Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

കുടിക്കുക 66 ലക്ഷത്തിന്റെ കുപ്പിവെള്ളവും കൈയിൽ 315 കോടിയുടെ ഐഫോണുമെന്നും കുപ്രചാരണം; ലോകത്തെ പത്താമത്തെ വലിയ ധനികന്റെ ഭാര്യ; ശ്രദ്ധ സാമൂഹിക പ്രവർത്തനങ്ങളിൽ; നഴ്‌സറി ടീച്ചറിൽനിന്ന് ശതകോടീശ്വരിയിലേക്ക്; ബൂർഷ്വാ നിയോലിബറൽ ചൂഷകയല്ല; തികഞ്ഞ മനുഷ്യസ്‌നേഹി; നിതാ അംബാനിയുടെ കഥ!

കുടിക്കുക 66 ലക്ഷത്തിന്റെ കുപ്പിവെള്ളവും കൈയിൽ 315 കോടിയുടെ ഐഫോണുമെന്നും കുപ്രചാരണം; ലോകത്തെ പത്താമത്തെ വലിയ ധനികന്റെ ഭാര്യ; ശ്രദ്ധ സാമൂഹിക പ്രവർത്തനങ്ങളിൽ; നഴ്‌സറി ടീച്ചറിൽനിന്ന് ശതകോടീശ്വരിയിലേക്ക്; ബൂർഷ്വാ നിയോലിബറൽ ചൂഷകയല്ല; തികഞ്ഞ മനുഷ്യസ്‌നേഹി; നിതാ അംബാനിയുടെ കഥ!

എം റിജു

പിഎൽ മത്സരങ്ങളിൽ റിലയൻസ് സ്പോൺസർ ചെയ്യുന്ന ടീം വിജയം നേടുമ്പോൾ, കളിക്കാരെ വിട്ട് ക്യാമറ ഫോക്കസ് ചെയ്തിരുന്നത്, സിനിമാ നടിമാരെ തോൽപ്പിക്കുന്ന ആ സുന്ദരിയിലേക്കായിരുന്നു. അവരുടെ ചിരിയും കൈയടിയും കെട്ടിപ്പിടുത്തവുമൊക്കെ ക്യാമറകൾ ആഘോഷിച്ച കാലം. അതാണ് നിതാ അംബാനി. ഇന്ത്യയിലെ ഏറ്റവും വലുതും, ലോകത്തിലെ പത്താമത്തെ വലിയ ധനികനുമായ മുകേഷ് അംബാനിയുടെ ഭാര്യ. കോടികളുടെ സ്വത്തിന്റെ വറ്റുകുത്തലിൽ ക്രിക്കറ്റും സിനിമയുമായി ജീവിതം അടിച്ചുപൊളിച്ച് ആഘോഷിക്കുന്ന വ്യക്തിയാണ് അവർ എന്നാണ് ഒറ്റനോട്ടത്തിൽ തോന്നുക. ( നമ്മുടെ പതിവ് മാർക്സിസ്റ്റ് പദാവലികൾ ഉപയോഗിച്ചാൽ ഒരു കുത്തക ബൂർഷ്വാ നിയോലിബറൽ ചൂഷകയെന്നോക്കെ വിശേഷിപ്പിക്കാം! ) പക്ഷേ യാഥാർഥ്യം അതൊന്നുമല്ല. ഇന്ന് ഇന്ത്യയിൽ എറ്റവും കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളുടെ ലിസ്റ്റ് എടുത്താൽ ആദ്യ പത്തിൽ വരുന്നത് നിതാ അംബാനി ആയിരിക്കും.

റിയലൻസ് ഗ്രൂപ്പിന്റെ മാനുഷിക മുഖമാണ് ഇന്ന് അവർ. ഒരിക്കൽ രത്തൻ ടാറ്റയോട് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചിരുന്നു. ''ടാറ്റ ഗ്രൂപ്പ് ഇവിടെ നൂറ്റാണ്ടിലേറെയായി ബിസിനസ് നടത്തുന്നു. പക്ഷേ റിലയൻസിന്റെ വളർച്ച പെട്ടന്നാണെല്ലോ''. ടാറ്റയുടെ മറുപടി വലിയ തലക്കെട്ടായിരുന്നു. 'ഞങ്ങൾ വെറും ലാഭം മാത്രം ലക്ഷ്യമിട്ടല്ല പ്രവർത്തിക്കുന്നത്. ഇന്ത്യയെ പുനർനിർമ്മിക്കുക, എന്ന ഭാരിച്ച ഉത്തരവാദിത്വവും ഞങ്ങൾക്കുണ്ട്.'- അന്ന് അംബാനി ഗ്രൂപ്പ് കാര്യമായ സാമൂഹിക ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തിട്ടുമുണ്ടായിരുന്നില്ല. പക്ഷേ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ചരിത്രം മാറ്റിമറിച്ചു. റിലയൻസിനെ സാമൂഹിക സേവന മേഖലകളിലേക്ക് തിരിച്ചുവിട്ടു. 2010 ൽ റിലയൻസ് ഫൗണ്ടേഷൻ സ്ഥാപിച്ചു കൊണ്ടാണ് നിത അംബാനി ശക്തമായി രംഗത്തെത്തുന്നത്. റിലയൻസിന്റെ സി.എസ് ആർ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന ലക്ഷ്യവുമായാണ് ഇതിന്റെ തുടക്കം. അത് ശതകോടികളുടെ സാമൂഹിക പ്രവർത്തനമായി മാറി.

ഫാർച്യൂൺ ഇന്ത്യ ലിസ്റ്റിൽ ഇന്ത്യയിലെ ഏറ്റവും ശക്തയായ രണ്ടാമത്തെ വനിതയായി നിത അംബാനിയെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് സാഹചര്യങ്ങൾ ഇന്ത്യയിലുണ്ടാക്കാൻ പോകുന്ന ദൂരവ്യാപക ഫലങ്ങൾ അവർ മുൻകൂട്ടി കണ്ട് നടപ്പാക്കിയ പദ്ധതികളാണ് ഇന്ത്യയിലെ ഏറ്റവും ശക്തയായ രണ്ടാമത്തെ വനിതയെന്ന പദവി അവർക്ക് ലഭിക്കാൻ കാരണമായത്. ബിൽഗേറ്റ്സിന്റെ ഭാര്യ മെലൻഡ ഗേറ്റ്സും, ക്ലിന്റന്റെ പങ്കാളി ഹിലറി ക്ലിന്റനുമൊക്കെ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളോടാണ് വിദേശമാധ്യമങ്ങൾ നിതയുടെ പ്രവർത്തനത്തെ താരതമ്യപ്പെടുത്തുന്നത്.

'നിങ്ങൾ അംബാനിയാണെങ്കിൽ ഞാൻ എലിസബത്ത് ടെയിലർ'

നീത ദലാൽ മുകേഷ് അംബാനി എന്ന ഇന്നത്തെ കോടീശ്വരി, 1963 ൽ നവംബർ 1ന് മുംബൈയിൽ മധ്യവർഗ ഗുജറാത്തി കുടുംബത്തിലാണ് ജനിച്ചത്. രവീന്ദ്രഭായ് ദലാൽലും പൂർണ്ണിമ ദലാൽലും ആണ് മാതാപിതാക്കൾ.

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയാണെങ്കിലും ചെറുപ്പം മുതലേ നൃത്തത്തിലായിരുന്നു താൽപര്യം. അങ്ങനെ ഭരതനാട്യത്തിൽ അറിയപ്പെടുന്ന നർത്തകിയായി. ഒരു ദിവസം നിതയുടെ ഡാൻസ് പ്രോഗ്രാം കാണാൻ ധിരുഭായ് അംബാനിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന് നിതയെ നല്ല ഇഷ്ടമായി. മൂത്ത മകൻ മുകേഷിന് ഈ കുട്ടി നന്നായി ചേരും എന്ന തോന്നൽ. അങ്ങനെ അദ്ദേഹം നിതയെ ഫോൺനമ്പർ സംഘടിപ്പിച്ച് വിളിച്ചു. പക്ഷേ ആരോ തന്നെ കളിപ്പിക്കയാണെന്നാണ് നിതക്ക് അപ്പോൾ തോന്നിയത്.

'നിങ്ങൾ ധീരുഭായ് അംബാനിയാണെങ്കിൽ, ഞാൻ എലിസബത്ത് ടെയ്‌ലറാണ്' എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. എന്നാൽ പിന്നീടും അദ്ദേഹം നിതയെ വിളിച്ചു, അവസാനം ധീരുഭായ് അംബാനിയുടെ ഓഫീസിൽ വച്ച് അവർ കണ്ടുമുട്ടി. തന്റെ മൂത്തമകൻ മുകേഷ് അംബാനിയെ കാണാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാണ് അദ്ദേഹം നിതയോട് ചോദിച്ചത്. അപ്പോഴാണ് അവൾക്ക് ഇത് സീരിയസ് ആണെന്ന് മനസ്സിലായത്.

വീട്ടിൽ വന്ന് ഭാര്യ കോകിലാ ബെന്നിനോട് ധീരുഭായ് നടന്ന കാര്യം പറഞ്ഞു. അവർ ചിരിച്ചു. അങ്ങനെ രണ്ടു പേരും കൂടി നിതയുടെ വീട്ടിലെത്തി. ഗുജറാത്തിൽ നിന്നുവന്ന ഒരു ഇടത്തരം കുടുംബമാണ് നിതയുടേത്. അവർ ഈ ആലോചന കേട്ട് ഞെട്ടിപ്പോയി. നിത ഒറ്റ കണ്ടീഷൻ മാത്രം വച്ചു. കല്യാണം കഴിഞ്ഞാലും ജോലിക്കു പോകണം. ധീരുഭായ് അംബാനിയും കോകിലാ ബെന്നും എതിരൊന്നും പറഞ്ഞുമില്ല.

മുകേഷ് അംബാനിയും നിത ദലാലും 1985 മാർച്ച് 7നാണ് വിവാഹിതരായത്. വിവാഹത്തിന് മുമ്പ് പ്രണയിക്കാൻ വെറും മൂന്നാഴ്ച മാത്രമാണ് കിട്ടിയതെന്ന് നിത പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞു. മുംബൈ പെദ്ദാർ റോഡിലൂടെയുള്ള ഒരു യാത്രക്കിടെ മുകേഷ് അംബാനി തന്റെ കാർ നിർത്തി നിത ദലാലിനോട് വിവാഹാഭ്യർത്ഥന നടത്തി. പരമ്പരാഗത ഗുജറാത്തി രീതിയിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. വെള്ളയും ചുവപ്പും നിറത്തിലുള്ള സിൽക്ക് സാരിയായിരുന്നു നിത അംബാനിയുടെ വിവാഹ വസ്ത്രം. കുർത്ത, പൈജാമ, തലപ്പാവ് എന്നിവ ധരിച്ച് തനി ഗുജറാത്തി വരനായാണ് മുകേഷ് എത്തിയത്. വിവാഹ സമയത്ത് നിതയ്ക്ക് 22 വയസ്സും മുകേഷിന് 28 വയസ്സുമായിരുന്നു പ്രായം.

കല്യാണം കഴിഞ്ഞ് ഒരു വർഷമാകുമ്പോഴേക്കും ഒരു നഴ്സറി സ്‌കൂളിൽ ടീച്ചറായി നിത ജോലിക്കു കയറി. 800 രൂപയായിരുന്നു ശമ്പളം. അതിൽനിന്ന് ഒരു രൂപ പോലും എടുക്കാതെ മുഴുവനും മുകേഷിനെ ഏൽപിക്കും. രസകരമായിരുന്നു അന്നത്തെ ദിനങ്ങൾ എന്നാണ് ഒരു ബിസിനസ് മാഗസിന് നൽകിയ അഭിമുഖത്തിൽ നിത ഓർക്കുന്നത്.

സഹായിക്കുന്നത് നാലരക്കോടി ജനങ്ങളെ

പക്ഷേ വൈകാതെ തന്നെ നിത ബിസിനസ് രംഗത്തേക്കും തിരിഞ്ഞു. കാര്യങ്ങൾ നന്നായി പഠിക്കാനും പെട്ടന്ന് തീരുമാനമെടുക്കാനുമുള്ള അവളുടെ കഴിവ്, വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവക്കാരനായ ധീരുബായിക്കും ഏറെ ഇഷ്ടമായിരുന്നു. 2002ൽ ധീരുബായിയുടെ മരണത്തെ തുടർന്ന് അവർ ഭർത്താവിനൊപ്പം ബിസിനസിൽ സജീവമായി.

2010 ൽ റിലയൻസ് ഫൗണ്ടേഷൻ സ്ഥാപിച്ചു കൊണ്ടാണ് നിത അംബാനി ശക്തമായ സാന്നിധ്യമാവുന്നത്. റിലയൻസിന്റെ സി.എസ് ആർ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന ലക്ഷ്യവുമായാണ് ഇതിന്റെ തുടക്കം. ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്‌ക്കൂൾ തുടങ്ങി അതിനെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂൾ ആക്കി മാറ്റിയതിന്റെ പിന്നിലെ കഴിവും നിതയുടേത് ആണ്. ക്രിക്കറ്റിലും ഫുട്ബോളിലുമെല്ലാം നിത മികച്ച സംരംഭകയാണ് എന്ന് തെളിയിക്കുന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രീമിയർ ലീഗ് മുംബൈ ലീഗിന്റേയും ഫുട്ബോൾ സ്പോർട്സ് ലിമിറ്റഡിന്റെ കീഴിലെ ഇന്ത്യാ സൂപ്പർ ലീഗിന്റേയും വിജയം.

വിപണി മൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോർഡ് അംഗം, ഒബറോയ് ഗ്രൂപ്പിന്റെ ഹോട്ടൽ ശൃംഖലയിലെ ബോർഡ് അംഗം എന്നു തുടങ്ങിയുള്ള ബിസിനസ് ഇടങ്ങളിൽ തന്റെ ശക്തമായ സാന്നിധ്യം അവർ തെളിയിച്ചു കഴിഞ്ഞു. അപ്പോഴും പാവങ്ങളെ അവർ മറക്കുന്നില്ല. നാലരക്കോടി ആളുകൾക്കാണ് നിതയുടെ സഹായം റിലയൻസ് ഫൗണ്ടേഷൻ വഴി കിട്ടുന്നത്. സ്പോർട്സിലും ക്രിക്കറ്റിലും താൽപര്യമുണ്ടായിട്ടും ദാരിദ്ര്യം കൊണ്ട് പിന്തള്ളപ്പെട്ടു പോയ ഒരു ലക്ഷം കുട്ടികൾക്ക് വേണ്ട പരിശീലനവും സഹായങ്ങളും ഇവർ നൽകുന്നുണ്ട്. ടാറ്റയെപ്പോലെ സാമൂഹിക പ്രതിബദ്ധ ഉള്ളവർ അല്ല,അംബാനിമാർ എന്ന ആരോപണം മായ്ച്ചുകളയാനും നിതക്ക് കഴിഞ്ഞു.

പേരെടുത്തത് കോവിഡ് കാലത്തെ പ്രവർത്തനം വഴി

കോവിഡ്കാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വഴിയാണ് നിത വലിയ രീതിയിൽ പ്രശംസ പിടിച്ചുപറ്റിയത്. മുംബൈ കോർപറേഷനുമായി സഹകരിച്ച് സൗജന്യ ചികിൽസക്കായി ഇന്ത്യയിലെ ആദ്യത്തെ കോവിഡ് സ്പെഷൽറ്റി ഹോസ്പിറ്റൽ സ്ഥാപിക്കുകയാണ് ആദ്യം തന്നെ അവർ ചെയ്തത്. ആദ്യം 250 ബെഡ് പിന്നീടത് 2000 ബെഡ്ഡാക്കി ഉയർത്തി.

പ്രതിദിനം 15000 കോവിഡ് ടെസ്റ്റുകൾ ചെയ്യാൻ പറ്റുന്ന ലാബും സ്ഥാപിച്ചു. റിലയൻസിന്റെ ജം നഗർ കോംപ്ലക്സിനെ ഒരു ലക്ഷം പിപിഇ കിറ്റുകളും മാസ്‌ക്കുകളും മെഡിക്കൽ ഗ്രേഡ് ഓക്സിജനും ഉൽപാദിപ്പിക്കാനുള്ള കേന്ദ്രമാക്കി മാറ്റി. ജിയോ ഹെൽത്ത് ക്ലബ് എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിച്ച് 25 ലക്ഷം പേർക്ക് സൗജന്യ വാക്സിനേഷൻ നൽകി. എട്ടര കോടി പേർക്കാണ് സൗജന്യ ഭക്ഷണമൊരുക്കിയത്. മൃഗങ്ങളെയും മറന്നില്ല അവർ. മൃഗ സംരക്ഷണത്തിന് 20 മൃഗ ആംബുലൻസുകൾ ഇറക്കി.

കഴിഞ്ഞ വനിതാ ദിനത്തിന് വനിതാ ദിനത്തിനു മുന്നോടിയായി സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. 'ഹെർ സർക്കിൾ' എന്ന പേരിലുള്ള ഈ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം സ്ത്രീ ശാക്തീകരണമാണ്.സ്ത്രീകൾക്ക് ആവശ്യമായ സകല വിവരങ്ങളും പങ്കുവയ്ക്കുന്ന ഹെർ സർക്കിൾ പ്ലാറ്റ്‌ഫോമിലേക്ക് രാജ്യത്തെ മുഴുവൻ വനിതകളെയും സ്വാഗതം ചെയ്യുന്നതായി നിത അംബാനി പറഞ്ഞു.

സ്ത്രീകളുടെ ജീവിതം, ആരോഗ്യം, സാമ്പത്തികം, തൊഴിൽ, വ്യക്തിത്വ വികസനം, സാമൂഹ്യ സേവനം, സൗന്ദര്യം, ഫാഷൻ, വിനോദം തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള വീഡിയോകൾ ഹെർ സർക്കിൾ ഗുണഭോക്താക്കൾക്ക് ലഭിക്കും. ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ധനകാര്യം, ജീവകാരുണ്യം, നേതൃപാടവം എന്നീ വിഷയങ്ങളിലുള്ള സംശയങ്ങൾക്ക് റിലയൻസിലെ വിദഗ്ദ്ധരുടെ മറുപടിയും ലഭിക്കും. നിലവിൽ ഇംഗ്ലീഷിലുള്ള വെബ്‌സൈറ്റിൽ വൈകാതെ പ്രാദേശിക ഭാഷകളിലുള്ള വീഡിയോകളും ലഭ്യമാകുമെന്നും ഇവർ അറിയിച്ചു.

അനിൽ അംബാനിയെയും രക്ഷിച്ചു

പിതാവിന്റെ മരണത്തോടെയുണ്ടാവുന്ന സ്വത്ത് തർക്കങ്ങൾ മിക്കവാറും, എല്ലാ ഇന്ത്യൻ കുടുംബങ്ങളിലും ഉണ്ടാവുന്നതാണ്. അവിടെയൊക്കെ കുടുംബം കലക്കികൾ ആവുന്നതിൽ മരുമക്കൾക്കും വലിയ പങ്കുണ്ടെന്നാണ് പൊതുവെയുള്ള വിമർശനം. എന്നാൽ നിത അംബാനി അവിടെയും മാതൃകയായി. മുകേഷിന്റെ അനിയൻ അനിൽ അംബാനി പാപ്പരായപ്പോൾ സഹായിക്കാനും, കുടുംബത്തിൽ ഐക്യം കൊണ്ടുവരുന്നതിനും എക്കാലവും ശ്രമിച്ചത് മൂത്ത മരുമകൾ തന്നെയാണ്. അനിൽ അംബാനിയെ ജയിലിൽനിന്ന് രക്ഷിച്ചതും സത്യത്തിൽ നിതയുടെ ഇടപെടൽ ആണെന്നാണ് മുംബൈ ബിസിനസ് പത്രങ്ങൾ പറയുന്നത്.

2002ൽ ധിരുഭായ് അംബാനിയുടെ മരണശേഷം റിലയൻസ് ഇൻഡസ്ട്രീസിൽ ജേഷ്ഠൻ മുകേഷ് ചെയർമാനും, അനിയൻ അനിൽ എംഡിയുമാകുന്നതോടെയാണ് തർക്കം രൂക്ഷമാവുന്നത്. ധിരുഭായ് വിൽപത്രം എഴുതിയിരുന്നില്ല. 2005ൽ ഇവർ തമ്മിലുള്ള തർക്കം പരിഹരിക്കുന്നു. അതോടെ മുകേഷിന് റിലയൻസ് ഇൻഡസ്ട്രീസും ഐപിസിഎൽ, അനിലിന് റിലയൻസ് ഇൻഫോകോം (പിന്നീട് കമ്മ്യൂണിക്കേഷൻസ് എന്ന പേരിൽ), എനർജി (പിന്നീട് ഇൻഫ്രാസ്ട്രക്ച്ചർ എന്ന പേരിൽ), ക്യാപിറ്റൽ എന്നിവയും സ്വന്തമായി.

2008 ൽ ഫോർബ്സ് പട്ടികയിൽ 43 ബില്യൺ ഡോളർ സമ്പത്തുമായി മുകേഷ് അംബാനി ലോകസമ്പന്നരിൽ അഞ്ചാമനായിരുന്നു. തൊട്ടുപുറകിൽ 42 ബില്യൺ ഡോളറുമായി അനിയൻ അനിൽ അംബാനി ആറാം സ്ഥാനത്തും. പക്ഷേ ഇപ്പോഴത്തെ കണക്ക് നോക്കുക. 2021ൽ 96 ബില്യൺ ഡോളർ സമ്പത്തുമായി മുകേഷ് ലോകസമ്പന്നരിൽ പത്താമനാണ്. അതേസമയം എല്ലാം നഷ്ടപ്പെട്ട് പാപ്പരായി കോടതി നടപടികൾ നേരിടുകയാണ് അനിൽ!

അൽപ്പം അന്തർമുഖനായ മുകേഷിനേക്കാൾ ധീരുഭായിക്ക് പ്രതീക്ഷ സ്മാർട്ടായ അനിലിൽ ആയിരുന്നു. അച്ഛന്റെ മരണ ശേഷം സ്വത്തുക്കൾ വീതിച്ചെടുക്കുന്നതിൽ പോലും കടുംപിടിത്തം അനിലിനായിരുന്നു. എംപിയാകാൻ രാഷ്ട്രീയക്കാർക്ക് കോടികൾ കൊടുത്തും ധൂർത്ത് കാട്ടിയുമെല്ലാം അനിൽ മാധ്യമങ്ങളുടെ തലക്കെട്ട് നേടി. അപ്പോഴെല്ലാം ചെറുപുഞ്ചിരിയോടെ ബിസിനസിൽ മാത്രമായിരുന്നു മുകേഷിന്റെ ശ്രദ്ധ. ഇവിടെയും മുകേഷിന് കരുത്തായത് നിത ആയിരുന്നു. പിഴക്കാത്ത ചുവടുമായി ഇന്ത്യയെ കൈപ്പിടിയിൽ ഒതുക്കി മുകേഷ് മുന്നേറി. എന്നാൽ കെടുകാര്യസ്ഥത അനിലിനെ തകർത്തു. അമ്മ കോകില ബെനും, നിതയും ഇരുവരെയും ഒന്നിപ്പിക്കാൻ പലതവണ ശ്രമിച്ചെങ്കിലും അനിൽ വഴങ്ങിയില്ല. ഇതോടെ അംബാനി കുടുംബം രണ്ടായി പിളർന്നു.

ഇതിനിടെയാണ് വിഖ്യാതമായ എറിക്സൻ കേസ് വരുന്നത്. 2013ലെ കരാർ അനുസരിച്ച് റിലയൻസ് കമ്യൂണിക്കേഷൻസ് എറിക്‌സനു നൽകാനുണ്ടായിരുന്ന 1600 കോടി രൂപയുമായി ബന്ധപ്പെട്ട കേസാണിത്. ഇതിൽ ബാക്കിയുണ്ടായിരുന്ന 458.77 കോടി രൂപ നാലാഴ്ചയ്ക്കുള്ളിൽ നൽകിയില്ലെങ്കിൽ അനിൽ അംബാനിയെയും ആർ. കോമിന്റെ യൂണിറ്റ് മാനേജർമാരായ ഛായ വിരാനി, സതീഷ് സേഥ് എന്നിവരെയും മൂന്നു മാസം ജയിലിലടയ്ക്കുമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ദീപാളിയായ അനിൽ ജയിലിൽ ആവുമെന്ന് ഉറപ്പായി. അപ്പോഴാണ് ചേട്ടന്റെ ഇടപെടൽ ഉണ്ടാവുന്നത്. പണം മുകേഷ് അടച്ചു. ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചതും നിത ആയിരുന്നു. മകൾ ഇഷ അംബാനിയുടെയും, മകൻ ആകാശ് അംബാനിയുടെയും വിവാഹച്ചടങ്ങിൽ സജീവമായിരുന്നു അനിലും കുടുംബവും. അപ്പോൾ മുതൽ നിതയാണ് ഈ ബന്ധം വെളക്കിച്ചേർത്തത്.

എറിക്‌സൺ കേസിൽ ആകെ 550 കോടിയുടെ കടമുണ്ടായിരുന്നത് അടച്ചു തീർത്തശേഷം അനിൽ ആദ്യം ചെയ്തതു നന്ദി പ്രസ്താവനയിറക്കുയായിരുന്നു. ഈ കുറിപ്പിൽ വനിതക്കും പ്രത്യേകം നന്ദി പറയുന്നുണ്ട്. 'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നതിനും തക്കസമയത്ത് സഹായിച്ചതിനും എന്റെ ജ്യേഷ്ഠസഹോദരൻ മുകേഷ് അംബാനിക്കും നിതയ്ക്കും ഹൃദയംകൊണ്ടു നന്ദി പറയുന്നു. പഴയതെല്ലാം മറന്നു മുന്നോട്ടുപോകുന്നതിന് ഞാനും എന്റെ കുടുംബവും കടപ്പെട്ടിരിക്കുന്നു. ഈ സഹായം ഞങ്ങളെ വല്ലാതെ സ്പർശിച്ചു'-ഇങ്ങനെയാണ് അനുജൻ എഴുതിയത്.

315 കോടിയുടെ ഐഫോണും, 66ലക്ഷത്തിന്റെ കുടിവെള്ളവും!

സൗന്ദര്യവും കഴിവുമുള്ള സെലിബ്രിറ്റി സ്ത്രീകളെപ്പറ്റി എന്നും വ്യാജ വാർത്ത ചമക്കാൻ മിടുക്കരാണ് ഇന്ത്യാക്കാർ. അങ്ങനെ സച്ചിൻ തൊട്ട് വിജയ് മല്യവരെയുള്ളവരെ നിതയുടെ കാമുകന്മാരാക്കി പാപ്പരാസികൾ ആഘോഷിച്ചു. വിജയ്മല്യയെ ചുംബിക്കാനൊരുങ്ങുന്ന നിതയുടെ ചിത്രം വരെ ചിലർ വ്യാജമായി ഉണ്ടാക്കി. എല്ലാ ആഡംബരങ്ങളുടെയും അവസാനവാക്ക് എന്ന നിലയിൽ പല വ്യാജ വാർത്തകളും നിതയുടെ പേരിൽ ഇറങ്ങി.

അവർ കുടിക്കുന്ന വെള്ളത്തിന് വില 66 ലക്ഷം രൂപ ആണെന്നായിരുന്നു അതിൽ ഒന്ന്. 24 കാരറ്റ് സ്വർണം പൂശിയ ചില്ലുകുപ്പിയുള്ള 66 ലക്ഷം രൂപ വരുന്ന വെള്ളമാണ് നിത അംബാനി കുടിക്കുന്നത് എന്നാണ് അവരുടെ മോർഫ് ചെയ്ത ചിത്രവുമായി ഒരു വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പക്ഷേ ചിത്രം വ്യാജമാണെങ്കിലും 66 ലക്ഷം രൂപവിലയുള്ള ഒരു കുപ്പിവെള്ളം ലോകത്തിലുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ വെള്ളം എന്ന നിലയിൽ ഗിന്നസ് റിക്കോർഡ് ഉൾപ്പെടെ കരസ്ഥാമാക്കിയ ഈ ബ്രാൻഡിന് അഖ്വാ ഡി ക്രിസ്റ്റലോ ട്രിബ്യൂട്ടോ എന്നാണ് പേര്.

ഇതിലെ ഓരോ കുപ്പിയിലെ വെള്ളത്തിനും പ്രത്യേകതകളുണ്ട്. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് ശുദ്ധജലം എത്തുന്നത്. ഫിജിയിലെയും ഫ്രാൻസിലെയും ജലസ്രോതസ്സുകളിൽ നിന്നും ഐസ്ലൻഡിലെ ഹിമാനികളിൽ നിന്നുമാണ് ഈ ശുദ്ധജലം കണ്ടെത്തുന്നതത്രേ. ശരിക്കും വെള്ളത്തേക്കാൾ ഇതിന്റെ പാക്കേജിങ്ങിനാണ് ഇത്രയധികം വില നൽകേണ്ടി വരുന്നത്. 750 മില്ലി ഗ്ലാസ് ബോട്ടിലുകളിൽ ഓരോന്നും 24കാരറ്റ് സ്വർണം കൊണ്ട് പൊതിഞ്ഞ് നിർമ്മിച്ചിരിക്കുന്നതാണ്. ഓരോ തുള്ളി വെള്ളത്തിലും 23 കാരറ്റ് സ്വർണത്തിന്റെ അഞ്ച് ഗ്രാം സ്വർണം പൂശിയിട്ടുണ്ടത്രെ.

അതുപോലെ തന്നെ സോഷ്യൽമീഡിയകളിലും വിവിധ വെബ്സൈറ്റുകളിലും പ്രചരിച്ച വാർത്തയായിരുന്നു നിത അംബാനി ഉപയോഗിക്കുന്നത് 315 കോടി രൂപയുടെ ഐഫോൺ ആണെന്ന്. ഇക്കാര്യം വിദേശ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തു. എന്നാൽ വാർത്ത വ്യാജമാണെന്ന് വ്യക്തമായതോടെ തിരുത്ത് നൽകാനും ചില മാധ്യമങ്ങൾ തയാറായി. ഇത്രയും വിലകൂടി സ്മാർട്ട്ഫോണുകൾ അംബാനി കുടുംബത്തിൽ ആരും തന്നെ ഉപയോഗിക്കുന്നില്ലെന്ന സ്ഥിരീകരണവുമായ റിലയൻസ് ജിയോ ജനറൽ മാനേജർ അനുജ ശർമ രംഗത്തെത്തി. ''നിത അംബാനിയുടെ ജീവിതത്തിൽ ഒരിക്കൽ പോലും ഇത്രയും വില കൂടിയ ഫോൺ ഉപയോഗിച്ചിട്ടില്ല. വ്യാജ വാർത്തക്ക് പിന്നിലെ താൽപര്യം എന്താണെന്ന് അറിയില്ലെന്നും'' അവർ പറഞ്ഞു.

ഇവിടെയും നിതയുടെ ചിത്രം മോർഫ്് ചെയ്താണ് ഉപയോഗിച്ചത്. പക്ഷേ 315 കോടി രൂപ വിലയുള്ള ഫോണും യാഥാർഥ്യമാണ്. ഫാൽക്കൺ സൂപ്പർനോവ ഐഫോൺ 6 പിങ്ക് ഡയമണ്ട് എന്നത് ലോകത്ത് തന്നെ കുറച്ചുപേർ മാത്രമാണ് ഉപയോഗിക്കുന്നത്. കോടീശ്വരിയായതുകൊണ്ട് കുബുദ്ധികൾ ഇത് നിതയുടെ പേരിൽ തള്ളുന്നുവെന്ന് മാത്രം.

അതുപോലെ നിത അംബാനിയെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ വിസിറ്റിങ് പ്രൊഫസർ ആക്കുന്നുവെന്നും വ്യാജ വാർത്തയുണ്ടായി. ഈ നീക്കത്തിന് എതിരെ വിദ്യാർത്ഥി പ്രതിഷേധവും ഉയർന്നു. വുമൺ സ്റ്റഡി സെന്ററിൽ വിസിറ്റിങ് പ്രൊഫസർ ആകാൻ സോഷ്യൽ സയൻസ് ഡിപ്പാർട്ട്‌മെന്റാണ് നിതയെ ക്ഷണിച്ചത് എന്നായിരുന്നു വാർത്ത. ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി, യു കെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തൽ എന്നിവരെയും വിസിറ്റിങ് പ്രൊഫസർമാരായി നിയമിക്കാൻ യുണിവേഴ്‌സിറ്റി പ്രൊപ്പോസൽ തയ്യാറാക്കിയിട്ടുണ്ടെന്നും വാർത്തകൾ വന്നു. എന്നാൽ റിലയൻസ് ഫൗണ്ടേഷൻ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് നിതയെ വിസിറ്റിങ് പ്രൊഫസറാകാൻ ക്ഷണിച്ചത് എന്നാണ് സോഷ്യൽ സയൻസ് ഡിപ്പാർട്ട്‌മെന്റ് ഡീൻ കൗശൽ കിഷോറിന്റെ പ്രതികരണം.

എന്നാൽ ഇത് തെറ്റാണെന്നും തനിക്ക് ഇതുപോലുള്ള യാതൊരു ക്ഷണവും കിട്ടിയിട്ടില്ലെന്നും, കിട്ടിയാലും അത് സ്വീകരിക്കില്ലെന്നു നിത പറഞ്ഞതോടെ വിവാദങ്ങൾ കെട്ടടങ്ങി.

ഈ തിരക്കും ജോലിയും താൻ നന്നായി ആസ്വദിക്കുന്നു

എന്തുകൊണ്ട് മുകേഷ് സമ്പന്നനും, അനിൽ പിച്ചയുമായി എന്ന ചോദ്യത്തിന്, പ്രശ്സത എഴുത്തുകാരി ശോഭേ ഡെ പറഞ്ഞത്, അനിയന് ചേട്ടന് കിട്ടിയപോലെ മിടുക്കിയായ ഒരു ജീവിത പങ്കാളിയെ കിട്ടിയില്ല എന്നതായിരുന്നു. 'ഇന്ത്യയുടെ ഡയനാരാജകുമാരി, ഇന്ത്യയുടെ എലിസബത്ത് ടെയിലർ...' മുംബൈയിലെ ടാബ്ലോയിഡുകൾ നിതയെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല. വാർത്താ ദാരിദ്രമുള്ള ദിനങ്ങളിൽ അവർ കഞ്ഞികുടിച്ച് പോകുന്നത് നിതയുടെ ഒരു ചൂടൻ പടമോ ഗോസിപ്പോ പ്രസിദ്ധീകരിച്ചാണ് എന്നത് മറ്റൊരു യാഥാർഥ്യം!

പക്ഷേ എപ്പോഴും ടാബ്ലോയിഡുകൾ സൗന്ദര്യം ആഘോഷിക്കുന്ന നിതക്ക് വയസ്സ് 59 കഴിഞ്ഞുവെന്നത് ഏവരെയും ഞെട്ടിക്കുന്നതാണ്. ഷഷ്ടിപൂർത്തിയോടു അടുക്കുമ്പോഴും മുപ്പതിന്റെ ചുറുചുറുക്കോടും പ്രസരിപ്പോടും കൂടി തന്റെ സ്വപ്നങ്ങളുടെ ചിറകിലേറി അവർ യാത്ര തുടരുകയാണ്. നിതയെക്കുറിച്ച് സുഹൃത്ത് വിനീത പ്രസൂൺ ഇങ്ങനെ എഴുതുന്നു.''മക്കൾക്ക് ഒരിക്കലും അമ്മയെ മിസ് ചെയ്യുന്നില്ല, ഭർത്താവിന് ഭാര്യയെയും മിസ് ചെയ്യില്ല, സഹപ്രവർത്തകർക്കോ നല്ല ഒരു ബോസും. ഏത് ആശയം കൊണ്ടുവന്നാലും ഭർത്താവ് നൽകുന്ന ശക്തമായ പിന്തുണയാണ് തന്റെ ശക്തിയെന്ന് തുറന്നു പറയാൻ നിതയ്ക്ക് മടിയില്ല.''

ഇങ്ങനെയെല്ലാം ചെയ്യുന്നുവെന്ന്വെച്ച് രത്തൻ ടാറ്റയെപ്പോലെ ലളിതമായ ജീവിതം ഒന്നുമല്ല അംബാനി കുടുംബം നയിക്കുന്നത്്. 16 കോടിരുപ വിലയുള്ള, സുരക്ഷക്കൊപ്പം ആഡംബരത്തിനും പ്രാധാന്യം നൽകുന്ന കാറിലാണ് കുടുംബത്തിന്റെ സഞ്ചാരം. ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ കോടീശ്വര ഭവനമാണ്, ആന്റിലിയ എന്ന മുംബൈയിലെ അംബാനി ഭവനം അറിയപ്പെടുന്നത്്. ഈച്ചക്ക്പോലും പ്രവേശിക്കാൻ കഴിയാത്ത സെക്യൂരിറ്റിയാണ് ഇവിടെ.

മുബൈ കുമ്പള്ള ഹില്ലിലെ അൽതാമൗണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന മുകേഷ് അംബാനിയുടെ അംബരചുംബിയായ വീടിന് പോർച്ചുഗലിനും സ്പെയിനിനും സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഐതിഹ്യ ദ്വീപിന്റെ പേരിലാണ് അറിയപ്പെടുന്നത്. അതാണ് ആന്റിലിയ. ഇവിടുത്തെ അറ്റകുറ്റപ്പണികൾക്ക് പ്രതിമാസം 2.5 കോടി രൂപ ചെലവ് ആവശ്യമാണെന്ന് മാധ്യമറിപ്പോർട്ട്. ഇന്ത്യൻ രൂപയിൽ മുകേഷ് അംബാനിയുടെ വീടിന്റെ വില ഏകദേശം 15,000 കോടി രൂപവരുമെന്നാണ് കരുതുന്നത്.

മുകേഷിന്റെയും നിത അംബാനിക്കും മൂന്ന് കുട്ടികളാണ്. ഇരട്ട കുട്ടികളായ ആകാശ്, ഇഷ എന്നിവർ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) വഴിയാണ് ജനിച്ചത്. താൻ ഒരിക്കലും ഗർഭം ധരിക്കില്ലെന്ന് കരുതിയാണ് ഈ രീതി തിരഞ്ഞെടുത്തതെന്നും എന്നാൽ മൂന്നു വർഷത്തിനുശേഷം, 1995 ഏപ്രിലിൽ നിത തന്റെ ഇളയ മകൻ അനന്ത് അംബാനിയെ പ്രസവിച്ചുവെന്നും ഒരു അഭിമുഖത്തിൽ അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യം കണ്ട ആഡംബരവിവാഹങ്ങളിൽ ഒന്നായിരുന്നു ആകാശ് അംബാനിയുടെ വിവാഹം. പ്രമുഖ വ്യവസായിയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളുമായ ശ്ലോക മേത്തയാണ് ആകാശ് ജീവിത പങ്കാളി ആക്കിയത്.

കഴിഞ്ഞ വർഷം നിത മുത്തശിയായതും മുംബൈ ടാബ്ലോയിഡുകൾ ആഘോഷിച്ചിരുന്നു. മുകേഷ് - നിത ദമ്പതികളുടെ മൂത്തമകൻ ആകാശ് അംബാനിക്കും ഭാര്യ ശ്ലോക അംബാനിക്കും ആൺ കുഞ്ഞ് പിറന്നതാണ് മാധ്യമങ്ങൾ കൊണ്ടാടിയത്. ഇതോടെ വ്യാജ വാർത്തകളും വ്യാജ ചിത്രങ്ങളും പ്രചരിക്കാതിരിക്കാൻ അംബാനി കുടംബത്തിന്റെ വക്താവിന് പത്രക്കുറിപ്പ് ഇറക്കേണ്ടിവന്നു. '' മുത്തച്ഛനും മുത്തശ്ശിയും ആയ സന്തോഷത്തിലാണ് മുകേഷ് അംബാനിയും നിത അംബാനിയും. അമ്മയും കുഞ്ഞും മുംബൈയിൽ സുഖമായി ഇരിക്കുന്നു'- കുടുംബവക്താവ് അറിയിച്ചു. കുഞ്ഞിന്റെ വരവോടെ മേത്ത-അംബാനി കുടുംബങ്ങളിൽ പുതിയ ആഘോഷങ്ങൾക്കും തുടക്കമാവുകയാണ്.

ഭാര്യ, അമ്മ, മുത്തശ്ശി ഈ ഉത്തരവാദിത്വങ്ങൾക്ക് എല്ലാം ഒപ്പം തന്നെ തന്റെ ബിസിനസുകളും ചാരിറ്റി പ്രവർത്തനങ്ങളുമായി സജീവമാണ് നിത അംബാനി ഇപ്പോൾ. ഈ തിരക്കും ജോലിയും താൻ നന്നായി ആസ്വദിക്കുന്നുവെന്ന് തന്നെയാണ് അവർ പറയാറുള്ളതും.

വാൽക്കഷ്ണം: ''ടാറ്റാ, ബിർളാ, അംബാനീ'' എന്ന 'കുത്തക വിരുദ്ധ' മുദ്രാവാക്യം ഉയർത്തി ശീലിച്ചുപോയ മലയാളികൾക്ക്, കോർപ്പറേറ്റുകളും കോടികളുടെ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്ന് പറഞ്ഞാൽ പെട്ടെന്ന് ദഹിക്കില്ല. നാട്ടുകാരുടെ നികുതിപ്പണം എടുത്ത്, കോവിഡ് കാലത്ത് ഒരു കിറ്റ് കൊടുക്കുന്നതുപോലും വലിയ കാര്യമായി ആഘോഷിക്കുന്നവർ, സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം നിസ്വാർഥമായി ജനങ്ങൾക്ക് ചെലവിടുന്നവരെ എന്തു വിളിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP