Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

പ്രധാനമന്ത്രിയും അമ്മയുമായ ഇന്ദിരാഗാന്ധിയുടെ കരണത്ത് ആറുതവണ അടിച്ചത് ഒരു സ്വകാര്യ ഡിന്നർ പാർട്ടിക്കിടെ; മുസ്ലീങ്ങളെ നിർബന്ധിച്ച് വന്ധ്യംകരിച്ചു; പൊലീസ് വെടിവെപ്പിനിടെ ചേരികൾ രായ്ക്കുരാമാനം പൊളിച്ചു; അഴിമതിയിലൂടെ കോൺഗ്രസിനുവേണ്ടി സമ്പാദിച്ചത് ശതകോടികൾ; അടിയന്തരാവസ്ഥക്കാലത്ത് ചിന്തിക്കുന്ന യുവാക്കളുടെ പേടി സ്വപ്നം; ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് എന്ന് അധിക്ഷേപിക്കപ്പെടുന്ന സഞ്ജയ് ഗാന്ധിയുടെ ഒരുജന്മ ദിനം കൂടി ആരോരുമറിയാതെ കടന്നുപോകുമ്പോൾ

പ്രധാനമന്ത്രിയും അമ്മയുമായ ഇന്ദിരാഗാന്ധിയുടെ കരണത്ത് ആറുതവണ അടിച്ചത് ഒരു സ്വകാര്യ ഡിന്നർ പാർട്ടിക്കിടെ; മുസ്ലീങ്ങളെ നിർബന്ധിച്ച് വന്ധ്യംകരിച്ചു; പൊലീസ് വെടിവെപ്പിനിടെ ചേരികൾ രായ്ക്കുരാമാനം പൊളിച്ചു; അഴിമതിയിലൂടെ കോൺഗ്രസിനുവേണ്ടി സമ്പാദിച്ചത് ശതകോടികൾ; അടിയന്തരാവസ്ഥക്കാലത്ത് ചിന്തിക്കുന്ന യുവാക്കളുടെ പേടി സ്വപ്നം; ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് എന്ന് അധിക്ഷേപിക്കപ്പെടുന്ന സഞ്ജയ് ഗാന്ധിയുടെ ഒരുജന്മ ദിനം കൂടി ആരോരുമറിയാതെ കടന്നുപോകുമ്പോൾ

എം മാധവദാസ്

 ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ  വിവിധഭാഗങ്ങളിൽ പ്രക്ഷോഭം നടന്നുവരവേ,  മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് ആരോപിക്കുന്നത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും നേതൃത്വത്തിൽ ബിജെപി രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്നുവെന്നാണ്. എന്നാൽ ഫാസിസം ഏകാധിപത്യം എന്നീ പ്രവണതകൾ ഏതെങ്കിലും ഒരു പാർട്ടിയുടെ കുത്തകയല്ലെന്ന്, ഇന്ന് കോൺഗ്രസുകാർപോലും ഓർക്കാൻ ആഗ്രഹിക്കാത്ത അവരുടെ പഴയ നേതാവിനെ ചൂണ്ടിക്കാണിച്ച് ഓർമ്മപ്പെടുത്തുകയാണ് സോഷ്യൽ മീഡിയ. അതാണ് അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്തിന്റെ ഭീതിയായിരുന്ന സഞ്ജയ് ഗാന്ധി.

ഒരുകാലത്ത് അമ്മ ഇന്ദിരാഗാന്ധിയുടെ മറവിൽ രാജ്യത്തെ നിയന്ത്രിച്ചിരുന്ന, കടുത്ത ജനാധിപത്യവിരുദ്ധനും മുസ്ലിംവിരുദ്ധനുമായ സഞ്ജയ് ഗാന്ധിക്കുമുന്നിൽ മോദിയും അമിത്ഷായും ഒന്നും ഒന്നുമല്ലെന്നാണ് അക്കാലത്തെ അനുഭവങ്ങളിലൂടെ കടന്നുപോയ മാധ്യമ പ്രവർത്തകൻ നീലം സിങിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ കണ്ട എറ്റവും വലിയ ഫാസിസ്റ്റ് എന്നാണ് സഞ്ജയ് ഗാന്ധിയെ നീലം വിശേഷിപ്പിക്കുന്നത്. സഞ്ജയ് ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ഇന്ത്യയിൽ ബിജെപി അടക്കമുള്ള ഹിന്ദുത്വ ശക്തികൾക്ക് ഒരു സ്ഥാനവും കിട്ടില്ല എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. കാരണം മോദിയെയും അമിത്ഷായെക്കാളും നന്നായി മതം കൊണ്ട് കളിക്കാനും, കാശിറക്കി ആളെ പിടിക്കാനും, ഭീതിവിതച്ച് നിശബ്ദരാക്കാനും, പൊലീസിനെയും പട്ടാളത്തെയുമൊക്കെ ഉപയാഗിക്കാനും ഇദ്ദേഹത്തിന് അറിയാമായിരുന്നു. ശരിക്കും ഒരു ലക്ഷണമൊത്ത ഫാസിസ്റ്റ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ പൗരത്വഭേദഗതി നിയമത്തിന്റെ പ്രശ്നങ്ങളിൽ പെട്ട്, ഉഴലവെയാണ് സഞ്ജയ് ഗാന്ധിയുടെ ഒരു ജന്മവാർഷികം കൂടി കടന്നുപോയത്. 1946 ഡിസംബർ 14 -ന് ന്യൂഡൽഹിയിലാണ് ഫിറോസ്-ഇന്ദിരാ ദമ്പതികളുടെ ഇളയപുത്രനായി ഇദ്ദേഹം ജനിച്ചത്. സഞ്ജയിനെ ഇന്ന് കോൺഗ്രസുകാർ പോലും സ്മരിക്കുന്നില്ല. മൂന്നാലു വർഷം മുമ്പുവരെ ഡൽഹിയിലെ ചില സുഹൃത്തുക്കൾ സഞ്ജയ് ഗാന്ധി അനുസ്മരണം നടത്തിയിരുന്നെങ്കിലും ഇപ്പോൾ അതും ഇല്ല. ഭാര്യ മേനകാ ഗാന്ധിയും മകൻ വരുൺഗാന്ധിയും ഇപ്പോൾ ബിജെപിയിലാണ്. ഒരുപക്ഷേ ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും കിട്ടാത്ത നെഹ്റു കുടുംബത്തിലെ ഏക വ്യക്തിയായിരിക്കും ഇദ്ദേഹം.

കോൺഗ്രസ് വർഷങ്ങൾക്കുമുന്നേ സഞ്ജയ്ഗാന്ധിയെ കൈവിട്ടിരുന്നു. സഞ്ജയ് അധികാര ദുർവിനിയോഗം നടത്തിയിട്ടുണ്ട് എന്ന് അവർ കുറ്റസമ്മതം നടത്തിയിട്ടുമുണ്ട്.
 പാർട്ടിയുടെ നൂറ്റിയിരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ 'കോൺഗ്രസും രാജ്യ നിർമ്മാണവും' എന്ന പുസ്തകം സഞ്ജയ് ഗാന്ധിയെ പരസ്യമായി വിമർശിക്കുന്നു. അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും,  പ്രധാനമന്ത്രി മന്മോഹൻ സിംഗും ചേർന്ന് പ്രകാശനം ചെയ്ത 'കോൺഗ്രസും രാജ്യ നിർമ്മാണവും' എന്ന പുസ്തകത്തിലാണ് സഞ്ജയ് ഗാന്ധിയുടെ നയങ്ങളെ വിമർശിച്ചിരിക്കുന്നത്. പ്രണബ് മുഖർജിയായിരുന്നു പുസ്തകത്തിന്റെ ചീഫ് എഡിറ്റർ. ഇതിനുശേഷം കോൺഗ്രസ് ഒരു പരിപാടിയിലും സഞ്ജയ് ഗാന്ധിയെ അനുസ്മരിച്ചിട്ടില്ല.

ബിസിനസുകാരനിൽനിന്ന് രാഷ്ട്രീയത്തിലേക്ക്

പിൽക്കാലത്ത് പിടിവാശിയുടെയും ധാർഷ്ട്യത്തിന്റെയും പേരിൽ അറിയപ്പെട്ടിരുന്ന സഞ്ജയ് ചെറുപ്പത്തിൽ സൗമ്യനും ശാന്തശീലനും ആയിരുന്നെന്നാണ് ഇന്ദിരയുടെ ജീവചരിത്രം എഴുതിയവർ പറയുന്നത്. ജ്യേഷ്ഠൻ രാജീവിന്റെ പാത പിന്തുടർന്നുകൊണ്ട് വെൽഹാം ബോയ്സിലും, ഡൂൺ സ്‌കൂളിലുമായി പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി. രാജീവ് സർവ്വകലാശാലാ വിദ്യാഭ്യാസം തെരഞ്ഞെടുത്തു എങ്കിൽ, സഞ്ജയ് അക്കാര്യത്തിൽ തൽപ്പരനായിരുന്നില്ല. പകരം ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിലും ഒരു കരിയർ കെട്ടിപ്പടുക്കാനാഗ്രഹിച്ച് അതിൽ പരിശീലനം നേടി. റോൾസ് റോയ്‌സ് കമ്പനിയിൽ മൂന്നുവർഷത്തെ അപ്രന്റീസ് ട്രെയിനിങ്ങിന്, 1964-ൽ ഇംഗ്ലണ്ടിലെത്തി. രണ്ടാം വർഷം ആ ട്രെയിനിങ് പാതിവഴിയിൽ അവസാനിപ്പിച്ച്, ഇന്ത്യക്ക് ഒരു 'പീപ്പിൾസ് കാർ' വേണം എന്ന സ്വപ്നവുമായി, അത് സാക്ഷാത്കരിക്കാനുള്ള പദ്ധതികളും മനസ്സിലിട്ടുകൊണ്ട് സഞ്ജയ് തിരിച്ചുപോന്നു.

ഇന്ത്യൻ മിഡിൽ ക്ലാസിന് വാങ്ങാനാകുന്ന വിലയ്ക്ക് ഒരു കുഞ്ഞുകാർ. അതായിരുന്നു സഞ്ജയ് ഗാന്ധി കണ്ട സ്വപ്നം. അതായിരുന്നു മാരുതി എന്ന ഇന്ത്യൻ കാർ ബ്രാൻഡിന്റെ തുടക്കം. ഈ സ്വപ്നവും, ഗുലാബി ബാഗിലെ കുഞ്ഞു വർക്ക്‌ഷോപ്പിൽ ഒരു പ്രോട്ടോടൈപ്പ് വിജയം കണ്ടത് 1971 -ലാണ്. ജൂൺ 4 -ന് 'മാരുതി മോട്ടോർസ് ലിമിറ്റഡ്' എന്ന സ്വകാര്യസ്ഥാപനം കമ്പനീസ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടു. സഞ്ജയ് ഗാന്ധിയായിരുന്നു സ്ഥാപനത്തിന്റെ ആദ്യത്തെ മാനേജിങ്ങ് ഡയറക്ടർ. കാർ നിർമ്മാണത്തിൽ കമ്പനിക്കോ സഞ്ജയ് ഗാന്ധിക്കോ മുൻപരിചയമേതുമുണ്ടായിരുന്നില്ല. എന്നിട്ടും അന്നത്തെ കോൺഗ്രസ് ഗവണ്മെന്റ് വർഷത്തിൽ 50,000 കാറുകൾ നിർമ്മിക്കാനുള്ള കരാർ സഞ്ജയ് ഗാന്ധിയുടെ കമ്പനിക്ക് നൽകി. ആയിടെ ഇറങ്ങിയ അമൃത് നഹത സംവിധാനം ചെയ്ത കിസ്സാ കുർസി കാ എന്ന ചിത്രത്തിലെ ഒരു ഡയലോഗ് തന്നെ ഈ മാരുതി കാർ പദ്ധതിയെ കളിയാക്കിക്കൊണ്ടുള്ളതാണ്. ചിത്രത്തിലെ ഒരു കഥാപാത്രം ഇങ്ങനെ പറയുന്നു, 'സർ, ഈ ചെറുപ്പക്കാരന് കാർ നിർമ്മാണ കമ്പനിക്കുള്ള ലൈസൻസ് കൊടുക്കണം, ഇയാൾ അമ്മയുടെ ഗർഭപാത്രത്തിൽ കിടന്ന് ഒരുപാട് കാറോടിച്ചിട്ടുള്ളതാ' അന്ന് ഈ ചിത്രത്തിന്റെ നെഗറ്റീവ്‌സും, എല്ലാ പ്രിന്റുകളും, മാസ്റ്റർ പ്രിന്റും അടക്കം എല്ലാ ശേഷിപ്പുകളും ഗുഡ്ഗാവിലെ മാരുതി ഫാക്ടറിക്കുള്ളിൽ കൊണ്ടുവന്നാണ് അന്ന് സഞ്ജയ് ഗാന്ധിയുടെ അനുയായികൾ കത്തിച്ചുകളഞ്ഞത്.

കാർ നിർമ്മാണത്തിന്റെ എബിസിഡി അറിയാത്ത സഞ്ജയ് ഗാന്ധിക്ക് ഇത്ര വലിയൊരു പ്രോജക്റ്റ് നൽകിയത് ഏറെ മുറുമുറുപ്പുകൾക്ക് കാരണമായി എങ്കിലും, 1971 -ലെ ഇന്തോ-പാക് യുദ്ധമുയർത്തിയ ദേശീയതാ തരംഗത്തിൽ അതൊക്കെ ഒഴുകിപ്പോയി. പിന്നീട് ഹരിയാനാ മുഖ്യമന്ത്രിയായിരുന്ന ബൻസിലാൽ ഗുഡ്ഗാവിൽ 290 ഏക്കർ സ്ഥലം മാരുതിക്കുവേണ്ടി സൗജന്യമായി നൽകി. അവിടെ ഫാക്ടറി കെട്ടിപ്പടുക്കാൻ സഞ്ജയ് ഗാന്ധിയെ ക്ഷണിച്ചു. കമ്പനിക്ക് മൂലധനം നൽകാൻ ബിസിനസ് സ്ഥാപനങ്ങളും, വ്യാപാരികളും, ബാങ്കുകളും നിർബന്ധിതരായി. ഒടുവിൽ ആദ്യത്തെ ടെസ്റ്റ് മോഡൽ 1972-ൽ ഗുഡ്ഗാവ് ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങി.

അതിനിടെ ഫോക്‌സ് വാഗണുമായി ബന്ധപ്പെട്ട ഇന്ത്യൻ ബീറ്റിൽ പുറത്തിറക്കാനുള്ള ശ്രമങ്ങൾ സഞ്ജയ് തുടങ്ങിവെച്ചു. എന്നാൽ അഴിമതി ആരോപണങ്ങളിൽ മുങ്ങി ആ പദ്ധതി പാളിയപ്പോൾ സഞ്ജയ് മെല്ലെ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി. അതിനിടെ 1975 -ൽ രാഷ്ട്രം അടിയന്തരാവസ്ഥയുടെ പിടിയിലായി. അതോടെ മാരുതി പ്രോജക്ട് അവതാളത്തിലായി. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ ഇന്ദിരയ്ക്ക് അധികാരം നഷ്ടപ്പെടുകയും ജനതാ പാർട്ടി സർക്കാർ അധികാരത്തിലേറുകയും ചെയ്തതോടെ 1977 -ൽ കമ്പനി അടച്ചു പൂട്ടി. മാരുതി എന്ന തന്റെ സ്വപ്നം പൂർണ്ണമായ അർത്ഥത്തിൽ സാക്ഷാത്കരിക്കാൻ വിധി സഞ്ജയ് ഗാന്ധിയെ അനുവദിച്ചില്ല. 1980 -ൽ നടന്ന വിമാനാപകടത്തിൽ അദ്ദേഹം മരണമടഞ്ഞശേഷം ഇന്ദിരയുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാർ, ജാപ്പനീസ് വാഹനനിർമ്മാതാക്കളായ സുസൂക്കിയുമായി കരാറുണ്ടാക്കി, അവരുടെ സാങ്കേതിക സഹായത്തോടെ 'മോഡൽ 796' എന്ന ജപ്പാനിലും മറ്റുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും പ്രസിദ്ധമായ ചെറുകാറിന്റെ ഡിസൈൻ സർക്കാരിന് സമർപ്പിച്ച് അതിന് അംഗീകാരം നേടി. അങ്ങനെ, ആ ഡിസൈനിൽ പുറത്തിറങ്ങിയതാണ് പിന്നീട് ഇന്ത്യൻ കാർ വിപണിയുടെ തലവര തന്നെ തിരുത്തിക്കുറിച്ച മാരുതി 800 എന്ന കാർ.

ഒരു ഫാസിസിസ്റ്റ് ജനിക്കുന്നു

അധികാരം വ്യക്തികളെ എങ്ങനെ ദുഷിപ്പിക്കും എന്നതിന് കൃത്യമായ തെളിവാണ് സഞ്ജയ് ഗാന്ധിയുടെ ജീവിതം. ജോസഫ് സ്റ്റാലിന്റെ ആരാധകൻ കൂടിയായ സഞ്ജയ് ക്രമേണ അധികാരത്തിന്റെ സമസ്ത മേഖലകളിലും പിടിമുറുക്കി. ഒരുവേള ഇന്ദിരാഗാന്ധിപോലും സഞ്ജയിന്റെ കൈയിലെ കളിപ്പാവയായി. ജനാധിപത്യത്തോടും അദ്ദേഹത്തിനുള്ള സമീപനം പുച്ഛമായിരുന്നു. ഒരു കൂട്ടം ആളുകൾ തീരുമാനം എടുക്കാൻ വൈകിച്ച് രാഷ്ട്രത്തെ നശിപ്പിക്കയായിരുന്നെന്നാണ് സഞ്ജയ്ഗാന്ധിയുടെ പക്ഷം. ശക്തമായ ഒരു നേതൃത്വം. അത് അനുസരിക്കുന്ന ജനം. അദ്ദേഹം ആ രീതിയിലുള്ള രാഷ്ട്രമാണ് വിഭാവനം ചെയ്തത്. ഇന്ദിരയുടെ നാവടക്കൂ പണിയെടുക്കൂ സിദ്ധാന്തം എവിടെ നിന്നാണ് വന്നതെന്ന് വ്യക്തം. 
ഹിറ്റ്‌ലർക്ക് സമാനമായി വംശവെറിയും അദ്ദേഹം പുലർത്തിയിരുന്നു. മുസ്ലീങ്ങൾ പെറ്റുകൂട്ടി രാജ്യത്തിന് ഭീഷണിയാവുന്നവർ ആണെന്നാണ് സഞ്ജയ് വിശ്വസിച്ചിരുന്നത്. മുസ്ലീങ്ങളുടെ നിർബന്ധിത വന്ധീകരണത്തിലും തുർക്കുമാൻഗേറ്റിലെ ചേരി പൊളിക്കലും ഒക്കെ കലാശിച്ചത് ഈ ചിന്താധാരയാണ്. നോക്കണം, സാർവദേശീയ മാനവികതക്ക് വേണ്ടി വാദിച്ച നെഹ്‌റുവിന്റെ കൊച്ചുമകനാണ് ഇതെന്ന് ഓർക്കണം. അതായത് ഫാസിസം എന്നത് വ്യക്തികളിലൂടെയും കടന്നുവരാം എന്ന് വ്യക്തം.

അടിയന്തരാവസ്ഥയാണ് സഞ്ജയ് ഗാന്ധി എന്ന രാഷ്ട്രീയനേതാവിനെ രൂപപ്പെടുത്തിയ ഉല. പൗരാവകാശങ്ങൾ റദ്ദുചെയ്യപ്പെട്ട ആ ചെറിയ കാലയളവിൽ സഞ്ജയ് കൈക്കൊണ്ട പല തീരുമാനങ്ങളും അദ്ദേഹത്തെയും ഒരുപരിധിവരെ കോൺഗ്രസ് പാർട്ടിയെയും ജനഹൃദയങ്ങളിൽ നിന്ന് അകറ്റി. സഞ്ജയ് ഗാന്ധിക്ക് ഒരു വില്ലൻ പരിവേഷം തന്നെ സമ്മാനിച്ചു. അക്കാലത്തും കമൽനാഥ്, ജഗദിഷ് ടൈറ്റ്ലർ, സജ്ജൻകുമാർ തുടങ്ങിയ നിരവധി എംപിമാർ സഞ്ജയ് ഗാന്ധി അനുഭാവികളായ പാർലമെന്റിനകത്തും, ഖുഷ്‌വന്ത്സിങിനെപ്പോലുള്ള ചില പത്രപ്രവർത്തകർ പാർലമെന്റിന് പുറത്തും സഞ്ജയ് ഗാന്ധിക്ക് പിന്തുണയുമായി നിലകൊണ്ടു. ഇന്ദിരയ്‌ക്കെതിരായ ജനരോഷം രാജ്യത്ത് ഇരമ്പിക്കൊണ്ടിരിക്കെയാണ് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിക്കൊണ്ട്, ഇന്ദിരയെ ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിക്കുന്നത്. അതിനുള്ള പ്രതികരണമെന്നോണം, സഞ്ജയിന്റെയും സംഘത്തിന്റെയും ഉപദേശം ചെവിക്കൊണ്ടുകൊണ്ട് ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. ജെപി അടക്കമുള്ള ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ തുറുങ്കിലടക്കപ്പെടുന്നു. കൊടിയ മർദ്ദനങ്ങൾക്ക് വിധേയരാക്കപ്പെടുന്നു. പലരും ലോക്കപ്പിൽ വെച്ചുതന്നെ കൊല്ലപ്പെടുന്നു. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തപ്പെടുന്നു, പൗരസ്വാതന്ത്ര്യങ്ങൾക്ക് കൂച്ചുവിലങ്ങിടപ്പെടുന്നു.

അടിയന്തരാവസ്ഥയുടെ ആദ്യ ആഴ്ചകൾ പിന്നിടുമ്പോഴേക്കും തന്നെ സഞ്ജയ് ഗാന്ധി, ഇന്ദിരയുടെ മുഖ്യ രാഷ്ട്രീയ ഉപദേഷ്ടാവാകുന്നു. കൃത്യമായൊരു കാബിനറ്റ് റാങ്കില്ലാതെ തന്നെ, പാർലമെന്റിന്റെ അകത്തളത്തിലേക്ക് പ്രവേശിക്കുകപോലും ചെയ്യാതെ രാജ്യത്തെ ഏറ്റവും പ്രബലനായ വ്യക്തിയായി സഞ്ജയ് മാറുന്നു. മുഖ്യമന്ത്രിമാർ സഞ്ജയിന് മുന്നിൽ മുട്ടിലിഴഞ്ഞു. സഞ്ജയിന്റെ ചെരുപ്പുകൾ കയ്യിലെടുത്തു കൊണ്ടുകൊടുക്കുക വരെ ചെയ്തു. പത്രങ്ങൾ സ്തുതിച്ചുകൊണ്ട് ഭാവഗീതങ്ങളെഴുതി പ്രസിദ്ധം ചെയ്തു.

മുസ്ലീങ്ങൾക്ക് നിർബന്ധിത വന്ധ്യംകരണം

സഞ്ജയ് ഗാന്ധിയുടെയും കൂട്ടരുടെയും കുടിലബുദ്ധിയിൽ ഉദിച്ച പലതും അന്നത്തെ ഇന്ത്യൻ ഗവണ്മെന്റിന്റെ നയങ്ങളായി രൂപാന്തരപ്പെട്ടു. അങ്ങനെ നടപ്പിലാക്കപ്പെട്ട ഒരു പദ്ധതിയായിരുന്നു വന്ധ്യംകരണത്തിലൂടെയുള്ള കുടുംബാസൂത്രണം. വന്ധ്യംകരിക്കുന്നവർക്ക് ആദ്യം ആനുകൂല്യങ്ങൾ നൽകി ആകർഷിക്കാൻ ശ്രമിച്ചു. അതിന് വഴങ്ങാത്ത പലരെയും നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കി. നിർബന്ധിതമായ ഓപ്പറേഷനുകളുടെ പേരും പറഞ്ഞ് പൊലീസ് പാവങ്ങളുടെ ഗ്രാമങ്ങൾ കയറിയിറങ്ങി അക്രമങ്ങൾ പലതും പ്രവർത്തിച്ചു. രണ്ടാഴ്ച കൊണ്ട് ചില സംസ്ഥാനങ്ങളിൽ നടന്നത് ആറു ലക്ഷത്തോളം വന്ധ്യംകരണങ്ങളാണ്. 1975-77 കാലയളവിൽ 1.1 കോടി സ്ത്രീപുരുഷന്മാർ നിർബന്ധിതമായി വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കപ്പെട്ടു. ഇക്കാര്യത്തിൽ സഞ്ജയിന് വേണ്ട സഹായങ്ങൾ ചെയ്ത, സഞ്ജയിനെ മനുഷ്യത്വവിരുദ്ധമായ പല പ്രവൃത്തികൾക്കും നിർബന്ധിച്ച റുക്‌സാന സുൽത്താന എന്ന സ്നേഹിതയും അക്കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ചു. ഈ നിർബന്ധിത വന്ധ്യംകരണത്തിന്റെ ഇരകൾ എറെയും മുസ്ലീങ്ങൾ ആയിരുന്നു.

സഞ്ജയ് ഗാന്ധിക്ക് ചീത്തപ്പേര് സമ്മാനിച്ച മറ്റൊരു ഓപ്പറേഷനായിരുന്നു ഡൽഹിയിലെ തുർക്ക് മാൻ ഗേറ്റിനടുത്തുള്ള ചേരികൾ ഒഴിപ്പിക്കാൻ നടത്തിയ പൊലീസ് ഓപ്പറേഷൻ. അതൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു. ഒരൊറ്റ രാത്രികൊണ്ട് ആ ചേരി ഒഴിപ്പിച്ചെടുക്കാൻ അവിടെ നടത്തിയ പൊലീസ് ആക്ഷനെ പ്രദേശവാസികൾ എതിർത്തു. അവരിൽ പലരെയും പൊലീസ് വെടിവെച്ചു കൊന്നു. പ്രസ്സിന് സെൻസർഷിപ്പ് ഉണ്ടായിരുന്നതുകൊണ്ട് വിവരം അന്താരാഷ്ട്ര മാധ്യമശ്രദ്ധയിൽ എത്തിയില്ല.

അടിയന്തരാവസ്ഥ കഴിയുന്നത്ര നീട്ടിക്കൊണ്ടു പോകാൻ സഞ്ജയ് ഗാന്ധി അമ്മ ഇന്ദിരക്കുമേൽ പരമാവധി സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ സ്വന്തം മകനെപ്പോലും ഞെട്ടിച്ചുകൊണ്ട് 1977 -ൽ ഇന്ദിരാഗാന്ധി വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജോൺ ഗ്രിഗ്ഗ് അടക്കമുള്ള പല വിദേശ രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും തന്റെ സ്വേച്ഛാധിപത്യ ത്വരയെപ്പറ്റി ഉയർന്നുവന്ന വിമർശനങ്ങളാണ്, ഇന്ത്യയെ വീണ്ടും ജനാധിപത്യത്തിന്റെ വഴിയേ നടത്താൻ ഇന്ദിരയെ പ്രേരിപ്പിച്ചത്. ഇന്ദിര തന്റെ രാഷ്ട്രീയജീവിതത്തിൽ എടുത്ത ഏറ്റവും ധീരമായ തീരുമാനമായിരുന്നു അത്.

തെരഞ്ഞെടുപ്പിൽ ഇന്ദിരയും, മകൻ സഞ്ജയും, കോൺഗ്രസ് പാർട്ടിയും നിലംപരിശായി. സഞ്ജയ് ഗാന്ധിക്കുനേരെ വധശ്രമമുണ്ടായി. 1977 മാർച്ചിൽ അഞ്ചുതവണ അദ്ദേഹത്തിനുനേരെ വെടിയുതിർക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഭരണത്തിലേറിയ ജനതാ പാർട്ടി സർക്കാർ സഞ്ജയ് ഗാന്ധിക്കെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്തി. സഞ്ജയ് ഗാന്ധിയെ ജയിലിലടച്ചു. സഞ്ജയ് ഗാന്ധിയെ ജയിലിലടക്കാൻ കാരണമായ കുറ്റങ്ങളിൽ ഒന്ന് കിസ്സ കുർസി കാ സിനിമയുടെ പ്രിന്റുകൾ കത്തിച്ചു എന്നതും പെടും.

സ്വകാര്യഡിന്നർ പാർട്ടിയിൽ വച്ച് ഇന്ദിരയുടെ കരണത്തടിച്ചു

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കരണത്തടച്ചുവെന്നതാണ് സഞ്ജയനെ കുറിച്ച് ഉയർന്ന ഏറ്റവും വലിയ അപവാദം. പുലിസ്റ്റർ ജേതാവും പ്രശസ്ത മാധ്യമപ്രവർത്തകനുമായ ലൂയിസ് സിമൻസാണ് അടിയന്തരാവസ്ഥക്കാലത്ത് തന്നെ ഞെട്ടിച്ച ഈ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വാഷിങ്ങ്ടൺ പോസ്റ്റിന്റെ ഡൽഹി കറസ്‌പോണ്ടന്റ് ആയിരുന്നു ലൂയിസ് സിമൻസ്. അന്ന് സഞ്ജയ് ഗാന്ധിയിലെ നിഷേധി എത്രത്തോളം പുറത്തുവന്നിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ലൂയിസിന്റെ വെളിപ്പെടുത്തൽ. സഞ്ജയ് ഗാന്ധി അന്ന് പ്രധാനമന്ത്രിയായിരുന്ന അമ്മ ഇന്ദിരാ ഗാന്ധിയെ ഒരു സ്വകാര്യഡിന്നർ പാർട്ടിയിൽ വച്ച് ആറുപ്രാവശ്യം അടിച്ചുവെന്നതാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അന്ന് സർവാധിപതിയായി വിലസിയ സഞ്ജയ് ഗാന്ധിയെ ഭയന്ന ഇന്ത്യൻ മാധ്യമങ്ങൾ ആരും ഈ വാർത്ത പ്രസിദ്ധീകരിക്കാൻ തയ്യാറായില്ലെന്നും ലൂയിസ് തുറന്നു പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് എല്ലാവരെയും ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്.

വിശ്വസ്തമായ സോഴ്‌സുകളിൽ നിന്നാണ് തനിക്ക് വാർത്ത കിട്ടിയത് എന്നാണ് ലൂയിസ് സിമൻസ് പറയുന്നത്. സംഭവം നടന്ന ഡിന്നർ പാർട്ടിയിൽ പങ്കെടുത്ത ഒരു സുഹൃത്ത് തന്നെ സന്ദർശിച്ചപ്പോൾ പറഞ്ഞതാണ് ഇത്. അതെ പാർട്ടിയിൽ പങ്കെടുത്ത മറ്റൊരു സുഹൃത്ത് അത് ശരി വയ്ക്കുകയും ചെയ്തത്രേ. പക്ഷെ അന്ന് അത് വാർത്തയാക്കാതെ പിന്നീട് ഉപയോഗിക്കാൻ ലൂയിസ് അത് മാറ്റി വച്ചു. എന്തിനാണ് സഞ്ജയ് അത് ചെയ്‌തെന്ന കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ പിന്നീട് മാധ്യമങ്ങൾക്ക് സെൻസർ ഷിപ്പ് വന്നതോടെ ഒരു ഇന്ത്യൻ മാധ്യമവും ആ വാർത്ത റിപ്പോർട്ട് ചെയ്തില്ല. പക്ഷെ ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള വിദേശ പത്രങ്ങൾ അന്ന് വലിയ പ്രാധാന്യത്തോടെ അത് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് അറിഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ട് വാർത്ത കൊടുത്തില്ലെങ്കിലും ലൂയിസിന് നാടു വിടാനുള്ള ഉത്തരവ് ലഭിക്കുകയുമുണ്ടായി. അഞ്ചു മണിക്കൂർ നോട്ടീസ് പീരിയഡിൽ കിട്ടിയ ആ ഉത്തരവ് പക്ഷെ അടിയന്തരാവസ്ഥയോട് ഇന്ത്യൻ സൈനികർക്കുള്ള അതൃപ്തി റിപ്പോർട്ട് ചെയ്തതിനായിരുന്നു.

അതും അറ്റസ്റ്റ് ചെയ്ത് ഇമിഗ്രേഷൻ ഓഫീസിലേയ്ക്ക് നീക്കുകയായിരുന്നു. അതോടൊപ്പം കയ്യിലുണ്ടായിരുന്ന നോട്ട് ബുക്കുകൾ പിടിച്ച് വയ്ക്കുകയും ചെയ്തു. പിന്നീട് നാളുകൾക്ക് ശേഷം ആ ബുക്ക് മടക്കി നൽകുമ്പോൾ അതിൽ സൂചിപ്പിച്ചിട്ടുള്ള എല്ലാ പേരുകളും ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിരുന്നു. അവരെല്ലാം പിന്നീട് അറസ്റ്റിലും ആയി. ഒരിക്കലും രഹസ്യ വിവരങ്ങൾ തരുന്ന ആളുകളുടെ പേരുകൾ രേഖപ്പെടുത്തരുത് എന്ന് തനിക്ക് മനസ്സിലായി എന്നും ലൂയിസ് പറയുന്നു.

അധികാരം വ്യക്തികളെ എങ്ങനെ ദുഷിപ്പിക്കും എന്നതിന് കൃത്യമായ തെളിവാണ് സഞ്ജയ് ഗാന്ധിയുടെ ജീവിതം. ജോസഫ് സ്റ്റാലിന്റെ ആരാധകൻ കൂടിയായ സഞ്ജയ് ക്രമേണ അധികാരത്തിന്റെ സമസ്ത മേഖലകളിലും പിടിമുറുക്കി. ഒരുവേള ഇന്ദിരാഗാന്ധിപോലും സഞ്ജയിന്റെ കൈയിലെ കളിപ്പാവയായി. ജനാധിപത്യത്തോടും അദ്ദേഹത്തിനുള്ള സമീപനം പുച്ഛമായിരുന്നുതുടർന്നു ബാങ്കോക്കിലെയ്ക്ക് പോയ ലൂയിസ് പിന്നീട് കുറേക്കാലം അവിടെയായിരുന്നു. അടിയന്തരാവസ്ഥക്കാലം കഴിഞ്ഞ് ഇന്ത്യയിൽ വന്ന ലൂയിസ് രാജീവും സോണിയയും അതിഥികൾ ആയെത്തിയ ഒരു ഡിന്നറിൽ പങ്കെടുക്കുകയുണ്ടായി. അന്ന് ഈ 'അടി' സംഭവത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ രാജീവ് തലയാട്ടി പുഞ്ചിരിക്കുകയും, സോണിയ പരിഭ്രാന്തയായി കാണപ്പെടുകയും ചെയ്തുവെന്നും ലൂയിസ് പറയുന്നു. സഞ്ജയ്യെയോ ഇന്ദിരയെയോ ലൂയിസ് നേരിട്ട് കണ്ട് സംസാരിച്ചതുമില്ല. എങ്കിലും ആ വാർത്ത തന്ന ആളുകളുടെ വിശ്വാസ്യതയിൽ ഉറപ്പ് ഉള്ളതുകൊണ്ട് സംഭവം സത്യം തന്നെയാണ് എന്ന് ലൂയിസ് ഇപ്പോഴും ഉറപ്പിച്ച് പറയുന്നു.

സഞ്ജയ് പാർട്ടിക്കുവേണ്ടി സമ്പാദിച്ചത് ശതകോടികൾ

അതേസമയം സഞ്ജയ് ഗാന്ധി ഇന്ദിരാഗാന്ധിയെ നിയന്ത്രിക്കുകയായിരുന്ന വാദം തെറ്റാണെന്നാണ് ടി.ജെ.എസ് ജോർജിനെപ്പോലുള്ള പ്രമുഖ മാധ്യമപ്രവർത്തകർ പറയുന്നത്. ഇന്ദിരാഗാന്ധിയുടെ അഴിമതികൾക്കുള്ള ഒരു മറമാത്രമായിരുന്നു സ്ഞ്ജയ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇന്ദിരാഗാന്ധിയുടെ ഓൾട്ടർ ഈഗോ ആയിരുന്നു സഞ്ജയ്. ഇന്ദിരക്ക് നേരിട്ട് ചെയ്യാൻ കഴിയാത്തതൊക്കെ അവർ സഞ്ജയിനെ കൊണ്ട് ചെയ്യിച്ചു. ടി.ജെ.എസ് ജോർജിന്റെ ഒരു ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

'ഇന്ദിരാഗാന്ധി അറിയപ്പെട്ടിരുന്നത് 'ദ ഓൺലി മാൻ ഇൻ ദ കാബിനറ്റ്' എന്നായിരുന്നു. മന്ത്രിസഭയിൽ പൗരുഷമുള്ള ഏക അംഗം. സ്വന്തമായി വ്യക്തിത്വമുള്ളവരെ പരിഹാസ്യരാക്കുകയും (മൊറാർജിദേശായി, സഞ്ജീവ റെഡ്ഡി, നിജലിംഗപ്പ) തന്റെ ചൊൽപ്പടിക്കു നിൽക്കുന്ന ശിങ്കിടികളുടെ കൈയിൽ ഭരണം ഒതുക്കുകയും ചെയ്തതിനു പിന്നിലുള്ള ചേതോവികാരങ്ങൾ രാഷ്ട്രീയമായും മനഃശാസ്ത്രപരമായും വിലയിരുത്തേണ്ടതാണ്. സംശയാതീതമായ വസ്തുത, ഇന്ദിരാഗാന്ധി സ്ഥാപിച്ച തത്ത്വം ഇന്നും കോൺഗ്രസ് സംസ്‌കാരമായി തുടരുന്നു എന്നതാണ്. രാജ്യരക്ഷപോലും രാജഭക്തിക്കു താഴെ എന്നു പാഠം. അഴിമതിയുടെ കാര്യത്തിലും ഇന്ദിരാഗാന്ധി തുടങ്ങിവച്ച പുതിയ യുഗം നിസ്സങ്കോചം പുഷ്പിച്ചു നിൽക്കുന്നു. വിഖ്യാതമായ ഒരു പ്രസ്താവന പുതുയുഗത്തിന് ഔദ്യോഗിക പരിവേഷം നൽകി. സാർവലൗകികമായ പ്രതിഭാസമാണ് അഴിമതി എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ പ്രയോഗം. ഈ സമീപനം നമ്മുടെ രാജ്യത്തെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ മൂല്യങ്ങളെ തകിടം മറിച്ചു. സംഗതിയുടെ ഗൗരവം മനസ്സിലാക്കാൻ ബി.ജി. ദേശ്മുഖിന്റെ സാക്ഷിപത്രം മതി. ഇന്ത്യ കണ്ട ഏറ്റവും പ്രഗല്ഭരായ ഉദ്യോഗസ്ഥന്മാരിലൊരാളായ ദേശ്മുഖിന്റെ 'എ കാബിനറ്റ് സെക്രട്ടറി ലുക്‌സ് ബാക്ക്' എന്ന പുസ്തകം (2004) പശ്ചാത്തല വിവരങ്ങളുടെ ബാഹുല്യം കൊണ്ട് അത്യുത്തമമാണ്.

അദ്ദേഹം വെളിപ്പെടുത്തുന്നു:'തെരഞ്ഞെടുപ്പുകളിൽ അളവില്ലാതെ പണമൊഴുക്കിയാൽ മാത്രമെ ആരും എതിർവാക്ക് പറയാത്ത നേതാവായി സ്വയം പ്രതിഷ്ഠിക്കാൻ സാധിക്കൂവെന്ന് ഇന്ദിരാഗാന്ധി തിരിച്ചറിഞ്ഞു. മഹാരാഷ്ട്രയിൽ തന്റെ വിശ്വസ്തരായ രജനി പട്ടേലിനെയും വസന്ത്‌റാവ് നായിക്കിനെയും അവർ വളരെയേറെ ആശ്രയിച്ചു. അവരാണെങ്കിൽ നരിമാൻ പോയിന്റിലെ കടൽവെള്ളം വിറ്റ് കാശുണ്ടാക്കി. (കടൽ നികത്തിയാണ് ബോംബെയിലെ ഏറ്റവും വിലമതിപ്പുള്ള റിയൽ എസ്റ്റേറ്റായി നരിമാൻ പോയിന്റ് ഉയർന്നത്.) രാഷ്ട്രീയത്തിൽ ആധിപത്യം ഉറപ്പിച്ചശേഷം ഇന്ദിര നിശ്ചയിച്ചു പണം ശേഖരിക്കാൻ എളുപ്പമാർഗ്ഗം വിദേശ ഉടമ്പടികളുടെ വീതംവയ്പിൽ കൂടിയാണെന്ന്. 1980 ജനുവരിയിൽ തന്നെ സഞ്ജയ്ഗാന്ധി ചില പ്രത്യേക വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്തി ഉടമ്പടികൾ തീർപ്പാക്കേണ്ട രീതികളെക്കുറിച്ച് വിശദമായ നിർദ്ദേശങ്ങൾ നൽകി.

'ബി.കെ. നെഹ്‌റുവിന്റെ ആത്മകഥയിൽനിന്ന് ഒരു ഭാഗം ദേശ്മുഖ് ഇവിടെ ഉദ്ധരിക്കുന്നു: 'സഞ്ജയ്ഗാന്ധിയുടെ ശവസംസ്‌കാരത്തിന് പിറ്റേദിവസം ഞാൻ രാജീവിനോടു ചോദിച്ചു, പാർട്ടിക്കുവേണ്ടി സഞ്ജയ് ശേഖരിച്ച പണമൊക്കെ സുരക്ഷിതമാണോ എന്ന്. കോൺഗ്രസ് ഓഫീസിലെ അലമാരിയിൽനിന്നു കിട്ടിയത് ഇരുപതുലക്ഷം മാത്രമാണെന്ന് രാജീവ്പറഞ്ഞു. സഞ്ജയ് എത്ര ശേഖരിച്ചുവെന്ന് ഞാൻ അന്വേഷിച്ചു. കൈകൾകൊണ്ട് തലതാങ്ങിപ്പിടിച്ച് രാജീവ് പറഞ്ഞു, 'കോടികൾ, എണ്ണമില്ലാത്ത കോടികൾ? 'അങ്ങനെ ഭരണത്തിന്റെ തലപ്പത്തുനിന്ന് അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടു. ശേഷം ചിന്ത്യം. സാഹചര്യങ്ങൾ ഈ വിധത്തിൽ ഉരുത്തിരിഞ്ഞപ്പോൾ തിരുവായ്ക്ക് എതിർവായില്ല എന്ന അവസ്ഥയുണ്ടായി. ഇന്ദിരാഗാന്ധിയും സഞ്ജയ്ഗാന്ധിയും ചേർന്നു സ്ഥാപിച്ച പരമോന്നത നേതൃത്വം കുടുംബവാഴ്ചയായി രൂപാന്തരപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. - ടി ജെ എസ് ജോർജ് ലേഖനത്തിൽ വ്യക്തമാക്കി.

പാർട്ടിയെ പൂർണ്ണമായും കൈപ്പടിയിൽ ഒതുക്കി

ഇത്രയൊക്കെ ചെയ്തിട്ടും പാർട്ടിയിൽ സഞ്ജയ്ഗാന്ധിക്ക് ആരാധകർ ഏറെയായിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷമുള്ള തിരിച്ചടിക്കുശേഷം 80ൽ ഇന്ദിര തിരിച്ചുവന്നപ്പോളും പാർട്ടി പ്രവർത്തകരുടെ ഹീറോ സഞ്്ജയ്ഗാന്ധി ആയിരുന്നു. 1880ൽ 425 അംഗ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 309 സീറ്റുമായി കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചു. മുഖ്യമന്ത്രി ആരാകും എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണ്. പക്ഷെ ഉത്തർപ്രദേശിലെ യുവതുർക്കികൾ ഇതിനിടെ ഒരു അണിയറ നീക്കം നടത്തി. ജനതാ ഭരണകാലത്ത് ജയിലിലായ ഇന്ദിരാഗാന്ധിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് 1978-ൽ കളിത്തോക്കുമായി ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ദേവേന്ദ്ര പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു ആ നീക്കം. എംഎ‍ൽഎമാരുടെ യോഗം വിളിച്ചുചേർത്ത് പ്രമേയവും പാസാക്കി. സഞ്ജയ് ഗാന്ധിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കുന്നുവെന്നതായിരുന്നു പ്രമേയം. പ്രമേയത്തിന്റെ അവസാന വരിയായി ഒന്നു കൂടി ചേർത്തിരുന്നു. 'മുഖ്യമന്ത്രിയായി സഞ്ജയ് ഗാന്ധിയുടെ സേവനം ലഭ്യമാകുന്നില്ലെങ്കിൽ പകരം മറ്റൊരാളെ ഇന്ദിരാഗാന്ധി നിയമിക്കണം'.

മുൻ യുപി മുഖ്യമന്ത്രി കമലാപതി ത്രിപാഠിയുടെ മകൻ ലോക്പതി ത്രിപാഠി അവതരിപ്പിച്ച പ്രമേയത്തിൽ ഈ വാചകം ചേർക്കുന്നതിൽ പോലും എതിർപ്പുണ്ടായി. സഞ്ജയ് ഗാന്ധി മാത്രം, അല്ലാതെ മറ്റൊരാളെക്കുറിച്ച് ആലോചിക്കാൻ പോലും തയ്യാറല്ല എന്ന മാനസികാവസ്ഥയിലായിരുന്നു ഉത്തർപ്രദേശിലെ സഞ്ജയ് സ്തുതിപാഠകർ. പക്ഷെ പ്രമേയവുമായി ഡൽഹിക്ക് പോയ നേതാക്കളെ ഇന്ദിരാഗാന്ധി ഓടിച്ചുവിട്ടു.
അടിയന്തരാവസ്ഥ നൽകിയ പാഠങ്ങളായിരിക്കും സഞ്ജയന്റെ ഉപജാപക സംഘത്തെ പിന്തിരിപ്പിക്കാൻ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മാത്രമായി ചുരുങ്ങിക്കാണാൻ സഞ്ജയ്ഗാന്ധിയും സ്വയം തയ്യാറായില്ല. എന്നാൽ ഇത് സഞ്ജയ് ആരാധകരെ വല്ലാതെ തളർത്തിക്കളഞ്ഞു. അന്ന് അമേഠി നിയമസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിങ് തനിക്ക് കിട്ടിയ മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ തയ്യാറായില്ല. അത്രയ്ക്കായിരുന്നു സഞ്ജയ് വികാരം. 1980 ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ഇന്ദിരാ ഗാന്ധി അധികം താമസിയാതെ 1977-ലെ ജനതാ തരംഗത്തിൽ മുളച്ച ഒൻപത് സർക്കാരുകളെ ഒറ്റയടിക്ക് പിരിച്ചുവിട്ടിരുന്നു. അതിൽ ഒന്നായിരുന്നു ഉത്തർപ്രദേശ്. അവിടെയടക്കം കോൺഗ്രസിന് മികച്ച ജയം ഉറപ്പാക്കുന്നതിൽ, അടിയന്തരാവസ്ഥക്കാലത്ത് വെറുക്കപ്പെട്ട സഞ്ജയ് ഗാന്ധിയുടെ മികവ് ചെറുതായിരുന്നില്ല. അന്ന് ഉത്തർപ്രദേശിലേക്ക് സഞ്ജയ് ഗാന്ധി കണ്ടെത്തിയ മുഖ്യമന്ത്രി വി.പി സിങ് ആയിരുന്നു. തമിഴ്‌നാട് ഒഴികെ ബാക്കി എട്ടിടത്തും അധികാരം നേടിയ കോൺഗ്രസിന്റെ പുതിയ മുഖ്യമന്ത്രിമാരെല്ലാം സഞ്ജയ് സംഘത്തിൽപ്പെട്ടവരോ അവരുടെ പിന്തുണ ഉള്ളവരോ ആയിരുന്നു.

അധികാരത്തിന്റെയും ജനസമ്മിതിയുടെയും അധികബലത്തിൽ ഗാന്ധി കുടുംബക്കാരനെ ഉത്തർപ്രദേശ് കോൺഗ്രസ് ചെന്ന് വിളിച്ചിട്ടും വന്നില്ല. അഥവാ വിട്ടുകൊടുക്കാൻ ഇന്ദിരാഗാന്ധി സമ്മതിച്ചില്ല. എന്നാൽ 1980 ജൂൺ 13ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വീട്ടിൽ നിന്ന് വലിയ ഒരു ഘോഷയാത്ര കോൺഗ്രസ് ആസ്ഥാനത്തേക്ക് പോയി. അന്നാണ് എല്ലാം പുറകിൽ നിന്ന് നിയന്ത്രിച്ചിരുന്ന സഞ്ജയ് ഗാന്ധി കോൺഗ്രസിൽ ആദ്യമായി ഒരു പദവി ഏറ്റെടുത്തത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം.

മരണം എത്തിയത് അപ്രതീക്ഷിതമായി

അങ്ങനെ പഴയ പ്രതാപം തിരിച്ചുപടിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി സഞ്ജയ്ഗാന്ധിയെ തേടി മരണം എത്തുന്നത്.1980 ജൂൺ 23-ന് ഡൽഹി ഫ്ളയിങ് ക്ലബ്ബിൽ നിന്ന് പിറ്റ്‌സ് എസ് ടു എ എന്ന ടു സീറ്റർ വിമാനത്തിൽ തന്റെ ഫ്ളയിങ് ഇൻസ്ട്രക്ടർക്കൊപ്പം കയറി പറന്നുയർന്ന്, ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിനിടെ തീന്മൂർത്തി ഭവന് സമീപം തകർന്നുവീണ് കാലപുരി പൂകിയില്ലായിരുന്നു എങ്കിൽ, ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു ശക്തിദുർഗ്ഗമായി നിലകൊള്ളുമായിരുന്നു സഞ്ജയ് ഗാന്ധി. ജീവിച്ചിരുന്നു എങ്കിൽ ഇന്ന് 73 വയസ്സു തികഞ്ഞിരുന്നേനെ സഞ്ജയ് ഗാന്ധിക്ക്. മരിക്കുമ്പോൾ 34 വയസ്സായിരുന്നു സഞ്ജയ് ഗാന്ധിയുടെ പ്രായം.

ജനതാപാർട്ടി ഗവണ്മെന്റിന്റെ തകർച്ചയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ, സ്വയം അമേഠിയിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട്, അമ്മയെ ഇന്ത്യയുടെ ചക്രവർത്തിനിയായി അവരോധിച്ചിട്ട് ആറുമാസം തികഞ്ഞിരുന്നില്ല. മകൻ വരുണിന് മൂന്നരമാസം മാത്രമായിരുന്നു പ്രായം. വിവരമറിഞ്ഞ് അപകടം നടന്ന സ്ഥലത്ത് പാഞ്ഞെത്തിയ ഇന്ദിര, ആ വിമാനത്തിന്റെ അവശിഷ്ടങ്ങൾ തപ്പി അതിൽ നിന്ന് മകന്റെ ശരീരാവശിഷ്ടങ്ങൾക്കിടയിൽ കിടന്നിരുന്ന അവന്റെ വാച്ച് കയ്യിലെടുത്തുപിടിച്ചു. പുത്രവിയോഗത്തിൽ തളർന്നുനിന്ന ഇന്ദിരാഗാന്ധിക്ക് അന്നാണ് അതുവരെ രാഷ്ട്രീയത്തോട് വിരക്തി പുലർത്തിയിരുന്ന മൂത്തമകൻ രാജീവിന്റെ പിന്തുണ കിട്ടുന്നത്. എന്തിന് രാഷ്ട്രീയമെന്ന ചതുപ്പിലേക്ക് അറിഞ്ഞുകൊണ്ട് കാലെടുത്തു വെക്കുന്നു എന്ന് ചോദിച്ചവരോടൊക്കെ രാജീവ് അന്ന് പറഞ്ഞത് ഇത്രമാത്രം, 'അമ്മയ്ക്ക് ഇപ്പോൾ എന്റെ ആവശ്യമുണ്ട്.'

പുത്രവാൽസല്യത്തിൽ അന്ധയായ ഇന്ദിര

മകനോടുള്ള അപാരമായ വാത്സല്യത്തിൽ മറ്റെല്ലാം മറന്ന, ആ അമ്മ എപ്പോഴും മകനെ ന്യായീകരിച്ചു. മറ്റുള്ളവരിൽ കുറ്റം കണ്ടെത്തി. വിമാനാപകടത്തിൽ മകൻ മരിച്ചു കഴിഞ്ഞപ്പോൾ തികഞ്ഞ ആത്മസംയമനത്തോടെ അവർ ആ നഷ്ടം നേരിട്ടു. ഇംഗ്ലണ്ടിൽ പഠിച്ചുകൊണ്ടിരുന്ന കാലംമുതലുള്ള ഏറ്റവും നല്ല സുഹൃദ്ബന്ധം ഇന്ദിരയുമായി പുലർത്തിയിരുന്നു കമ്യൂണിസ്റ്റ് നേതാവായ ഭൂപേഷ് ഗുപ്ത. അവർ തമ്മിലുള്ള അടുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഒട്ടേറെ പ്രശ്‌നങ്ങളിൽ അവർ ഭൂപേഷിന്റെ അഭിപ്രായം തേടുമായിരുന്നു. ഫിറോസ് ഗാന്ധിയും ഭൂപേഷിന്റെ ഏറ്റവും നല്ല സ്‌നേഹിതനായിരുന്നു. സഞ്ജയന്റെ വിമാനാപകടത്തെയും മരണത്തെയും കുറിച്ചറിഞ്ഞ്, അനുശോചനം രേഖപ്പെടുത്തുന്നതിനായി ഇന്ദിരയെ കണ്ട കഥ ഭൂപേഷ് എഴുതിയത് ഇങ്ങനെയായിരുന്നു. സഹിക്കാനാവാത്ത ദുഃഖം അനുഭവിക്കുമ്പോഴും ആത്മസംയമനം കൈവിടാതെ ഇന്ദിര ഭൂപേഷിനെ സ്വീകരിച്ചു. നടക്കുന്നതിനും പടികയറുന്നതിനുമൊക്കെ പ്രയാസമുള്ള ഭൂപേഷ് നടന്നു ചെല്ലുന്നതുകണ്ട ഇന്ദിരാഗാന്ധി, അവരുടെ കൂടെയുള്ളവരെ പറഞ്ഞുവിട്ട് ഭൂപേഷിനെ സഹായിച്ചു, നടക്കാനും പടികയറാനുമൊക്കെ. തന്റെയടുത്തൊരു കസേരയിട്ട് ഭൂപേഷിനെ അവിടെയിരുത്തി. എന്നിട്ടവർ ചോദിച്ചു: 'ഭൂപേഷ് നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നില്ലേ ഫിറോസ്, പിന്നെ ഞാനും.' ഞങ്ങളുടെ മകനെ നിങ്ങൾ സ്വന്തം മകനെപ്പോലെ കണക്കാക്കുമെന്ന് ഞാൻ കരുതിയിരുന്നു. അവൻ തെറ്റ് ചെയ്യുന്നുവെന്ന് തോന്നിയാൽ അവനെ ശാസിക്കാനും, തെറ്റുതിരുത്തിപ്പിക്കാനും നിങ്ങൾക്ക് ചുമതലയില്ലേ. ഉണ്ട് എന്നാണ് ഞാൻ എന്നും കരുതിയത്. എന്റെ മകനും നിങ്ങളോട് സ്‌നേഹവും ബഹുമാനവുമായിരുന്നു.'

'പക്ഷേ, നിങ്ങളവനെ ശാസിച്ചില്ല. തെറ്റുതിരുത്താൻ പ്രേരിപ്പിച്ചില്ല. നിങ്ങളും എല്ലാ രാഷ്ട്രീയക്കാരെയും പോലെ അവനെതിരെ രാഷ്ട്രീയ പ്രചാരവേല നടത്തുകയാണ് ചെയ്തത്.'ഒന്നു നിർത്തിയിട്ടവർ തുടർന്നു: 'ഭൂപേഷ് ഈ ദുരന്തത്തിൽ നിങ്ങൾ ഉത്തരവാദിയാണ്. നിങ്ങൾ ചെയ്യേണ്ടത് ചെയ്തിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.'ഈ സംഭവത്തെപ്പറ്റി ഭൂപേഷ് പിന്നീട് പറഞ്ഞു: 'എനിക്ക് വളരെ പ്രയാസം തോന്നി. ഇതുകേട്ട് ഞാൻ കരഞ്ഞുപോകുമോ എന്ന് എനിക്കു തന്നെ സംശയംതോന്നി. വളരെ പ്രയാസപ്പെട്ട് സ്വയം നിയന്ത്രിച്ചു. പിന്നീടധികം അവിടെ ഇരുന്നില്ല. വിഷമിച്ച് യാത്ര പറഞ്ഞ് പടി ഇറങ്ങിയ ഭൂപേഷ് ഇതിനിടയിൽ തന്റെ ചെരുപ്പെടുക്കാൻ മറന്നു. നടന്നു നീങ്ങുന്ന ഭൂപേഷിനെ നോക്കിനിന്ന ഇന്ദിര അത് ശ്രദ്ധിച്ചു. അവരുടെ സിൽബന്ധികളെ വിളിച്ച് അവർ വേഗം ചെരുപ്പുകൾ ഭൂപേഷിന്റെ കാറിലെത്തിച്ചു. ഭൂപേഷ് പറഞ്ഞു: 'ഞാൻ ഉരുകിപ്പോകുന്നതുപോലെനിക്കുതോന്നി.'

പക്ഷേ പലരും കരുതിയപോലെ പുത്രദുഃഖത്തിൽ ഇന്ദിര തകർന്നില്ല അവർ കൂടുതൽ ശക്തയാവുകയാണ് ഉണ്ടായത്. രാജീവ്ഗാന്ധിയെന്ന നേതാവിന്റെ ഉദയവും ഇതോടൊപ്പം ഉണ്ടായി.- പിന്നീടുള്ളതെല്ലാം ചരിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP