Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202228Friday

കഥ കേൾക്കാതെ താൻ ഒരു സിനിമയ്ക്കൊപ്പം ചേരുമെങ്കിൽ അത് സച്ചിക്കൊപ്പമായിരിക്കുമെന്ന പൃഥ്വിരാജ് വരെ പറഞ്ഞ പ്രതിഭ; 'റൺബേബി റൺ' പോലൊരു ഹിറ്റ് വേണമെന്ന ദിലീപിന്റെ നിർബന്ധത്തിന് വഴങ്ങി 'രാമലീല' ഒരുക്കി രക്ഷിച്ചയാൾ; മോഹൻലാലടക്കമുള്ള സൂപ്പർ താരങ്ങൾ പോലും സ്‌ക്രിപിറ്റനായി കാത്തിരിക്കുന്ന എഴുത്തുകാരൻ; അതി സൂക്ഷ്മാംശങ്ങളിൽ പോലും ശ്രദ്ധിക്കുന്ന സംവിധായകൻ; വിടപറയുന്നത് ഇമ്പോസിഷൻ പോലെ തിരക്കഥയെഴുതിയ പ്രതിഭ; മലയാള സിനിമയ്ക്ക് ഹിറ്റ്മേക്കറെ നഷ്ടമാകുമ്പോൾ

കഥ കേൾക്കാതെ താൻ ഒരു സിനിമയ്ക്കൊപ്പം ചേരുമെങ്കിൽ അത് സച്ചിക്കൊപ്പമായിരിക്കുമെന്ന പൃഥ്വിരാജ് വരെ പറഞ്ഞ പ്രതിഭ; 'റൺബേബി റൺ' പോലൊരു ഹിറ്റ് വേണമെന്ന ദിലീപിന്റെ നിർബന്ധത്തിന് വഴങ്ങി 'രാമലീല' ഒരുക്കി രക്ഷിച്ചയാൾ; മോഹൻലാലടക്കമുള്ള സൂപ്പർ താരങ്ങൾ പോലും സ്‌ക്രിപിറ്റനായി കാത്തിരിക്കുന്ന എഴുത്തുകാരൻ; അതി സൂക്ഷ്മാംശങ്ങളിൽ പോലും ശ്രദ്ധിക്കുന്ന സംവിധായകൻ; വിടപറയുന്നത് ഇമ്പോസിഷൻ പോലെ തിരക്കഥയെഴുതിയ പ്രതിഭ; മലയാള സിനിമയ്ക്ക് ഹിറ്റ്മേക്കറെ നഷ്ടമാകുമ്പോൾ

എം മാധവദാസ്

തിരുവനന്തപുരം: മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്താണെന്ന് ചോദിച്ചാൽ, ഈ കോവിഡ് കാലത്തും നിഷ്പക്ഷമതികൾക്ക് ഒറ്റ മറുപടിയേ ഉണ്ടാവുകയുള്ളൂ. അത് സർഗാത്മകം തന്നെയാണ്. പ്രത്യേകിച്ചും തിരക്കഥയുടെ കാര്യത്തിൽ. നമുക്ക് നല്ല നടീനടന്മാരുണ്ട്, സാങ്കേതിക വിദഗ്ദ്ധർ ഉണ്ട്, പ്രതിഭയുള്ള സംവിധായകരുമുണ്ട്. മേക്കപ്പ് തൊട്ട് ഗ്രാഫിക്സ്വരെ ബോളിവുഡിനോട്വരെ കിടിപിടിച്ച് ചെയ്യാൻ അറിയുന്നവരും ഉണ്ട്. പക്ഷേ നമുക്ക് അപൂർവമായ ഒരു സാധനമായിരുന്നു നല്ല എഴുത്തുകാർ. ഒരേ അച്ചിലുള്ള കഥകൾ തിരിച്ചുമറിച്ചും കറക്കിക്കുത്താൻ അല്ലാതെ, ആദിമധ്യാന്തം ജനങ്ങളെ പിടിച്ച് നിർത്താനുള്ള വകുപ്പുകൾ ഉള്ള വ്യത്യസ്തമായ കഥകൾ ഉണ്ടാക്കാൻ അറിയുന്നവർ നമുക്ക് തീരെ കുറവാണ്. ടി ദാമോദരൻ തൊട്ട് ഡെന്നീസ് ജോസഫും, രഞ്ജിത്തും, രഞ്ജിപണിക്കരുമെല്ലാം വളർത്തിക്കൊണ്ടുവന്ന ആ ജനപ്രിയ എഴുത്തിന്റെ മേഖലയിലെ മുടിചൂടാമന്നനായിയുരുന്നു ഇന്നലെ അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് സച്ചിയെന്ന സച്ചിദാനന്ദൻ (48) .

സച്ചിയുടെ ഒരു തിരക്കഥ കിട്ടിയാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്നു ചിന്തിക്കുന്നവരാണു മലയാളത്തിലെ ഭൂരിഭാഗം സംവിധായകരും എന്നതു രഹസ്യമല്ല. മലയാളത്തിലെ ന്യൂജനറേഷൻ പ്രമേയ വിപ്ലവത്തിനിടയിലും ഓൾഡ് ജനറേഷന്റെ അതേ നറേറ്റീവുകൾ വെച്ച് സച്ചി തുടരെ തുടരെ ഹിറ്റുകൾ സൃഷ്ടിച്ചു. മോഹൻലാൽ അടക്കമുള്ള സൂപ്പർ താരങ്ങൾപോലും സച്ചിയുടെ ഒരു തിരക്കഥക്കായി കാത്തുനിൽക്കയായിരുന്നു. ജോഷി സംവിധാനം ചെയ്ത വൻഹിറ്റായ 'റൺ ബേബി റണ്ണി'നശേഷം സച്ചിയുടെ ഒരു നല്ല തിരക്കഥക്കായി ലാലും കാത്തിരിക്കയായിരുന്നു. റൺബേബി റൺ പോലുള്ള ഒരു കോമോർഷ്യൽ ചിത്രം വേണമെന്ന് ദിലീപിന്റെ നിർബന്ധത്തെ തുടർന്നാണ് സച്ചി 'രാമലീല' എഴുതിയത്. അതാകട്ടെ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുമായി. നടിയെ ആക്രമിച്ച കേസിൽ പ്രതിയായി എല്ലാം തകർന്നു നിൽക്കുന്ന സമയത്താണ് ദിലീപിന് ഇതുപോലെ ഒരു ബ്രേക്ക് കിട്ടുന്നതെന്ന് ഓർക്കണം.

സിനിമയുടെ മേക്കിങ്ങിൽ അങ്ങേയറ്റം കണിശക്കാരനായ പ്രഥ്വീരാജ് പറഞ്ഞത് ഇങ്ങനെയാണ്. 'കഥ കേൾക്കാതെ ഞാൻ ഒരു സിനിമയ്ക്കൊപ്പം ചേരുമെങ്കിൽ അത് സച്ചിക്കൊപ്പമായിരിക്കം.'- അത്രക്ക് വിശ്വാസമായിരുന്നു പ്രഥ്വിക്ക് ആ നടനെ. വെറും ആറുകോടി മുടക്കി 60 കോടിയിലധികം നേടിയ അയ്യപ്പനും കോശിയും എന്ന അവസാന ചിത്രം തന്നെ സച്ചിയുടെ ക്രാഫ്റ്റിന് ഉദാഹരണം. അതിസൂക്ഷ്മാംശങ്ങളിൽപോലും ശ്രദ്ധിക്കുന്ന ഒരു സംവിധായകനെയാണ് ഈ ചിത്രത്തിൽ നിങ്ങൾക്ക് കാണാൻ കഴിയുക.

ആദ്യമായി സേതുവിനൊപ്പം എഴുതിയ ചോക്ലേറ്റ് എന്ന ചിത്രം തൊട്ട് എഴുതിയിൽ ഭൂരിഭാഗവും ഹിറ്റുകൾ. സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും (അനാർക്കലി, അയ്യപ്പനും കോശിയും) വമ്പൻ ഹിറ്റ്. സച്ചിയിലൂടെ വിടപറയുന്നത് മലയാള സിനിമ അടുത്തകാലത്തുകണ്ട ഏറ്റവും വലിയ ഹിറ്റ്മേക്കർ തന്നെയാണ്. വാണിജ്യ സിനിമയുടെ എക്കാലത്തെയും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണം.

ഇമ്പോസിഷൻ പോലെ തിരക്കഥയെഴുതിയ പ്രതിഭ

ജനപ്രിയ കഥകളുടെ വലിയൊരു സാഗരമായിരുന്നു സച്ചിയെന്നാണ് അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ചിരുന്നവർ പറയുന്നത്. ഒരു കഥക്കായി പരതി നടക്കേണ്ട അവസ്ഥ ആ പ്രതിഭയുടെ മസ്തിഷ്‌ക്കത്തിൽ ഇല്ലായിരുന്നു. ഏത് സമയത്തും എഴുത്തുവരും. പറഞ്ഞത് പറഞ്ഞ സമയത്തുതന്നെ കിട്ടും. മിക്കപ്പോളും കുട്ടികൾ ഇമ്പോസിഷൻ എഴുതുന്നതുപോലെ ഇരുന്ന് എഴുതുന്ന കഥാകരാനായിരുന്നു അദ്ദേഹം.

കഥാപരിചരണത്തിലെ വ്യത്യസ്തകൾ തന്നെയാണ് സച്ചിയെ ശ്രദ്ധേയനാക്കുന്നത്. വായനയിലും സാങ്കേതികയിലും ഒരുപോലെ അപ്ഡേറ്റായ കലാകാരനായിരുന്നു അദ്ദേഹം. ഒരു അഭിഭാഷൻ എന്ന നിലയിൽ കിട്ടിയ അനുഭവ പരിചയം നിയമക്കുരുക്കുകളെക്കുറിച്ചൊക്കെ കൃത്യമായ കാഴ്ചപ്പാടോടെ എഴുതാൽ അദ്ദേഹത്തെ സഹായിച്ചു. സഹഎഴുത്തുകാരനായ സേതുവിനൊപ്പം ചോക്ലേറ്റ് മധുരത്തോടെയായിരുന്നു കൊടുങ്ങല്ലൂർക്കാരനായ ഈ വക്കീലിന്റെ സിനിമാ തുടക്കം. ആദ്യ ചിത്രമായ ചോക്ലേറ്റിലെ തന്നെ വ്യത്യസ്ത നോക്കുക. പെൺകുട്ടികൾ മാത്രമുള്ള ഒരു കോളേജിലേക്ക്, ഒരേ ഒരു ആൺതരി, അതും എന്തിനും പോന്ന തെറിച്ച ഒരുത്തൻ സ്റ്റുഡന്റായി എത്തിയാൽ എന്തുസംഭവിക്കും. അങ്ങനെ ഒരു കോളജിൽ സംഭവിച്ച ചെറിയ പത്രവാർത്തയിൽ നിന്നാണ് അവർ ഒരു രസകരമായ കഥ കെട്ടിപ്പടുത്തത്. പ്രഥ്വീരാജ് നായകനായ ചിത്രം ബോക്സോഫീസിൽ പണം വാരി.

ജോഷി പൃഥ്വിരാജ് ചിത്രമായ റോബിൻ ഹുഡ്, ഷാഫി സംവിധാനം ചെയ്ത ജയറാം ചിത്രം മേക്ക്അപ് മാൻ, വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്സ് എന്നിവ പിന്നാലെയെത്തി. ഇതിൽ ആവറേജ് ആയ റോബിൽഹുഡ് ഒഴികെയുള്ളവയെല്ലാം സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിൽ എടിഎം കൊള്ളയടക്കമുള്ള കാര്യങ്ങൾ വരുന്നതിന് എത്രയോ മുമ്പായിരുന്നു സമാനമായ കാര്യങ്ങൾ റോബിൻഹുഡിൽ വന്നത്. സീനിയേഴസിലുമുണ്ട് വ്യത്യസ്തയുടെ ആ സച്ചി മാജിക്ക്. വർഷങ്ങൾക്കുശേഷം പഠിച്ച കോളജിലേക്ക് വീണ്ടും അഡ്‌മിഷനെത്തുന്ന മുതുക്കന്മാർ.

2011ൽ 'ഡബിൾസ്' എന്ന ചിത്രത്തിന്റെ പരാജയത്തോടെ സച്ചിയും സേതുവും പിരിഞ്ഞു. തിരക്കഥയുടെ പരാജയമാണ് ചിത്രത്തിനു ദോഷമായതെന്നു പലരും ചൂണ്ടിക്കാണിച്ചതു മനസ്സു നോവിച്ചപ്പോഴായിരുന്നു ആ നിർണായക തീരുമാനം. പക്ഷേ പിരിഞ്ഞപ്പോഴും അവർ സുഹൃത്തുക്കളായും അടുത്ത അഭ്യദയകാംഷികളായും തുടർന്നു.

മികച്ച തിരക്കഥാകൃത്ത് എന്ന തന്റെ വിലാസം മലയാള സിനിമയിൽ മായാത്ത ലിപികളിൽ എഴുതിച്ചേർത്ത് 'റൺ ബേബി റൺ' എന്ന ജോഷി ചിത്രവുമായിട്ടായിരുന്നു സച്ചിയുടെ 'ഒറ്റയാൻ' മടങ്ങിവരവ്. 2012ൽ ഏറ്റവുമധികം പണം വാരിയ മോഹൻലാൽ ചിത്രമായി ഇത്. അവിടെയും നോക്കുക. ടെക്ക്നിക്കലായി തീർത്തും അപഡേറ്റായിരുന്നു സച്ചി. ഒളിക്യാമറയും ചാനൽ പ്രവർത്തകരുടെ ജീവിതവുമൊക്കെയായി മലയാള സിനിമ ഇന്നുവരെ കാണാത്ത വെറൈറ്റി. അതുപോലെ ഒരു കഥ തരുമോ എന്ന ദിലീപിന്റെ അഭ്യർത്ഥനയാണ് ചരിത്രമായ രാമലീലയിൽ എത്തിയത്. ഇതിനുമുമ്പുതന്നെ സ്വന്തം രചനയിൽ 'അനാർക്കലി' എന്ന പ്രഥ്വീരാജ് ചിത്രം ചെയ്തു വിജയിപ്പിക്കാനും സച്ചിക്കായി. ലക്ഷദ്വീപിന്റെ അന്തരീക്ഷം, സ്‌കൂബ ഡൈവറായ നായകൻ തൊട്ട് എന്തൊല്ലാം വ്യത്യസ്തതകളാണ് ഈ പടത്തിൽ സച്ചി കൊണ്ടുവന്നത് എന്ന് നോക്കുക.

സച്ചിയുടെ തിരക്കഥയിൽ ജീൻ പോൾ ലാൽ ഒരുക്കിയ പൃഥ്വിരാജ് സുരാജ് വെഞ്ഞാറമ്മൂട് ചിത്രം 'ഡ്രൈവിങ് ലൈസൻസ്' അയ്യപ്പനും കോശിയും ഇറങ്ങുന്നതിനു തൊട്ടുമുൻപാണു തിയറ്ററിലെത്തിയത്. രണ്ടിനും സമാനപ്രമേയമാണെന്ന ആരോപണം ഉയർന്നിരുന്നു. പക്ഷേ ചിത്രം കണ്ടവർക്കറിയാം സച്ചിയുടെ രചനയിലെ മിടുക്ക്. ഡ്രൈവിങ്ങ് ലൈസൻസിൽ അപ്രതീക്ഷിതമായി തന്റെ ആരാധാമൂർത്തിയിൽനിന്ന് ഏറ്റ അപമാനം ഒരാളെ പ്രതികാര ദാഹിയാക്കുന്നെങ്കിൽ, അയ്യപ്പനും കോശിയും ഈഗോയിൽ കുടുങ്ങി നിസ്സാര പ്രശ്നങ്ങൾ എങ്ങനെ പർവതീകരിക്കപ്പെടുന്നുവെന്ന് കാണിച്ചുതരുന്നു. അടുത്ത കാലത്ത് ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായ അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം. പ്രമേയത്തിലും അവതരണത്തിലും പുലർത്തിയ വ്യത്യസ്തതയാണ് സച്ചി ചിത്രങ്ങളുടെ പ്രത്യേകത. രാഷ്ട്രീയം കഥയ്ക്കും കഥാപാത്രങ്ങൾക്കും ഭാരമാകാതെ അവതരിപ്പിച്ച സിനിമകളിലൊന്നു കൂടിയാണ് ഇത്. പ്രതിനായകനും തത്തുല്യമോ അതിലേറെയോ പ്രാധാന്യം നൽകിയിട്ടും ചെറിയൊരു കല്ലുകടി പോലും പ്രേക്ഷകനുണ്ടായില്ല എന്നതാണ് സച്ചിയിലെ എഴുത്തുകാരന്റെ വിജയം.പ്രണയവും പകയും നർമവും പ്രതികാരവുമൊക്കെ വ്യത്യസ്ത ഭാവങ്ങളിൽ ആ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. ഒരു ഫെസ്റ്റിവൽ സിനിമപോലെ വ്യാഖ്യാനിക്കാവുന്ന ഒരു കൊമേർഷ്യൽ സിനിമ.

തിരക്കഥാ രചനയെക്കുറിച്ചും സംവിധാനത്തെക്കുറിച്ചും ഒരു അഭിമുഖത്തിൽ സച്ചി പറഞ്ഞത് ഇങ്ങനെയാണ്. 'വേറെ സംവിധായകർക്ക് തിരക്കഥ എഴുതുമ്പോൾ ആ സംവിധായകന്റെ താൽപ്പര്യങ്ങളും പരിമിതിയും അറിഞ്ഞുകൊണ്ട് എഴുതണം. ഷാഫിക്ക് എഴുതുന്നത് പോലെയല്ല ജോഷി സാറിനുവേണ്ടി എഴുതുന്നത്. ഭർത്താവിനെ മനസ്സിലാക്കുന്ന ഭാര്യ എന്നപോലെ സംവിധായകനെ അടുത്തറിഞ്ഞ് തിരക്കഥ ഒരുക്കിയാൽ മാത്രമേ അത് വിജയിപ്പിക്കാൻ കഴിയൂ. ഇത്തരം താത്പര്യങ്ങളൊന്നും സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോൾ ആലോചിക്കേണ്ട കാര്യമില്ല. എന്നും തിരക്കഥയെഴുതി സംവിധാനം ചെയ്യണം എന്ന നിർബന്ധവും എനിക്കില്ല. അടുത്ത തിരക്കഥ എന്റെ അസോസിയേറ്റ് ഡയറക്ടറായ ജയൻ നമ്പ്യാർക്ക് വേണ്ടിയാണ് എഴുതുന്നത്. അതുകഴിഞ്ഞ് ഞാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രണ്ടു നവാഗതരാണ് തിരക്കഥ എഴുതുന്നത്. നാളെ മുതൽ ഞാൻ തിരക്കഥ പുറത്തു കൊടുക്കില്ല എന്ന പരിപാടി ഇല്ല. മാത്രമല്ല എപ്പോഴും സംവിധായകനായി വെയില് കൊള്ളാനുള്ള താത്പര്യവുമില്ല.പിന്നെ ഒരു സംവിധായകൻ ആകുമ്പോൾ ജോലിയിൽ വലിയ ഡിസിപ്ലിൻ ആവശ്യമാണ്, എഴുത്തുകാരനാകുമ്പോൾ അത് വേണമെന്നില്ല'- സച്ചി പറയുന്നു. പക്ഷേ ഒരു വെൽ ഡിസിപ്ലിൻഡ് ആയ സംവിധായകനെയാണ് അയ്യപ്പനും കോശിയിലും അടക്കം പ്രേക്ഷകർ കണ്ടത്.

പോത്തേട്ടൻ ബ്രില്ല്യൻസ് പോലെ സച്ചി ബ്രില്ല്യൻസും

മലയാളത്തിൽ ന്യൂ ജനറേഷൻ തരംഗം ആഞ്ഞടിക്കുന്ന സമയത്തായിരുന്നു, സച്ചി ഓൾഡ് ജനറേഷന്റെ ഫോർമാറ്റിൽ പടങ്ങൾ ഉണ്ടാക്കി ഹിറ്റാക്കിക്കൊണ്ടിരുന്നത്. പക്ഷേ അതിസൂക്ഷ്മാംശങ്ങളിൽപോലും ശ്രദ്ധിക്കുന്ന ഒരു സംവധായകൻ ആയിരുന്നു അദ്ദേഹമെന്ന് 'അയ്യപ്പനും കോശിയും' എന്ന ഒറ്റ ചിത്രം കണ്ടാൽ അറിയാം. സാധാരണ ഏത് പടം ഇറങ്ങിയാലും അതിലെ പത്തുതെറ്റുകൾ 25 തെറ്റുകൾ എന്നൊക്കെ പറഞ്ഞ് കൊച്ച് കുട്ടികൾവരെ വീഡിയോ ഇടുന്ന കാലമാണ്. അകത്തേക്ക്പോകൻ ഒരു ഡ്രസും പുറത്തേക്ക് വരാൻ മറ്റൊരു കരയുള്ള ഡ്രസുംവരെ പിള്ളേർ കണ്ടുപിടിച്ച് മാർക്ക് ചെയ്തിടുന്ന കാലം. എന്തിന് ബ്രഹമാണ്ഡ ചിത്രമായ ലൂസിഫറിനെപ്പോലും ഇങ്ങനെ തെറ്റുകണ്ടുപിടിച്ച് സോഷ്യൽ മീഡിയ അലക്കിയ കാലമാണ്് കടന്നുപോയത്.

എന്നാൽ അയ്യപ്പനിലും കോശിയിലും അങ്ങനെയുള്ള യാതൊരു മേക്കിങ്ങ് മിസ്റ്റേക്ക്സും കാണാൻ പറ്റിയില്ല എന്ന് മാത്രമല്ല, നിരവധി സൈബർ നിരൂപകർ സച്ചിയുടെ ബ്രില്ല്യൻസിനെ പുകഴ്‌ത്തുകയും ആയിരുന്നു. ആ സിനിമയിൽ സച്ചി ഒളിപ്പിച്ചുവെച്ച അത്ഭുദങ്ങളാണ് ഇങ്ങനെ വീഡിയോ ആയത്. ഉദാഹരണമായി അയ്യപ്പനും കോശിയിലും എവിടെയും സിനിമ നടക്കുന്ന കാലം പറയുന്നില്ല. എന്നാൽ പൊലീസ്് സറ്റേഷനിലെ കലണ്ടറുകൾ സൂം ചെയ്താൽ അത് ഊഹിച്ചെടുക്കാം. കണ്ടിന്യൂവിറ്റിയിലും അത് തെറ്റുന്നില്ല. കോശിയുടെ ഫോണിൽ നികേഷ് എന്ന ഒരാളുടെ നമ്പർ സേവ് ചെയ്തവെച്ചതായി നേരത്തെ കാണിക്കുന്നു. പിന്നെ കോശിയെടുത്ത വീഡിയോ വരുന്നതും അദ്ദേഹത്തിന്റെ റിപ്പോർട്ടർ ചാനലിലാണ്. തെറ്റുകണ്ടുപിടിക്കാൻ ഭൂതക്കണ്ണാടിയുമായി ഇറങ്ങിയവർ ഇങ്ങനെ സൂക്ഷ്മമായി കണക്റ്റ്ചെയ്യാവുന്ന ഒരുപാട് വിഷയങ്ങൾ ചൂണ്ടിക്കാട്ടി എത്ര കണിശമായും കൈയടക്കത്തോടെയുമാണ് സിനിമ പിടിച്ചതെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.

ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം ഇറങ്ങിയ സമയത്ത് ആ സിനിമ അന്തർലീനമാക്കിവെച്ച പല കാര്യങ്ങളും എടുത്തു പറഞ്ഞുകൊണ്ടുള്ള വീഡിയോകൾ നവ മാധ്യമങ്ങളിൽ തരംഗമായിരുന്നു. 'പോത്തേട്ടൻ ബ്രില്യൻസ്' എന്നായിരുന്നു അന്ന് അതിനെ വിശേഷിപ്പിച്ചത്. സച്ചി ന്യുജനറേഷൻ ഫോർമാറ്റിൽ ചിത്രങ്ങൾ എടുക്കാത്തതുകൊണ്ടായിരിക്കണം അത്തരം ബ്രില്ല്യൻസ് വിശേഷണങ്ങളൊന്നും അദ്ദേഹത്തിന് കിട്ടിയില്ല. പക്ഷേ പ്രേക്ഷകരുടെ മനസ്സിൽ ആ ബ്രില്ല്യൻസ് അതുപോലെ തുടരുമെന്നതിൽ തർക്കമില്ല.

ഒരു വൺലൈനിൽ നിന്ന് കഥ ഡെവലപ്പ് ചെയ്തു കയറ്റുന്ന ആ മിടുക്കും ഒന്ന് വേറിട്ടതാണ്. ഉദാഹരണമായി ഡ്രൈവിങ്ങ് ലൈസൻസില്ലാത്ത സൂപ്പർതാരമെന്നതൊക്കെ ആദ്യം കേൾക്കുമ്പോൾ അവിശ്വസനീമായി തോന്നാം. പക്ഷേ ആ സിനിമ കണ്ടുനോക്കു. എത്ര മികവോടെയാണ് സച്ചി കഥാപാത്രങ്ങളെ വിളക്കിച്ചേർത്തതെന്ന് കാണാം.

പക്ഷേ മലയാളത്തിലെ താരങ്ങൾക്ക് ആ ബ്രില്ല്യൻസ് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടാണ് അവർ അദ്ദേഹത്തിനായി കാത്തുനിന്നത്. നടന്മാരിൽ മമ്മൂട്ടിക്ക് മാത്രമാണ് സച്ചിയുമായുള്ള കെമിസ്ട്രി ശരിയാവാതെ പോയത്. ഏറ്റവും ഒടുവിലായി താൻ തിരക്കഥ എഴുതിയ ഡ്രൈവിങ്ങ് ലൈസൻസ് എന്ന ചിത്രത്തിലെ മൊഗസ്സ്റ്റാറിന്റെ റോളിലേക്ക് സച്ചി കണ്ടത് മമ്മൂട്ടിയെ ആയിരുന്നു. പക്ഷേ അദ്ദേഹത്തിന് അത് സ്വീകാര്യമായില്ല. പിന്നീട് ചിന്തിച്ചപ്പോൾ അത് നന്നായി എന്നാണ് സച്ചിയും പറഞ്ഞത്. മമ്മൂട്ടിയെപ്പോലൊരു മെഗാ സ്റ്റാർ എത്തുമ്പോൾ ഉണ്ടാവുന്ന പ്രതീക്ഷകൾ ചിത്രത്തെ ബാധിക്കും എന്നാണ് സച്ചിയും പറയുന്നത്. പക്ഷേ ആ റോൾ പ്രഥ്വീരാജ് ചെയ്യുകയും ചിത്രം വിജയമാവുകയും ചെയ്തു.

നിലപാടിൽ പൃഥ്വിക്കും പാർവതിക്കും ഒപ്പമില്ല

സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കത്തെക്കുറിച്ചും സാംസ്കാരിക കാഴ്ചപ്പാടിനെ കുറിച്ചും വ്യക്തമായ ധാരണയുള്ള വ്യക്തിയായിരുന്നു സച്ചി. സിനിമയിലെ ചില കഥാപാത്രങ്ങളുടെ സ്ത്രീവിരുദ്ധത, നടി പാർവതി തിരുവോത്തിനെപ്പോലുള്ളവർ സജീവ ചർച്ചയാക്കുകയും, പൃഥ്വിരാജ് ഇനി ഇത്തരം കഥാപാത്രങ്ങളിൽ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്തിരുന്ന കാലത്തും സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതി എന്ന നിലപാടിൽ ആയിരുന്നു സച്ചി. കഥാപാത്രങ്ങളുടെ അഭിപ്രായം ഒരിക്കലും എഴുത്തുകാരന്റെയോ നടന്റെയോ അഭിപ്രായം ആണെന്ന് കരുതരുത് എന്ന് അദ്ദേഹം പറയുന്നു. 'അങ്ങനെയാണെങ്കിൽ കലാമണ്ഡലം ഗോപിയശാന് എങ്ങനെയാണ് ദുശ്ശാസനന്റെ വേഷം ചെയ്യാൻ കഴിയുക എന്ന് നടൻ ജോയ്മാത്യു പറഞ്ഞ വാചകങ്ങൾ ഒരു അഭിമുഖത്തിൽ ആവർത്തിക്കുകയാണ് സച്ചിയും ചെയ്തത്.

ചോക്ലേറ്റ് എന്ന ചിത്രത്തിൽ രാജൻ പി ദേവ് 'എന്റെ രണ്ടുമക്കളും പ്രേമത്തിൽ പെട്ടുപോയി. മൂന്നാമത്തവളെയെങ്കിലും മാന്യമായി വിവാഹം കഴിച്ച് അയക്കണം' എന്ന ഡയലോഗ് പറയുന്നതൊക്കെ സ്ത്രീ വിരുദ്ധതയല്ലേ എന്ന ചോദ്യത്തിന് ആ കഥാപാത്രം അങ്ങനെ ആണെന്നായിരുന്നു സച്ചിയുടെ മറുപടി. 'അവസാനം അയാൾക്കുണ്ടായ മാറ്റവും ചിത്രത്തിന്റെ ടോട്ടാലിറ്റിയുമാണ് പരിഗണിക്കേണ്ടത്. മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രം സിനിമയുടെ അന്ത്യത്തിൽ എങ്ങനെ മാറുന്നുവെന്നതുകാണാതെ ആ ചിത്രത്തെ വിമർശിക്കരുത്.'- സച്ചി ഒരു അഭിമുഖത്തിൽ വ്യക്താക്കി.

ഏറ്റവും ഒടുവിലായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഒരു ഡയലോഗിന്റെ പേരിലും സച്ചി വിവാദത്തിൽ കുടുങ്ങി. അയ്യപ്പന്റെ നക്സൽ അനുഭാവിയായ ഭാര്യ, ഭർത്താവിന്റെ സുഹൃത്തായ സിഐയോട് ഭാര്യ ഗർഭിണയാണെന്ന് അറിഞ്ഞപ്പോൾ ഇത്തവണത്തേത് ആൺകുട്ടി ആവട്ടെ എന്ന് ആശംസിക്കുന്നതും, അയാൾ തിരിച്ച് ആ നാക്ക് പൊന്നാവട്ടെ എന്ന് പറയുന്നതുമാണ് വിവാദമായത്. ഇത് സ്ത്രീവിരുദ്ധമാണെന്ന് വിമർശനം ഉയർന്നപ്പോൾ, ഇത്തരം അഭിപ്രായങ്ങൾ പൊതുസമൂഹത്തിൽ ഉള്ളതാണെന്നും തന്റെ ചിത്രം ഈ നാട്ടിൽനിന്നാണ് ഉണ്ടാക്കിയത് എന്നുമായിരുന്നു സച്ചിയുടെ മറുപടി. നന്മയെയും തിന്മയെയും എടുക്കാതെ ഒരുഭാഗം കൊണ്ടുമാത്രം ചിത്രം എടുക്കണമെന്നത് ശുദ്ധ ഭോഷ്‌ക്കാണെന്നായിരുന്നു അദ്ദേഹത്തിന്റെ വ്യക്തമായ അഭിപ്രായം.

ഇടതുവിരോധിയല്ല; കോളജിൽ എസ്എഫ്ഐയുമായിരുന്നു

രാമലീല അടക്കമുള്ള ചിത്രങ്ങളിലെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ പേരിലും സച്ചി വിവാദത്തിൽപെട്ടിട്ടുണ്ട്. 'ആകെ ഒരു ദുശ്ശീലമേ എനിക്കുണ്ടായിരുന്നുള്ളൂ, അത് കമ്യൂണിസം ആയിരുന്നു, ഇപ്പോൾ ഇല്ല' എന്ന ദിലീപ് കഥാപാത്രത്തിന്റെ ഡയലോഗിനെതിരെ സൈബർ സഖാക്കൾ ചീറിയടുത്തിട്ടുണ്ട്. സച്ചിയുമായുള്ള മനോരമ ന്യുസിലെ അഭിമുഖത്തിൽ ജോണി ലൂക്കോസ് എടുത്തുചോദിക്കുന്നുണ്ട്, താങ്കൾ ഒരു ഇടത് വിരോധിയാണോ എന്ന്. സച്ചിയുടെ മറുപടി ഇങ്ങനെയായിരുന്നു.

' സമകാലീന രാഷ്ട്രീയ അവസ്ഥകൾ പലതും രാമലീലയിൽ പ്രതിഫലിച്ചുണ്ടാകും. സത്യത്തിൽ അത് ഇങ്ങനെ എടുക്കാൻ തീരുമാനിച്ചതല്ല. ഡൽഹിയുടെ വലിയ കാൻവസാനിലാണ് ചിത്രം ഉദ്ദേശിച്ചത്. ഞാൻ അവിടെപോയി പാർലിമെന്റും മറ്റും കണ്ട് ഇതിനായി വിശദമായി പഠിച്ചിരുന്നു. പാർലിമെന്റിൽ ഹിന്ദിയിൽ സംസാരിക്കുന്ന ഒരു യുവനേതാവായാണ് ദിലീപിന്റെ കഥാപാത്രത്തെ അന്ന് പ്ലാൻ ചെയ്തിരുന്നത്. അങ്ങനെ ആണെങ്കിൽ ഇന്ന് കാണുന്ന കഥാപരിസരം പൂർണ്ണമായും മാറിയേനേ. പക്ഷേ അപ്പോഴേക്കും കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിൽ വരികയും, അതുപോലൊരു ചിത്രത്തിന്റെ കഥാ സന്ദർഭങ്ങൾ ഇല്ലാതാവുകയും ചെയ്തു. അതുകൊണ്ടാണ് ആ കഥയെ കേരളത്തിലേക്ക് പറച്ചു നട്ടത്. അപ്പോൾ കഥ ആവശ്യപ്പെടുന്ന രീതിയിലുള്ള ബിൽഡപ്പുകൾ വേണ്ടി വരും. അത് ഒന്നിനോടുമുള്ള വിരോധം കൊണ്ടല്ല.'- സച്ചി വ്യക്തമാക്കി.

'ഖദർ ഇട്ടവനൊക്കെ ഒരു വിവരവുമില്ലെന്ന് നിങ്ങൾ സഖാക്കൾക്കൊക്കെ ഒരു ധാരണയുണ്ടെന്ന' ഡയലോഗ് ചൂണ്ടിക്കാട്ടിയപ്പോഴും സച്ചി രാഷ്ട്രീയ ചായ്വ് നിഷേധിക്കയാണ് ചെയ്തത്. കോളജിൽ പഠിക്കുമ്പോൾ താൻ എസ്എഫ്ഐ ആയിരുന്നുവെന്നും പിന്നീട് രാഷ്ട്രീയ പ്രവർത്തനം നിർത്തുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപകാലത്തെ രാഷ്ട്രീയ പ്രവർത്തനത്തോട് കടുത്ത വിയോജിപ്പുണ്ടെന്നും സച്ചി പറയുന്നു.

സേതുവുമായുള്ള പുനസമാഗമവും നടക്കാതെ പോയി

വളരെ മാന്യമായി പരിഞ്ഞ ഒരു എഴുത്തുകൂട്ടായ്മായായിരുന്നു സച്ചി- സേതു എഴുത്ത് കൂട്ടുകെട്ട്. 'പിരിഞ്ഞതൊന്നുമല്ല. ഒന്നിച്ചിരുന്നെഴുതുമ്പോഴും ഞങ്ങളുടെ മനസ്സിൽ രണ്ടുതരം സിനിമകളുണ്ടായിരുന്നു. അതെഴുതാൻ ഒറ്റയ്ക്കിരിക്കാമെന്നു തീരുമാനിച്ചു. ഇനിയും ഞങ്ങൾ ഒന്നിച്ചെഴുതുക തന്നെ ചെയ്യും'- രണ്ടാകുമ്പോഴും സച്ചിയും സേതുവും ഒരേശബ്ദത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാൽ വിധി അവരെ ഒന്നിക്കാൻ അനുവദിച്ചില്ല. കാണുമ്പോഴൊക്കെ വീണ്ടും ഒന്നിച്ചൊരു ചിത്രം എഴുതേണ്ടതിനെ കുറിച്ച് തങ്ങൾ സംസാരിക്കുമായിരുന്നെന്ന് സേതു പറയുന്നു.

സച്ചി എട്ടു വർഷം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന ശേഷമാണ് സിനിമയിലേക്കെത്തിയത്. മാല്യങ്കര എസ്എൻഎം കോളജിലായിരുന്നു ബികോം പഠനം. നാടകം എഴുതിയും സംവിധാനം ചെയ്തും അഭിനയിച്ചും നാട്ടിലും കോളജിലും സജീവമായ സച്ചിദാനനന്ദൻ ബിരുദപഠനത്തിനുശേഷം എറണാകുളം ലോ കോളജിൽ ചെന്നെത്തിയതുകൊമേഴ്‌സ് പഠിച്ചവരെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെടുക്കില്ലെന്ന തെറ്റിദ്ധാരണ മൂലമായിരുന്നു. ഇടപ്പള്ളിക്കാരനായ സേതുവിന്റെ വക്കീൽ ഓഫിസിലേക്ക് ചെന്നതോടെയാണ് സച്ചിയുടെ ജീവിതം മാറുന്നത്. ചെറുകഥകളും ഒന്നുരണ്ടു സിനിമാക്കഥകളുമൊക്കെയായി വക്കീൽപ്പണിയിൽനിന്നു പറന്നുയരാൻ കൊതിക്കുന്ന ആളായിരുന്നു സേതു. രണ്ടുപേർക്കും പ്രാക്ടീസ് ഹൈക്കോടതിയിൽ. ഓഫിസ് മുറിയുടെ പാതി വാടകയ്ക്കു നൽകിയതിനൊപ്പം ഹൃദയത്തിന്റെ പാതിയും സേതു, സച്ചിക്കു പങ്കുവച്ചു. സേതു ദിവസവും എഴുതുന്നതു കണ്ടപ്പോഴാണ് കൂട്ടുകാരന്റെ മനസ്സിലും സിനിമയോടുന്നത് സച്ചി തിരിച്ചറിഞ്ഞത്. പിന്നെ വൈകുന്നേരങ്ങളിൽ സേതുവിന്റെ രചനകൾ വായിക്കലും തിരുത്തലുമായി. കുറെയായപ്പോൾ ഒന്നിച്ചൊന്നു പയറ്റിയാലെന്തെന്നു തോന്നി.

ബോളിവുഡിൽ നിന്ന് അതുൽകുൽക്കർണിയെ കൊണ്ടു വന്ന് ആദ്യ സിനിമ ചെയ്യാനായിരുന്നു ഇരുവരുടെയും പ്ലാൻ.പൂജ കഴിഞ്ഞ ചിത്രം പക്ഷെ, മുടങ്ങി.എന്നാൽ കൂട്ടുകാർ നിരാശരായില്ല. ഷാഫിയുടെ ചോക്ലേറ്റിലൂടെ തിരക്കഥാ ജോടിയായി അരങ്ങേറ്റം. പ്രണയവും പകയും രാഷ്ട്രീയവും നർമവുമെല്ലാം സിനിമയിൽ സച്ചിക്കു വഴങ്ങി. ഒരേ റൂട്ടിലോടുന്ന വണ്ടികളായിരുന്നില്ല സച്ചി സിനിമകൾ. വ്യത്യസ്തമായിരുന്നു ഓരോ പരീക്ഷണങ്ങളും. പരാജയങ്ങളുടെ ഉള്ളുലയ്ക്കുന്ന കഥകൾക്കു പഞ്ഞമില്ലാത്ത മലയാള സിനിമയിൽ സച്ചി വിജയകഥകൾ ചേർത്തുവച്ചു. മലയാള സിനിമയിലെ എല്ലാ പ്രധാന നടന്മാർക്കും വൻ ഹിറ്റുകളും സമ്മാനിച്ചു അദ്ദേഹം.

അടുത്ത വർഷം തിയറ്ററുകളിലെത്തേണ്ട ഇനിയും പേരിട്ടിട്ടില്ലാത്ത പൃഥ്വിരാജ് ചിത്രത്തിന്റെ പണിപ്പുരയിൽ നിന്നാണു മലയാളത്തിന്റെ പ്രതിഭാധനനായ ചലച്ചിത്രകാരനെ മരണം കവർന്നെടുത്തത്. ജി.ആർ.ഇന്ദുഗോപന്റെ ' വിലായത് ബുദ്ധ ' എന്ന കഥ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ലോക്ഡൗൺകാലത്ത് സച്ചി.

മടങ്ങുന്നത് നല്ല സിനിമയെന്ന സ്വപ്നം പൂർത്തിയാവാതെ

കോളജ് പഠനകാലത്ത് ഫിലിം സൊസൈറ്റിയിലും നാടക പ്രവർത്തനങ്ങളിലും സജീവമായിരുന്നു സച്ചി. മുപ്പതോളം അമച്വർ നാടകങ്ങൾ സംവിധാനം ചെയ്ത ഇദ്ദേഹം നൂറോളം വേദികളിൽ നടനായിട്ടുമുണ്ട്. പുണെ ഫിലിം ഇൻസ്റ്റിറ്റിയൂറ്റിൽ സിനിമ പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും കുടുംബത്തിന്റെ അനുവാദമില്ലാത്തതിനാൽ നടന്നില്ല. തുടർന്ന് അദ്ദേഹം ഒരു ഫിലിം സൊസൈറ്റി പ്രവർത്തകനായി. അക്കാലത്തുകൊമേർഷ്യൽ സിനിമകളോട് തനിക്ക് പുഛമായിരുന്നെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ പിൽക്കാലത്ത് അതേ വാണിജ്യസിനിമകളിലൂടെ അദ്ദേഹം വൻ വിജയം കൊയ്തു.

അങ്ങനെയൊക്കെയാണെങ്കിലും പഴയ നല്ല സിനിമയെന്ന സ്വപ്നം അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല. സച്ചി വിടവാങ്ങുന്നത് പൂർത്തിയാക്കാൻ കഴിയാത്ത ഒരുപിടി സിനിമാ സ്വപ്നങ്ങളുമായാണ്. മുടക്കുമുതൽ തിരികെ ആഗ്രഹിക്കാത്ത ഒരു നിർമ്മാതാവ് വന്നാൽ വാണിജ്യവിജയം നോക്കാതെ സിനിമ ചെയ്യും. അതൊരു രാഷ്ട്രീയ സിനിമയായിരിക്കുമെന്നും സച്ചി പറഞ്ഞിരുന്നു.. പണം മുടക്കുന്നവർക്ക് അത് തിരികെ ലഭിക്കണം എന്ന ചിന്തയാണ് വാണിജ്യ സിനിമകൾക്കൊപ്പം തുടരാൻ പ്രേരിപ്പിക്കുന്നതെന്നും സച്ചി വ്യക്തമാക്കിയിരുന്നു.

അതിനായി അദ്ദേഹം ഒരു പരീക്ഷണത്തിനും ഒരു നിർമ്മാതാവിനെയും ബലിയാട് ആക്കിയില്ല. ഈ വർഷം സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് തുടങ്ങുമെന്നും അതോടെ തന്റെ സ്വപ്നത്തിന് അനുസരിച്ചുള്ള നല്ല ചിത്രങ്ങൾ നിർമ്മിക്കാൻ കഴിയും എന്നുമായിരുന്നു സച്ചിയുടെ കണക്കുകൂട്ടൽ. പക്ഷേ കാലം അത് അനുവദിച്ചില്ലെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP