Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

2001ൽ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോൾ വെല്ലുവിളികൾ ഏറെ; ഭൂകമ്പം തകർത്ത നാടിനെ പുനർനിർമ്മിച്ചു; അഴിമതി അന്തചിദ്രങ്ങളും നിയന്ത്രിച്ച് പാർട്ടിയെ നയിച്ചു; ഗുജറാത്ത് കലാപം പ്രതിച്ഛായക്ക് ദോഷം ചെയ്‌തെങ്കിലും ഹൈന്ദവ ധ്രുവീകരണം രാഷ്ട്രീയമായി ഗുണം ചെയ്തു; രണ്ടാമൂഴത്തിൽ വികസന നായകൻ; ഇപ്പോൾ ഇന്ത്യയുടെയും പകരക്കാരനില്ലാത്ത അമരക്കാരൻ; അവധിയെടുക്കാതെ രണ്ടു പതിറ്റാണ്ട്; തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ തലവനായി നരേന്ദ്ര മോദി 20ാം വർഷം പിന്നിടുമ്പോൾ

2001ൽ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോൾ വെല്ലുവിളികൾ ഏറെ; ഭൂകമ്പം തകർത്ത നാടിനെ പുനർനിർമ്മിച്ചു; അഴിമതി അന്തചിദ്രങ്ങളും നിയന്ത്രിച്ച് പാർട്ടിയെ നയിച്ചു; ഗുജറാത്ത് കലാപം പ്രതിച്ഛായക്ക് ദോഷം ചെയ്‌തെങ്കിലും ഹൈന്ദവ ധ്രുവീകരണം രാഷ്ട്രീയമായി ഗുണം ചെയ്തു; രണ്ടാമൂഴത്തിൽ വികസന നായകൻ; ഇപ്പോൾ ഇന്ത്യയുടെയും പകരക്കാരനില്ലാത്ത അമരക്കാരൻ; അവധിയെടുക്കാതെ രണ്ടു പതിറ്റാണ്ട്; തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ തലവനായി നരേന്ദ്ര മോദി 20ാം വർഷം പിന്നിടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 2001 ഒക്ടോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന 50കാരൻ ചുമതലയേൽക്കുമ്പോൾ അത് ഇന്ത്യയുടെ ഭാവി ഭാഗധേയം തീരുമാനിക്കുന്ന ഒരു നടപടിയാണെന്ന് ബിജെപിക്കാർ പോലും കരുതിയിരുന്നില്ല.തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെ തലവനായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മോദി വിശ്രമവും ഇടവേളയുമില്ലാതെ ജോലിചെയ്യുന്നു. രാജ്യത്ത് പകരക്കാരനില്ലാത്ത അമരക്കാരനായി പ്രധാനമന്ത്രി പദത്തിലും വൻ ഭൂരിപക്ഷത്തിന് അദ്ദേഹം തുടർച്ച നേടുന്നു. മോദി ഭരണ നേതൃപദവിയിൽ ഇരുപതുവർഷം പിന്നിടുമ്പോൾ അത് ഒരു ചരിത്രം തന്നെയാണ്. ബിജെപിയെന്ന പാർട്ടിപോലും ഇപ്പോൾ മോദിയെന്ന ഒറ്റ മനുഷ്യനിൽ ഒതുങ്ങുന്നു.

അവധിയെടുക്കാതെയും ഇടവേളകളില്ലാതെയുമാണ് അദ്ദേഹം ഈ ഇരു പതിറ്റാണ്ട് പൂർത്തിയാക്കുന്നത്. 2002, 2007, 2012 വർഷങ്ങളിലും ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായി തുടർന്നുവരവെയാണ് 2014ലെ പൊതുതിരഞ്ഞെടുപ്പിൽ മൽസരിച്ച് പ്രധാനമന്ത്രിയായത്. 2019ലെ തിരഞ്ഞെടുപ്പിൽ വൻവിജയം നേടി അധികാരം നിലനിർത്തി.

'ആദ്യ മോദി സർക്കാർ ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ശ്രമിച്ചപ്പോൾ രണ്ടാം മോദി സർക്കാർ 130 കോടി ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. ജമ്മു കശ്മീർ ഇന്ത്യയിലേക്കു പൂർണമായി സംയോജിപ്പിച്ചു. 370ാം അനുച്ഛേദം ചരിത്രമായി. രാമക്ഷേത്രം യാഥാർഥ്യമാകുന്നു. കർഷകർ ഇപ്പോൾ സ്വതന്ത്രരായി, ചരിത്രപരമായ കാർഷിക പരിഷ്‌കാരങ്ങൾ ഇപ്പോൾ യാഥാർഥ്യമായി. തൊഴിൽ, കൽക്കരി പരിഷ്‌കാരങ്ങൾ, ബഹിരാകാശ മേഖലയിലേക്ക് സ്വകാര്യ സ്ഥാപനങ്ങൾ, എഫ്ഡിഐ പരിഷ്‌കാരങ്ങൾ, നികുതി പരിഷ്‌കാരങ്ങൾ തുടങ്ങിയവയ്ക്കു അടിസ്ഥാനമിട്ടു. ഇത് വരുന്ന വർഷങ്ങളിൽ സാമ്പത്തിക വളർച്ചയ്ക്കു സഹായകമാകും.' - പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇന്നലത്തെ ദിവസത്തെക്കുറിച്ച് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

ഗുജറാത്തിൽ തുടങ്ങിയ പടയോട്ടം

2001ൽ കേശുഭായ് പട്ടേൽ സ്ഥാനമൊഴിഞ്ഞിടത്തേക്ക് ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി വരുമ്പോൾ അദ്ദേഹത്തിന് മുന്നിൽ വെല്ലുവിളികൾ ഏറെയയായിരുന്നു. ഗുജറാത്തിനെ മുച്ചൂടം തകർത്ത ഭൂകമ്പത്തിലടക്കം സർക്കാറിന്റെ പ്രകടനം മോശമായിരുന്നു. ഗ്രൂപ്പിസവും അന്തചിദ്രങ്ങളും ഇതിന് പുറമേ. ഉപതെരഞ്ഞെടുപ്പിലും ബിജെപി തോൽക്കുന്നു. ഈ അവസ്ഥയിൽനിന്ന് തുടങ്ങിയ മോദി കാവിക്കൊടി ഗുജാറാത്തിൽ വാനം മുട്ടെ ഉയർത്തി എന്ന് മാത്രമല്ല, ഇന്ദ്രപ്രസ്ഥത്തിലും അത് ഉയർത്തുകയും ചെയ്തു.

കേശുഭായ് പട്ടേലിന്റെ മന്ത്രി സഭക്കു നേരെ അഴിമതി, അധികാര ദുർവിനിയോഗം എന്നീ ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് ഗുജറാത്തിൽ പകരം ഒരു നേതാവിനെക്കുറിച്ച് ഭാരതീയ ജനതാ പാർട്ടി ചിന്തിക്കാൻ തുടങ്ങിയത്. 2001 ൽ ഗുജറാത്തിലുണ്ടായ ഭൂകമ്പ കെടുതികൾ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചും ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. നരേന്ദ്ര മോദിയെ മുഖ്യമന്ത്രിയാക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചുവെങ്കിലും, പട്ടേലിനെ പുറത്താക്കി താരതമ്യേന പരിചയം കുറവുള്ള മോദിയെ മുഖ്യമന്ത്രി കസേരയിലിരുത്തുന്നതിൽ പാർട്ടിയിലെ മുതിർന്ന നേതാവായിരുന്ന എൽ.കെ.അദ്വാനിക്കു താൽപര്യമില്ലായിരുന്നു. പട്ടേൽ മന്ത്രി സഭയിൽ ഉപമുഖ്യമന്ത്രിയാവാനുള്ള പാർട്ടിയുടെ നിർദ്ദേശം മോദിയും തള്ളി. ഗുജറാത്ത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം ഭാഗികമായി ഏറ്റെടുക്കുന്നതിൽ തനിക്കു താൽപര്യമില്ലെന്നായിരുന്നു മോദി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. അതുതന്നെയാണ് നിർണ്ണായകം ആയതും.

2001 ഒക്ടോബർ 7 ന് ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു, ഡിസംബർ 2002 ൽ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിനുവേണ്ടി പാർട്ടിയെ സജ്ജമാക്കുക എന്ന ചുമതല കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്. മോദി അധികാരമേറ്റ വളരെ പെട്ടന്നുതന്നെ ഗുജറാത്തിന്റെ ഭരണ രാഷ്ട്രീയം രംഗം മാറാൻ തുടങ്ങി. സർക്കാർ ഇടപെടലുകൾ അധിവേഗത്തിലായി.ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ഗുജറാത്തിനെ പുനർ നിർമ്മിച്ചതിൽ പുതിയ സർക്കാർ സുപ്രധാന പങ്കു വഹിച്ചു. പതിനായിരങ്ങൾ ഭവന രഹിതരായി അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന മേഖലകളെ മോദിയുടെ നേതൃത്വത്തിൽ പുനർ നിർമ്മിച്ചു. മന്ത്രിമാരുടെ പ്രകടനം മുഖ്യമന്ത്രി നേരിട്ട് പിരിശോധിക്കുന്ന അവസ്ഥവന്നു. വിമർശകർക്കുപോലും സർക്കാറിന്റെ കാര്യക്ഷമതയെ പ്രകീർത്തിക്കേണ്ടി വന്നു.

വളർന്നത് ഹിന്ദുത്വയിലൂടെ തന്നെ

പക്ഷേ 2002-ലെ ഗുജറാത്ത് കലാപം, അദ്ദേഹത്തിന്റെ പ്രതിഛായക്ക് മങ്ങൽ എൽപ്പിച്ചെങ്കിലും ഹിന്ദുധ്രുവീകരണത്തിന് വഴിവെച്ചു. ഹിന്ദുക്കളെ മാനം കാത്ത നേതാവ് എന്ന ഇമേജാണ് മോദിക്ക് തുണയായതെന്ന് പിന്നീട് നിരീക്ഷണങ്ങളും പഠനങ്ങളും ഉണ്ടായി. മനുഷ്യാവകാശ കമ്മീഷനുകളും, പ്രതിപക്ഷ പാർട്ടികളും, മാധ്യമങ്ങളും എല്ലാം ഗുജറാത്ത് സർക്കാരിന്റെ നിഷ്‌ക്രിയതയെ രൂക്ഷമായി വിമർശിച്ചു. ഗുജറാത്ത് കലാപത്തെത്തുടർന്ന് മോദി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യമുയർന്നു.

സംസ്ഥാനത്തെ പൗരന്മാരെ ജാതിയുടെ പേരിൽ രണ്ടായി കാണരുതെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഭാരതീയ ജനതാ പാർട്ടി നേതാവ് അടൽ ബിഹാരി വാജ്പേയ്പോലും മോദിയോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിൽ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷികൾ പോലും മോദിയുടെ രാജി ആവശ്യപ്പെട്ടു. ഇക്കാര്യത്തിനായി പ്രതിപക്ഷ കക്ഷികൾ പാർലിമെന്റ് തന്നെ സ്തംഭിപ്പിച്ചു. 2002 ഏപ്രിലിൽ മോദി പാർട്ടി നേതൃത്വത്തിനു മുന്നിൽ തന്റെ രാജി സമർപ്പിച്ചുവെങ്കിലും, നേതൃത്വം ആ രാജിക്കത്ത് തള്ളിക്കളഞ്ഞു. അവർക്ക് അറിയാമായിരുന്നു ഗുജറാത്തിൽ കൃത്യമായ ധ്രുവീകരണം നടന്നിട്ടുണ്ടെന്നും അതിന്റെ ഗുണം ഫലം ബിജെപിക്ക് കിട്ടുമെന്നും.

2002 ജൂലൈ 19 ന് മോദി സർക്കാർ ഒരു അടിയന്തര യോഗം കൂടി, രാജി ഗുജറാത്ത് ഗവർണർക്കു സമർപ്പിക്കുകയും, ഉടനടി തിരഞ്ഞെടുപ്പു നടത്താൻ ശുപാർശ ചെയ്യുകയും ചെയ്തു. തുടർന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 182 ൽ 127 സീറ്റുകൾ നേടി ബിജെപി ഗുജറാത്തിൽ അധികാരത്തിൽ തിരിച്ചെത്തി. ശക്തമായ സാമൂദായിക ധ്രുവീകരണമാണ് അവിടെ ഉണ്ടായത്. പക്ഷേ ദേശീയതലത്തിൽ ഈ കലാപം ബിജെപിക്ക് തിരിച്ചടിയായി. 2004 ലെ പൊതു തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്കേറ്റ പരാജയത്തിന്, വാജ്പേയ് മോദിയെയാണ് കുറ്റപ്പെടുത്തിയത്. ഗുജറാത്ത് കലാപത്തിനുശേഷം ഉടൻ തന്നെ മോദിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്യാഞ്ഞത് പാർട്ടി ചെയ്ത ഗുരുതരമായ തെറ്റാണെന്നും വാജ്പേയ് ആരോപിക്കുകയുണ്ടായി.

ഹൈന്ദവതയിൽ നിന്ന് വികസനത്തിലേക്ക്

പക്ഷേ രണ്ടാമൂഴത്തിൽ മറ്റൊരു മോദിയെയാണ് ജനം കണ്ടത്. ഹൈന്ദവതയെ മാറ്റി നിർത്തി വികസനത്തിൽ ഊന്നൽ നൽകാനാണ് മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചത്. ഗുജറാത്തിനെ വികസനത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തിൽ മോദിക്ക് വിശ്വ ഹിന്ദു പരിഷത്, ഭാരതീയ കിസാൻ സംഘ തുടങ്ങിയ സംഘപരിവാറിന്റെ സംഘടനകളെ വരെ പിണക്കേണ്ടി വന്നു. ഗോർദ്ധാൻ സദാഫിയയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കുക വഴി തന്റെ സുഹൃത്തായ പ്രവീൺ തൊഗാഡിയയുമായി മോദി അകന്നു. ഗാന്ധിനഗറിൽ അനധികൃതമായി പ്രവർത്തിക്കുന്ന 200 ഓളം ക്ഷേത്രങ്ങളെ പൊളിക്കാനുള്ള തീരുമാനമെടുക്കുക വഴി വിശ്വഹിന്ദു പരിഷത്തുമായും മോദിക്ക് അകലേണ്ടിവന്നു.

2002-2007 കാലഘട്ടത്തിൽ ഗുജറാത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനാണ് മോദി ശ്രമിച്ചത്. ഗുജറാത്തിൽ അഴിമതി കുത്തനെ കുറഞ്ഞുവെന്നും, അഴിമതി ഉയർന്നു വരാതിരിക്കാൻ ഓരോ ചെറിയ കാര്യങ്ങളിലും മോദിയുടെ ശ്രദ്ധ പതിയുന്നുണ്ടെന്ന് പ്രശസ്ത മാധ്യമപ്രവർത്തകർ വരെ അഭിപ്രായപ്പെട്ടു. ഗുജറാത്തിന്റെ സാധ്യതകളെ പുറം ലോകത്തെ അറിയിക്കാനും, നിക്ഷേപകരെ ആകർഷിക്കുവാനുമായി, വൈബ്രന്റ് ഗുജറാത്ത് എന്നൊരു നിക്ഷേപകസംഗമം തന്നെ മോദിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.അതഎ വമ്പൻ വിജയമായിരുന്നു. ഇതോടെ മോദി ഗുജറാത്തിന്റെ വികസന നായകൻ എന്നും പ്രകീർത്തിക്കപ്പെട്ടു. 2007 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 182 ൽ 117 സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി മോദിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. 2014 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ കയ്യിൽ നിന്നും 5 സീറ്റുകൾ കൂടി തിരിച്ചുപിടിച്ച് നിയമസഭയിലെ ഭൂരിപക്ഷം 117 ൽ നിന്നും 122 ആക്കി ഉയർത്തി.

വികസനത്തിനൊപ്പം സമാധാനവും

വികസനവും സുരക്ഷിതത്വവുമുള്ള ഒരു നവ ഗുജറാത്തിന്റെ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന മോദിയെയാണ് മൂന്നാം ഊഴത്തിൽ രാജ്യം കണ്ടത്. ഗുജറാത്തിനെ ഒരു സുസ്ഥിര വികസിത സംസ്ഥാനമാക്കി മാറ്റാനാണ് മോദി ഇത്തവണ ശ്രമിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ മുന്നേറ്റമാണ് ഇക്കാലത്ത് ഉണ്ടായത്.ഗുജറാത്തിലെ ഓരോ ഗ്രാമത്തിലും മോദി സർക്കാർ വൈദ്യുതി എത്തിച്ചു.കൃഷി ആവശ്യത്തിനുവേണ്ടി പ്രത്യേകമായി വൈദ്യുതി വിതരണം ഏർപ്പെടുത്തി. എ2001-2007 കാലഘട്ടത്തിൽ ഗുജറാത്തിലെ കാർഷിക വളർച്ച 9.6 ശതമാനമായിരുന്നു.മോദിയുടെ ഭരണകാലമായ 2001-2010 ൽ ഗുജറാത്തിലെ കാർഷിക വളർച്ച 10.97 ശതമാനവുമായി.ഗുജറാത്തിൽ സമാധാനവും, ഐക്യവും ഊട്ടിയുറപ്പിച്ച് നല്ലൊരു അന്തരീക്ഷം നിലനിർത്താൻ 2011 മുതൽ 2012 വരെയുള്ള കാലഘട്ടങ്ങളിൽ മോദി ഉപവാസങ്ങളുടെ ഒരു പരമ്പര തന്നെ നടത്തുകയുണ്ടായി. സദ്ഭാവന ദൗത്യം എന്നു പേരിട്ട ഒരു പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. 2002ലെ ഗുജറാത്ത് കലാപത്തെത്തുടർന്ന് അകന്നു നിൽക്കുന്ന മുസ്ലിം സമുദായത്തെ അടുപ്പിക്കാനായിരുന്നു ഈ ദൗത്യം എന്നു വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

2011 സെപ്റ്റംബർ 17 ന് അഹമ്മദാബാദിൽ നടത്തിയ മൂന്നു ദിവസത്തെ ഉപവാസത്തോടെയായിരുന്നു മോദി ദൗത്യം ആരംഭിച്ചത്. ഗുജറാത്തിലെ 26 ജില്ലകളിലായി, 36 ഉപവാസങ്ങൾ മോദി അനുഷ്ഠിക്കുകയുണ്ടായി. ഏതെങ്കിലും പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാനല്ല സദ്ഭാവനാ ദൗത്യമെന്ന്ന മോദി പ്രസ്താവിച്ചിരുന്നു.ഇങ്ങനെയുള്ള വിവിധ നടപടികളിലൂടെ ഗുജറാത്തിനെ കോൺഗ്രസ് കാലത്തിൽനിന്ന് വ്യത്യസ്തമായ ഏറെ വികസനം കൊണ്ടുവരാൻ മോദിക്ക് കഴിന്നു. 2012ലും വൻ ഭൂരിപക്ഷത്ത് വിജയിക്കാൻ ബിജെപിക്ക് കഴിഞ്ഞതും മോദിയുടെ ഇമേജ് ഒന്നുകൊണ്ടായിരുന്നു.ഈ തിരഞ്ഞെടുപ്പിൽ മണിനഗർ നിയോജകമണ്ഡലത്തിൽ നിന്നുമാണ് മോദി ജയിച്ച് നിയമസഭയിലെത്തിയത്.

സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയായിരുന്നു മോദിക്കെതിരേ മത്സരിച്ചത്. 86,373 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോൺഗ്രസ്സ് സ്ഥാനാർത്ഥിയായിരുന്ന ശ്വേതക്കെതിരേ മോദി വിജയം കൈവരിച്ചത്. ഇതോടെ മോദി ദേശീയ രാഷ്ട്രീതത്തിലേക്ക് കൊണ്ടുവരണമെന്ന് മുറവിളി ഉയർന്നു. അതുതന്നെ സംഭവിച്ചു. 2014ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവൻ ഓടി നടന്ന് ഏതാണ്ട് ഒറ്റക്ക് എന്നോണമാണ് മോദി ബിജെപിയുടെ കാമ്പയിൽ നയിച്ചത്. തുടർങ്ങങ്ങോട്ട് ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലും മേദി യുഗം തന്നെതാണ്.

നോട്ട് നിരോധനം അടക്കമുള്ള രാഷ്ട്രീയ അബദ്ധങ്ങൾ ചൂണ്ടിക്കാട്ടുനുണ്ടെങ്കിലും, ഇന്ദിരാഗാദ്ധിക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും ശക്തനായ നേതാവാണ് മോദിയെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. പ്രശ്നങ്ങൾ പഠിക്കാനും, ചടുലമായി പ്രതികരിക്കാനുമുള്ള കഴിവും, കഠിനധ്വാനവുമാണ് മോദിയെ യുവാക്കൾക്കിടയിൽ ഹീറോ ആക്കുന്നത്. ഇന്ന് കോവിഡിന്റെ പശ്ചാത്തലത്തിൽ മരണങ്ങൾക്കൊപ്പം കടുത്ത സാമ്പത്തിക മാന്ദ്യവുമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ മോദിക്ക് എന്തു ചെയ്യാൻ കഴിയും എന്നുതന്നെയാണ് രാജ്യം കാത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP