Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202202Sunday

ഈഴവ ശാന്തിക്കാരന്റെ പത്തുമക്കളിൽ മൂത്തവൻ; എസ്എൻഡിപിയിലൂടെ സിപിഎമ്മിലേക്ക്; മൂന്നാർദൗത്യം പൊളിച്ച കുബുദ്ധി; 'വൺ ടു ത്രീ' പ്രസംഗത്തിന് ജയിലിൽ; പട്ടിണിക്കാരനിൽ നിന്ന് കോടീശ്വരനായ സഹോദരൻ; കെ കെ രമയെയും അനിരാജയെയും അപമാനിച്ച് വീണ്ടും വിവാദത്തിൽ; കമ്മ്യൂണിസ്റ്റിൽ നിന്ന് കങ്കാണിയിലേക്ക്! എം എം മണിയുടെ ജീവിതം

ഈഴവ ശാന്തിക്കാരന്റെ പത്തുമക്കളിൽ മൂത്തവൻ; എസ്എൻഡിപിയിലൂടെ സിപിഎമ്മിലേക്ക്; മൂന്നാർദൗത്യം പൊളിച്ച കുബുദ്ധി; 'വൺ ടു ത്രീ' പ്രസംഗത്തിന് ജയിലിൽ; പട്ടിണിക്കാരനിൽ നിന്ന് കോടീശ്വരനായ സഹോദരൻ; കെ കെ രമയെയും അനിരാജയെയും അപമാനിച്ച് വീണ്ടും വിവാദത്തിൽ; കമ്മ്യൂണിസ്റ്റിൽ നിന്ന് കങ്കാണിയിലേക്ക്! എം എം മണിയുടെ ജീവിതം

എം റിജു

''ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാ കൊന്നത് ഒന്നിനെ, ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ,''- ടി.പി.ചന്ദ്രശേഖരൻ വധക്കേസ് കത്തിനിൽക്കുന്ന സാഹചര്യത്തിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി പച്ചക്ക് പറയുകയാണ് പാർട്ടി നമ്പറിട്ട് ആളുകളെ കൊന്നിട്ടുണ്ടെന്ന്! ഇന്ന് മിമിക്രിക്കാർ വലതും കൈയും ഇടതുകൈയും കൂട്ടിത്തിരുമ്മി, സാനിട്ടെസർ ഉപയോഗിക്കുന്നപോലെ ചലിപ്പിച്ച്, തമാശയായി കാണിക്കുന്നപോലുള്ള ഒന്നായിരുന്നില്ല ആ പ്രസംഗം. കേരളത്തിലെ രാഷ്ട്രീയ ഭീകരതയുടെ നേർ ചിത്രമായിരുന്നു. ഞങ്ങൾക്ക് ഒളിഞ്ഞ് നിന്ന് കൊല്ലില്ല. കൊല ഞങ്ങൾ കുറേ കണ്ടതാണ്. ഞങ്ങൾ കൊല്ലുകയാണെങ്കിൽ പരസ്യമായി പറഞ്ഞാണ് കൊല്ലുക. അതിനാൽ ടിപിയെ കൊന്നത് ഞങ്ങൾ അല്ല. ഇതായിരുന്നു എം എം മണി അന്ന് പറഞ്ഞതിന്റെ കാതൽ.

ഇപ്പോഴിതാ ഒരു ദശാബ്ദം കഴിഞ്ഞിട്ട് ടിപി ചന്ദ്രശേഖരന്റെ ഭാര്യയെ വിധവയെന്ന് വിളിക്കയും, അതിനെതിരെ പ്രതികരിച്ച സിപിഐ നേതാവ് ആനി രാജയെ ആക്ഷേപിച്ചും വീണ്ടും വിവാദത്തിൽ ആയിരിക്കയാണ് മണിയാശാൻ എന്ന് വിളിക്കുന്ന ഈ 78 കാരൻ. തനിക്ക് ആരെയും എന്തും പറയാനുള്ള ലൈസൻസ് ഉണ്ടെന്ന മട്ടിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. നേരത്തെയും എത്രയോ പേരെ, കൈകൾ കൂട്ടിത്തിരുമ്മി, 'ഏമ്പോക്കിയെന്നും, വായ്നോക്കിയെന്നും, ഒലത്താൻ വരുരുത്' എന്നൊക്കെയതുള്ള വാക്കുകൾ കൊണ്ട് അധിക്ഷേപിക്കാൻ അദ്ദേഹം യാതൊരു പിശുക്കും കാട്ടിയിട്ടില്ല. പാർട്ടിയും മണിയെ ഉപദേശിച്ച് മടുത്ത മട്ടാണ്. മണിക്ക് ആര് മണികെട്ടുമെന്നും സിപിഎമ്മിനും അറിയില്ല.

പക്ഷേ മണിയുടെ വാക്കുകകളിലെ തെറ്റ് ചൂണ്ടിക്കാട്ടാതെ അത് ഗ്രാമീണ വാ മൊഴി വഴക്കമായും, നാട്ടു ഭാഷയുടെ നിഷ്‌ക്കളങ്കതയായും ചിത്രീകരിക്കുന്ന പുരോഗമന വാദികളും ഏറെയുണ്ട്. ചാനലുകളിൽ അടിക്കടി ഇന്റവ്യൂ കൊടുത്ത് ഞാൻ നാട്ടിൽ പുറത്തെ ഒരു നന്മ മരമാണേ എന്ന ഇമേജ് എം എം മണിയും ബിൽഡ് ചെയ്ത് എടുക്കുന്നുണ്ട്. പക്ഷേ യഥാർഥത്തതിൽ ഇതൊന്നുമല്ല സംഭവിക്കുന്നത്. ട്രേഡ് യൂണിയൻ ഗുണ്ടായിസത്തിന്റെ കടവിറങ്ങി വളർന്ന നേതാവാണ് മണി. ആ അഞ്ചാംക്ലാസുകാരന്റെ പ്രായോഗിക ബുദ്ധി പലപ്പോഴും ജെഎൻയുവിലെ ഡോക്ടറേറ്റുള്ള പാർട്ടി ബുജികൾക്ക് ഉണ്ടാവില്ല.

ഈഴവ ശാന്തിക്കാരന്റെ മകൻ

കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപം മുണ്ടക്കൽ വീട്ടിൽ മാധവന്റെയും ജാനകിയുടേയും പത്തുമക്കളിൽ മൂത്തവനായാണ് മണി ജനിച്ചത്. ശ്രീനാരയണഗുരു സമൂഹത്തിൽ കൊണ്ടുവന്ന ഒരു വിപ്ലവം ആയിരുന്നു ഈഴവ ശാന്തിക്കാർ. അതിൽപെട്ട ഒരു പൂജാരിയായിരുന്നു എം എം മണിയുടെ പിതാവ്. ഹിന്ദു ക്ഷേത്രങ്ങളിൽ പൂജയും കർമ്മങ്ങളുമായി ജീവിച്ചിരുന്ന അദ്ദേഹത്തെ മാധവൻ ശാന്തി എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നു. അമ്മ ജാനകി കുടുംബസ്ഥ ആയിരുന്നു. ശാന്തിപ്പണികൊണ്ട് ജീവിച്ച് പോകൻ കഴിയാത്ത കാലമായിരുന്നു അത്. അതിനാൽ കടുംബം കൃഷിപ്പണിയും നോക്കിയിരുന്നു.

വളരെ ചെറിയ പ്രായത്തിലേ തന്നേ തനിക്കാവുന്ന പണികൾ ചെയ്ത് കുടുംബത്തെ സഹായിക്കാറുണ്ടായിരുന്നു എന്നാണ് മണിയാശാൻ പല അഭിമുഖങ്ങളിലും പറയുന്നത്.
അങ്ങനെയിരിക്കെയാണ്, ഇടുക്കിയിലെ കുഞ്ചിത്തണ്ണി ശ്രീനാരായണോദയം ക്ഷേത്രത്തിൽ പ്രതിഷ്ഠക്കുവേണ്ടി മാധവനാശാൻ പോകുന്നത്. ചില ബന്ധുക്കൾ ആയിരുന്നു ആ ക്ഷേത്രത്തിന് പിന്നിൽ പ്രവർത്തിച്ചത്. അവർ പറഞ്ഞൂ, ഇവിടെ ആചാരവും അനുഷ്ഠാനവും ഒന്നും പറഞ്ഞുതരാൻ ആളില്ല എന്ന്. അങ്ങനെയാണ് കിടങ്ങൂർ വിട്ട് മണിയുടെ കുടുംബം ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലേക്ക് കുടിയേറുന്നത്. പക്ഷേ അക്കാലത്ത് ഹൈറേഞ്ചിൽ സ്‌കുളുകൾ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ മണിയുടെ ഔചാരിക വിദ്യാഭ്യാസം അഞ്ചാംക്ലാസിൽ ഒതുങ്ങി. കിടങ്ങൂർ എൻഎസ്എസ് സ്‌കുളിലെ യുപി പഠനത്തിനുശേഷം പിന്നെ അദ്ദേഹത്തിന് വിദ്യാലയത്തിന്റെ പടി കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.

ഇടുക്കിയിലും കടുത്ത ദാരിദ്രമാണ് ആ കുടുംബത്തിന് ഉണ്ടായിരുന്നത്. 11ാം വയസ്സുമുതൽ കുടുബത്തിന്റെ പട്ടിണി അകറ്റാൻ മണിയും ജോലിക്കിറിങ്ങി. താൻ ചെയ്യാത്ത ജോലികൾ ഇല്ല എന്നാണ് അദ്ദേഹം അഭിമുഖങ്ങളിൽ പറയുന്നത്. തെങ്ങ് കയറ്റം, കവുങ്ങ് കയററ്റം, മീൻപിടുത്തം, കിളയ്ക്കൽ, തോട്ടത്തിൽ പണി തൊട്ട് തേയില നുള്ളലും, ഏലത്തോട്ടത്തിലെ പണിയുമൊക്കെയായി കഠിനമായി അധ്വാനിച്ചാണ് അയാൾ മുന്നോട്ട് പോയത്. അതിനിടയിലാണ് പാർട്ടിയുമായി പ്രണയം തുടങ്ങുന്നത്.

ഇൻക്വിലാബ്‌  വിളിച്ച മൂന്നാം ക്ലാസുകാരൻ

തന്റെ രാഷ്ട്രീയ താൽപ്പര്യം, കിടങ്ങൂർ സ്‌കൂളിൽ മൂന്നാംക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണെന്ന് എം എം മണി പറയുന്നു. എവിടെനിന്നോ കേട്ട ഒരു ഇൻക്വിലാബ് സിന്ദാബാദ് ആ ബാലന്റെ ഹൃദയത്തെ വല്ലാതെ ആകർഷിച്ചു. അന്ന് വൈകീട്ട് അവൻ സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോയത് ഇൻക്വിലാബ് വിളിച്ചുകൊണ്ടാണ്. പിറ്റേ ദിവസം ക്ലാസിൽ വന്നപ്പോൾ ഇക്കാര്യത്തിന് 12 ചുട്ട അടിയാണ് അദ്ധ്യാപകനിൽനിന്ന് കിട്ടിയത്. അന്ന് എന്തിനാണ് അദ്ധ്യാപകൻ തന്നെ തല്ലിയത് എന്ന് മനസ്സിലായില്ലെങ്കിലും പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പഠിച്ചപ്പോൾ, തനിക്ക് ആ കാര്യം ബോധ്യപ്പെട്ടുവെന്ന് മണിയാശാൻ പറയുന്നു. ''അന്ന് കമ്യുണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലമാണ്. ഞാൻ ഇൻക്വിലാബ് വിളിച്ചതായി അറിഞ്ഞാൽ, എന്റെ മാതാപിതാക്കൾ അറസ്റ്റിലാവും. അവർ പഠിപ്പിച്ചതാണ് ഇതെന്നാണ് കരുതുക. അതുകൊണ്ടയിരിക്കണം അദ്ധ്യാപകൻ തല്ലിയത്''- എം എം മണി ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഇടുക്കിയിൽ എത്തിയപ്പോൾ കൗമരപ്രായത്തിൽ തന്നെ മണി പാർട്ടി പ്രവർത്തനത്തിന് ഇറങ്ങി. ആദ്യം എസ്എൻഡിപിയുടെ പ്രവർത്തകൻ ആയാണ് തുടക്കം. പിന്നെ അത് കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് മാറി. കുടിയൊഴിപ്പിക്കലിനെതിരെയും, തോട്ടം മേഖലയിലെ ചൂഷണങ്ങൾക്ക് എതിരെയും അന്ന് കമ്യൂണിസ്റ്റ് പാർട്ടി ശക്തമായ പ്രക്ഷോഭം നടത്തുന്ന കാലമാണ്. മണിയും ആ സമരത്തിലേക്ക് ആകർഷിക്കപ്പെട്ടു. കൊടിയ ദാരിദ്ര്യം നാട്ടിൽനിലനിൽക്കുന്ന കാലമായിരുന്നു അത്. '' ഒരു ജാഥ കഴിഞ്ഞുവരുമ്പോൾ ജീപ്പിന് കൊടുക്കാൻ പണമില്ല. കൈയിൽ കെട്ടിയിരുക്കുന്ന വാച്ച് പണയം വെച്ചു. സത്യത്തിൽ അത് അച്ഛന്റെ വാച്ചായിരുന്നു. വീട്ടിൽ ചോദിച്ചപ്പോൾ നന്നാക്കാൻ കൊടുത്തതാണെന്ന് പറഞ്ഞു. പക്ഷേ അദ്ദേഹത്തിന് കാര്യം പിടികിട്ടി. എവിടെയാണ് പണയം വെച്ചത് എന്ന് ചോദിച്ചു. അതുപോലെ പാർട്ടി പ്രവർത്തനത്തിനായി ചെമ്പ്, കലം, ഒക്കെയും പണയപെടുത്തിയിട്ടുണ്ട്'- മണിയാശാൻ ഓർക്കുന്നു.

ഇതിനിടെ 20ാം വയസ്സിൽ വിവാഹം കഴിഞ്ഞു. 18കാരിയായ ലക്ഷ്മിക്കുട്ടിയായിരുന്നു വധു. രാഷ്ട്രീയ പ്രവർത്തനം കുറയ്ക്കാനായിരുന്നു വീട്ടുകാർ പെട്ടെന്ന് വിവാഹം നടത്തിയത്. പക്ഷേ രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സം നിൽക്കരുതെന്ന് മണി ആദ്യമേ തന്നെ ഭാര്യയിൽനിന്ന് ഉറപ്പ് വാങ്ങിയിരുന്നു.

1966 ൽ ഇരുപത്തിയൊന്നാം വയസ്സിൽ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1971 ൽ രാജാക്കാട് ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1985 ൽ ആദ്യമായി ഇടുക്കി ജില്ല സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് എട്ടുതവണ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി. കേരളസംസ്ഥാനത്ത് ഏറ്റവുമധികം കാലം സിപിഎം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിനാണ്. അരനൂറ്റാണ്ടു കാലത്തെ പാർട്ടി പ്രവർത്തനത്തിനിടയിൽ കാൽ നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയായിരിക്കാൻ അവസരം ലഭിച്ചു.

അന്നും ഇന്നും കടുത്ത സിനിമാ ഭ്രാന്താനാണ് എംഎം മണി. തിരുവനന്തപുരത്ത് മന്ത്രിയായിരിക്കുമ്പോഴും ഒറ്റ സിനിമയും വിടാത്ത ആൾ. ഒരു സിനിമയിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു. അല്ലാതെ രാഷ്ട്രീയം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം.

വി എസ് പക്ഷത്ത് നിന്ന് പിണറായിയിലേക്ക്

ജില്ലാ സെക്രട്ടറിയായിരിക്കേ കടുത്ത വി എസ് പക്ഷക്കാരനായാണ് എം എം മണി അറിയപ്പെട്ടിരുന്നത്. ഇരുവരും ചങ്കും കരളും ആയിരുന്നുവെന്നാണ്, പാർട്ടി പ്രവർത്തകർ പറയുന്നത്. വി എസ് വന്നാൽ താമസിക്കുന്നതുപോലും, എം എം മണിയുടെ വീട്ടിൽ ആയിരുന്നു. പക്ഷേ ആ ബന്ധം തകർന്നത് മൂന്നാർ ദൗത്യമെന്ന ഒറ്റക്കാരണത്താൽ ആണ്. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനായി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ 'മൂന്ന് പൂച്ചകളെ' വി എസ് അങ്ങോട്ട് വിട്ടപ്പോൾ, ശക്തമായി ചെറുത്ത് നിന്നത് എം എം മണിയുടെ നേതൃത്വത്തിൽ അയിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ ഇടുക്കിയിലേക്ക് വണ്ടികയറിയ മണിക്കും കൂട്ടർക്കും അപ്പോഴേക്കും നഷ്ടപ്പെടാൻ ഒരു പാട് ഉണ്ടായിരുന്നു.

മൂന്നാറിലെ രാജാവ് എന്ന് വിളിക്കത്ത രീതിയിൽ മണിയുടെ സഹോദരൻ ലംബോധരൻ വളർന്നു. അയാളുടെ പല കൈയറ്റങ്ങളും ദൗത്യസംഘം പിടിക്കുമെന്ന് ഉറപ്പായി. അതുപോലെ സിപിഎമ്മിന്റെയും സിപിഐയുടെയും പാർട്ടി ഓഫീസുകളും നിലനിന്നിരുന്നത് കൈയേറ്റ ഭൂമിയിൽ ആയിരുന്നു. അല്ലാറ്റിനും ഉപരി വി എസ് പൊളിപ്പിക്കാൻ ഉദ്ദേശിച്ച, പല കെട്ടിടങ്ങളും, പാർട്ടിക്ക് വേണ്ടപ്പെട്ട ഉന്നതരുടേതുമായിരുന്നു. അതോടെ മണി വിഎസിന് എതിരെ തിരിഞ്ഞു. പാർട്ടി ഓഫീസ് പൊളിക്കുന്നവനെ കൈവെട്ടുമെന്നുള്ള ആഹ്വാനമൊക്കെ ചെയ്ത് അണികളെ വികാരപരമായി ഉദ്ദീപിച്ചു. അങ്ങനെയുള്ള ഇമോഷണൽ ബ്ലാക്ക്മെയിലിങ്ങിന് ഒടുവിൽ മൂന്നാർ ദൗത്യം തകർന്നു.

കേരള ചരിത്രത്തിൽ സമാനകൾ ഇല്ലാത്ത, സർക്കാർ ഭൂമി തിരിച്ചുപിടിക്കലായിരുന്നു ഇത്. മൂന്നാർ ദൗത്യത്തെ പൊളിച്ചു കളഞ്ഞ കുബുദ്ധികേന്ദ്രം ആരാണെന്ന് ചോദിച്ചാൽ എം എം മണി എന്ന് മാത്രമായിരിക്കും ഉത്തരം. അന്നുമുതൽ പിണറായി പക്ഷത്താണ് മണി.


കുത്തിക്കൊന്നു,... വെട്ടിക്കൊന്നു...

കേസുകൾ ഒത്തിരി കണ്ട നേതാവാണ് മണി. എത്ര കേസുകളിൽ താൻ പ്രതിയായിട്ടുണ്ടെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. ഒരു കാലത്ത് തോട്ടം മേഖലയിൽ എന്തുപ്രശ്നം ഉണ്ടായാലും, മണിയുടെ പേരിൽ കേസ് എടുക്കയായിരുന്നു പൊലീസിന്റെ രീതി. താൻ സ്ഥലത്തില്ലാത്ത ഒരു ദിവസം നടന്ന തോട്ടം തൊഴിൽ സമരത്തിന്റെ പേരിൽ ഒറ്റ ദിവസം 22 കേസുകളാണ് തന്റെ പേരിൽ എടുത്തത് എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പക്ഷേ തനിക്ക് പൊലീസിൽനിന്ന് മർദനങ്ങൾ കാര്യമായി ഏറ്റിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. അടിയന്തരാവസ്ഥകാലത്ത് മണിയും അറസ്റ്റിലായി. അടിമാലി സ്റ്റേഷനിൽ മേശയുടെ കാലിൽ വിലങ്ങുവെച്ച് നായ്ക്കളെപ്പോലെ കെട്ടിയിടുകയായിരുന്നു. ഭക്ഷണം കഴിക്കാനും, ബാത്ത്റൂമിൽ പോവാനും മാത്രമായി വിലങ്ങ് അഴിച്ചു തരും. അങ്ങനെ 14 ദിവസം കെട്ടിയിട്ടു. പിന്നെ കോടതിയിൽ ഹാജരാക്കി ദേവികുളം ജയിലിൽ റിമാൻഡ് ചെയ്തു.

എന്നാൽ മണിയാശാൻ ശരിക്കും പെട്ടുപോയത് വിവാദമായ വൺ ട്രൂ ത്രീ പ്രസംഗത്തിൽ ആയിരുന്നു. പാർട്ടി കൊന്നിട്ടുണ്ടെന്നുള്ള പരസ്യമായ ജില്ലാ സെക്രട്ടറിയുടെ പ്രസംഗം കേട്ട് കേരളം തരിച്ചുപോയ ദിനങ്ങൾ. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎം പ്രതിസ്ഥാനത്ത് നിൽക്കേ 2012 മെയ് 25 ന്, ഇടുക്കി വള്ളക്കടവിൽ നടന്ന പ്രസംഗത്തിലാണ് മണി പാർട്ടി നടത്തിയ കൊലകൾ എണ്ണിപ്പറഞ്ഞത്.

''ശാന്തൻ പാറയിൽ പാർട്ടിക്കാർക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയാറാക്കി കൈകാര്യം ചെയ്തു. ഞങ്ങൾ ഒരു പ്രസ്താവന ഇറക്കി, 13 പേർ. വൺ, ടു, ത്രീ, ഫോർ... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാ കൊന്നത് ഒന്നിനെ, ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ,' എന്നായിരുന്നു മണിയുടെ പ്രസംഗത്തിലെ വെളിപ്പെടുത്തൽ. പിന്നീട് അടിമാലി പത്താം മൈലിലും മണി ഇക്കാര്യങ്ങൾ ആവർത്തിച്ചു. മുള്ളഞ്ചിറ മത്തായിയെ 1983 ജനുവരിയിൽ അടിച്ചു കൊന്നു, മുട്ടുകാട് നാണപ്പനെ ജൂൺ 1983-ൽ കുത്തിക്കൊന്നു, ബാലുവിനെ 2004 ൽ വെട്ടിക്കൊന്നു, അഞ്ചേരി ബേബിയെ 1982 നവംബർ 13 ന് വെടിവച്ചുകൊന്നു എന്നീ കാര്യങ്ങൾ മണിയാണ് വെളിപ്പെടുത്തിയത്. അയ്യപ്പദാസ് എന്ന സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് ബാലുവിന്റെ വധത്തിലേക്ക് എത്തിയത്. ഗൂഢാലോചനയും, വിവരം മറച്ചുവെക്കൽ കുറ്റവും ചുമത്തി എം.എം.മണിയെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തിരുന്നു. മണി കുറേക്കാലം ജയിലിൽ ആയി.

പിണറായി കൃപയിൽ വൈദ്യുതി മന്ത്രി

അന്ന് പാർട്ടി പ്രവർത്തകർക്കുപോലും വെറുക്കപ്പെട്ടവനായ മണിയെ ജയിലിൽവന്ന് നേരിട്ട് കണ്ടത്, പാർട്ടി സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയൻ ആയിരുന്നു. പിന്നീട് കേസിൽ കുറ്റ വിമുക്തൻ ആക്കപ്പെട്ട, മണിയെ തിരികെ സ്ഥാനങ്ങളിലേക്ക് കൊണ്ടുവന്നതും പിണറായി ആണ്. 2016ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറഞ്ഞതും, മത്സരിച്ച് ജയിച്ചപ്പോൾ മന്ത്രിയാക്കിയതും ഇരട്ടച്ചങ്കൻ തന്നെ.

വൈദ്യുതി മന്ത്രി എന്ന നിലയിൽ എംഎം മണിക്ക് അത്രയേറെ തിളങ്ങാൻ കഴിഞ്ഞോ എന്നതും സംശയമാണ്. ഡാം മാനേജ്മെന്റ് അടക്കമുള്ള കാര്യങ്ങൾ പ്രളയ സമയത്ത് വലിയ വിവാദമായി. അന്ന് വൈദ്യുതി വകുപ്പിൽ നടന്ന പല കാര്യങ്ങളും, ബി അശോക് ഐഎഎസ് കെഎസ്ഇബി ചെയർമാനായി വന്നപ്പോഴാണ് പുറത്തറിഞ്ഞത്. എം എം മണിയെ നോക്കുകുത്തിയാക്കി കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ അവിടെ സമാന്തര ഭരണം നടത്തിയതിന്റെ വാർത്തകൾ ഇപ്പോൾ എല്ലാവർക്കും അറിയാം. കെഎസ്ഇബിയുടെ വാഹനത്തിൽ ഭാര്യ വീട്ടിലേക്ക് യാത്ര നടത്തിയതിന് സുരേഷ് കുമാർ എന്ന യൂണിയൻ നേതാവിനൊക്കെ ലക്ഷങ്ങളുടെ പിഴയാണ്, അശോക് അടിച്ചുകൊടുത്തത്. മണി മന്ത്രിയായിരുന്നപ്പോൾ, ഇവർ അദ്ദേഹത്തെ നിയന്ത്രിക്കയാണ് ചെയ്തത്.

ഇപ്പോൾ പിണറായി സർക്കാർ കൃഷി വകുപ്പിലേക്ക് സ്ഥലം മാറ്റിയ ബി അശോക് കെഎസ്ഇബിയിലെ അഴിമതികൾ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നപ്പോൾ, പുറത്തായത്് എം എം മണിയുടെ കാര്യക്ഷമത ഇല്ലായ്മ കൂടിയാണ്. മൂന്നാറിലെ സൊസൈറ്റിക്ക് കെ.എസ്.ഇ.ബി.യുടെ ഭൂമി പതിച്ചുകൊടുക്കാൻ ശ്രമം നടന്നുവെന്നായിരുന്നു അശോകിന്റെ ആരോപണം. ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും, ബോർഡ് അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ സ്ഥലം വിട്ടുനൽകിയിരുന്നു. നൂറു കണക്കിന് ഏക്കർ സ്ഥലം ഫുൾബോർഡോ സർക്കാരോ അറിയാതെ ജൂനിയറായ ഒരു ചീഫ് എക്സിക്യുട്ടീവ് ഓഫീസർ വാണിജ്യ പാട്ടത്തിന് കൊടുത്തുവെന്നും അശോക് ആരോപിച്ചിരുന്നു. സിപിഎം സംഘടനകൾക്ക് കെഎസ്ഇബി ഭൂമി പതിച്ചു കൊടുത്തുവെന്ന ആരോപണം മുമ്പും ഉയർന്നിരുന്നു.

എന്നാൽ, തന്റെ കാലത്തെ ഭരണനടപടികൾക്കെതിരെ വിമർശനം ഉന്നയിച്ച അശോകിനെതിരെ കടുത്ത നടപടി എടുക്കണമെന്നായിരുന്നു മണിയാശാന്റെ വാദം. ഇതിനൊപ്പം യൂണിയനുകളെ സമ്മർദവും ശക്തമായപ്പോൾ അശോക് തെറിച്ചു. ഇപ്പോൾ മന്ത്രിയല്ല, എം എം മണി വെറും എംഎൽഎയാണ്. എന്നിട്ടും മൂന്നാർ ദൗത്യം അട്ടിമറിച്ചപോലെ ഒരു പണി അദ്ദേഹം എടുത്തു. ബി അശോക് എന്ന മിടുക്കനായ കെഎസ്ഇബി ചെയർമാനെ പുറത്താക്കിയതിന് പിന്നിൽ മണിയുടെ സമ്മർദം ആണെന്നാണ് ആരോപണം.

ഇടുക്കി രാജാവായ സഹോദരൻ

താൻ സ്വത്തുക്കൾ ഒന്നും സമ്പാദിച്ചിട്ടില്ല നിസ്വനാണ് എന്നൊക്കെ ചാനലുകളിൽ പോയി ഇരുന്ന്, പറയുന്നുണ്ട് എം എം മണി. (ഇതും ശരിയല്ല. മത്സരിക്കുമ്പോൾ കൊടുത്ത സത്യവാങ്ങ്മൂലം അനുസരിച്ച് രണ്ടരക്കേടിയിലേറെ രൂപയുടെ സ്വത്തുക്കൾ മണിക്കുണ്ട്) പക്ഷേ നിർഗതിയും പരഗതിയുമില്ലാതെ ഇടുക്കിയിലെത്തിയ സഹോരൻ ലംബോധരൻ എങ്ങനെ, 'ഇടുക്കി രാജാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന രീതിയിൽ വളർന്നു എന്ന ചോദ്യം പ്രസ്‌കതമാണ്. ഇപ്പോൾ എം എം മണി പറയും, ലംബോധരനുമായി തനിക്ക് ബന്ധമൊന്നുമില്ല എന്ന്. പക്ഷേ ആരുടെ തണലിലാണ് ലംബോധരൻ വളർന്നത് എന്നത് പ്രസക്തമാണ്.

ഇടുക്കി ബൈസൻവാലി ഇരുപത് ഏക്കർ എന്ന സ്ഥലത്ത് 50 സെന്റിൽ 2 കോടിയോളം വിലമതിക്കുന്ന വീടാണ് ലംമ്പോദരൻ പണിതുയർത്തിയിരിക്കുന്നത്. വീട്ടിൽ സ്വിമ്മിംങ് പൂൾ അടക്കമുള്ള ആധുനിക സംവിധാനങ്ങളുമുണ്ട്. കെ.എൽ 58 -1212 നമ്പർ ബെൻസും ലാൻസറും ഉൾപ്പടെ ആറ് ആഡംബര കാറുകൾ ലംമ്പോദരന്റെ പേരിലുണ്ട്. പുലരി എന്റെർപ്രൈസസ് എന്ന പേരിൽ വളം, കീടനാശിനി വിൽപ്പന നടത്തുന്ന സ്ഥാപനവും ല സ്വന്തമാണ്. ഈ സ്ഥാപനം അദ്ദേഹത്തിന്റെ മക്കളാണ് നടത്തുന്നത്.

രാജക്കാട്-മുക്കുടിലിൽ 50 ഏക്കർ ഏലത്തോട്ടം ലംമ്പോദരന്റെ പേരിലുണ്ട്. ഇവിടെ ഏല കൃഷിയാണ് ചെയ്യുന്നത്. എസ്റ്റേറ്റിനുള്ളിൽ എസ്റ്റേറ്റ് ബംഗ്ലാവും തൊഴിലാളികളുടെ താമസ്ഥലമായ പാടിയും ഉണ്ട്.എംഎം ലമ്പോദരന്റെ ഭാര്യ സഹോദരൻ സുരേന്ദ്രൻ പുല്ലംപ്ലാക്കന്റെ ഭാര്യ ഷൈലജ സുരേന്ദ്രൻ ബൈസൻവാലി-ചൊക്രമുടിയിൽ 20 ഏക്കർ സർക്കാർ ഭൂമി കയ്യേറി അതിൽ റിസോർട്ട് നിർമ്മിച്ചിട്ടുള്ളതായാണ് വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇവർ മഹിള അസോസിയേഷൻ ഇടുക്കി ജില്ലാ സെക്രട്ടരിയായിരുന്നു.

1980-85 കാലഘട്ടത്തിൽ സിപിഎം രാജാക്കാട് ഏരിയാ സെക്രട്ടറിയുമായിരുന്നു എംഎം ലംമ്പോദരൻ. 1998- 2000 കാലയളവിൽ പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിന്നു. ഗോഗുലം ഗോപാലന്റെ കൂടെ ചേർന്ന ശ്രീ നാരായണ ധർമ്മവേദി രൂപീകരിച്ചു പ്രവർത്തിച്ചു. ഇതിനിടയിൽ എക്‌സപോർട്ടിംങ്ങ് ബിസിനസിനായി 20 പേരുടെ അടുത്ത് നിന്ന് 5 ലക്ഷം രൂപ വെച്ച് ഷെയർ വാങ്ങി. പണവും വാങ്ങി സ്ഥാപനം ആരംഭിച്ചില്ല. ഈ കാലത്താണ് വി എസ് അച്യൂതാനന്ദന്റ മൂന്നാർ ഓപ്പറേഷൻ ആരംഭിക്കുന്നത്.

ചൊക്രമുടി, ചിന്നക്കനാൽ, ഗ്യാപ്പ് റോഡിലെ കൈയേറ്റങ്ങളുടെ പേരിൽ ലംമ്പോദരനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ലംബോദരൻ നൈജീരിയയ്ക്ക് പോയി. ചൊക്രമുടിയിൽ മൂന്ന് കമ്പനികൾക്ക് മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് ലംമ്പോദരൻ സൗകര്യം ചെയ്ത് നൽകുകയായിരുന്നു. മാസം തോറും വലിയ തുക ടവർ സ്ഥാപിച്ചതിന്റെ സ്ഥല വാടകയും ഇയാൾ കമ്പനികളിൽ നിന്ന് കൈപ്പറ്റിയിരുന്നു. മൊബൈൽ സേവന ദാതാക്കളുടെ ടവറുകൾ പൊളിച്ചുനീക്കിയാണ് മൂന്നാർ 2007 ൽ ദൗത്യം ആരംഭിച്ചത്.

നൈജീരിയയിൽനിന്ന് രണ്ടു വർഷത്തിന് ശേഷമാണ് മടങ്ങിയെത്തിയത്. മടങ്ങിയെത്തിയ ലംമ്പോദരൻ കൃഷിക്കാരുടെ സംഘടന രൂപീകരിച്ചു. എസ്‌പി.എ എന്ന പേരിൽ വളക്കമ്പനി തുടങ്ങി. ആയിരം രൂപയാണ് ഇതിനായി നിക്ഷേപകരിൽനിന്ന് സ്വീകരിക്കുന്നത്. അത് പിരിഞ്ഞതിന് ശേഷമാണ് 2010 ൽ പുലരി എന്റെർപ്രൈസസ് ആരംഭിക്കുന്നത്. ഇതെല്ലാം നടത്തിയത് മണിയുടെ പേര് ഉപയോഗിച്ചുകൊണ്ട് തന്നെയാണ്.

നേരത്തെ പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ ഏറ്റവുമധികം വിമർശിച്ചത് വൈദ്യുതി മന്ത്രി എംഎം മണിയായിരുന്നു. മൂന്നാറിൽ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ ഭൂമികൈയേറ്റം ഒഴിപ്പിക്കൽ ആരംഭിച്ചപ്പോൾ തന്നെ മണി ഭീഷണിയുമായി എത്തിയിരുന്നു. മണിക്ക് ഇപ്പോൾ ഇത്രയ്ക്ക് ഹാലിളകാൻ ഒരു കാരണമുണ്ടെന്ന് വി എസ് അച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് അസിസ്റ്റന്റ് എ സുരേഷ് വിമർശനുമുയർത്തി.. ഫേസ് ബുക്കിലിട്ട പോസ്റ്റിലാണ് സുരേഷിന്റെ പ്രതികരണം. മൂന്നാർ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനോട് മണിക്ക് ഇത്രേം വിദ്വേഷം ഉണ്ടാകാൻ കാരണം അനിയൻ ലംബോധരന്റെ ഭൂമി കൈയേറ്റം കണ്ടെത്തിയതാണെന്നാണ് സുരേഷ് കുറിച്ചു. ഇതിൽനിന്നെല്ലാം കാര്യങ്ങൾ വളരെ വ്യക്തമാണ്.

രാഷ്ട്രീയം തന്നെയാണ് ഏറ്റവും നല്ല ബിസിനസ്

''എനിക്ക് അഞ്ചു മക്കൾ ആണ്. അഞ്ചു പെണ്മക്കൾ. അവരെ എന്റെ അടുത്ത് തന്നെയാണ് വിവാഹം കഴിപ്പിച്ചു അയച്ചത്. ആണ്മക്കളില്ല. എല്ലാവര്ക്കും കൂടി ഒൻപത് മക്കളാണ്. ഓണത്തിനും വിഷുവിനും ഒക്കെ അവർ മുണ്ട് കൊണ്ടുവരും. എനിക്ക് ജീവിക്കാൻ അതുമതി''- മണിയാശാൻ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. പക്ഷേ അത്രക്ക് ലളിതമൊന്നുമല്ല എം എം മണിയുടെ വ്യക്തി ജീവിതം.

ഒന്നുമില്ലായ്മയിൽനിന്ന് വളർന്ന മണി രണ്ടു കോടി 82 ലക്ഷം രൂപയുടെ സ്വത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിൽ വെളിപ്പെടുത്തിയത്. ഇപ്പോൾ അത് നാലുകോടിയോളം ആയിക്കാണും. അതിനർത്ഥം സഖാവ് എം എം മണിയും കുടുംബവും പട്ടിണിയിൽനിന്ന് പട്ടിണിയിലേക്കല്ല വളർന്നത് എന്നാണ്. അവർ വികസിക്കുകയും വളരുകയും ചെയ്തു. പക്ഷേ മണി അരനൂറ്റാണ്ടുകാലം പ്രവർത്തിച്ച് തോട്ടം തൊഴിലാളികളുടെ അവസ്ഥ ഇന്നും എന്താണ്. അവർക്ക് ഇന്നും അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാൻ ആയിട്ടില്ല.

220 രൂപയാണ് ഈ തോട്ടം തൊഴിലാളികളുടെ ഒരുദിവസത്തെ കൂലി. രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് ജോലിസമയം. മാസ ശമ്പളമാണ്. ഞായറാഴ്ച ജോലി ചെയ്താൽ കൂലി അന്നുതന്നെ കിട്ടും. ചെറുചെറു വീട്ടാവശ്യങ്ങൾ അങ്ങനെയാണ് കഴിക്കുക. പാടികളിലെ വെറും രണ്ടുമുറി മാത്രമുള്ള തകര ഷെഡുകളിൽ അവർ ജീവിതം ഹോമിക്കുന്നു. അങ്ങനെ സഹികെട്ട് 'പൊമ്പിളെ ഒരുമെ'യുടെ നേതൃത്വത്തിൽ തൊഴിലാളികൾ സമരത്തിന് ഇറങ്ങിയപ്പോൾ, അതിനെ ഹീനമായി അപഹസിക്കാനാണ്, സെപ്റ്റിടാങ്കിന് സമാനമായ വായയുള്ള മണി തയ്യാറായത്.

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ പി ജയകുമാർ ഇങ്ങനെ എഴുതുന്നു. ''നൂറ്റാണ്ടുകൾക്ക് മുമ്പ് തമിഴ്‌നാട്ടിൽ നിന്ന് തൊഴിലാളികളെ കൂട്ടത്തോടെ ആട്ടിത്തെളിച്ച് മലമുകളിലെത്തിക്കാൻ ബ്രിട്ടീഷുകാർ ഒരു മാർഗം കണ്ടെത്തി. ഈ തൊഴിലാളികളിൽ നിന്നുതന്നെ യജമാനന്മാരെ റിക്രൂട്ട് ചെയ്യുക. കൂടുതൽ കൂലിയും വടിയും ട്രൗസറും തൊപ്പിയും ഷൂസും നൽകി ചിലരെ അവർ കങ്കാണിമാരാക്കി.

തൊഴിലാളികളെ അറിയുന്ന, അവരുടെ കൂടപ്പിറപ്പുകളിൽ നിന്നായിരുന്നു ഈ കങ്കാണിവരവ്. അവർക്ക് തൊഴിലാളിയെ അറിയം അവരുടെ സ്‌നേഹത്തിന്റെയും രോഷത്തിന്റെയും ആഴമറിയാം. പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയും എങ്ങനെ കമ്പനി സായപ്പന്മാർക്കുവേണ്ടി പണിയെടുപ്പിക്കണമെന്നറിയാം. കൂടപ്പിറപ്പുകളെ മുതുകത്തടിച്ചും പീഡിപ്പിച്ചും ശിക്ഷിച്ചും കങ്കാണിമാർ കൂറുകാട്ടി. മുതലാളിക്ക് നന്നായി സുഖിച്ചു. സഖാവ് എം എം മണിയുടെ വാക്കുകളിൽ ഈ കങ്കാണിക്കൂറാണുള്ളത്.''

വളരെ അർഥവത്തായ ഒരു നിരീക്ഷണം ആണിത്. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽനിന്ന് കങ്കാണി രാഷ്ട്രീയത്തിലേക്ക് എം എം മണിയെപ്പോലുള്ളവർ മാറിക്കഴിഞ്ഞു. കേരളത്തിൽ എറ്റവും നല്ല ലാഭമുള്ള ബിസിനിസ് രാഷ്ട്രീയം തന്നെയാണെന്ന് എം എം മണിയുടെ ജീവിതവും തെളിയിക്കുന്നു.

വാൽക്കഷ്ണം: എം എം മണിയുടെ സിഗരറ്റ് വലിപോലും നിർത്തിയത് പിണറായി വിജയൻ ആണെത്രേ. ആദ്യം തെറുപ്പ് ബീഡിയാണ് വലിച്ചത്. പിന്നീട് സാധു ബീഡിയായി. അത്, ചാർമിനാറും, സിഗരറ്റും, വിൽസുമായി പണത്തിന് അനുസരിച്ച് മാറി. ദിവസവും 30 സിഗരറ്റ് വലിക്കുന്ന മണിയെ ഒറ്റയടിക്ക് നിർത്താൻ ഉപദേശിച്ചത് പിണറായിയാണ്. അതോടെ അദ്ദേഹം വലി നിർത്തി. കഴിഞ്ഞ പതിനഞ്ചുവർഷമായി വലിക്കുന്നില്ല. വെറുതെയാണോ 'കാരണഭൂതൻ' എന്ന് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP