Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

2018ലെ തൃശ്ശൂർ സമ്മേളനത്തോടെ അവശേഷിക്കുന്ന വി എസ് പക്ഷത്തെയും ഇല്ലാതാക്കി പാർട്ടിയിലെയും സർക്കാറിലെയും സർവാധിപതിയായി; സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ഇടതു മുന്നണി പോയിട്ട് സ്വന്തം പാർട്ടിയിലെ പ്രമുഖർ പോലും അറിയുന്നില്ല; കേരള ഷീ ജിൻ പിങ് ആവാനുള്ള ശ്രമത്തിന് തടയിട്ടത് യെച്ചൂരിയും ബേബിയും; പിണറായിയിൽ നിന്ന് സിപിഎം ഭരണം തിരിച്ചു പിടിക്കുമ്പോൾ

2018ലെ തൃശ്ശൂർ സമ്മേളനത്തോടെ അവശേഷിക്കുന്ന വി എസ് പക്ഷത്തെയും ഇല്ലാതാക്കി പാർട്ടിയിലെയും സർക്കാറിലെയും സർവാധിപതിയായി; സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ഇടതു മുന്നണി പോയിട്ട് സ്വന്തം പാർട്ടിയിലെ പ്രമുഖർ പോലും അറിയുന്നില്ല; കേരള ഷീ ജിൻ പിങ് ആവാനുള്ള ശ്രമത്തിന് തടയിട്ടത് യെച്ചൂരിയും ബേബിയും; പിണറായിയിൽ നിന്ന് സിപിഎം ഭരണം തിരിച്ചു പിടിക്കുമ്പോൾ

എം മാധവദാസ്

തിരുവനന്തപുരം: ശബരിമല സമരത്തിന്റെ പേരിൽ കേരളം ഇളകിമറിയുന്ന കാലം. പാർട്ടിയിലെ അനുഭാവികളായ വിശ്വാസികൾ വൻ തോതിൽ കൊഴിഞ്ഞുപോകുന്ന സമയം. താഴെതട്ടിലുള്ള നേതാക്കൾക്ക് ഒക്കെ അറിയാം, ലോക്സഭാ തെരഞ്ഞെടുപ്പിൽ മുട്ടൻ പണിയാണ് വരാൻ പോകുന്നതെന്ന്. അപ്പോൾ ഒരു മാധ്യമ പ്രവർത്തകൻ കണ്ണൂരിലെ ഒരു മുതിർന്ന നേതാവിനോട് ചോദിച്ചു. 'ഏതെങ്കിലും വനിതകൾ ശബരിമലയിൽ സ്വമേധയാ കയറുകയാണെങ്കിൽ കയറട്ടെ, നിങ്ങൾ എന്തിനാണ് പൊലീസ് സംരക്ഷണത്തിൽ ഊടുവഴികളിലൂടെ ആക്റ്റീവിസ്റ്റുകളെ ശബരിമലയിൽ ദർശനം നടത്തിച്ചത്. എന്തിനായിരുന്നു ഈ വാശി'. പരസ്യമായ ചോദ്യത്തിന് എന്തൊക്കെയോ പറഞ്ഞ് പിടിച്ചു നിന്നെങ്കിലും, രഹസ്യമായി നേതാവ് പറഞ്ഞത് അത് മുഖ്യമന്ത്രിയുടെ തീരുമാനം മാത്രം ആയിരുന്നുവെന്നതാണ്. പാർട്ടി ഒരിക്കലും അങ്ങനെ തീരുമാനിച്ചിട്ടില്ല. വിശ്വാസികളെ വ്രണപ്പെടുത്തി ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കണമെന്ന് സിപിഎമ്മിനോ എൽഡിഎഫിനോ യാതൊരു തീരുമാനവും നയവും ഉണ്ടായിരുന്നില്ല. എന്നാൽ ഒരേ ഒരു മനുഷ്യന്റെ പിടിവാശി കാര്യങ്ങൾ മാറ്റി മറിയിച്ചു. നിങ്ങൾക്ക് ഈ താഴെതട്ടിലുള്ള ധ്രുവീകരണമൊക്കെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിക്കുടെ എന്ന് ചോദിച്ചപ്പോൾ നേതാവിന്റെ രഹസ്യ മറുപടി അതിലും വിചിത്രമായിരുന്നു. ' ഇതൊക്കെ പിണറായിയുടെ മുഖത്ത് നോക്കിപ്പറയാൻ ആർക്കാണ് ധൈര്യം'!

അതായിരുന്നു സത്യം. സിപിഎമ്മിലെ സർവാധിപതി തന്നെയായിരുന്നു, മുണ്ടയിൽ കോരന്റെ എട്ട് മക്കളിൽ ഇളയവനായി ജനിച്ച്, ദാരിദ്രത്തിലൂടെ വളർന്ന്, പടിപടിയായി സിപിമ്മിന്റെ തലപ്പത്ത് എത്തിയ പിണറായിക്കാരൻ വിജയൻ. ഹെഡ്‌മാസ്റ്ററും കുട്ടികളും എന്നതായിരുന്നു മന്ത്രിസഭാ യോഗങ്ങളിൽ പോലും പറഞ്ഞു കേട്ടത്. മുഖ്യമന്ത്രി പറയുന്നു. മറ്റുള്ളവർ അനുസരിക്കുന്നു. പിണറായി വടിയെടുത്തുവെന്ന പ്രയോഗങ്ങൾ മാധ്യമങ്ങളിൽപോലും സർവ സാധാരണമായ കാലമായിരുന്നു കടന്നുപോയത്. 2016ൽ ഈ സർക്കാർ അധികാരത്തിൽ വന്ന ആദ്യത്തെ ഒരു വർഷം മാത്രമാണ് പാർട്ടിക്ക് എന്തെങ്കിലും നിയന്ത്രണം ഉണ്ടായിരുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്നു വിഎസിനെ പാർട്ടി വരിഞ്ഞ് മുറക്കിയത് ഓർക്കണം. എന്നാൽ ഇത്തവണ പിണറായി തിരുവായ്ക്ക് എതിർവാ ഇല്ലാത്താവനായി മാറി.

അങ്ങനെ ഭരണം മുന്നോട്ട് പോവുമ്പോഴാണ് പൊലീസ് നിയമത്തിലെ ഭേദഗതി ഉണ്ടാവുന്നത്. രണ്ടുപേർ പരദൂഷണം പറഞ്ഞാൽ പോലും അകത്തിടാൻ കഴിയുന്ന രീതിയിലുള്ള ഇന്ത്യ കണ്ട ഏറ്റവും വലിയ കരി നിയമയമമാണ് അതെന്ന് വ്യാപകമായി വിമർശനം ഉണ്ടായിട്ടും പിണറായി അതിനെ വാർത്താ സമ്മേളനം വിളിച്ച് ന്യായീകരിക്കയായിരുന്നു. എന്നാൽ ഇപ്പോൾ സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ അത് പിൻവലിക്കാൻ അദ്ദേഹം തയ്യാറായി. പൊലീസ് നിയമത്തിലെ പുതിയ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായിയുടെ പ്രഖ്യാപനം മൂന്നോട്ടുവെയ്ക്കുന്ന സൂചനകൾ ജനാധിപത്യ സമൂഹത്തിന് ആഹ്ളാദകരമാണ്. സിപിഎം. എന്ന പാർട്ടിയുടെ തിരിച്ചുവരവാണ് ഇതിൽ മുഖ്യം. റിട്ടേൺ ഒഫ് ദ സ്റ്റേറ്റ് എന്നൊക്കെ പറയുന്നതു പോലെയാണിത്. ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസാണ് കേരളത്തിൽ സിപിഎമ്മിനെ നയിച്ചിരുന്നതെങ്കിൽ, ഇപ്പോൾ പാർട്ടി വീണ്ടും കടിഞ്ഞാൻ കൈയിലെടുക്കയാണ്. സിപിഎം പോളിറ്റിബ്യൂറോ അംഗം എംഎബേബിക്കും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും തന്നെയാണ് ഇതിന്റെ ക്രഡിറ്റ് നീങ്ങുന്നത്.

എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്ന രീതിയിലുള്ള ഒരു മാറ്റം നടത്താൻ പിണറായി ഈയിടെ ശ്രമിച്ചതും, സിപിഐ മന്ത്രിമാരുടെ എതിർപ്പുകൊണ്ട് അത് നടപ്പാവാതെ പോയതും ഇതോടെയാണ്. അതും കൂട്ടിവായിക്കുമ്പോഴാണ് കേരളാ ഷീ ജിൻ പിങ്് എന്ന വിമർശനത്തിന്റെ വ്യാപ്തി അറിയുക.

പാർട്ടിക്ക് മുകളിൽ വളർന്ന വൻ മരം

സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവം കർക്കശക്കാരനായ സെക്രട്ടറിയായിരുന്നു പിണറായി വിജയൻ. എകെജി സെന്റർ അറിയാതെ ക്ലിഫ് ഹൗസിൽനിന്ന് ഒരു ഇല അനങ്ങാൻ പാടില്ല എന്ന് ശഠിച്ചിരുന്ന ആൾ. വിഎസിന്റെ ചിറകരിയുന്ന രീതയിലായിരുന്നു പാർട്ടിയെ വെച്ചുള്ള പിണറായിയുടെ കളി. വി എസ് അച്യുതാനന്ദന് കുറച്ചുകൂടി സ്വാതന്ത്ര്യം കൊടുത്തിരുന്നെങ്കിൽ ആ സർക്കാറിന് തുടർഭരണം ഉണ്ടാവുമായിരുന്നു. എന്നാൽ സ്റ്റാലിസ്റ്റ് സംഘടനാ തത്വത്തിന്റെ വക്താവായിരുന്നു അതേ പിണറായി മുഖ്യമന്ത്രിയായപ്പോൾ എല്ലാ തീരുമാനങ്ങളും ഒറ്റക്കാണ് എടുക്കുന്നത്്.

പാർട്ടിക്കും മേലെ വളർന്ന മുഖ്യമന്ത്രി എന്ന പിണറായി വിജയന്റെ വിശേഷണം ഇപ്പോൾ മായുകയാണ്. 1998 മുതൽ 2015 വരെ നീണ്ട 17 വർഷം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവി വഹിച്ചതിനു ശേഷമാണ് പിണറായി വിജയൻ 2016-ൽ കേരള സർക്കാരിന്റെ തലപ്പത്തെത്തുന്നത്. 2018ൽ തൃശ്ശൂരിൽ നടന്ന സിപിഎം. സംസ്ഥാന സമ്മേളനത്തോടെ പിണറായി വിജയൻ പാർട്ടിയിലും ഭരണത്തിലും ഒരുപോലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി. സിപിഎമ്മിൽ ഇനി വിഭാഗീയതയില്ല എന്ന് തൃശ്ശൂരിൽവെച്ച് അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രഖ്യാപനം പിണറായിയുടെ നേതൃത്വത്തിനുള്ള കുട പിടിക്കലായിരുന്നു. വി എസ്. പക്ഷത്തെ പൂർണ്ണമായി വെട്ടി നിരത്തി പാർട്ടി പിണറായി പിടിച്ചെടുക്കുന്നതിന്റെ വിളംബരമായിരുന്നു കോടിയേരിയുടെ വാക്കുകൾ.

2018നുശേഷം പുതിയ പിണറായിയെയാണ് കേരളം കണ്ടത്. അലൻ താഹ കേസിൽ പോലും നോക്കുക. ഇടതുപക്ഷം ഭരിക്കുന്ന കാലത്ത് രണ്ടു വിദ്യാർത്ഥികൾ യുഎപിഎ കേസിൽ അകത്താവുന്നു. ഈ സമയത്തും പിണറായിയെ നിയന്ത്രിക്കുന്നത് ഡിജിപി ലോക്നാഥ് ബെഹ്റയാണെന്ന കടുത്ത ആരോപണം പല കോണുകളിൽനിന്നും ഉയർന്നിരുന്നു. പുതിയ പൊലീസ് നിയമ ഭേദഗതിയിലും ബെഹ്റയുടെ പങ്ക് നിർണ്ണായകമാണ്.

അടിമുടി വിവാദ തീരുമാനങ്ങൾ

ആ വർഷമാണ് പിണറായി സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥ് നിയമിക്കപ്പെട്ടത്. നവ ഉദാവരവത്കരണ സാമ്പത്തിക നയത്തിന്റെ വക്താവായ ഗീത ഇടതുപക്ഷ സർക്കാരിന്റെ ഉപദേഷ്ടവാകുന്നതിന് മൂക സാക്ഷിയാകാൻ മാത്രമേ സിപിഎം. നേതൃത്വത്തിന് കഴിഞ്ഞുള്ളു. പാർട്ടി ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിക്കും പാർട്ടി സഹയാത്രികരും സാമ്പത്തിക ശാസ്ത്രജ്ഞരുമായ പ്രഭാത് പട്നായിക്കിനെപ്പോലുള്ളവർക്കും മുറുമുറുക്കാനല്ലാതെ ഈ തീരുമാനം തിരുത്താനായില്ല.

ഇതേ 2018ലാണ് പത്ത് ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്ന കിരൺ സർവ്വെ പദ്ധതി ഇടതുപക്ഷ സർക്കാർ തുടങ്ങിയത്. മുൻ യു.ഡി.എഫ്.സർക്കാർ നടപ്പാക്കാനൊരുങ്ങിയ പദ്ധതിയാണ് പുതിയ പേരിൽ പ്രത്യക്ഷപ്പെട്ടതെന്ന് അടുത്തിടെ കാരവൻ റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. വി എസ്. അച്ച്യുതാനന്ദന്റെ നേതൃത്വത്തിൽ സിപിഎം. ഉയർത്തിയ എതിർപ്പിനെത്തുടർന്നാണ് ഉമ്മൻ ചാണ്ടി സർക്കാർ ഈ പദ്ധതി പിൻവലിച്ചത്.തൊട്ടടുത്ത വർഷമാണ് കോവിഡ് 19-ന്റെ മറപിടിച്ച് സ്പ്രിങ്ക്ളർ ഇടപാട് കൊണ്ടുവന്നത്. തനിക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ രംഗപ്രവേശം ചെയ്തപ്പോൾ അതിനെ ന്യായീകരിക്കേണ്ട ഗതികേടാണ് പാർട്ടിക്കുണ്ടായത്.

വിദ്യാർത്ഥികളായ അലൻ - താഹമാർ യു.എ.പി.എ. ചുമത്തപ്പെട്ട് പത്തു മാസം ജയിലിൽ കിടന്നപ്പോഴും മുഖ്യമന്ത്രി ചുമതല വഹിക്കുന്ന പൊലീസ് വകുപ്പിന് മുന്നിൽ പാർട്ടി വെറും നോക്കുകുത്തിയായി. ആരോഗ്യ പ്രശ്നങ്ങൾ നിമിത്തം വി എസ്. പാർട്ടിയിൽ സജീവമല്ലാത്തതിനെച്ചൊല്ലി പാർട്ടി പ്രവർത്തകർ ഉള്ളിന്റെയുള്ളിൽ വിലപിച്ച ദിനങ്ങളായിരുന്നു ഇത്. സ്വർണ്ണക്കടത്തും ലൈഫ് മിഷൻ വിവാദവും മയക്കുമരുന്ന് കേസുമൊക്കെയായി പാർട്ടി കൂടുതൽ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങവെ, ഒടുവിൽ പാർട്ടി നേതൃത്വം തിരിച്ചുവരുന്ന കാഴ്ചയാണ് കോടിയേരിയുടെ സ്ഥാനചലത്തിൽ കണ്ടത്. ഇന്ത്യയിൽ പാർട്ടിക്ക് അവശേഷിക്കുന്ന ഏക കോട്ടയാണ് കേരളം.

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഈ കോട്ടകൂടി കൈവിട്ടാലുണ്ടാവുന്ന ആഘാതം പാർട്ടി നേതൃത്വം കൃത്യമായി തിരിച്ചറിയുന്നുവെന്നതിന്റെ സൂചനയാണിത്. ഈ തിരിച്ചറിവാണ് ഇപ്പോൾ പൊലീസ് നിയമ ഭേദഗതിയിൽനിന്ന് പിന്മാറാനുള്ള തീരുമാനത്തിലേക്ക് പാർട്ടിയെ നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നിഷ്ടത്തിന് നിൽക്കാൻ പാർട്ടിയെ കിട്ടില്ലെന്ന സന്ദേശമാണിത്. വിവാദങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി പാർട്ടിയെ ഉലയ്ക്കുന്നതിനിടയിൽ ഇങ്ങനെയൊരു നിയമം എന്തിനെന്ന പാർട്ടി നേതൃത്വത്തിന്റെ ചോദ്യം മുഖ്യമന്ത്രി പിണറായിക്ക് അവഗണിക്കാനാവതെ വന്നിരിക്കുന്നു.

കരിനിയമങ്ങൾക്കെതിരെ എക്കാലവും പേരാടിയ പാർട്ടി

എറ്റവും വിചിത്രം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ എക്കാലത്തെയും വലിയ വക്താക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന പാർട്ടിയാണ് സിപിഎം എന്നുള്ളതാണ്. അടിയന്തരവാസ്ഥയ്ക്കെതിരെയും അന്ന് കോൺഗ്രസ് ഭരണകൂടം നടത്തിയ ജനാധിപത്യ നിഷേധത്തിനെതിരെയും വാതോരാതെ സംസാരിക്കുന്ന പാർട്ടി. നരേന്ദ്ര മോദി സർക്കാർ ജമ്മു കാശ്മീരിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടപ്പോൾ അതിനതെിരെ സുപ്രീം കോടതിയിൽ പോവുകയും സുപ്രീം കോടതിയുടെ അനുമതിയോടെ സിപിഎം.ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കശ്മീരിലെ പാർട്ടി നേതാവ് തരിഗാമിയെ സന്ദർശിച്ചതും സമീപകാല സംഭവമാണ്.ഡൽഹി കലാപത്തിൽ യെച്ചൂരിയെ ഡൽഹി പൊലീസ് കുറ്റപ്പെടുത്തിയതും ഈ ഘട്ടത്തിൽ നമ്മൾ ഓർക്കേണ്ടതുണ്ട്. പൗരത്വ ഭേഗദതി നിയമ(സി.എ.എ.)ത്തിനെതിരെ പ്രക്ഷോഭം നടത്താൻ യെച്ചൂരി ജനങ്ങളെ പ്രകോപിപ്പിച്ചു എന്നാണ് കുറ്റപത്രത്തിൽ പൊലീസ് പറഞ്ഞത്.

ഡൽഹി പൊലീസിന്റെ ഈ നടപടിയെക്കുറിച്ച് ഡെക്കാൻ ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ യെച്ചുൂരി പറഞ്ഞത് ഇതാണ്: ''ഇതൊരു രാഷ്ട്രീയ നായാട്ടാണ്. ഈ സർക്കാരിനെ വിമർശിക്കുന്നവരെ നിശ്ശബദ്മാക്കാനുള്ള നീക്കം.'' യെച്ചൂരിക്കൊപ്പം തന്നെ പി. രാജിവിനേയും മറക്കാനാവില്ല. കരിനിയമമെന്ന് വിശേഷിപ്പിക്കപ്പെട്ട ഐ.ടി. നിയമം 66 എയ്ക്കെതിരെ പാർലമെന്റിൽ ഏറ്റവും ശക്തമായി ഉയർന്ന സ്വരങ്ങളിലൊന്ന് രാജീവിന്റേതായിരുന്നു. 2012 ൽ പാർലമെന്റിൽ അവതരിപ്പിച്ച പ്രമേയത്തിൽ പി. രാജീവ് ഇങ്ങനെ പറഞ്ഞു: ''നമ്മുടെ രാജ്യത്ത് പത്ര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പ്രത്യേക നിയമമില്ലെന്ന് നമുക്കറിയാം. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)ന്റെ വ്യാഖ്യാനമാണ് സംസാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നത്. മാധ്യമങ്ങൾ ഈ സ്വാതന്ത്ര്യമാണ് അനുഭവിക്കുന്നത്. എന്തുകൊണ്ടാണ് ഈ സ്വാതന്ത്ര്യം ഇപ്പോൾ നവമാധ്യമങ്ങൾക്ക് (സാമൂഹ്യ മാധ്യമങ്ങൾ) നിഷേധിക്കപ്പെടുന്നത്? ''

ഇപ്പോൾ ദേശാഭിമാനിയുടെ പത്രാധിപർ കൂടിയായ പി. രാജീവ് നേരിട്ട കടുത്ത പ്രതിസന്ധിയാണ് പിണറായി സർക്കാർ കൊണ്ടു വന്ന ഈ പുതിയ നിയമം. തങ്ങൾക്കിഷ്മില്ലാത്ത ആരെയും പിടിച്ച് അകത്തിടാൻ പൊലീസിന് അധികാരം നൽകുന്ന ഒരു നിയമവുമായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് ആത്മഹത്യയ്ക്ക് തുല്ല്യമാണെന്ന് രാജീവിനും യെച്ചൂരിക്കും ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടിയിരുന്നില്ല.

എന്നിട്ടും ഇരട്ടച്ചങ്കൻ എന്ന പേരുമാത്രം ബാക്കി

പറഞ്ഞവാക്കുകൾ വിഴുങ്ങുകയും പിന്നീട് അത് തിരുത്തുകയും ഒക്കെ ചെയ്യുന്ന നേതാക്കളിൽനിന്ന് തീർത്തും വ്യത്യസ്തനായിരുന്നു ഒരു കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നികൃഷ്ടജീവി, പരനാറി, കുലം കുത്തി തുടങ്ങിയ അദ്ദേഹത്തിന് പേറ്റന്റുള്ള പ്രയോഗങ്ങൾപോലും തിരുത്താനോ നിഷേധിക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. എത്ര വിമർശനങ്ങൾ ഉണ്ടായാലും താൻ തീരുമാനിച്ച് ഉറപ്പിച്ചത് നടപ്പാക്കാനുള്ള ഇഛാശക്തിതന്നെയാണ് അദ്ദേഹത്തിന് ഇരട്ടച്ചങ്കൻ എന്ന പേര് നേടിക്കൊടുത്തതും. എന്നാൽ മുഖ്യമന്ത്രിയായപ്പോൾ നിലപാടുകളിൽ മലക്കം മറിയുന്ന പിണറായി വിജയനെയാണ് കേരളം കണ്ടത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കരിനിയമമെന്ന് ഏവരും വിമർശിച്ച പൊലീസ് ആ്ക്റ്റ് ഭേദഗതി നിയമത്തിൽ നിന്ന് സർക്കാർ പിന്മാറിയത്.

ഏറ്റവും വിചിത്രം തൊട്ടു തലേന്ന് രാത്രിവരെ മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഈ നിയമത്തെ ന്യായീകരിക്കയായിരുന്നു എന്നാണ്. തന്റെ വാർത്താസമ്മേളനത്തിലും പിണറായി പുതിയ നിയമത്തെ ന്യായീകരിക്കുകയും, ദുരുപയോഗം തടയുന്നത് ഉറപ്പുവരുത്തുമെന്നുമാണ് പറഞ്ഞിരുന്നത്. അതുപോലെ തന്നെ ശബരിമല, ബ്രൂവറി, സ്പ്രിംങ്കളർ വിഷയത്തിലും സമാനമായ മലക്കം മറിച്ചിലാണ് മുഖ്യമന്ത്രിയിൽനിന്നും ഉണ്ടായത്. എന്നിട്ടും ഇരട്ടച്ചങ്കൻ എന്ന പേരാണ് താങ്ങാൻ പറ്റാത്തത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലരും പരിഹസിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ഒക്ടോബർ 16 തിങ്കളാഴ്ച പിണറായി വിജയൻ നടത്തിയ പുത്തരിക്കണ്ടം പ്രസംഗം സമകാലിക കേരള രാഷ്ട്രീയത്തിൽ മാത്രമല്ല, വരും തലമുറയ്ക്കും കാത്തു സൂക്ഷിക്കാവുന്ന ഒന്നാന്തരം റഫറൻസ് ആണെന്നായിരുന്നു സൈബർ സഖാക്കൾ തള്ളി മറിച്ചിരുന്നത്. സതിയും മൃഗബലിയും നരബലിയും പോലെ ഒരു ദുരാചാരമാണ് ശബരിമലയിലേതെന്നും ആചാരങ്ങൾ കാലോചിതമായി മാറ്റാനുള്ളതാണെന്നുമാണ് അന്ന് അദ്ദേഹം തുറന്നടിച്ചത്. 'ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കിയ കോടതി വിധി നടപ്പാക്കിയതിനെ പേരിൽ മാത്രമല്ല, അതിനു വേണ്ടി വാദിക്കാനും, നില കൊള്ളാനും, നിലപാട് എടുക്കാനും കേരളത്തിൽ ഇടതുപക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ചരിത്രം അസന്ദിഗ്ധമായി വിലയിരുത്തും.'- അണികളുടെ ആർപ്പുവിളിക്കിടെ പിണറായി പറഞ്ഞത് അങ്ങനെയാണ്.

72 മിനുട്ടിൽ പിണറായി വിജയൻ നടത്തിയ പ്രസംഗം വ്യക്തവും സൂക്ഷ്മവുമായിരുന്നു. 'ആചാരങ്ങളിൽ ചിലത് ലംഘിക്കാൻ കൂടിയുള്ളതാണെന്നാണ് നവോത്ഥാന നായകർ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്' എന്ന് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ മാസങ്ങൾക്ക്‌ശേഷം, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ സിപിഎം ശബിരമല നവോത്ഥാനത്തിൽനിന്ന് പൂർണ്ണമായും പിന്മാറി. ആക്റ്റീവിസ്റ്റുകൾക്ക് ശബരിമലയിൽ എത്താൻ എല്ലാം സൗകര്യവും ചെയ്തുകൊടുത്ത മുഖ്യമന്ത്രിയാവട്ടെ ഈ വിഷയത്തിൽ പിന്നീട് ഒന്നും മിണ്ടിയിട്ടില്ല.

അതുപോലെതന്നെയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന ബ്രൂവറി വിവാദത്തിലും ഉണ്ടായത്. ആദ്യം ഇതിനെ പരിഹസിക്കുകും ചിരിച്ച് തള്ളുകയുമാണ് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ ചെയ്തത്. എന്നാൽ വിവാദം മാധ്യമങ്ങൾ ഏറ്റെടുക്കുകയും പാർട്ടിയിലും മുന്നണിയിലും വിവാദമാവുകയും ചെയ്തതോടെ ഇരട്ടച്ചങ്കനും നൈസായിട്ട് തടിയൂരി. പ്രളയകാലത്ത് വിവാദങ്ങൾ ഒഴിവാക്കാനാണെന്ന വിചിത്ര വാദമാണ് സർക്കാർ സർക്കുലറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായ കാര്യങ്ങളാണ് സ്പ്രിംങ്കളർ വിവാദത്തിലും നടന്നത്. ഇപ്പോൾ വിവാദ നായകനായ ശിവശങ്കറിനെ അന്നും സംരക്ഷിക്കുന്ന നിലപാടാണ് സ്പ്രിംങ്കളർ വിവാദകാലത്തും മുഖ്യമന്ത്രി സ്വീകരിച്ചത്. ഡാറ്റ സ്വകാര്യ കമ്പനിക്ക് കൊടുക്കുന്നത് ആപത്താണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ, ആദ്യം ചിരിച്ചു തള്ളുകയാണ് മുഖ്യമന്ത്രി ചെയ്തത്. എന്നാൽ ഘടകകക്ഷിയായ സിപിഐ വരെ ഈ വിഷയത്തിൽ ഇടഞ്ഞതോടെയാണ് മുഖ്യമന്ത്രി തീരുമാനം റദ്ദാക്കിയത്.

ബംഗാളിൽ സംഭവിച്ചത്

ബംഗാളിൽ ജ്യോതിബാസു മാറി ബുദ്ധദേബ് ഭട്ടാചാര്യ വന്നതോടെ പാർട്ടിയും ഭരണവും രണ്ട് തട്ടിൽ ആയതോടെയാണ് സിപിഎം തകർന്നത് എന്ന് കേന്ദ്രകമ്മറ്റി തന്നെ നേരത്തെ വിലയിരുത്തിയിരുന്നു. ഒരുകാലത്തും പാർട്ട് അതീതൻ ആയിരുന്നില്ല ജ്യോതി ബസു. അദ്ദേഹത്തിന് കിട്ടേട്ട പ്രധാനമന്ത്രി പദവി പോലും സിപിഎം നിഷേധിക്കയായിരുന്നു. അന്ന് അതിൽ 'ഹിസ്റ്റോറിക്ക് ബ്ലണ്ടർ എന്ന് കമന്റ് ചെയ്യുക മാത്രമാണ് ബുസു ചെയ്തത്.

എന്നാൽ ബുദ്ധദേവ് അധികാരത്തിൽ വന്നതോടെ ആ രീതി മാറി. ബംഗാളിന്റെ വികസനത്തിനായി അതിദ്രുത വ്യവസായവത്്ക്കരണം വേണമെന്നത് സത്യത്തിൽ പാർട്ടി തീരുമാനം ആയിരുന്നില്ല. മറിച്ച് അത് ബുദ്ധദേബിന്റെ വ്യക്തിപരമായ തീരുമാനം ആയിരുന്നു. ആ നന്ദീഗ്രാമം കുടിയൊഴിപ്പിക്കൽ ബംഗാളിൽ ഒരു പാർട്ടിയെ തന്നെ ഇല്ലാതാക്കി. നീണ്ട 34 വർഷക്കാലം, 2011-വരെ, തുടർച്ചയായി പശ്ചിമ ബംഗാൾ ഭരിച്ച സി പി എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ (2016) കേവലം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇപ്പോൾ അവർ ത്രിണമൂലിനും, ബിജെപിക്കും, കോൺഗ്രസിനും പിറകിൽ നാലാമത് ആണ്. സിംഗൂരിലും നന്ദിഗ്രാമിലും ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ തുടങ്ങിയ 2008-ൽ തന്നെ ബംഗാളിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് തകർച്ച ആരംഭിച്ചിരുന്നു. അതിനുശേഷം നടന്ന ഓരോ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയുടെ ജനകീയാടിത്തറ കുത്തനെ ഇടിഞ്ഞു.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശം തെരഞ്ഞെടുപ്പ് പ്രകടനവുമായി 2014-ലെ ലോകസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 42-ൽ വെറും 2 സീറ്റ് മാത്രം നേടാനായതോടെ സംസ്ഥാനത്തെയും കേന്ദ്രത്തിലേയും സി പി എം നേതൃത്വം വിമർശനങ്ങൾക്ക് വിധേയമായി. അപ്പോഴാണ് അടിസ്ഥാന വർഗത്തിന്റെ പ്രശ്നങ്ങൾ വിസ്മരിച്ച് വല്തുപക്ഷ നയങ്ങൾ പിന്തുടർന്നതാണ് ഇതിന് കാരണമെന്ന് പാർട്ടി വിലയിരുത്തിയത്. 1977-ൽ നടപ്പാക്കിത്തുടങ്ങിയ ഭൂമിയുടെ പുനർവിതരണവും പാട്ടഭൂമി പരിഷ്‌കരണങ്ങളും സൃഷ്ടിച്ച ഉയർന്ന കാർഷിക വളർച്ചയും ഗ്രാമീണ ജീവിതനോപാധികൾ മെച്ചപ്പെട്ടതും അടക്കമുള്ള ഗുണഫലങ്ങൾ 1990കളുടെ പകുതിയോടെ പിറകോട്ടടിച്ചിരുന്നു.

ആഗോളീകരണത്തിന്റെ പശ്ചാത്തലത്തിൽ സാധ്യമായ ഒരു ബദൽ വികസന മാതൃക ഉണ്ടാക്കുന്നതിന് പകരം വൻകിട മൂലധനത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും സമ്മർദത്തിന് വഴിപ്പെടുകയായിരുന്നു ഇടതുസർക്കാർ ചെയ്തത്. ബുദ്ധദേബ് ഭട്ടാചാര്യ ഭരണത്തിനു കീഴിൽ ബദൽ രാഷ്ട്രീയത്തിനുള്ള അന്വേഷണങ്ങൾ പാടെ ഉപേക്ഷിക്കുകയും ഇടതുമുന്നണി സർക്കാർ നവ-ഉദാരവാദ ഘോഷയാത്രയിൽ ചേരുകയും ചെയ്തു. സ്വകാര്യ, കോർപ്പറേറ്റ് സംരംഭങ്ങൾക്കും, സ്വതന്ത്ര വ്യാപാര മേഖലകൾക്കുമായി ജനാധിപത്യ വിരുദ്ധമായി ബലപ്രയോഗത്തിലൂടെ കൃഷിഭൂമി ഏറ്റെടുക്കാനുള്ള തീവ്രശ്രമങ്ങളും, മാനവ വികാസത്തോടുള്ള അവഗണനയും, സാമൂഹ്യനീതി പ്രശ്നങ്ങളിലെ സംവേദനക്ഷമതയില്ലായ്മയും എല്ലാം ഗ്രാമീണ, നഗര ദരിദ്രജനതയുടെ വലിയൊരു വിഭാഗത്തെ അകറ്റുന്ന തരത്തിൽ ഇടതുമുന്നണിയുടെ വലതുപക്ഷവത്കരണത്തിന് ആക്കം കൂട്ടി.

ഈ കാര്യങ്ങൾ പലപ്പോഴു പാർട്ടി അത്മവിർശനമായി പറഞ്ഞിട്ടുണ്ട്. പക്ഷേ എന്തുകാര്യം അപ്പോഴേക്കും സിപിഎം ബംഗാളിൽനിന്ന് തുടച്ചു നീക്കം ചെയ്യപ്പെട്ടിരുന്നു. ഒരോഘട്ടത്തിലും ബംഗാളിലെ പാർട്ടിയുടെ പോക്ക് ശരിയല്ലെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുമ്പോഴും സമ്മർദത്തിലൂടെ കാര്യങ്ങൾ തങ്ങൾക്ക് അനകൂലമാക്കിയെടുക്കുന്ന ശൈലിയായിരുന്നു ബംഗാൾ നേതാക്കളുടേത്. ആ അവസ്ഥ കേരളത്തിലും ആവർത്തിക്കാതിരിക്കാൻ പിണറായിയെ സിപിഎം നിയന്ത്രിച്ചേ മതിയാവൂ. ആ അർഥത്തിൽ സിപിഎം അണികൾക്ക് ആഹ്ലാദിക്കാവുന്ന മാറ്റമാണ് പൊലീസ് നിയമ ഭേദഗതി പിൻവലിച്ചതോടെ ഉണ്ടായിരിക്കുന്നത്.

വാൽക്കഷ്ണം: പാർട്ടി സെക്രട്ടറിയായിരുന്നു കാലത്ത് പിണറായി ഇടക്കിടെ പറയുന്ന ഒരു വാചകമുണ്ട്. 'പാർട്ടി മുകളിൽ ആരുമില്ല.' ഇപ്പോൾ പിണറായിയോട് സിപിഎം പറയുന്നതും അതുതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP