Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

കൃഷ്ണമേനോനെ ഒരുലക്ഷം വോട്ടിന് ജയിപ്പിച്ച് കിങ്ങ്മേക്കറായി തുടങ്ങി; ഇന്ദിരാഗാന്ധിയുടെ തണലിൽ വെച്ചടി കയറ്റം; ഉരുക്കുവനിതയുടെ കാലശേഷം പ്രധാനമന്ത്രിയാവുമെന്ന് കരുതപ്പെട്ട വ്യക്തി; രാജീവിന്റെ കാലത്ത് പിണങ്ങി; വിധേയനായ മന്മോഹനെ പ്രധാനമന്ത്രിയാക്കിയത് സോണിയയുടെ തന്ത്രം; ഒന്നുംരണ്ടും യുപിഎ സർക്കാറുകളിൽ നിർണ്ണായക പങ്ക്; രാഷ്ട്രപതിയാക്കിയതും ഒതുക്കലിന്റെ ഭാഗമെന്നും വിമർശനം; രണ്ടുതവണ പ്രധാനമന്ത്രിപദം നഷ്ടമായ പ്രണബ് മുഖർജിയുടെ രാഷ്ട്രീയ ജീവിതം

കൃഷ്ണമേനോനെ ഒരുലക്ഷം വോട്ടിന് ജയിപ്പിച്ച് കിങ്ങ്മേക്കറായി തുടങ്ങി; ഇന്ദിരാഗാന്ധിയുടെ തണലിൽ വെച്ചടി കയറ്റം; ഉരുക്കുവനിതയുടെ കാലശേഷം പ്രധാനമന്ത്രിയാവുമെന്ന് കരുതപ്പെട്ട വ്യക്തി; രാജീവിന്റെ കാലത്ത് പിണങ്ങി; വിധേയനായ മന്മോഹനെ പ്രധാനമന്ത്രിയാക്കിയത് സോണിയയുടെ തന്ത്രം; ഒന്നുംരണ്ടും യുപിഎ സർക്കാറുകളിൽ നിർണ്ണായക പങ്ക്; രാഷ്ട്രപതിയാക്കിയതും ഒതുക്കലിന്റെ ഭാഗമെന്നും വിമർശനം; രണ്ടുതവണ പ്രധാനമന്ത്രിപദം നഷ്ടമായ പ്രണബ് മുഖർജിയുടെ രാഷ്ട്രീയ ജീവിതം

എം മാധവദാസ്

ന്യൂഡൽഹി: 'ദ ആക്സിഡന്റ് പ്രൈം മനിസ്റ്റർ' എന്നാണ് മുൻ പ്രധാനമന്ത്രി ഡോ മന്മോഹൻ സിങ്ങിനെ വിശേഷിപ്പിക്കാറുള്ളത്. പക്ഷേ മന്മോഹന്റെ ആ സ്ഥാനലബ്ധി ഫലത്തിൽ പ്രണബ് കുമാർ മുഖർജി എന്ന, ഇന്ത്യ കണ്ട എക്കാലത്തെയും കരിസ്മാറ്റിക്ക് നേതാവിന്റെ നഷ്ടത്തിന്റെ കഥ കൂടിയായിരുന്നു. രണ്ടുതവണയാണ് പ്രണബിന് പ്രധാനമന്ത്രി സ്ഥാനം കപ്പിനും ചുണ്ടിനും ഇടയിൽപെട്ട് നഷ്ടമാവുന്നത്. ഇന്ദിരാഗാന്ധിക്കുശേഷം ബംഗാളിന്റെ ഈ വീരപുത്രനായിരിക്കും രാജ്യത്തെ നയിക്കുക എന്ന പ്രചാരണം കോൺഗ്രസിന് അകത്തുതന്നെ ശക്തമായിരുന്നു. പക്ഷേ കുടുംബാധിപത്യത്തിലും പാരമ്പര്യത്തിലും എന്നും അടിയുറച്ച് വിശ്വസിച്ചിരുന്ന കോൺഗ്രസ് അത് ഭരണപരിചയം ഒട്ടുമില്ലാത്ത രാജീവ്ഗാന്ധിക്കുതന്നെ നീട്ടുകയായിരുന്നു.

പിന്നീട് ഒന്നാം യുപിഎ സർക്കാറിന്റെ കാലത്തും പ്രണബിന് അയോഗ്യതയായത് ആരോടും വിധേയത്വം കാട്ടാത്ത സ്വന്തം വ്യക്തിത്വം തന്നെയായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നതിനേക്കാൾ ഉപരിയായി ഗാന്ധി കൂടംബത്തോടുള്ള വിധേയത്വവും, പിൻ സീറ്റ് ഡൈവ്രിങ്ങിനുള്ള സോണിയാഗാന്ധിയുടെ ത്വരയും തന്നെയാണ്, പ്രണബിന് തിരിച്ചടിയായതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിട്ടുണ്ട്. പ്രണബ് മുഖർജി ധനമന്ത്രിയായിരുക്കുമ്പോഴാണ് റിസർവ് ബാങ്കിന്റെ ഗവർണറായി മന്മോഹൻ സിങ്ങിനെ നിയമിക്കുന്നതെന്ന് ഓർക്കണം. പക്ഷേ അതൊന്നും പ്രണബ് എവിടെയും പ്രകടിപ്പിച്ചില്ല.

മന്മോഹന് കീഴിൽ മന്ത്രിസഭയിലെ രണ്ടാമാനായും അങ്ങേയറ്റം സന്തുഷ്ടനായിരുന്നു പ്രണബ്. പ്രതിരോധ വിദേശകാര്യമേഖലകളിൽ തിളങ്ങിയ അദ്ദേഹം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പ്രണബിനെ രാഷ്ട്രപതിയാക്കി സോണിയാഗാന്ധി ഒതുക്കുകയായിരുന്നെന്ന് അരുൺഷൂരിയെപ്പോലുള്ളവർ ആരോപിക്കാറുണ്ടെങ്കിലും അദ്ദേഹം അതൊന്നും കണക്കിലെടുത്തില്ല. എവിടെയും പരാതി പറഞ്ഞില്ല. രാഷ്ട്രപതി പദത്തിനും വിനയവും ലാളിത്യവും നിറഞ്ഞ ജീവിത ശൈലിയിലൂടെ ഏവരുടെയും അരുമയായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും അദ്ദേഹത്തിന് മികച്ച പരിഗണനയാണ് കൊടുത്തത്. കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ലഭിക്കാതെ പോയ ആദരവും അംഗീകാരവും ബിജെപി പ്രധാനമന്ത്രിയിൽ നിന്ന് രാഷ്ട്രപതിക്ക് പലപ്പോഴും ലഭിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹം ആർഎസ്എസ് സെമിനാറിൽ പങ്കെടുത്തപ്പോൾ പലരും അതു ഒരു ആശയമാറ്റമായാണ് കണ്ടത്. പക്ഷേ എക്കാലവും മതേതരത്വത്തിന്റെ വക്താവായിരുന്ന പ്രണബ് മത രാഷ്ട്രീയത്തെയും സങ്കുചിത്വങ്ങളെയും അംഗീകരിക്കാനായില്ല. ആ സെമിനാറിലും അവിടെയും ഇന്ത്യൻ ബഹുസ്വരതയുടെ സൗന്ദര്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഊന്നിപ്പറഞ്ഞത്.

പ്രണബ് പ്രധാനമന്ത്രിയായിരുന്നെങ്കിൽ മോദിയുഗം ഉണ്ടാകുമായിരുന്നോ?

ഒരുകാലത്ത കമ്യൂണിസ്റ്റുകാരുടെ കോട്ടയായ ബംഗാളിൽനിന്ന് ജയിച്ചു കയറിവന്ന അദ്ദേഹം എക്കാലവും കമ്യൂണിസ്റ്റ് നേതാക്കളുടെയും പ്രിയ സുഹൃത്തായിരുന്നു. ഈ രീതിയിൽ വ്യാപകമായ ബന്ധമുള്ള ഒരു നേതാവിനെ ഒന്നാം യുപിഎ സർക്കാറിന്റെ തലപ്പത്ത് ഉണ്ടായിരുന്നെങ്കിൽ, കോൺഗ്രസ് ഇന്നു കാണുന്ന രീതിയിൽ നാമവശേഷം ആവുമായിരുന്നില്ല എന്നും, മോദിയുഗം ഉണ്ടാകുമായിരുന്നില്ല എന്നും കരുതുന്നവർ ഏറെയുണ്ട്. അറിവ്, ഭരണപാടവം, പ്രതിസന്ധികളെ നേരിടാനുള്ള അസാധാരണ മികവ് ഇവയെല്ലാം ഒന്നിച്ച് വിളങ്ങിച്ചേർന്ന ഒരു അപൂർവ പ്രതിഭാശാലിയാണ് മുൻരാഷ്ട്രപതി. കോൺഗ്രസിലെ മറ്റ് നേതാക്കളെ പോലെ നെഹ്റു കുടുംബത്തിന്റെ മുന്നിൽ നട്ടെല്ല് വളച്ച് ഓച്ഛാനിച്ച് നില്ക്കുന്ന പ്രകൃതക്കാരനാല്ല പ്രണബ് കുമാർ മുഖർജി. 'മന്മോഹൻ സിങ്ങിന് പകരം പ്രണബ് മുഖർജി പ്രധാനമന്ത്രി ആയിരുന്നെങ്കിൽ കോൺഗ്രസ് ഇന്നത്തെ ഗതികെട്ട രൂപത്തിലാകില്ലായിരുന്നു. മോദി എന്നൊരു പ്രതിഭാസം പോലും ഒരുപക്ഷേ ഉടലെടുക്കില്ലായിരുന്നു.'- പ്രശ്സത മാധ്യമ പ്രവർത്തകൻ കരൺഥാപ്പർ ഒരിക്കൽ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.

വിനീത വിധേയന്റെ വിഡ്ഢിവേഷം കെട്ടാൻ ഒരിക്കലും തയ്യാറാകാത്ത പ്രണബ് മുഖർജി സോണിയാ ഗാന്ധിക്ക് ഒട്ടും സ്വീകാര്യനല്ലായിരുന്നു. രാഷ്ട്രീയ മോഹങ്ങളില്ലാത്ത തിരുവായ്ക്ക് എതിർവാ ഇല്ലാത്ത മന്മോഹൻ അങ്ങനെ അപ്രതീക്ഷിതമായി പ്രധാനമന്ത്രി കസേരയിലെത്തി. മന്മോഹൻ സാമ്പത്തിക വിദഗ്ധനാണ്, സത്യസന്ധനാണ്. പക്ഷെ അദ്ദേഹത്തിന് രാജ്യത്തിന്റെ നേതാവായി ഉയരുവാനോ ജനങ്ങളുമായി നേരിട്ട് സംവദിക്കാനോ കഴിഞ്ഞില്ല. ഈ ഗ്യാപ്പാണ് സത്യത്തിൽ മോദി മുതലെടുത്തത്. സോണിയാ ഗാന്ധിയുടെ രാഹുൽ ഗാന്ധിയുടെ വെറും പാവ മാത്രമെന്ന ഇമേജിൽ നിന്ന് പുറത്ത് കടക്കാൻ ഒരിക്കലും ഡോ. സിംങ്ങിന് കഴിഞ്ഞില്ല അദ്ദേഹം അതിനായി ഒരിക്കലും ശ്രമിച്ചതുമില്ല.

നെഹ്റു ഫാമിലിയുടെ രാജപദവിക്ക് ഊനം തട്ടുമെന്നുള്ള ഹൈക്കമാൻഡ് ആശങ്കയാണ് ബംഗാളിന്റെ പ്രിയപ്പെട്ട പ്രണബ് ദായ്ക്ക് പ്രധാനമന്ത്രി സ്ഥാനം നിഷേധിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. തൽഫലമോ,വിവരാവകാശ നിയമം, ദേശീയ തൊഴിലുറപ്പ് പദ്ധതി, ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിൗ ജനപക്ഷ ഭൂമിയേറ്റെടുക്കൽ നിയമം അങ്ങനെ എത്രയോ വിപ്ലവകരമായ നിയമനിർമ്മാണങ്ങളും ക്ഷേമപദ്ധതികളും നടപ്പിലാക്കിയ യുപിഎ സർക്കാരിനെ നയിച്ച കോൺഗ്രസ് ഇന്ന് കേവലമൊരു പ്രാദേശിക പാർട്ടിയുടെ നിലയിലേക്ക് പാർലമെന്റിൽ കൂപ്പുകുത്തി വീണിരിക്കുന്നു.

ഒന്നും രണ്ടും യുപിഎ ഭരണം സോണിയാ ഗാന്ധിയുടെ സമ്പൂർണ്ണ നിയന്ത്രണത്തിലായിരുന്നു. പക്ഷെ ഇന്ത്യൻ ജനത അപ്പോഴേക്കും കോൺഗ്രസിനെ സമ്പൂർണ്ണമായി കൈവിട്ട് കഴിഞ്ഞിരുന്നു.പ്രണബ് മുഖർജിയെ ഒതുക്കുന്നതിൽ വിജയിച്ച കോൺഗ്രസ് ഹൈക്കമാൻഡ് പക്ഷെ പാർട്ടിയെ രക്ഷിക്കുന്നതിൽ എല്ലാ അർത്ഥത്തിലും പരാജയപ്പെട്ടു. രണ്ടാം യുപിഎ സർക്കാറിൽ അഴിമതി സാർവത്രികമായപ്പോൾ അത് നിയന്ത്രിക്കാനുള്ള പ്രാഗൽഭ്യവും മന്മോഹന് ഇല്ലാതെപോയി. ഒടുവിൽ രാഷ്ട്രപതി ഭവനിലെ അധികാരമില്ലാ കസേരയിൽ കുടിയിരുത്തി പ്രണബ് മുഖർജിയെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും നരേന്ദ്ര മോദിയുടെ വിജയകാഹളം മുഴങ്ങിക്കഴിഞ്ഞിരുന്നു. കോൺഗ്രസ് നടത്തിയ വിഡ്ഡിത്തങ്ങൾക്കുള്ള തിരിച്ചടികൂടിയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്ന് ചുരുക്കം.

കൃഷ്ണമേനോന്റെ ഇലക്ഷൻ എജന്റായി തുടക്കം

1935 ഡിസംബർ 11ന് ബംഗാളിലെ കിർണാഹർ ടൗണിനടുത്ത് മിറാത്തി ഗ്രാമത്തിലാണ് പ്രണബിന്റെ ജനനം. അച്ഛൻ സ്വാതന്ത്ര്യസമരസേനാനിയും എഐസിസി അംഗവുമായിരുന്ന കമദ കിങ്കർ മുഖർജി. അമ്മ രാജലക്ഷ്മി. കൊൽക്കത്ത സർവകലാശാലയിൽനിന്ന് ചരിത്രം, രാഷ്ട്രമീമാംസ, നിയമം എന്നീ വിഷയങ്ങളിൽ ബിരുദങ്ങൾ കരസ്ഥമാക്കി . പോസ്റ്റൽ ആൻഡ് ടെലഗ്രാഫ് വകുപ്പിലായിരുന്നു ആദ്യ ജോലി. 1963 ൽ വിദ്യാനഗർ കോളേജിൽ അദ്ധ്യാപകനായി ജോലിക്കു ചേർന്നു. രാഷ്ട്രീയത്തിലേക്ക് കാൽവെക്കുന്നതിനു മുമ്പ് പത്രപ്രവർത്തകനായും ജോലി ചെയ്തിട്ടുണ്ട്.

ബംഗാൾ കോൺഗ്രസ്സിലൂടെയായിരുന്നു പ്രണബിന്റെ രാഷ്ട്രീയ പ്രവേശം. 1969-ലെ തെരഞ്ഞെടുപ്പിൽ പശ്ചിമ മിഡ്‌നാപുരിൽ വി.കെ. കൃഷ്ണമേനോന്റെ ഇലക്ഷൻ ഏജന്റായി പ്രവർത്തിച്ചു. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൃഷ്ണമേനോൻ വിജയിച്ചു. പ്രണബിന്റെ കാര്യക്ഷമതയും, പ്രവർത്തനമനോഭാവവും ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയിൽപ്പെടാനിടയായതോടെ അവർ പ്രണബിനെ കോൺഗ്രസ്സ് ക്യാമ്പിലെത്തിച്ചു.1969ൽ രാജ്യസഭാംഗമായാണ് പാർലമെന്ററി രംഗത്തേക്കുള്ള പ്രവേശനം. 1973-ൽ കേന്ദ്ര വ്യവസായ സഹമന്ത്രിയായി. പിന്നീട് ഇന്ദിര മന്ത്രിസഭയിൽ ധനമന്ത്രിയായ അദ്ദേഹം കേന്ദ്രസർക്കാറിൽ മാത്രമല്ല, കോൺഗ്രസ്സിന്റെ രാഷ്ട്രീയനയരൂപവത്കരണത്തിന്റെയും മുഖ്യസൂത്രധാരനായി. 1975 ലെ അടിയന്തരാവസ്ഥകാലത്ത് ഇന്ദിരയുടെ കൂടെ നിന്നു. 1982 ലും 1984 ലും ധനകാര്യമന്ത്രിയായി.
ഇന്ദിരയുടെ മരണത്തിനുശേഷം കോൺഗ്രസ്സിൽ അധികാരവടംവലി രൂക്ഷമായപ്പോൾ പ്രണബ് പിന്തള്ളപ്പെട്ടു.

ഡെങ്ങ് സിയാവോ പിങ്ങിന്റെ ആരാധകൻ

ഇന്ദിരാഗാന്ധിയുടെ മരണശേഷം പ്രണബ് മുഖർജി പ്രധാനമന്ത്രി അയേക്കുമെന്ന് പരക്കെ സംസാരമുണ്ടായിരുന്നെങ്കിലും പിന്നീട് കണ്ട കാഴ്ച തീർത്തും വ്യത്യസ്തമായിരുന്നു. അദ്ദേഹം കോൺഗ്രസ്സിൽ നിന്ന് പുറത്തുപോകുന്ന അവസ്ഥയാണ് സംജാതമായത് . തുടർന്നു വന്ന രാജിവ് ഗാന്ധിയുടെ മന്ത്രിസഭയിൽ അദ്ദേഹത്തിന് മന്ത്രി പദവി കിട്ടിയില്ല. ഈ കാലഘട്ടത്തിൽ അദ്ദേഹം രാഷ്ട്രീയ സമാജ് വാദി കോൺഗ്രസ് രൂപീകരിച്ചൂ. പക്ഷെ , പിന്നീട് 1989 ൽ രാജീവ് ഗാന്ധിയുമായി സഖ്യത്തിലേർപ്പെട്ടു.

രാജീവ്ഗാന്ധിയുടെ കാലത്ത് പാർട്ടിയോട് പിണങ്ങിനിന്ന പ്രണബിനെ പിന്നീട് നരസിംഹറാവു ആസൂത്രണക്കമ്മീഷൻ വൈസ് ചെയർമാനായി തിരിച്ചെത്തിച്ചു. ഐഎംഎഫ്, ലോകബാങ്ക്, എഡിബി. എന്നിവയുടെയെല്ലാം ഭരണനിർവഹണസമിതിയിൽ അംഗമായ പ്രണബ് നരസിംഹറാവു സർക്കാറിൽ ധനമന്ത്രിയുമായി. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള 33 മന്ത്രിതല സമിതികളെ പ്രണബ് ദാ നയിച്ചിട്ടുണ്ട്. 1985 മുതൽ പശ്ചിമ ബംഗാൾ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റായിരുന്നു. ജോലി ഭാരം നിമിത്തം 2010 ൽ അദ്ദേഹം ഈ തസ്തിക രാജിവെച്ചു . അദ്ദേഹം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ഡെങ് സിയോ പിങിന്റെ ആരാധകനായിരുന്നുവെന്ന് മാത്രമല്ല, പല മൊഴികളും ഉദ്ധരിക്കുകയും ചെയ്തിരുന്നു

രാജ്യസഭാംഗമായി ഏറെക്കാലം തുടർന്ന പ്രണബ് 2004ൽ പശ്ചിമബംഗാളിലെ ജങ്കിർപ്പുർ മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലെത്തി. 2009-ൽ വിജയം ആവർത്തിച്ചു. 1975, 1981, 1993, 1999 എന്നീ വർഷങ്ങളിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

വിക്കിലിക്സിൽ വരെ തെളിഞ്ഞത് കരുത്തുറ്റ പ്രതിരോധം

2004 ൽ മന്മോഹൻ സിങ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോഴാണ് പ്രണബിന് പ്രതിരോധ വകുപ്പ് മന്ത്രി പദം ലഭിക്കുന്നത്. 2006 വരെ ആ പദവിയിൽ അദ്ദേഹം തുടർന്നു. അമേരിക്കയുമായുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കാനായി പ്രണബ് ശ്രദ്ധിച്ചു. പ്രണബിന്റെ കാലത്തെ പ്രതിരോധ സംവിധാനത്തെക്കുറിച്ച് അമേരിക്കയുടെ അഭിപ്രായം വിക്കിലീക്‌സ് പുറത്തുവിട്ട ഒരു വാർത്തയിലുണ്ടായിരുന്നു. പ്രതിരോധ സേനയുടെ നേതൃത്വത്തേയും, പ്രണബിന്റെ കഴിവും അമേരിക്ക വളരെയധികം പ്രശംസിച്ചിരുന്നു.അമേരിക്കയുമായി ഒരു നല്ല ബന്ധം തുടർന്നുപോരുന്നതിനൊപ്പം തന്നെ റഷ്യയുമായി ആയുധവ്യാപാരങ്ങൾ ഇന്ത്യ പ്രണബിന്റെ നേതൃത്വത്തിൽ ചെയ്തിരുന്നു. ഇന്ത്യ റഷ്യയുടെ ഒരു പ്രധാനപ്പെട്ട ആയുധ വ്യാപാര പങ്കാളിയായിരുന്നു. ഇരു രാജ്യങ്ങളുമായി വളരെ നല്ല നയതന്ത്ര-വ്യാപാര ബന്ധം തന്നെ ഇന്ത്യ കാത്തു സൂക്ഷിച്ചിരുന്നു.

1995 ലാണ് പ്രണബ് മുഖർജി ഇന്ത്യയുടെ വിദേശ കാര്യവകുപ്പിന്റെ ചുമതലയേൽക്കുന്നത്. ആസിയാൻ സംഘടനയിൽ ഇന്ത്യ വ്യക്തമായ നിലപാടുകളുമായി സ്ഥാനമുറപ്പിച്ചത് പ്രണബ് വിദേശ കാര്യമന്ത്രിയായിരിക്കുന്ന സമയത്താണ്. പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ ഒരു ദീർഘവീക്ഷണത്തിന്റെ ഫലം കൂടിയായിരുന്നു ഇത്. 1996 വരെ മുഖർജി ഈ സ്ഥാനം വഹിച്ചിരുന്നു. 2006 ൽ മന്മോഹൻ സിങിനു കീഴിലാണ് പ്രണബ് രണ്ടാംവട്ടം വിദേശ കാര്യവകുപ്പിന്റെ ചുമതലയേൽക്കുന്നത്. യു.എസ് ഇന്ത്യ സിവിൽ ന്യൂക്ലിയാർ എഗ്രിമെന്റിൽ ഇന്ത്യക്കുവേണ്ടി ഒപ്പു വെച്ചത് പ്രണബ് മുഖർജിയായിരുന്നു.2008 ൽ മുംബൈയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ ഇന്ത്യക്കനുകൂലമായും, പാക്കിസ്ഥാനെതിരേയും ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിൽ പ്രണബ് മുഖർജി പ്രധാ പങ്കു വഹിച്ചതായി കരുതപ്പെടുന്നു.

വാണിജ്യകാര്യത്തിലും ധനകാര്യത്തിലും തിളങ്ങി

കേന്ദ്രമന്ത്രിസഭയിൽ പ്രണബ് മുഖർജി മൂന്നു തവണ വിവിധ കാലയളവിൽ വാണിജ്യകാര്യ വകുപ്പിന്റെ മന്ത്രിയായിരുന്നിട്ടുണ്ട്. 1980-1982 ലും, 1984 ലും ഇന്ദിരാ ഗാന്ധിയോടൊപ്പമായിരുന്നു. പിന്നീട് 1990 കളിൽ ആയിരുന്നു പ്രണബിന്റെ മൂന്നാമൂഴം. അവസാന വട്ടം മന്ത്രിയായിരുന്നപ്പോഴാണ് വേൾഡ് ട്രേഡ് ഓർഗനൈസേഷനുവേണ്ടി ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയിരുന്നു.

1982 ൽ ഇന്ദിരാ ഗാന്ധി മന്ത്രി സഭയിലാണ് പ്രണബ് ആദ്യമായി ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. 1982-1983 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പാർലിമെന്റിൽ അവതരിപ്പിച്ചത് പ്രണബ് ആയിരുന്നു. ഇന്ത്യയുടെ സമ്പദ്ഘടനയെ മെച്ചപ്പെടുത്താനുള്ള പ്രണബിന്റെ ശ്രമങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര നാണ്യ നിധിയിൽ നിന്നുമെടുത്തിരുന്ന വായ്പതുക ഇന്ത്യ തിരിച്ചടച്ചും ഇദ്ദേഹം ധനകാര്യവകുപ്പ് കയ്യാളിയിരുന്ന കാലത്താണ്. മന്മോഹൻ സിങിനെ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിക്കുന്നത് പ്രണബ് ധനകാര്യമന്ത്രിയായിരിക്കുന്ന കാലത്താണ്.

രാഷ്ട്രപതിയായും തിളങ്ങി

പ്രണബ് മുഖർജി രാഷ്ട്രപതിയെന്ന നിലയിലും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോൾ തന്നെ വലിയ ആവശേമാണ് ഉണ്ടായത്. യുപിഎ സ്ഥാനാർത്ഥിയായി മത്സരിച്ച പ്രണബിന് ആകെയുള്ള 10,29,924 വോട്ടുകളിൽ 7,13,937 വോട്ട് ലഭിച്ചു. ആകെ വോട്ടിന്റെ 69.31 ശതമാനം വരുമിത്. അതേസമയം, സാങ്മയ്ക്ക് 3,15,987 വോട്ട് മാത്രമാണ് നേടാനായത്. വോട്ടെണ്ണൽ അവസാനിച്ചപ്പോൾ 527 എംപി.മാരുടെ വോട്ട് പ്രണബിന് ലഭിച്ചു. എതിർസ്ഥാനാർത്ഥി സാങ്മയ്ക്ക് 206 പേരുടെ വോട്ടേ ലഭിച്ചുള്ളൂ.

രാഷ്ട്രപതി ഭവനിലും സൗമ്യവും ദീപ്തവുമായ പെരുമാറ്റം കൊണ്ട് ഏവരുടെ ശ്രദ്ധ അദ്ദേഹം ആകർഷിച്ചു. കൊളോണിയൽ കാലത്തെ ആദര സൂചകമായ ബഹുമതികളും ഉപചാരവാക്കുകളും വേണ്ട എന്ന നിലാപട്പോലും അദ്ദേഹം എടുത്തു. കോൺഗ്രസ് പാർട്ടിയുടെ നോമിനി ആയിരുന്നിട്ടുകൂടി അദ്ദേഹം വലിയ പിന്തുണയാണ് മോദി സർക്കാറിന് കൊടുത്തത്. പ്രണബ് വിരമിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെ എഴുതി.'അറിവിന്റെ കലവറയാണ് താങ്കൾ എന്ന് എല്ലാവർക്കുമറിയാം. രാഷ്ട്രീയം, സാമ്പത്തികം, വിദേശകാര്യം, സുരക്ഷ തുടങ്ങി ദേശീയവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളിൽ അങ്ങയുടെ ഉൾക്കാഴ്ചയിൽ ഞാൻ വിസ്മയിച്ചിട്ടുണ്ട്. താങ്കളുടെ ബൗദ്ധികബലം എന്നെയും എന്റെ ഗവൺമെന്റിനെയും സഹായിച്ചിട്ടുണ്ട്'.- മോദി പറയുന്നു. അതെ പ്രണബ് വിടവാങ്ങുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു യുഗം തന്നെയാണ് അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP