Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

കോഴി വളർത്തലും കട്ട നിർമ്മാണവും പൊളിഞ്ഞപ്പോൾ യോഗ തുടങ്ങി; ഭാര്യയുടെ ദൂരൂഹമരണം മഹാസമാധിയാക്കി രക്ഷപ്പെട്ടു; മോദിയുടെയും അംബാനിയുടെയും അദാനിയുടെയും ഇഷ്ടക്കാരനായി ലോകമെമ്പാടും പടർന്നത് അമ്പതിനായിരം കോടി ആസ്തിയുള്ള സാമ്രാജ്യവുമായി; വളർന്നത് സംഘപരിവാറിന്റെ തണലിലും; പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ പിണറായിയെയും പറ്റിച്ചു; പൗരത്വ ഭേദഗതിയിൽ വീഡിയോ ഇറക്കി ചമ്മിയ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കഥ

എം മാധവദാസ്

ന്യൂഡൽഹി: 'എ സെയിന്റ് കാൻ ബികം എ സ്‌കൗഡ്രൽ , ബട്ട് എ സ്‌കൗഡ്രൽ കാൻ നെവർ ബികം എ സെയന്റ്'- സന്യാസിക്ക് തെമ്മാടിയാവാം, പക്ഷേ തെമ്മാടിക്കൊരിക്കലും സന്യാസിയാവാൻ കഴിയില്ല എന്നത് സുരേഷ് ഗോപിയുടെ സിനിമകളിലെ തീപ്പൊരി ഡയലോഗ് മാത്രമല്ല; ഇന്ത്യൻ ആത്മീയ വിപണിയിലെ ഒരു യാഥാർഥ്യം മാത്രമാണ്. സായിബാബ തൊട്ട് ഇപ്പോൾ സ്വന്തമായി ദ്വീപ് വാങ്ങിയെന്ന് പറയുന്ന സ്വാമി നിത്യാനന്ദയടക്കമുള്ള ഇന്ത്യയിലെ നൂറുകണക്കിന് ആെൈൾദവങ്ങുടെ ഭൂതകാലം എടുത്ത് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാണ്.

പക്ഷേ ഇന്ന് ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള കോർപ്പറേറ്റ് ആൾദൈവം ആരാണെന്ന് ചോദിച്ചാൽ അത് ലോകവ്യാപകമായി ആശ്രമങ്ങളുള്ള സദ്ഗുരു ജഗ്ഗിവാസുദേവാണൊയിരിക്കും മറുപടി. പൗരത്വഭേദഗതി ബില്ലിനെയടക്കം ശക്തമായി എതിർത്ത് രംഗത്ത് എത്തിയ ജഗ്ഗിവാസുദേവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുന്ന കാലമാണിത്്. പ്രധാനമന്ത്രി നരേന്ദ്ര മോദിവരെ ആദരിക്കുന്ന സ്വയം പ്രഖ്യാപിത, ആത്മീയ ആചാര്യൻ ജഗ്ഗിക്കെതിരെ കൊലപാതക ആരോപണം വീണ്ടും ചർച്ചയാക്കുകയാണ് ദ ടെലഗ്രാഫ് പോലുള്ള മാധ്യമങ്ങളും സോഷ്യൽ മീഡിയയും. ബിജെപി സർക്കാറിന്റെ തണലിനാണ് ജഗ്ഗി വളർന്നുന്നതെന്നും, ഉടുതുണിക്ക് മറുതുണിയില്ലാതെ തുടങ്ങിയ ഇയാൾ ഇന്ന് കോടീശ്വരൻ ആയത് എങ്ങനെയാണെന്നുമാണ് ചോദ്യം. സോഷ്യൽ മീഡിയയിലെ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി പറയാൻ ജഗ്ഗി ആരാധകർകർക്ക് കഴിയുന്നില്ല.

ജഗ്ഗി വാസുദേവ്, സ്ഥാപിച്ച ഇഷാ ഫൗണ്ടേഷൻ ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, യു.കെ, ലബനൻ, സിംഗപ്പൂർ, കാനഡ, മലേഷ്യ, ഉഗാണ്ട, ആസ്ട്രേലിയ, ഇങ്ങനെ ലോകമെമ്പാടും യോഗാ പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. ജഗ്ഗി വാസുദേവ് എന്നും ആരാധകർക്കിടയിൽ സദ്ഗുരു എന്നും അറിയപ്പെടുന്നു. ആരോഗ്യം, മതം, ആത്മീയത തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം എഴുതിയ പല പുസ്തകങ്ങളും ബെസ്റ്റ് സെല്ലറുകളാണ്. വിദ്യാർത്ഥികളുമായി നടത്തുന്ന ചോദ്യോത്തര പരിപാടിയും അതിന്റെ വീഡിയോയും ആരാധകർക്കിടയിൽ ഏറെ പ്രശസ്തമാണ്. ഏകദേശം അമ്പതിനായിരം കോടിയുടെ ആസ്തി അദ്ദേഹത്തിന് ഉണ്ടെന്നാണ് കരുതുന്നത്.

രാജ്യം കടുത്ത പ്രക്ഷോഭങ്ങളിലൂടെ കടന്നുപോകുമ്പോഴൊക്കെ സംഘപരിവാറിനെ ന്യായീകരിച്ച് ഇയാൾ എത്തുക പതിവാണ്. ഇതോടെയാണ് പ്രതിപക്ഷവും എതിരാളികളും ജഗ്ഗിയുടെ ഭൂതകാലം ചികയുന്നത്.

കോഴി വളർത്തൽ, പിന്നെ കട്ടനിർമ്മാണം, എല്ലാം പൊളിഞ്ഞപ്പോൾ യോഗയിലേക്ക്

ഏതൊരു ശരാശരി ഇന്ത്യക്കാരനെയും പോലെ കഷ്ടതകൾ നിറഞ്ഞ ബാല്യമായിരുന്നു ജഗ്ഗിയുടേതും. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന ഒരു ശരാശരി കുടുംബത്തിലായിരുന്നു ഇദ്ദേഹം ജനിച്ചത്. ഔദ്യോഗിക ജീവചരിത്രക്കുറിപ്പനുസരിച്ച് 1957 സെപ്റ്റംബർ 3 ന് കർണാടക സംസ്ഥാനത്തിൽ മൈസൂറിലെ ഒരു തെലുങ്കു കുടുംബത്തിലാണ് ജഗദീശ് ജനിച്ചത്. സുശീലയുടെയും ഡോക്ടർ വാസുദേവന്റെയും നാലു മക്കളിൽ (രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും) ഏറ്റവും ഇളയ കുട്ടിയായിരുന്നു അദ്ദേഹം. ജഗ്ഗിയുടെ അച്ഛൻ ഇന്ത്യൻനേവിയിലെ കണ്ണ് ഡോക്ടറായിരുന്നതിനാൽ കുടുംബം അടിക്കടി സ്ഥലം മാറി താമസിച്ചു കൊണ്ടിരുന്നു.

ഔദ്യോഗിക ജീവചരിത്രം ഇങ്ങനെ പറയുന്നു. -' വളരെ ചെറുപ്പത്തിൽത്തന്നെ ജഗ്ഗി പ്രകൃതിയിൽ തൽപ്പരനാവുകയും അടുത്തുള്ള വനങ്ങളിലേക്ക് പതിവായി പോകുകയും ചെയ്തിരുന്നു. ചിലപ്പോഴൊക്കെ ഈ യാത്രകൾ മൂന്നു ദിവസം വരെ നീണ്ടു പോയി. പതിനൊന്നാമത്തെ വയസ്സിൽ ജഗ്ഗി മലാഡിഹള്ളി രാഘവേന്ദ്രസ്വാമിജിയെ കണ്ടുമുട്ടി. സ്വാമിജി അദ്ദേഹത്തെ ലളിതമായ കുറച്ചു യോഗസ്സനങ്ങൾ പഠിപ്പിച്ചു. ഈ ആസനങ്ങൾ ജഗ്ഗി കൃത്യമായി ചെയ്തിരുന്നു. പഠിച്ച യോഗസ്സനങ്ങൾ ഒരു ദിവസം പോലും മുടങ്ങാതെ ചെയ്തുകൊണ്ടിരിക്കയും, അതു പിന്നീട് വളരെ ആഴമേറിയ അനുഭവങ്ങളിലേക്കു നയിക്കുകയും ചെയ്തു എന്നാണ് പറയുന്നത്.

സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് അദ്ദേഹം മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ക്ലാസ്സിൽ രണ്ടാമനായി ബിരുദം നേടി. കോളേജ് വിദ്യാഭ്യാസകാലത്ത് അദ്ദേഹത്തിന് യാത്രകളിലും മോട്ടോർ ബൈക്ക് സവാരിയിലും താത്പര്യമുണ്ടായി. അദ്ദേഹവും കൂട്ടുകാരും അടിക്കടി പോകുന്ന ഒരു സ്ഥലമായിരുന്നു മൈസൂറിനടുത്തുള്ള ചാമുണ്ഡിക്കുന്നുകൾ. പലപ്പോഴും അവർ അവിടെ ഒത്തുകൂടുകയും രാത്രിയിൽ മോട്ടോർ സൈക്കിൾ സവാരി നടത്തുകയും ചെയ്തു. രാജ്യത്തെ പല സ്ഥലങ്ങളിലേക്കും അദ്ദേഹം തന്റെ മോട്ടോർ സൈക്കിളിൽ യാത്ര നടത്തി. ഇന്തോ - നേപ്പാൾ അതിർത്തിയിൽ നിന്ന് അദ്ദേഹത്തിന് നേപ്പാളിലേക്കു കടക്കാൻ കഴിഞ്ഞില്ല. ഈ അനുഭവം കാരണം എളുപ്പമാർഗ്ഗത്തിൽ കുറച്ചു പണമുണ്ടാക്കി, ആളുകൾ തടയാത്ത എവിടെയെങ്കിലുമൊക്കെ പോകണമെന്ന് അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. അതിനായി, ബിരുദം നേടിയ ശേഷം, അദ്ദേഹം കോഴി വളർത്തൽ, കട്ടനിർമ്മാണം, തുടങ്ങി പല ബിസിനസ്സും വിജയകരമായി ചെയ്തു.'- ഇങ്ങനെയാണ് ഔദ്യോഗിക ചരിത്രം.

എന്നാൽ ജഗ്ഗിയുടെ നാട്ടുകാരെയും സുഹൃത്തുക്കളെയും ഉദ്ധരിച്ച് ദ ടെലഗ്രാഫ് അടക്കമുള്ള മാധ്യമങ്ങൾ മറ്റൊരു കഥയാണ് പറയുന്നത്. ജഗ്ഗി ഒരു മുടിയനായ പുത്രനും ഫ്രീക്കൻ പയ്യനും ആയിരുന്നു. പെട്ടന്ന് പണം ഉണ്ടാക്കാനായി കോഴി വളർത്തൽ, കട്ടനിർമ്മാണവും, ഫോട്ടോസ്റ്റാറ്റ് കടയും, ടൂറിസം ബിസിനിസും എല്ലാം അദ്ദേഹം പയറ്റിയെങ്കിലും ഒന്നു ക്ലച്ച് പിടിച്ചിട്ടില്ല. പക്ഷേ എപ്പോൾ യോഗയിലേക്കും ആത്മീയതയിലേക്കും തിരിഞ്ഞതോടെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

വളർന്നത് സെലിബ്രിറ്റികളെയും സമ്പന്നരെയും ആകർഷിച്ച്

ചെറുകിട വ്യവസായങ്ങൾ ഒക്കെ നടത്തിയ പൊളിഞ്ഞ ഇദ്ദേഹം 1983 മുതലാണു് യോഗയും മെഡിറ്റേഷനും വഴി ആത്മീയ വ്യാപാരം ആരംഭിക്കുന്നത്. ഇഷാ യോഗ സെന്റർ എന്ന ഒരു സ്ഥാപനം ഉണ്ടാക്കി ഇയാൾ തന്നെ രൂപപ്പെടുത്തി എടുത്ത ആസനങ്ങൾ, പ്രാണായാമം, ക്രിയ, ധ്യാനം ഇവയൊക്കെ ഉൾപ്പെട്ട ഈ ക്ലാസ്സുകൾ നടത്താൻ ആരംഭിച്ചു. 'സഹജസ്ഥിതി യോഗ' എന്നതായിരുന്നു ഈ യോഗക്ക് ഇട്ട പേര്. പ്രസംഗിക്കാനും, വിശ്വാസികളെ കൈയിലെടുക്കാനും ഉള്ള കഴിവ് ഉണ്ടായിരുന്ന ഇയാളുടെ ആശ്രമത്തിലേക്ക് സമ്പന്നരുടേയും, സെലിബ്രിറ്റികളുടേയും, രാഷ്ട്രീയക്കാരുടേയും ഒഴുക്ക് ആരംഭിച്ചു.

സംഭാവനയും, മെഡിറ്റേഷൻ ഫീസുമായി കോടികൾ കുമിഞ്ഞുകൂടിയതോടെ ജഗ്ഗി പുതിയ ആത്മീയ ഔട്ട്ലറ്റുകൾ രൂപീകരിച്ചു. എല്ലാ ന്യുജൻ ആത്മീയ തട്ടിപ്പുകാരെപ്പോലെ തന്നെ സമ്പന്നർ തന്നെയായിരുന്നു ഇദ്ദേഹത്തിന്റേയും ഇരകൾ. സമ്പാദിച്ചു കൂട്ടിയാൽ പോലും നിങ്ങൾക്ക് ജീവിതത്തിൽ ഒന്നും നേടാൻ കഴിയില്ലെന്നും. മോക്ഷപ്രാപ്തിക്കായും, രോഗ രക്ഷയ്ക്കായും, തന്നെ ഫോളോ ചെയ്യാനും, ഭൗതിക സുഖത്തിൽ നിന്നു കൊണ്ടു തന്നെ ആത്മീയ സുഖത്തിന് ആശ്രമ ജീവിതത്തിൽ ചേരാനും, അവരോട് ഉപദേശിച്ചു. മറ്റു ദിവ്യന്മാരെ പോലെ പ്രസംഗത്തിലൂടെയും, പുസ്തകങ്ങളിലൂടെയും, പൊതുതത്വങ്ങൾ ഫിലോസഫിയായി അവതരിപ്പിച്ച് വിശ്വാസം ആർജിച്ചു.

ബിജെപി അധികാരത്തിൽ എത്തുന്നതോടെ ആ പക്ഷത്തു ചേർന്നു നിന്നുകൊണ്ട് സംഘപരിവാർ രാഷ്ട്രീയത്തെ പിൻതുണച്ചു. പ്രകോപനപരമായി സംസാരിച്ച് ശ്രദ്ധയും, സംഘപരിവാറിന്റെ പിന്തുണയും നേടി. തെക്കേ ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആത്മീയ നേതാവ് എന്ന നിലയിൽ സംഘപരിവാറും ഇദ്ദേഹത്തെ അകമഴിഞ്ഞ് തുണച്ചു. വിദേശത്തും, സ്വദേശത്തുമായി വിവിധ വേദികൾ സംഘപരിവാർ ഒരുക്കി നൽകി. പതിവുപോലെ വിദേശികളും, സ്വദേശികളുമായ ശതകോടീശ്വരന്മാർ ഇയാളെ ഗുരുവായി സ്വീകരിച്ചു. പലകമ്മറ്റികളിലും അംഗമായി. രാഷ്ട്രീയത്തിനും, ആത്മീയതയ്ക്കും പുറത്ത് കടുതൽ ശ്രദ്ധേയനാകാൻ പരിസ്ഥിതി പ്രവർത്തനം ആരംഭിച്ചു. തമിഴ്‌നാട്ടിലെ കൊയമ്പത്തൂരിൽ വെള്ളിയാംഗിരി മലകളുടെ താഴ്‌വാരത്തിൽ 1994-ൽ വാങ്ങിയ സ്ഥലത്ത് ഇഷാ യോഗാ സെന്റർ ആരംഭിച്ചു.

ആത്മീയത ടൂറിസമാക്കി മാറ്റിയ ജഗ്ഗി പരിസ്ഥിതി പ്രകൃതി ഭംഗിയുള്ള ദുർബല പ്രദേശങ്ങളിൽ ആത്മീയ ഔട്ട്ലറ്റുകൾ സ്ഥപിച്ചു. കടുത്ത പരിസ്ഥിതി ലംഘനങ്ങൾ നടത്തുമ്പോഴും സദ്ഗുരു, പ്രോജക്റ്റ് ഗ്രീൻ ഹാൻഡ്സ് എന്ന ഒരു പരിസ്ഥിതി പ്രസ്ഥാനവും ആരംഭിച്ചു. 2010 ജുണിൽ ഭാരതസർക്കാർ ഈ സംരംഭത്തിന് രാജ്യത്തെ ഏറ്റവും ഉയർന്ന പരിസ്ഥിതി അവാർഡായ 'ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്‌കാർ' വരെ സമ്മാനിച്ചു.ഭരണാധികാരികൾ മുതൽ, കോർപ്പറേറ്റ് ഭീമന്മാരും, ശാസ്ത്രജ്ഞർ വരെയുള്ളവരും ഇയാളുടെ ഭക്തനായതോടെ, ഇയാളുടെ സിദ്ദിഖും, ഫിലോസഫിക്കും വലിയ പ്രചാരം കിട്ടി ചന്ദ്രയാൻ ദൗത്യത്തിന്റെ ക്രെഡിറ്റു പോലും ഇയാൾക്ക് വേണ്ടി അവകാശപ്പെടാൻ തയ്യാറുള്ള ഭക്തരും നമ്മുടെ നാട്ടിൽ കുറവല്ല.

കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തിയതോടെ ജഗ്ഗിവാസുദേവിന്റെ ഇഷാ ഫൗണ്ടേഷന് നല്ലകാലം തുടങ്ങി. നോട്ട് അസാധുവാക്കൽ ഉൾപ്പെടെയുള്ളവയെ ന്യായീകരിച്ചു. 2017ൽ പത്്മശ്രീ ലഭിച്ചു. പൗരത്വനിയമ ഭേദഗതിക്ക് എതിരായ ജനകീയ പ്രക്ഷോഭങ്ങളെ ജഗ്ഗിവാസുദേവ് വിമർശിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വിറ്റിൽ പങ്കുവെച്ചിരുന്നു.

എന്നാൽ തനിക്ക് ആത്മീയ അനുഭവം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രവർത്തനത്തിലേക്ക് തിരഞ്ഞതെന്നാണ് സദ്ഗുരുവിന്റെ വിശദീകരണം. 1982 സെപ്റ്റംബർ 23 ന് തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ ചാമുണ്ഡിക്കുന്നിലെ ഒരു പാറപ്പുറത്തിരുന്നപ്പോൾ സദ്ഗുരുവിന് ഒരു ആത്മീയാനുഭവമുണ്ടായി. ആ അനുഭവം അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: 'എന്റെ ജീവിതത്തിൽ ആ നിമിഷംവരെ ഇതു ഞാനും അത് മറ്റൊരാളോ, മറ്റെന്തോ ആണെന്നുമാണ് ഞാൻ ധരിച്ചിരുന്നത്. ആദ്യമായി ഞാനേത്, ഞാനല്ലാത്തതേത് എന്നു മനസ്സിലാക്കാൻ കഴിയാതെയായി.

പെട്ടെന്ന്, ഞാൻ എന്നത് അവിടം മുഴുവൻ നിറഞ്ഞു നിന്നു. ഞാനിരുന്ന പാറ, ഞാൻ ശ്വസിക്കുന്ന വായു, എന്റെ ചുറ്റുമുള്ള അന്തരീക്ഷം ..എല്ലാറ്റിലേക്കും ഞാൻ വ്യാപിച്ചു നിന്നു. ഇത് വെറും ഒരു മതിഭ്രമം പോലെ തോന്നി. വെറും പത്തു പതിനഞ്ചു മിനിട്ടു സമയം നീണ്ടുനിന്നതുപോലെയേ തോന്നിയുള്ളു. പക്ഷേ സാധാരണ ബോധത്തിലേക്കു തിരിച്ചു വന്നപ്പോൾ മനസ്സിലായി ഏകദേശം നാലര മണിക്കൂറായി എന്ന്. കണ്ണുകൾ തുറന്ന് പൂർണ ബോധത്തോടെ ഞാൻ അവിടെ ഇരിക്കുകയായിരുന്നു. സമയം പോയതറിഞ്ഞില്ല'. ഈ അനുഭവത്തിനുശേഷം ആറാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം തന്റെ ബിസിനസ് ഒരു സുഹൃത്തിനു വിട്ടു കൊടുത്തിട്ട് തന്റെ ദിവ്യാനുഭവത്തിലേക്കു കൂടുതൽ ഉൾക്കാഴ്ച ലഭിക്കുവാനായി വ്യാപകമായി യാത്ര ചെയ്തു. ഒരു വർഷത്തെ യാത്രക്കും ധ്യാനത്തിനും ശേഷം സദ്ഗുരു തന്റെ ആന്തരികാനുഭവം പങ്കിടാനായി യോഗ പഠിപ്പിക്കുവാൻ തീരുമാനിച്ചു.

1983 ൽ ഏഴു പേരെ പങ്കെടുപ്പിച്ച് അദ്ദേഹം തന്റെ ആദ്യത്തെ യോഗാക്ലാസ് നടത്തി. അതിനടുത്താണ് പിന്നീട് ഇഷാ യോഗ സെന്റർ സ്ഥാപിച്ചത്. ആസനങ്ങൾ, പ്രാണായാമം, ക്രിയ, ധ്യാനം ഇവയൊക്കെ ഉൾപ്പെട്ട ഈ ക്ലാസ്സുകൾ 'സഹജസ്ഥിതി യോഗ' എന്നാണ് അറിയപ്പെട്ടിരുന്നത്. ആത്മീയാന്വേഷികളുടെ എണ്ണം കൂടിക്കൂടി വന്നപ്പോൾ അവർക്കായി ഒരു ആശ്രമം സ്ഥാപിക്കാൻ 1993-ൽ സദ്ഗുരു തീരുമാനിച്ചു. കേരളം, കർണാടകം, തമിഴ് നാട്, ഗോവ ഇവിടങ്ങളിലൊക്കെ പോയി പല സ്ഥലങ്ങളും പരിശോധിച്ചിട്ടു തൃപ്തി വരാത്ത അദ്ദേഹം കോയമ്പത്തൂരിൽ നിന്നും ഏകദേശം 40 കിലോമീറ്റർ ദൂരെ വെള്ളിയാംഗിരി മലകളുടെ താഴ്‌വാരത്തിൽ 13 ഏക്കർ സ്ഥലം തെരഞ്ഞെടുക്കുകയും 1994-ൽ ആ സ്ഥലം വാങ്ങി ഇഷാ യോഗാ സെന്റർ സ്ഥാപിക്കുകയും ചെയ്തു.

ഭാര്യയുടെ മരണം മഹാസമാധിയെന്ന് ഗുരു; കൊലയെന്ന് ബന്ധുക്കൾ

ഭാര്യയുടെ മരണമാണ് ജഗ്ഗിയെ വിവാദ പുരുഷനാക്കിയത്. ഭാര്യ വിജയകുമാരിയെ ജഗ്ഗി വാസുദേവ് കൊലപ്പെടുത്തിയെന്നാണ് അവരുടെ പിതാവ് ടി എസ് ഗംഗണ്ണയുടെ പരാതി. ബംഗളൂരു, കോയമ്പത്തൂർ പൊലീസ് 1997ൽ കേസെടുത്തെങ്കിലും 1999ൽ അന്വേഷണം അവസാനിപ്പിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാത്രമാണ് കണ്ടെത്തൽ. 1997 ജനുവരി 23ന് വിജയകുമാരി മഹാസമാധി അടയുകയായിരുന്നുവെന്നാണ് ജഗ്ഗിവാസുദേവിന്റെ വിശദീകരണം.

പിറ്റേന്ന് അതിരാവിലെ കോയമ്പത്തൂരിലെ ഇഷാആശ്രമത്തിൽ സംസ്‌കരിച്ചു. ഭാര്യ സ്വന്തം ഇഷ്ടപ്രകാരം മഹാസമാധി അടഞ്ഞതാണെന്നും ഇതിന് സാക്ഷികളുണ്ടെന്നുമാണ് അവകാശവാദം. എന്നാൽ, അവരുടെ അച്ഛനെപ്പൊലും മൃതദേഹം കാണിച്ചില്ലെന്ന് ആക്ഷേപമുയർന്നു. ഡോക്ടറെ വിളിച്ച് മരണം സ്ഥിരീകരിച്ചില്ലെന്നും വെളിപ്പെട്ടു. അന്വേഷണവേളയിൽ ജഗ്ഗിവാസുദേവ് അമേരിക്കയിലേക്ക് പോയതും ദുരൂഹമാണ്. 1997-1999 കാലയളവിൽ കേസ് വൻവിവാദമായി കത്തിപ്പടർന്നു. ഭാര്യ മഹാസമാധി അടഞ്ഞതാണ് എന്ന ന്യായവുമായി വർഷം തോറും സമാധി ദിനവും ജഗ്ഗിയുടെ ആശ്രമത്തിൽ ആചരിക്കാറുണ്ട്.

കഴിഞ്ഞവർഷം കോൺഗ്രസ് വക്താവ് ദിവ്യസ്പന്ദന ഇതുസംബന്ധിച്ച് ശക്തമായി പ്രതിഷേധിച്ചിരുന്നു. കനയ്യ കുമാറും ഉമർ ഖാലിദും അടക്കമുള്ള വിദ്യാർത്ഥി നേതാക്കളെ തെരുവിൽ നേരിടണം എന്ന ജഗ്ഗി വാസുദേവിന്റെ വാക്കുകൾക്കെതിരെയാണ് ദിവ്യ രംഗത്ത് വന്നിരിക്കുന്നത്. ടൈംസ് നൗ ചാനലിലെ അഭിമുഖ പരിപാടിയിൽ ആണ് ഇദ്ദേഹം വിവാദ പരാമർശം നടത്തിയത്.

കനയ്യ അടക്കമുള്ളവരെ ഇപ്പോൾ നേരിടണമെന്നും രാജ്യം വൈകാരികമായി അതിന് പരുവപ്പെട്ട സമയമാണ് ഇതെന്നും ജഗ്ഗി വാസുദേവ് പറഞ്ഞ് വെച്ചു. ഇതിന് മറുപടിയായി ജഗ്ഗി വാസുദേവിന്റെ ഭാര്യയുടെ കൊലക്കേസ് കുത്തിപ്പൊക്കിയാണ് ദിവ്യ മറുപടി നൽകിയിരിക്കുന്നത്.ഭാര്യയെ കൊലപ്പെടുത്തിയ കേസിനെക്കുറിച്ച് പത്രത്തിൽ വന്ന വാർത്തയാണ് ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തിരിക്കുന്നത്. എങ്ങനെ ആണിയാൾ തെരുവിലൂടെ നടക്കുന്നത് എന്നും ദിവ്യ ട്വീറ്റിൽ ചോദിക്കുന്നുന്നു. ആ സമയത്ത് ജഗ്ഗി വാസുദേവന് എതിരെ നടി സ്വര ഭാസ്‌കറും രംഗത്ത് എത്തിയിട്ടുണ്. ഇതുപോലെ ആക്രമണകാരിയായ, മാനസികരോഗിയായ ആളെ എങ്ങനെയാണ് ആത്മീയ ആചാര്യനായി കാണുന്നത് എന്നാണ് സ്വര ട്വീറ്റ് ചെയ്തിരിക്കുന്നത്.

പിണറായിയെയും പറ്റിച്ചത് രണ്ടുവർഷം മുമ്പ്

പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും പറ്റിക്കാൻ ജഗ്ഗിക്ക് കഴിഞ്ഞൂ നദീതട സംരക്ഷണമെന്നപേരിൽ പിണറായിക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് ഇയാൾ ഇടതുപക്ഷത്തിന്റെപോലും കീർത്തി പിടിച്ചു പറ്റി. ജഗ്ഗിയുടെ ഇഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന റാലി ഫോർ റിവർ പരിപാടി തട്ടിപ്പാണെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പുഴകളെ സംരക്ഷിക്കാൻ പുഴയുടെ ഒരു കിലോമീറ്റർ ദൂരം മരങ്ങൾ നടണമെന്നാണ് ജഗ്ഗി പറയുന്നത്.

 

അതാണ് നദികളെ സംരക്ഷിക്കാനുള്ള യഥാർത്ഥ പ്രതിവിധിയെന്ന് അവകാശപ്പെട്ടാണ് ആൾദൈവം റാലി സംഘടിപ്പിക്കുന്നത്. എന്നാൽ ഈ റാലിക്ക് പിന്നിലുള്ള കോർപ്പറേറ്റ് കരങ്ങളാണ് ഇവിടെ ചൂണ്ടിക്കാട്ടപ്പെടുന്നത്. റാലിയുടെ പ്രചരണരീതി തന്നെ കോർപ്പറേറ്റ് രീതിയിലാണ്. പ്രചരണത്തിനായി സിനിമ താരങ്ങളെയും വീരേന്ദർ സെവാഗ് ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളെയും രംഗത്തിറക്കിയും ദേശീയ മാധ്യമങ്ങളിൽ ഫുൾപേജ് പരസ്യം നൽകിയുമാണ് പ്രചരണ രീതി. കൂടാതെ പിന്തുണ നൽകാൻ ആഗ്രഹിക്കുന്നവർ 80009 80009 എന്ന നമ്പരിലേക്ക് മിസ് കോൾ ഇടാനും ആവശ്യപ്പെട്ടിരിക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന റാലിയിൽ ആൾദൈവം സഞ്ചരിക്കുന്നത് മേഴ്‌സിഡസ് കാറിലാണ്. വലിയ രീതിയിൽ മലിനീകരണമുണ്ടാക്കുന്ന ഈ വാഹനത്തിലെ സഞ്ചാരം തന്നെയാണ് റാലി തട്ടിപ്പാണെന്ന് ആരോപിക്കപ്പെടുന്നതിലെ മുഖ്യകാരണം. രണ്ട് കോടി വിലമതിക്കുന്ന ഈ കാറിന്റെ മൈലേജ് 11.8 കിലോമീറ്റർ മാത്രമാണ്. അതായത് 7000 കിലോമീറ്റർ യാത്രചെയ്യുമ്പോൾ ഈ വാഹനത്തിന് വേണ്ടി വരുന്നത് മറ്റ് വാഹനങ്ങൾക്ക് വേണ്ടതിനേക്കാൾ വളരെയധികം ഇന്ധനമാണ്. വലിയ ഡാമുകളുടെ നിർമ്മാണത്തെ പിന്തുണയ്ക്കുന്ന ജഗ്ഗിയുടെ റാലി ഇരട്ടത്താപ്പാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

മരം നടീൽ ഇവിടെ അമിത പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ നിത്യാനന്ദ ജയരാമൻ പറയുന്നു. അതേസമയം നദികളെ തിരിച്ചുപിടിക്കാൻ മരങ്ങളേക്കാൾ ഏറ്റവും നല്ല മാർഗ്ഗം പുല്ലുകളും കുറ്റിച്ചെടികളും ഉറപ്പുള്ള ചെടികളും നദീതീരത്ത് വച്ചുപിടിപ്പിക്കുകയും ജലസസ്യങ്ങളും വച്ചുപിടിപ്പിക്കുന്നതാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. വെള്ളപ്പൊക്കങ്ങൾ തടയാനും മരങ്ങളേക്കാൾ നല്ല പ്രതിവിധി ഇതാണ്. കൂടാതെ ഈ റാലിയുടെ സ്‌പോൺസർമാരായ പലരും പ്രകൃതിയെ മലിനപ്പെടുത്തുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അദാനി ഗ്രൂപ്പിനെയാണ് അദ്ദേഹം മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്.

തമിഴ്‌നാട്ടിൽ ഇവരുടെ ഓയിൽ കമ്പനിയിലെ ഇന്ധന ചോർച്ചയും ഇദ്ദേഹം എടുത്തു പറഞ്ഞു. പരിപാടിയുടെ സ്‌പോൺസറായ മഹീന്ദ്രയുടെ മേധാവി കേശുബ് മഹീന്ദ്രയാണ് ഒരുകാലത്ത് ഭോപ്പാൽ ദുരന്തത്തിന് കാരണമായ യൂണിയൻ കാർബേഡ് കമ്പനിയുടെയും മേധാവിയായിരുന്നത്. ഗംഗ മലിനപ്പെടുന്നത് എന്തുകൊണ്ടാണെന്നാണ് പരിസ്ഥിതി പ്രവർത്തകയും അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവിറോൺമെന്റ് (എട്രീ) ഗവേഷകയുമായ വീണയെ ഉദ്ധരിച്ച് ന്യൂസ് മിനിട്ട് റിപ്പോർട്ട് ചെയ്യുന്നു. സംരക്ഷിക്കാത്തതിനാലും മൃതദേഹം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നദികളിലേക്ക് തള്ളുന്നതിനാലുമാണ് അതെന്നാണ് അവർ പറയുന്നത്. അതുപോലെ ഡാമുകൾ നദിയെ ഏതൊക്കെ വിധത്തിൽ ബാധിക്കുമെന്ന വിഷയം ഇവിടെ പരിഗണിക്കപ്പെടുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പ്രധാനവിഷയങ്ങളെ നിശബ്ദമാക്കാനാണ് ജഗ്ഗി വാസുദേവിന്റെ മരം നടീൽ പ്രചരണം എന്നാണ് അവർ ആരോപിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷൻ നിർമ്മിച്ച 112 അടി പൊക്കമുള്ള ശിവന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. പരിസ്ഥിതി, നിർമ്മാണ ചട്ടങ്ങൾ നഗ്നമായി ലംഘിച്ചാണ് പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ ഈ പ്രതിമ നിർമ്മിച്ചത്. ഇതിനെതിരെ ആദിവാസി സംഘടനകളും പരിസ്ഥിതി പ്രവർത്തകരുമാണ് രംഗത്തെത്തിയത്. കോയമ്പത്തൂരിൽ നിർമ്മിച്ച ഈ പ്രതിമ പരിസ്ഥിതിക്ക് കനത്ത നാശമാണ് വരുത്തിവച്ചിരിക്കുന്നത്. വെള്ളിയാൻഗിരിയിലെ പ്രതിമയുടെ അനാച്ഛാദനത്തിനെതിരെ തമിഴ്‌നാട്ടിൽ എമ്പാടുമുള്ള സന്നദ്ധപ്രവർത്തകർ അണിനിരന്നിരുന്നു. കോയമ്പത്തൂരിൽ ചടങ്ങ് നടക്കുന്ന ദിവസം തെരുവുകളിൽ പ്രതിഷേധം സംഘടിപ്പിക്കുകയും വീടുകളിൽ കരിങ്കൊടി ഉയർത്തുകയും ചെയ്തു. എന്നാൽ പ്രതിഷേധങ്ങൾ അവഗണിച്ച് പ്രധാനമന്ത്രി പ്രതിമ ഉദ്ഘാടനം ചെയ്ത് ചട്ടങ്ങൾ ലംഘിച്ചുള്ള ഈ നിർമ്മാണത്തിന് നിയമസാധുത നൽകി.

കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജഗ്ഗിയുടെ ആശ്രമം അനധികൃതമായി കെട്ടിടം നിർമ്മിച്ച ആദ്യത്തെ സംഭവം ആയിരുന്നില്ല ഇത്. ഇയാളുടെ അനധികൃത കെട്ടിടനിർമ്മാണത്തെക്കുറിച്ച് തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കൂറ്റൻ ശിവപ്രതിമ നിർമ്മാണത്തിനെതിരെയും കേസുണ്ട്. നേരത്തെ ഡിസി ബുക്‌സ് സംഘടിപ്പിച്ച ലിറ്ററി ഫെസ്റ്റിവലിൽ ജഗ്ഗി ഉദ്ഘാടനം ചെയ്ത വേദിയിൽ എംഎ ബേബി പങ്കെടുത്തതിനെതിരെയും വിമർശനമുയർന്നിരുന്നു. കേരളത്തിലെ മറ്റേതൊരു സെലിബ്രിറ്റിയേക്കാളും ജനപിന്തുണ നേടുക പിണറായിയുടെ പിന്തുണയിൽ നിന്നായിരിക്കുമെന്ന ജഗ്ഗിയുടെ തന്ത്രത്തിന് മുന്നിൽ അദ്ദേഹം വീണുപോയതാണെന്നു വേണമെങ്കിൽ കരുതാം.

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്റെ കാവേരി കോളിങ് പദ്ധതിക്കെതിരെ പൊതുതാൽപര്യ ഹർജി കോടതിയുടെ പരിഗണനയിലാണ്. അഡ്വ: എ.വി അമർനാഥൻ ആണ് കർണാടക ഹൈക്കോടതിയിൽ ഇഷ ഫൗണ്ടേഷനെതിരെ ഹർജി നൽകിയത്. കാവേരി നദീതീരത്ത് വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന പദ്ധതിക്കെതിരെയാണ് ഹർജി. തലക്കാവേരി മുതൽ തിരുവാരൂർ വരെയാണ് പദ്ധതി. 253 കോടി വൃക്ഷങ്ങൾ നട്ടുപിടിക്കുമെന്നാണ് ഫൗണ്ടേഷൻ പറയുന്നത്. ഇതിന് വേണ്ടി ഒരു വൃക്ഷത്തിന് 42 രൂപ വച്ച് പിരിക്കുന്നുണ്ട്. ഇത് ആകെ 10,626 കോടി രൂപ വരും. ഈ പിരിവിനെതിരെയാണ് ഹർജി. ആയിരക്കണക്കിന് കോടി രൂപ പിരിച്ചെടുക്കുന്നത് സംശയാസ്പദമായ കാര്യമാണെന്ന് ഹർജിക്കാരൻ പറയുന്നു.

ഇതൊരു സ്വകാര്യ സംവിധാനമാണ്. കാവേരി കോളിങ് എന്ന പദ്ധതിയുടെ ഭാഗമായി കാവേരി നദീ തടത്തെ കുറിച്ച് പഠിച്ചെന്നാണ് അവർ അവകാശപ്പെടുന്നത്. സംസ്ഥാന സർക്കാരിന് അവർ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. എന്നാൽ സർക്കാർ ഇത്വരെ അംഗീകാരമൊന്നും നൽകിയിട്ടില്ലെന്ന് അഡ്വ: എ.വി അമർനാഥൻ പറഞ്ഞു.സർക്കാർ ഉത്തരവില്ലാതെ സർക്കാർ ഭൂമിയിൽ നിർമ്മാണ പ്രവർത്തനം നടത്താൻ ഒരു സ്വകാര്യ സംഘടനക്ക് അവകാശമില്ലെന്ന് ഹർജിയിൽ പറയുന്നു. ആന്ധ്രപ്രദേശിൽ നിന്ന് ചെന്നൈ വരെയുള്ള കുടിവെള്ളപദ്ധതി സത്യസായി ബാബ നടപ്പിലാക്കിയത് പൊതുജനങ്ങളിൽ നിന്ന് ഒരു രൂപ വാങ്ങാതെയാണെന്ന് ഹർജിയിൽ സൂചിപ്പിച്ചിരുന്നു. ഈ കേസിലെ നടപടികൾ തുടരുകയാണ്.

ഡി സി പുസ്തകോൽസവത്തിലും കയറിപ്പറ്റി

മൂന്നുവർഷം മുമ്പ് ഡി സി ബുക്സ് കോഴിക്കോട് സംഘടിപ്പിച്ച കേരള സാഹിത്യോത്സവത്തിൽ സദ്ഗുരു ജഗ്ഗി വാസുദേവിനെ പങ്കെടുപ്പിച്ചതിലും വലിയ വിവാദങ്ങൾ ഉണ്ടായി. ഇതിനെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി അടക്കമുള്ളവർ രംഗത്തെത്തി. പ്രതിലോമരാഷ്ട്രീയത്തെ മതനിരപേക്ഷ ബോധമുള്ള കോഴിക്കോടൻ മണ്ണിൽ കൊണ്ടുവരിക ഒരു കുറ്റകൃത്യമല്ലേ എന്നു ചോദിക്കുന്ന ശാരദക്കുട്ടി ആർഎസ്എസ് പ്രതിനിധാനത്തിന്റെ പേരിൽ ജയ്പൂർ സാഹിത്യോത്സവം ബഹിഷ്‌കരിച്ച സഖാവ് എം എ ബേബി ആൾദൈവം തന്നെ നിലവിളക്ക് കൊളുത്തിയ ഗഘഎനെ പിന്തുണച്ചത് എന്തുകൊണ്ടാണെന്ന് ആശ്ചര്യപ്പെടുന്നു. സക്കറിയായും സച്ചിദാനന്ദനും പങ്കെടുത്തത്തിനെയും ശാരദക്കുട്ടി നിശിതമായി വിമർശിക്കുന്നുണ്ട്.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

കോഴിക്കോട് നടന്ന കേരള സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അത്തരം ഒരു സാഹിത്യ കൂട്ടായ്മയുടെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു. എഴുത്തുകാർക്കും വായനക്കാർക്കും ഇടയിൽ അതുകൊണ്ട് ഉണ്ടാകുന്ന ആശയവിനിമയസാധ്യതയെ നിസ്സാരമായി കാണുന്നില്ല. അന്തരീക്ഷത്തിൽ സാഹിത്യം നിറഞ്ഞു നിൽക്കുന്ന ഒരവസ്ഥ തീർച്ചയായും ആശാവഹം തന്നെ. അത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കുമ്പോൾ സംഘാടകർ അനുഭവിക്കുന്ന നാനാ തരം ബുദ്ധിമുട്ടുകളെ കുറിച്ച് നല്ല ബോധ്യവുമുണ്ട്. കൃത്യമായി അതിന്റെ പരിപാടികൾ ശ്രദ്ധിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ചില സംശയങ്ങൾ അവശേഷിക്കുന്നു.

മതനിരപേക്ഷമായ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മുതിർന്ന എഴുത്തുകാരനായ സക്കറിയയുടെ ഒപ്പം എന്തിനായിരുന്നു ആൾദൈവമെന്നത് പോലെ ജഗ്ഗി വാസുദേവ് എന്ന സദ്ഗുരുവിന്റെ സാന്നിധ്യം മതനിരപേക്ഷബോധ്യമുള്ള കവി സച്ചിദാനന്ദനും കഥാകൃത്ത് സക്കറിയയും അവരവരെ തന്നെ റദ്ദാക്കുന്ന ഒരു ചരിത്രമുഹൂർത്തമായി അത്. പ്രതിലോമരാഷ്ട്രീയത്തെ മതനിരപേക്ഷ ബോധമുള്ള കോഴിക്കോടൻ മണ്ണിൽ കൊണ്ടുവരിക ഒരു കുറ്റകൃത്യമല്ലേ അതിലൂടെ ഒളിച്ചു കടത്തിയ ആശയം എന്തെന്ന് ചർച്ച ചെയ്യപ്പെടണം.- ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.

എറ്റവും വിചിത്രം ഈ സദ്ഗുരു ഡോക്ടർമാർക്കുപോലും ക്ലാസ് എടുക്കുന്നുണ്ടെന്നാണ്. കഴിഞ്ഞ വർഷം ഐഎംഎയുടെ നേതൃത്വത്തിൽ ചെന്നെയിൽ നടന്ന സെമിനാറിൽ ഡോക്ടർമാർക്ക് ക്ലാസ് എടുത്തത് ജഗ്ഗി വിശ്വനാഥനയിരുന്നു. പ്രമുഖ ഓർത്തോ ഡോക്ടർ രാജശേഖരൻ ആയിരുന്നു അന്ന് സദ്ഗുരുവിനെ ഇന്റവ്യൂ ചെയ്തത്. ജീവിതം മരണം എന്നിവയെപ്പറ്റിയെല്ലാം സന്തോഷ് പണ്ഡിറ്റ് മോഡൽ കാഴ്ചപ്പാടാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇതിനെതിരെ സ്വതന്ത്ര ചിന്തകനും ശാസ്ത്ര പ്രചാരകനുമായ ഡോ വിശ്വനാഥൻ ചാത്തോത്ത് 'സദ് ഗുരു ഡോക്ടർമാരെ പഠിപ്പിക്കുമ്പോൾ ' എന്ന പേരിൽ ഒരു പ്രസന്റേഷൻ നടത്തിയിരുന്നു.

താലിബാനി വിവാദത്തിൽ മാപ്പുപറഞ്ഞ് തടിയൂരി

എക്കാലവും വിവാദങ്ങളടെ സഹയാത്രികനായിരുന്നു. കഴിഞ്ഞ വർഷം എപ്രിലിലാണ് അദ്ദേഹം ഒരു മുസ്ലിം വിദ്യാർത്ഥിയെ താലിബാനിയെന്ന് വിളിച്ച് വിവാദക്കുരുക്കിൽപെട്ടത്. ഇംഗ്ലണ്ടിലെ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ 'യൂത്ത് ആൻഡ് ട്രൂത്ത്, അൺപ്ലഗ് വിത്ത് വാസുദേവ്' എന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് പാക് വംശജനായ ബിലാൽ ബിന് സാഖിബ് എന്ന വിദ്യാർത്ഥിയെ താലിബാനി എന്ന് വിശേഷിപ്പിച്ചത്. 'അൺപ്ലഗ് വിത്ത് സദ്ഗുരു' എന്ന പരിപാടിയുടെ അവതാരകനായിരുന്നു സാഖിബ്. ചർച്ചയ്ക്കിടെ ജീവിതത്തെയും മാനസിക പിരിമുറുക്കത്തെ കുറിച്ചും ചോദിച്ചപ്പോഴാണ് സാഖിബിനെ താലിബാനിയെന്ന് ജഗ്ഗി വിളിച്ചത്.

വിവാദ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തെ അപലപിച്ച് വിദ്യാർത്ഥി യൂണിയൻ തന്നെ രംഗത്ത് എത്തിയിരുന്നു. ഇസ്ലാമോഫോബിക് പരാമർശം ക്യാംപസിൽ അനുവദിക്കാനാകില്ലെന്നും അപലപനീയമാണെന്നും ജഗ്ഗി മാപ്പ് പറയണമെന്നുമായിരുന്നു വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടിരുന്നത്. പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി ജഗ്ഗി വാസുദേവ് തന്നെ രംഗത്ത് എത്തി. ബിലാലിനെ അപമാനിക്കാനുദ്ദേശിച്ചല്ല തന്റെ പരാമർശമെന്ന് ജഗ്ഗി വാസുദേവ് പറയുന്നു. താലിബാൻ എന്ന വാക്ക് പ്രയോഗിച്ചത് ഉത്സാഹമുള്ള വിദ്യാർത്ഥി എന്ന നിലക്കാണ്, പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും അദ്ദേഹം പറയുന്നു.

ഹിമാദാസിന് ഗോൾഡൻ ഷവർ

യൂറോപ്യൻ സർക്യൂട്ടിലും അടുത്തിലെ സുവർണ്ണ നേട്ടം കൈവരിച്ച ഇന്ത്യൻ അത്‌ലറ്റ് ഹിമാ ദാസിന് രാജ്യത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള അഭിനന്ദന പ്രവാഹം തുടരവെ അശളീല വാക്കുകൾ ഉപയോഗിച്ചതിന് ജഗ്ഗി വാസുദേവ് വിമർശിക്കപ്പെട്ടു. 'ഹിമാ ദാസ്, ദ ഗോൾഡൻ ഷവർ ഫോർ ഇന്ത്യ, കൺഗ്രാജുലേഷൻസ് ആൻഡ് ബ്ലെസ്സിങ്' എന്നായിരുന്നു ജഗ്ഗി വാസുദേവിന്റെ ട്വീറ്റ്. ജഗ്ഗിയുടെ 'ഗോൾഡൻ ഷവർ' എന്ന പ്രയോഗത്തിനെതിരെയാണ് വിമർശനം ഉയർന്നത്.

'ഗോൾഡൻ ഷവർ' എന്ന വാക്ക് പൊതുവേ ലൈംഗിക ബന്ധത്തെ മുൻനിർത്തിയുള്ള അശ്ലീല തമാശകൾക്കിടെയാണ് ഉപയോഗിക്കാറുള്ളത്. ലൈംഗിക ബന്ധത്തിനിടെ ഒരാൾ മൂത്രമൊഴിക്കുന്നതിനെയാണ് 'ഗോൾഡൻ ഷവർ' എന്ന് വിളിക്കാറുള്ളത്. ഈ വാക്ക് ഉപയോഗിച്ച് ഹിമാ ദാസിനെ ജഗ്ഗി വാസുദേവ് അഭിനന്ദനം നടത്തിയതിനെതിരെയാണ് വിമർശനം.എന്നാൽ ഈ വാക്കുകളിൽ പ്രശ്‌നമില്ലെന്നും ഇന്ത്യൻ സംസ്‌കാരത്തിലെ കനകവർഷത്തെയാണ് ശരിക്കും ഉദ്ദേശിച്ചതെന്നും പറഞ്ഞ് ജഗ്ഗിയെ പിന്തുണക്കുന്നവർ പ്രതിരോധിക്കുന്നുണ്ട്.നേരത്തെ 'ഗോൾഡൻ ഷവർ' പ്രയോഗം തനിക്കെതിരെ നടത്തിയ വ്യക്തിക്കെതിരെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നിയമനടപടി സ്വീകരിച്ചിരുന്നു. മോസ്‌കോയിൽ ട്രംപ് ലൈംഗിക വൃത്തി നടത്തുന്നവരോടൊപ്പം 'ഗോൾഡൻ ഷവറി'ൽ സമയം പങ്കിട്ടു എന്നെഴുതിയ അഭിഭാഷകനും എഴുത്തുകാരനുമായ ജെയിംസ് കോമെയ്‌‌ക്കെതിരെയാണ് ട്രംപ് നടപടി സ്വീകരിച്ചത്.

പൗരത്വഭേദഗതിയുടെ അനകൂലിച്ച് വീഡിയോ ഇറക്കി പെട്ടു

ഡിസംബർ 23 നാണ് പൗരത്വ നിയമത്തെ കുറിച്ചുള്ള സാമാന്യം ദീർഘമായ വീഡിയോ ജഗ്ഗി വാസുദേവ് പുറത്തുവിടുന്നത്. ലഖ്‌നോവിലെ ഒരു യുവതി സദ്ഗുരുവിനോട് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഒരു ചോദ്യം ഉന്നയിക്കുന്നു. നിയമം താൻ വായിച്ചില്ലെന്ന് പറഞ്ഞ് തുടങ്ങിയ സദ്ഗുരു നിയമം വായിക്കാതെയാണ് സർവകലാശാല വിദ്യാർത്ഥികൾ പൗരത്വ നിയമത്തിനെതിരേ സമരരംഗത്തിറങ്ങിയതെന്ന് ആക്ഷേപിക്കുന്നു. വിദ്യാർത്ഥികൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണ്. രാഷ്ട്രീയക്കാർ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള നീക്കം നടത്തുന്നു. സർക്കാരിനാകട്ടെ ചെറിയ ഈ പ്രശ്‌നം ശരിയായ രീതിയിൽ പരിഹരിക്കാനും കഴിഞ്ഞില്ല- സദ്ഗുരു വീഡിയോയിൽ അവകാശപ്പെട്ടു.

സ്വയം വായിക്കാനോ പഠിക്കാനോ ശ്രമിക്കാത്ത ഒരാൾ എങ്ങനെയാണ്, മറ്റുള്ളവരെ ആക്ഷേപിക്കുന്നുവെന്നതും സോഷ്യൽ മീഡിയയിൽ ട്രോൾ ആയി മാറി. ഇതിനിടയിൽ സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനും പൗരത്വ ഭേദഗതിയെ കുറിച്ച് ഒരു അഭിപ്രായവോട്ടെടുപ്പിന് കച്ചകെട്ടിയിറങ്ങി അപഹാസ്യരായി. 63 ശതമാനം പേരും നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടതോടെ വോട്ടെടുപ്പ് അവസാനിപ്പിച്ച് ഫൗണ്ടേഷൻ സ്ഥലം വിട്ടു. ഇപ്പോൾ ജഗ്ഗിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP