Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

ചെരുപ്പുകുത്തി മുതൽ ഐഎഎസ് ഉദ്യോഗസ്ഥൻ വരെ; പ്രാദേശിക ജനപ്രതിനിധി മുതൽ പ്രധാനമന്ത്രി വരെ; എല്ലാവർക്കും തുല്യ പെൻഷൻ; 60 വയസുള്ള മുഴുവൻ ഇന്ത്യാക്കാർക്കും പതിനായിരം രൂപ വീതം; സർക്കാറിന് ഒരു പൈസ പോലും അധികം ചെലവാക്കാതെ ഇത് നടപ്പാക്കാം; അമിതമായ ശമ്പളവും പെൻഷനും എന്തുകൊണ്ട് വെട്ടിക്കുറച്ചുകൂടാ; കേരളത്തിൽ തരംഗമായി 'വൺ ഇന്ത്യ വൺ പെൻഷൻ' കാമ്പയിൻ

ചെരുപ്പുകുത്തി മുതൽ ഐഎഎസ് ഉദ്യോഗസ്ഥൻ വരെ; പ്രാദേശിക ജനപ്രതിനിധി മുതൽ പ്രധാനമന്ത്രി വരെ; എല്ലാവർക്കും തുല്യ പെൻഷൻ; 60 വയസുള്ള മുഴുവൻ ഇന്ത്യാക്കാർക്കും പതിനായിരം രൂപ വീതം; സർക്കാറിന് ഒരു പൈസ പോലും അധികം ചെലവാക്കാതെ ഇത് നടപ്പാക്കാം; അമിതമായ ശമ്പളവും പെൻഷനും എന്തുകൊണ്ട് വെട്ടിക്കുറച്ചുകൂടാ; കേരളത്തിൽ തരംഗമായി 'വൺ ഇന്ത്യ വൺ പെൻഷൻ' കാമ്പയിൻ

എം മാധവദാസ്

രിത്രം പലപ്പോഴും അങ്ങനെയാണ്. ഒരു ചെറിയ തീപ്പൊരി മതി, കൊടുങ്കാറ്റിനേക്കാൾ വേഗത്തിൽ പല ആശയങ്ങളും പടർന്ന് പിടിക്കാനും വലിയ പ്രസ്ഥാനമാവാനും. ലോകത്തിലും ഇന്ത്യയിലും അതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ട്. അടിമത്ത നിരോധനമെന്ന ആശയം ആദ്യമായി അബ്രഹാംലിങ്കൻ  മുന്നോട്ട് വെച്ചപ്പോൾ അന്ന് ലോകത്തിന് ഇത്തരം ഒരു ആശയം ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്ത്യയിൽ 1950കളിൽ ആചാര്യ വിനോഭാവെയുടെ നേതൃത്വത്തിൽ തുടങ്ങിയ ഭൂദാന പ്രസ്ഥാനത്തെ ഓർത്തുനോക്കുക. ഒരു പതിറ്റാണ്ടോളം അത് ഇന്ത്യയിൽ തരംഗമായി. മണ്ണിൽ പണിയെടുക്കുന്ന കർഷകും ദലിതനും ആ മണ്ണിന്റെ അവകാശികൾ കൂടിയാണെന്ന ധാരണയുണ്ടാക്കിയെടുത്ത ഈ പ്രസ്ഥാനം, കേരളത്തിലടക്കം ഭൂപരിഷ്‌ക്കരണത്തെ വൻ തോതിൽ സ്വാധീനിച്ചു. ഇന്ത്യയിൽ അണ്ണാഹസാരയുടെ സമരത്തെ തുടർന്ന്, അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി വിപ്ലവം ഉണ്ടായത് നമ്മുടെ കൺമുന്നിലാണ്.

സമാനമായ ഒരു ജനകീയ മവൂവ്മെന്റിന് കേരളത്തിലും തീപ്പിടിച്ചിരിക്കയാണ്. കൊടുങ്കാറ്റിനേക്കാൾ വേഗമുള്ള ഒരു ആശയം ഇപ്പോൾ കേരളത്തിൽ പ്രചരിക്കുകയാണ്. ഒരു മുഖ്യധാരാ മാധ്യമത്തിന്റെയും സഹായമില്ലാതെ. ഒരു സംഘടനയുടെയും പ്രത്യക്ഷമായ പിന്തുണയില്ലാതെ. കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്ന് ഈ ആശയം ചർച്ചയായി കഴിഞ്ഞിരിക്കുന്നു. അതാണ് വൺ ഇന്ത്യ വൺ പെൻഷൻ. ചുരുക്കി ഒ ഐ ഒ പി ( o i o p). 60 വയസ്സ് പൂർത്തിയായ സകല ഇന്ത്യാക്കാർക്കും പതിനായിരം രൂപ വീതം മാസം പെൻഷൻ കിട്ടണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്. ചെരുപ്പുകുത്തി മുതൽ ഐ.എ.എസ്. ഉദ്യോഗസ്ഥൻവരെ. പ്രാദേശിക ജനപ്രതിനിധി മുതൽ പ്രധാനമന്ത്രി വരെ. എല്ലാവർക്കും തുല്യ പെൻഷൻ. വെറും ഒരു വർഷം കൊണ്ട് കേരളത്തിലെ മുഴവൻ ആളുകൾക്കും ഇടയിൽ എത്തുന്ന രീതിയിൽ ഈ മൂവ്മെന്റ് മാറിക്കഴിഞ്ഞു. കോവിഡ് കഴിഞ്ഞാൽ കേരളം ഇന്ന് ചർച്ച ചെയ്യുന്നത് ഈ ആശയമാണ്. സംഘടനയുടെ വാട്സാപ്പ് ഫേസ്‌ബുക്ക് കൂട്ടായ്മകളിൽ ആയിരക്കണക്കിന് പേരാണ് 
ഓരോ ദിവസവും ചേരുന്നത്.

ഒറ്റക്കേൾവിയിൽ എത്ര സുന്ദരമായ നടക്കാത്ത സ്വപനം എന്ന് തോന്നിപ്പോവും. 130 കോടി ജനങ്ങൾ ഉള്ള രാജ്യത്ത് 60 വയസ്സ് കഴിഞ്ഞവർ 10 കോടിയോളം പേർ ഉണ്ട്. വൺ ഇന്ത്യ വൺ പെൻഷൻ പദ്ധതിക്കാർ വിഭാവനം ചെയ്യുന്നത് പ്രായോഗികമായാൽ ഒരാൾക്ക് മാത്രം നൽകേണ്ടി വരിക ഒരു വർഷം ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാണ്. 80 വയസ്സുവരെ ജീവിച്ചിരുന്നാൽ ഒരാൾക്കുമാത്രം 24ലക്ഷം രൂപ. അങ്ങനെ പത്തുകോടി പേർക്ക് കൊടുക്കണം.

എന്നാൽ ഈ മൂവ്മെമന്റുമായി മുന്നോട്ടുപോകുന്നവർ എറയുന്നു സർക്കാറിന് ഒരു പൈസപോലും അധികം ചെലാവാക്കാതെ ഈ തുക ശേഖരിക്കാനും കൊടുക്കാനും കഴിയുമെന്നാണ്! അവിടെയാണ് മറ്റ് ഉട്ടോപ്യൻ പ്രസഥാനങ്ങളിൽനിന്ന് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് വ്യത്യസ്മാവുന്നതും.

നിങ്ങളും ഒരു കോടിയുടെ നികുതിദായകനാണ്

ഒരിക്കലും നടക്കാത്ത ആശയത്തിന്റെ ഭാഗമല്ല, ലോകത്ത് സോഷ്യൽ ഡെമോക്രസിയിൽ ഊന്നിയുള്ള വികസിത രാഷ്ട്രങ്ങൾ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗം തന്നെയാണെന്ന് ഒ ഐ ഒ പി ഭാരവാഹികൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ഇത് സാർവത്രിക പെൻഷൻ, അഥവാ യൂണിവേഴ്സൽ ബേസിക്ക് ഇൻകം എന്ന ആശയത്തിന്റെ ഭാഗമാണ്. അമേരിക്കയും ബ്രിട്ടനും അടങ്ങിയ ലോകത്തിലെ പാശ്ചാത്യ രാജ്യങ്ങളും വികസിത രാജ്യങ്ങളും അവരുടെ പൗരന്മാർക്ക് നാഷണൽ ഇൻഷൂറൻസ് അടക്കമുള്ള സംവിധാനങ്ങൾ കൊടുക്കുന്നുണ്ട്. അവർക്കൊക്കെയും അടിസ്ഥാനപരമായി പെൻഷന് അർഹതയുണ്ട്.

എന്നാൽ ഇന്ത്യയിൽ സർക്കാർ ക്ഷേമപെൻഷനു കൊടുക്കുന്നുണ്ട്. പക്ഷേ ആ തുക തീർത്തും അപര്യാപ്തമാണ്. വിധവകൾ, വൃദ്ധർ, കർഷകത്തൊഴിലാളികൾ എന്നിങ്ങനെ വിവിധ കാറ്റഗറിയിലായി തീർത്തും ചെറിയ തുകയാണ് നൽകുന്നത്. സംഘടിതമായ പ്രസ്ഥാനങ്ങൾ ഉള്ള കേരളത്തിൽപോലും വെറും 1300 രൂപയൊക്കെ ആയാണ് പെൻഷൻ വർധിപ്പിച്ചിട്ടുള്ളത്. ഈ നിസ്സാര തുക ഒന്നിനും തികയുന്നില്ല.

പക്ഷേ നമ്മൾ അറിയാത്ത കാര്യം നിങ്ങൾ ഓരോരുത്തരം നികുതിയായി വൻ തുക സർക്കാറിലേക്ക് കൊടുക്കുന്നുണ്ട് എന്നാണ്. ഇൻകംടാക്സ് അടക്കുന്നില്ലെങ്കിൽ നികുതിദായകൻ അല്ല എന്നത് വെറും തെറ്റിദ്ധാരണമാത്രമാണ്. ഇന്ത്യയിൽ വെറും ഒരു ശതമാനം പേർ മാത്രമാണ് ആദായനികുതി കൊടുക്കുന്നത് എന്നാണ് കണക്ക്.  റിട്ടേൺ സമർപ്പിക്കുന്നവർ  മൂന്നാനാലോ ശതമാനം വരുമെങ്കിലും. നിങ്ങൾ എന്ത് ക്രയവിക്രയം നടത്തിയാലും അതിൽ നികുതിയുണ്ട്. ഉദാഹരണമായി ഒരു സാധാരണ ഓട്ടോറിക്ഷാ തൊഴിലാളിയെ എടുക്കുക. ഓട്ടോ വാങ്ങുമ്പോൾ അയാൾ മുതൽ സർക്കാറിന് നികുതി കൊടുക്കുന്നു.

വാഹനനികുതി, ലോൺ എടുക്കുമ്പോൾ ബാങ്കിന് കൊടുക്കുന്ന പലിശ, 500 രൂപക്ക് പെട്രോൾ അടിച്ചാൽ 400ഉം നികുതിയാണ്. ഇൻഷൂർൻസ്, സ്പെയർ പാർട്സ് അങ്ങനെ അയാൾ ഇടപെടുന്ന ഓരോ കാര്യത്തിലും ജിഎസ്ടിയായും വാറ്റായും സർക്കാറിലേക്ക് നികുതി നൽകുന്നുണ്ട്. ഇങ്ങനെ ഒരോ പൗരനും അവന്റെ ജീവിതം കൊണ്ട് 50ലക്ഷം രൂപയെങ്കിലും
നികുതിയായി അടക്കുന്നുണ്ടെന്നാണ് കണക്ക്. മറ്റ് ചെലവിലൂടെ 50 ലക്ഷം വേറെയും  നിങ്ങൾ സർക്കാറിലേക്ക് നൽകുന്നുണ്ട്. സ്ഥലം വാങ്ങുന്നു,  വീടെടുക്കുന്നു ,ആഭരണം വാങ്ങുന്നു, അങ്ങനെ എന്ത് ചെയ്താലും നിങ്ങളെ പിന്തുടർന്ന് ഒരു നികുതിഘടന ഒപ്പമുണ്ട്.

അതായത് ഒരു സാധാരണക്കാരൻപോലും വിവിധ ക്രയവിക്രയങ്ങളിലായി ഒരു കോടിയോളം രൂപം ആയാളുടെ ജീവിതത്തിനിടയിൽ സർക്കാറിലേക്ക് നികുതിയായി കൊടുക്കുന്നുണ്ട്. നമ്മൾ പോലും അറിയുന്നില്ല നമ്മൾ കോടീശ്വരനായ നികുതി ദായകനാണെന്ന്. അപ്പോൾ അവന് പ്രതിമാസം പതിനിനായിരം രൂപ പെൻഷന് അർഹതയില്ലേ. തീർത്തും ന്യായമായ ചോദ്യമാണ് ഒ ഐ ഒ പി ഉയർത്തുന്നത്.

അമിതമായ ശമ്പളവും പെൻഷനും വെട്ടിക്കുറക്കുക

സത്യത്തിൽ ഈ പ്രസ്ഥാനത്തിന് കേരളത്തിൽ ഏറ്റവും കൂടുതൽ വളക്കൂറ് കിട്ടാൻ കാരണം അവർ സർക്കാർ ഉദ്യോഗത്തിന്റെ പേരിൽ രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിക്കുന്ന ഒരു വിഭാഗത്തെ തുറന്നുകാട്ടി എന്നതുകൊണ്ടുതന്നെയാണ്. വൺ ഇന്ത്യ വൺ പെൻഷൻ പ്രസഥാനത്തിന്റെ തുടക്കം തന്നെ ജോലിയിൽ നിന്നും വിരമിച്ച ശേഷം വെറുതെയിരിക്കുന്നവർക്ക് ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകുന്നത് ശരിയല്ല എന്ന ചിന്തയിൽ നിന്നാണ്. കേരളത്തിലടക്കം സംസ്ഥാന സർക്കാറിന്റെ വരുമാനത്തിന്റെ 90 ശതാമാനവും കവർന്ന് എടുക്കുന്ന ശമ്പള- പെൻഷൻ വ്യവസ്ഥയോട് യുവാക്കളിൽനിന്ന് അടക്കം ഉണ്ടാകുന്ന അതിരൂക്ഷമായ വിമർശനമാണ് ഈ സംഘടനയെ ജനകീയമാക്കിയത്.

നമ്മുടെ നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം അനർഹമായി വൻ തുക ശമ്പളവും ആനുകൂല്യവും കൈപ്പറ്റിക്കൊണ്ടിരിക്കുന്നുവെന്നതിൽ യാതൊരു തർക്കവുമില്ല. ഒരുലക്ഷവും ഒന്നരലക്ഷവും വരെ പെൻഷൻ കൈപ്പറ്റുന്ന ആയിരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. കാരണം പെൻഷൻ എന്ന് പറയുന്നത് അവസാനം കൈപ്പറ്റുന്ന ശമ്പളത്തിന്റെ 50 ശതമാനം ആണ്.  കേന്ദ്ര സർക്കാറിന്റെ ശരാശരി പെൻഷൻ 35000 രൂപയാണ്. ഇപ്പോൾ കേന്ദ്രസർക്കാർ ജീവനക്കാർക്ക് മാത്രം 1.8ലക്ഷം കോടിരൂപയാണ് പെൻഷൻ ഇനത്തിൽ നൽകുന്നത്. അങ്ങനെ സംസ്ഥാനങ്ങളിലെ എല്ലാം കണക്കെടുക്കുമ്പോൾ ഏതാണ്ട് 12ലക്ഷം കോടിരൂപ പെൻഷനുവേണ്ടി മാത്രം ചെലവിടേണ്ടി വരുന്നു.

സംഘടനയുടെ ആദ്യ നിർദ്ദേശം സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ നിർത്തലാക്കി, അത് എല്ലാവർക്കും തുല്യമായി കൊടുക്കുക. അപ്പോൾ അധിക ബാധ്യത വരില്ല എന്നാണ്. അല്ലെങ്കിൽ അമിതമായ ശമ്പളവും പെൻഷനും വെട്ടിക്കുറക്കുക. ഒരു വിഭാഗത്തിന് മാത്രം കിട്ടുന്ന അമിതമായ ശമ്പളം കേരളത്തിലടക്കം കടുത്ത അസമത്വങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഉദാഹരണമായി ഒരു പ്രൈവറ്റ് സ്‌കൂളിലെ അദ്ധ്യാപകൻ 7000മുതൽ 20000 രൂപാവരെ മാത്രം ശമ്പളം വാങ്ങുമ്പോൾ, സർക്കാർ അദ്ധ്യാപകൻ 20000 മുതൽ 60000വരെ പെൻഷൻ മാത്രം വാങ്ങുന്നു. ഇത് നഗ്നമായ അസമത്വമല്ലേ എന്ന ചോദ്യത്തിന് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കയും, പെൻഷൻ എല്ലാ വയോധികർക്കും തുല്യമായി വീതിക്കുകയും ചെയ്താൽ മതിയെന്നാണ് സംഘടനയുടെ വാദം.

ഒരു ലിറ്റർ പെട്രോൾ അടിച്ചാൽ നാൽപ്പത് രൂപയും കൊടുക്കുന്നത് നികുതിക്കാണ്. നിരവധി സെസുകൾ നാം പലപ്പോഴായി കൊടുക്കുന്നുണ്ട്. അത്തരത്തിൽ സർക്കാറിന്റെ ഏതെങ്കിലും ഒരു വരുമാനം വകമാറ്റുകയോ ചെറിയ പുതിയ സെസ് ഏർപ്പെടുത്തുകയോ ചെയ്താൽ, ഈ ആവശ്യത്തിനായി പണം കണ്ടത്താൻ കഴിയും. മാത്രമല്ല വിവിധ ക്ഷേമനിധിയായും വാർധക്യകാല പെൻഷനായും വിധവാ പെൻഷനായും നാം കൊടുക്കുന്ന വിവിധ പദ്ധതികൾ ഒഴിവാക്കാം. ദാരിദ്ര ലഘൂകരണത്തിന്റെ ഭാഗാമായ വിവിധ സബ്സിഡികളും ഒഴിവാക്കാം. അങ്ങനെ ഓരോ മേഖലയിലും ചെലവ് ചുരുക്കി ആസൂത്രണം ചെയ്താൽ രാജ്യത്തെ 60 വയസ്സിന് മുകളിലുള്ള പത്തുകോടി പേർക്കും പതിനായിരം രൂപ പെൻഷൻ കൊടുക്കാൻ കഴിയുമെന്നാണ് കൃത്യമായ ഡേറ്റ ഉദ്ധരിച്ച് വൺ ഇന്ത്യാ വൺ പെൻഷൻ വക്താക്കൾ ചൂണ്ടിക്കാട്ടുന്നത്.

എന്തുകൊണ്ട് പെൻഷനിൽ ക്രീമിലെയർ പാടില്ല

കേന്ദ്രത്തിലും സംസ്ഥാന സർക്കാറിലും ഒരാൾ ജോലിക്ക് കയറുന്നത് പെൻഷൻകൂടി ഉറപ്പുള്ളതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഒരു സുപ്രഭാതത്തിൽ സർക്കാറിന് പെൻഷൻ തരില്ല എന്ന് പറയാൻ കഴിയില്ല. പെൻഷനേഴ്‌സ് കോടതിയിൽ പോകാനും ഇതുമൂലം ഇടയുണ്ട്.
.അതുകൊണ്ടുതന്നെ നിലവിലുള്ള പെൻഷൻ ഒറ്റയടിക്ക് നിർത്തണമെന്ന പടിവാശിയൊന്നും സംഘടനാ നേതാക്കൾക്കില്ല. മാത്രമല്ല 2004 മുതൽ തന്നെ കോൺട്രിബ്യൂട്ടറി പെൻഷൻ എന്ന ആശയം രാജ്യത്ത് എത്തിയിരിക്കുന്നു. ഇപ്പോൾ കേന്ദ്ര സർക്കാറിലും സംസ്ഥാന സർക്കാറിലുമൊക്കെ ജോലിചെയ്യുന്നവർക്ക് അവർ അടക്കുന്ന വീതത്തിന്റെ വിഹിതം മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ സർവീസിലുള്ള ജീവനക്കാരെത വൺ ഇന്ത്യ വൺ പെൻഷൻ ബാധിക്കുന്നില്ല. അപ്പോൾ നിലവിൽ പെൻഷൻ വാങ്ങുന്നവർക്ക് വാരിക്കോരി കൊടുക്കുന്നതിൽ നിയന്ത്രണം വേണം എന്നാണ് അവർ പറയുന്നത്.

ഉദാഹരണമായി പെൻഷനിൽ ക്രീമിലെയർ ഏർപ്പെടുത്തുന്ന കാര്യംപോലും നാം ഇതുവരെ ചിന്തിച്ചിട്ടില്ല. ഭാര്യയും ഭർത്താവും ഉദ്യോഗ്സ്ഥരായി വിരമിച്ച് വൻ തുക പെൻഷൻ വാങ്ങുന്ന അവസ്ഥ എത്രയോ ഉണ്ട്. മക്കൾ സർക്കാർ ഉദ്യോഗസ്ഥന്മാർ ആയവരെയോ, വിദേശത്ത് ഉന്നത ജോലിയിൽ ഏർപ്പെടുന്നവരെയും ക്രീമിലെയറിൽ പെടുത്താം. ചിലർ സർക്കാർ ജോലിയിൽനന്ന് വിരമിച്ച് കഴിഞ്ഞിട്ടും സ്വകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികളിൽ ജോലിക്ക് പോകുന്നുണ്ട്. ഇവരെല്ലാം മുറപോലെ മാസാമാസം സർക്കാറിൽനിന്ന് വൻ തുക പെൻഷനായും കൈപ്പറ്റുന്നു. ഇത്തരക്കാരെ കണ്ടെത്താനുള്ള യാതൊരു സംവിധാനവും നമ്മുടെ നാട്ടിലില്ല. അതുകൊണ്ടുതന്നെ പെൻഷനിൽ അടിയന്തരമായി ക്രീമിലെയർ ഏർപ്പെടുത്തണമെന്നും, അത് സാമ്പത്തിക ശേഷി കുറവുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും ഈ സംഘടന പറയുമ്പോൾ അത് ആർക്കാണ് തള്ളിക്കളയാൻ കഴിയുക.

മാത്രമല്ല, പെൻഷന് മാനദണ്ഡം നിയമ നിർമ്മാണത്തിലൂടെ ഉണ്ടാക്കിയെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഉദാഹണമായി കോർപ്പറേറ്റീവ് ബാങ്കുകളിലൊക്കെ ഒന്നും ഒന്നരയും ലക്ഷം 
ശമ്പളം പറ്റുന്ന സെക്രട്ടറിമാർപോലും വിരമിച്ചാൽ പതിനയ്യായിരം രൂപയാണ്‌
പെൻഷൻ. അത്തരത്തിൽ നിയമമുണ്ട്. ഇന്നത്തെ അവസാനം കിട്ടിയ ശമ്പളത്തിന്റെ പകുതിയെന്ന രീതി കാലോചിതമായ പരിഷ്‌ക്കരിക്കണം എന്നും സംഘടന ആവശ്യപ്പെടുന്നു.

കോവിഡ് കാലത്തെ മാന്ദ്യവിരുദ്ധ പാക്കേജ്

ഇനി നോക്കുക. ഇന്ത്യയിലെ മുഴുവൻ വയോധികർക്കും പ്രതിമാസം പതിനായിരം രൂപവെച്ച് പെൻഷൻ കിട്ടുക എന്നു പറഞ്ഞാൽ ഈ കോവിഡ് കാലത്തെ ഒന്നാന്തരം മാന്ദ്യവിരുദ്ധ പാക്കേജ് കൂടിയാണ്. കോവിഡ് ലോക വ്യാപകമായ കടുത്ത സാമ്പത്തിക മാന്ദ്യത്തിനാണ് വഴിയൊരുക്കിയതെന്നതിൽ യാതൊരു തർക്കവുമില്ല. ജോർജ് മർഫിയെപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്, ജനങ്ങളുടെ കൈയിലേക്ക് എങ്ങനെയെങ്കിലും പണം എത്തിക്കുക എന്നതാണ് മാന്ദ്യം നേരിടാനുള്ള പോംവഴിയെന്നാണ്. നമ്മുടെ നാട്ടിൽ മാത്രയേയുള്ളൂ സാലറി കട്ടിലൂടെയൊക്കെ പൗരൻെ പണം സർക്കാർ പിടിച്ച് മാന്ദ്യത്തെ നേരിടുന്ന തല തിരിഞ്ഞ വഴിയുള്ളത്. കോവിഡ് പ്രതിസന്ധിക്കിടയിൽ ഓരോപൗരനും പണം അങ്ങോട്ട് കൊടുക്കയാണ് ട്രംപ് ചെയ്തത്. 'വെറുതെ ഒരു കുഴി കുത്തുക. എന്നിട്ട് അത് മൂടാൻ പണം കൊടുക്കുക.' മാന്ദ്യം നേരിടാനുള്ള പഴയ രീതികളിൽ പറയുന്ന ഒന്നാണിത്. അതായത് ജനങ്ങളുടെ കൈയിൽ പണം എത്തണമെന്ന് ചുരുക്കം.

അങ്ങനെ വരുമ്പോൾ ഈ പതിനായിരം രൂപ നമ്മുടെ വിപണിയെ എങ്ങനെ സക്രിയമാക്കും എന്ന് ചിന്തിച്ച് നോക്കുക. എന്നാൽ സാമ്പ്രദായിക ഉദ്യോഗസ്ഥ പെൻഷൻ പണത്തിൽ നല്ലൊരു ഭാഗവും ഡെഡ് ഇൻവസറ്റ്മെന്റ് ആയി ബാങ്കുകളിൽ കിടക്കയാണ് പതിവ്. അത് വിപണിയിൽ ഇറങ്ങാറില്ല. മാത്രമല്ല ഈ പതിനായിരം വിപണിയിലിറങ്ങുമ്പോൾ ജിഎസ്ടിയായും മറ്റും സർക്കാറിന് തന്നെ തിരിച്ചു കിട്ടും. അയായത് പ്രത്യക്ഷത്തിൽ വലിയ തുകയൊന്നും സർക്കാറിന് നഷ്ടമാവുന്നില്ല.

വെള്ളം നീരാവിയായി കാർമേഘമായി മഴയായി പെയ്ത വീണ്ടും കടലിൽ തന്നെ എത്തുന്ന വാട്ടർ സൈക്കിൾ തിയറിപോലെ, ഒരു സാമ്പത്തിക ചക്രമാണ് ഇവിടെയും വർക്ക് ചെയ്യുന്നത്. ഫലത്തിൽ സർക്കാറിന് ഒന്നും നഷ്ടമാവുന്നില്ല. കൊടുക്കുന്നത് തിരിച്ചുവരും. അതിന് എത്ര സമയം എടുക്കും എന്നത് മാത്രമാണ് പ്രശ്നം.

പെൻഷൻ ഇല്ലെന്നു വന്നാൽ സർക്കാർ സർവീസിൽ ആളു കുറയുമോ?

ഈ കാമ്പയിനിന്റെ ഭാഗായി വിവിധ പ്രശനങ്ങൾ ഇന്ന് കേരളത്തിൽ സജീവ ചർച്ചാവിഷയമാണ്. അതിൽ ഒന്നാണ് പെൻഷൻ ഇല്ലെന്ന് വന്നാൽ സർക്കാർ സർവീസിൽ ആളുകൾ കുറയുമോ എന്ന്. ഒരിക്കലും ഇല്ല എന്നാണ് അതിൽ ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത്. ഇത്രയും സുഖമായി അധികാരത്തിൽ പങ്കാളിയായി ശമ്പളവും കിമ്പളും കിട്ടുന്ന ജോലി ഏതാണ്. അതുകൊണ്ട്തന്നെ പെൻഷൻ ഇല്ലെങ്കിലും സർവീസൽ കയറാൻ തിരക്ക് കുറയില്ല. പെൻഷൻ ഒഴിവാക്കുന്നതിന്റെ ആദ്യ ചുവടായി ഇനി മുതൽ സർക്കാർ സർവീസിൽ പ്രവേശിക്കുന്ന എല്ലാവരും, തസ്തിക വ്യത്യാസമില്ലാതെ പെൻഷൻ 10,000 രൂപാ മതിയെന്ന അനുമതിപത്രത്തിൽ ഒപ്പിടണമെന്ന നിയമം പാസാക്കണമെന്നാണ് ചിലർ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിക്കുന്നത്. സർക്കാർ സർവീസിലെ അഴിമതിക്കെതിരെയും ഈ കാമ്പയിനിൻ നീളുന്നു.

സണ്ണി തായങ്കരി എന്ന ഒ ഐ ഒ പി പ്രവർത്തകൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന്റെ പ്രസക്ത ഭാഗങ്ങൾ നോക്കുക. ഇത് ഇപ്പോൾ നവ മാധ്യമങ്ങളിൽ വൈറലാണ്.

 ' സർക്കാർ ഉദ്യോഗസ്ഥരിൽ ദരിദ്രർ എത്ര ശതമാനമുണ്ട് എന്ന കണക്കെടുത്താൽ ഫലം ഞെട്ടിക്കുന്ന തായിരിക്കും. കാലാകാലങ്ങളായി ഉണ്ടാകുന്ന ഭീമമായ വിലക്കയറ്റം ബാധിക്കാത്ത വർഗം സർക്കാർ ജോലിക്കാരും ജനപ്രതിനിധികളും വ്യവസായികളും മാത്രമായിരിക്കും. എന്നാൽ ഇവരിൽനിന്ന് ബഹുദൂരം പിന്നിലായ സാധാര ണക്കാരന്റെ അവസ്ഥയെന്താണ്? രണ്ടറ്റം കൂട്ടിമുട്ടിക്കാൻ അവൻ പെടുന്ന പെടാപ്പാട് അങ്ങേയ്ക്കും അറിവുള്ളതാണല്ലോ. ഒരു സിസ്റ്റത്തിന്റെ ഭാഗമായതിനാൽ അങ്ങും നിശബ്ദത പാലിക്കുന്നു. മൂന്ന് ശതമാനത്തിന് താഴെമാത്രം വരുന്ന സർക്കാർ ഉദ്യോഗ സ്ഥർക്ക് 97 ശതമാനം വരുന്ന പാവപ്പെട്ടവനും സാധാരണക്കാരനും അവർ അർഹിക്കാത്ത പൂമെത്ത ഒരുക്കുന്നു. അന്തി പട്ടിണിക്കാരൻ ഈ മേലാളന്മാരെ സർവസുഖ സൗകര്യങ്ങ ളോടെയും വാഴിക്കുന്നു. എന്നാൽ ഇവരുടെ അന്നദാതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വറ്റുകൊടുത്ത് ബാക്കി വരുന്ന കഞ്ഞിവെള്ളം മോന്തിക്കുടിച്ച് മുണ്ടുമുറുക്കിയടുത്ത് കഴിയുന്നു.

നാലക്കവും അഞ്ചക്കവും ശമ്പളവും കിമ്പളവും വാങ്ങി, തങ്ങളുടെ അന്നദാതാ ക്കളായ ജനത്തെ ആവോളം ദ്രോഹിച്ച് സർക്കാർ ജോലിയിൽനിന്ന് അടുത്തൂൺ പറ്റുമ്പോൾ നാലക്കമോ അഞ്ചക്കമോ പെൻഷൻ എന്ന റൗഡിപ്പണം ഉറപ്പാക്കി മടങ്ങുന്നു. കയ്യിലും മടിയിലും ബാങ്ക് അക്കൗണ്ടിലും നിറയുന്ന 'പിരിയൽ പണം' വേറെ. പിന്നെയും എന്തെല്ലാം ആനുകൂല്യ ങ്ങൾ. അതെല്ലാം എണ്ണിപ്പറഞ്ഞാൽ വായിക്കാൻ സമയമേറെ വേണം. ഈ മഹാമാരിയുടെ കാലത്ത് അങ്ങേയ്ക്ക് അത് വായിക്കാനുള്ള മന:സാന്നിധ്യം ഉണ്ടാവില്ല.

ഇതാണോ സാർ സാമൂഹ്യനീതി? ഇതാണോ സാർ സോഷ്യലിസം? ഇതാണോ സാർ മാർക്സിയൻ സൗന്ദര്യശാസ്ത്രം ? ഒരു ദരിദ്ര സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ 50 ശതമാനം സർക്കാർ ഉദ്യോഗസ്ഥർക്കായി വീതിച്ചുനൽകുക? ഖജനാവിൽ പണമില്ലെ ങ്കിൽ ഉയർന്ന പലിശയ്ക്ക് കടമെടുത്ത് ഇവർക്ക് മുറതെറ്റാതെ ശമ്പളവും പെൻഷനും നൽകുന്നു. അടിസ്ഥാനവർഗത്തിന് അപ്പോഴും പട്ടിണിയും പരിവട്ടവും. ഇത് നിർത്തേണ്ട സമയമായില്ലേ സർ'- സണ്ണി തായങ്കരി ചോദിക്കുന്നു.

വയോധികരെ ആരും നടതള്ളില്ല

ഈ പദ്ധതി നടപ്പാവുകായാണെങ്കിൽ അത് ഇന്ത്യയുടെ സാമൂഹിക രംഗത്ത് നാളതുവരെ കണ്ട ഏറ്റവും വലിയ വിപ്ലവങ്ങളിൽ ഒന്നാകും. ഒറ്റയടിക്ക് ഇന്ത്യൻ വയോധികരുടെ സ്റ്റാറ്റസ് അത് ഉയർത്തുകയാണ്. അവർ മക്കളെയും മറ്റും ആശ്രയിച്ച് ജീവിക്കുന്നവർ ആവുന്നില്ല. അൽപ്പം വിലപടിപ്പുള്ളവർ ആവുകയാണ്. പ്രബുദ്ധമെന്ന് നാം കരുതുന്ന കേരളത്തിലടക്കം വയോധികരെ ക്ഷേത്രങ്ങളിൽ നടതള്ളുന്നതടക്കമുള്ള എത്രയോ വാർത്തകൾ നാം കേട്ടു. ഈ ലോക്ഡൗൺ കാലം ഗാർഹിക പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളുടേത് കൂടിയായിരുന്നു.

എത്രയോ പേർ അനാഥാലയങ്ങളിൽ കിടക്കുന്നു. അടിസ്ഥാനപരമായി നോക്കുമ്പോൾ ഇന്നും സാമ്പത്തികം വലിയൊരു വിഷയം തന്നെയാണ്. അപ്പോൾ ഉത്തരേന്ത്യയിലെ അവസ്ഥയൊക്കെ ഒന്ന് ആലോചിച്ച് നോക്കൂ. നമ്മുടെ തൊട്ടടുത്ത അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഇന്നും നിലനിൽക്കുന്ന ഒരു ദുരാചാരമാണ് 'തലൈക്കുത്ത' എന്ന വൃദ്ധരെ ബന്ധുക്കൾ ചേർന്ന് കൊല്ലുന്ന ആചാരം. ഇത് പേടിച്ച് മധുര മേഖലയിൽനിന്നൊക്കെ എത്രയോ പേർ നാടുവിട്ടിട്ടുപോലുമുണ്ട്. കാൽക്കാശിന് വകയില്ലാത്തവർ എന്ന ധാരണയിൽനിന്ന് മാറി ജീവിച്ചിരിക്കുന്ന കാലത്തോളം വരുമാനമുള്ളവരായി വയോധികർ മാറുന്ന കാലം. അങ്ങനെയൊരു സുവർണ്ണകാലം വരാനുള്ള നീക്കത്തിനും തുടക്കം കേരളത്തിൽനിന്ന് തന്നെ.

ചരിത്രം ഇങ്ങനെയാണ്

ആരുടെയും ആഹ്വാനമില്ലാതെ ജനം സ്വയം ഏറ്റെടുത്ത് ഉണ്ടായ പ്രസ്ഥാനമാണ് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ്. ജോലിയിൽ നിന്നും വിരമിച്ച ശേഷം വെറുതെയിരിക്കുന്നവർക്ക് ശമ്പളത്തിന് ആനുപാതികമായി അന്യായമായ പെൻഷൻ നൽകുന്നത് ശരിയല്ല എന്നു ചിന്തിച്ച് ബിബിൻ പി. ചാക്കോ തുടങ്ങിയ വാട്സാപ്പ് കൂട്ടായ്മായണ് ഈ രീതിയിൽ പടർന്ന് പന്തലിച്ചത്. 2018 സെപ്റ്റംബർ 11 നു 'അന്യായമായ പെൻഷൻ നിറുത്തലാക്കൂ' എന്ന മുദ്രാവാക്യവുമായി അദ്ദേഹം ഉണ്ടാക്കിയ വാട്സ്ആപ് കൂട്ടായ്മയിൽ സമാന ചിന്താഗതിക്കാരായിരുന്ന ബ്രിബിൻ പി. ചാക്കോയും, വിനോദ് കെ. ജോസും, ബിജു എം. ജോസഫും എത്തിയതോടെയാണ് കാര്യങ്ങൾ വളരെ പെട്ടെന്ന് നീങ്ങാൻ തുടങ്ങിയത്.

2019 ജൂലൈ 31-നു ബിജു എം . ജോസഫ് സംഘടനക്കുവേണ്ടി One INDIA One Pension എന്ന പേരിൽ ഫേസ്‌ബുക്ക് പേജ് ആരംഭിച്ചു. അതോടെ ഈ ഗ്രൂപ്പിലേക്ക് ആയിരങ്ങളാണ് എത്തിയത്. പേരന്റ് ഗ്രൂപ്പിൽ നിന്നും ആശയത്തോട് താത്പ്പര്യമുണ്ടായിരുന്ന വ്യക്തികളെ 14 ജില്ലാ ഗ്രൂപ്പ് ലിങ്കുകൾ വഴി ജോയിൻ ചെയ്യിപ്പിച്ചു. നിരന്തരമായ ചർച്ചകൾക്കൊടുവിൽ 60 വയസ്സ് പൂർത്തിയായ എല്ലാ ഭാരതീയർക്കും - ജാതി, മത, വർഗ്ഗ, വർണ്ണ, ലിംഗ, രാഷ്ട്രീയ, തൊഴിൽ, വിദ്യാഭ്യാസ വ്യത്യാസമില്ലാതെ പ്രതിമാസം കുറഞ്ഞത് 10000 രൂപ പെൻഷൻ അനുവദിക്കണം എന്ന ആവശ്യമുന്നയിച്ച്, പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ തീരുമാനിച്ചു. ഫൗണ്ടേഴ്സ് മൂന്നു പേരുടേയും നേതൃത്വത്തിൽ നിരന്തരമായ പ്രവർത്തനഫലമായി  വളർച്ച പ്രാപിക്കുവാൻ തുടങ്ങി. 2019 സെപ്റ്റംബർ 25 നു ബിനു ജോസ് സംഘടനക്കുവേണ്ടി » oiop.in എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചു. 2020 ഫെബ്രുവരി 5 നു രഞ്ജിത്ത് എ. ആർ . സംഘടനക്കുവേണ്ടി  യു ട്യൂബ് ചാനൽ ആരംഭിച്ചു .

14 ജില്ലയിലും 2020 ഏപ്രിൽ ഒന്നിന് ജില്ലാ കോഓർഡിനേഷൻ കൺവീനർമാർ ചുമതയേറ്റു. അവരുടെ നേതൃത്വത്തിൽ സംഘടനയുടെ പ്രവർത്തനം  വാർഡ് തലം വരെ എത്തിച്ചു. രണ്ടായിരത്തോളം ഗ്രാമസഭകളിൽ സംഘടനയുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുവാനും, 60 വയസ്സു തികഞ്ഞ എല്ലാവർക്കും 10,000 രൂപാ കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചുപാസാക്കുവാനും സാധിച്ചു.സംസ്ഥാനത്തെ എല്ലാ ഗ്രാമസഭകളിലും ഇത് പാസ്സായാൽ സർക്കാർ നടപ്പാക്കാൻ ബാധ്യസ്ഥമാകും. ജനങ്ങൾ ഒരു പ്രശനം ഏറ്റെടുത്തു കഴിഞ്ഞാൽ രാഷ്ട്രീയ പാർട്ടികൾ അത് നടത്താൻ സമ്മർദത്തിലാവും. ആ രീതിയിലുള്ള ജനകീയ കാമ്പയിനാണ് സംഘടന ഇപ്പോൾ നടത്തുന്നത്. എന്നാൽ മുഖ്യധാരാ രാഷ്ടീയ പാർട്ടികൾ ഈ ആവശ്യത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാത്രമല്ല ചില ഇടതുബുദ്ധിജീവികൾ ഈ കാമ്പയിനെ അരാഷ്ട്രീയവത്ക്കരണത്തിന് ആക്കം കൂട്ടുന്നതായാണ് കാണുന്നത്.

രൂക്ഷവിമർശനവുമായി ഇടതുബുദ്ധിജീവി

'വൺ ഇന്ത്യ വൺ പെൻഷൻ' ഗ്രൂപ്പ് ഉയർത്തുന്ന ആശയങ്ങളോട് രാഷ്ട്രീയ പാർട്ടികൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും സിപിഎം ബുദ്ധിജീവിയും എഴുത്തുകാരനുമായ കെ ടി കുഞ്ഞിക്കണ്ണൻ ഈ സംഘടനക്ക് എതിരെ എഴുതിയ ലേഖനം ഇപ്പോൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുഞ്ഞിക്കണ്ണന്റെ ലേഖനത്തിന്റെ ലേഖനത്തിന്റെ പ്രസ്‌ക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.

'വൺ ഇന്ത്യ വൺ പെൻഷൻ എന്ന പേരിൽ ഒരു വാട്സ് ആപ് 'പ്രസ്ഥാനം ' സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കുറിപ്പുകൾ വായിച്ചപ്പോൾ അതൊരു അരാഷ്ട്രീയ എൻജിഒ ഗ്രൂപ്പാണെന്ന് തോന്നി. അങ്ങനെ തന്നെകരുതേണ്ടിയിരിക്കുന്നു..സംഘടിത ഇടതുപക്ഷ രാഷ്ടീയത്തിലും തൊഴിലാളി കർഷക പ്രസ്ഥാനങ്ങളിലും വിള്ളലുകൾ സൃഷ്ടിക്ക്കുകയും നിയോലിബറൽ പരിഷ്‌ക്കരണങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികൾക്കും ജീവിത ദുരിതങ്ങൾക്കുമെതിരായ ബഹുജനസമരങ്ങളെ വഴി തിരിച്ചുവിടുകയുമെന്നതാവാം ഇത്തരം വാമനസംഘങ്ങളുടെ ലക്ഷ്യം. വസ്തുതാവിരുദ്ധവും അങ്ങേയറ്റം പ്രതിലോമപരവുമായ ആശയങ്ങളാണവർ വാട്സ് അപ് വിജ്ഞാപനങ്ങളായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്

കോവിഡു ദുരിതാശ്വാസ ഫണ്ടിലേക്ക് സർക്കാർ ജീവനക്കാരുടെ ശബളം താൽക്കാലികമായി പിടിക്കാനുള്ള സർക്കാർ ഉത്തരവ് കത്തിച്ച ചില വലതുപക്ഷ സർവീസ് സംഘടനാ പ്രവർത്തകരുടെ സാമൂഹ്യവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധമുയരുന്നതിനിടയിലാണ്, അതിനെ അവസരമാക്കി ഈ അരാഷ്ട്രീയ എൻജിഒ സംഘം കലക്കു വെള്ളത്തിൽ മീൻ പിടിക്കാനിറങ്ങിയിരിക്കുന്നത്. സർക്കാർ ശബളവും പെൻഷനുമൊക്കെ പറ്റുന്ന ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവരുമാണ് നാട് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കും മാന്ദ്യത്തിനും കാരണമെന്ന ചപ്പാടച്ചി ന്യായങ്ങളുമായിട്ടാണ് ഈ അരാഷ്ട്രീയ മന്ദബുദ്ധികൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉത്സാഹഭരിതരായിരിക്കുന്നത്. കൊറോണക്കാലത്തെ ദുരിതങ്ങളെയും ജനങ്ങളുടെ അരക്ഷിതാവസ്ഥയെയും അവസരമാക്കി, പണിയെടുക്കുന്നവർക്കെതിരായ മുരത്ത വലതുപക്ഷ സിദ്ധാന്തങ്ങൾക്ക് സമ്മതി നിർമ്മിച്ചെടുക്കാനാണ് ഇക്കൂട്ടർ നോക്കുന്നത്.

അവർ ഓൺലൈനിൽ തള്ളുന്ന കുറിയോലകളിൽ കേന്ദ്ര സർക്കാറിനെതിരായി ഒരു വിമർശനവും അറിയാതെ പോലും വന്നു പോവില്ല. അത്രയും സൂക്ഷ്മതയും രാഷ്ട്രീയ ജാഗ്രതയുമാണ് ഇവർക്കെന്നത് ഇവരുടെ നിഷ്‌ക്ഷ സ്വതന്ത്ര നാട്യങ്ങളിൽ പുതപ്പിച്ചുവെച്ച യഥാർത്ഥ രാഷ്ടീയത്തെയാണ് അനാവരണം ചെയ്തു തരുന്നത്!അവരെതിർക്കുന്ന രാഷ്ട്രീയം തൊഴിലാളികളുടെയും കർഷകരുടെയും അവകാശപോരാട്ടങ്ങളുടെ രാഷ്ട്രീയത്തെയാണെന്നതാണ് വസ്തുത. കൂലി കൂടതലിനെയും പെൻഷനെയുമെല്ലാമാണ് അവർ നാടിന്റെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. സാർവത്രിക പെൻഷൻ എന്നെല്ലാം പറഞ്ഞു് ആരോഗ്യമുള്ള ആയുസ്സു മുഴുവൻ പണിയെടുത്തവരുടെ സർവീസ് പെൻഷൻ എടുത്തുകളയണമെന്നു് വാദിക്കുകയാണവർ.

ഞങ്ങളൊരു മഹാ പ്രസ്ഥാനമാണെന്നും രാജ്യമിന്ന് നേരിടുന്ന സാമ്പത്തീക മാന്ദ്യത്തിന് പരിഹാരമുണ്ടാക്കാനുള്ള പുതിയ ആശയങ്ങൾ കണ്ടുപിടിച്ച രണ്ടു് മൂന്നു വാട്സ് അപ് ബുദ്ധിജീവികളുടെ നേതൃത്വമാണ് തങ്ങളുടേതെന്നൊക്കെയാണ് അവകാശപ്പെടുന്നത് അല്ലെങ്കിൽ അടിച്ചുവീശുന്നത്. ജീവനക്കാർക്ക് നൽകുന്ന പെൻഷൻ നിർത്തലാക്കണമെന്നും സാർവത്രിക പെൻഷൻ നടപ്പിലാക്കണമെന്നുമുള്ളതാണ് ഈ അരാഷ്ട്രീയ സംഘത്തിന്റെ മുഖ്യ മുദ്രാവാക്യം. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യ കാരണം റവന്യൂ വരുമാനത്തിന്റെ 60% ഓളം ശംബളവും പെൻഷനുമായി നൽകുന്നതാണെന്നന്നും സർക്കാർ സേവനത്തിൽ നിന്നും പിരിയുന്നവർക്കുള്ള സർവീസ് പെൻഷൻ നിർത്തിയാൽ കേരളത്തിലെ മുഴുവൻ 60 വയസു കഴിഞ്ഞവർക്കും 10,000 രൂപ വെച്ച് പ്രതിമാസ പെൻഷൻ നൽകാനാവുമെന്നൊക്കെയുള്ള ലളിത യുക്തിയിൽ നിന്നുള്ള മധുരമനോജ്ഞമായ വിശദീകരണമാണ് ഈ അരാഷ്ട്രീയ സംഘം വെച്ചു കാച്ചുന്നത്. കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖല ഉൾപ്പെടെ 122 ഓളം ജനോപകാരപ്രദമായ സേവന സംവിധാനങ്ങളാണ് നമ്മുടെ സിവിൽ സർവീസ് ... അതിന് പല ദൗർബല്യങ്ങളും പരിമിതിയും ഉണ്ടാകാമെങ്കിലും നമ്മുടെ ക്ഷേമരാഷ്ട്ര ഘടനയുടെ അടിസ്ഥാനമാണത്.

നമ്മുടെ നാട് നേരിടുന്ന പ്രതിസന്ധിക്ക് കാരണം സിവിൽ സർവീസോ ജീവനക്കാരോ അല്ല.ആധുനിക ക്ഷേമരാഷ്ട്ര ഘടനയുമായി ബന്ധപ്പെട്ടാണ് കേരളം പോലൊരു സമൂഹത്തിൽ ഇന്നത്തേതുപോലൊരു സിവിൽ സർവീസ് സംവിധാനം വികസിച്ചു വന്നത്. അവർക്ക് നൽകുന്ന ശമ്പളമോ വിരമിച്ചവർക്ക് നൽകേണ്ടി വരുന്ന പെൻഷനോ അല്ല കേരളത്തിന്റെ വിഖ്യാതമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കേന്ദ്ര നയങ്ങളാണ്. കേരളത്തിന്റെ നികുതി വരുമാനം ജി എസ് ടി വഴി നഷ്ടമായി. നഷ്ടപരിഹാര തുകയുടെ കുടിശ്ശിക തരുന്നില്ല. ഗ്രാന്റുകൾ നൽകുന്നില്ല. വായ്പാ പരിധി ഉയർത്തി തരുന്നില്ല. പ്രളയകാലത്തെന്ന പോലെ കോവിഡു പ്രതിരോധത്തിനും കേന്ദ്ര ദുരിതാശ്വാസ സഹായമായി നാമമാത്രമായ തുക മാത്രമാണ് അലോട്ട് ചെയ്തത്. കോർപ്പറേറ്റു അനുകൂലവും ജനങ്ങൾക്കും ഫെഡറൽ തത്വങ്ങ ൾക്കുമെതിരായ സാമ്പത്തിക നയങ്ങളാണ് പ്രതിസന്ധിയുടെ കാരണം ...സർക്കാർ ജീവനക്കാരെന്ന പോലെ എല്ലാ വിഭാഗം പണിയെടുക്കുന്ന വിഭാഗങ്ങളുടെയും സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താനും പെൻഷൻ പദ്ധതികൾ സാർവത്രികമാക്കുന്നതിനും (കേരളത്തിൽ 60 വയസിന് മുകളിലുള്ള എല്ലാവർക്കും പെൻഷനുണ്ടു്.) ശ്രമിക്കുന്നതിനു പകരം ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകൂല്യങ്ങൾ പിടിച്ചു പറിച്ചില്ലാതാക്കുന്ന രാഷ്ട്രീയം മൂലധനശക്തികളുടെ വിടുവേലയുടേതു മാത്രമാണ്. - കുഞ്ഞിക്കണ്ണൻ വ്യക്താമാക്കുന്നു.

പന്ത് രാഷ്ട്രീയ പാർട്ടികളുടെ കോർട്ടിൽ

കുഞ്ഞിക്കണ്ണൻ ഇങ്ങനെയൊക്കെ അധിക്ഷേപിക്കുന്നുണ്ടെങ്കിലും സിപിഎം പ്രവർത്തകർ അടക്കമുള്ള നിരവധിപേർ ഈ സംഘടനയിൽ അംഗങ്ങളാണ്. ഇത് കുഞ്ഞിക്കണ്ണന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും പാർട്ടി ഇക്കാര്യത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നുമാണ് അവർ പറയുന്നത്. എന്തായാലും കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തിൽ ശക്തമായ ഒരു ചർച്ച ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് കഴിഞ്ഞുവെന്ന് വ്യക്തം. എഴുത്തകാരനും സാമൂഹിക പ്രവർത്തകനുമായ ഡോ എം എൻ കാരശ്ശേരിയൊക്കെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. 'രാജ്യത്തെ മുഴുവൻ പേർക്കും പതിനായിരം രൂപ വീതം പെൻഷൻ കൊടുക്കാൻ കഴിയുക എന്നത് വലിയ വിപ്ലവം തന്നെയായിരിക്കും. ഞാൻ അതിനെ പിന്തുണക്കുന്നു. അതിന് സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടാകാം. പക്ഷേ ഈ ആവശ്യം ജനുവിനാണ്'- അദ്ദേഹം പറയുന്നു.

ബുദ്ധിജീവികളുടെ എതിർപ്പല്ല, ഒരുകാര്യം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞാൽ പിന്നെ രാഷ്ട്രീയ പാർട്ടികൾക്ക് അതിൽനിന്ന് പിന്മാറാൻ പ്രയാസമാണ്. അതുകൊണ്ടുതന്നെ അപാരമായ ഇഛാശക്തിയുള്ള മുഖ്യമന്ത്രി പിണറായി വിജയനെതന്നെയാണ് ഈ സംഘടനയിലെ പലരും പ്രതീക്ഷയോടെ കാണുന്നത്. ഗെയിൽ പദ്ധയിയടക്കം മുൻകാലത്ത് സിപിഎം എതിർത്ത പലകാര്യങ്ങളും ഇപ്പോൾ കേരളത്തിൽ പിണറായി നടപ്പാക്കുന്നുണ്ട്.  സംഘടിതരും
സുശക്തരുമായ സർവീസ് സംഘടനകളുടെ എതിർപ്പ് മറികടന്ന് ഇക്കാര്യം നടപ്പാക്കാനായാൽ, മരിക്കുംവരെ പിണറായി തന്നെ ആയിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

അതുപോലെ തന്നെ കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫിനോ ബിജെപിക്കോ ഏറ്റെടുക്കാവുന്നതേയുള്ളൂ ഈ കാമ്പയിൻ. ജനം ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട വിഷയം അടുത്ത തവണ ഇലക്ഷൻ അജണ്ടയാവുമെന്ന് ഉറപ്പാണ്. ഈ ആശയത്തെ ആര് പിന്തുണക്കുന്നോ അവർക്കായിരിക്കും എന്റെ വോട്ട് എന്ന് 'വൺ ഇന്ത്യ വൺ പെൻഷൻ' ഗ്രൂപ്പിലെ പലരും പരസ്യമായി പ്രതികരിച്ചിട്ടുമുണ്ട്.

സംഭവം നല്ലതാണ് പക്ഷേ പ്രായോഗികമാവില്ല എന്ന് പറയുന്നവരോട്, 'വൺ ഇന്ത്യ വൺ പെൻഷൻ' ഗ്രൂപ്പിന്റെ പ്രവർത്തകർക്ക് ഒന്നേ പറയാനുള്ളൂ. ഡൽഹിയിലെ ബസുകളിൽ വനിതകൾക്ക് സൗജന്യയാത്ര നടപ്പായില്ലേ. പാവപ്പെട്ടവർക്ക് വൈദ്യുതിയും വെള്ളവും സൗജന്യമാക്കിയിട്ടും ഡൽഹിയിലെ ആ ആദ്മി സർക്കാർ തകർന്നുപോയോ.

അതുപോലെ ഇഛാശക്തിയുള്ള ഒരു ഭരണത്തിനായി നമുക്കും കാത്തിരിക്കാം. 60 വയസുള്ള മുഴുവൻ ഇന്ത്യാക്കാരും പതിനായിരം രൂപ വീതം പെൻഷൻ കിട്ടുന്ന കാലത്തിനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP