Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എം ആർ വാക്സിനേഷൻ എന്നാൽ മോദി- ആർഎസ്എസ് വാക്സിനേഷൻ; പോളിയോ വാക്സിനേഷൻ മലപ്പുറത്തെ ജനസംഖ്യ കുറയ്ക്കാൻ അമേരിക്ക ആസൂത്രണം ചെയ്തത്': ഭീതിവ്യാപാരികളുടെയും മതമൗലികവാദികളുടെയും അപവാദ പ്രചാരണങ്ങൾ തള്ളി വാക്സിനേഷനിൽ മലപ്പുറം മുന്നോട്ട്; പ്രതിരോധകുത്തിവെപ്പുകളുടെ ശാസ്ത്രം എന്താണ്; ഇവ പൂർണ്ണമായും സുരക്ഷിതമോ; കുത്തിവെപ്പ് എടുത്ത നിരവധി കുട്ടികൾ മരിച്ചു എന്നു പറയുന്നതിന്റെ വസ്തുത എന്ത്?

'എം ആർ വാക്സിനേഷൻ എന്നാൽ മോദി- ആർഎസ്എസ് വാക്സിനേഷൻ; പോളിയോ വാക്സിനേഷൻ മലപ്പുറത്തെ ജനസംഖ്യ കുറയ്ക്കാൻ അമേരിക്ക ആസൂത്രണം ചെയ്തത്': ഭീതിവ്യാപാരികളുടെയും മതമൗലികവാദികളുടെയും അപവാദ പ്രചാരണങ്ങൾ തള്ളി വാക്സിനേഷനിൽ മലപ്പുറം മുന്നോട്ട്; പ്രതിരോധകുത്തിവെപ്പുകളുടെ ശാസ്ത്രം എന്താണ്; ഇവ പൂർണ്ണമായും സുരക്ഷിതമോ; കുത്തിവെപ്പ് എടുത്ത നിരവധി കുട്ടികൾ മരിച്ചു എന്നു പറയുന്നതിന്റെ വസ്തുത എന്ത്?

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ഭീതിവ്യാപാരികളുടെയും മതമൗലികവാദികളുടെയും അപവാദ പ്രചാരണങ്ങൾ തള്ളി വാക്സിനേഷനിൽ മലപ്പുറം മുന്നോട്ട് കുതിക്കുന്നു. മലപ്പുറം ജില്ലയിൽ പോളിയോ വാക്സിൻ നൽകിയ കുട്ടികളുടെ എണ്ണം ചൊവ്വാഴ്ച വൈകുന്നേരം വരെയുള്ള കണക്കുപ്രകാരം 3,96,365 ആണ്, അതായത് 88 ശതമാനം. 4,50,415 കുട്ടികൾക്കാണ് സർക്കാരിന്റെ കണക്കുപ്രകാരം ജില്ലയിൽ പോളിയോ വാക്സിനേഷൻ നൽകേണ്ടത്. ഇതിൽ ആദ്യദിനം 2,33,521 കുട്ടികൾക്ക് നൽകി, അതായത് 53%. മലപ്പുറം ജില്ലയിൽ ഒരു ആഴ്ചയാണ് പോളിയോ വാക്സിനേഷൻ ക്യാമ്പയിൻ ആയി ആരോഗ്യവകുപ്പ് മാറ്റി വെച്ചിരിക്കുന്നത്. വീടുകളിൽ നേരിട്ട് ചെന്ന് കുട്ടികൾക്ക് വാക്സിൻ നൽകുകയാണ് ഇപ്പോൾ ആരോഗ്യവകുപ്പ് ചെയ്യുന്നത്. രണ്ടാം ദിവസം 70 ശതമാനം കുട്ടികൾക്കും വാക്സിനേഷൻ നൽകാൻ സാധിച്ചപ്പോൾ മൂന്നാം ദിവസം ആയപ്പോഴേക്കും അത് 88 ശതമാനമായി ഉയർന്നു. ശനിയാഴ്ചയോടെ ബാക്കിയുള്ളവർക്കും വാക്സിനേഷൻ നൽകാൻ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പിലെ പ്രതീക്ഷ.

മറ്റു ജില്ലകൾ ആദ്യദിനം തന്നെ 80 ശതമാനവും 90 ശതമാനവും ഒക്കെ വാക്സിനേഷൻ പൂർത്തിയാക്കിയപ്പോൾ മലപ്പുറത്ത് 53 ശതമാനം മാത്രമേ വാക്സിനേഷൻ നടന്നുള്ളൂ എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതാണ് മൂന്നാംദിനം 88 ശതമാനമായി ഉയർന്നത്. ഇതിനിടെ മലപ്പുറത്ത് വാക്സിനേഷൻ നിരക്ക് കുറഞ്ഞുവെന്നാണ് ആദ്യം വാർത്ത വന്നത്. എന്നാൽ ഇത് ശരിയല്ലെന്നാണ് ആരോഗ്യവകുപ്പ് ഇപ്പോൾ അറിയിക്കുന്നത്.

ഭീതിവ്യാപരികളുടെ കുപ്രചാരണം തള്ളി ജനം

എംആർ വാക്സിനേഷനെ മോദി- ആർഎസ്എസ് വാക്സിനേഷൻ എന്ന് പറഞ്ഞ് പുറം തിരിഞ്ഞു നിന്ന ജില്ലായായിരുന്നു മലപ്പുറം. അതുപോലെ തന്നെ പോളിയോയും, ഡിഫ്ത്തീരിയ വാക്സിനേഷനും എല്ലാം മലപ്പുറത്തിന്റെ മുസ്ലിം ജനസംഖ്യ കുറക്കാനുള്ള അമേരിക്കയുടെ തന്ത്രമാണെന്നാണ് ജേക്കബ് വടക്കൻചേരിയെയും മോഹനൻ വൈദ്യരെയും പോലുള്ളവർ പ്രചരിപ്പിച്ചത്. ചില ഹോമിയോ ഡോക്ടർമാരും ഇതിന് കൂട്ടുനിന്നു. എസ്ഡിപിഐ പോലുള്ള ചില മതമൗലിക വാദ ഗ്രൂപ്പുകൾ ഇതിന് ശക്തമായ പിന്തുണയും കൊടുത്തു. എന്നാൽ ഇപ്പോൾ മലപ്പുറം അവരെയെല്ലാം തള്ളുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

കഴിഞ്ഞ വർഷം കേരളത്തിൽ മലപ്പുറം ജില്ലയിലാണ് ഡിഫ്തീരിയ മരണങ്ങൾ എറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. ഡിഫ്തീരിയ വാക്സിനേഷനെതിരെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും എറ്റവുമധികം നടന്നതും മലപ്പുറത്താണ്. പിന്നീട് ആരോഗ്യവകുപ്പ് നടത്തിയ കൊണ്ടുപിടിച്ച പ്രചാരണങ്ങൾക്ക് ഒടുവിലാണ് വാക്സിനേഷൻ നിരക്ക് കൂട്ടാൻ കഴിഞ്ഞത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തിയത് ജേക്കബ് വടക്കൻചേരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ശരീരത്തിന്റെ ആന്തരികാവയവങ്ങളെ കാർന്നു തിന്നാൻ ശേഷിയുള്ള രോഗമാണ് ഡിഫ്തീരിയ. 15 വയസിൽ താഴെ പ്രായമുള്ളവരെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. മലപ്പുറത്ത് 2016ൽ മാത്രം 216 പേർ ഡിഫ്തീരിയയുടെ ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. അതിനിടെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. അതിനിടെ ഡിടിപി വാക്സിനെയും കുപ്രചരകർ വെറുതെ വിട്ടിരുന്നില്ല. ഡിടിപി വാക്സിൻ പൂർണമായും സുരക്ഷിതമാണെന്നും ഇത് ഒരു പ്രത്യേക വിഭാഗത്തിന്റെ ജനസംഖ്യ കുറയ്ക്കാൻ അമേരിക്ക ഉണ്ടാക്കിയപദ്ധതിയാണെന്നതൊക്കെ വെറും തട്ടിപ്പുകൾ മാത്രമാണെന്നും അധികൃതർ പറയുന്നു. ഡിഫ്ത്തീരിയ(തൊണ്ട മുള്ള്), പെർട്ടൂസീസ് (വില്ലൻ ചുമ), ടെറ്റനസ്( കുതിര സന്നി) എന്നീ മാരക രോഗങ്ങൾ ബാധിക്കാതിരിക്കാനായി ശിശുക്കൾക്ക് നൽകുന്ന പ്രതിരോധ കുത്തിവെയ്‌പ്പാണ് ഡിപിടി വാക്സിൻ. ട്രിപ്പിൾ വാക്സിൻ എന്നും ഇത് അറിയപ്പെടുന്നു.

ഇന്ത്യയുൾപ്പെടെയുള്ള മിക്ക രാജ്യങ്ങളിലും ഡിപിറ്റി, ലോകാരോഗ്യ സംഘടന നിഷ്‌ക്കർഷിക്കുന്ന ഒരു പൊതുജനാരോഗ്യ നടപടിയാണ്. ലോകാരോഗ്യ സംഘടനയുടെ ശുപാർശയനുസരിച്ച് നവജാത ശിശുക്കൾക്ക് ആറാം ആഴ്ച, പത്താം ആഴ്ച, പതിനാലാം ആഴ്ച എന്നീ ക്രമത്തിൽ മൂന്ന് കുത്തിവെയ്പുകളും തുടർന്ന് 16 -24 അഴ്ചകൾക്കിടയിൽ ഒരു കുത്തിവെയ്‌പ്പും തുടർന്ന് 5- 6 ആം വയസ്സിൽ വില്ലൻ ചുമയുടെ ഘടകം ഒഴിവാക്കിയ ഡീ ടീ ബൂസ്റ്റർ ഡോസും നൽകുകയാണ് ചെയ്യേണ്ടത്.ഡിപിറ്റി വാക്സിൻ അപൂർവങ്ങളിൽ അപുർവമമായി ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. ഇതാണ് കപട ചികിത്സകർ പ്രചരിപ്പിക്കുന്നത്. ഇതു ഒരുലക്ഷത്തിൽ ഒരാൾക്ക് ഒക്കെയെ ഉണ്ടാവൂ. അതും മാരകവുമല്ല. വില്ലൻ ചുമയുടെ വാക്സിനിലെ നിർജീവ ബാക്ടീരിയങ്ങളുടെ സാന്നിധ്യമാണ് ഇതിനു കാരണം.ഇത് പെരുപ്പിച്ചാണ് കുപ്രചാരണം നടത്തുന്നത്.

വാക്‌സിനുകൾ മരണകാരണമാവുമോ?

വാക്സിൻ പ്രയോഗം മരണത്തിനുവരെ കാരണമായേക്കാവുന്ന പാർശ്വഫലങ്ങളുണ്ടാക്കാമെന്ന വാദമാണ് വാക്സിൻ വിരുദ്ധരുടെ വജ്രായുധം. വാക്സിൻ വിരുദ്ധ സാഹിത്യത്തിന്റെ ഏറ്റവും പ്രധാന ചേരുവയും പാർശ്വഫലങ്ങളുടെ അനുഭവ വിവരണമാണ്. 'നമ്മുടെ കുഞ്ഞുങ്ങളെ ഈശ്വരൻ രക്ഷിക്കട്ടെ' (സാജൻ, സിന്ധു-മാധ്യമം 2004 ജനുവരി 25) എന്ന മുഴുപ്പേജ് ഫീച്ചർ ഉദാഹരണമായി എടുക്കുക.കേരളത്തിലെ വാക്സിൻ വിരുദ്ധ പോരാട്ടത്തിന്റെ
തുടക്കവും ഇവിടെ നിന്നാണ്. പോളിയോ കുത്തിവെപ്പ് നടത്തിയശേഷം കാൽ തളർന്നുപോയ സംഭവങ്ങളും മറ്റും വിവരിക്കുകയാണ് ഇതിൽ. അതിലെ ഒരു അനുഭവം ഇങ്ങനെ: ''മലപ്പുറം ജില്ലയിൽ ഒതുക്കുങ്ങൽ മറ്റത്തൂരിലെ ചോലയിൽ ശശിയുടെ ഒന്നര വയസായ മകൻ യദുവിന് സമീപത്തെ അംഗനവാടിയിൽനിന്ന് പോളിയോ തുള്ളിമരുന്ന് നൽകി. തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും കുഞ്ഞിന് കടുത്ത ക്ഷീണം. ഉറക്കമായിരിക്കുമെന്ന് കരുതി അമ്മ ബിന്ദു കുഞ്ഞിനെ ഉറങ്ങാൻ കിടത്തി. ആ ഉറക്കത്തിൽനിന്ന് യദു പിന്നീടൊരിക്കലും ഉണർന്നില്ല.''

ഒന്നര വയസായ ഈ കുട്ടിയുടെ മരണത്തിന് പിന്നിൽ വാക്സിനേഷൻ ആണ് എന്നാണ് ഈ അനുഭവ വിവരണത്തിലൂടെ ലേഖകർ സമർഥിക്കാൻ ശ്രമിക്കുന്നത്. പക്ഷെ, അതെങ്ങനെ ഉറപ്പിക്കാനാകും? മരണകാരണം വാക്സിനേഷൻ തന്നെ എന്നുറപ്പിക്കാവുന്ന ശാസ്ത്രീയ തെളിവുകൾ ഇവിടെ ഇല്ല; സാഹചര്യത്തെളിവുകൾ മാത്രമാണ് ഉള്ളത്. ഇത്തരം അനുഭവങ്ങളുടെ സമാഹരമാണ് യഥാർഥത്തിൽ ഈ ലേഖനം. ഒരു വായനക്കാരനെ തെറ്റിധരിപ്പിക്കാൻ ഇതു ധാരാളമാണ്. ഈ ലേഖനത്തിലെ മറ്റൊരു ഭാഗം: ''മൃഗങ്ങളുടെ സിറത്തിൽ നിർമ്മിച്ച ഈ വാക്സിനിലൂടെ മാരകമായ പല മൃഗ രോഗാണുക്കളും മനുഷ്യരിലെത്തിയതായി ആരോപണം ഉയർന്നിട്ടുണ്ട്. എയ്ഡ്സിന്റെ ഉൽഭവം മുതൽ ഭ്രാന്തിപ്പശു രോഗത്തിന്റൈ വ്യാപനം വരെ ഈ വാക്സിനിലൂടെ നടന്നുവെന്ന് തെളിവുകൾ നിരത്തപ്പെട്ടിട്ടുണ്ട്. തുള്ളിമരുന്നിലെ വീര്യം കുറഞ്ഞ പോളിയോ അണുക്കൾ അനേകം വർഷം നിലനിൽക്കുന്നതായും അവ പിന്നീട് ഉൽപരിവർത്തനം സംഭവിച്ച് മാരകമായി തീരുന്നതായും കുഞ്ഞുങ്ങളെ മാത്രമല്ല, മുതിർന്ന മനുഷ്യരെയും വളർത്തു മൃഗങ്ങളെപ്പോലും ബാധിക്കുന്നതായും ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.''

ലേഖകന്റെ ആരോപണങ്ങൾ വിശകലനം ചെയ്യുമ്പോൾ അതിലെ അസംബന്ധങ്ങൾ എളുപ്പത്തിൽ മനസിലാകും. കുട്ടികൾക്ക് പലതരത്തിൽ മരണം സംഭവിക്കാം. മരിക്കുന്നതിന് മുമ്പ് അവർക്ക് വാക്സിൻ നൽകിയിരുന്നു എന്നതിനാൽ, അതുതന്നെയാണ് മരണ കാരണമെന്ന് ആദ്യമേ വിധിയെഴുതുകയാണ്. ഈ ലേഖനത്തിൽ പറയുന്ന രണ്ട് സംഭവങ്ങളുടെ മെഡിക്കൽ പരിശോധന ഫലം കാണുക. ഒരു കുഞ്ഞിന്റെ (യദു) പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം മരണകാരണം ശ്വാസതടസ്സമായിരുന്നു. മുലപ്പാൽ നൽകുമ്പോഴുണ്ടായ അശ്രദ്ധമൂലമാകാം ശ്വാസംമുട്ടിയത്. കുഞ്ഞിന്റെ ശ്വാസകോശത്തിൽ മുലപ്പാലിന്റെ അംശം കണ്ടെത്തിയെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കാൽ തളർന്ന രണ്ട് കുട്ടികൾക്ക് ഗില്ലൻബാരി സിൻേഡ്രാം ആണ്. ശരീരത്തിലെ പേശികൾ പെട്ടെന്ന് തളർന്നുപോകുന്ന ഈ അസുഖത്തിന് പോളിയോ കുത്തിവെപ്പുമായി ബന്ധമില്ലെന്ന് ആധികാരിക പഠനങ്ങളുണ്ട് (യു.എസ് നാഷനൽ ലബോറട്ടറി ഓഫ് മെഡിസിൻ). പക്ഷെ, ഇതൊന്നും ലേഖകർ പരിഗണിക്കുന്നില്ല. മരണത്തിനും ശരീര തളർച്ചക്കും കാരണം കുത്തിവെപ്പ് തന്നെ എന്ന മുൻവിധിയിൽ അവർ ഉറച്ചുനിൽക്കുന്നു. 2014ൽ, പെന്റാവാലെന്റ് കുത്തിവെപ്പ് എടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവവും ഇതുപോലെ വിവാദമായതാണ്. അതിലൊരു കുഞ്ഞ് (കോഴിക്കോട് പുതിയങ്ങാടി) മാസം തികയാതെ പ്രസവിച്ചതായിരുന്നു. മറ്റൊരു കുട്ടിക്ക് (കോഴിക്കോട് കായണ്ണ) ഹൃദയസ്തംഭനമായിരുന്നുവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മൂന്നാമത്തെ കുട്ടിക്ക് (പേരാമ്പ്ര) ജന്മനാ ഹൃദയ വൈകല്യമുണ്ടായിരുന്നു. ഈ മൂന്ന് സംഭവങ്ങളുടെയും മരണ വാർത്ത വലിയ രീതിയിൽ കൊണ്ടാടപ്പെട്ടുവെങ്കിലും പിന്നീട് പരിശോധനാ ഫലം റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ വീഴ്ച വരുത്തി.

വാക്സിനുകൾ പാർശ്വഫലങ്ങൾക്കിടയാക്കുമെന്നത് ഒരു യാഥാർഥ്യമാണ്. അത് വാക്സിൻ നിർമ്മാതാക്കളും ഗവേഷകരും തന്നെ സമ്മതിക്കുന്നുമുണ്ട്. പാർശ്വഫലങ്ങളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിക്കൊണ്ടു മാത്രമാണ് ഓരോ വാക്സിനുകളും കമ്പനികൾ വിതരണം ചെയ്യുന്നത്. അവയുടെ ഇറക്കുമതി, സൂക്ഷിപ്പ് തുടങ്ങിയ കാര്യങ്ങളിലെല്ലാം കൃത്യമായ നിയമങ്ങളുമുണ്ട്. അവയെല്ലാം പാലിച്ചുവേണം വാക്സിനുകൾ നൽകാൻ. വാക്സിൻ പാർശ്വഫലങ്ങൾ വളരെ നിസ്സാരമാണെന്നാണ് വസ്തുത. പനി, ചർമത്തിനുണ്ടാകുന്ന തടിപ്പ് തുടങ്ങിയ പാർശ്വഫലങ്ങളാണ് സാധാരണഗതിയിലുണ്ടാവുക. അത് ഏതാനും സമയത്തിനുള്ളിൽ മാറുകയും ചെയ്യും. അപൂർവം ചില അവസരങ്ങളിൽ മാത്രമാണ് അവ അപകടകരമാകുന്നത്. മൂന്ന് ലക്ഷത്തിൽ ഒന്ന്, രണ്ട് എന്നീ തോതിലാണ് അത് സംഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇതുസംഭവിക്കുന്നതുതന്നെ, കുത്തിവെപ്പിനുമുമ്പ് ചെയ്യേണ്ട മുൻകരുതലുകളിൽ അശ്രദ്ധ പുലർത്തുന്നതുമൂലമാണെന്നും മനസിലാക്കാനാകും.

വ്യാജവാർത്തകളും ഒട്ടേറേ

'വ്യാജ വാർത്ത' സൃഷ്ടിക്കലാണ് വാക്സിൻ വിരുദ്ധ പ്രചാരകരുടെ മറ്റൊരു രീതി. 2014 ഫെബ്രുവരിയിൽ, ഡോ. പി.ജി ഹരി എന്ന, വയനാട് സ്വദേശിയായ സാമൂഹിക പ്രവർത്തകൻ സംസ്ഥാന ആരോഗ്യ വകുപ്പിന് ഒരു വിവരാവകാശ അപേക്ഷ സമർപ്പിച്ചു. ചോദ്യം ഇതായിരുന്നു: കേരളത്തിൽ ആരംഭിച്ച കൗമാരക്കാരായ പെൺകുട്ടികളിൽ സ്‌കൂളുകൾ വഴി റൂബെല്ല പ്രതിരോധ മരുന്ന് പദ്ധതിക്ക് മുന്നോടിയായി ഏതെങ്കിലും തരത്തിലുള്ള പഠനങ്ങൾ ഏതെങ്കിലും ഏജൻസികളോ ആരോഗ്യ വകുപ്പോ നടത്തിയിട്ടുണ്ടോ? ഉത്തരം: ആഗോള വ്യാപകമായി ശാസ്ത്ര ഗ്രന്ഥങ്ങളിൽ റൂബെല്ല പ്രതിരോധ മരുന്ന് സുരക്ഷിതമാണെന്ന് പ്രതിപാദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യ വകുപ്പ് പ്രത്യേകിച്ച് പഠനങ്ങൾ നടത്തിയിട്ടില്ല.

നാല് പതിറ്റാണ്ടെങ്കിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റൂബെല്ല വാക്സിൻ നൽകി വരുന്നുവെന്നും അത് ഏറെ സുരക്ഷിതമാണെന്നും ഇതിനകം തന്നെ തെളിഞ്ഞ വസ്തുതയാണ്. ഈ വാക്സിന്റെ പുറത്ത് ഇനിയും മറ്റൊരു പഠനത്തിന് പ്രസക്തിയില്ല. മാത്രമല്ല, കേരളത്തിൽ ആരോഗ്യ വകുപ്പിന് കീഴിൽ ഇത്തരം പഠന പരീക്ഷണം നടത്തുന്നതിന് സംവിധാനവുമില്ല. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏജൻസികളുടെയോ ഗവേഷണ സ്ഥാപനങ്ങളുടെയോ പഠന ഫലങ്ങളെ ആശ്രയിക്കുകയാണ് ആരോഗ്യ വകുപ്പ് കാലങ്ങളായി ചെയ്തുവരുന്നത്. റൂബെല്ല വാക്സിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ആരോഗ്യ വകുപ്പിന്റെ ഈ മറുപടിയിലും ഇക്കാര്യം വ്യക്തമാണ്. എന്നാൽ, ഈ മറുപടിയെ അടിസ്ഥാനമാക്കി മാധ്യമങ്ങളിൽ വന്ന വാർത്തകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

'റൂബെല്ല വാക്സിൻ കുത്തിവെപ്പ് പഠനം നടത്താതെയെന്ന് ആരോഗ്യവകുപ്പ്' എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. ഈ വാർത്തയുടെ ആദ്യ വാചകം ഇങ്ങനെ: 'ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ കൗമാരക്കാരായ പെൺകുട്ടികൾക്ക് റൂബെല്ല വാക്സിൻ കുത്തിവെക്കുന്നത് ഒരു പഠനത്തിന്റെയും പിൻബലമില്ലാതെ'. ഈ വാർത്ത വായിച്ചാൽ തോന്നുക, യാതൊരു പഠനവും പരീക്ഷണവും നടത്താതെ ഇത് കേരളതിൽ ആദ്യമായി പരീക്ഷിക്കാൻ പോകുന്നുവെന്നാണ്. അഞ്ച് വർഷത്തിനിടെ, വാക്സിൻ നൽകിയ 222 പേർക്ക് പാർശ്വഫലങ്ങൾ ഉണ്ടായെന്നും ഈ വാർത്തയിൽ പറയുന്നുണ്ട്. നിസ്സാര പാർശ്വഫലങ്ങളാണ് ഇവ. ഈ 222ൽ ഒന്നുപോലും അപകടകരമായ പാർശ്വഫലങ്ങളായിരുന്നില്ലെന്നതാണ് വാസ്തവം. ഈ വസ്തുത മറച്ചുവെച്ച് തെറ്റിദ്ധാരണാ ജനകമായ വിധത്തിൽ നിരന്തരമായി വാർത്തകൾ ഈ കുപ്രചാരകർ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം വാർത്തകളാണ് കേരളത്തിൽ വാക്സിനേഷൻ നിരക്ക് കുത്തനെ കുറയാൻ കാരണമായത്.

താരതമ്യേന സുരക്ഷിതമായ രോഗപ്രതിരോധ സംവിധാനമാണ് വാക്സിൻ. വാക്സിന്റെ പാർശ്വഫലങ്ങൾ അവയുടെ നിർമ്മാതാക്കളോ സർക്കാരോ മറച്ചുവെയ്ക്കാറില്ല. ആരോപിക്കപ്പെടുംപോലെയുള്ള ഗുരുതരമായ പാർശ്വഫലങ്ങൾ അവയ്ക്കില്ല. ചെറിയ പനി പോലുള്ള അസുഖങ്ങൾ വാക്സിൻ മുലമുണ്ടാകാം. വളരെ അപൂർവമായി മാത്രമേ ഗുരുതരമായ പാർശ്വഫലങ്ങൾ എവിടെയെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. വാക്സിൻവഴി പ്രതിരോധിക്കാവുന്ന രോഗങ്ങളേക്കാൾ അപകടമല്ല പാർശ്വഫലങ്ങളൊന്നും. ഉദാഹരണത്തിന്, പോളിയോയുടെ ഫലം തളർവാതമാണ്. അഞ്ചാം പനിമൂലം കാഴ്ചശക്തി നഷ്ടപ്പെടുകയോ അല്ലെങ്കിൽ തലച്ചോറിനെ ബാധിക്കുന്ന എൻസിഫലൈറ്റിസ് രോഗം ബാധിക്കുകയോ ചെയ്യാം. ചിലപ്പോൾ മരണത്തിനും കാരണമാകും. എന്നാൽ, പത്ത് ലക്ഷത്തിലൊന്ന് എന്ന തോതിലൊക്കെ മാത്രമേ ഗുരുതരമായ വാക്സിൻ പാർശ്വഫലങ്ങൾ സംഭവിക്കാറുള്ളൂ. സഡൻ ഇൻഫെന്റ് ഡെത്തും (എസ്‌ഐ.ഡി.എസ്) വാക്സിനും തമമിൽ എന്തെങ്കിലും ബന്ധമുള്ളതായി തെളിവില്ല. ഒരു വയസിനു താഴെയുള്ള കുട്ടികൾ പെട്ടെന്ന് മരിക്കുന്നതാണ് എസ്‌ഐ.ഡി.എസ്. 45 ശതമാനം കേസുകളിലും കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. രക്ഷിതാക്കൾ കുഞ്ഞുങ്ങളെ തെറ്റായ രീതിയിൽ ഉറക്കുന്നത് ഇതിന് കാരണമാണെന്ന നിരീക്ഷണമുണ്ട്.

പ്രകൃതിദത്തമായ പ്രതിരോധങ്ങളിലൂടെ തന്നെ രോഗങ്ങളെ ചെറുക്കാമെന്നും അതിനാൽ വാക്സിൻ എന്ന സങ്കൽപം തന്നെ ഉപേക്ഷിക്കണമെന്നും വാക്സിൻ വിരുദ്ധ പ്രചാരകർ വാദിക്കാറുണ്ട്. ഈ വാദത്തിനും നമ്മുടെ മാധ്യമങ്ങൾ നല്ല പ്രചാരണം നൽകാറുണ്ട്. ഡോ. പി.ജി ഹരിയുമായി നടത്തിയ മുഴൂനീള പേജ് അഭിമുഖം ( സുപ്രഭാതം ; 2016 ഫെബ്രുവരി 7) ഇതിനുദാഹരണമാണ്. ഇതിൽ അദ്ദേഹം പറയാൻ ശ്രമിക്കുന്നത്, വാക്സിൻ ഉപേക്ഷിച്ച് ശുദ്ധമായ കുടിവെള്ളവും ആരോഗ്യകരമായ പരിസരവും സൃഷ്ടിക്കണം എന്നതാണ്. പക്ഷെ, യഥാർത്ഥ്യം എന്താണ്? ശരീരത്തിന്റെ പ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുകയും ഉണർത്തുകയുമാണ് ഒരർത്ഥത്തിൽ വാക്സിനുകൾ ചെയ്യുന്നത്. സ്വാഭാവികമായും വാക്സിനേഷൻ വഴി അധിക പ്രതിരോധ ശേഷി കൈവരിക്കാൻ സാധിക്കും. ടെറ്റനസ് വാക്സിനൊക്കെ ഈ ധർമമാണ് നിർവഹിക്കുന്നത്. അഞ്ചാം പനി ബാധിച്ച 1000 പേരിൽ ഒരാൾക്കെങ്കിലൂം എൻസിഫലൈറ്റിസ് എന്ന മാരകരോഗമുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആയിരത്തിൽ രണ്ടുപേർ അഞ്ചാം പനിമൂലം മരിക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, എം.എം.ആർ (അഞ്ചാംപനി, മുണ്ടിനീര്, റൂബെല്ല) വാക്സിൻ നൽകി ശരീരത്തിന് അധിക പ്രതിരോധശേഷി നൽകാനായാൽ ഈ അപകടം ഒഴിവാക്കാം. എം.എം.ആറിന്റെ പരമാവധി പാർശ്വഫലം അലർജിയാണ്. അതിന്റെ സാധ്യത പത്ത് ലക്ഷത്തിൽ ഒന്ന് എന്നാണ്കണക്കാക്കിയിരിക്കുന്നത്.

ശുചിത്വത്തിലൂടെയും പോഷകാഹാരം കഴിക്കുന്നതിലൂടെയുമെല്ലാം രോഗപ്രതിരോധ ശേഷി നേടാമെന്നത് ശരിതന്നെ. പക്ഷെ, ഈ രണ്ട് ഘടകങ്ങൾക്കപ്പുറവും രോഗങ്ങൾ പടരാനുള്ള സാധ്യതയുണ്ട്. അത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ വാക്സിൻ തന്നെ വേണം. ചില കണക്കുകൾ പരിശോധിക്കാം: 1950നും 63നും ഇടയിൽ അമേരിക്കയിൽ അഞ്ചാം പനി റിപ്പോർട്ട് ചെയ്തത് അഞ്ച് ലക്ഷം മുതൽ എട്ടു ലക്ഷം വരെ പേർക്കാണ്. 1965ലാണ് അഞ്ചാം പനിക്കുള്ള വാക്സിൻ വ്യാപകമായി പ്രയോഗിക്കപ്പെട്ടത്. 1968ൽ അസുഖം ബധിച്ചവരുടെ എണ്ണം 22,000 ആയി മാറി; 97 ശതമാനം കുറവ്. 1998ൽ എത്തുമ്പോൾ അത് നൂറിൽ താഴെയായി. കുത്തനെയുള്ള ഈ കുറവ് ശുചിത്വത്തിലൂടെയോ പോഷകാഹാരത്തിലൂടെയോ കൈവരിച്ചതല്ലെന്ന് വ്യക്തം. ശുചിത്വവും മികച്ച ജീവിത നിലവാരവും മാത്രം മതിയായിരുന്നുവെങ്കിൽ അമേരിക്കയിൽ 1990കൾക്കു മുമ്പ് തന്നെ ചിക്കൻപോക്സിനെ നിർമ്മാർജനം ചെയ്യാമായിരുന്നു. പക്ഷെ, അതുണ്ടായില്ല. 90കളിൽ പ്രതിവർഷം ലക്ഷത്തിലധികം ആളുകൾക്ക് ആ രാജ്യത്ത് ചിക്കൻപോക്സ് ബാധിച്ചിരുന്നു. ശുചിത്വത്തിലൂടെ അത് കുറച്ചുകൊണ്ടുവരാനായില്ല. 1995ൽ വാക്സിൻ പ്രയോഗിച്ച് തുടങ്ങിയപ്പോഴാണ് അതിന് മാറ്റം വന്നത്. 2004ലെ കണക്കനുസരിച്ച് ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്യുന്നത് 85 ശതമാനം കുറഞ്ഞിരിക്കുന്നു.

ഒരു കണക്കുകൂടി പരിശോധിക്കാം: 1940കളിൽ ജപ്പാനിൽ പ്രതിവർഷം 400ലധികം ആളുകൾക്ക് വില്ലൻചുമ ബാധിക്കുകയും ചിലരെങ്കിലൂം മരിക്കുകയും ചെയ്തിരുന്നു. 1945ൽ വാക്സിനേഷൻ ആരംഭിച്ചു. 1970ൽ ഈ അസുഖം റിപ്പോർട്ട് ചെയ്യപ്പെട്ടത് 10. അതിൽ മരണവുമില്ല. 1974ൽ, അവിടെ വാക്സിൻ വിരുദ്ധരുടെ ഇടപെടൽ മൂലം വില്ലൻചുമ വാക്സിൻ സർക്കാർ നിർത്തി. മൂന്ന് വർഷത്തിനിടെ രോഗബാധയുണ്ടായത് പതിനായിരത്തിലധികം പേർക്കാണ്. 50ഓളം കുട്ടികൾ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 1978ൽ വാക്സിൻ പുനരാരംഭിച്ചപ്പോഴാണ് രോഗത്തിന്റെ നിരക്ക് കുറച്ചുകൊണ്ടുവരാനായത്. ഈ സമയത്ത് ജപ്പാനിലെ ആളുകളുടെ ശുചിത്വബോധവും ജീവിത നിലവാരവുമെല്ലാം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടൊന്നും വില്ലൻചുമയെ പ്രതിരോധിക്കാനായില്ല. ഈ യഥാർഥ്യങ്ങൾക്ക് മുന്നിൽ 'പ്രകൃതി ശുദ്ധതാ വാദം പൊളിയുന്നു (കടപ്പാട്: കുട്ടികൾക്ക് രോഗപ്രതിരോധം വേണ്ടെന്നത് ആരുടെ ശാഠ്യം?; മാധ്യമം ആഴ്ചപതിപ്പ്, 2016).

പോളിയോക്കെതിരെയും കള്ളക്കണക്കുകൾ

വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ചും മരുന്നു കമ്പനികളുടെ വ്യാപാര മനോഭാവത്തെക്കുറിച്ചും മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പ് (ആരോഗ്യ ഉട്ടോപ്യയിലെ വാക്സിൻ വ്യാപാരം 2014) കവർ സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനത്തിന്റൈ ആമുഖത്തിൽ ഇങ്ങനെ പറയുന്നു: 'വർഷങ്ങൾ നീണ്ട നിർമ്മാർജന യഞ്ജത്തിലൂടെ ഇന്ത്യ പോളിയോ മുക്ത രാജ്യമായി തീർന്നുവെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുമ്പോൾ യഥാർഥ വസ്തുത എന്താണ് എന്ന അന്വേഷണം ഭയപ്പെടുത്തുന്ന കണ്ടെത്തലിലേക്കാണ് എത്തിക്കുന്നത്. പാർശ്വഫലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളുടെ അഭാവവും മരുന്നുകമ്പനികളുടെ വ്യാപാര മനോഭാവവും ഗുണേത്തേക്കാളേറെ ദോഷമാണുണ്ടാക്കുന്നത് എന്ന് ആരോഗ്യ രംഗത്തുള്ളവർ പോലും മനസിലാക്കുന്നില്ല.' ലേഖനത്തിൽ പറയുന്ന ഭയപ്പെടുത്തുന്ന കണ്ടെത്തലുകൾ എന്തൊക്കെയാണ്? ലേഖനത്തിലൊരിടത്ത് ഇങ്ങനെ പറയുന്നു: പോളിയോ തുള്ളിമരുന്ന് നൽകിതുടങ്ങിയിട്ട് ഇത്രയും നാളാകുമ്പോഴും തളർവാതം വരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നത് എന്താണ് പറഞ്ഞുതരുന്നത്. ഒരുവർഷം പുതിയതായി 53,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്ന് കണക്കുകൾ പറയുന്നു'. പോളിയോ വാക്സിന്റെ പാർശ്വഫലം എന്ന നിലയ്ക്കാണ് ഈ കണക്ക് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. തളർവാതം രണ്ട് തരത്തിലുണ്ടാകാം. അതിലൊന്ന് അക്യൂട്ട് ഫ്ലാസിഡ് പരാലിസിസ് (എ.എഫ്.പി) ആണ്. വ്യത്യസ്ത കാരണങ്ങളാലുണ്ടാകുന്ന തളർവാതമാണിത്. മറ്റൊന്ന് പോളിയോ വൈറസ് മൂലമുണ്ടാകുന്നത് (വൈൽഡ് പോളിയോ വൈറസ്). വൈൽഡ് പോളിയോ വൈറസ് പടരുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് 2014ൽ ഇന്ത്യ പോളിയോമുക്തമായി പ്രഖ്യാപിച്ചത്. അപ്പോഴും ആദ്യം പറഞ്ഞ തരത്തിലുള്ള 'പരാലിസിസ്' ഇവിടെ നിലനിൽക്കുന്നുണ്ട്.

അതിന്റെ കണക്കാണ് ഈ ലേഖനത്തിൽ പറയുന്നത്. 2016ൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയിൽ ഒരു വർഷത്തിനിടെ ഇത്തരം 18,000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിന്റെ കാരണങ്ങൾ ഇനിയും പരിശോധിക്കേണ്ടതായിട്ടുണ്ട്. 1994ൽ പൾസ് പോളിയോ കുത്തിവെയ്‌പ്പ് പരിപാടി ആരംഭിക്കുമ്പോൾ താരതമ്യേന കുറവായിരുന്ന എ.എഫ്.പി പിന്നീട് കൂടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത് പോളിയോ ഡിറൈവഡ് പോളിയോ വാക്സിൻ മൂലമാണെന്നാണ് (വി.ഡി.പി.വി) വാക്സിൻ വിരുദ്ധരുടെ ഒരു പ്രധാന ആരോപണം. വാക്സിൻ സ്വീകരിച്ച കുഞ്ഞിൽനിന്ന് വൈൽഡ് വൈറസ് ചെറിയ ജനിതക മാറ്റത്തോടെ പുറന്തള്ളപ്പെട്ടാൽ, അത് പരിസരത്ത് പരക്കാൻ സാധ്യതയുണ്ട്. ശുചിത്വമില്ലായിടങ്ങളാണെങ്കിൽ പ്രത്യേകിച്ചും. ചിലപ്പോൾ അത് പ്രതിരോധശേഷി കുറഞ്ഞയാളുകളിൽ പ്രവേശിക്കാനും രോഗം വരുത്താനും സാധ്യതയുണ്ട്. ഇതാണ് വി.ഡി.പി.വി. ഇതിന്റെ സാധ്യത 2.7 മില്യൻ കുട്ടികളിൽ ഒന്ന് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ സാധ്യതപോലും കണക്കിലെടുത്താണ് യഥാർത്ഥത്തിൽ പോളിയോ മൂലമല്ലാത്ത എ.എഫ്.പിയെ വേർതിരിക്കുക എന്ന യത്നം പോലും പോളിയോ നിർമ്മാർജന പദ്ധതിയുടെ ഭാഗമാക്കിയത്. എ.എഫ്.പിയുടെ ചെറിയ സാധ്യതപോലും റിപ്പോർട്ട് ചെയ്യുന്നു എന്നതാണ് വാസ്തവം. സമാനമാണ് വി.ഡി.പി.വിയുടെയും കാര്യം. ജൂൺ അവസാന വാരം തെലങ്കാനയിൽ നടന്ന പ്രത്യേക പോളിയോ പദ്ധതി ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഹൈദരാബദിലെ ആംബെർപെട്ടിലെ ഒരു അഴുക്കുചാലിൽനിന്ന് വി.ഡി.പി.വിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയായിരുന്നു ഇത്. മുൻകരുതലെന്ന നിലയ്ക്ക് നഗരത്തിലെ മൂന്ന് ലക്ഷം കുട്ടികൾക്ക് പ്രതിരോധ മരുന്ന് നൽകുകയായിരുന്നു, അധികൃതർ. ചുരുക്കത്തിൽ, പോളിയോ മുക്തം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വൈൽഡ് വൈറസിന്റെ മാത്രം, നിർമ്മാർജനമല്ല, മറിച്ച് അതിന്റെ മറ്റുഘടകങ്ങളെക്കൂടി ഇല്ലാതാക്കലാണ്.

പാർശ്വഫലങ്ങളുടെ പേരിൽ തീവ്രമായ വാക്സിൻ വിരുദ്ധ പ്രചാരണങ്ങൾ ഇതുപോലെ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ആൻഡ്രൂ വേക് ഫീൽഡിന്റെ കഥ അത്തരത്തിലൊന്നാണ്. ബ്രിട്ടനിലെ റോയൽഫ്രീ ആശുപത്രിയിൽ സർജനായിരുന്നു വേക്ഫീൽഡ്. എം.എം.ആർ വാക്സിനിലുള്ള അഞ്ചാം പനി ഘടകങ്ങൾ ഓട്ടിസത്തിന് കാരണമാകുമെന്ന വാദക്കാരനായിരുന്നു അദ്ദേഹം. അവിടെ ഓട്ടിസം ബാധിച്ചവരുടെ കേസ് വാദിച്ചിരുന്ന റാച്ചാർഡ് ബാർ എന്ന അഭിഭാഷകനുമായി ചേർന്ന് ഇതുസംബന്ധിച്ച കൂടുതൽ പഠനത്തിനായി അദ്ദേഹം ലീഗൽ സർവീസ് കമീഷനെ സമീപിച്ചു. മൂന്ന് കോടി ഡോളർ ഇതിനായി അനുവദിച്ചു. രണ്ട് കോടി ഈ കമ്പനി സ്വന്തമാക്കി; ബാക്കി വേക്ഫീൽഡും. 12 കുട്ടികളെ നിരീക്ഷിച്ചാണ് അദ്ദേഹം തന്റെ നിഗമനങ്ങളിലെത്തിയത്. 1998 ഫെബ്രുവരിയിലെ ലാൻസെറ്റ് മാസികയിൽ ഇതേക്കുറിച്ച് അദ്ദേഹം ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്ത് പോളിയോയുടെ പാർശ്വഫലങ്ങൾ സംബന്ധിച്ച വിവാദങ്ങൾ നടക്കുമ്പോൾ തന്നെയാണ് ലാൻസെറ്റിൽ ഈ പ്രബന്ധം അച്ചടിച്ചുവരുന്നതെന്നോർക്കണം. സ്വാഭാവികമായും വേക്ഫീൽഡ് വാക്സിൻ വിരുദ്ധർക്ക് പ്രിയപ്പെട്ടവനുമായി.

വേക് ഫീൽഡിന്റെ പഠനത്തിൽ സംശയം പ്രകടിപ്പിച്ചിരുന്ന പലരുമുണ്ടായിരുന്നു. 1999ൽ ലാൻസെറ്റിൽ തന്നെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ 498 കുട്ടികളെ നിരീക്ഷിച്ചശേഷം, അവർ വേക്ഫീൽഡിനെ തള്ളി. 2002ൽ ഫിൻലാൻഡിൽ വലിയൊരു ഒരു പഠനം തന്നെ നടന്നു. അവിടെ, അഞ്ചര ലക്ഷം കുട്ടികളെയാണ് നിരീക്ഷണ വിധേയമാക്കിയത്. എന്നിട്ടും വാക്സിനേഷനെ ഓട്ടിസവുമായി ബന്ധിപ്പിക്കാനായില്ല. ഈ സംഭവങ്ങളെല്ലാം സശ്രദ്ധം വീക്ഷിച്ച ബ്രയാൻ ഡിയർ എന്ന പത്രപ്രവർത്തകനാണ് ഒടുവിൽ, വേക്ഫീൽഡിന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. വേക്ഫീൽഡ് നിരീക്ഷിച്ച 11 കുട്ടികളെയും അദ്ദേഹം പണം കൊടുത്ത് വശത്താക്കുകയായിരുന്നുവെന്ന് ബ്രയാൻ കണ്ടെത്തി. 1997ൽ, അഞ്ചാംപനിയെ പ്രതിരോധിക്കുന്ന ഒരു വാക്സിന്റെ പേറ്റന്റിനായി വേക്ഫീൽഡ് അപേക്ഷ നൽകിയിരുന്നു.

ഇതിനുള്ള മരുന്നു പരീക്ഷണങ്ങൾക്കായി അദ്ദേഹം 'എത്തിക്കൽ പെർമിഷൻ' ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലവിലെ വാക്സിനു പകരം സ്വന്തം വാക്സിൻ വിപണിയിലെത്തിക്കുകയായിരുന്നു വേക്ഫീൽഡിന്റെ ലക്ഷ്യം. ഇതൊക്കെ സൺഡെ ടൈംസ് പത്രത്തിൽ വന്നതോടെ വേക്ഫീൽഡിന്റെ കള്ളത്തരങ്ങൾ പൂർണമായും പൊളിഞ്ഞു. ഇതോടെ, ബ്രിട്ടനിലെ ജനറൽ മെഡിക്കൽ കൗൺസിലിൽനിന്ന് വേക്ഫീൽഡിന്റെ പേര് വെട്ടിമാറ്റി. ലാൻസെറ്റ് പ്രസ്തുത പ്രബന്ധം പിൻവലിച്ചതായി അറിയിച്ചു. പക്ഷെ, ഒന്നുണ്ടായി. ഈ പ്രബന്ധം വെളിച്ചം കണ്ടതിൽപിന്നെ ബ്രിട്ടനിൽ പലരും എം.എം.ആർ വാക്സിനെടുക്കാൻ വിസമ്മതിച്ചു. 1998ൽ ബ്രിട്ടനിൽ 56 അഞ്ചാംപനി രോഗികളാണുണ്ടായിരുന്നത്. പത്ത് വർഷം കഴിഞ്ഞപ്പോർ അത് ആയിരത്തിനും മുകളിൽ കടന്നു. പിന്നെ, അത് കുറച്ചുകൊണ്ടുവരാൻ ബ്രിട്ടീഷ് സർക്കാർ ചെലവഴിച്ചത് 4.4 മില്യൻ ഡോളറാണ്. ഇത്തരം വസ്തുതാ വിരുദ്ധവും അശാസ്ത്രീയവുമായ പ്രബന്ധങ്ങളും പ്രചാരണങ്ങളും തന്നെയല്ലെ നമ്മുടെ നാട്ടിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP