Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

പൊലീസുകാർ ക്രിമിനൽ സംഘാംഗങ്ങളായി വേഷമിട്ടത് പത്തുമാസം; മയക്കുമരുന്ന് കടത്തും ഗുണ്ടാപിരിവും നടത്തുന്നതായി കാണിച്ച് പ്രതിയുടെ വിശ്വാസമാർജിച്ച് രഹസ്യങ്ങൾ ചോർത്തി; ഒടുവിൽ കാമുകിക്ക് വേണ്ടി ജ്യൂസിൽ വിഷം കലർത്തി ഭർത്താവിനെ കൊലചെയ്തുവെന്ന് കാമുകന്റെ കുറ്റസമ്മതം; മലയാളികളായ സോഫിയക്കും അരുൺ കമലാസനനും ഓസ്ട്രേലിയയിൽ കിട്ടിയത് പരമാവധി ശിക്ഷ; മെൽബൺ സാം ഏബ്രഹാം സയനൈഡ് കൊലക്കേസിന്റെ അന്വേഷണ വഴികൾ ഹോളിവുഡ് സിനിമകളെപ്പോലെ

പൊലീസുകാർ ക്രിമിനൽ സംഘാംഗങ്ങളായി വേഷമിട്ടത് പത്തുമാസം; മയക്കുമരുന്ന് കടത്തും ഗുണ്ടാപിരിവും നടത്തുന്നതായി കാണിച്ച് പ്രതിയുടെ വിശ്വാസമാർജിച്ച് രഹസ്യങ്ങൾ ചോർത്തി; ഒടുവിൽ കാമുകിക്ക് വേണ്ടി ജ്യൂസിൽ വിഷം കലർത്തി ഭർത്താവിനെ കൊലചെയ്തുവെന്ന് കാമുകന്റെ കുറ്റസമ്മതം; മലയാളികളായ സോഫിയക്കും അരുൺ കമലാസനനും ഓസ്ട്രേലിയയിൽ കിട്ടിയത് പരമാവധി ശിക്ഷ; മെൽബൺ സാം ഏബ്രഹാം സയനൈഡ് കൊലക്കേസിന്റെ അന്വേഷണ വഴികൾ ഹോളിവുഡ് സിനിമകളെപ്പോലെ

എം മാധവദാസ്

മെൽബൺ: കൂടത്തായിക്കൊക്കെ മുമ്പ് മലയാളി മനസാക്ഷിയെ നടുക്കിയ സയനൈഡ് കൊലപാതകമായിരുന്നു, ഓസ്ട്രേലിയയിലെ മെൽബണിൽ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാമിന്റെത് (34). സാം എബ്രഹാമിന്റെ ഭാര്യ സോഫിയയും(32) കോട്ടയത്തെ കോളജ് ജീവിതത്തിൽ അവൾക്ക് കിട്ടിയ കാമുകനായ അരുൺ കമലാസനും (34), ചേർന്ന് സാമിനെ ജ്യൂസി ൽ വിഷം കലർത്തി കൊല്ലുകയായിരുന്നു. 2015 ഒക്ടോബർ 13നാണ് മെൽബൺ എപ്പിങ്ങിലെ വീട്ടിൽ ഭാര്യക്കും നാലുവയസ്സുള്ള മകനുമൊപ്പം കിടന്നുറങ്ങിയ സാമിനെ മരിച്ച നിലയിൽ കണ്ടത്.ഹൃദയാഘാതംമൂലം മരിച്ചതാണെന്നു വീട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിച്ച സോഫിയ, മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്‌കരിച്ചശേഷം മകനോടൊപ്പം മെൽബണിലേക്കു മടങ്ങി. പൊലീസ് 10 മാസത്തിനുശേഷം, 2016 ഓഗസ്റ്റ് 12നാണു സോഫിയയെയും കാമുകൻ അരുൺ കമലാസനനെയും അറസ്റ്റ് ചെയ്തപ്പോൾ അക്ഷരാർഥത്തിൽ ഏവരും നടുങ്ങി. പക്ഷേ പൊലീസിന്റെ കൈയിൽ തെളിവുകൾ കൃത്യമായിരുന്നു.

വധശിക്ഷ നിരോധിച്ച രാജ്യമാണ് ഓസ്ട്രേലിയ. 1973 ലെ 'ഡെത്ത് പോനാലിറ്റി അബോളിഷൻ ആക്ട്' പ്രകാരമാണ് ഓസ്ട്രേലിയയിൽ വധശിക്ഷ ഒഴിവാക്കിയത്. ഇപ്പോൾ ഓസ്ട്രേലിയയിൽ ഏറ്റവും കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്. അതിലെ പരമാവധി ശിക്ഷയാണ് ഇവർക്ക് കോടതി കൊടുത്തത്. സയനൈഡ് കൊലക്കേസിൽ സോഫിയ സാമിനെ 22 വർഷത്തേക്കും, കാമുകൻ അരുൺ കമലാസനനെ 27 വർഷത്തേക്കുമാണ് വിചാരണക്കോടതി ശിക്ഷിച്ചത്. അരുണിന്റെ ശിക്ഷ പിന്നീട് അപ്പീൽ കോടതി 24 വർഷമായി കുറച്ചിരുന്നു.

പക്ഷേ ഇതൊന്നുമല്ല ഈ കേസിനെ വ്യത്യസ്തമാക്കുന്നത്. ആരും സംശയിക്കാത്ത ഈ കേസ് തെളിയിച്ചത് ഹോളിവുഡ് സിനികകളെ അമ്പരപ്പിക്കുന്ന രീതിയിലാണ്. ക്രിമനിൽ സംഘത്തിലെ അംഗങ്ങളായി നിരവധി പൊലീസുകാർ വേഷമിട്ട് അവർ പത്തുമാസത്തോളം നിരന്തതരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നന്നതായി കാണിച്ച് പ്രതിയെ വിശ്വസിപ്പിച്ച് അവസാനം അയാളെ കൊണ്ടുതന്നെ കുറ്റം മണിമണിയായി സമ്മതിപ്പിക്കുന്നു. കമൽഹാസന്റെ കുരുതിപ്പുനലിൽ അടക്കമുള്ള ചില ഇന്ത്യൻ ചിത്രങ്ങളിലും നാം ഇതുപോലെയുള്ള വേഷം മാറലുകൾ കണ്ടിട്ടുണ്ട്. ഐപിഎസ് അക്കാദമികളിലും പൊലീസ് ട്രെയിനിങ്ങ് കോളജുകളിലുമൊക്കെ സ്‌ക്കോട്ട്ലൻഡ് യാർഡ് പൊലീസിന്റെയൊക്കെ കേസ് അന്വഷണം കേസ് സ്റ്റഡിയായി പഠിപ്പിക്കുന്നുണ്ട്. അതുപോലെ കുറ്റാന്വേഷണ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിക്കുന്നതാണ് ഈ കേസിൽ ഓസ്ട്രേലിയൻ പൊലീസിന്റെ മികവ്.

കേസ് വിക്ടോറിയ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം തെളിയിച്ചത് എങ്ങനെയെന്ന വിശദാംശങ്ങൾ എസ് ബി എസ് മലയാളം റേഡിയോ ചാനലാന് ഇപ്പോൾ പുറത്തുവിട്ടത്. ഓസ്ട്രലിയിലെ നിയമപ്രകാരം കേസിൽ അന്തിമവിധി വന്ന് ഒരു വർഷത്തിനു ശേഷമാണ്, ഇത്തരം വിവരങ്ങൾ പുറത്തുവിടാൻ കഴിയുക.

ഒറ്റനോട്ടത്തിൽ സംശയം തോന്നാത്ത കൊല

സാം എബ്രഹാമിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിതയിന്റെ തൊട്ടടുത്ത ദിവസം തന്നെ, ഇതേക്കുറിച്ച് വിക്ടോറിയ പൊലീസിലെ നരഹത്യാ സ്‌ക്വാഡ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന് എസ് ബി എസ് റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. സാമിന്റെ ഏറ്റവും അടുത്ത ബന്ധുക്കളെ പോലും മരണകാരണം അറിയിക്കരുത് എന്നായിരുന്നു ഇവർ മറ്റു വകുപ്പുകൾക്ക് നൽകിയ നിർദ്ദേശം. ഒക്ടോബർ 16 മുതൽ 2016 ജൂലൈ 22 വരെ അഞ്ചു തവണ സോഫിയ സാം മരണകാരണം തേടി കൊറോണർ കോടതിയെ വിളിച്ചെങ്കിലും, അത് വ്യക്തമായിട്ടില്ല എന്ന് അവർ മറുപടി നൽകി. അതിനിടയിൽ, സയനൈഡ് ഉള്ളിൽച്ചെന്നാണ് സാം മരിച്ചതെന്ന് 2015 നവംബർ 12ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

ഇതോടെ അന്വേഷണം രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി.നവംബർ 25നാണ് 'നമ്പർ xx' എന്ന കോഡിൽ അറിയപ്പെടുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയത്.സോഫിയ സാമിനെ നിരീക്ഷിക്കുക എന്നതായിരുന്നു ഇതുപോലെ കോഡ് നമ്പരുകളിലുള്ള നിരവധി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ചുമതല. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും, കാറിൽ സോഫിയയുടെ വീട്ടിലേക്ക് പോകുന്നതുമെല്ലാം ചിത്രങ്ങളിൽ പതിഞ്ഞപ്പോഴാണ് അന്വേഷണം അരുൺ കമലാസനനിലേക്ക് നീണ്ടത്. തുടർന്ന് മൂന്നു ഡസനിലേറെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ പല വേഷങ്ങളിലും പല പേരുകളിലുമായി അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങി.

വേഷം മാറി ഡിറ്റക്ടീവുകൾ; വലയിൽ കുടുങ്ങി അരുൺ

അരുൺ കമലാസനനെക്കുറിച്ച് സംശയം തോന്നിയതോടെ അന്വേഷണത്തിന്റെ ചുമതല വേഷപ്രച്ഛന്നരായി എത്തിയ ഡിറ്റക്ടീവുകൾ ഏറ്റെടുത്തു. അരുൺ കമലാസനനുമായി സൗഹൃദത്തിലെത്തുക, വിശ്വാസം പിടിച്ചുപറ്റുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഡാൻ എന്ന പേര് സ്വീകരിച്ച ഒരുദ്യോഗസ്ഥനായിരുന്നു അരുണിന്റെ സുഹൃത്താവാനുള്ള ചുമതല. അരുണിന്റെ വീടിനു സമീപത്തുവച്ച് ''സാന്ദർഭികമായി'' ഇവർ കണ്ടുമുട്ടുന്നു. തന്റെ ബോസിന്റെ മകളെ കാണാനില്ലെന്നും, തേടിയിറങ്ങിയതാണെന്നും ഡാൻ അരുൺ കമലാസനനോട് പറയുന്നു. ആ പ്രദേശത്ത് തെരച്ചിൽ നടത്താൻ അരുണിന്റെ സഹായം തേടുകയായിരുന്നു ഡാൻ.

അടുത്ത അഞ്ചു മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള 37 സാഹചര്യങ്ങളാണ് ഈ ഈ ഡിറ്റക്ടീവുകൾ സൃഷ്ടിച്ചത്. അരുണുമായി നടത്തിയ ഓരോ സംഭാഷണവും ഡാൻ രഹസ്യമായി റെക്കോർഡ് ചെയ്തു. ഈ സംഭാഷണങ്ങളെല്ലാം തെളിവായി പിന്നീട് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അരുണുമായി സൗഹൃദം സ്ഥാപിച്ച ഡാൻ, താൻ ഒരു ക്രിമിനൽ സംഘത്തിന്റെ ഭാഗമാണ് എന്നാണ് അരുണിനോട് പറഞ്ഞത്.പതിയെ പതിയെ അരുണിനെയും ഡാൻ ഈ സംഘത്തിന്റെ ഭാഗമാക്കി.

ജോ എന്നാണ് സംഘത്തലവന്റെ പേരെന്നും, ജോയ്ക്ക് പണം കൊടുക്കാനുള്ളവരിൽ നിന്ന് അത് പിരിച്ചെടുക്കാൻ കൂടെ ചെല്ലാനുമായിരുന്നു ഡാൻ ആദ്യം അരുണിനെ ക്ഷണിച്ചത്. തന്റെ സാമ്പത്തിക പ്രതിസന്ധികൾ ഡാനിനോട് പങ്കുവച്ച അരുൺ കമലാസനൻ അതിന് സമ്മതിച്ചു. തുടർന്ന് അരുൺ അത്തരം ''ഓപ്പറേഷനുകളുടെയെല്ലാം'' ഭാഗമായി. മുപ്പതിനായിരവും, അമ്പതിനായിരവുമെല്ലാം ഡോളറായിരുന്നു ഓരോ സമയത്തും പിരിച്ചത്. ഡാനിന്റെ കൂടെ കാറിൽ പോകുക, പണം എണ്ണുക ഇതായിരുന്നു അരുണിന്റെ ചുമതല.200 ഡോളറായിരുന്നു അരുണിന് പ്രതിഫലമായി ആദ്യ ഓപ്പറേഷനുകളിൽ നൽകിയത്. മറ്റ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തന്നെയായിരുന്നു പണം നൽകാനുള്ളവരായും, കടംവാങ്ങിയവരായുമെല്ലാം ഈ ''സീനുകളിൽ അഭിനയിച്ചത്.''

പൊലീസുകാർ ഗുണ്ടാകളായും വേഷമിട്ടു

ആദ്യഘട്ടത്തിൽ ഇത്തരത്തിലെ പണപ്പിരിവായിരുന്നുവെങ്കിൽ, പിന്നീട് അത് ക്രിമിനൽ നടപടികളായി.പണം തിരികെ നൽകാൻ തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തുക, അവരുടെ കാറ് പിടിച്ചെടുക്കുക, ബ്ലാക്ക്മെയിൽ ചെയ്യുക തുടങ്ങിയ നടപടികളിലേക്ക് കടന്നു. ''സംഘത്തിലെ കൂടുതൽ അംഗങ്ങളെ'' അരുൺ കാണുകയും പരിചയപ്പെടുകയും, മദ്യപാന സദസുകളിൽ കൂടുകയും ചെയ്തു.ഇതെല്ലാം വേഷം മാറിയ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തന്നെയായിരുന്നു. ഓരോ രംഗങ്ങളുടെയും ശബ്ദമോ ദൃശ്യമോ രഹസ്യമായി അവർ പകർത്തി. അത് പിന്നീട് മയക്കുമരുന്ന് കടത്തിലേക്കും നീണ്ടു. മയക്കുമരുന്ന് എന്ന പേരിൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ നൽകിയ ഗുളികകളായിരുന്നു അരുണും ഡാനും ചേർന്ന് ''കടത്തിയത്''.

എന്തു പ്രശ്നമുണ്ടായാലും രക്ഷിക്കാൻ തക്ക സ്വാധീനമുള്ളയാളാണ് സംഘത്തലവൻ ജോ എന്ന പ്രതീതിയാണ് ഇത്തരം ഓപ്പറേഷനുകളിലൂടെ ഡാൻ ഉണ്ടാക്കിയെടുത്തത്. ഡാനിനെ പൂർണവിശ്വാസത്തിലെടുത്ത അരുൺ, സയനൈഡ് എന്നവകാശപ്പെട്ട് ഒരു പൊടി സൂക്ഷിക്കാൻ ഏൽപ്പിച്ചു.താൻ മുമ്പ് ചെയ്ത ഒരു കാര്യത്തിന്റെ പേരിൽ പൊലീസ് അന്വേഷിച്ചു വരാൻ സാധ്യതയുണ്ട് എന്നു പറഞ്ഞായിരുന്നു ഇത് ഡാനിന്റെ കൈവശം നൽകിയത്. അതിനിടെ ഓസ്ട്രേലിയയിൽ സ്റ്റുഡന്റ് വിസയിൽ നിന്ന് പെർമനന്റ് റെസിഡൻസിയിലേക്ക് മാറാനുള്ള ശ്രമങ്ങളെക്കുറിച്ചും അരുൺ ഡാനിനോട് സംസാരിച്ചു. ഇതായിരുന്നു അന്വേഷണം അവസാന ഘട്ടത്തിലേക്കെത്തിക്കാൻ അന്വേഷണോദ്യോഗസ്ഥർക്ക് കിട്ടിയ പിടിവള്ളി.കുടിയേറ്റ കാര്യവകുപ്പിലെ ഉദ്യോഗസ്ഥൻ എന്ന പേരിൽ മറ്റൊരു ഡിറ്റക്ടീവിനെ അവർ എത്തിച്ചു. അരുണിന്റെ  അപേക്ഷ പൂരിപ്പിച്ചുവാങ്ങിയ ഈ ''ഉദ്യോഗസ്ഥൻ'', അക്കാര്യം ശരിയാക്കാം എന്ന് ഉറപ്പു നൽകിയാണ് മടങ്ങിയത്.

കൊല പേപ്പറിൽ വരച്ചകാട്ടിയ പ്രതി

അരുണാണ് സാം എബ്രഹാമിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ഇതിനകം വ്യക്തമായ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, അന്വേഷണം പൂർത്തിയാക്കാനുള്ള പദ്ധതി തയ്യാറാക്കുന്നു. 2016 ഓഗസ്റ്റ് 18ന് തെക്കുകിഴക്കൻ വിക്ടോറിയയിലെ വറാഗലിൽ മയക്കുമരുന്ന് ഇറക്കുമതിയുമായി ബന്ധപ്പെട്ട് പണം പിരിക്കാനായി ഡാനും അരുണും ഒരുമിച്ച് പോകും എന്നാണ് പദ്ധതി.

ഈ യാത്രക്കിടെ ഡാനിന്റെ ഫോണിലേക്ക് സംഘത്തലവൻ ജോയുടെ കോൾ വരുന്നു.അരുണിന്റെ പി ആർ അപേക്ഷയുമായി ബന്ധപ്പെട്ട് ഒരു പ്രശ്നമുണ്ടെന്ന് ജോ അറിയിച്ചതായാണ് ഡാൻ പറഞ്ഞത്. അരുണിനെതിരെ പൊലീസ് തെരച്ചിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും, ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അരുണിനെ തേടുന്നു എന്നുമായിരുന്നു ഈ സന്ദേശം. പി ആർ അപേക്ഷയുടെ നടപടിക്രമങ്ങൾക്കിടെ കുടിയേറ്റകാര്യവകുപ്പ് ഉദ്യോഗസ്ഥൻ ജോയെ അറിയിച്ചതാണ് ഇതെന്നും ഡാൻ പറഞ്ഞു. എത്രയും വേഗം തിരിച്ചെത്തി ജോയോട് സംസാരിച്ച് ഇക്കാര്യം പരിഹരിക്കാൻ ശ്രമിക്കണം എന്നാണ് ഡാൻ നിർദ്ദേശിച്ചത്. തുടർന്ന് കാറിലെ മടക്കയാത്രയിലാണ് അരുൺ കമലാസനൻ കൊലപാതകത്തിന്റെ വിശദാംശങ്ങളെല്ലാം വെളിപ്പെടുത്തുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് സോഫിയ സാമിന് അതേക്കുറിച്ച് അറിയില്ലായിരുന്നുവെന്നും, എന്നാൽ താൻ പിന്നീട് എല്ലാം പറഞ്ഞു എന്നും ഡാൻ രഹസ്യമായി റെക്കോർഡ് ചെയ്ത സംഭാഷണത്തിൽ അരുൺ പറയുന്നു.

2016 ഓഗസ്റ്റ് 18നാണ് അരുണിന് പിടിവീണത്. മെൽബൺ നഗരത്തിലെ യാരാ നദിക്കരയിലുള്ള ഹിൽട്ടൻ ഹോട്ടലിലെ ഒരു മുറിയിലാണ് ക്ലൈമാകസ് നടന്നത്. മുറിക്കുള്ളിൽ അരുൺ കമലാസനനും, നിരവധി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും.സുഹൃത്തുക്കളെ പോലെ ഒരുമിച്ചിരുന്ന് സംസാരിക്കുകയാണ് എല്ലാവരും.
സാം എബ്രഹാമിന്റെ വീട്ടിലേക്ക് എങ്ങനെയാണ് രാത്രിയിൽ കടന്നുകയറിയതെന്ന് അരുൺ കമലാസനൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഒരു പേപ്പറിൽ വരച്ചു കാട്ടുന്നു.സാമിനും, ഭാര്യ സോഫിയയ്ക്കും, അവരുടെ മകനും കഴിക്കാനായി ഉണ്ടാക്കിവച്ചിരുന്ന അവൊക്കാഡോ ഷേക്കിൽ എങ്ങനെ ഉറക്കമരുന്ന് കലർത്തിയെന്നും, പിന്നീട് മയങ്ങിക്കിടന്ന സാം എബ്രഹാമിന്റെ വായിലേക്ക് സയനൈഡ് കലർത്തിയ ഓറഞ്ച് ജ്യൂസ് എങ്ങനെ ഒഴിച്ചുനൽകിയെന്നും അരുൺ കമലാസൻ വിശദമായി പറയുന്നു.

''I took that guy off' ഈ മുറിയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് അരുൺ കമലാസനൻ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.ഈ സംഭാഷണം നടന്നതിനു പിന്നാലെയാണ് അരുൺ കമലാസനനെയും, സോഫിയ സാമിനെയും അറസ്റ്റ് ചെയ്യുന്നത്. സാം എബ്രഹാമിന്റേത് ഒരു കൊലപാതകമായിരുന്നുവെന്ന് ആദ്യമായി പുറംലോകം അറിയുന്നതും.
ഇതിന്റെ വീഡിയോ ദൃശ്യങ്ങളും, ശബ്ദ റെക്കോർഡിംഗുമാണ് ജൂറി വിചാരണയിൽ കൊലപാതകത്തിന്റെ ഏറ്റവും പ്രധാന തെളിവായി മാറിയത്.

സോഫിയയുടെ പങ്കും വ്യക്തം

സോഫിയ സാമിന് ഇക്കാര്യം അറിയില്ലായിരുന്നു എന്ന അരുണിന്റെ വീഡിയോയിലെ വാദം പിന്നീട് കോടതിയിൽ പ്രോസിക്യൂഷൻ ഖണ്ഡിച്ചു. അരുണും സോഫിയയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമായിരുന്നു കൊലപാതകം എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചത്.ഇവരുടെ ബാങ്ക് ഇടപാടുകളും ഡയറിക്കുറിപ്പുകളുമെല്ലാം തെളിവായി ഹാജരാക്കിയാണ് പൊലീസ് ഇക്കാര്യം തെളിയിച്ചത്.

പ്രതികളായ സോഫിയയും അരുണും ചേർന്ന് 2014 ജനുവരിയിൽ മെൽബൺ കോമൺവെൽത്ത് ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയതിന്റെ വിശദാംശങ്ങളും അരുണിന്റെ വിലാസം ഉപയോഗിച്ചു സോഫിയ ഇന്ത്യയിലേക്കു പണം അയച്ചതിന്റെ രേഖകളും ഉൾപ്പെടെ ഒട്ടേറെ തെളിവുകളാണു പ്രോസിക്യൂട്ടർ 14 അംഗ ജൂറിക്കു മുൻപാകെ ഹാജരാക്കി.പോസ്റ്റ്മോർട്ടം നടത്തിയശേഷം ലഭിച്ച ടോക്സിക്കോളജി റിപ്പോർട്ടിൽ, രക്തത്തിലും കരളിലും അമിതമായ അളവിൽ സയനൈഡിന്റെ അംശം കണ്ടെത്തിയതായി രേഖപ്പെടുത്തിയിരുന്നു. അരുണിനൊപ്പം താമസിച്ചിരുന്ന മലയാളിയായ അജി പരമേശ്വരനെയും കോടതിയിൽ ഹാജരാക്കി. അരുണിനെയും സോഫിയയെയും അരുണിന്റെ വീട്ടിൽ ഒരുമിച്ചു കണ്ടിട്ടുള്ളതായി അജി മൊഴിനൽകി.

അരുണിന്റെ പേരിലുള്ള മൊബൈൽ നമ്പർ സോഫിയ സ്ഥിരമായി ഉപയോഗിച്ചിരുന്നതും ഇരുവരും ഒരുമിച്ചു യാത്രചെയ്യുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും ഹാജരാക്കി. സാമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാർ സാം മരിച്ചതിന്റെ അഞ്ചാം മാസം, 2016 മാർച്ചിൽ, അരുണിന്റെ പേരിലേക്കു മാറ്റിയതിന്റെ രേഖകൾ, സോഫിയയുടെയും അരുണിന്റെയും ഡയറിക്കുറിപ്പുകൾ തുടങ്ങിയവയും സംഭവദിവസം രാത്രിയിൽ അരുൺ കമലാസനൻ സാമിന്റെ വീട്ടിൽ എത്തിയതിന്റെ തെളിവുകളും ഹാജരാക്കി.അരുണിനു മനോദൗർബല്യമുണ്ടെന്ന വാദമാണ് അഭിഭാഷകൻ ഉന്നയിച്ചത്. ഏറെ നാളായി ഭാര്യയിൽനിന്നും നാലുവയസ്സുള്ള മകനിൽനിന്നും പിരിഞ്ഞുകഴിയുകയാണ്. കുടുംബത്തിന് ഓസ്‌ട്രേലിയയിലെത്തി അരുണിനെ കാണാൻ സാധിക്കുന്നുമില്ല. ജയിലിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നതും കണക്കിലെടുത്തു കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം വാദിച്ചു.

രഹസ്യ വിവരം നൽകിയത് അരുണിന്റെ ഭാര്യയോ?

അതിനിടെ ഒരു അജ്ഞാത സ്ത്രീയുടെ സന്ദേശമാണ് കൊലയാളിയെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് നല്കുന്നത്. സോഫിയെയും കാമുകൻ അരുൺ കമലാസനെയും കുടുക്കിയതും ഈ സന്ദേശത്തിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണെന്നാണ് റിപ്പോർട്ട്. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കാമുകനുമായുള്ള സോഫിയുടെ അവിഹിത ബന്ധത്തെപ്പറ്റി പൊലീസിന് സൂചന നല്കിയിരുന്ന അജ്ഞാത സ്ത്രീ അരുണിന്റെ ഭാര്യയായിരുന്നെന്നാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ. 'സോഫിയെ നിരീക്ഷിക്കൂ, അവൾ പലതും മറയ്ക്കുന്നുണ്ട്' എന്നായിരുന്നു പൊലീസിനു ലഭിച്ച സന്ദേശം. സാം കൊല്ലപ്പെടുന്നതിന് പത്തു മാസം മുമ്പേ അരുൺ ഭാര്യയെയും കുട്ടിയെയും കൊല്ലത്തെ വീട്ടിലേക്ക് അയച്ചിരുന്നു. കുട്ടിയെ പരിചരിക്കാനുള്ള എളുപ്പത്തിലായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച് അരുൺ സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. എന്നാൽ, ഭർത്താവിനു സോഫിയുമായുള്ള അരുതാത്ത ബന്ധം ഇവരുടെ ചെവിയിലുമെത്തിയിരുന്നു. സോഫിയുമൊത്തുള്ള രഹസ്യക്കൂടിക്കാഴ്‌ച്ച അരുൺ വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. ഇതു കാണാനിടയായ ഭാര്യ അരുണിനോട് പിണങ്ങി നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഭർത്താവിന്റെ തെറ്റായ രീതിയിലുള്ള പോക്ക് ഇവർ തന്റെ വീട്ടിൽ അറിയിക്കുകയും ചെയ്തിരുന്നു.

സാമിനെ ഒഴിവാക്കാമെന്നുള്ള ആശയം മുന്നോട്ടുവച്ചത് സോഫിയാണെന്നാണ് അരുൺ മൊഴിനല്കിയിരിക്കുന്നത്. താൻ പിന്തിരിപ്പിച്ചെങ്കിലും സോഫിയുടെ കടുംപിടുത്തം മൂലം താൻ സമ്മതിക്കുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പത്തുമാസം മുമ്പു തന്നെ കൊലപാതകത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഒരു പഴുതും ഇല്ലാതെയായിരുന്നു ഒരുക്കങ്ങൾ.

കോട്ടയത്ത് കോളജിൽ പഠിക്കുന്ന സമയത്താണ് സോഫി സാമുമായി പ്രണയത്തിലാകുന്നത്. ഈ സമയം അവിടെ പഠിക്കാനെത്തിയ അരുണുമായുള്ള അടുപ്പവും തുടർന്നു. അരുണുമായി സോഫിക്കു സൗഹൃദമുള്ള കാര്യം അറിയാമായിരുന്നുവെങ്കിലും ഇരുവരും തമ്മിലുള്ള അവിഹിതം തുടക്കത്തിൽ സാമിനും അറിയില്ലായിരുന്നു. വിവാഹശേഷം സോഫി ഓസ്‌ട്രേലിയയിലെത്തി കുറെനാളുകൾക്കുശേഷം സാമിനെയും പിന്നീട് അരുണിനെയും അവിടെയെത്തിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഇത് കേരളത്തിൽ പ്രചരിച്ച കഥായണ്. ഓസ്ത്രേലിയൻ അധികൃതർ ഇത്തരം വ്യക്തിപരമായ കാര്യങ്ങൾ പുറത്തുവിടാറില്ല.

സൂട്ടും കോട്ടുമണിഞ്ഞു പ്രതികൾ

ഇന്ത്യൻ കോടതികളിൽനിന്ന് തീർത്തും വ്യത്യാസ്തമായാണ് ഓസട്രേലയയിൽ ജുഡുഷ്യറിയും പ്രവർത്തിക്കുന്നതെന്ന് ഈ സംഭവ പരമ്പരകൾ റിപ്പോർട്ട് ചെയ്ത എസ് ബി എസ് മലയാളം റേഡിയോയുടെ തന്നെ റിപ്പോർട്ടർമാർ എഴുതിയത്. ഓസ്ത്രേലിയൻ കോടതി നടപടികൾ റിപ്പോർട്ട് ചെയ്ത ഒരു മാധ്യമ പ്രവർത്തക ഇങ്ങനെയാണ് എഴുതിയത്. 'കുറ്റം തെളിയുന്നത് വരെയും പ്രതികളെ നോട്ടം കൊണ്ടുപോലും കുറ്റവാളികളായി വ്യാഖ്യാനിക്കാൻ അവസരം കൊടുക്കാത്ത നീതി ധർമം ആണ് ഓസ്‌ട്രേലിയയിൽ. പ്രതികളായ സോഫിയ സാമിനെയും അരുൺ കമലാസനനെയും കേസിന്റെ ഓരോ ഘട്ടത്തിലും കോടതി മുറിയിലെത്തിക്കുന്നത് വളരെ അതിശയത്തോടെയാണ് നോക്കികണ്ടത്. ഒട്ടും അലങ്കോലപ്പെടാതെ, ഏറ്റവും മികച്ച ഫോർമൽ ഡ്രസ്സിങ്ങിൽ തന്നെയാണ് സോഫിയയെയും, അരുണിനെയും കോടതിയിൽ ഹാജരാക്കിയിരുന്നത്. കൊട്ടിയടച്ച വാനിൽ, പുറത്തു നിന്നു ഒരു നോട്ടം പോലും ഏൽക്കാത്ത വിധത്തിലാണ് പ്രതികളെ ജയിലിൽ നിന്ന് കോടതിയിലേക്കും തിരിച്ചും എത്തിക്കുന്നത്. കോടതിയിലെ വലിയ ഇരുമ്പു ഗേറ്റിനുള്ളിലേക്ക് ഈ വാൻ കയറ്റി ഗേറ്റ് അടച്ച ശേഷം മാത്രമാണ് പ്രതികളെ വാഹനത്തിൽ നിന്നും ഇറക്കുന്നത് പോലും.

കോടതി പരിസരത്ത് ക്യാമറകൾക്ക് കർശന വിലക്ക് നിലനിൽക്കുന്നതുകൊണ്ടുതന്നെ പ്രതികളുടെ ചിത്രങ്ങൾ ലഭിക്കുക അത്ര എളുപ്പമല്ല. അതിനാൽ ഇവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും മറ്റും എടുക്കണമെങ്കിൽ പ്രതികളെ ഈ വലിയ വാനിൽ കയറ്റുന്നതിനും ഇറക്കുന്നതിനും ഇടയിൽ മാത്രമാണ് അവസരം ഉള്ളത്. പ്രതികളുടെ സ്വകാര്യതക്ക് പോലും സംരക്ഷണം നൽകുന്ന ഓസ്‌ട്രേലിയൻ നിയമം! തുറന്ന ജീപ്പിൽ ജനക്കൂട്ടത്തിനും വീഡിയോ ക്യാമറകൾക്കും ഇടയിലൂടെ ഉന്തും തള്ളും നിയന്ത്രിക്കാൻ പാട് പെടുന്ന പൊലീസിന്റെ അകമ്പടിയോടെ ഒരു കെട്ടുകാഴ്ച പോലെ എഴുന്നള്ളിക്കപ്പെടുന്ന ഇന്ത്യൻ പ്രതികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു ഇത്.'

സാധാരണക്കാരായ ജനങ്ങൾ അടങ്ങുന്ന ജൂറി വിചാരണ

പൊതു സമൂഹത്തിൽ നിന്നും സാധാരണക്കാരായ ജനങ്ങളെയാണ് ഇവിടെ ജൂറിയിലേക്ക് തെരഞ്ഞെടുക്കുന്നത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പല പ്രായത്തിലുള്ള 12 അംഗ ജൂറിക്ക് മുന്നിലായിരുന്നു കേസിന്റെ അന്തിമ വിചാരണ. ക്രിമിനൽ കേസുകളിൽ സാധാരണ 12 പേരെയാണ് ജൂറി അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നാണ് പ്രധാനമായും ഇവരെ തെരഞ്ഞെടുക്കുക. ഇവർക്കും ചില നിബന്ധനകളൊക്കെയുണ്ട്. കോടതി വിട്ടാൽ കേസിനെക്കുറിച്ച് ആരോടും സംസാരിക്കുവാനോ ചർച്ച ചെയ്യുവാനോ അനുവാദമില്ല. സ്വന്തം കുടുംബാംഗങ്ങളോട് പോലും. മാത്രമല്ല കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്റർനെറ്റിലൂടെയോ അല്ലാതെയോ കണ്ടെത്താൻ ശ്രമിക്കുക, പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തുക തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെട്ടാൽ വിക്ടോറിയയിലെ ജൂറിസ് ആക്ട് 2000 പ്രകാരം 15,000 ഡോളറാണ് പിഴ.

ഓസ്‌ട്രേലിയയിൽ ക്രിമിനൽ കേസുകളിലെ വിചാരണ ജൂറിയുടെ സാന്നിധ്യത്തിലാണ് നടക്കുക. തെളിവുകളും സാക്ഷിമൊഴികളും പ്രോസിക്യൂഷൻ ജൂറിക്ക് മുന്നിൽ ഹാജരാക്കും. സാക്ഷികളുടെ വിസ്താരവും ക്രോസ്സ് വിസ്താരവും നടക്കും. ഇവയെല്ലാം നോക്കിക്കണ്ട ശേഷം അന്തിമവിചാരണയുടെ അവസാനം പ്രതികൾ കുറ്റക്കാരാണോ അല്ലയോ എന്ന് ജൂറി വിധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജി ശിക്ഷ വിധിക്കുക. ഈ നടപടിക്രമങ്ങൾ തന്നെയാണ് സാം എബ്രഹാം വധക്കേസിലും നടന്നത്. 2018 ജനുവരി 29നാണ് സാം വധക്കേസിന്റെ അന്തിമ വിചാരണ വിക്ടോറിയൻ സുപ്രീം കോടതിയിൽ തുടങ്ങിയത്.

മാധ്യമങ്ങൾക്ക് ഇവിടെ പരിമിതികൾ ഏറെ

ജൂറി വിചാരണ റിപ്പോർട്ട് ചെയ്യുന്നതിലും മാധ്യമങ്ങൾക്ക് പരിമിതികൾ ഏറെയാണ്. വിചാരണക്ക് മുൻപ് നടന്ന ഒരു കാര്യവും റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അനുവാദമില്ല. ജൂറിക്ക് മുൻപാകെ നടക്കുന്ന കാര്യങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യാൻ അവകാശമുള്ളൂ. ഏതെങ്കിലും കാര്യത്തിൽ സപ്രെഷൻ ഓർഡർ ഉണ്ടോ എന്ന് ഓരോ ദിവസവും ഉറപ്പുവരുത്തണം. സാമിന്റെയും സോഫിയയുടെയും കുട്ടിയുടെ കാര്യം കോടതിയിൽ പരാമർശിച്ചെങ്കിലും കുട്ടിയുടെ പേരും വ്യക്തിത്വം വെളിപ്പെടുത്തുന്ന ഒരു വിവരവും റിപ്പോർട്ട് ചെയ്യാൻ നിയമപ്രകാരം അനുവാദമില്ല. റിപ്പോർട്ടിൽ ഫോട്ടോ ഉൾപ്പെടുത്തിയാൽ കുട്ടിയുടെ മുഖം മറച്ചിരിക്കണം. അങ്ങനെ നിരവധി നിയമങ്ങൾ. അച്ഛനെ മരണത്തിനും അമ്മയെ നിയമത്തിനും വിട്ടു കൊടുക്കേണ്ടി വന്ന ഒൻപതുകാരന്റെ വ്യക്തിത്വവും സ്വകാര്യതയും സംരക്ഷിക്കുന്ന ഈ നിയമങ്ങൾ ഈ കേസ് റിപ്പോർട്ട് ചെയ്ത എല്ലാ ഓസ്ട്രേലിയൻ മാധ്യമങ്ങളും കൃത്യമായി പാലിച്ചു. അല്ലാത്ത പക്ഷം ലഭിക്കുന്ന ശിക്ഷ അല്പം കഠിനമാണ്. അത്തരത്തിൽ മറ്റൊരു കേസ് റിപ്പോർട്ട് ചെയ്ത ഒരു മാധ്യമത്തിനും മാധ്യമ പ്രവർത്തകക്ക് കോടതി വിധിച്ച ശിക്ഷ ഉദാഹരണമായി കൊടുക്കുന്നു. തെറ്റായ റിപ്പോർട്ടിങിലൂടെ കോടതി നടപടികൾ തടസ്സപ്പെടുത്തിയതിനാണ് ഇവരെ കോടതി ശിക്ഷിച്ചത്.

തെളിവുകൾ കാണിച്ചത് വലിയ സ്‌ക്രീനിൽ

പതിനാലു ദിവസങ്ങൾ നീണ്ട വിചാരണയിൽ കുറ്റകൃത്യത്തിന്റെയും പ്രതികൾ തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന്റേതുമായ നിരവധി തെളിവുകളും സാക്ഷി മൊഴികളുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. സാമിന്റെ മൃതദേഹത്തിൽ സയനൈഡിന്റെ അംശം കണ്ടതുമുതൽ പൊലീസിന്റെ മാസങ്ങൾ നീണ്ട ചടുലവും സമർത്ഥവുമായ രഹസ്യാന്വേഷണമായിരുന്നു ഇതിന്റെ സ്രോതസ്.

പത്തു മാസങ്ങൾക്ക് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുന്നതും. വെറും പത്ത് മാസങ്ങൾ കൊണ്ടാണ് ഇത്രയും സങ്കീർണമായ ഒരു കേസിന്റെ അന്വേഷണം ഇവർ പൂർത്തിയാക്കിയത്.

പ്രതികൾ തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകൾ ഹാജരാക്കി കൊണ്ടാണ് അന്തിമ വിചാരണ തുടങ്ങിയത്. സോഫിയയും അരുണും സ്വന്തം കൈപ്പടയിലെഴുതിയ ഡയറിക്കുറിപ്പുകൾ, ഇവരുടെ സംയുക്ത ബാങ്ക് അക്കൗണ്ട്, അരുൺ നൽകിയ സിം കാർഡ് ഉപയോഗിച്ച് സോഫിയ അരുണിനെ ബന്ധപ്പെട്ടിരുന്നതിന്റെ കോൾ ലിസ്റ്റുകൾ, സാമിന്റെ മരണ ശേഷം സാമിന്റെ പേരിലുള്ള കാർ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ രേഖകൾ തുടങ്ങി കോടതി മുറിയിൽ ഇരുന്ന ഏവരെയും ഞെട്ടിക്കുന്ന വിധത്തിലുള്ള തെളിവുകൾ കോടതിക്കുള്ളിലെ വലിയ സ്‌ക്രീനിൽ വ്യക്തമായി കാണിച്ചു.അരുണിന്റെ ഈ കുറ്റസമ്മതം രഹസ്യമായി റെക്കോർഡ് ചെയ്തതിന്റെ ഓഡിയോയും, കൊലപാതകം ചെയ്യാൻ സാമിന്റെ വീടിനുള്ളിൽ എങ്ങനെ പ്രവേശിച്ചു എന്ന് വരച്ചു കാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുമായിരുന്നു അരുണിനെതിരെയുള്ള പ്രധാന തെളിവുകൾ. സാമിന്റെ വീടിനുള്ളിൽ പതുങ്ങിയിരുന്ന അരുൺ, സോഫിയ ഉണ്ടാക്കി വച്ച അവോക്കാഡോ ഷേക്കിൽ മയങ്ങിക്കിടക്കാനുള്ള മരുന്ന് ചേർത്തു. ശേഷം ഓറഞ്ചു ജ്യൂസിൽ സയനൈഡ് കലർത്തി ഉറങ്ങിക്കിടന്ന സാമിന്റെ വായിലേക്ക് ഒഴിച്ച് കൊടുക്കുകയും ചെയ്തു എന്നായിരുന്നു അരുണിന്റെ കുറ്റസമ്മതം.ഇവയെല്ലാം കോടതിമുറിയിൽ ഇരിക്കുന്ന ഓരോരുത്തർക്കും മനസിലാകത്തക്ക വിധത്തിലായിരുന്നു കോടതിയിൽ ഹാജരാക്കിയത്.

ഇതിനു പുറമെ സയനൈഡ് തന്നെയാണ് മരണകാരണമെന്ന് തെളിയിക്കുന്ന ഫോറൻസിക് വിദഗ്ധരുടെ മൊഴികൾ, മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ, സംശയം തോന്നിയത് മുതൽ പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച സർവീലൻസ് ഓപ്പറേറ്റീവ്സ് തുടങ്ങിയവരെല്ലാം നേരിട്ട് ഹാജരായി മൊഴി നൽകി.

കോടതി നൽകിയ തീയതികൾക്കുള്ളിൽ ഈ തെളിവുകളെല്ലാം ജൂറിക്ക് മുന്നിൽ ഹാജരാക്കിക്കൊണ്ടായിരുന്നു അന്തിമ വിചാരണ നടന്നതും. അരുണിനെതിരെ ശക്തമായ തെളിവുകൾ ആണ് ഉണ്ടായിരുന്നതെങ്കിൽ, സോഫിയക്കെതിരെ സാഹചര്യ തെളിവുകൾ മാത്രമായിരുന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചത്.

'നീയറിയാതെ നിന്റെ ഭർത്താവു കൊല്ലപ്പെടുകില്ല'

കോടതിമുറിയിൽ ഓരോരുത്തരും വർദ്ധിച്ച ആകാംഷയോടെയാണ് ഓരോ ദിവസവും കേസിന്റെ പുരോഗതി വീക്ഷിച്ചത്. വിചാരണക്കൊടുവിൽ ജൂറി വിധി പറയാനായി കോടതി പിരിഞ്ഞു. ആറ് ദിവസങ്ങൾക്ക് ശേഷം പ്രതികൾ രണ്ടു പേരും കുറ്റക്കാരാണെന്ന് ജൂറി അംഗങ്ങൾ വിധിച്ചു. മാധ്യമ വിചാരണ ഇല്ലാത്ത, ഒരു സ്വാധീനവും ചെലുത്താത്ത, മുൻ വിധികളില്ലാത്ത തികച്ചും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം വന്ന പൊതുജന പ്രതിനിധികളുടെ വിധി. നിർവികാരരായി വിധി കേട്ട പ്രതികൾ വീണ്ടും റിമാൻഡിലേക്ക്.

ഒരു മാസത്തിനു ശേഷം ശിക്ഷ കുറച്ചു നൽകാനുള്ള ഇരു പ്രതികളുടെയും പ്ലീ ഹിയറിങ് നടന്നു. കുട്ടിയുടെ ഭാവി കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് നൽകണമെന്ന് സോഫിയയും മാനസികാസ്വാസ്ഥ്യമുള്ളതിനാൽ ശിക്ഷ കുറയ്ക്കണമെന്ന് അരുണും. എന്നാൽ ഇതൊന്നും അത്രകണ്ട് പരിഗണിക്കാതെയാണ് ജൂൺ 21ന് പ്രതികളുടെ ശിക്ഷ വിക്ടോറിയൻ സുപ്രീം കോടതി വിധിച്ചത്.

മനുഷ്യാവകാശത്തിന് ഏറെ മുൻതുക്കം നൽകുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. എന്നിട്ടും തെളിവുകളുടെ പിൻബലം ശിക്ഷയിൽ ഇളവ് വരുത്താൻ കാരണമായില്ല. ജസ്റ്റിസ് പോൾ കൊഗ്ലൻ വിക്ടോറിയൻ സുപ്രീം കോടതിയുടെ ഗ്രീൻ കോർട്ടിലെ കോടതിമുറിയിൽ മുക്കാൽ മണിക്കൂർ നീണ്ട വിധി പ്രസ്താവം വായിച്ചു കേൾപ്പിച്ചതിൽ നിന്നും ഇത് വ്യക്തം.

'നീയറിയാതെ നിന്റെ ഭർത്താവു കൊല്ലപ്പെടുകില്ല' എന്ന വിധി പ്രസ്താവം വായിച്ചു കേൾപ്പിച്ചു കൊണ്ടാണ് സോഫിയയുടെ ശിക്ഷ കോടതി വിധിച്ചത്. സാഹചര്യ തെളിവുകളുടെയും ജൂറിവിധിയുടെയും അടിസ്ഥാനത്തിൽ മാത്രം! സാം എബ്രഹാം വധക്കേസിൽ 22 വർഷം ജയിൽ ശിക്ഷയാണ് സോഫിയയ്ക്ക് കോടതി വിധിച്ചത്. 18 വർഷത്തിന് ശേഷം മാത്രമേ സോഫിയയ്ക്ക് പരോൾ ലഭിക്കുകയുള്ളു.

മൂന്ന് വർഷം നീണ്ട പദ്ധതിക്കൊടുവിലാണ് കൊല നടത്തിയത് എന്നാണ് കണ്ടെത്തൽ. പ്രതികൾ തമ്മിൽ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കും വിധത്തിലായിരുന്നു അരുൺ കമലാസനന്റെ ശിക്ഷ വിധിച്ചത്.

''ഈ കൊലപാതകത്തിന്റെ സൂത്രധാരൻ നീയാണ്'

''ഈ കൊലപാതകത്തിന്റെ സൂത്രധാരൻ നീയാണ്'' എന്ന് പറഞ്ഞുകൊണ്ട് 27 വർഷം തടവാണ് കോടതി അരുൺ കമലാസനന് വിധിച്ചത്. 23 വർഷത്തിന് ശേഷം മാത്രമേ അരുൺ പുറംലോകം കാണുകയുള്ളൂ!

''Arun Kamalasanan you are sentenced to be in prison for a term of 27 years'þJustice Paul Coghlan. വളരെ ആസൂത്രിതമായി നടത്തിയ ഒരു കൊലപാതകത്തിന് ശിക്ഷയായി ഓസ്‌ട്രേലിയൻ നീതി പീഠം നൽകിയ കാലയളവ്.കൊലപാതകവും ബലാത്സംഗവും ഉൾപ്പടെ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂര കൃത്യങ്ങൾ നടത്തിയിട്ടും ഏഴും എട്ടും വർഷങ്ങൾ പോലും തികയ്ക്കാതെ നിയമത്തിന്റെ അയഞ്ഞ കണ്ണികളിലൂടെ ഊർന്നു പോയ എത്രയോ കൊലയാളികൾ ഇപ്പോഴും നമ്മുടെ ഇന്ത്യയിൽ സ്വതന്ത്രരായി റോന്തു ചുറ്റുന്നു

നിർവികാരനായാണ് അരുൺ ശിക്ഷാ വിധി കേട്ടതെങ്കിൽ, കണ്ണീർ ഒഴുക്കിക്കൊണ്ടാണ് സോഫിയ ശിക്ഷ ഏറ്റുവാങ്ങിയത്. തെറ്റായി വാർത്ത റിപ്പോർട്ട് ചെയ്യാതിരിക്കാനും സ്ഫുടമായി കാര്യങ്ങൾ മനസിലാക്കാനുമായി ശിക്ഷാ വിധിയുടെ ശബ്ദസംപ്രേഷണം തത്സമയം മാധ്യമങ്ങൾക്ക് കോടതിനൽകി.

ഒരു സസ്പെൻസ് ഡ്രാമയുടെ എല്ലാ ചേരുവകളും വേണ്ടത്ര ഉണ്ടായിരുന്ന ഒരു കേസായിരുന്നു ഇതെന്നു വേണമെങ്കിൽ പറയാം. അത്തരം ഒരു സെൻസേഷണൽ കേസ് ധാർമ്മിക പത്രപ്രവർത്തനത്തിന്റെ നേർവരകൾക്കുള്ളിൽ നിന്ന് കൊണ്ട്, പൊടിപ്പും തൊങ്ങലും ഇല്ലാതെ റിപ്പോർട്ട് ചെയ്ത ഓസ്ട്രേലിയൻ മാധ്യമ സമൂഹം ഏറെ അഭിനന്ദനം അർഹിക്കുന്നു. ഒരു വാർത്താ ബീജം പൊട്ടിമുളയ്ക്കുന്നതിനു മുൻപേ വന്മരമാക്കുകയും ശേഷം വെട്ടി കുഴിച്ചു മൂടുകയും ചെയ്യുന്ന കേരളത്തിലെ സെസേഷണൽ വാർത്താ സംസ്‌കാരം ഉടച്ചു വാർക്കേണ്ടിയിരിക്കുന്നു എന്നു ഓർമ്മിപ്പിക്കുന്നതായിരുന്ന ഓസ്ട്രേലിയൻ മാധ്യമങ്ങൾ പാലിച്ച ഈ സാമാന്യമര്യാദകൾ.

അതുപോലെ ഈ കേസ് തെളിയിക്കുന്നതിന് പൊലീസ് എടുത്ത റിസ്‌ക്കും സ്ട്രയിനും എത്രയാണെന്ന് നോക്കുക. നമ്മുടെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽപോലും പ്രതികൾ പുഷ്പംപോലെ ഊരിവരുന്നത് മതിയായ തെളിവുകളുടെ അഭാവത്തിലാണ്. ഇവിടെ പ്രതിയെ വിശ്വാസത്തിലെടുത്ത് ഒരു പോറൽപോലും കുറ്റം ഏൽപ്പിക്കാതെ കേസ് തെളിയിക്കയാണ് പൊലീസ് ചെയ്തത്. അതുകൊണ്ടുതന്നെ സ്‌കോട്ട്ലൻഡ് യാർഡ് പൊലീസിന്റെ ചില കേസുകളുടെ അന്വേഷണമൊക്കെപോലെ ഭാവിയിൽ പൊലീസ് ട്രയിനിങ്ങ് കോളജുകളിലും മറ്റും ഈ കേസ് പഠിപ്പിക്കാനും സാധ്യതയുണ്ട്.

(കടപ്പാട്: എസ് ബി എസ് മലയാളം റേഡിയോ മെൽബൺ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP