Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഖുർആൻ ഞങ്ങളുടെ ഭരണഘടന, ജിഹാദ് ഞങ്ങളുടെ മാർഗ്ഗം'; രൂപപ്പെട്ടത് മുസ്ലിം ബ്രദർ ഹുഡിൽ നിന്ന്; ബലാത്സംഗത്തെ ആയുധമാക്കുന്നവർ; സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കും; ലോകവ്യാപകമായി ഫണ്ടിങ്ങ്; ഹമാസിനെ വെളുപ്പിക്കുന്നവർ അറിയുക, അത് ലക്ഷണമൊത്ത ഒരു ഭീകരസംഘടന തന്നെയാണ്!

'ഖുർആൻ ഞങ്ങളുടെ ഭരണഘടന, ജിഹാദ് ഞങ്ങളുടെ മാർഗ്ഗം'; രൂപപ്പെട്ടത് മുസ്ലിം ബ്രദർ ഹുഡിൽ നിന്ന്; ബലാത്സംഗത്തെ ആയുധമാക്കുന്നവർ; സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കും; ലോകവ്യാപകമായി ഫണ്ടിങ്ങ്; ഹമാസിനെ വെളുപ്പിക്കുന്നവർ അറിയുക, അത് ലക്ഷണമൊത്ത ഒരു ഭീകരസംഘടന തന്നെയാണ്!

എം റിജു

'ഹറകത്തുൽ മുഖാവമത്തുൽ ഇസ്ലാമിയ' എന്ന പേരുകേട്ടാൽ ആർക്കും ഒന്നും മനസ്സിലാവില്ല. അത് ഇപ്പോൾ ലോകം വിറപ്പിക്കുന്ന ഒരു തീവ്രവാദ സംഘടനയുടെ ചുരക്കപ്പേരാണ്. അതാണ് ഹമാസ്. ഇസ്രയേലിൽ കടന്ന് കയറിയ ഹമാസ് തീവ്രവാദികൾ നടത്തിയ നരമേധത്തിന്റെ ദൃശ്യങ്ങൾ കണ്ടിരിക്കാൻ കഴിയില്ല. മൃതദേഹങ്ങളിൽ ചവുട്ടിയും തുപ്പിയും അപമാനിച്ച് തക്‌ബീർ മുഴക്കുന്ന, അമ്മയുടെ മുന്നിൽ വെച്ച് കുട്ടികളെ വെടിവെച്ച കൊല്ലുന്ന ഹമാസിന്റെ ക്രൂരതകൾ കണ്ട് ലോകം നടുങ്ങിനിൽക്കയാണ്. അയേൺഡോമിന്റെ സുരക്ഷിതത്വത്തിലും, മൊസാദിന്റെ രഹസ്യാന്വേഷണ മികവിലും, പ്രതീക്ഷയർപ്പിച്ച് എല്ലാം സുരക്ഷിതമെന്ന് കരുതിയ ഇസ്രയേലും ലോകവും നടുങ്ങിത്തരിച്ച സമയം!

ഹമാസിന്റെ ഭീകരാക്രമണം ലോകമെമ്പാടും ചർച്ചയാവുമ്പോൾ, പക്ഷേ കേരളത്തിൽ അവർ ഒരു വിഭാഗത്തിന് പോരാളികളും പ്രതിരോധ സംഘടനയുമാണ്. നേരത്തെ ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ ഒരു മലയാളി മരിച്ചപ്പോൾ, ഭീകരസംഘടന എന്ന പോസ്റ്റിട്ടത് എഡിറ്റ് ചെയ്തവരാണ്, ഇടതും വലതുമായ നമ്മുടെ നേതാക്കൾ. ഇപ്പോഴും ഹമാസിന്റെ ഇത്രയേറെ ഹിംസയുടെ റിപ്പോർട്ടുകൾ പുറത്തുവരുമ്പാൾ, മാധ്യമവും, മീഡിയാവണ്ണും മാത്രമല്ല, നമ്മുടെ എം എ ബേബിയെപ്പോലുള്ള സിപിഎം നേതാക്കളും, ഈ ഭീകര സംഘടനയെ വെളുപ്പിക്കുന്ന തിരിക്കിലാണ്.

ഹമാസ് ഒരു ലക്ഷണമൊത്ത ഭീകരസംഘടനയാണെന്ന് അംഗീകരിക്കാതെയും, അവർ നടത്തുന്ന ഭീകരപ്രവർത്തനത്തെ പ്രതിരോധമായി ചിത്രീകരിച്ചുമുള്ള വ്യാഖ്യാനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇസ്ലാമിക വോട്ടുബാങ്കിന്റെ ആനുകൂല്യം നേടാൻ ഫലസ്തീന്റെ പക്ഷം പിടിച്ച് ഹമാസിന്റെയും മറ്റും ഭീകരപ്രവർത്തനങ്ങളെ വെള്ളപൂശുകയും ന്യായീകരിക്കുകയും ചെയ്യുന്ന സമീപനമാണ് ഇടത്-വലത് കക്ഷികൾ ഇവിടെ നടത്താറുള്ളത്. പക്ഷേ ചരിത്രം പരിശോധിച്ചാൽ അത് തെറ്റാണെന്ന് മനസ്സിലാവും. ഇസ്ലാമിക തീവ്രവാദത്തിന്റെ മക്ക എന്ന് വിളിക്കാവുന്ന, മുസ്ലിം ബ്രദർഹുഡിന്റെ സഹോദരസംഘടനയായിട്ടാണ് അതിന്റെ പിറവി. ഇസ്രയേലിനെ പ്രതിരോധിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ന്യായീകരിക്കാൻ പറ്റുന്നതല്ല ഹമാസിന്റെ ഭീകരത. ഇന്ന് അറബ് ലോകം പോലും ഹമാസിനെ തള്ളിക്കളഞ്ഞിട്ടും, മലയാളി ഒപ്പമുണ്ടെന്നത് വല്ലാത്ത വൈരുധ്യമാണ്.

മുസ്ലിം ബ്രദർഹുഡിന്റെ ശാഖ

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡിന്റെ ശാഖയായാണ് ഹമാസ് പ്രവർത്തനം തുടങ്ങിയത്. ഇന്ന് ലോകത്ത് കാണുന്ന എല്ലാ മുസ്ലിം തീവ്രവാദത്തതിന്റെയും, അടിസ്ഥാന ഘടകമായി പലരും വിലയിരുത്തപ്പെടുന്നത് മുസ്ലിം ബ്രദർഹുഡിനെയാണ്. അതുകൊണ്ടുതന്നെ ഭീകരത എന്നത് ഹമാസിന്റെ രക്തത്തിൽ അലിഞ്ഞതാണ്. ഇസ്രയേലിൽ നിന്ന് ഫലസ്തീൻ മണ്ണ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഇവർ പ്രവർത്തിക്കുന്നത്. 1948-ലെ അതിർത്തികളോടെ ഫലസ്തീനെ സ്വതന്ത്ര രാജ്യമാക്കുക എന്നതാണ് ഹമാസിന്റെ പ്രഖ്യാപിത ലക്ഷ്യം.

ഇതുകേട്ടാൽ തോന്നുക ഇസ്രയേൽ വെറുതെ ഫലസ്തീനിനെ ആക്രമിച്ച് കുറേ ഭൂമി പിടിച്ചുവെന്നാണ്. 1948ൽ പിറന്നുവീണപ്പോൾ മുതൽ ഇസ്രയേലിനെ ഇല്ലാതാക്കാനാണ് അറബ് രാഷ്ട്രങ്ങൾ ശ്രമിച്ചത്. അന്ന് തുടങ്ങിയ യുദ്ധം ആ കൊച്ചുരാജ്യം അതിജീവിച്ചു. പിന്നീട് 67ൽ 10 ഇസ്ലാമിക രാജ്യങ്ങൾ ഒറ്റെക്കെട്ടായി ആക്രമിച്ചിട്ടും അവരെ പപ്പടം പോലെ ഇസ്രയേൽ പൊടിച്ചത്, വെറും ആറുദിവസം കൊണ്ടാണ്. അങ്ങനെ യുദ്ധത്തിലുടെ രക്തം ചിന്തിയാണ് ഗസ്സയും, വെസ്റ്റ്ബാങ്കും പിടിച്ചത്. തങ്ങളുമായി സമാധാന ഉടമ്പടിയുണ്ടാക്കുന്നവർക്ക് അവർ അത് വിട്ടുകൊടുക്കാറുമുണ്ട്. യുദ്ധത്തിൽ പിടിച്ച ഗോലൻ കുന്നുകൾ അവർ സിറിയക്ക് വിട്ടുകൊടുത്തിട്ടുണ്ട്. എന്നാൽ ഹമാസ് ഇസ്രയേലുമായി യാതൊരു സന്ധിക്കും ഒരുക്കമല്ല. അവർക്ക് ആ ജൂതരാഷ്ട്രത്തെ മുച്ചൂടും മുടിക്കണം. പിന്നെ ഇസ്രയേൽ വിട്ടുകൊടുക്കുമോ?

ഹമാസ് ഒരു ഭാഗത്ത് സമാധാനത്തെക്കുറിച്ച് ഇടക്ക് പറയും. പക്ഷേ അവർ ആഗോളവ്യാപകകമായി ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് ഫണ്ടുപിരിച്ച് തങ്ങൾക്കെതിരെ പടയൊരുക്കം നടത്തുകയാണെന്ന് മൊസാദിന്റെ അടക്കം വിവിധ റിപ്പോർട്ടുകൾ ഉണ്ട്. അതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്, ഹമാസ് സമാധാനം എന്ന നിർദ്ദേശം ഭാഗികമായി വെക്കുമ്പോളും ഇസ്രയേൽ അത് മുഖവിലക്ക് എടുക്കാത്തത്. മുൻ ഇസ്രയേൽ പ്രധാനമന്ത്രി ഏരിയൻ ഷാരോൺ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ തുറന്നിടിച്ചിരുന്നു.

'അടിസ്ഥാനമായി ഞങ്ങൾ ജൂതമ്മാരാണ്. ജൂതനെ ഉന്മൂലനം ചെയ്യുക എന്ന ഇസ്ലാമിക ചിന്തയിൽ നിന്നാണ് ഹമാസ് ഉണ്ടാവുന്നത്. ഞങ്ങൾ അവർക്ക് മുഴുവൻ ഭൂമിയും വിട്ടുകൊടുത്താലും അവർ ഞങ്ങളെ ഉപദ്രവിച്ച് കൊണ്ടിരിക്കും. കാരണം ഈ വിഷയം മതപരമാണ്''- ചരിത്രം പഠിക്കുന്ന ആർക്കും മനസ്സിലാവുന്നതാണ് ഷാരോണിന്റെ വാക്കുകൾ.

ജിഹാദ് ഞങ്ങളുടെ മാർഗം

വെറുമൊരു ഭൂമി തർക്കം മാത്രമല്ല ഇസ്രയേലും ഹമാസും തമ്മിലുള്ളത്. അത് മതപരമാണ്. ജൂതനെ വെറുക്കപ്പെട്ടവനായി ചിത്രീകരിക്കുന്ന ഇസ്ലാമിക സാഹിത്യത്തിന്റെ ഉപോൽപ്പന്നമാണത്. 1988-ൽ എഴുതപ്പെട്ട 'ഹമാസ് ഉടമ്പടി'യാണ് ഹമാസിന്റെ ഔദ്യോഗിക നയരേഖയായി കരുതപ്പെടുന്നത്. 'ദൈവത്തിന്റെ കൊടി ഫലസ്തീനിലെ ഓരോ ഇഞ്ചിലും ഉയർത്താനാണ്' ഈ രേഖ ആഹ്വാനം ചെയ്യുന്നത്. ഇസ്രയേലിനെ ഇല്ലാതാക്കി പകരം ഫലസ്തീൻ എന്ന ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യങ്ങളുടെ സാരാംശം. ഫലസ്തീൻ രാജ്യം രൂപവത്കരിക്കുമ്പോൾ അതു മതേതരമാകരുതെന്ന നിർബന്ധവും ഹമാസ് പ്രവർത്തകർക്കുണ്ട്. മതനിരപേക്ഷ ഫലസ്തീനെ പിന്തുണച്ച യാസിർ അറഫാത്തിനെപ്പോലുള്ളവരുടെ നിലപാടുകൾക്ക് ഘടകവിരുദ്ധമാണിത്.

38 ഭാഗങ്ങളുള്ള ഹമാസ് ഉടമ്പടി യിൽ സംഘടനയുടെ ഇസ്ലാമിക തത്ത്വസംഹിതയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്ലാമിക വിശ്വാസ പ്രമാണങ്ങൾ പ്രാവർത്തികമാക്കാനാണ് ഉടമ്പടി നിർദ്ദേശിക്കുന്നത്. ഇസ്ലാമിക നിലപാടുകൾക്കെതിരെ നിൽക്കുന്നവരെല്ലാം ശത്രുക്കളാണ്. അവരെ നേരിടാനും ഇല്ലാതാക്കാനും ഓരോ മുസൽമാനും, സ്ത്രീയാകട്ടെ പുരുഷനാകട്ടെ ജീവിത സാഹചര്യം എന്തുമാകട്ടെ, കടമയുണ്ട്.

'ദൈവം ഞങ്ങളുടെ ലക്ഷ്യം, പ്രവാചകൻ ഞങ്ങളുടെ മാതൃക, ഖുർആൻ ഞങ്ങളുടെ ഭരണഘടന, ജിഹാദ് ഞങ്ങളുടെ മാർഗ്ഗം, ദൈവത്തിനുവേണ്ടിയുള്ള മരണം ഞങ്ങളുടെ അദമ്യമായ ആഗ്രഹം' -ഇതാണ് ഹമാസിന്റെ മുദ്രാവാക്യം. ഫലസ്തീൻ എന്ന ഭൂപ്രദേശം 'അന്തിമവിധിനാൾ' വരേക്കുമുള്ള മുസ്ലിം ജനതയ്ക്കായി ദൈവം തയ്യാറാക്കിയിരിക്കുന്നതാണെന്നും ഹമാസ് വിശ്വസിക്കുന്നു.ഫ്രീ മേസൺസ്, റോട്ടറി ക്ലബ്, ലയൺസ് ക്ലബ് എന്നിങ്ങനെയുള്ള സന്നദ്ധ സംഘടനകൾക്കെതിരെയും ഹമാസ് ഉടമ്പടി നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഇസ്ലാമിനെതിരായ 'സിയോണിസ്റ്റ് ഗൂഢാലോചനയുടെ ഭാഗ'മായാണ് ഇത്തരം സംഘടനകളെ അവർ ചിത്രീകരിക്കുന്നത്.

നിലപാടുകൾ മയപ്പെടുത്തുന്ന അടവ് നയം

ആശയ സംഹിതകളുടെ ഭാഷ തീവ്രമാണെങ്കിലും കാലാകാലങ്ങളായി ഹമാസ് നിലപാടുകൾ മയപ്പെടുത്തിയതായി കാണാം. ഫലസ്തീനിലെ ജനാധിപത്യാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പുകളിൽ പങ്കെടുത്തതും, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നീ ഭാഗങ്ങൾ മാത്രം ചേർത്തുള്ള ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കാമെന്നുമുള്ള അവരുടെ സമീപകാല നിലപാടുകൾ ഈ മാറ്റത്തെയാണ് സുചിപ്പിക്കുന്നത്.

പക്ഷേ ഹമാസ് വേരുറപ്പിച്ചത് സേവന പ്രവർത്തനങ്ങളിലുടെയാണ്. ഗസ്സാ മുനമ്പ്, വെസ്റ്റ് ബാങ്ക് തുടങ്ങിയ ഫലസ്തീൻ കേന്ദ്രങ്ങളിൽ ഒന്നര ദശകത്തോളം ഇത്തരത്തിൽ പ്രവർത്തിച്ച് അടിത്തറ ശക്തമാക്കിയ ശേഷമാണ് 1987-ൽ ഔദ്യോഗികമായി ഹമാസ് എന്ന സംഘടനയായി രൂപംകൊള്ളുന്നത്. ഇതിനമുമ്പേതന്നെ മുസ്ലിം ബ്രദർഹുഡ് ശാഖയെന്ന നിലയിൽ ഹമാസിന്റെ, ഫലസ്തീൻ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളെ സൗദി അറേബ്യ പോലുള്ള ഇസ്ലാമികരാജ്യങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നു. ഒരു രാഷ്ട്രീയ അടവ് എന്നോണം ഹമാസിന്റെ രാഷ്ട്രീയസേവന പ്രവർത്തനങ്ങളെ ഇസ്രയേൽ പോലും പിന്തുണച്ചിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ യാസർ അറഫാത്തിന്റെ ഫലസ്തീൻ വിമോചന മുന്നണിയേയും ഫത്ഹ് രാഷ്ട്രീയ പാർട്ടിയെയും തളർത്താൻ ലക്ഷ്യം വെച്ച് ഹമാസിന്റെ ആദ്യരൂപത്തെ ഇസ്രയേൽ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് ബിബിസി അടക്കമുള്ള വിദേശമാധ്യമങ്ങൾ പറയുന്നു.

1970-കളിലും എൺപതുകളുടെ തുടക്കത്തിലും രാഷ്ട്രീയപ്രവർത്തനങ്ങളേക്കാൾ ഫലസ്തീനികൾക്കിടയിൽ സേവനപ്രവർത്തനങ്ങൾക്കാണ് ഹമാസ് മുൻഗണ നൽകിയത്. ഭരണതലത്തിലെ അഴിമതികൾ തുറന്നുകാട്ടുക, ഫലസ്തീൻ വികാരം വളർത്തുക എന്നീ മേഖലകളിൽ അവരുടെ പ്രവർത്തനം ഒതുങ്ങി. എന്നാൽ എൺപതുകളുടെ മധ്യത്തിൽ യുദ്ധത്തിലൂടെ ഗസ്സാ മുനമ്പും, വെസ്റ്റ് ബാങ്ക് പ്രദേശങ്ങളും ഇസ്രയേൽ പൂർണ്ണമായി അധിനിവേശപ്പെടുത്തുകയും അവിടെ ഇസ്രയേലി കുടിയേറ്റക്കാരെ കുടിയിരുത്തുകകയും ചെയ്തതോടെ, ഹമാസ് ഷെയ്ക്ക് അഹമ്മദ് യാസീന്റെ നേതൃത്വത്തിൽ സായുധ പോരാട്ടത്തിലേക്ക് നീങ്ങി.

വളർത്തിയത് അഹമ്മദ് യാസീൻ

ഹമാസ് എന്ന സംഘടന ഔദ്യോഗികമായി ആരംഭിക്കുന്നതും യാസീനാണ്. ഇക്കാലയളവിൽ ഇസ്രയേലിനെതിരെ സായുധ പോരാട്ടങ്ങൾ നടത്താൻ ഈ സംഘടന മുന്നിട്ടിറങ്ങി. 1987 മുതൽ 1993 വരെ ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലുകളുടെ പരമ്പരയായിരുന്നു. 1993-ലെ ഓസ്ലോ ഉടമ്പടിയോടെ സായുധ പോരാട്ടത്തിന്റെ ആദ്യഘട്ടം അവസാനിച്ചു. യാസർ അറഫാത്ത് ഫലസ്തീൻ വിമോചന മുന്നണി സമാധാന ചർച്ചകളുടെയും അമേരിക്കൻ സമ്മർദ്ദങ്ങളുടെയും ഫലമായി ഇസ്രയേലിനെ അംഗീകരിച്ചപ്പോൾ ഹമാസ് കീഴടങ്ങാൻ തയ്യാറായില്ല. മാത്രമല്ല പോരാട്ടം കൂടുതൽ ശക്തമാക്കുകയും ചെയ്തു.

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ പല രാജ്യങ്ങളും ഈ സംഘടനയെ ഭീകരവാദി പട്ടികയിൽപ്പെടുത്തിയിരിക്കുന്നു. 2006 ജനുവരിയിൽ ഫലസ്തീൻ പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഹമാസിന് തനിച്ചു ഭൂരിപക്ഷം നേടിയിരുന്നു. അമേരിക്കൻ ഭരണകൂടത്തിന്റെ പിന്തുണയോടെ സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പിൽ യു.എസിന്റെ കരിമ്പട്ടികയിലുള്ള സംഘടനതന്നെ വിജയം നേടിയത് നിർണ്ണായക രാഷ്ട്രീയസംഭവമായി വിലയിരുത്തപ്പെടുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ, ഇസ്രയേൽ വിരുദ്ധതയേക്കൾ ഫലസ്തീനിലെ നിലവിലുണ്ടായിരുന്ന ഭരണകൂടത്തിന്റെ അഴിമതിയായിരുന്നു ഹമാസ് വിഷയമാക്കിയത്.

2004 ജനുവരി 26ന് ഹമാസ് നേതാവ് അബ്ദുൽ അസീസ് അൽ രൻതീസി ഇസ്രയേലുമായി വെടിനിർത്തലിൽ താൽപ്പര്യം പ്രകടിപ്പിച്ചു. പകരം വിവിധ കാലഘട്ടങ്ങളിലെ യുദ്ധങ്ങളിലൂടെ കൈവശപ്പെടുത്തിയ ഫലസ്തീൻ പ്രദേശങ്ങൾ വിട്ടുകൊടുക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. വെസ്റ്റ് ബാങ്ക്, ഗസ്സാ മുനമ്പ് എന്നീ പ്രദേശങ്ങൾ മാത്രമുൾപ്പെടുത്തി ഫലസ്തീൻ രാജ്യം രൂപവത്കരിച്ചാൽപ്പോലും തങ്ങൾ പിന്തുണച്ച് ആക്രമണ പാത വെടിയുമെന്ന് ഹമാസിന്റെ പരമോന്നത നേതാവ് അഹമ്മദ് യാസിൻ ഉറപ്പിച്ചു പറയുകയും ചെയ്തു.

എന്നാൽ 2004 മാർച്ച് 22ന് ഇസ്രയേലി സൈന്യത്തിന്റെ മിസൈൽ ആക്രമണത്തിൽ അഹമ്മദ് യാസീൻ കൊല്ലപ്പെട്ടു. തുടർന്ന് നേതൃസ്ഥാനമേറ്റെടുത്ത രൻതീസിയും ഒരു മാസം തികയും മുൻപ് 2004 ഏപ്രിൽ 17ന് ഇസ്രയേൽ ബോംബിങ്ങിൽ മരണമടഞ്ഞു. ഇതിനുശേഷം ഖാലിദ് മിശ്അൽ ഹമാസ് മേധാവിയായി. പക്ഷേ അദ്ദേഹത്തിനു ഫലസ്തീനിൽ പ്രവേശനം നിഷേധിക്കപ്പെട്ടിട്ട് വർഷങ്ങളായി.മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും വഴിമാറി നടന്നിരുന്ന ഹമാസ്, യാസിർ അറഫാത്തിന്റെ മരണത്തോടെ ആ മേഖലയിലേക്ക് ശ്രദ്ധതിരിച്ചു. അറഫാത്തിന്റെ മരണശേഷം അദ്ദേഹത്തിനോളം തലയെടുപ്പുള്ള നേതാക്കന്മാർ ഫത്ത പാർട്ടിയിൽ ഇല്ലാത്തത് ഹമാസിന്റെ വളർച്ചയ്ക്ക് കാരണമായി. 2004-ൽ ഫലസ്തീൻ പ്രാദേശിക തിരഞ്ഞെടുപ്പിൽ പങ്കെടുത്തുകൊണ്ട് ഹമാസ് മുഖ്യധാരാരാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു.

2006 ജനുവരിയിൽ ഫലസ്തീൻ പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഫതഹ് പാർട്ടിയെ ബഹുദൂരം പിന്തള്ളിക്കൊണ്ട് ഹമാസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. തീവ്രനിലപാടുകളുള്ള ഹമാസിന്റെ വിജയം രാജാന്ത്യന്തര രാഷ്ട്രീയനിരീക്ഷകർക്കിടയിൽ അത്ഭുതം പടർത്തിയിരുന്നു.നിലവിൽ ഗസ്സയിലെ 20 ലക്ഷത്തോളം ഫലസ്തീനികളുടെ നിയന്ത്രണം ഇവർക്കാണ്.

പിന്നിൽ വീൽചെയറിലായ നേതാവ്!

ദശാബ്ദങ്ങൾക്കിടെ ഇസ്രയേലിനേറ്റ കനത്ത പ്രഹരത്തിന് പിന്നിൽ ഹമാസ് നേതാവ് മുഹമ്മദ് ദെയ്ഫ് ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽഗസ്സാം ബ്രിഗേഡിനെ നയിക്കുന്നത് ദെയ്ഫ് ആണ്. ഓപറേഷൻ അൽ അഖ്‌സ ഫ്‌ളഡ് എന്ന പേരിലാണ് പുതിയ ആക്രമണം ദെയ്ഫ് പദ്ധതിയിട്ടത്. എല്ലാ ഫലസ്തീൻകാരും ഇതിൽ ഭാഗമാകണമെന്ന് ദെയ്ഫ് ആവശ്യപ്പെട്ടിരുന്നു.

ഇതിന് മുമ്പ് 2021 മെയ് മാസത്തിലാണ് ദെയ്ഫിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വന്നത്. നിരവധി തവണ ഇസ്രയേൽ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നേതാവാണ് ദെയ്ഫ്. ഒരുവേള ബോംബാക്രമണത്തിൽ പെട്ടുവെന്നും ശരീരം തളർന്നുവെന്നും വാർത്തകളുണ്ടായിരുന്നു. പിന്നീട് വീൽചെയറിയാണ്് ഇദ്ദേഹം എന്നും വാർത്തകൾ വന്നിരുന്നു. ഇസ്രയേൽ സൈന്യം പലതവണ പിടിക്കാൻ ശ്രമിച്ച വ്യക്തിയാണ് ദെയ്ഫ്. ഒരു സ്ഥലത്ത് പതിവയി തങ്ങാത്ത ഇദ്ദേഹത്തെ ഹമാസ് നേതാക്കൾക്കിടയിലെ അതിഥി എന്നാണ് അറിയപ്പെടുക. 1965ൽ ഖാൻ യൂനുസ് അഭയാർഥി ക്യാംപിലാണ് ജനിച്ചത്. 1980കളിലാണ് ഹമാസിൽ ചേർന്നത്. 2002ൽ സലാഹ് ഷഹാദ കൊല്ലപ്പെട്ടപ്പോൾ അൽ ഗസ്സാം ബ്രിഗേഡിന്റെ നേതൃത്വം ഏറ്റെടുത്തു.

രണ്ടുപതിറ്റാണ്ടായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാത്ത നേതാവാണ് ദെയ്ഫ്. 2014ൽ ഇസ്രയേൽ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞുമകനും കൊല്ലപ്പെട്ടിരുന്നു. ദെയ്ഫിനെ ഭീകര പട്ടികയിൽ അമേരിക്ക ഉൾപ്പെടുത്തിയത് 2009ലാണ്. ഇസ്രയേൽ സൈനികർക്കെതിരെ ഒളിയാക്രമണം നടത്തുന്നതാണ് ഇദ്ദേഹത്തിന്റെ രീതി. ആയുധങ്ങൾ ഉപയോഗിക്കാനുള്ള കഴിവും സംഘാടന ശേഷിയുമാണ് ദെയ്ഫിനെ അൽ ഗസ്സാം ബ്രിഗേഡിന്റെ നേതൃത്വത്തിലെത്തിച്ചത് എന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇനിയിപ്പോൾ മൊസാദിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇയാളെ കൊല്ലുക എന്നത് തന്നെ ആയിരിക്കും. അതിനുള്ള നീക്കങ്ങൾ ഇപ്പോൾ തന്നെ മൊസാദ് തുടങ്ങിക്കഴിഞ്ഞുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സ്ത്രീകളെയും കുട്ടികളെയും കവചമാക്കുന്നു

കേരളത്തിൽ അടക്കം ഇസ്രയേലും മെസാദും നടത്തുന്ന ക്രുരതകൾ വലിയ വാർത്തയാവാറുണ്ടെങ്കിലും, ഹമാസിന്റെ ക്രൂരതകൾ തീരെ ചർച്ചയാവാറില്ല. നിലവിൽ അറബ് രാഷ്ട്രങ്ങൾപോലും ഹമാസിൻെ അംഗീകരിക്കുന്നില്ല. കുട്ടികളെ കൊണ്ട് പ്രതിരോധ മതിൽ തീർക്കുക, സ്ത്രീകളെ കവചങ്ങളായി ഉപയോഗിക്കുക തുടങ്ങിയ പരിപാടികളാണ് പണ്ടേ ഹമാസ് നടത്തിയത്. ഇടക്കിടെ ഇസ്രയേലിലേക്ക് ഒരു റോക്കറ്റ് തൊടുത്തുവിട്ട് പ്രകോപനം ഉണ്ടാക്കും. എന്നിട്ട് ഇസ്രയേൽ തിരിച്ചടിക്കുമ്പോൾ സ്ത്രീകളെയും കുട്ടികളെയും നിരത്തി കവചം തീർക്കും. അങ്ങനെ മരിക്കുന്ന കുട്ടികളുടെ മൃതദേഹങ്ങൾ ജാഥയായി കൊണ്ടുപോവും. ആ ചിത്രങ്ങൾവെച്ച് ലോകവ്യാപകമായി, പണം പിരിക്കും. ഇതാണ് ഹമാസിന്റെ പതിവ് രീതി. ഇസ്രയേൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി സ്വവർഗരയിക്ക് വിധേയമാക്കി കൊന്നതും, സ്ത്രീകളെ ബലത്സഗം ചെയ്തത് അടക്കമുള്ള നിരവധി കുറ്റകൃത്യങ്ങൾ ഹമാസിന്റെ പേരിലുണ്ട്. ലക്ഷണമൊത്ത ഒരു ഭീകരവദാദ സംഘടനയാണ് അവരെ പാശ്ചാത്യലോകം വിലയിരുത്തുന്നത്. എന്നാൽ കേരളത്തിൽ ഹമാസ് എന്നാൽ ചക്കര പോരാളികൾ ആണ്.

ഇപ്പോൾ ഇസ്രയേലിൽ നുഴഞ്ഞുകയറി ഹമാസ് നടത്തിയ ക്രൂരതകൾ നോക്കുക. ഒരു വനിതയുടെ അർദ്ധനഗ്‌നമായ മൃതദേഹം പദർശിപ്പിച്ചുകൊണ്ടായിരുന്നു നഗരവീഥികളിലൂടെ ഹമാസ് തീവ്രവാദികൾ പരേഡ് നടത്തിയത്. തീർത്തും അപ്രതീക്ഷിതമായി ഇസ്രയേലിനെ ആക്രമിച്ച ഹമാസ് തീവ്രവാദികൾ അവകാശപ്പെട്ടത് അതൊരു ഇസ്രയേൽ വനിത സൈനിക ഉദ്യോഗസ്ഥയുടെ ശരീരമാണെന്നായിരുന്നു. എന്നാൽ അത് ഒരു ജർമ്മൻ ടാറ്റു കലാകാരിയായ ഷാനി ലൂക്കിന്റെ മൃതദേഹമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.

ഒരു കാൽ, തികച്ചും ആഭാസകരമായ രീതിയിൽ ഉയർത്തിവച്ചായിരുന്നു ഈ 30 കാരിയുടെ അർദ്ധനഗ്‌ന മൃതദേഹം ട്രക്കിൽ പ്രദർശിപ്പിച്ചത്. അതിനു ചുറ്റും ഇരിക്കുന്ന തീവ്രവാദികളും നിരത്തിൽ നിരന്ന അവരുടെ അനുയായികളും ആർപ്പ് വിളികളോടെയായിരുന്നു ആ മൃതദേഹം കൊണ്ടു പോയത്. അവരിൽ ചിലർ ആ മൃതദേഹത്തിൽ തുപ്പുന്നും ഉണ്ടായിരുന്നു എന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ഗസ്സാ മുനമ്പിൽ നിന്നും ഇസ്രയിലെക്ക് അതിക്രമിച്ചു കയറിയ ഹമാസ് തീവ്രവാദികൾ പലയിടങ്ങളിലും അക്രമങ്ങൾ അഴിച്ചു വിട്ടു. ഗ്രാമങ്ങൾ പിടിച്ചെടുക്കുകയും നിരവധിപേർ ബന്ധികളാക്കുകയും ചെയ്തിട്ടുണ്ട്. അവരിൽ ചിലരെ ഉടനടി വധിച്ചതായും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതാണ്ട് 50 ഇസ്രയേലികളെ ഹമാസ് തടവിലാക്കിയതായാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഗസ്സയിലെ ഭൂഗർഭ തുരങ്കങ്ങളിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.

ഷാമി ലൂക്ക് പങ്കെടുത്ത സംഗീതോത്സവ വേദിയായിരുന്നു ആദ്യം ആക്രമണത്തിന് വിധേയമായതെന്ന് പറയപ്പെടുന്നു. അതിനു ശേഷം അധികം അകലെയല്ലാതെ നടന്ന ഒരു ഡെസർട്ട് നൃത്തോത്സവ വേദിയിലേക്കും ഭീകരരെത്തി.

അതിൽ പങ്കെടുത്തിരുന്ന നോവ ആർഗമനി എന്ന 25 കാരിയായ വിദ്യാർത്ഥിനിയും തീവ്രവാദികൾ തട്ടിക്കോണ്ടു പോയവരിൽ ഉൾപ്പെടുന്നു. ഒരു മോട്ടോർബൈക്കിൽ കെട്ടിയിട്ട് ഇവരെ കൊണ്ടു പോകുനൻ വീഡിയോ ദൃശ്യം ചില സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. തന്നെ കൊല്ലരുതെന്ന് കരഞ്ഞപേക്ഷിക്കുന്ന നോവയെയും കൊണ്ട് ഭീകരൻ പോകുന്നത് നോക്കി നിസ്സഹായനായി നിൽക്കുന്ന കാമുകനെയും ദൃശ്യങ്ങളിൽ കാണാം.

ഡോറോൺ ആഷർ എന്ന 34 കാരിയായ സ്ത്രീയും അവരുടെ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് മക്കളും ബന്ധിയാക്കപ്പെട്ട് ഗസ്സയിലെ തുരങ്കങ്ങളിൽ കഴിയുന്നവരിൽ ഉൾപ്പെടുന്നു എന്ന് മറ്റൊരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മറ്റ് നിരവധി ഇസ്രയേലി യുവാക്കൾക്കൊപ്പം ഉത്സവം ആഘോഷിക്കുകയായിരുന്നു ഇവരും മരുഭൂമിയിൽ സംഘടിപ്പിച്ച സമാധാനോത്സവത്തിലേക്കാണ് ആയുധധാരികളായ തീവ്രവാദികൾ ഇരച്ചു കയറിയത്.

ബലാത്സംഗത്തെ ആയുധമാക്കുന്നു

ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയവരിൽ അധികവും സ്ത്രീകളെന്ന് റിപ്പോർട്ട്. ഇവർ ബലാത്സംഗത്തെ യുദ്ധത്തിനുള്ള ആയുധമാക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഗസ്സാ മുനമ്പിൽ നൂറുക്കണക്കിന് സ്ത്രീകളെയാണ് ഈ കാട്ടാളന്മാർ ബന്ദികളാക്കിയിരിക്കുന്നതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് നിന്ന് കാണാതായ സ്ത്രീകളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇതിൽ ചിലർ മരിച്ചതായി കരുതുന്നുവെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ ജോന്നാഥൻ കോൺറിക്കസ് പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരുടെ എണ്ണം അഭൂതപൂർവമാണെന്ന് ജോന്നാഥൻ പറഞ്ഞു. ഹൃദയം നുറുക്കുന്ന വേദനയാണ് ഈ കാഴ്ചയെന്നും രക്തദാഹികളായ കാട്ടാളന്മാരാണ് ഇവരെന്നും ഇവരുടെ കൈകളിൽ അകപ്പെടുന്നവരുടെ അവസ്ഥ ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ ഹമാസിനെ ഇസ്രയേൽ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തി വഴി നുഴഞ്ഞുകയറി നിരവധി പേരെയാണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. രാജ്യത്തിന്റെ പലഭാഗത്തും നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. വീടുകൾ അതിക്രമിച്ച് കയറി അമ്മമാരെയും കുഞ്ഞുങ്ങളെയും ഹമാസ് ഭീകരർ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. മരണപ്പെട്ടവരെ തിരിച്ചറിയുന്നതിനായി ബന്ധുക്കളോട് ഡിഎൻഎ ടെസ്റ്റിന് എത്താൻ പൊലീസ് അറിയിച്ചിട്ടുണ്ട്. സഹോദരങ്ങളുടെ മുന്നിൽവെച്ച് പെൺകുട്ടിയെ ഹമാസ് ഭീകരർ കഴുത്തറുത്തുകൊലപ്പെടുത്തിയതായി റിപ്പോർട്ടും ഞെട്ടിക്കുന്നതാണ്. പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരങ്ങളുടെ മുന്നിൽ വെച്ച് സഹോദരിയെ ഹമാസ് ഭീകരർ കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. ഇസ്രേലിമാധ്യമപ്രവർത്തക ഇന്ത്യ നഫ്താലി പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഹമാസ് ഭീകരർ കുടുംബത്തെ ബന്ദികളാക്കിയിരുന്നു. വീട്ടിൽ ഭീകരരുടെ തടവിൽ കഴിയവെയാണ് പെൺകുട്ടിയെ ഭീകരർ കൊലപ്പെടുത്തിയത. തങ്ങളുടെ സഹോദരി കൊല്ലപ്പെട്ടെന്നും ഭീകരർ കൊലപ്പെടുത്തിയെന്നും സഹോദരങ്ങൾ വീഡിയോയിൽ പറയുന്നതായി കേൾക്കാം. ആയുധധാരികളായ ഹമാസ് ഭീകരരെയും വീഡിയോയിൽ കാണാം.

അതേസമയം ഈ ആക്രമണത്തോടെ ഹമാസ് സ്വയം കുഴിതോണ്ടുകയാണെന്നും, ഇനി കനത്ത തിരിച്ചടിയാണ് കിട്ടുകയയെന്നും ഉറപ്പാണ്. കണ്ണില്ലാ ക്രൂരത കാണിച്ച ഹമാസ് ഭീകരരെ വെച്ച് പൊറുപ്പിക്കുമെന്ന് കരുതേണ്ട എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. അതിനുള്ള നടപടികളുമായി അവർ മുന്നോട്ടുപോവുകയാണ്.

ചോര ഇസ്രയേലിന് പുത്തിരിയല്ല. തോക്ക് പിടിച്ച് തഴമ്പിച്ച കൈകളാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെതടക്കം. 67-ലെ സിക്സ് ഡേ വാറിൽ മുന്നിൽനിന്ന് നയിച്ച ആളാണ് അദ്ദേഹം. സത്യത്തിൽ ഈ ആക്രമണം ഇസ്രയേലിനെ കൂടുതൽ കരുത്തർ ആക്കുകയാണ് ചെയ്യുക. ഇനി പൊതുജനാഭിപ്രായത്തെയും, ആഗോള സമ്മർദത്തെയും ഭയക്കേണ്ട കാര്യമില്ല. 1972ലെ മ്യൂണിച്ച് ആക്രമണത്തിലെ പ്രതികളെ നമ്പറിട്ട്, ഓരോരുത്തരുടെയും വീടുകളിലേക്ക് മരണവാറണ്ട് അയച്ചാണ് മൊസാദ് കൊന്നൊടുക്കിയത്.

അതുപോലെ ഹമാസിനെ മുച്ചൂടും മുടിക്കുകയായിരുന്നു ഇനി ഇസ്രയേലിന്റെ ലക്ഷ്യം. ഒപ്പം ഇറാനെയും, ലബനെനെയും , താലിബാനെയും അവർ വെറുതെവിട്ടില്ല. ഇത് ഒരു മൂന്നാം ലോക യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമോ എന്നും ആശങ്കയുണ്ട്.

വാൽക്കഷ്ണം: രാജ്യത്തിന് പ്രതിസന്ധിയുണ്ടാകുമ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാവുന്ന അവസ്ഥയും ഇസ്രയേലിൽ കണ്ടു. ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെ ചെറുക്കാൻ സൈനികക്യാമ്പിൽ ഓടിയെത്തിയ മുൻ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റിന്റെ വീഡിയോ വൈറലാണ്. രാജ്യം ഭരിക്കുന്നത് എതിരാളിയായ ബെഞ്ചമിൻ നെതന്യാഹൂ ആണെങ്കിലും ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്ന മുൻ ഇസ്രയേൽ പ്രധാനമന്ത്രിക്ക് അതൊന്നും പ്രശ്നമല്ല. ഉടനെ തന്നെ പട്ടാളവസ്ത്രമണിഞ്ഞ് നാഫ്തലി ബെന്നറ്റും ഇസ്രേലി സൈന്യത്തിനൊപ്പം പോരാടാനെത്തി. അതാണ് ആ രാജ്യത്തിന്റെ സ്പരിറ്റ്. നേരത്തെ ഹമാസ് മുതലെടുത്തതും ഇവിടുത്തെ രാഷ്ട്രീയ അസ്ഥിരതയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP