സംഘവും; ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയെന്ന് കണ്ടെത്തി സിബിഐയുടെ കുറ്റപത്രം; വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞ് സിബിഐയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതിയും; ദുരൂഹതകൾ നിറഞ്ഞ ആ മരണങ്ങളിലെ സത്യം ഇപ്പോഴും അന്യം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനെയും മക്കളെയും കൊന്നതാണെന്ന ആരോപണത്തിന് പതിറ്റാണ്ടിന്റെ കഴക്കമുണ്ട്. മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനെയും 2011 രണ്ട് മക്കളെയും ജനുവരി 24ന് കഞ്ചിക്കോട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലബാർ സിമന്റ്സിലെ അഴിമതികളുടെ ബലിയാടാവുകയായിരുന്നു ശശീന്ദ്രനെന്നായിരുന്നു അന്ന് പുറത്തു വന്ന വിവരങ്ങൾ. ശശീന്ദ്രനിലൂടെ വിവരങ്ങൾ പുറത്താകുമെന്ന് ഭയന്നാണ് ഇയാളെ കൊലപ്പെടുത്തിയതാകാമെന്ന് ആരോപണങ്ങൾ അടക്കം ശക്തമായിരുന്നു.

പാലക്കാട്ടെ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനിലേക്കാണ് അന്ന് സംശയം നീണ്ടത്. ഒടുവിൽ കേസിൽ ചാക്ക് രാധാകൃഷ്ണനെ അറസ്റ്റു ചെയ്‌തെങ്കിലും അന്വേഷണം എങ്ങുമെത്താതെ പോയി. ഏറ്റവും ഒടുവിൽ മലബാർ സിമന്റ്‌സിലെ മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്നു കുറ്റപത്രം നൽകിയ സിബിഐയെ കണക്കിനു വിമർശിച്ചു ഹൈക്കോടതിയും രംഗത്തുവന്നതോടെ തീർത്തും ദൂരുഹതകൾ നീണ്ട ആ കേസിലെ സത്യം ഇപ്പോഴും ആർക്കും അറിയാതിരിക്കയാണ്.

കൊലപാതകക്കുറ്റവും പ്രതികളുടെ പങ്കും ആരോപണത്തിൽ നിന്ന് ഒഴിവാക്കാൻ മനഃപൂർവം സിബിഐ ശ്രമിച്ചെന്നതു വ്യക്തമാണെന്നു പറഞ്ഞ ജസ്റ്റിസ് പി.സോമരാജൻ അന്വേഷണം 4 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ചു. ഈ കേസിലെ അന്വേഷണം മുൻനിര അന്വേഷണ ഏജൻസിയെന്ന സിബിഐയുടെ കീർത്തിയെ കളങ്കപ്പെടുത്തുന്നതാണെന്നു കുറ്റപ്പെടുത്തി.

വിഷയം സിബിഐ ഡയറക്ടർ വേണ്ട ഗൗരവത്തോടെയും ജാഗ്രതയോടും എടുക്കാനും വൈദഗ്ധ്യമുള്ള മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ പുതിയ അന്വേഷണസംഘത്തെ നിയമിക്കാനും നിർദ്ദേശിച്ചു. കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും കോടതി നിർദ്ദേശിച്ചു. ശശീന്ദ്രന്റെയും എട്ടും പത്തും വയസ്സുള്ള രണ്ടു മക്കളുടെയും മരണം ആത്മഹത്യയാണെന്ന സിബിഐയുടെ കുറ്റപത്രം തള്ളണമെന്ന ഹർജി എറണാകുളം സിജെഎം കോടതി നിരസിച്ചതിനെതിരെ സഹോദരൻ ഡോ.വി.സനൽകുമാറും ക്രൈം എഡിറ്റർ ടി.പി.നന്ദകുമാറും നൽകിയ ഹർജികളിലാണു ഹൈക്കോടതി ഉത്തരവ്. സിജെഎം കോടതി ഉത്തരവു ഹൈക്കോടതി റദ്ദാക്കി.

മലബാർ സിമന്റ്‌സിലെ അഴിമതി സംബന്ധിച്ച 3 വിജിലൻസ് കേസുകളുടെ കുറ്റപത്രം തൃശൂർ വിജിലൻസ് കോടതിയിൽ മൂന്നുദിവസത്തിനു ശേഷം നൽകാനിരിക്കെയാണു 2011 ജനുവരി 24നു കേസിലെ പ്രധാന സാക്ഷി ശശീന്ദ്രന്റെയും മക്കളായ വിവേകിന്റെയും വ്യാസിന്റെയും ദുരൂഹമരണം. 2013ൽ സമർപ്പിച്ച കുറ്റപത്രത്തിലെ അപാകതകൾ പരിഹരിക്കണമെന്നും വ്യവസായി വി എം.രാധാകൃഷ്ണനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ആവശ്യപ്പെട്ടു വി.സനൽകുമാർ കോടതിയെ സമീപിച്ചിരുന്നു. സിബിഐ നൽകിയ അന്തിമ റിപ്പോർട്ട് കോടതി 2013 ഒക്ടോബർ 26നു തള്ളിയിരുന്നു.

പീഡനത്തെയും ഭീഷണിയെയും തുടർന്നു ജോലി രാജിവച്ച ശശീന്ദ്രൻ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തെന്നാണു സിബിഐ കണ്ടെത്തിയത്. എന്നാൽ, ശശീന്ദ്രന്റെ ദേഹത്തു കണ്ട 9 മുറിവുകൾ സംബന്ധിച്ചു കൃത്യമായ വിശദീകരണമില്ല എന്നതുൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്തിമ റിപ്പോർട്ട് നേരത്തേ തള്ളിയത്. ഇതുകൂടാതെ പ്രതികൾക്കെതിരെ സാഹചര്യത്തെളിവുകൾ മാത്രമേയുള്ളൂയെന്നും കുറ്റങ്ങളിൽ വെള്ളം ചേർക്കാനാണു സിബിഐ ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു. സപ്ലിമെന്ററി റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ അന്വേഷിക്കുകയോ സിബിഐ തൃപ്തികരമായി വിശദീകരിക്കുകയോ ചെയ്തില്ലെന്നു ഹൈക്കോടതി പറഞ്ഞു.

മകൻ കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ചു വിശ്വസിച്ചു സംഭവത്തിൽ സമഗ്രാന്വേഷണത്തിനായി രംഗത്തിറങ്ങിയ ശശീന്ദ്രന്റെ പിതാവ് കെ.വേലായുധനും അമ്മ മാലതിയും ശശീന്ദ്രന്റെ ഭാര്യ ടീനയും പിന്നീടു മരിച്ചു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനു ശക്തി പകരുന്നതാണു ഹൈക്കോടതി വിധിയെന്നു ശശീന്ദ്രന്റെ സഹോദരൻ ഡോ.വി.സനൽകുമാർ പറഞ്ഞു.

വീഴ്ചകൾ എടുത്തുകാട്ടി ഹൈക്കോടതി

വി.ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്നു കുറ്റപത്രം നൽകിയ സിബിഐയെ വിമർശിച്ചു ഹൈക്കോടതി വീഴ്‌ച്ചകൾ എടുത്തുകാട്ടിയിരുന്നു. ശശീന്ദ്രന്റെ ശരീരത്തിൽ കണ്ടെത്തിയ പരുക്കുകളെക്കുറിച്ചു ഫൊറൻസിക് സംഘാംഗം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി കെ.ശ്രീകുമാരിയുടെ അഭിപ്രായം കണക്കിലെടുത്തില്ല. അസാധാരണമായ ശബ്ദമൊന്നും കേട്ടില്ലെന്ന് അയൽവാസികൾ പറഞ്ഞതു ബലമില്ലാത്ത കാരണമാണ്.

ഭാര്യയെ ഒഴിവാക്കി ശശീന്ദ്രൻ രണ്ടു മക്കളെ കൊന്നത് എന്തുകൊണ്ടാണെന്നു തൃപ്തികരമായി വിശദീകരിക്കാനായിട്ടില്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള അസ്വാരസ്യം മൂലം രണ്ടു മക്കളെ പിതാവ് കൊന്നു എന്ന തീരുമാനത്തിലെത്താനാവില്ല. പതിനൊന്നും എട്ടും വയസ്സുള്ള മക്കളെ കെട്ടിത്തൂക്കിയശേഷം ശശീന്ദ്രൻ ജീവനൊടുക്കിയെന്ന കണ്ടെത്തൽ അവിശ്വസനീയമാണ്. കുട്ടികളുടെ ഭാരവും മറ്റും പരിശോധിച്ചാൽ ഒരാൾക്ക് ഒറ്റയ്ക്ക് ഇതു ചെയ്യാനാവില്ല. ഒരാൾക്കു ശേഷം മറ്റൊരാൾ എന്ന രീതിയിലാണു കുട്ടികളെ കെട്ടിത്തൂക്കിയതെങ്കിൽ ഒന്നാമത്തെയാൾക്കു നേരെയുള്ള കുറ്റകൃത്യം കാണുമ്പോൾ രണ്ടാമത്തെയാൾ എതിർക്കുകയും ബഹളമുണ്ടാക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്യുമായിരുന്നു. കുട്ടികൾ കൊല്ലപ്പെടാൻ സ്വയം നിന്നുകൊടുത്തു എന്ന അന്വേഷണ ഏജൻസിയുടെ വാദം അവിശ്വസനീയമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഒന്നും എടുത്തുകാട്ടാനില്ലാതെ അന്വേഷണം പത്തുവർഷത്തിലേറെയായി നീളുകയാണെന്നു കോടതി കുറ്റപ്പെടുത്തി. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പ്രസക്ത വിഷയങ്ങൾ പരിശോധിക്കാതെ കണ്ണിൽ പൊടിയിടാൻ പാതിവെന്ത സപ്ലിമെന്ററി റിപ്പോർട്ട് സിബിഐ നൽകി. ഇന്ത്യയിലെ പ്രശസ്തമായ അന്വേഷണ ഏജൻസികളിൽ ഒന്നായ സിബിഐ ഗുരുതരമായ കുറ്റങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുമ്പോൾ കൂടുതൽ ജാഗ്രത കാട്ടണമെന്നും കോടതി നിർദ്ദേശിച്ചു.

മലബാർ സിമന്റ്സിലെ അഴിമതി കഥകളും ആറ് ദുരൂഹ മരണങ്ങളും

2006-07 കാലത്തെ സിഎജി റിപ്പോർട്ടിലൂടെയായിരുന്നു മലബാർ സിമന്റ്സിൽ 400 കോടിയുടെ അഴിമതി നടന്നെന്ന വിവരം പുറത്തു വരുന്നത്. ഈ വിവരങ്ങൾ മാധ്യമങ്ങളിൽ വാർത്തായി. നിയമസഭയിൽ ചർച്ചകൾ നടന്നു. യുഡിഎഫ് മുന്നണിയിലെ ഒരു പ്രമുഖനും ഈ അഴിമതിക്ക് പിന്നിലുണ്ടെന്ന തരത്തിൽ ആരോപണങ്ങൾ ശക്തമായതോടെ മലബാർ സിമന്റ്സ് അഴിമതി വിഷയം ആളിക്കത്തി. പക്ഷേ, ഈ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കൊന്നും അന്നത്തെ യുഡിഎഫ് മന്ത്രിസഭ തയ്യാറായതുമില്ല. വി എസ് അച്യൂതാനന്ദന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് 2008 ൽ മലബാർ സിമന്റസ് അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ നിർദ്ദേശം നൽകുന്നത്. ഇതിനു പിന്നാലെ തന്നെ അഴിമതി അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയും ഹൈക്കോടതിയിൽ വന്നു.

ഹൈക്കോടതിയും അന്വേഷണത്തിന് ഉത്തരവിട്ടു. അങ്ങനെ പാലക്കാട് വിജിലൻസ് ബ്യൂറോയെ അന്വേഷണ ചുമതല ഏൽപ്പിച്ചു. ഡിവൈഎസ്‌പി സൈഫുള്ള സയ്ദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നാലു ചാർജുകളിലായി എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും അതിൽ മൂന്നു ചാർജുകളുടെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം വിജിലൻസ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഇതിലെ മൂന്നു കേസുകളിലും പ്രധാന സാക്ഷിയായിരുന്നു മലബാർ സിമിന്റ്സിലെ ഇന്റേണൽ ഓഡിറ്ററും കമ്പനി സെക്രട്ടറിയുമായിരുന്ന വി ശശീന്ദ്രൻ.

 

അഴിമതിക്കാരെ പുറത്തു കൊണ്ടുവരാൻ കൂടെ നിന്ന ശശീന്ദ്രൻ

വിജിലൻസ് അന്വേഷണത്തിൽ കമ്പനിയിൽ നടന്നത് ഞെട്ടിക്കുന്ന അഴിമതികളാണെന്നു കണ്ടെത്തിയിരുന്നു. ഇന്റേണൽ ഓഡിറ്റിങ് തലവൻ കൂടിയായ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ നിലപാടുകൾ വിജിലൻസിന് അന്വേഷണത്തിൽ ഏറെ സഹായകമായി. കമ്പനിയിൽ നടന്ന അഴിമതിയുമായി ബന്ധപ്പെടുത്തി അന്നത്തെ എം.ഡി എസ്.എസ് മോനിയെ ഒന്നാം പ്രതിയാക്കിയും അക്കാലത്തെ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ജോൺ മത്തായി അഞ്ചാം പ്രതിയും കരാറുകാരൻ വി എം രാധാകൃഷ്ണനെ മൂന്നാം പ്രതിയാക്കിയും കേസ് ചാർജ് ചെയ്തു. ഏറെ സമ്മർദ്ദങ്ങൾ അതിജീവിച്ചായിരുന്നു വിജിലൻസ് ഇവർക്കെതിരേ കേസുകൾ എടുത്തതും. ആഭ്യന്തര വകുപ്പിൽ നിന്നും ഒരുപാട് ഉപദ്രവങ്ങൾ നേരിടേണ്ടി വന്നെങ്കിലും മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ പിന്തുണയാണ് ഡിവൈഎസ്‌പി സൈഫുള്ള സെയ്ദിന് അന്വേഷണം പൂർത്തിയാക്കാൻ സഹായകമായത്. അന്വേഷണം പൂർത്തിയാക്കിയെങ്കിലും കുറ്റപത്രം കോടതിയിൽ എത്തിക്കാതിരിക്കാനായിരുന്നു അടുത്ത കളികൾ. വിജിലൻസ് കോടതിയിലെ ഉദ്യോഗസ്ഥനെ വരെ സ്വാധീനിച്ചു. ഒടുവിൽ വാർത്തകളിൽ ഈ വിഷയം ചർച്ചയായതോടെയാണ് കുറ്റപത്രം കോടതിയിൽ എത്തുന്നത്.

ചുണ്ണാമ്പ് കല്ല് ഇറക്കുമതി, ഫ്ളൈ ആഷ് കരാർ, ലൈനർ പേപ്പർ ഇടപാട്, ഫ്ളൈ ആഷ് ട്രാൻസ്പോട്ടിങ് എന്നിവയിലാണ് വിജിലൻസ് നാലു കേസുകളായി ചാർജ് ചെയ്ത് അന്വേഷണം നടത്തിയത്. മേൽപ്പറഞ്ഞ നാലു ഇടപാടുകളുടെയും കരാറിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നത് കണ്ടെത്താൻ വിജിലൻസിന് സഹായമായത് ശശീന്ദ്രനായിരുന്നു. സിമന്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഫ്ളൈ ആഷിന്റെ കരാർ കിട്ടിയതിലൂടെ കോടികളുടെ കൊള്ളലാഭമാണ് രാധാകൃഷ്ണൻ ഉണ്ടാക്കിയതെന്നു വിജിലൻസ് കണ്ടെത്തി. ഇതുപോലെയായിരുന്നു തനിക്ക് മാത്രമായി കിട്ടിക്കൊണ്ടിരുന്ന ഓരോ കരാറുകളിലും നിന്നും രാധാകൃഷ്ണൻ പണം വാരിക്കൂട്ടിയത്. കരാർ നൽകിയതിലും ടെൻഡർ വിളിക്കുന്നതിലും നടന്ന കള്ളത്തരങ്ങൾ ശശീന്ദ്രൻ വിജിലൻസിന് വ്യക്തമാക്കി കൊടുത്തു. ഫ്ളൈ ആഷ് കുറഞ്ഞ ചെലവിൽ ഇറക്കുമതി ചെയ്യാൻ തമിഴ്‌നാട് വൈദ്യുത വകുപ്പുമായി കരാർ ഉണ്ടാക്കണമെന്ന നിർദ്ദേശം അട്ടിമറിച്ച് വ്യവസായ വകുപ്പ് രാധാകൃഷ്ണനെ സഹായിക്കുകയായിരുന്നു.

ഇന്റേണൽ ഓഡിറ്ററും സെക്രട്ടറിയുമായ ഒരാൾ അഴിമതിക്കേസുകളിലെ പ്രധാന സാക്ഷിയായി മാറിയാൽ അത് തങ്ങളുടെ തകർച്ചയായിരിക്കും ഉണ്ടാക്കുകയെന്ന് പലരും ഭയപ്പെട്ടു. എല്ലാ കള്ളത്തരവും പുറത്തു വരണമെന്ന നിലപാടിലായിരുന്നു ശശീന്ദ്രനും. പക്ഷേ, അദ്ദേഹത്തെ ഭയപ്പെട്ടവർ കടുത്ത സമ്മർദ്ദങ്ങൾ ആ ഉദ്യോഗസ്ഥനുമേൽ ചെലുത്തി. കമ്പനിയിൽ നടന്ന വൻ അഴിമതിയെ കുറിച്ചുള്ള പൂർണ വിവരങ്ങളും ശശീന്ദ്രന് അറിയാമായിരുന്നു. ഈ വിവരങ്ങൾ മൂടിവയ്ക്കാൻ സഹായകരമായ രീതിയിൽ തങ്ങളോട് സഹകരിക്കില്ലെന്നു മനസിലാക്കിയവർ ഭീഷണിയുടെ സ്വരം ശശീന്ദ്രനെതിരേ ഉയർത്തി. ശശീന്ദ്രനെ ഒതുക്കാനുള്ള കളികൾ ശക്തമായി.

ആദ്യപടിയായി ഇന്റേണൽ ഓഡിറ്റിംഗിന്റെ ചുമതലയിൽ നിന്നും നീക്കി. തനിക്കെതിരേയുള്ള നീക്കങ്ങളിൽ പരാതിപ്പെട്ട് വ്യവസായ വകുപ്പിനെ പലതവണ ശശീന്ദ്രൻ സമീപിച്ചെങ്കിലും സഹായിക്കേണ്ടവരെല്ലാവരും തന്നെ, വ്യവസായവകുപ്പിലായാലും, മലബാർ സിമന്റ്സിൽ ആയാലും ശശീന്ദ്രനെ എങ്ങനെ ഒതുക്കാം എന്നാലോചിക്കുകയായിരുന്നു. 2010 ഒക്ടോബറിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചതിനുശേഷം ശശീന്ദ്രന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ എതിരാളികൾ കൂടുതൽ ആശങ്കയിലായി. ശശീന്ദ്രൻ അഴിമതിയുമായി സംബന്ധിച്ച തെളിവുകൾ നൽകാൻ ഇടവന്നാൽ തങ്ങൾ ശിക്ഷിക്കപ്പെടുമെന്ന് അഴിമതിക്കാർ ഭയന്നു.

താൻ വേട്ടയാടപ്പെടുമെന്ന് തിരിച്ചറിഞ്ഞ ശശീന്ദ്രൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യൂതാനന്ദന് ഒരു കത്തെഴുതി. മലബാർ സിമന്റ്സിൽ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ഇതു ചൂണ്ടിക്കാണിക്കുന്ന സിഎജി റിപ്പോർട്ട് പൂർണമായും ശരിയാണെന്നും ശശീന്ദ്രൻ വി എസ്സിനെ അറിയിച്ചു. ഈ അഴിമതിക്കേസുകളിൽ സാക്ഷിയായതിന്റെ പേരിൽ തനിക്കു മേൽ സമ്മർദ്ദവും ഭീഷണിയുമുണ്ട്. തന്നെയവർ കൊലപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ശശീന്ദ്രൻ മുഖ്യമന്ത്രിയോട് വേവലാതി പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇത്തരത്തിലൊരു കത്ത് എഴുതിയെന്നറിഞ്ഞ എതിരാളികൾ ശശീന്ദ്രനു മുന്നിൽ ഭീഷണിയുമായി എത്തി. മക്കളെയും ഭാര്യയേയും കൊലപ്പെടുത്തുമെന്നവർ പറഞ്ഞു. അത് ചെയ്യാതിരിക്കാൻ ആവശ്യപ്പെട്ടത് കത്ത് താൻ തെറ്റായ രീതിയിൽ എഴുതിയതാണ്, ഈ കത്തിനുമേൽ നടപടിയൊന്നും എടുക്കേണ്ടതില്ല എന്ന് പറഞ്ഞ് ആദ്യമെഴുതിയ കത്ത് പിൻവലിപ്പിച്ചുകൊണ്ട് മറ്റൊരു കത്ത് മുഖ്യമന്ത്രിക്ക് നൽകണമെന്നായിരുന്നു. നിർബന്ധപൂർവം അവരത് അദ്ദേഹത്തെക്കൊണ്ട് എഴുതിപ്പിക്കുകയും ചെയ്തു. അവിടെ കൊണ്ടും തനിക്കെതിരേയുള്ള ഭീഷണികൾ അവസാനിക്കുന്നില്ലെന്നു വന്നതോടെയാണ് മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറി സ്ഥാനത്തു നിന്നും ശശീന്ദ്രൻ രാജിവയ്ക്കുന്നത്.

കമ്പനി സെക്രട്ടറിയാകാൻ യോഗ്യത നേടിയ ഒരാൾ എന്ന നിലയിൽ ഇവിടെ നിന്നു രാജിവച്ചാലും മറ്റൊരിടത്ത് തനിക്ക് നല്ലൊരു ജോലി കിട്ടുമെന്നും സമ്മർദ്ദങ്ങളും ഭീഷണികളുമില്ലാതെ ജീവിക്കാമെന്നും ശശീന്ദ്രൻ കണക്കു കൂട്ടിയിരുന്നു. പക്ഷേ, എതിരാളികൾ അപ്പോഴും ശശീന്ദ്രനെയോർത്ത് ഭയപ്പെട്ടുകൊണ്ടേയിരുന്നു. രാജിവച്ച് പുറത്തു പോയാലും കേസിലെ സാക്ഷിയെന്ന നിലയിൽ ശശീന്ദ്രൻ തങ്ങൾക്കൊരു ഭീഷണിയാണെന്നവർ കണക്കുകൂട്ടി. ഇത്തരമൊരു സാഹചര്യം നിലനിൽക്കെയാണ് 2011 ജനുവരി 24-ന് രാത്രി ഒമ്പതു മണിയോടെ ശശീന്ദ്രന്റെ ഭാര്യ ടീന ജോലി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ തന്റെ ഭർത്താവിനെയും മക്കളെയും തൂങ്ങി മരിച്ച നിലയിൽ കാണുന്നത്.

ആത്മഹത്യയോ കൊലപാതകമോ?

ശശീന്ദ്രന്റെ മരണം ദുരൂഹമാണെന്ന ആരോപണം അന്നും ശക്തമായിരുന്നു. മലബാർ സിമന്റ്സിലെ അഴിമതിയാണ് ആ മൂന്നുമരണങ്ങൾക്കും പിന്നിലെന്നതിൽ തെളിവുകൾ സഹിതം വിവരങ്ങൾ പുറത്തു വന്നു. ശശീന്ദ്രന്റെയും മക്കളുടെയും മരണങ്ങൾ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായതോടെ അങ്ങനെയൊരു അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. സർക്കാർ-രാഷ്ട്രീയ തലങ്ങളിൽ നിന്നും അതിനുള്ള പിന്തുണയും കിട്ടി. എന്നാൽ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ ഇടപെടൽ ആ അട്ടിമറി ശ്രമങ്ങളെ ഒരു പരിധിവരെ പരാജയപ്പെടുത്തി. വി എസ് കേസ് അന്വേഷണത്തിന് ഉത്തരവിട്ടു. പക്ഷേ ലോക്കൽ പൊലീസിന്റെ അന്വേഷണം വിപരീതദിശയിലാണ് സഞ്ചരിക്കുന്നതെന്ന ആക്ഷേപം ഉയരാൻ അധികകാലം വേണ്ടി വന്നില്ല.

കേസ് ആദ്യം അന്വേഷിച്ച പാലക്കാട് ഡിവൈഎസ്‌പി തനിക്ക് ഈ അന്വേഷണവുമായി മുന്നോട്ട് പോകാൻ ബുദ്ധിമുട്ടുണ്ടെന്നും വലിയ സമ്മർദ്ദം ഉണ്ടെന്നും കാണിച്ച് തന്നെ കേസ് അന്വേഷണത്തിൽ നിന്നും ഒഴിവാക്കി തരണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതും അതിന്റെ തെളിവാണ്. പകരം മറ്റൊരു ഉദ്യോസ്ഥൻ നിയമിതനായെങ്കിലും ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ച നിർണായക തെളിവുകളൊക്കെ അതിനകം തന്നെ നശിപ്പിക്കപ്പെട്ടിരുന്നു. ആത്മഹത്യ എന്നുറപ്പിക്കുന്നതായിരുന്നു പൊലീസിന്റെ നിലപാട്. പൊലീസ് തന്നെ ഈ അന്വേഷണവുമായി മുന്നോട്ടു പോയാൽ എല്ലാം അട്ടിമറിക്കപ്പെടും എന്നും ബന്ധുക്കൾക്കും ആക്ഷൻ കൗൺസിലിനും മനസിലായി.

ശശീന്ദ്രന്റെയും മക്കളുടെയും മരണം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങളെ സംബന്ധിച്ചും സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ശശീന്ദ്രന്റെ പിതാവ് വേലായുധനും ശശീന്ദ്രന്റെ ഭാര്യ ടീനയും ചേർന്ന് 2011 ഫെബ്രുവരിയിൽ ഒരു ഹർജി ഹൈക്കോടതിയിൽ നൽകി. ആ ഹർജിയിലെ ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണത്തിന് സർക്കാർ വിജ്ഞാപനം ഇറക്കി.

കേസ് സിബിഐ അന്വേഷിച്ചെങ്കിലും ശശീന്ദ്രന്റെയും മക്കളുടെയും ആത്മഹത്യ തന്നെയാണെന്ന കണ്ടെത്തലായിരുന്നു അവരുടേതും. ശശീന്ദ്രന്റെ വീട്ടുപടിക്കൽ കണ്ട ചോരക്കറ ഉൾപ്പെടെയുള്ള സംശയങ്ങൾ സിബിഐ തള്ളിക്കളഞ്ഞു. ചന്ദ്രനഗറിലെ ഒരു കടയിൽ നിന്നും ശശീന്ദ്രൻ കയർ വാങ്ങിയെന്നും ആ കയർ ഉപയോഗിച്ചാണ് തൂങ്ങിമരിച്ചതെന്നും വീട്ടുപടിക്കൽ കണ്ടത് ചോരക്കറയല്ലെന്നും (ശാസ്ത്രീയ തെളിവുകളോടെ) മരണദിവസം അജ്ഞാതരായ ചിലർ ശശീന്ദ്രന്റെ വീട്ടിൽ വന്നിരുന്നവെന്ന പ്രചാരണത്തിൽ വാസ്തവമില്ലെന്നും സിബിഐ റിപ്പോർട്ടിൽ പറഞ്ഞു. മക്കളെ കൊലപ്പെടുത്തിയശേഷമായിരുന്നു ശശീന്ദ്രൻ തൂങ്ങിമരിച്ചതെന്നും സിബിഐയുടെ കണ്ടെത്തലിൽ രേഖപ്പെടുത്തിയിരുന്നു. അതേസമയം സിബിഐയുടെ അന്വേഷണത്തിലാണ് ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ ആത്മഹത്യ പ്രേരണാകുറ്റത്തിന് 'ചാക്ക് രാധാകൃഷ്ണൻ' എന്നറിയപ്പെടുന്ന വി എം രാധാകൃഷ്ണനു മേൽ കേസ് ചാർജ് ചെയ്യുന്നതും അറസ്റ്റ് നടക്കുന്നതും.

ഹൈക്കോടതിയിൽ നിന്നും ഫയലുകൾ കാണാതാകുന്നു

ശശീന്ദ്രന്റെ മരണവും മലബാർ സിമന്റ്സിലെ അഴിമതികളെക്കുറിച്ചും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച കേസ് രേഖകൾ ഹൈക്കോടതിയിൽ നിന്നും കാണാതാകുന്ന സംഭവും ഇതിനിടയിൽ നടന്നു. ഹൈക്കോടതിയെ വരെ ഞെട്ടിച്ചു ആ കാണാതാകൽ! ഹർജി സമർപ്പിച്ചിട്ടും തീരുമാനം ഉണ്ടാകാതെ കാലതാമസം വരുന്നതിനെ തുടർന്ന് അടിയന്തിരമായി വാദം കേൾക്കണമെന്നാവശ്യവുമായി ഹർജിക്കാർ സമീപിച്ചപ്പോഴാണ് ഫയലുകൾ കാണാതായെന്ന വിവരം ഹൈക്കോടതിക്ക് മനസിലാകുന്നത്. രേഖകൾ കാണാതയുമായി ബന്ധപ്പെട്ട് ഇന്റേണൽ വിജിലൻസിനോട് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആർക്കാണോ ഈ ഫയലുകൾ നഷ്ടപ്പെട്ടാൽ ഗുണം കിട്ടുകയെന്നതിനെ കുറിച്ചോ, ആ ആളുകളെ കാണുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല.

കുറ്റവാളികളായവരെ രക്ഷിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ തലത്തിലും ഉദ്യോഗസ്ഥതലത്തിലും തകൃതിയായി നടക്കുന്നതിന്റെ ഭാഗമായി വേണം ഫയലുകൾ കാണാതാകുന്ന സംഭവത്തെയും കാണാനെന്നു ജോയ് കൈതാരം പറയുന്നു. മലബാർ സിമന്റ്സ് അഴിമതിയിലെ മൂന്നു കേസുകളിൽ പ്രതിയായ ജോൺ മത്തായിയേയും കൂട്ടുപ്രതികളായ പത്മനാഭൻ നായർ, മുരളീധരൻ എന്നിവരെയും ഒഴിവാക്കുന്നതിനു വേണ്ടി ഒരു എക്സിക്യൂട്ടീവ് ഓർഡർ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഇറക്കുകയുണ്ടായിട്ടുണ്ട്. ജുഡീഷ്യറിയിൽ വിചാരണ നടക്കുന്നൊരു കേസിൽ എക്സിക്യൂട്ടീവ് ഉത്തരവ് ഇറക്കാനായിട്ട് യാതൊരുവിധ അധികാരവും സർക്കാരിനില്ല. #

കക്ഷികൾക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യങ്ങൾ കോടതിയെയാണ് ബോധിപ്പിക്കേണ്ടത്. അതിനുപകരം മുഖ്യമന്ത്രിയേയും രാഷ്ട്രീയ നേതൃത്വത്തേയുമല്ല കാണേണ്ടത്. അന്ന് ഉമ്മൻ ചാണ്ടി രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിൽ ഇതേ വഴി ചാക്ക് രാധാകൃഷ്ണൻ സ്വീകരിച്ചത് പിണറായി വിജയന്റെ മുന്നിലാണ്. 2016-ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നപ്പോൾ അദ്ദേഹത്തിന് ചാക്ക് രാധാകൃഷ്ണൻ ഇതുപോലൊരു പരാതി കൊടുത്തു. താൻ നിരപരാധിയാണെന്നും വിജിലൻസ് തന്റെ പേരിൽ കള്ളക്കേസ് എടുക്കുകയാണെന്നുമായിരുന്നു രാധാകൃഷ്ണന്റെ പരാതിയിൽ പറഞ്ഞിരുന്നത്; ജോയി കൈതാരം ചൂണ്ടിക്കാണിക്കുന്നു.

ഒന്നിനു പുറകെ ഒന്നൊന്നായുള്ള മരണങ്ങൾ

മലബാർ സിമന്റ്സ് അഴിമതി പുറത്തു വരാതിരിക്കാൻ ചിലർ ശ്രമിച്ചപ്പോൾ മറുവശത്ത് ദുരൂഹതകളടങ്ങിയ പല മരണങ്ങളും സംഭവിക്കുന്നുണ്ടായിരുന്നു. ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിനു പിന്നാലെയാണ് കേസിലെ സാക്ഷിയായിരുന്ന സതീന്ദ്ര കുമാറിന്റെ അപകട മരണം. കോയമ്പത്തൂർ ഉക്കട ബസ് സ്റ്റാൻഡിൽ വച്ച് സതീന്ദ്ര കുമാറിന്റെ മേൽ ബസ് കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സതീന്ദ്ര കുമാറിനെ കോവൈ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു. ഞെട്ടിക്കുന്ന മറ്റൊരു വസ്തുത കൂടി അതിലുണ്ട്; സതീന്ദ്രകുമാറിനെ ഇടിച്ച ബസിന്റെ ഡ്രൈവറും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയുണ്ടായി.

ഈ മരണങ്ങൾക്കു പിന്നാലെയാണ്, തന്റെ ഭർത്താവിന്റെയും മക്കളുടെയും മരണത്തിനു പിന്നിലെ യഥാർത്ഥ്യങ്ങൾ പുറത്തുകൊണ്ടുവരാൻ പോരാട്ടം നടത്തിയ ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മരണം. ദൂരുഹതകൾ ബാക്കിവച്ചായിരുന്നു ടീനയും പോയത്. കൊച്ചിയിലെ ഫ്‌ളാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ടീനയുടെ മരണം കോയമ്പത്തൂരിലെ ആശുപത്രിയിൽ വച്ചായിരുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലായതാണ് ടീനയുടെ മരണകാരണം എന്നാണ് പറയുന്നതെങ്കിലും സംശയങ്ങൾ ബാക്കിയാണ്. പനിയെ തുടർന്ന് അവധിയെടുത്തു പോയ ടീനയെ ദിവസങ്ങൾ കഴിഞ്ഞും കാണാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ തിരക്കിയെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ ഫ്‌ളാറ്റിൽ കണ്ടെത്തുന്നത്.

അവിടെ നിന്നും ടീനയെ ഒരു ബന്ധുവിന്റെ സഹായത്തോടെ കൊണ്ടുപോകുന്നത് കോയമ്പത്തൂരിലേക്കാണ്. വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനൊപ്പം തലച്ചോറിൽ അണുബാധയും കണ്ടെത്തിയെന്നു പറഞ്ഞ് ടീനയെ ആദ്യം കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് കോവൈ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുവന്നു. ഇവിടെ വച്ചാണ് മരണം. കൊച്ചിയിൽ അത്യാധുനിക ചികിത്സ സൗകര്യങ്ങളുള്ള പ്രമുഖ ആശുപത്രികൾ ഉണ്ടെന്നിരിക്കെയാണ് ഗുരുതരാവസ്ഥയിലുള്ള ടീനയെ കോയമ്പത്തൂർ വരെ കൊണ്ടു പോകുന്നത്.

ആരാണ് ചാക്ക് രാധാകൃഷ്ണൻ?

പാലക്കാട്ടെ അറിയപ്പെടുന്ന വ്യവസായിയാണ് ചാക്ക് രാധാകൃഷ്ണൻ. അദ്ധ്യാപക വൃത്തിയിൽ നിന്നും വ്യവസായി ആയി വളർന്നയാൾ. സ്‌കുളിൽ പ്യൂണായി തുടക്കം. പിന്നീട് ബോംബെയിൽ നിന്നും ടിടിസി പാസായി തിരിച്ചു വന്ന് അദ്ധ്യാപകവൃത്തി. അതവസാനിപ്പിച്ച് ബിസിനസിലേക്ക്. അവിടെ നിന്നും സഹസ്രകോടികളുടെ അധിപനിലേക്കുള്ള വളർച്ച. ഒരു സിനിമക്കഥപോലെയാണ് രാധാകൃഷ്ണന്റെ ജീവിതം. 1996-ൽ മലബാർ സിമന്റ്സിൽ ചാക്ക് സപ്ലൈ ചെയ്യാൻ വേണ്ടിയാണ് രാധാകൃഷ്ണൻ വരുന്നത്. കമ്പനി ആയിരത്തിയഞ്ഞൂറ് കോടിയോളം രൂപ നഷ്ടത്തിലാണെന്നും ലാഭം ലഭിക്കേണ്ടിയിരുന്ന സംഖ്യയുടെ കണക്ക് വേറെയുണ്ടെന്നുമാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്.

സിമന്റ് ഉത്പാദിപ്പിക്കുന്ന കമ്പനി നഷ്ടത്തിലാണെങ്കിലും സിമന്റ് നിറയ്ക്കുന്ന ചാക്ക് സപ്ലൈ ചെയ്ത രാധാകൃഷ്ണന്റെ സമ്പാദ്യം ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറ് കോടിയോളമാണെന്നു പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നിടത്താണ് രാധാകൃഷ്ണന്റെ ബിസിനസ് വളർച്ചയെ മനസിലാക്കേണ്ടത്. യുഡിഎഫിലെ ഒരു പ്രമുഖനുമായുള്ള അടുപ്പമാണ് രാധാകൃഷ്ണനെ മലബാർ സിമന്റ്സിലെത്തിക്കുന്നത്. അങ്ങനെ സിമന്റ് നിറയ്ക്കാനുള്ള ചാക്ക് എത്തിക്കുന്നതിനുള്ള ക്വട്ടേഷൻ സംഘടിപ്പിച്ച് ചാക്ക് ബോംബെയിൽ നിന്നും വരുത്തി കൊടുത്ത് രാധാകൃഷ്ണൻ ബിസിനസ് തുടങ്ങി. അതോടെയാണ് വി എം രാധാകൃഷ്ണൻ ചാക്ക് രാധാകൃഷ്ണൻ ആകുന്നത്. ചാക്ക് കച്ചവടത്തിന് വന്ന രാധാകൃഷ്ണൻ പിന്നീട് കമ്പനിയിലെ എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും മിഷണറികളുടെയും സപ്ലൈയർ ആയി. അതിന്റെയൊക്കെ കൊട്ടേഷനും ടെൻഡറും രാധാകൃഷ്ണനു മാത്രമായി കിട്ടി.

രാഷ്ട്രീയ പ്രമുഖന്റെ ബിനാമിയുമായിരുന്നു എന്നും ആരോപണങ്ങൾ ഉയർന്നു. ഒരു പാർട്ടിയുമായും ഒരു നേതാവുമായും മാത്രമല്ല രാധാകൃഷ്ണൻ ചാങ്ങാത്തം കൂടിയത്. ഇടതിലേയും വലതിലെയും നേതാക്കന്മാരുടെ ബിനാമിയും കൂട്ടാളിയുമായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയ നേതാക്കളുടെ മക്കളെ പഠിപ്പിക്കുന്ന സമ്പത്തിന്റെ ധാതാവായി. വേണ്ടതെല്ലാം വേണ്ടപ്പെട്ടവർ ചെയ്തുകൊടുക്കുന്നയാളായി. മൂന്നാമതൊരു പാർട്ടി കേരളത്തിൽ ശക്തിയാർജ്ജിച്ചു വന്നപ്പോൾ അവർക്കും വേണ്ടപ്പെട്ടവനായി. വിവാദ നായകനായി നിൽക്കുമ്പോൾ പോലും പാർട്ടി പത്രത്തിന് ഫുൾപേജ് പരസ്യം നൽകി തന്റെ കടപ്പാട് പ്രകടിപ്പിക്കാനും രാധാകൃഷ്ണൻ തയ്യാറായിട്ടുണ്ട്.

ആരു ഭരിച്ചാലും വ്യവസായ വകുപ്പിന് രാധാകൃഷ്ണന് ഒരുപോലെ പ്രിയപ്പെട്ടവനാണ്. മലബാർ സിമന്റ്സിൽ രാധാകൃഷ്ണനുള്ള സ്വാധീനം വളരെ വലുതായിരുന്നു. കമ്പനിയുടെ നടത്തിപ്പിൽ വരെ അയാൾ ഇടപെടൽ നടത്തിയെന്നുണ്ട് ആരോപണങ്ങൾ. ആരോപണങ്ങളും കേസുകളും വരുമ്പോഴും രാധാകൃഷ്ണൻ ഓരോരോ കരാറുകളായി സ്വന്തമാക്കി കൊണ്ടുമിരുന്നു. അതിലൂടെയെല്ലാം തന്റെ സമ്പാദ്യം വളർത്തിക്കൊണ്ടിരിക്കുകയായിരുന്നു രാധാകൃഷ്ണൻ.

ഈ സമ്പാദ്യത്തിന്റെ ഓരോ ഭാഗവുമാണ് എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിക്കൊണ്ടിരിക്കുന്നത്. മലബാർ സിമന്റ്സ് അഴിമതി കേസുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു ചാക്ക് രാധാകൃഷ്ണന്റെ 23 കോടി രൂപയുടെ ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. 10 വർഷം മുമ്പ് നടന്ന കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റിന്റെ നടപടി വന്നതും. മലബാർ സിമന്റ്സിലേക്ക് ചാക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് രാധാകൃഷ്ണൻ അഴിമതി നടത്തിയെന്നായിരുന്നു കേസ്. 2004 മുതൽ 2008 വരെയുള്ള കാലത്താണ് അഴിമതി നടന്നത്. വിജിലൻസ് അന്വേഷണം നടത്തിയപ്പോൾ 23 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.

വീട്, 11 അപ്പാർട്ട്മെന്റുകൾ, രണ്ട് ഹോട്ടൽ സമുച്ചയങ്ങൾ, കോഴിക്കോടും വയനാടും പാലക്കാടുമുള്ള സ്വത്തുക്കൾ തുടങ്ങിയ 21 ആസ്തികളാണ് കണ്ടുകെട്ടിയത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കണ്ടുകെട്ടലുമുണ്ട്. തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ മുൻ ആസ്ഥാനമന്ദിരമാണത്. കെട്ടിടവുമായി ബന്ധപ്പെട്ട ഇടപാടിൽ സിപിഎമ്മിന് രാധാകൃഷ്ണൻ നൽകിയത് അഴിമതിപ്പണമാണെന്ന കണ്ടെത്തലാണ് നടപടിക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. ഇ.പി. ജയരാജൻ ദേശാഭിമാനി ജനറൽ മാനേജറായിരിക്കുന്ന സമയത്താണ് വി എം രാധാകൃഷ്ണന് വസ്തു കച്ചവടം ചെയ്തു കൊടുക്കുന്നത്. 2012 ജൂലൈയിൽ നടന്ന വിൽപനയിൽ ഇടപാടിന്റെ വില കുറച്ചു കാണിച്ചെന്നും ബിനാമി ഇടപാടാണെന്നും വിമർശനം ഉണ്ടായിരുന്നു. 32 സെന്റ് ഭൂമിയും കെട്ടിടവും ഉൾപ്പെടുന്ന വസ്തു 3.3 കോടി രൂപയ്ക്കാണ് രാധാകൃഷ്ണന്റെ സൂര്യ ഗ്രൂപ്പ് സ്വന്തമാക്കിയത്. തിരുവനന്തപുരത്ത് ദേശാഭിമാനിയുടെ ഭൂമി വാങ്ങാൻ പണം എവിടെ നിന്നാണെന്നു രാധാകൃഷ്ണൻ ബോധ്യപ്പെടുത്തിയിട്ടില്ലായിരുന്നു. അതുപോലെ, സൂര്യ ഇന്റർനാഷണലിന്റെ പല സ്ഥാപനങ്ങളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചും കൃത്യമായ വിവരം നൽകാൻ കഴിഞ്ഞിട്ടില്ല.

ശശീന്ദ്രന്റെയും കുട്ടികളുടെയും മരണം നടന്ന് എട്ടു വർഷം പിന്നിടുമ്പോഴും കേരളത്തിന് ഉത്തരമില്ല, അവർ സ്വയം ജീവനൊടുക്കിയതോ, അതോ? മലബാർ സിമന്റ്സിൽ നടന്ന കോടികളുടെ അഴിമതിക്ക് ശശീന്ദ്രന്റെയും മക്കളുടെയും മരണങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ ഇന്നും പ്രസക്തമാണ്. ആ മൂന്നുപേരുടെ ജീവൻ മാത്രമല്ല, അവരുമായി ബന്ധപ്പെട്ട, ശശീന്ദ്രന്റെ ഭാര്യയുടേതടക്കമുള്ള മറ്റു ചില മരണങ്ങളും നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP