Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

ആറായിരത്തിലേറെ ജാതികളുള്ള ഒ.ബി.സിയിൽ 50 ശതമാനം ജോലിയും നേടിയെടുക്കുന്നത് ഒരു ശതമാനം വരുന്ന പ്രഭു ജാതികൾ; എസ്ഇ-എസ്ടിയിലെ അമ്പതിലധികം ജാതികളിൽ 40നും കാര്യമായ പ്രാതിനിധ്യമില്ല; മതത്തിന്റെ അടിസ്ഥാനത്തിലുള്ള കേരളത്തിലെ മുസ്ലിം സംവരണം സത്യത്തിൽ ഭരണഘടനാ വിരുദ്ധം; ജാതി സംവരണം ശുദ്ധ തട്ടിപ്പോ?

ആറായിരത്തിലേറെ ജാതികളുള്ള ഒ.ബി.സിയിൽ 50 ശതമാനം ജോലിയും നേടിയെടുക്കുന്നത് ഒരു ശതമാനം വരുന്ന പ്രഭു ജാതികൾ; എസ്ഇ-എസ്ടിയിലെ അമ്പതിലധികം ജാതികളിൽ 40നും കാര്യമായ പ്രാതിനിധ്യമില്ല; മതത്തിന്റെ അടിസ്ഥാനത്തിലുള്ള കേരളത്തിലെ മുസ്ലിം സംവരണം സത്യത്തിൽ ഭരണഘടനാ വിരുദ്ധം; ജാതി സംവരണം ശുദ്ധ തട്ടിപ്പോ?

എം റിജു

'ജാതിയിൽ ജനിച്ച് ജാതിയിൽ വളർന്ന് ജാതി ശ്വസിച്ച് ജാതിയിൽ മരിക്കുന്ന ഒരു സമൂഹം'. സ്വാതന്ത്ര്യം കിട്ടുമ്പോഴുള്ള ഇന്ത്യയുടെ അവസ്ഥയെക്കുറിച്ച് എഴുത്തുകാരൻ ഡൊമനിക്ക് ലാപ്പിയർ വിലയിരുത്തിയത് അങ്ങനെയാണ്. പട്ടിക്കും പൂച്ചക്കും നടന്നുപോകാൻ കഴിയുന്ന വഴിയിലൂടെ മനുഷ്യന് നടക്കാൻ കഴിയാത്ത സാഹചര്യമുള്ള 19ാം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ച് നാം ഏറെ ചർച്ചചെയ്താണ്. അങ്ങനെയെല്ലാമാണ് നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടവരെ ശാക്തീകരിക്കുക എന്ന എന്നലക്ഷ്യത്തോടെ ജാതി സംവരണം വരുന്നത്. സംവരണം ഭരണഘടനാപരമാണെന്നതും കേരളത്തിൽ പ്രചരിക്കുന്ന ഒരു അന്ധവിശ്വാസമാണ്. നമ്മുടെ ഭരണഘടനയിൽ ഇത് ഇല്ല. പിന്നീട് വന്ന ഭരണഘടനാ ഭേദഗതിയിലുടെയാണ് സംവരണം വരുന്നത്.

അത്തരം ചർച്ചകളുടെ സമയത്ത് സാക്ഷാൽ ബി ആർ അംബേദ്ക്കർതന്നെ പറഞ്ഞിരുന്നു. സംവരണം എന്നത്, കാലാകാലമായി തുടരാൻ കഴിയുന്ന ഒന്നല്ല എന്ന്. കാൽനൂറ്റാണ്ടിന്ശേഷം റിസർവേഷൻ എടുത്തുകളയും എന്നൊക്കെയായിരുന്നു അന്ന് വന്ന ചർച്ചകൾ. പൊളിറ്റിക്കൽ റിസർവേഷൻ ആദ്യം വെറും പത്തുവർഷത്തേക്കാണ് നടപ്പാക്കിയത് .പക്ഷേ അത് ഓരോ വർഷവും റിവൈസ് ചെയ്യേണ്ടി വന്നു.

പക്ഷേ ഇപ്പോൾ 75 വർഷം കഴിഞ്ഞ് തിരഞ്ഞുനോക്കുക. ഇന്ത്യയിൽ മെറിറ്റ് എന്നതിന് ശരിക്കും യാതൊരു വിലയും ഇല്ലാത്ത സാധനം ആവുകയാണ്. മുന്നാക്കക്കാരിലെ പിന്നോക്ക സംവരണം കൂടി വന്നതോടെ കേരളത്തിൽ പോലും 60 ശതമാനം സംവരണമായി. ഓപ്പർ മെറിറ്റ് വെറും 40 ശതമാനവും! തമിഴ്‌നാട്ടിൽ 69 ശതമാനമാണ്് ജാതി സംവരണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സമാനമാണ് അവസ്ഥ. കർണ്ണാടകയിലും, ഗുജറാത്തിലും, രാജസ്ഥാനിലുമൊക്കെ വലിയ സംവരണപ്രക്ഷോഭങ്ങൾ ഉണ്ടായി. ഗുജ്ജാറുകൾ, ലിംഗായത്തുകൾ തുടങ്ങിയ വിവിധ സമുദായക്കാർ, റോഡ് തടഞ്ഞും, കടകൾ തല്ലിത്തകർക്കും പ്രക്ഷോഭം നടത്തി സംവരണ ലിസ്റ്റിൽ കയറിക്കൂടി. ഇനിയും ആ ലിസ്റ്റിൽ കയറിക്കൂടാൻ ശ്രമിക്കുന്ന ജാതി സംഘടനകൾ ഒരുപാടുണ്ട്. ഇപ്പോഴിതാ 103ാം ഭരണഘടനാഭേദഗതിയിലുടെ മുന്നാക്ക സംവരണവും കോടതി അംഗീകരിച്ചതോടെ, ഈ ജാതിക്കളിക്ക് ഒന്നുകൂടി തീപ്പിടിച്ചിരിക്കയാണ്.

ഇതോടെ ഒരു കാര്യം വ്യക്തമാണ്. അടുത്തകാലത്തൊന്നും ഇന്ത്യയിൽ ജാതി സംവരണം നിർത്താൻ കഴിയില്ല. ഇനി ഇതിലും പ്രധാനപ്പെട്ടകാര്യം ജാതി സംവരണം കൊണ്ട് ആർക്കാണ് ഗുണം എന്നാണ്. ജാതിക്കൂമ്പാരത്തിലെ പ്രഭു ജാതികൾ മാത്രം തടിച്ച് കൊഴുക്കുകയും, മറ്റുള്ളവർ പിറകോട്ട് അടിക്കയും ചെയ്യുകയാണ് ചെയ്യുന്നതെന്ന് ജസ്റ്റിസ് രോഹിണി കമ്മീഷൻ കഴിഞ്ഞവർഷം ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല ഒരു വ്യക്യിക്ക് ആനൂകുല്യം കൊടുത്താൽ അതിൽ ഒരു ജാതിക്കൂട്ടം മുഴുവൻ ആഹ്ലാദിക്കും എന്നുപറയുന്നതിന്റെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

മാത്രമല്ല ലോകത്തിലെ പുരോഗമിച്ച സമൂഹങ്ങൾ എല്ലാം സംവരണത്തിലുടെയല്ല, മെറിറ്റിലൂടെയാണ് വളർന്ന് വന്നത്. ആധുനികതയും ശാസ്ത്രവും സാങ്കേതികവിദ്യയുമാണ് അവരെ രക്ഷിച്ചത്. ഫലത്തിൽ ഇന്ത്യയിലെ ജാതി സംവരണം, ജാതി ശ്വാശ്വതമായി നിലനിർത്തുന്നതിനുള്ള ജാതി പോഷണ പ്രവർത്തനമായി മാറുകയാണ്. പക്ഷേ വോട്ട് ബാങ്ക് പൊളിറ്റിക്സിനെ പേടിച്ച് നമുക്ക് അത് പറയാൻ പേടിയാണ്. കേരളത്തിലേക്ക് നോക്കുക. വെറും 16 ശതമാനം മാത്രമാണ് ദലിത് സംവരണം. സംവരണം വാങ്ങുന്നതിൽ 82 ശതമാനാവും നോൺ ദലിത് ആണ്. എന്നാൽ പട്ടികജാതി-വർഗക്കാരെ ശാക്തീകരിക്കാനുള്ള പദ്ധതിയാണെന്നാണ് സംവരണ സാഹിത്യം മുന്നോട്ട് പോവുക. ചുരുക്കിപ്പറഞ്ഞാൽ ദലിതനെ ബന്ദിയാക്കി മാറ്റുള്ളവർ കൊഴുക്കുന്ന അവസ്ഥയാണ് കേരളത്തിൽ അടക്കം കണ്ടുകൊണ്ടിരിക്കുന്നത്.

അനന്തമായി നീട്ടുന്നതിനെതിരെ കോടതിയും

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടന ഭേദഗതി ശരിവെച്ചു കൊണ്ട്, കഴിഞ്ഞ ദിവസം ഇറക്കിയ ഇത്തരവിൽ ജാതി സംവരണ അവസാനിപ്പിക്കേണ്ട ആവശ്യകതയിലേക്ക് സുപ്രീം കോടതിയും വിരൽചൂണ്ടിയിട്ടുണ്ട്. സംവരണം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്നും വ്യത്യസ്ത വിധിന്യായങ്ങളിലൂടെ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് കാലങ്ങളായി നിലനിന്ന ജാതി സമ്പ്രദായമാണ് സംവരണം എന്ന സങ്കൽപ്പത്തിലേക്കു നയിച്ചതെന്ന് ജസ്റ്റ്സി ബേല എം ത്രിവേദി വിധിന്യായത്തിൽ പറഞ്ഞു. പട്ടിക ജാതി, വർഗ വിഭാഗത്തിൽ പെട്ടവർക്ക് തുല്യാവസരം സൃഷ്ടിക്കലായിരുന്നു അതിലൂടെ ലക്ഷ്യമിട്ടത്. എഴുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം, ഭരണഘടനാ തത്വങ്ങളുടെ പരിവർത്തനത്തിന് അനുസരിച്ച് സംവരണത്തിൽ പുനപ്പരിശോധന വേണ്ടതുണ്ടെന്ന് ജസ്റ്റിസ് ത്രിവേദി അഭിപ്രായപ്പെട്ടു.സാമ്പത്തികാടിസ്ഥാനത്തിൽ സംവരണത്തിന് അർഹരായ പ്രത്യേക വിഭാഗത്തെ കണ്ടെത്തിയത് യുക്തിഭദ്രമാണെന്നും ജനങ്ങളുടെ ആവശ്യം അറിഞ്ഞാണ് നിയമ നിർമ്മാതാക്കൾ ഇത്തരമൊരു നടപടിയെടുത്തതെന്നും ജസ്റ്റിസ് ത്രിവേദി അഭിപ്രായപ്പെട്ടു.

സംവരണം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്ന് ജസ്റ്റിസ് ജെബി പർദിവാലയും പറഞ്ഞു. സംവരണാനുകൂല്യങ്ങൾ നേടി മൂന്നിലെത്തിയവരെ പിന്നാക്ക വിഭാഗത്തിൽനിന്നു മാറ്റേണ്ടതുണ്ട്. അതുവഴി സഹായം ആവശ്യമുള്ള ഒരാളെക്കൂടി കൈപിടിച്ചുയർത്താനാവും. പിന്നാക്കക്കാരെ നിശ്ചയിക്കുന്നതിനുള്ള രീതിയിൽ കാലത്തിന് അനുസരിച്ചുള്ള പുനപ്പരിശോധന വേണം. സംവരണം അനന്തമായി തുടർന്നുപോവാനാവില്ല, അങ്ങനെയാവുമ്പോൾ അതിൽ നിക്ഷിപ്ത താത്പര്യങ്ങൾ വന്നുചേരുമെന്ന് ജസ്റ്റിസ് പർദിവാല പറഞ്ഞു.

മുന്നാക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കു വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരിയും വ്യക്തമാക്കി. ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് ജാതി സംവരണം അവസാനിപ്പിക്കേണ്ടതിനെതിരെ കൃത്യമായി ശബ്ദിച്ചത്. ''സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും തുടരുന്ന സംവരണ സമ്പ്രദായം പുനഃപരിശോധിക്കേണ്ടതുണ്ട്. ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്തതും 1985-ൽ ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ചതുമായ സംവരണത്തിന്റെ ലക്ഷ്യങ്ങൾ ഈ ഘട്ടത്തിലും കൈവരിക്കാനായിട്ടില്ല. ഇന്ത്യയിൽ പുരാതന ജാതിവ്യവസ്ഥയാണ് സംവരണത്തിന് ഉത്തരവാദിയെന്ന് പറയാനാകില്ല. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾ നേരിട്ട ചരിത്രപരമായ വിവേചനത്തെ അഭിസംബോധന ചെയ്യാനും അവസരങ്ങൾ നൽകാനുമാണ് സംവരണം. എന്നാൽ, സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ സമൂഹത്തിന്റെ വലിയ താൽപര്യം കൂടി മുൻനിർത്തി, ചലനാത്മക ഭരണഘടനയുടെ ഭാഗമായി, സംവരണ വ്യവസ്ഥയെ പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ഇന്ത്യൻ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് സംവരണം നൽകുന്ന ആർട്ടിക്കിൾ 334 പ്രകാരം സമയപരിധിയുണ്ടെങ്കിലും അത് കാലാകാലങ്ങളിൽ നീട്ടുകയാണ്. ഇപ്പോൾ അത് 2030 വരെ നീട്ടിയിരിക്കുകയാണ്. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്നുള്ളവർക്ക് സംവരണമുണ്ടായിരുന്നത് 104ാം ഭരണഘടന ഭേദഗതിയോടെ അവസാനിപ്പിച്ചിരിക്കുന്നു. ഇതേപോലെ, ആർട്ടിക്കിൾ 15ഉം 16ഉം പ്രകാരം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് നൽകിയിരിക്കുന്ന സംവരണത്തിനും സമാനമായ സമയക്രമം നൽകിയാൽ അത് 'സമത്വപൂർണവും വർഗ്ഗരഹിതവും ജാതിരഹിതവുമായ ഒരു സമൂഹത്തിലേക്ക്' നയിക്കും.''- വളരെ സുപ്രധാനമായ ഒരു നിരീക്ഷണമാണത് ഇത്.

ഒരുപക്ഷേ മുന്നാക്ക സംവരണം അംഗീകരിച്ച കോടതിവിധിയേക്കാൾ കേരളത്തിലെ ജാതി സംഘടനകളെയും, ന്യൂനപക്ഷ പാർട്ടികളെയും ഭയപ്പെടുത്തുന്നത് ഈ വാചകങ്ങൾ ആയിരിക്കണം. ഭാവിയിൽ സംവരണം എടുത്തുകളയുന്നതിന്റെ സൂചനയാണ് അവർ കാണുന്നത്. അത്തരത്തിലുള്ള ഒരു ചർച്ചപോലും, ഇന്ത്യൻ സമൂഹത്തിൽ നടക്കാറില്ല. പ്രത്യേകിച്ച് കേരളത്തിൽ. പക്ഷേ വസ്തുതകൾ പരിശോധിച്ചാൽ അറിയാം കേരളത്തിൽ അടക്കം ദലിതർക്കും യാഥാർഥ പിന്നാക്കക്കാർക്കും, ഏറ്റവും കൂടുതൽ വിനിയാവുന്നത് ഈ ജാതി സംവരണം തന്നെയാണ്. ശരിക്കും ഒരു ജാതിക്കെണി തന്നെയാണിത്. പട്ടിജാതിക്കാരുടെ പേരിൽ ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങ് നടത്തി മുസ്ലിം- ഈഴവ സംവരണം ആജീവനാന്തം നിലനിർത്താനുള്ള ഒരു ടെക്ക്‌നിക്കാണ് ഈ ജാതി സവരണമെന്ന് വ്യാപക വിമർശനമുണ്ട്.


കേരളത്തിലെ സംവരണ ചരിത്രം

തിരുവിതാംകൂറിലെ മലയാളി മെമോറിയലും(1891) ഈഴവമെമോറിയലും(1896) ആവശ്യമായി വന്നത് സർക്കാർ തൊഴിൽ സ്ഥാനങ്ങളിലേക്ക് തദ്ദേശിയർക്ക് തുല്യമായ തോതിൽ അവസരം ഇല്ല എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു. തമിഴ് ബ്രാഹ്മണരാണ് കൂടുതലും ജോലികളും സ്വന്തമാക്കിയിരുന്നത്. മലയാളി മെമോറിയലിലെ മൂന്നാമത്തെ ഒപ്പ് ഡോ.പി. പൽപ്പുവിന്റേതായിരുന്നു. എങ്കിലും നായർസമുദായ അംഗങ്ങളായ ബാരിസ്റ്റർ ജി.പി പിള്ളയും കെ പി ശങ്കരമേനോനും അടക്കം നേതൃനിരയിൽ ഉണ്ടായിരുന്നതിനാൽ മലയാളി മെമമ്മോറിയലിനെ പിൽക്കാലത്ത് നായർ മെമോറിയൽ എന്നു വിശേഷിപ്പിക്കുന്നവരുണ്ട്. ഈഴവ മെമോറിയൽ ജാതിപ്രസ്ഥാനം തന്നെയായിരുന്നു.

രാജവാഴ്ചയും ജന്മിത്വവും നിലവിലിരുന്ന, അവസരസമത്വമില്ലാതിരുന്ന അക്കാലത്ത് ജാതിവിവേചനം പ്രകടമായിരുന്നു. ഡോ.പൽപ്പുവിന്റെ അനുഭവകഥ അതാണ് വ്യക്തമാക്കുന്നത്. പുറത്തുപോയി പഠിച്ചിട്ടും അയാളെ ഇവിടുത്തെ ജാതിവാദികൾ ഡോക്ടാറായി പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല. ഇന്ന് അതുപോലെ ഒരു അവസ്ഥ എവിടെയാണ് ഉള്ളത്. രാജവാഴ്ചയില്ലാത്ത, ജന്മിത്വമില്ലാത്ത, അവസരസമത്വമുള്ള, ജാതിവിവേചനം തീരെ പ്രകടമല്ലാത്ത ഒരു സമൂഹമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിലുള്ളത്. പക്ഷേ എന്നിട്ടും ജാതി ശാശ്വത സത്യമാണെന്ന നരേറ്റീവുകളാണ് എവിടെയും.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിയമംമൂലം, ഭരണഘടനാനുസരണമായി ഈ അവസരസമത്വ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. അതായത്, അവസരനിഷേധം നിയമവിരുദ്ധമാണ്. ഏതൊരു പൗരനും നിയമത്തിന്റെ മുന്നിൽ തുല്യതയുണ്ട്. ജാതി-മത-വർണ്ണ-വംശ-ലിംഗ-ഭാഷാ വിവേചനം പാടില്ല. ഏത് തൊഴിലിനും എവിടെയും അപേക്ഷിക്കാം, സ്വന്തമാക്കാം, വിവേചനമില്ല. മലയാളി മെമോറിയലും ഈഴവ മെമോറിയലും ഉയർത്തിയ മുഖ്യപ്രശ്‌നമായ അവസരസമത്വനിഷേധം ഇപ്പോൾ പ്രസക്തമല്ല. അംബേദ്ക്കറൊക്കെ സംരക്ഷണനിയമങ്ങൾക്കും സെപറേറ്റ് ഇലക്രട്രേറ്റിനും വേണ്ടി പോരാടിയ കാലത്തല്ല നാമിന്ന് ജീവിക്കുന്നത്. പിന്നെന്തിനാണ് ഈ ജാതി സംാരണത്തിനായുള്ള മുറവിളി എന്നോർക്കണം.


സംവരണം തീർത്തും അശാസ്ത്രീയം

കേരളത്തിൽനിന്നുകൊണ്ട് ജാതി സംവരണത്തിനെതിരെ സംസാരിക്കാൻ പോലും കഴിയാത്ത കാലമായിരുന്നു അഞ്ചുവർഷം മുമ്പുവരെ കേരളത്തിൽ ഉണ്ടായിരുന്നത്. കേരളത്തിലെ മുഖ്യധാരാ പാർട്ടികളും മാധ്യമങ്ങളുമെല്ലാം, ജാതിസംവരണത്തിനുവേണ്ടി ഉറച്ചു നിൽക്കുന്നവർ ആണ്. പ്രശസ്ത എഴുത്തുകാരനും, സ്വതന്ത്രചിന്തകനുമായ സി രവിചന്ദ്രൻ മാത്രമാണ്, ജാതി സംവരണത്തിനെതിരെ എഴുതുകയും പ്രസംഗിക്കുകയും ചെയ്്തിട്ടുള്ളത്. ജാതി സംവരണം അശാസ്ത്രീയവും അമാനവികവുമാണെന്ന അദ്ദേഹത്തിന്റെ വാദങ്ങൾക്ക് സോഷ്യൽ മീഡിയിൽ അടക്കം വലിയ പിന്തുണ കിട്ടിക്കൊണ്ടിരിക്കയാണ്.

''ജാതിസംവരണം അവസരങ്ങളുടെയും സാധ്യതകളുടെയും പരിമിതപ്പെടുത്തലാണ്. അത് അശാസ്ത്രീയമാണ് അമാനവികമാണ്. ഒരു ജാതികൂട്ടത്തിൽ പെട്ട ഒരാൾക്ക് എവിടെയെങ്കിലും ഒരു ജോലി കിട്ടുമ്പോൾ ആ ജാതിക്കൂട്ടത്തിലെ ആയിരക്കണക്കിന് വരുന്ന മറ്റ് ജാതികളിൽ പെട്ടവർക്ക് ആഹ്ലാദമുണ്ടാകുന്നു എന്നതാണ് അവിടെ ഉന്നയിക്കപെടുന്ന ഒരു വിചിത്ര സങ്കൽപ്പം. അതല്ലെങ്കിൽ സ്വന്തം ജാതിയിൽപെട്ട ഒരാൾ സർക്കാർ സർവീസിൽ കയറുമ്പോൾ അയാൾ തനിക്ക് വേണ്ടി അനുകൂലമായി പ്രവർത്തിക്കുമെന്ന ഗോത്രീയ സ്വപ്നം. അയാൾ അങ്ങനെചെയ്യുമെങ്കിൽ അത് സ്വജനപക്ഷപാതവും അഴിമതിയുമാകും എന്നത് വേറെ കാര്യം. പൗരന്മാർക്ക് ലിംഗഭേദമന്യേ, ജാതി ഭേദമന്യേ പ്രായഭേദമന്യേ തുല്യമായ അവകാശാധികാരങ്ങൾ രാഷ്ട്രത്തിലുണ്ടാകണം. രാഷ്ട്രസമ്പത്തിന്റെ മേൽ ഉണ്ടാകണം. കേരളത്തെ സംബന്ധിച്ചിടത്തോളം പണ്ട് വിവേചനകാലത്ത് അടികൊടുത്തവരും അടി വാങ്ങിയവരും ഇന്നില്ല. പിറകോട്ട് പോയി കാരണം കണ്ടെത്തുന്നത് ഇന്നിന്റെ പരിഹാരമാകുമ്പോഴാണ് അത് പ്രതികാര രാഷ്ട്രീയമായി തീരുന്നത്.

നിലവിലുള്ള ജാതിസംവരണം കാട്ടുതീപോലെ പടരാനാണ് സാധ്യത. അത്രമാത്രം സംവരാണാസക്തി സമൂഹത്തിലുണ്ട്. കാരണം മെറിറ്റ് എന്നത് ഒരു ഗൂഢാലോചനസിദ്ധാന്തമാണെന്ന ഉത്തരാധുനിക സങ്കൽപ്പത്തിലാണ് പലരും അഭിരമിക്കുന്നത്. പക്ഷെ സ്വന്തം വീട്ടിൽ ഒരു കൂലിക്കാരനെ വിളിക്കുമ്പോൾ, വിവാഹം കഴിക്കുമ്പോൾ, സിനിമ കാണുമ്പോൾ, എന്തിനേറെ ഒരു തീപ്പെട്ടി വാങ്ങുമ്പോൾപോലും സദാ മികവും നൈപുണ്യവും മാത്രം നോക്കി തീരുമാനം എടുക്കുകയും ചെയ്യും.''- സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.


നേട്ടം കൂട്ടത്തിലെ പ്രഭുജാതികൾക്കു മാത്രം

എസ്ഇ എസ്ടി ഒബിസി എന്നിവ നോക്കൂ. ഇവയെല്ലാം നൂറുകണക്കിന്, ആയിരക്കണക്കിന് ജാതികളുടെ കൂട്ടങ്ങളാണ്. ഇന്ത്യയാകെ ഒ.ബി.സിയിൽ തന്നെ ആറായിരത്തോളം ജാതികൾ ഉണ്ട്. ഏതെങ്കിലും ജാതിക്കൂട്ടത്തിന് സംവരണം കൊടുക്കുേമ്പാൾ അതിലെ പ്രഭുജാതികൾക്ക് കൂടുതൽ ആനുകൂല്യം കിട്ടുന്നത് സ്വാഭാവികം. ഈയിടെ പുറത്തിറങ്ങിയ ഒബിസി സംവരണം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് രോഹിണി പാനൽ റിപ്പോർട്ട് അനുസരിച്ച് ഒ.ബി.സികളിലെ ഒരു ശതമാനം ജാതികളാണ് സംവരണത്തിന്റെ ആനുകൂല്യത്തിന്റെ 50 ശതമാനം കൊണ്ടുപോകുന്നത്. ബാക്കിയുള്ളതിൽ രണ്ടായിരം ജാതികൾക്ക് എല്ലാം കൂടി മൂന്ന് ശതമാനം! ഇത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. എസ്ഇ എസ്ടി യിലെ അമ്പതിലധികം ജാതികളിൽ 40 ജാതികൾക്ക് കാര്യമായി ഒന്നും കിട്ടാറില്ല. 10 ജാതികൾ മാത്രമാണ് ഭൂരിഭാഗം ആനുകൂല്യവും പറ്റുന്നത്. മലയരയൻ, പുലയൻ, വൈദ്യൻ, തുടങ്ങിയ ജാതിക്കാർ. ജാതിസംവരണം ജാതികളുടെ പ്രാതിനിധ്യമാണ് എന്നൊക്കെയുള്ള വാചാടോപസാഹിത്യത്തിന്റെ പൊള്ളത്തരം ഇവിടെ വ്യക്തമാകുന്നു.

സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. ''വ്യക്തിക്ക് കിട്ടുമ്പോൾ സമുദായം ഒന്നാകെ പൂത്തുലയുന്നു എന്ന വിചിത്രവാദമാണിവർ മുന്നോട്ട് വെക്കുന്നത്. തിരുവനന്തപുരത്തെ ഒരു മലയരയന് നിയമനം ലഭിക്കുമ്പോൾ അയാളെ ഒരിക്കലും കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത വയനാട്ടിലെ ആദിവാസിക്ക് രോമാഞ്ചവും അഭിവൃദ്ധിയും ഉണ്ടാകും എന്നാണ് സിദ്ധാന്തം! ജാതിക്കുള്ളിലെ കാര്യം മാത്രമല്ല ജാതിക്കൂമ്പാരത്തിലും ഇത് ശരിയാണ്. ഉദാഹരണമായി എസി വിഭാഗത്തെ എടുക്കാം. മൊത്തം 53 ജാതികളുണ്ട് ഈ പട്ടികയിൽ. ഇവയിൽ ഏത് ജാതിക്ക് തൊഴിൽ കിട്ടിയാലും 53 ജാതികളും ഒരുപോലെ സന്തോഷിക്കുമോ. എത്ര മനോഹരമായ സങ്കൽപ്പം!''


മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധം

ജാതി വിഷയത്തിലും സംവരണകാര്യത്തിലും ഇന്ത്യയും കേരളവും വ്യത്യസ്ത ചിത്രങ്ങളാണ് കാഴ്ചവെക്കുന്നത്. കേരളത്തിൽ 1936 മുതൽ ജാതികൾക്ക് മാത്രമല്ല ഇസ്ലാം ഉൾപ്പടെയുള്ള മതങ്ങൾക്കും സംവരണംഉണ്ട്. കേരളത്തിലെ ജാതിസംവരണം സത്യത്തിൽ ഒരു എസ്.സി/എസ്.ടി വിഷയം അല്ല. മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം കൂടി വന്നതോടെ ഇവിടെ നമ്പൂതിരി മുതൽ നായാടി വരെ എല്ലാജാതികൾക്കും സംവരണമായി. പക്ഷേ ജാതിസംവരണത്തിന്റെ 16 ശതമാനം ലഭിക്കുന്ന പട്ടികജാതി-പട്ടികവർഗ്ഗത്തെ മുൻനിറുത്തിയാണ് സംവരണസാഹിത്യ ന്യായീകരണങ്ങളെല്ലാം. ബാക്കി 83 ശതമാനം സംവരണം വാങ്ങുന്ന ജാതികളൊന്നും ചിത്രത്തിലുണ്ടാവില്ല. ജാതിസംവരണം പട്ടികജാതി-പട്ടികവർഗ്ഗക്കാർ കൊടുക്കുന്ന എന്തോ പ്രത്യേക ജാതി ആനുകൂല്യമെന്ന നിലയിലാണ് ഇതു സംബന്ധിച്ച സംവാദങ്ങളും നരേറ്റുകളുമെല്ലാംതന്നെ.

കേരളത്തിന്റെ ജനസംഖ്യയിൽ 23 ശതമാനം വരുന്ന ഈഴവർക്ക് 14 സീറ്റ് സംവരണമുള്ളപ്പോൾ 27 ശതമാനമുള്ള മുസ്ലീങ്ങൾക്ക് 10-12 സീറ്റേ സംവരണമുള്ളൂ. വളരെ ചെറിയ വിഷയങ്ങൾക്കുപോലും മാരകമായ ഇരവാദം ഉന്നയിക്കുന്ന മുസ്ലിം സാമുദായികവാദികൾ ഇക്കാര്യത്തിൽ പരാതിയൊന്നും പറയാതെ ഈഴവരോടൊപ്പം 'ഭായി ഭായി 'പോകുകയാണ്. കാരണം ഇന്ത്യയിൽ മതങ്ങൾക്ക് സംവരണമില്ല എന്ന് അവർക്ക് നന്നായി അറിയാം. ഉള്ളത് ജാതി സംവരണമാണ്. അതായത് ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതങ്ങൾക്ക് സംവരണമില്ല. പകരം പ്രസ്തുത മതങ്ങളിലെ പിന്നാക്ക ജാതികൾക്കും വിഭാഗങ്ങൾക്കുമാണ് സംവരണം. അതനുസരിച്ച് മുസ്ലീങ്ങളിലെ പിന്നാക്ക വിഭാഗങ്ങൾക്ക് (ഉദാ-മത്സ്യബന്ധനം, ശുചീകരണം, തുകൽവ്യവസായം, മുസ്ലീങ്ങളിലെ പട്ടികജാതിക്കാർ........ തുടങ്ങിയവർക്ക്) മാത്രമാണ് സംവരണമുള്ളത്. ഇന്ത്യയിലെങ്ങും അങ്ങനെയാണ്. പക്ഷേ കേരളത്തിൽ അങ്ങനെഅല്ല. അതുകൊണ്ടുതന്നെയാണ് ഇഡബ്ലിയുഎസ് സംവരണം ദേശീയതലത്തിൽ മുസ്ലീങ്ങൾക്ക് ഗുണചെയ്യുമെന്ന് വിലയിരുത്തൽ ഉണ്ടായത്. രാജ്യത്തെ എട്ടുകോടി മുസ്ലീങ്ങൾക്ക് ഇതുകൊണ്ടുള്ള ഗുണം കിട്ടുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് പറയുന്നത്. പക്ഷേ നമ്മുടെ മുസ്ലിം ലീഗിന് അടക്കം കേരളത്തിലെ കാര്യത്തിലാണെല്ലോ താൽപ്പര്യം. ഇഡബ്ലിയുഎസ് സഒവരണ ഭേദഗതിക്കെതിരെ വെറും മൂന്നു് എംപിമാരാണ് വോട്ട് ചെയ്തത്. അതിൽ രണ്ടുപേർ മുസ്ലിം ലീഗും ഒന്ന് ഉവൈസിയുടെ പാർട്ടിയുമാണ്.

കേരളത്തിൽ മുസ്ലിം സംവരണം കേരളപ്പിറവിക്ക് മുമ്പേ ഉള്ളതാണ്. അന്ന് ഈഴവ ജനസംഖ്യ മുസ്ലിം ജനസംഖ്യയേക്കാൾ കൂടുതലായിരുന്നു. ആ സംവരണമാണ് ഇപ്പോഴും തുടരുന്നത്. കേരളത്തിൽ ഇപ്പോൾ സംവരണം ഇസ്ലാം എന്ന മതത്തിനാണ്. അല്ലാതെ ഒബിസി എന്ന കാറ്റഗറിയിൽ വിഭാവനം ചെയ്യുന്ന അദർ ബാക്ക്വേർഡ് ക്ലാസനിസിന് അല്ല. അതായത് കേരളത്തിലെ മുസ്‌ളീങ്ങൾ എല്ലാവരും പിന്നാക്കമാണ്! യൂസഫ് അലിയും അറക്കൽ രാജവംശവും പാണക്കാട് തങ്ങൾമാരുമെല്ലാം പിന്നാക്കം തന്നെ. കേരളത്തിലെ ഏത് മുസ്ലീമിനും ക്രിമിലെയർ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ സംവരണം കിട്ടും. 1992 വരെ ക്രീമിലെയറിന്റെ ആവശ്യമുണ്ടായിരുന്നില്ല. സ്വന്തമായി കപ്പലും വിമാനവും ഉണ്ടെങ്കിലും സംവരണം നഷ്ടപെടുമായിരുന്നില്ല.ഇതിലൊന്നും തൊടാൻ ദുർബല ജനാധിപത്യത്തിന് സാധ്യമല്ല.

സി രവിചന്ദ്രൻ ഇങ്ങനെ നിരീക്ഷിക്കുന്നു- ''സമ്പത്തും കൈവശമുള്ള സ്ഥലവും സ്വന്തമായുള്ള സ്ഥാപനങ്ങളും രാഷ്ട്രീയപ്രഹരശേഷിയും ജനസംഖ്യയുമൊക്കെ നോക്കിയാൽ മുസ്ലീങ്ങൾ കേരളത്തിലെ മുന്നാക്കസമുദായമായി മാറിയിട്ടുണ്ടെന്നത് തർക്കമറ്റ സംഗതിയാണ്. സംവരണത്തിന് ഒപ്പം മൈനോരിറ്റി സ്റ്റാറ്റസ് എന്ന സവിശേഷ ആനുകൂല്യവും അവർക്കുണ്ട്. ശരിക്കും ഡബിൾ എഞ്ചിൻ. ഒരു ഉദാഹരണം എന്ന നിലയിൽ നോക്കിയാൽ നിലവിൽ കേരളത്തിൽ 8 മെഡിക്കൽ കോളേജുകൾ മുസ്ലിം മാനേജ് മെന്റുകൾ നടത്തുന്നുണ്ട്. കേരളത്തിലെ ഏല്ലാം കയ്യടിക്കിവെച്ചിരിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന സംവരണരഹിത സമുദായങ്ങൾക്കെല്ലാംകൂടി ഇക്കാര്യത്തിലെ സ്‌കോർ പൂജ്യമാണ്. മിക്ക സാമൂഹിക സൂചനകൾ എടുത്താലും ഇത് പ്രതിഫലിച്ചു കാണാനാവും. കേരളത്തിലെ പത്ര-മാധ്യമരംഗം തന്നെ മറ്റൊരു ഉദാഹരണം.''

പിന്നാക്ക അവസ്ഥക്ക് കാരണം മതവും

ഇസ്ലാമിസ്റ്റുകൾ കേരളത്തിലെ മുസ്ലീങ്ങൾക്കിടയിൽ ജാതിയില്ല എന്നൊക്കെ ഇപ്പോൾ തള്ളുന്നുണ്ടെങ്കിലും യാഥാർഥ്യം അതല്ല. കേരളത്തിലെ മുസ്ലിം മതത്തിലെ ജാതീയതയെ കുറിച്ച് ചരിത്രകാരൻ വിക്ടർഡിസൂസ വിവരിക്കുന്നുണ്ട്. കേരളത്തിൽ മുസ്ലീങ്ങളെ അഞ്ചു വിഭാഗമായാണ് ജാതിയുടെ പേരിൽ വിഭജിക്കേപ്പെട്ടിട്ടുള്ളത്. തങ്ങൾമാർ, അറബികൾ, മലബാറികൾ, പുസലർമാർ എന്നിവരാണ് ഈ അഞ്ചു വിഭാഗങ്ങൾ.

തങ്ങൾമാരുടെ സാമൂഹികപദവി ഉയർന്നതാണ്. അറബികൾ എന്ന വിഭാഗമാണ് തൊട്ടു താഴെ ഉള്ള ഉയർന്നജാതി. കോഴിക്കോടൻ മുസ്ലീങ്ങൾ അധികവും ഈ വിഭാഗത്തിൽ വരുന്നു എന്ന് വിക്ടർ വിവരിക്കുന്നു. അറബികൾക്ക് തദ്ദേശ സ്ത്രീകളിൽ ഉണ്ടായ കുട്ടികളാണ് അറബീസ് എന്ന് അറിയപ്പെട്ടത്. അതിനു താഴെ വരുന്ന ഉയർന്ന ജാതി ആണ് മലബാറികൾ. അവരും അറബി പാരമ്പര്യം അവകാശപ്പെടുന്നെങ്കിലും നായന്മാരെ പോലെ 'അമ്മ വഴി ഉള്ള മാട്രിയാർക്കൽ സമ്പ്രദായം പിന്തുടരുന്നു . ഈ പറഞ്ഞ മൂന്നും ഉയർന്ന ജാതികളായി ആണ് കരുതപ്പെടുന്നത്. മുക്കുവരിൽ നിന്നും മതം മാറിയ വിഭാഗം ആണ് പുസലർ എന്ന് അറിയപ്പെടുന്നത്. ഇന്നും അവർ പാരമ്പര്യ തൊഴിൽ ചെയ്യുന്നതായി കാണാം. ഒസ്സാന് ആണ് കേരള മുസ്ലീങ്ങളിൽ താണവരായി കരുതപ്പെട്ടിരുന്ന അഞ്ചാമത്തെ വിഭാഗം. പക്ഷേ ഇതൊന്നും നോക്കാതെ കേരളത്തിലെ മൊത്തം മുസ്ലീങ്ങളെയും സംവരണ സമുദായത്തിലേക്ക് മാറ്റുകയാണ് ചെയ്തത്. സത്യത്തിൽ അത്രക്ക് വലിയ പിന്നോക്കാവസ്ഥയോ, ജാതി-മത വിവേചനമോ അനുഭവിക്കേണ്ടി വന്നവർ അല്ല കേരളത്തിലെ മുസ്ലീങ്ങൾ. എന്നിട്ടും എല്ലാരരെയും ഒറ്റയിടിക്ക് പിന്നോക്കക്കാർ ആക്കി.

സി രവിചന്ദ്രൻ തന്റെ ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ ഇങ്ങനെ കുറിക്കുന്നു. ''പ്രാതിനിധ്യകുറവിന്റെ കാരണം പിന്നാക്കവസ്ഥയാണ്, പിന്നോക്കാവസ്ഥയുടെ കാരണം ജാതിവിവേചനമാണ്. ഇതൊന്നുമല്ലെങ്കിൽ റേസിസമാണ് എന്നിങ്ങനെയുള്ള ഒറ്റമൂലി വാദങ്ങൾ അശാസ്ത്രീയവും യുക്തിഹീനവുമാണ്. ഉദാഹരണമായി മതവിശ്വാസം വലിയൊരു ഘടകമാണ്. എന്തുകൊണ്ടാണ് കടംകൊടുപ്പ് -ബാങ്കിങ് മേഖലയിൽ കുറച്ചു മുസ്ലീങ്ങൾ മാത്രം ജോലിയെടുക്കാനും നിക്ഷേപിക്കാനും തയ്യാറാകുന്നത്? അവർക്കെതിരെ വിവേചനം ഉണ്ടായിട്ടാണോ? അതോ മതസാഹിത്യം അനുസരിച്ച് ജ്രീവിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണോ?

കേരളത്തിലെ സർക്കാർ സർവീസ്, ബിസിനസ്സ്, സ്വകാര്യമേഖല, കൈതൊഴിൽമേഖല, കൃഷി, മത്സ്യബന്ധനം, ആരോഗ്യരംഗം, ഭക്ഷണനിർമ്മാണം, സാഹിത്യം, സിനിമ... തുടങ്ങിയ വിവിധ മേഖലകൾ എടുത്താൽ വ്യത്യസ്ത വിഭാഗങ്ങൾക്ക് മുൻതൂക്കം ഉണ്ടെന്ന് കാണാം. പക്ഷെ അതൊന്നും ജാതിവിവേചനം എന്ന ഒറ്റ അക്കൗണ്ടിൽപെടുത്താവുന്ന കാര്യമല്ല. അല്ലെന്നു എല്ലാവർക്കും അറിയുകയും ചെയ്യാം. കേരളത്തിലെ ജാതിവിഭാഗങ്ങളെ എടുത്താൽ നായന്മാരുടെ ഇരട്ടി മുസ്ലീങ്ങളുണ്ട്. സൈനികസേവനത്തിലുള്ള നായന്മാരുടെയും മുസ്ലീങ്ങളുടെയും എണ്ണവും താരതമ്യപ്പെടുത്തി പരിശോധിക്കുക. സംഗതി സർക്കാർ ജോലിയാണെന്ന് മറക്കരുത്.

സമാനമായി, വ്യാപാര-വാണിജ്യരംഗത്തുള്ള മുസ്ലീങ്ങളുടെ എണ്ണം അതേ രംഗത്തുള്ള നായന്മാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുക. ഇരുകൂട്ടർക്കും മേൽസൂചിപ്പിച്ച രണ്ട് മേഖലകളിലും പ്രവർത്തിക്കാൻ തടസ്സമോ വിവേചനാന്തരീക്ഷമോ നിലവിലില്ല. ''ജാതിവിവേചനം സർവരോഗഹേതു'' എന്ന ജാതിവാദി സിദ്ധാന്തം പ്രചരിക്കുന്നവരുടെ കാഴ്ചയിൽ ഇതൊന്നും വരില്ല.''- സി രവിചന്ദ്രൻ വ്യക്തമാക്കുന്നു.

കണക്ക് എവിടെ?

അതേസമയം ജാതി സംവരണം സംബന്ധിച്ച പ്രാതിനിധ്യക്കണക്കുകൾ ഇപ്പോഴും ആർക്കും അറിയില്ല. കേരളത്തിൽ കണക്കുകൾ എടുത്തിട്ട് കാൽനൂറ്റാണ്ട് കഴിഞ്ഞു. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് 1991 ലെ കണക്കാണ് ആധാരമാക്കിയത്. മണ്ഡൽ കമ്മീഷൻ അരനൂറ്റാണ്ട് മുതൽ ഒരു നൂറ്റാണ്ട് വരെ മുമ്പുള്ള കണക്കാണ് ആധാരമാക്കിയത്. നരേന്ദ്രൻകമ്മീഷൻ റിപ്പോർട്ടിൽ ഈഴവ പ്രാതിനിധ്യത്തെ കുറിച്ച് പറയുന്നുണ്ട്. കേവലം 7 സീറ്റുകളുടെ കുറവാണ് അതിൽ പറയുന്നത്.

മുസ്ലിങ്ങൾക്ക് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 7383 പോസ്റ്റുകളാണ് കുറവുണ്ടായിരുന്നത്. 1991 ലെ കണക്കാണത്. സംവരണാനുകൂല്യത്തിന് അർഹരായ മുസ്ലിം വിഭാഗങ്ങളെ മാത്രമല്ല മുഴുവൻ മുസ്ലീങ്ങളെയും പരിഗണിച്ചാണ് ഈ കണക്ക്. 25ലേറെ വർഷത്തിന് ശേഷം ഈയവസ്ഥയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോൾ കണക്ക് എടുക്കേണ്ടെ എന്ന ചോദ്യത്തിന് നിഷേധാത്മകമായാണ്, മുസ്ലീഗ് അടക്കമുള്ളവർ പ്രതികരിക്കുക. അതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. സംവരണ സാഹിത്യത്തിലെ പ്രധാന നരേറ്റീവുകളിൽ ഒന്നായ, ജനസംഖ്യാനുപാതികമായ പ്രതിനിധ്യം അവർക്ക് കിട്ടിയിട്ടുണ്ട് എന്ന് വ്യക്തമാണ്.

പരിഷത്തിന്റെ പട്ടികയിൽ(17 വർഷം മുമ്പുള്ളത്) ഈഴവർക്ക് അമിതസംവരണമുണ്ടെന്ന് ( 23 ശതമാനത്തിൽ കൂടുതൽ) രേഖപ്പെടുത്തിയിട്ടുണ്ട്. 13 ശതമാനം വരുന്ന നോൺ റിസർവേഷൻ കാറ്റഗറിക്ക് 20.5 ശതമാനം പ്രാതിനിധ്യമുണ്ടെന്നാണ് പരിഷത്തിന്റെ കണക്ക്. ഇപ്പോഴത്തെ റാങ്ക് ലിസ്റ്റുകളും നിയമനനിരക്കും പരിശോധിക്കുക. ഈ സ്ഥിതി എത്ര മാറിയെന്ന് മനസ്സിലാക്കാം. അതുപോലെ എസ്സിയുടെ 8 സീറ്റിൽ ഭൂരിഭാഗവും 3-4 ശതമാനം മാത്രം ജനസംഖ്യയുള്ള പുലയ(ചെറുമരും ചേരമരും ഉൾപ്പടെ) സമുദായത്തിനാണ് ലഭിക്കുന്നത്. അവർക്ക് അവരുടെ ജനസംഖ്യാനുപാതികമായ 3-4 സീറ്റ് പ്രത്യേകമായി കൊടുത്താൽ ബാക്കി 52 കമ്മ്യൂണിറ്റികൾക്കും കൂടി 4-5 സീറ്റാണ് ലഭിക്കുക.

1936-1956, 1957-1990, 1991-2018 തുടങ്ങിയ മൂന്ന് കാലഘട്ടങ്ങളിലെ സംവരണം അവലോകനം ചെയ്താൽ എസ്സി യിലെ മറ്റ് ജാതികൾ മുന്നോട്ടുവരാൻ തുടങ്ങിയത് തൊണ്ണൂറുകളിലാണെന്ന് കാണാം. എങ്കിലും ഇപ്പോഴും 30-40 ജാതികൾക്ക് കാര്യമായ പ്രാതിനിധ്യമില്ല. സംവരണം വഴി തൊഴിൽ കിട്ടാത്തവരും ഈ 53 ജാതികളിൽ ഉണ്ടാവും. ഉദാഹരണത്തിന് കേരളത്തിലെ എസ്സി ജനസംഖ്യയുടെ പിന്നാക്ക നിരയിൽ വരുന്ന 12 ശതമാനം വരുന്ന 30-35 ജാതികൾക്ക് ഒരു സീറ്റിന് അവകാശമുണ്ട്. അതായത് പതിനായിരം പേരെ റിക്രൂട്ട് ചെയ്യുമ്പോൾ 100 പേർ. ഇവർക്ക് ഈ പ്രാതിനിധ്യം കിട്ടുന്നുണ്ടോ? ഇല്ല എന്നതാണ് യാഥാർത്ഥ്യം. ജാതി തിരിച്ച് സംവരണം ആവശ്യപ്പെട്ട് സിദ്ധനരെപോലുള്ള എസ്ഇ വിഭാഗങ്ങൾ പ്രക്ഷോഭപാതയിൽ വരാനുള്ള കാരണവും മറ്റൊന്നല്ല. തങ്ങളെ പട്ടികജാതിയിൽനിന്ന് ഒഴിവാക്കി വേറെ സംവരണം തരണം എന്നാണ് ഇവർ പറയുന്നത്.

സി രവിചന്ദ്രൻ ചോദിക്കുന്നു. ''ഇന്ത്യയിൽ ഒരു പിന്നോക്ക സമുദായ ജാതിയേയും സംവരണപട്ടികയിൽ ചേർത്തത് പ്രാതിനിധ്യം പരിഗണിച്ചല്ല. നിലനിറുത്തുന്നത് പ്രാതിനിധ്യം പരിഗണിച്ചല്ല.തുടരാൻ അനുവദിക്കുന്നതും പ്രാതിനിധ്യം പരിഗണിച്ചല്ല. ഇന്ത്യാചരിത്രത്തിൽ ഒരു ജാതിക്കും പ്രാതിനിധ്യം കുറവായതുകൊണ്ട് മാത്രം സംവരണം കിട്ടിയിട്ടില്ല, ഒരു ജാതിക്കും പ്രാതിനിധ്യം കിട്ടിയതുകൊണ്ട് സംവരണപട്ടികയിൽ നിന്ന് പുറത്തുപോകേണ്ടി വന്നിട്ടില്ല.അപ്പോൾപ്പിന്നെ എന്താണ് സംവരണത്തിലെ മാരീചമുദ്രാവാക്യമായ പ്രാതിനിധ്യത്തിന്റെ അർത്ഥം.''

സാമ്പത്തികമായ പിന്നാക്കവസ്ഥ മാറിയാലും സാമൂഹികമായ പിന്നോക്കവസ്ഥ ഒരിക്കലും മാറില്ലെന്നും, ജാതി ഒരിക്കലും പോവില്ലെന്നും പറയുന്ന സംവരണ വാദികളുമുണ്ട്. കേരളത്തിൽ ഇത്തരക്കാർ ആണ് ഏറെയും. അപ്പോൾ പിന്നെ എങ്ങനെയാണ് ജാതി സംവരണം അവസാനിപ്പിക്കുക. മെറിറ്റിനെ പരിഹസിച്ചുകൊണ്ട്, പട്ടികജാതിക്കാരെ ബന്ദിയാക്കി, മറ്റുള്ളവർ സംവരണം നേടുന്ന ഈ ജാതിനാടകം നമുക്ക് കാലാം കാലം തുടരാം എന്നേയുള്ളൂ.

വാൽക്കഷ്ണം: ജാതിസംവരണം ഇല്ലായിരുന്നുവെങ്കിൽ പട്ടികവിഭാഗങ്ങൾക്ക് തൊഴിലോ അധികാരസ്ഥാനങ്ങളോ കിട്ടില്ലായിരുന്നു എന്ന വാദവും തെറ്റാണ്. 1910 ൽ അയ്യങ്കാളി ശ്രീമൂലംപ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപെട്ടത് തിരുവിതാംകൂറിൽ എസ്ഇ എസ്ടി സംവരണം വരുന്നതിന് 26 വർഷം മുമ്പാണ്. അതാണ് അനിവാര്യമായ രാഷ്ട്രീയ സമ്മർദം! ആ രീതിയിൽ വിദ്യാഭ്യാസത്തിലുടെയും, വ്യവസായത്തിലുടെയും ഉയർന്ന് ആധുനിക മനുഷ്യനാവാനാണ്, നാം ശ്രമിക്കേണ്ടത്. അല്ലാതെ സദാസമയവും ജാതിപറഞ്ഞിരുന്നിട്ട് എന്ത് കാര്യം.

റഫറൻസ്- സി രവിചന്ദ്രന്റെ വിവിധ പ്രഭാഷണങ്ങൾ, ലേഖനം- റോയി സി മാത്യ- ദ ഹിന്ദു, ചരിത്രനേഷികൾ ഫേസ്‌ബുക്ക് കൂട്ടായ്മയിലെ വിവിധ ലേഖനങ്ങൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP