Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബ്ലാക്ക് ബെൽറ്റ് നേടിയ മുംബൈ മലയാളി; ഒറ്റ സിനിമകൊണ്ട് കമ്മികളുടെ കണ്ണിലുണ്ണി; സുരേഷ് ഗോപിയെ ട്രോളി സംഘികളുടെ കരടായി; 'ഫോർ പ്ലേ എടുക്കട്ടെ' എന്നതടക്കം നിരന്തരം ഹേറ്റ് മെസേജുകൾ; സ്ത്രീപക്ഷ കേരളം ബ്രാൻഡ് അംബാസഡർ ഇപ്പോൾ ജിഎസ്ടി വെട്ടിപ്പിൽ; നികുതിക്കുരുക്കിലായ നിമിഷാ സജയന്റെ കഥ

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബ്ലാക്ക് ബെൽറ്റ് നേടിയ മുംബൈ മലയാളി; ഒറ്റ സിനിമകൊണ്ട് കമ്മികളുടെ കണ്ണിലുണ്ണി; സുരേഷ് ഗോപിയെ ട്രോളി സംഘികളുടെ കരടായി; 'ഫോർ പ്ലേ എടുക്കട്ടെ' എന്നതടക്കം നിരന്തരം ഹേറ്റ് മെസേജുകൾ; സ്ത്രീപക്ഷ കേരളം ബ്രാൻഡ് അംബാസഡർ ഇപ്പോൾ ജിഎസ്ടി വെട്ടിപ്പിൽ; നികുതിക്കുരുക്കിലായ നിമിഷാ സജയന്റെ കഥ

എം റിജു

''അക്കൗണ്ടിലൂടെയല്ലാതെ ഒരു പൈസ പോലും വാങ്ങാതെ സാമ്പത്തികകാര്യങ്ങളിൽ അങ്ങേയറ്റം സുതാര്യനായ മനുഷ്യൻ''- ഉലകനായകൻ കമഹാസന്റെ ഏറ്റവും വലിയ പ്രത്യേകതയായി ഇന്ത്യാടുഡെ ഒരിക്കൽ എഴുതിയത് ഇങ്ങനെയാണ്. കഴിഞ്ഞ എത്രയോ വർഷമായി തമിഴ്‌നാട്ടിൽ, മികച്ച നികുതിദായകനുള്ള ആദായനികുതി വകുപ്പിന്റെ അംഗീകാരം കമലിന് കിട്ടുന്നു. ഏറെക്കുറെ സമാനമാണ് സൂപ്പർതാരം രജനീകാന്തിന്റെയും കാര്യം. മൂൻകൂർ നികുതി ഒടുക്കിയതിന്റെ പേരിൽ രജനിയും പലതവണ ആദരിക്കപ്പെട്ടു.

പക്ഷേ പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തിലേക്ക് വന്നാലോ. മോഹൻലാലിൻെ പേരിൽ ആനക്കൊമ്പ് കേസ് അവിടെ നിൽക്കട്ടെ. നികുതിവെട്ടിക്കാനായി പോണ്ടിച്ചേരിയിൽ കാറുകൾ രജിസ്റ്റർ ചെയ്തിന്റെ കേസുണ്ടായത്, സുരേഷ് ഗോപി തൊട്ട് ഫഹദ് ഫാസിൽ വരെയുള്ള താരങ്ങളുടെ നേർക്കാണ്. എന്തിന് താരസംഘടനയായ അമ്മയുടെ നികുതി വെട്ടിപ്പിന്റെ പേരിൽ, ജനറൽ ഇടവേള ബാബുവിനെ ജിഎസ്ടി വകുപ്പ് ചോദ്യം ചെയ്തത് ഈയിടെയാണ്. അമ്മയുടെ തന്നെ അക്കൗണ്ടുകൾ കൃത്യമല്ലെങ്കിൽ പിന്നെ മക്കളുടെ കാര്യം പറയാനുണ്ടോ!

ഇപ്പോൾ ഇതാ ഒരു നടി കൂടി, ജിഎസ്ടി വെട്ടിപ്പ് ആരോപണം നേരിടുകയാണ്. നടി നിമിഷാ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം മറച്ചുവെച്ചെന്ന് സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ടുണ്ട്. ഈ രേഖ ബിജെപി നേതാവ് സന്ദീപ് വാര്യരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ ഇറങ്ങിശേഷം, സിഎഎസമരത്തിൽ പങ്കെടുത്തിന് ശേഷവും, കേരളത്തിലെ സംഘപരിവാറുകാരുടെ നോട്ടപ്പുള്ളി തന്നെയാണ് ഈ യുവ നടി. ഇടതുപക്ഷത്തിന്റെ പ്രിയപ്പെട്ടവളും. ഈ ഒരു പശ്ചാത്തലത്തിൽ സംഭവത്തിന് രാഷ്ട്രീയ മാനം കൂടി കൈവന്നിരിക്കയാണ്.

പക്ഷേ നിഷ്പക്ഷർ ചോദിക്കുന്ന ഒരു കാര്യമുണ്ട്. നമുക്ക് എന്തുകൊണ്ട് ഒരു നികുതി സംസ്‌ക്കാരം ഉണ്ടാവുന്നില്ല. വെള്ളിത്തിരയിൽ രാഷ്ട്രീയക്കാരുടെ അഴിമതിക്കും, കള്ളപ്പണത്തിനും, നികുതിവെട്ടിപ്പിനും എതിരെ പ്രതികരിക്കുന്ന സിനിമാക്കാർ, തങ്ങളുടെ കാര്യം വരുമ്പോൾ അതിനേക്കാൾ അഴിമതിക്കാർ ആവുകയാണോ?

ഹീറോയായി സന്ദീപ് വാര്യർ

ഇതുസംബന്ധിച്ച് സന്ദീപ് വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:''പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായർ ഹാജരാവുകയും ചെയ്തു. വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്. ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടുന്നു .

സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നികുതി അടക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ടപ്പോൾ വിവാദമാക്കിയ ആളുകൾ തന്നെയാണ് നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ. സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത്. ''- ഇങ്ങനെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ് അവസാനിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിൽ ശക്തമായി പ്രതിഷേധിച്ച നടിയാണ് നിമിഷ. ആ യോഗത്തിൽ പങ്കെടുത്തുകൊണ്ട്, സുരേഷ് ഗോപിയെ ട്രോളിയതാണ് സത്യത്തിൽ നിമിഷക്കെതിരെ സംഘപരിവാർ അനുഭാവികൾ തിരിയാൻ കാരണമാക്കിയത്. ''തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്, നമ്മൾ കൊടുക്കുമോ'' എന്ന നിമിഷയുടെ വാക്കുകൾക്ക് വൻ കൈയടിയാണ് സിഎഎ സമരവേദിയിൽ കിട്ടിയത്. അതോടെ അവർ സിപിഎമ്മിന്റെ കണ്ണിലുണ്ണിയായി. സംഘപരിവാറിന്റെ നിതാന്ത ശത്രുവും.

ആ സമയത്താണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച സിനിമാ പ്രവർത്തകരുടെ നികുതി വെട്ടിപ്പ് പുറത്തു കൊണ്ടുവരുമെന്ന് സന്ദീപ് വാര്യർ പറഞ്ഞത്. അന്ന് ബിജെപിയിൽനിന്നുപോലും അദ്ദേഹത്തിന് പിന്തുണ കിട്ടിയിരുന്നില്ല. ഇപ്പോൾ ഒറ്റ പോസ്റ്റുകൊണ്ട് അദ്ദേഹം വീണ്ടും ഹീറോ ആയി. നേരെത്തെ ഉൾപ്പാർട്ടി പ്രശ്നങ്ങളെ തുടർന്ന് വക്താവ് സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട സന്ദീപിന്റെ, നേതൃത്വത്തോടുള്ള പരോക്ഷ പ്രതികാരം കൂടിയായി ഇതിനെ കണക്കാക്കാം.

കേരളത്തിൽ പതിവായി നികുതി വെട്ടിപ്പുകൾ നടത്തുന്നവരുടെ കൂട്ടത്തിൽ സിനിമാ താരങ്ങളും കലാകാരന്മാരും ഉണ്ടെന്ന കാര്യം മുൻകാലങ്ങളിൽ തന്നെ തെളിഞ്ഞാണ്. ഒരുകാലത്ത് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി മലയാള സിനിമയെ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇവിടുത്തെ വൻതോക്കുകൾ അടക്കം യഥാർഥ വരുമാനത്തിന് അനുസൃതമായി നികുതി കൊടുക്കാറില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഇപ്പോൾ ഹിന്ദി സിനിമാ ലോകത്തേക്കും ചുവടുവെച്ച പ്രമുഖ മലയാളം നടി നിമിഷ സജയന്റെ നികുതിവെട്ടിപ്പ് വാർത്ത പുറത്തുവന്നത്.

നിമിഷയെ ചൊല്ലി രാഷ്ട്രീയ പോര്

പക്ഷേ സംഭവത്തിൽ പ്രതികരിക്കാൻ നടി ഇപ്പോഴും തയ്യാറിയിട്ടില്ല. അതേസമയം നികുതി കാര്യങ്ങളിലെ അറിവില്ലായ്മയാണ് നടിയെ വെട്ടിലാക്കിയതെന്നും പറയുന്നുണ്ട്. പക്ഷേ മനപ്പൂർവം നടി വരുമാനവിവരം മറച്ചുവെച്ചു എന്നത് വ്യക്തമാണ്. 2017ൽ നായികാ വേഷത്തിൽ തിളങ്ങിയ നിമിഷയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിരുന്നില്ല. തിരക്കുള്ള നടിയായിട്ടും ജിഎസ്ടി രജിസ്ട്രേഷൻ എടുക്കുന്നതിൽ നടി വീഴ്‌ച്ച വരുത്തുകയായിരുന്നു.

പെർഫോമിങ് ആർട്ടിസ്റ്റുകൾ, മ്യൂസിഷൻസ്, എന്നിവരൊക്കെ ജിഎസ്ടിയുടെ പരിധിയിൽ വരുന്നവരായതിനാൽ അവരുടെ വരുമാനത്തിന്റെ 18 ശതമാനം നികുതി അടയ്ക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് പ്രകാരം രജിസ്‌ട്രേഷൻ നടി എടുത്തിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതോടെയാണ് നടിയെ വിളിച്ചു വരുത്തേണ്ടി വന്നത്. ജിഎസ്ടി അടക്കേണ്ട ഘട്ടത്തിലേക്ക് എത്തിയാൽ സമൻസ് അയച്ച് അളുകളെ വിളിച്ചുവരുത്തി ഡോക്യുമെന്റ്സ് ശേഖരിക്കുകയും പണം അടക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയാണ് ജിഎസ്ടി വകുപ്പ് ചെയ്യുന്നത്. നിമിഷയുടെ കാര്യത്തിൽ സംഭവിച്ചതും ഇതു തന്നെയാണ്.

ഇത് പ്രകാരം ഏകദേശം 20 ലക്ഷത്തിലധികം രൂപയും ടാക്സും അതിന്റെ പിഴയും പലിശയും നിമിഷ അടയ്‌ക്കേണ്ടി വരും. നിമിഷ സജയൻ നേരത്തെ ജിഎസ്ടി എടുത്തിട്ടുണ്ടായിരുന്നില്ലെന്നും പിന്നീട് നോട്ടീസ് വന്നപ്പോൾ അവർ ടാക്സ് അടക്കുകയായിരുവെന്നും അമ്മ ആനന്ദവല്ലി പ്രതികരിച്ചിരുന്നു. 2020-21 സമയത്താണ് ജിഎസ്ടി എടുത്തത്. അതിനുശേഷമുള്ളതെല്ലാം നികുതി അടവെല്ലാം കൃത്യമാണെന്നും അമ്മ പറയുന്നു.

സിനിമ രംഗത്തെ പ്രമുഖർ അടക്കം നികുതി അടയ്ക്കുന്നതിൽ വീഴ്‌ച്ച വരുത്തുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്. ചിലരെ നോട്ടീസ് അയച്ചു വിളിച്ചു വരുത്തി ജിഎസ്ടി അടച്ച് വിഷയം തീർക്കുകയാണ് ചെയ്തിരുന്നത്. പിഴ അടച്ചതിനാൽ ഇതേക്കുറിച്ച് വാർത്തകൾ പുറത്തുവന്നിരുന്നില്ലെന്ന് മാത്രം. പക്ഷേ നിമഷയുടെ കേസിൽ രൂപപ്പെട്ട പൊളിറ്റിക്കൽ പശ്ചാത്തലം ഇതിന്റെ വാർത്താ പ്രാധാന്യം വർധിപ്പിക്കുന്നു. നിങ്ങൾക്ക് ആദർശം വാക്കുകളിൽ മാത്രം മതിയോ, പുരോഗമന സിനിമ മാത്രം എടുത്താൽ മതിയോ, വ്യക്തിജീവിതത്തിൽ സംശുദ്ധി വേണ്ടേ എന്നാണ് സംഘപരിവാർ അനുഭാവികൾ ചോദിക്കുന്നത്. എന്നാൽ ഇത് തട്ടിപ്പ് ഒന്നുമല്ലെന്നും, നികുതി അടക്കുന്നതിലെ വീഴ്ച മാത്രമാണെന്ന് പറഞ്ഞാണ് സിപിഎം അനുഭാവികൾ സംഭവം ലഘൂകരിക്കുന്നത്.

മുംബൈയിൽ വളർന്ന് മലയാളത്തിലേക്ക്

മേക്കപ്പ്പോലും ഇടാതെ നാടൻ മലയാളി പെൺകുട്ടിയായി തിളങ്ങിയ നിമിഷ സജയൻ പക്ഷേ പഠിച്ചതും വളർന്നതുമെല്ലാം, ഫാഷന്റെ മറുകരകണ്ട മുബൈയിലെ അംബർനാഥിലാണ്. അച്ഛൻ സജയൻ നായർ ഇവിടെ എഞ്ചിനീയറാണ്. ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്‌കൂളിലായിരുന്നു പഠനം. പഠനകാലത്തു തന്നെ കലാകായികരംഗങ്ങളിൽ സജീവമായിരുന്നു. ചെറുപ്പം മുതലേ ആയോധന കലകൾ അഭ്യസിക്കാൻ തുടങ്ങി. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടി. തായ്കൊണ്ടോയിൽ ദേശീയ തലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. കോളേജിൽ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റൻ ആയിരുന്നു.

മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിലാണ് നിമിഷ ഒരു ഇടവേളയെടുത്തുകൊച്ചിയിൽ അഭിനയ പരിശീലനത്തിനായി ചേർന്നു. ഇക്കാലത്താണ് 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിൽ അവസരം ലഭിച്ചത്. ആരുടെയും ശിപാർശയില്ലാതെ, ഓഡിഷനിലുടെയാണ് അവർ ചലച്ചിത്രലോകത്തേക്ക് കടന്നുവന്നത്. സുരാജ് വെഞ്ഞാറമുടിന്റെ നായികയായി, ഫഹദ് ഫാസിലിന്റെ പഠിച്ച കള്ളനോട് എതിരിടുന്ന ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രം ഹിറ്റായി. ഒപ്പം കലാമൂല്യമുള്ള ചിത്രമെന്ന അഭിപ്രായവും. പിന്നീട് നിമിഷക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നിമിഷയെ തേടിയെത്തി. ഈട, നായാട്ട്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മാലിക്, ഒരു തെക്കൻ തല്ലുകേസ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയവും ശ്രദ്ധേയമായി. പക്ഷേ നിമിഷയുടെ സ്റ്റാമ്പിങ്ങ് റോൾ വന്നത് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ തന്നെ ആയിരുന്നു.

ഞെട്ടിച്ച മഹത്തായ അടുക്കള

ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കുന്ന, യാഥാസ്ഥിക മലയാളിയെ ഞെട്ടിച്ച ചിത്രമായിരുന്നു ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. സ്ഥിരം പല്ലവികൾക്കപ്പുറം, 'താങ്ക്‌സ് ടു സയൻസ്' എന്നുപറഞ്ഞ് തുടങ്ങുന്ന ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മലയാള സിനിമ ഇതുവരെ കൈവെക്കാത്ത മതത്തെ നിശിതമായി വിമർശിക്കുന്നു. വീട്ടിൽ മാട്‌പോലെ പണിയെടുക്കുന്ന പെണ്ണിന് ഒരു മാസത്തിലെ ഏഴു ദിവസങ്ങൾ പെട്ടെന്ന് അശുദ്ധമാക്കുന്ന തോന്ന്യാസത്തെയും, പുരുഷാധിപത്യത്തെ സംരക്ഷിച്ചു നിർത്തുന്ന മതത്തെയും, മലയ്ക്ക് പോകാൻ മാലയിട്ടാൽ സ്വന്തം ഭാര്യയോ പെങ്ങളോ ആയാൽ പോലും പെണ്ണിനോട് മുഖം തിരിക്കുന്ന ആർത്തവ അയിത്തക്കാരെയും, ആചാര സംരക്ഷകരെയും സിനിമ കാലിൽ വാരി നിലത്തടിച്ചിട്ടുണ്ട്.

സിനിമ കണ്ടപ്പോൾ ഉടനീളം സുരാജിന്റെ ഒരു ഡയലോഗ് നമ്മുടെ ചെവിയിൽ മുഴങ്ങി കേൾക്കും. എന്റെ വീട്ടിൽ ഞാൻ ഇഷ്ടമുള്ളത് ചെയ്യുമത്രേ. ആണുങ്ങൾക്ക് മാത്രം സ്വന്തമായി ഇടങ്ങൾ ഉള്ള സമൂഹമാണ് നമ്മളുടെത്. പെണ്ണായാൽ ജനിച്ചു വളർന്ന വീട് കല്യാണത്തിന് ശേഷം അന്യമാകുന്ന അവസ്ഥ. അങ്ങനെ പല രീതിയിൽ ഈ പടം വായിക്കാൻ കഴിയും. ശബരിമല റഫന്റൻസുകളിൽ സംഘപരിവാറും വിശ്വാസികളും ഇളകി. അവസാനം മാലയിട്ട് ഭക്തരുടെ മുഖത്തേക്ക് അഴുക്കുവെള്ളം ഒഴിക്കുന്ന ഭാര്യ സംഘപരിവാർ അനുകൂലികൾക്ക് താങ്ങാനാവുന്നതിലും അപ്പുറത്തായിരുന്നു. അതിന് പിന്നാലെയാണ് സുരേഷ് ഗോപിയെ പരിഹസിച്ചുകൊണ്ടുള്ള നിമിഷയുടെ പ്രസംഗം പുറത്തുവരുന്നത്. അതോടെ സംഘികളും നിമിഷക്കെതിരെ ശക്തമായ ഹേറ്റ് കാമ്പയിൻ തുടങ്ങി.

ഫോർ പ്ലേ എടുക്കട്ടെ എന്ന് മെസേജുകൾ

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമയുടെ പേര് പോലും ദ ഗ്രേറ്റ് ഇന്ത്യൻ എച്ചിൽ എന്നാക്കിയാണ് സംഘ അനുഭാവികൾ പ്രചരിപ്പിച്ചത്. തുടർന്ന് നിമിഷക്കെതിരെ തുടങ്ങിയ സൈബർ ആക്രമണം സത്യത്തിൽ ഇന്നും തീർന്നിട്ടില്ല. 'ഒരേ എക്സ്പ്രഷൻ നടി, മേക്കപ്പ് വേണ്ടാത്ത പ്രതിഭ' ഇങ്ങനെയൊക്കെപ്പോയി സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾ.

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഇറങ്ങിയ സമയത്ത് 'ഫോർ പ്ലേ എടുക്കട്ടെ' എന്ന മെസേജ് നിരന്തരം വന്നിരുന്നവെന്ന് ദ ക്യൂവിന് കൊടുത്ത അഭിമുഖത്തിൽ നിമിഷ സജയൻ പറയുന്നുണ്ട്. ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ റിലീസിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായ വാക്കാണ് ഫോർ പ്ലേ. സിനിമയിൽ നിമിഷ സജയന്റെ കഥാപാത്രമാണ് ഫോർപ്ലേയെ കുറിച്ച് സംസാരിക്കുന്നത്.

നിമിഷ പറയുന്നു.''ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ റിലീസ് ആയപ്പോൾ ഒരുപാട് നല്ല മെസേജുകൾ വന്നിരുന്നു. പക്ഷെ അതിനിടയിൽ ഒരു കൂട്ടം ആണുങ്ങൾ എനിക്ക് മെസേജ് അയച്ചിരുന്നത്, ചേച്ചി കുറച്ച് ഫോർപ്ലേ എടുക്കട്ടെ എന്നാണ്. എനിക്ക് അപ്പോൾ തോന്നിയത്, ഇത്രയും നല്ല സിനിമ വന്നിട്ടും ഇവർക്ക് പ്രശ്നമെന്താണെന്ന് മനസിലാകുന്നില്ലേ എന്നതായിരുന്നു.അവരുടെ വിചാരമെന്താണ് ഞാൻ ഇത്തരം കഥാപാത്രങ്ങൾ ചെയ്യുന്നത് നിർത്തുമെന്നാണോ. ഞാൻ ഇനിയും ഇത്തരത്തിലുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്യും. പിന്നെ ഇത്തരത്തിലുള്ള നെഗറ്റീവ് കമന്റുകൾ ഒരുപാട് വരും. അതിലേക്കൊന്നും ഞാൻ എന്റെ എനർജി കളയാറില്ല.''- നമിഷ ചൂണ്ടിക്കാട്ടി.

അഭിനന്ദിച്ച് സുഹാസിനി അടക്കമുള്ളവർ

എന്നാൽ കേരളത്തിലെ സിനിമാസ്വാദർക്ക് ഇടയിലും, ഇടത് സർക്കിളുകളിലും സിനിമ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. മുതിർന്ന നടിയും സംവിധായികയുമായ സുഹാസിനി വരെ നിമിഷയെ പ്രകീർത്തിച്ച് എത്തിയിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ ജൂറി ചെയർപേഴ്‌സണായിരുന്നു അവർ പുരസ്‌കാര ചടങ്ങിന് ശേഷം നൽകിയ അഭിമുഖത്തിലാണ് നിമിഷയെ കുറിച്ച് പറഞ്ഞത്.''നിമിഷ സജയൻ മേക്കപ്പ് ഒന്നും ഇല്ലാതെ അഭിനയിക്കുന്ന വളരെ ബോൾഡായ കുട്ടിയാണ്. അവരെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു.' സുഹാസിനി പറഞ്ഞു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയെ കുറിച്ചും സുഹാസിനി സംസാരിച്ചു.

'ഞാൻ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ റിലീസ് സമയത്ത് കണ്ടപ്പോൾ എനിക്ക് ഉറങ്ങാൻ പറ്റിയില്ല. എനിക്ക് ഭയങ്കര കുറ്റബോധം തോന്നി. സുരാജിനെ പോലെയുള്ള ഭർത്താക്കന്മാരെയും അമ്മായി അച്ഛനെയും എല്ലാം നമ്മളെ പോലുള്ള സ്ത്രീകൾ പ്രോത്സാഹിപ്പിക്കുകയാണ്. ഇപ്പോഴും എല്ലാ സ്ത്രീകളും വെള്ളം വേണോ ചായ വേണോ എന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ആ സിനിമ കണ്ടപ്പോൾ സങ്കടമല്ല കുറ്റബോധമാണ് തോന്നിയത്. വീട്ടിനുള്ളിലെ ഇത്തരം ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളെ നമ്മുടെ അമ്മമാർ മുതലുള്ള എല്ലാ സ്ത്രീകളും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതും കുടുംബത്തിൽ നല്ല പെണ്ണാണ് എന്ന പേര് കേൾക്കാൻ വേണ്ടി ഭാവി നശിപ്പിക്കുകയാണ് ചെയ്യുന്നത്. അത് ശരിയല്ലെന്നാണ് എനിക്ക് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പറഞ്ഞു തന്നത്.' - സുഹാസിനി പറയുന്നു.

സ്ത്രീപക്ഷ കേരളം ബ്രാൻഡ്

ഈ ഒറ്റ സിനിമയോടെ, നിമിഷയുടെ പ്രൊഫൈലും മാറി. സ്ത്രീധനത്തിനെതിരെയും സ്ത്രീപീഡനത്തിനെതിരെയും കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'സ്ത്രീപക്ഷ നവകേരളം' പരിപാടിയുടെ ക്യാംപെയിൻ അംബാസഡറായും ഈ നടി മാറി. ഓരോ വീട്ടിലും സ്ത്രീപക്ഷ ചിന്തകൾ എത്തിക്കാനും അവ ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ള 'സ്ത്രീപക്ഷ നവകേരളം' പ്രചരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയനാണ് 'ഉദ്ഘാടനം ചെയ്യ്തത്. ചടങ്ങിൽ നിമിഷ സജയനും പങ്കെടുത്തതു.

അന്നത്തെ മന്ത്രി എംവി ഗോവിന്ദൻ മാസ്റ്ററുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഇങ്ങനെ ചൂണ്ടിക്കാട്ടി. ''സ്ത്രീധനത്തിനെതിരെ, സ്ത്രീപീഡനത്തിനെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'സ്ത്രീപക്ഷ നവകേരളം' പരിപാടിയുടെ ക്യാംപെയിൻ അംബാസഡറാകുന്നത് മലയാളത്തിന്റെ പ്രിയ അഭിനേത്രി നിമിഷ സജയനാണ്. കലാ-സാംസ്‌കാരിക പ്രവർത്തനത്തിലൂടെ സാമൂഹിക ഉത്തരവാദിത്തം കൂടി നിറവേറ്റുകയും നാടിനോട് പ്രതിബദ്ധതയുള്ള കലാപ്രവർത്തനത്തിന്റെ ഭാഗമാവുകയുമാണ് ഇതിലൂടെ നിമിഷ സജയൻ.

പുരോഗമനപരവും ആധുനികവുമായ സമൂഹത്തിന് ചേരാത്തതും നമ്മുടെ സാമൂഹിക മുന്നേറ്റങ്ങളെ ഇല്ലാതാക്കുന്നതുമായ സ്ത്രീവിരുദ്ധ പ്രവണതകളെ മറികടക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആർജ്ജവത്തോടെയുള്ള ഇടപെടലിന് നിമിഷയെ പോലെയുള്ള പ്രതിഭാധനയും പ്രതിബദ്ധതയുമുള്ള കലാകാരിയുടെ സാന്നിദ്ധ്യം കരുത്ത് പകരും. ജനകീയാസൂത്രണ പ്രസ്ഥാനം പോലെ, നവസമൂഹ സൃഷ്ടിയിലേക്കുള്ള ചരിത്രപരവും സുപ്രധാനവുമായ ചുവടുവയ്‌പ്പായി 'സ്ത്രീപക്ഷ നവകേരളം' പരിപാടി മാറുമെന്ന് ഉറപ്പാണ്.''- മന്ത്രി പറഞ്ഞു.
ഈ പോസ്റ്റ് ഇപ്പോൾ നികുതിവെട്ടിപ്പ് ആരോപണം ഉയർന്നതോടെ സംഘപരിവാറുകാർ കുത്തിപ്പൊക്കുന്നുണ്ട്. എവിടെ നിമിഷയുടെ സാമൂഹിക പ്രതിബദ്ധത എന്നാണ് അവർ ചോദിക്കുന്നത്.

ഫോട്ടോകൾക്കും വിദ്വേഷ കമന്റസ്

മലയാള സിനിമയിലെ ചില പരമ്പരാഗത പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും നിമഷി നിമിത്തമായി. ഡോ. ബിജു സംവിധാനം ചെയ്യുന്ന 'അദൃശ്യ ജാലകങ്ങളിൽ' എന്ന സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചപ്പോൾ പ്രിസൈഡിങ് ഓഫീസർ ആയത് നിമിഷയാണ്. ''പൊതുവെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നത് സിനിമയുടെ ഷൂട്ടിങ് സമയത്ത് മാത്രമാണ്. എന്നാൽ ഒരു സിനിമ എന്നത് പ്രീ പ്രൊഡക്ഷൻ കാലയളവ് മുതൽ തന്നെ ആരംഭിക്കുന്നു. അതിനാൽ നിലവിലുള്ള രീതിയിൽ നിന്നും വ്യത്യസ്തമായി ഞങ്ങൾ ഈ ഇന്റേണൽ കമ്മിറ്റി സിനിമയുടെ പ്രീ പ്രൊഡക്ഷൻ ഘട്ടം മുതൽ തന്നെ രൂപീകരിക്കുകയാണ്. നടി നിമിഷാ സജയനാണ് പ്രിസൈഡിങ്ങ് ഓഫീസർ'- ഡോ ബിജു ചൂണ്ടിക്കാട്ടി.

നായാട്ട് അടക്കമുള്ള ഒരുപാട് ചിത്രങ്ങളിൽ അതിഗംഭീരമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ഒരിക്കലും മറക്കാനാവത്ത വേഷമായി നിമിഷ ഇപ്പോഴും പറയുന്നത് ഫഹദിനൊപ്പം ചെയത് മാലിക്കിലെ വേഷമാണ്. '' മാലിക്കിലെ മകൻ മരിച്ച അമ്മയുടെ സീൻ എന്നെ ഹോണ്ട് ചെയ്യും. പേഴ്‌സണലി എനിക്ക് ആ സീൻ ചെയ്യാൻ പറ്റുന്നില്ലായിരുന്നു. മാലികിലെ റോസ്ലിന് വേണ്ടി റഫറൻസ് എന്റെ അമ്മയായിരുന്നു. ആ സീൻ ചെയ്യുമ്പോൾ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ അമ്മയുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ആലോചിച്ചത്. ആ സീൻ ഒരിക്കലും ഞാൻ മറക്കില്ല. നിമിഷ സജയൻ ചിരിക്കുന്നില്ല എന്ന ട്രോളുകളെ കാര്യമായി എടുക്കുന്നില്ല. മികച്ച കഥാപാത്രങ്ങളും സിനിമകളും തെരഞ്ഞെടുക്കാനാണ് ശ്രമിക്കുന്നത്. ചിരിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കി മികച്ചൊരു സിനിമ നഷ്ടപ്പെടുത്താനാകില്ല.''- നിമഷ ഒരു അഭിമുഖത്തിൽ പറഞ്ഞു.

മലയാളത്തിൽ ചെയ്തത് ഏറെയും നാടൻ വേഷങ്ങൾ ആണെങ്കിലും അതിൽ കുടുങ്ങിക്കിടക്കാൻ താൻ തയ്യാറല്ല എന്ന് നിമിഷ പല അഭിമുഖങ്ങളിലും പറയുന്നുണ്ട്. ഈയിടെ ഏതാനും ഗ്ലാമർ ഫോട്ടോകൾ ഇൻസ്്റ്റയിൽ പോസ്റ്റ് ചെയ്തപ്പോൾ, അതിലും നിറഞ്ഞത് വിദ്വേഷ കമന്റുകൾ ആയിരുന്നു. വിദേശ ടൂർ നടത്തവേ എടുത്ത ചിത്രങ്ങൾ ആയിരുന്നു ഇത്. വിവാദങ്ങളെ താൻ തെല്ലും ഭയക്കുന്നില്ലെന്നും, അഭിനയിക്കുക എന്നത് തന്റെ തൊഴിൽ മാത്രമാണെന്നുമാണ് നിമിഷ പറയുന്നത്. പക്ഷേ കുറച്ചുകാലങ്ങളായി വിവാദങ്ങൾ ഒന്നുമില്ലായെ അവർ തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. അപ്പോഴാണ് നികുതിവെട്ടിക്കൽ വിവാദം ഉണ്ടാവുന്നത്.

അമ്മക്ക് പിഴച്ചാൽ മക്കളും!

പക്ഷേ ഇതിനെ ഒരു വെട്ടിപ്പായി കാണാൻ കഴിയില്ല പിശക് മാത്രമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നത്. മലയാളത്തിലെ താരസംഘടനയായ അമ്മക്കുപോലും ജിഎസ്ടി എന്ന ഒരുകാര്യം ഉള്ളതുപോലും അറിയില്ല എന്ന രീതിയിലായിരുന്നു കാര്യങ്ങൾ. ജിഎസ്ടി വകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് താരസംഘടന ജിഎസ്ടി രജിസ്ട്രേഷൻവരെ എടുക്കുന്നത്. പിന്നെ വ്യക്തികളുടെ കാര്യം പറയേണ്ട കാര്യമുണ്ടോ. ജിഎസ്ടി വകുപ്പ് നടത്തിയ അന്വേഷണത്തിൽ വൻ ക്രമക്കേടാണ് 'അമ്മ'യിൽ കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി ജിഎസ്ടി. വകുപ്പ് ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ രണ്ടുമാസം മുമ്പ് ചോദ്യം ചെയ്തു. എന്നാൽ ചോദ്യം ചെയ്യലല്ല മൊഴി എടുക്കലാണ് നടന്നത് എന്നാണ് 'അമ്മ' നേതൃത്വം പറയുന്നത്.

'അമ്മ'യിൽ അംഗത്വത്തിനുള്ള ഫീസും ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയാക്കി പുതുക്കിയിരുന്നു. ഇങ്ങനെ പുതിയ അംഗങ്ങളെ ചേർക്കുമ്പോഴും ജിഎസ്ടി ബാധകമാണ്. പക്ഷേ 'അമ്മ' അതുകൊടുക്കാറില്ലെന്നാണ് വിവരം. മെഗാ ഷോകൾ സംഘടിപ്പിക്കുമ്പോൾ, അത് ജിഎസ്ടി പരിധിയിൽ ഉൾപ്പെടും. എന്നാൽ, 'അമ്മ' അത്തരം നികുതി അടച്ചിട്ടില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് സ്റ്റേറ്റ് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ഇടവേള ബാബുവിനെ ചോദ്യം ചെയ്തതത്. സംഘടന ഒരു ട്രസ്റ്റാണെന്നും പണം സംഭാവനയായി സ്വീകരിക്കുന്നുവെന്നുമായിരുന്നു നേരത്തെ സ്വീകരിച്ച നിലപാട്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 8ന് വകുപ്പ് നോട്ടീസ് നൽകിയതിനെ തുടർന്ന്, 'അമ്മ' ജിഎസ്ടി രജിസ്ട്രേഷൻ എടുത്തു. 45 ലക്ഷം രൂപയും നികുതിയായി അടച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇത് പോരെന്നും ജിഎസ്ടി നടപ്പാക്കിയതുമുതലുള്ള നികുതി അടക്കേണ്ടി വരുമെന്നുമാണ്, അധികൃതർ പറയുന്നത്. ഇതിന്റെ ഭാഗമായുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്്. 2017ലാണ് ഇതുസംബന്ധിച്ച് ആദായനികുതി വകുപ്പ് റിപ്പോർട്ട് പുറത്തുവിട്ടത്. താരനിശകൾക്ക് പ്രതിഫലമായി കിട്ടിയ 8 കോടിയിലധികം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചുവെന്നു പറഞ്ഞാണ് നികുതി വെട്ടിപ്പ് നടത്തിയത്. ഈ നടപടിക്കെതിരെ ആദായവകുപ്പിന്റെ അപ്പീൽ അഥോറിറ്റിയെ 'അമ്മ' സമീപിച്ചിരുന്നു. റിക്കവറി അടക്കമുള്ള നടപടികൾക്കെതിരെ ഹൈക്കോടതിയിൽനിന്നും ഇടക്കാല സ്റ്റേയും വാങ്ങിയിരുന്നു. എന്നാൽ കേസ് പിന്നെയും മുന്നോട്ടുപോയി.

കേരളത്തും വിദേശത്തും നടത്തിയ താരനിശകളുടെ പ്രതിഫലമായ 8 കോടിയിലധികം രൂപ വരുമാനത്തിൽ 'അമ്മ' കാണിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് 2017ൽ കണ്ടെത്തിയിരുന്നത്. 2011-12, 2014-15 കാലയളവിൽ നടത്തിയ താരനിശകളുടെ പ്രതിഫലമാണ് മറച്ചുവച്ചത്. 2011-12 ൽ ഒരു പ്രമുഖ ചാനലിനുവേണ്ടി നടത്തിയ താരനിശയുടെ പ്രതിഫല തുകയായ 2 കോടി 5 ലക്ഷം രൂപ കണക്കിൽ ഉൾപ്പെടുത്തിയില്ല. 2014- 15 ൽ മറ്റൊരു ചാനലിനുവേണ്ടി വിദേശത്തും കൊച്ചിയിലും നടന്ന താരനിശയുടെ പ്രതിഫലത്തുകയായ 6 കോടി 10 ലക്ഷം രൂപയും സമാന രീതിയിൽ മറച്ചുവച്ചതായി ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

താരനിശകൾ സംഘടിപ്പിക്കുന്നതിനുള്ള ചെലവ് ചാനലുകളാണ് വഹിച്ചിരുന്നത്. ഇതിനു പുറമേ പ്രതിഫല തുകയായ 8 കോടി 15 ലക്ഷം രൂപ ചാനലുകൾ പ്രതിഫലമായി നൽകിയിരുന്നു. എന്തുകൊണ്ട് ഈ തുക കണക്കിൽക്കാണിച്ചില്ല എന്ന് ആദായനികുതി വകുപ്പ് ആരാഞ്ഞപ്പോൾ ജീവകാരുണ്യ പ്രവർത്തനത്തിന് ചാനലുകൾ നൽകിയതാണ് ഈ തുക എന്നാണ് ഭാരവാഹികൾ മറുപടി നൽകിയത്. എന്നാൽ ഇത് ആദായനികുതി വകുപ്പ് തള്ളിക്കളഞ്ഞു. അതിന്റെ നടപടികൾ ഇപ്പോഴും പുരോഗമിക്കയാണ്.

അതായത് മലയാളത്തിലെ താരങ്ങൾക്കും താരസംഘടനകൾക്കും തമിഴിലെയൊക്കെപോലെ മര്യാദക്ക് നികുതി അടക്കുന്ന ഒരു സംസ്‌ക്കാരം ഇല്ല. മലയാളിയുടെ സംസ്‌ക്കാരത്തെ വിമർശിച്ച് എടുത്ത സിനിമയിൽ അഭിനയിച്ച് പേരെടുത്ത നടിയിലേക്കും ആ ടാക്സ് കൾച്ചർ എത്തിയിട്ടില്ലെന്ന് ചുരുക്കം!

വാൽക്കഷ്ണം: 2017ലെ നികുതിവെട്ടിപ്പ് വിവാദത്തെതുടർന്ന 'അമ്മ'ക്കെതിരെ രൂക്ഷ പ്രതികരണവുമായി അന്തരിച്ച മുൻ തൃക്കാക്കര എംഎൽഎ പി ടി തോമസും, അന്ന് വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്ന കെ മുരളീധരനും രംഗത്ത് എത്തിയിരുന്നു. ''പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകളുടെ നിർമ്മാണം, ആദ്യ സീസൺ പരാജയപ്പെട്ടിട്ടും ക്രിക്കറ്റ്-ബാഡ്മിന്റൺ ടൂർണ്ണമെന്റുകൾ നടത്തുന്നത് എന്നിവയെല്ലാം പണം വെളുപ്പിക്കുന്നതിനും ഹവാല ഇടപാടുകൾ നടത്തുന്നതിനു വേണ്ടിയായാണെന്ന് സംശയമുണ്ട്. 'അമ്മ'യുടെ പ്രവർത്തനങ്ങൾ ദുരൂഹമാണ്. നികുതി വെട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം''- പിടി തോമസ് വാർത്താ സമ്മേളനത്തിൽ ആഞ്ഞടിച്ചു. പി ടി ചന്ദ്രകളഭം പാടി യാത്രയായിട്ടും ആ ചോദ്യങ്ങൾക്ക് ഇന്നും മറുപടി കിട്ടിയിട്ടില്ല. എന്താണ് നമ്മുടെ സിനിമാലോകത്ത് സംഭവിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP