Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ഇന്തോനേഷ്യയിലെ രാമകഥയിൽ രാമനും രാവണനും പ്രാർത്ഥിക്കുന്നത് അള്ളാഹുവിനോട്! തായ്ലണ്ടിലും ആയോധ്യയുണ്ട്; വിദേശ രാമായണങ്ങളിൽ മിക്കതിലും സീത രാവണ പുത്രി; ചിലയടിത്ത് നായകൻ രാവണൻ; മാപ്പിള രാമായണം തൊട്ട് പുൽപ്പള്ളിക്കാരായ സീതയും രാമന്റെയും കഥപയറുന്ന അടിയ രാമായണവും, ചെട്ടിരാമായണവും വരെ; രാമായണം ഹിന്ദുക്കളുടേത് മാത്രമല്ല ദക്ഷിണേഷ്യയുടെ പൊതുസ്വത്താണ്; ലോകമെമ്പാടുമുള്ള രാമായണങ്ങളുടെ കഥ

ഇന്തോനേഷ്യയിലെ രാമകഥയിൽ രാമനും രാവണനും പ്രാർത്ഥിക്കുന്നത് അള്ളാഹുവിനോട്! തായ്ലണ്ടിലും ആയോധ്യയുണ്ട്; വിദേശ രാമായണങ്ങളിൽ മിക്കതിലും സീത രാവണ പുത്രി; ചിലയടിത്ത് നായകൻ രാവണൻ; മാപ്പിള രാമായണം തൊട്ട് പുൽപ്പള്ളിക്കാരായ സീതയും രാമന്റെയും കഥപയറുന്ന അടിയ രാമായണവും, ചെട്ടിരാമായണവും വരെ; രാമായണം ഹിന്ദുക്കളുടേത് മാത്രമല്ല ദക്ഷിണേഷ്യയുടെ പൊതുസ്വത്താണ്; ലോകമെമ്പാടുമുള്ള രാമായണങ്ങളുടെ കഥ

എം മാധവദാസ്

''ലാമ ലാമ ലാമ ലാമ ലാമ ലാമ ലാമാ

ലാമ ലാമ ലാമ ലാമ ലാമ ലാമ ലാമാ
പണ്ടുതാടിക്കാരനൗലി പാടിവന്നൊരുപാട്ട്
കണ്ടതല്ലേ ഞമ്മളീലാമായണം കതപാട്ട്
കർക്കിടം കാത്തുകാത്തു കുത്തിരിക്കുംപാട്ട്
കാതു രണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട്
മൂന്ന് പെണ്ണിനെ ദശലതൻ നിക്കാഹ് ചെയ്തപാട്ട്
അമ്മികുമ്മായം മറിഞ്ഞും മക്കളില്ലാപാട്ട്
പായസംകുടിച്ചു മൂന്നും നാലും പെറ്റപാട്ട്
നാലിലും മൂത്തുള്ള ലാമന്റേലുകൂട്ടുംപാട്ട്...''

ദശരഥന്റെ 'നിക്കാഹ്' അടക്കമുള്ള കാര്യങ്ങൾ പറയുന്ന ഇതും ഒരു രാമയാണമാണ്. 'ശാരികപ്പെതലേ' എന്ന് ഈണത്തിൽ തുടങ്ങുന്ന അധ്യാത്മ രാമായണം കർക്കിടകം ഒന്നുമുയൽ കേട്ട് ശീലിച്ച നമുക്ക്, മാപ്പിള രാമായണം അത്ര പരിചിതമാവില്ല. പക്ഷേ ലോകമെമ്പാടുമുള്ള നൂറകണക്കിന് രാമായണങ്ങളുടെ ഒരു വകഭേദമാണ് ഇതും. പലയിടത്തും പല രീതിയിലാണ് കഥ. ചിലകഥകളിൽ രാവണൻ നായകനാവുമ്പോൾ, ചില കഥകളിൽ സീത രാവണന്റെ മകളാണ്. ഭാരതീയരുടേത് മാത്രമല്ല രാമായണം. രാമായണം സ്വാധീനം ചെലത്താത്ത പൂർവ്വേഷ്യൻ രാജ്യങ്ങൾ ഇല്ലെന്നു തന്നെ പറയാം. ഭൂട്ടാൻ, തായ്‌ലാന്റ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ അതതു ജനതയുടെ സംസ്‌ക്കാരവും തനിമയും പ്രകടിപ്പിക്കുന്ന രാമായണ അഖ്യാനങ്ങളുണ്ട്.

കേരളത്തിൽ തന്നെ മാപ്പിള രാമായണവും വയനാടൻ രാമായണവും ഉൾപ്പെടെ 29 രാമായണപാഠങ്ങൾ ഉണ്ട്. ുന്നൂറു രാമയണങ്ങളെപ്പറ്റി ഏ കെ രാമാനുജൻ എഴുതിയിട്ടുണ്ട്. എന്നാൽ അതിനേക്കാൾ എത്രയോ കൂടുതൽ രാമായണങ്ങൾ ഉണ്ട്. പലതിലും സീത രാവണപുത്രിയോ രാമസഹോദരിയോ ആണ്. വാല്മീകി രാമനെക്കാൾ അനീതിക്ക് ഇരയായ സീതയുടെ ഭാഗത്താണ്. ഒരു ഭീലി രാമായണത്തിൽ യുദ്ധമേ ഇല്ല. രാവണൻ സീതയെ തിരിച്ചു കൊടുത്തു മാപ്പ് ചോദിക്കുന്നു. രാമൻ സന്യാസി ആയതിനാൽ ലക്ഷ്മണൻ രാവണനെ കൊല്ലുന്ന രാമായണം ഉണ്ട്. അങ്ങിനെ ആയിരം രാമായണങ്ങൾ.

പക്ഷേ ഈ കഥകളിലെ രാമനല്ല പൊളിറ്റിക്കൽ രാമൻ. രാമകഥയും ജന്മഭൂമിയെന്ന് വിശ്വസിക്കുന്ന സ്ഥലവുമൊക്കെ ഇന്ത്യയിൽ വൻ സംഘർഷങ്ങൾക്കും കലാപങ്ങൾക്കുമൊക്കെ വഴി തെളിയിച്ചു. മിത്തുകളുടെയും ഐതീഹ്യങ്ങളെയും കൂട്ടിക്കെട്ടുന്ന നവ ഹിന്ദുത്വ പീരീക്ഷണങ്ങളുടെ കാലത്ത് ലോകത്തിലെ വിവിധ രാമായണങ്ങളുടെയും കഥയറിയുന്നത് നല്ലതാണ്.

'ശ്രീരാമൻ ജനിച്ചത് നേപ്പാളിൽ'

ഇയിടെ നേപ്പാൾ പ്രധാനമന്ത്രി ഓലി ഒരു വിവാദ പ്രസതാവന നടത്തി. 'സീത ഇന്ത്യയിലെ ശ്രീരാമനെ വിവാഹം കഴിച്ചുവെന്ന തെറ്റിദ്ധാരണയിലാണ് നാം. എന്നാൽ, ശ്രീരാമൻ ഇന്ത്യക്കാരനല്ല, നേപ്പാളിയായിരുന്നു'- സ്വന്തം വസതിയിൽ നടന്ന ഭാനു ജയന്തി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഇത്തരമൊരു പ്രസ്ഥാവന നടത്തിയത്. നേപ്പാളിന്റെ അയോധ്യ സ്വന്തമാക്കിയതിലൂടെ നേപ്പാളിനുമേൽ സാംസ്‌കാരികമായ കടന്നു കയറ്റമാണ് ഇന്ത്യ നടത്തുന്നതെന്നും നേപ്പാൾ പ്രധാനമന്ത്രി ആരോപിക്കുന്നുണ്ട്.ഇന്ത്യ സ്ഥാപിച്ച അയോധ്യ വ്യാജമാണെന്നും, ശ്രീരാമന്റെ സാമ്രാജ്യമായ അയോധ്യ നേപ്പാളിലെ ബിർഗഞ്ചിന് പടിഞ്ഞാറ് സ്ഥിതിചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പ്രസംഗത്തിനെതിരെ ഹിന്ദുത്വവാദികൾ പ്രതിഷേധിച്ചു. വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ- നേപ്പാൾ ബന്ധം ഒന്നുകൂടി ഇതോടെ മോശമായി. പക്ഷേ രാമായണ ഗവേഷകരും ചരിത്രപണ്ഡിതരെയും ംബന്ധിച്ചിടത്തോളം നേപ്പാൾ പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ തെറ്റുപറയാൻ കഴിയില്ല. കാരണം രാമായണത്തിന്റെ വ്യാഖ്യാനങ്ങൾ ബഹുസ്വരമാണ്. രാമായണ ഗവേഷകനും എഴുത്തുകാരനുമായ ഡോ അസീസ് തരുവണ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'ഒന്നാമതായി, രാമായണം ചരിത്രമല്ല, ഐതിഹ്യമാണ്. അതിനാൽ ചരിത്ര വസ്തുതയെന്ന പോലെ രാമായണത്തിൽ വസ്തു നിഷ്ഠതയും ചരിത്രപരതയും അന്വേഷിക്കുന്നത് യാഥാർത്ഥ്യങ്ങളുമായി പൊരുതപ്പെടുന്ന കാര്യമല്ല. 'മിത്തിനെ ചരിത്രമാക്കുമ്പോൾ ചരിത്രകാരൻ ചരിത്രത്തോട് വിട പറയുന്നു' എന്നാണ് ഡോ.കെ.എൻ.പണിക്കർ പറഞ്ഞിട്ടുള്ളത്.

നമുക്ക് ഒരൊറ്റ രാമായണമല്ല ഉള്ളത്. അനേകം രാമായണങ്ങളാണ്.അതിനെ ഒരൊറ്റ പാഠത്തിലേക്ക് ചുരുക്കുന്നത് അപകടകരമാണ്. മറ്റു രാമായണ പാഠങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണത്. അനേകം മറ്റു പാഠ രൂപങ്ങളെ റദ്ദുചെയ്യലാണ്.അതിനാൽ നേപ്പാളിലെ ഹിന്ദുകൾക്ക് അയോധ്യ അവിടെയാണെന്ന് വിശ്വാസിക്കാം. തായ്‌ലാന്റുകാർക്ക് തായ്‌ലാന്റിലാണെന്നും ഇന്ത്യയിലെ ഹിന്ദുക്കൾക്ക് ഇന്ത്യയിലാണെന്നും വിശ്വസിക്കാം. ഇതിൽ ഏതെങ്കിലും ഒരു പാഠം മാത്രമാണ് ശരി എന്നു വാദിക്കുന്നത് രാമായണങ്ങൾക്കു മേലുള്ള കടന്നുകടന്നുകയറ്റമാണ്.'- ഡോ അസീസ് തരുവണ ഇങ്ങനെയാണ് എഴുതുന്നത്.

രാമായണത്തിൽ പറയുന്ന ഒരു കാര്യവും ഏക ശിലാത്മകമല്ല. ഉദാഹരണമായി, അയോധ്യ, ഇന്ത്യയിലെന്ന പോലെ രാമായണ കഥകൾ പരന്നൊഴുകിയ ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലുമുള്ള സ്ഥലനാമമാണ്. തായ്‌ലാന്റിൽ അയോധ്യയുണ്ട്. 'അയൂധ്യ' എന്നാണ് ആ സ്ഥലം അറിയപ്പെടുന്നത്. തായ്‌ലാന്റിലെ വിശ്വാസ പ്രകാരം 'യഥാർത്ഥ 'അയോധ്യ' തായ്‌ലാന്റിലാണ്. ഹൈന്ദവ സങ്കൽപ്പത്തെക്കാൾ ബൗദ്ധരാമായണ പാരമ്പര്യത്തിനാണ് തായ്‌ലാന്റിൽ മേൽകോയ്മ.ബൗദ്ധദശരഥ ജാതകമെന്ന ബുദ്ധമതക്കാരുടെ പൗരാണിക രാമായണ ഗ്രന്ഥ പ്രകാരം വാരാണസിയിലാണ് ദശരഥ മഹാരാജാവിന്റെ രാജധാനി. അയോധ്യയിലല്ല. ഇന്തോനേഷ്യൻ രാമായണ കഥകളിലും അയോധ്യയുണ്ട്. ഇന്ത്യയ്ക്ക് വെളിയിൽ, ഇന്തോനേഷ്യ, മലേഷ്യ, തായ്വാൻ, ഭൂട്ടാൻ, ശ്രീലങ്ക, ബർമ്മ, ചൈന, വിയറ്റ്‌നാം, ജപ്പാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, അഫ്ഗാനിസ്ഥാൻ തുടങ്ങി ഒട്ടേറെ ഏഷ്യൻ രാജ്യങ്ങളിൽ രാമായണം ഏറിയോ കുറഞ്ഞോ നിലനിൽക്കുന്നുണ്ട്. ഈ രാജ്യക്കാരൊന്നും തന്നെ സമ്പൂർണ്ണമായി ഇന്ത്യയിൽ നടന്ന കഥയായി രാമായണത്തെ കാണുന്നില്ല. ഇന്ത്യയിൽ പോലും നിരവധി സ്ഥലങ്ങളിൽ രാമായണവുമായി ബന്ധപ്പെട്ടത് എന്നു ഹൈന്ദവ വിശ്വാസി സമൂഹം കരുതുന്ന പ്രദേശങ്ങളുണ്ട്.

വിദേശ രാമായണങ്ങളിൽ സീത രാവണ പുത്രി

ജൈനമതക്കാർക്കും ഒരു രാമായണമുണ്ട്. ജൈനപാരമ്പര്യത്തിലെ അറുപത്തിമൂന്ന് ശ്രേഷ്ഠരില്ല് ഒരാളാണ് രാവണനെന്ന് ജൈനരാമായണം പറയുന്നു. ജൈനരാമായണത്തിലും പാഠഭേദങ്ങളുണ്ടെന്ന് കാണാം. സീത രാവണന്റെ മകളാണെന്ന കഥ പറയുന്ന പാഠഭേദം അതിലുണ്ട്. ഹിന്ദു രാമായണങ്ങളിൽനിന്ന് വ്യത്യസ്തമായി ജൈനരാമായണത്തിൽ, രാമൻ രാവണനെ കൊല്ലുന്നുപോലുമില്ല. ക്രൂരനായ രാവണൻ എന്ന സങ്കല്പമെല്ലാം പിന്നീടുണ്ടായ ഏകശിലാത്മകമായ വായനയിലൂടെ പ്രചരിപ്പിക്കപ്പെട്ടതാണ്.

സീതാ- രാമൻ ബന്ധത്തേയും ഒരേ വിധമല്ല രാമായണങ്ങൾ ആവിഷ്‌ക്കരിക്കുന്നത്. ബുദ്ധമതസ്ഥരുടെ 'ദശരഥജാതക ' പ്രകാരം സീത രാമന്റെ പെങ്ങളാണ്. നിരവധി വിദേശ രാമായണങ്ങൾ പ്രകാരം സീത രാവണന്റെ പുത്രിയാണ്. (വയലാറിന്റെ രാവണപുത്രി എന്ന കവിത പ്രസിദ്ധമാണ്) പഴയ തുർക്കിസ്ഥാനിലെ കോത്താൻ പ്രദേശത്ത് പ്രചാരമുള്ള രാമായണ കഥകൾ പ്രകാരം രാമന്റെയും ലക്ഷ്മണന്റെയും ഭാര്യയാണ് സീത. ബഹുഭർതൃത്വം നിലനിൽക്കുന്ന പ്രദേശമാണ് കോത്താൻ. സീതയുടെ ബഹുഭർതൃത്വ കഥ പറഞ്ഞുകൊണ്ടാണ് അവർ ബഹുഭർതൃത്വത്തെ ന്യായീകരിക്കുന്നത്.

ഇന്തോനേഷ്യയിലെ ഹികായത്ത് സെരിരാം (രാമകഥ) എന്ന രാമായണ പാഠത്തിൽ രാമനും രാവണനും പ്രാർത്ഥിക്കുന്നത് അല്ലാഹുവിനോടാണ്. ആദം നബി, മുഹമ്മദ് നബി, അലി, ജിബ്രീൽ തുടങ്ങിയവരൊക്കെ ഹിക്കായത്ത് സെരിരാമിൽ കഥാപാത്രങ്ങളാണ്.ജൈന മതസ്ഥരുടെ പഉമചരീയം (പത്മ ചരിതം) എന്ന പ്രാകൃത ഭാഷയിൽ എഴുതപ്പെട്ട രാമായണമനുസരിച്ച് രാവണനിഗ്രഹം നടത്തിയത് ലക്ഷ്മണനാണ്. ഹിംസ എന്ന കൊടും കുറ്റകൃത്യം ചെയ്തതിനാൽ ലക്ഷ്മണൻ നരകവാസിയായി എന്ന് പഉമചരീയം പറയുന്നു.

'സീത രാമനൊപ്പം കാട്ടിൽ പോകത്ത രാമായണമുണ്ടോ'

രാമായണവുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എ.കെ രാമാനുജന്റെ 'Three hundred ramayanas: Five examples and Three thoughts on translation' എന്നത്. ഇന്ത്യയിലും ദക്ഷിണേഷ്യയിലുമുള്ള നാടോടി ആഖ്യാനങ്ങളുടെ പിൻബലത്തോടെയാണ് രാമാനുജൻ മൂന്നുറ് രാമായണങ്ങളെപ്പറ്റി പറയുന്നത്. നാടോടി ആഖ്യാനങ്ങളുടെ പ്രത്യേകത, അത് വാമൊഴിയായി സഞ്ചരിക്കും എന്നതാണ്. അതിന് ഒട്ടേറെ പാഠഭേദങ്ങളും സ്വാഭാവികമാണ്. രാമായണത്തിന്റെ അനേക ആഖ്യാനങ്ങളിലൂടെ രാമാനുജൻ കടന്നുപോവുന്നുണ്ട്.

'ഏതെങ്കിലും രാമായണത്തിൽ സീത രാമനൊപ്പം കാട്ടിൽ പോകാത്തതായി കേട്ടിട്ടുണ്ടോ എന്ന് ക്ഷുഭിതയായി ചോദിക്കുന്ന സീതയെ അദ്ധ്യാത്മരാമായണത്തിൽ കാണാ'മെന്ന് രാമാനുജൻ പറയുന്നു. അനേകം രാമായണമുണ്ടെന്ന് രാമായണം തന്നെ പറയുന്നുവെന്നതാണ് അതിലെ അതിശയകരമായ കാര്യം.

രാമായണങ്ങൾ പലവും കവിവര-
രാമോദമോടു പറഞ്ഞുകേൾപ്പുണ്ടു ഞാൻ.
ജാനകിയോടുകൂടാതെ രഘുവരൻ
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ?
(അയോദ്ധ്യാകാണ്ഡം, അദ്ധ്യാത്മരാമായണം)

ഹിന്ദു രാമായണങ്ങളിൽ നിന്ന് വ്യത്യസ്തമായി ജൈനരാമായണത്തിൽ, രാമൻ രാവണനെ കൊല്ലുന്നുപോലുമില്ല. ജെനരാമായണത്തിലെ പരാമർശങ്ങൾ കുറേക്കൂടി അത്ഭുതപ്പെടുത്തുന്നതാണെന്ന് രാമാനുജൻ പറയുന്നു. വിമലസൂരിയുടെ ഗ്രന്ഥമായ 'പൗമചര്യ' തുടങ്ങുന്നത് തന്നെ രാവണനെപ്പറ്റിയുള്ള വിവരണത്തിലാണ്. ജൈനപാരമ്പര്യത്തിലെ അറുപത്തി മൂന്ന് ശ്രേഷ്ഠരിൽ ഒരാളാണ് രാവണനെന്ന് ജൈനരാമായണം പറയുന്നു. ജൈന രാമായണത്തിലും പാഠഭേദങ്ങളുണ്ടെന്ന് കാണാം. സീത രാവണന്റെ മകളാണെന്ന കഥ പറയുന്ന പാഠഭേദവുമുണ്ട്. അതിൽ ഈഡിപ്പൽ കോംപ്ലക്‌സിന് കാരണമാകുന്ന സാഹചര്യങ്ങൾ ഉരുത്തിരിയുന്നതായും രാമാനുജൻ പറയുന്നുണ്ട്.. ക്രൂരനായ രാവണൻ എന്ന സങ്കൽപ്പമെല്ലാം പിന്നീടുണ്ടായ ഏകശിലാത്മകമായ വായനയിലൂടെ പ്രചരിപ്പിക്കപ്പെട്ടതാകാനാണ് സാധ്യതയെന്ന് ഈ ലേഖനം മനസിലാക്കി തരും. പത്തുതല എന്ന അതിശയോക്തിയെപോലും യുക്തിയോടെ കൈകാര്യം ചെയ്യുന്നത് കാണാമെന്നതാണ് മറ്റൊരു സംഗതി.

മാപ്പിള രാമയാണത്തിൽ പറയുന്നത്

കോഴിക്കോട് ജില്ലയിലെ വടക്കൻ ഭാഗങ്ങളിൽനിന്നും ശേഖരിക്കപ്പെട്ട രാമായണപാഠഭേദമാണ് 'മാപ്പിളരാമായണം'. മാപ്പിളപ്പാട്ടിന്റെ മാധുര്യവും നാടൻപാട്ടിന്റെ പാരമ്പര്യവും സമംചേർന്ന ഈ പാട്ടുകഥയിൽ നാട്ടുഭാഷാവഴക്കങ്ങളും അറബിമലയാളപദങ്ങളും കണ്ടെത്താൻ കഴിയും. രചയിതാവില്ലാതെ അജ്ഞാതകർതൃകമായി തുടരുന്നതിനാൽ നാടൻപാട്ടിന്റെ ഗണത്തിലും ഇശൽഗുണങ്ങളും മറ്റു മാപ്പിളപ്പാട്ട് നിയമങ്ങളും പാലിക്കുന്നതിനാൽ മാപ്പിളപ്പാട്ടിന്റെ ഗണത്തിലും പെടുത്താം. രാമായണകഥാസന്ദർഭങ്ങളെ അതീവനർമം കലർന്ന നാട്ടുമൊഴികളിലൂടെ സമീപിക്കുന്നതാണിതിന്റെ സവിശേഷത.
അദ്ധ്യാത്മ രാമായണത്തെ കാണ്ഡങ്ങളായി തിരിച്ചതുപോലെ മാപ്പിളരാമായണത്തെയും കഥാഗതിയനുസരിച്ച് വിഭജിക്കാം. രാമായണകഥയുടെ ഉള്ളടക്കം പ്രതിപാദിക്കുന്ന ആദ്യഭാഗം 'ചെമ്പകവിരുത്തം' ഇശലിൽ പാടാവുന്നതാണ്. നിരവധി വേദികളിൽ മാപ്പിള രാമായണംചൊല്ലി അവതരിപ്പിച്ചിട്ടുണ്ടായിരുന്ന, ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാരാണ് പ്രസിദ്ധീകൃതമായ ഏകസമാഹാരത്തിന്റെ സമ്പാദകൻ.

ശ്രീരാമന്റെ ജനനം, സീതാസ്വയംവരം, പട്ടാഭിഷേകം തുടങ്ങിയ രാമകഥാ സന്ദർഭങ്ങളാണ് മാപ്പിള രാമായണത്തിന്റെ ഇതിവൃത്തം. ദശരഥൻ ബാപ്പയാണ്. രാമൻ സീതയെ ( കുഞ്ഞുകുട്ടി തങ്കമോള്) നിക്കാഹ് ചെയ്തു ബീടർ ആക്കുന്നു. എളോമ്മ ആയ കൈകേയിയുടെ വാക്കുകേട്ടിട്ട് 'ലാമനെ പതിനാലുകൊല്ലം കാട്ടിലാക്കിയ'യതുമൊക്കെ പാട്ടിലുണ്ട്. കൂടാതെ ശൂർപ്പണഖയുടെ പ്രണായഭ്യർഥനയും രാമന്റെ തിരസ്‌ക്കരണവും, രാവണൻ സീതയിൽ വശ്യനാവുന്നതും മൊഞ്ചും ഖൽബും ചേർത്തു കവി അവതരിപ്പിക്കുന്നതാണ് മാപ്പിള രാമായണത്തിന്റെ ശൈലി.

കേരളത്തിൽ രാമായണത്തിലെ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും പല സമൂഹങ്ങളും കുറിയതും സുദീർഘങ്ങളുമായ നാടൻപാട്ടുകളായി പാടിവരുന്നു.

''പോരണ്ടാ സീതേ വനത്തിലേക്ക്
കാട്ടാനയുണ്ട് കരടിയുണ്ട്
കാട്ടുമൃഗങ്ങളും കൂട്ടരുമുണ്ട്
പോരണ്ടാ സീതേ വനത്തിലേക്ക്...''

വടക്കൻ ജില്ലകളിലെ പുലയ/ചെറുമ സമുദായങ്ങളുടെ വട്ടക്കളിയിലും കോൽക്കളിയിലും വ്യത്യസ്ത ഈണങ്ങളിലായി 'രാമായണച്ചിന്തുകൾ' അനുഗമിക്കുന്നു.

''മാരീചൻ പണ്ടു പൊന്മാനായ് വന്നു
മാനിനെ കണ്ടു കൗതുകം പൂണ്ടു
അയ്യോ ഭർത്താവേ മാൻകിടാവതാ
പിടിച്ചിങ്ങുതരിക ഭർത്താവേ നാഥാ...
മാൻപിടിപ്പാനായി രാമ
ദേവൻ പോയ സമയത്ത്
തിത്തിക തിന്തകപുള്ളിമൃഗാദിക-
ളായവ മാനുകൾ തുള്ളീ..''
മറ്റൊരു പാട്ടിൽ 'രാവണനിഗ്രഹം' കഴിഞ്ഞ് അയോധ്യയിലെത്തിയ സീതയെ ചതിയിൽപെടുത്താൻ കൊട്ടാരത്തിലെ സ്ത്രീകൾ നടത്തുന്ന ശ്രമം അനാവരണം ചെയ്യുന്നു.
''ചെഞ്ചോല കിളിപ്പെണ്ണേ
ചെഞ്ചമ്മേ വരിക നീ
എന്തൊരു പായാരങ്ങൾ
പറവാനുള്ളൂ തത്തേ?....
ആയി പെണ്ണായ സീത-
താനിക്ക് വന്നോരുവൻ
അന്നദാനവും പാലും
വെള്ളവും പഞ്ചസാര
ആവേളികനികളും
നിറയും പൂജിച്ചുടൻ
ആർത്തിയെ കളഞ്ഞുടൻ
പറക വിസ്തരിച്ചു...
വരച്ചു കാട്ടവേണം...''

തമിഴ് വീരസങ്കൽപ്പവുമായി കമ്പരാമായണം

കമ്പരാമായണത്തിൽ രാമന് ഒരു തമിഴ് വീരസങ്കൽപ്പമാണ് നൽകിയിട്ടുള്ളത്. കന്നഡ പാഠത്തിൽ കുഞ്ഞുങ്ങളില്ലാതിരുന്ന രാവണനും മണ്ഡോദരിക്കും ഒരു പ്രത്യേക സാഹചര്യത്തിൽ ശിവന്റെ ശാപത്താൽ ജനിക്കുന്ന കുഞ്ഞാണ് സീത എന്നാണ് കഥ. വാൽമീകിയുടെ രാമായണത്തിൽ കേൾക്കാത്ത അനേക രാമായണങ്ങളാണ് വാമൊഴി പാരമ്പര്യങ്ങൾ പറയുന്നതെന്ന് രാമാനുജൻ ഉറപ്പിക്കുന്നു. ടിബറ്റ്, തായ്‌ലന്റ്, ബർമ, ലാവോസ്, കംബോഡിയ, മലേഷ്യ, ജാവ, ഇന്തോനേഷ്യ തുടങ്ങി വിവിധ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ രാമായണത്തിന്റെ വാമൊഴി പാരമ്പര്യങ്ങളുണ്ട്.രാമായണകഥയിൽ മുഴുകി പോകുമ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് വിവരിക്കുന്ന ഈ നാടോടി കഥ രാമാനുജൻ പറയുന്നു.

ഒരു ഗ്രാമത്തിൽ രാമായണ കഥ കേൾക്കാൻ ഭാര്യയും ഭർത്താവും പോകുന്നു. കഥയിൽ മുഴുകിപോയ ഭർത്താവ് കടലിൽ ചാടി രാമന്റെ മോതിരമെടുത്തുകൊണ്ടുവന്ന് ഹനുമാന് കൊടുക്കുന്നു. രാമന്റേയും ഹനുമാന്റേയും അനുഗ്രഹം സിദ്ധിച്ചയാളാണ് അയാളെന്ന് പിന്നീട് നാട്ടുകാർ വിശ്വസിച്ചുപോന്നുവെന്നാണ് കഥ. രാമായണകഥയിൽ മുഴുകി പോകുമ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് വിവരിക്കുന്ന ഈ നാടോടി കഥ പറഞ്ഞാണ് രാമാനുജൻ ലേഖനം അവസാനിപ്പിക്കുന്നത്.

പുൽപ്പള്ളിക്കാരായ സീതയും രാമനും

അടിയരാമായണം ചെട്ടിരാമായണം എന്നിങ്ങനെ രാമായണത്തിന്റെ രണ്ട് പാഠങ്ങളാണ് വയനാടൻ രാമായണത്തിലുള്ളത്. ഈ രാമായണങ്ങളിൽ സീതയും രാമനും വയനാട്ടിലെ പുൽപ്പള്ളിക്കാരാണ്. വാമൊഴിയായി പ്രചരിക്കപ്പെട്ട ഈ രാമായണങ്ങൾ ഡോക്ടർ അസീസ് തരുവണയാണ് വരമൊഴിയാക്കുന്നത്.

തൃശ്ശിലേരി സ്വദേശി മാതൈ എന്ന അടിയസമുദായ മൂപ്പനാണ് അടിയരാമയാണത്തിന്റെ ആവേദകൻ. തലമുറകളായി വാമൊഴിയായി പ്രചരിച്ച രാമായണമാണ് മാതൈ പറയുന്നത്. സീതയെ രാമൻ കണ്ടുമുട്ടുന്നത് മുതൽ സീത ഭൂമി പിളർന്ന് പോകുന്നത് വരെയുള്ള ഭാഗങ്ങളാണ് ഇതിലുള്ളത്. അടിയരാമായാണത്തിൽ കഥ മുഴുവൻ നടക്കുന്നത് വയനാട്ടിലും തൊട്ടടുത്ത കുടകു ജില്ലയിലുമാണ്. ആ കഥ ഇങ്ങനെയാണ്.

പുൽപ്പള്ളി രാജ്യത്ത് അടിയരുടെ പാക്കതെയ്യം ഉണ്ട്. പാക്കതെയ്യം ഒരിക്കൽ പുൽപ്പള്ളി രാജ്യത്ത് വസിക്കുന്ന സീതയോട് ഇവിടെ നിന്നും പുറത്തുപോവാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് പുൽപ്പള്ളിയിൽ നിന്നും കുട്ടയും വട്ടിയുമെടുത്ത് കുന്നും മലയും കയറിയിറങ്ങി പോകുമ്പോഴാണ് ഒരു യുദ്ധം കഴിഞ്ഞ് രാമലക്ഷ്മണന്മാർ അതുവഴി വന്നത്. സീത അവർക്കു വഴിമാറി കൊടുത്തു. കുറച്ചു ദൂരം ചെന്നപ്പോഴാണ് സീതയെ തനിക്ക് ഏറെ ഇഷ്ടപ്പെട്ട വിവരം രാമൻ സഹോദരനായ ലക്ഷ്മണനോട് പറയുന്നത്.

ഈ സമയം കുന്നിന്റെ മറ്റൊരു ചെരിവിൽ അതുവഴി വന്ന രാവണൻ സീതയെ തടഞ്ഞുനിർത്തുകയും കുശലം പറയുകയും ചെയ്തു. അവർ തമ്മിൽ സ്‌നേഹമായി. തുടർന്ന് സീതയെ രാവണൻ ലങ്കയിലേക്ക് കൊണ്ടുപോയതായി അടിയരാമായണം പറയുന്നു. ലങ്കയിലേക്കുള്ള പാലം നിർമ്മിച്ചത് ഹനുമാനും കരടിയും ചേർന്നാണത്രേ. പാലം നിർമ്മിക്കുന്നതിനിടെ കരടിയും ഹനുമാനും തർക്കമുണ്ടാവുകയും ദേഷ്യം വന്ന ഹനുമാൻ ഗരുഡമല വാലുകൊണ്ട് ചുറ്റി മറിച്ചിടാൻ ശ്രമിക്കുകയുംചെയ്തു. സീതയുടെ അപേക്ഷയെ തുടർന്നാണ് ഹനുമാൻ പിൻവാങ്ങിയത്. ലങ്കയിലെത്തിയ സീത, പന്ത്രണ്ട് വർഷം കഴിയുന്നതുവരെ തന്റെ ശരീരത്തിൽ തൊടരുതെന്ന നിബന്ധനയും രാവണന് മുന്നിൽ വെക്കുന്നുണ്ട്.

സീതയെ അന്വേഷിച്ച് രാമൻ കാട്ടിലൂടെ അലയുന്നതിനിടെ കണ്ടുമുട്ടിയ ഹനുമാനോട് തിരക്കിയപ്പോഴാണ് സീത ലങ്കയിലെത്തിയതായി അറിയുന്നത്. തുടർന്ന് സീതയെ കൊണ്ടുവരാൻ ഹനുമാൻ ലങ്കയിലെത്തി നഗരം കത്തിക്കുകയും ചെയ്തു. സീതയെ കണ്ട് രാമനെ കുറിച്ച് നല്ലതും രാവണെ കുറിച്ച് കുറ്റവും പറഞ്ഞു. അങ്ങനെ സീതയുമായി ഇരപ്പിലേക്ക്(കുടക് ജില്ല) എത്തി രാമന് കൈമാറി. പിന്നീട് രാമനും സീതയും വിവാഹിതരായതായും അടിയരാമായണം പറയുന്നു.വാൽമീകി രാമായണത്തിൽ നിന്ന് വളരെ വ്യത്യസ്്തമായ ഒരു പാഠമാണ്് അടിയരാമായണം മുന്നോട്ടു വെക്കുന്നത്.

ചോറിൽ കല്ല് പെട്ടതിനാൽ സീതയെ വഴക്കുപറഞ്ഞ രാമൻ

തുടർന്നുള്ള കഥാഭാഗങ്ങളിൽ രാമനിലെ ഭർത്താവിനെയും അച്ഛനെയും അടിയരാമായണം ചോദ്യം ചെയ്യുന്നുണ്ട്്. വേട്ടയാടി വരുന്ന രാമന് സീത കാപ്പിയും പലഹാരവും നൽകും. അതിലെല്ലാം മാലിന്യങ്ങൾ ഉള്ളതായി ചൂണ്ടിക്കാട്ടി രാമൻ സീതയെ മിക്കപ്പോഴും വഴക്കു പറയും. സീത ഗർഭിണിയായപ്പോൾ നാട്ടിൽ സന്തോഷവും സംശയവുമുണ്ടായി. ഇത് രാമന്റെ ചെവിയിലുമെത്തി. ചോറിൽ കല്ല് പെട്ടതിനെ തുടർന്ന് ഒരിക്കൽ സീതയെ വഴക്കുപറഞ്ഞു. തുടർന്നാണ് പിഴച്ചവളെന്ന് മുദ്രകുത്തി കൊന്നുകളയാൻ ലക്ഷ്മണനോട് പറയുന്നത്. ജേൃഷ്ഠന്റെ ഈ തെറ്റിദ്ധാരണ തിരുത്താൻ ലക്ഷ്മണൻ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. രാമന്റെ ആജ്ഞപ്രകാരം ലക്ഷ്മണൻ സീതയെയും കൂട്ടി ഗരുഡമലയിലെത്തി. പക്ഷേ, ഗർഭിണിയായ സീതയെ കൊല്ലാൻ ലക്ഷ്മണനാവുന്നില്ല. സ്വന്തം ഭാര്യയുടെ സ്‌നേഹവും പാതിവ്രത്യവും തിരിച്ചറിയാൻ കഴിയാത്തവനായി രാമനെ ചിത്രീകരിക്കുമ്പോൾ സ്‌നേഹസമ്പന്നനായാണ് ലക്ഷ്മണനെ അടിയരാമായണം ചിത്രീകരിക്കുന്നത്.

ഉപേക്ഷിക്കപ്പെട്ട സീതയെ പുൽപ്പള്ളിക്കടുത്ത ആശ്രമംകൊല്ലിയിലേക്ക് വാൽമീകിയുടെ ശിക്ഷ്യന്മാർ കൊണ്ടുപോയി. ലവനും കുശനും വളർന്നുവരികയും അയോധ്യയിൽ നിന്നും രാമൻ അഴിച്ചുവിട്ട യാഗാശ്വത്തെ പിടിച്ചുകെട്ടുകയും ചെയ്യുന്നുണ്ട്. കുതിരയെ അന്വേഷിച്ചുവന്ന ഹനുമാനെയും ലക്ഷ്മണനെയും പരാജയപ്പെടുത്തിയ ലവകുശന്മാർ പിതാവായ രാമനെയും ലക്ഷ്മണനെയും ഹനുമാനെയും ബന്ധിച്ചു. സീത ഉടനെ വള്ളിയൂർക്കാവിലെയും പുൽപ്പള്ളിയിലെയും ഭഗവതിമാർക്കും തിരുനെല്ലി, കൊട്ടിയൂർ എന്നിവിടങ്ങളിലെ പെരുമാൾമാർക്കും സിദ്ധപ്പനും നെഞ്ചപ്പനും മാതപ്പ ദൈവത്തിനും കത്തയച്ചു. അവർ വന്ന് രാമലക്ഷ്മണന്മാരെ വിചാരണ ചെയ്തു. വിചാരണക്കൊടുവിലാണ് രാമൻ തന്റെ മക്കളെയും ഭാര്യയെയും തിരിച്ചറിയുന്നത്.

പിതാവിന്റെ സ്‌നേഹവും പരിലാളനയും ലഭിക്കാതെ വളർന്ന കുട്ടികൾ ഇതിലപ്പുറവും ചെയ്യുമെന്ന് രാമനെ ഈ അവസരത്തി ൽ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. തെറ്റ് ബോധ്യപ്പെട്ട രാമൻ സീതയെ അയോധ്യയിലേക്ക് തിരികെ വിളിച്ചുവെങ്കിലും അഭിമാനിയായ സീത അത് നിരസിച്ചു. അങ്ങനെ പുൽപ്പള്ളിക്കടുത്ത് തന്നെ സ്വീകരിക്കാൻ ഭൂമിയോട് ആവശ്യപ്പെട്ടു. രണ്ടായി പിളർന്ന ഭൂമിയിലേക്ക് സീത ഇറങ്ങിചെല്ലമ്പോൾ രാമൻ സീതയെ വിലക്കി തലമുടിയിൽ പിടിച്ച് വലിച്ചു. ജഡ മുറിഞ്ഞ് വരികയല്ലാതെ പരാജയപ്പെട്ട ഭർത്താവിന് മുന്നിൽ വീണ്ടും സീത വന്നില്ല. ഈസംഭവം നടന്ന പ്രദേശമാണ് ജഡയറ്റകാവ് എന്ന പേരിലറിയപ്പെടുന്നതെന്ന് അടിയരാമായണവും ചെട്ടിരാമയണവും പറയുന്നു.

ഇപ്പോഴും പുതിയ രാമായണങ്ങൾ ഉണ്ടാകുന്നു

പുതിയ കാലത്തും രാമായണപാഠങ്ങൾ ഉണ്ടായിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് 'നവീനരാമായണം' എന്ന പേരിൽ ഒരുപുസ്തകം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.വാമൊഴിപാരമ്പര്യത്തിന്റെ പ്രചോദനമുൾക്കൊണ്ട് വട്ടംകുളം ശങ്കുണ്ണിരചിച്ച ഖണ്ഡ കാവ്യമാണ് 'നാടോടിരാമായണം' (കേരള ഫോക്ലോർ അക്കാദമി പ്രസിദ്ധീകരണം)

''കേട്ടോളീ കർക്കട മാതത്തില്
കേട്ടോളീ കേട്ടോളീ രാമായണം
ചങ്കരൻ തേവര് ചങ്കരീതേവിക്ക്
ശൊല്ലിക്കൊട്ത്ത്ള്ള രാമായണം
പുത്തിക്കും നന്നേ ചുത്തിക്കും നന്നേ
നല്ലേലും നന്നല്ലോ രാമായണം, ഉള്ളി-
ന്നൂള്ള് തൊറക്കണ രാമായണം!''

അതായത് ഇക്കാലത്തും രാമായണത്തിന്റെ വകഭേദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നെന്ന് ചുരുക്കം. രാമായണത്തിന് മാത്രമല്ല മഹാഭാരതത്തിനടക്കം ലോകത്തിലെ ഒട്ടുമിക്ക ഇതിഹാസങ്ങൾക്കുമുണ്ട് പ്രാദേശിക ഭേദം. . മഹാഭാരതത്തിന്റെ പ്രദേശികവാമൊഴിരൂപമാണ് പാലക്കാട് ജില്ലയിലെ പറയസമൂഹം പാടിവരുന്ന മാവാരതംപാട്ട് (ചാക്കാട്പാട്ട്). വാല്മീകിരാമായണത്തിന്റെ പാഠങ്ങളാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, കമ്പരാമായണം, രാമകഥ, ടിബറ്റൻ രാമായണം, ഇൻഡൊനീഷ്യൻ രാമായണം, ബർമീസ് രാമായണം, തായ്ലൻഡ് രാമായണം, മലേഷ്യൻ രാമായണം, ഖോത്താനി രാമായണം (ടർക്കിസ്താൻ), ബൗദ്ധരാമായണം, ജൈനരാമായണം തുടങ്ങിയവ.

കേരളത്തിലെ നാടൻ പ്രകടനകലകളിൽ ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും വാമൊഴിവഴക്കങ്ങളായ പാട്ടുകളും ചുവടുകളുമായി സമ്മേളിക്കുന്നുണ്ട്.ആദിമജനസഞ്ചയത്തിന്റെ പിന്മുറക്കാരായ കുറവ സമൂഹത്തിന്റെ അനുഷ്ഠാനകലാരൂപങ്ങളാണ് ഭാരതക്കളിയും സീതക്കളിയും.കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് സീതക്കളിയും ഭാരതക്കളിയും ആചരിക്കുന്നത്. ഇതിൽ ഭാരതക്കളി തീർത്തും അനുഷ്ഠാനപരമാണെങ്കിൽ സീതക്കളിക്ക് വിനോദത്തിന്റെ മുഖവുമുണ്ട്.ഓണക്കാലത്ത് മലങ്കാവുകളിലും നേർച്ചയുടെ ഭാഗമായി തറവാടുമുറ്റങ്ങളിലും വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ 'രാമായണകഥ' പാടിക്കളിക്കുന്നതാണ് സീതക്കളി.

വിവാദത്തിലായ സിപിഎമ്മിന്റെ രാമായണ മാസാചരണം

രണ്ടുവർഷം മുമ്പ് സിപിഎം സംഘടനയുടെ പിന്തുണയോടെ രാമയണ മാസാചരണം നടത്താൻ ശ്രമിച്ചത് വിവാദമയിരുന്നു. ഇടത് പിന്തുണയോടെയുള്ള സംഘടനയായ സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തിലാണ് രാമായണമാസ ആചരണം നടക്കുന്നത്. എന്നാൽ പാർട്ടിക്ക് ഇതുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും സംസ്‌കൃത സംഘം എന്ന സംഘടനയ്ക്ക് പിന്തുണ നൽകുക മാത്രമാണ് പാർട്ടി ചെയ്യുന്നതെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം. ഒരു നാടിന്റെ തനത് സ്വത്തായ രമായണത്തെ സംഘപതിവാർ എറ്റെടുക്കുന്നതും കുപ്രചാരണം നടത്തുന്നതും തടയാൻ വേണ്ടിയാണ് തങ്ങളുടെ നടപടിയെന്നാണ് ഇതിന്റെ പ്രവർത്തകർ അവകാശപ്പെട്ടിരുന്നത്.

ഇത് സംബന്ധിച്ച് കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.'കേരളത്തിലെ മാർക്‌സിസ്റ്റ് പാർട്ടി രാമായണമാസം ആചരിക്കുന്നതിൽ ഞാൻ തെറ്റ് കാണുന്നില്ല. പക്ഷെ അത് നടപ്പ് ആചാരത്തിന്റെ വഴിയിൽ തന്നെയെങ്കിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയാണ് ശക്തിപ്പെടുത്തുക.  ഇന്ത്യയിലെ രാമായണപാരംപര്യത്തിന്റെ വൈവിധ്യം ബോധ്യപ്പെടുത്തി ഹിന്ദുത്വവാദികൾ പറയുന്ന ഏകശിലാരൂപമായ ഇന്ത്യ എന്ന ജനാധിപത്യ വിരുദ്ധ ആശയത്തിനെതിരെ ഇന്ത്യൻ ജനസംസ്‌കൃതിയുടെ നാനാത്വം ജനങ്ങളിൽ എത്തിക്കാൻ ഇത് നല്ല അവസരമാണ്, കാരണം രാമായണം ഒരു ദക്ഷിണേഷ്യൻ പാരമ്പര്യമാണ്, അത് ഹിന്ദുക്കളുടെതു മാത്രമല്ല.

ബംഗ്ലാദേശിലെയും മലേഷ്യയിലെയും മുസ്ലിം നാടക ട്രൂപ്പുകൾ രാമായണം അവതരിപ്പിച്ചു ഞാൻ കണ്ടിട്ടുണ്ട്. ബുദ്ധിസ്റ്റുകൾക്കും ജൈനർക്കും അവരുടെ രാമായണങ്ങൾ ഉണ്ട്. ഇന്ത്യൻ രാമായണ പാരമ്പര്യത്തിന്റെ ഏറ്റവും നല്ല പഠനം നടത്തിയത് ബെൽജിയൻ പാതിരി ആയിരുന്ന ഫാദർ കാമിൽ ബുൽക്കെ ആണ് ( 'രാമകഥ'', മലയാളത്തിലും കേരള സാഹിത്യ അക്കാദമി ഇറക്കിയിരുന്നു, ഒരു പുതിയ പതിപ്പ് ആവശ്യം ) .

രാമായണത്തെ ഒരു മതപാഠം ആക്കാതെ ഒരു സെക്യുലർ എപ്പിക് ആയി അവതരിപ്പിക്കാൻ ആണ് ശ്രമികേണ്ടത്. അല്ലെങ്കിൽ അത് തിരിച്ചടിയിലേ കലാശിക്കൂ. ഡൽഹിയിൽ ''സഫ്ദർ ഹഷ്മി ട്രസ്റ്റ് ഒരിക്കൽ ഒരു നല്ല രാമായണ പ്രദർശനം നടത്തി. ആർഎസ്എസ്സുകാർ ആക്രമിച്ചെങ്കിലും അതിന്റെ സന്ദേശം വ്യക്തമായിരുന്നു, ' രാമായണം നിങ്ങളുടെ തറവാട്ടു സ്വത്തല്ല, ഹിന്ദുക്കൾക്ക് മാത്രം അവകാശപെട്ടത് പോലുമല്ല.

മുസ്ലീങ്ങളും ജൈനരും ബുദ്ധരും പങ്കിടുന്ന മതാതീതമായ ലോകമഹാകാവ്യമാണത്.'' അല്ലാ, ഹിന്ടുത്വവാദികളുടെ ഒരു മിമിക്രി ആണ് പാർട്ടി ഉദ്ദേശിക്കുന്നതെങ്കിൽ,നിങ്ങൾക്കു ഹാ കഷ്ടം!'- ഇങ്ങനെയായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. രാമയാണം ആരുടെയും സ്വത്തല്ല ദക്ഷിണേഷ്യയുടെ മൊത്തത്തിലുള്ള സമ്പത്താണെന്നാണ് ചരിത്രം പഠിക്കുമ്പോൾ തെളിഞ്ഞ് വരിക.

രാമായണം എല്ലാവരുടെയും പൊതുസ്വത്താണ്

കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ് പാശ്ചാത്യലോകത്ത് രാമായണം അറിയപ്പെട്ടു തുടങ്ങിയതെങ്കിലും ഇതിനകം അതിനെപ്പറ്റി വിശദമായ വിവിധപഠനങ്ങൾ അവിടെ നടന്നിട്ടുണ്ട്. ഇന്ത്യൻ ചരിത്രകാരന്മാരും പിന്നീട് രാമായണത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ആദ്യകാലങ്ങളിൽ രാമായണം അതിപ്രാചീനമാണ് എന്ന അഭിപ്രായമായിരുന്നുവെങ്കിലും ഇന്ന് പണ്ഢിതരെല്ലാം തന്നെ ആദിരാമായണ (വാല്മീകി) ഗ്രന്ഥത്തിനും ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിർദ്ദേശിക്കുന്നുണ്ട്. അഞ്ചുനൂറ്റാണ്ടുകൾക്കപ്പുറമുള്ള പഴക്കം രാമായണത്തിന് നൽകുന്ന ഒരു പഠനവും ഇന്നുവരെ നടന്നിട്ടില്ല. അതായത്, അയ്യായിരവും ഏഴായിരവുമെല്ലാം വെറും 'തള്ളുകൾ' മാത്രമാണ്!

ഹിന്ദുക്കൾ പ്രചരിപ്പിക്കുന്ന രാമായണത്തെക്കൂടാതെ, നൂറുകണക്കിന് രാമായണങ്ങൾ വിവിധ രാജ്യങ്ങളിലായി പ്രചരിക്കപ്പെടുന്നുണ്ട്. അദ്ധ്യാത്മരാമായണം രചിക്കുന്ന കാലത്തുതന്നെ മറ്റനേകം രാമായണങ്ങൾ ഉണ്ടായിരുന്നു.അമേരിക്കൻ പണ്ഡിതയ പോളാ റിച്ച്മാൻ ( അവരുടെ മൂന്നു പുസ്തകങ്ങൾ രാമായണസംബന്ധിയായി ഉണ്ട്) പറയുന്നത് എഴുത്തച്ഛൻ ''അധ്യാത്മ രാമായണം'' എഴുതിയത് എല്ലാ മലയാളികൾക്കും വേണ്ടിയാണെന്നാണ്.ഹിന്ദുക്കൾക്ക് വേണ്ടി മാത്രമല്ല.

ഇന്ന് കാണുന്ന രാമായണത്തിൽ നിരവധി കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട്. രാമനെ വെറുമൊരു സാധാരണ മനുഷ്യനായി വിവരിക്കുന്ന ആദ്യരൂപത്തോട് വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായി വാഴ്‌ത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ പിന്നീട് ചേർക്കപ്പെട്ടതാണെന്നു വിദഗ്ദ്ധർ വാദിക്കുന്നു. രാമനെ ഈശ്വരനായി വാഴ്‌ത്തുന്ന സന്ദർഭങ്ങൾ എല്ലാംതന്നെ പിന്നീട് ചേർക്കപ്പെട്ടതാണെന്നും ഇവർ അഭിപ്രായപ്പെടുന്നു. രാമായണത്തിൽ രാമനെ ഈശ്വരനായി ഉദ്ഘോഷിക്കുന്ന സന്ദർഭങ്ങൾ കൂടുതലും കാണുന്നത് ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും ആണ്. ഈ രണ്ടുകാണ്ഡങ്ങളും രാമായണത്തോട് പിൽക്കാലത്ത് കൂട്ടിചേർക്കപ്പെട്ടതാണെന്ന് പല പണ്ഡിതന്മാരും കാര്യകാരണ സഹിതം തെളിയിച്ചു കഴിഞ്ഞു. ഉത്തരകാണ്ഡത്തിന്റേയും ബാലകാണ്ഡത്തിന്റേയും രചനാശൈലി രാമായണത്തിന്റെ പ്രാമാണിക കാണ്ഡത്തിൽനിന്ന് വളരെ വ്യത്യസ്തമായിരിക്കുന്നതുതന്നെ ഇതിനുള്ള തെളിവാണ്.

ഇന്ത്യക്ക് അകത്തും പുറത്തുമായി നൂറുകണക്കിന് രാമായണങ്ങൾ വാമൊഴിയായി പ്രചരിക്കപ്പെട്ടിരുന്നു എന്നതിന്റെ തെളിവുകളിൽ ചിലതാണ് ഇവിടെ പരിശോധിച്ചത്. അതായത് രാമായണത്തെ ഏതെങ്കിലും ഒരു ജാതിയുടെയോ, മതത്തിന്റെയോ എന്തിന് ഇന്ത്യയുടേത് മാത്രമായിപ്പോലും കണക്കാക്കാൻ അവില്ല. അപ്പോൾ അത്തരം കഥളെയും മിത്തുകളെയും കൂട്ടിച്ചേർത്ത്, രാമജന്മഭൂമിപോലുള്ള സംഘർഷങ്ങൾക്ക് എന്ത് യുകതിയാണുള്ളത്. ഒരു രാമായണ മാസം കൂടി എത്തുമ്പോൾ മതേതര മനസ്സുള്ളവർ ഇക്കാര്യം മറന്നുപോകാൻ പാടില്ല.

വിവരങ്ങൾക്ക് കടപ്പാട്: ഡോ അസീസ് തരുവണ- മാപ്പിള രാമായണം

രാമകഥ- കേരള സാഹിത്യ അക്കാദമി

എ.കെ രാമാനുജം- 'Three hundred ramayanas: Five examples and Three thoughts on translation

കവി സച്ചിദാന്ദന്റെ വിവിധ ലേഖനങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP