Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന മാർക്സിയൻ സങ്കല്പം ചവറ്റുകുട്ടയിൽ എറിഞ്ഞ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി; കമ്യൂണിസത്തിന്റെ കട്ടകൾ അടുക്കിവെച്ചിട്ടുള്ളത് ബൈബിളിന്റെ അസ്തിവാരത്തിൻ മേലാണെന്നും സത്യത്തിൽ കമ്യൂണിസം ക്രിസ്ത്യാനിറ്റിയിൽ നിന്ന് ഉത്ഭവിച്ചതാണെന്നും സഖാവ് ഗെന്നഡി സ്യുഗാനോവ്; റഷ്യൻ ഭരണഘടനയിൽ 'ദൈവം' എന്ന പദം എഴുതിച്ചേർക്കാനുള്ള ബില്ലിന് കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണ; നിരീശ്വരവാദം കളഞ്ഞ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയും ഇനി വിശ്വാസികൾക്കൊപ്പം

'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന മാർക്സിയൻ സങ്കല്പം ചവറ്റുകുട്ടയിൽ എറിഞ്ഞ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി; കമ്യൂണിസത്തിന്റെ കട്ടകൾ അടുക്കിവെച്ചിട്ടുള്ളത് ബൈബിളിന്റെ അസ്തിവാരത്തിൻ മേലാണെന്നും സത്യത്തിൽ കമ്യൂണിസം ക്രിസ്ത്യാനിറ്റിയിൽ നിന്ന് ഉത്ഭവിച്ചതാണെന്നും സഖാവ് ഗെന്നഡി സ്യുഗാനോവ്; റഷ്യൻ ഭരണഘടനയിൽ 'ദൈവം' എന്ന പദം എഴുതിച്ചേർക്കാനുള്ള ബില്ലിന് കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണ; നിരീശ്വരവാദം കളഞ്ഞ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയും ഇനി വിശ്വാസികൾക്കൊപ്പം

എം മാധവദാസ്

മോസ്‌ക്കോ: ദൈവവിശ്വാസവും മതവുമായുള്ള ബന്ധം ലോകവ്യാപകമായി ഇന്നും കമ്യൂണിസ്റ്റ് പാർട്ടികളെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രശ്നമാണ്. ആദ്യകാലത്ത് മതത്തിനെതെിരെ കടുത്ത നിലപാടുകൾ എടുത്ത കമ്യൂണിസ്റ്റ് പാർട്ടികൾ പിന്നീട് 90 കളിലെ അതിഭീകരമായ തിരിച്ചടിക്കുശേഷം മതവുമായുള്ള ബന്ധത്തിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. മുൻ കമ്യുണിസ്റ്റ് രാജ്യങ്ങളിലൊക്കെ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റു ഗ്രൂപ്പുകൾ ഒക്കെ പേരുപോലും മാറ്റി സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടികൾ ആയിട്ടുണ്ട്. അവർ ജനാധിപത്യത്തെയും മതസ്വതന്ത്ര്യത്തെയും ഒക്കെ അംഗീകരിക്കുന്നുണ്ട്.

എന്നാൽ കമ്യുണിസ്റ്റ് പാർട്ടിക്ക് സമഗ്രാധിപത്യമുള്ള ചൈന, വടക്കൻ കൊറിയ, ക്യൂബ എന്നീ രാജ്യങ്ങളിൽ ഇന്നും മതത്തോടുള്ള അവരുടെ സമീപനം തീർത്തും നിഷേധാത്മകമാണ്. നിസ്‌ക്കരിക്കുന്നതിനും, നോമ്പുനോൽക്കുന്നതിനും അടക്കം നിയന്ത്രണങ്ങൾ എർപ്പെടുത്തികൊണ്ട് ഉയിഗൂർ മുസ്ലീങ്ങളെ, രാജ്യത്തിന്റെ ഉത്തമ പൗരന്മാർ ആക്കാൻ ചൈന നടത്തുന്ന ശ്രമങ്ങൾ വ്യാപകമായി വിമർശിക്കപ്പെട്ടതാണ്. എന്നാൽ കമ്യുണിസ്റ്റ് വിപ്ലവത്തിന്റെ കളിത്തൊട്ടിൽ എന്നു പറയുന്ന റഷ്യയിൽനിന്നും വരുന്ന വാർത്തകൾ നേരെ തിരിച്ചാണ്. ഇവിടെ 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന മാർക്സിയൻ സങ്കല്പമൊക്കെ ചവറ്റുകുട്ടയിൽ എറിഞ്ഞിരിക്കയാണ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി. കമ്യുണിസ്റ്റ് പാർട്ടി സെക്രട്ടറി സഖാവ് ഗെന്നഡി സ്യുഗാനോവ്് പറയുന്നത് 'കമ്യൂണിസത്തിന്റെ കട്ടകൾ അടുക്കിവെച്ചിട്ടുള്ളത് ബൈബിളിന്റെ അസ്തിവാരത്തിന്മേലാണെന്നാണ'. കമ്യൂണിസം സത്യത്തിൽ ക്രിസ്ത്യാനിറ്റിയിൽ നിന്നുത്ഭവിച്ചതാണെന്ന സ്യുഗാനോവിന്റെ പ്രസ്താവന ക്ലാസിക്കൽ മാർക്സിസ്റ്റുകളെ ശരിക്കും ഞെട്ടിച്ചിരിക്കയാണ്. ( കേരളത്തിൽ ശബരിമല സമരത്തിനുശേഷമുള്ള സിപിഎമ്മിന്റെ മലക്കം മറിച്ചിലൊക്കെ നോക്കുക. മതത്തോടുള്ള സമീപനം ഇന്നും കമ്യുണിസ്റ്റുകൾക്ക് പ്രശ്നം തന്നെയാണ്)

കാര്യങ്ങൾ ഇവിടെ കൊണ്ട് തീരുന്നില്ല. ഇപ്പോൾ റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുട്ടിൻ റഷ്യൻ ഭരണഘടനയിൽ 'ദൈവം' എന്ന പദം എഴുതിച്ചേർക്കാനുള്ള ബില്ല് കൊണ്ടുവരികയാണ്. അത്ഭുദമെന്ന് പറയട്ടെ റഷ്യൻ കമ്യുണിസ്റ്റ് പാർട്ടി അതിനും പിന്തുണ കൊടുക്കയാണ്.'ദൈവം' എന്ന വാക്ക് റഷ്യൻ ഭരണഘടനയിലേക്ക് കടന്നുവരുമോ എന്ന കാര്യത്തിൽ ഇനിയും ഒരു തീരുമാനം വന്നിട്ടില്ല. അതിനുവേണ്ട പ്രമേയങ്ങൾക്ക് അണിയറയിൽ രൂപം നൽകിവരുന്നുണ്ട്. അക്കാര്യത്തിൽ അന്തിമമായ ഒരു വോട്ടെടുപ്പ് ഏപ്രിൽ 22 -ന്, സഖാവ് ലെനിന്റെ 150 -ാം പിറന്നാൾദിനത്തിൽ നടക്കുമ്പോൾ, അതിനെ റഷ്യൻ കമ്യൂണിസ്റ്റുകൾ പിന്തുണച്ചേക്കും എന്നാണ് റഷ്യയിൽ നിന്ന് മുമ്പ് 'റഷ്യ ടുഡേ' എന്നറിയപ്പെട്ടിരുന്ന, ഇന്ന് ഞഠ.രീാ എന്നപേരിൽ ഇന്റർനെറ്റിൽ സജീവമായ റഷ്യൻ അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയിൽ ഇന്ന് 80 ശതമാനം വിശ്വാസികൾ ആണെന്നും പതുക്കെ അവരുടെ പിന്തുണ ആർജ്ജിച്ച് തിരച്ചുവരാനുള്ള ശ്രമത്തിലാണ് റഷ്യൻ കമ്യുണസിറ്റ് പാർട്ടിയെന്നുമാണ് മാധ്യമങ്ങൾ പറയുന്നത്. ഇപ്പോഴും 20 ശതമാനത്തോളം പേരുടെ പിന്തുണ റഷ്യൻ കമ്യുണിസ്റ്റ് പാർട്ടിക്കുണ്ട്. പഴയതെല്ലാം പൂർണ്ണമായി മറന്ന് പുതിയ ഒരു മുഖം നൽകാനണ് അവർ ശ്രമിക്കുന്നത്. പുതിയ മാറ്റം അതിന്റെ ഭാഗമാണെന്ന് വ്യക്തമാണ്. പക്ഷേ ഒരു ഏകാധിപതിയെപ്പോലെ പ്രവർത്തിക്കുന്ന വളാദിമർ പുട്ടിന്റെ ഭരണത്തിൽ ഒരു സ്പേസും മറ്റു പാർട്ടികൾക്ക് കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം.

മാർക്സിന്റെ സിദ്ധാന്തങ്ങൾ ഇവിടെ ചവറ്റുകൂട്ടയിൽ

പൂർണ്ണമായും മാർക്സിയൻ സിദ്ധാന്തങ്ങളെ കൈയാഴിഞ്ഞാണ് റഷ്യയിലടക്കം കമ്യൂണിസ്റ്റ് പാർട്ടികൾ പ്രവർത്തിക്കുന്നത്. ചൈനയിൽ കാപ്പിറ്റലിസത്തിന്റെ എല്ലാവശങ്ങളും ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നന്നെ് ഓർക്കണം. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്നു പറഞ്ഞത് കാൾ മാർക്സിന്റെ അഭിപ്രായം മാർക്സിസ്റ്റ് കക്ഷികൾക്ക് വേദ വാക്യമായിരുന്നു. മതങ്ങളും, അവയുടെ വിശ്വാസകേന്ദ്രങ്ങളായ ദൈവങ്ങളും, ദേവാലയങ്ങളും ഒക്കെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ചൂഷണം ചെയ്യാനും അവരെ മയക്കാനുമുള്ള ബൂർഷ്വാസികളുടെ സൂത്രങ്ങളാണ് എന്ന് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്താധാരകൾ കരുതിയിരുന്നു. അതുകൊണ്ടുതന്നെ ലെനിന് ശേഷമുള്ള സോവിയറ്റ് റഷ്യയും, മാവോയ്ക്കു ശേഷമുള്ള പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും നിരീശ്വരവാദം സർക്കാർ നയത്തിന്റെ തന്നെ ഭാഗമാക്കിയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സഖാക്കൾക്ക് പ്രാഥമികാംഗത്വം കിട്ടാനുള്ള പ്രഥമയോഗ്യത ലക്ഷണമൊത്ത ഒരു നിരീശ്വരവാദി ആവുക എന്നതുതന്നെയായിരുന്നു അന്നൊക്കെ. ഇപ്പോൾ റഷ്യൻ ഭരണഘടനയിൽ 'ദൈവം' എന്ന പദം എഴുതിച്ചേർക്കാൻ വേണ്ടിയുള്ള ബില്ലിനെ റഷ്യൻ കമ്യുണിസ്റ്റുകൾ പിന്തുണച്ചതോടെ ഇത് ചരിത്രത്തിന്റെ കാവ്യനീതിയാണെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ബോൾഷെവിക്ക് വിപ്ലവത്തിന് ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും റഷ്യയുടെ സാമൂഹിക സാഹചര്യം വിപ്ലവകരമായ പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട് എന്ന് പറയാതെ വയ്യ. പാർട്ടിയുടെ ഒരു നൂറ്റാണ്ടായുള്ള നിലപാടിന് കടകവിരുദ്ധമായി നിൽക്കുന്ന, ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി ഗെന്നഡി സ്യുഗാനോവ് പറയുന്ന കാരണങ്ങൾ ക്ലാസിക്കൽ മാർക്സിറ്റുകൾക്ക് ദഹിക്കുന്നില്ല. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന മാർക്സിയൻ സങ്കല്പമൊക്കെ തോട്ടിലെറിഞ്ഞ് സ്യുഗാനോവ് പറഞ്ഞുകൊണ്ടുവരുന്നത് 'കമ്യൂണിസം സത്യത്തിൽ ക്രിസ്ത്യാനിറ്റിയിൽ നിന്നുത്ഭവിച്ചതാണ്...' എന്നാണ്. 'ഞാൻ ബൈബിൾ വായിച്ചപ്പോൾ, അതിൽ പോൾ എന്ന അപോസ്തലന്റെ വചനങ്ങൾ പഠിച്ചപ്പോൾ, അതിൽ ഞാൻ കണ്ടത് കമ്യൂണിസത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു. 'പണിയെടുക്കാത്തവൻ കഴിക്കുന്നില്ല' എന്ന് അതിൽ പറയുന്നുണ്ട്.' സ്യുഗാനോവ് പറഞ്ഞു, 'സത്യം പറഞ്ഞാൽ, കമ്യൂണിസത്തിന്റെ കട്ടകൾ അടുക്കിവെച്ചിട്ടുള്ളത് ബൈബിളിന്റെ അസ്തിവാരത്തിന്മേലാണ്'.

റഷ്യൻ ഓർത്തഡോക്സ് സഭാധ്യക്ഷനും സഭയിലെ മറ്റംഗങ്ങൾക്കും സ്യുഗാനോവിന്റെ ഈ വാക്കുകൾ കാതിൽ തേന്മഴയായി അനുഭവപ്പെട്ടേക്കാം എങ്കിലും, ലെനിന്റേയും സ്റ്റാലിന്റെയും പിന്നീട് ക്രൂഷ്‌ചേവിന്റെയും കാലത്ത് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി ക്രിസ്ത്യാനികൾക്കെതിരെ നടത്തിയ ഹിംസ, പുരോഹിതന്മാരെയും വിശ്വാസികളെയും പള്ളിക്കാരെയും അവർ നിർദാക്ഷിണ്യം കൊന്നുതള്ളിയത് ഒന്നും അത്രയെളുപ്പത്തിൽ മറന്നുകൊണ്ട് അവരോടടുക്കാൻ റഷ്യയിലെ മതവിശ്വാസികൾക്ക് സാധിച്ചുകൊള്ളണമെന്നില്ല.
കാര്യം സ്യുഗാനോവിന്റെ ദൈവവഴിയിലേക്കുള്ള അഭിനിവേശം, റഷ്യൻ കമ്യൂണിസ്റ്റ് താത്വികാചാര്യന്മാർ ഇന്നോളം പറഞ്ഞുവെച്ചതിൽ നിന്നുള്ള വ്യതിയാനമാണ് എങ്കിലും, അതിൽ റഷ്യയിലെ ഇന്നത്തെ പാർട്ടി കോമ്രേഡുകൾക്കൊന്നും തന്നെ അതിശയം തോന്നാനിടയില്ല. കാരണം, ഇത് അദ്ദേഹം കുറച്ചുകാലമായി ഇടക്കും മുറയ്ക്കും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം തന്നെയാണ് എന്നതുതന്നെ. 'യേശുക്രിസ്തുവാണ് ലോകത്തെ ആദ്യത്തെ കമ്യൂണിസ്റ്റുകാരൻ' എന്ന വിവാദപ്രസ്താവന നടത്തിയതും സഖാവ് സ്യുഗാനോവ് തന്നെയായിരുന്നു.

സോവിയറ്റ് യൂണിയന്റെ രൂപീകരണത്തിന് മുമ്പ് റഷ്യ മതവിശ്വാസികളുടെ പറുദീസയായിരുന്നു. സർക്കാരിന്റെ ഭാഗം പോലുമായിരുന്നു ഓർത്തഡോക്സ് സഭ അക്കാലത്ത്. എന്നാൽ, റഷ്യൻ വിപ്ലവത്തിന് ശേഷം വന്ന കമ്യൂണിസ്റ്റ് സർക്കാരുകളുടെ ഔദ്യോഗിക നയം തന്നെ നിരീശ്വരവാദം തന്നെ ആയിരുന്നു. വർഷങ്ങളെടുത്ത് പാഠപുസ്തകങ്ങളിലൂടെയും, പാർട്ടി കോൺഗ്രസുകളിലൂടെയും, ലഘുലേഖകൾ അച്ചടിച്ചും ഒക്കെ നടത്തിയ പ്രൊപ്പഗണ്ടകൾക്ക് ഒടുവിൽ റഷ്യൻ ജനതയുടെ മനസ്സുകളിൽ നിന്നുപോലും മതം എന്ന സങ്കൽപം ഏറെക്കുറെ അസ്തമിച്ചു തുടങ്ങിയിരുന്നു. യുഎസ്എസ്ആറിന്റെ പതനം മതങ്ങളുടെ ശക്തമായ തിരിച്ചുവരവിന് കാരണമായി. അതോടെ അതുവരെ പുറമേക്ക് കടുത്ത കമ്യൂണിസ്റ്റ് നാസ്തികരായിരുന്ന പലരും ഒരുസുപ്രഭാതത്തിൽ തങ്ങളുടെ മതാഭിമുഖ്യം വെളിപ്പെടുത്തി രംഗത്തുവന്നു. ഇന്ന് റഷ്യൻ ജനതയുടെ 80 ശതമാനവും മതവിശ്വാസികളാണ്. അതുകൊണ്ടുതന്നെ കമ്യൂണിസവും മതവിശ്വാസവും തോളോടുതോൾ ചേർന്ന് മുന്നോട്ടുപോകുന്ന ഒരു കാഴ്ചയാണിന്ന് റഷ്യയിൽ കാണുന്നത്.

പക്ഷേ ഇന്നത്തേത് പൂർണ്ണമായും മതലാളിത്ത റഷ്യയാണെന്നും പുട്ടിനെപ്പോലെ ഒരു ഏകാധിപതിയോടെ പൊരുതാൻ മതത്തോട് മൃദുസമീപനം വേണമെന്ന നിലപാടാണ് സഖാവ് സ്യുഗാനോവ് ഉയർത്തുന്നത്. പക്ഷേ പുട്ടിൽ സൂചികുത്താനുള്ള അവസരംപോലും ആർക്കും നൽകുന്നില്ല. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നു എന്നുമാത്രമല്ല, പുട്ടിനെതിരെ പ്രതികരിക്കുന്നവർ എല്ലാം ഒന്നൊന്നായി കൊല്ലപ്പെടുകയായിരുന്നു. വിദേശത്തുള്ളവർക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണ്.

പുട്ടിൻ എതിർക്കുന്നവർ കെട്ടിടത്തിൽനിന്ന് വീണ് മരിക്കുമ്പോൾ

ജെയിംസ് ലേ മെസൂരിയർ എന്ന ബ്രിട്ടീഷ് ആർമി ഓഫിസർ മരിച്ചതോ അതോ റഷ്യൻ ചാരന്മാരാൽ കൊല്ലപ്പെട്ടതോ? പാശ്ചാത്യ രാജ്യങ്ങൾ ഇക്കാര്യം ഏറെ ചർച്ചചെയ്യപ്പെട്ടാതാണ്. പുട്ടിന്റെ വിമർശകരെല്ലാം ബാൽക്കണിയിൽ നിന്നും വീണ് മരിക്കുന്നതാണ് ഇങ്ങനെ ഒരു സംശയത്തിന് കാരണം. ഇസ്താംബൂളിലെ മുൻ ബ്രിട്ടീഷ് ആർമി ഓഫിസറായ ജെയിംസ് ലേയുടെ മരണം ഉയർത്തുന്നത് മറ്റൊരു ഗൂഢാലോചനാ തിയറിയാണ്. കാരണം ജെയിംസ് ലേ അടക്കം നിരവധി റഷ്യൻ വിമർശകരാണ് ബാൽക്കണിയിൽ നിന്നും വീണ് മരിച്ചിട്ടുള്ളത്. ഇത് റഷ്യൻ ഗൂഢാലോചനയാണെന്നാണ് ഇപ്പോൾ വിമർശകർ ഉന്നയിക്കുന്നത്.

ജയിംസ് ലേ ബ്രിട്ടീഷ് ചാരനാണെന്ന് ക്രെംലിൻ പരസ്യ പ്രസ്താവന നടത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ് 48കാരനായ ജെയിംസിനെ ഇസ്താംബൂളിലെ ഒരു തെരുവിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അർദ്ധരാത്രിയിൽ കെട്ടിടത്തിന്റെ മുകളിലെ ജനൽ വഴി താഴേക്ക വീണതായാണ് കരുതുന്നത്. അദ്ദേഹം താഴേയ്ക്ക് ചാടിയതാണ് അതോ ആരെങ്കിലും തള്ളി താഴേയ്ക്ക് ഇട്ടതാണോ എന്നതാണ് ഇപ്പോഴത്തെ ചർച്ച. തിങ്കളാഴ്ച രാവിലെ പള്ളിയിലേക്ക പോയ നാട്ടുകാരണ് റോഡിൽ അദ്ദേഹം മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.

മരിക്കുമ്പോൾ വെള്ള ഷർട്ടും ചാര നിരത്തിലുള്ള ട്രൗസറും കയ്യിൽ വാച്ചും ധരിച്ചിരുന്നു അദ്ദേഹം. മൃതദേഹത്തിന്റെ തലയോട്ടിക്കും കാലിനും ഒടിവുകളും ചതവുകളും ഉണ്ട്. മുഖം കൂർത്ത എന്തോ ഒന്ന് കൊണ്ട് മുറിഞ്ഞിട്ടുണ്ട്. ആത്മഹത്യയാകുമെന്നാണ് ടർക്കിഷ് പൊലീസ് കരുതുന്നത്. വൈറ്റ് ഹെൽമറ്റ്സിനെ പരിശീലിപ്പിച്ച മെയ് ഡേ റസ്‌ക്യൂ ഗ്രൂപ്പിൽ അംഗമായിരുന്നതാണോ ഇദ്ദേഹത്തിന്റെ മരണത്തിന് കാരണം തുടങ്ങി ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ ഉയരുന്നത്.

മരിക്കുന്നതിന് തൊട്ടു മുമ്പുള്ള സമയങ്ങളിൽ അദ്ദേഹം എങ്ങനെ കാണപ്പെട്ടിരുന്നു എന്ന് ഇനിയും വ്യക്തമല്ല. അതി സമ്മർദ്ദത്തെ അതിജീവിക്കാൻ അദ്ദേഹം മരുന്നുകൾ കഴിച്ചിരുന്നതായി ഭാര്യ എമ്മ വിൻബർഗ് പറയുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ സംഘടനയും നടത്തിയിരുന്ന ആക്രമണങ്ങൾ നൽകിയിരുന്ന സമ്മർദ്ദത്തെ അതി ജീവിക്കാനായിരുന്നു മരുന്നുകൾഡ കഴിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ നാലു മണിയോടെയാണ് ജെയിംസും ഭാര്യയും കിടക്കാനായി പോയത്. രണ്ടു പേരും ഉറക്ക ഗുളികകൾ കഴിച്ചിരുന്നു. വാതിലിൽ മുട്ടി വിളിച്ചത് കേട്ടാണ് ഇവർ എഴുന്നേറ്റത്. അപ്പോഴാണ് മരണ വിവരം അറിയുന്നത്. വളരെ സുരക്ഷിതമായ കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. ഫിംഗർ പ്രിന്റ് നൽകിയാൽ മാത്രമേ മുറിക്കകത്തേക്ക് പ്രവേശിക്കാൻ സാധിക്കൂ. എന്നാൽ നിരീക്ഷണക കാമറകളിൽ അപരിചതിതർ ആരും വീട്ടിലേക്ക് കയറിയതായും കാണുനന്നില്ല. അതിനാൽ തന്നെ ആത്മഹത്യയാണെന്ന നിലപാടിലാണ് പൊലീസ്.

എന്നാൽ റഷ്യയെ കുറിച്ച് അറിയാൻ ശ്രമിച്ച നിരവധി പേരുടെ കെട്ടിടത്തിൽ നിന്നും വീണുള്ളമരണമാണ് പാശ്ചാത്യ രാജ്യങ്ങളെ ഇങ്ങനെ ഒരു സംശയത്തിന്റെ മുൾ മുനയിൽ നിർത്തിയിരിക്കുന്നത്. പത്രപ്രവർത്തകരും, നിയമജ്ഞരും എയ്ഡ് വർക്കർമാരും അടക്കം ക്രെംംലിൻ കടന്ന നിരവധി പേരാണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചിട്ടുള്ളത്. അല്ലെങ്കിൽ താഴേക്ക് വലിച്ചെറിയപ്പെട്ടിട്ടുള്ളത്. റഷ്യൻ മിഷണറീസിനെ കുറിച്ചും റഷ്യയിലെ അഴിമതിയെ കുറിച്ചും വാർത്തകൾ പുറത്തുകൊണ്ടു വന്ന മാക്സിം ബോർഡിൻ എന്ന റഷ്യൻ പത്ര പ്രവർത്തകൻ കഴിഞ്ഞ വർഷമാണ് മരിച്ചത്. ബാൽക്കണിയിൽ നിന്നും താഴേക്ക് വീണായിരുന്നു അദ്ദേഹത്തിന്റെ മരണം.14 മാസങ്ങൾക്ക് മുമ്പ് നിയമജ്ഞനായ നികോൽ ഗോർഖോവും നാല് നിലക്കെട്ടിടത്തിന്റെ ജനലിൽ നിന്നും താഴേയ്ക്ക് വീണ് മരിച്ചിരുന്നു. ടാക്സ് വെട്ടിപ്പിന് റഷ്യൻ സർക്കാർ ജയിലിലടച്ചതിനെ തുടർന്ന് 2009ൽ കൊല്ലപ്പെട്ട സെർജി മാഗ്‌നറ്റ്സ്‌കിയുടെ വക്കീലായിരുന്നു അദ്ദേഹം.

റഷ്യയുടെ സിറിയയും ഇറാനുമായുള്ള ആയുധ കച്ചവടത്തെ കുറിച്ച് അന്വേഷണം നടത്തിയ ഇവാൻ സർഫ് നോവ് 2007ൽ അഞ്ച് നില കെട്ടിടത്തിന്റെ ജനലിലൂടെ താഴേക്ക് വീണും മരിച്ചിരുന്നു. അതിനും രണ്ട് വർഷങ്ങൾക്ക് ശേഷം സർക്കാരിനെതിരെ വാർത്ത നൽകിയ ബ്രോഡ് കാസ്റ്റർ ഒൾഗ കോട്ടോസ്‌ക്യ 14-ാം നിലയിൽ നിന്നാണ് വീണ് മരിച്ചത്. അതും ആത്മഹത്യയായി വിധി എഴുതി. ഒരു ബ്രിട്ടീഷ് പൗരനും ഇതേ വിധിയുണ്ടായി. പ്രോപ്പർട്ടി ഡവലപ്പറായ സ്‌കോട്ട് യങും റഷ്യൻ ചാരന്മാരാൽ 2014ൽ ബ്രിട്ടനിൽ വെച്ച് കൊല്ലപ്പെട്ടു.

ഇതിനാൽ തന്നെ ജെയിംസ് ലേയുടെ മരണത്തിൽ സംശയിക്കത്തക്കതായി എന്തോ ഉണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ജെയിംസ് ലേയുടെ മരണത്തിൽ ആംനെസ്റ്റി ഇന്റർനാഷണൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വൈറ്റ് ഹെൽമെറ്റ്സിന്റെ പബ്ലിക്ക് ഫേസ് എന്ന നിലയിൽ ജെയിംസ് ലേ നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈറ്റ് ഹെൽമെറ്റ്സ് നിരവധി അപകരടകാരികളായ തീവ്രവാദി ഗ്രൂപ്പുകൾക്ക് സഹായം നൽകുന്നതായി റഷ്യയുടെ വിദേശ മന്ത്രാലയം ആരോപിച്ചിരുന്നു. ജെയിംസ് ലേ ബ്രിട്ടന്റെ എം 16ന്റെ മുൻ ഏജന്റാണെന്നും ആരോപിച്ചിരുന്നു. ഇതിന് മുന്ന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മരണം.

ഈ ഘട്ടത്തിൽ പുട്ടിനെതിരെ പൊരുതാൻ പഴയ മുരടൻ നയങ്ങൾ മാറ്റിവെക്കുന്നതിൽ തെറ്റില്ല എന്ന് കരുതുന്നവരും നിരവധിയാണ്. തങ്ങളുടെ കൂട്ടുകൃഷിക്കളം സംരക്ഷിക്കാൻപോലും റഷ്യൻ പാർട്ടിക്ക് വല്ലാതെ അധികൃതർക്കുമുന്നിൽ കെഞ്ചേണ്ടി വന്നിട്ടുണ്ട്.

കൂട്ടുകൃഷിക്കളം പുട്ടിൻ ഏറ്റെടുക്കുമ്പോൾ

ലെനിൻ പ്രതിമകൾ നിർബാധം വാഴുന്ന കമ്യൂണിസ്റ്റ് തുരുത്ത് ആധുനിക റഷ്യയിൽ സങ്കല്പിക്കാനാകുമോ? അതും പ്രസിഡന്റ് പുട്ടിന്റെ ക്രെംലിൻ കൊട്ടാരത്തിനരികിൽ. അതാണ് ഇനിയും മരിച്ചുവീഴാത്ത 'കമ്യൂണിസ്റ്റ് ദ്വീപ്' എന്ന് വാഴ്‌ത്തപ്പെടുന്ന ലെനിൻ കൂട്ടുകൃഷിക്കളം. നൂറുവർഷത്തിലേറെ പഴക്കമുള്ള മോസ്‌കോയിലെ ലെനിൻ കൂട്ടുകൃഷിക്കളം ഇപ്പോൾ ഏറ്റെടുക്കൽ ഭീഷണിയിലാണ്. പുട്ടിൻ സർക്കാരിന്റെ നീക്കത്തിനെതിരേ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി അന്താരാഷ്ട ഐക്യദാർഢ്യം തേടിയിരിക്കുകയാണിപ്പോൾ.

നൂറുവർഷംമുമ്പ് രൂപവത്കരിച്ചതും 2000 ഹെക്ടർ വരുന്നതുമായ ഈ പ്രദേശം സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷവും കമ്യൂണിസ്റ്റ് പാർട്ടിയുടെ സംരക്ഷണത്തിലാണുള്ളത്. മുന്നൂറോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളും താമസിച്ച് പണിയെടുക്കുന്ന കൂട്ടുകൃഷിക്കളം എല്ലാനിലയ്ക്കും സ്വയംപര്യാപ്തമാണ്. സൗജന്യവിദ്യാഭ്യാസംമുതൽ ചുരുങ്ങിയ ചെലവിലുള്ള താമസംവരെ എല്ലാം ഒരുക്കുന്നത് ലെനിൻ കമ്യൂണാണ്. അതിന്റെ തലവനായ പാവേൽ ഗ്രൂഡിനിൻ 2018-ലെ റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ചതോടെയാണ് ലെനിൻ കൂട്ടുകൃഷിക്കളം ലോകശ്രദ്ധനേടുന്നത്. റഷ്യയിലെ അവസാനത്തെ സോവിയറ്റ് സ്മാരകമായി ഈ കൂട്ടുകൃഷിക്കളം കരുതപ്പെടുന്നു. തലസ്ഥാനമായ മോസ്‌കോ നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ കമ്യൂണിസ്റ്റ് ദ്വീപ്. ലാഭകരമായിപ്രവർത്തിക്കുന്ന കൂട്ടുകൃഷിക്കളത്തിന്റെ സംരക്ഷണത്തിനായി റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഗെന്നഡി സ്യുഗാനോവ് തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.

സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിനെത്തുടർന്ന് 27,000-ത്തോളം വരുന്ന റഷ്യയിലെ പൊതുമേഖലാ കൂട്ടുകൃഷിക്കളങ്ങളാണ് സ്വകാര്യമേഖലയ്ക്ക് വിട്ടുനൽകിയത്. ലെനിൻ കൂട്ടുകൃഷിക്കളം സ്വകാര്യവത്കരിക്കാനും കോടതിവിധിയുണ്ട്. ആ വിധി ഇപ്പോൾ റഷ്യയിൽ രാഷ്ട്രീയവിവാദത്തിന് വഴിയൊരുക്കുകയുംചെയ്തു.ഏറ്റെടുക്കൽഭീഷണി 2000 ഹെക്ടർ ഭൂമിയിൽ കണ്ണുവെച്ചുള്ള സ്വകാര്യവത്ക്കരണ നടപടിയായാണ് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി വിലയിരുത്തുന്നത്. 27,000 കൂട്ടുകൃഷിക്കളങ്ങൾ ഇല്ലാതാക്കി സ്വകാര്യസംരംഭകരുടെ കൈകളിലേക്കെത്തിച്ച റഷ്യന്മുതലാളിത്തത്തിന്റെ മലവെള്ളപ്പാച്ചിലിൽ ലെനിൻ കമ്യൂണിന് ഇനി എത്രകാലം പിടിച്ചുനിൽക്കാനാവും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇത് ഉടൻതന്നെ സർക്കാർ ഏറ്റെടുക്കുമെന്നാണ് പുട്ടിൻ പറയുന്നത്.

റഷ്യയിൽ ഇപ്പോൾ പുട്ടിന്റെ ജനപ്രീതി കുറയുകയാണ്. 76 ശതമാനം വോട്ട് നേടി മാർച്ച് മാസം നാലാമതും പ്രസിഡന്റായ പുടിനെ, ഇപ്പോൾ 48 ശതമാനംപേർ മാത്രമാണ് പിന്തുണയ്ക്കുന്നത്. പെൻഷൻ പ്രായം ഉയർത്തിയ നടപടിയാണ് പുട്ടിന്റെ ജനപ്രീതി ഇടിച്ചത്. പുട്ടിന്റെ പല സാമ്പത്തിക നയങ്ങൾക്കും എതിരെ കടുത്ത പ്രതിഷേധം സംഘടിപ്പിച്ചതും റഷ്യൻ കമ്യുണിസറ്റ് പാർട്ടി തന്നെയാണെന്നത് മറക്കാനാവില്ല.പുട്ടിന്റെ പെൻഷൻ പരിഷ്‌കരണത്തിനെതിരെ കഴിഞ്ഞവർഷം കടുത്ത പ്രതിഷേധം ഉയർത്തിയത് കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. മോസ്‌കോയിലും സെന്റ് പീറ്റേഴ്സ്ബർഗിലും യകാതെറിൻ ബർഗിലും മറ്റും അവർ ആയിരങ്ങളുടെ പ്രതിഷേധ മാർച്ച് നടത്തി. പാർലമെന്റിൽ പെൻഷൻ പരിഷ്‌കാരത്തിനെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ്തത് കമ്യൂണിസ്റ്റ് പാർട്ടിക്കാർ മാത്രമായിരുന്നു. 102 പ്രതിപക്ഷ പാർട്ടി എംപിമാർ ഡ്യൂമയിലുണ്ടായിരുന്നെങ്കിലും 59 പേർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. ഇതിൽ 42 പേരും കമ്യൂണിസ്റ്റ് പാർലമെന്റ് അംഗങ്ങളായിരുന്നു. പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെയും വ്ളാദിമിർ ഷിരിനോവ്സകിയുടെയും എംപിമാർ പൂർണമായും എതിർത്ത് വോട്ട് ചെയ്യാൻ തയ്യാറായില്ല. നവൽനി ഒരുമാസം ജയിലിൽ കിടന്നെങ്കിലും സ്വന്തം പാർട്ടിയിലെ എംപിമാരെ പെൻഷൻ പരിഷ്‌കാരത്തിനെതിരെ വോട്ട് ചെയ്യിക്കുന്നതിൽ പരാജയപ്പെട്ടു.

എതായാലും റഷ്യയിലെ ജനങ്ങൾ പതുക്കെയാണെങ്കിലും പുടിനെതിരെ തിരിഞ്ഞുതുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വർഷം പ്രിമോർസ്‌കി ക്രായി പ്രവിശ്യയിൽ നടന്ന ഗവർണർ തെരഞ്ഞെടുപ്പിൽ പുടിന്റെ യുണൈറ്റഡ് റഷ്യ സ്ഥാനാർത്ഥിയെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിന് തോൽപ്പിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആന്ദ്രേ ഇഷെങ്കോ 30,000 വോട്ടിനാണ് വിജയിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്താുകയാണ് പുട്ടിൽ ചെയ്തത്. ഖകാഷ്യ പ്രവിശ്യയിൽ ഗവർണർസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പുടിന്റെ യുണൈറ്റഡ് റഷ്യയുടെ വിക്ടർ സെമിൻ തോറ്റു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കോൺസ്റ്റാന്റെൻ കോണോവാലോവ് 12 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്.

കബ്രോവ്സ്‌കക്, വ്ളാദിമിർ ഒബ്ലാസ്റ്റ് എന്നീ പ്രവിശ്യകളിൽ ഗവർണർ തെരഞ്ഞെടുപ്പിലും യുണൈറ്റഡ് റഷ്യ പാർട്ടി സ്ഥാനാർത്ഥികൾ തോറ്റു. രണ്ടിടത്തും വ്ളാദിമിർ ഷിരിനോവ്സ്‌കിയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് റഷ്യയുടെ സ്ഥാനാർത്ഥികളാണ് വിജയിച്ചത്. സൈബീരിയയിലെ ഇർകാൽസ്‌കക്, ഉല്യാനോവ്സ്‌കക്, ഖക്കാഷൽ എന്നീ പ്രവിശ്യാകൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികൾ രണ്ട് മുതൽ ഏഴ് ശതമാനം വരെ വോട്ട് നേടി വിജയിച്ചു. യുനൈറ്റഡ് റഷ്യ കഴിഞ്ഞാൽ ഏറ്റവും ശക്തമായ പാർട്ടിയായ കമ്യുണിസ്റ്റ് പാർട്ടി ഓഫ് റഷ്യൻ ഫെഡറേഷൻ പതുക്കെയാണെങ്കിലും തിരിച്ചുവരവിനുള്ള കരുത്ത് നേടിക്കൊണ്ടിരിക്കുകയാണ്. അതിനുതക്കമാറ്റങ്ങാണ് അവർ വരുത്തുന്നത് എന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ നിരീക്ഷണം. അതിന് അവർ ചെയ്യുന്നതാവട്ടെ മാർക്സിയൻ ആശയങ്ങളെ ചവറ്റുകൊട്ടയിൽ എറിയുക എന്നതും. മാറ്റം എന്ന വാക്കൊഴിച്ച് എല്ലാം മാറ്റത്തിന് വിധേയമാണെന്ന് മാർക്സ് എഴുതിയത് ഇവിടെ അറം പറ്റുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP