Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ഇന്ദിരാഗാന്ധിയെ അധികാര ഭ്രഷ്ടനാക്കിയ പിതാവിൽനിന്ന് പഠിച്ച നിയമ പാഠങ്ങളിൽ തുടക്കം; ബിജെപി സ്ഥാപകാംഗത്തിന്റെ മകൻ ഇന്ന് മോദി സർക്കാറിന്റെ നോട്ടപ്പുള്ളി; 2ജിയും റാഫാലും തൊട്ട് ഐസ്‌ക്രീം കേസും പ്ലാച്ചിമടയും വരെ; ഭോപ്പാൽ ദുരന്തം തൊട്ട് ജുഡീഷ്യറിയിലെ അഴിമതിവരെ; എവിടെ മനുഷ്യാവകാശലംഘനങ്ങൾ ഉണ്ടോ അവിടെ ഈ മനുഷ്യനും ഉണ്ട്; പുലിവാലു പിടിച്ചത് ശ്രീകൃഷ്ണനെ പൂവാലനെന്ന് വിളിച്ചപ്പോൾ; സുപ്രീംകോടതിയെ വരെ വിറപ്പിക്കുന്ന പ്രശാന്ത് ഭൂഷണിന്റെ പോരാട്ട ജീവിതം

ഇന്ദിരാഗാന്ധിയെ അധികാര ഭ്രഷ്ടനാക്കിയ പിതാവിൽനിന്ന് പഠിച്ച നിയമ പാഠങ്ങളിൽ തുടക്കം; ബിജെപി സ്ഥാപകാംഗത്തിന്റെ മകൻ ഇന്ന് മോദി സർക്കാറിന്റെ നോട്ടപ്പുള്ളി; 2ജിയും റാഫാലും തൊട്ട് ഐസ്‌ക്രീം കേസും പ്ലാച്ചിമടയും വരെ; ഭോപ്പാൽ ദുരന്തം തൊട്ട് ജുഡീഷ്യറിയിലെ അഴിമതിവരെ; എവിടെ മനുഷ്യാവകാശലംഘനങ്ങൾ ഉണ്ടോ അവിടെ ഈ മനുഷ്യനും ഉണ്ട്; പുലിവാലു പിടിച്ചത് ശ്രീകൃഷ്ണനെ പൂവാലനെന്ന് വിളിച്ചപ്പോൾ; സുപ്രീംകോടതിയെ വരെ വിറപ്പിക്കുന്ന പ്രശാന്ത് ഭൂഷണിന്റെ പോരാട്ട ജീവിതം

എം റിജു

'എവിടെ അഴിമതിയുണ്ടോ, എവിടെ മനുഷ്യാവകാശലംഘനങ്ങൾ ഉണ്ടോ അവിടെ അതിനെ ചോദ്യം ചെയ്യാൻ ഈ മനുഷ്യനുമുണ്ട്. എന്നെന്നും വിസിൽ ബ്ലോവർ'- ആളുകളെ പുകഴ്‌ത്തുന്നതിന് എക്കാലവും പിശുക്കുകാണിച്ചിട്ടുള്ള പ്രശസ്ത മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പർ, ഒരു സുപ്രീം കോടതി അഭിഭാഷകനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. അത് മറ്റാരുമല്ല, ഇന്ന് കോടതിയലക്ഷ്യക്കേസിൽ മാപ്പു പറയില്ലെന്നും ശിക്ഷ ഏറ്റു വാങ്ങാമെന്നും പറഞ്ഞ് ഇന്ത്യൻ സുപ്രീം കോടതിയെപോലും വിറപ്പിക്കുന്ന സാക്ഷൽ പ്രശാന്ത് ഭൂഷൻ എന്ന അഭിഭാഷകനെ കുറിച്ചും ആക്റ്റീവിസ്റ്റിനെ കുറിച്ചുമാണ്. അരനൂറ്റാണ്ടോളം പിന്നിട്ട അദ്ദേഹത്തിന്റെ സാമൂഹിക ജീവിതം നോക്കിയാൽ അറിയാം, ജാതിമതഭേദമന്യേ ഇരകൾക്കുവേണ്ടി ശബ്ദയുയർത്തിയ പോരളിയാണ് ഈ മനുഷ്യനെന്ന്‌.

ഭോപ്പാൽ ദുരന്തത്തിലെ ഇരകൾക്ക് തൊട്ട് നമ്മുടെ പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ ചൂഷണത്തിന്റെ ഇരകൾക്കുവരെ വേണ്ടി അദ്ദേഹം നീതിക്കായി കുറത്ത കുപ്പായ മണിഞ്ഞ് സുപ്രീം കോടതിയിൽ ഹാജരായി. സർദാർ സരോവർ കുടിയൊഴിപ്പിക്കൽ , കൂടുകുളം ആണവനിലയം.മവോയിസറ്റ് വേട്ടയുടെ പേരിൽ വേട്ടയാടപ്പെട്ട ആദിവാസികളുടെ മനുഷ്യാവകാശങ്ങൾ എന്നിവക്കെല്ലാം വേണ്ടി ഒരു രൂപപോലും ഫീസ് വാങ്ങാതെ പ്രശാന്ത് പോരാടി.

കോമൺവെൽത്ത് ഗെയിസ്, ആദർശ് ഫ്‌ളാറ്റ് , 2ജി തുടങ്ങിയ യുപിഎ സർക്കാറിന്റെ അഴിമതികൾക്ക് എന്നപോലെ സഹാറാ ഡയറി, റാഫേൽ കരാർ തൊട്ടുള്ളവയിൽ അദ്ദേഹം മോദി സർക്കാറിനെയും നിരന്തരം കോടതി കയറ്റി. അഴിമതി വിരുദ്ധത, പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശം...ഈ മൂന്നുവിഷയങ്ങളിൽ പ്രശാന്ത് ഭൂഷണ് വിട്ടു വീഴചയില്ല.  വി എസ് അച്യുതാനന്ദന്റെ അടുത്ത സുഹൃത്തായ അദ്ദേഹം ഐസ്‌ക്രീം കേസിലടക്കം വി എസ് നടത്തുന്ന സകല നിയമപേരാട്ടങ്ങൾക്കും ഉപദേശം നൽകിയത് സൗജന്യമായാണ്.

പിയുസിഎൽപോലുള്ള മനുഷ്യാവകാശ സംഘടനകളിലും അദ്ദേഹം സജീമാണ്. ഏകദേശം 500 ഓളം പൊതു താല്പര്യ ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച് ധാരാളം പ്രശ്നങ്ങളിൽ തീർപ്പുണ്ടാക്കി. സംശുദ്ധമായ നീതി പീഠത്തിനു വേണ്ടിയുള്ള അദേഹത്തിന്റെ പോരാട്ടം വൻ ജനപിന്തുണ നേടി. പ്രശാന്ത് ഭൂഷണിന്റെ നിയമപേരാട്ടാത്തിന്റെ ഗുണ ഫലം കിട്ടാത്ത ഒരു വ്യക്തിപോലും ഇന്ത്യയിൽ ഉണ്ടാകില്ല. യുപിഎ സർക്കാർ ഓപ്പറേഷൻ ഗ്രീൻ ഹണ്ട് എന്ന മവോയിസ്റ്റ് വേട്ട കൊണ്ടുവന്നപ്പോൾ അദ്ദേഹം പറഞ്ഞത്, തോക്കുമായി സൈന്യമല്ല, ഭക്ഷണവും മരുന്നുമായി ആരോഗ്യ പ്രവർത്തകരാണ് ആദിവാസി മേഖലകളിലേക്ക് പോകേണ്ടത് എന്നായിരുന്നു. കശ്മീരിലെ അഫസ്പ എന്ന ഭീകര നിയമം പിൻവലിക്കാൻ അദ്ദേഹം പോരാടി. സ്വയം നിർണ്ണയ അവകാശം കശ്മീരികൾക്ക് നൽകണം എന്ന് അഭിപ്രായപ്പെട്ടതിന്റെ പേരിൽ ആക്രമിക്കപ്പെട്ടിട്ടും അദ്ദേഹം നിലപാട് മാറ്റിയില്ല.

കനയ്യകുമാറിനും റോഹീങ്ക്യൻ അഭയാർഥികൾക്കും ഒക്കെ വേണ്ട ഹാജരായതും മറ്റാരുമല്ല. ഇപ്പോൾ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ജുഡീഷ്യറിയിലെ അഴിമതികൾക്ക എതിരെയാണ്. അതിനായി കമ്മറ്റി ഓൺ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി എന്ന സംഘടനയുണ്ടാക്കി പോരാട്ടം നടത്തുകയാണ്. 2009ൽ സുപ്രീം  ഹൈക്കോടതിയെയും വിവരവാകശ നിയമത്തിന്റെ പരിധിയിൽ വന്നത് ഭൂഷൺ നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമായിരുന്നു. ഇതേതുടർന്നാണ് കോടതി രേഖകൾ വെബ്സൈറ്റിൽ കിട്ടാൻ തുടങ്ങിയത്. 2011 ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ആരംഭിച്ച അഴിമതി വിരുദ്ധ സമരത്തിൽ മുൻപന്തിയിൽ ഇദ്ദേഹവും ഉണ്ട്. ജൻ ലോക്പാൽ ബിൽ തയ്യാറാക്കുന്നതിനുള്ള സമിതിയിൽ അംഗമായിരുന്നു. രാഷ്ട്രീയപരമായി തുടക്കത്തിൽ ആം ആദ്മിയോട് യോജിപ്പ് പ്രകടപ്പിച്ചിരുന്നെങ്കിലും വൈകാതെ അദ്ദേഹം അതിൽനിന്ന് പിൻ തിരിയുകയായിരുന്നു.

പണമില്ലാത്തതിന്റെ പേരിൽ ആക്കും നീതി അന്യമാവില്ല

1956 ഒക്ടോബർ  15ന് ഡൽഹിയിൽ  ജനിച്ച പ്രശാന്ത് ഭൂഷൺ, ഐഐടി മദ്രാസ്, അമേരിക്കയിയെ പ്രസ്റ്റൺ യൂനിവേഴ്സിറ്റി, അലഹബാദ് സർവകാലാശാല എന്നിവിടങ്ങളിൽ നിന്നായാണ് വിദ്യാഭ്യാസം പുർത്തിയാക്കിയത്. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ അഴിമതി വിരുദ്ധ പോരാളിയായി 64കാരനായ പ്രശാന്ത്ഭൂഷണെയും 95കാരനായ അദ്ദേഹത്തിന്റെ പിതാവ് ശാന്തിഭൂഷണെയും വിലയിരുത്തുന്നവർ അനവധിയാണ്.

ഓരോ ദിവസവും ഭൂഷന്റെ ഓഫീസിൽ വരുന്ന വലിയ കെട്ട് എഴുത്തുകളിൽ നാനാവിധമായ പരാതികളുണ്ടാകും, ആവലാതികളുണ്ടാകും. ഇന്ത്യൻ പാർലമെന്റ് പിരിച്ചു വിടാനുള്ള ഹർജി നൽകണമെന്ന ആവശ്യം മുതൽ ബ്രിട്ടീഷ് രാജിൽ ഗുമസ്തനായിരുന്ന മുത്തച്ഛന്റെ പെൻഷൻ കിട്ടിയില്ല എന്നുവരെയുള്ള നമ്മുടെ ഉറക്കം കളയാനുള്ള കെട്ടുകണക്കിനു കടലാസുകൾ മുതൽ ഈ രാജ്യത്തെ വിറ്റുതുലയ്ക്കുന്ന കോർപ്പറേറ്റുകൾക്കെതിരായ പോരാട്ടങ്ങൾക്കുള്ള ആവശ്യം വരെ.ഒരു ഭീതിയുമില്ലാതെ രഹസ്യങ്ങൾ പങ്കുവെക്കാനെത്തും. പണമില്ല എന്നതിന്റെ പേരിൽ ന്യായമായ ഒരു ഹർജിയും അവിടെ സ്വീകരിക്കാതിരുന്നിട്ടില്ല. പണമുണ്ട് എന്നതിന്റെ പേരിൽ ഒരു അധാർമിക ആവശ്യത്തിന് വേണ്ടിയും അവിടെ നിന്നും ഹർജികൾ പോകാറില്ല. പണിമില്ലാത്തിനാൽ ആരെയും മടക്കി അയക്കാറുമില്ല. എത്രയോ കേസുകളിൽ സൗജന്യമാണ് അദ്ദേഹം വാദിച്ചത്.

ഒരു വലിയ ട്രാപ്പിലാണ് പ്രശാന്ത് ഭൂഷൺ നമ്മുടെ ഏമാന്മാരെ എത്തിച്ചിട്ടുള്ളത്.അദ്ദേഹത്തെ ശിക്ഷിച്ചാൽ ഇതൊരു അന്താരാഷ്ട്ര വാർത്തയാകും. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് വലിയ ചർച്ചകൾ ഉണ്ടാകും. ഭൂഷന്റെ ട്വീറ്റ് ഇനി വായിക്കാൻ ലോകത്ത് ഒരാളും ബാക്കിയില്ലാത്ത അവസ്ഥ വരും.ആർഎസ്എസ് കാരന്റെ ഹാർളി ഡേവിഡ്‌സൺ ബൈക്കിൽ കറങ്ങുന്ന വലിയ ഏമാനെക്കുറിച്ച് ലോകം മുഴുക്കെ ട്രോളുകൾ വരും..അയാളെക്കുറിച്ച് മാത്രമല്ല, ബാബരി മസ്ജിദ് വിധിയും പ്രത്യുപകാരവും രാജ്യസഭാ സീറ്റും രാജാവിന്റെയും മന്ത്രിയുടേയും പണ്ടത്തെ ചരിത്രവുമെല്ലാം വീണ്ടും എപ്പിസോഡുകളായി വരും.ഇനി ശിക്ഷിക്കാതെ വിട്ടാലോ, അതും പൊല്ലാപ്പാകും.. ഭൂഷണെ അനുകരിച്ച് കൂടുതൽ ആളുകൾ ശബ്ദിക്കാൻ തുടങ്ങും. എന്തായാലും പിതാവ് ശാന്തിഭുഷണെപ്പോലെ തന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ വിസിൽ ബ്ലോവർ ആവനാണ് പ്രശാന്തിന്റെയും യോഗം.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയുടെ നീതിന്യായ ചരിത്രമെഴുതുമ്പോൾ അതിൽ നിർബന്ധമായും ഉണ്ടാവുന്ന, ഒരിക്കലും ന്യായാധിപന്മാരല്ലാതിരുന്ന ഒരു അച്ഛനും മകനും ഉണ്ട്. . ശാന്തി ഭൂഷണും പ്രശാന്ത് ഭൂഷണും. സുപ്രീം കോടതിയുടെ അനുനയങ്ങൾക്കും മുന്നറിയിപ്പുകൾക്കും വഴങ്ങാതെ, കോടതിയലക്ഷ്യത്തിന്റെ പേരിൽ ശിക്ഷിച്ചാലും പൗരന്റെ കടമ നിറവേറ്റുമെന്ന് അസന്ദിഗ്ദമായ പ്രഖ്യാപിച്ച പ്രശാന്ത് ഭൂഷൺ ശരിക്കും ഒരു അതിശയ കഥാപാത്രം തന്നെയാണ്. അതുപോലെ തന്നെയാണ് പിതാവ് ശാന്തിഭൂഷണും.

ഇന്ദിരാഗാന്ധിയെ തെറിപ്പിച്ച ശാന്തിഭൂഷണിന്റെ പോരാട്ടം

1925 നവംബർ 11 ന് അലഹാബാദിൽ ജനിച്ച ശാന്തി ഭൂഷൻ പഠനത്തിനുശേഷം. 1948ൽ അഭിഭാഷകനായി ജോലി ആരംഭിച്ചു. അതിനുമുമ്പ് അദ്ദേഹം സ്വാതന്ത്ര്യ സമരത്തിലും സജീവമായിരുന്നു. അമിതാധികാര പ്രവണതയോട് ഏറ്റുമുട്ടി ഒരു ഘട്ടത്തിൽ വിജയിച്ച ഈ അച്ഛന്റെ മകനാണ് പ്രശാന്ത് ഭൂഷൺ. മുൻ കേന്ദ്ര മന്ത്രിയായിരുന്ന ശാന്തി ഭൂഷന്റെ നാല് മക്കളിൽ ഒരാൾ.

പ്രശാന്ത് ഭൂഷന്റെ വ്യതിരിക്തമായ നീതി ബോധത്തെ മനസ്സിലാക്കാൻ ശാന്തി ഭൂഷന്റെ ജീവിതത്തെ കുറിച്ചും അറിയണം. ഇന്ത്യയിൽ അടിയന്തരവാസ്ഥയ്ക്ക് കാരണമായ കേസിൽ, ഇന്ദിരാ ഗാന്ധിക്കെതിരെ രാജ് നാരായനുവേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പിൽ അധികാര ദുർവിനിയോഗം നടത്തിയെന്നതായിരുന്നു ആരോപണം. അത് സ്ഥാപിച്ചെടുക്കാൻ അലഹബാദ് ഹൈക്കോടതിയിൽ ശാന്തി ഭൂഷൺ നടത്തിയ വാദങ്ങൾ ജഡ്ജി ജഗ്മോഹൻ ലാൽ സിൻഹ അംഗീകരിച്ചു. അങ്ങനെ ഇന്ത്യയിൽ ആദ്യമായി പ്രധാനമന്ത്രി അധികാര ദുർവിനിയോഗം നടത്തിയതായി തെളിഞ്ഞു. 1975 ജൂൺ 12 നായിരുന്നു ആ സുപ്രധാന വിധി. സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായ ഇന്ദിരാ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചപ്പോഴും ശാന്തി ഭൂഷണായിരുന്നു രാജ് നാരായനുവേണ്ടി ഹാജരായത്. എതിർഭാഗത്ത് പ്രശസ്തനായ നാനി പൽക്കിവാല. ഇന്ദിരാ ഗാന്ധി രാജിവെയ്‌ക്കേണ്ടി വന്നാൽ അത് രാജ്യത്ത് അസ്ഥിരതയുണ്ടാകുമെന്നായിരുന്നു പൽക്കിവാലയുടെ വാദം. കളവ് പറഞ്ഞ ആൾക്ക് ഇന്ത്യൻ പ്രധാനമന്ത്രിയായി എങ്ങനെ തുടരാൻ കഴിയുമെന്നായിരുന്നു അന്ന് സുപ്രീം കോടതിയിലെ അവധിക്കാല ജഡ്ജി വി ആർ കൃഷ്ണയ്യർക്ക് മുന്നിലെ ഭൂഷന്റെ വാദം. ഇന്ത്യയിൽ ഇന്ദിരാ ഗാന്ധിക്ക് പകരം നിരവധി നേതാക്കളുണ്ടെന്നും അദ്ദേഹം വാദിച്ചു. പിന്നീട് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ചരിത്രം.

അക്കാലത്ത് മകൻ പ്രശാന്ത് ഭൂഷണും പിതാവിന്റെ വാദം കേൾക്കാൻ സ്ഥിരമായി കോടതിയിൽ എത്തുമായിരുന്നു. തന്നിലെ അഭിഭാഷകൻ രൂപപ്പെടുന്നത് ഈ കേസോടെ ആയിരുന്നെന്ന് പ്രശാന്ത ഭൂഷൻ എഴുതിയിട്ടുണ്ട്. ആ അനുഭവങ്ങളും നിയമപോരാട്ടങ്ങളും ചൂണ്ടിക്കാട്ടി 'ദ കേസ് ദാറ്റ് ഷൂക്ക് ഇന്ത്യ' എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇന്നും നിയമവിദ്യാർത്ഥികൾക്കും ചരിത്ര വിദ്യാർത്ഥികൾക്കും ഒരു റഫറൻസ് പുസ്തകമാണ് പ്രശാന്ത്ഭൂഷൺ എഴുതിയ ഈ പുസ്തകം.

മൊറാർജി മന്ത്രിസഭയിൽ അംഗം; ബിജെപിയുടെ സ്ഥാപക അംഗം

ചരിത്രത്തിന്റെ കാവ്യനീതിയെന്നപോലെ അടിയന്തരാവസ്ഥക്ക് ശേഷം ഉണ്ടായ മൊറാർജി ദേശായി മന്ത്രി സഭയിൽ ശാന്തി ഭൂഷൺ നിയമ മന്ത്രിയായി. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി കൊണ്ടുവന്ന നിരവധി നിയമങ്ങളെ റദ്ദാക്കാനുള്ള പ്രശസ്തമായ 44-ാം ഭേദഗതി അവതരിപ്പിച്ച് പാസ്സാക്കിയത് ശാന്തി ഭൂഷൺ മന്ത്രിയായിരിക്കുമ്പോഴായിരുന്നു. പിന്നീട് ജനതാപാർട്ടിയിലെ ഇരട്ട അംഗത്വ പ്രശ്‌നം ഉടലെടുക്കുകയും സർക്കാർ താഴെ വീഴുകയും ചെയ്തു. ജനസംഘ്, ഭാരതീയ ജനതാ പാർട്ടി (ബിജെപി)യായി പുനർ അവതരിപ്പിച്ചപ്പോൾ അതിന്റെ സ്ഥാപകാംഗമായി മാറി ശാന്തി ഭൂഷൺ. മനുഷ്യാവാകാശത്തിനും ഭരണഘടനാ അവകാശങ്ങൾക്കും വേണ്ടി പോരടിക്കുന്ന ശാന്തി ഭൂഷൺ, ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപക നേതാവായിരുന്നു എന്നത് ഇന്ന് അത്ഭുതപ്പെടുത്തുന്ന കാര്യമായി തോന്നാം. പാർട്ടിയുടെ ട്രഷററായിരുന്നു അദ്ദേഹം.

1984 ൽ ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിക്കുകയും രാജീവ് ഗാന്ധി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുകയും ചെയ്തു. ഇന്ദിരാ ഗാന്ധി നടത്തിയത് പോലെ അധികാര ദുർവിനിയോഗം രാജീവ് ഗാന്ധിയും നടത്തിയെന്ന് ആരോപണവുമായി ശാന്തി ഭൂഷൺ ബിജെപി നേതാവായിരുന്ന വി കെ മൽഹോത്രയ്ക്ക് വേണ്ടി ഹർജി നൽകി. വർഗീയ കാർഡ് ഇറക്കിയാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചതെന്ന് ആരോപിച്ചായിരുന്നു ഹർജി. എന്നാൽ പിന്നീട് ബിജെപി ഈ ഹർജിയുമായി മുന്നോട്ടു പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്നുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ശാന്തി ഭൂഷൺ ബിജെപിയിൽനിന്ന് രാജിവെച്ചത്. എന്നാൽ മകൻ പ്രശാന്ത് ഭൂഷൺ ആവട്ടെ ഒരു ഘട്ടത്തിലും ബിജെപിയോട് മുദു സമീപനം സ്വീകരിച്ചില്ല. എന്നും അധികാരം രാഷ്ട്രീയത്തിന് എതിരാരായിരുന്നു പ്രശാന്ത്. യുപിഎ സർക്കാറുകളുടെ നിരവധി അഴിമതികളെ ചോദ്യം ചെയ്തപോലെ തന്നെ അദ്ദേഹം മോദി സർക്കാറിന്റെ അഴിമതികളെയും ചോദ്യം ചെയ്തു. ഇപ്പോൾ ഇതാ ജുഡീഷ്യറിയിലെ അഴിമതികൾക്കെതിരെയും
പുഴുക്കുത്തുകൾക്കെതിരെയും അദ്ദേഹം നിരന്തരം പ്രതികരിക്കയാണ്.

ജുഡീഷ്യറിയിലെ ശുദ്ധീകരണം

കേവലം സർക്കാറിനോടും രാഷ്ട്രീയക്കാരോടും മാത്രം ഏറ്റുമുട്ടുന്ന വ്യക്തിയായിരുന്നില്ല പ്രശാന്ത് ഭൂഷൺ. താൻ കൂടി ഉൾപ്പെട്ട ജുഡീഷ്യൽ സംവധാനത്തിലെ പൂഴുക്കുത്തുകൾക്കെതിരെ അദ്ദേഹം നിരന്തരം സംസാരിച്ചു. കമ്മറ്റി ഓൺ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി എന്ന സംഘടന രൂപീകരിച്ചതും അത് ജനകീയ കാമ്പയിനായി വളർത്തിക്കൊണ്ടുവന്നതും പ്രശാന്ത് തന്നെയാണ്.

2018ൽ സുപ്രീംകോടതി ചീഫ്ജസ്റ്റിസ്  ദീപക് മിശ്രയെ മോദി സർക്കാർ ബ്ലാക്‌മെയിൽ ചെയ്ത് വരുതിക്ക് നിർത്തുകയാണെന്ന് പ്രശാന്ത് ഭൂഷണിന്റെ ആരോപണം കോളിളക്കം ഉണ്ടാക്കി. ചീഫ് ജസ്റ്റിസിനെതിരെ വിമർശനമുയർത്തിയും സുപ്രീംകോടതിയിലെ കൊള്ളരുതായ്മകൾ ജനങ്ങളെ അറിയിച്ചും രംഗത്തെത്തിയ നാല് ജഡ്ജിമാർ കാണിച്ചത് നല്ല മാതൃകയാണെന്നും വിസിൽ ബ്ലോവർമാരുടെ ധർമ്മമാണ് ഇവർ നിർവഹിച്ചതെന്നും പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ദീപക് മിശ്ര രാജി വയ്ക്കണമെന്നും പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. ദ വീക്ക് വാരികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷൺ ഇക്കാര്യം പറയുന്നത്. ആ അഭിമുഖത്തിന്റെ പ്രസ്‌ക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. 'ജുഡീഷ്യറിയിൽ അപകടകരമായ രാഷ്ട്രീയവത്കരണമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മെഡിക്കൽ കോളേജ് കോഴ ആരോപണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലേതടക്കമുള്ള ജഡ്ജിമാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് താൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. ജുഡീഷ്യറിയിലെ ഉപജാപങ്ങൾക്ക് ഏറ്റവും നല്ല ഉദാഹരണമാണ് മെഡിക്കൽ കോഴ കേസ്. ചീഫ് ജസ്റ്റിസ്, സർക്കാരിന്റെ താൽപര്യങ്ങൾക്ക് വേണ്ടി ജുഡീഷ്യറിയെ ദുരുപയോഗം ചെയ്യുകയാണ്. തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ചീഫ് ജസ്റ്റിസിനെ സർക്കാർ ഉപയോഗപ്പെടുത്തുകയാണ്. അദ്ദേഹം വലിയ സമ്മർദ്ദത്തിലാണ് - പ്രശാന്ത് ഭൂഷൺ പറയുന്നു.

ഇങ്ങനെയാണെങ്കിലും കോടതയിലെ ജാതി വിവേചനം ചൂണ്ടിക്കാട്ടി ജസ്റ്റിസ് കർണ്ണൻ രംഗത്ത് എത്തിയപ്പോൾ അതിനെ പ്രശാന്ത് ഭൂഷൺ പിന്തുണച്ചിരുന്നില്ല. 'കർണൻ ജഡ്ജിമാർക്കെതിരെ അസംബന്ധമായ പരാമർശങ്ങൾ നടത്തിയെന്നത് മാത്രമല്ല, തന്റെ അധികാരം ഉപയോഗിച്ച് നിയമ വിരുദ്ധമായി സുപ്രീം കോടതി ജഡ്ജിമാരെ തടവിലിടാൻ ഉത്തരവിടുകയും ചെയ്തു. നിതി നടപ്പിലാക്കുന്ന കാര്യത്തിൽ അദ്ദേഹം ഇടപെടുകയായിരുന്നു.'- ഇതാണ് പ്രശാന്ത് ഭൂഷൺ ഇക്കാര്യത്തിലുള്ള തന്റെ മറുപടിയായി പറഞ്ഞത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നിലപാടുകൾ വിശദീകരിച്ചത്. എന്നാൽ പ്രശാന്ത് ഭൂഷണിന് പിന്തുണയുമായി ജസ്റ്റിസ് കർണൻ ഇപ്പോൾ രംഗത്തെത്തിയിട്ടുമുണ്ട്.

അതായത് വർഷങ്ങളായി ജുഡീഷ്യറിയെ ജനാധിപത്യവത്ക്കരിക്കുക എന്ന വിമർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം നിലവിലെ സുപ്രീം കോടതി ജഡ്ജിയുടെ അരുതായ്മകളും ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെയാണ് മാപ്പു പറയില്ല എന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുന്നതും.

മുട്ടിൽ ഇഴഞ്ഞില്ല; ശിക്ഷ സ്വീകരിക്കുമെന്ന് ഉറച്ച പ്രഖ്യാപനം

കോടതിലക്ഷ്യക്കേസുകളിൽ കിടക്കാൻ പറഞ്ഞാൽ മുട്ടിൽ ഇഴയുന്നവർ ആണ് ഭൂരിഭാഗവും. ജഡ്ജിമാരെ ശുംഭൻ എന്ന് വിളിച്ചിട്ട് അതിന് പ്രകാശിക്കുന്നവർ എന്നൊക്കെ അർഥമുണ്ടെന്ന് വാദിച്ച നമ്മുടെ എം വി ജയരാജനൊക്കെ പ്രശന്ത്ഭൂഷണിന്റെ തന്റെടത്തിന് മുന്നിൽ ഒന്നുമല്ല. ഞാൻ പറഞ്ഞത് നൂറുശതമാനവും ശരിയാണെന്നും അതിന്റെ പേരിൽ ജയിലിൽപോകാന തയ്യാറാണെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്റെ വാദം. കോടിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയശേഷം പ്രശാന്ത് ഭൂഷൺ തയ്യാറാക്കിയ പ്രസ്താവന ഇങ്ങനെ ആയിരുന്നു.

'പരമോന്നത കോടതിയുടെ വിധിയിലൂടെ ഞാൻ കടന്നുപോയി. ഞാൻ കോടതി അലക്ഷ്യം നടത്തിയെന്ന കണ്ടെത്തൽ എന്നെ വേദനിപ്പിക്കുന്നു. എന്നാൽ മൂന്ന് പതിറ്റാണ്ടായി കോടതിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാനാണ്  വിനീതനായ
 ഒരു സംരക്ഷകൻ, എന്ന നിലയിൽ ഞാൻ ശ്രമിച്ചത്. ഇങ്ങനെ ചെയത് വഴി തൊഴിൽപരവും വ്യക്തിപരവുമായ ചില നഷ്ടങ്ങളും ഉണ്ടായി. ഞാൻ ശിക്ഷിക്കപ്പെടും എന്നകാരണത്താലല്ല, എനിക്ക് വേദനയുണ്ടാകുന്നത്, മറിച്ച് ഞാൻ അങ്ങേയറ്റം തെറ്റിദ്ധരിക്കപ്പെട്ടുവെന്നതുകൊണ്ടാണ്. നീതിനിർവഹണ സ്ഥാപനത്തെ വ്യക്തമായ ഉദ്ദേശത്തോടെ അപകീർത്തിപ്പെടുത്തുകയും നിന്ദിക്കുകയും ചെയ്തുവെന്ന പരമോന്നത കോടതിയുടെ കണ്ടെത്തൽ എന്നെ ഞെട്ടിച്ചു. അങ്ങനെയൊരു ആക്രമണത്തിലൂടെ ഞാന് എന്താണ് ലക്ഷ്യമിടുന്നതെന്ന പറയാതെ കോടതി ഇത്തരമൊരു വിലയിരുത്തലിലെത്തിയതെന്നത് അത്ഭുതപ്പെടുത്തി. സ്വമേധയാ കേസ് എടുക്കാൻ കാരണമായ പരാതിയുടെ പകർപ്പ് എനിക്ക് തരണമെന്ന് കോടതിക്ക് തോന്നിയില്ലെന്നതിൽ എനിക്ക് നിരാശയുണ്ട്. അതുമാത്രമല്ല, ഞാൻ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ചോ എന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ചോ പ്രതികരിക്കാനും കോടതി തയ്യാറായില്ല .

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ സ്ഥാപനത്തെ അസ്ഥിരപ്പെടുത്താനുള്ളതാണ് എന്റെ ട്വീറ്റ് എന്ന് കോടതി കണ്ടെത്തിയെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ രണ്ട് ട്വീറ്റുകളും ഒരു ജനാധിപത്യ സംവിധാനത്തി്ൽ അനുവദിക്കപ്പെടേണ്ടതാണെന്ന് ഞാൻ ആവർത്തിക്കുക മാത്രം ചെയ്യുന്നു. കോടതിയുടെ സുഗമമായ പ്രവർത്തനത്തിന് സൂക്ഷ്മ പരിശോധന ആവശ്യമാണ്. ഭരണഘടന ക്രമം നിലനിർത്താൻ ഏത് സ്ഥാപനവും വിമർശന വിധേയമാക്കപ്പെടേണ്ടതാണെന്ന് ഞാൻ കരുതുന്നു. സാമ്പ്രദായികമായ കടകമളല്ല, മറിച്ച് ഉദാത്തമായ നിലപാടുകൾ ഉയർത്തിപിടിക്കേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്. വ്യക്തിപരവും ഔദ്യോഗികവുമായ പെരുമാറ്റരീതികളല്ല മറിച്ച് ഭരണഘടന ക്രമമാണ് ഉയർത്തിപിടിക്കേണ്ടത്. ഭാവിയോടുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിന് വർത്തമാന കാലത്തെ പരിഗണനകൾ തടസ്സമാകരുത്.

എന്നെ പോലുള്ള ഒരാളെ സംബന്ധിച്ച്, പറയേണ്ടത് പറഞ്ഞില്ലെങ്കിൽ അത് ഉത്തരവാദിത്തമില്ലായ്മയായി മാറുമായിരുന്നു. ഇന്ത്യൻ റിപ്പബ്ലിക്കിനോട് നിർവഹിക്കേണ്ടതാണെന്ന് ഞാൻ കരുതുന്ന ഉത്തരവാദിത്തം നിർവഹിക്കാനുള്ള ചെറിയ ശ്രമങ്ങളുടെ ഭാഗമായാണ് എന്റെ ട്വീറ്റുകൾ. അശ്രദ്ധയോടെ നടത്തിയ ട്വീറ്റുകൾ അല്ലത്. എന്റെ ഇപ്പോഴത്തെയും വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ട്വീറ്റ് മായി ബന്ധപ്പെട്ട ക്ഷമാപണം നടത്തിയിരുന്നുവെങ്കിൽ അത് അത്മാർത്ഥതയില്ലാത്തതും സ്വയം അവഹേളന പരവുമാകുമായിരുന്നു. അതുകൊണ്ട് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി പറഞ്ഞ കാര്യം വിനയത്തോടെ വേറൊരു രീതിയിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ' ഞാൻ മാപ്പ് അപേക്ഷിക്കുന്നില്ല, ഞാൻ ഔദാര്യം ചോദിക്കുന്നില്ല. അതുകൊണ്ട് ഒരു പൗരന്റെ പരമോന്നത കർത്തവ്യമാണെന്ന് ഞാൻ കരുതുന്ന, എന്നാൽ കുറ്റകൃത്യമെന്ന് കോടതി വിലയിരുത്തിയ ഒരു കാര്യത്തിന് എനിക്ക് നിയമപ്രകാരം കിട്ടാനുള്ള ശിക്ഷ സന്തോഷത്തോടെ ഏറ്റുവാങ്ങാനാണ് ഞാൻ തയ്യാറായിരിക്കുന്നത്'- ഇങ്ങനെ പ്രതികരിക്കാൻ പ്രശാന്ത് ഭൂഷണനല്ലാതെ മറ്റാർക്ക് കഴിയും.

റഫാൽ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി

യുപിഎ സർക്കാറിന്റെ 2ജി അടക്കമുള്ള അഴിമതികളെ നിരന്തരം ചോദ്യം ചെയ്തപോലെ മോദി സർക്കാറിനെയും പ്രശാന്ത്ഭൂഷൻ വെറുതിവിട്ടില്ല. റഫാൽ ഇടപാട് അടക്കമുള്ള ആരോപണങ്ങളിൽ അദ്ദേഹം അതി ശക്തമായി ഇടപെട്ടതാണ് മോദി സർക്കാറിന് അദ്ദേഹത്തോടുള്ള പക വർധിപ്പിച്ചത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് റഫാൽ ഇടപാടെന്നാണ് പ്രശാന്ത് ഭൂഷൻ പറഞ്ഞത്. 'എങ്ങനെയാണ് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിന് ഫ്രഞ്ച് കമ്പനിയായ ദസോൾട്ടിന്റെ ഇന്ത്യയിലെ പങ്കാളിയാകാൻ സാധിച്ചത്. റഫാൽ ഇടപാട് ഇന്ത്യകണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതി മാത്രമല്ല രാജ്യസുരക്ഷതന്നെ ബലികഴിക്കപ്പെട്ടിരിക്കുന്നു. 126 യുദ്ധവിമാനങ്ങൾ വേണ്ടിടത്തുനിന്ന് 36 എണ്ണമാക്കി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് വ്യോമസേന ഉദ്യോഗസ്ഥരെ കള്ളംപറയാൻ പ്രേരിപ്പിക്കുകയാണെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു. നിങ്ങൾ രാജ്യസുരക്ഷ അപകടത്തിലാക്കി, വ്യോമസേനയെ ദുർബലപ്പെടുത്തി, ജനങ്ങളുടെ പണം കൊള്ളയടിച്ചു, പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ അപമാനിച്ചു'- ഈ കുറ്റങ്ങളാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ നിരത്തിയത്. ഇത്തരം ആരോപണങ്ങൾ ഒക്കെ ആവിയാവുന്നതിന് പിന്നിലും കോടതിയും സർക്കാറും തമ്മിലുള്ള ഒത്തുകളിതന്നെയാണെന്ന് അദ്ദേഹം പലപ്പോഴും വ്യംഗമായി സൂചിപ്പിച്ചിരുന്നു.

2017ൽ ബിജെപി നേതാവ് സംബിത് പത്ര എങ്ങനെ ഒഎൻജിസി (ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ) ഡയറക്ടറായി എന്ന് പ്രശാന്ത് ഭൂഷന്റെ ട്വീറ്റും വൻ വിവാദമായി. സംബിത് പത്രക്ക് ഒഎൻജിസി ഡയറക്ടർ സ്ഥാനത്തിരിക്കാൻ എന്ത് യോഗ്യതയുണ്ടെന്നും ബിജെപി വക്താവ് എന്നതിനപ്പുറം സംബിത് പത്ര ആരാണെന്നും പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ ചോദിക്കുന്നു. ഒഎൻജിസിയുടെ ബിജെപിയുടെ കുടുംബ സ്വത്താണോ എന്നും അദ്ദേഹം ചോദിക്കുന്നു. സംബിത് പത്രയെ ഒഎൻജിസി ഡയറക്ടറായി നിയമിക്കാനുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാർശ കാബിനറ്റ് അപ്പോയിന്മെന്റ്‌സ് കമ്മിറ്റി അംഗീകരിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. ഇത് സംബന്ധിച്ച അറിയിപ്പിന്റെ കോപ്പി സഹിതമാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. ഇതും മാധ്യമങ്ങൾ ഏറ്റു പിടിച്ചതോടെ സർക്കാർ പ്രതികൂട്ടിലായി.

സിബിഐ ഡയറ്കടറെ മാറ്റിയതിന്  സുപ്രീം കോടതിയിൽ

രണ്ടുവർഷം മുമ്പ് സിബിഐ ഡയറക്ടർ അലോക് വർമയെ മാറ്റിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിയിലെ സമീപിച്ചതും പ്രശാന്ത് ഭൂഷൺ തന്നെയായിരുന്നു. സ്പഷൽ ഡയറക്ടർ രാകേഷ് അസ്താനയുമായുള്ള സംഘർഷത്തെ തുടർന്നാണ് നടപടി. അസ്താനയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലോക് വർമയെ നീക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും അഴിമതി കേസുകളിൽ പ്രതിയായ രാകേഷ് അസ്താനയെ രക്ഷിക്കാനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തുന്നതെന്നും പ്രശാന്ത് ഭൂഷൺ ആരോപിക്കുന്നു. താനും അരുൺ ഷൂരിയും യശ്വന്ത് സിൻഹയും ചേർന്ന് ഫയൽ ചെയ്ത റാഫേൽ കരാർ പരാതി വർമ്മയുടെ പരിഗണനയിലാണെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടിയിരുന്നു.

ജസ്റ്റീസ് ലോയയുടെ മരണത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന ഹർജി തള്ളിക്കളഞ്ഞ സുപ്രീം കോടതി നടപടിക്കെതിരെ രംഗത്ത് എത്തിയവരിലും മുൻ പന്തിയിൽ പ്രശാന്ത് ഉണ്ടായിരുന്നു. 'ഇന്ന് ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് കരിദിനമാണ്.മൂന്നു ജഡ്ജിമാർ രണ്ട് കിടക്കകളുള്ള മുറിയിൽ ഉറങ്ങി എന്നു പറഞ്ഞ ബോംബെ ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാരുടെ മൊഴി അവിശ്വസിക്കാൻ കാരണമില്ലെന്ന് പറഞ്ഞുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ച് സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളിയിരിക്കുന്നു.' പ്രശാന്ത് ഭൂഷൻ അന്ന് ഇങ്ങനെയാണ് ട്വീറ്റ് ചെയ്തത്.

മോദിയായി വേഷമിടുന്ന വിവേക് ഒബ്റോയ്ക്ക് പരിഹാസം

ഇപ്പോൾ മോദി സർക്കാറിന്റെ കടുത്ത വിമർശകാനായാണ് പ്രശാന്ത് അറിയപ്പെടുന്നത്. ഒരു സിനിമയിൽ മോദിയായി വിവേക ഒബ്റോയ് അഭിനയിക്കുന്ന എന്ന വാർത്ത വന്നപ്പോഴും നിശിതമായ പരിഹാസമാണ് അദ്ദേഹം ഉയർത്തിയത്. 'പക്കോഡ വിൽക്കുന്നതിലും നല്ലത് ഈ ജോലി തന്നെ' വിവേക് ഒബ്രോയിയോട് പ്രശാന്ത് ഭൂഷന്റെ ഉപദേശം ഇതായിരുന്നു. തന്റെ പുതിയ ചിത്രത്തിൽ നരേന്ദ്ര മോദിയായി അഭിനയിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും വിവേക് ഒബ്രോയി നടത്തിക്കഴിഞ്ഞെന്നാണ് സുപാരിമാൻ എന്ന പ്രൊഫൈലിൽ പറയുന്നത്. എന്നാൽ തൊഴിൽരഹിതർക്ക് മോദിജി തൊഴിൽ നൽകുന്നില്ലെന്ന് അദ്ദേഹത്തെ എതിർക്കുന്നവർക്ക് പറയാനാകുമോയെന്നാണ് ഇയാളുടെ പരിഹാസം.

ഈ ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ട് എടുത്താണ് പ്രശാന്ത് ഭൂഷൺ ട്രോളിയതള. 'വിവേക് ഒബ്രോയി(ഇദ്ദേഹത്തെ അടുത്ത കാലത്ത് ആരെങ്കിലും ഏതെങ്കിലും സിനിമയിൽ കണ്ടിട്ടുണ്ടോ?) തന്റെ പുതിയ സിനിമയിൽ മോദിയായി അഭിനയിക്കുന്നു. പക്കോഡ വിൽക്കുന്നതിലും നല്ല ജോലിയാണ് എന്തായാലും ഇത്' എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. തൊഴിലില്ലങ്കിൽ പക്കോഡ വിറ്റ് ജീവിക്കൂവെന്നാണ് നരേന്ദ്ര മോദി ഒരു റാലിയിൽ പ്രസംഗിച്ചത്. പക്കോഡ വിൽക്കുന്നവർ ദിവസം 200 രൂപ സമ്പാദിക്കുന്നുണ്ടെന്നും അതിനാൽ അവരെ തൊഴിലില്ലാത്തവരായി കാണാനാകില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ശ്രീകൃഷ്ണനെ പൂവാലനെന്ന് വിളിച്ച് പുലിവാല് പിടിച്ചു

പക്ഷേ ഒരു തവണ മാത്രം പ്രശാന്ത്ഭൂഷണ് തന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കേണ്ടി വന്നു. ശ്രീകൃഷ്ണനെ പൂവാലനെന്ന് വിളിച്ചാണ് അദ്ദേഹം കുടുങ്ങിയത്. ഇത്തർപ്രദേശിൽ ബിജെപി പ്രവർത്തകരും പൊലീസും ചേർന്നുള്ള ആന്റി റോമിയോ സ്‌ക്വാഡിനെ പരിഹസിച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രസ്താവന. റോമിയോ ഒരു സ്ത്രീയെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ എന്നും ഭഗവാൻ ശ്രീകൃഷ്ണനാണ് ഇക്കാര്യത്തിൽ വീരനെന്നും പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടിരുന്നു. ആന്റി കൃഷ്ണ സ്‌ക്വാഡുകൾ രൂപീകരിക്കാൻ ആദിത്യനാഥിന് ധൈര്യമുണ്ടോ എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ചോദ്യം. ഹിന്ദുത്വ വർഗീയ സംഘടനകൾ ഇതിന് പിന്നാലെ പ്രശാന്ത് ഭൂഷണ് നേരെ ആക്രമണവുമായി രംഗത്തെത്തി. പ്രശാന്ത് ഭൂഷന്റെ ഡൽഹിയിലെ വീടിന് നേരെയും ആക്രമണമുണ്ടായി. ഇതേ തുടർന്നാണ് ഖേദപ്രകടനവും വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

'കൃഷ്ണനും സ്ത്രീകളെ ആകർഷിക്കുന്നതിൽ കേമനായിരുന്നു എന്നാണ് താൻ ഉദ്ദേശിച്ചതെന്നും താൻ പറഞ്ഞത് വളച്ചൊടിച്ചതായും ആദ്യ വിശദീകരണത്തിൽ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഈ സാഹചര്യത്തിൽ റോമിയോ സ്‌ക്വാഡ് യുക്തിരഹിതമാണ്'. 'കൃഷ്ണൻ ഗോപികമാരെ തന്നിലേയ്ക്ക് ആകർഷിച്ചിരുന്നതിന്റേയും കൃഷ്ണന്റെ പ്രണയലീലകളുടേയും കഥകൾ കേട്ടാണ് ഞങ്ങൾ വളർന്നത്. റോമിയോ സ്‌ക്വാഡിന്റെ യുക്തി വച്ച് നോക്കിയാൽ അദ്ദേഹം ചെയ്തതും ക്രിമിനൽ പ്രവൃത്തിയാണ്'. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും രണ്ടാമത്തെ ട്വീറ്റിൽ പ്രശാന്ത് ഭൂഷൺ പറയുന്നു.

ട്വീറ്റ് പ്രശാന്ത് ഭൂഷന്റെ വീട്ടിലെ രാധാ-കൃഷ്ണ ചിത്രത്തോടെയുള്ളതാണ്. 'ഞാൻ മതവിശ്വാസിയല്ല, എന്നാൽ എന്റെ അമ്മ വിശ്വാസിയാണ്. ഇത് എന്റെ വീട്ടിലെ രാധാ-കൃഷ്ണ പെയ്ന്റിംഗാണ്' - പ്രശാന്ത് ഭൂഷൺ പറയുന്നു. ട്വീറ്റിൽ എല്ലാ വിശദീകരണങ്ങളും പിൻവലിച്ച് ഭൂഷൺ മാപ്പ് പറഞ്ഞിരിക്കുകയാണ്. 'റോമിയോ സ്‌ക്വാഡും കൃഷ്ണനുമായി ബന്ധിപ്പിച്ചുള്ള എന്റെ പരാമർശങ്ങൾ അനുചിതവും നിരവധി പേരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായി. മാപ്പ് പറയുന്നു. എന്റെ ട്വീറ്റ് പിൻവലിക്കുകയാണ്' - പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.

ആക്രമിക്കപ്പെട്ടത് രണ്ടു തവണ

ഈ പൂവാലൻ കേസിൽ വീടിനുനേരെ മാത്രമാണ് ആക്രമണം ഉണ്ടായത്. എന്നാൽ രണ്ടുതവണ എതിരാളികൾ അദ്ദേഹത്തെ നേരിട്ട് ആക്രമിച്ചിരുന്നു. അഭിപ്രായങ്ങൾ തുറന്നു പറയാൻ മടികാണിക്കാത്ത ഇദ്ദേഹത്തെ, കാശ്മീരിൽ ഹിതപരിശോധന നടത്താവുന്നതാണ് എന്ന് ഒരു പരിപാടിക്കിടയിൽ പറഞ്ഞതിന്റെ പേരിൽ ശ്രീരാമസേന പ്രവർത്തകർ 2011 ഒക്ടോബർ 12 നു മർദ്ദിച്ചത് വാർത്താപ്രാധാന്യം നേടി. എന്നാലും തന്റെ നിലപാടുകൾ മാറ്റാൻ തയ്യാറല്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

ഈയിടെ ചൈനീസ് ആപ്പുകൾ നിരോധിച്ചതിനെതിരെ ഹർജിയുമായി സുപ്രിംകോടതിയിൽ എത്തിയപ്പോഴും പ്രശാന്ത് ഭൂഷൺ വ്യാപകമാവയി വിമർശിക്കപ്പെട്ടു. രാജ്യസുരക്ഷയുടെ പേരിൽ കേന്ദ്രസർക്കാർ ടിക് ടോക് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കകുയാണെന്നാണ് പ്രശാന്ത് ഭൂഷൺ ഹർജിയിൽ പറയുന്നത്. പക്ഷേ ഇതിന്റെ പേരിൽ അദ്ദേഹത്തിന് സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്.

തന്റെ നേർക്ക് എന്തുണ്ടായാലും അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുന്നവനാണ് അദ്ദേഹം. ഇന്ന് ഇന്ത്യയിലെ അഴിമതി വിരുദ്ധപോരാട്ടങ്ങളുടെ പ്രധാന ചാലകശക്തിയും. അഭിപ്രായ സ്വാതന്ത്ര്യത്തിനും, മനുഷ്യാവകാശങ്ങൾക്കും വേണ്ടി എക്കാലവും തന്റെ ശബ്ദം ഉയർന്നുകേൾക്കുമെന്നും പ്രശാന്ത് ഭൂഷൺ ഉറച്ച് പറയുന്നു. അതുകൊണ്ടുതന്നെയാണ് ജയിലിൽ ആയാലും സത്യം പറയുമെന്ന് അദ്ദേഹം ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.

മറുനാടൻ മലയാളി യുട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാൻ ക്ലിക് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP