Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

പാലക്കാട്ടുകാരൻ എംജിആറും ഇദയക്കനി ജയലളിതയും കരുണാനിധിയും വാണ മണ്ണ്; ശിവാജിയും ശരത്കുമാറും വിജയകാന്തും ഒരു പരിധിവരെ കമൽഹാസനും വീണ രാഷ്ട്രീയക്കളരി; 'ലേറ്റായിരുന്താലും ലേറ്റസ്റ്റായി' എത്തിയത് ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടന്മാരിൽ ഒരാൾ; രജനീകാന്ത് തമിഴക രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമോ?

പാലക്കാട്ടുകാരൻ എംജിആറും ഇദയക്കനി ജയലളിതയും കരുണാനിധിയും വാണ മണ്ണ്; ശിവാജിയും ശരത്കുമാറും വിജയകാന്തും ഒരു പരിധിവരെ കമൽഹാസനും വീണ രാഷ്ട്രീയക്കളരി; 'ലേറ്റായിരുന്താലും ലേറ്റസ്റ്റായി' എത്തിയത് ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടന്മാരിൽ ഒരാൾ; രജനീകാന്ത് തമിഴക രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമോ?

എം മാധവദാസ്

'കണ്ണാ, പന്നീങ്കെ താൻ കൂട്ടമാ വരുവേൻ, സിങ്കം സിംഗിളാ താൻ വരുവേൻ'....

മിഴകത്ത് ഏറ്റവും പ്രചാരത്തിലുള്ള മാസ് ഡയേലോഗുകളിൽ ഒന്നാണ് ശങ്കറിന്റെ ശിവാജിയിൽ രജനിയുടെ ഈ തീപ്പൊരി വാക്കുകൾ. പത്തുപതിനഞ്ചുവർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ മൊഗസ്സ്റ്റാർ രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ ഒറ്റക്ക് വരുന്ന സിംഹത്തിന്റെ കരുത്ത് ഈ 69ാം വയസ്സിലും അദ്ദേഹത്തിന് കാത്തുസൂക്ഷിക്കാൻ കഴിയുമോ? ഇന്ന് തമിഴ്‌നാട്ടിൽ എവിടെയും ചർച്ച അതുതന്നെയാണ്.

ഒരു താരത്തിന്റെ സിനിമക്ക് ആദ്യദിവസം ടിക്കറ്റ് കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ആരാധകൻ ആത്മഹത്യ ചെയ്ത സംഭവം ലോകത്തിൽ എവിടെയങ്കിലും കേട്ടിട്ടുണ്ടോ. അയാൾ അസുഖ ബാധിതനാണ് എന്ന് അറിഞ്ഞപ്പോൾ തമിഴക നഗരങ്ങൾ ഒരു പാർട്ടിയുടെയും ആഹ്വാനമില്ലാതെ നിശബ്ദമായി. അയാൾ പുറത്തിറങ്ങിയൊന്ന് നടന്നാൽ ചെന്നൈ നഗരം നിലച്ചുപോകുന്ന ട്രാഫിക്ക് ബ്ലോക്കാണ് ഉണ്ടാവുക. പറയുന്നത് രജീനകാന്തിനെ കുറിച്ചാണ്. രജനീതരംഗം കത്തിനിൽക്കുന്ന തൊണ്ണൂറുകളിൽ അദ്ദേഹത്തിന്റെ 'ഉഴൈപ്പാളി' എന്ന ചിത്രം ഇറങ്ങിയ ആദ്യ ദിനം ടിക്കറ്റ് കിട്ടാഞ്ഞതിന് ഒരു യുവാവ് ട്രെയിനിന് തലവെച്ച് മരിച്ചത് വൻ വിവാദമായിരുന്നു. അതുപോലെ എന്തെല്ലാം സംഭവങ്ങൾ. തമിഴ്മക്കൾക്ക് ഇന്നും രജനി ദൈവം തന്നെയാണ്.

ഇന്ത്യയിൽ മാത്രമല്ല ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടനാണ് രജനീകാന്ത്. ബ്രൂസ്ലിക്കും ജാക്കിചാനുപോലും മാത്രമാണ് സമാനമായ ഒരു തരംഗം ലോക സിനിമയിൽ ഇളക്കിവിടാൻ കഴിഞ്ഞത്. മലേഷ്യയിലും ജപ്പാനിലും ചൈനയിലും പോലും രജനീ ചിത്രങ്ങൾക്കായി ജനം ക്യൂ നിന്നു. മിന്നൽ വേഗത്തിലുള്ള നടത്തം, കരചലനങ്ങളുടെ സവിശേഷ ഭംഗി, പല്ലുകടിച്ചെന്നപോലെയുള്ള ഡയലോഗ് ഡെലിവറി, റിമോട്ട് കൺട്രോളിലെന്ന പോലെ നൃത്തം ചെയ്യാനുള്ള കഴിവ്.... ബാഷയും, മുത്തുവും, ശിവാജിയും, യന്തിരനും, അണ്ണാമലയും, പടയപ്പയുമൊക്കെ കണ്ട് ആർത്തുവിളിച്ച പതിനായിരക്കണക്കിന് ആരാധകരാണ് രജനിയുടെ ശക്തി. ഇന്ത്യൻ സിനിമയിൽ അമിതാഭ ബച്ചനുമാത്രമേ ഈ രീതിയിൽ കീർത്തി കിട്ടിയിട്ടുള്ളൂ. എന്നാൽ അമിതാബിൽനിന്ന് വ്യത്യസ്തനായി ഈ 69ാം വയസ്സിലും അനാരോഗ്യത്തിലും രജനി രാഷ്ട്രീയത്തിലും സിനിമയിലും സജീവമായി ഉണ്ട്. ഞാൻ ഒഴിയുകയാണെന്ന് അദ്ദേഹം പലവട്ടം പറഞ്ഞു. അനാരോഗ്യമാണെന്ന് പറഞ്ഞു. പക്ഷേ ആരാധകർ വിടേണ്ടെ. തമിഴ്‌നാട്ടിന്റെ മുക്കിലും മൂലയിലും വേരുകൾ ഉള്ള രജനി മൺട്രങ്ങൾ ഏതൊരു രാഷ്ട്രീയ പാർട്ടിയേക്കാളും സുസംഘടിതമാണ്. അതുതന്നെയാണ് പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പ് ഉയർത്തുന്നതും.

പക്ഷേ രജനിക്ക് മുന്നിൽ പല വെല്ലുവിളികളും ഉണ്ട്. എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്ന ആത്മീയ രാഷ്ട്രീയം എന്നതിന് ഇനിയും വ്യക്തത വന്നിട്ടില്ല. ദ്രാവിഡ രാഷ്ട്രീയത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന തമിഴർക്ക് ഇത് പുതിയ ഒരു സാധനമാണ്.

ദ്രാവിഡ രാഷ്ട്രീയത്തിൽനിന്ന് ആത്മീയ രാഷ്ട്രീയത്തിലേക്ക്

ആത്മീയ രാഷ്ട്രീയം എന്ന വാക്കുതന്നെ സത്യത്തിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിളനിലമായ തമിഴകത്ത് പുതുമയുള്ളതാണ്. പക്ഷേ തന്റെ പാർട്ടിയുടെ ലക്ഷ്യം അതാണെന്ന് രജനീകാന്ത് പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ ഇത് ബിജെപി ഉന്നയിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയവും അല്ലെന്ന് വ്യക്തമാണ്. കാരണം അമിത്ഷാ തന്നെ നേരിട്ടു വന്ന് ക്ഷണിച്ചിട്ടും, രജനീകാന്ത് ബിജെപിയിൽ പോയിട്ടില്ല. ഒരു മുന്നണിയിലുമില്ലാതെ ഒറ്റക്ക് നിന്ന് ഭരണം പിടിക്കാനുള്ള നീക്കമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധർ ഉള്ള ഈ താരത്തിന്റെതെന്ന് വ്യക്തം.

വെള്ളിത്തിരയും രാഷ്ട്രീയവും എന്നും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന തമിഴ്‌നാട്ടിൽ, രാഷ്ട്രീയത്തിൽ വെന്നിക്കൊടി പാറിച്ചത് നമ്മുടെ പാലക്കാട്ടുകാരൻ എം ജി ആർ എന്ന എം ജി രാമചന്ദ്രൻ തന്നെയായിരുന്നു. അന്ന് എംജിആറിന് തിരക്കഥ ഒരുക്കിയ കരുണാനിധി എതിരാളിയായി ഉണ്ടായിരുന്നു.

പിന്നീട് എംജിആറിന്റെ ഇദയക്കനി ജയലളിതയുടെ യുഗമായി. പക്ഷേ അതിനുശേഷം സിനിമയിൽനിന്ന് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിച്ചവരിൽ ശിവാജി ഗണേശനും, വിജയകാന്തും ഉൾപ്പെടുയുള്ളവർക്ക് കാര്യമായ നേട്ടം ഉണ്ടാക്കാൻ ആയിരുന്നില്ല. ഇപ്പോൾ കമൽഹാസന്റെ പാർട്ടിയും അങ്ങനെതന്നെ. വെറും അഞ്ച് ശതമാനത്തിനപ്പുറം വോട്ട് നേടാൻ മക്കൾ നീതി മയ്യത്തിന് ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആത്മീയ രാഷ്ട്രീയവുമായി രജനി എത്തുന്നത്. കമൽഹാസൻ നഗരത്തിലെ യുവാക്കൾ അടക്കമുള്ള ഡിഎംകെ വോട്ടർമാരുടെ വോട്ട് ചോർത്തുമ്പോൾ, രജനീകാന്ത് സ്ത്രീകൾ അടക്കമുള്ള എഐഡിഎംകെയുടെ മിഡിൽ ക്ലാസ് വോട്ടുകൾ ചോർത്തുമെന്നാണ് പൊതുവെയുള്ള ആശങ്ക.

തമിഴ്‌നാട്ടിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും ഭരണം പിടിക്കുമെന്നും രജനീകാന്ത് പാർട്ടി രൂപീകരത്തിനുശേഷം പ്രഖ്യാപിച്ചത്. ആത്മീയ രാഷ്ട്രീയം വിജയം കാണുമെന്നുറപ്പാണെന്നും രജനികാന്ത് പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം ഡിസംബർ 31ന് നടത്തും. 2021 ജനുവരിയിലായിരിക്കും പാർട്ടി പ്രവർത്തനം ആരംഭിക്കുന്നത്. തിരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചു. ബുധനാഴ്ച രജനി മക്കൾ മൻട്രത്തിന്റെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്. താൻ എന്തു തീരുമാനമെടുത്താലും അതിനെ പിൻതുണയ്ക്കുമെന്ന് ജില്ലാതല സമിതികൾ അറിയിച്ചതായി രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് കഴിഞ്ഞ മാസം അവസാനം രജനീകാന്ത് സൂചന നൽകിയിരുന്നു. 69 കാരനായ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏർപ്പെടുന്നതിൽ ഡോക്ടർമാർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനമുള്ളതിനാൽ യാത്ര ഒഴിവാക്കണമെന്നും അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആരാധകർ സന്തോഷം പ്രകടിപ്പിക്കുകയാണ്. ട്വിറ്ററിലൂടെയാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്. രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് കളംമൊരുങ്ങിയതോടെ തമിഴ്‌നാട്ടിൽ വീണ്ടും താരകേന്ദ്രീകൃത രാഷ്ട്രീയം ചുവടുറപ്പിക്കുകയാണ്. പതിന്നാല് വർഷം നീണ്ട രാഷ്ട്രീയ സസ്‌പെൻസിനൊടുവിലാണ് സജീവ രാഷ്ട്രീയത്തിലേക്ക് രജനീകാന്ത് കടക്കുന്നത്. വലിയ ആരാധക പിന്തുണയുള്ള അദ്ദേഹം രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത് മുതൽ വിവാദങ്ങൾ താരത്തെ വിട്ടൊഴിഞ്ഞിട്ടില്ല.

ശക്തമായ ആരാധക പിൻബലം വോട്ടായി മാറുമെന്നും ജയലളതിയുടെയും കരുണാനിധിയുടേയും രാഷ്ട്രീയ വിടവ് നികത്തുമെന്നും എംജിആറിന്റെ രാഷ്ട്രീയ പാത പിന്തുടരുമെന്നുമാണ് ആരാധകരും കണക്കുകൂട്ടുന്നത്. രാഷ്ട്രീയ നിലപാടുകളിൽ വ്യക്തത ഇല്ലെന്ന വിമർശനങ്ങൾക്കിടയിൽ കൂടിയാണ് സൂപ്പർസ്റ്റാർ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. തമിഴ്‌നാടിന്റെ ഭരണം പിടിക്കുമെന്നാണ് അദ്ദേഹം ഇപ്പോൾ ഉറപ്പിച്ച് പറയുന്നത്. അത് തള്ളിക്കളയാനും ആവില്ല. കാരണം എന്നും അത്ഭുതങ്ങളിലുടെയായിരുന്നു രജനിയുടെ ജീവിതം.

ബംഗലൂരുവിലെ ബസ് കണ്ടക്റായ ശിവാജി റാവു ഗെയ്ക്ക് വാദ് ലോക സിനിമയിൽ സ്ഥാനം പിടിക്കുന്ന സൂപ്പർ താരമാവുമായിരുന്നെന്ന് ആരെങ്കിലും കരുതിയോ. അപ്പോൾ എന്തുകൊണ്ട് തമിഴകം പിടിക്കുമെന്നും ഭരിക്കുമെന്നുമുള്ള രജീനകാന്തിന്റെ വാക്കുകൾ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

ബസ് കണ്ടക്ടറിൽനിന്ന് മെഗാതാരത്തിലേക്ക്

സത്യത്തിൽ രജനികാന്തിന്റെ ജീവിതം തന്നെ ഏതുകൊമേർഷ്യൽ സിനിമയേക്കാൾ ട്വിസ്റ്റുകളും സ്സപെൻസുകളും നിറഞ്ഞതാണ്. തമിഴ്‌നാടിന്റെ എല്ലാമെല്ലാമായി ഉയർന്ന എംജിആർ പാലക്കാട് സ്വദേശി ആയിരുന്നെങ്കിൽ, രജനിയുടെ വേരുകൾ മഹാരാഷ്ട്രയിലാണ് വന്ന് നിൽക്കുക. പല പ്രശസ്തരുടെയും ജീവിതം നോക്കിയാൽ അറിയാം, ഈ മണ്ണിന്റെ മക്കൾ വാദത്തിനൊന്നും യാതൊരു കഴമ്പും ഇല്ലെന്ന്. കർണ്ണാടക-തമിഴ്‌നാട് അതിർത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്വാദ് ജനിച്ചത്. റാണോജി റാവുവിന് കോൺസ്റ്റബിൾ ആയി ജോലി കിട്ടിയതിനെ തുടർന്ന് കുടുംബം ബാംഗ്ലൂർ നഗരത്തിലെ ഹനുമന്ത് നഗർ എന്ന സ്ഥലത്ത് വന്ന് താമസമാക്കി. കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന്റെ ഏഴാമത്തെ വയസ്സിൽ അമ്മ റാംബായി മരിച്ചു.

അമ്മയുടെ പരിചരണം കിട്ടാതെ വളർന്ന ആ കുട്ടി പടു വികൃതി കൂടിയായിരുന്നു. ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. ബാല്യത്തിലും കൗമാരത്തിലും ഏറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നുകാര്യം രജനി മറച്ചുവെക്കാറില്ല. അമ്മയുടെ അഭാവത്തിൽ കാര്യമായ നിയന്ത്രണങ്ങളില്ലാത്ത ബാല്യകാലം ശിവാജിയെ മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കും വഴി നടത്തി. ഒപ്പം വീട്ടിൽ നിന്നും പണം മോഷ്ടിച്ച് സിനിമകൾ കാണുന്ന പതിവും തുടങ്ങിയിരുന്നു. ഇളയ മകനായ ശിവാജിയെ തന്നെപ്പോലെ ഒരു പൊലീസ് കോൺസ്റ്റബിളാക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന പിതാവിനെ ഇത് പലപ്പോഴും വിഷമിപ്പിച്ചിരുന്നു. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശിവാജി കോളേജിൽ പ്രവേശനം നേടണമെന്ന പിതാവിന്റെ നിർദ്ദേശത്തിന് വിരുദ്ധമായി മദ്രാസിലേക്ക് പുറപ്പെട്ടു. എങ്ങനെയെങ്കിലും സിനിമയിൽ മുഖം കാണിക്കുക എന്ന ലക്ഷ്യത്തോടെ മദ്രാസിൽ അലഞ്ഞെങ്കിലും അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചില്ല. കിട്ടിയ ചെറിയ ജോലികൾ ചെയ്തു പിടിച്ചു നിൽക്കുവാനുള്ള ശ്രമങ്ങളും നടത്തി. ഒടുവിൽ കൈയിലുണ്ടായിരുന്ന തുക ചെലവായിത്തീർന്നപ്പോൾ ബാംഗ്ലൂരിലേക്ക് തന്നെ മടങ്ങി വരേണ്ടി വന്നു.

ഒരു സ്ഥിരം തൊഴിൽ ലഭിച്ചാൽ ശിവാജിയുടെ സ്വഭാവം മെച്ചപ്പെടുമെന്നുള്ള ധാരണയിൽ മൂത്ത സഹോദരൻ സത്യനാരായണ റാവു മുൻകൈയെടുത്ത് കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലി വാങ്ങി നൽകി. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും ശിവാജി റാവു നാടകങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തി. അങ്ങനെയിരിക്കെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ കോഴ്സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പത്രങ്ങളിൽ വന്നു. വെള്ളിത്തിരയിൽ മുഖം കാണിക്കുക എന്ന മോഹം ഉള്ളിൽ കൊണ്ടു നടന്ന ശിവാജിയെ ഇതിനപേക്ഷിക്കുവാൻ സുഹൃത്തായ രാജ് ബഹാദൂർ സ്നേഹപൂർവ്വം നിർബന്ധിച്ചു. 1973-ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ശിവാജിക്ക് രണ്ടു വർഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുവാനും രാജ് ബഹാദൂർ ശ്രദ്ധിച്ചിരുന്നു. അഡയാറിൽ അങ്ങേയറ്റം അരിഷ്ടിച്ചായിരുന്നു രജനിയുടെ ജീവതമെന്ന് സഹപാഠിയായിരുന്നു നടൻ ശ്രീനിവാസനൊക്കെ വെളിപ്പെടുത്തിയിട്ടുണ്ട്.

അതുപോലെ തന്നെ അക്കാലത്ത് ബസിൽവെച്ച് പരിചയപ്പെട്ട ഒരു പെൺകുട്ടിയുമായി രജനിക്ക് പ്രണയം ഉണ്ടായിരുന്നു. അവൾ കൂടി നിർബന്ധിച്ചാണ് അദ്ദേഹം അഭിനയം പഠിക്കാൻ പോയത്. പലപ്പോഴും രജനി അഡയാറിൽ ജീവിച്ചതും അവൾ അയച്ചുകൊടുക്കുന്ന മണിയോഡറിന്റെ ബലത്തിൽ ആയിരുന്നു. നിന്റെ പോസ്റ്റുകൾ മദ്രാസിൽ നിറയുന്നത് കാണണമെന്ന് അവൾ തന്നോട് പറയുമായിരുന്നെന്ന് രജനി വെളിപ്പെടുത്തിയിരുന്നു. പക്ഷേ പഠനം കഴിഞ്ഞുവന്ന രജനി പിന്നെ ഒരിക്കലും അവളെ കണ്ടിട്ടില്ല. അവർ പറഞ്ഞപോലെ അയാൾ മെഗാതാരമായിട്ടും, പോസ്റ്റുകൾ ചെന്നെയിൽ നിറഞ്ഞിട്ടും അവളെ കണ്ടെത്താൻ മാത്രം രജനിക്ക് ആയില്ല. ഇക്കഥ പറയുമ്പോഴൊക്കെ രജനീകാന്ത് കരയുമെന്ന് സുഹൃത്തുക്കളായ നടൻ ദേവനും ശ്രീനിവാസനുമൊക്കെ പറയുമായിരുന്നു.

ശിവാജിയിൽ നിന്ന് രജനിയിലേക്ക്

1975-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജനീകാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വർഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്.

ബാലചന്ദറിനെയാണ് രജനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളർച്ചക്ക് ഊർജ്ജം പകർന്ന സംവിധായകൻ എസ്‌പി. മുത്തുരാമനാണ്. മുത്തുരാമൻ സംവിധാനം ചെയ്ത ഭുവന ഒരു കേൾവിക്കുറി(1977) എന്ന ചിത്രത്തിലെ വേഷം രജനിയെ ശ്രദ്ധേയനാക്കി.ജെ. മഹേന്ദ്രൻ സംവിധാനം ചെയ്ത മുള്ളും മലരും(1978) തമിഴ് സിനിമയിൽ രജനിയുടെ സിംഹാസനം ഉറപ്പിച്ചു. മുത്തുരാമന്റെ ആറിലിരുന്ത് അറുപതുവരെ (1977) ഈ നടന്റെ പ്രതിഛായക്ക് മാറ്റുകൂട്ടി. എഴുപതുകളുടെ അവസാന ഘട്ടത്തിൽ കമൽഹാസൻ നായകനായ ചിത്രങ്ങളിൽ വില്ലൻ വേഷമായിരുന്നു രജിനിക്ക് പതിവായി ലഭിച്ചിരുന്നത്. പതിനാറു വയതിനിലെ, അവർഗൾ തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആദ്യകാലത്ത് കമൽ പ്രഭാവത്തിൽ രജനിക്ക് ലൊക്കേഷനിൽ ഇരിപ്പിടം പോലും പലരും കൊടുത്തിരുന്നില്ല. എന്നാൽ ഒരാളോടും വൈരാഗ്യം കാത്തുസൂക്ഷിക്കാത്ത രജനീകാന്ത് അതൊക്കെ അക്കാലത്തിന്റെ രീതികളായി ചിരിച്ച് തള്ളുകയായിരുന്നു.

1980-കളാണ് രജിനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടമെന്ന് പറയാം. രജനി അഭിനയം നിർത്തുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു. അമിതാഭ് ബച്ചൻ നായകനായ ഡോൺ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്.നായകൻ എന്ന നിലയിൽ തമിഴകം അംഗീകരിച്ച രജിനിയുടെ ഹിറ്റ് ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങൾ പ്രദർശനശാലകളിൽ പുതിയ ചരിത്രം കുറിച്ചു. കെ. ബാലചന്ദർ സ്വയം നിർമ്മിച്ച നെട്രികൻ മറ്റൊരു നാഴികക്കല്ലായി. അമിതാഭ് ബച്ചൻ ചിത്രങ്ങളുടെ റീമേക്കുകളാണ് ഈ കാലഘട്ടത്തിൽ രജിനിയുടെ വളർച്ചക്ക് കരുത്തായത്.

ഖുദ്-ദാർ, നമക് ഹലാൽ, ലവാരീസ്, ത്രിശൂൽ, കസ്മേ വാദേ തുടങ്ങിയ ബച്ചൻ ചിത്രങ്ങൾ പഠിക്കാത്തവൻ, വേലൈക്കാരൻ, പണക്കാരൻ, മിസ്റ്റർ ഭരത്, ധർമത്തിൻ തലൈവൻ തുടങ്ങിയ പേരുകളിൽ തമിഴിൽ പുറത്തിറങ്ങി.രജിനിയുടെ താര പരിവേഷം ക്രമേണ വാനോളമുയരുകയായിരുന്നു. തൊണ്ണൂറുകളിൽ മന്നൻ, മുത്തു, ബാഷ പടയപ്പ തുടങ്ങിയ ചിത്രങ്ങൾ ആരാധകർക്ക് ഉത്സവമായി. 1993-ൽ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജിനി താൻ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 1995-ൽ പുറത്തിറങ്ങിയ രജിനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി നേടി. ഈ ഒറ്റ ചിത്രത്തോടെ രജിനി ജപ്പാനിൽ ജനപ്രിയനായി. ഏറെ വിദേശ ആരാധകരുള്ള ഇന്ത്യൻ ചലച്ചിത്രതാരങ്ങളിൽ മുൻനിരയിലാണ് രജിനി. 2007-ൽ പുറത്തിറങ്ങിയ ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാർട്ടിൽ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി.

എങ്കിലും രജിനിയുടെ സ്വന്തം ചിത്രം എന്നു വിശേഷിപ്പിച്ച ബാബാ എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നു വീണപ്പോളും വിതരണക്കാർക്കും തീയേറ്റർ ഉടമകൾക്കും നഷ്ടപരിഹാരം നൽകിക്കൊണ്ട് രജിനി ഇന്ത്യയിലെ മറ്റുതാരങ്ങൾക്കു മാതൃകയായി. ദർബാർ എന്ന ചിത്രം മികച്ച നിരൂപക അഭിപ്രായം നേടുക ഉണ്ടായി. ഇതിനുശേഷം ഇറങ്ങിയ കബാലി ആവറേജിൽ ഒതുങ്ങിയപ്പോൾ പേട്ട വൻ വിജയമായി.

തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിൽ രജിനി അഭിനയിച്ചിട്ടുണ്ട്. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ഐ.വി. ശശി ചിത്രത്തിൽ കമൽഹാസനൊപ്പം കമറുദ്ദീൻ എന്ന വില്ലനായി അഭിനയിച്ചു. അതുപോലെ ഗർജ്ജനം എന്ന മലയാള ചിത്രത്തിലും നായകവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ധാ കാനൂൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച രജിനിക്ക് പക്ഷേ അവിടെ ചുവടുറപ്പിക്കാനായില്ല. 1988-ൽ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും വേഷമിട്ടു.

ജയലളിത വിരോധം പതുക്കെ രാഷ്ട്രീയമായി

രാഷ്ട്രീയമായി തുടക്കത്തിൽ നിഷ്പക്ഷനായിരുന്നു രജനീകാന്ത്. രാഷ്ട്രീയം തന്നേപ്പോലെ ഒരു അന്തർമുഖനായ വ്യകതിക്ക് പറ്റിയത് അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല വാദം. എന്നാൽ തമിഴ്‌നാട്ടിൽ ജയലളിതയുടെ ഭരണത്തിൽ വ്യാപകമായ അഴിമതിയും സ്വജനപക്ഷ പാതിത്വവും നടമാടിയതോടെ, ജനങ്ങളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം ചില രാഷ്ട്രീയ പരാമർശങ്ങൾ നടത്തുന്നതുപോലും.

തന്നേക്കാൾ മുകളിൽ ആരും പോകുന്നത് ഇഷ്ടമില്ലാത്ത വ്യക്തികൂടിയായിരുന്നു ജയലളിത. മറ്റ് സിനിമാ താരങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരിക്കലം 'അമ്മ' ഭക്തി രജനി കാണിച്ചതുമില്ല. മാത്രമല്ല ഇരുവരും അയൽ വാസികളും ആയിരുന്നു. പോയസ് ഗാർഡന് ആരികിലായിരുന്നു അക്കാലത്ത് രജനിയുടെയും താമസം. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ അവിടെയുണ്ടാകുന്ന വൻ ഗതാഗതക്കുരുക്ക് രജനിയെയും അസ്വസ്ഥാനാക്കി. വൈകാതെ ജയലളിതയുടെ ഈഗോ രജനിയെയും തേടിയെത്തി. സുരക്ഷാ പരിശോധന എന്ന് പറഞ്ഞ്് മണിക്കൂറുകൾ റോഡ് ബ്ലോക്കാക്കി. അയൽവാസികളെയും പരിശോധിക്കുന്ന രീതി അവർ തുടർന്നു. ഇത് മടുത്തപ്പോൾ രജനിയും ഒരു പണികൊടുത്തു. ഗതാഗതക്കരുക്കിൽനിന്ന് രക്ഷപ്പെടാനായി അദ്ദേഹം റോഡിലൂടെ ഇറങ്ങി നടന്നു! സൂപ്പർതാരത്തെ കണ്ട് ചെന്നൈ നഗരം ഒന്നടങ്കം ഇളകി. ആ ഗതാഗതക്കുരുക്കിൽ പെട്ട് മഹാനഗരം സ്തംഭിച്ചു. മുഖ്യമന്ത്രി ജയലളിതപോലും ഒരു മണിക്കൂർ ആ ബ്ലോക്കിൽ കുടുങ്ങി.

1995ൽ പ്രധാനമന്ത്രി പി.വി. നരസിംഹറാവുമായി നടത്തിയ കൂടിക്കാഴ്‌ച്ചയെ തുടർന്ന് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകാൻ സന്നദ്ധനാണെന്ന് രജനി പ്രഖ്യാപിച്ചു.രജനിയുടെ പിന്തുണയുണ്ടെങ്കിൽ കോൺഗ്രസിന് 130 സീറ്റ്‌വരെ ലഭിക്കുമെന്ന് കുമുദം മാസികയുടെ അഭിപ്രായ സർവേയിൽ കണ്ടെത്തിയിരുന്നു.പക്ഷേ 1996ൽ കോൺഗ്രസ് എ.ഐ.എ.ഡി.എം.കെയുമായി സഹകരിക്കാൻ തീരുമാനിച്ചപ്പോൾ രജനി കളംമാറ്റി. ജയലളിതയോട് യോജിക്കാൻ അദ്ദേഹത്തിന് ഒരുകാലത്തും കഴിഞ്ഞിരുന്നില്ല. ഡി.എം.കെ-ടി.എം.സി മുന്നണിക്ക് രജനി പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ സൈക്കിൾ ആയിരുന്നു ടി.എം.സിയുടെ ചിഹ്നം. അണ്ണാമലൈ എന്ന ചിത്രത്തിൽ സൈക്കിളിൽ സഞ്ചരിക്കുന്ന രജനീകാന്തിന്റെ ചിത്രമാണ് പാർട്ടി പോസ്റ്ററുകളിൽ ഉപയോഗിച്ചത്. എ.ഐ.എ.ഡി.എം.കെ അധികാരത്തിലെത്തിയാൽ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ലെന്ന് രജിനി പ്രഖ്യാപിച്ചു. പടയപ്പ എന്ന അദ്ദേഹത്തിന്റെ ചിത്രത്തിൽ ഉടനീളം ഒരു സ്ത്രീയുടെ ആധിപത്യത്തിനെതിരെ പൊരുതുന്ന വീര പുരഷന്റെ റോൾ ജയലളിതയെ ഉദ്ദേശിച്ചാണ് രജനി ചെയ്തതെന്ന് അക്കാലത്ത് വ്യാപക പ്രചാരണവും ഉണ്ടായി. ഫലം വന്നപ്പോൾ ജയലളിത പുറത്തായി.

1998ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും രജനി ഡി.എം.കെ-ടി.എം.സി മുന്നണിക്കൊപ്പമായിരുന്നു. പക്ഷേ ഫലം തിരിച്ചായിരുന്നു. കോയമ്പത്തൂർ ബോംബ് സ്ഫോടനത്തെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഐ.ഐ.എ.ഡി.എം.കെ-ബിജെപി മുന്നണി ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചു. രജനിയുടെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ ആദ്യമായി തെറ്റിയ നിമിഷം.

ബിജെപിയുമായി അടുത്തു പക്ഷേ പാർട്ടിയിൽ ചേർന്നില്ല

ഡിഎംകെ, എഐഡിഎംകെ മുന്നണികൾ വർഷങ്ങളായി മാറിമാറി നടത്തുന്ന ഭരണത്തിലെ അഴിമതിക്കഥകളിൽ ഖിന്നായിരുന്നു രജനീകാന്ത്. ആ സമയത്താണ് അദ്ദേഹത്തിന് ആത്മീയ രാഷ്ട്രീയം എന്ന ആശയം തലക്കുപിടിക്കുന്നത്.

2002ൽ കാവേരി നദീജല തർക്കത്തിൽ കർണാടകത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് രജനി ഉപവാസ സമരം നടത്തി. നദീ ബന്ധന പദ്ധതിക്ക് ഒരു കോടി രൂപ നൽകാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച താരരാജാവ് പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയെ കണ്ട് നദീ-ബന്ധന പദ്ധതിക്ക് പിന്തുണ അറിയിച്ചു

.

2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രജനി ബിജെപി-എ.ഐ.എ.ഡി.എം.കെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഈ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും ഏറെ വിമർശനങ്ങൾക്കും ഇടയാക്കി. 2017 രജനി ബിജെപിയിൽ ചേർന്നേക്കും എന്ന വാർത്ത നിരവധി രാഷ്ട്രീയ പ്രതികരണങ്ങൾക്ക് വഴി തെളിച്ചു. അണ്ണാ ഡി എം കെ മന്ത്രിമാരായ വേലുമണി സെല്ലുർ കെ രാജു എന്നിവർ രജിനിമാങ്കത്തിന്റെ രാഷ്ട്രീയപ്രവേശനം ശരത് കുമാറിന്റെയും വിജയകാന്തിന്റെയും രാഷ്ട്രീയ ഭാവിയുമായി താരതമ്യം ചെയ്യുകയുണ്ടായി.

പക്ഷേ രജനി ഒരിക്കലും ബിജെപിയിൽ ചേരുമെന്നത് അദ്ദേഹത്തിന്റെ ആരാധകർ വിശ്വസിക്കുന്നില്ല. പക്ഷേ അദ്ദേഹം ഏറെ മാറിപ്പോയെന്ന് പറയുന്നവരും ഉണ്ട്. ഉദാഹരമായി ഏതാനും വർഷങ്ങൾക്ക് മുമ്പ് തൂത്തുക്കുടിയിലെ സ്റ്റർലൈറ്റ് സമരത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ട പൊലീസ് വെടിവെപ്പിനെ ന്യായീകരിക്കയായിരുന്നു അദ്ദേഹം ചെയ്തത്. ഇത് തമിഴകത്ത് വൻ വിവാദം ഉണ്ടാക്കി. അതുപോലെ തന്നെ മതം എടുത്ത് കളിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് അദ്ദേഹം പരോക്ഷ പിന്തുണ നൽകിയെന്ന ആരോപണവും ശക്തമാണ്. മരുകനെ അപമാനിച്ചുവെന്ന് പറഞ്ഞ് ബിജെപി ഇപ്പോൾ നടത്തുന്ന വെട്രവേൽ കാമ്പയിന് തുടക്കമിട്ടത് രജനിയുടെ അപക്വമായ പ്രതികരണം ആണെന്നും അക്ഷേപമുണ്ട്.

തമിഴ്‌നാട്ടിൽ ഇപ്പോൾ ശക്തമായ ധ്രുവീകരണം നടക്കുന്നത് മുരുക നിന്ദയുടെ പേരിലാണ്. 'കറുപ്പാർ കൂട്ടം' എന്ന പെരിയാർ അനുഭാവികൾ നടത്തുന്ന യ്യൂ ടു്യൂബ് ചാനലിനുടെ പഴനി മുരുകനെ അപമാനിച്ചുവെന്നത് തമിഴ്‌നാട്ടിൽ ക്രമസമാധാന പ്രശ്നമായി വളർന്നു കഴിഞ്ഞു.

പ്രതികളുടെ അറസ്റ്റോടെ തീരുമായിരുന്ന ഒരു പ്രശ്നം ഇത്രയേറെ ചർച്ചയാക്കിയത് നടൻ രജനീകാന്തിന്റെ ഒരു പ്രസ്താവന ആയിരുന്നു. ദശലക്ഷക്കണക്കിന് തമിഴരുടെ വികാരത്തെ വ്രണപ്പെടുത്തിയവരെ കഠിനമായി ശിക്ഷിക്കണമെന്നും അത് അവരൊരിക്കലും മറക്കരുതാത്ത ഒന്നായിരിക്കണമെന്നും രജനീകാന്ത് പ്രസ്താവിച്ചു. മതങ്ങളെ അധിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തമിഴ്‌നാട് സർക്കാർ പൂർണമനസ്സോടെ രംഗത്തിറങ്ങണമെന്നും വീഡിയോകൾ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെയാണ് ജനം കറുപ്പാർ കൂട്ടത്തിനെതിരെ വ്യാപകമായി തിരിയുന്നതും ബിജെപി മുതലെടുക്കുന്നതും. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് കറുപ്പാർ കൂട്ടം വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും അപ്പോഴേക്കും ശബരിമല സമരം പോലെ ഒരു സുവർണ്ണാവസരമായി ഹിന്ദുത്വ ശക്തികൾ ഈ സംഭവത്തെ എടുത്തു കഴിഞ്ഞിരുന്നു.

ഇപ്പോൾ മുരകന്റെ പേരിൽ വെട്രിവേൽ യാത്ര നടത്തുകയാണ് തമിഴ്‌നാട് ബിജെപി. അതുകൊണ്ടുതന്നെയാണ് പലരും രജനിയെ പ്രഛന്ന സംഘിയെന്ന് ആക്ഷേപിക്കുന്നതും.

എംജിആർ - ജയലളിത രാഷ്ട്രീയത്തിന്റെ പിൻഗാമി

കാര്യങ്ങൾ ഇങ്ങനൊയൊക്കെ ആണെങ്കിലും പലരും എം ജി രാമചന്ദ്രൻ എന്ന പാലക്കാട്ടുകാരൻ എംജിആറുമായാണ് രജനീകാന്തിനെ താരതമ്യം ചെയ്യുന്നത്. എംജിആറിനെപ്പോലെ രജനിയും ഒരിക്കും തമിഴകം ഭരിക്കുമെന്ന് അവർ സ്വപ്നം കാണുന്നു. പക്ഷേ എംജിആറിന് കിട്ടിയ പല ആനുകൂല്യങ്ങളും രജനിക്ക് ഉണ്ടായിരുന്നില്ല. അണ്ണാദുരെയുടെ കളരിയിൽ വ്യക്തമായി രാഷ്ട്രീയം പഠിച്ചിട്ടാണ് എംജിആർ പൊതുരംഗത്ത് ഇറങ്ങിയത്. അണ്ണാദുരെക്കാവട്ടെ പെരിയാർ ഇ വി രാമസ്വാമി നായ്ക്കരുടെ പിന്തുണയും. നായ്ക്കർ ഉഴുതുമറിച്ചിട്ട മണ്ണാണ് ശരിക്കും ദ്രാവിഡ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. കടവുൾ ഇല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകും, ഭഗവത്ഗീതയും മനുസ്മൃതിയും കത്തിക്കുകയും ചെത്ത പെരിയാർ ഹിന്ദി ഭാഷക്കെതിരെയും കടുത്ത കാമ്പയിൻ നടത്തി തമിഴനെ ഉണർത്തി. ഈ രാഷ്ട്രീയത്തിന്റെ ഗുണഭോക്താണ് എംജിആർ. അതുപോലെതന്നെ എംജിആർ സിനിമകളിലുടെ കൃത്യമായി ദ്രാവിഡ രാഷ്ട്രീയം ഉണർത്തുന്ന ഡയലോഗുകൾ തിരുകിക്കയറ്റിയ കലൈഞ്ജർ കരുണാനിധിയുടെ പങ്കും ഇവിടെ കാണാതിരുന്നുകൂടാ. അതായത് സിനിമയിലുടെ എംജിആർ രാഷ്ട്രീയത്തിന് തട്ടൊരുക്കുകയായിരുന്നു.

എന്നാൽ രജനിക്ക് അത്തരം ഗോഡ്ഫാദർമാരോ അനുകൂല ഘടകങ്ങളോ, പ്രത്യശാസത്രമോ ഇല്ല. അദ്ദേഹത്തിന്റെ ആത്മീയ രാഷ്ട്രീയം എന്താണെന്ന് വ്യക്തമായി നിർവചിക്കപ്പെട്ടിട്ട് പോലുമില്ല. ഈ എംജിആർ രാഷ്ട്രീയത്തിന്റെ ഉപോൽപ്പന്നമാണ് അദ്ദേഹത്തിന്റെ ഇദയക്കനി കൂടിയാണ് ജയലളിതക്ക് കിട്ടിയത്. അതായത്് കൃത്യമായ വോട്ടുബാങ്കുകളുടെ തലമറുക്കൈമാറ്റം ഇവിടെ നടക്കുന്നുണ്ട്. അതായത് ഒരു നടൻ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ മാത്രം പോര അതിന് തക്ക ഒരു പ്രത്യയശാസ്ത്രവും സാഹചര്യങ്ങളും വേണമെന്നും തമിഴ് അനുഭവങ്ങൾ തെളിയിക്കുന്നു. എംജിആറിനെപ്പോലെ പേരുണ്ടായിരുന്നു ശിവാജി ഗണേശൻ രാഷ്ട്രീയത്തിൽ ഒന്നുമായില്ല. ശരത്കുമാറിന്റെയും വിജയകാന്തിന്റെയും ഒരു പരിധിവരെ കമൽഹാസന്റെയും അവസ്ഥ സമാനമാണ്. ഒരു നിശ്ചിത ശതമാനം വോട്ടിന് അപ്പുറം അവർക്ക് പോകാൻ കഴിയുന്നില്ല.

മാത്രമല്ല ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെന്നപോലെ തന്നെ പുതുതലമുറയിൽ വലിയ മാറ്റം പ്രകടമാണ്. അവർ അന്ധമായ സിനിമാ ഭ്രമത്തിൽ വിശ്വസിച്ച് ആടുമാടുകളെപ്പോലെ അച്ചുകുത്തുന്നവർ അല്ല. വ്യക്തമായ അഭിപ്രായവും നയവും ഉള്ളവർ ആണ്. അവർ സിനിമാ രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ല. 90കളിൽ രജനിക്ക് യുവാക്കളിൽ ഉള്ള സ്വാധീനമൊന്നും ഈ ഡിജിറ്റൽ യുഗത്തിൽ ഉണ്ടാവാനും വഴിയില്ല.

പക്ഷേ പലപല സാധ്യതകളാണ് തമിഴകത്തുനിന്ന് വാർത്തയാവുന്നത്. ഇപ്പോൾ ഇളയ ദളപതി വിജയുടെയും പിന്തുണ രജനിക്ക് ഉണ്ട് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. അങ്ങനെയാണെങ്കിൽ ബിജെപിയുമായി രജനി ഒരുകാലത്തും സഖ്യമാവില്ല എന്ന് ചുരുക്കം. കാരണം ബിജെപിയുടെ കടുത്ത ശത്രവാണ് ജോസഫ് വിജയ്. ഈ നടന്റെ പേരിനുമുന്നിൽ ജോസഫ് ഉണ്ടെന്നതുപോലും സംഘപരിവാർ പ്രചാരണത്തിന് ശേഷമാണ് നാം അറിയുന്നത്. പക്ഷേ കോൺഗ്രസിൽനിന്ന് ഖുഷ്ബുവിന്റെ റാഞ്ചിയപോലെ വൈകാതെ രജനിയെയും കാവി രാഷ്ട്രീയം റാഞ്ചുമെന്നും പ്രവചിക്കുന്നവർ ഉണ്ട്. അതല്ല രജനിയും കമലും ചേർന്ന് ഒന്നിച്ച് ഒരു പാർട്ടിയുണ്ടാക്കും എന്ന് പറയുന്നവരും ഉണ്ട്.

രാഷ്ട്രീയം എന്നാൽ നമ്മുടെ ലീഡർ കെ കരുണാകരൻ പറഞ്ഞ പോലെ സാധ്യതകളുടെ കലയാണെല്ലോ. ഇവിടെ എല്ലായ്‌പ്പോഴും ഒന്നും ഒന്നും കൂട്ടിയാൽ രണ്ട് ആവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP