Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഇരുമ്പുമറക്കുള്ളിൽ എല്ലാം മൂടിവെച്ച് മഹാമാരി ലോകം മുഴുവൻ എത്തിച്ച ഷീ ജിൻ പിങ്; റോമാ നഗരം കത്തിയെരിയുമ്പോൾ വീണവായിച്ചപോലെ സുഖലോലുപനായ ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യുസപ്പേ കോണ്ടേ; രാഷ്ട്ര നേതാവിൽ നിന്ന് വെറും ബിസിനസുകാരനായി മാറിയ ട്രംപ്; കോവിഡ് ടെസ്റ്റ് നടത്തിച്ച് സുരക്ഷിതരായ ആളുകളെ മുന്നിൽ നിർത്തി കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തും ഇമേജ് ഉണ്ടാക്കുന്ന പുടിൻ; രോഗികളെ വെടിവെച്ച് കൊല്ലുന്ന കിംജോങ് ഉൻ; കൊറോണക്കാലത്തെ രാഷ്ട്രീയ വില്ലന്മാർ ഇവർ തന്നെ

ഇരുമ്പുമറക്കുള്ളിൽ എല്ലാം മൂടിവെച്ച് മഹാമാരി ലോകം മുഴുവൻ എത്തിച്ച ഷീ ജിൻ പിങ്; റോമാ നഗരം കത്തിയെരിയുമ്പോൾ വീണവായിച്ചപോലെ സുഖലോലുപനായ ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യുസപ്പേ കോണ്ടേ; രാഷ്ട്ര നേതാവിൽ നിന്ന് വെറും ബിസിനസുകാരനായി മാറിയ ട്രംപ്; കോവിഡ് ടെസ്റ്റ് നടത്തിച്ച് സുരക്ഷിതരായ ആളുകളെ മുന്നിൽ നിർത്തി കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തും ഇമേജ് ഉണ്ടാക്കുന്ന പുടിൻ; രോഗികളെ വെടിവെച്ച് കൊല്ലുന്ന കിംജോങ് ഉൻ; കൊറോണക്കാലത്തെ രാഷ്ട്രീയ വില്ലന്മാർ ഇവർ തന്നെ

എം മാധവദാസ്

കോവിഡിനെ നേരിടുന്നതിൽ എന്താണ് നമ്മുടെ പ്രധാന തടസ്സം. മഹാമാരി ലോകം മുഴുവൻ ഭീതി വിതക്കുമ്പോൾ ആഗോള മാധ്യമങ്ങളും സാമൂഹിക പ്രവർത്തകരും എഴുത്തുകാരും ഒരുപോലെ ചർച്ചചെയ്യുന്ന ഒരു വിഷയമാണിത്. വൈറസിനെ നേരിടുന്നതിലെ പാകപ്പിഴകൾക്ക് ഒപ്പം മോശമായ രാഷ്ട്രീയ കാലാവസ്ഥയും ഇതോടൊപ്പം ഉണ്ട്. പ്രശസ്ത ശാസത്രകാരനും എഴുത്തുകാരനുമായ യുവാൽ നോഹ ഹരാരി ചൂണ്ടിക്കാട്ടുന്നത് നോക്കുക. '2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ പ്രതിസന്ധികളെ മറികടക്കുന്നതിന് ശേഷിയുള്ള നേതൃത്വവും അതിനെ വിശ്വാസത്തിലെടുക്കുന്ന ജനതയുമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ അന്താരാഷ്ട്ര രംഗത്ത് പരസ്പര വിശ്വാസത്തിന്റെ വലിയ അഭാവം ഉണ്ടായിട്ടുണ്ട്. 2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തായാലും 2014ലെ എബോള ബാധയുടെ കാലത്തായാലും അമേരിക്കയിൽ ഒരു നേതൃത്വത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ അന്താരാഷ്ട്ര രംഗത്ത് ഇപ്പോൾ അമേരിക്കയ്ക്ക് അത്തരമൊരു നേതൃസ്ഥാനമില്ല. നേതൃത്വത്തിന്റെയും സഹകരണത്തിന്റെയും ഈ അഭാവമാണ് ഇതുപോലുള്ള മഹാമാരിയുടെ കാലത്ത് ഏറ്റവും വലിയ പ്രശ്‌നം.'- സിഎൻഎന്നിൽ വന്ന ഹരാരിയുടെ ലേഖനം വൈറൽ ആയതോടെ ലോകരാഷ്ട്രീയക്കാരുടെ കഴിവുകേടുകാണ് ഇപ്പോൾ സിഎൻഎന്നും, ബിബിസിയും, ചാനൽ ഫോറും, ന്യൂയോർക്ക് ടൈംസും അടക്കമുള്ള മാധ്യമങ്ങൾ ചർച്ചചെയ്യുന്നത്.

ഇതിൽ കോവിഡിനെ ഈ രീതിയിൽ പടരാൻ ഇടയാക്കിയ രാഷ്ട്രീയ വില്ലന്മാരുടെ ചിത്രം ചാനൽ ഫോർ വിശദമായി ചർച്ചചെയ്യുന്നുണ്ട്. ചൈനയുടെ ഷീ ജിൻ പിങ്ങ് മുതിൽ ട്രംപ്വരെയുള്ള രാഷ്ട്രീയക്കാരെ ഒരു പ്രശ്നം ഹാൻഡിൽ ചെയ്യാൻ കഴിയാത്ത അൽപ്പ ബുദ്ധികൾ ആയാണ് ഇവർ വിശേഷിപ്പിക്കുന്നത്. അതേസമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ കോവിഡിനെ നേരിടുന്നതൽ ജാഗ്രത കാട്ടിയന്നും ലോകമാധ്യമങ്ങൾ വിലയിരുത്തുന്നുണ്ട്.

ഷീ ജിൻപിങ് എന്ന 'നഗ്നായ കോമാളി'

ചാനൽ ഫോർ അതിന്റെ ചർച്ചകളിൽ കൊവിഡ് കാലത്തെ പ്രധാന വില്ലനായി പറയുന്നത് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനെയാണ്. ചൈനയുടെ സർവ്വാധികാരിയും സർവ്വസൈനാധിപനുമൊക്കെ പ്രസിഡന്റ് തന്നെയാണ്. കമ്യൂണിസ്റ്റ് ഇരുമ്പുമറയിൽ നിൽക്കുന്ന ഈ രാഷ്ട്രത്തിൽ പ്രസിഡന്റ് അറിയാതെ ഒന്നും നടക്കില്ല. പുതിയ ഒരു വൈറസ് റിപ്പോർട്ട് ചെയതപ്പോൾ ചൈനീസ്് എപ്പിഡമിക്ക് കൺട്രോൾ സെൽ നേരിട്ട് റിപ്പോർട്ട് ചെയ്തതും പ്രസിഡന്റിന് മുന്നിലാണ്. എന്നാൽ രാജ്യത്തിന്റെ സൽപ്പേര് നഷ്ടമാവുമെന്ന ഭയവും അമിതമായ ആത്മവിശ്വാസവും മൂലവും പ്രസിഡന്റ് വിഷയം മൂടിവെക്കുയായിരുന്നു. വൂഹാനിലടക്കം മരണം താണ്ഡവമാടിയപ്പോൾ ആ വഴിക്ക് തിരഞ്ഞുനോക്കുകപോലും ചെയ്യാത്ത ഷീ ജിൻപിങ്് രോഗം ശമിച്ചപ്പോൾ വൂഹാനിലെത്തി ജനങ്ങളെ അഭിസംബോധനചെയ്ത് തന്റെ രാഷ്ട്രീയ മൈലേജ് വർധിപ്പിക്കയാണ് ഉണ്ടായതെന്ന് ചാനൽഫോർ അവതാരകൻ പീറ്റർ ഗുസ്റ്റാവ് ചൂണ്ടിക്കാട്ടുന്നു.

അതായത് ഇപ്പോൾ ചൈന ലോകത്തിന് മാതൃകമാണെന്ന് കേരളത്തിലടക്കം കമ്യൂണിസ്റ്റ് തള്ളുകാർ പറയുന്നതുപോലെയല്ല കാര്യങ്ങൾ. എല്ലാം കുളമാക്കി ലോകത്തുമൊത്തം കൊറോണയെത്തിച്ചതും ചൈനതന്നെയാണ്. തുടക്കത്തിൽ ചില വിമതസ്വരങ്ങൾ ഉയർന്നതിനെ ഷി ജിൻപിങ് ഗവൺമെന്റ് നിർദയം അടിച്ചമർത്തുകയായിരുന്നു. ആദ്യമായി കൊവിഡ് 19 നെപ്പറ്റി പരസ്യമായി മിണ്ടിയ ഡോക്ടറെ പൊലീസ് ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി ഭീഷണിപ്പെടുത്തി. രണ്ടു ദിവസം തടവിൽ പാർപ്പിച്ച ഡോക്ടർ പിന്നീട് കൊവിഡ് 19 ബാധിച്ചു തന്നെ മരിച്ചു. ചൈനയിലെ ആശുപത്രികൾ നേരിട്ട് സന്ദർശിച്ചപ്പോൾ താൻ കണ്ട ദുരിതം നിറഞ്ഞ കാഴ്ചകളെപ്പറ്റി തന്റെ യൂട്യൂബ് വീഡിയോകളിലൂടെ ജനങ്ങളെ അറിയിച്ച, സ്വതന്ത്ര മാധ്യമപ്രവർത്തകനും അറിയപ്പെടുന്ന മനുഷ്യാവകാശപ്രവർത്തകനും അഭിഭാഷകനുമൊക്കെയായ, ചെൻ ക്വിഷി അപ്രത്യക്ഷമായിട്ട് ഇന്നുവരെ എവിടെ എന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

തന്റെ മകനെ ഗവൺമെന്റ് ഉന്മൂലനം ചെയ്യാൻ സാധ്യതയുണ്ട് എന്നു പരാതിപ്പെട്ടുകൊണ്ട് ചെന്നിന്റെ അമ്മ രംഗത്തെത്തിയിരുന്നു. ഇപ്പോൾ അവരുടെ പരാതികളും എവിടെയും കേൾക്കാനില്ല. അതിനു ശേഷം, കൊറോണാ വൈറസിനെതിരെ പടവാളുമായിറങ്ങിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ 'നഗ്നനായ കോമാളി' എന്നുവിളിച്ചതിന്റെ പേരിൽ പ്രസിദ്ധനായ റിയൽ എസ്റ്റേറ്റ് കമ്പനി മേധാവി റെൻ സിക്വിയാങ്ങിനെയും കാണാതായി. മുൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗം കൂടിയായ അദ്ദേഹത്തെ ഗവൺമെന്റ് അപ്രത്യക്ഷനാക്കി എന്നാണ് പറയപ്പെടുന്നത്. കൊറോണയെ ചൈനീസ് വൈറസ് എന്ന് ട്രംപ് വിളിച്ചതിനെ തുടർന്ന് അമേരിക്കൻ അന്താരാഷ്ട്ര മാധ്യമങ്ങളായ വാഷിങ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേർണൽ എന്നിവയുടെ അന്താരാഷ്ട്ര റിപ്പോർട്ടർമാരോടും രാജ്യത്തിന് പുറത്താക്കയാണ് ഷീ ജിൻപിങ്് ചെയ്തത്. ചുരുക്കിപ്പറഞ്ഞാൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അനുമതിയോടെ മാത്രം വാർത്തകൾ അച്ചടിക്കുന്ന ഷിൻഹുവ പോലുള്ള മാധ്യമങ്ങൾ മാത്രമാണ് ചൈനയിൽ നിന്ന് ഇപ്പോഴും വാർത്തകൾ പുറത്തു വിടുന്നത്.

സ്തുതിപാഠകർ വാഴ്‌ത്തിപ്പാടും പോലെ അത്ര ഉദാത്തമാണ് ചൈനയിലെ ആരോഗ്യസംവിധാനവും, കൊവിഡ് 19 പോരാട്ട തന്ത്രങ്ങളും ഒക്കെ എങ്കിൽ സ്വതന്ത്ര മാധ്യമപ്രവർത്തനങ്ങളെ ഇത്രകണ്ട് ഭയക്കുന്നതെന്തിനാണ് ചൈനീസ് ഗവൺമെന്റ്? വിമർശന സ്വരങ്ങളോട് എന്തിനാണ് സർക്കാരിന് ഇത്ര അസഹിഷ്ണുത. മടിയിൽ കനമില്ല ഷീ ജിൻപിങിനെങ്കിൽ, തന്നെ 'നഗ്നനായ കോമാളി' എന്ന് വിളിച്ച സ്വന്തം പാർട്ടി അംഗത്തെ ഈ ഭൂമുഖത്തുനിന്നുതന്ന അപ്രത്യക്ഷനാക്കുന്ന നടപടിക്ക് അദ്ദേഹത്തെപ്പോലൊരാൾ ചൂട്ടുപിടിക്കുന്നതെന്തിനാണ്? ഒരു മാസം കഴിഞ്ഞു മാത്രമാണ് ചൈന കൊവിഡ് 19 മറ്റുരാജ്യങ്ങൾക്കു മുന്നിൽ സ്ഥിരീകരിക്കുന്നതും തങ്ങളുടെ വിമാനത്താവളങ്ങളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും. അതിനുള്ളിൽ, വുഹാനിലേക്ക് നിരന്തരം വന്നുപോയ്ക്കൊണ്ടിരുന്ന യാത്രക്കാർ വഴി ആ പകർച്ച വ്യാധി എത്തേണ്ടിടത്തൊക്കെ എത്തിക്കഴിഞ്ഞിരുന്നു. ഇത് ചൈന ലോകത്തോടുചെയ്ത കൊടും ചതിയെന്നാണ് വാഷിങ്്ടൺ പോസ്റ്റ് തലക്കെട്ടിട്ടത്.

വൈകി തുടങ്ങിയ നീക്കമെന്നതാണു ചൈനയുടെ നടപടികളുടെ പോരായ്മയായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിൽ വൈറസ് ബാധയുടെ ആദ്യ ദിനങ്ങളിൽ വുഹാൻ അധികൃതർ മന്ദഗതിയിലാണ് ഇതിനോടു പ്രതികരിച്ചിരുന്നത്. അജ്ഞാതമായ രോഗത്തെക്കുറിച്ചുള്ള വിവരം കൈമാറുന്നതു വൈകിയതോടെ നടപടിയും നീണ്ടതായി മിഷിഗൻ യൂണിവേഴ്സിറ്റിയിലെ പൊതുജനാരോഗ്യ ഗവേഷകൻ ഹോവാർഡ് മാർക്കൽ വ്യക്തമാക്കി. ഇതു ലോകത്താകെ കൊറോണ വ്യാപിക്കുന്നതിനു കാരണമായതായും അദ്ദേഹം പറഞ്ഞു. ഒരാഴ്ച നേരത്തേയെങ്കിലും ചൈന നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നെങ്കിൽ ചൈനയിലെ കേസുകൾ 67 ശതമാനമാക്കി തടഞ്ഞുനിർത്താൻ സാധിക്കുമായിരുന്നു. മൂന്ന് ആഴ്ച മുൻപ് പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നെങ്കിൽ ഇത് ഇപ്പോഴുള്ളതിന്റെ അഞ്ച് ശതമാനം മാത്രമാകുമായിരുന്നു.

മാത്രമല്ല ഈ മഹാമാരിയെ ചൈനയിൽ തന്നെ പടിച്ചുകെട്ടാമായിരുന്നു. പക്ഷേ ഷീ ജിൻപിങിന്റെ ധാർഷ്ട്യവും അമിത ആത്മവിശ്വാസവും ഏകാധിപത്യ പ്രവണതയും കാര്യങ്ങളെ അട്ടിമറിക്കയാണ് ചെയ്തത്. ദ ഗ്രേറ്റ് വില്ലൻ ഓഫ് കോവിഡ് എന്നാണ് ചാനൽ ഫോർ ഷീ ജിനപിങിനെ വിശേഷിപ്പിക്കുന്നത്.

കൊവിഡ് പകരുമ്പോഴും മദ്യം ഉപേക്ഷിക്കേണ്ടെന്ന് ഇറ്റാലിയൻ നേതാവ്

മരണനിരക്കുകൊണ്ട് ചൈനയെ മറികടന്ന ഇറ്റലിയിൽ ഭരണപക്ഷത്തുള്ള ഇറ്റാലിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് നിക്കോള സിംഗെരത്തിയെയാണ് മാധ്യമങ്ങൾ കോവിഡ് പരത്തിയ മഹനായ വില്ലനായി കാണുന്നത്. ഇറ്റലിയിൽ 650 പേർക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും 17 പേർ മരിക്കുകയും ചെയ്ത സമയത്താണ് നിക്കോള സിംഗെരത്തി ഇറ്റലിയിലെ വൻ നഗരങ്ങളിലൊന്നായ മിലാനിലേക്ക് ഫെബ്രുവരി 27 ന് ഒരു യാത്ര നടത്തിയത്. പതിനൊന്നു നഗരങ്ങൾ ലോക്ക്ഡൗൺ ചെയ്തതിനു പിന്നാലെയുള്ള സിംഗെരത്തിയുടെ യാത്ര വൻ വിവാദങ്ങൾക്ക് തിരികൊളുത്തി. കോവിഡ് 19 പടരുന്ന വടക്കൻ ഇറ്റലിയിലെ ലൊംബാർഡി പ്രവിശ്യയിലും സിംഗെരത്തിയെത്തി. ഒരു സംഘം വിദ്യാർത്ഥികൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നതിനു ശേഷം സിംഗെരത്തി സമൂഹമാധ്യമങ്ങളിൽ ഇപ്രകാരം കുറിച്ചു. 'ഭയപ്പെടേണ്ടതില്ല. ഇറ്റലിയുടെ സമ്പദ് വ്യവസ്ഥ അതിശക്തമാണ്. നമ്മൾ ശീലങ്ങൾ ഉപേക്ഷിക്കേണ്ടതില്ല. മദ്യവും ഒരു കപ്പ് കാപ്പിയും പീറ്റ്സയും ആവശ്യമുള്ളപ്പോൾ അനാവശ്യമായ ഭീതിയുടെ പേരിൽ ഇഷടങ്ങളൊന്നും ത്യജിക്കേണ്ടതില്ല'.

ഇത് പലർക്കും പ്രചോദനമായി. അന്ന് തന്നെ മിലാൻ മേയർ ബെപ്പെ സാല സമൂഹമാധ്യമങ്ങളിൽ 'മിലാൻ ഡെസ് നോട്ട് സ്റ്റോപ്പ്' എന്ന ശീർഷകത്തിൽ ഒരു വിഡിയോ പങ്കുവച്ചു. ആളുകൾ പരസ്പരം ആലിംഗനം ചെയ്യുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും പാർക്കിലൂടെ നടക്കുന്നതും ട്രെയിൻ കാത്തുനിൽക്കുന്നതും തുടങ്ങിയുള്ള ദൃശ്യങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ഒൻപത് ദിവസങ്ങൾക്ക് ശേഷം മാർച്ച് 5 ന് നിക്കോള സിംഗെരത്തിയുടെ ട്വീറ്റ് എത്തി.'ഞാനും കൊറോണ വൈറസ് ബാധിതനായിരിക്കുന്നു. ക്വാറന്റീനിലാണെന്നു എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. വീട്ടിലിരുന്നു തന്നെ ഞാൻ ചെയ്തിരുന്ന കാര്യങ്ങൾ തുടരും. ഞാനുമായി ബന്ധപ്പെട്ടവരെല്ലാം കോവിഡ് 19 ടെസ്റ്റുകൾക്ക് വിധേയരാകണം. നാം ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരെ പോരാടുക തന്നെ ചെയ്യും' നിക്കോള സിംഗെരത്തി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സിംഗെരത്തിയുടെ ട്വീറ്റ് ജനങ്ങൾ വായിക്കുമ്പോൾ കോവിഡ് 19 മരണങ്ങൾ 200 കടന്നിരുന്നു. അപ്പോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു. പൊതുസമൂഹത്തിൽ നിലയും വിലയുമുള്ള ഒരു നേതാവ് ഈ രീതയിൽ പെരുമാറുന്നതിന് പകരം സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ പ്രാധാന്യവും മറ്റുമല്ലേ പഠിപ്പിക്കേണ്ടത് ്എന്നാണ് ലോക മാധ്യമങ്ങൾ ചോദിക്കുന്നത്്.

സൗന്ദര്യ ആരാധകരും സുഖലോലുപരുമായ ജനത'- വിക്കീപീഡിയയിൽ പോലും ഇറ്റലിക്കാരെ പൊതുവെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. പൊതുവെ നിർഭയരും സഞ്ചാരപ്രിയരും ശുഭാപ്തിവിശ്വാസക്കാരും ആഘോഷ പ്രിയരും സഞ്ചാരപ്രിയരുമാണണ് ഇറ്റലിക്കാർ. അതുപോലെ തങ്ങളുടെ കഴിവിൽ അമിതമായി ആത്മിശ്വാസം പുലർത്തുന്നവരും. ഇതുതന്നെയാണ് കോവിഡ് കാലത്ത് വിനയായതെന്ന് റീഡിങ്ങ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ മറീന ഡെല്ല ജിയൂസ്റ്റ ലൈവ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.'നിങ്ങൾ ഹലോ എന്ന് പറയുമ്പോൾ പരസ്പരം ചുംബിക്കുക എന്നതാണ് ഇറ്റലിക്കാരുടെ പതിവ്. മെഡിറ്ററേനിയനുചുറ്റും ആളുകൾ തമ്മിൽ ഉയർന്ന ശാരീരിക സമ്പർക്കം ഉണ്ട്. ആളുകൾ യൂറോപ്പിലെ മറ്റ് ഭാഗങ്ങളേക്കാൾ വർഷത്തിൽ യാത്രചെയ്യുന്നും ഇറ്റലിക്കാരാണ്'- പ്രൊഫസർ മറീന ഡെല്ല ജിയൂസ്റ്റ ചൂണ്ടിക്കാട്ടുന്നു. ഈ ചുംബന സംസ്‌ക്കാരം തന്നെയാണ് ഇറ്റലിയെ സത്യത്തിൽ കുടുക്കിയത്. കെട്ടിപ്പിടിച്ച് ചുംബിക്കുക ആ നാട്ടിലെ ഒരു സംബോധന രീതിയിയാണ്. ജനുവരിയിൽ കോവിഡിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിട്ടും തികഞ്ഞ അലംഭാവമാണ് നാട്ടുകാരും ഭരണകൂടവും കാണിച്ചത്. ചൈന ഹസ്തദാനം നിരോധിച്ചുതുകൊണ്ടാണ് പിടിച്ചു നിന്നത്. ഹസ്താദാനത്തിനു പകരം കാലുകൾ പരസ്പരം മുന്നോട്ടുവെച്ച് ഒരു അഭിവാദന രീതയാണ് ചൈന സ്വീകരിച്ചത്. എന്നാൽ കൊറോണയുടെ സ്റ്റേജ് ഒന്നും രണ്ടും ഘട്ടത്തിനും ഇറ്റലിക്കാർ ചുംബനവും കെട്ടിപ്പിടുത്തവും ഒഴിവാക്കിയല്ല. കാരണം അമിത ആത്മവിശ്വാസം തന്നെ. പക്ഷേ കൊറോണക്കാലത്ത് നിങ്ങൾ അങ്ങനെ ചെയ്യരുതെന്ന് ഒരാൾപോലും ഇറ്റലിക്കാരോട് പറഞ്ഞില്ല. പധാനമന്ത്രി ജ്യുസപ്പേ കോണ്ടേ വരെ.

സുഖലോലുനായ ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യുസപ്പേ കോണ്ടേ

ജനങ്ങൾ തുരാ മരിച്ചുവീഴുമ്പോൾ മാത്രമാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യുസപ്പേ കോണ്ടേ സജീവമായതെന്നാണ് ഇപ്പോൾ ഇറ്റാലിയൻ മാധ്യമങ്ങൾ തന്നെ ആരോപിക്കുന്നത്. റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ച അഭിനവ നീറോ ചക്രവർത്തിയായിട്ടാണ് ബിബിസി ജ്യുസപ്പേ കോണ്ടേയെ വിശേഷിപ്പിച്ചത്്.'ഞാൻ വീട്ടിൽ തന്നെയായിരിക്കും' എന്ന മുദ്രവാക്യം ഉയർത്തി കൊറോണ വൈറസ് ബാധയെ നേരിടുന്ന ഇറ്റലിയുടെ മാസങ്ങൾക്കു മുൻപുള്ള ചിത്രം ഇങ്ങനെയൊന്നും ആയിരുന്നില്ല. നൂറുകണക്കിനു ആളുകൾ മരിച്ചു വീഴുമ്പോഴും ഭീതിയുടെ പേരിൽ ഇഷടങ്ങളൊന്നും ത്യജിക്കാൻ ഇറ്റാലിയൻ ജനത തയാറായിരുന്നില്ല. ആകെ മരണം 4,825 ആയി ശനിയാഴ്ച ഉയർന്നതോടെയാണ് ടെലിവിഷനിലൂടെ അത്യാവശ്യമില്ലാത്ത എല്ലാ ഫാക്ടറികളും അടയ്ക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യുസപ്പേ കോണ്ടേ നിർദ്ദേശം നൽകിയത്. എത്ര വലിയ അനാസ്ഥയെന്നോർക്കണം. യുവാൽ നേഹ ഹരാരി പറഞ്ഞപോലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേടുതന്നെ. കോവിഡ് പടരുമ്പോഴും കോണ്ടേ തന്റെ സുഖലോലുപ ജീവിതം ഉപേക്ഷിച്ചില്ലെന്നും മാധ്യമങ്ങൾ വിമർശിക്കുന്നുണ്ട്.

മാർച്ച് ആദ്യവാരം കൊറോണ വൈറസ് ബാധ അതിരൂക്ഷമായപ്പോഴും വെനീസിൽ ബാറുകളും റസ്റ്റോറന്റുകളും നിയന്ത്രണങ്ങളില്ലാതെ തന്നെ പ്രവർത്തിച്ചിരുന്നു. ബാറിൽ ആളെ കൂട്ടാൻ പലരും സൗജന്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. മാർച്ച് ആദ്യവാരം ടൂറിസ്റ്റുകൾ ഇറ്റലിയിൽ നിന്ന് കൂട്ടമായി പിൻവാങ്ങുമ്പോൾ തങ്ങളുടെ കച്ചവടം കുറഞ്ഞു പോയെന്ന് പരിഭവം പറയുകയായിരുന്നു ഇറ്റലിയിലെ വ്യാപാരികൾ. ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സന്ദേശങ്ങളാണ് രാഷ്ട്രീയ നേതാക്കൾ പ്രചരിപ്പിച്ചിരുന്നതും. ഈ സമയത്തൊക്കെ മൗനിയായിരിക്കുന്ന സാമ്പത്തിക കാര്യങ്ങളിൽ മാത്രം ആശങ്കാകുലനായ ഒരു പ്രധാനമന്ത്രിയെയാണ് ഇറ്റലിയിൽ കാണാൻ കഴിയുന്നത്. മാർച്ച് 8 വരെ ജനജീവിതം സാധാരണ നിലയിലായിരുന്നു. മാർച്ച് 8ന് ക്വാറൻീൻ ചെയ്യാനുള്ള ഔദ്യോഗിക നിർദ്ദേശം വരുന്നതിനു തൊട്ടുമുൻപേ വാർത്ത പുറത്തായത് ആയിരങ്ങളെ പ്രകോപിച്ചു. ലൊംബാർഡി പ്രവിശ്യയിൽ നിന്നും മിലാനിൽ നിന്നും വൻതോതിൽ കൂട്ട പലയാനം ഉണ്ടായി. നിർദ്ദേശം വന്ന് 2 ദിവസങ്ങൾക്കു ശേഷമാണ് ബാറുകൾക്കും റെസ്റ്റോറൻുകൾക്കും പൂട്ടുവീണത്. ക്വാറൻീൻ സന്ദേശങ്ങളെ ആദ്യം തമാശയായാണ് ഇറ്റാലിയൻ ജനത കണ്ടിരുന്നതെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ട്രോളുകളും തമാശകളുമായിരുന്നു സമൂഹമാധ്യമങ്ങളിൽ. മരണം തുടർക്കഥയായതോടെ തുടക്കത്തിലെ ചിരി മാഞ്ഞു. ആളുകൾ നഗരങ്ങളിൽ നിന്ന് സ്വയം പിൻവാങ്ങാൻ തുടങ്ങി. കവിളിൽ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും നിരോധിക്കപ്പെട്ടു. സാമൂഹികമായ അകൽച്ച വൻതോതിൽ പ്രോത്സാഹിപ്പിക്കപ്പെട്ടു. സമ്പർക്ക വിലക്ക് നിലവിൽ വന്നിട്ടും വീണു കിട്ടിയ അവധി ദിനങ്ങൾ ഒത്തുച്ചേരലിനുള്ള അവസരമായി കണ്ടവരും നിരവധിയായിരുന്നു. ഈ സമയത്ത് ഒന്നും തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാനും വിപത്തിനെ കുറിച്ച് ബോധവത്്ക്കരിക്കാനും ഒന്നും ജ്യുസപ്പേ കോണ്ടേ തയ്യാറായില്ല.

ക്വാറൻീൻ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ നിർദ്ദേശം ലംഘിച്ചതിന് 40000 പേരെയായിരുന്നു ഇറ്റാലിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. ' രാഷ്ടീയക്കാരുടെ ഭാഷ മാറാൻ തുടങ്ങിയപ്പോൾ ജനങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നു. വീട്ടിലിരിക്കണമെന്നും രോഗവാഹകരാകരുതെന്നും നേതാക്കൾ കർശന നിർദ്ദേശം നൽകിയതോടെ അത് അനുസരിക്കാൻ ജനങ്ങൾ നിർബന്ധിതരായി സൈക്കോളജിസ്റ്റായ സാറ രഗിൻനെല്ലി പറയുന്നു. ഈ സമയത്തൊന്നും ശക്തമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടായില്ല. എല്ലാം കൈവിട്ട് പോയ സമയത്താണ കോണ്ടേ ക്യൂബയുടെ സഹായംപോലും തേടിയത്. ക്യൂബയിൽനിന്നുവന്ന 52 അംഗ ഡോക്ടർമാരുടെ സംഘം ഇറ്റലിയുടെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല ഉയർത്തിയത്. ജനങ്ങളുടെ വക്കീൽ എന്ന പ്രതിഛായ ഉയർത്തിയാണ് മുൻ നിയമ പ്രൊഫസർ ആയ കോണ്ടേ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇയാൾ ഇപ്പോൾ ഫീസില്ലാ വക്കീലായെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങളുടെ പരിഹാസം. പ്രധാനമന്ത്രിയുടെ രാജിക്കായും ഇപ്പോൾ ഇറ്റലിയിൽ മുറവിളി ഉയരുന്നുണ്ട്.
പക്ഷേ ഇതുപറയാൻ ഇറ്റാലിയൻ മാധ്യമങ്ങൾക്ക് എന്ത ധാർമ്മികതയാണുള്ളതെന്ന മറുചോദ്യവും ഉയരുന്നുണ്ട്. കാരണം സർക്കാർ ഇന്നയിന്ന സ്ഥലങ്ങളിൽ റെഡ്സോൺ പ്രഖ്യാപിക്കുന്നു എന്നകാര്യം നേരത്തെ ചോർത്തി നിൽകിയത്് ഇറ്റാലിയൻ മാധങ്ങൾ പ്രസിദ്ധീകരിച്ചു. ഇതോടെ പതിയാതത്തോളം ജനങ്ങൾ റെഡ്സോൺ ഏരിയയിൽനിന്ന് പുറത്തുചാടി. ഇവരാണ് രോഗം ഇറ്റലി മുഴവൻ പരത്തിയത്. അതായത് സാമൂഹിക പ്രതിബന്ധതയില്ലാത്ത ഇറ്റാലിയൻ മീഡിയയാണ് രാജ്യത്തെ തുലച്ചതെന്നാണ് ഭരണകക്ഷി ആരോപിക്കുന്നത്.

രാഷ്ട്രീയക്കാരനിൽ നിന്ന് ബിസിനസുകാരനിലേക്ക് താഴ്ന്ന ട്രംപ്

്അമേരിക്കയിൽ ഈ രീതിയിൽ കോവിഡ് പടർന്നതിൽ പ്രസിഡന്റ് ട്രപിനും ഉത്തരവാദിത്വം ഉണ്ടെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്ന വിമർശനം. പ്രമുഖ മാധ്യമങ്ങളായ വാഷിങ്ങ്ടൺ പോസ്റ്റും, ന്യൂയോർക്ക് ടൈസും ഇത വിമർശനം ഉന്നയിക്കുന്നുണ്ട്. റിക് ലെവിറ്റ്സ് അടക്കമുള്ള അമേരിക്കയിലെ സുപ്രസിദ്ധ മാധ്യമപ്രവർത്തകരിൽ പലരും രൂക്ഷവിമർശനമാണ് ട്രംപിനുനേരെ ഉയർത്തുന്നത്. ട്രംപിന്റെ ജനപ്രീതീതിയാവട്ടെ ഇതോടെ കുത്തനെ ഇടിയുകയുമാണ്. പ്രസിഡന്റ് തെരഞ്ഞെുടപ്പ് കാമ്പയിനിടെ ഇത് അദ്ദേഹത്തിന് കിട്ടുന്ന അപ്രതീക്ഷിത അടിയായി മാറി. ഇതോടെ ഇനി ഒരു ഊഴം കൂടി ട്രംപിന് കിട്ടുമോ എന്നതും സംശയാസ്പദമാണ്.

. ലോകത്തെ മികച്ച ചികിത്സാകേന്ദ്രങ്ങളിൽ ഭൂരിപക്ഷവും അമേരിക്കയിലാണ്. എന്നാൽ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള മുപ്പത് ദശലക്ഷം അമേരിക്കക്കാർക്ക് പ്രാഥമിക ചികിത്സപോലും നിഷേധിക്കപ്പെടുന്നു എന്നതാണ് അമേരിക്കൻ മാതൃകയുടെ ദൂഷ്യ വശം. സ്വകാര്യ ഇൻഷൂറൻസിന്റെ അടിസ്ഥാനത്തിലാണ് പൊതുജനാരോഗ്യ സംവിധാനം പ്രവർത്തിക്കുന്നത്. ഇൻഷൂറൻസ് കവറേജില്ലാത്തവർക്ക് ചികിത്സ നിഷേധിക്കപ്പെടും. പ്രതീശീർഷ ആരോഗ്യ ചെലവ് അമേരിക്കയിൽ കുതിച്ചുയരുകയുമാണ്. ആരോഗ്യ നിലവാരത്തിൽ അമേരിക്കയേക്കാൾ മുൻ പന്തിയിലുള്ള ബ്രിട്ടനിൽ പ്രതിശീർഷ ആരോഗ്യ ചെലവ് 3200 ഡോളറായിരിക്കെ അമേരിക്കയിലത് 8000 ഡോളറായി വളരെ ഉയർന്ന് നിൽക്കുന്നു. ഒബാമ കെയർ എന്ന് വിളിക്കുന്ന ആരോഗ്യ പദ്ധതി നടപ്പിലാക്കികൊണ്ട് ദരിദ്രരായ അമേരിക്കക്കാർക്ക് ആരോഗ്യ സേവനം ഉറപ്പാക്കുന്നതിനും ആരോഗ്യ ചെലവ് കുറക്കുന്നതിനുമായി മൂൻ പ്രസിഡന്റ് ബാരക് ഒബാമ ശ്രമിച്ചത് ഈ സാഹചര്യത്തിലായരിരുന്നു. എന്നാൽ പാഴ്‌ച്ചെലവാണെന്ന് പറഞ്ഞ് ട്രംപ് ആദ്യം റദ്ദാക്കിയത് അമേരിക്കയിലെ ദരിദ്രന് സൗജന്യ ചികിൽസ കിട്ടുന്ന ഈ നടപടിയായിരുന്നു. ഇപ്പോൾ കോവിഡിൽ മരിച്ചവരിൽ നല്ലൊരു ശതമാനവും ഇടത്തരക്കാരും പാവങ്ങളുമാണ്.

2018ലെ സെൻസസ് പ്രകാരം അമേരിക്കയുടെ ജനസംഖ്യയുടെ 8.5 ശതമാനം പേർക്ക് ഇൻഷ്വറൻസ് ഇല്ല. ഏകദേശം 27.5 ലക്ഷം പേർ ഇത്തരത്തിൽ കൊറോണയുണ്ടായിട്ടും ആശുപത്രിയിൽ പരിശോധനയ്ക്ക് പോകാൻ മടിക്കുന്നവരായി ഉണ്ടാകും എന്നർത്ഥം. മാർച്ച് 12 -ന് ഡെമോക്രാറ്റിക് പാർട്ടിയുടെ കോൺഗ്രസ് അംഗം കാറ്റി പോർട്ടർ അമേരിക്കയുടെ സെന്റേഴ്സ് ഫോർ ഡിസീസസ് കൺട്രോൾ പ്രതിനിധികളുടെ മുന്നിൽ അവതരിപ്പിച്ചതാണ് ഈ കണക്കുകളും അതുമായി ബന്ധപ്പെട്ട ഈ ആശങ്കയും ഉയർന്നത്. ഇത്ര വലിയ ചെലവുണ്ടാകും എന്ന് ഭയന്ന് കൊവിഡ് 19 ബാധയുണ്ടാകും എന്ന് ഭയപ്പെട്ടുകൊണ്ട് പരിശോധിക്കാതിരിക്കുന്ന എത്ര പേരുണ്ടാകും? അവർക്ക് ഈ ചെലവുകൾ സർക്കാർ വഹിക്കും എന്നുറപ്പുകൊടുക്കണം, അവരെക്കൂടി എത്രയും പെട്ടെന്ന് പരിശോധനയുടെ പരിധിയിൽ കൊണ്ടുവരണം എന്ന് അവർ നിർബന്ധപൂർവം പറഞ്ഞപ്പോൾ സെന്റേഴ്സ് ഫോർ ഡിസീസസിന്റെ പ്രതിനിധികൾക്ക് അത് ഒടുവിൽ സമ്മതിക്കേണ്ടി വന്നു. ആരോഗ്യരംഗത്തെ പ്രതിനിധികളെ കോൺഗ്രെഷണൽ ഹിയറിങ് വേളയിൽ തന്റെ വാക്ചാതുരി കൊണ്ട് മുൾമുനയിൽ നിർത്തി, ഇൻഷുറൻസില്ലാത്ത പാവപ്പെട്ട കൊവിഡ് 19 ബാധിതർക്ക് ഗുണകരമാകുന്ന ഇത്തരമൊരു തീരുമാനത്തിലേക്ക് കൊണ്ടുവന്നതിന്റെ പേരിൽ കേറ്റി പോർട്ടർക്ക് അമേരിക്കയിൽ ഇപ്പോൾ ഒരു ദേശീയ ഹീറോ പരിവേഷമാണുള്ളത്.

അമേരിക്കയിൽ രണ്ടുതരം രോഗികളുണ്ട്, ഇൻഷുറൻസ് ഉള്ള രോഗികളും, ഇൻഷുറൻസ് ഇല്ലാത്ത രോഗികളും. ഇൻഷുറൻസ് ഇല്ലാത്ത രോഗികൾക്ക് ചിന്തിക്കാൻ പോലുമാവാത്തത്ര അധികമാണ് അമേരിക്കയിലെ ആരോഗ്യ രംഗത്ത് ഓരോ പരിശോധനയ്ക്കും ചികിത്സയ്ക്കും വേണ്ടി വരുന്ന ചെലവ്. ആ ബില്ലുകൾ താങ്ങാനാവാത്തതു കൊണ്ട്, രോഗത്തിന്റെ ലക്ഷണങ്ങൾ അസഹ്യമാകുന്നതുവരെ ഇൻഷ്വറൻസ് ഇല്ലാത്തവർ അവിടത്തെ ആശുപത്രികളുടെ പരിസരത്തു പോലും പോവില്ല എന്നർത്ഥം. കോവിഡ് സ്ഥിരീക്രിക്കാനായുള്ള പരിശോധനകൾ CBC, Metabolic , Flu 'A', Flu 'B' എന്നിവയാണ്. ഈ മൂന്നു ടെസ്റ്റുകൾക്കും കൂടി അവിടെ 180ഡോളർ എങ്കിലും ആകും. അതായത് 13,300 ഇതന്ത്യൻ രൂപ. കൊവിഡ് 19 ബാധിച്ചിട്ടുണ്ട് എന്ന സംശയവുമായി ഒരു ആശുപത്രിയിലെ എമർജൻസി റെസ്പോൺസിന്റെ കൺസൾട്ടേഷൻ എടുക്കണമെങ്കിൽ 1,151 ഡോളർ എങ്കിലുമാകും. അതായത് ഇന്നത്തെ വിനിമയ നിരക്കിൽ ചുരുങ്ങിയത് 85,000 രൂപയെങ്കിലും. രണ്ടും കൂടി ഏകദേശം ഒരു ലക്ഷം രൂപയെങ്കിലുമുണ്ടെങ്കിൽ മാത്രമാണ് കൊവിഡ് 19 ബാധയുണ്ട് എന്ന് സംശയിക്കുന്ന ഒരാൾക്ക്, ഇൻഷുറൻസ് ഇല്ലെങ്കിൽ ചികിത്സതേടുകയോ, പരിശോധിക്കുകയോ ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാൻ പോലും ആവുക.ഐസൊലേഷനിൽ ആശുപത്രിയിൽ കിടക്കണം എന്നുണ്ടെങ്കിൽ പിന്നെയും ചെലവുകൾ വേറെയുണ്ട്. അവിടെയാണ് അമേരിക്കയിൽ പ്രശ്നം വഷളാകുക. കാരണം ഇൻഷൂറൻസ് ഇല്ലാത്തവർ ഇവിടെ പുറത്താവും. ഇപ്പോൾ ട്രംപ് എല്ലാവർക്കും ചികിൽസ നടപ്പാക്കുന്നുണ്ട്. ട്രംപ് കെയർ എന്ന പദ്ധതി വഴി. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു കഴിഞ്ഞിരുന്നു.

തുടക്കത്തിൽ തന്നെ കോവിഡിനെ പകർച്ചപ്പനിയുമായി താരമത്യം ചെയ്ത് നിസ്സാരവത്ക്കരിക്കുകയും, കാണുന്നവർക്കെല്ലാം ഹസ്തദാനം ചെയ്തും കെട്ടിപ്പിടിച്ചും നടക്കുകായണ് ട്രംപ് ചെയ്തത്. അവസാനം നിരന്തര സമ്മർദം പൊതുസമൂഹത്തിൽനിന്ന് ഉയർന്നതിനെ തുടർന്നാണ് അയാൾ കോവിഡ് പരിശോധനക്ക് വിധേയനായത്. ബിസിനസുകാരനെപ്പോലെയാണ് ട്രംപ് കൊറോണക്കാലത്തും പെരുമാറുന്നതെന്നാണ് ബിബിസി രൂക്ഷമായ വിമർിച്ചെുകഴിഞ്ഞു. ഇങ്ങനെ ലോകം തകർന്നിട്ടും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത് ഓർക്കുക. ഏപ്രിൽ 12 ഈസ്റ്റർ ദിനത്തിൽ ആളുകൾ പള്ളികളിൽ തടിച്ചുകൂടണമെന്നും ലോക്ക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ അപ്പോഴേക്കും നിർത്തലാക്കുവാനാണ് ആഗ്രഹിക്കുന്നത് എന്ന് ട്രംപ് പറഞ്ഞുത് ഏവരെയും ഞെട്ടിപ്പിച്ചു. 'ഈസ്റ്റർ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. രാഷ്ട്രം ആ ദിനത്തിൽ വീണ്ടും തുറക്കപ്പെടുമെന്ന് താൻ പ്രത്യാശിക്കുന്നു എന്നും പറഞ്ഞു.'- ട്രംപ് പറയുന്നു. കൂടുതൽ ശക്തമായ നടപടികൾ രോഗത്തെ തടയുവാൻ ആവശ്യമാണെന്ന് മെഡിക്കൽ രംഗത്തെ പല വിദഗ്ദരും ആവശ്യപ്പെടുന്ന സമയത്താണ് ഇത്തരത്തിലൊരു പ്രഖ്യാപനം വന്നത്.

തുടർന്ന് അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണർത്തുന്നത്. 'ആയിരക്കണക്കിന് ആളുകളാണ് എല്ലാ വർഷവും ഫ്‌ളൂ വന്ന് മരിക്കുന്നത്. എന്നിട്ട് നമ്മൾ രാഷ്ട്രം അടച്ചിടാറുണ്ടോ?' ഇന്നലെ ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞതാണ്. ഇവിടെ ചികിത്സയാണ് രോഗത്തേക്കാൾ കൂടുതലായി രാജ്യത്തെ ബാധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞുവച്ചു.' ഈ ലോക്ക്ഡൗൺ വ്യവസ്ഥകളിൽ അയവുകൾ വരുത്തുമ്പോഴും ജനങ്ങൾ സാമൂഹിക അകലം പാലിക്കുമെന്നും ഹസ്തദാനം പോലുള്ളവ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം പാലിച്ചുകൊണ്ട് തന്നെയായിരിക്കും അമേരിക്കക്കാർ തങ്ങളുടെതായ മേഖലകളിൽ പ്രവർത്തനത്തിനിറങ്ങുക. കാരണം രാജ്യം അവരുടെ അദ്ധ്വാനം ആവശ്യപ്പെടുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.ജനങ്ങളുടെ ആരോഗ്യത്തേക്കാളേറെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയാണ് തനിക്ക് മുഖ്യമെന്ന് അദ്ദേഹം പറയാതെ പറയുകയായിരുന്നു. ഒരു ജനനേതാവ് എന്ന നിലയിൽ നിന്നും അദ്ദേഹം ഒരു ബിസിനസ്സുകാരനിലേക്ക് തിരിച്ചെത്തി എന്നതുതന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. 2 ട്രില്ല്യൺ ഡോളറിന്റെ ഉത്തേജനപാക്ക് കോൺഗ്രസ്സ് പാസ്സാക്കിയ ഉടനെയണ് പ്രസിഡണ്ടിന്റെ ഈ പ്രഖ്യാപനം വന്നത്. അതിനാൽ തന്നെ ഭേദഗതികളോടെ ഇപ്പോഴുള്ള ലോക്ക്ഡൗൺ തുടരുകയോ അല്ലെങ്കിൽ ചില നിർദ്ദേശങ്ങൾ മാത്രം ബാക്കിയാക്കി ലോക്ക്ഡൗൺ എടുത്തുകളയുകയോ ചെയ്‌തേക്കാം എന്നൊരു പ്രതീക്ഷ വാണിജ്യ-വ്യവസായ മേഖലകളിൽ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമായി ഇന്നലെ സ്റ്റോക്ക് മാർക്കറ്റിലും നേരിയൊരു ചലനം കാണപ്പെട്ടു.

എന്നാൽ ഇരുഭാഗത്തുമുള്ള രാഷ്ട്രീയ നേതാക്കൾ ട്രംപിനെതിരെ മുന്നറിയിപ്പുകളുമായി എത്തിയിട്ടുണ്ട്. ആശുപത്രികളെല്ലാം ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെ പലപ്രായത്തിലുള്ളവരെ കൊണ്ട് നിറഞ്ഞാൽ സാമ്പത്തികഘടനയിൽ വികസനം ഉണ്ടാകില്ല എന്ന് റിപ്പബ്ലിക്കൻ കോൺഗ്രസ്സ് അംഗം ലിസ് ചെനെയ് ട്വീറ്റ് ചെയ്തു. ആയിരക്കണക്കിന് മനുഷ്യരെ മരണത്തിന് വിട്ടുകൊടുത്തുകൊണ്ടല്ല സമ്പദ്ഘടനയെ വളർത്തേണ്ടതെന്ന് ഹിലാരി ക്ലിന്റണും ട്വീറ്റ് ചെയ്തു. ഇതിനിടയിൽ, രോഗബാധ അതിവേഗത്തിൽ പടരുന്നതിനാൽ, യു എസ് കോവിഡ്19 ന്റെ മറ്റൊരു പ്രധാന ഇരയായി മാറിയേക്കാം എന്നൊരു മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നൽകിയിട്ടുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളിൽ 85% യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നായിരുന്നു എന്ന് ഡബ്ല്യു എച്ച് ഒ വക്താവ് ചൂണ്ടിക്കാട്ടി. ഇതിൽ തന്നെ 40% അമേരിക്കയിൽ നിന്നും.എന്നാൽ ഇത്തരത്തിൽ വിപണി തുറക്കുന്നത് കാര്യമായ നിക്ഷേപങ്ങളെയൊന്നും ആകർഷിക്കുകയില്ലെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം. ഈ സമീപനം തന്നെ ശരിയല്ല എന്ന നല്ല ധാരണയുള്ളതുകൊണ്ട് ഓഹരിവിപണി ഇതിന് അനുകൂലമായി പ്രതികരിക്കില്ല എന്നാണ് ചീഫ് ഇൻവെസ്റ്റിങ് ഓഫീസറായ അലക്‌സ് മെർക്ക് പറയുന്നത്. എ്ന്തായാലും ട്രംപിനെതിരെ വൻ പ്രതിഷേധമാണ് അമേരിക്കയിൽ ഉയരുന്നത്.

കോവിഡിനെ സ്വന്തം രാഷ്ട്രീയത്തിന് മറയാക്കി പുടിൻ

കോവിഡിനെ നിസ്സാരവത്ക്കരിച്ച മറ്റൊരു നേതാവാണ് ഇപ്പോൾ റഷ്യയിൽ ഏകാധിപതിയുടെ രീതിയിലേക്ക് നീങ്ങുന്ന വ്ളാദിമിർ പുടിൻ. സ്വന്തം ഭരണത്തിന് അധികാരത്തിന് ശക്തിക്ക് തുടർച്ചയുണ്ടാക്കാൻ വേണ്ടി പലവിധ പദ്ധതികളും വരും ദിവസങ്ങളിൽ തന്നെ നടപ്പിൽ വരുത്താനുള്ള പരിപാടിയിടുകയാണ് ഈ കൊറോണാ വൈറസ് പരിഭ്രാന്തിക്കിടയിലും പുടിൻ. കൊവിഡ് 19 കാരണം രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യം, ക്രൂഡ് ഓയിലിന്റെയും റൂബിളിന്റെയും നിരക്കിലുണ്ടായ ഇടിവ് എന്നിവ പുട്ടിന്റെ പദ്ധതികൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. എൺപതു വയസ്സുകഴിഞ്ഞും അധികാരം തന്നിൽ തന്നെ കേന്ദ്രീകരിച്ച് നിർത്താൻ വേണ്ടി ഈ ഏപ്രിലിൽ റഷ്യയുടെ ഭരണഘടന തന്നെ തിരുത്തി എഴുതാനുള്ള തയ്യാറെടുപ്പിലാണ് പുടിൻ. വിക്ടറി ഡേയുടെ എഴുപത്തഞ്ചാം വാർഷികത്തിന്റെയന്നു നടക്കാൻ പോകുന്ന വമ്പിച്ച പരേഡും അനുബന്ധ ആഘോഷങ്ങളും കാണാൻ വേണ്ടി കാത്തുകാത്തിരിക്കയായിരുന്നു റഷ്യയിൽ ബഹുഭൂരിപക്ഷവും. അതിനിടെയാണ് കൊവിഡ് 19 അവതരിക്കുന്നത്. കാര്യം റഷ്യയിലും കേസുകൾ ഉണ്ടായിട്ടുണ്ട് എങ്കിലും, വിക്ടറി ഡേ വാർഷികാഘോഷങ്ങളോ അന്നേ ദിവസത്തേക്ക് പ്ലാൻ ചെയ്തിട്ടുള്ള മെഗാ പരേഡോ ഒന്നും ഇതുവരെ മാറ്റിവെച്ചതായി അറിയിപ്പ് വന്നിട്ടില്ല. ഒപ്പം, ഭരണഘടന പൊളിച്ചെഴുതുന്നത് സംബന്ധിച്ചുള്ള ഹിതപരിശോധനയും മുൻകൂട്ടി നിശ്ചയിച്ച സമയത്തു തന്നെ നടക്കും എന്നാണ് പുടിൻ പറയുന്നത്.

ഈ ദുർഘട സന്ധിയിൽ സംയമനവും സമാധാനവും തന്റെ മുഖത്ത് വരുത്താൻ പാടുപെടുകയാണ് പുടിൻ. യഥാസമയം സ്വീകരിച്ച മുൻകരുതലുകളും, ഫലപ്രദമായ നിയന്ത്രണങ്ങളും കാരണം കൊവിഡ് 19 ന്റെ കാര്യത്തിൽ റഷ്യയിൽ കാര്യങ്ങൾ സമ്പൂർണ നിയന്ത്രണത്തിലാണ് എന്നാണ് പുടിൻ പറയുന്നത്. രാജ്യത്ത് 438 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചപ്പോൾ ഒരാൾ മാത്രമാണ് അസുഖം ബാധിച്ച് മരിച്ചത് എന്നാണ് റഷ്യ ഔദ്യോഗികമായി അവകാശപ്പെടുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള മീഡിയ ആകട്ടെ കൊറോണാ വൈറസിനെ തുരത്താൻ വേണ്ടിയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യാതിരുന്ന യൂറോപ്യൻ യൂണിയനെ വിമർശിച്ചു കൊണ്ടിരിക്കുകയാണ്. അത് യൂണിയന്റെ വീഴ്ചയായി എടുത്തു കാണിക്കാനും ഈ അവസരത്തിൽ റഷ്യൻ മീഡിയ മടിക്കുന്നില്ല. യൂറോപ്യൻ രാഷ്ട്ര നേതാക്കൾ സാമൂഹികമായ അകലം പാലിക്കേണ്ടതിന്റെ, ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും ഒഴിവാക്കേണ്ടതിന്റെ ആവശ്യത്തെപ്പട്ടെ നിരന്തരം പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടെ പുടിൻ പോകുന്നത് ക്രിമിയയിലേക്കാണ്. അവിടെ യുക്രെയിനിൽ നിന്ന് വേർപെടുത്തി ക്രിമിയയെ റഷ്യയുടെ ഭാഗമാക്കിയതിന്റെ ആറാം വാർഷികാഘോഷങ്ങൾ നടക്കാൻ പോവുകയാണ്. സോഷ്യൽ ഡിസ്റ്റൻസിങ് എന്ന വാക്ക് പുടിന്റെ നിഘണ്ടുവിൽ ഇല്ലെന്നാണ് തോന്നുന്നത്. പുടിൻ ക്രിമിയയിൽ ചെന്നിറങ്ങിയ അന്നുതൊട്ട്, നിരന്തരം ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നതിന്റെ, ആളുകൾക്ക് ഹസ്തദാനം നൽകുകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഔദ്യോഗിക റഷ്യൻ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ഇതൊക്കെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ട് റഷ്യയിൽ എല്ലാം ശാന്തമാണ് എന്ന പ്രതീതി ജനിപ്പിക്കാനാണ് പുടിന്റെ ശ്രമം.

എന്നാൽ, ഈ കാട്ടിക്കൂട്ടൽ ഒക്കെയും വെറും പ്രഹസനങ്ങൾ മാത്രമാണ്. ഈ കൊവിഡ് 19 ഭീതിക്കിടയിലും കെട്ടിപ്പിടിച്ചും കൈകൊടുത്തും ഒക്കെ നടക്കാൻ പുടിൻ കാണിക്കുന്ന ധൈര്യം കണ്ട് അമ്പരപ്പ് തോന്നുന്നുണ്ടോ? എങ്കിൽ വേണ്ട, മീഡിയക്ക് മുന്നിൽ ഈ കെട്ടിപ്പിടിയും ഹസ്തദാനവും ഒക്കെ നടത്താൻ വന്നെത്തുന്ന ഓരോ ക്രിമിയക്കാരനും ആഴ്ചകൾക്ക് മുമ്പുതന്നെ കൊവിഡ് 19 സ്‌ക്രീനിങ്ങുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രമാണ് പുടിന്റെ ഏഴയലത്തെത്താനുള്ള അനുമറി നൽകപ്പെടുന്നത്. ക്രെംലിൻ സ്റ്റാഫ്, ഔദ്യോഗിക അംഗീകാരമുള്ള പത്രക്കാർ അങ്ങനെ ഈ പരിപാടിയിൽ പുടിനുമായി സമ്പർക്കം വരൻ സാധ്യതയുള്ള എല്ലാവരും തന്നെ കൊവിഡ് 19 സ്‌ക്രീൻഡ് ആണ്.പുടിൻ സ്വയം ഇതുവരെ ടെസ്റ്റിംഗിന് വിധേയനായിട്ടില്ല ഇതുവരെ. ഈ 67 -കാരന് ഇതുവരെ യാതൊരു വിധ ലക്ഷണങ്ങളും കണ്ടുതുടങ്ങിയിട്ടില്ല എന്നതുതന്നെ കാരണം. നേരിയ തോതിലുള്ള വർദ്ധനവ് കൊവിഡ് 19 നെ സംബന്ധിച്ചുള്ള റഷ്യൻ സർക്കാർ കണക്കുകളിലും വരുന്നുണ്ട് എങ്കിലും, ഈ കണക്കുകൾ ഒന്നും തന്നെ വിശ്വസനീയമല്ല എന്നാണ് റഷ്യയിലെ പല സ്വതന്ത്ര മാധ്യമ പ്രവർത്തകരുടെയും അഭിപ്രായം.

വിദേശ വൈറസ് എന്ന് കൊറോണയെ വിശേഷിപ്പിച്ച പുടിൻ രാജ്യത്ത് അതിനെതിരെ പല നിയന്ത്രണങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ എടുത്തിട്ടുണ്ട്. യൂറോപ്പുമായുള്ള അതിർത്തികളും, രാജ്യത്തെ സ്‌കൂൾ കോളേജുകളും ഒക്കെ അടച്ചിട്ടു കഴിഞ്ഞു. പ്രശ്‌നമുള്ളിടങ്ങളിൽ സംഘം ചേരുന്നതിനും വിലക്കുണ്ട്. എന്നാൽ, ജനങ്ങൾക്ക് ഇനിയും വീടുകളിൽ തന്നെ തുടരാനുള്ള നിര്ദേശമില്ല. തലസ്ഥാന നഗരമായ മോസ്‌കോയെ ലോക്ക് ഡൗൺ ചെയ്യുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പുടിൻ പറഞ്ഞു. ഇക്കാര്യത്തിലെ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള മൗനം എന്തിനെന്ന് പക്ഷേ പലർക്കും നല്ല നിശ്ചയമുണ്ട്. അത് പുടിന്റെ അധികാരം സ്ഥിരപ്പെടുത്തുന്നതിനായി ഭരണഘടന പൊളിച്ചു പണിയാൻ വേണ്ടി ജനങ്ങളിൽ നിന്ന് സമ്മതം കിട്ടാൻ വേണ്ടിയുള്ള പോളിങ് തടസ്സപ്പെടാതിരിക്കാൻ വേണ്ടിയാണ്.

വളരെ പ്ലാൻഡ് ആയി, ഒരു സ്‌പെഷ്യൽ ഓപ്പറേഷൻ പോലെയാണ് പുടിൻ തനിക്ക് അനുകൂലമായി ഈ ഹിതപരിശോധനാ ഫലങ്ങൾ വരാൻ വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങളോട് വീടുകളിൽ തന്നെ അടച്ചിരിക്കാൻ പറയേണ്ട ഈ കൊവിഡ് 19 കാലത്ത് അവരെ വീടുകളിൽ നിന്നിറക്കിക്കൊണ്ടു വന്ന് വോട്ടുചെയ്യാൻ പ്രേരിപ്പിക്കുക വഴി റഷ്യയിലെ വയോധിക ജനതയെ കൊലക്ക് കൊടുക്കാനാണ് പുടിന്റെ പരിശ്രമം എന്ന് രാജ്യത്തെ പ്രതിപക്ഷ നേതാവായ അലക്സി നവാലനി മുന്നറിയിപ്പ് നൽകി. അത് ഒരു ക്രിമിനൽ കുറ്റത്തിൽ കുറഞ്ഞൊന്നും ആകില്ല എന്ന് അദ്ദേഹം പറഞ്ഞു.

രോഗികളെ വെടിവെച്ചുകൊല്ലുന്ന കിംജോങ് ഉൻ

ഒരു എപ്പിഡമിക്കിൽനിന്ന് മാറി ലോകമാകെ ബാധിക്കുന്ന പാൻഡെമിക്കായി മാറിയിരിക്കയാണ് കോവിഡ്. അപ്പോൾ ഏതെങ്കിലും ഒരു രാഷട്രം ഈ വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കുന്നത് ശരിക്കും ലോകത്തോട് ചെയ്യുന്ന ക്രിമിനൽ കുറ്റമാണ്. എന്നാൽ ചൈനയിലെപ്പോലെ വടക്കൻ കൊറിയയിലും അതു തന്നെയാണ് സംഭവിക്കുന്നത്. എത്ര കോവിഡ് രോഗികൾ ഈ രാജ്യത്ത് ഉണ്ടെന്നുപോലും ആർക്കും അറിയില്ല. ഇതിനിടെ ഒരു കോവിഡ് രോഗിയെ വെടിവെച്ചുകൊന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

ശക്തമായ പ്രതിരോധ സംവിധാനങ്ങളിലൂടെ വൈറസിനെ തടഞ്ഞുനിർത്തിയെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നതെങ്കിലും ഇത് ലോകം വിശ്വസിക്കുന്നില്ല. ഉത്തര കൊറിയ വൈറസ് ബാധ മറച്ചുവെക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര സംഘടനകൾക്ക് ഉത്തര കൊറിയയിൽ പ്രവേശിക്കാനോ രേഖകൾ പരിശോധിക്കാനോ സാധ്യമല്ല. മാത്രമല്ല, മാധ്യമങ്ങൾക്കും കടുത്ത നിയന്ത്രണമുണ്ട്. അതിനാൽ സർക്കാർ പുറത്തുവിടുന്ന വിവരങ്ങൾ മാത്രമാണ് ലഭ്യമാകുന്നത്.ഉത്തര കൊറിയയിൽ ആകെയുള്ളത് മൂന്നേ മൂന്ന് ചാനലുകൾ മാത്രമാണ്. മൂന്നും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ്. അത് തന്നെ ധാരാളം എന്നാണ് അധികാരികൾ പറയുന്നത്. ഇവയിൽ പ്രധാനമായും സംപ്രേഷണം ചെയ്യുന്ന പരിപാടികൾ സർക്കാർ അറിയിപ്പുകളും ഭരണാധികാരികളുടെ പ്രസംഗങ്ങളും ആണ്. . അതുപോലെ പ്രമുഖ ഇലട്രോണിക്ക് സേവന ദാതാക്കളായ സോണിക്കും ആപ്പിൽനുമൊന്നും ഈ രാജ്യത്ത് പ്രവേശനമില്ല. പകരം സർക്കാർ സേവനങ്ങൾ മാത്രമാണ് ഉപയോഗിക്കുക. അതുകൊണ്ടുതന്നെ അവിടെ എന്തുനടന്നാലും പുറം ലോകം അറിയാൻ വൈകും. അതാണ് മനുഷ്യവകാശ പ്രവർത്തകരെ ഭയപ്പെടുത്തുന്നതും.

ഉത്തര കൊറിയയിലെ യഥാർഥ സ്ഥിതി ചൈനയേക്കാൾ മോശമായിരിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. പകർച്ചവ്യാധികളോട് പ്രതികരിക്കാനുള്ള കഴിവിൽ ലോകത്ത് 195-ാം സ്ഥാനത്താണ് ഉത്തര കൊറിയ. തലസ്ഥാനമായ പ്യോങ്യാങ്ങിൽ മാത്രമാണ് സൗകര്യങ്ങളുള്ള ആശുപത്രികളുള്ളത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ആരോഗ്യ സംവിധാനം പരിതാപകരമായ അവസ്ഥയിലാണ്. ആണവായുധ നിർവ്യാപന കരാറിൽ നിന്ന് ഉത്തര കൊറിയ പിന്മാറിയതിനെ തുടർന്ന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ 1980കളിലെ സാങ്കേതിക വിദ്യയാണ് ഇപ്പോഴും ഇവിടെ ഉപയോഗിക്കുന്നത്. ആരോഗ്യ രംഗത്ത് ആധുനിക ഉപകരണങ്ങളോ സൗകര്യങ്ങളുള്ള ലബോറട്ടറികളോ ഇല്ല. ഡ്രിപ്പിടാനായി ഒഴിഞ്ഞ ബിയർ കുപ്പികളാണ് ഉപയോഗിക്കുന്നത്. ആവശ്യത്തിന് ശുദ്ധജലം പോലും ലഭ്യമല്ലാത്ത ആശുപത്രികളുണ്ട്. കൈ കഴുകിയ വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കുന്ന, ശുദ്ധജലം വിതരണം ചെയ്യാത്ത ആശുപത്രികളാണിവിടെ. ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെയാണ് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചോദിക്കുന്നത്. എന്നാൽ കൊറോണ ബാധയെന്നു സംശയം തോന്നിയ 141 കേസുകൾ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്തതെന്നും തുടർന്നു നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും ഉത്തര കൊറിയ അധികൃതർ വിശദീകരിക്കുന്നു.

ഉത്തര കൊറിയയുടെ അവകാശവാദം വ്യാജമാണെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ പറയുന്നുത്. കൊറോണ വൈറസ് ബാധിച്ച് ഉത്തര കൊറിയയിൽ ഇതിനകം 200 ഓളം സൈനികർ മരിച്ചതായി ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി ഡെയിലി എൻകെ ന്യൂസ് ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന 4000ത്തിലേറെ ആളുകൾ തടങ്കൽ ക്യാമ്പിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ 10000ത്തോളം ജനങ്ങളും നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. ഇവരിൽ 4000ത്തോളം ആളുകളെ രോഗമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചതായും വാർത്തയിൽ പറയുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 180 സൈനികർ മരിച്ചതായും ദക്ഷിണ കൊറിയൻ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 3700 ഓളം സൈനികർക്ക് മറ്റുള്ളവരുമായി സമ്പർക്കമുണ്ടാകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, 141 പേർക്ക് കൊറോണ വൈറസ് ബാധ സംശയിച്ചതായി ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നന്നും പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നുവെന്നും ഉത്തര കൊറിയ അധികൃതർ പറയുന്നു.ഉത്തര കൊറിയയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാളെ വെടിവെച്ച് കൊന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയിൽ നിന്ന് വന്നയാൾക്കായിരുന്നു രോഗം പിടിപെട്ടത്. കിം ജോങ് ഉന്നിന്റെ നിർദ്ദേശപ്രകാരം സൈന്യമാണ് ഇയാളെ കൊലപ്പെടുത്തിയതെന്നായിരുന്നു റിപ്പോർട്ട്.

ലോകം മുഴുവൻ കൊറോണ വൈറസിനെ തുരത്താനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ ഉത്തര കൊറിയ ആയുധ പരീക്ഷണം നടത്തുകയാണ്. ലോകത്തെ വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന ആയുധ പരീക്ഷണങ്ങൾ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ഈ കൊറോണ കാലത്തും തുടരുകയാണ്. കഴിഞ്ഞയാഴ്ച മൂന്ന് രഹസ്യായുധങ്ങളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. 200 കിലോമീറ്റർ ദൂരപരിധിയുള്ള ബാലിസ്റ്റക് മിസൈലിന് സമാനമായ ആയുധങ്ങളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. ലോകം മുഴവൻ ഭീതിയിൽ കഴിയുമ്പോളും ആയുധത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഭീകരൻ എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ കിങ്് ജോങ്ങ് ഉന്നിനെ വിശേഷിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP